Thursday, July 2, 2009

കാടിന്റെ നാനാര്‍ത്ഥങ്ങള്‍

എന്റെ പുസ്‌തകം-'ആരണ്യക്‌'

പശ്ചിമബംഗാള്‍ ബീഹാര്‍ അതിര്‍ത്തി പ്രദേശത്ത്‌ ജോലി ചെയ്‌തിരുന്ന ബന്ധുവിനെ കണ്ടപ്പോള്‍ ഞാനാദ്യം ചോദിച്ചത്‌ 'ലബ്‌ടുലിയാ' അറിയാമോ എന്നായിരുന്നു. അഞ്‌ജാതമായ ആ പേരുകേട്ടപ്പോള്‍ അവന്‍ മിഴിച്ചിരുന്നു.

മണ്ടത്തരമാണ്‌ ചോദിക്കുന്നതെന്നറിയാമായിരുന്നിട്ടും എനിക്ക്‌ ആകാക്ഷ അടക്കാനായില്ല. ലബ്‌ടുലിയാ വികസിച്ച്‌ ഒരു പട്ടണമൊന്നുമായിക്കാണില്ലെന്നും അതുകൊണ്ടാവാം എന്റെ ചോദ്യമവന്‌ മനസ്സിലാകാഞ്ഞതെന്നും വിചാരിച്ചു.

'പൂര്‍ണ്ണിയാ അറിയാമോ?'
'മുങ്ങേരീന്ന്‌ കേട്ടിട്ടുണ്ടോ? '
അവന്‍ ആ അതിര്‍ത്തി പ്രദേശത്തെ പട്ടാളക്യാമ്പിലെത്തിയിട്ട്‌ അധികമായിട്ടില്ല. പുറം ലോകവുമായി കാര്യമായ ബന്ധമുണ്ടാവാന്‍ ഇടയില്ലെന്നറിയാമായിരുന്നിട്ടും ഞാന്‍ പിന്നെയും ചോദിച്ചുകൊണ്ടിരുന്നു.
'മോഹനപുര റിസര്‍വ്വ്‌ ഫോറസ്‌റ്റ്‌ അറിയാമോ? '

അതും അവന്‌ അറിയില്ലായിരുന്നു. ഇത്രയും കൃത്യമായി സ്ഥലനാമങ്ങള്‍ പറഞ്ഞതുകൊണ്ടാവണം അല്ലെങ്കില്‍ ചോദ്യങ്ങള്‍ക്ക്‌ അവസാനമുണ്ടാവട്ടെ എന്നു കരുതിയാവണം തിരിച്ചു ചോദിച്ചത്‌.
'നിങ്ങളവിടെ പോയിട്ടുണ്ടുണ്ടോ?'

പോയിട്ടുണ്ട്‌. ഒറ്റക്കായിരുന്നു ആ യാത്ര. നാഢാലബ്‌ടുലിയായിലെ വനഭൂമിയിലേക്ക്‌. പെട്ടെന്ന്‌ പോയി വരാവുന്ന യാത്രയായിരുന്നില്ലത്‌.

ആ കാട്ടിലൂടെ ഞാന്‍ അലഞ്ഞു നടന്നു. കാട്ടുപൂക്കളുടെ സൗരഭ്യം നുകര്‍ന്ന്‌, കിളിമൊഴികള്‍ക്ക്‌ കാതോര്‍ത്ത്‌, മരങ്ങളുടെ നിഴലുകള്‍ക്കിടയിലൂടെ, നിലാവുപെയ്യുന്ന വനരാത്രികളില്‍....കരോ, മിച്ഛി നദീതീരത്തുകൂടി ഞാനെത്രവട്ടം നടന്നിരിക്കുന്നു.

