Wednesday, June 18, 2008

മഞ്ഞച്ചേരയും ഇരുതലമൂരിയും ചില കെട്ടുകഥകളും


'മഞ്ഞച്ചേരകടിച്ചാല്‍ മലയാളത്തില്ലെങ്ങും മരുന്നില്ല 'എന്നൊരു ചൊല്ലുണ്ട്‌. ഇരുതലമൂരിക്ക്‌ രണ്ടുതലയുണ്ടെന്നും. ഏതായാലും ഈ രണ്ടുകാര്യങ്ങളും മുമ്പേ മുതല്‍ നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ പറഞ്ഞു കേള്‍ക്കുന്നതാണ്‌. (മലയാളത്തില്‍, മലനാട്ടില്‍ , മറുനാട്ടില്‍ ഇതിലേതാണ്‌ ശരി? പല സ്ഥലത്തും പലതും പറഞ്ഞു കേള്‍ക്കുന്നു.) ഇവിടെ എഴുതാനുള്ള കാരണവും മറ്റൊന്നല്ല. ഇവിടെ ഒരു പോസ്‌റ്റ്‌ കണ്ടു.

കേരളത്തില്‍ സര്‍വ്വസാധാരണമായി കാണപ്പെടുന്ന പാമ്പാണ്‌ ചേര. മൂര്‍ഖനോട്‌ സാദൃശ്യമുള്ള ഇവ കറുപ്പ്‌, ചാരനിറം മുതല്‍ മഞ്ഞ നിറത്തില്‍ വരെ കാണപ്പെടുന്നു. രണ്ടരമീറ്ററോളം നീളം വെയ്‌ക്കുന്ന ഈ പാമ്പ്‌ ഓട്ടത്തിലും മുമ്പനാണ്‌. ശാസത്രനാമം pytas(Zamenis)mucosus .കേരളത്തിനു പുറത്ത്‌. ഇഷ്ടഭക്ഷണം എലി, തവള, പക്ഷികള്‍ എന്നിവയാണ്‌. എലിയെ തിന്നു നശിപ്പിക്കുന്നതുകൊണ്ടാണ്‌ കര്‍ഷകന്റെ മിത്രം എന്ന്‌ പേരില്‍ ചേര അറിയപ്പെടുന്നത്‌.
പെണ്‍ചേര എട്ടുമുതല്‍ 16 മുട്ടകള്‍ വരെ ഇടുന്നു. ഇണചേരുന്ന കാലത്ത്‌ ആണ്‍ചേര യുദ്ധനൃത്തം ചെയ്യുന്നു. തങ്ങള്‍ ജീവിക്കുന്ന പ്രദേശം സംരക്ഷിക്കുന്നതിനും മറ്റു ആണ്‍ചേരകള്‍ കടന്നു വരാതിരിക്കാനുമാണ്‌ എന്ന്‌ പാമ്പ്‌ നിരീക്ഷകരായ സായി വിറ്റക്കരും റോം വിറ്റക്കറും പറയുന്നു.

വിഷം ഒട്ടുമില്ലാത്ത പാമ്പാണ്‌ ചേര. അളമുട്ടിയാല്‍ ചേരയും കടിക്കും എന്ന്‌ ചൊല്ല്‌ നമുക്കിടയിലുണ്ട്‌. ശരിയാണത്‌. അളമുട്ടിയാല്‍ മാത്രമാണ്‌ ചേരകടിക്കാറ്‌. ചേര കടിക്കാറില്ലാത്തതു കൊണ്ടാവണം മഞ്ഞച്ചേര കടിച്ചാല്‍ മലനാട്ടിലെങ്ങും മരുന്നില്ല എന്നു പറയുന്നതിന്‌ ഒരു കാരണം.




