Thursday, December 6, 2012

നേര്‍ച്ചക്കോഴികള്‍





പത്തുപതിമൂന്നു വര്‍ഷം മുമ്പ് ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു. അകന്ന ബന്ധുവിന്റെ മകളെ മൈസൂരിലേക്ക് വിവാഹം കഴിച്ചു വിടുന്നു. അതിലപ്പുറം ഒന്നുമറിയില്ലായിരുന്നു. വയനാട്ടില്‍ മുസ്ലീങ്ങളുടെ നിക്കാഹും പെണ്ണിനെ കൂട്ടിക്കൊണ്ടുപോക്കുമൊക്കെ ഉച്ചയ്ക്ക് ശേഷമാണ് നടക്കാറ്. പക്ഷേ, ഈ കല്ല്യാണത്തിനു ചെന്നപ്പോള്‍ ചെറുക്കനും കൂട്ടരും നേരത്തെ എത്തിയിട്ടുണ്ട്. അതും ഒരു ലോറിയില്‍..

ലോറിയില്‍ വന്ന ചെറുക്കനെയും കൂട്ടരെയും കാണാന്‍ പിന്നെ കൗതുകമായിരുന്നു. കൂടെ വന്ന സ്ത്രീകളെല്ലാം ഒരു കുഞ്ഞു മുറിയില്‍ നിലത്ത് പുല്‍പ്പായ വിരിച്ച് ഇരിക്കുന്നു. അവര്‍ക്കു നടുവില്‍ കല്ല്യാണപ്പെണ്ണ്. കുട്ടികളല്ലാതെ മറ്റു ബന്ധുക്കളാരും അവിടെ ഇല്ലായിരുന്നു. കുട്ടികളോട് ചങ്ങാത്തം കൂടി അവരുടെ ഇടയിലേക്ക് ഇവളും സ്ഥലം പിടിച്ചു. മൈസൂരുകാരികള്‍ കല്ല്യാണപ്പെണ്ണിനെ ഒരുക്കുകയാണ്. തലനിറച്ച് മുല്ലപ്പൂ ചൂടിച്ച്, കൈകള്‍ നിറച്ചും ഗില്‍റ്റു പതിച്ച കുപ്പിവളകള്‍ ഇടുവിച്ച്, കാല്‍ വിരലില്‍ മിഞ്ചിയിടുവിച്ച്, ചില നൃത്തച്ചമയങ്ങളില്‍ കാണാറുള്ളതു പോലെ പുരികത്തിനു മുകളിലായി ചുവപ്പും കറുപ്പും വെള്ളയും കുഞ്ഞു കുഞ്ഞു പൊട്ടുകള്‍ പതിച്ച്, കാല്‍ നഖങ്ങളിലും കൈനഖങ്ങളിലും ക്യൂട്ടക്‌സ് അണിയിച്ച്...ഇതൊന്നും സാധാരണ വിവാഹങ്ങളില്‍ പതിവില്ല. ക്യൂട്ടക്‌സും പൊട്ടുമൊന്നുമണിയാറേയില്ലജീവിതത്തിലൊരുക്കലും. ആ പെണ്ണുങ്ങള്‍ ചിരിച്ചും കളിച്ചും കല്ല്യാണപ്പെണ്ണിനെ നോക്കി എന്തെല്ലാമോ പറഞ്ഞു കൊണ്ടിരുന്നു. അതൊന്നും ഞങ്ങള്‍ക്ക് മനസ്സിലായതേയില്ല. അവര്‍ ഉറുദുവിലാണ് സംസാരിച്ചിരുന്നത് എന്ന് പിന്നീട് മനസ്സിലാക്കി.

പെണ്ണിനെ ചമയിക്കല്‍ പെട്ടെന്നൊന്നും അവസാനിക്കുന്നതായിരുന്നില്ല. മുഖത്ത് റോസ് പൗഡര്‍ ഇടുവിച്ച്, നെറ്റിച്ചുട്ടിവെച്ച്, ലിപ്സ്റ്റിക് തേച്ച്....മുഖത്തുകുറേ ഗില്‍റ്റും വാരിത്തേച്ചു. ഉണ്ടായിരുന്ന ചന്തമൊക്കെ അതോടെ പോയല്ലോ എന്ന് തോന്നിപ്പോയി.

പിന്നെ മണവാളന്‍ വരവായി..പള്ളിയില്‍വെച്ച് നിക്കാഹു കഴിഞ്ഞ് വന്നതാണ്. പക്ഷേ, ഈ പെണ്ണുങ്ങള്‍ക്കിടയില്‍ അവനൊരുത്തനേയുള്ളു. മറ്റുള്ളവരൊക്കെ പുറത്ത്..കൂട്ടത്തില്‍ മുതിര്‍ന്ന സ്ത്രീ എന്തൊക്കെയോ അവന്റെ ചെവിയില്‍ മന്ത്രിച്ചു. അവന്‍ താലി ചാര്‍ത്തി. പൂമാലയിട്ടു. അപ്പോഴാണ് വീണ്ടും മന്ത്രണം. അവന്‍ വധുവിനെ കെട്ടിപ്പിടിച്ച് ചെവിയിലെന്തൊക്കെയോ മന്ത്രിക്കുന്നു. പെണ്ണുങ്ങള്‍ രണ്ടുപേരുടേയും കൈകള്‍ പൂമാലകൊണ്ട് ചേര്‍ത്തു കെട്ടി പുറത്തേക്കിറക്കി. പന്തലിലിരുത്തി അവരുടെ എന്തൊക്കെയോ ചടങ്ങുകള്‍ വീണ്ടും നടത്തി പൂമാലബന്ധനം അഴിച്ചുമാറ്റി. പിന്നെ, വരന്റെ കൂട്ടുകാര്‍ അവളോട് എന്തൊക്കെയോ ചോദിക്കുകയായാണ്. പേരെന്താണെന്നും എത്രവരെ പഠിച്ചു എന്നുമൊക്കെയാണെന്ന് അടുത്തു നിന്ന ഉറുദു അറിയാവുന്നവര്‍ പറഞ്ഞു. പിന്നെയാണ് ബഹുരസം! വീട്ടുകാരോട് യാത്ര പറഞ്ഞു പോവുകയാണ്. നടന്നൊന്നുമല്ല ലോറി കിടക്കുന്നിടത്തേക്ക് പോകുന്നത്. മണവാളന്‍ അവളെ തോളിലേറ്റി ഇടവഴിയുലൂടെ ഒരു നടത്തമായിരുന്നു!

സത്യത്തില്‍, വ്യത്യസ്തമായൊരു കല്ല്യാണം കണ്ടതിന്റെ കൗതുകം മാത്രമായിരുന്നു അന്ന്. കുറച്ചു ദിവസം കഴിഞ്ഞ് വേറൊരു വിവാഹം, പിന്നെ പിന്നെ പലതും കേട്ടു. മൈസൂര്‍ കല്ല്യാണമെന്ന പേരില്‍. പലപ്പോഴും മൈസൂര്‍ കല്ല്യാണത്തിന് നിന്ന് കൊടുക്കേണ്ടി വരുന്നവര്‍ ദരിദ്രരായിരുന്നു. സാമ്പത്തികവും സാമൂഹികവും വിദ്യാഭ്യാസപരവുമായി ഒട്ടും മുന്നിലല്ലാത്തവര്‍.

ഒരുവശത്ത് ആഡംബരത്തിലും ആര്‍ഭാടത്തിലും മുങ്ങിക്കുളിച്ച് വിവാഹങ്ങള്‍ നടക്കുമ്പോള്‍ മറുവശത്ത് ഇങ്ങനെ ചിലത് നടക്കുന്നു. അതിന് പലപ്പോഴും പൊതുസമൂഹം ശ്രദ്ധ കൊടുക്കാറുമില്ല. സ്ത്രീധനമോ, വിലപേശി ചോദിക്കുന്ന സ്വര്‍ണ്ണമോ കൊടുക്കാന്‍ കഴിവില്ലാത്ത എത്രയോ പേര്‍ നമുക്കു ചുറ്റുമുണ്ട്. അന്നന്നത്തെ ആഹാരത്തിനുപോലും വകകണ്ടെത്താന്‍ നിവൃത്തിയില്ലാത്തവര്‍. കേരളത്തില്‍ അങ്ങനെയുണ്ടോ എന്നു ചോദിക്കുമായിരിക്കും..സത്യമാണ്. കുഗ്രാമങ്ങളിലേക്ക് പോകുക, പ്രത്യകിച്ച് തമിഴ്‌നാടോ കര്‍ണ്ണാടകയോ ആയി അതിര്‍ത്തി പങ്കിടുന്ന ഗ്രാമങ്ങളിലേക്ക്..


മൈസൂര്‍ കല്ല്യാണങ്ങളും കല്ല്യാണങ്ങളല്ലേ എന്നു ചോദിച്ചേക്കാം. എവിടെയായാലും നന്നായി ജീവിച്ചാല്‍ പോരെ എന്നു ചോദിച്ചേക്കാം. പക്ഷേ, അപൂര്‍വ്വമായി മാത്രമേ നന്നായി പോകാറുള്ളു. കുറഞ്ഞ സ്വര്‍ണ്ണവും പണവും നല്‍കിയാല്‍ മൈസൂര്‍ കല്ല്യാണം നടത്താം. പക്ഷേ, ഈ പെണ്‍കുട്ടികള്‍ അതോടെ അന്യഗ്രഹവാസികളായി മാറുകയാണ്. അറിയാത്ത ഭാഷ, പരിചയിച്ചിട്ടില്ലാത്ത ഭക്ഷണം, കണ്ടുവളരാത്ത രീതികള്‍, തികച്ചും ഒറ്റപ്പെട്ടു പോകുന്നു ഇവര്‍. കുട്ടികളെ പഠിക്കാന്‍ വിടാന്‍ ഉത്സാഹികളല്ല ഈ മൈസൂര്‍ പഠാണികള്‍. അന്നുണ്ടാക്കുന്നതു കൊണ്ട് അന്നത്തെ ജീവിതം. നാളെയെക്കുറിച്ച് യാതൊരു ചിന്തയോ വിചാരമോ ഉണ്ടാവാറില്ല. രോഗം വന്നാല്‍ മന്ത്രിച്ചൂതികെട്ടാനുമൊക്കെ നടക്കും. ആശുപത്രിയില്‍ പോയി വിദഗ്ദചികിത്സയൊന്നും ഇവരുടെ നിഘണ്ടുവിലില്ല. ഭക്ഷണം തയ്യാറാക്കുന്നതു മുതല്‍ വിരുന്നുകാരെ സ്വീകരിക്കുന്നത് വരെ വ്യത്യസ്തം. എന്തുമാകട്ടെ, ഉപദ്രവം കൂടിയായാലോ?
മൂന്നോ നാലോ വര്‍ഷംകൊണ്ട് ചിലരെല്ലാം ആ സംസക്കാരവുമായി ഒത്തുപോകും. വീട്ടിലേക്കു മടങ്ങിയാലും പ്രയോജനമില്ലല്ലോ എന്നോര്‍ത്ത്, അപ്പോഴേക്കും ജനിച്ചുപോയ കുഞ്ഞുങ്ങളെയോര്‍ത്ത്...ഇതൊക്കെ സാധാരണ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍. ഇതിനൊക്കെ അപ്പുറത്താണ് ഗാര്‍ഹിക പീഡനങ്ങള്‍..അത് ഭര്‍ത്താവില്‍ നിന്ന് വേണ്ടുവോളം.
ചടച്ച പേക്കോലങ്ങളാകുന്നു പലരും. ഭര്‍ത്താവ് ആവശ്യപ്പെടുമ്പോഴൊക്കെ പണത്തിനായി നാട്ടിലേക്ക് പോന്നോളണം. മാനസികവും ശാരീരികവുമായ ഉപദ്രവങ്ങള്‍ സഹിച്ചോളണം. ഇതിനിടയ്ക്ക് ഉപേക്ഷിക്കലും നടത്തും ചിലര്‍.


ചില മൈസൂര്‍ കല്ല്യാണങ്ങള്‍ നടന്ന പെണ്‍കുട്ടികളുടെ വീട്ടിലെ അന്തരീക്ഷം നിരീക്ഷിച്ചിട്ടുണ്ട്. മിക്കയിടത്തും പിതാവിന് വേറെയും ഭാര്യയുള്ളവനായിരിക്കും. അല്ലെങ്കില്‍ ആദ്യഭാര്യയെ ഒഴിവാക്കി പുനര്‍ വിവാഹം നടത്തിയയാള്‍. ചിലതിലാകട്ടെ മാതാവ് പുനര്‍വിവാഹിത. ഇതെങ്ങനെയായാലും കുട്ടികളും അമ്മമാരുമാണ് പ്രയാസപ്പെടുന്നത്. ദാരിദ്ര്യം മാത്രമാണ് കൂട്ട്. ഒരു ഭാര്യയെയും ഒന്നോ രണ്ടോ കുഞ്ഞുങ്ങളെയും നോക്കാന്‍ കഴിവില്ലാത്തവനാണ് രണ്ടാം വിവാഹം കഴിക്കുന്നത്. അവിടെയും ഉണ്ടാകും കുഞ്ഞുങ്ങള്‍. ഭാര്യമാര് കൂലിപ്പണിയെടുത്ത് റേഷനരി വാങ്ങും. മക്കള്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ കുറച്ചൊക്കെ പോകും. അല്ലെങ്കില്‍ പോയാല്‍ പോയി വന്നാല്‍ വന്നു...അങ്ങനെയൊക്കെയാണ്...പെണ്‍കുട്ടികള്‍ക്ക് പതിമൂന്ന് പതിന്നാല് വയസ്സാകുമ്പോഴേക്കും ബന്ധുക്കളും നാട്ടുകാരും കല്ല്യാണമായില്ലേ എന്ന ചോദ്യം തുടങ്ങും. ആ ചോദ്യത്തെ ഭയത്തോടെ കാണുന്നവര്‍ക്കു മുന്നിലേക്കാണ് മിതമായ സ്ത്രീധനത്തിനും സ്വര്‍ണ്ണത്തിലും തീര്‍ക്കാവുന്ന മൈസൂര്‍ കല്ല്യാണ ബ്രോക്കര്‍മാര്‍ പൊട്ടി വീഴുന്നത്.
അടുത്ത വീട്ടിലെ മൈസൂര്‍ കല്ല്യാണം കഴിഞ്ഞു പോയ പെണ്‍കുട്ടി രണ്ടോ മൂന്നോ മക്കളുമായി മടങ്ങി വന്നിട്ടുണ്ടാവും. അല്ലെങ്കില്‍ തോരാത്ത കഷ്ടപ്പാടാണെന്ന് കേട്ടിട്ടുണ്ടാവും. പക്ഷേ, തന്റെ മകള്‍ക്ക് അങ്ങനെ സംഭവിക്കില്ല എന്ന വിശ്വാസത്തിലാണ് അവളെയും അണിയിച്ചൊരുക്കുന്നത്. നാട്ടുകാരറിഞ്ഞ് ഒരു പുതിയാപ്ലയെ കിട്ടിയാല്‍ മതി. പിന്നെ വരുന്നതൊക്കെ വിധി, തലയിലെഴുത്ത്...നാട്ടില്‍ തന്നെ കെട്ടിച്ചു വിടുന്ന എത്ര പേര്‍ തീരാ ദുരിതത്തിലാവുന്നു. മൊഴി ചൊല്ലുന്നു. ഒന്നും സംഭവിക്കില്ല എന്നു സമാധാനിക്കാം എന്ന് അവര്‍ കരുതുന്നു.
ഒരു വയര്‍ ഒഴിഞ്ഞുകിട്ടിയാല്‍ അത്രയുമായി എന്നു വിചാരിക്കും ഇവര്‍.


ഈ കല്ല്യാണത്തിന്റെ പ്രശ്‌നങ്ങളെന്തൊക്കെയെന്ന് ആരും പറഞ്ഞു മനസ്സിലാക്കി കൊടുക്കാറില്ല. പള്ളിയും സമൂഹവുമൊക്കെ നിശബ്ദത നടിക്കും. ഇവര്‍ക്കൊക്കെ മനസ്സിനിണങ്ങിയ ആളെ സംഘടിപ്പിച്ചു കൊടുക്കാനാവുമോ? അല്ലെങ്കില്‍ പാവപ്പെട്ടവന്റെ ദുഖങ്ങള്‍ക്കെന്ത് പ്രസക്തി? അവരില്‍ നിന്ന് വോട്ടല്ലാതെ മറ്റൊന്നും കിട്ടാനില്ല.


തുടര്‍ന്നു വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക






Friday, November 2, 2012

ഏദന്‍തോട്ടത്തിലേക്ക്...



പരിചയപ്പെട്ട നാള്‍ മുതല്‍ ജോണ്‍സേട്ടന്‍ വീട്ടിലേക്ക് ക്ഷണിക്കുന്നതാണ്.  ഒരിക്കല്‍ കൈയ്യോടെ കൊണ്ടു പോകാന്‍ വണ്ടിയുമായി വന്നതാണ്.  പക്ഷേ, അന്ന് തിരക്കില്‍ നിന്നിരുന്നതുകൊണ്ട് പോകാനായില്ല. 
'മൈന'യെ പിടിച്ചുകൊണ്ടു വരാം എന്ന് വീട്ടുകാരോട് പറഞ്ഞ് സുഹൃത്ത് റൗഫിക്കയോടൊപ്പം വന്ന അവരെ പിന്നീട് വരാം എന്നു പറഞ്ഞയക്കുമ്പോള്‍ വിഷമമുണ്ടായിരുന്നു. 

ഇത്തവണ വയനാട്ടിലെത്തിയപ്പോള്‍ ജോണ്‍സേട്ടന്റെ വീട്ടിലേക്ക് പോയേക്കാം എന്നു തീരുമാനിച്ചു. 


നെയ്‌ച്ചോറിന്റെ മണമായിരുന്നു വയലില്‍ നിന്നടിച്ച കാറ്റിന്.  കതിരിട്ടു നിന്നിരുന്ന വയലുകളില്‍ മൂന്നു കണ്ടത്തിലെ  നെല്ലിന് കരിംപച്ച നിറമായിരുന്നു.  നെയ്‌ച്ചോറിന്റെ മണത്തോടെ നിന്ന കരിംപച്ച പാടം 'ഗന്ധകശാല'യായിരുന്നു. 'ഗന്ധകശാല' ആദ്യമായിട്ടു കാണുകയായിരുന്നു.

ജോണ്‍സേട്ടന്റെ വയലില്‍  രാസവളമിടാത്ത വയനാടന്‍  നെല്ലമാത്രമാണുണ്ടായിരുന്നത്.  എന്റെയത്ര പൊക്കത്തില്‍ നിന്ന നെല്ല് 'അടുക്കന്‍'. നല്ല സ്വാദാണത്രേ..നല്ലോണം കച്ചി കിട്ടും. പക്ഷേ, മഴയോ കാറ്റോ വന്നാല്‍ വീണുപോകും.  എന്നാല്‍  തൊട്ടപ്പുറത്ത് മറ്റൊരു ജാതിയാണുള്ളത്.  'വലിച്ചൂരി' എന്നു പറയും.  പൊക്കം തീരെ കുറവാണ്. വീണുപോകില്ല. 
നെല്‍വയലുകള്‍ക്കു ചേര്‍ന്ന് ഇഞ്ചി നട്ടിട്ടുണ്ട്. കുറച്ചേയുള്ളു.  അതില്‍ വെണ്ടയും പയറും പച്ചമുളകും തക്കാളിയും.  കുറച്ചു മാറി ഏത്തവാഴ അവിടുന്ന് പിന്നെയും മാറി കപ്പ.  എല്ലാം കുറച്ചേയുള്ളു.  വീട്ടാവശ്യങ്ങള്‍ക്ക് മാത്രം.  വയലിനുപ്പുറത്ത് അതിരില്‍ തോടൊഴുകുന്നുണ്ട്. 
തോടരുകിലെ കൈതയും മറ്റും തൊഴിലുറപ്പുകാര്‍ വെട്ടിമാറ്റുന്നതില്‍ ജോണ്‍സേട്ടന് പരാതിയുണ്ട്.  കൈതയും ഞാറയുമൊക്കെ വെട്ടിക്കളഞ്ഞാല്‍ തോട്ടിന്‍കര ഇടിയും. പിന്നെ മണല്‍ ചാക്കു വെയ്ക്കും. പിന്നെയും കരയിടിയും.  തന്റെ പറമ്പിനോട് ചേര്‍ന്നുള്ള തോട്ടില്‍ തൊഴിലുറപ്പുകാര്‍ പണിയെടുപ്പിക്കരുത് എന്ന് പറഞ്ഞ് മുന്‍ എം എല്‍ എ കൃഷണപ്രസാദിന് ഒരപേക്ഷ നല്‍കിയിരുന്നു  അദ്ദേഹം.  കരയിടിയാതിരിക്കാന്‍ മണല്‍ചാക്കിനേക്കാള്‍ ദൃഢമായ, എന്നാല്‍ ജൈവവ്യവസ്ഥ തന്നെ ഉണ്ടാക്കിയിട്ടുണ്ട്.  പലതരം മുളകള്‍,  ഈറ്റ, കൈത, പൈക്കസ് മരങ്ങള്‍ അങ്ങനെ...
ഇതൊക്കെ ഇവിടെ നിന്നാല്‍ പക്ഷികള്‍ കതിരു തിന്നാന്‍ വരും.  പക്ഷേ, അതൊരു ശല്യമായി കാണുന്നില്ല അദ്ദേഹം.  എല്ലാവര്‍ക്കും കൂടിയുള്ളതാണ് ഈ ഭുമി, വയലും കതിരുമെല്ലാം...
മുള്ളുള്ളതും മുള്ളില്ലാത്തതും പല നിറത്തിലുള്ളതും മെലിഞ്ഞതും വണ്ണമുള്ളതുമൊക്കെയായി പലതരം മുളങ്കൂട്ടങ്ങളുണ്ട്.  കേട്ട പേരുകള്‍ പലതും മറന്നു പോയി.  വീട്ടിലേക്ക് കയറുന്നതിന് തൊട്ടു മുന്നേ രണ്ടു കുളങ്ങള്‍ കാണാം.  ആ കുളക്കരയിലുണ്ട് ഈ പറഞ്ഞ മുളയും ഈറ്റയും അരയാലും പൈക്കസുമൊക്കെ.  ഒരു കുളത്തില്‍ അരയന്നങ്ങള്‍ നീരാടും.  മറ്റേതില്‍ മീന്‍ വളര്‍ത്തുന്നുണ്ട്.  മീനുകള്‍ക്ക് തീറ്റ തവിടും പിണ്ണാക്കുമാണ്.

ഇലഞ്ഞി, അശോകം, കൂവളം, പലക പയ്യാനി, പുളി, ജാതി, ചന്ദനം, ചാമ്പ, ചെറുനാരകം, മധുരനാരകം, ബബ്ലൂസ് നാരകം, റൂബി, ഏലം, വെണ്ണപ്പഴമരം അങ്ങനെയെത്രയെത്ര മരങ്ങളും ചെടികളും പഴങ്ങളും.... 

ഒന്‍പതാംക്ലാസ്സുകാരനായ ജിനുവാണ് എന്നോടൊപ്പമുണ്ടായിരുന്നത്. അവന് അതെല്ലാം അത്ഭുതമായിരുന്നു.  കുളത്തില്‍ നിന്ന് അവന് മീന്‍ പിടിക്കണം.  കുറേ പൊടിമീനുകളെ പിടിച്ച് കുപ്പിയിലാക്കി. 