വിഷചികിത്സ ചെയ്‌തിരുന്ന കാലത്ത്‌ കാട്ടില്‍ നിന്ന്‌ വിഷംതീണ്ടി വന്നവര്‍ ഒരുപാടുകഥകള്‍ പറയുമായിരുന്നു. അവരില്‍ ചിലര്‍ കാട്ടുപടവലം തേടിപ്പോയവരും ഈറ്റവെട്ടാന്‍ പോയവരുമായിരുന്നു. ഉറങ്ങാതിരുന്ന ആ രാത്രികളില്‍ കാടിനെക്കുറിച്ച്‌ കേട്ടതെല്ലാം പേടിപ്പെടുത്തുന്നതായിരുന്നു. ഉഗ്രസര്‍പ്പങ്ങളെക്കുറിച്ചും ക്രൂര മൃഗങ്ങളെക്കുറിച്ചും കല്ലും മുള്ളും നിറഞ്ഞ വഴികളെക്കുറിച്ചുമായിരുന്നു അവര്‍പറഞ്ഞതൊക്കെയും. പ്രകൃതിയുടെ സൗന്ദര്യം, മഹത്വം, അലങ്കാരങ്ങളെല്ലാം അവര്‍ക്കന്യമായിരുന്നു. തന്റെ കാല്‍ക്കീഴിലേക്കുകൊണ്ടുവരാന്‍ ശ്രമിക്കുന്ന ഒന്നായിരുന്നു അവര്‍ക്കു പ്രകൃതി.

പിന്നീട്‌, എത്രയോ കഴിഞ്ഞാണ്‌ എന്റെ പരിമിതമായി വായനയിലേക്ക്‌ വിഭൂതിഭൂഷണ്‍ വന്ദ്യോപാദ്ധ്യയുടെ 'ആരണ്യക്‌' എന്ന നോവല്‍ കടന്നുവന്നത്‌. പ്രകൃതിയെ ഇത്രത്തോളം അടുത്തറിഞ്ഞു വായിച്ച ഒരു കൃതിയുമുണ്ടായിട്ടില്ല. അതുകൊണ്ടാവാം പ്രിയ പുസ്‌തകങ്ങളില്‍ ഹൃദയത്തോട്‌ ചേര്‍ന്നുനില്‌ക്കുന്നത്‌ 'ആരണ്യക' ആയത്‌.

കാടിനെ അടുത്തറിയാന്‍ ശ്രമിച്ചിട്ടുണ്ട്‌. വനവും പാറയും തോടുമൊക്കെ ചേര്‍ന്നൊരു ഗ്രാമത്തില്‍ വളര്‍ന്നതുകൊണ്ട്‌ കാട്‌ ജീവിതത്തിന്റെ ഭാഗമായിരുന്നു. പക്ഷേ, കാടിന്റെ സൗന്ദര്യത്തെ അറിയാന്‍ ശ്രമിച്ചിരുന്നോ എന്നു സംശയമാണ്‌.
റിസര്‍വ്വ്‌ ഫോറസ്‌റ്റിന്റെ ഭാഗമാണെങ്കിലും വിലപിടിപ്പുള്ള മരങ്ങള്‍ വിരലിലെണ്ണാവുന്ന തരത്തിലായിട്ടുണ്ട്‌. എങ്കിലും വനത്തിന്റെ ഇരുളിമ കാണുമ്പോള്‍ ,പച്ചപ്പുകാണുമ്പോള്‍ എന്തൊരാനന്ദമാണ്‌.

ഇന്ന്‌ നഗരത്തിരക്കിനിടയില്‍ ജീവിക്കുമ്പോള്‍, ഈ പുസ്‌തകം കൈയ്യിലെടുക്കുമ്പോള്‍, മുഖത്തോടു ചേര്‍ത്തു വെച്ച്‌ ശ്വസിക്കുമ്പോള്‍ ഞാന്‍ കാടിനെ അറിയുന്നു. പ്രകൃതിയെ അറിയുന്നു. ജൈവ സമ്പന്നതയെ അറിയുന്നു. തൊട്ടടുത്ത കാട്ടുവഴികളിലൂടെ നടക്കുന്നതുപോലെ തോന്നി പോകുന്നു.

