Monday, January 7, 2013

വാടകവീടുകള്‍


1

കരിമ്പോല മേഞ്ഞ തെങ്ങിന്റെ ചിത്രം വരച്ച മാതിരി ചാണകം മെഴുകിയ വീടായിരുന്നു അത്.  ഞങ്ങളുടെ ആദ്യത്തെ വാടകവീട്.  ഒരു കുഞ്ഞു വരാന്തയും ഒറ്റമുറിയും അടുക്കളയും മാത്രമുണ്ടായിരുന്ന വീട്.   ഒരിക്കലും ഉപയോഗിച്ചു കണ്ടിട്ടില്ലാത്ത ഒരു ഇളം മഞ്ഞ സില്‍ക്ക് ഷര്‍ട്ട് ഞങ്ങള്‍ വരാന്തയുടെ ഒരുമൂലയില്‍ തൂക്കി.  ആ ഫുള്‍ക്കൈയ്യന്‍ ഷര്‍ട്ടിലായിരുന്നു അനിയത്തിയെ മുടിപ്പിന്നല്‍ പഠിപ്പിച്ചത്. അടുത്തുള്ള കൊങ്ങിണിക്കാട്ടില്‍ പോയി ചുവപ്പും റോസും പൂക്കള്‍ കൊണ്ടുവന്ന് ആ മുറ്റത്തായിരുന്നു ആദ്യമായി പൂക്കളമിട്ടത്.  അമ്മച്ചി നട്ടുപിടിപ്പിച്ച സൂര്യകാന്തി പൂക്കള്‍ ഞങ്ങളെ നോക്കിച്ചിരിച്ചു.   പുറത്ത് ഡിസംബറിലെ അസ്ഥിമരക്കുന്ന തണുപ്പിലും കരിമ്പോലകള്‍  ചൂടേകി. 


കമ്മട്ടിപ്പത്തലിന്റെ വേലിയും മുളകൊണ്ടുള്ള വേലിക്കടമ്പയുമുണ്ടായിരിന്നു.  അതിരില്‍ നിന്നിരുന്ന കാട്ടുറബ്ബറില്‍ ചെറിയ പോറലുകള്‍ വീഴ്ത്തി കറയെടുത്തു ഞങ്ങള്‍ പന്തുണ്ടാക്കാന്‍ ശ്രമിച്ചു.  പട്ടിക്കാട്ടിലെ തമിഴത്തിപ്പെണ്ണുങ്ങള്‍ ആ വഴിയാണ് അക്കാതങ്കച്ചി മലയിലേക്ക് വിറകിനു പോയിരുന്നത്.  പുറ്റുമണ്ണുണ്ട കൊതിയോടെ ഇളക്കിയെടുത്ത് അവര്‍  വേലിയില്‍ വെച്ചിട്ടുപോയി.  തിരിച്ചുവരുമ്പോഴവരതെടുത്ത് രുചിയോടെ തിന്നുകൊണ്ടു നടന്നു.  വികൃതിയായ അനിയത്തി അവര്‍ വേലിയില്‍ വെച്ചിട്ടുപോയ പുറ്റുമണ്ണുണ്ടകള്‍ കൈത്തോട്ടിലെറിഞ്ഞു.  വിറകുമായ് വരുന്നവര്‍ പുറ്റുമണ്ണുണ്ട കാണാതെ ആരെയോ പ്രാകിപ്പറഞ്ഞു. 

അമ്മച്ചിയുടെ ജോലിസ്ഥലത്തെ ആ കുഞ്ഞുവീട്ടില്‍ അഞ്ചോ ആറോ മാസമാണ് നിന്നത്.  അപ്പോഴേക്കും മാറ്റം കിട്ടി മറ്റൊരിടത്തേക്ക്.  പക്ഷേ, മറയൂരിലേക്കുള്ള ഏതുയാത്രയിലും ഞാനാ വീടിന്റെ മുറ്റത്തേക്ക് പോകാന്‍ കൊതിച്ചു. 
കുറച്ചുനാള്‍ മുമ്പ് ഞങ്ങള്‍ അവിടേക്ക് പോയി.  മുതിര്‍ന്നതില്‍ പിന്നെ, അല്ലെങ്കില്‍ മറയൂരില്‍ നിന്നുപോന്നതില്‍ പിന്നെ ഞാനും അവളും കൂടി പോയതപ്പോഴായിരുന്നു.  മാടുകള്‍ നടന്നുപോയ അതേ വഴി, അതേ കൈത്തോട്, അടുത്തവീട്ടിലെ മരഗേറ്റ് എല്ലാം അങ്ങനെതന്നെയായിരുന്നു.  പക്ഷേ, വീടുമാത്രം കോണ്‍ക്രീറ്റായിരുന്നു. 

