Monday, January 19, 2009

ഒരു കോപ്പിയടി യാത്ര


വയനാട്‌-കര്‍ണ്ണാടക അതിര്‍ത്തി ഗ്രാമമായ തോല്‍പ്പെട്ടിയിലാണ്‌ ഇളയമ്മ താമസം. ഇളയമ്മയുടെ മകന്റെ വിവാഹത്തിനാണ്‌. മകന്‌ പെണ്ണുകണ്ടെത്തിയത്‌ കര്‍ണ്ണാടകയിലെ ഹുന്‍സൂറില്‍ നിന്ന്‌. മൂന്നുദിവസം അവധിയെടുത്ത്‌ പുറപ്പെടുമ്പഴേ ഹുന്‍സൂറു പോകണമെന്ന്‌ തീരുമാനിച്ചിരുന്നു. കല്ല്യാണവണ്ടിയില്‍ ഇടിച്ചുകേറേണ്ടിവരും. എന്നാലും സാരമില്ല. പുതിയ കാഴ്‌ചകള്‍ കാണുകമാത്രമായിരുന്നു ലക്ഷ്യം.

ഏതായാലും അഞ്ചോ ആറോ ജീപ്പുകളുണ്ടായിരുന്നതിലൊന്നില്‍ ഞങ്ങള്‍ കുറേ പെണ്ണുങ്ങള്‍ ഇടിച്ചുകയറിയിരുന്നു. കേരളാ അതിര്‍ത്തികടന്ന്‌ കുട്ട കഴിഞ്ഞ്‌.....നാഗര്‍ഹോള രാജീവ്‌ ഗാന്ധി ദേശീയ ഉദ്യാനത്തില്‍ പ്രവേശിച്ചു. ഇരുവശവും വനം. ഇടക്ക്‌ മാന്‍കൂട്ടം. ചിലപ്പോള്‍ ഒറ്റക്ക്‌. വഴിയരുകില്‍ കറുത്തൊരു പാറ കണ്ടപ്പോള്‍ ആന, ആന എന്ന്‌ കൂടെയുണ്ടായിരുന്നു കൊച്ചുപിള്ളേര്‍ ഒച്ചവെച്ചു.


ആറുമണിക്കുശേഷം ഇതിലെ കടത്തിവിടില്ലത്രേ! ഹുന്‍സൂറിലെത്താന്‍ നാഗര്‍ഹോളവഴിയാണ്‌ എളുപ്പവും. മുര്‍കില്‍ ആന പരിശീലനകേന്ദ്രത്തിനടുത്തുകൂടി കടന്നു പോകുമ്പോള്‍ അഞ്ചാറനകളെ നിരത്തി തളച്ചിട്ടിരിക്കുന്നതു കണ്ടു.

തോല്‍പ്പെട്ടിയില്‍ നിന്നും ഏതാണ്ട്‌ 60-65 കിലോമീറ്റര്‍ വരും ഹുന്‍സൂറിലേക്ക്‌. ഈ ദൂരമത്രയും വനമാണെന്ന്‌ പറയാം. ഇടക്ക്‌ ഒറ്റപ്പെട്ട കൊച്ചുഗ്രാമങ്ങളൊഴിച്ചാല്‍. കൊച്ചുകൊച്ചു കുടിലുകള്‍. ഒറ്റമുറി ഓടുവീടുകള്‍...ഒന്നുരണ്ടു ഉണങ്ങിയ കൈത്തോടുകളല്ലാതെ പുഴയോ തോടോ ഒന്നുമില്ല. വിജനം.