എന്നാല്‍ ചേര കടിച്ച്‌ ചികിത്സച്ചേതടി വന്ന അനുഭവം എനിക്കുണ്ട്‌ . ഇതിലൊന്ന്‌ മഞ്ഞച്ചേരയുടെ കടിയേറ്റുമായിരുന്നു.
ചേരയ്‌ക്ക്‌ വിഷപ്പല്ലുകള്‍ ഇല്ലെങ്കിലും ഉമിനീരില്‍ നേരിയ വിഷമുണ്ട്‌. ചെറിയ ചൊറിച്ചിലും തരിപ്പും ഉണ്ടാകാം. എന്നാല്‍ മരുന്നൊന്നും ആവശ്യമില്ല. തുളസിയിലയും മഞ്ഞളും അരച്ചു പുരട്ടുക.
ഇരുതലമൂരി എന്ന പാമ്പിനെക്കുറിച്ച്‌ തിരുവിതാംകൂര്‍ ഭാഗത്താണ്‌ കൂടുതല്‍ പറഞ്ഞുകേള്‍ക്കുന്നത്‌. രണ്ടുവശത്തും തലയുണ്ടെന്ന്‌ പേര്‌ കേട്ട്‌ തെറ്റിദ്ധരിച്ചേക്കാം. തല ഒന്നേയുള്ളു. എന്നാല്‍ വാല്‍കുറുകി തലയുടെ ആകൃതിയിലാണിരിക്കുന്നത്‌. അതുകൊണ്ടാവണം ഈ പേരില്‍ അറിയപ്പെടുന്നത്‌. വാലും തലയും ഒറ്റനോട്ടത്തില്‍ തിരിച്ചറിയില്ല. ചെറിയ ഇനം പാമ്പാണ്‌. ചുവപ്പ്‌, കറുപ്പ്‌, തവിട്ടു നിറങ്ങളില്‍ കാണപ്പെടുന്നു. ഇതിനും വിഷമില്ല. കുരുടി, മണ്ണൂലി, ഇരട്ടത്തലയന്‍ എന്നൊക്കെ വടക്കോട്ട്‌ പറയുന്നത്‌ ഇരുതലമൂരിക്കാണോ എന്ന്‌ വടക്കര്‍ പറയട്ടെ..
ഏതായാലും മഞ്ഞച്ചേര മലര്‍ന്നോ നിവര്‍ന്നോ ചെരിഞ്ഞോ കടിക്കട്ടെ...മരുന്നിന്റെ ആവശ്യമില്ലാത്തപ്പോള്‍ അതിനെക്കുറിച്ച്‌ ആലോചിക്കണ്ട. ഇരുതലമൂരിയും എങ്ങോട്ടെങ്കിലും പോകട്ടെ



ഇരുതലമൂരിയെക്കുറിച്ച്‌ ഗുപ്‌തനും വിശ്വപ്രഭയും തന്ന വിവരങ്ങള്‍ കൂടി ചേര്‍ക്കുന്നു. പാമ്പുകളെ ഇങ്ങനെ പേടിക്കേണ്ട കേട്ടോ..ഇതിനെ ഹൈറേഞ്ചില്‍ മാത്രമല്ല കോഴിക്കോടും അടുത്തിടെ കണ്ടിട്ടുണ്ട്‌.



Eryx Johni (John's earth boa) കൂടാതെ Eryx Conicus (Russel's earth Boa) എന്നൊരു തരം കൂടിയുണ്ട്. ഇതിനെയാണ് മലബാറിൽ മണ്ണൂലിപ്പാമ്പ് (Sand Boa) എന്ന് പറയുന്നത്. പൂഴിപ്പുളയൻ എന്നാണ് ഇതിനെ തൃശ്ശൂരൊക്കെ വിളിക്കുക. രണ്ടറ്റവും കൂർത്ത് വാലോ തലയോ എന്നു കൺഫ്യൂഷൻ ഉണ്ടാക്കും. ശത്രുവിനെക്കണ്ടാൽ വളരെപ്പെട്ടെന്ന് പിടഞ്ഞൊടിഞ്ഞ് പാഞ്ഞുപോവുമ്പോളും വാലേത് തലയേത് എന്നു തിരിച്ചറിയാൻ വിഷമിക്കും.പെണ്ണുങ്ങൾക്ക് ആണുങ്ങളെ അപേക്ഷിച്ച് നീളവും വലുപ്പവും തൂക്കവും വളരെകൂടുതലുണ്ടാവും.

ഫോട്ടോ കടപ്പാട്‌ വിക്കിപീഡിയ...

23 comments:

Myna said...