പറമ്പിലെ പ്രധാന വളം ചാണകമാണ്.  തൊഴുത്തില്‍ പശുക്കള്‍. കോഴി, താറാവ്...
ഇങ്ങനെയൊരു പറമ്പ് മുമ്പൊരുക്കലെ കണ്ടിട്ടുള്ളു.  അത് കുട്ടിക്കാലത്തെ അയല്‍ക്കാരായിരുന്ന മാത്തുക്കുട്ടി ചേട്ടന്റെയും ഏലിയാമ്മ ചേച്ചിയുടെയും പറമ്പായിരുന്നു.  അന്ന് ഞങ്ങളതിനെ ഏദന്‍തോട്ടമെന്ന് വിളിച്ചു.  എത്രയോ മുതിര്‍ന്നിട്ടും ഞാനുമനിയത്തിയും ഇപ്പോഴും ആ തോട്ടത്തെപ്പറ്റി പറഞ്ഞുകൊണ്ടേയിരിക്കുന്നു. അത് മറയൂരിലായിരുന്നു. 

ഇത് വയനാട് മീനങ്ങാടിയ്ക്കടുത്ത് പാതിരിപ്പാലത്ത്.  പാതിരപ്പാലം എന്ന സ്ഥലപ്പേര് മറക്കാതിരിക്കാനോ എന്തോ ജോണ്‍സേട്ടന്‍ ആ സ്ഥലപ്പേരിന്റെ കഥ പറഞ്ഞു.  പണ്ട് അവിടെ ബെണാഡോ എന്നു പേരായ ഇറ്റാലിയന്‍ പാതിരി താമസിച്ചിരുന്നുവത്രേ..അദ്ദേഹത്തിന് ഇന്നാട്ടുകാരനായ വിശ്വസ്തനായൊരു കാര്യസ്ഥനുമുണ്ടായിരുന്നു.  രണ്ടാംലോകമഹായുദ്ധകാലത്ത് കാര്യസ്ഥന്റെ പേരില്‍ മുക്ത്യാര്‍ എഴുതികൊടുത്ത് അദ്ദേഹം ഇറ്റലിയിലേക്ക് തിരി്ച്ചു.  യുദ്ധമൊക്കെ കഴിഞ്ഞ് പാതിരി മടങ്ങി വന്നപ്പോള്‍ കാര്യസ്ഥന്‍ മുക്ത്യാറിന്റെ കാര്യമൊക്കെ മറന്നു. നിരാശനായ പാതിരി അതിലെ അലഞ്ഞു നടന്നു. അവിടെയൊരു പാലമുണ്ടായിരുന്നു.  ആ പാലത്തില്‍ മിക്കപ്പോഴും പാതിരി വന്നിരിക്കും.  ആളുകള്‍ ആ സ്ഥലത്തെ പാതിരപ്പാലമെന്നു വിളിച്ചു.  എതിരെ കണ്ട വലിയ പാറയെ പാതിരിപ്പാറയെന്നും. 

ജോണ്‍സേട്ടന്‍ നല്ലൊരു വായനക്കാരനാണ്.  വായനയിലൂടെയാണ് പരിചയപ്പെടുന്നത്. 
ഒരു നട്ടുച്ചയ്ക്കാണ് ജോണ്‍സേട്ടനും എല്‍സിചേച്ചിയും കൂടെ ഓഫീസിലേക്ക് കയറി വന്നത്.  മുമ്പ് ജോലി ചെയ്തിരുന്ന ഓഫീസിലൊക്കെ പോയി കുറെ വട്ടം കറങ്ങിയാണ് വരവ്്.  കോഴിക്കോടു വന്നപ്പോള്‍ വന്നു കണ്ടു പോകാമെന്നു കരുതി എന്നവര്‍ പറഞ്ഞു. ഇവള്‍ സത്യത്തില്‍ അമ്പരന്ന് നില്ക്കുകയായിരുന്നു.  പ്രായമായ രണ്ടുപേര്‍ എത്ര ചുറുചുറുക്കോടെ...പ്രായം ശരീരത്തിനു മാത്രമാണ്. 
എന്നാലും അവര്‍ പോയി കഴിഞ്ഞപ്പോള്‍ സഹപ്രവര്‍ത്തകര്‍ കളിയാക്കി...ഈ വയസ്സുകാലത്ത് അവര്‍ക്ക് എന്തിന്റെ കേടാണെന്നൊക്കെയായിരുന്നു. ഇവളെ വന്നു കണ്ടിട്ട് എന്തു കിട്ടാനാണെന്നും...

മടങ്ങുമ്പോള്‍ ഗന്ധകശാല അരി, കാപ്പിപ്പൊടിയും പൊതിഞ്ഞു തന്നു. 
ഹായ് എന്തൊരു സുഗന്ധം. നെയ്‌ച്ചോറു വെച്ചപ്പോഴും എന്തു രുചി..
തനതു നെല്ലില്‍ നിന്ന് രാസവളമിടാത്ത ചോറുണ്ണുന്നത് ആദ്യമാവണം.
വരുംതലമുറയ്ക്ക് സ്വപ്‌നം കാണാന്‍ പറ്റുമോ ഈ സൗഭാഗ്യങ്ങള്‍ എന്ന സങ്കടമുണ്ട്. 
ജോണ്‍സേട്ടന് അതിനുമുണ്ട് മറുപടി ആരെങ്കിലുമൊക്കെ എവിടെയെങ്കിലുമൊക്കെ ഇങ്ങനെയൊക്കെ ചെയ്യുന്നുണ്ടാവും.  ലോകം വേറോതോ വഴിയിലൂടെ പോകുമ്പോള്‍ നമുക്ക് സാധിക്കുന്ന കൊച്ചുകൊച്ചു കാര്യങ്ങളല്ലേ  മനസ്സമാധാനമുണ്ടാക്കുന്നത്...




Tuesday, September 25, 2012

നീലക്കുറിഞ്ഞികളുടെ നഷ്ടം



അതൊരു വഴിതെറ്റിയ യാത്രയായിരുന്നു.  നീലക്കുറിഞ്ഞി പൂത്തിരിക്കുന്നു എന്നറിഞ്ഞപ്പോള്‍ രാജമലയിലേക്കാണ് പോകാനിറങ്ങിയത്. പക്ഷേ, അവധിക്കാലമായിരുന്നതിനാല്‍ സഞ്ചാരികളുടെ തിരക്കായിരുന്നു...
വട്ടവടയിലും നീലക്കുറിഞ്ഞി പൂക്കാറുണ്ടെന്നും അവിടെ തിരക്കു കുറവാണെന്നും പറഞ്ഞുകേട്ടു.  അങ്ങനെയാണ് അങ്ങോട്ടേക്ക് തിരിച്ചത്. ഇടുക്കിയില്‍ ജനിച്ചു വളര്‍ന്നിട്ടും ഈ സ്ഥലങ്ങളൊന്നും ഞങ്ങള്‍ കണ്ടിരുന്നില്ല.  എന്നാല്‍ മുതിര്‍ന്നവരുടെ സംസാരത്തിനിടയില്‍ വട്ടവട പലപ്പോഴും കടന്നു വന്നിരുന്നു.

അതിലൊന്ന്, ഞങ്ങള്‍ മുറിക്കുന്നത്ത എന്നു വിളിക്കുന്ന മുത്തച്ഛന് സര്‍ക്കാര്‍, കൊട്ടാക്കമ്പൂരില്‍ എത്രയോ ഏക്കര്‍ സ്ഥലം  പതിച്ചു നല്കിയിരുന്നു എന്നതാണ്.  അദ്ദേഹം പോലീസില്‍ നിന്ന് റിട്ടയര്‍ ചെയ്ത ആളായിരുന്നു.  ഇടുക്കിയില്‍ പലയിടത്തും കോളനിവത്ക്കരണം നടന്നുകൊണ്ടിരിക്കെയാണ് മുറിക്കുന്നത്ത പോലീസില്‍ പിരിഞ്ഞത്.  സര്‍ക്കാരില്‍ നിന്ന് ഭൂമി നല്‍കിക്കൊണ്ടുള്ള ഉത്തരവിന്റെ കോപ്പി ഇടയ്ക്കിടെ എടുത്ത് അദ്ദേഹം അക്കാര്യം പറയുമായിരുന്നു.  പക്ഷേ, കൊട്ടാക്കമ്പൂരിലേക്ക് പോകാതിരുന്നതിന്  ഒന്നാമതായി കാരണം പറഞ്ഞത് റോഡോ വാഹനമോ ഇല്ലെന്നതായിരുന്നു .  മറ്റൊന്ന് ഉരുളക്കിഴങ്ങും ഉള്ളിയുമല്ലാതെ മറ്റൊന്നും കൃഷി ചെയ്യാന്‍ സാധിക്കില്ലെന്നും വളരെ തണുപ്പേറിയ പ്രദേശമായണെന്നുമായിരുന്നു.  നെല്ല് കതിരിടണമെങ്കില്‍ ഒരുകൊല്ലമെടുക്കുമെന്നും വാഴ കുലയക്കാന്‍ വര്‍ഷങ്ങെടുക്കുമെന്നുമായിരുന്നു.  പിന്നെയുമുണ്ടായിരുന്നു കാരണങ്ങള്‍..ജനവാസമില്ലെന്നും ഉള്ള മനുഷ്യര്‍ ആദിവാസികളാണെന്നുമായിരുന്നു.  ഇത്തരത്തില്‍ കുറേ കാരണങ്ങള്‍ പറഞ്ഞ് കൊട്ടാക്കമ്പൂരിനെ മുറുക്കുന്നത്ത ഒഴിവാക്കിയിരുന്നു.  എല്ലാം കേട്ടുകേള്‍വി എന്നല്ലാതെ പോയി നോക്കിയിരുന്നോ എന്നു സംശയമാണ്.  എന്നാലോ ഇടയ്ക്കിടയ്ക്ക് ഈ കടലാസു നിവര്‍ത്തി അയവിറക്കിയുമിരുന്നു.  
ഇക്കഥ കേള്‍ക്കാന്‍ തുടങ്ങി കുറേ മുതിര്‍ന്നപ്പോള്‍ എന്റെ അത്താക്കും ചെച്ചാക്കുമൊന്നും ഒട്ടും സാമര്‍ത്ഥ്യമില്ലായിരുന്നല്ലോ എന്ന് തോന്നിപ്പോയിട്ടുണ്ട്.  അവര്‍ കൃഷിയെ അറിഞ്ഞ് വളര്‍ന്നവരായിരുന്നില്ല.  മാത്രമല്ല അക്കാലത്ത് വട്ടവട പഞ്ചായത്തിലെ ഭൂമിക്ക് ഒട്ടും വിലയില്ലായിരുന്നു.  വെറുതെ കിട്ടുമെന്നു കേട്ടാലും ആര്‍ക്കും വേണ്ടായിരുന്നു.   

പിന്നെയും വളരെ കഴിഞ്ഞാണ് അങ്ങോട്ടേക്ക് ബസ്സുകള്‍ പോയി തുടങ്ങിയത്.  മൂന്നാറില്‍ നിന്ന് കൊടൈക്കനാലിലേക്ക് റോഡിനുള്ള പദ്ധതി വരുന്നത്. ഒപ്പം ടൂറിസത്തിന്റെ വലിയ സാധ്യതയും ലോകം തിരിച്ചറിയുന്നത്.  ആ തിരിച്ചറിവുകളുടെ കാലത്താണ് വഴിമാറി ഞങ്ങള്‍ അങ്ങോട്ടേക്ക് പോകുന്നത്...

നീലക്കുറിഞ്ഞി കാണുകയാണ് ലക്ഷ്യം.  എന്റെ ജീവിതത്തിലെ മൂന്നാമത്തെ കുറിഞ്ഞിക്കാലമായിരുന്നു അത്.  ആദ്യ കുറിഞ്ഞിക്കാലത്തെക്കുറിച്ച് ഒട്ടും ഓര്‍മയില്ല.  പിന്നത്തെ കുറിഞ്ഞിക്കാലം വെച്ച് പന്ത്രണ്ടുവര്‍ഷം പുറകോട്ടു പോയാല്‍ രണ്ടോ മൂന്നോ വയസ്സുള്ളപ്പോഴായിരിക്കണം ആദ്യം കുറിഞ്ഞിപൂത്തത് എന്ന് അനുമാനിക്കാം. എന്നാല്‍, കുട്ടിക്കാലത്തെങ്ങും നീലക്കുറിഞ്ഞിയെക്കുറിച്ച് ആരും പറഞ്ഞതായി ഓര്‍മയില്ല.  ഒരുപക്ഷേ, അക്കാലം സഞ്ചാരത്തിന്റേതായിരിക്കില്ല.  പ്രത്യേകിച്ച് കാഴ്ചകള്‍ കാണാനിറങ്ങുന്ന സഞ്ചാരം.  ഞങ്ങളുടെ അയല്‍വീടുകളിലുള്ള ആരും അത്തരത്തിലുള്ള സഞ്ചാരികളായിരുന്നില്ല. ജനന മരണങ്ങള്‍ക്കോ അകലെയുള്ള കല്ല്യാണങ്ങള്‍ക്കോ ഏറിവന്നാല്‍ ശബരിമലയ്‌ക്കോ ബീമപ്പളളിക്കോ തീര്‍ത്ഥയാത്ര..ഇതൊക്കെയായിരുന്നു നാട്ടിലെ സഞ്ചാരവുമായി ബന്ധപ്പെട്ടകാര്യങ്ങള്‍...ദൂരേക്ക് തൊഴിലുതേടിപ്പോയ ചിലര്‍ കൊണ്ടുവന്ന കഥകളായിരുന്നു നഗരത്തെക്കുറിച്ചുള്ള ഞങ്ങളുടെ സഞ്ചാര സാഹിത്യം.  
എന്നാല്‍, നീലക്കുറിഞ്ഞിപൂത്ത   രണ്ടാം കാലം വളരെ വ്യക്തമായി ഓര്‍മയുണ്ട്.  ഒരുപാട് വാഹനങ്ങള്‍ ആര്‍പ്പും വിളിയുമായി ഞങ്ങളുടെ റോഡിലൂടെ കിഴക്കോട്ട് പോയി.  പത്രങ്ങളില്‍ ഇളം വയലറ്റ്-നീലനിറമാര്‍ന്ന കുന്നുകളുടെ ചിത്രം കണ്ടു.  കിഴക്കോട്ടു പോയ സഞ്ചാരികള്‍ മടങ്ങി വരുമ്പോള്‍ വാഹനത്തില്‍ നിന്ന് പുറത്തേക്കു നീട്ടിയ അവരുടെ  കൈയ്യില്‍ നീലക്കുറിഞ്ഞിക്കൊമ്പുകളുണ്ടായിരുന്നു.  അതില്‍ അങ്ങിങ്ങായി നീലപ്പൂക്കള്‍..ചിലരത് റോട്ടിലുപേക്ഷിച്ചിരുന്നു.  ആ പൂക്കള്‍ക്ക് അത്ര മണമൊന്നുമില്ലായിരുന്നു.  അത്ര ഭംഗിയുമില്ലായിരുന്നു.  മുറ്റത്ത് നിന്ന നീലകനകാംബരത്തോട് സാമ്യമുള്ള ഇലകളും പൂക്കളും.
ഇതു കാണാനാണോ ഇത്രേം ആള്‍ക്കാരൊക്കെ പോയേ..എന്നൊരു തോന്നലിലായിരുന്നു വാടിക്കിടന്ന കുറിഞ്ഞിക്കമ്പ് മണത്തും തിരിച്ചും മറിച്ചും നോക്കിയും ആത്മഗതം കൊണ്ടത്.  അന്നൊന്നും മലയാകെ നീലവസന്തം തീര്‍ത്തു നില്ക്കുന്ന കുറിഞ്ഞിയെക്കുറിച്ച് ചിന്തിക്കുന്നേയില്ല.  നാട്ടില്‍ നിന്ന് അപൂര്‍വ്വമാളുകളാണ് കിഴക്കോട്ടുള്ള ഒഴുക്കില്‍ പോയത്..അപ്പോഴും ഞങ്ങളുടെ നാട്ടില്‍ കാഴ്ചയുടെ സൗന്ദ്യര്യമാസ്വദിക്കാന്‍ കാശുമുടക്കി പോകുന്നതിനേക്കുറിച്ച് ധാരണയില്ലായിരുന്നിരിക്കണം.  അതുകൊണ്ട് കുറിഞ്ഞിമല കാണാന്‍ ഞങ്ങളുമാഗ്രഹിച്ചില്ല. അല്ലെങ്കില്‍ ആഗ്രഹിച്ചിട്ടും കാര്യമില്ലെന്നുമറിയാമായിരുന്നു. ആ  ബോധം ഞങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തെ തടഞ്ഞു.  

സ്‌കൂളില്‍ നിന്നുളള വിനോദയാത്രയില്‍ ഞങ്ങള്‍ പോയിട്ടില്ല.  അന്നൊക്കെ വീട്ടില്‍ ചോദിക്കുമ്പോള്‍ ഒറ്റയ്ക്കു പോകേണ്ട എന്നും ബസ്സില്‍ കയറുമ്പോഴേ ഉറങ്ങാന്‍ തുടങ്ങുമെന്നും ഛര്‍ദ്ദിക്കുമെന്നും പറഞ്ഞായിരുന്നു വിലക്കിയിരുന്നത്.  മുതിര്‍ന്നപ്പോഴും വിട്ടില്ല.  കാഴ്ചകാണാന്‍ കാശുമുടക്കാനില്ലാഞ്ഞിട്ടോ പെണ്‍കുട്ടി ആയിരുന്നിട്ടോ ഞങ്ങളുടെ നാടിന്റെ പൊതുസ്വാഭാവമോ എന്തോ...വിനോദയാത്രയ്ക്കായി ഞങ്ങളൊരിടത്തേക്കും പോയില്ല.  എല്ലാക്കൊല്ലവും ചോദിക്കുക എന്നത് വഴിപാടുപോലെ നടന്നു.  അനുഗ്രഹം കിട്ടിയതേയില്ല.  
ആണ്‍കുട്ടിയായിരുന്നെങ്കില്‍, ഒന്നു കറങ്ങിവരാമായിരുന്നു എന്നൊക്കെ തോന്നിയിരുന്നു.  കേള്‍ക്കുന്ന കഥകളില്‍ നിന്ന് വായനയില്‍ നിന്ന് ഞങ്ങള്‍ സ്വപ്‌നലോകത്തിലൂടെ സഞ്ചരിച്ചു.  ചിലപ്പോഴത് ആകാശത്തിനും മേലേക്ക് പോയി.  
ചന്ദ്രന്‍, ചൊവ്വ പര്യവേഷണ പേടകങ്ങള്‍ പറന്നുയര്‍ന്ന വാര്‍ത്തകള്‍ വായിക്കുമ്പോള്‍ ആ പേടകത്തിനുള്ളില്‍ ഞാനുമിരുന്നു.  ചന്ദ്രനില്‍ കുടില്‍കെട്ടി താമസം തുടങ്ങി.  അടുത്ത പേടകം വരുമ്പോള്‍ അതില്‍ കയറി വീട്ടുകാരെ കാണാന്‍ പോയി.. പിന്നെയും വന്നു..പോയി...ഹായ്..എന്തു രസമെന്നു വിചാരിച്ച് ആഹ്ലാദിച്ചു.  

വിവാഹത്തിനു മുമ്പ് വാഹനത്തില്‍ കയറി കുറച്ചു ദൂരേക്ക് വിനോദയാത്രയ്ക്ക് പോയത് എറണാകുളം കാണാനായിരുന്നു.  അത് ബികോം അവസാനവര്‍ഷം പഠിച്ചിരുന്ന പാരലല്‍ കോളേജില്‍ നിന്നായിരുന്നു.  ഞങ്ങളുടെ ക്ലാസ്സില്‍ നിന്ന്...ഒരുപാട് ചോദിച്ചിട്ട് ..കാപ്പിക്കുരു പറിച്ചു നല്കിയതിന് അമ്മച്ചി നല്കിയ പ്രതിഫലവും കൊണ്ടായിരുന്നു ...

മാട്ടുപെട്ടിയില്‍ പോയിട്ടുണ്ടോ? രാജമലയിലേക്കോ?
തേക്കടിക്കു പോയിട്ടുണ്ടോ? ഇടുക്കിഡാമിലേക്കോ ?
എന്നു കൂട്ടുകാരന്‍ ചോദിക്കുമ്പോള്‍ ഉത്തരമുണ്ടാവാറില്ല.  സഞ്ചാരം ഇഷ്ടപ്പെടുന്നയാളായതുകൊണ്ട്...ഒപ്പംകൊണ്ടുപോകാന്‍ മടിയില്ലായിരുന്നതുകൊണ്ട് വര്‍ഷത്തില്‍ ഒന്നോ രണ്ടോ വട്ടമെങ്കിലും എങ്ങോട്ടെങ്കിലും പോവുക പതിവായി...

വട്ടവടയിലേക്കുള്ള വഴിയോരത്തെങ്ങും നീലക്കുറിഞ്ഞി കാണാനായില്ല. ശരിക്കു പറഞ്ഞാല്‍ കോവിലൂരെത്തിയപ്പോഴാണ് റോഡരുകില്‍ ഒന്നോ രണ്ടോ കുറ്റിച്ചെടികള്‍...ഇതിനായിരുന്നോ ഇത്രദൂരം..?  

പരിഷ്‌കൃത  മനുഷ്യന്‍ നീലക്കുറിഞ്ഞിയോട് ചെയ്ത കൊടും പാതകത്തിന്റെ കഥ പറയാന്‍ അവശേഷിച്ച ഒന്നോ രണ്ടോ ചെടികള്‍ മതിയായിരുന്നു.  
പടയോട്ടക്കാലത്ത് കൊടൈക്കാടുകള്‍ കയറി വന്നവരായിരുന്നു അവിടുത്തെ താമസക്കാര്‍..അവര്‍ പ്രകൃതിയേയും മണ്ണിനേയും സ്‌നേഹിച്ചു. ആരാധിച്ചു.  അവരുടെ വയലുകളില്‍ നെല്ലും ഗോതമ്പും ഉരുളക്കിഴങ്ങും വെളുത്തുള്ളിയും കാരറ്റും മുട്ടക്കോസും മല്ലിയും മുളകും വിളഞ്ഞു.  

തട്ടുതട്ടായുള്ള കൃഷിയിടങ്ങള്‍..ഒളിഞ്ഞും തെളിഞ്ഞും വെയില്...ചുറ്റും മലകള്‍..മലകള്‍ക്കപ്പുറം ലോകമുണ്ടെന്നു തോന്നില്ല.  നിശബ്ദത..മഞ്ഞും അസ്ഥി മരക്കുന്ന തണുപ്പും
കൊട്ടാക്കമ്പൂര്‍ ഊരിനപ്പുറം റോഡ് ദുര്‍ഘടം..മണ്‍പാതമാത്രം.  വാഹനം പോകില്ല. 

കൃഷിയിടങ്ങളിലേക്ക് നടക്കണം.  പക്ഷേ, എതിലേ നടക്കും?  പഞ്ചായത്ത് കോണ്‍ക്രീറ്റ് റോഡു നിര്‍മ്മിച്ചിട്ടുണ്ട്.  പൊതുകക്കൂസുകള്‍ തീര്‍ത്തിട്ടുണ്ട്.  പക്ഷേ, കുട്ടികള്‍ ആ വഴിയിലൊക്കെയും തൂറിവെച്ചു.  തീട്ടം ചവിട്ടാതെ അപ്പുറം കടക്കാന്‍ വയ്യ.  സ്വദേശികള്‍ക്ക് അതൊരു പ്രശ്‌നമേ ആയിരുന്നില്ല.  തൊട്ടു മുകളില്‍ ഊര്‍ തെരുവില്‍ കോവര്‍കഴുതച്ചാണക മണം തങ്ങിനിന്നു...താഴെ തീട്ടം നാറി..അതിനപ്പുറമാണ് കൃഷിത്തോട്ടം..