ഹുന്‍സൂറ്‌ അടുക്കാറായപ്പോഴാണ്‌ കിളച്ചുമറിച്ച വയലുകള്‍ കാണാനായത്‌. ഇഞ്ചികൃഷിക്കാണത്രേ! പാട്ടത്തിനെടുത്ത്‌ കൃഷി നടത്തും. വയനാട്ടില്‍ നിന്ന്‌ പണിക്കു കൊണ്ടുവരുന്ന സ്‌ത്രീകളെക്കുറിച്ച്‌ പിന്നീടൊരു വിവരവും കിട്ടാറില്ല. ലൈംഗീക പീഡനമാണ്‌ കാരണമായി പറയാറ്‌. പക്ഷേ സ്ഥലം കണ്ടാല്‍ വെള്ളം കുടിക്കാന്‍ കിട്ടാതെ ദാഹിച്ചു.....ദാഹിച്ച്‌....
അങ്ങനെയാണ്‌ വരണ്ട പാടങ്ങള്‍ കണ്ടാല്‍ തോന്നുക. ചോളം, കടുക്‌, നിലക്കടല, പച്ചമുളകു തോട്ടങ്ങള്‍ കടന്ന്‌ ഹുന്‍സൂറിലെത്തി.
ഒരു മുഴം മുല്ലപ്പൂവിന്‌ കോഴിക്കോട്‌ 8-10 രൂപയാണ്‌ വിലയെങ്കില്‍ അവിടെ 30 രൂപ. ഓറഞ്ചിന്‌ അറുപതും എഴുപതും. മലയാളികളാണ്‌. കന്നട അറിയില്ല എന്നോര്‍ത്താണോ എന്തോ ഈ വിലപറിച്ചില്‍.

ബദാംപാലും ഒരു പൊതിയും തന്ന്‌ ഞങ്ങളെ സ്വീകരിച്ചു പെണ്‍വീട്ടുകാര്‍. ( അവര്‍ മലയാളികളാണ്‌). പൊതിതുറന്നപ്പോള്‍ മൈസൂര്‍പാക്കും ജിലേബിയും.ചുവന്ന ബിരിയാണി ആദ്യമായിട്ട്‌ കാണുകയായിരുന്നു. അതുപോലെ ബദാംപാലും. ബിരിയാണി അരികണ്ടാല്‍ മട്ട അരി പോലുണ്ട്‌. ബിരിയാണി വേണ്ടാത്തവര്‍ക്ക്‌ വെള്ളച്ചോറുണ്ട്‌. അത്‌ വെച്ചു കോരിയതോ വാര്‍ത്തെടുത്തതോ അല്ല. വറ്റിച്ചെടുത്തത്‌. സാമ്പാര്‍ കണ്ട്‌ ഞെട്ടി. പരിപ്പുണ്ട്‌. പിന്നെക്കുറെ ഇലകള്‍. പായസം പോലൊരു സാധനം കിട്ടി. കണ്ടപ്പോള്‍ മത്തങ്ങയും പയറും എരിശ്ശേരിയാണെന്നാണ്‌ വിചാരിച്ചത്‌. തൊട്ട്‌ നാക്കില്‍ വെച്ചവര്‍ പായസം എന്ന പേരു കൊടുത്തു. നെയ്‌ കുത്തുന്നു. ഒപ്പം മധുരവും. മില്‍ക്‌ പേഡയുടെ രുചി.

ബന്‌ധുക്കളില്‍ ആരോ തോല്‍പ്പെട്ടിക്ക്‌ വിളിച്ചു പറഞ്ഞു. "നൂറാള്‍ക്ക്‌ ചോറു കരുതിക്കോ..."