'മഞ്ഞച്ചേരകടിച്ചാല്‍ മറുനാട്ടിലെങ്ങും മരുന്നില്ല 'എന്നൊരു ചൊല്ലുണ്ട്‌. ഇരുതലമൂരിക്ക്‌ രണ്ടുതലയുണ്ടെന്നും. ഏതായാലും ഈ രണ്ടുകാര്യങ്ങളും മുമ്പേ മുതല്‍ നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ പറഞ്ഞു കേള്‍ക്കുന്നതാണ്‌. എലിയെ തിന്നു നശിപ്പിക്കുന്നതുകൊണ്ടാണ്‌ കര്‍ഷകന്റെ മിത്രം എന്ന്‌ പേരില്‍ ചേര അറിയപ്പെടുന്നത്‌.
പെണ്‍ചേര എട്ടുമുതല്‍ 16 മുട്ടകള്‍ വരെ ഇടുന്നു. ഇണചേരുന്ന കാലത്ത്‌ ആണ്‍ചേര യുദ്ധനൃത്തം ചെയ്യുന്നു. തങ്ങള്‍ ജീവിക്കുന്ന പ്രദേശം സംരക്ഷിക്കുന്നതിനും മറ്റു ആണ്‍ചേരകള്‍ കടന്നു വരാതിരിക്കാനുമാണ്‌ .

വിഷം ഒട്ടുമില്ലാത്ത പാമ്പാണ്‌ ചേര. അളമുട്ടിയാല്‍ ചേരയും കടിക്കും എന്ന്‌ ചൊല്ല്‌ നമുക്കിടയിലുണ്ട്‌. ശരിയാണത്‌. അളമുട്ടിയാല്‍ മാത്രമാണ്‌ ചേരകടിക്കാറ്‌. ചേര കടിക്കാറില്ലാത്തതു കൊണ്ടാവണം മഞ്ഞച്ചേര കടിച്ചാല്‍ മലനാട്ടിലെങ്ങും മരുന്നില്ല എന്നു പറയുന്നതിന്‌ ഒരു കാരണം

ഫാരിസ്‌ said...

thnx a lot for info..
please write more about snakes and related things..
keep writing..all the best

ആഷ | Asha said...

മൈനയെ കുറിച്ച് ഗൃഹലക്ഷ്മിയില്‍ വന്ന ലേഖനം വായിച്ചിരുന്നു. വിഷചികിത്സ നടത്താറുണ്ടല്ലേ.
മൈന പറയുന്ന ഇരുതലമൂരി -Rubberboa എന്ന പാമ്പാണോ?
www.rubberboa.com

വിഷമില്ലെങ്കിലും ചേരയെ കാണുമ്പോ ഇത്തിരി പേടിയാ :)

സുന്ദരന്റെ ബ്ലോഗിലിട്ട കമന്റ് വഴിയാ വന്നത്. ബ്ലോഗിന്റെ ലിങ്ക് ഇങ്ങനെ (www.sarpagandhi.blogspot.com)കൊടുത്താല്‍ കുറച്ചു നാള് കഴിഞ്ഞ് സുന്ദരന്റെ പോസ്റ്റ് വഴി ഇങ്ങോട്ട് വരുന്നവര്‍ക്ക് ഏതു പോസ്റ്റാന്ന് കണ്‍ഫ്യൂഷന്‍ ഉണ്ടാവും. അതിനാല്‍ അങ്ങനെ ചെയ്യുമ്പോള്‍ പോസ്റ്റിന്റെ ലിങ്ക് http://sarpagandhi.blogspot.com/2008/06/blog-post_18.html ഇങ്ങനെ കൊടുക്കുന്നതാവും നന്ന്.

മൂര്‍ത്തി said...

“മഞ്ഞച്ചേര മലര്‍ന്നു കടിച്ചാല്‍ മലയാളത്തില്‍ മരുന്നില്ല” എന്നല്ലേ? തൃശ്ശൂര്‍ ഭാഗത്ത് അങ്ങിനെയാണ് കേട്ടിട്ടുള്ളത്.

അജയ്‌ ശ്രീശാന്ത്‌.. said...

"മഞ്ഞച്ചേരകടിച്ചാല്‍
മറുനാട്ടിലെങ്ങും മരുന്നില്ല"

പലപ്പോഴും ഇതുപോലുള്ള
നാട്ടുമൊഴികള്‍ പലതും.. അബദ്ധധാരണകളാണെന്ന്‌ശാസ്ത്രലോകം തെളിയിച്ചിട്ടുണ്ട്‌...
അത്തരം ചൊല്ലുകള്‍ക്കുള്ളിലെ
അശാസ്ത്രീയത കാലം പൊളിച്ചെഴുതിയിട്ടുണ്ട്‌... അതിണ്റ്റെ കൂട്ടത്തിലൊന്നാവട്ടെ.. ഈ രണ്ടു ധാരണകളും..

