Tuesday, November 27, 2007

കുറ്റിമുല്ല എന്ന മലര്‍പ്പൊടി സ്വപ്‌നം

ചെണ്ടപ്പുറത്ത്‌ കോലുവെയ്‌ക്കുന്നിടത്തൊക്കെ എത്തിപ്പെടുക എന്നതായിരുന്നു കുട്ടിക്കാലത്തെ പ്രധാന പരിപാടി. കുട്ടിക്കാലം കഴിഞ്ഞിട്ടും കാര്യമായ മാറ്റമൊന്നും സംഭവിച്ചിരുന്നില്ല. പള്ളിക്കൂടം പറമ്പില്‍ സിനിമയെന്നോ, ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ വൈദ്യ പരിശോധന എന്നോ, പള്ളിക്കൂടം പറമ്പില്‍ മൈതാനമുണ്ടാക്കാന്‍ എന്‍. എസ്‌.എസ്‌ കുട്ടികള്‍ വരുമ്പോള്‍ അവരെ സഹായിക്കാനോ, സാക്ഷരത പ്രചരണ ജാഥയോ , എന്തിന്‌ ഏതു പരിപാടിയാവുമാവട്ടെ അതിലൊക്കെ പങ്കെടുക്കുക എന്നതായിരുന്നു പ്രധാന ഹോബി.
പ്രീഡിഗ്രിക്കു പഠിക്കുന്ന കാലം. അടുത്തുള്ള ചേച്ചിമാര്‍ക്ക്‌ സ്വയം തൊഴില്‍ കണ്ടെത്താന്‍ കുറ്റിമുല്ല കൃഷിയില്‍ ഒരു ദിവസത്തെ പരിശീലനം. കേട്ടതെ ഞാനും പുറപ്പെട്ടു. പുറപ്പെടുമ്പോള്‍ ഒറ്റ ഉദ്ദേശ്യമാണുണ്ടായിരുന്നത്‌. ഇന്നേവരെ കുറ്റിമുല്ല കണ്ടിട്ടില്ല. അതൊന്നു കാണണം.


ഞങ്ങളുടെ മുറ്റത്തും മുറ്റത്തുനു താഴെ ചാമ്പയില്‍ പടര്‍ന്നുകയറിയിരുന്നതും വള്ളിമുല്ലയായിരുന്നു. മേടത്തിലും ഇടവത്തിലുമാണ്‌ പൂവുണ്ടായിരുന്നത്‌. വിടരാറായ മൊട്ടുകള്‍ തലേന്നു പൊട്ടിച്ച്‌ മാല കോര്‍ത്തു വെയ്‌ക്കും.
ഹായ്‌ എന്തു സുഗന്ധം
രാത്രി മുറിയാകെ മുല്ലപ്പൂ സുഗന്ധം. മധ്യവേനലവധിക്കാലമായതുകൊണ്ട്‌ പൂവു ചൂടി എങ്ങും പോകാനുമില്ല. വീട്ടിലിരിക്കുമ്പോള്‍ എന്തു പൂവുചൂടാന്‍. അക്കാലത്ത്‌ എക്കാലവും പൂക്കുന്ന മുല്ലയെ സ്വപ്‌നം കണ്ടിരുന്നു. അപ്പോഴാണ്‌ ദൈവവിളി പോലെ കുറ്റിമുല്ല കൃഷി.
നടുന്നതെങ്ങനെ, വള പ്രയോഗങ്ങള്‍, കീടനിയന്ത്രണം, വിളവെടുപ്പ്‌, വിപണനം തുടങ്ങി കുറ്റിമുല്ലയെക്കുറിച്ചുള്ള രണ്ടുമൂന്നു പുസ്‌തകങ്ങടക്കം ബാലപാഠങ്ങള്‍ ഒരു മൊട്ടത്തലയന്‍ നല്‌കി. ഹോ..മുറ്റത്തിനുതാഴെ ചാമ്പയിലും കൈയ്യാലയിലുമായി പടര്‍ന്ന മുല്ലവള്ളിയില്‍ നിന്ന്‌ ഞങ്ങള്‍ പൂമൊട്ട്‌ പൊട്ടിച്ചെടുക്കുകയല്ലാതെ ഒരു വക ശുശ്രൂഷയും നല്‌കിയിരുന്നില്ല. ആവുന്നത്ര വേനലും മഴയും അവഗണനയുമേറ്റ്‌ അത്‌ പടര്‍ന്നു.
ഇതു പക്ഷേ അങ്ങനെയല്ല- എക്കാലവും പൂക്കളുണ്ടാവും. നല്ല വരുമാനവും. പൂവു ശേഖരിക്കാന്‍ പാല്‍ സൊസൈറ്റി പോലെ സംഘങ്ങളുണ്ടാവും. ഇഷ്ടം പോലെ വിവാഹ ഓര്‍ഡറുകള്‍ ലഭിക്കും. അമ്പലം, പള്ളി, കല്ല്യാണം, കാതുകുത്ത്‌ തുടങ്ങി മുല്ലപ്പൂവില്ലാത്ത എന്തു കാര്യം. എല്ലാം നമുക്കു ചുറ്റും. പൂവു ശേഖരിക്കുകയും വില്‌ക്കുകയും മാത്രമല്ല പൂകെട്ടാനറിയുന്നവര്‍ക്ക്‌ അങ്ങനെയും തൊഴിലായി.

