Wednesday, November 7, 2007

പതിനെട്ടുകാരന്‍ ഇരുപത്തൊമ്പതുകാരിയെ വിവാഹം ചെയ്‌തു

"....ഇരുപത്തൊമ്പതുകാരിയെ പതിനെട്ടുകാരന്‍ കല്ല്യാണം കഴിച്ചെന്ന്‌. "ഇതുകേട്ട്‌ ഞങ്ങള്‍ മൂവരും വാ പൊളിച്ചിരുന്നു പോയി. വെള്ളരിക്ക പേരച്ചുവട്ടിലെ ഉറുമ്പിന്‍കൂട്ടിലേക്കു വീണു. എഴുപതുകളുടെ മധ്യത്തിലാണത്‌. എഴുപതുകളുടെ തൂടക്കത്തിലായിരുന്നു ഞങ്ങളുടെ നാട്ടില്‍ കുടിയേറ്റം കൂടുതലുണ്ടായത്‌. അക്കാലത്ത്‌ പത്രം പോയിട്ട്‌ ഒരു മംഗളം പോലും കിട്ടുമായിരുന്നോന്ന്‌ സംശയമാണ്‌. നൂറിലൊരാള്‍ക്കെങ്കിലും റേഡിയോ ഉണ്ടായാലായി. അതും കുടിയേറ്റക്കാരില്‍ പ്രതാപികള്‍ക്ക്‌. റേഡിയോയില്‍ ഞായറാഴ്‌ച ഉച്ചയ്‌ക്ക്‌ കേട്ടിരുന്ന കൗതുക വാര്‍ത്തകളില്‍ ഇക്കാര്യമുണ്ടായിരുന്നു എന്നു കേട്ടാല്‍ പിന്നെയും വിശ്വസിക്കാമായിരുന്നു.

പറമ്പിന്റെ തെക്കേയറ്റം എത്തിനിന്നത്‌ കുത്തനെയുള്ള പാറക്കടുത്താണ്‌. പാറയോട്‌ ചേര്‍ന്നുള്ള സ്ഥലത്ത്‌ കൃഷിയില്ല. ആകെ കാടുമൂടി കിടക്കുന്നു. കാട്ടിലേക്ക്‌ ഞങ്ങളാരും കയറിപോകാറില്ല. പാമ്പും തേളും പഴുതാരയും, കുറുക്കനും കീരിയും ഉടുമ്പും സ്വൈര്യമായി വാഴുന്ന കാട്‌. കൊങ്കിണി വളര്‍ന്നു മുറ്റിയ കാട്‌. എന്നാല്‍ കാടു തുടങ്ങുന്നിടത്ത്‌ അനേകം ശിഖരങ്ങളുമായി പേരമരം നിന്നിരുന്നു. അവധി ദിവസങ്ങളില്‍ രാവിലെ തന്നെ ഞങ്ങള്‍ കൂട്ടുകാരോടൊത്ത്‌ പേരമരത്തില്‍ ചേക്കേറി. പേരക്ക ഉണ്ടെങ്കിലും ഇല്ലെങ്കിലും പേര ഞങ്ങളുടെ സാമ്രജ്യമാണ്‌. പേരക്കൊമ്പിലിരുന്നാല്‍ പാറകേറി മലയിലേക്കു പോകുന്നവരെ കാണാം. അക്കരെ റോഡിലൂടെ പോകുന്നവരെ കാണാം. ഞങ്ങള്‍ക്ക്‌ വിശേഷങ്ങള്‍ കൈമാറാം.