ആശംസകള്‍..മൈന...

‍ശരീഫ് സാഗര്‍ said...

പാമ്പിനെയും ചേരയെയും ഇനിയും വെറുതെ വിടാറായില്ലേ...

സുന്ദരന്‍ said...

മൈന,
മഞ്ഞച്ചേരയുടെ മലര്‍ന്നുകടി...
ഈ പോസ്റ്റിലൂടെ ഞാന്‍ അറിയാന്‍ ആഗ്രഹിച്ചത് ശൈലിയുടെ സാഹചര്യാര്‍ത്ഥമാണ്. പഴം‌ചൊല്ലില്‍ പതിരില്ലാ എന്നല്ലെ പറയുന്നത്....പഴമക്കാര്‍ അതു പറയാന്‍ ചില സാഹചര്യങ്ങള്‍ തീര്‍ച്ചയായും ഉണ്ടാവും. ശൈലികളെ വാച്യാര്‍ത്ഥത്തില്‍ എടുത്ത് അന്ധവിശ്വാസത്തിന്റെ തലത്തിലേക്ക് എത്തിച്ചാല്‍ കുറ്റം പഴമക്കാരുടേതല്ലാ. (ഏതു ഭാഷയിലുള്ള ശൈലിയെയും വാച്യാര്‍ത്ഥത്തിലെടുത്ത് വിവരിച്ചാലും ഇതൊക്കെതന്നെയാവും ഫലം)

ഇരുതലമൂരിയുടെ പ്രശ്നത്തിലെക്ക് മൈനയുടെ അഭിപ്രായം ചോദിച്ചത് മറയൂരില്‍ ഉണ്ടായിരുന്ന ആളായിരുന്നതിനാലും വിഷഹാരി ആയതിനാലുമൊക്കെതന്നെ...
ഇടുക്കി ജില്ലയിലെ ഹൈറേഞ്ചില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ പാമ്പിനെ ധാരാളം കാണാമായിരുന്നു. ഇതു വിഷപ്പാമ്പ് ആണെന്നാണ് ഞങ്ങള്‍ വിശ്വസിച്ചിരുന്നത്. രണ്ട് തലയുണ്ടെന്നും, ഈ പാമ്പിനെ വളരെ അടുത്തു കണ്ടിട്ടുള്ള ആര്‍ക്കും അങ്ങിനെ തോന്നുന്നതില്‍ അതിശയമില്ലാ...

റിഫ്ലെക്ഷന് എന്ന ബ്ലോഗര്‍ എന്റെ പോസ്റ്റില്‍ ഇട്ട കമന്റില്‍ ഇങ്ങനെ പറയുന്നു-

"ഇരുതലമൂരിയെക്കുറിച്ച് അധികമൊന്നും എനിക്കറിയില്ല. വളരെ കുഞ്ഞിലെ ദൂരെ നിന്നു കണ്ടിട്ടുണ്ട്. വിഷമുള്ളതാണെന്നു പറഞ്ഞുപേടിപ്പിച്ചിരുന്നതുകൊണ്ട് അധികം പരീക്ഷണത്തിനൊന്നും പോയിരുന്നില്ല. തലയും വാലും തമ്മില്‍ മാറിപ്പോകുന്നതുകൊണ്ടാണത്രേ അതിനങ്ങനൊരു പേര്. മുന്നോട്ടും പുറകോട്ടും അതിനു നീങ്ങാന്‍ പറ്റും. വാലു വച്ചു കുത്താറുമുണ്ടത്രേ. ഇത്രയും ഇപ്പോ അച്ചനോടും അമ്മയോടും ചോദിച്ചിട്ടു പറയുവാ"

വിശ്വാസത്തിനു അനുഭവത്തിന്റെ ബലംകൂടിയുള്ളവരാണ് പഴമക്കാര്‍...

ഒരു മുഴുവന്‍ പോസ്റ്റിലൂടെ കുറേയേറെ കാര്യങ്ങള്‍ പറഞ്ഞുതന്നതിനു മൈനക്കു നന്ദി...
സാധിക്കുമെങ്കില്‍ ചേരയെക്കുറിച്ചു പറഞ്ഞതുപോലെ ഇരുതലമൂരിയെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ പറയുമോ..
അതിന്റെ ശാസ്ത്രനാമം, ലോകത്ത് എവിടെയെല്ലാം ഈ വര്‍ഗ്ഗത്തില്‍ പെട്ട് പാമ്പുകള്‍ ഉണ്ട്, ചിത്രങ്ങള്‍ ലഭ്യമാണെങ്കില്‍ അത്...