പെണ്ണിന്റെ കരച്ചിലിനും പിഴിച്ചിലിനുമിടയിലൂടെ ഞങ്ങള്‍ വണ്ടിയില്‍ കയറി.ഡ്രൈവര്‍ പയ്യന്‍ ജിപ്പ്‌ സ്റ്റാര്‍ട്ട്‌ ചെയ്‌തു. നല്ല വെയില്‍. ഇങ്ങോട്ടുവന്ന ഉത്സാഹമൊന്നും ആര്‍ക്കുമില്ല. ആഹാരത്തെക്കുറിച്ച്‌ കുറ്റം പറഞ്ഞ്‌ ഉറക്കത്തിലേക്ക്‌ വഴുതാന്‍ തുടങ്ങുകയാണ്‌ എല്ലാരും.
"ഇവിടെത്തെ രീതി ഇതാണ്‌. നമ്മുടെ അടുത്ത്‌ ഇവര്‍ വരുമ്പോള്‍ ബിരിയാണി എന്താ വെളുത്തിരിക്കുന്നതെന്ന്‌ ചോദിച്ചേക്കാം". സമാധാനിക്കാന്‍ ഞാന്‍ പറഞ്ഞു.
ഇത്രയൊക്കെ ആയപ്പോഴാണ്‌ സുന്ദരമായ കാഴ്‌ചകളിലേക്കെത്തിയത്‌. കണ്ണെത്താദൂരത്തോളം പാടം. മിക്കതും കൃഷിയൊന്നുമില്ലാതെ ഒഴിഞ്ഞു കിടക്കുന്നു.
ചിലയിടത്ത്‌ ചോളപ്പാടം. അതിന്‌ നനക്കുന്നുണ്ട്‌. കടുകും കാബേജും നിലക്കടയുമുണ്ട്‌. കുറെക്കൂടി പോയപ്പോള്‍ ഇടക്കൊക്കെ തെങ്ങുകള്‍. അപ്പോള്‍ ഒരു സംശയം. വരുമ്പോള്‍ കാടായിരുന്നല്ലോ..ഇതിപ്പോള്‍? റോഡിന്‌ മാറ്റമൊന്നുമില്ല. വീണ്ടും വരണ്ടപാടങ്ങള്‍. കാടായിരുന്നു വരുമ്പോള്‍. ഇരുവശവും കാട്‌. കണ്ണെത്താദൂരം എന്ന അവസ്ഥ കണ്ടിട്ടില്ല. ഇങ്ങോട്ടു പോരുമ്പോള്‍ ഉറങ്ങിയിരുന്നോ? ഇല്ല. ഉറങ്ങിയില്ലെന്നു തന്നെയാണ്‌ ഓര്‍മ. പുറകോട്ട്‌ നോക്കി. കൂട്ടത്തിലെ വണ്ടികളൊന്നുമില്ല. മുന്നിലും ഒന്നും കണ്ടില്ല.

വഴിയിലൊരാളെ കണ്ടതെ പയ്യന്‍ വണ്ടി നിര്‍ത്തി ചോദിച്ചു.
"നാഗരഹോള വളി ഇല്ലി?"
അയാള്‍ നേരെ എന്ന്‌ ആഗ്യം കാട്ടി.
നേരേ കുറേ ദൂരം പോയപ്പോള്‍ പയ്യന്‌‌ തോന്നി ഇതല്ല വഴിയെന്ന്‌.
ഞങ്ങള്‍ കുറേ പെണ്ണുങ്ങള്‍. കൈയ്യില്‍ ഫോണുണ്ട്‌. കാര്യമില്ല. റേഞ്ചില്ല. എവിടെയെങ്കിലും ചെന്ന്‌ ബുത്തില്‍ നിന്ന്‌ കൂടെയുള്ളവര്‍ക്ക്‌ വിളിക്കാമെന്നു വെച്ചാല്‍ ആര്‍ക്ക്‌? ഒരിടത്തും റേഞ്ചില്ല.
മണി നാലാവുന്നു. രാജീവ്‌ ഗാന്ധി ദേശീയോദ്യാനത്തിലേക്ക്‌ ആറുമണികഴിഞ്ഞാല്‍ കയറ്റി വിടില്ല. പിന്നെ വളഞ്ഞുചുറ്റി വേറെയേതോ വഴിക്കു പോകണം.
പയ്യന്‍ വണ്ടി തിരിച്ചു.
വഴിതെറ്റിയോ? പിന്നില്‍ നിന്ന്‌ കൂക്കുവിളി.

