Sunday, February 24, 2008

വിലാപങ്ങള്‍ക്ക്‌ അഞ്ചാണ്ട്‌മുത്തങ്ങ സംഭവം നടന്ന സമയത്ത്‌ ഞങ്ങള്‍ കുറച്ചു സുഹൃത്തുക്കള്‍ ആദിവാസികളെക്കുറിച്ച്‌ സഹതപിച്ച്‌ സംസാരിച്ചപ്പോള്‍ വയനാട്ടുകാരനായ സുഹൃത്ത്‌ പറഞ്ഞത്‌
നിങ്ങള്‍ക്ക്‌ എന്തും പറയാം. ഒരു സഹതാപവും അര്‍ഹിക്കുന്നവരല്ല ആദിവാസികള്‍ എന്നാണ്‌.
അവനത്‌ പറയാന്‍ ന്യായമുണ്ട്‌.
അവന്റെ വേലിയില്‍ പടര്‍ന്നു കയറിയ മത്തങ്ങയും കുമ്പളങ്ങയും മോഷ്‌ടിക്കുന്നു. ഇലകള്‍ നുള്ളികൊണ്ടുപോകുന്നു. കപ്പയും കാച്ചിലും മോഷ്‌ടിക്കുന്നു.
ഇവരോട്‌ എങ്ങനെ പൊറുക്കും? അന്യന്റെ മുതലു കക്കുന്നവരോട്‌ പൊറുക്കാനാവുമോ? സഹതപിക്കാക്കാനാവുമോ?
ഇവരെ പണിക്കു വിളിച്ചാല്‍ മെയ്യനങ്ങി പണിയില്ലത്രേ. കള്ളന്മാര്‍...
കിട്ടുന്നതു മുഴുവന്‍ കള്ളുകുടിച്ചു തീര്‍ക്കും.
ഓരോ പ്രതാപിയായ വയനാട്ടുകാരനും പറയാനുള്ളത്‌ ഇതൊക്കെയാണ്‌.
എന്നാല്‍ ഇവരുടെ വീടുകളില്‍ കയറി പൊന്നും പണവും വിലപിടിപ്പുള്ള മറ്റെന്തെങ്കിലും കട്ടുകൊണ്ടു പോകുന്നുണ്ടോ?
പൊന്നും പണവും മണിമാളികയും അവരുടെ സ്വപ്‌നമല്ല.
വയറുനിറച്ച്‌ ആഹാരം, നാണം മറക്കാന്‍ ഒരുതുണ്ടു തുണി. തലചായ്‌ക്കാന്‍ ചോര്‍ന്നൊലിക്കാത്ത കുടില്‍....

നാട്ടുകാരന്‍ എന്ന പേരിലറിയപ്പെടുന്ന ആദിവാസിയല്ലാത്തവന്റെ പറമ്പില്‍ പറമ്പില്‍ സ്ഥിരം ജോലിക്കെത്തുന്നവരില്‍ ബാബുവും മുരളിയും ജോണും സുജാതയും മൈമൂനയും ഒക്കെയുണ്ടാവും. അവരാരും തിയ്യനും നായരും ക്രിസ്‌ത്യാനിയും മുസ്ലീമും ആയിരിക്കില്ല. ആണെങ്കിലും വകഭേദങ്ങളൊന്നും ഉറക്കെ പറയില്ല. പക്ഷേ ആദിവാസിയാവുമ്പോള്‍ അവന്‌/അവള്‍ക്ക്‌ അച്ഛനും അമ്മയും പേരിട്ടിട്ടുണ്ടെങ്കിലും അതറിയാമെങ്കിലും പണിയനും പണിച്ചിയുമാണ്‌. നായ്‌ക്കനും നായ്‌ക്കത്തിയുമാണ്‌.
അവര്‍ എല്ലുമുറിയേ പണിയെടുക്കാത്തവരാണ്‌. സൂത്രക്കാരാണ്‌. കള്ളന്മാരാണ്‌.
ആരാണിവരെ ഇങ്ങനെയാക്കിയത്‌?
പൊതുസമൂഹത്തിനുത്തരമില്ലേ?...
അവരുടെ സ്വത്തും ഭൂമിയും കൈക്കലാക്കിയത്‌ ചുമ്മാതെയല്ല. നക്കാപ്പിച്ച കൊടുത്തിട്ടാണെന്ന്‌ നാട്ടുകാരന്‌ ന്യായീകരിക്കാം.