ഉരുളക്കിഴങ്ങിന്റെയും വെളുത്തുള്ളിയുടെയും വിളവെടുപ്പു നടക്കുന്നു.  ബീറ്റ്‌റൂട്ടും ബീന്‍സും കാരറ്റുമുണ്ട്...പച്ചമല്ലി വിളഞ്ഞു നില്ക്കുന്നു.  

 ഈ കൃഷിത്തോട്ടങ്ങളുടെ നടുവിലൂടെയാണ് റോഡു വരാന്‍ പോകുന്നത്..സ്വാഭാവികമായും പരിഷ്‌കൃത മനുഷ്യര്‍ റിസോര്‍ട്ട് സ്വപ്‌നം കാണുന്നു.  പലതരം ലാഭം കാണുന്നു.  അവിടുത്തെ പ്രകൃതിയുമായി ഇണങ്ങിക്കഴിഞ്ഞിരുന്നവരെ പാട്ടിലാക്കി ചുളുവിലയില്‍ പലരും കൃഷിസ്ഥലങ്ങള്‍ കൈക്കലാക്കി..കുന്നിന്‍ചെരിവുകള്‍ ഗ്രാന്‍ഡീസ് തോട്ടങ്ങളായി.  നാട്ടുകാരുടെ വരവോടെ ആര്‍ക്കും വേണ്ടാതിരുന്ന ഭൂമിക്ക് വിലയേറി...

കുന്നിന്‍ചെരിവുകള്‍ ഗ്രാന്‍ഡീസ് തോട്ടങ്ങള്‍ക്ക് വഴിമാറിയപ്പോള്‍ സ്വാഭാവികമായും കുറിഞ്ഞിപൂത്ത കാടുകള്‍ ഇല്ലാതായി.  ഒപ്പം ജലദൗര്‍ലഭ്യവും.  പൂക്കാന്‍ കുറിഞ്ഞി ഇല്ലാതായതോടെ വട്ടവടയില്‍ കുറിഞ്ഞി ആഘോഷങ്ങളില്ലാതായെന്ന് ദേശവാസികള്‍ പറയുന്നു.  

മുമ്പ് കുറിഞ്ഞിപൂത്താലുടന്‍ പൊങ്കാലയിടും.  
കുറിഞ്ഞിയാണ്ടവന് പഴങ്ങള്‍ നേദിക്കും. ആ ചടങ്ങില്‍ വെച്ച് പൂജാരി തേനീച്ചകളെ ക്ഷണിക്കും. രണ്ടുമാസം കഴിഞ്ഞ്  മറ്റൊരു ഉത്സവത്തില്‍ വെച്ച് പൂജാരി ആദ്യ കുറിഞ്ഞിത്തേന്‍ ആണ്ടവന് നേദിക്കും. അതുകഴിഞ്ഞാല്‍ ദേശവാസികള്‍ക്ക് മലഞ്ചെരിവുകളില്‍ നിന്ന് ഇഷ്ടംപോലെ തേന്‍ ശേഖരിക്കാം. ഇക്കാലത്തെ തേനിന് ഔഷധഗുണവും മാധുര്യവുമേറുമെന്ന് അവര്‍ പറയുന്നു.  ഒരേ പൂക്കളുടെ തേന്‍ ലഭിക്കുക അപൂര്‍വ്വമാണ്. അതുകൊണ്ടുതന്നെ പല വീട്ടിലും ആ തേന്‍ അടുത്ത കുറിഞ്ഞിക്കാലം വരെ സൂക്ഷിച്ചുവെയ്ക്കും.  അമൂല്യ നിധിപോലെ..

ഒരുദേശത്തിന്റെ തനതു ജീവിതക്രമങ്ങളിലേക്കാണ് ആധുനീക മനുഷ്യന്‍ അതിക്രമിച്ച് കയറിയതും അതിനെ പരിസ്ഥിതി ദുരന്തത്തിലേക്ക് തള്ളിവിട്ടതും.  

 ഗ്രാമവാസികളില്‍ പലര്‍ക്കുമിപ്പോള്‍ ഭൂമിയില്ല.  ഉള്ള കൃഷിയിടങ്ങളില്‍ തൊഴിലുമില്ല.  അവര്‍ ഗ്രാന്‍ഡീസ് വെട്ടുന്നിടത്തേക്ക് പണിക്കു പോകുന്നു.
ഉച്ചക്ക് കൊട്ടാക്കമ്പൂരിലെ വഴിയിലൂടെ നടക്കുമ്പോള്‍ പെട്ടെന്ന് മഴ പെയ്യുമെന്ന് വിചാരിച്ചിരുന്നില്ല.  എന്നാല്‍, കൈയ്യില്‍ വെളുത്തുളളി കെട്ടുമായി ഒരു അക്കയും അണ്ണനും കുന്നിറങ്ങി ഓടിവരുന്നു.  ക്യാമറ അവര്‍ക്കുനേരെ തിരിച്ചപ്പോഴേക്കും മഴ വീണുതുടങ്ങി. ആലിപ്പഴങ്ങളോടെ...   ഞങ്ങള്‍ അവരുടെ  കുടിലിനരുകിലേക്ക് കയറി നിന്നു. ചാറ്റലടിച്ചിട്ട് ഞങ്ങളുടെ തല നനയുന്നില്ലന്നേയുള്ളു. മഴ ഇപ്പോള്‍ മാറുമെന്ന തോന്നലുണ്ട് ഞങ്ങള്‍ക്ക്.  
പക്ഷേ, അക്കയുമണ്ണനും ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചു.  മടിച്ചു നിന്നപ്പോള്‍ , ഒരു മണിക്കൂറു കഴിയും ഈ മഴ തോരാനെന്ന് അവര്‍ പറഞ്ഞു. 

മഴ വരുന്നതും അതു മാറാനെടുക്കുന്ന സമയവുമൊക്കെ കൃത്യമായി മനസ്സിലാക്കുന്ന കാലാവസ്ഥ നിരീക്ഷകര്‍! 
രണ്ടുമുറി കുടിലാണത്.  മുറിയെന്നൊക്കെ പറയുന്നത് അതിവിശേഷണമായിപ്പോകും.  മുളവാരിയില്‍ കളിമണ്ണുതേച്ചു മിനുക്കിയ ഭിത്തി.  ചാണകത്തറ.  ഇരിക്കാനുള്ള സംവിധാനങ്ങളൊന്നുമില്ല.  

രണ്ട് അരികുകളും വിട്ടുപോയ പുല്‍പ്പായ അവര്‍ നിവര്‍ത്തിയിട്ടു.  ഒരു മുറിയില്‍ മുളങ്കട്ടിലുണ്ട്.  അതിനു മുകളില്‍ വെളുത്തുള്ളി വെച്ചിരിക്കുന്നു.  നിലത്തും വെളുത്തുള്ളി തന്നെ..ഒരിടത്ത് ഉണങ്ങിയ ബീന്‍സ് കൂട്ടിയിട്ടിട്ടുണ്ട്.  അവിടെ  നിലത്തിരിരുന്ന് വെളുത്തുള്ളിയുടെ വേരും വാടിയ ഇലയും നീക്കുകയാണ് അഞ്ചുപേര്‍.   എണ്‍പതു വയസ്സിനു മുകളില്‍ പ്രായമുള്ള പാട്ടി(വൃദ്ധ), അവരുടെ രണ്ടു ചെറുമക്കളും ഭര്‍ത്താക്കന്മാരും.  അതില്‍ ഒരാളുടെ മൂന്നുവയസ്സുകാരന്‍ മകന്‍ ഇപ്പുറത്തെ മുറിയില്‍ അക്കയ്ക്കും അണ്ണനുമൊപ്പമാണ്.  അവര്‍ ബീന്‍സിന്റെ തൊലികളഞ്ഞ് വിത്തുവേര്‍പെടുത്തിക്കൊണ്ടിരുന്നു.  അവരുടെ വിരലുകള്‍ കറപുരണ്ടും തഴമ്പായുമിരുന്നു.
ആ മുറിയലായിരുന്നു അടുപ്പ്. അടുപ്പിന് മുകളില്‍ ചേര് .  ചേരിലും വെളുത്തുള്ളി തന്നെ.  അന്നേദിവസം അടുപ്പു കത്തിച്ചതാണെന്ന് തോന്നിയില്ല. ഓടിന്റെയും പിച്ചളയുടേയും സ്റ്റീലിന്റെയും  പാത്രങ്ങള്‍ തേച്ചുമിനുക്കി മുളന്തട്ടില്‍ 
കമിഴ്ത്തി വെച്ചിട്ടുണ്ട്്.  

ബീന്‍സ് തൊലികളഞ്ഞെടുക്കുന്നത് ഭക്ഷണത്തിനാവാം.  ഉച്ചയൂണിന്റെ സമയമായിട്ടുണ്ട്.  ഇത് ഭക്ഷണത്തിനാണോ എന്ന ചോദ്യത്തിന് അവര്‍ നിഷേധാര്‍ത്ഥത്തില്‍ തലവെട്ടിച്ച് വിത്തിനാണെന്ന് ഓര്‍മപ്പെടുത്തി.  ഒരു മൂലയില്‍ കുന്നോളം ബീന്‍സിന്‍ തൊലികള്‍.  
പുറത്ത് അസ്ഥിയുറക്കുന്ന തണുപ്പായിരുന്നെങ്കില്‍ ആ മുറിക്കുള്ളില്‍ ഇളംചൂട് തോന്നിച്ചു.  

 വിഭൂതിഭൂഷണ്‍ ബന്ദോപാധ്യായയുടെ ആരണ്യക് നോവലിലെ ഒരു ഭാഗം ഓര്‍മ വരുന്നു.  

കൊയ്ത്തുകാരായി വന്ന നക്‌ച്ഛേദിയുടെ കുടിലിലേക്ക് എത്തി നോക്കിയ കഥാനായകന്‍ അത്ഭുതപ്പെടുന്നുണ്ട്.  
' അവിടെ കിടക്കാനോ ഇരിക്കാനോ ഉളള സാമാനം എന്നുപറയാന്‍ ഒന്നുംതന്നെ ഇല്ല.  മുറിക്കകത്തെ തറയില്‍ മാത്രം കുറച്ച് ഉണക്കപ്പുല്ല് വിരിച്ചിട്ടുണ്ട് കിടക്കാന്‍.  പാത്രങ്ങളുടെ കൂട്ടത്തില്‍ ഒരു വളരെ വലിയ ഓട്ടുപാത്രവും ഒരു ലോട്ടയും.  വസ്ത്രമായിട്ട് അവരവര്‍ ഉടുത്തിട്ടുളളതല്ലാതെ ഒരു തുണ്ടു തുണിപോലു അവിടെയെങ്ങും കണ്ടില്ല. എന്നാല്‍ ഉണ്ടെങ്കില്‍ തന്നെ , ഈ ഭയങ്കരമായ മഞ്ഞത്ത് ഇവര്‍ക്ക് പുതയ്ക്കാനെന്തോന്നാ?  കമ്പിളി എവിടെ?  ' 
അക്കാര്യം ചോദിച്ചപ്പോള്‍ നക്‌ച്ഛേദി പറഞ്ഞു

കുടിലിന്റെ കോണില്‍ പയററിന്‍തൊലി കണ്ടില്ലേ കൂട്ടിയിട്ടിരിക്കന്നത് ? 
 പയറിന്റെ തൊലി തീ കത്തിക്കാനാണോ രാത്രിയില്‍?  കഥാനായകന്‍ കാര്യം മനസ്സിലാവാതെ ചോദിച്ചു.

നക്‌ച്ഛേദി, അയാളുടെ വിവരക്കുറവുകണ്ട് ചിരിച്ചു.
' അതിനല്ല ബാബുജി ! പയറുതൊലിക്കകത്തു കയറി കുട്ടികള്‍ കിടക്കും, ഞങ്ങളും അതു മേത്തുവാരിയിട്ടോണ്ടാ കിടക്കുന്നത്.  കണ്ടില്ലെ, കുറഞ്ഞത് അഞ്ചുമന്നുതൊലി കൂട്ടിയിട്ടിരിക്കുന്നത്?  വളരെ സുഖമാ പയററിന്‍തൊലിയില്‍, രണ്ടു കമ്പിളി പുതച്ചാലും ഇത്രയും സുഖം കിട്ടുകയില്ല.  മാത്രമല്ല, ഞങ്ങള്‍ക്കെവിടുന്നാ കമ്പിളി കിട്ടുന്നത്?  പറയൂ' 

ഏതാണ്ട് അമ്പത് വര്‍ഷം മുമ്പെഴുതിയ ബംഗാളി നോവലിലെ കഥാപാത്രങ്ങളെ ഇപ്പോഴും  കണ്‍മുന്നില്‍്് കാണുന്നു.  നോവലിലല്ലെന്നു മാത്രം.  

അക്കയുടെ മൂന്നുവയസ്സുകാരന്‍ പേരക്കുട്ടി മൂക്കളയൊലിപ്പിച്ച്, ബട്ടണുകള്‍ പൊട്ടി, നിറം മങ്ങി, പലയിടത്തും പിഞ്ഞിത്തുടങ്ങിയ ഷര്‍ട്ടിട്ടിരുന്നു. കളിപ്പാട്ടത്തിന്റെ മുറിപോലും അവിടെങ്ങും കണ്ടില്ല.   ഇവന് ഉച്ചയ്ക്ക് കഴിക്കാന്‍ ഒന്നും കൊടുക്കണ്ടായിരിക്കുമോ?  ഇവന് നല്ല വിദ്യാഭ്യാസം കൊടുക്കാന്‍ ഇവര്‍ക്കാകുമോ ? 
അക്ക അടുപ്പില്‍ തീ കത്തിച്ച് കട്ടന്‍ചായ ഉണ്ടാക്കി തന്നു ഞങ്ങള്‍ക്ക്.  അതിലൊരോഹരി അവനും.  

അവര്‍ കര്‍ഷകരാണ്.  വെളുത്തുള്ളിയും ബീന്‍സും പ്രധാനം.  ഊരുകാരായതുകൊണ്ട് പട്ടികജാതി-വര്‍ഗ്ഗ ആനുകൂല്യങ്ങള്‍ക്കൊന്നും അര്‍ഹരല്ല.  പണ്ട് തായ്താപ്പന്മാരായി തമിഴ്‌നാട്ടില്‍ നിന്ന് കൊടൈക്കാടുകള്‍ കയറി വന്നവരാണ്.  നിലവിലവര്‍ക്ക് ജാതിയില്ല.  

അവര്‍ ഉച്ചയ്ക്ക് ഊണു കഴിക്കാറില്ലെന്ന് മഴതോര്‍ന്ന് നടക്കുമ്പോള്‍ പരിചയപ്പെട്ട മലയാളിയാണ് പറഞ്ഞത്. വൈകിട്ടു മാത്രമാണ്   ഭക്ഷണം വെയ്ക്കുന്നത്. ബാക്കിയുണ്ടെങ്കില്‍ രാവിലെ കഴിച്ച് പാത്രങ്ങള്‍ കഴുകി മിനുക്കിവെയ്ക്കും.  പിന്നെ, പാടത്തും പറമ്പിലും... കടം വാങ്ങാന്‍ പോകാറില്ല.  ഉളളതുകൊണ്ടു ജീവിക്കും.  ചെറുകിട കൃഷിക്കാര്‍ക്ക് അടിസ്ഥാന സൗകര്യത്തോടെ ജീവിക്കാനുള്ള അവസ്ഥപോലുമില്ല പലപ്പോഴും. 
ആ ജീവിതരീതി അവിടെ എല്ലാവര്‍ക്കുമുളളതുകൊണ്ടാവണം വട്ടവട ആദ്യത്തെ വ്യവഹാര വിമുക്ത ഗ്രാമമായി മാറിയതും. 


മടങ്ങിവരുമ്പോള്‍ കുറിഞ്ഞി കാണാതായതില്‍ മാത്രമായിരുന്നില്ല സങ്കടം.  പരിസ്ഥിതിക്കേറ്റ മുറിവും ഉണങ്ങാതെ കിടന്നു. അവിടുത്തെ പാവപ്പെട്ട ജനങ്ങളും..ഒരു യാത്ര സന്തോഷമാണ് തരേണ്ടത്..ചിലത് ഇങ്ങനെയാവാം..

 ആ യാത്ര കഴിഞ്ഞ് ഒരുമാസമാകുമ്പോഴാണ് കൊട്ടാക്കമ്പൂര്‍, വട്ടവട വില്ലേജുകളെ ഉള്‍പ്പെടുത്തി നീലകുറിഞ്ഞി സാങ്ച്വറിയായി പ്രഖ്യാപിച്ചത്.  പന്ത്രണ്ടു വര്‍ഷം മുമ്പ് നീലക്കുറിഞ്ഞി പൂത്തിറങ്ങിയ മലഞ്ചെരുവില്‍ ഇത്തവണ ഒന്നുമില്ലെങ്കിലും ഇരവികുളം നാഷണല്‍പാര്‍ക്കില്‍ കുറിഞ്ഞി പൂത്തു.  വരയാട്  സംരക്ഷണകേന്ദ്രമായതിനാല്‍ അവിടേക്ക് ആധുനിക മനുഷ്യന് കടന്നു കയറാന്‍ സാധിക്കാത്തതുകൊണ്ടായിരുന്നു, നീലക്കുറിഞ്ഞിക്ക് പൂക്കാനായത്. 

വരുന്ന കുറിഞ്ഞിപൂക്കും കാലത്തേക്ക് വിത്തുകള്‍ ഗ്രാന്റീസ് തോട്ടങ്ങള്‍ക്കിടയില്‍ അവശേഷിച്ചിരിക്കാന്‍ സാധ്യതയില്ല.  എങ്കിലും ആ പ്രദേശം നീലക്കുറിഞ്ഞി സാങ്ച്വറി ആകുന്നതോടെ കൈയ്യേറ്റങ്ങളില്ലാതാവുമെന്നും പതുക്കെ പതുക്കെ അവിടെ നീലവസന്തം വിരിയുമെന്നും സ്വപ്‌നം കാണാം.

Tuesday, September 18, 2012

കണ്ണിത്തുള്ളികള്‍

കുഞ്ഞുന്നാളില്‍, മഴ ചോര്‍ന്നൊലിക്കുന്ന പുല്ലുവീട്. മഴവെളളം കുടിച്ച മണ്‍കട്ടകള്‍..പറമ്പിലെവിടെയും ഉറവകള്‍..ഉറവകള്‍ ചേര്‍ന്ന് കൈത്തോടുകള്‍..കൈത്തോട്ടിലും ഉറവകളിലും നടന്ന് വെള്ളം തെറുപ്പിച്ചു.
ചിലപ്പോള്‍ തെന്നിക്കിടന്ന പാറച്ചെരുവലൂടെ മുകളിലേക്ക്..കടുംവയലറ്റ് പാറപ്പച്ചയുടെ മാംസളമായ ഇലപൊട്ടിച്ച് വെള്ളം കണ്ടു. പാറയിലേക്ക് ഞാന്നു കിടന്ന കണ്ണിത്തുള്ളികള്‍ പൊട്ടിച്ച് നാവില്‍ വെച്ച് കണ്ണില്‍വെച്ച് തണുപ്പറിഞ്ഞു.

ഇന്നും ചില ഇടവഴികളിലൂടെ കടന്നുപോകുമ്പോള്‍ കുഞ്ഞാവുന്നു. കയ്യാലകളിലെ പുല്ലില്‍ ഞാന്നു കിടക്കുന്ന കണ്ണിത്തുള്ളികളെ കണ്ണില്‍ വെയ്ക്കുന്നു

Monday, September 10, 2012

ചുരം

ചുരമെന്നാല്‍ കൂട്ടുകാരന്റെ കത്തുകളായിരുന്നു.  ചുരം കയറിയാലുള്ളതും അതിലുണ്ടായിരുന്നു.  ഓരോ തവണയും കത്തിലെ വരികളെന്നെ മോഹിപ്പിച്ചു.  ഒന്‍പത് മുടിപ്പിന്‍ വളവുകള്‍..കാട്...മഞ്ഞിനിടയില്‍ ചെമ്പ്ര. എടക്കല്‍..താടകയെപ്പോലെ മലര്‍ന്ന് അമ്പുകുത്തിമല..മുത്തങ്ങ, നൂല്‍പ്പുഴ, തിരുനെല്ലി, തോല്‍്‌പ്പെട്ടി..സാഹസയാത്രയ്‌ക്കൊരുങ്ങിക്കോളാന്‍ പറഞ്ഞ് സൂചിപ്പാറയും പക്ഷിപാതാളവും....അനേകം ദ്വീപുകള്‍ കാടുകള്‍ എന്ന് കുറവാ..മുളങ്കാടുകളുടെ കച്ചേരി...
കത്തു തുടര്‍ന്നു.
ചുരം കയറാന്‍ വല്ലാതെ കൊതിച്ചു. 
പക്ഷേ, ആദ്യയാത്രയില്‍ രാത്രിയായിരുന്നു.  ഉറക്കമായിരുന്നു.  പാണ്ടിമുല്ലയുടെ വാടിയ മണമായിരുന്നു ഞങ്ങള്‍ക്കു ചുറ്റും.  ഉറക്കമായിരുന്നിട്ടും അവനെങ്ങനെ അറിഞ്ഞെന്നറിയില്ല. 
ചുരമെത്തി- വിളിച്ചുണര്‍ത്തി. 
ഒന്നും മനസ്സിലായില്ല.  ചുറ്റും ഇരുട്ടുമാത്രം.  എന്താണ് ചുരമെന്ന് അറിഞ്ഞതേയില്ല. വിനോദത്തിനു മാത്രമായിട്ട്  യാത്രകള്‍ അപൂര്‍വ്വമായതുകൊണ്ട് കത്തിലെ വരികള്‍ മാത്രം ഇപ്പോഴും മോഹിപ്പിച്ചുകൊണ്ട് എവിടെയോ ഇരിക്കുന്നു. 
വീട്
ഒരു ദൂരക്കാഴ്ചയും തരാത്തതായിരുന്നു. ചുറ്റും കുരുമുളകു പടര്‍ന്ന ആകാശം മറച്ച കാറ്റാടി മരങ്ങളും പ്ലാവുകളുമായിരുന്നു.  വെയില്‍, ഏറെ വൈകിമാത്രം മുറ്റത്തേക്ക് എത്തി നോക്കി.

ഇപ്പോള്‍ അവധി ദിവസങ്ങളില്‍ ചുരം കയറുന്നു.  ആകെ കാടുകാണുന്നത് അപ്പോഴാണ്. ബസ്സില്‍ നിന്നിറങ്ങി നടക്കാന്‍ തോന്നും..കാട്ടിലൂടെ..തണുത്ത ഇലകളിലൂടെ..
എപ്പോഴാണാവോ അലക്കൊഴിഞ്ഞ് കാശീയാത്രപോലെ...
അറിയില്ല. 

Wednesday, August 15, 2012

മേലേക്ക് പാറി വീണ പച്ചക്കുതിര

മകളൊരു പ്രാസംഗികയാകാന്‍ അമ്മച്ചി ആഗ്രച്ചിരുന്നോ?  അറിയില്ല. 
 പ്രസംഗ മത്സരത്തിന് ചേരണമെന്ന് ഇവള്‍ ആഗ്രഹിച്ചിരിന്നോ?  ഓര്‍മിയില്ല. 
സ്വതവേ നാണംകുണിങ്ങിയായിരുന്നവള്‍ പ്രസംഗവേദിയില്‍ കയറുകയോ?  മൈക്കിനു മുന്നില്‍ മുട്ടിടിക്കാതെ, പതറാതെ, ഒരു സദസ്സിനു മുന്നില്‍..?
ഇപ്പോഴും ഇവള്‍ക്ക് വിറയ്ക്കുന്നു, പതറുന്നു... അപ്പോള്‍ അന്നത്തെ കാര്യം പറയാനുണ്ടോ? 
ഇങ്ങനെയുള്ളൊരു മകളെ എന്തു ധൈര്യത്തിലാണോ
 എന്തോ അമ്മച്ചി മത്സരത്തിന് ചേര്‍ത്തത്?  ഓര്‍ക്കുമ്പോള്‍ അമ്പരക്കുന്നു. 