എന്നിട്ടും ആ വീടിനുമുന്നില്‍ ആ വഴിയില്‍ നിന്നപ്പോള്‍ കൂടെയുണ്ടായിരുന്ന ക്യാമറയുണ്ടായിരുന്നയാളോട് അണ്ണാ ഞങ്ങടെയൊരു ഫോട്ടോ എടുക്കാമോ എന്നു ചോദിച്ചു.  അണ്ണനെടുത്ത ഫോട്ടായാകട്ടെ ഞങ്ങളു വിചാരിച്ച പോലെയായതുമില്ല.  ഫോട്ടോ നോക്കുമ്പോഴൊക്കെ എന്തിനായിരുന്നു ഈ ഫോട്ടോ എന്നു ചോദിച്ചുകൊണ്ടിരുന്നു.  അത് ഞങ്ങളുടെ വീടായിരുന്നില്ല.  ഞങ്ങള്‍ താമസിച്ചിരുന്ന വാടകവീടുമായിരുന്നില്ല.  എന്നിട്ടും അന്ന് കാട്ടുറബ്ബര്‍ പോറിച്ച് പാലെടുത്തപ്പോള്‍ കൈയ്യില്‍ പിടിച്ചതിലല്പം മനസ്സിലും പറ്റിപ്പിടിച്ചിരുന്നിരിക്കണം.


അഞ്ചോ ആറോ ഗ്രാനൈറ്റ് ഷോപ്പുകള്‍ക്കു മുന്നിലൂടെയാണ് ദിവസവും യാത്രചെയ്യുന്നത്.  ആ ഷോപ്പുകള്‍ക്കു മുന്നില്‍ ബസ്സു നിര്‍ത്തുമ്പോള്‍ ആ കല്‍പ്പാളികളിലേക്കു തന്നെ നോക്കിയിരിക്കാറുണ്ട്.  ഭൂമിയുടെ ബഹിരാകാശചിത്രമാണ് അതില്‍ പലതിനുമെന്ന് തോന്നാറുണ്ട്.  ചിലപ്പോള്‍ അത് പുരാതന നാഗരിക സംസ്‌ക്കാരത്തിന്റെ കണ്ടെടുക്കപ്പെട്ട അവശിഷ്ടങ്ങള്‍ പോലെ തോന്നിച്ചു. പുഴയൊഴുകുന്നതും വന്‍മരങ്ങള്‍ വീണുകിടക്കുന്നതും കാറ്റടങ്ങിയ മരുഭൂമിയുമെല്ലാമുണ്ടായിരുന്നു ആ കാഴ്ചയില്‍.  ആ കല്‍ചിത്രങ്ങള്‍ അങ്ങനെയെന്തെല്ലാമോ ഓര്‍മിപ്പിച്ചുകൊണ്ടിരുന്നു.  അപ്പോഴൊക്കെ ഓര്‍ത്തു പോകുന്ന മറ്റൊന്ന് ഏതൊക്കെയോ വീടിന്റെ നിലത്തു പതിക്കാനുള്ളതാണല്ലോ ഇവ എന്നായിരുന്നു. 

