Tuesday, April 29, 2008

പ്രിയപ്പെട്ട മാങ്ങ അച്ചാറിന്‌


മാങ്ങാ അച്ചാര്‍ എനിക്കെന്നും പ്രിയപ്പെട്ടതായിരുന്നു. അനിയത്തിമാര്‍ക്കും. എട്ടാംക്ലാസ്സില്‍ പഠിക്കുമ്പോഴാണ്‌ വിജയകരമായി മാങ്ങാ അച്ചാര്‍ ഉണ്ടാക്കിയത്‌. ഇഷ്ടപ്പെട്ടതാണെങ്കിലും എന്തുകൊണ്ടോ ഇന്ന്‌ കടയില്‍ കിട്ടുന്ന മാങ്ങാ അച്ചാറോ വിനാഗിരി ചേര്‍ത്ത്‌ വീടുകളില്‍ ഉണ്ടാക്കാറുള്ള അച്ചാറോ തൊട്ടുനോക്കറില്ല. കാരണം മാങ്ങയുടെ രുചിയല്ല വേറൊരു പുളിയാണെന്ന തോന്നലുകൊണ്ട്‌.
ഈ മാങ്ങാ അച്ചാറിന്‌ ഗുരുക്കന്‍മാരുമില്ല.
കിളിച്ചുണ്ടന്‍ മാവാണ്‌ വീടിന്‌ ഏറ്റവും അടുത്തു നിന്നത്‌. രണ്ടോ മൂന്നു മാങ്ങാപറിച്ചുകൊണ്ടുവരുന്നു. അച്ചാറുണ്ടാക്കുന്നു. ഒരു ഹോര്‍ലിക്‌സ്‌ കുപ്പി. അതാണ്‌ കണക്ക്‌. നീണ്ടകാലത്തേക്കല്ല. ഒറ്റദിവസംകൊണ്ട്‌ തീരും.
കപ്പപ്പുഴുക്ക്‌, ചക്കപ്പുഴുക്ക്‌, ചോറ്‌ എന്തിനും ഏതിനും പുഴുക്കുപോലെ ഞങ്ങള്‍ മൂന്നു മക്കളും അച്ചാര്‍ തിന്നും. അമ്മച്ചിക്ക്‌ അതുകാണുമ്പോള്‍ പടിയാവും.
'കൊറച്ചു കൂട്ട്‌. വല്ല പിത്തോം പിടിക്കും'
പക്ഷേ ഞങ്ങളുണ്ടോ കേള്‍ക്കുന്നു.
ഒരിക്കല്‍ കപ്പയ്‌ക്ക്‌ കാടുപറിക്കാന്‍ വന്ന തങ്കമ്മചേച്ചിക്ക്‌ ഊണുകൊടുക്കുമ്പോള്‍ അമ്മച്ചി പറഞ്ഞു.
'പുഴുക്കുപോലെയാ ഈ പിള്ളേര്‌ അച്ചാറു തിന്നുന്നേ'..
അച്ചാറുകുപ്പിയുടെ മൂട്ടില്‍ ഒരു നുള്ള്‌ അച്ചാറെ അന്നുണ്ടായിരുന്നുള്ളു.
അതുകേട്ട്‌ തങ്കമ്മ ചേച്ചി പ്രിതികരിച്ചത്‌. 'എന്റെ പിള്ളേരും ഇങ്ങനെയാ' എന്നായിരുന്നു.
മാങ്ങാക്കാലമായാല്‍ ഒന്നിരാടം ഒരു ഹോര്‍ലിക്‌സ്‌ കുപ്പി അച്ചാര്‍ എന്റെ പ്രധാന ജോലികളിലൊന്നായി. ഇപ്പോഴും എന്നു പറയാം. പക്ഷേ ഇവിടെ അനിയത്തിമാരില്ലാത്തതുകൊണ്ട്‌ തന്നെയാണെന്നുമാത്രം. ഒരാഴ്‌ചത്തേക്കുണ്ടാവും എന്നുമാത്രം.
എന്നെ കെട്ടിച്ചുവിട്ടതില്‍ അനിയത്തിമാര്‍ക്കുണ്ടായിരുന്ന ആകെ സങ്കടം പഴയ മാങ്ങാ അച്ചാര്‍ കിട്ടുന്നില്ല എന്നായിരുന്നു.