ദിവാസികളുടെ പ്രശ്‌നങ്ങളറിയാന്‍, അവരനുഭവിക്കുന്ന അവഗണന കാണാന്‍ നമ്മള്‍ ആദിവാസിക്കുടിലുകള്‍ തേടിപ്പോകേണ്ട. സന്നദ്ധ സംഘടനകളില്‍ അംഗമാവുകയും വേണ്ട. കുറച്ചു സമയം പൊതു നിരത്തില്‍ നിന്നാല്‍ മാത്രം മതി.
വയനാട്ടിലെ ആദിവാസികളില്‍ കുറുമരും കുറിച്ച്യരുമാണ്‌ കുറച്ചെങ്കിലും മെച്ചപ്പെട്ട ജീവിതനിലവാരത്തിലുള്ളത്‌.
വൈകുന്നേരങ്ങളില്‍ ബത്തേരി സ്വകാര്യ ബസ്സ്‌സ്‌റ്‌റാന്‍ഡില്‍ അല്‌പസമ യം നിന്നു നോക്കുക. എണ്ണകാണാത്ത ചുരുളന്‍ മുടി പാറിപ്പറന്ന്‌, മുട്ടുവരെ എത്തുന്ന മുണ്ടു വരിഞ്ഞുമുറുക്കി, വെറ്റില മുറുക്കി പല്ലു ചുവപ്പിച്ച്‌ അവര്‍ നില്‌ക്കും. സന്തോഷമോ ദുഖമോ അവരുടെ മുഖത്തുനിന്ന്‌ നമുക്കു വായിച്ചെടുക്കാനാവില്ല. ഒരു തരം നിര്‍വ്വികാരത മാത്രം.
ബസ്സുയാത്രയില്‍ കുട്ടികളെയും കൊണ്ടു കയറുന്ന ആദിവാസി സ്‌ത്രീക്കുപോലും സീറ്റൊഴിഞ്ഞു കൊടുക്കാന്‍ ഒരാളും തയ്യാറാവില്ല. ഇരിക്കുന്ന യാത്രക്കാര്‍ ഇറങ്ങിയാല്‍ സീറ്റിനു ചേര്‍ന്നു നില്‌ക്കുന്നവരാണ്‌ ഇരിക്കുക. അവിടെയും നാട്ടുകാര്‍ അതി സാമാര്‍ത്ഥ്യം കാണിക്കും. ആദിവാസിയാണ്‌ സീറ്റിനോട്‌ ചേര്‍ന്നു നില്‌ക്കുന്നതെങ്കില്‍ അവരെ തള്ളിമാറ്റി സ്ഥാനമുറപ്പിക്കും. പലവട്ടം ഈയുള്ളവള്‍ ബസ്സുയാത്രയില്‍ കണ്ട കാഴ്‌ചയാണിത്‌.
കമ്പിയില്‍ മുറുകെപ്പിടിച്ചിരിക്കുന്ന ഒരു ആദിവാസിയെ ശ്രദ്ധിച്ചുനോക്കു. ബസ്സിന്റെ വേഗത്തില്‍ അവര്‍ ആടി ഉലയും. അവരുടെ ധരിച്ചിരിക്കുന്ന ബ്ലൗസിന്റെയും ഉടുമുണ്ടിന്റെയും ഇടയിലുള്ള ഒരു ചാണ്‍ വയര്‍ കാണുമ്പോള്‍ ആലില വയറിലേക്കുള്ള ഒളിഞ്ഞു നോട്ടത്തിന്റെ സുഖമല്ല കിട്ടുന്നത്‌. ഇരുണ്ട തൊലി ചുക്കിച്ചുളിഞ്ഞ്‌ ഉള്ളിലേക്ക്‌ വിലഞ്ഞിരിക്കുന്നതാണ്‌ കാണാനാവുക. ആ വയറ്റില്‍ ഒരു തരിവറ്റുചെന്നിട്ട്‌ ദിവസങ്ങളായെന്ന്‌ തോന്നിപ്പിക്കുന്ന മുഖഭാവത്തോടെ ബസ്സിന്റെ വേഗതയില്‍ അവര്‍ ആടി ഉലഞ്ഞുകൊണ്ടിരിക്കും.

ഇരുണ്ട നിറവും കുഴിയിലാണ്ട കണ്ണുകളും സ്‌പ്രിംഗ്‌ പോലുള്ള പടര്‍പ്പന്‍ മുടിയും അല്‌പം പതിഞ്ഞ മൂക്കും...അവരെ എവിടെ നിന്നും തിരിച്ചറിയാം.
കള്ളത്തിയും സൂത്രക്കാരിയും ആണെങ്കിലും അഴുക്കു പുരണ്ട അവരുടെ മേല്‍ വസ്‌ത്രത്തിനടിയിലെ കറുത്ത തൊലി പ്രിയപ്പെട്ടതാണ്‌.
നാട്ടുകാരന്റെ കള്ളത്തരത്തില്‍ അവിവാഹിതരായ അമ്മമാരാവുന്നു അവര്‍. അവരാരും ഗര്‍ഭ സത്യാഗ്രഹത്തിന്‌ ധൈര്യപ്പെടുകയുമില്ല.
പിന്നീടവരും മക്കളും നാട്ടുകാരന്റെ സൈ്വര്യം കെടുത്തുന്ന കള്ളനും കള്ളികളുമാവുന്നു.


മുത്തങ്ങയിലെ വെടിയൊച്ചകളും അടികൊണ്ടു വീര്‍ത്ത ജാനുവിന്റെ കവിളുകളും നമ്മള്‍ മറന്നു കഴിഞ്ഞു. കഴിഞ്ഞ ആഞ്ചു വര്‍ഷം ആദിവാസികള്‍ക്ക്‌ എന്തുകിട്ടി എന്ന ചോദ്യം മാത്രം അവശേഷിക്കുന്നു. പൊതു സമൂഹത്തില്‍ നിന്ന്‌ അവര്‍ ഒന്നുകൂടി പിന്നാക്കം പോയി എന്നല്ലാതെ മറ്റൊരുത്തരമുണ്ടാവില്ല.

ഒരു പായ്‌ക്കറ്റ്‌ കള്ള ചാരായത്തിനു മുന്നില്‍ ഇടതു-വലതു കക്ഷികളുടെ വോട്ട്‌ ബാങ്കാവും അവര്‍. വോട്ട്‌ ലഭിച്ചാല്‍ പിന്നെ മധ്യവര്‍ഗ്ഗത്തിന്റെ താത്‌പര്യങ്ങള്‍ക്കും ഇഷ്‌ടാനിഷ്‌ടങ്ങള്‍ക്കും നിന്നു കൊടുക്കുമ്പോഴും ആദിവാസി അന്യനാവുന്നു. പട്ടിണിയും പഞ്ഞവും അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാതെ വലയും അവര്‍.

ആരാണ്‌ ആദിവാസി?