ജന്തു സ്നേഹികളെ...ഇരുതലമൂരി എന്ന പാമ്പ് വളരയേറെ പ്രത്യേകതകള്‍ ഉള്ളപാമ്പാണ്...ഇത് വംശനാശ ഭീഷണിയിലാണെന്ന് തോന്നുന്നു... സേവ് ഇരുതലമൂരി
മൈനേ അത് എങ്ങോട്ടെങ്കിലും പോട്ടെ എന്നുപറയരുത്...പ്ലീസ്

Siju | സിജു said...

കാര്യം വിഷമില്ലെന്നു പറഞ്ഞാലും ചുമ്മാ പായി കടി കൊള്ളാന്‍ പറ്റുമോ.. ഇനിയെങ്ങാനും കൊണ്ടാല്‍ സമാധാനമായി ഇരിക്കാനും പറ്റുമോ..

ഹരിയണ്ണന്‍@Hariyannan said...

'മഞ്ഞച്ചേരകടിച്ചാല്‍ മറുനാട്ടിലെങ്ങും മരുന്നില്ല 'എന്നൊരു ചൊല്ലുണ്ട്‌.

ആ ചൊല്ലെ മൂര്‍ത്തിപറഞ്ഞതുപോലെ “മഞ്ഞച്ചേര മലര്‍ന്നുകടിച്ചാല്‍ മലയാളത്തില്‍ മരുന്നില്ല”എന്നാണ് തിരുവന്തോരത്തും കേട്ടിരിക്കുന്നത്!

നല്ല ലേഖനം!
മൈനക്ക് ഇനിയും ഇത്തരം സഹായങ്ങള്‍ ചെയ്യാന്‍ കഴിയട്ടെ!

ഗുപ്തന്‍ said...

On the common two-headed snake in India, with photos.

http://en.wikipedia.org/wiki/Eryx_johnii

ഗുപ്തന്‍ said...

By the way the meaning of the dictum may be that the desperate reaction from a helpless person may have irremediable/dire consequences.

Unknown said...

മൈനേ
'ബര്‍സ' യെയും ഡോ.ഖദീജ മുംതാസിനെയും കുറിച്ചുള്ള പോസ്റ്റിനു ശേഷമാണ്‌ മൈനയുടെ പോസ്റ്റുകളും ശ്രദ്ധിക്കാന്‍ തുടങിയത്‌. പക്ഷേ, ഇപ്രാവശ്യം അമളി പറ്റി. ആളെ പേടിപ്പിക്കാനായിട്ട്‌ 2 മുയ്‌ത്ത പാമ്പ്‌. നഗരത്തില്‍ ജനിച്ച്‌ വളര്‍ന്നതിനാല്‍ പാമ്പുകളുമായി അത്ര ബന്ധം പോരാ. നേരില്‍ കണ്ടിട്ടുള്ളതും വളരെ വളരെ അപൂര്‍വ്വമായി ഒന്നോ രണ്ടോ തവണ മാത്രം.

അതുകൊണ്ട്‌ മൈനേടത്തിയേ... മേലില്‍ ഇത്തരം ചതികാണിക്കുമ്പോള്‍ "ഉള്ളില്‍ പാമ്പുണ്ട്‌ സൂക്ഷിക്കുക" എന്ന ഒരു കുറിപ്പു കൂടെ വെക്കണേ...

എന്റെ ഇന്നത്തെ ഉറക്കം കല്ലത്തായേ...

വെഷ വൈശ്യര്‍ മൈന മൂര്‍ദ്ദാബാദ്‌...

Viswaprabha said...

അതെ, ഗുപ്തൻ പറഞ്ഞതാണ് ആ ചൊല്ലിന്റെ ശരിയായ പൊരുൾ.

“ആള മുട്ടിയാൽ ചേരയും കടിക്കും” എന്നത് ഇതിന്റെ തന്നെ ഒരു വകഭേദമായി കൂട്ടാം.