കല്ല്യാണം കഴിഞ്ഞ ആദ്യത്തെ മാങ്ങാക്കാലത്ത്‌ ഇളയ അനിയത്തി സങ്കടം പറഞ്ഞു.' എങ്ങനെ അച്ചാറുണ്ടാക്കാന്‍ നോക്കിയിട്ടും നീ ഉണ്ടാക്കുന്നതുപോലെ ശരിയാവുന്നില്ല' എന്ന്‌.
കേട്ടാല്‍ തോന്നും മാങ്ങാ അച്ചാര്‍ എന്നാല്‍ വല്ല ബിരിയാണ്‌ ഉണ്ടാക്കുന്ന പാടുണ്ടോ എന്ന്‌. ഒന്നുമില്ല. അളവും തൂക്കവും ഒന്നും കൃത്യമായി വേണമെന്നില്ല. ഇതാ മാങ്ങാ അച്ചാറിന്റെ കുറിപ്പ്‌.
1.മാങ്ങ -അര കിലോ
2. മുളകുപൊടി -3 സ്‌പൂണ്‍
3. കായപ്പൊടി, ഉലുവാപൊടിച്ചത്‌, കറിവേപ്പില, ഉപ്പ്‌ പാകത്തിന്‌.
4. വെളുത്തുള്ളി-ഇഷ്ടാനുസരണം.
5. പാചകഎണ്ണ- അതും ടി.

അരിഞ്ഞ മാങ്ങയില്‍ ഉപ്പും മുളകുപൊടിയും ചേര്‍ത്ത്‌ കുഴച്ചുവെയ്‌ക്കുക.
എണ്ണ ചൂടാകുമ്പോള്‍ കടുക്‌, കറിവേപ്പില ഇടുക. വെളുത്തുള്ളി മൂപ്പിക്കുക. അതിനു ശേഷം മാങ്ങ അതിലേക്ക്‌ ചേര്‍ക്കുക. ചൂടായി വരുമ്പോള്‍ കായപ്പൊടി, ഉലുവാപ്പൊടി എന്നിവ ചേര്‍ത്ത്‌ ഇളക്കി വാങ്ങിവെയ്‌ക്കുക.
തണുത്തിട്ടോ, ചൂടോടെയോ ഉപയോഗിച്ചു തുടങ്ങാം.
കുപ്പിയിലാക്കുമ്പോള്‍ ശ്രദ്ധിക്കുക. പുറത്താണെങ്കില്‍ രണ്ടു ദിവസത്തില്‍ വെയ്‌ക്കരുത്‌. പൂപ്പല്‍ വരും. ഫ്രിഡ്‌ജില്‍ സൂക്ഷിക്കാം.

ധൈര്യമുണ്ടെങ്കില്‍ ഒന്നു പരീക്ഷിച്ചു നോക്കു.

Friday, April 25, 2008

അവധിക്കാലം നരകമാവുമ്പോള്‍

കണ്ണന്റെ അവധിക്കാലം നരകമാണെന്ന്‌ തോന്നാന്‍ തുടങ്ങിയിട്ട്‌‌ കുറെ ദിവസമായി. അവന്‍ ഒറ്റക്കിരിക്കും. ആരും മിണ്ടാനില്ലാതെ കളിക്കാനില്ലാതെ...
അവന്റെ ഭാവിയെക്കുറിച്ചോര്‍ക്കുമ്പോള്‍ ഭയം തോന്നുന്നു.