ഇപ്പോഴത്തെ ടെറസ്സ് വീടുകള്‍ക്ക് വലിയ ആയുസ്സുള്ളതായി കണ്ടിട്ടില്ല.  മിക്കവാറുമാളുകള്‍ പതിനഞ്ചും ഇരുപതും വര്‍ഷത്തെ ദീര്‍ഘകാല വായ്പയെടുത്താണ് വീടു നിര്‍മിക്കുന്നത്.  ആ കാലവധി കഴിയുമ്പോഴേക്കും വീടും ഉപയോഗശൂന്യമായിത്തുടങ്ങും.  പലയിടത്തും ചിതലരിക്കാന്‍ തുടങ്ങും.  ചിലയിടങ്ങളില്‍ ചോര്‍ച്ച, വെള്ളം കാലിക്കല്‍...പുതുതലമുറയ്ക്ക്്് ആ വീടിനോട് ഒരു മമതയുമുണ്ടാവില്ല.  അവര്‍ പുതിയ കാഴ്ച്ചപ്പാടിനനുസരിച്ചുള്ള വീടുകളെക്കുറിച്ച് ആലോചിക്കാന്‍ തുടങ്ങും.  നിലത്തു പതിച്ച ബഹിരാകാശച്ചിത്രത്തിനും ഒരു വിലയുമില്ലാതാകുന്നു.  എന്തിനായിരുന്നു അപ്പോള്‍ വലിയൊരു സംഖ്യ ചെലവാക്കി വീടു പണിതതെന്ന് തോന്നിപ്പോകും. 

വാടക വീടായിരുന്നെങ്കില്‍ ഈ കാലയളവില്‍ നാലിലൊന്നുപോലും ചിലവു വരില്ലായിരുന്നല്ലോ എന്നൊക്കെ വിചാരിക്കും. 
മുമ്പൊക്കെ, വലിയൊരു പറമ്പിനു നടുവിലായിരുന്നു വീട്.  കളപ്പുരയും തൊഴുത്തും കോഴിക്കൂടും ഒക്കെ ചേര്‍ന്നത്.  ഇപ്പോഴത് നാട്ടിന്‍പുറങ്ങളില്‍ പോലും റോഡിനോട് ചേര്‍ന്ന് കുറഞ്ഞ സ്ഥലത്ത് വീടുമാത്രമാകുന്നു.  മുറ്റം പോലും പേരിനാണ്. 
വാടക വീടിനുള്ളില്‍  എപ്പോഴും സ്വന്തമല്ലല്ലോ , എപ്പോഴാണിവിടെ സ്വന്തമായൊരു വീടുണ്ടാവുക എന്ന അശാന്തിയാണ്.  വീട്ടുടമയ്ക്ക് ഇവര്‍ ഒഴിഞ്ഞു പോകാതിരിക്കുമോ എന്നും വാടകക്കാരന് എപ്പോഴാണ് ഒഴിയാന്‍ പറയുന്നത് എന്ന ഭയവും വിടാതെ പിന്തുടര്‍ന്നുകൊണ്ടോയിരിക്കും....