ഈ നാട്ടില്‍ മുമ്പേ ഉണ്ടായിരുന്നവര്‍....
മറ്റുള്ളവരൊക്കെ വരുത്തന്മാര്‍...വരുത്തന്മാര്‍ അവരുടെ സ്വത്തും ഭൂമിയും സംസ്‌ക്കാരവും കവര്‍ന്നു.
അവരുടെ പെണ്ണുങ്ങള്‍ തന്തയില്ലാത്ത കുഞ്ഞുങ്ങളെ പ്രസവിച്ചു.
മുമ്പ്‌ നമ്മള്‍ വരുത്തന്മാരും ആദിവാസികളായിരുന്നു. ഇന്ത്യയുടെ ആദിവാസികള്‍. അന്നും വരുത്തന്മാര്‍ നമ്മുടെ പൂര്‍വ്വികരുടെ സ്വത്തും സംസ്‌ക്കാരവും ജീവനും അപഹരിച്ചു.
നില്‌ക്കക്കള്ളിയില്ലാതായപ്പോള്‍ പൂര്‍വ്വികര്‍ ശിപായി ലഹളയെന്ന ചെല്ലപ്പേരില്‍ അറിയപ്പെട്ട സമരത്തില്‍ ചിതറിയോടി. ജീവത്യാഗം ചെയ്‌തു...പിന്നീട്‌ എത്രയെത്ര സമരങ്ങളും സത്യാഗ്രങ്ങളും.
അഹിംസയുടെ വഴിയേ അര്‍ദ്ധ നഗ്നനായ ഗാന്ധി വന്നു. വരുത്തന്മാര്‍ കെട്ടും ഭാണ്‌ഡവുമെടുത്തോടി.
നമ്മള്‍ സ്വാതന്ത്ര്യമെന്ന നീലാകാശം കണ്ടു.

ആദിവാസികള്‍ക്കിടയില്‍ നിന്ന്‌ ഒരു ഗാന്ധി വരില്ല എന്നാശ്വസിക്കാനാവുമോ നമുക്ക്‌?
കടപ്പാട്‌: വാരാദ്യമാധ്യമം 24.02.2008
ഫോട്ടോ: സുനില്‍ കോടതി

Wednesday, February 13, 2008

പ്രണയദിനത്തില്‍ സ്‌നേഹപൂര്‍വ്വം


സര്‍പ്പഗന്ധിക്ക്‌ ഒരു വയസ്സും അന്‍പതാമത്തെ പോസ്‌റ്റും

പ്രീഡിഗ്രിക്ക്‌‌ അടുത്തുള്ള പാരലല്‍ കോളേജില്‍ പഠിക്കാന്‍ തീരുമാനിച്ചത്‌ അവനവിടെ ഉള്ളതുകൊണ്ടു മാത്രമായിരുന്നു. രണ്ട്‌ വി. എച്ച്‌. എസ്‌. സികളില്‍ പ്രവേശനം ലഭിച്ചിട്ടും എനിക്കെന്തോ വിശ്വഭാരതിയെ വിട്ടുപോകാനായില്ല.

വി. എച്ച്‌. എസ്‌. സിയില്‍ പോകാതെ പാരലല്‍ കോളേജില്‍ പഠിക്കുന്നതിന്‌ പല ന്യായങ്ങളും എനിക്കുണ്ടായിരുന്നു. പി.എസ്‌. സി അംഗീകാരമില്ല. ഡിഗ്രിക്ക്‌ റഗുലര്‍ കോളേജില്‍ പ്രവേശനം ലഭിക്കാന്‍ ബുദ്ധിമുട്ടാണ്‌ അങ്ങനെ പലതും.
അമ്മയാണെങ്കില്‍ തടസ്സം നിന്നുമില്ല.
'നിന്റെ ഇഷ്‌ടം പോലെ ചെയ്യ്‌' എന്നു പറഞ്ഞു.

പക്ഷേ, അമ്മയ്‌ക്കറിയുമോ മകളുടെ മനസ്സിലിരിപ്പ്‌. ഒന്‍പതാംക്ലാസ്സില്‍ വെച്ച്‌ കൂട്ടുകാരുടെ കളിയാക്കലിലൂടെയായിരുന്നു തുടക്കം എന്നു പറയാം. എന്തോ പറഞ്ഞറിയിക്കാനാവാത്ത ഒരു നീറ്റല്‍, അവനെ കാണുമ്പോള്‍-ഓര്‍ക്കുമ്പോള്‍. .... ഞങ്ങള്‍ ഒരേ ക്ലാസ്സിലായിരുന്നിട്ടും പിന്നീട്‌ പരസ്‌പരം നോക്കുകയോ സംസാരിക്കുകയോ ചെയ്‌തില്ല. എങ്കിലും പ്രണയത്തിന്റെ രസതന്ത്രം ഞങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന്‌ പരസ്‌പരമറിയാമായിരുന്നു.

ഒരു വര്‍ഷത്തിനു ശേഷമാണ്‌ സംസാരിക്കുന്നത്‌. പത്താംക്ലാസിന്റെ അവസാനദിനത്തില്‍....കൂട്ടുകാരി മിനിയെ കുറച്ചകലെ നിര്‍ത്തി സ്‌കൂള്‍ വരാന്തയുടെ അറ്റത്ത്‌ വിറയലോടെ ഞാനവന്റെ മുന്നില്‍ നിന്നു.
'മറക്കുമോ?'
അവന്‍ ചോദിച്ചു. ആ ചോദ്യത്തിന്‌ പലതരത്തില്‍ വാക്കുകള്‍ കൊണ്ട്‌ ഉത്തരം പറയാമായിരുന്നിട്ടും മുഖത്തേക്കുപോലും നോക്കാന്‍ ശക്തിപോരാഞ്ഞ്‌ ഇല്ലെന്ന്‌ തലയാട്ടുക മാത്രമാണ്‌ ചെയ്‌തത്‌.