മധ്യവേനലവധി എന്നാല്‍ ഞങ്ങള്‍ക്ക്‌ എന്തായിരുന്നു. ഭൂമിയിലേക്ക്‌ സ്വര്‍ഗ്ഗം ഇറങ്ങി വരുന്നു. മാര്‍ച്ചില്‍ പരീക്ഷയൊന്നു കഴിഞ്ഞുകിട്ടിയാല്‍ മതിയെന്നാണ്‌ പ്രാര്‍ത്ഥന. അവധിക്കാലത്ത്‌ അമ്മായിമാരുടെയും കൊച്ചച്ചന്റെയും മക്കള്‍ വരും. സ്‌കൂള്‍ പൂട്ടന്നതോടെ അവര്‍ എത്തുന്നത്‌ കാത്തിരിപ്പാണ്‌. അയല്‍വക്കത്തെ അജിയും ഉദയയും ഷൈനിയും....ഞങ്ങള്‍ കാടായ കാടുകള്‍ കയറും. നൂറുനൂറുകഥകള്‍ പറയും. പേയും പിശാചും മറുതയും ഈനാംപേച്ചിയും ഒരു വക. നസിയുടെ പ്രേമം പൊളിഞ്ഞതും ഗിരിജചേച്ചി ഒളിച്ചോടി വന്നതും വേറൊന്ന്‌..നാട്ടിലെ ചെറിയവരുടെയും മുതിര്‍ന്നവരുടേയും പ്രേമ കഥകള്‍ വേറെ. അങ്ങനെ എന്തൊക്കെയാണ്‌. ഞങ്ങളുടെ അതിരില്‍ പടര്‍ന്നു പന്തലിച്ച്‌ കശുമാവുകളുണ്ടായിരുന്നു. കുരങ്ങന്‍മാരെപ്പോലെ ആ കശുമാവുകളുടെ തുഞ്ചത്തേക്ക്‌ കയറി. മാവുകുലുക്കി.
കോമാവിലും കിളിച്ചുണ്ടാന്‍ മാവിലും കല്ലെറിഞ്ഞു. ചാമ്പങ്ങ പറിച്ചു. ഉപ്പുമായി മലയിലേക്ക്‌... അവിടെയിരുന്നു മാങ്ങയും ചാമ്പങ്ങയും ഉപ്പുകൂട്ടി തിന്നു. അടുത്ത ഓട്ടത്തിന്‌ പുഴയിലേക്ക്‌...കണ്ണുചുവക്കും വരെ പുഴയില്‍ കുത്തി മറിഞ്ഞു. വീണ്ടും കയറും. തലതുവര്‍ത്താതെ വെയിലത്തിരിക്കും...ഉണങ്ങുമ്പോള്‍ വീണ്ടും വെള്ളത്തിലേക്ക്‌്‌....
കശുവണ്ടി അപ്പൂപ്പനെ കാണാതെ പെറുക്കിയെടുത്ത്‌ അമ്മാവന്റെ കടയില്‍ കൊണ്ടുകൊടുക്കും. മിഠായി, കടല, ചൂണ്ടയും നൂലും..പിന്നെ എരം പിടുത്തം(മണ്ണിര). ചൂണ്ടയിടല്‍...
സാറ്റ്‌ , കള്ളനും പോലീസും, വള്ളിചാട്ടം, കടപ്ലാവില്‍ കയറി മരക്കുരങ്ങ്‌്‌...അങ്ങനെ ഞങ്ങള്‍ കളിച്ചും ചിരിച്ചും രസിച്ചും നടന്നു.