റബ്ബര്‍ തൈകള്‍ക്കിട്ട ചാണകത്തില്‍നിന്ന്‌ പൊടിച്ചു പടര്‍ന്ന വെള്ളരിപൂത്തു കായ്‌ച്ചിരുന്നു അപ്പോള്‍. വെള്ളരിക്കകള്‍ പൊട്ടിച്ച്‌ ഞങ്ങള്‍ (രണ്ടനിയത്തിമാരും അയല്‍വീട്ടിലെ കൂട്ടുകാരി ദീപയും) പേരക്കൊമ്പിലിരുന്നു.
അപ്പോഴാണ്‌ ദീപ ഞങ്ങള്‍ക്കു മുന്നിലേക്ക്‌ പഴയൊരു പത്രവാര്‍ത്തയെ കുറിച്ച്‌ പറഞ്ഞത്‌.
"മിനീടെ അച്ഛന്റേം അമ്മേടേം കല്ല്യാണം പത്രത്തിലൊണ്ടാരുന്നു. "
അത്‌ ഞങ്ങള്‍ക്ക്‌ പുതിയൊരറിവായിരുന്നു. അക്കാലത്ത്‌ ഞങ്ങളുടെ നാട്ടിലെ കല്ല്യാണങ്ങളൊന്നും പത്രത്താളുകളില്‍ സ്ഥാനം പിടിച്ചിരുന്നില്ല. നാട്ടില്‍ പത്ര റിപ്പോര്‍ട്ടറോ, ഏജന്റോ ഇല്ലായിരുന്നു. പത്രം വരുത്തുന്ന വീടുകളും കുറവായിരുന്നു. വീട്ടില്‍ പത്രം നല്‌കിയിരുന്ന ആള്‍ അഞ്ചാറു കിലോമീറ്റര്‍ അപ്പുറത്തുള്ള ആളായിരുന്നു. അയാളെ അപൂര്‍വ്വമായാണ്‌ ഞങ്ങള്‍ കണ്ടിരുന്നത്‌. മഴക്കാലത്ത്‌ അക്കരെ ഒരു കടയിലാണ്‌ അയാള്‍ പത്രം ഏല്‍പിക്കുക. വേനലില്‍ ഞങ്ങള്‍ ഉണരും മുമ്പേ അയാള്‍ വന്നു പോയിരുന്നു. അതും അടുത്തകാലത്തായി. അതുകൊണ്ടൊക്കെ ഞങ്ങള്‍ അത്ഭുതപ്പെട്ടു.

"ആരാ ഇതു പറഞ്ഞേ.."ഞങ്ങള്‍ക്ക്‌ സന്ദേഹം. കാരണം അവരുടെ മകള്‍ ജയ ഞങ്ങളേക്കാള്‍ മൂത്തതാണ്‌. ദീപ അറിയണമെങ്കില്‍ അതാരെങ്കിലും പറഞ്ഞതാവണം.

"എന്റമ്മ പറഞ്ഞു. പത്രത്തിലൊണ്ടാരുന്നെന്ന്‌....ഇരുപത്തൊമ്പതുകാരിയെ പതിനെട്ടുകാരന്‍ കല്ല്യാണം കഴിച്ചെന്ന്‌. "
ഇതുകേട്ട്‌ ഞങ്ങള്‍ മൂവരും വാ പൊളിച്ചിരുന്നു പോയി. വെള്ളരിക്ക പേരച്ചുവട്ടിലെ ഉറുമ്പിന്‍കൂട്ടിലേക്കു വീണു.

എഴുപതുകളുടെ മധ്യത്തിലാണത്‌. എഴുപതുകളുടെ തൂടക്കത്തിലായിരുന്നു ഞങ്ങളുടെ നാട്ടില്‍ കുടിയേറ്റം കൂടുതലുണ്ടായത്‌. അക്കാലത്ത്‌ പത്രം പോയിട്ട്‌ ഒരു മംഗളം പോലും കിട്ടുമായിരുന്നോന്ന്‌ സംശയമാണ്‌. നൂറിലൊരാള്‍ക്കെങ്കിലും റേഡിയോ ഉണ്ടായാലായി. അതും കുടിയേറ്റക്കാരില്‍ പ്രതാപികള്‍ക്ക്‌. റേഡിയോയില്‍ ഞായറാഴ്‌ച ഉച്ചയ്‌ക്ക്‌ കേട്ടിരുന്ന കൗതുക വാര്‍ത്തകളില്‍ ഇക്കാര്യമുണ്ടായിരുന്നു എന്നു കേട്ടാല്‍ പിന്നെയും വിശ്വസിക്കാമായിരുന്നു.

വിവാഹകാര്യത്തില്‍പുരുഷനാണ്‌ എപ്പോഴും പ്രായം കൂടുതല്‍...ഇവിടെ നേരെ തിരിഞ്ഞു പോയി.

ഇതുമാത്രമാണോ ഇവിടെ പ്രശ്‌നം. തല പുകഞ്ഞു.
പക്ഷേ, ദീപ പുളുവടിക്കുന്ന സ്വഭാവക്കാരിയല്ല.

ലക്ഷം വീട്ടില്‍ താമസിക്കുന്ന പെണ്ണുങ്ങളില്‍ ഏഷണി, പരദൂഷണം, പൊങ്ങച്ചം, മെക്കിട്ടുകേറ്റം തുടങ്ങിയ സ്വഭാവങ്ങളില്ലാത്ത ആരെങ്കിലുമുണ്ടോ എന്നു ചോദിച്ചാല്‍ അതിനുത്തരം നളിനിയമ്മ എന്നായിരിക്കും.