അമ്മച്ചിയില്‍ ഒരു കലാകാരിയുണ്ടായിരുന്നു.  പാടുകയും നൃത്തം ചെയ്യുകയും ചെയ്തിരുന്നു.  വാക്‌സാമര്‍ത്ഥ്യവുമുണ്ടായിരുന്നു.  പക്ഷേ, അതെല്ലാം വിവാഹം വരെ മാത്രം...തന്റെ ഉള്ളില്‍ മൂടിവെച്ച കലയെ മകളിലൂടെ സാക്ഷാത്ക്കരിക്കാന്‍ ശ്രമിച്ചതാവാം. 

പാട്ടുപാടാനുള്ള രാഗതാളലയങ്ങളൊന്നും കുഞ്ഞുന്നാളിലെ കാണാഞ്ഞതുകൊണ്ടാവണം പാടാനൊരിക്കലും പറഞ്ഞില്ല.  പിന്നെ, നൃത്തം..പഠിപ്പിക്കാന്‍ ഗുരുവിനെ കിട്ടാഞ്ഞാവണം അതിനും ശ്രമിച്ചില്ല.  അമ്മച്ചിക്ക് അറിയുന്നതൊട്ട് പഠിപ്പിച്ചു തരാനും മിനക്കെട്ടില്ല.  ജീവിത പ്രാരാബ്ദങ്ങള്‍ക്കിടയിലുള്ള ഓട്ടത്തനിടയില്‍ പറ്റിയിട്ടുണ്ടാവില്ല. 

പിന്നെ, എപ്പോഴാണാവോ അമ്മച്ചിക്ക് പ്രസംഗം മനസ്സില്‍ കയറിക്കൂടിയത്? 
എന്തായാലും സ്‌കൂളില്‍ പരിപാടിയുണ്ടെന്നും സ്വാതന്ത്ര്യദിനത്തെക്കുറിച്ചുള്ളതാണ് പ്രസംഗത്തിന് വിഷയമെന്നും ഞാന്‍ പറഞ്ഞിരിക്കാം.
സ്‌കൂളിലെ നോട്ടിസ് ബോര്‍ഡില്‍ സ്വാതന്ത്ര്യദിനത്തെക്കുറിച്ച് നീണ്ടൊരു പ്രസംഗം എഴുതിയിട്ടിരിന്നു.

പക്ഷേ, അമ്മച്ചി വേറൊരു പ്രസംഗമാണ് എഴുതി തന്നത്..വളരെ ലളിതമായ വരികളില്‍..ഒരുപാടു വലിച്ചു നീട്ടാതെ ...എന്നെക്കൊണ്ടത് പല ആവര്‍ത്തി കാണാതെ പറയിപ്പിച്ചു. 
സദസ്സിനെ മകള്‍ എങ്ങനെ അഭിമുഖീകരിക്കും എന്നോര്‍ത്താവണം അതിനും ഒരു വിദ്യ പറഞ്ഞു തന്നു.  വേദിയില്‍ നില്ക്കുമ്പോള്‍ സദസ്സിനെ നോക്കേണ്ടേ..ഏറ്റവും പിന്നിലെ ഭിത്തിയില്‍ നോക്കുക.  അപ്പോള്‍ സദസ്സിലുള്ളവര്‍ക്ക് അവരെയാ നോക്കുന്നതെന്ന് തോന്നിക്കോളും...

ഏതായാലും പേരു കൊടുത്തു. പേരു വിളിച്ചു. ധൈര്യമായിട്ട് കയറി നിന്ന് പ്രസംഗിച്ചു.  വിജയിയെ പ്രഖ്യാപിച്ചപ്പോള്‍ ഒന്നാം സമ്മാനം!.   അമ്മച്ചി പഠിപ്പിച്ച പ്രസംഗം....
എന്തൊരാഹ്ലാദമായിരുന്നു.  സ്റ്റീലിന്റെ ഒരു കറിപ്ലേറ്റായിരുന്നു സമ്മാനം.  അതുമായിട്ട് തെന്നിക്കിടന്ന വയല്‍വരമ്പിലൂടെയുള്ള ഓട്ടം..വരമ്പില്‍ കാല് കുത്തിയോ?  കുത്തിയിരുന്നെങ്കില്‍ ആടിക്കാറ്റ് ഇവളെ ചെളിക്കണ്ടത്തിലേക്ക് തള്ളിയിട്ടെനേ.. എന്തൊരുത്സാഹമായിരുന്നു വീട്ടിലെത്താന്‍..സമ്മാനമൊന്നു കാണിക്കാന്‍...
അന്ന് സ്വാതന്ത്ര്യദിനമായിരുന്നു. 
എല്ലാ അര്‍ത്ഥത്തിലും...
അന്ന് ഓടി വന്ന നെല്ല് പൂത്തുനിന്ന കണ്ടത്തില്‍ നിന്ന് മേലേക്ക് പാറി വീണ പച്ചക്കുതിരയെപ്പോലെ...ആ സ്വാതന്ത്ര്യദിനത്തില്‍ നിന്നാവാം ഒരു പക്ഷേ, എഴുത്ത് എന്നിലേക്ക് കടന്നു വന്നത്..

Tuesday, August 7, 2012

നിങ്ങളാസ്വദിക്കുക...

ഹിരോഷിമ, നാഗസാക്കി ദിനങ്ങള്‍ നമ്മള്‍ ആചരിക്കും..ഇനിയും ഒരു യുദ്ധം വേണ്ടേ വേണ്ടേ..എന്ന് പാടും.  ഒപ്പം, നമ്മുടെ മുറ്റത്ത് നടന്ന മറ്റൊരു രാസയുദ്ധത്തിന്റെ കെടുതികള്‍ നമ്മള്‍ കണ്ടില്ലെന്നാണോ?  എന്‍ഡോസള്‍ഫാന്‍ നിരോധിച്ചു എന്നതുകൊണ്ടു മാത്രം ഒരു ദേശം രക്ഷപെട്ടിട്ടില്ല എന്ന യാഥാര്‍ത്ഥ്യം നമ്മള്‍ മറന്നോ?  ഇനിയും 50 വര്‍ഷത്തേക്കെങ്കിലും അവിടുത്തെ ജനങ്ങള്‍ ദുരിതങ്ങള്‍ അനുഭവിക്കേണ്ടി വരും.  ഇതും ഒരു യുദ്ധമായിരുന്നു.  ഒരു സര്‍ക്കാര്‍ പൗരന്മാര്‍ക്ക് മേല്‍ തളിച്ച രാസയുദ്ധം.  ദുരിതബാധിതരായ അമ്മമാര്‍ കാസര്‍കോട് കളക്ടറേറ്റിനു മുന്നില്‍  നിരാഹാരസമരം നടത്തുന്നു.  മൂന്നുവട്ടം സമരപ്പന്തലിനരുകിലൂടെ പോയ മുഖ്യമന്ത്രി ആ അമ്മമാരെ കണ്ടിട്ടില്ല.  ആ അരജീവിതങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുക എന്നത്  ഔദാര്യമോ അവകാശമോ അല്ല...ഭരണകൂടം സ്വന്തം ജനതയോട് ചെയ്യേണ്ട പ്രായാശ്ചിത്തമാണ്. 
ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ തെളിവെടുപ്പു നടത്തുകയും ചില നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയതിട്ടുണ്ട്. പക്ഷേ, സര്‍ക്കാരില്‍ നിന്ന് ഗുണപരമായ തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ല. എവിടെയൊക്കെയോ എന്തെല്ലാമോ പറഞ്ഞു കൊണ്ടിരിക്കുന്നു. പക്ഷേ, കൃത്യമായ ഉറപ്പൊന്നും ദുരിതബാധിതതര്‍ക്ക് കിട്ടിയിട്ടില്ല.

തങ്ങളുടേതല്ലാത്ത കുററത്തിനാണ് കാലങ്ങളോളം ഇവിടെത്തെ അമ്മമാരും കുഞ്ഞുങ്ങളും അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോള്‍ ഇവിടത്തെ അമ്മമാര്‍ റിലേ നിരാഹാര സത്യാഗ്രഹമനുഷ്ഠിക്കുന്നു. സര്‍ക്കാരില്‍ നിന്ന് അനുകൂലമായ തീരുമാനമുണ്ടാവുമെന്ന പ്രതീക്ഷയോടെ...

പക്ഷേ കേന്ദ്ര സര്‍ക്കാരിന് ഇന്നും എന്‍ഡോസള്‍ഫാന്‍ വിഷമല്ല. വെറും മരുന്നു മാത്രം. അതുകൊണ്ടാണ് നിരോധനം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.  എന്‍ഡോ സള്‍ഫാന്‍ നിര്‍മിക്കാനുളള വസ്തുക്കള്‍ കെട്ടിക്കിടക്കുന്നുപോലും!
ഈ യുദ്ധം വേണ്ടേ, വേണ്ടാ എന്ന് ആരു വിളിച്ചു പറയും? 

.
ഇവള്‍ കണ്ടിട്ടുണ്ട് അവിടുത്തെ കുഞ്ഞുങ്ങളെ..ചിത്രത്തിലൂടെ മാത്രമല്ല..നേരിട്ടും..അപ്പോഴൊക്കെ കൈപിടിച്ച് ഒപ്പമുള്ള മകളെയോര്‍ത്ത് സാമാധാനിച്ചു..അത് എന്തുകൊണ്ടെന്ന് യൂറീക്കയുടെ ആഗസ്റ്റ് ലക്കത്തില്‍ വീണ കെ എസ് എഴുതിയ കവിതയിലുണ്ട്...

കാഴ്ചക്കാരേ,
ക്യാമറക്കണ്ണു തുറന്ന്
കൗതുകത്തോടെ കാത്തിരിക്കുക
ഇനിയും ഞങ്ങള്‍ വരും.
കണ്ണില്ലാതെ,
വാ കീറാതെ,
 എടുത്താല്‍ പൊങ്ങാത്ത തലയുമായി,
കൈകാല്‍ തളര്‍ന്ന്,
ബുദ്ധി മന്ദിച്ച്,
തൊലി വിണ്ടുകീറി,
ഉമിനീരൊലിപ്പിച്ച്,
കോക്രി കാട്ടി...
ഞങ്ങളെക്കണ്ട്
നിങ്ങളാസ്വദിക്കുക.
ലേഖന, ഫോട്ടോ, കവിതാ
മത്സരങ്ങളില്‍
ഞങ്ങളെ വിഷയമാക്കുക.
നിങ്ങള്‍ക്ക്
ഞങ്ങളെപ്പോലൊരു കുഞ്ഞ്
ജനിക്കും വരെ


*   *


Wednesday, July 18, 2012

നിസ്സഹായനായ ദൈവം




ഒരു കാലത്ത് ഞങ്ങളുടെ പറമ്പിന്റെ തെക്കേച്ചെരുവിലും അതിരുകളിലും കശുമാവുകളായിരുന്നു. വൃശ്ചികംധനുമാസങ്ങളില്‍ ഇലകള്‍ കൊഴിയുകയും പുതുനാമ്പുകള്‍ തളിര്‍ക്കുകയും ചെയ്തു. മകരത്തില്‍ പൂത്ത് കാപിടിക്കാന്‍ തുടങ്ങും. ആ സമയത്ത് മാനം കറുത്തു നിന്നാല്‍ ഉണ്ണികള്‍ ഉരുകി പോകുമെന്ന് മുതിര്‍ന്നവര്‍ പറഞ്ഞു. മഴ പെയ്താല്‍ കൊഴിഞ്ഞുപോകുന്ന പൂവുകളെക്കുറിച്ചാവും ആവലാതി.
ആരുടെയോ പറമ്പില്‍ നിന്നുകൊണ്ടു വന്ന കശുവണ്ടിനട്ട് വളര്‍ന്ന്്്് വലിയ മരമായി എന്നല്ലാതെ ഒരു ശുശ്രൂഷയും കശുമാവുകള്‍ക്ക് കൊടുക്കുന്നതു കണ്ടില്ല. കാപിടിക്കുന്ന സമയത്ത് മഴയോ മഴക്കാറോ ഇല്ലെങ്കില്‍ നല്ല ആദായം കിട്ടിയിരുന്നു.

ഏതെങ്കിലും പ്രാണി ശല്യത്തെക്കുറിച്ചോ തേയിലക്കൊതുകുകളെക്കുറിച്ചോ ഒന്നും കേട്ടിരുന്നില്ല. എല്ലാമരത്തിലും നീറുകള്‍ ഓടി നടന്നു.
അതെന്റെ പതിനാലാം വയസ്സുകാലം. അതിരില്‍ പൂവിട്ടുനിന്ന കശുമാവുകള്‍ക്ക് പതിനേഴ് വയസ്സ്. ഉല്‍പാദനശേഷി കുറഞ്ഞിരുന്നു മാവുകള്‍ക്ക്. മുറുക്കുന്നത്ത എന്നു ഞങ്ങള്‍ വിളിച്ചിരുന്ന മുത്തച്ഛന്‍ പറഞ്ഞു.

കശുമാവുകള്‍ക്കൊക്കെ പ്രായമായി കുഞ്ഞേ, ഇനി അണ്ടി കുറയും

പ്രകൃതിയുടെ അനിവാര്യമായ മാറ്റത്തെക്കുറിച്ചു മാത്രമേ അദ്ദേഹത്തിന് പറയാനുണ്ടായിരുന്നുള്ളു.

കായ്്് ഫലം കൂടാന്‍ പുതിയവ വെച്ചു പിടിപ്പിക്കുന്നതിനേക്കുറിച്ചേ കേട്ടിരിന്നുള്ളു.

പതിനേഴുവയസ്സായ മരങ്ങളെക്കുറിച്ചാണു ഈ പറഞ്ഞതെന്നോര്‍ക്കണം.

അപ്പോള്‍ മുപ്പതുവര്‍ഷം തുടര്‍ച്ചയായി എന്‍ഡോസള്‍ഫാന്‍ തളിച്ച കശുമാവിന്‍ തോട്ടങ്ങളെ ഓര്‍ക്കുമ്പോള്‍ ഞെട്ടിപ്പോകുന്നു.
 

Tuesday, June 19, 2012

നുജൂദും നമ്മുടെ പെണ്‍കുഞ്ഞുങ്ങളും



ഇന്ന് വായാനാദിനം..
വായനയിലേക്ക് കൂട്ടിക്കൊണ്ടുവന്ന ഗുരുനാഥന്മാര്‍ക്ക്, വായിക്കുന്ന പുസ്തകത്തെക്കുറിച്ച് പറഞ്ഞ് ആഹ്ലാദിപ്പിച്ചവര്‍ക്ക്, പുസ്തകം സമ്മാനിച്ചവര്‍ക്ക്...




പൂങ്കുടിമനയില്‍ വെച്ച് നടന്ന മാനസീകാരോഗ്യ സെമിനാറില്‍ പങ്കെടുത്തിറങ്ങുമ്പോഴാണ് ഒരു പറ്റം വിദ്യാര്‍ത്ഥിനികള്‍ അവരുടെ സംശയങ്ങളും ജിജ്ഞാസകളുമായി മുന്നിലെത്തിയത്. അതിലൊരാള്‍ മാത്രം ഒറ്റയ്ക്കു സംസാരിക്കണമെന്നാശ്യപ്പെട്ടപ്പോള്‍ ശരിക്കും അമ്പരന്നുപോയി. എന്തായിരിക്കും ഈ കുട്ടിക്കു ചോദിക്കാനുള്ളത് എന്നോര്‍ത്തുകൊണ്ട് കുറച്ചു മാറി നിന്നു.

പത്താംക്ലാസ്സുകാരിയായ അവള്‍ക്ക് വീട്ടില്‍ കല്ല്യാണമാലോചിക്കുന്നു. സ്‌കൂളിലെ ടീച്ചര്‍മാരും സഹപാഠികളും കുറച്ചുകൂടി കഴിഞ്ഞിട്ടു പോരെ എന്നു ചോദിക്കുന്നു.

ഇന്ത്യയില്‍ വിവാഹപ്രായം 18 ആണ്. നിനക്ക് 15 അല്ലേ, ആയിട്ടുള്ളു... എന്ന ചോദ്യത്തിന് പഠിച്ചിട്ടെന്തു ഗുണം എന്നാണ് അവള്‍ തിരിച്ചു ചോദിച്ചത്.

അവളുടെ ഉമ്മയും ചെറിയ ക്ലാസ്സുവരെയെ പഠിച്ചിട്ടുള്ളു. പഠിച്ചാല്‍ തന്നെ കുടുംബത്തിലെ ആണുങ്ങള്‍ ജോലിക്ക് വിടില്ല.
അവളത് പറയുമ്പോള്‍ വിവാഹത്തെ സ്വപ്‌നം കണ്ടു തുടങ്ങിയിരിക്കുന്നു എന്ന് തിളങ്ങുന്ന കണ്ണുകള്‍ പറഞ്ഞു.
പഠിക്കുന്നത് ജോലികിട്ടാന്‍ മാത്രമല്ല..ലോകത്തെ അറിയാനും നിന്റെ മക്കള്‍ക്കു തന്നെ നല്ല ദിശാബോധം നല്കാനുമാണെന്നൊക്കെ പറഞ്ഞു നോക്കി.

പക്ഷേ, ചെറുപ്രായത്തില്‍ വിവാഹം കഴിച്ചാല്‍ എന്താണ് കുഴപ്പം എന്ന മട്ടില്‍ തന്നെ അവള്‍ നിന്നു.
അവളുടെ മനസ്സില്‍ വിവാഹം മാത്രമേയുള്ളു എന്ന് വ്യക്തമായി കഴിഞ്ഞിരുന്നു.

മലപ്പുറത്തെ അധ്യാപകരായ സുഹൃത്തുക്കള്‍ ഹൈസ്‌കൂള്‍ ക്ലാസ്സിലെ പെണ്‍കുട്ടികളുടെ കൊഴിഞ്ഞുപോക്കിനെ കുറിച്ച് പറഞ്ഞു കേട്ടിട്ടുണ്ട്.

ആരോഗ്യവകുപ്പില്‍ ജോലിനോക്കുന്ന അവിവാഹിതനായ 33 കാരന്‍ സുഹൃത്ത് പറയാറുണ്ട് അവന്റെ സഹപാഠികളില്‍ പലരും പേരക്കുട്ടികളുമായാണ് ആശുപത്രിയില്‍ വരുന്നതെന്ന്.

കുട്ടികള്‍ കുട്ടികളെ പ്രസവിക്കുന്ന കാലം...

കുട്ടിത്തം വിട്ടുമാറാത്ത ഇവര്‍ വിവാഹമെന്ന ആഘോഷത്തെയാണ് സ്വപ്‌നം കാണുന്നത്. അതിനപ്പുറമുള്ള ജീവിതത്തിന്റെ പരുക്കന്‍ വശം തിരിച്ചറിയുന്നേയില്ല. അല്ലെങ്കില്‍ അതിനുള്ള പ്രായമാകുന്നില്ല. 13 നും 17 നും ഇടയില്‍ വിവാഹം കഴിഞ്ഞ എത്രയോ പെണ്‍കുട്ടികളെ അറിയാം. അവരുടെ പ്രയാസങ്ങള്‍ നേരിട്ടു കണ്ടിട്ടുണ്ട്. 
കുറച്ചു ദിവസം മുമ്പ് വന്ന ഡല്‍ഹി ഹൈക്കോടതിയുടെ വിധി കൂടി ഇവിടെ കൂട്ടി വായിക്കാമെന്നു തോന്നുന്നു    ലൈംഗികപ്രായപൂര്‍ത്തിയായെങ്കില്‍ മുസ്ലീം പെണ്‍കുട്ടിക്ക് 15വയസ്സില്‍ വിവാഹം കഴിക്കാമെന്നാണ് ഹൈക്കോടതി ഒരു ഉത്തരവിലൂടെ പറയുന്നത്. അത് നീതികരിക്കാനാവുമോ?
.ഇന്ത്യയിലെ പൗരനുള്ള പ്രായപൂര്‍ത്തി നിയമം തന്നെയാണ് ഇക്കാര്യത്തിലും ഉണ്ടാകേണ്ടതെന്നും .അതിന് ഇസ്ലാമികനിയമത്തെ കൂട്ടുപിടിക്കാന്‍ പാടില്ല എന്നും ആഗ്രഹിക്കുന്നു. 



അടുത്തിടെ ഒരു വിവാഹത്തില്‍ പങ്കെടുക്കുമ്പോള്‍ ബന്ധു തൊട്ടടുത്തിരുന്ന പതിനഞ്ചുകാരി പെണ്‍കുട്ടിയെ തൊട്ടു പറഞ്ഞു ഇവളുടെ വിവാഹമുറപ്പിച്ചുവെന്ന്. കേട്ടപ്പോള്‍ എനിക്കൊട്ടും സന്തോഷം തോന്നിയില്ല.

പൊന്നും പണവും ഒന്നും വേണ്ടെന്ന്, പറ്റുന്നത് തന്നാല്‍ മതിയെന്നു പറഞ്ഞപ്പോള്‍ വീട്ടുകാരുറപ്പിച്ചത്രേ..രണ്ടോ മൂന്നോ കൊല്ലം കാത്തിരുന്നാല്‍ ഇതേപോലൊരു ബന്ധം കിട്ടുമോ? എത്ര പൊന്നും പണവും നല്‍കേണ്ടി വരും?

ആ പെണ്‍കുട്ടിയുടെ മുഖത്തേക്ക് നോക്കിയിരിന്നപ്പോള്‍ അവള്‍ക്കും നൂജൂദിനും ഒരേ ഛായ.

നുജൂദ് ലോകത്തെ ഏറ്റവും പ്രായകുറഞ്ഞ വിവാഹമോചിതയാണ്. 10 വയസ്സ്. ആ യെമനി പെണ്‍കുട്ടിയെ 10 വയസ്സിലാണ് അവളുടെ അബ്ബ മൂന്നിരട്ടിപ്രായമുള്ളരൊള്‍ക്ക് നിക്കാഹ് ചെയ്തു കൊടുത്തത്. അവളാണെങ്കിലോ അന്ന് രണ്ടാം ക്ലാസ്സില്‍ പഠിക്കുകയായിരുന്നു. കടല്‍ കണ്ടിട്ടില്ലെങ്കിലും അവള്‍ സ്വയം കടലാമയാണെന്ന് സങ്കല്പിച്ചു. അവളുടെ കൂട്ടുകാരി മലക് ഒരു കടല്‍കക്കകൊണ്ടുവന്ന് അവളുടെ ചെവിയിലേക്ക് ചേര്‍ത്തുവെച്ച് കടലിരമ്പം കേള്‍പ്പിച്ചുകൊടുത്തു. ഒരു പൂമ്പാറ്റയെപ്പോലെ പാറി നടക്കാന്‍ അവളാഗ്രഹിച്ചു. അവള്‍ക്ക് ഒളിച്ചു കളിക്കാനും ചോക്ലേറ്റു തിന്നാനും നിറങ്ങള്‍ ചാലിച്ച് ചിത്രം വരയ്ക്കാനും ഇഷ്ടമായിരുന്നു.