സംഭവബഹുലമായ കഥയൊന്നുമല്ല ഇതിലുള്ളത്‌. പ്രത്യേകിച്ച്‌ തൊഴിലൊന്നുമില്ലാതെ കല്‍ക്കത്തയില്‍ അലഞ്ഞുതിരിഞ്ഞു നടന്ന നാഗരികനായി ബംഗാളിയുവാവിന്‌ സ്‌നേഹിതന്റെ വക വനഭൂമിയുടെ മാനേജരായി പോകേണ്ടി വന്നതിന്റെ അനുഭവമാണ്‌ ആരണ്യക്‌. കൃഷിക്കും കാലിമേച്ചിലിനുമായി വനം വെട്ടിത്തെളിച്ച്‌ കുടിയാന്മാര്‍ക്കു കൊടുക്കേണ്ട ചുമതലയാണ്‌ കഥാനായകന്‌. പക്ഷേ, ചെന്നത്തിയിടത്ത്‌ അറിയാത്ത ഭാഷ, പ്രാകൃതരായ മനുഷ്യര്‍..കനത്ത ഏകാന്തത....ഇവിടെ കിടന്ന്‌ ശ്വാസംമുട്ടി മരിക്കുന്നതിലും ഭേദം കല്‍ക്കത്തയില്‍ അരവയറായി കഴിയുകയായിരുന്നു എന്നു തോന്നുന്നുണ്ട്‌ അയാള്‍ക്ക്‌.

എന്നാല്‍ ആ വനഭൂമിയുടെ സൗന്ദര്യം അയാളെ കീഴടക്കുകയാണ്‌. ഒപ്പം ദരിദ്രരും നിഷ്‌ക്കളങ്കരുമായ കുറേ മനുഷ്യരും.
വിജനവും വിശാലവും ആയ ലബ്‌ടുലിയാബയിഹാരിലെ ഒച്ചയുമനക്കവുമില്ലാത്ത സന്ധ്യകളില്‍ ഒറ്റക്കു യാത്ര ചെയ്യുമ്പോള്‍ പ്രകൃതിയുടെ സൗന്ദര്യം അയാളുടെ മനസ്സിനെ ഗൂഢാനുഭൂതികള്‍കൊണ്ട്‌‌ നിറക്കുന്നു. ചിലപ്പോഴത്‌ ഭയവും മറ്റുചിലപ്പോള്‍ മധുമയമായ സ്വപ്‌നമായിട്ടും നിശബ്ദസംഗീതമൊക്കെയായിട്ടാണ്‌ ആസ്വദിക്കുന്നത്‌. അപ്പോഴൊക്കെ അയോളോര്‍ക്കുന്നത്‌ വീടുംകെട്ടി കുടുംബജീവിതം നയിക്കേണ്ടവര്‍ ഈ രൂപം കാണാതിരിക്കുകയാണ്‌ നല്ലതെന്നാണ്‌. പ്രകൃതിയുടെ മോഹിനീരൂപത്തിന്റെ വശ്യത മനുഷ്യനെ ഗൃഹത്യാഗിയാക്കും, സംസാരിയായി ജീവിക്കാന്‍ അനുവദിക്കില്ലെന്നാണ്‌.

‌ തന്റെ കൈകൊണ്ട് വനഭൂമി മുഴുവന്‍ വെട്ടിത്തെളിച്ച്‌ മേച്ചില്‍പുറങ്ങളും കൃഷിഭൂമിയുമാകുന്നതില്‍ ഉത്തരവാദിയാകുന്നതിലെ സങ്കടം ആരണ്യകില്‍ ഉടനീളമുണ്ട്‌. അതോടൊപ്പം പ്രകൃതിയോടുള്ള അഗാധ പ്രണയവും.