ഉച്ചയ്‌ക്ക്‌ ഞങ്ങളെ അന്വേഷിച്ചു നടക്കേണ്ടിവരും ചോറ്‌ വിളമ്പിവെച്ച്‌്‌....
അങ്ങനെയൊക്കെയായിരുന്നു ഞങ്ങളുടെ അവധിക്കാലം. കുറച്ചുമുതിര്‍ന്നപ്പോഴും കുറച്ച്‌ ഉത്തരവാദിത്വമൊക്കെ കാണിച്ചെന്നല്ലാതെ കാടും മലയും പുഴയുമൊന്നും ഞങ്ങളില്‍ നിന്നു പോയില്ല.
ഇത്രയുമൊക്കെ എഴുതിയത്‌ കണ്ണനെ ഓര്‍ത്തിട്ടാണ്‌. അവന്റെ അച്ഛമ്മ ഞങ്ങളുടെ സഹപ്രവര്‍ത്തകയാണ്‌. അവര്‍ കണ്ണനെയും കൊണ്ടാണ്‌ ബാങ്കില്‍ വരുന്നത്‌. അച്ഛനും അമ്മയും അച്ഛമ്മയും ചേര്‍ന്ന്‌ കണ്ണനെ ഒരു വഴിക്കാക്കും. അമ്മയും അച്ഛമ്മയും ഒത്തുപോകില്ല. അമ്മ അമ്മയുടെ വീട്ടില്‍. അച്ഛന്റെ കാര്യം മകനെപ്പോലെ തന്നെ -അമ്മയ്‌ക്കും ഭാര്യക്കുമിടയില്‍ കുടുങ്ങിപോകുന്നു.
'അമ്മവീട്ടിലൂണും അച്ചിവീട്ടിലുറക്കവും 'എന്ന ചൊല്ല്‌ ശരിവെക്കുന്നതാണ്‌ അച്ഛന്റെ നടപ്പ്‌.
കണ്ണനെ അമ്മയുടെ കൂടെ വീടത്തതിനും ന്യായങ്ങളുണ്ട്‌്‌. ഇടയ്‌ക്ക്‌ അമ്മകൊണ്ടുപോയാലും.
അവന്‍ ബാങ്കിലും മുറ്റത്തും അങ്ങോട്ടുമിങ്ങോട്ടും നടന്ന്‌ സമയം നീക്കും.
എന്തൊരു കഷ്‌ടമാണിത്‌. ഒരു പത്തു വയസ്സുകാരനെ ഇങ്ങനെ കെട്ടിയിടുന്നതെന്തിനാണ്‌? അവന്‌ കൂട്ടുകാര്‍ക്കൊപ്പം കളിക്കണമെന്നില്ലേ?..അവധിക്കാലം ആഘോഷമാക്കേണ്ട?...
ഇതൊക്കെ എനിക്കോ, നിഷേച്ചിക്കോ, മുരളിക്കോ തോന്നിയതുകൊണ്ടെന്തുകാര്യം?
ഞങ്ങള്‍ എന്തെങ്കിലും ചോദിക്കുകയോ പറയുകയോ ചെയ്‌താല്‍ ഞങ്ങളുടെ കഴുത്തറക്കാന്‍ വന്നിട്ട്‌ എന്തുകാര്യം?
കുട്ടിക്കാലം നഷ്ടപ്പെടുത്തന്നതിനെ എന്ത്‌ വിളിക്കണം?