നുജൂദിന്റെ ഉമ്മ 16 പ്രസവിച്ചു. നാലുപേര്‍ മരിച്ചുപോയി. അബ്ബയ്ക്ക് വലിയൊരു കുടുംബത്തെപ്പോറ്റാനുള്ള കഴിവുണ്ടായിരുന്നില്ല. കുട്ടികള്‍ പിച്ചതെണ്ടി നടന്നു. ഒന്നുരണ്ടുവട്ടം നുജൂദും.

അബ്ബ ഖാട്ടും ചവച്ച് തെരുവില്‍ രസമായിരുന്നൊരു ദിവസം ഒരാള്‍ വന്നു ചോദിച്ചു' നമ്മുടെ രണ്ടു കുടുംബങ്ങളും തമ്മില്‍ ബന്ധപ്പെടണമെന്നാണെന്റെ ആഗ്രഹം' അബ്ബ ആ നിമിഷം സമ്മതം മൂളി.

പതിമൂന്നുവയസ്സില്‍ ബലാത്സംഗത്തിലൂടെ മാനം നിലനിര്‍ത്താന്‍ വിവാഹം കഴിക്കേണ്ടി വന്ന നൂജൂദിന്റെ ചേച്ചി മോന അബ്ബയോട് കയര്‍ത്തു. അവള്‍ തീരെ ചെറുപ്പമാണെന്നു പറഞ്ഞ്...

പ്രവാചകന്‍ ഐഷയെ വിവാഹം ചെയ്യുമ്പോള്‍ അവള്‍ക്ക് വയസ്സ് ഒമ്പതേ ആയിരുന്നുവുള്ളു എന്നാണ് അബ്ബ ന്യായം പറഞ്ഞത്.
വിവാഹമെന്നാല്‍ നുജൂദ് ആഘോഷമാണെന്നു മാത്രമേ അറിഞ്ഞുള്ളു. കൈ നിറയെ മൈലാഞ്ചി...സനാനയിലെ തെരുവിലൂടെ പോകുമ്പോള്‍ ചില്ലിട്ട കടകളില്‍ കണ്ട വെളുത്ത വിവാഹവസ്ത്രം...

പക്ഷേ, അതുപോലുമവള്‍ക്ക് കിട്ടിയില്ല. ഭര്‍തൃസഹോദരന്റെ ഭാര്യയുടെ വിയര്‍പ്പു നാറുന്ന കുപ്പായമായിരുന്നു അവള്‍ക്കു കിട്ടിയത് . അത് അവളേയും കവിഞ്ഞു കിടന്നു.

ഉമ്മയ്ക്ക് ഒരക്ഷരം പോലും എതിര്‍ത്തു പറയാനുള്ളു അവകാശമില്ലായിരുന്നു. വിധിപോലെ വരട്ടെ എന്ന വിധേയത്വമായിരുന്നു അവരുടെ മുഖത്ത്. എന്നിട്ടും അവര്‍ നുജൂദിന്റെ പ്രായത്തെക്കുറിച്ച് ഓര്‍മപ്പെടുത്തി. ഋതുമതിയായ ശേഷം മാത്രമേ അവന്‍ അവളേ തൊടൂ എന്ന് വാക്ക് തന്നിട്ടുണ്ടെന്ന് അബ്ബ ഉമ്മയോട് പറഞ്ഞു.

പക്ഷേ, ആദ്യരാത്രിയിലെ ക്രൂരമായ ബലാത്സംഗം... രക്ഷിക്കണേ എന്നു പറഞ്ഞു കരഞ്ഞിട്ട് ആരും വന്നില്ല. എപ്പോഴോ ബോധം പോയിരുന്നു. അമ്മായിയമ്മയും ഭര്‍തൃസഹോദര ഭാര്യയും കൂടി നഗ്‌നയായിക്കിടന്നിരുന്ന അവളെ തട്ടിവിളിച്ചുണര്‍ത്തി.
മെത്തയില്‍ ഇത്തിരി രക്തം. അവര്‍ 'അഭിനന്ദനങ്ങള്‍' എന്നു പറഞ്ഞ് അവളെ ഒരു ചാക്കുകെട്ടന്നോണം പൊക്കിയെടുത്തുകൊണ്ടുപോയി കുളിമുറിയിലിരുത്തി തണുത്തവെള്ളം കോരിയൊഴിച്ചു. അപ്പോഴും അവര്‍ പറഞ്ഞുകൊണ്ടിരുന്നു... 'അഭിനന്ദനങ്ങള്‍'...

സമപ്രായക്കാരായ കുട്ടികളോടൊത്ത് കളിക്കുവാന്‍ അവള്‍ ആഗ്രഹിച്ചു. അമ്മായിയമ്മയും ഭര്‍ത്താവും അവളെ നിരന്തരം ഉപദ്രവിച്ചുകൊണ്ടിരുന്നു. എങ്ങനെയും രക്ഷപെട്ടാല്‍ മതിയെന്നായിരുന്നു അവള്‍ക്ക്...രണ്ടുദിവസത്തേക്ക് വീട്ടിലേക്ക് പോകാന്‍ അനുവാദം കിട്ടിയപ്പോള്‍ അവള്‍ ആഹ്ലാദിച്ചു. അബ്ബയോടവള്‍ മടങ്ങിപ്പോകില്ല എന്നു പറഞ്ഞിട്ട് ഒരു കുലുക്കവുമുണ്ടായില്ല. ഉമ്മ ഇതാണ് ജീവിതമെന്ന് അവളെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചു.

രക്ഷപെടാന്‍ ഒരു മാര്‍ഗ്ഗവുമില്ല എന്നു തോന്നിയ അവള്‍ അവസാനത്തെ രക്ഷയ്‌ക്കെത്തിയത് അബ്ബയുടെ രണ്ടാംഭാര്യയായിരുന്ന ദൗലയുടെ അടുത്തായിരുന്നു. അവര്‍ക്ക് അഞ്ചുമക്കളുണ്ടായിരുന്നു. അവരെയും കുഞ്ഞുങ്ങളെയും അയാള്‍ പൂര്‍ണ്ണമായും അവഗണിച്ചിരുന്നു. അവര്‍ പിച്ചതെണ്ടിയായിരുന്നു ജീവിച്ചിരുന്നത്. അവരാണ് കോടതിയില്‍ പോയി ജഡ്ജിയോട് വിവാഹമോചനം ആവശ്യപ്പെടാന്‍ അവള്‍ക്ക ധൈര്യം പകര്‍ന്നത്.

പിറ്റേന്നവള്‍ അതു തന്നെ ചെയ്തു. തനിച്ച് യാത്രചെയ്ത് എങ്ങനെയൊക്കെയോ ജഡ്ജിയുടെ മുമ്പിലെത്തി...ഷാദ എന്ന നല്ല വക്കീലിനെ അവള്‍ക്കു കിട്ടി. വിവഹമോചനം അത്ര എളുപ്പമായിരുന്നില്ല. എന്നിട്ടും അവള്‍ വിവാഹമോചിതയായി. അതോടെ ലോക ശ്രദ്ധനേടി. ഒരുപാടുപേര്‍ സഹായഹസ്തവുമായി വന്നു. അവളും അനിയത്തിയും തുടര്‍ന്നും സ്‌കൂളില്‍ ചേര്‍ന്നു. അവള്‍ക്ക് ഷാദയെപ്പോലെ വക്കീലാകണമെന്നാണാഗ്രഹം.

വിവാഹമോചനം നേടി പുറത്തിറങ്ങുമ്പോള്‍ ഷാദയോട് അവള്‍ പറഞ്ഞത് എനിക്കു കുറച്ചു കളിപ്പാട്ടങ്ങള്‍ വേണമെന്നും കുറച്ച് മിഠായിയും കേക്കും തിന്നണമെന്നുമാണ്.

നുജൂദിന്റെ കേസോടെ വേറെയും പെണ്‍കുട്ടികള്‍ കോടതിയെ സമീപിച്ചു. യെമനില്‍ വിവാഹപ്രായം 17 വയസ്സ് എന്ന നിയമമുണ്ടായി.

യെമനിലെ നാട്ടിന്‍ പുറങ്ങളില്‍ ഒരു പഴഞ്ചൊല്ലുണ്ട്.' സുഖകരമായ ദാമ്പത്യം ഉറപ്പു വരുത്താന്‍ ഒന്‍പതുവയസ്സായ പെണ്‍കുട്ടിയെ വിവാഹം കഴിക്കുക'

നുജൂദിന്റെ കഥ നമ്മള്‍ വായിക്കും. അത് പങ്കുവെയ്ക്കും. എന്തൊരു കഷ്ടം എന്ന് മൂക്കത്ത് വിരല്‍വെയ്ക്കും. കുറച്ചു കഴിയുമ്പോള്‍ മറക്കുകയും ചെയ്യും.

എന്നാല്‍ നമുക്കു മുന്നില്‍ എത്രയെത്ര നുജൂദുമാരാണ്. അവളേക്കാള്‍ അല്പം കൂടു പ്രായക്കൂടുതലുണ്ടാവാം. ദാരിദ്ര്യവും നാട്ടാചാരങ്ങളുമാണ് നുജൂദുമാരെ സൃഷ്ടിക്കുന്നത്. നമ്മുടെ നാട്ടില്‍ തന്നെ ഒരു കണക്കെടുത്താല്‍ ശരാശരി ജീവിതനിലാവാരത്തിനു മുകളിലുള്ളവരില്‍ ശൈശവവിവാഹം ഇല്ലെന്നു കാണാം. സാമ്പത്തികമായും വിദ്യാഭ്യാസപരമായും മുന്നില്‍ നില്ക്കുന്നവരില്‍...

ഈയവസ്ഥ മലപ്പുറം ജില്ലയില്‍ മുസ്ലീങ്ങള്‍ക്കിടയിലാണെങ്കില്‍ മറ്റു പലയിടത്തും ആദിവാസിഗോത്രങ്ങളിലും മറ്റു മതങ്ങളിലുമുണ്ട്.
ഞാന്‍ ജനിച്ചു വളര്‍ന്ന ഇടുക്കിജില്ലയിലെ ഗ്രാമത്തില്‍ 90% വും ദരിദ്രരായിരുന്നു. പക്ഷേ, മുസ്ലീങ്ങള്‍ക്കിടയില്‍ 20 വയസ്സിനു മുകളിലായിരുന്നു പെണ്‍കുട്ടികളുടെ വിവാഹപ്രായം. അപൂര്‍വ്വമായിട്ടായിരുന്നു പതിനെട്ടു വയസ്സില്‍ തന്നെ നടന്നിരുന്നത്. ഇതു കാണിക്കുന്നത് ഒരേ മതത്തിന്റെ നാട്ടാചാരങ്ങള്‍, പൊതുബോധം ഒരുപോലെയല്ലെന്നു തന്നെയാണ്. അതുകൊണ്ടു തന്നെ ബഹുഭാര്യത്വം തീരെയില്ലായിരുന്നു. വിവാഹമോചനങ്ങളും കുറവ്. മാത്രമല്ല അവിടെ സ്ത്രീക്ക് താരതമ്യേന തീരുമാനമെടുക്കാനുള്ള പ്രാപ്തിയും സ്വാതന്ത്ര്യവുമുണ്ടായിരുന്നു. അത് വിദ്യാഭ്യാസത്തിലൂടെയും പൊതുബോധത്തിലൂടെയും പ്രായപൂര്‍ത്തിയായുള്ള വിവാഹത്തിലൂടെയും അവള്‍ നേടിയെടുത്തതാണ്.

രണ്ടാം ക്ലാസ്സിലായിരുന്നപ്പോള്‍, സഹപാഠികള്‍ക്കെല്ലാവര്‍ക്കും സിന്ധുവിനെ പേടിയായിരുന്നു.

അരുകിലിരിക്കുന്നവരെ അവള്‍ എപ്പോഴും നുള്ളിപ്പറിച്ചുക്കൊണ്ടിരുന്നു. അതുകൊണ്ട് സഹപാഠികള്‍ അവള്‍ക്കൊപ്പമിരിക്കാന്‍ പേടിച്ചു. തിരിച്ചൊന്നു കൊടുത്താല്‍ നുള്ളിയും കടിച്ചുമവള്‍ കൊന്നുകളഞ്ഞേക്കും...അവള്‍ക്ക് ഞങ്ങളേക്കാള്‍ വലിപ്പമുണ്ടായിരുന്നോ എന്നോര്‍മയില്ല. ഇല്ലെന്നാണ് തോന്നല്‍. ഒരുപക്ഷേ, ഒന്നോ രണ്ടോ വയസ്സു കൂടുതലുണ്ടായിരുന്നിരിക്കാം. അവള്‍ ചെറുപ്പം മുതല്‍ ലൈംഗിക പീഡനത്തിന് ഇരയായിരുന്നു. ഋതുമതിയായ ഉടനെ അവള്‍ അമ്മയായി. സ്‌കൂള്‍ പഠനം നിലച്ചു.

ഞങ്ങള്‍ കൊച്ചുപാവാടയും ബ്ലൗസുമൊക്കെയിട്ട് സ്‌കൂളിലും പറമ്പുകളിലും പുഴയോരത്തും തുള്ളിച്ചാടി നടക്കുമ്പോള്‍ അവള്‍ നീളന്‍ബ്ലൗസും ലുങ്കിയുമടുത്ത് തോളത്തൊരു തോര്‍ത്തുമിട്ട് കൈയ്യിലൊരു അരിവാളുമായി പണിക്കു പോകുന്നത് കാണാമായിരുന്നു. മുതിര്‍ന്നവരുടെ ആ വേഷം അവള്‍ ധരിച്ചപ്പോള്‍ പ്രച്ഛന്നവേഷമത്സരത്തിനു നില്ക്കുന്നപോലെയേ തോന്നിയുള്ളു.

ഏഴാം ക്ലാസിലെ കൂട്ടുകാരിയായിരുന്നവളുടെ വിവാഹം പെട്ടെന്നാണ് നടന്നത്. അവള്‍ക്കും ഒരുവര്‍ഷത്തിനകം ഒരു കുഞ്ഞുണ്ടായി. കളിച്ചു നടക്കേണ്ട പ്രായത്തില്‍ കുടുംബപ്രാരാബ്ധത്തില്‍ മുങ്ങിപ്പോയി അവള്‍. പിന്നെയുമുണ്ടായിരുന്നു അതുപോലെ ചിലര്‍. അതിലൊരാള്‍ക്ക് 15 വയസ്സായിരുന്നു. ഭര്‍ത്താവിന് മുപ്പത്തിയെട്ടും. അവളെ കൊച്ചുകുഞ്ഞിനെ എന്നപോലെ അയാള്‍ നോക്കിക്കോളുമെന്ന് ആരോ പറഞ്ഞത് ഓര്‍ക്കുന്നു. അവളുടെ വീട്ടില്‍ മൂന്നു പെണ്‍കുട്ടികളായിരുന്നു. ആദ്യത്തെ ആളെ ഒഴിവായിക്കിട്ടിയാല്‍ അത്രയും ഭാരം കുറഞ്ഞു.

നൂജൂദിന്റെ അബ്ബയും അതാണ് പറഞ്ഞത്.. 'ഇതു നടക്കുകയാണെങ്കില്‍ ഒരു വായ കുറഞ്ഞു കിട്ടും. അത്ര തന്നെ' എന്ന്. ഒരു ഭാരം ഒഴിവാക്കാന്‍ കൈയ്യില്‍ കിട്ടുന്ന ആദ്യ അവസരം പലരും ഉപയോഗപ്പെടുത്തുന്നു. യെമനിപ്പെണ്‍കുട്ടിയുടെ അനുഭവം വായിക്കുമ്പോള്‍ അവിടെ സ്ത്രീകളുടെ സാക്ഷരത 30% മാത്രമാണ്. എന്നാല്‍ സമ്പൂര്‍ണ്ണ സാക്ഷരരെന്ന് അവകാശപ്പെടുന്ന നമുക്കിടയിലോ?
അക്ഷരം പഠിച്ച് ബിരുദം നേടിയിട്ട് കാര്യമില്ല. മാനസിക വളര്‍ച്ചകൂടി ഉണ്ടാകേണ്ടിയിരിക്കുന്നു.

നമ്മുടെ നാട്ടില്‍ വിവാഹത്തിന് സ്ത്രീക്കും പുരുഷനും നിയമപരമായി പ്രായം പറഞ്ഞുവെച്ചിട്ടുണ്ട്. എന്നിട്ടും നമ്മുടെ കണ്‍മുമ്പില്‍ പതിനെട്ടു തികയാത്ത പെണ്‍കുട്ടികളുടെ വിവാഹം നടക്കുമ്പോള്‍ കണ്ണടച്ചു കളയും. നമ്മളായിട്ട് ഒരു കുട്ടിയുടെ ഭാവി തകര്‍ക്കണ്ട എന്നും മറ്റൊരു ഭാവിയുണ്ടാക്കികൊടുക്കാന്‍ നമുക്കാവില്ല എന്നും. അല്ലെങ്കില്‍ അവനവന്‍ അവനവനിലേക്കൊതുങ്ങുമ്പോള്‍ ചുറ്റുപാടിലേക്ക് നോക്കുന്നതെന്തിനെന്ന തോന്നല്‍...സ്ത്രീധനംപോലുള്ള നാട്ടാചാരങ്ങളുടെ പിടിയിലമര്‍ന്നു പോകുന്നു നമ്മുടെ കുഞ്ഞുകുട്ടികളുടെ കളിയും ചിരിയും ഭാവിയും.

ശരിയായ വിദ്യാഭ്യാസത്തിലൂടെ ആര്‍ജ്ജിക്കുന്ന പൊതുബോധത്തിലൂടെ മാത്രമേ സത്രീസ്വാതന്ത്ര്യത്തിലേക്കും അതുവഴി സമത്വത്തിലേക്കും എത്താനാവൂ.

നുജൂദിന് പത്തുവയസ്സേയുണ്ടായിരുന്നുളളു. എന്നിട്ടും രക്ഷപെടണമെന്നു തോന്നി അവള്‍ ധൈര്യപൂര്‍വ്വം കോടതിയിലേക്ക് കയറിച്ചെന്നു. 2008 ല്‍ ന്യൂയോര്‍ക്കിലെ ഗ്ലാമര്‍ മാസിക ആ വര്‍ഷത്തെ വനിതയായി അവളെ തെരഞ്ഞെടുത്തു. അവള്‍ ആ ബഹുമതി പങ്കുവെയ്ക്കുന്നത് അതിപ്രശസ്തകളായ ചിലരോടൊപ്പമാണ്. സിനിമാനടി നിക്കോള്‍ കിഡ്മാന്‍, സെനറ്റര്‍ ഹില്ലാരി ക്ലിന്റണ്‍, കോണ്ടലീസ്സാ റൈസ് എന്നിവരോടൊത്ത്. ഇന്നലെവരെ ഒരു ദീരാചാരത്തിന് ഇരയായി ആരോരുമറിയാതെ കഴിഞ്ഞവള്‍. ഇന്ന് പെട്ടെന്ന് ധീരവനിതയുടെ പദവിയേലേക്കുയര്‍ന്നു. അവള്‍ക്ക് ഒരേയൊരു മോഹമേയുള്ളു. ഒരു സാധാരണ പെണ്‍കുട്ടിയായി തിരിച്ചുവരിക.

I Am Nujood Age 10 Divorced (ഞാന്‍ നുജൂദ്, വയസ്സ് 10 വിവാഹമോചിത) എന്ന പുസ്തകം ഡെല്‍ഫിന്‍ മിനോയി അവളില്‍ നിന്ന് കേട്ടെഴുതിയതാണ്. തുടക്കത്തില്‍ 16 ഭാഷകളില്‍ പ്രസിദ്ധീകരിച്ചു. ഈ പുസ്തകത്തില്‍ നിന്നു കിട്ടുന്ന വരുമാനം അവളുടേയും അനിയത്തിയുടേയും പഠിത്ത ചിലവിനാണ് ഉപയോഗിക്കുന്നത്. പിന്നെ, വാടക, ഭക്ഷണം, വസ്ത്രം തുടങ്ങിയ കാര്യങ്ങള്‍ക്കും...
നമ്മുടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളില്‍ എത്രപേര്‍ക്ക് നുജൂദിന്റെ ധൈര്യമുണ്ടാവും എന്നാലോചിച്ചു പോകുന്നു.

Saturday, March 17, 2012

നിന്റെ പഴയ വാടകവീടുകളോ ഈ വീടോ കൂടുതല്‍ .....?


കുട്ടിക്കാലത്ത് എല്ലാ അവധിക്കാലത്തും എത്തുന്ന ഒരു കൂട്ടുകാരിയുണ്ടായിരുന്നു.  മധ്യവേനലവധിക്കാലം ഒരു വര്‍ഷത്തെ അവളുടെ കഥകളാവും പറഞ്ഞുകൊണ്ടിരിക്കുക.  വര്‍ഷത്തില്‍ തന്നെ പലവട്ടം വാടകവീടുകള്‍ മാറിമാറി താമസിക്കേണ്ടി വന്നവള്‍. കുറ്റിയാടി എന്നും തളിപ്പറമ്പ് എന്നും മഞ്ചേരിയെന്നുമൊക്കെ അവള്‍ പറഞ്ഞാണ് കേള്‍ക്കുന്നത്.  ഒരു തെരുവു കച്ചവടക്കാരനായിരുന്നു അവളുടെ അച്ഛന്‍..പോകുന്ന വഴിയെ കുടുംബത്തേയും കൊണ്ടുപോകും. കുറ്റിയാടിയെന്നൊക്കെ കേള്‍ക്കുമ്പോള്‍ നേര്യമംഗലം കാടിനപ്പുറത്ത് ഏതോ സ്ഥലമെന്നായിരുന്നു വിചാരം.   എവിടെയായിരുന്നാലും മധ്യവേനലവധിക്കാലത്ത് തറവാട്ടിലേക്കു വരും.  അപ്പോള്‍ ഞങ്ങളോട് കൂട്ടുകൂടും.  കഥകള്‍ പറയും.  ഒന്നാംക്ലാസ്സില്‍ ഞങ്ങള്‍ ഒരുമിച്ചായിരുന്നു.  ഞാന്‍ പ്രീഡിഗ്രി എത്തിയപ്പോള്‍ അവള്‍ ഏഴാംക്ലാസ്സിലെത്തിയിട്ടേ ഉണ്ടായിരുന്നുള്ളു. പഠിക്കാന്‍ മോശമായിട്ടല്ല. തോറ്റു പോയതുപോലുമല്ല.  നാടോടി ജീവിതത്തിനിടയില്‍ ടി സി വാങ്ങിയില്ല.  നാലുവര്‍ഷം തുടര്‍ച്ചയായി ഒന്നാംക്ലാസ്സില്‍ ചേര്‍ത്തു.  ഒന്നാം ക്ലാസ്സിലെ ഏറ്റവും വലിയകുട്ടി. ഏഴാം ക്ലാസ്സിലെയും....

അത്ര പഴകിയ ഉടുപ്പകളൊന്നും അവള്‍ക്കില്ലായിരുന്നു.  പഴയവയൊക്കെ ഏതോ വാടകവീട്ടില്‍ ഉപേക്ഷിച്ചു പോന്നു.  അവളുടെ പഠിക്കാനുള്ള ബുക്കും പുസ്തകങ്ങളും വരെ. ഏഴാംക്ലാസ്സില്‍ പഠനം നിര്‍ത്തി ഒരു തയ്യല്‍ കടയില്‍ ബട്ടന്‍ തുന്നാന്‍ പൊയ്‌ക്കൊണ്ടിരുന്നപ്പോള്‍ ഞാനവളെ കാണാന്‍ പോയി. മൂവാറ്റുപുഴയ്ക്കടുത്ത് ഒരു ഇടുങ്ങിയ വാടകമുറിയില്‍.  രാവിലെ കുളിക്കാന്‍ അടുത്തുള്ളൊരു കുളത്തിലേക്കവള്‍ കൊണ്ടുപോയി. അവിടെ ആണും പെണ്ണും ഒരുമിച്ചു നീന്തുന്നതു കണ്ട് അന്തിച്ചു നിന്നു.