അമ്മച്ചിയുടെ സ്ഥലംമാറ്റങ്ങള്‍ക്കനുസരിച്ച് ഞങ്ങള്‍ വീടുമാറിക്കൊണ്ടിരുന്നു.  മറയൂരില്‍ ഒരു കൊല്ലം തികച്ചപ്പോഴേക്കും ആനച്ചാലിലേക്ക്..അവിടത്തെ ഒരുകൊല്ലം കഴിഞ്ഞപ്പോള്‍ വീണ്ടും മറയൂരിലേക്ക്.  .  മറയൂരിലേക്ക് വീണ്ടും വന്നപ്പോള്‍ കിട്ടിയ വീട്ടുടമസ്ഥര്‍ക്ക് നാലുമക്കളായിരുന്നു.  അതില്‍ ആണ്‍കുട്ടിയായിരുന്നവന്‍ എന്റെ സഹപാഠിയുമായിരുന്നു. അവരുടെ  വീടിനോട് ചേര്‍ന്ന് രണ്ടുമുറിയും നിന്നു തിരിയാന്‍ ഇടമില്ലാത്ത അടുക്കളയുമായിരുന്നു ഞങ്ങളുടേത്.  സ്‌കൂളിലേക്ക് ഒറ്റയോട്ടം മതി. വീടിനെതിര്‍വശത്ത് ് വലിയൊരു ആല്‍മരമുണ്ടായിരുന്നു.  അതിനോട് ചേര്‍ന്ന് ഒറ്റയായി നിന്ന പാറയും. ഞങ്ങള്‍ പേരാല്‍ വള്ളികളില്‍ ഊഞ്ഞാലാടി.  പാറയില്‍ വലിഞ്ഞുകയറി കഥ പറഞ്ഞു. പാട്ടുപാടി...ഊരമ്പലത്തിലെ ഉത്സവത്തിന് ഞങ്ങള്‍ ഇരുവീട്ടിലേയും കുട്ടികള്‍ ഒരുമിച്ചുപോയി.  വള താത്തനില്‍ നിന്ന് വളകള്‍ മേടിച്ചു കിലുക്കി നടന്നു. 
പക്ഷേ, നാലുമാസം കഴിഞ്ഞപ്പോഴൊരു ദിവസം രാവിലെ മൂത്ത ചേച്ചി വന്ന് അമ്മച്ചിയോട് പറഞ്ഞു.
പപ്പ വീടൊഴിയാന്‍ പറയുന്നു എന്ന്. എന്തു കാരണത്താലാണ് അങ്ങനെ പറഞ്ഞതെന്ന് ഇന്നുമെനിക്കറിയില്ല.  വാടകകൊടുക്കാതിരുന്നില്ല.  ബഹളക്കാരുമായിരുന്നില്ല.
അമ്മച്ചി സങ്കടങ്ങള്‍ ഇറക്കിവെച്ചിരിന്നത് കുറച്ചപ്പുറത്ത് താമസിക്കുന്ന ഏലിയാമ്മ ചേച്ചിയുടെയും മാത്തുക്കുട്ടിച്ചേട്ടന്റെയും അടുത്തായിരുന്നു. നേരെ അങ്ങോട്ടോടി.
അതു ഞങ്ങളുടെ തറവാടു പോലെയായിരുന്നു.   പരിഹാരം അവിടെനിന്നുണ്ടാവുമെന്നുറപ്പായിരുന്നു.  അന്നു വൈകിട്ട് സ്‌കൂളുവിട്ടുപോയത് അങ്ങോട്ടാണ്്്്്.   പുതിയൊരു വീടുകണ്ടുപിടിക്കും വരെ അവിടുത്തെ ചുരുങ്ങിയ സൗകര്യങ്ങളില്‍, ചേച്ചിയുടെ കടുമാങ്ങ അച്ചാറും തൈരും ശര്‍ക്കര കടിച്ചുകൂട്ടിയുള്ള കാപ്പികുടിയും പ്രിയപ്പെട്ടതായി...
കുറച്ചു പാത്രങ്ങളും തുണിപ്പെട്ടിയും ഒരു മടക്കുകട്ടിലുമായി പുതിയൊരു വീട്ടിലേക്ക്.  അത് ശരിക്കും പുതിയ വീടായിരുന്നു.  ടാറ്റയുടെ തേയിലത്തോട്ടത്തില്‍ ജോലിയെടുത്തിരുന്ന ലക്ഷ്മിയക്കയും കുടുംബവും പിരിയുമ്പോള്‍ താമസിക്കാന്‍ പണിതിട്ട വീടായിരുന്നു.  പുല്ലുകേറിക്കിടന്ന മുറ്റവും പിന്നാമ്പുറവും.  വൈദ്യുതവെളിച്ചമുണ്ടായിരുന്നു.  തൊട്ടടുത്ത പറമ്പില്‍ കുളമുണ്ടായിരുന്നു.  അതിരില്‍ കൈത്തോടൊഴുകുന്നുണ്ടായിരുന്നു.  മുന്നില്‍ കോവില്‍ക്കടവിലേക്ക്, കാന്തല്ലൂരിലേക്ക് പോകുന്ന റോഡ്...മുന്നില്‍ നിന്നു നോക്കിയാലും പിറകില്‍ നിന്നായാലും സ്വര്‍ഗ്ഗം താണിറങ്ങി വന്നതുപോലെയുണ്ടായിരുന്നു.  ഒരായിരം കിളികളുടെ കലപിലകള്‍..അഴുക്കില്ലായിരുന്നിട്ടോ തണുപ്പായിരുന്നിട്ടോ കാക്കകള്‍ ഇല്ലായിരുന്നു. 