ഐശ്വര്യമുള്ള മുഖം. മിതഭാഷി. മക്കളെപ്പോലും വഴക്കു പറയുന്ന ശീലമില്ല. ചിരിക്കുമ്പോള്‍ പല്ലുകളില്‍ പുകയിലക്കറ. മംഗളം, മനോരമ, പുകയില കമ്പക്കാരി.

എന്നാല്‍ ഇതിനൊക്കെ എതിര്‍ സ്വഭാവമായിരുന്നു ഗോവിന്ദന്‍കുട്ടിക്ക്‌. എപ്പോഴും ചിരിക്കുന്ന മുഖവും മക്കളെ വഴക്കു പറയാത്ത ശീലവുമൊഴിവാക്കിയാല്‍ അവര്‍ തമ്മില്‍ ഒരു ചേര്‍ച്ചയും തോന്നില്ലായിരുന്നു.

ഗോവിന്ദന്‍കുട്ടിയുടെ തറവാടെന്നു പറയാവുന്ന വീട്‌ മറ്റൊരു ലക്ഷം വീടായിരുന്നു. ആ വീട്ടില്‍ അയാളുടെ അമ്മ കുട്ടയും പനമ്പും മുറവും മെടഞ്ഞ്‌ ഇളയ അനിയനോടൊപ്പം ജീവിച്ചു. അതുകൊണ്ടൊക്കെ അവരുടെ വിവാഹം വലിയൊരു പ്രതാപ കല്ല്യാണമാവാന്‍ വഴിയില്ലെന്ന്‌ ഞാന്‍ വിചാരിച്ചു.

അന്ന്‌ മുഴുവന്‍ ആ കല്ല്യാണത്തെക്കുറിച്ച്‌ പലവിധ ചിന്തകളോടെ കഴിഞ്ഞുപോയി. മുത്തശ്ശിയോട്‌ ചോദിക്കാം. പക്ഷേ എങ്ങനെ പ്രതികരിക്കുമെന്നറിയില്ല.
എന്നാല്‍ കുറച്ചുകൂടി മുതിര്‍ന്നപ്പോള്‍ പലയിടത്തുനിന്നായി ആ കഥകള്‍ ഞങ്ങള്‍ കേട്ടു.

അതിലൊന്ന്‌ മാധവന്‍ നായര്‍ ലക്ഷം വീട്ടില്‍ വെച്ച്‌ ഉറക്കെ പ്രഖ്യാപിച്ച ഒന്നായിരുന്നു.
ലക്ഷം വീട്ടിലെ പല വീടുകളിലുള്ളവര്‍ക്കും കോല്‍ക്കളി വശമായിരുന്നു. അല്ലെങ്കില്‍ മാധവന്‍ നായര്‍ പഠിപ്പിച്ചു കൊടുത്തിരുന്നു. തെളിഞ്ഞ സന്ധ്യകളില്‍ ലക്ഷം വീട്ടിലെ അയ്യപ്പന്റെ മുറ്റത്ത്‌ കോല്‍ക്കളി അരങ്ങേറും.
'തിത്തോം തകതോം തരികിടതോം..
അണ്ടങ്ങാളി പൈതാലാളെ ചുണ്ടങ്ങായും തേടിത്തേടി
കണ്ടയപ്പം പറിച്ചമ്മമടുയില്‍വെച്ചു.
തിത്തോം തകതോം തരികിടതോം.. '

കോല്‍ക്കളി കഴിഞ്ഞ ലഹരിയില്‍നിന്നാണ്‌ മാധവന്‍ നായര്‍ എന്തിനെന്നറിയാതെ
"ഞാനൊറ്റ പെണ്ണിനേ കെട്ടിയൊള്ളു. അതെന്റെ നളിനി. എന്റെ മോന്‍ ഹരി "എന്നു പറഞ്ഞത്‌.
അവിടെ കോല്‍ക്കളി കണ്ടുനിന്നവര്‍ക്കൊക്കെ അതൊരു പുതുകഥയായിരുന്നില്ല. എന്നാല്‍ ഞങ്ങള്‍ കുട്ടികള്‍ക്ക്‌ പുതിയ അറിവായിരുന്നു അത്‌.
മാധവന്‍ നായരുടെ ഭാര്യ ലീലയാണ്‌. മക്കള്‍ രണ്ടാണ്‌. ഹരിയും ബിനുവും.
ലീലചേച്ചിക്ക്‌ നളിനിയെന്നുകൂടി പേരുണ്ടോ
ലക്ഷം വീടുകളില്‍ ആദ്യത്തേതില്‍ താമസിക്കുന്ന നളിനിയമ്മയോണോ നായര്‍ പറഞ്ഞ നളിനി.
ഞങ്ങളുടെ മനസ്സില്‍ പലവിധ ചോദ്യങ്ങളുയര്‍ന്നു.