പത്താംക്ലാസ്സില്‍ അവന്‍ തോല്‌ക്കുകയും ഞാന്‍ ജയിക്കുകയും ചെയ്‌തു.
തോറ്റ അവന്‍ വീണ്ടുമെഴുതാന്‍ വിശ്വഭാരതിയിലെ വിദ്യാര്‍ത്ഥിയായി.
അടുത്തടുത്ത ക്ലാസ്സിലായിട്ടും മൗനം മൗനമായി നിന്നു. വല്ലപ്പോഴും കോളേജിലേക്കു വരുന്നവഴി എന്തെങ്കിലും മിണ്ടിയാലായി. അവനെ അടുത്തു കാണുന്നതേ എനിക്ക്‌ ഹൃദയമിടിപ്പു കൂടും...ഒന്നാമത്‌ എന്റെ വീടും കോളേജും തമ്മില്‍ വലിയ ദൂരത്തല്ല. ഒരു വിഷയം കിട്ടാന്‍ കാത്തുനില്‌ക്കുന്ന നാട്ടുകാര്‍...അച്ഛന്‍, അമ്മ, മുത്തച്ഛന്‍, മുത്തശ്ശി....ബന്ധുക്കളും നാട്ടുകാരും...
അയ്യോ ഓര്‍ക്കാനേ വയ്യ.
പോരാത്തതിന്‌ അവന്റെ ചേച്ചി പ്രിഡിഗ്രി സെക്കന്റ്‌ ഇയര്‍...
പക്ഷേ പറഞ്ഞിട്ടെന്ത്‌ ഫലം ..എത്ര ഒളിച്ചിട്ടെന്തുകാര്യം...സഹപാഠികള്‍ക്കിടയില്‍ പാട്ടായി..
സഹപാഠികളില്‍ നിന്ന്‌ അധ്യാപകരിലേക്ക്‌...
ഞങ്ങളുടെ മൗനം മാത്രം കനത്തു വന്നു.
ഞാന്‍ ക്ലാസില്‍ രണ്ടാമത്തെ ബഞ്ചില്‍ പനമ്പുമറയോട്‌ ചേര്‍ന്നാണിരുന്നത്‌. തെക്ക്‌ റോഡിന്‌ അഭിമുഖമായി. പത്താംക്ലാസു പടിഞ്ഞാറോട്ടും...
ഒരു ദിവസം പനമ്പിന്റെ അളികളില്‍ ഒന്ന്‌ നീക്കിയപ്പോള്‍ ഇത്തിരിപോന്ന ഓട്ടയിലൂടെ എനിക്കവനെ കാണാമെന്നായി.
ഒരളികൂടി ഞാന്‍ അടര്‍ത്തി മാറ്റി. പഠിപ്പിക്കുന്നതിനിടയിലും മെല്ലെ അതിലെ ഒരു നോട്ടം...ഞങ്ങളുടെ ക്ലാസ്സിലെ പല പയ്യന്മാര്‍ക്കും പത്താംക്ലാസ്സില്‍ കണ്ണുള്ളതുകൊണ്ട്‌ പനമ്പു മറയില്‍ പലയിടത്തും അളികടര്‍ന്നു പോയി.

പത്താംക്ലാസ്സില്‍ കണക്കു പഠിപ്പിക്കുന്ന സരോജ ടീച്ചര്‍ ഞങ്ങള്‍ക്ക്‌ സ്റ്റാറ്റിസ്റ്റിക്‌സ്‌ പഠിപ്പിക്കാന്‍ വന്നപ്പോള്‍ എന്റെ പത്താംക്ലാസിലേക്കുള്ള നോട്ടവും ടീച്ചര്‍ക്കു കിട്ടിയ വിവരവും വെച്ച്‌ ടിച്ചര്‍ എന്നെ ഉപദേശിച്ചു.
'ആ ചെര്‍ക്കനെങ്ങേനെങ്കിലും ജയിച്ചു പോകട്ടെ.'
പ്രേമത്തെക്കുറിച്ചും ടീച്ചറിനു പറയാനുണ്ടായിരുന്നു.
'ഈ പ്രായത്തില്‌ വായിക്കാന്‍ പുസ്‌തകം നിവര്‍ത്തിയാല്‍ അക്ഷരമൊന്നും കാണില്ല. മുഖമങ്ങനെ തെളിഞ്ഞു നില്‌ക്കും.'

ടീച്ചര്‍ പറഞ്ഞു വന്നത്‌
ബുക്കു തുറക്കുമ്പോള്‍ പഠിക്കാന്‍ തോന്നില്ലാ എന്നും പത്താംക്ലാസു തോറ്റ അവനെ ഇനിയും തോല്‌പ്പിക്കല്ലേ എന്നുമാണ്‌.
സത്യത്തില്‍ അതെന്നെ വല്ലാതെ വേദനിപ്പിച്ചു.
ഞാന്‍ പത്താംക്ലാസ്‌ ജയിച്ചതെങ്ങനെയാണ്‌?
പുസ്‌തകം നിവര്‍ത്തിയപ്പോഴൊന്നും വരികള്‍ക്കിടയില്‍ അവന്‍ ചിരിച്ചു കൊണ്ട്‌ നിന്നില്ല. ഷിഫ്‌റ്റില്‍ പ്രവര്‍ത്തിക്കുന്ന ഞങ്ങളുടെ സ്‌കൂളില്‍ വിജയ ശതമാനം അക്കാലത്ത്‌ ഇരുപതില്‍ താഴെയാണ്‌. ഫസ്റ്റ്‌ ക്ലാസ്സിനും സെക്കന്റ്‌ ക്ലാസ്സിനും ഒന്നോ രണ്ടോ അവകാശികള്‍ മാത്രം.
സ്‌കൂളിന്റെ നിലവാരം വെച്ച്‌ എന്റെ അമ്മയ്‌ക്ക്‌ പേടിയുണ്ടായിരുന്നു ഞാന്‍ ജയിക്കുമോ എന്ന്‌. പോരാത്തതിന്‌ അമ്മ ജോലിസ്ഥലത്താണ്‌. മാസത്തില്‍ ഒന്നോ രണ്ടോ തവണയാണ്‌ വരുന്നത്‌.
എന്റെ ജിവിതത്തില്‍ അന്നുവരെ ഉറക്കം വരാത്ത രാത്രി റിസള്‍ട്ടിന്റെ തലേരാത്രിയാണ്‌. ജയിക്കുമെന്ന തോന്നലൊക്കെയുണ്ട്‌. പക്ഷേ, ഇവിടത്തെ ടീച്ചര്‍മാരല്ലല്ലോ പേപ്പര്‍ നോക്കുന്നത്‌. മോഡല്‍ പരീക്ഷയ്‌ക്ക്‌ 270 മാര്‍ക്കാണ്‌ കിട്ടിയത്‌. അമ്മയ്‌ക്കാണെങ്കില്‍ വേവലാതി.
ഉച്ചയ്‌ക്ക്‌ സ്‌കൂളുവിട്ടു വന്നാല്‍ റേഡിയോ പാട്ടുകേട്ട്‌ കണക്കു ചെയ്യല്‍...പറമ്പിലും മലയിലും കളിച്ചു നടക്കല്‍, മംഗളം മനോരമ വായന.....പറ്റുന്നത്ര ഉഴപ്പി...
തോറ്റാല്‍ പഴിപറയേണ്ടതൊക്കെ ഉറപ്പിച്ചു വെച്ചു. ചോക്കു കാണിച്ച്‌ ടെസ്റ്റ്യൂബാണെന്നു പറയുന്ന രസതന്ത്രക്ലാസ്സ്‌, ക്ലാസ്സിലിരുന്നുറങ്ങുന്ന കണക്കു സാര്‍...ഒക്‌ടോബര്‍ വരെ വരാഞ്ഞ ചരിത്രം, ഭൂമിശാസ്‌ത്രം, ഇംഗ്‌ളീഷ്‌ അധ്യാപകര്‍...പോരാഞ്ഞിട്ട്‌ വീട്ടില്‍ കരണ്ടില്ല...മണ്ണെണ്ണ വിളക്കിന്റെ ...

