Monday, April 6, 2009

മുസ്‌തഫയെ കണ്ടപ്പോള്‍




ഇന്നലെ മുസ്‌തഫയെ പോയി കണ്ടതോടെ എങ്ങനെയാണ്‌ മുസ്‌തഫയെ രക്ഷിക്കുക എന്ന ചിന്തമാത്രമായി. മുസ്‌തഫ അയച്ച കത്തില്‍ പ്രയാസങ്ങളോ ആവശ്യങ്ങളോ ഒന്നുമില്ലായിരുന്നു. ഫോണില്‍ സംസാരിക്കുമ്പോഴും എന്തെങ്കിലും സഹായിക്കൂ എന്നും പറഞ്ഞിട്ടില്ലായിരുന്നു. വാടക വീട്ടിലാണെന്നറിയാമായിരുന്നു.
പക്ഷേ, ഇപ്പോള്‍ വാടകവീടും നഷ്ടപ്പെട്ടു. ഭാര്യവീട്ടിലെ കൊച്ചുമുറിയിലാണിപ്പോള്‍. അവിടെയാണെങ്കില്‍ ഭര്‍ത്താവുപേക്ഷിച്ച അനിയത്തിയും മക്കളും വിവാഹപ്രായമെത്തിയ രണ്ടനിയത്തിമാര്‍....ഉമ്മയും സഹോദന്മാരും..എല്ലാവരും ഒരു കൊച്ചുവീട്ടില്‍..അവിടെ എത്രനാളാണ്‌? മുസ്‌തഫക്കാണെങ്കില്‍ തിരിഞ്ഞും മറിഞ്ഞും കിടക്കാന്‍പോലുമാവില്ല. ബെഡ്‌സോറുള്ളതുകൊണ്ട്‌ വീല്‍ചെയറില്‍ ഇരിക്കാനാവില്ല.

എന്നാലും മുസ്‌തഫ സന്തോഷവാനാണ്‌. അത്മധൈര്യമുണ്ട്‌. എന്തിനോടും പ്രതികരിക്കാനുള്ള മനസ്സുണ്ട്‌.

ബ്ലോഗുവായിച്ചും മാതൃഭൂമി ആഴ്‌ചപ്പതിപ്പിലെ ബ്ലോഗന വായിച്ചും കുറേപ്പേര്‍ പുസ്‌തകങ്ങള്‍ അയച്ചുകൊടുത്തിട്ടുണ്. തളിപ്പറമ്പ്‌ സി എല്‍ എസ്‌ ബുക്‌സിന്റെ പുസ്‌തകങ്ങളും ഒലിവ്‌ പബ്ലിക്കേഷന്‍സ്‌ അയച്ചുകൊടുത്ത പുസ്‌തകങ്ങളും കൂട്ടത്തിലുണ്ട്‌.
കിടപ്പിലായതില്‍പിന്നെ വായിച്ചു തീര്‍ത്ത പുസ്‌തകങ്ങളുടെ പേരും മറ്റും ഡയറിയിലെഴുതിവെച്ചിട്ടുണ്.
ഇതിലധികവും നോവലുകളാണ്‌. മുസ്‌തഫ എന്തും വായിക്കും.

ഡ്രൈവിംഗ്‌ ജോലിയുമായി ആന്ധ്രയിലായിരുന്നപ്പോഴാണ്‌ വായന തുടങ്ങിയതെന്ന്‌ മുസ്‌തഫ പറഞ്ഞു. അന്നവിടെ ഹിന്ദിയും തെലുങ്കും കേട്ടുമടുക്കുമ്പോള്‍ , മലയാളം പറയാനാകാതെ വിഷമിക്കുമ്പോള്‍ മംഗളവും മനോരമയും വായിച്ചു തുടങ്ങിയതാണ്‌.നാട്ടിലെത്തിയപ്പോള്‍ അതിനോടുള്ള താതപര്യം കുറഞ്ഞു. പിന്നെ പുസ്‌തകങ്ങള്‍ വിലകൊടുത്തു വാങ്ങി വായിക്കാന്‍ തുടങ്ങുകയായിരുന്നു.