Eryx Johni (John's earth boa) കൂടാതെ Eryx Conicus (Russel's earth Boa) എന്നൊരു തരം കൂടിയുണ്ട്. ഇതിനെയാണ് മലബാറിൽ മണ്ണൂലിപ്പാമ്പ് (Sand Boa) എന്ന് പറയുന്നത്. പൂഴിപ്പുളയൻ എന്നാണ് ഇതിനെ തൃശ്ശൂരൊക്കെ വിളിക്കുക. രണ്ടറ്റവും കൂർത്ത് വാലോ തലയോ എന്നു കൺഫ്യൂഷൻ ഉണ്ടാക്കും. ശത്രുവിനെക്കണ്ടാൽ വളരെപ്പെട്ടെന്ന് പിടഞ്ഞൊടിഞ്ഞ് പാഞ്ഞുപോവുമ്പോളും വാലേത് തലയേത് എന്നു തിരിച്ചറിയാൻ വിഷമിക്കും.പെണ്ണുങ്ങൾക്ക് ആണുങ്ങളെ അപേക്ഷിച്ച് നീളവും വലുപ്പവും തൂക്കവും വളരെകൂടുതലുണ്ടാവും.


Typhlops spp എന്നു സയന്റിഫിക്കായി വിളിക്കുന്ന തീരെ ചെറിയ ഇനം പാമ്പാണ് കുരുടി അഥവാ Blind Snake. ഉറുമ്പ്, ചിതൽ, ഈയാമ്പാറ്റ ഒക്കെയാണ് ഇഷ്ടഭക്ഷണം. പരിണാമശൃംഘലയിൽ പാമ്പുകളിലെ ആദ്യ അവതാരങ്ങളാണത്രേ ഇവ!

ഈ ഒറ്റയെണ്ണത്തിനും വിഷമില്ല എന്നു സയൻസും “പറയാൻ പറ്റില്ല്യ, കടിച്ചാ വെഷെറങ്ങാത്ത ജാത്യാവും!“ന്ന് കാരണോന്മാരും.

പാമ്പ് എന്ന ജന്തൂനെ ഭയങ്കര ഭയങ്കര പേട്യാണ്! അതോണ്ടാ ഇത്ര വിവരം! :-(

എതിരന്‍ കതിരവന്‍ said...

ഇരുതലമൂരി:
ഇത് പാമ്പല്ല. Amphibia (തവള കള്‍ എല്ലാം) യിലെ Caecilian കുടുംബത്തില്‍ പെടുന്നു. മണ്ണിനടിയില്‍ കുഴിച്ചു നടക്കും (burrowing). Tropical സ്ഥലങ്ങളില്‍ വെള്ളക്കെട്ടുള്ളീടത്ത് കാണാം. കേരളത്തില്‍ അടുക്കളയില്‍ നിന്നും ഓവു വഴി വീഴുന്ന കുഴികള്‍ക്കടുത്ത് കാണാറുണ്ട്. മണ്ണിനടിയിലാണ്‍ സ്ഥിരവാസമെന്നതുകൊണ്ട് കാഴ്ച അത്ര ആവശ്യമില്ലാത്തതു കൊണ്ട് വളരെ ചെറിയ കണ്ണുകള്‍, ചെവിയും ചെറുത്. തലയും വാലും കൂര്‍ത്തതായതുകൊണ്ടും പെട്ടെന്നു കാണാവുന്ന കണ്ണില്ലാത്തതിനാലും തലയേത് വാലേത് എന്നറിയാന്‍ പ്രയാസം. തവളയുടേതു പോലെ കൊച്ചരിപ്പല്ലുകള്‍. ദേഹത്ത് ഊറിവരുന്ന സ്വല്‍പ്പം വിഷാംശമുള്ള ദ്രവം പ്രതിരോധത്തിന്.
Caecilian എന്ന വാക്ക് ഗൂഗിളില്‍ നോക്കുക.

Myna said...

ഇരുതലമൂരിയെക്കുറിച്ച്‌ ഗുപ്‌തനും വിശ്വപ്രഭയും തന്ന വിവരങ്ങള്‍ കൂടി എഡിറ്റ്‌ ചെയ്‌ത്‌ ചേര്‍ത്തിട്ടുണ്ട്‌. ഇരുതലമൂരി വംശനാശഭീഷണിയിലാണോ എന്നറിയില്ല. പക്ഷേ ഇതിനെ ഹൈറേഞ്ചില്‍ മാത്രമല്ല കോഴിക്കോടും അടുത്തിടെ കണ്ടിട്ടുണ്ട്‌.പാമ്പുകളെ ഇങ്ങനെ പേടിക്കേണ്ട കേട്ടോ..