രാജ്യം നഷ്ടപ്പെട്ടുപോയ ആദിഗോത്ര രാജാവ്‌ ദോബരുപാന്നാ, അയാളുടെ കൊച്ചുമകള്‍ ഭാനുമതി. കഥാനായകന്‌ അവളെക്കുറിച്ചോര്‍ക്കുമ്പോഴെല്ലാം ഹൃദയം നൊന്തുപോകുന്ന നിഗൂഢപ്രേമമാണ്‌. ഒരു കുടിപള്ളിക്കൂടം തുടങ്ങാന്‍ ആഗ്രഹിച്ച്‌ ഗ്രാമങ്ങള്‍ തോറും നടക്കുന്ന ഗനോരി തേവാരി, പലിശയില്ലാതെ, രേഖയോ ഈടോ ഇല്ലാതെ ആര്‍ക്കും പണം കടംകൊടുക്കുന്ന ധാവതാല്‍ സാഹു, നഗരം കാണണമെന്നാഗ്രഹിച്ചു നടക്കുന്ന വാതോരാതെ സംസാരിച്ചു കൊണ്ടിരിക്കുന്ന നക്‌ച്ഛേദിയുടെ രണ്ടാം ഭാര്യ
മഞ്ചി, നൃത്തോപാസകനായ ധാതുരിയാ ബാലന്‍, അതിദരിദ്രയും എന്നാല്‍ ധൈര്യവും സേവനമനോഭാവവും കാണിക്കുന്ന
വിധവയായ കുന്താ അങ്ങനെ മനസ്സില്‍ നിന്നും ഒരിക്കലും മാഞ്ഞുപോകാത്ത എത്രയെത്ര കഥാപാത്രങ്ങളാണ്‌.

വളരെ ദൂരെ സ്‌ഥലങ്ങളില്‍ നിന്നും കാട്ടില്‍ നിന്നും വിത്തും ചെടികളും ശേഖരിച്ച്‌ വനഭൂവിന്റെ സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ സ്വന്തം പൈസയും സമയവും ചെലവാക്കാനിറങ്ങിത്തിരിച്ച യുഗളപ്രസാദനെ ഇന്നൊരിടത്തും കണ്ടെന്നുവരില്ല. ഏതെങ്കിലും തരത്തിലുള്ള പൂക്കളില്ലാത്തിടത്തെല്ലാം ആ പൂച്ചെടികളും മരങ്ങളും ഇലകളും നിറക്കുകയാണ്‌ ഒരു ലാഭവുമില്ലാതെ ആ മനുഷ്യന്‍! സരസ്വതീ തടാകതീരത്തെ വള്ളികളും പടര്‍പ്പുകളും പൂക്കളും ചെടികളുമെല്ലാം യുഗളപ്രസാദന്‍ നട്ടതാണ്‌.

ലബ്‌ടുലിയായിലെയും നാഢാബയിഹാരത്തെയും സുന്ദരമായ വനം ഇപ്പോഴില്ല. അവിടെയെല്ലാം കുടിലുകള്‍ വന്നു. മേച്ചില്‍ പുറങ്ങളായി. കൃഷിഭൂമിയായി. വനവും ചെടികളും നശിച്ചു.
നാഗരികര്‍ പ്രകൃതിയെ എങ്ങനെ കാണുന്നു എന്നതിന്‌ ഉദാഹരണമാണ്‌ സരസ്വതീ തീരത്തെത്തുന്ന ഡെപ്യൂട്ടി മജിസ്‌ട്രേറ്റും കുടുംബവും. ലബ്‌ടുലിയ ഹയിഹാരിയെ തുറന്ന മൈതാനം, മഹാവനം, വിദൂരതയിലെ പര്‍വ്വതനിരയുടെ സൗന്ദര്യം, അസ്‌തമയസൂര്യന്റെ നിറപ്പകിട്ട്‌‌ , പക്ഷികളുടെ കളകൂജനം, പത്തുകൈ നീളം അകലെയായി ഇലപ്പടര്‍പ്പുകളുടെ മുകളില്‍ വസന്തകാലത്ത്‌‌ വിരിഞ്ഞു പൊന്തിനില്‌ക്കുന്ന പലജാതിപൂക്കളുടെ അഴക്‌, ഇതൊന്നും അവരുടെ ദൃഷ്ടിയില്ല. ശബ്ദകോലാഹലമുണ്ടാക്കുന്നു, പാട്ടുപാടുന്നു, ഓടിനടക്കുന്നു,ശാപ്പാടിനുള്ള വട്ടങ്ങള്‍ ഒരുക്കുന്നു.....'സരസ്വതീ തീരം കൊടുക്കരുതേ അങ്ങുന്നേ! വളരെ പ്രയാസപ്പെട്ടാണേ അവിടെ ചെടികള്‍ കൊണ്ടുവന്ന്‌ ഞാന്‍ നട്ടു പിടിപ്പിച്ചത'- എന്ന യുഗളപ്രസാദന്റെ
വാക്കാണ്‌ ആരണ്യകില്‍ എന്നെ ഏറെ വേദനിപ്പിച്ചത്‌‌.