ഒക്‌ടോബറിനുശേഷം എത്തിയ ഇംഗ്ലീഷ്‌ ടീച്ചറെ വിഷം തീണ്ടി വീട്ടില്‍ കൊണ്ടു വന്ന ദിവസം ഞാനെന്തുമാത്രം പാടുപെട്ടെന്നോ..
ടീച്ചറുള്ളതുകൊണ്ട്‌ എങ്ങനെയോ പത്തുമണി വരെ ഉറങ്ങാതിരുന്നു. മുത്തശ്ശിയോടു പറഞ്ഞ്‌ മൂന്നു മണിക്ക്‌ വിളിച്ചുണര്‍ത്തി. ഉറക്കം തൂങ്ങി മണ്ണെണ്ണ വിളിക്കിനു മുന്നിലിരുന്നു....
ഹോ ഓര്‍ക്കാന്‍ വയ്യ. ഉച്ചയ്‌ക്ക്‌ സ്‌കൂളുവിട്ടു വന്നയുടനെ ചോറുണ്ട്‌ ഒറ്റക്കിടപ്പായിരുന്നു. തലേദിവസത്തെ കടം വീട്ടാന്‍...
എന്നിട്ടും ക്ലാസ്സില്‍ ടീച്ചര്‍ പരസ്യമായി പറഞ്ഞത്‌ പഠിത്തം പോരെന്നാണ്‌.

റിസള്‍ട്ടു വന്നപ്പോള്‍ സെക്കന്റ്‌ ക്ലാസ്‌. പിന്നീടെനിക്ക്‌ റാങ്ക്‌ കിട്ടിയപ്പോള്‍ പോലും എന്റെ അമ്മ ഇത്രയധികം സന്തോഷിച്ചിട്ടുണ്ടാവില്ല.
പറഞ്ഞു വന്നത്‌ എനിക്ക്‌ അവന്‌ പ്രണയിച്ചുകൊണ്ട്‌ സെക്കന്റ്‌ ക്ലാസ്‌ വാങ്ങാമെങ്കില്‍ അവനെന്താണ്‌?
...എന്റെ സൈ്വര്യം നശിച്ചു.
എങ്ങനെയെങ്കിലും എനിക്കവനെ കണ്ടേ മതിയാവൂ. കാണാവുന്ന ദൂരത്തുണ്ട്‌. പക്ഷേ,...
അവസാനം കോളേജിലേക്ക്‌ പോകും വഴി റോഡരുകില്‍ വെച്ച്‌ ഞാനാദ്യമായി അവനോട്‌ സംസാരിച്ചു.
'ജയിക്കുമോ?' രണ്ടും കല്‌പിച്ച്‌ ചോദിച്ചു
തിരിച്ചുള്ള പ്രതികരണം നോക്കാതെ സരോജ ടീച്ചര്‍ ഉപദേശിച്ചതങ്ങ്‌ പറഞ്ഞു.
തോറ്റാല്‍ എനിക്കാണ്‌ കുറ്റം എന്നും പറയാന്‍ മറന്നില്ല.

പനമ്പുമറയിലെ അളികള്‍ വീണ്ടും അടര്‍ന്നു പോയി. അത്യാവശ്യം ഒരു കൈ കടന്നു പോകാന്‍ പാകത്തിനുള്ള വട്ടം. അന്ന്‌ പ്രണയദിനമായിരുന്നിരിക്കണം...ഫെബ്രുവരിയായിരുന്നെന്ന്‌ ഓര്‍മയുണ്ട്‌.
പതിവുപോലെ നേരത്തെ ക്ലാസിലെത്തി. എന്റെ ക്ലാസ്സില്‍ ഞാന്‍ മാത്രം അപ്പോള്‍. പത്താംക്ലാസ്സില്‍ വന്നവരൊക്കെ പുറത്താണ്‌. മെല്ലെ അവന്‍ പനമ്പുമറയ്‌ക്കപ്പുറം വന്നു നിന്നു വിളിച്ചു.
ഞാന്‍ അളിഅടര്‍ന്ന വട്ടത്തിലൂടെ നോക്കി. എനിക്കു നേരെ വരുന്നു ഒരു പനിനീര്‍ പൂവ്‌...