ലക്ഷ്മിയക്കക്ക് പിരിയാന്‍ പതിനൊന്നു വര്‍ഷംകൂടിയുണ്ടായിരുന്നു.  അത്രനാള്‍ താമസിച്ചോളാന്‍ പറഞ്ഞു. മാസം നൂറുരൂപ വാടക. 
അമ്മച്ചി, ആ വീടിനെ സ്വന്തം വീടുപോലെ കരുതി .. വീടിനു വെള്ളയടുപ്പിച്ചു. കമ്മട്ടിപ്പത്തലും കൊങ്ങിണിയും കൊണ്ട് ചുറ്റും വേലികെട്ടി.   തെങ്ങും കപ്പുയും ബീന്‍സും തക്കാളിയും നട്ടു.  മുറ്റത്ത് കുഞ്ഞു പൂന്തോട്ടമുണ്ടായി.  ഇതിനൊക്കെ വെള്ളം നനയ്ക്കാന്‍ കുളമുണ്ടാക്കി. 
നാലുകൊല്ലത്തിലേറെ അവിടെ താമസിച്ച് അടുത്ത സ്ഥലമാററവുമായി മടങ്ങും വരെ വീട്ടുടമസ്ഥര്‍ക്കോ വാടകക്കാര്‍ക്കോ പരാതിയൊന്നുമുണ്ടായില്ല.

പക്ഷേ, ഇപ്പോളോര്‍ക്കുമ്പോള്‍ വലിയൊരു പരാതിതോന്നുന്നു. കക്കൂസില്ലായിരുന്നു.  ഒരുവീടിനും കക്കൂസില്ലായിരുന്നു.  ചന്ദന റിസോര്‍ട്ടിനോ രശ്മി ആശുപത്രിയിലോ ഉണ്ടെങ്കില്‍ ഉണ്ട്.  വേറൊരിടത്തുമില്ല.  എല്ലാരും കാട്ടിലേക്കാണ് പോകുന്നത്.  കാടിരികിലൂടെയാണ് കനാലൊഴുകിയിരുന്നത്.പെട്ടെന്നെങ്ങാനും തോന്നിപ്പോയാല്‍ വയല്‍ വരമ്പിലൂടെ കാട്ടിലേക്കോടണം.  രാത്രിയിലാണെങ്കില്‍ കഷ്ടം തന്നെ.  ആ പ്രദേശത്തെ വലിയ വീട് പഞ്ചായത്ത്്്്് മെമ്പറുടേതായിരുന്നു.  അവരും ഞങ്ങളോടൊത്ത് കാട്ടിലേക്കു നടന്നു.

ഞങ്ങള്‍ കുട്ടികള്‍ കാട്ടിലേക്കുള്ള ദൂരമോര്‍ത്ത്്്് പുതിയൊരിടം കണ്ടു പിടിച്ചിരുന്നു.  അത് താഴെ പൊന്നുത്തായിയക്കയുടെ വയലിനപ്പുറം മററൊരു കൈത്തോടിനരുകിലെ കുററിക്കാടായിരുന്നു.  അതിലെ ആള്‍ നടത്തമൊന്നുമില്ല.  എന്നാലും അങ്ങോട്ടേക്ക് പോക്കു കുറവായിരുന്നു.  ഒരിക്കല്‍ ഞാനുമനിയത്തിയും അവിടെ ഇരിക്കുകയായിരുന്നു.  അപ്പോഴാണ് കുറച്ചു ദൂരെ ആള്‍പ്പെരുമാറ്റം.  വെളുപ്പിനെ മണ്ണാറപ്പെട്ടിയിലോ മറ്റോ പോയി എളുപ്പത്തിന് കരിമ്പുകാട്ടിനുള്ളിലൂടെ നടന്നു വരികയാണ് അയല്‍വീട്ടിലെ ഷാജിച്ചേട്ടനും അച്ഛനും. ഞങ്ങളവരെ കണ്ടതേ വീട്ടിലേക്കോടി.  പക്ഷേ, ഷാജിച്ചേട്ടന്‍ കണ്‍വെട്ടത്തു കണ്ടാലെ വിളിച്ചു തുടങ്ങും ' പച്ച നിക്കറേ, ..നീല നിക്കറേ..'

ഇങ്ങനെ, ഒഴിഞ്ഞുപോക്കിനെക്കുറിച്ച് പേടിപ്പിക്കാത്ത എത്ര വീടുകളുണ്ടെന്ന്് അറിയില്ല.