പ്രീഡിഗ്രിക്കാരിയായ എനിക്കന്ന്‌ പണച്ചെലവുള്ള ഒരു കാര്യവും കേള്‍ക്കാനുള്ള സഹനശക്തിയുണ്ടായിരുന്നില്ല. കുറ്റിമുല്ല കൃഷി ആകെക്കുടി സന്തോഷം തന്നു. കാര്യമായ പണച്ചെലവില്ലാതെ പൈസക്കാരിയാവാം. ഒരു കാര്യത്തിലെ വിഷമമുണ്ടായിരുന്നുള്ളു. നൂറു തൈകളെ ആദ്യം തരൂ. ആശ്വാസമുള്ളത്‌ അതിനും പണം കൊടുക്കേണ്ട എന്നതായിരുന്നു.
മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നം പോലെ പലതും സ്വപ്‌നം കാണാന്‍ തുടങ്ങി ഈയുള്ളവള്‍.

നടാനുള്ള കുഴി നിശ്ചിത അളവില്‍, താഴ്‌ചയില്‍, ദൂരത്തില്‍ തന്നെത്താന്‍ കുഴിക്കാം. കുഴി നിറക്കാനുള്ള ചാണകം, കരിയില, പച്ചില മുതലായവ കുട്ട കണക്കിന്‌ ചാണകക്കുഴിയിലും പറമ്പിലുമുണ്ട്‌.
കീടനിയന്ത്രണം ഇത്തിരി കടുപ്പമാണ്‌. എന്നാലും അഡ്‌ജസ്റ്റ്‌ ചെയ്യാം. അപ്പൂപ്പന്‍ മാസത്തിലൊരിക്കലാണ്‌ മുറുക്കാനുള്ള പുകയില കൊണ്ടുവരുന്നത്‌. അത്‌ ഒരു മുളം കുഭത്തിലിട്ട്‌ അടച്ചുവെച്ചേക്കും. പിന്നെ വേണ്ടത്‌ വേപ്പെണ്ണയാണ്‌. പശുവിനെ കറക്കാന്‍ കൊണ്ടുവെച്ചതെടുക്കാം. വേപ്പണ്ണക്കെണിയും പുകയിലക്കെണിയും അങ്ങനെ ഒപ്പിക്കാമെന്നു കണക്കുകൂട്ടി.
ചെടിയൊന്നു വളര്‍ന്നോട്ടെ...മൂന്നുമാസം മതി പൂക്കാലം തുടങ്ങാന്‍. അഡ്‌്‌ജസ്റ്റ്‌മെന്റുകള്‍ അതുവരെ മതി. പിന്നെ പൈസക്കാരിയായല്ലോ....പിന്നെ എന്റെ കാര്‍ന്നോമ്മാര്‍ക്ക്‌ വേപ്പണ്ണയും പുകയിലയും ഇഷ്‌ടം പോലെ വാങ്ങി കൊടുക്കുമല്ലോ..