Wednesday, April 16, 2008

എന്റെ സ്വപ്‌നങ്ങള്‍

എനിക്കൊരു സ്വപ്‌നമുണ്ട്‌. അല്‌പം കടന്ന കൈയ്യാണോ എന്ന്‌ സംശയവുമുണ്ട്‌.
എന്നാലും ഇവിടെ പങ്കുവെയ്‌ക്കാം എന്ന ധൈര്യത്തില്‍....
വയലും കരയുമായി ചേര്‍ന്ന ഒരുടത്ത്‌ കുറേ സ്ഥലം വേണം. അടുത്ത്‌ പുഴയുണ്ടാവാണം. (കൈത്തോടായാലും മതി.) ഒരുപാടാളുകള്‍ നടന്നു പോകുന്ന വഴിയരുകിലാവണം.

അശ്വത്ഥമേകം പിചുമന്ദമേകം
ന്യഗ്രോധമേകം ദശതിന്ത്രിണിശ്ച
കപിത്ഥവില്വാമലകത്രയശ്ച
പണ്‍ാമ്രനാളീ നരകം ന യാതി

ഒരു ആലും ഒരു വേപ്പും ഒരു പേരാലും പത്തുപുളിയും മൂന്നു വിളാര്‍മരവും മൂന്നു കൂവളവും മൂന്നു നെല്ലിയും അഞ്ചുമാവും, അഞ്ചുതെങ്ങും നട്ടുണ്ടാക്കിയാല്‍ അവനു നരകമില്ലെന്നറിക-നീതിസാരം

നരകത്തെ ഭയന്നിട്ടല്ല. സ്വര്‍ഗ്ഗവേണമെന്ന വാശിയിലുമല്ല. ചുമ്മതൊരു സ്വപ്‌നം.
ഇപ്പറഞ്ഞ മരങ്ങളൊക്കെ വേണം. മാവും പ്ലാവും ചാമ്പയും നെല്ലിയും മുല്ലയും പിച്ചിയും....എല്ലാമെല്ലാമുള്ളൊരു പറമ്പാക്കണം.
ആ പറമ്പില്‍ എനിക്കൊരു പേരുവേണ്ട.
ആര്‍ക്കും എപ്പോഴും കേറിവരാം. വേലിയുണ്ടാവരുത്‌. സ്‌കൂളിലേക്കു പോകുന്ന കുട്ടികള്‍ മാവില്‍ കല്ലെറിയണം. ചാമ്പങ്ങക്ക്‌ വഴക്കിടണം. നെല്ലിക്ക പെറുക്കണം.
ഇഷ്ടമുള്ളവര്‍ ചക്കയും തേങ്ങയും കൊണ്ടുപോകണം.
ഏതു യാത്രക്കാരനും അവളനും രോഗിക്കും വിശ്രമിക്കാന്‍ ഒരു കുടില്‍ വേണം. ആര്‍ക്ക്‌ും വെള്ളമെടുക്കാവുന്നൊരു കിണര്‍ വേണം.
പനിക്കൂര്‍ക്കയും തുളസിയും ആടലോടകവും ഗരുഡക്കൊടിയും വളരണം. കെട്ടഴിഞ്ഞു വരുന്ന ആടും പശുവും വയലിലെ വിളകളൊക്കെ തിന്നണം.

ഉടമസ്ഥാവാകാശം എല്ലാവര്‍ക്കും എല്ലാവര്‍ക്കുമാവണം. നിയന്ത്രണങ്ങളൊന്നുമുണ്ടാവരുത്‌. പേരുകളൊന്നുമുണ്ടാവരുത്‌. അവകാശികളാരും ചോദിച്ചു വരരുത്‌.