 കൃത്യമായി വാടക കിട്ടുമോ എന്ന്, കുഴപ്പാക്കാരാണോ എന്ന്്്, ആവശ്യപ്പെടുമ്പോള്‍ വീടൊഴിയുമോ എന്നുമൊക്കെയാണ് വീട്ടുടമയുടെ അലട്ടലുകള്‍.  എങ്ങനെയാണ് വാടകക്കാരന്‍ ഇതിനെല്ലാം ശരിയുത്തരം പറയുക?  വീട്ടുടമയുടെ അലട്ടലുകള്‍ക്ക് ഒരു സ്ഥാനവുമില്ലെന്ന്, ഒരിക്കലും ഒരനിശ്ചിതത്വവും തനിക്കുണ്ടാവില്ലെന്ന് വാടകക്കാരന് എങ്ങനെ പറയാനാവും.? 


 ഔദ്യോഗിക ജീവിതത്തിനിടയില്‍ വളരെക്കുറച്ചു കാലം മാത്രമാണ് അമ്മച്ചി സ്വന്തം വീട്ടില്‍ നിന്ന് പോയി വന്നത്. കുറച്ചുദൂരത്തേക്ക്  തനിച്ച് യാത്ര ചെയ്ത് തുടങ്ങിയത് അമ്മച്ചിയുടെ ജോലി സ്ഥലത്തേക്കാണെന്ന് തോന്നുന്നു.   ആശുപത്രി കണ്ടുപിടിച്ചെങ്കിലും അടച്ചു കഴിഞ്ഞിരുന്നു. പിന്നെ പറഞ്ഞു തന്ന അച്ചും അടയാളവും വെച്ച് വാടകവീട്ടിലേക്ക് നടക്കുകയായിരുന്നു.

 ജ്യേഷ്ഠന്റെയും അനിയന്റെയും ഭാര്യമാര്‍...ഒരാള്‍ ഭര്‍ത്താവ് മരിച്ചവള്‍..മറ്റേയാള്‍ ഭര്‍ത്താവുപേക്ഷിച്ചവള്‍..അവരെ മമ്മിയെന്നും ആന്റിയെന്നും എല്ലാവരും വിളിച്ചു.  അവരായിരുന്നു അപ്പോഴത്തെ വീട്ടുടമസ്ഥര്‍.  മമ്മിയുടെ വാടകക്കാരിയായിരുന്നു അമ്മച്ചി.  പ്രാധാനവീടിനോട് ചേര്‍ന്ന് ഏച്ചുകെട്ടിയുണ്ടാക്കിയതായിരുന്നു വാടകമുറികള്‍.  ഒറ്റമുറികളായി ജോലിക്കാര്‍ക്ക് വാടകയ്ക്ക് കൊടുക്കലായിരുന്നു അവരുടെ വരുമാന മാര്‍ഗ്ഗം. ഏതോ ഉള്‍മുറിയില്‍ മമ്മിയുടെ മകള്‍ക്കൊപ്പമാണ് ഞാനന്ന് ഉറങ്ങിയത് .  നേരം വെളുത്ത്  പുറത്തേക്കു നടന്നപ്പോഴാണ് ഓരോ മുറിയുടെയും ആകൃതി മനസ്സിലാകുന്നത്.  വീടിനു പുറകുവശത്തെ ഭിത്തി വലിയൊരു പാറയായിരുന്നു!
ആ പാറയ്ക്കു മുകളിലെ ഓലിയില്‍ നിന്നായിരുന്നു ഹോസുവഴി  മുറ്റത്തേക്ക് വെള്ളം വന്നുകൊണ്ടിരുന്നത്. 