ഇനി വേണ്ടത്‌ നടാനുള്ള സ്ഥലമാണ്‌. തരിശായി കിടക്കുന്ന പലയിടങ്ങളുമുണ്ട്‌ പറമ്പില്‍. മഴയും വെയിലും വേണ്ടുവോളം കിട്ടുന്ന, എനിക്കെപ്പോഴും ഓടിപ്പോയി നോക്കാവുന്ന ദൂരത്തില്‍ വീടിന്‌ പുറകില്‍ തെക്കു പടിഞ്ഞാറായി സ്ഥലം കണ്ടെത്തി.

പക്ഷേ, എന്റെ മനസ്സില്‍ ഇങ്ങനെയൊക്കെയാണ്‌ പ്ലാനും പദ്ധതിയും എന്ന്‌ ആരോടും പറഞ്ഞില്ല.
കുറ്റിമുല്ലക്ക്‌ അപേക്ഷയും കൊടുത്ത്‌, ഇന്നു കിട്ടും നാളെ കിട്ടും എന്ന്‌ കാത്തു കാത്തിരുന്നു ഞാന്‍. കാത്തിരിപ്പു നീണ്ടു. പിന്നെ പിന്നെ സ്വപ്‌നങ്ങളൊക്കെ മറന്നേക്കാമെന്നു വെച്ചു.

മൊട്ടത്തലയന്റെ വായിനോക്കിയിരുന്ന്‌
വിലപ്പെട്ട ഒരു ദിവസമാണ്‌ കുറ്റിമുല്ല ക്ലാസുകൊണ്ട്‌്‌ നഷ്‌ടപ്പെടുത്തിയത്‌. അയാളുടെ മൊട്ടത്തലയ്‌ക്ക്‌ രണ്ടു ഞൊട്ടും കിഴുക്കും കൊടുക്കാന്‍ തോന്നി. സ്വപ്‌നം കണ്ടും കുറേ സമയം പോയി. ആ നേരത്ത്‌ പത്ത്‌ ചക്കക്കുരു തൊലി ചുരണ്ടികൊടുത്തിരുന്നെങ്ങില്‍ അമ്മച്ചി ഉള്ളിയും മുളകും ഇടിച്ചിട്ട്‌ കടുകു വറുത്ത്‌ ഉലര്‍ത്തി തന്നേനേം. ഇങ്ങെയൊക്കെ വിചാരിച്ച്‌ കുറ്റിമുല്ല കൃഷിയെ മനസ്സില്‍ നിന്ന്‌ മായ്‌ക്കാന്‍ ശ്രമിച്ചു.

പ്രീഡിഗ്രി പരീക്ഷ കഴിഞ്ഞു. അവധിക്കാലത്ത്‌ അപ്പൂപ്പന്റെ അനിയന്‍ കൊച്ചുമുത്തശ്ശന്റെ വീട്ടില്‍ പോയി. അവിടെ രണ്ടാമത്തെ മാമിക്ക്‌ കല്ല്യാണം. കല്ല്യാണവും വിരുന്നും ഒക്കെ കൂടി പതുക്കെയാണ്‌ മടങ്ങി വന്നത്‌.

കുറേ ദിവസം കഴിഞ്ഞാണ്‌ ആ മഹാസംഭവം ഞാനറിയുന്നത്‌. വീടിനു താഴെ പറമ്പില്‍ നിന്ന തെങ്ങില്‍ നിന്ന്‌ തേങ്ങ വീണത്‌ എടുക്കാന്‍ താഴോട്ടിറങ്ങിയപ്പോള്‍...
കൊക്കോയും കുരുമുളകു പടര്‍ത്തിയ മുരിക്കുകള്‍ക്കുമിടയില്‍ വെളിച്ചമുള്ള ഇടം കുറവാണ്‌. കൊക്കോച്ചോലക്കിടയിലൂടെ നൂഴ്‌ന്ന്‌ ഇത്തിരി പ്രകാശമുളളിടത്ത്‌ എത്തിയപ്പോള്‍ ...
എന്നെ നോക്കി ചിരിക്കുന്നു 'അഞ്ചാറു കുഴി'കളിലായി 'നൂറു ചുവട്‌ കുറ്റിമുല്ല'.