അത്‌ ഞാന്‍ സൂക്ഷിച്ചു വെച്ചു. ചെറിയ ഒരു പാത്രത്തിലാക്കിവെച്ചു. കരിഞ്ഞുപോയാലും നഷ്ടപ്പെടരുതെന്ന്‌ കരുതി.
പിന്നീടെപ്പോഴൊ വിരുന്നു പോയി വന്നപ്പോള്‍ മുറ്റത്തിനതിരില്‍ രണ്ടു കഷ്‌ണമായി കിടക്കുന്നു എന്റെ പൂവു വെച്ച്‌ പാത്രം.....
ഉണങ്ങിയ പനിനീര്‍പൂവ്‌ ഞാന്‍ തിരഞ്ഞു..ഇല്ല..ഇല്ല
എങ്ങുമില്ല..
അത്‌ കാറ്റത്തെങ്ങോ പറന്ന്‌ പറന്ന്‌.....

Tuesday, February 5, 2008

ആനന്ദമാര്‍ഗ്ഗം വായിക്കുമ്പോള്‍

...."മധ്യവയസ്സില്‍ ആത്മഹത്യ ചെയ്യുന്നവരാണോ ടീച്ചറെ നമ്മള്‍?"
രാധാമണി ദേവകി ടീച്ചറിനോട്‌ ചോദിച്ചു.
"അതങ്ങനാ രാധാമണീ, ഒരു നദിക്കു ഒഴുക്കു നിലയ്‌ക്കും പോലെ അതങ്ങു നിന്നു കഴിഞ്ഞാല്‍ പിന്നെ നമ്മുടെ ശരീരം ആര്‍ക്കും വേണ്ട്‌."
മഞ്ഞ്‌ ഓരോ മുഖത്തെയും മറച്ചു.
"ഇനി മുതല്‍ നമുക്കും ചിലതൊക്കെ വേണമെങ്കിലോ?"
.......
(ആനന്ദമാര്‍ഗ്ഗം-ഉണ്ണി ആര്‍)


"നമുക്കും ഇങ്ങനെയൊന്ന്‌ ടൂര്‍ പോയാലോ" എന്നാണ്‌ ആനന്ദമാര്‍ഗ്ഗം എന്ന കഥവായിച്ച എന്റെ സഹപ്രവര്‍ത്തകര്‍ പ്രതികരിച്ചത്‌.
ഒരു കഥ വായിച്ചാല്‍ ഇതിലപ്പുറം ഒരു കഥാകൃത്തിന്‌ എന്താണ്‌ ലഭിക്കേണ്ടത്‌ എന്ന്‌ ഓര്‍ത്തുപോയി.

ഒരു സ്‌കൂളിലെ അധ്യാപികമാര്‍ വിനോദയാത്രക്ക്‌ പോകുന്ന കഥയാണ്‌ ആനന്ദമാര്‍ഗ്ഗം. നാല്‌പത്തിയഞ്ചു വയസ്സിനുമുകളില്‍ പ്രായമുള്ളവര്‍ മാത്രമേ ഒരു ദിവസം തങ്ങി പിറ്റേന്നുള്ള മടക്കത്തിനു തയ്യാറാകുന്നുള്ളു.
അങ്ങനെ അവര്‍ തേക്കടിക്കു പുറപ്പെടുന്നു. ഇഷ്‌ടമുള്ള വേഷങ്ങള്‍ ധരിച്ച്‌ ആടിപ്പാടി അവര്‍ യാത്രയാവുന്നു. ഡ്രൈവറേയോ കിളിയേയോ അവര്‍ തങ്ങളുടെ യാത്രയില്‍ ഭാഗമാക്കുന്നില്ല. സ്‌ത്രീകള്‍മാത്രം. രാത്രി തങ്ങുന്ന ബംഗ്ലാവുല്‍ നിന്നും സൂക്ഷിപ്പുകാരനും പോയിക്കഴിഞ്ഞപ്പോള്‍, സ്‌ത്രീകളുടെ മാത്രം ലോകം തീര്‍ക്കുകയാണവര്‍. മദ്ധ്യ വയസ്‌ക്കരായ അവര്‍ അവരവരുടെ ദുഖങ്ങള്‍ പങ്കുവെയ്‌ക്കുന്നു.

ഉണ്ണി ആര്‍ എഴുതിയ ഈ കഥ വായിക്കുമ്പോള്‍ മറ്റൊരു ലോകത്ത്‌ എത്തിപ്പെടുന്നു. ചിരി, പിന്നെ സങ്കടം ...വായിച്ചു കഴിയുമ്പോള്‍ ഈ കഥ വിടാതെ പിന്തുടരുന്നു. വായനക്കാരും ആ വിനോദയാത്രയില്‍ അവരിലൊരാളി മാറുന്നു.
ഒരു കഥയുടെ വിജയവും അതാവാം.

ഈ കഥ വായിച്ചു കഴിഞ്ഞപ്പോള്‍ എന്റെ സഹപ്രവര്‍ത്തകരെക്കൂടി വായിപ്പിക്കണമെന്നു തോന്നിപ്പോയി. അങ്ങനെയാണ്‌ ഇടവേള നേരത്ത്‌ മുന്നു സഹപ്രവര്‍ത്തകമാരും ഈ കഥ വായിച്ചത്‌. വായിച്ചു കഴിഞ്ഞപ്പോള്‍ ഒരാള്‍ക്കു കണ്ണു നിറഞ്ഞു. രണ്ടുപേര്‍ മിണ്ടാനാവാതെ ഇരുന്നു.

ഈ ആഴ്‌ചത്തെ മാതൃഭൂമി ആഴ്‌ചപ്പതിപ്പിലാണ്‌ ആനന്ദമാര്‍ഗ്ഗം വന്നത്‌.
വായിക്കാന്‍ താത്‌പര്യമുള്ളവര്‍ വായിക്കുക. തീര്‍ച്ചയായും വായനക്കാരെ നിരാശ
പ്പെടുത്തില്ല ഈ കഥ.

ഒപ്പം കഥാകൃത്തിന്‌ ഭാവുകങ്ങള്‍ നേരുന്നു.