അവള്‍ കവിത എഴുതിയിരുന്നു.  അന്ന് കവിതയെഴുത്തെന്തെന്ന് എനിക്കത്ര പിടിയില്ലായിരുന്നു.  പ്രീഡിഗ്രിക്കാരിയായിരുന്നിട്ടും വൃത്തത്തിനൊപ്പിച്ച് ചില ചിട്ടവട്ടങ്ങളില്‍ മാത്രമേ കവിതയെഴുതാവൂ എന്നും അതൊന്നും നമുക്കു സങ്കല്പിക്കാനാവുന്ന കാര്യമല്ല എ്‌ന്നൊക്കെയാണ് കരുതി വെച്ചിരുന്നത്.  ഏതാണ്ടൊക്കെ കുത്തിക്കുറിക്കുമായിരുന്നു.  അതു പലതും കവിതയില്ലാത്ത കവിതകളായിരുന്നുവെന്ന് അവളുടെ കവിത കണ്ടപ്പോഴാണ് മനസ്സിലായത്.

ജീവതം കുത്തഴിഞ്ഞുപോയ നോട്ടു പുസ്തകമാണെന്നും
കൂട്ടിതുന്നാന്‍ സൂചിയില്ലെന്നും
തുന്നിയാല്‍ തന്നെ പഴയപടിയാവില്ലെന്നുമായിരുന്നു ആദ്യവരികളുടെ സാരം.
 ഏഴാംക്ലാസുകാരിയുടെ കുത്തഴിഞ്ഞുപോയ നോട്ടുബുക്കിന്റെ താളിലായിരുന്നു അതു കുറിച്ചുവെച്ചിരുന്നത്.

സത്യത്തില്‍ ആ കവിതയെന്നില്‍ വലിയ സ്വാധീനം ചെലുത്തി.  അതുപോലൊരു കവിതയെഴുതാന്‍ കിണഞ്ഞു പരിശ്രമിച്ചു.  അങ്ങനത്തെ ജീവിതാനുഭവമില്ലാത്തകൊണ്ട് പരാജയപ്പെട്ടു.  കവിതയെഴുത്ത് തുടക്കത്തിലേ ഉപേക്ഷിച്ചു.

പഠിക്കാനുള്ള  ആഗ്രഹംകൊണ്ട് പിറ്റേക്കൊല്ലം അവള്‍ എട്ടില്‍ ചേര്‍ന്നു.  പക്ഷേ, അതു മുഴുവാനാക്കാനാകും മുമ്പ് അടുത്തൊരു യാത്ര.  ഇത്തവണ കോട്ടയത്തിനടുത്ത് ഒരു കണ്ടത്തില്‍ സ്വന്തമായി വാങ്ങിയ സ്ഥലത്തേക്കായിരുന്നു.  പലകയടിച്ച് വെള്ളപൂശിയ ആ വീടിനെപ്പറ്റിയും അവള്‍ പറഞ്ഞു.  അതിനോട് ചേര്‍ന്ന അയല്‍ക്കാരെപ്പറ്റിയും പറഞ്ഞുരുന്നു.  അയല്‍ക്കാരിലൊരാള്‍ക്ക് തന്നോട് പ്രണയമാണെന്നും അത് അസ്ഥിയില്‍ പിടിച്ചുപോയെന്നും അവളെന്നോടു പറഞ്ഞു.  പതിനെട്ടുവയസ്സുവരെയുള്ള ജീവിതത്തിനിടയില്‍ അവള്‍ക്കു കിട്ടിയ സ്വന്തമായ വീടായിരുന്നു അത്.

പിന്നെ, കേട്ടത് ആ പ്രണയത്തില്‍ അവള്‍ അഭയം തേടിയെന്നാണ്.  മൂന്നു കുഞ്ഞുങ്ങളുണ്ടായെന്നാണ്.  ഫോണൊക്കെ ആയതില്‍പ്പിന്നെ വല്ലപ്പോഴും വിളിക്കും.
കഴിഞ്ഞ കൊല്ലം എം ജി യൂണിവേഴ്‌സിറ്റിയില്‍ പോകേണ്ടി വന്നപ്പോള്‍ അവളെ അന്വേഷിച്ചു പോയി.  വഴി  അപരിചിതമായി തോന്നിയില്ല.  വയല്‍വെളളം കെട്ടിക്കിടന്ന കുഞ്ഞുകുഞ്ഞു വീടുകളുടെ കോളനിയായിരുന്നുവത്.  അവളുടെ കുഞ്ഞുങ്ങള്‍ മോളോടൊപ്പം കളിച്ചു. അവള്‍ പണിക്കു പോയിരിക്കുകയായിരുന്നു.   അപ്പോഴും വീടിനോട് ചേര്‍ന്നൊഴുകുന്ന കൈത്തോടു നിറഞ്ഞൊഴുകുന്നുണ്ട്.  വേനലുമല്ല മഴയുമല്ലാത്തപ്പോഴും.  വയലിനപ്പുറം കുന്നില്‍ റബ്ബര്‍തോട്ടമായിരുന്നെന്നും ആ തോട്ടം വെട്ടിയതില്‍ പിന്നെ മഴ പെയ്യുമ്പോള്‍ വലിയ പാമ്പുകള്‍ ഒഴുകിവരാറുണ്ടെന്നും അവര്‍ പറഞ്ഞു.   മഴയത്ത് വീട്ടിനുള്ളിലേക്ക് വെള്ളം കയറുമെന്നും അപ്പോഴവര്‍ കട്ടിലിനുമുകളില്‍ കയറി ഇരിക്കുമെന്നും പറഞ്ഞു.  ഇപ്പോള്‍ മഴവെള്ളത്തോടൊപ്പം അകത്തേക്ക് പലവട്ടം പാമ്പുകളും കയറി വന്നുവെന്ന് ആ കുഞ്ഞുങ്ങള്‍ പറഞ്ഞു.

നിന്റെ പഴയ വാടകവീടുകളോ ഈ വീടോ കൂടുതല്‍ .....?
ചോദ്യം എങ്ങനെ പൂരിപ്പിക്കുമെന്നറിയാതെ, വെളിച്ചം മങ്ങിത്തുടങ്ങിയ വഴിയിലൂടെ അവള്‍ വരുന്നുണ്ടോ എന്ന് നോക്കിയിരുന്നു.

*              *                   *



മാതൃഭൂമി ആഴ്ചപ്പതില്‍ പ്രസിദ്ധീകരിച്ച ' വാടക വീടുകളുടെ ജാതി'യില്‍ നിന്ന്‌

Sunday, March 11, 2012

കാടിനു തീപിടിക്കമ്പോള്‍

കാടിനു തീപിടിക്കുമ്പോള്‍ 



അമ്മച്ചിയോട് ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ പട പടാന്ന്് പടര്‍പ്പന്‍ ശബ്ദം കേള്‍ക്കാമായിരുന്നു. ഇങ്ങനൊരു ശബ്ദമെന്താണെന്ന് ചോദിച്ചപ്പോള്‍ നീയത് കേള്‍ക്കുന്നുണ്ടോ എന്നായിരുന്നു മറു ചോദ്യം.

'നമ്മുടെ മല കത്തിക്കൊണ്ടിരിക്കുവാ..എന്നാ തീയാ'...അത്ര അമ്പരപ്പൊന്നും കൂടാതെ അമ്മച്ചിയതു പറഞ്ഞപ്പോള്‍ എനിക്കായിരുന്നു അന്ധാളിപ്പ്...

നമ്മുടെ പറമ്പിന് തൊട്ടു മുകളിലോ? ...ചെറിയൊരു കാറ്റില്‍ താഴോട്ടിറങ്ങിയാല്‍ പറമ്പു മുഴുവന്‍ കത്തും. ..പിന്നെയങ്ങോട്ട് ജനവാസ പ്രദേശമാണ്. കടുത്ത വേനലില്‍ ഏതാണ്ടെല്ലായിടവും ഉണങ്ങി വരണ്ടു കിടക്കുന്നു.
ജനം പ്രകൃതിയോട് ചെയ്യുന്നതു വെച്ചുനോക്കുമ്പോള്‍ പ്രകൃതി, എന്നിട്ടും ഒരുപാട് കനിവു കാണിക്കുന്നു. അതുകൊണ്ടാവണം വലിയൊരു കാറ്റു വീശാത്തത്. ചിലയിടങ്ങളില്‍ വന്‍പച്ചപ്പടര്‍പ്പുകള്‍കൊണ്ട് സംരക്ഷണ ഭിത്തി തീര്‍ക്കുന്നത്..ചെറിയ അരുവികള്‍ വറ്റാതെ നില്ക്കുന്നത്.

ആ ചിന്ത അബോധമായിട്ടെങ്കിലും ഉളളതുകൊണ്ടാവണം ഒരു സാധാരണ സ്ത്രീയെന്ന നിലയില്‍ അമ്മച്ചിക്ക് പരിഭ്രമമൊന്നുമില്ലാതിരുന്നത്. എന്നിട്ടും ദൂരയിരിക്കുന്ന മകളുടെ ആധിയോടെ ഇവള്‍ ചോദിച്ചു. 'താഴോട്ടിങ്ങുമോ തീ?'

ഇല്ലെന്ന് അതിരില്‍ നിന്ന് മലയുടെ പകുതിയോളം പടര്‍ന്നു കയറിയിരിക്കുന്ന ഇഞ്ചപ്പടര്‍പ്പ് കാക്കുമെന്ന് അമ്മച്ചി.

പിന്നെ, രണ്ടു മഴ പെയ്ത ശേഷമായിരുന്നു ആറ്റില്‍ ഒന്നു മുങ്ങിക്കുളിക്കണം എന്ന മോഹത്തോടെ വീട്ടിലേക്ക് പോയത്..പത്തുകൊല്ലം മുമ്പുവരെ ഫെബ്രുവരിയില്‍ ആറു വറ്റാറില്ലായിരുന്നു. വേനല്‍ മഴ പെയ്യാത്ത ചില വര്‍ഷങ്ങളില്‍ ഏപ്രില്‍ ഒടുക്കമോ മെയ് ആദ്യമോ ആയിട്ടായിരുന്നു ഒഴുക്കു കുറഞ്ഞിരുന്നത്.
ഫെബ്രുവരി പകുതിക്ക് രണ്ടു മഴ പെയതെന്ന് പറഞ്ഞിട്ട് അതിന്റെ ഒരു ലക്ഷണവുമില്ലായിരുന്നു ആറ്റില്‍ ...ഏതാണ്ട് ഒഴുക്കു നിലച്ച മട്ട്...കയങ്ങള്‍ ചെറിയ കുളങ്ങള്‍ പോലെ തോന്നിച്ചു. നേര്യമംഗലം വനാതിര്‍ത്തിയോടു ചേര്‍ന്നു കിടക്കുന്ന പ്രദേശമായതുകൊണ്ട് വര്‍ഷകാലത്ത് മിക്കവാറും മഴ തന്നെയാണ്. കോരിച്ചൊരിയുന്ന മഴ..കുറച്ചു വര്‍ഷമായി കൂടുതല്‍...എന്നിട്ടും ആ വെള്ളമത്രയും എവിടെപ്പോകുന്നു. മഴ തോരുന്നതേ പുഴ വറ്റുന്നതെന്തുകൊണ്ട്്്?

പല കിണറുകളും വറ്റിക്കഴിഞ്ഞിരിക്കുന്നു. ആറ്റിറമ്പില്‍ പലയിടത്തും ഓലികള്‍ കുത്തിയിരിക്കുന്നു. അതില്‍ നിന്നൂറുന്ന ഇത്തിരിവെള്ളം കോരിയെടുക്കാന്‍ പെണ്ണുങ്ങള്‍ പാത്രങ്ങളുമായി വരി നില്ക്കുന്നു.

രണ്ടോ മൂന്നോ വട്ടം കുന്നിന്‍ചെരിവുകളിലൂടെ ജലവിതരണ പൈപ്പുകള്‍ സ്ഥാപിച്ച് കുളം കുത്തി വെളളമെത്തിച്ചിരുന്നു. പക്ഷേ, മഴ തുടങ്ങുമ്പോള്‍ ആ പൈപ്പുവെള്ളം ആര്‍ക്കും വേണ്ടാതാവും..പലയിടത്തും പൈപ്പുകള്‍ കാണാതാവും. ടാപ്പുകള്‍ തല്ലിപ്പൊളിക്കും. അടുത്ത വേനലില്‍ വെള്ളമില്ല.

അവനവന് വേണമെന്ന് തിരിച്ചറിയാതെ ഇവയൊക്കെ ആരു സംരക്ഷിക്കുമെന്നാണ്്?

മലയുടെ തുഞ്ചത്ത് കാട്ടുമരങ്ങളല്ല വളരുന്നത്..സാമൂഹ്യവനവത്ക്കരണത്തിന്റെ ഭാഗമായി വന്ന അക്കേഷ്യയും യൂക്കാലിപ്റ്റ്‌സും ഗ്രാന്റീസും...ആറിനോട് ചേര്‍ന്നു കിടന്ന വയലുകളില്‍ ഏത്തവാഴത്തോട്ടങ്ങള്‍...പിന്നെയുമുണ്ട് വെള്ളം എങ്ങോട്ടുപോകുന്നുവെന്നറിയാന്‍ ഉദാഹരണങ്ങളേറെ...

ചൂട് അല്പം കൂടുമ്പോഴേക്കും ഭൂമിയിലെ ജലാംശം നഷ്ടപ്പെടുന്നു. പുല്ലും പടര്‍പ്പുകളും കുഞ്ഞു ചെടികളും ഉണങ്ങിപ്പോകുന്നു. അവിടേക്ക് ഒരു തീപ്പൊരി വീഴുകയേ വേണ്ടു..ആളിപ്പടരാന്‍...

വേനലില്‍ കല്ലുകള്‍ തമ്മില്‍ ഉരസിയുണ്ടാവുന്ന തീയില്‍ നിന്നായിരുന്നു മുമ്പ് കാട്ടുതീ ഉണ്ടാവുന്നതെങ്കില്‍, അല്ലെങ്കില്‍ ഉണങ്ങിയ മുളങ്കമ്പുകള്‍ തമ്മിലുള്ള ഹര്‍ഷണം മൂലമാണ് ഉണ്ടാകുന്നതെങ്കില്‍, ഇപ്പോഴുണ്ടാകുന്ന കാട്ടുതീക്ക് കാരണം ആ സാധ്യതകളല്ല. അടുത്ത ദിവസങ്ങളില്‍ വയനാട്ടിലെ കാടുകളിലും നിലമ്പൂരും ഇടുക്കിയിലുമൊക്കെയുണ്ടായ കാട്ടുതീ ജനവാസ പ്രദേശങ്ങളോട് ചേര്‍ന്നുള്ള കാടുകളിലായിരുന്നു. മനുഷ്യന്റെ മനപൂര്‍വ്വമോ അല്ലാതെയോ ഉള്ള പ്രവൃത്തികള്‍. ..

വയനാട്ടിലെ കാടുകളില്‍ മുള പൂത്തിരിക്കുന്നു. പിന്നീട് മുള സ്വാഭാവികമായും ഉണങ്ങുകയാണ് ചെയ്യുന്നത്. മുളങ്കാടിനു തീ പിടിച്ചാല്‍ അണയ്ക്ക്ുക എന്നത് അസാധ്യമാണ്. മുളങ്കൂട്ടത്തിനിടയില്‍ തീയുടെ പൊരി എവിടെയെങ്കിലും പുകഞ്ഞുകൊണ്ടിരിക്കും. കാടിനെ ഇല്ലാതാക്കുക മാത്രമല്ല അവിടുത്ത സസ്യങ്ങളും ജന്തുക്കളും ദഹിച്ചു തീരും. രക്ഷപെടുന്നവ തന്നെ അടുത്ത കാട്ടിലേക്ക് പലായനം ചെയ്യും. ഇക്കാര്യങ്ങളൊന്നും കൂടാതെ കാടിനോട് ചേര്‍ന്നു കിടക്കുന്ന കൃഷിസ്ഥലത്തേയും ജനവാസ പ്രദേശങ്ങളേയും ഇതു ബാധിക്കും.

കഴിഞ്ഞ ദിവസം വയനാട്ടിലെ കാട്ടുതീയെക്കുറിച്ച് വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുമ്പോഴാണ് വിജിലന്‍സ്ില്‍ ജോലിചെയ്യുന്ന സുഹൃത്ത് വിജയകുമാര്‍ നമുക്കെന്തു ചെയ്യാനാവും എന്നു ചോദിക്കുന്നത്. വിജയകുമാറിന്റെ ശബ്ദത്തില്‍ വല്ലാത്ത ആശങ്കയുണ്ടായിരുന്നു. എത്രയും പെട്ടെന്ന് ആരെക്കൊണ്ടെങ്കിലും ഇടപെടീച്ചില്ലെങ്കില്‍ നമ്മുടെ കാടുകളത്രയും വെന്തുപോകുമെന്ന വേവലാതി....ആവശ്യത്തിന് വാച്ചര്‍മാരില്ല. വനം വകുപ്പിന് സാമ്പത്തികമില്ല. അങ്ങനെ ഒരുപാടു കാര്യങ്ങള്‍ ആ ജാഗ്രതക്കാരന്‍ പറഞ്ഞു.

പലപ്പോഴും വനം വകുപ്പും ജനങ്ങളും തമ്മിലുള്ള സ്വരച്ചേര്‍ച്ചയില്ലായ്മയാണ് മനപൂര്‍വ്വമായ തീയിടലിലേക്കെത്തിക്കുന്നത്.
സര്‍ക്കാര്‍ സംവിധാനങ്ങളിലുള്ള എന്തും ജനങ്ങളുടേതാണെന്ന തോന്നല്‍ കുറച്ചുകാലം മുമ്പുവരെ ഉണ്ടായിരുന്നു. സ്്കൂള്‍ മൈതാനങ്ങളിലും കാടുകളിലും കയറാന്‍ ജനത്തിന് അനുവാദമാവശ്യമില്ലായിരുന്നു. ഇപ്പോള്‍ സ്‌കൂളിന് മതിലും അതിനൊരു പൂട്ടുവെച്ച ഗേററുവന്നതുപോലെ (സ്‌കൂളുവിട്ടാല്‍ പിന്നെ അങ്ങോട്ടാര്‍ക്കും പ്രവേശനമില്ല) ഇപ്പോള്‍ കാട്ടില്‍ പോകേണ്ടവര്‍ക്ക് വനംവകുപ്പില്‍ നിന്ന് അനുമതി ലഭിക്കണം. കാരണമെന്തെന്ന് ബോധിപ്പിക്കണം.

കുട്ടിക്കാലത്ത് ഞങ്ങളുടെ അടുത്ത കാട്ടിലേക്ക് പോകാന്‍ ആരുടേയും അനുമതി വേണ്ടായിരുന്നു. ഇനി കാട്ടില്‍ വെച്ചെങ്ങാന്‍ വനപാലകര്‍ കണ്ടുപോയാലും അവരൊന്നും ചോദിക്കാറുമില്ലായിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം കാട്ടിനുള്ളിലെ കൊമ്മഞ്ചേരി കോളനിയില്‍ പോകേണ്ടി വന്നപ്പോള്‍ റേഞ്ചോഫീസില്‍ നിന്ന് അനുമതി വാങ്ങേണ്ടി വരിക മാത്രമല്ല രണ്ടു ഗാര്‍ഡുകള്‍ കൂട്ടുവരികയും ചെയ്തു.

ഏതെങ്കിലുമൊരാവശ്യത്തിന് അനുവാദമില്ലാതെ കാട്ടില്‍ കയറുന്നവരെ താക്കീതു ചെയ്യുകയോ ഏതെങ്കിലും തരത്തിലുള്ള കേസുണ്ടാവുകയോ ചെയ്താല്‍ അയാള്‍ പിന്നീട് വനം വകുപ്പിനെതിരെ തിരിയുകയും പ്രതികാരം എന്ന നി്‌ലയ്ക്ക് വേനലില്‍ തീയിടുകയും ചെയ്യുന്നു. (കാട്ടില്‍ കയറുന്നവരെല്ലാം നിരുപദ്രവകാരികളെന്നല്ല പല കാട്ടുകള്ളന്മാരുമുണ്ടാവാം) ആരായാലും വനംവകുപ്പിനോടുളള പ്രതികാരം നമ്മുടെ ജീവന്റെ നിലനില്പിനാധാരമായ കാട്ടിലേക്കു മാറുമ്പോള്‍ നമ്മുടെ ഭാവിയെ, നമ്മുടെ അന്തരീക്ഷ വായുവിനെ, ജലത്തെ, ഔഷധങ്ങളെ എല്ലാത്തിനേയും ബാധിക്കുമെന്ന് തിരിച്ചറിയാതെ പോകുന്നു. കേവല പ്രതികാരത്തില്‍ ആനന്ദിക്കുന്നവര്‍ പ്രകൃതിയോടു ചെയ്യുന്ന ക്രൂരതയാണിതെന്ന് തിരിച്ചറിയുന്നേയില്ല.

കാടിനോട് ചേര്‍ന്ന പരിസരങ്ങളില്‍ മനപ്പൂര്‍വ്വമല്ലാതെ ചെയ്യുന്ന തീയിടല്‍ചിലപ്പോള്‍ അറിയാതെ വലിച്ചെറിയുന്ന ബീഡിക്കുറ്റി മതി തീ പടരാന്‍..ഉണക്കപ്പുല്ലിനും കരിയിലകള്‍ തീപിടിച്ചാല്‍ കാറ്റിന്റെ താളത്തിന് തീയും പടരും.

തീ പിടിക്കുന്ന കാണുമ്പോള്‍ മാത്രം ഓടിയെത്തുന്ന ഭരണാധികാരികളെയും പ്രസ്താവനകളുമാണോ വേണ്ടത്്?

ജനങ്ങളില്‍ കാടിന്റെ പ്രാധാന്യത്തെപ്പറ്റി അവബോധം സൃഷ്ടിക്കാന്‍ ജോയിന്റ് ഫോറസ്റ്റ് കമ്മറ്റികളാണാവശ്യം. സമീപപ്രദേശത്തെ ജനങ്ങളുടേയും വനം വകുപ്പുദ്യോഗസ്ഥരുടേയും കൂട്ടുത്തരവാദിത്വമാണ് ആവശ്യം.

പക്ഷേ, ജനം വേറെ, വനം വകുപ്പ് വേറെ എന്ന് ചിന്തയാണ് പലപ്പോഴും കാണാനാവുന്നത്. കൊളോണിയല്‍ അധികാരവ്യവസ്ഥ ഇന്നും നമ്മുടെ പല വകുപ്പുകളില്‍ നിന്നും പോയിട്ടില്ല.

ജനങ്ങള്‍ക്ക് വേണ്ടിയാണ് ഇങ്ങനൊരു വകുപ്പുണ്ടായതെന്ന് ഇരുകൂട്ടരും തിരിച്ചറിയുന്നില്ല.

സമഗ്രമായ ജനാധിപത്യരീതി കാടിനെ സംരക്ഷിക്കാന്‍ ആവശ്യമാണെന്ന് ഇരുകൂട്ടരും തിരിച്ചറിഞ്ഞേ മതിയാവൂ.