ഉറക്കം വരാതിരിക്കുമ്പോള്‍ രാത്രി ഒരുമണിക്കുമൊക്കെ വായിച്ചുകൊണ്ടു കിടക്കുമെന്ന്‌ ഭാര്യ സുലൈഖ പറഞ്ഞു. വായനയും റേഡിയോ കേള്‍ക്കലുമാണ്‌ നേരമ്പോക്ക്‌.
അമൃത ചാനല്‍ കഴിഞ്ഞാഴ്‌ച മുസ്‌തഫക്കടുത്ത്‌ പോയിരുന്നു. മാതൃഭൂമി ആഴ്‌ചപ്പതിപ്പില്‍ മുസ്‌തഫക്കൊരു പുസ്‌തകമെന്ന പോസ്‌റ്റ്‌ ബ്ലോഗനയില്‍ വന്നു. ഒരുപാട്‌ പേര്‍ വിളിച്ചു പുസ്‌തകം എത്തിക്കാമെന്നും മറ്റുസഹായങ്ങള്‍ ചെയ്യാമെന്നു പലരും പറഞ്ഞിട്ടുണ്ട്‌. പക്ഷേ, എതിരന്റെ പണവും കുറച്ചു പുസ്‌തകവുമല്ലാതെ ഒന്നും ഇതുവരെ കിട്ടിയിട്ടില്ല.

ടിവിക്കാരെയും ബ്ലോഗനയുമൊക്കെ വന്നപ്പോള്‍ ചില കൈപ്പേറിയ അനുഭവങ്ങളുണ്ടായിട്ടുണ്ട്‌ മുസ്‌തഫക്ക്. അതിലൊന് ചില അഭിപ്രായ പ്രകടനങ്ങളാണ്‌.
ടിവി ദൈവല്ല, മാതൃഭൂമി ദൈവല്ല നീ പടച്ചോനോട്‌ പ്രാര്‍ത്ഥിക്കുകയാണ്‌ വേണ്ടതെന്ന്‌ ചിലര്‍ പറഞ്ഞു. (സങ്കടങ്ങളുടെ കെട്ടഴിച്ചുവിട്ട്‌ ടിവിക്കാരോടും പത്രക്കാരോടും എരക്കുകയാണെന്ന്)

ശരിയാണ്‌ ഇവരൊന്നും ദൈവമല്ല. പക്ഷേ , ദൈവം ഒന്നും മേലേന്ന്‌ താഴോട്ടിറക്കി തരില്ലെന്നും ദൈവം ഏതു വേഷത്തിലാണ്‌ എത്തുന്നതെന്ന്‌ അറിയില്ലെന്നും മുസ്‌തഫ വിശ്വസിക്കുന്നു.

ബ്ലോഗന വായിച്ച ഒരു കണ്ണൂര്‍ സ്വദേശി ഒന്നര മണിക്കൂറോളമാണ്‌ ഫോണില്‍ സംസാരിച്ചത്.
ആദ്യത്തെ ചോദ്യമിതായിരുന്നു
'നീ X ഓ Y ഓ'
...Xലും Y ലുമല്ല ഏതാ കൂടുതല്‍ നല്ലതെന്നു ചോദിച്ചപ്പോള്‍
'നിനക്ക്‌ Y ല്‍ നിന്നു കൂടെ' എന്നായി. ഏതായാലും സംസാരിച്ച്‌ സംസാരിച്ച്‌ അവസാനം വിളിച്ചയാള്‍ പറഞ്ഞത്‌ നിന്റെ മനസ്സെടുക്കാന്‍ ചോദിച്ചതാണെന്നായിരുന്നു.(Xഉം Y ഉം നിറവും ഭൂതകാലവുമൊക്കെ എന്തിനന്വേഷിക്കുന്നു. ഇതൊരു മനുഷ്യനാണ്‌ എന്ന തിരിച്ചറിവ്‌ എന്നുണ്ടാവും? )

ഇപ്പോള്‌ വീടുവെച്ചുകൊടുക്കാം എന്നൊക്കെ ചില സംഘടനകള്‍ പറയുന്നുണ്ട്‌ പക്ഷേ, പുസ്‌തകവായന പാടില്ല, ടിവി കാണാന്‍ പാടില്ല, സമുദായത്തിലുള്ളവരാല്ലാതെ മറ്റാരും വന്നു കാണാന്‍ പാടില്ല, സംസാരിക്കാന്‍ പാടില്ല....തുടങ്ങിയ നിബന്ധനകള്‍..എന്നാല്‍ ഇതെല്ലാം പാലിക്കാം കാലകാലം നോക്കുമോ എന്നു ചോദിച്ചാല്‍ അതിന്‌ ഉറപ്പൊന്നുമില്ലതാനും.
നിബന്ധനകള്‍ പറഞ്ഞവരോട്‌ മുസ്‌തഫ പറഞ്ഞു നിങ്ങള്‍ വെച്ചു തരുന്ന വീടിനേക്കാള്‍ നല്ലത്‌ റോഡുസൈഡില്‍ കിടക്കുന്നതാണെന്ന്. അവിടെയാവുമ്പോള്‍ ആര്‍ക്കും വരാം. കാണാം. സംസാരിക്കാം...വായിക്കാം...