6 comments:

Myna said...

ചെണ്ടപ്പുറത്ത്‌ കോലുവെയ്‌ക്കുന്നിടത്തൊക്കെ എത്തിപ്പെടുക എന്നതായിരുന്നു കുട്ടിക്കാലത്തെ പ്രധാന പരിപാടി. കുട്ടിക്കാലം കഴിഞ്ഞിട്ടും കാര്യമായ മാറ്റമൊന്നും സംഭവിച്ചിരുന്നില്ല. പള്ളിക്കൂടം പറമ്പില്‍ സിനിമയെന്നോ, ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ വൈദ്യ പരിശോധന എന്നോ, പള്ളിക്കൂടം പറമ്പില്‍ മൈതാനമുണ്ടാക്കാന്‍ എന്‍. എസ്‌.എസ്‌ കുട്ടികള്‍ വരുമ്പോള്‍ അവരെ സഹായിക്കാനോ, സാക്ഷരത പ്രചരണ ജാഥയോ , എന്തിന്‌ ഏതു പരിപാടിയാവുമാവട്ടെ അതിലൊക്കെ പങ്കെടുക്കുക എന്നതായിരുന്നു പ്രധാന ഹോബി.
പ്രീഡിഗ്രിക്കു പഠിക്കുന്ന കാലം. അടുത്തുള്ള ചേച്ചിമാര്‍ക്ക്‌ സ്വയം തൊഴില്‍ കണ്ടെത്താന്‍ കുറ്റിമുല്ല കൃഷിയില്‍ ഒരു ദിവസത്തെ പരിശീലനം. കേട്ടതെ ഞാനും പുറപ്പെട്ടു. പുറപ്പെടുമ്പോള്‍ ഒറ്റ ഉദ്ദേശ്യമാണുണ്ടായിരുന്നത്‌. ഇന്നേവരെ കുറ്റിമുല്ല കണ്ടിട്ടില്ല. അതൊന്നു കാണണം.

കണ്ണൂരാന്‍ - KANNURAN said...

പണ്ട് ജനകീയാസൂത്രണത്തിന്റെ ആദ്യ വര്‍ഷങ്ങളില്‍ ഞങ്ങളുടെ നാട്ടിലും ഉണ്ടായിരുന്നു കുറ്റിമുല്ല കൃഷി. മലര്‍പൊടിക്കാരന്റെ സ്വപ്നം പോലെ പ്രൊജക്ടുകളില്‍ സാമ്പത്തിക വിശകലനം എഴുതി പിടിപ്പിച്ചത് ഇപ്പോഴും ഓര്‍ക്കുന്നു. 10 വര്‍ഷത്തിനു ശേഷം കുറ്റിമുല്ലയെ ഓര്‍മ്മിപ്പിച്ചു ഈ പോസ്റ്റ്.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

കുറ്റിമുല്ല നന്നായി ട്ടൊ.

ദിലീപ് വിശ്വനാഥ് said...

ഇപ്പോള്‍ ഞാനും കണ്ടു കുറ്റിമുല്ല. എന്തായാലും നന്നായി കുറിപ്പ്.

ശെഫി said...

രസമുണ്ട്‌ വായിക്കാന്‍

Unknown said...

വേനലവധിക്കാലത്ത് മുല്ലപ്പൂകോര്‍ത്തു മാലയുണ്ടാക്കുന്നതും,അത് ചൂടിപ്പോകാന്‍ സ്കൂളില്ലാല്ലോ എന്നോര്‍ത്തു നിരാശപ്പെടുന്നതും ഓര്‍മിപ്പിച്ചതിനു നന്ദി....ലോകത്തെവിടെപ്പോയാലും ആ വള്ളിമുല്ലയുടെ സുഗന്ധം കൂടെയുണ്ടാവും....:)