ആഷ | Asha said...

എതിരന്‍ കുതിരവന്‍ പറഞ്ഞ caecillian നോക്കി. അതും സുന്ദരന്‍ പറഞ്ഞതുമായി ചേര്‍ന്ന് നില്‍ക്കുന്നു.
http://en.wikipedia.org/wiki/Caecilian
ഇപ്പോ ആകെ കണ്‍ഫ്യൂഷനായി. indian sand boa ആണോ caecillian ആണോ ഇരുതലമൂരി? നേരിട്ട് കണ്ടിട്ടുള്ളവര്‍ ഒന്നുറപ്പിക്കൂ.

ഗുപ്തന്‍ said...

വിശ്വേട്ടൻ പറഞ്ഞ രണ്ടാമത്തെ ഇനത്തിന്‌ വംശവൃക്ഷത്തിൽ സ്ഥാന ചലനം ഉണ്ടെന്ന്വിക്കി.

എതിരൻ ചേട്ടാ അക്കാര്യത്തിൽ എന്തോ വിശ്വാസം വരണില്ല. അ ജെനെറയിലെ ഇൻഡ്യൻ സബ്‌ഗ്രൂപ്പ്‌ റ്റെന്റക്കിൽ ഒക്കെ ഉള്ള എന്തോ ആണെന്ന് കാണുന്നു. ഒന്നു വിശദീകരിക്കാമോ?

ഗുപ്തന്‍ said...

Further on Caecilians:

http://en.wikipedia.org/wiki/Caecilians_of_the_Western_Ghats

http://www.answers.com/topic/ichthyophiidae

CHANTHU said...

മൈനകള്‍ പൊതുവെ ഇഴചന്തുക്കളെ ഭയക്കുമല്ലൊ. ഒരു പേടീല്ലാണ്ടിങ്ങിനെ ? (ഈ കാര്യത്തില്‍ മൈനക്കുടലെടുത്ത താല്‍പര്യമെങ്ങിനെയെന്നൊന്നു പറയാമോ ?)

എതിരന്‍ കതിരവന്‍ said...

ഗുപ്തന്‍ കാണിച്ച രണ്ടൂ ലിങ്കുകളും Caecilian എ ക്കുറിച്ച് വ്യക്തമായി പറയുന്നുണ്ടല്ലൊ. തിരുവിതാംകൂര്‍ ഭാഗത്ത് ഇതിനെയാണ് ഇരുതലമൂരി (Ichthiopsis)എന്നു പറയുന്നത്. വിശ്വപ്രഭ വിശദീകരിച്ച പാമ്പിനെ അല്ല.

Rasheed Chalil said...

ഈ ഇരുതല മൂരി, മലപ്പുറം ഭാഗത്ത് ‘കുരുടി’ എന്ന്‍ പറയാറുള്ള പാമ്പ്(കുരുടിയെ പാമ്പായിട്ട് എണ്ണാറില്ല) ആണെന്ന് തോന്നുന്നു. ‘കുതരയ്ക്ക് കൊമ്പും കുരുടിക്ക് കണ്ണും ഉണ്ടെങ്കില്‍‘ എന്നൊരു നാടന്‍ ചൊല്ലും ഉണ്ട്...

പോസ്റ്റ് നന്നായി

ജിജ സുബ്രഹ്മണ്യൻ said...

ഗൃഹലക്ഷ്മിയില്‍ വന്ന ലേഖനം കണ്ടിരുന്നു,...പാമ്പുകളെ കുറിച്ചു കൂടുതല്‍ വിവരങ്ങളും ചികിത്സ സംബന്ധമായ അനുഭവങ്ങളും പ്രതീക്ഷിക്കുന്നു...

manu paingalam said...

പാമ്പുകളുടെ കുറച്ചു ഫോട്ടോസ് അയക്കുന്നു...
അയക്കാന്‍ മടിച്ചിരുന്നതാണ്....
കാരണം, നിങ്ങള്‍ക്കത് ഇഷ്ടമാവില്ലെന്ന് കരുതി...

എന്നാല്‍ മൈനയെക്കുറിച്ചു മുന്‍വിധി നന്നല്ലാ എന്ന്
ബോധ്യമായി....

pls check d mail...