കൊല്ലത്തുനിന്നു വന്ന ആളാണ്‌ മാധവന്‍ നായര്‍. ഇടുക്കി റോഡു പണിയുടെ കാലത്ത്‌ നേര്യമംഗലത്ത്‌ എത്തിയതാണ്‌. അവിടെനിന്നാണ്‌ നളിനിയെ കല്ല്യാണം കഴിച്ചത്‌. ഇപ്പോള്‍ അയാളുടെ സ്വന്തക്കാരും ബന്ധക്കാരുമൊക്കെ ഈ നാട്ടുകാര്‍ തന്നെ.

കുടിയേറ്റ കാലത്ത്‌ മാധവന്‍ നായര്‍ ഈറ്റവെട്ടുകാരനായിരുന്നു. അരിയും ഉപ്പും കറിവെയ്‌ക്കാനുള്ള സാധനങ്ങളുമായി അയാളും കൂട്ടരും കാടുകേറിയാല്‍ രണ്ടാഴ്‌ച കളിഞ്ഞേ മടക്കമുള്ളു. അങ്ങനെ കാട്ടിലേക്കു പോയിക്കഴിഞ്ഞാല്‍ വീട്ടില്‍ ഭാര്യ നളിനിയും മകന്‍ മൂന്നു വയസ്സുകാരന്‍ ഹരിയും മാത്രം.

രാത്രി കാലങ്ങളില്‍ നായരുടെ അടുക്കള വാതില്‍ നിരങ്ങി നീങ്ങും. അയല്‍ക്കാര്‍ പൂച്ചയാണെന്നു കരുതി. പകലുകളിലും വീട്‌ അടഞ്ഞു കിടന്നു.
മിഥുനത്തില്‍ മഴ ശക്തി പ്രാപിച്ചതുകൊണ്ട്‌ രണ്ടാഴ്‌ച കഴിഞ്ഞ്‌ വരാറുള്ള നായര്‍ അത്തവണ നേരത്തേ വീട്ടിലേക്കു മടങ്ങി.

നായര്‍ വിശാല മനസ്‌ക്കനും സൗമ്യനും ആയതുകൊണ്ട്‌ സംയമനത്തോടെ നളിനിയോട്‌ പറഞ്ഞു.
"നമ്മടെ ജീവിതല്ലേ നളിനീ...പഴേതൊന്നും നമ്മടെ ജീവിതത്തിലൊണ്ടാവില്ല.
ഞാന്‍ നിന്നെ അതും പറഞ്ഞ്‌ ഉപദ്രവിക്കോവില്ല.... "
പക്ഷേ നളിനി ഒന്നും മിണ്ടിയില്ല.
നേര്യമംഗലത്തുനിന്ന്‌ അച്ഛനേം അമ്മയേം വിളിച്ചുകൊണ്ടുവരാന്‍ ആളെ വിട്ടിരുന്നു മാധവന്‍ നായര്‍.

"അച്ഛന്റേം അമ്മേടേംകൂടെപ്പോയി നീ കൊറേ ദെവസം നിക്ക്‌...
ഒക്കെ മറന്നട്ട്‌ വന്നാ മതി.."
നളിനി പൊട്ടിക്കരഞ്ഞു.
"നമ്മക്കൊരു മോനില്ലേടീ....അവനെ നമ്മക്ക്‌ വളത്തേണ്ടേ... "
അയാള്‍ ചോദിച്ചു.
"തിരുത്താമ്പറ്റാത്ത തെറ്റ്‌ സംഭവിച്ചു പോയി...
ഇനി പറ്റൂല്ല... "
അവള്‍ വികസിച്ചു വരുന്ന വയറിനെ തൊട്ട്‌ പറഞ്ഞു.

അച്ഛനും അമ്മയും വരുമ്പോള്‍ കണ്ടത്‌ വീടിനു മുന്നില്‍ ഒരാള്‍കൂട്ടമാണ്‌. മുറ്റത്ത്‌ നടുവില്‍ ഒരു നിലവിളക്കു കത്തിച്ചു വെച്ചിട്ടുണ്ട്‌.
നിലവിളക്കിലേക്ക്‌ പൊടിമഴ വീഴുന്നുണ്ടായിരുന്നു.
പുറത്തുനിന്ന്‌ താഴിട്ടുപൂട്ടിയിരുന്ന അകമുറിയുടെ പൂട്ടു തുറന്നു മാധവന്‍ നായര്‍. അവിടെയുണ്ടായിരുന്ന ഗോവിന്ദന്‍കുട്ടിയുടെ കൈയ്യില്‍ പിടിച്ച്‌ പുറത്തേക്കു കടന്നു. നടുമുറിയുടെ ഭിത്തിയില്‍ ചാരിയിരുന്ന ഭാര്യയുടെ കൈ മറുകൈയ്യിലും പിടിച്ചു.