ഞാനെത്തുമ്പോള്‍ മുന്നൂറാന്‍ അവിടെയുണ്ടായിരുന്നു. അവിടെ നിന്ന് ഞങ്ങള്‍ പെയിന്‍ & പാലിയേറ്റീവ്‌ കെയര്‍ യൂണിറ്റിലെ അഷ്‌റഫ്‌ സാറിനെയും അഫ്‌സലിനെയും കണ്ടു. കഴിഞ്ഞ മൂന്നു വര്‍ഷമായി അവരാണ്‌ മുസ്‌തഫയുടെ സംരക്ഷണം ഏറ്റെടുത്തിരിക്കുന്നത്‌. ഒരു വാടകവീട്‌ കണ്ടെത്താനുള്ള ശ്രമത്തിലാണിപ്പോള്‍. ലൈന്‍വീടുകളൊക്കെ കിട്ടാനുണ്ട് പക്ഷേ, പുറത്തായിരിക്കും ടോയലെറ്റ്...
നട്ടെല്ലിന്‌ ക്ഷതം പറ്റി പെയിന്‍ & പാലിയേറ്റീവ്‌ ക്ലിനിക്കിന്റെ സംരക്ഷണയില്‍ 22 ണ്ടോളം പേരുണ്ട്‌. അവരില്‍ മുസ്‌തഫക്കുമാത്രമാണ്‌ സ്വന്തമായി വീടും സഹായിക്കാനാരുമില്ലാത്തത്. എക്കാലവും വാടകവീടിനെ ആശ്രയിക്കുക ബുദ്ധിമുട്ടാണ്‌.
തല്‌ക്കാലം വാടകവീടിനൊരു സ്‌പോണ്‍സറെ കണ്ടെത്തുകയാണ്‌ ആവശ്യമെന്ന് അഷ്‌റഫ്‌ സര്‍ പറഞ്ഞു.ഇപ്പോള്‍ ഒരു സംഘടന അരിയും സാധനങ്ങളും വാങ്ങിക്കൊടുക്കുന്നുണ്ട്‌.



പുസ്‌തകങ്ങള്‍ കൊടുത്തുമാത്രമല്ല, എല്ലാത്തരത്തിലും നമുക്ക്‌ മുസ്‌തഫയെ സഹായിക്കാനാവണം. ഒന്നു രണ്ടുപേര്‍ കോഡിനേറ്റു ചെയ്യാന്‍ വേണം. കോഴിക്കോടുള്ള ആരെങ്കിലുമൊക്കെ സ്വമേധയാ മുന്നോട്ടു വന്നാല്‍ നന്നായിരുന്നു. സഹായത്തിന്‌ ഞാനെപ്പോഴുമുണ്ടാവും.
പരിചയക്കാരോടുകൂടി മുസ്‌തഫയെ സഹായിക്കാന്‍ പറയുക. വലിയ വലിയ സഹായമൊന്നും വേണ്ട...പറ്റുന്നതുപോലെ, ബുദ്ധിമുട്ടില്ലാതെ...

സ്‌കൂളിലെ കുട്ടികള്‍ മിഠായി വാങ്ങാന്‍ കരുതിവെക്കുന്ന ഒന്നും രണ്ടും രൂപ മാസത്തില്‍ ശേഖരിക്കുന്നതാണ്‌ ഏറ്റവും വലിയ ഫണ്ടായി മാറുന്നതെന്ന് അഷ്‌റഫ്‌ സാര്‍ പറഞ്ഞതോര്‍മിക്കുന്നു.
അതുപോലെ നമ്മളെല്ലാവരും കൂടി കൊച്ചു കൊച്ചു സഹായങ്ങള്‍ ചെയ്‌ത് അതൊരു വലിയ സഹായമാക്കിക്കൂടെ? മുസ്‌തഫ സഹായി നിധി എന്ന പേരിലോ മറ്റോ ഒരു അക്കൗണ്ട്‌ തുടങ്ങുന്നതിനെക്കുറിച്ച്‌ ആലോചിച്ചുകൂടെ? നിരക്ഷരനും കുറമാനും മുന്നൂറാനും ഏറനാടനും മാണിക്യവും അചിന്ത്യയും കൈതമുള്ളും മനുവും ജ്യോതിയും എല്ലാരുമെല്ലാരും .....
മുസ്‌തഫയെപ്പോലെ അല്ലെങ്കില്‍ ഇതിലും വലിയ പ്രയാസത്തിലുള്ളവര്‍ വേറെയുമുണ്ടാവാം. പക്ഷേ നമ്മുടെ മുന്നില്‍ മുസ്‌തഫയാണിപ്പോഴുള്ളത്...
A യുംBയും X ഉംY ഉം കൊടിയുടെ നിറമോ ഒന്നും നോക്കാതെ സഹജീവി എന്ന നിലയില്‍ മാത്രം നമുക്കൊന്ന്‌ പരിശ്രമിച്ചാലോ?