വരുമാനം കുറഞ്ഞ വകുപ്പായാണ് വനം വകുപ്പിനെ വിലയിരുത്തുന്നത്. പണ്ടത്തെ വനവിഭവങ്ങള്‍ ഇല്ല. തടിയില്ല. വനഭൂമിയുടെ വിസ്തൃതി തന്നെ കുറഞ്ഞു. ഓരോ വര്‍ഷവും ബജറ്റിലും വനം വകുപ്പിന് കുറഞ്ഞ തുകയേ അനുവദിക്കുന്നുള്ളു. വനം വകുപ്പിനു കീഴിലുണ്ടായിരുന്ന താതക്കാലിക വാച്ചര്‍മാരെ പലരേയും പറഞ്ഞുവിട്ടു. കാരണം അവര്‍ക്കു ശമ്പളം കൊടുക്കാനില്ലെന്നതു തന്നെ..ആദയമില്ലാത്ത വകുപ്പാവുമ്പോള്‍ ഇങ്ങനെയൊക്കെയാവും എന്നൊരു ധ്വനി സര്‍ക്കാര്‍ നമുക്കു തരുന്നുണ്ട്. പിന്നെ കാടു കത്താന്‍ തുടങ്ങുമ്പോഴായിരിക്കും ഓരോരുത്തരായി ഓടിയെത്തുന്നത്.

കാട് എന്നാല്‍ തടി എന്നാണ് പലര്‍ക്കും നിര്‍വചനം. അതാണ് ധനാഗമമാര്‍ഗ്ഗം എന്ന പഴയ ചിന്ത ഇന്നും നമുക്കിടയില്‍ നിന്നു പോയിട്ടില്ല. കാടു നല്കുന്ന വായു, ജലം, മരുന്ന് എന്നിവയ്ക്കുകൂടി തടിയുടെ മൂല്യം നിശ്ചയിക്കുന്നതു പോലെ വിലയിട്ടാല്‍ മാത്രമേ കാടിന്റെ വിലയിറിയൂ. കാടിനെ ജീവന്റെ പ്രഭവകേന്ദ്രമെന്ന നിലയിലും നമ്മുടെ നിലനില്പിനാവശ്യമായതെല്ലാം നല്കുന്നിടമായും ലോകം മുഴുവനും കാണാന്‍ തുടങ്ങിയിട്ടും നമ്മള്‍ മാറിയില്ല. ഭരണകൂടവും മാറിയില്ല. നമ്മുടെ പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കും അങ്ങനെയൊരു സന്ദേശം നല്കാന്‍ എത്രത്തോളം സാധിച്ചു എന്നു തിരിഞ്ഞു നോക്കേണ്ടതാണ്.

കാടിനോടു ചേര്‍ന്നും കാടിനുള്ളിലുമായി എഴുന്നോറോളം ആദിവാസി കോളനികളുണ്ട്. അവര്‍ കാടുമായി ബന്ധപ്പെട്ടാണ് ഉപജീവനം കഴിക്കുന്നത്. കടുത്ത വേനല്‍ വരുമ്പോള്‍, അതോടൊപ്പം തീകൂടി വരുമ്പോള്‍ സസ്യങ്ങളേയും ജന്തുക്കളേയും മനുഷ്യരേയും അവരുടെ ജീവിതക്രമങ്ങളെയും ആകെ തകിടം മറിച്ചു കളയും. മഴപെയ്യാതിരിക്കുവോളം, മുളങ്കാടുകള്‍ ഉണങ്ങിയിരുക്കുന്ന അവസ്ഥയില്‍ കാട്ടുതീയ്ക്കുള്ള സാധ്യത വളരെ കൂടുതലാണ്. വളരെ വേഗം അധികൃതര്‍ ഇടപെട്ടില്ലെങ്കില്‍ പ്രത്യാഘാതം ചിന്തകള്‍ക്കപ്പുറമായിരിക്കും.

ആവശ്യത്തിന് വാച്ചര്‍മാരെ നിയമിക്കുക, വാച്ച് ടവറുകള്‍ സ്ഥാപിക്കുക, കാട്ടിനുള്ളിലൂടെയുള്ള ട്രക്കിംഗും വിനോദയാത്രകളും നിര്‍ത്തിവയ്ക്കുക, പട്രോളിംഗ് നടത്തുക, വനസംരക്ഷണ സമിതികള്‍ രൂപീകരിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്താല്‍ ഒരു പരിധി വരെ കാട്ടുതീയെ തടയാം.

പക്ഷേ, ജനങ്ങളും ഭരണകൂടവും ഒറ്റക്കെട്ടാവണമെന്നു മാത്രം. മഴ പെയ്യുന്നതു നോക്കി പരിഹരിക്കാവുന്നതല്ല കാര്യങ്ങള്‍! 

കടപ്പാട്: ഡോ. ടി വി സജീവ്, വന ഗവേഷണ കേന്ദ്രം, പീച്ചി

Friday, March 2, 2012

കൊഴിഞ്ഞു പോകാനുളളത്‌


മകളുടെ ഇളകിനിന്നിരുന്ന പല്ലുകളിലൊരണ്ണം തൊട്ടപ്പോഴേക്കും ഇങ്ങുപോന്നു.  ആറും ഏഴും വയസ്സില്‍ പറിഞ്ഞുപോരേണ്ട പല്ലുകളാണവയെങ്കിലും കൈയ്യിലേക്കു കിട്ടിയപ്പോള്‍ കുറച്ചു നേരം നോക്കിയിരുന്നു പോയി.  വെറുതെയായിരുന്നില്ല, ചില ചിന്തകള്‍ കൂടെയുണ്ടായിരുന്നു.  പല്ലാണെങ്കിലും നഖമാണെങ്കിലും മുടിയാണെങ്കിലും പൊഴിഞ്ഞു പോകാനുളളതും, അധികം നീണ്ടാല്‍ മുറിച്ചു നീക്കാനുമുള്ളതാണ്.  അതാണ് അവയോടുളള സാധാരണ മനുഷ്യന്റെ പ്രകൃതവും.
നാളെ മകള്‍ ആരാകുമെന്നോ എന്താകുമെന്നോ അറിയില്ല.  അവളോ അവളുടെ കൂടെ നില്ക്കുന്നവരോ വീണുപോയ ആ പല്ലെവിടെ എന്നു ചോദിക്കുമോ എന്തോ?  ഒന്നും നിശ്ചയമില്ല.  (മകള്‍ ഒരുദാഹരണം മാത്രമായി പറയുന്നുവെന്നേയുള്ളു)
ആരാധന കടിച്ച ആപ്പിളിനോടോ, വീണുപോയ, പോകേണ്ടിയിരുന്ന വസ്തക്കളോടോ ആണോ വേണ്ടത്?  ശരീരവും നശ്വരമാണ്...അനശ്വരമാകേണ്ടതേതെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.  ഓരോരുത്തരും...എന്തിനെയാണ് അനശ്വരമാക്കേണ്ടതെന്നുമാത്രം.

Wednesday, February 22, 2012

'ആത്മദംശനം' ആദരവോടെ സമര്‍പ്പിക്കുന്നു




എഴുത്തുകാരിയാവുക എന്നത് സ്വപ്‌നമായിരുന്നില്ല.   നല്ലൊരു വായനശാലയുടെയോ,  എഴുത്തിന്റെയോ  പാരമ്പര്യം അവകാശപ്പെടാനില്ലായിരുന്നു ഞങ്ങളുടെ ഗ്രാമത്തിന്.  മനുഷ്യന്റെ കാലടികള്‍ പതിഞ്ഞിട്ട് തന്നെ വളരെക്കുറച്ച് കാലമേ ആയിരുന്നുള്ളു.  ചുററും മലകളും പാറക്കെട്ടുകളും കാടുമായിരുന്ന പ്രദേശത്തിന് പരിമിതികളെയുണ്ടായിരുന്നുള്ളു.  അവിടെ ജനിച്ചുവളര്‍ന്ന, അവിടുത്തെ കാടുകള്‍ക്കപ്പുറം ലോകം കാണാത്ത ഒരാള്‍ക്ക് എഴുത്തുകാരിയുടെ കുപ്പായത്തെ മോഹിക്കാന്‍ ഒരു സാധ്യതയുമില്ലായിരുന്നു.

എന്നിട്ടും, എഴുത്തു കടന്നു വന്നു.  വൃത്തത്തിനൊപ്പിച്ച് ചില ചിട്ടവട്ടങ്ങളില്‍ മാത്രമേ കവിതയെവുതാവൂ എന്നും അതൊന്നും നമുക്കു സങ്കല്പിക്കാനാവുന്ന കാര്യമല്ല എന്നൊക്കെയാണ് കരുതി വെച്ചിരുന്നത്.  ഏതാണ്ടൊക്കെ കുത്തിക്കുറിക്കുമായിരുന്നു.  അതു പലതും കവിതയില്ലാത്ത കവിതകളായിരുന്നുവെന്ന്  മനസ്സിലാക്കിയപ്പോള്‍  എഴുത്തുപേക്ഷിക്കാന്‍ ശ്രമിച്ചതാണ്്. ശരിക്കുപറഞ്ഞാല്‍ സ്വന്തം നാട്ടില്‍ നിന്ന്, വീട്ടില്‍ നിന്ന് സ്വന്തമെന്നു കരുതിയ പലതില്‍ നിന്നുമുള്ള വിട്ടുപോരലായിരുന്നു വ്യക്തമായ എഴുത്തിലേക്ക് കൊണ്ടെത്തിച്ചത്.  ഒരിക്കലും കഥയെഴുതണം എന്നു വിചാരിക്കാതെ എഴുതിപ്പോയത്...


പിന്നീട് വിഷചികിത്സ ചെയ്യാന്‍ തുടങ്ങിയപ്പോള്‍  ഉറക്കമിളച്ചിരിരുന്ന  രാത്രികളില്‍ വായനയും എഴുത്തുമായിരുന്നു കൂട്ട്.
മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതാന്‍ തുടങ്ങിയപ്പോള്‍-മിക്ക ലേഖനങ്ങളിലും പ്രകൃതി കടന്നുവന്നതുകൊണ്ടാവണം-പലരും എന്നെ പ്രകൃതിസ്‌നേഹിയും പരിസ്ഥിതി പ്രവര്‍ത്തകയുമൊക്കെയായി  കണ്ടു!  അലസമട്ടില്‍ ജീവിച്ചു പോന്നൊരാള്‍ക്ക് വായനക്കാരാണ് ഉത്തരവാദിത്വബോധം നല്‍കിയത്.

കുഞ്ഞുനാളില്‍ മുറക്കുന്നത്തയുടേയോ അമ്മച്ചിയുടേയോ അത്തയുടേയോ കൈപിടിച്ചു നടക്കുമ്പോള്‍ ഓരോ ചെടിയേയും കാടിനേയും  ചൂണ്ടി പകര്‍ന്നു തന്ന പ്രകൃതി പാഠങ്ങള്‍...
എഴുത്തെന്നാല്‍ കഥയാണെന്നു വിചാരിച്ചിരുന്ന നാളുകളിലാണ് തോന്നിയതെന്തും കുറിക്കാന്‍  സൈബര്‍ ലോകത്ത് ഒരിടമുണ്ട് എന്നറിയുന്നത്.  എഴുത്തു കളരിയായിരുന്നു ബ്ലോഗെഴുത്ത്.  ബ്ലോഗു സുഹൃത്തുക്കളാണ് കൂടുതലെഴുതാന്‍ ധൈര്യം തന്നതും പ്രോത്സാഹിപ്പിച്ചതും.

ഈ പുസ്തകത്തിലെ എല്ലാലേഖനങ്ങളും മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വന്നതാണ്.  എന്റെ എഴുത്തിനെ തിരിച്ചറിഞ്ഞ ഒരാള്‍ കമല്‍റാം സജീവാണ്.  അദ്ദേഹത്തിനെ ആദരവോടും നന്ദിയോടും കൂടെ ഓര്‍ക്കുന്നു. എന്റെ യാത്രകളില്‍ ഒപ്പം നടന്നു എന്നു തോന്നിപ്പിക്കും വിധം ചിത്രങ്ങള്‍ വരച്ച ഷെരീഫിന് നന്ദി. ഒപ്പം വിമര്‍ശിക്കുകയും തിരിത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത സൂഹൃത്തുക്കള്‍ക്ക് നന്ദിയും സ്‌നേഹവും. എപ്പോഴും കൂടെനിന്ന, എന്റെ തോന്ന്യാക്ഷരങ്ങളില്‍പ്പോലും കൂടെ നിന്ന കൂട്ടുകാരനും, മകള്‍ക്കും നന്ദി പറയുയാന്‍ ഏതു വാക്കുകളാണുപയോഗിക്കുക?
വായനക്കാര്‍ക്കു മുന്നില്‍ ആദരവോടെ സമര്‍പ്പിക്കുന്നു


പ്രകാശനം ഫെബ്രുവരി 25 ന് കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തില്‍ 3.30 ന്..
സ്‌നേഹത്തോടെ ക്ഷണിക്കുന്നു

Wednesday, February 15, 2012

സുസ്‌മേഷ് ചന്ത്രോത്തിന് അഭിനന്ദനങ്ങള്‍...


കേന്ദ്രസാഹിത്യ അക്കാദമിയുടെ യുവ പുരുസ്‌ക്കാരം ലഭിച്ച പ്രിയ സുഹൃത്ത് സുസ്‌മേഷ് ചന്ത്രോത്തിന് അഭിനന്ദനങ്ങള്‍...








കഴിഞ്ഞ ദിവസം പഴയ ചില കടലാസുകള്‍ തിരയുന്നതിനിടയ്ക്ക് സുസ്‌മേഷിന്റെ വൈവാകികം എന്ന കഥയുടെ ഫോട്ടോ കോപ്പി കിട്ടി.  അന്ന് എല്ലാ പ്രസിദ്ധീകരണം കിട്ടുന്ന കാലമല്ല.  അടിമാലി സോപാനം സാഹിത്യവേദിയില്‍ വെച്ച് തന്നതോ മറ്റോ ആയിരുന്നു അത്.  ഇടുക്കി -വയനാട് കോഴിക്കോടെ പലവീടുകള്‍ മാറിയിട്ടും അതിന്നും കൈയ്യിലിരിക്കുന്നു.  ആ കഥ സുസ്‌മേഷിന്റെ ആദ്യകഥകളില്‍ ഒന്നായിരുന്നു.  

മരണവിദ്യാലയം എന്ന കഥാസമാഹാരത്തിനാണ് പുരസ്‌ക്കാരം ലഭിച്ചത്. 
സുസ്‌മേഷിന്റെ കഥകള്‍ സംസ്ഥാന സര്‍ക്കാര്‍ പാഠ്യപദ്ധതിയില്‍ നാലാം ക്ലാസിലും എം.ജി.സര്‍വ്വകലാശാലയിലും പഠിക്കാനുണ്ട്.2009ലെ സംസ്ഥാന സര്‍ക്കാര്‍ ടെലിവിഷന്‍ അവാര്‍ഡ് തിരക്കഥയ്ക്ക്(ആതിര 10 സി) ലഭിച്ചു.കേരള സാഹിത്യ അക്കാദമിയുടെ ഗീതാ ഹിരണ്യന്‍ എന്‍ഡോവ്‌മെന്റ്,അങ്കണം അവാര്‍ഡ്,സാഹിത്യശ്രീ പുരസ്‌കാരം,കെ.എ.കൊടുങ്ങല്ലൂര്‍ കഥാപുരസ്‌കാരം,തോപ്പില്‍ രവി അവാര്‍ഡ്,ഇടശ്ശേരി അവാര്‍ഡ്,ഈ പി സുഷമ എന്‍ഡോവ്‌മെന്റ്,ജേസി ഫൌണ്‍ടേഷന്‍ അവാര്‍ഡ്,പ്രൊഫ.വി.രമേഷ് ചന്ദ്രന്‍ കഥാപുരസ്‌കാരം, ഡിസി ബുക്‌സിന്റെ നോവല്‍ കാര്‍ണിവല്‍ അവാര്‍ഡ്(2004ല്‍ ആദ്യനോവലായ 'ഡി'യ്ക്ക്.)എന്നിവയാണ് ലഭിച്ച മറ്റ് പുരസ്‌കാരങ്ങള്‍.9 മാതൃഭൂമി ആഴ്ചപ്പതിപ്പിലും പേപ്പര്‍ ലോഡ്ജ് മാധ്യമം ആഴ്ചപ്പതിപ്പിലും ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചു. 2006ല്‍ 'പകല്‍' സിനിമയ്ക്ക് തിരക്കഥയെഴുതി.തുടര്‍ന്ന് ആശുപത്രികള്‍ ആവശ്യപ്പെടുന്ന ലോകം, ആതിര 10 സി എന്നീ ഹ്രസ്വ സിനിമകളും. കൃതികള്‍ഡി, '9' , പേപ്പര്‍ ലോഡ്ജ് (നോവലുകള്‍) മറൈന്‍ കാന്റീന്‍, നായകനും നായികയും(നോവെല്ല) വെയില്‍ ചായുമ്പോള്‍ നദിയോരം, ആശുപത്രികള്‍ ആവശ്യപ്പെടുന്ന ലോകം, ഗാന്ധിമാര്‍ഗം, കോക്ടെയ്ല്‍ സിറ്റി, മാമ്പഴമഞ്ഞ, സ്വര്‍ണ്ണമഹല്‍, മരണവിദ്യാലയം(കഥാസമാഹാരം)

ഒരിക്കല്‍ കൂടി അഭിനന്ദനങ്ങള്‍


Thursday, February 9, 2012

മടിയന്മാരെ ആവശ്യമുണ്ട്.



മടിയനോ മടിച്ചിയോ ആവാന്‍ മോഹിക്കുന്ന ആരെങ്കിലുമുണ്ടോ?  ഉണ്ടെങ്കിലും അധ്വാനികളുടെ ലോകത്തില്‍ ഞാന്‍ മടിയനാണ്/മടിച്ചിയാണ് എന്നു പറയാന്‍ അല്പം മടിക്കും.

പക്ഷേ, ലോകത്തിനു വേണ്ടത് മടിയന്മാരെയാണ്.  അതിനു ചില കാരണങ്ങളും കൂടി പറയുകയാണ് ഏറെ പഴയൊരു ലേഖനത്തില്‍ മുത്തിരിങ്ങോട് ഭവത്രാതന്‍ നമ്പൂതിരിപ്പാട്. (1903-1944)
'ഞാന്‍ പലപ്പോഴും സ്വപ്‌നം കാണാറുളളത്, മടിയന്മാരെകൊണ്ട് നിറഞ്ഞ ഒരു ലോകത്തെയാണ്. അങ്ങിനെയുണ്ടായെങ്കില്‍ ആ ലോകം ഇന്നത്തേക്കാള്‍ എത്രയധികം സുഖകരമായേനേ.  ....ഒരുമടിയെനെപ്പോഴും ഒരു ക്ഷമയുണ്ട്.  സമാധാനമുണ്ട്.  ഏതിലുമൊരു സന്തോഷമുണ്ട്, സാവധാനമുണ്ട്..'




മടിയില്ലാത്തവരെക്കുറിച്ച് പറയുന്നവരെക്കുറിച്ച് അദ്ദേഹത്തിന്റെ വരികള്‍ നോക്കു

'മടിയുടെ മധുരചുംബനമേല്ക്കുവാന്‍ ഒരിയ്ക്കലും സാധിച്ചിട്ടില്ലാത്ത ഒരുവന്റെ കഥ കുറേയേറെ കഷ്ടതരമാണ്....തീരെ മടിയില്ലാത്ത ഒരുവന്റെ ജീവിതം എത്ര പരുപരുത്തതായിരിക്കും! അയാളുടെ ഹൃദയം എത്ര കഠിനമായിരിക്കും! വിചാരവികാരങ്ങള്‍ എത്ര വിരസങ്ങളും വിലക്ഷണങ്ങളുമായിരിക്കും! അയാളുടെ ജീവിതം എപ്പോഴും പിടഞ്ഞുകൊണ്ടാണിരിക്കുന്നത്....'

കലാലോലനും ചിത്രകാരനും കവിയും ഗായകനുമൊക്കെ മടിയന്മാര്‍ക്കുദാഹരണമാണെന്നാണ് ഭവത്രാതന്‍ നമ്പൂതിരിപ്പാട് പറയുന്നത്.

ശരിക്കു പറഞ്ഞാല്‍ മടി കലാവാസനയാണ്.  ഒരു കലോലോലനെ, കവിയെ, ചിത്രകാരനെ, ഗായകനെ പരിശോധിക്കു-ഇവരെല്ലാം മടിയന്മാരായിരിക്കും.  കലാവാസനയെന്നത് വളരെ മിനുസവും മാര്‍ദ്ദവവുമുളള ഒന്നാണ്.  അതുണഅടോ ഒരു ധൃതിക്കാരനു സാധ്യമാവാന്‍ പോകുന്നു?   മടി സഹൃദയത്തത്തിന്റെ ലക്ഷണമാണ്.  മടിയില്ലാത്തവന് സംഗതികളെ സാവധാനമൊന്നു വീക്ഷിക്കാനാവില്ല; അവയുടെ വിലയറിഞ്ഞ് ആസ്വദിക്കുവാനും അഭിനന്ദിക്കുവാനുമാകില്ല.  ...


മടിയില്ലായിരുന്നെങ്കില്‍ ഇന്നത്തെ ലോകം എന്നോ പൊട്ടിപൊടിഞ്ഞുപോകുമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.  എന്നാല്‍ ഇന്നത്തെകാലത്തെ മനുഷ്യര്‍  മടിയില്ലാത്തവരായി മാറിയിരിക്കുന്നതുകൊണ്ടെന്തു സംഭവിച്ചു എന്നു പറയുന്നത് കേള്‍ക്കൂ

'മനുഷ്യരുടെ അനവധികാലത്തെ മടിയില്ലാത്ത സ്വഭാവം കാരണം ഈ ലോകസൗന്ദര്യം തന്നെ നശിച്ചു പോയിരിക്കുന്നു.  പച്ചപിടിച്ച പുല്‍പ്പറമ്പുകള്‍ പടുകൂറ്റന്‍ സദാ ഇരമ്പവും കമ്പവും പൂണ്ടവയായി പൈങ്കിളികളുടെ പൂമ്പല്ലവിയ്ക്കു പകരം യന്ത്രങ്ങളുടെ കര്‍ണ്ണാരുന്തൂദമായി ക്രേങ്കാരമായി.  കുളിരോലും വള്ളിക്കുടിലുകള്‍ കൃത്രിമക്കെട്ടിടങ്ങളായിമാറി.  ആടിപ്പാടി മന്ദഗമനം ചെയ്യുന്ന പുഴകള്‍ അവിടെയവിടെ അണകെട്ടിമൂട്ടിയ്ക്കപ്പെട്ടു. കുന്നുകളുടെ പൂഞ്ചോല പിച്ചിച്ചീന്തിക്കളഞ്ഞു.  നോക്കൂ, മനുഷ്യന്റെ മടിയില്ലായ്മ ഈ സുന്ദരലോകത്തെ എത്ര വികൃതവും വിരൂപവുമാക്കിക്കളഞ്ഞു!  അതുകൊണ്ട്, ഇനി വളരെക്കാലത്തേയ്ക്ക് നാമെല്ലാം മടിയന്മാരാവുക! എ്പ്പോഴും വിയര്‍ത്തൊലിച്ചോടി നടക്കാതിരിക്കുക! മടിയുടെ മലര്‍മഞ്ചത്തില്‍ കിടന്നു കുറേ സുഖ സ്വപ്‌നം കാണുക!'

* * *
സമ്പാദകര്‍: ടിയെന്‍ ജോയ്, റോബിന്‍
അവലംബം കേരളസാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച മുത്തിരിങ്ങോടിന്റെ കഥകളും ഉപന്യാസങ്ങളും.