അത്തയും അമ്മച്ചിയും ദൂരത്തായിരുന്നപ്പോഴൊക്കെ ഞങ്ങള്‍ മൂവരും മുറുക്കുന്നത്തയ്ക്കും ഐഷാബി അമ്മച്ചിയ്ക്കുമൊപ്പമായിരുന്നു. അവരുടെ മരണം ഞങ്ങളെ അനിശ്ചിതത്തിലെത്തിച്ചെന്ന് പറയാം.  അപ്പോഴത്തെ ഞങ്ങളുടെ പ്രായവും പ്രശ്‌നമായിരുന്നെന്ന് തോന്നുന്നു.
ഞാനും അനിയത്തിയും അത്തയുടെ അടുത്തേക്ക്, ഒരു ലൈന്‍ വാടകവീട്ടിലേക്ക് ..
ഒരു നീളന്‍ വരാന്തയും ആറുകുടുംബങ്ങളും. അമ്മ അടുത്തില്ലാത്ത കുട്ടികളെന്ന നിലയില്‍ അയല്‍ക്കാരികള്‍ പ്രത്യേക പരിഗണന കാണിച്ചിരുന്നു.  നല്ലൊരു കറിയുണ്ടാക്കുമ്പോള്‍, പലഹാരമുണ്ടാക്കുമ്പോള്‍ അതിലൊരു പങ്ക് ഞങ്ങള്‍ക്കു തന്നു.  വിശേഷാവസരങ്ങളില്‍ കൂടെക്കൂട്ടി.  ആറുവീട്ടുകാര്‍ക്കും കൂടി നാലുകക്കൂസും രണ്ടു കുളിമുറിയുമായിരുന്നു ഉണ്ടായിരുന്നത്.  ആരുടേതെന്ന് അത്ര നിശ്ചയമില്ലാത്തതിനാല്‍ അതെപ്പോഴും വൃത്തികെട്ടു കിടന്നു.  കുളിമുറി ഭേദമായിരുന്നെങ്കിലും  രാവിലെ കുളിക്കാന്‍ ക്യൂ നില്‌ക്കേണ്ടിയിരുന്നു. 

അവിടെ വെച്ചാണ് ആദ്യമായി കഥയെഴുതുന്നത്.  ശരിക്കുപറഞ്ഞാല്‍ സ്വന്തം നാട്ടില്‍ നിന്ന്, വീട്ടില്‍ നിന്ന് സ്വന്തമെന്നു കരുതിയ പലതില്‍ നിന്നുമുള്ള വിട്ടുപോരലായിരുന്നു വ്യക്തമായ എഴുത്തിലേക്ക് കൊണ്ടെത്തിച്ചത്.  ഒരിക്കലും കഥയെഴുതണം എന്നു വിചാരിക്കാതെ എഴുതിപ്പോയത്...എഴുത്തുകാരുടെ, കലാകാരന്മാരുടെ കുറിപ്പുകള്‍ വായിക്കുമ്പോള്‍ ശ്രദ്ധിച്ചിട്ടുണ്ട്, വാടകവീട്ടിലായിരിക്കുമ്പോള്‍ സര്‍ഗ്ഗാത്മകതയ്ക്ക് കൂടുതല്‍ ഉത്തേജനം കിട്ടുന്നതായിട്ട്് ...
ആ വാടകവീടില്ലായിരുന്നുവെങ്കില്‍ എഴുത്തുജീവിതമോ ഇന്നത്തെ കുടുംബജീവിതമോ ഉണ്ടാവുമായിരുന്നില്ല എന്നാണ് തോന്നുന്നത്. 
'വീട്ടിലേയും കോളേജിലേയും വിലാസം വാങ്ങിയ സുഹൃത്താണ്..ഓര്‍മയില്ലേ?' എന്നു ചോദിച്ചു കൊണ്ട്്്്്്്്  പോസ്റ്റ് കാര്‍ഡില്‍ വന്ന കത്ത്...മൂന്നാലു വര്‍ഷത്തിനുശേഷം ആ  സൗഹൃദം 'ഞങ്ങള്‍' എന്ന വാക്കായി മാറി.  

തൊട്ടടുത്ത വീട്ടില്‍ കൈയ്യും കാലും ഇളക്കാന്‍ പോലും പറ്റാത്ത ഒരു കുഞ്ഞുണ്ടായിരുന്നു.  ഒരു വയസ്സായിട്ടും ചിരിക്കുകയല്ലാതെ അതൊന്നും ചെയ്യില്ലായിരുന്നു. കൈയ്യുംകാലും പെന്‍സിലുപോലിരുന്നു. ലൈന്‍ കെട്ടിടത്തിന്റെ പിന്നില്‍ കുറേ ഒഴിഞ്ഞ സ്ഥലമുണ്ട്.  അവിടെ കുറേ പപ്പായ മരങ്ങളും.  രണ്ടാമതു കുഞ്ഞുണ്ടാവാന്‍ അതിന്റെ അമ്മയ്ക്കിഷ്ടമായിരുന്നില്ലത്രേ! ഗര്‍ഭിണിയാണെന്ന് അറിഞ്ഞപ്പോള്‍ മുതല്‍  മൂത്തതും മൂക്കാത്തതുമായ പപ്പായ പറിച്ച് കറിവെച്ചും പച്ചയ്ക്കുമൊക്കെ തിന്നിരുന്നുപോലും.  ഗര്‍ഭഛിദ്രത്തിന്റെ പ്രാകൃത വഴി!
പക്ഷേ, ആ കുഞ്ഞ് ജനിച്ചു. 
അവളെ നോക്കാന്‍ ഒരു ചേച്ചി നിന്നിരുന്നു.  അവര്‍ക്ക് പുള്ളിയും വരകളുമുള്ള വസ്ത്രങ്ങളിഷ്ടമായിരുന്നില്ല.  അത്തരം വസ്ത്രങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ വികലമനസ്സിനുടമകളാണെന്ന്്് അവര്‍ പറഞ്ഞുകൊണ്ടിരുന്നു.