പുറത്ത്‌ നിറഞ്ഞ ആള്‍ക്കൂട്ടത്തിനിടയില്‍ സംഗതികളൊന്നുമറിയാതെ ഗോവിന്ദന്‍ കുട്ടിയുടേയും നളിനിയമ്മയുടേയും വീട്ടുകാര്‍ നിന്നു.

അവരുടെ മുമ്പില്‍ വെച്ച്‌ , കത്തുന്ന വിളക്കിനെയും പെയ്യുന്ന മഴയേയും സാക്ഷി നിര്‍ത്തി മാധവന്‍ നായര്‍ അന്നു വരെ തന്റെ ഭാര്യയായിരുന്നവളെ ഗോവിന്ദന്‍കുട്ടിയുടെ കൈയ്യിലേല്‌പ്പിച്ചു.

7 comments:

Myna said...

....ഇരുപത്തൊമ്പതുകാരിയെ പതിനെട്ടുകാരന്‍ കല്ല്യാണം കഴിച്ചെന്ന്‌. "
ഇതുകേട്ട്‌ ഞങ്ങള്‍ മൂവരും വാ പൊളിച്ചിരുന്നു പോയി. വെള്ളരിക്ക പേരച്ചുവട്ടിലെ ഉറുമ്പിന്‍കൂട്ടിലേക്കു വീണു.

എഴുപതുകളുടെ മധ്യത്തിലാണത്‌. എഴുപതുകളുടെ തൂടക്കത്തിലായിരുന്നു ഞങ്ങളുടെ നാട്ടില്‍ കുടിയേറ്റം കൂടുതലുണ്ടായത്‌. അക്കാലത്ത്‌ പത്രം പോയിട്ട്‌ ഒരു മംഗളം പോലും കിട്ടുമായിരുന്നോന്ന്‌ സംശയമാണ്‌. നൂറിലൊരാള്‍ക്കെങ്കിലും റേഡിയോ ഉണ്ടായാലായി. അതും കുടിയേറ്റക്കാരില്‍ പ്രതാപികള്‍ക്ക്‌. റേഡിയോയില്‍ ഞായറാഴ്‌ച ഉച്ചയ്‌ക്ക്‌ കേട്ടിരുന്ന കൗതുക വാര്‍ത്തകളില്‍ ഇക്കാര്യമുണ്ടായിരുന്നു എന്നു കേട്ടാല്‍ പിന്നെയും വിശ്വസിക്കാമായിരുന്നു.

കണ്ണൂരാന്‍ - KANNURAN said...

"നമ്മടെ ജീവിതല്ലേ നളിനീ...പഴേതൊന്നും നമ്മടെ ജീവിതത്തിലൊണ്ടാവില്ല.
ഞാന്‍ നിന്നെ അതും പറഞ്ഞ്‌ ഉപദ്രവിക്കോവില്ല.... "

മാധവന്‍ നായരുടെ വാക്കുകള്‍ മനസ്സിനെ പൊള്ളിച്ചു. നന്നായെഴുതിയിരിക്കുന്നു പച്ചമനുഷ്യരുടെ ജീവിതം...

ദിലീപ് വിശ്വനാഥ് said...

ഇതു കഥയാണോ? ഒരു ഓര്‍മ്മക്കുറിപ്പ്‌ പോലെ തോന്നി.
നന്നായി എഴുതിയിട്ടുണ്ട്.

സഹയാത്രികന്‍ said...

കണ്ണൂരാന്‍ മാഷ് പറഞ്ഞതന്നെ എന്റേം അഭിപ്രായം...
നന്നായി എഴുതി
:)

ഹരിയണ്ണന്‍@Hariyannan said...

കഥ പറഞ്ഞ ശൈലി..
സത്യവും കഥയും ഇഴചേര്‍ന്ന വായനാസുഖം...
ഒടുവില്‍ ഇതിലെ കഥാപാത്രങ്ങളുടെ വേദനകള്‍ മനസ്സിലേക്ക് കുടിയേറ്റം നടത്തുന്നു..

ഇനിയും ഈ വഴിവരാന്‍ തോന്നിപ്പിച്ചു!!

ആഷ | Asha said...

പാവം മാധവന്‍ നായര്‍

Sunil G Nampoothiri said...

ഹൃദയസ്പര്‍ശിയായ കഥ..