ആര്‍ക്കും ഈ സ്വപ്‌നത്തില്‍ പങ്കുചേരാം. എന്നാലും ചോദിക്കുന്നു നടക്കുമോ ഈ സ്വപ്‌നം

Monday, April 7, 2008

പച്ചത്തെറിയുടെ പൂക്കാലം അഥവ ചൊറിച്ചു മല്ലലുകളുടെ കാലം

സ്‌പൂണറിസത്തെക്കുറിച്ച്‌ പഠിച്ചത്‌ പ്രീഡിഗ്രി ഒന്നാം വര്‍ഷമായിരുന്നു. നാവ്‌ അല്‌പം പിഴച്ചുപോകുന്നതായിരുന്നു ഡോ. സ്‌പൂണറെ ചൊറിച്ചു മല്ലലിന്റെ ഗുരുവാക്കിയത്‌. ഒരു വൈദികനായ അദ്ദേഹത്തിന്‌ നമ്മുടെ നാട്ടിലുള്ളത്ര നാവു പിഴച്ചില്ലെന്നു വേണം കരുതാന്‍. ക്ലാസ്‌ എടുത്തുകൊണ്ടിരിക്കുമ്പോള്‍ എന്റെ തൊട്ടുപുറകിലെ ബഞ്ചിലിരുന്ന ആണ്‍കുട്ടികള്‍ ചൊറിച്ചു മല്ലാന്‍ തുടങ്ങി. പച്ച മലയാളത്തില്‍.
കേട്ടാല്‍ ഇതിലെന്തിരിക്കുന്നു എന്നു തോന്നും. പക്ഷേ അക്ഷരങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും മാറ്റിക്കഴിയുമ്പോള്‍്‌ മുട്ടന്‍ തെറികളാവുന്നു അവ.
കണ്ട്‌ ഒരു പഴുതയുണ്ടായിരുന്നു എന്നോ ചൂല്‍ പുല്ല്‌ എന്ന വാക്കിന്‌ എനിക്കൊരിക്കല്‍ നാക്കു പിഴച്ചത്‌ പൂല്‍ ചുല്ല്‌ എന്നായതോ ആയിരുന്നില്ല ആണ്‍കുട്ടികള്‍ക്കിടയില്‍ നിന്ന്‌ കേട്ട ചൊറിച്ചു മല്ലലുകള്‍.
ഇവര്‍ പറയുന്നത്‌ തെറിയാണെന്ന്‌ മനസ്സിലായിരുന്നെങ്കിലും അതെവിടെയെങ്കിലും എഴുതിവെയ്‌ക്കാന്‍ ധൈര്യം പോരായിരുന്നു. ഒന്നാമത്‌ സാര്‍ ക്ലാസ്സെടുത്തു കൊണ്ടിരിക്കുന്നു. തൊട്ടുപുറകില്‍ അവന്മാര്‍ അടുത്ത്‌ സിജി...രക്ഷയൊന്നേയുള്ളു..മനസ്സില്‍ കുറിക്കുക..
അങ്ങനെ മനസ്സില്‍ കുറിച്ചെടുത്തതെല്ലാം വീട്ടിലെത്തിയ ഉടന്‍ ഉപേക്ഷിക്കപ്പെട്ടു കിടന്ന 'വനിത'യുടെ വൈറ്റ്‌ സ്‌പേസുകളിലേക്ക്‌ പകര്‍ത്തി.

ചൊറിച്ചുമല്ലലില്‍ മാറ്റേണ്ട അക്ഷരങ്ങളെ വൃത്തതിലാക്കി എങ്ങോട്ടാണ്‌ മാറ്റേണ്ടതെന്ന്‌ വരച്ചുമിട്ടു..
അമ്പടാ...
കൊച്ചുരാമന്‍ എവിടെനിന്നോ എങ്ങോട്ടോ ചാടിയതും പത്രക്കാരനുമൊക്കെ കണ്ണും ചെവിയും പൊത്തിപ്പിടിച്ചിരിക്കേണ്ട തെറികളായി..
ഇതൊന്നും പോരാഞ്ഞിട്ട്‌ അനിയത്തിമാരെ കാണിച്ചുകൊടുത്തു.
വാക്കുകളിലെ അത്ഭുതം. പച്ചത്തെറികളുടെ പൂക്കാലം...
ഇവന്മാര്‍ക്കിതൊക്കെ എവിടെനിന്നു കിട്ടുന്നു എന്ന ആകാംക്ഷയുമുണ്ടായിരുന്നു.