തിരിച്ചു വരവില്‍ മൂന്നും കൂടിയ കവലക്ക്‌ വണ്ടി നിര്‍ത്തി ഒരാളോട്‌ ചോദിച്ചു.
"നാഗരഹോള റോഡ്‌‌ ഇല്ലി? റോഡ്‌..റോഡ്‌..."
ഡ്രൈവര്‍ പയ്യന്‍ എന്താണ്‌ ചോദിക്കുന്നത്‌. ഇവന്‌ കന്നട അറിയുമോ?
"right 5 km and left"
എന്നയാള്‍ ഒരുവിധത്തില്‍ പറഞ്ഞൊപ്പിച്ചപ്പോള്‍ സംശയം തീര്‍ക്കാന്‍ വേറൊരാളോട്‌ ചോദിച്ചു.
അവസാനത്തെ left അയാള്‍ക്ക്‌ right ആയി. ഏതായാലും ആദ്യത്തെ right ഒന്നു തന്നെയാണല്ലോ എന്നു വിചാരിച്ച്‌ വണ്ടി തിരിച്ചു. ഇംഗ്ലീഷില്‍ ഒരു ബോര്‍ഡുകണ്ടു. 'gurupura' .
പക്ഷേ, വണ്ടി തിരിച്ചപ്പോള്‍ മുതല്‍ ചൈനക്കാരെപ്പോലെ പതിഞ്ഞ മൂക്കും ചീര്‍ത്ത കണ്ണുകളുമുള്ള മനുഷ്യരെയാണ്‌ കാണുന്നത്‌. ഒരു കടയുടെ മുന്നില്‍ നിര്‍ത്തി അവിടെ നിന്ന ചൈനക്കാരനോട്‌ ചോദിച്ചു.
"നാഗരബോള ഇല്ലി? "
അയാള്‍ ഒന്നും മനസ്സിലാവതെ അറിയില്ലെന്ന്‌ ആംഗ്യം.

പാടത്തും വഴിയോരത്തും ചൈനമുഖം......
എതിരെ വന്ന ബൈക്കുകാരുടെ മുഖം ചൈനയല്ല. നിര്‍ത്തി ചോദിച്ചു.
"right 5 km and left."
ok.
പുറകിലിരുന്ന റസീന പറഞ്ഞു. "നമ്മളിപ്പോള്‍ ചൈനേലെത്തീന്നാ തോന്നുന്നേ" അതുകേട്ട്‌ എല്ലാരും ചിരിച്ചു.
സത്യത്തില്‍ ആര്‍ക്കും പേടിയൊന്നുമില്ലായിരുന്നു. അത്ര ദൂരമൊന്നും പിന്നിട്ടട്ടില്ല.
അപ്പോഴാണ്‌ പയ്യന്‍ വഴി ചോദിച്ച ഭാഷ ഓര്‍മവന്നത്‌.' അമ്പട കള്ളാ നീ തേന്മാവിന്‍ കൊമ്പത്ത്‌ കോപ്പിയടിച്ചല്ലേ..'.

അതങ്ങ്‌ അവതരിപ്പിച്ചപ്പോഴേക്കും പുറകില്‍ നിന്ന്‌ 'മുത്ത്‌ഖൗ 'കിട്ടിയോ? എന്ന്‌.

ഏതായാലും അപ്പോഴേക്കും left ലേക്ക്‌ തിരിഞ്ഞു. കാടുകണ്ടു.'തേന്മാവിന്‍ കൊമ്പത്ത്‌' രക്ഷിച്ചു എന്ന്‌ പറയാതെ വയ്യ
മുര്‍കിലില്‍ ആന പരിശീലനകേന്ദ്രത്തിനടുത്തെത്തുമ്പോള്‍ ഞങ്ങളെ കാണാഞ്ഞ്‌ എല്ലാരും.....

photo : sunil faizal