അയല്‍വീട്ടിലെ തങ്കമണി ഒരുദിവസം എന്നെയും കൂട്ടി കുറച്ചദൂരെയുള്ള റബ്ബര്‍തോട്ടത്തിനുള്ളിലൂടെ നടന്നു.  അതിനപ്പുറത്തുള്ള ഒരു വീട്ടില്‍ നിന്ന് പുസ്തകം വാങ്ങുകയായിരുന്നു ലക്ഷ്യം.  അത്ര ദൂരത്തൊരുവീടുമായി തങ്കമണിക്കെങ്ങനെ പരിചയമെന്ന് അത്ഭുതം തോന്നിയിരുന്നു.  ടൈപ്പു പഠിക്കാന്‍ പോകുമ്പോഴുള്ള അടുപ്പമാണെന്ന് അവള്‍ പറഞ്ഞു. 
പക്ഷേ, റബ്ബര്‍ തോട്ടത്തിനു നടുവിലെ കല്ലുവെട്ടുകുഴി കാണിക്കാനാണ് അവളെന്നെ കൊണ്ടുപോയത്.  വളരെ ആഴമുള്ള കുഴിയായിരുന്നു അത്.  അതില്‍ പകുതിയോളം വെള്ളം.  പടികളിറങ്ങി വെള്ളത്തിലേക്ക് കാലുകളിട്ടിരുന്നു.  പേടിപ്പെടുത്തുന്ന നിശബ്ദതയായിരുന്നു അവിടെ. ..
പെട്ടെന്നവള്‍ പൊട്ടിക്കരഞ്ഞു.  എന്തിനെന്നറിയാതെ ഞാന്‍ അമ്പരുന്നു.  കടുംപച്ചയായി കിടന്നിരുന്ന വെള്ളത്തില്‍ മുഖം കഴുകി അവളെന്നോടു ചോദിച്ചു
'താന്‍ ആരെയെങ്കിലും പ്രേമിക്കുന്നുണ്ടോ?' 
ഒരുത്തരം പറയുംമുമ്പേ അടുത്ത ചോദ്യം വന്നു
'അവന്‍ വീട്ടില്‍ ഒറ്റമകനാണോ?  എങ്കില്‍  മറക്കാന്‍ ശ്രമിച്ചോ ഇപ്പോഴേ'...

ഏതോ ഒറ്റമകനെ പ്രണയിച്ച പെണ്ണായിരുന്നു തങ്കമണി.  വീട്ടുകാരുടെ നിര്‍ബന്ധത്തില്‍ ഒറ്റമകന് നിന്നു കൊടുക്കേണ്ടി വന്നപ്പോള്‍ തങ്കമണി കരഞ്ഞുകൊണ്ടുമിരുന്നു.

അവളുടെ കരച്ചിലിന് കാത്തിരിപ്പിന്റെ നിറംപോലുമില്ലായിരുന്നു. 
  നാലോ അഞ്ചോ കൊല്ലം മുമ്പ് ഞങ്ങളുടെ വീടിനടുത്ത് ഒരു ഓലപ്പുരയില്‍ വാടകയ്ക്ക് താമസിച്ചുപോയൊരു പയ്യനെ കാത്തിരുന്ന കൂട്ടുകാരിയുണ്ടായിരുന്നു.  ഫോണ്‍തീരെയില്ലായിരുന്നൊരു കാലം.  കത്തുകളൊന്നും വന്നതുമില്ല.  എന്നിട്ടും അവള്‍ കാത്തിരുന്നു.
  വരും വരാതിരിക്കില്ല...
.
(തുടരും)