ലബ്‌ടുലിയാ നാഢാബയിഹാര്‍ എന്നിവിടങ്ങളില്‍ നിന്ന്‌ കൂടും വീടും ഉപേക്ഷിച്ചു പറന്നുപോയ പക്ഷിക്കൂട്ടങ്ങളില്‍ ചിലത്‌ സരസ്വതീതീരത്തും മറ്റുചിലത്‌ മോഹനപുര റിസര്‍വ്വ ഫോറസ്‌റ്റിലുമാണ്‌ അഭയം തേടിയിരിക്കുന്നത്‌...പക്ഷേ, സരസ്വതിതീരത്തിനും വലിയ ആയുസ്സില്ല.
അതുകൊണ്ടാവണം മഹാലിഖാരൂപപര്‍വ്വതത്തില്‍ നില്‌ക്കുമ്പോള്‍ അയാള്‍ യുഗളനോട്‌ പറഞ്ഞത്‌
'ഈ കാട്ടില്‍ കുറച്ചു പുതിയതരം ചെടികള്‍ കൊണ്ടുനടണം..ഈ മലയിലെ കാട്‌ ഒരിക്കലും ആരും വെട്ടിക്കളയുകയില്ല. ലബ്‌ടുലിയായോ പോയി. സരസ്വതിയുടെ കാര്യവും അങ്ങ്‌ വിട്ടേക്കുക' എന്ന്‌‌.


നാഗരികരായവര്‍ക്കും തികച്ചും അജ്ഞാതമായൊരിടമാണ്‌ ആരണ്യക്‌ തരുന്നത്‌. ഒരു മഹാവനത്തിന്റെ നിഗൂഢതയിലേക്കിറങ്ങിചെന്ന വിസ്‌മയം തീര്‍ക്കുന്നു. അത്ര പെട്ടന്നൊന്നും ആ കാട്ടിനുള്ളില്‍ നിന്നും പുറത്തു കടക്കാനാവുകയുമില്ല. പക്ഷേ, ഒപ്പം നശിപ്പിക്കപ്പെട്ടതിന്റെ സങ്കടത്തില്‍ വേദനിപ്പിച്ച്‌‌ വല്ലാത്ത അവസ്ഥയിലെത്തിക്കുന്നു.
ഒരു വനഭൂമി മുഴുവന്‍ വെട്ടിത്തെളിച്ച്‌‌ വലിയൊരു ജനപദം സൃഷ്ടിച്ചത്‌‌ ആറേഴുവര്‍ഷങ്ങള്‍ക്കുള്ളിലാണ്‌. മടങ്ങിപ്പോകുമ്പോള്‍ അയാള്‍ മഹാലിഖാരൂപപര്‍വ്വതത്തേയും മോഹനപുരാമഹാവനത്തേയും ലക്ഷ്യമാക്കി ദൂരെ നിന്ന്‌ നമസ്‌ക്കരിച്ചു.
ഹേ!ആരണ്യാനിയുടെ വനദേവതമാരേ! എനിക്കു മാപ്പരുളേണമേ!

അയാള്‍ക്കൊപ്പം നമ്മളും പ്രാര്‍ത്ഥിച്ചുപോകുന്നു.

എനിക്കു മാപ്പരുളേണമേ!


എന്റെ പുസ്‌തകം- മാതൃഭൂമി ആഴ്‌ചപ്പതിപ്പ്‌