Saturday, February 2, 2008

ആദ്യ സിനിമയുടെ ഓര്‍മ

നിരന്തരം ശല്യപ്പെടുത്തിയപ്പോഴാണ്‌ സൈ്വര്യക്കേടൊഴിയാന്‍ അമ്മ ഞങ്ങളെ സിനിമക്കു വിട്ടത്‌. അന്നു വരെ സിനിമയോ തീയറ്ററോ ഞങ്ങള്‍ക്ക്‌ പരിചതമായിരുന്നില്ല.

അമ്മയുടെ പുതിയ ജോലിസ്ഥലം എന്തുകൊണ്ടും ഞങ്ങള്‍ക്ക്‌ ബോധിച്ചു. അന്നു വരെ ഞങ്ങള്‍ താമസിച്ചിരുന്ന കുഗ്രാമത്തില്‍ നിന്ന്‌ മറയൂരിലേക്കുള്ള താമസം മാറ്റം വെളിച്ചത്തിലെത്തിപ്പെട്ടതുപോലെയായിരുന്നു.
എങ്ങും ചന്ദനമരങ്ങള്‍, ചുവപ്പും റോസും കൊങ്ങിണി പൂക്കള്‍, കരിമ്പു തോട്ടങ്ങള്‍, ......അതിലേറെ അയല്‍വാസി ജോഷിച്ചേട്ടന്റെ വീടും പറമ്പും പറുദീസയായിരുന്നു.
മുന്തിരിവള്ളി, പപ്പായമരങ്ങള്‍, ഫാഷന്‍ഫ്രൂട്ട്‌ , പേര, മാതളനാരകം, നെല്ലി, മുറ്റത്ത്‌ കനകാംബരം,പിച്ചി, പലതരത്തിലും നിറത്തിലും പനിനീര്‍പൂക്കളും...വയലില്‍ നിലക്കടല, പിന്നീടങ്ങോട്ട്‌ കരിമ്പിന്‍ തോട്ടം. തോട്ടത്തിനിടയിലൂടെ തെളിഞ്ഞൊഴികിയ കൈത്തോട്‌....ഭൂമിയിലെ സ്വര്‍ഗ്ഗത്തിലെത്തപ്പെട്ടതുപോലെ ഞങ്ങള്‍ ആ പരിസരത്ത്‌ കളിച്ചു നടന്നു.

ഞാനന്ന്‌ മൂന്നിലും അനിയത്തി രണ്ടിലുമാണ്‌ പഠിക്കുന്നത്‌. അധികം ദൂരത്തല്ല ചന്ദന തീയറ്റര്‍. സിനിമയെക്കുറിച്ച്‌ കേട്ടറിവുകളെ ഉള്ളൂ. സിനിമ കാണണമെന്നു പറയുമ്പോഴൊക്കെ അമ്മയക്ക്‌ അലക്കൊഴിഞ്ഞിട്ട്‌ നേരമില്ല.

സൈ്വര്യം കെട്ടപ്പോള്‍ അമ്മ ജോഷിച്ചേട്ടന്റെ കൂടെ ഞങ്ങളെ മാറ്റിനിക്കു പറഞ്ഞയച്ചു. ജോഷിച്ചേട്ടന്‍ അന്ന്‌ ഒന്‍പതില്‍ പഠിത്തം നിര്‍ത്തി വീട്ടിലെ മാടുകളെ കാട്ടിലേക്കടിച്ചും വൈകിട്ട്‌ തിരിച്ചടിച്ചും നടക്കുന്ന കാലം.
എന്തോ ഞങ്ങള്‍ ഇത്തിരിപോന്ന കൊച്ചുങ്ങളുടെ കൂടെയിരുന്ന്‌ സിനിമകാണാന്‍ പറ്റില്ലെന്നു തോന്നിയാവണം ടിക്കറ്റെടുത്ത്‌ ഞങ്ങളെ തീയറ്ററിനകത്ത്‌ ഇരുത്തിയിട്ട്‌ മൂപ്പര്‍ മുങ്ങി. മുമ്പേ അമ്മയോട്‌ പറഞ്ഞതുമാണ്‌.

സിനിമ മൂന്നു മണിക്കാണ്‌ തുടങ്ങുന്നത്‌. സിനിമ കഴിഞ്ഞ്‌ കാട്ടില്‍ പോയി മാടുകളെ തിരിച്ചടിക്കാന്‍ ബുദ്ധിമുട്ടാണെന്നു പറഞ്ഞാണ്‌ ജോഷിച്ചേട്ടന്‍ ടിക്കറ്റെടുത്ത്‌ കയറ്റി വിടാം എന്നേറ്റത്‌. വീട്ടിലേക്ക്‌ അധികം ദൂരത്തല്ലാത്തതുകൊണ്ട്‌ ഞങ്ങള്‍ തനിച്ചു മടങ്ങിക്കോളാം എന്നേറ്റു.

തീയറ്ററിനുള്ളില്‍ മങ്ങിയ വെളിച്ചം.
വലിയൊരു വെള്ളത്തുണി വലിച്ചു കെട്ടിയിരിക്കുന്നു.
തുണിക്കിരുവശവും ഭിത്തിയില്‍ ശകുന്തള മാന്‍പേടയെ ഓമനിക്കുന്ന ചിത്രം വരച്ചു വെച്ചിരുന്നു. തുണിക്കു താഴെ ചുവപ്പു പെയിന്‍റടിച്ച കുറെ ഇരുമ്പുതൊട്ടിള്‍ തൂക്കിയിരുന്നു. അതെന്തിനാണെന്ന്‌ മനസ്സിലായില്ല.

ഏറ്റവും മുന്നില്‍ കുറേ സ്‌ഥലം ഒഴിഞ്ഞു കിടന്നിരുന്നു. അതിനടുത്തായി ബഞ്ചുകള്‍. ഞങ്ങളിരുന്നത്‌ നടുക്കാണ്‌- സെക്കന്റ്‌ ക്ലാസ്‌. അവിടെ ചാരു ബെഞ്ചാണ്‌. ഏറ്റവും പുറകില്‍ കസേര. ജോഷിച്ചേട്ടന്‍ എന്തിനാണ്‌ ഞങ്ങളെ നടുക്കു കൊണ്ടുപോയി ഇരുത്തിയത്‌ എന്ന്‌ എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല. മുമ്പിലിരുന്നാല്‍ മതിയായിരുന്നു. നല്ലോണം കാണായിരുന്നു-
എന്നോര്‍ത്ത്‌ സങ്കടപ്പെട്ടു.
പിന്നെ സമാധാനിച്ചു. എറ്റോം പുറകിക്കൊണ്ടിരുത്തിയില്ലല്ലോ.