ഏതായാലും ചൊറിച്ചുമല്ലലും സ്‌പൂണറിസവും മറന്നുപോയ ഒരു ദിവസമാണ്‌ ചെച്ചാ(ഇളയച്ഛന്‍) വെച്ചെഴുതാന്‍ മാസിക ചോദിച്ചത്‌. ഓര്‍ക്കാതെ എടുത്തുകൊടുത്തത്‌ ആ 'വനിത'.
വൈറ്റ്‌ സ്‌പേസുകള്‍ കുത്തി നിറച്ചിരിന്ന തെറികള്‍....
കണ്ടുപിടിച്ചു കഴിഞ്ഞു.
എന്താണ്‌ സംഭവിക്കാന്‍ പോകുന്നതെന്നോര്‍ക്കാന്‍ പോലും വയ്യ. ആ അക്ഷരങ്ങളൊക്കെ വേറെ അക്ഷരങ്ങളാവണേ എന്നു വരെ ആശിച്ചു ഞാന്‍..
നിന്ന നില്‌പില്‍ ഇടിവെട്ടിയിരുന്നെങ്കില്‍ എന്നും ചിന്തിച്ചു...തല ചുറ്റും പോലെ..
പക്ഷേ,
"മൈനയാണോ ഇതെഴുതിയത്‌ വളരെ ശാന്തമായൊരു ചോദ്യം.
ഇതെവിടെന്ന്‌ കിട്ടി?"
ഏതായാലും സമാധാനം..ഡോ. സ്‌പൂണറെയും ആണ്‍കുട്ടികളെയും ഓര്‍മിച്ചു.
"എഴുതി നോക്കുന്നതൊക്കെ കൊള്ളാം..വെട്ടിക്കളഞ്ഞേക്കണം. അല്ലെങ്കി കീറികളഞ്ഞേക്കണം...
എന്റടുത്ത്‌‌ കിട്ടിയത്‌ കിട്ടി. വേറൊരാളുടെ അടുത്താണിത്‌ കിട്ടുന്നതെങ്കില്‍ നിങ്ങളെക്കുറിച്ചെന്തു വിചാരിക്കും?"
ഹോ..രക്ഷപെട്ടു..
ശരിയാണ്‌...എന്നാലും പച്ചത്തെറികളും പതിനാറാം വയസ്സും തമ്മില്‍ എന്തെങ്കിലും ബന്ധങ്ങളുണ്ടാവാം. മൂത്രപ്പുര സാഹിത്യമാത്രമല്ല ഇങ്ങനെയും സാഹിത്യമുണ്ടാവുന്നു എന്നും...

Sunday, April 6, 2008

വനവാസം

അവന്‍ വനവാസത്തിന്‌ ഒരുങ്ങിക്കഴിഞ്ഞു.
പക്ഷേ, എന്തുകൊണ്ടാണവന്‍ അവളോടത്‌ പറയാതിരുന്നത്‌?
കൂട്ടുകാര്‍ പറഞ്ഞു. ഇതു പതിവുള്ളതാണെന്ന്‌....
എന്നാലും...

മിനിഞ്ഞാന്ന്‌ വഴിയരുകിലെ കാപ്പിച്ചുവട്ടില്‍ കാത്തുനിന്നപ്പോള്‍...ഇന്നലെ ഉച്ചക്ക്‌ പുഴക്കരയിലൂടെ നടന്നക്കുമ്പോള്‍ എപ്പോഴെങ്കിലും പറയാമായിരുന്നു.
എന്നാല്‍ ഒന്നും ചോദിക്കുകയോ പറയുകയോ ചെയ്യാതെ പതിവുപോലെ നടന്നു നീങ്ങിയപ്പോള്‍ അവര്‍ക്കിടയില്‍ അവന്റെ ബീഡിപ്പുകമണം മാത്രമായിരുന്നു.

അപ്പോള്‍ പുഴയില്‍ ഒരായിരം സ്വപ്‌നങ്ങള്‍ ഒഴുകിപ്പോകുന്നതവള്‍ കണ്ടു.
ബീഡപ്പുകയ്‌ക്കൊപ്പം അകന്നു പോയ അവനെനോക്കി അവള്‍ പിറുപിറുത്തു
'ഇനി കാണാതിരുന്നെങ്കില്‍....'