കുറച്ചു സമയം അങ്ങനെ ചിന്തിച്ചും എന്തൊക്കെയോ സംസാരിച്ചും ഇരുന്നപ്പോഴേക്കും ആളുകള്‍ നിറഞ്ഞു. മുന്നില്‍ നിന്ന്‌ വെളുത്ത പുകച്ചുരുളുകള്‍ മേലോട്ടുയര്‍ന്നു. ബീഡിയുടെ കട്ടു മണം...ഛര്‍ദിക്കാന്‍ തോന്നി.

അക്കാലത്ത്‌ മറയൂര്‍ ചന്ദനയിലും കോവില്‍ക്കടവ്‌ റോസയിലും തമിഴ്‌ സിനിമകളാണ്‌ വരാറ്‌.
അന്നു വരെ കാണാത്ത അത്ഭുതം ഞങ്ങള്‍ നോക്കിയിരുന്നു. ്‌ അന്നുവരെ കാണാത്ത നടന്മാരെയും ഭാഷയും കഥയും ഒന്നും മനസ്സിലാവാതെ മിഴിച്ചിരുന്നു കണ്ടു. സാധാരണ മനുഷ്യനേക്കാള്‍ പത്തെരട്ടിയോളം വലിപ്പമുള്ള മുഖങ്ങളും ഓട്ടവും ചാട്ടവും ബസ്സും കാറും പല പല നിറങ്ങളും പാട്ടും ഡാന്‍സും....ഒന്നുമൊന്നും മനസ്സിലായില്ലെങ്കിലും വെള്ളിത്തിരയിലെ ആ അത്ഭുതം ഞങ്ങള്‍ക്ക്‌ രസിച്ചു. എവിടെ നിന്നാണ്‌ സിനിമവരുന്നതറിയാന്‍ ചുറ്റും നോക്കി. ഒരു പിടുത്തവുമില്ല. പുറകോട്ട്‌ തിരിഞ്ഞു നോക്കുമ്പോള്‍ തലക്കു മുകളിലൂടെ ടോര്‍ച്ചടിക്കുന്നതു പോലെ ഒരു വെളിച്ചം കടന്നു പോകുന്നുണ്ട്‌്‌. അങ്ങനെ രസിച്ചിരുന്നു കാണുമ്പോഴാണ്‌ സിനിമ തീര്‍ന്നത്‌. ഇനി എന്തെങ്കിലുമുണ്ടോ എന്നറിയാന്‍ ചാരുബഞ്ചില്‍ അമര്‍ന്നിരുന്നു നോക്കി. നേര്‍ത്ത വെളിച്ചത്തില്‍ വെളുത്തതുണി മാത്രം.

പുകച്ചുരുളുകള്‍ വീണ്ടുമുയര്‍ന്നു. ആളുകള്‍ പുറത്തേക്കു കടക്കുന്നു. ഞങ്ങളും എഴുന്നേറ്റ്‌ പുറത്തേക്കു നടന്നു. പുറത്തിറങ്ങിയപ്പോള്‍ കണ്ണിനു പുളിപ്പ്‌. വെയിലിനു ശക്തി കൂടിയതു പോലൊരു തോന്നല്‍. നല്ല പ്രകാശം.

ആദ്യമായി സിനിമ കണ്ടു എന്ന അത്യാഹ്ലാദത്തില്‍ ഞങ്ങള്‍ ഓടിയും ചാടിയും പുതുക്കടക്ക്‌ അടുത്തുകൂടിയുള്ള വഴിയെ പട്ടിക്കാട്ടിലെ തീട്ടപ്പറമ്പ്‌ കടന്ന്‌ വൃത്തിഹീനമായ തെരുവിലൂടെ കരിമുട്ടിയിലേക്കുള്ള വഴിയേ ....

നേരെ ജോഷിച്ചേട്ടന്റെ വീട്ടിലേക്കാണു ചെന്നത്‌. അമ്മ മുറ്റത്തെ മുന്തിരവള്ളിക്കരുകിലിട്ടിരുന്ന ഉരലില്‍ അരി ഇടിച്ചു കൊണ്ടു നില്‌ക്കുന്നു.
അമ്മ സിനിമാക്കഥ ചോദിക്കുമെന്നും കണ്ട അത്ഭുതം വാതോരാതെ പറയണമെന്നും വിചാരിച്ചത്‌ തെറ്റി.
ഞങ്ങളെ കണ്ടതേ അമ്മ അര ഇടിക്കല്‍ നിര്‍ത്തി ഉലക്ക പിടിച്ചു നിന്ന്‌ ചോദിച്ചു. ഇത്ര വേഗം സിനിമ തീര്‍ന്നോ?
തീര്‍ന്നു എന്ന്‌ ഞങ്ങള്‍
ചേച്ചിയെ നേരമെന്നായി..എന്ന്‌ അമ്മ ജോഷിച്ചേട്ടന്റെ അമ്മ ഏലിയാമ്മ ചേച്ചിയോട്‌ വിളിച്ചു ചോദിച്ചു. അമ്മയ്‌ക്കുണ്ടായ സംശയം തീര്‍ക്കണമല്ലോ.
അപ്പോള്‍ നാലരമണിയായിരുന്നു.
പിന്നെ ഉച്ചത്തിലുള്ള കൂട്ടച്ചിരിയാണ്‌ ഞങ്ങള്‍ കേട്ടത്‌.
കാരണം ഞങ്ങള്‍ ഇന്റര്‍വെല്ലിനാണ്‌ ഇറങ്ങിപ്പോന്നത്‌്‌.