Wednesday, February 1, 2012

ഒരു ഫ്യൂറഡാന്‍ ചരിതം



 
                    furadan bottle.jpg
ഒരുകാലത്ത് ഞങ്ങളുടെ നാട്ടില്‍ വിഷം കഴിച്ചു മരിക്കാനാഗ്രഹിച്ചവരൊക്കെ പനാമര്‍ കുടിച്ചു.  പിന്നെയത് എക്കാലക്‌സിലേക്ക് മാറ്റി.  നെല്‍കൃഷിയുടെ കാലമായിരുന്നു അത്.  വീട്ടുകാരെപ്പേടിപ്പിക്കാന്‍ തമാശയ്ക്ക് എക്കാലക്‌സ് കുടിച്ച ശെല്‍വനു മുന്നില്‍ മരണം തമാശ കാണിച്ചില്ല. എക്കാലക്‌സ് കുടിച്ചൊരാള്‍ വളരെ കൂളായിട്ട് വണ്ടിയില്‍ കയറി ആശുപത്രിയിലേക്ക് പോവുകയും വൈകിട്ടോടെ വെള്ള പുതച്ച് വീട്ടുമുറ്റത്തെത്തുകയും ചെയ്തു.  
പക്ഷേ, നെല്‍വയലുകള്‍ വാഴയ്ക്കു വഴിമാറിയപ്പോള്‍ ആ സ്ഥാനം ഫ്യൂറഡാന്‍ കൈയ്യടക്കി.  ഒരുതരം കുത്തുന്ന മണം.  അതടിച്ചാലേ ഛര്‍ദ്ദിക്കാന്‍ തോന്നും.  എങ്ങനെയിത് വാരിത്തിന്ന് ആത്മഹത്യ ചെയ്യുന്നുവോ?  പക്ഷേ, മരണം മുന്നില്‍ കാണുന്നവര്‍ക്ക് അതിന്റെ ദുര്‍ഗന്ധം ഒരു പ്രശ്‌നമായിരുന്നില്ലായിരുന്നിരിക്കണം.  
മിക്ക വീടുകളിലും ഫ്യൂറഡാന്‍ സൂക്ഷിച്ചിരിന്നു.  വാഴകൃഷിക്ക് മാത്രമല്ല, തെങ്ങിന്റെ മണ്ടചീയല്‍, കൊമ്പന്‍ ചെല്ലി, ചെമ്പന്‍ ചെല്ലി തുടങ്ങിയ കീടങ്ങളെ തുരുത്താനും എന്തിനു പറയുന്നു എന്തിനുമേതിനും ഫ്യൂറഡാന്‍ വേണമായിരുന്നു.  കര്‍ഷകര്‍ക്ക് ഇതിന്റെ പേര് അത്ര വഴങ്ങുന്നതായിരുന്നില്ല.  അതുകൊണ്ടവര്‍ കുരുടാന്‍ എന്നു പറഞ്ഞു.  കണ്ടാല്‍ കുരുടനാണെങ്കിലും കുറച്ചു തരികള്‍ മതി ഒരു മനുഷ്യജീവന്‍ തീരാന്‍.
                    furdan murder.jpg
 
അക്കാലത്ത് കുരുടാന്‍ തിന്നവരാരും രക്ഷപെട്ടില്ല.  രക്ഷപെടണം, എന്നാല്‍ ആത്മഹത്യാശ്രമമാണെന്ന് തോന്നണം എന്നു വിചാരിച്ചവരൊക്കെ എലിവിഷം തിന്നു.  മരത്തില്‍ കെട്ടിത്തൂങ്ങി.  ചിലര്‍ കൊമ്പടിഞ്ഞുവീണു് രക്ഷപെട്ടു.  ചിലരങ്ങ് യമപുരി പൂണ്ടു.  

എട്ടോ ഒമ്പതോ പേര്‍ ആത്മഹത്യ ഒരു വര്‍ഷമുണ്ടായിരുന്നു.  അതിലൊരാള്‍ മാത്രമേ വീടിന്റെ ഉത്തരത്തില്‍ കെട്ടിത്തൂങ്ങിയുള്ളു.  ബാക്കിയെല്ലാവരും കുരുടാന്‍ തിന്നാണ് ആത്മഹത്യചെയ്തത്.  മിക്കവരും ചെറുപ്പക്കാരായിരുന്നു.  മനസ്സിനൊട്ടും കരുത്തില്ലായിരുന്നിരിക്കണം.  
പത്താംക്ലാസ്സുകാരി പെങ്കൊച്ച് പ്രണയനൈരാശ്യത്താലാണ് കുരുടാന്‍ തിന്നത്.  മോളെന്തെങ്കിലും അവിവേകം ചെയ്‌തേക്കുമോ എന്ന് അച്ഛനുമമ്മയ്ക്കും ഭയമുണ്ടായിരുന്നു.  അതുകൊണ്ടാണ് അനിയത്തിക്കൊച്ചിനോട് ശ്രദ്ധിച്ചേക്കണേ എന്നു പറഞ്ഞ് അവര്‍ കാട്ടില്‍ ഇല്ലിവെട്ടാന്‍ പോയത്.  അനിയത്തി ശ്രദ്ധിച്ചിട്ടെന്താ?  മുറ്റത്തിനു താഴെ നിന്ന് അവള്‍ പുല്ലരിയുകയായിരുന്നു.  കുറച്ചു മുമ്പുവരെ ചേച്ചിയോടൊപ്പം ഉണ്ടായിരുന്നതാണ്.  ചേച്ചിയപ്പോള്‍ ഉരുളക്കിഴങ്ങും ഉള്ളിയും വറുത്തരച്ച കറിവെച്ചുകൊണ്ടിരിക്കുന്നത് കണ്ടിട്ടാണ് പുല്ലരിയാന്‍ പോയത്.  അപ്പോഴാണ് ഛര്‍ദ്ദിയുടെ ശബ്ദം.
അടുക്കളയില്‍ ഒരുപാത്രത്തില്‍ തേങ്ങ ചിരകയിതിനൊപ്പം ശര്‍ക്കര ചീകിയിട്ട് അതില്‍ കുരുടാന്‍ കുഴച്ചുവെച്ചിരുന്നു.  അവലു നനയ്ക്കുംപോലെ...അതില്‍ പകുതിയും അവള്‍ തിന്നിരുന്നു.
എന്നാ പണിയാ കാണിച്ചേ എന്ന അനിയത്തിയുടെ ചോദ്യത്തിനു മുന്നില്‍ ചേച്ചി ഉള്ളംകൈ നിവര്‍ത്തി കാണിച്ചു.  തിരസ്‌ക്കരിച്ചവന്റെ പേര് മൈലാഞ്ചി ഇട്ടുവെച്ചിരുന്നു.  

ഇങ്ങനെ ചെറുപ്പക്കാര്‍ പലവിധ കാരണത്തിലും ജീവനൊടുക്കാന്‍ കുരുടാനെ ആശ്രയിച്ചു കൊണ്ടിരുന്നു.  ചിലരുടെ മരണത്തിന് കാരണമെന്താണെന്ന് കുറച്ച് കുനുഷ്ടും കന്നായ്മയുമുള്ള നാട്ടുകാര്‍ക്ക് കണ്ടു പിടിക്കാനുമായില്ല.  പല കാരണങ്ങള്‍ പറഞ്ഞു. അവയൊന്നും പരസ്പരം ചേരുന്നവയായിരുന്നില്ല.  പുതിയ കഥ കിട്ടിയപ്പോള്‍ പഴയതു മറന്നു.

ഞങ്ങളുടെ വീട്ടിലുമുണ്ടായിരുന്നു ഫ്യൂറഡാന്‍.   തൂമ്പയും വെട്ടുകത്തിയും ചുറ്റികയും കൂടവും പിക്കാസുമൊക്കെ വെച്ചിരുന്ന മൂലയ്ക്കായിരുന്നു ആദ്യമൊക്കെ അതിന്റെ സ്ഥാനം.  പിന്നെയത് കുറേ നാളത്തേക്ക് കണ്ടില്ല.  തെങ്ങൊരുക്കാന്‍ ആളു വന്നപ്പോള്‍ അമ്മച്ചിയത് വിറകുപുരയില്‍ നിന്ന് എടുത്തുകൊണ്ടു വരുന്നത് കണ്ടു. പിന്നീടൊരിക്കല്‍ വിറകു പുരയില്‍ നിന്നല്ല പറമ്പില്‍ നിന്നാണ് കൊണ്ടു വരുന്നത് കണ്ടത്.  
പറമ്പിലെവിടെയോ കുഴിച്ചിട്ടിരിക്കുകയായിരുന്നു.  വളര്‍ന്നു വരുന്ന മക്കളുടെ ബുദ്ധി ഏതു വഴി തിരിയുമെന്ന് ആര്‍ക്കറിയാം?  അതുകൊണ്ട് ഒരു കരുതല്‍.  അത്രേം വിശ്വാസമായിരുന്നു ഞങ്ങളെ!

കുറച്ചുനാള്‍ മുമ്പ്് വയനാട്ടിലെ ഒരു വാഴത്തോട്ടില്‍ നിന്ന് ബന്ധുവായ പയ്യന്‍ പഴം തിന്നതേ ചുണ്ടും മുഖവും തടിച്ചുവീര്‍ത്ത് ചെറിയാന്‍ തുടങ്ങി.  
എന്തിനാണ് ഇത്രമേല്‍ വിഷം നമ്മുടെ പച്ചക്കറികളില്‍ തളിക്കുന്നത്?  
ജൈവ കീടനിയന്ത്രണ രീതികള്‍ നടപ്പിലാക്കിക്കൂടെ? 

ഇന്ന് മനുഷ്യന്‍ നേരിടുന്ന ഏറ്റവും വലിയ ആരോഗ്യപ്രശ്‌നമായി മാറിയിരിക്കുന്ന കീടനാശിനി തളിക്കല്‍..അത് എന്‍ഡോ സള്‍ഫാനോ ഫ്യൂറഡാന്‍, നുവാക്രോണ്‍ അങ്ങനെ പോകുന്നു.  ..

കുറച്ച് ഫ്യൂറഡാന്‍ തരികള്‍ കഴിച്ചാല്‍ മരണം നിശ്ചയമെങ്കില്‍ അവ ഉപയോഗിക്കുന്ന  ഭക്ഷ്യ വസ്തുക്കള്‍ കഴിച്ചാല്‍ എന്തായിരിക്കും ഫലം എന്നാലോചിച്ചു നോക്കു... 





Thursday, January 26, 2012

സങ്കടങ്ങളുടെ പുസ്തകം



ഞങ്ങള്‍ ഇരട്ടകളായിരുന്നില്ല.  എന്നിട്ടും അവള്‍ക്ക്, എനിക്കൊപ്പം   പൊക്കംവെച്ചപ്പോള്‍ മുതല്‍ പലരും ഇരട്ടകളാണോന്ന് ചോദിക്കാന്‍ തുടങ്ങി.  ഞങ്ങള് തമ്മില്‍ അത്രയ്‌ക്കൊന്നും രൂപസാമ്യമില്ലായിരുന്നു..പക്ഷേ, കാഴ്ചക്കാര്‍ക്ക് അങ്ങനെ തോന്നി. 

എന്നാല്‍ റാഹേലും എസ്തയും രണ്ടു വ്യത്യസ്ത അണ്ഡ ഇരട്ടകളായിരുന്നു.  കാഴ്ചയ്ക്ക് യാതൊരു സാമ്യവുമില്ലായിരുന്നു.  അതുകൊണ്ടുതന്നെ, കുട്ടിക്കാലത്തുപോലും 'ആര് ഏത്', 'ഏത് ആര്' എന്ന സാധാരണ ചോദ്യങ്ങളൊന്നും ആരും അവരെച്ചൊല്ലി ഉന്നയിച്ചില്ല.  എന്നാലും എസ്തപ്പാനും റാഹേലും തങ്ങളെക്കുറിച്ച് ഒരുമിച്ചു പറയുമ്പോള്‍ 'ഞാന്‍' 'എന്നെ' എന്നും ഓരോരുത്തരും വേറെ വേറെ പറയുമ്പോള്‍ 'ഞങ്ങള്‍' 'ഞങ്ങളെ' എന്നും കരുതിപ്പോന്നു.  ഒരപൂര്‍വ്വതരം സയാമീസ് ഇരട്ടകളെപോലെ ശാരീരികമായി വേര്‍പിരിഞ്ഞ്, പക്ഷേ, ഒരേവ്യക്തിത്വം.

ഏതെങ്കിലുമൊരു ഇംഗ്ലീഷ് പുസ്തകം മലയാളത്തില്‍ വായിക്കണമെന്നാഗ്രഹിച്ചിരുന്നെങ്കില്‍ അത് 'കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാനാ'യിരുന്നു.  സങ്കടങ്ങളുടെ പുസ്തകം..എസ്‌തേടേം റാഹേലിന്റേം കുഞ്ഞുകുഞ്ഞു കുസൃതികളുടെ ..കുഞ്ഞുകുഞ്ഞു ഓര്‍മകളുടെ പുസ്തകം...
അത്രപെട്ടൊന്നൊന്നും വായിച്ചു തീര്‍ക്കാനായില്ല എനിക്കീ പുസ്തകം. ഓരോ  വരിയിലും വാക്കിലും നിന്നുപോയി. ചില വരികളും താളുകള്‍ തന്നെയും വീണ്ടും വീണ്ടും വായിച്ചു. കാണാകാഴ്ചകള്‍ കണ്ടു. എന്നിട്ടു ചിലപ്പോള്‍ ഞാനെന്റെ കുട്ടിക്കാലത്തേക്ക് ഊര്‍ന്നിറങ്ങിപ്പോയി...കുട്ടികളുടെ മനശ്ശാസ്ത്രം അയ്മനത്തും ലോകത്തെവിടെയും ഒരേപോലെയായിരിക്കുമെന്ന് വിചാരിച്ചു. ഏറ്റവും കൂടുതല്‍ വഴക്കടിച്ചത് അനിയത്തിയോടാവണം.  കൂടുതല്‍ അടുത്തതും. ഞങ്ങളുടെ കുട്ടിക്കാലത്തെ കുസൃതികളിലേക്ക്, പിണക്കങ്ങളിലേക്ക്, സ്‌നേഹത്തിലേക്ക് ഇറങ്ങിപ്പോയി ഞാന്‍.  ആരും ശ്രദ്ധിക്കുന്നില്ലെന്നു കണ്ടപ്പോള്‍  ഞങ്ങള്‍ നടന്നുപോയ വഴികള്‍, ആറ്റുവക്കില്‍ ചിന്തിച്ചിരുന്ന നിമിഷങ്ങള്‍, ഞങ്ങള്‍ക്കുമാത്രം അറിയാവുന്നതും മനസ്സിലാക്കാനാകുന്നതുമായിരുന്ന കാര്യങ്ങള്‍... അതാരോടും പങ്കുവെക്കാനാവാഞ്ഞ കാര്യങ്ങള്‍.  

വായിച്ചു കഴിഞ്ഞപ്പോള്‍ എസ്തയെപ്പോലെ മൗനിയായി..വാക്കുകള്‍ക്ക് ഒരാവശ്യവുമില്ല എന്നു തോന്നി ..ആരും ശ്രദ്ധിക്കാനിടയില്ലാത്ത ശാന്തമാകല്‍. ആരോടും ഒന്നും പറയാനില്ലാത്തപോലെ.. അങ്ങനൊരു നിശബ്ദമാകല്‍ എസ്തക്കു'മാത്രമേ പറ്റൂ എന്നു വിചാരിച്ചുകൊണ്ട് ഇങ്ങനൊരു പുസ്തകം വായിച്ചു എന്ന് ആരോടാ പറയേണ്ടത് എന്നാലോചിച്ചിരുപ്പായി.  അവള്‍ മാത്രമായിരുന്നു മനസ്സിലപ്പോള്‍...
മൂന്നോ നാലോ വട്ടം അവളെ വിളിച്ചു.  എപ്പോഴും വേറെന്തെങ്കിലുമൊക്കെ പറഞ്ഞു.  ഫോണ്‍ വെക്കുമ്പോള്‍ അവളോട് എസ്തയേം റാഹേലിനേം പറ്റി പറഞ്ഞില്ലല്ലോ...പറയാഞ്ഞതെന്തുകൊണ്ടാവാം..അവളെന്നതായിരുക്കും വിചാരിക്കുന്നെ എന്നൊക്കെയോര്‍ത്തോണ്ടിരുന്നു.
പിന്നെയൊരു സമയത്ത് അവളെ വിളിച്ചിട്ട് എസ്‌തേം റാഹേലും നമ്മളാണെന്ന് തോന്നി എന്നു പറഞ്ഞു. 
അവള്‍ നല്ല വായനക്കാരിയല്ല എന്നിട്ടും...കഥ എങ്ങനെയാ പറഞ്ഞുകൊടുക്കേണ്ടതെന്ന് എനിക്കറിയില്ലായിരുന്നു.  അമ്മു മരിക്കുന്നതിനു മുമ്പ് റാഹേലിനെ കണ്ടപ്പോള്‍ നിര്‍ത്താതെ സംസാരിച്ചുകൊണ്ടിരുന്നപോലെ ഓരോന്നു പറഞ്ഞുകൊണ്ടിരുന്നു. 
അയ്മനത്തുനിന്നും മുന്‍ശുണ്ഠിക്കാരനായ പപ്പാച്ചിയില്‍ നിന്നും നീണ്ടകാലമായി ദുരിതമനുഭവിക്കുന്ന പരുക്കന്‍ മട്ടുകാരി മമ്മാച്ചിയില്‍ രക്ഷപെടുക എന്നതായിരുന്നു അമ്മുവിന്റെ സ്വപ്നം.  കല്‍ക്കട്ടയിലുള്ള ബന്ധുവിനൊപ്പം മദ്ധ്യവേനലവധിക്കാലം ചെലവഴിക്കാന്‍ കിട്ടിയ അവസരത്തില്‍  വെച്ചവള്‍  ഭാവിവരനെ കെണ്ടത്തി .  അയ്മനത്തേക്ക് തിരിച്ചു പോകുന്നതിനേക്കാള്‍ ഭേദമാണ് 'ആരും' 'എന്തും' എന്നവള്‍ കരുതി.  പക്ഷേ, അയാളൊരു കുടിയനായിരുന്നു, തന്റെ നിലനില്പിനുവേണ്ടി ഭാര്യയെ മേലുദ്യോഗസ്ഥന് കൂട്ടികൊടുത്തേക്കാം എന്നു വിചാരിക്കുന്നവനുമായിരുന്നു.  വിവാഹം മോചനം നേടി അമ്മു അയ്മനത്തേക്ക് തന്നെ തിരിച്ചുപോയി ്: കുറച്ചുവര്‍ഷംമുമ്പ് ഉപേക്ഷിച്ചോടിയ സര്‍വ്വതിലേക്കും. രണ്ടുകുഞ്ഞുങ്ങളുണ്ട് എന്ന വ്യത്യാസം മാത്രം. പിന്നെ സ്വപ്നങ്ങളൊന്നുമില്ലാതായതും
അവിടെ   പപ്പാച്ചിയുടെ അവിവാഹിതയായ പെങ്ങള്‍ ബേബിക്കൊച്ചമ്മയുണ്ടായിരുന്നു...   അമ്മയുടെ അമ്മവകയായ സത്യത്തി്ല്‍ ഒരവകാശത്തിനും ഇടമില്ലാത്ത അയ്മനം വീട്ടില്‍ ഔദാര്യത്തിന്റെ പേരിലാണ് ഇരട്ടകള്‍ കഴിഞ്ഞുകൂടുന്നതെന്ന് അവര്‍ മനസ്സിലാക്കിയേ പററൂ എന്ന് ബേബിക്കൊച്ചമ്മയ്ക്ക് നിര്‍ബന്ധമുണ്ടായിരുന്നു-തന്നെപ്പോലെ തന്നെ.  അതുകൊണ്ടവര്‍ ഇരട്ടകളുടെ ഇടയിലെ രസംകൊല്ലിയായി.  സങ്കടത്തിന്റെ എന്തേലും ഒരു ലക്ഷണം കാണിക്കുന്ന ഒരവസരം, അതായിരുന്നു അവരുടെ സ്്വപ്‌നം.    എന്തിനും പോന്നവരാണ് അതുങ്ങളെന്നവര്‍ കരുതിപ്പോന്നു.  
ഒരുദിവസം കൊണ്ട് മാറിമറിയാവുന്നതേയുള്ളു കാര്യങ്ങള്‍...
അതുകൊണ്ടാണ്  അമ്മുവിന് ഇരട്ടകളെ പിരിക്കേണ്ടിവന്നത്..അമ്മുവിന് വീടുവിട്ടുപോകേണ്ടി വന്നത്..പ്രായോഗികാര്‍ത്ഥത്തില്‍ പറഞ്ഞാല്‍ സോഫിമോള്‍ അയ്മനത്തേക്ക് വന്നതോടെയാണ് എല്ലാം തുടങ്ങിയത് എന്നു പറയാം.  പക്ഷേ, അത്  ആയിരക്കണത്തിനു വര്‍ഷങ്ങള്‍ക്കമുമ്പേ തുടങ്ങിയതായിരുന്നു.  പ്രണയനിയമങ്ങള്‍ ഉണ്ടാക്കപ്പെട്ട ദിവസങ്ങളിലാണത് ശരിക്കും തുടങ്ങിയത് എന്നും വാദിക്കാം.  ആരെ, എങ്ങനെ സ്‌നേഹിക്കാമെന്ന് നിഷ്‌കര്‍ഷിച്ച നിയമങ്ങള്‍. എത്രമാത്രമെന്നും. 
അമ്മത്തത്തിന്റെ അതിരില്ലാത്ത ആര്‍ദ്രതയും ഒരു മനുഷ്യബോംബിന്റെ അടങ്ങാത്ത രൗദ്രവും അമ്മുവിനുണ്ടായിരുന്നു.
ഒരുപക്ഷേ, അമ്മുവും മക്കളുമായിരുന്നിരിക്കും ഏറ്റവും വലിയ നിയമലംഘകര്‍.  ബാക്കിയുള്ളവരും അങ്ങനെതന്നെയായിരുന്നു.  അവരെല്ലാം നിയമങ്ങള്‍ ലംഘിച്ചു. വിലക്കപ്പെട്ടയിടങ്ങളിലേക്ക് അതിക്രമിച്ചുകയറി. 

എസ്തയും റാഹേലും അധികപ്പറ്റായിരുന്നു.  ആരുടെയൊക്കെയോ ഔദാര്യത്തില്‍ കഴിയുന്നവര്‍. എന്നാല്‍ സോഫിമോള്‍ തുടക്കത്തിലേതന്നെ എല്ലാവരാലും സ്‌നേഹിക്കപ്പെട്ട്...
കുഞ്ഞുമനസ്സുകളുടെ സങ്കടവും വേദനയും അസൂയയും കുശുമ്പുമൊക്കെയുണ്ട് ഇരട്ടകള്‍ക്ക്.  അതുകൊണ്ടാണ് സോഫിമോളെ എയര്‍പോര്‍ട്ട് ലോഞ്ചില്‍വെച്ച് കണ്ടപ്പോള്‍ അനിഷ്ടവും ആവേശവുംകെ
ാണ്ട് നില്ക്കക്കള്ളിയില്ലാതെ റാഹേല്‍ എസ്തയെ മുറുക്കെയൊന്ന് പിച്ചിയത്.  അവന്റെ തൊലി അവളുടെ നഖങ്ങള്‍ക്കിടയില്‍.  പകരം അവളുടെ കൈത്തയിലെ തൊലി, തന്റെ കൈകൊണ്ടും ആവുംപോലൊക്കെ വലിച്ചുതിരിച്ചു എസ്ത. 
അയ്മനത്തെ വീട്ടില്‍ എല്ലാവരുടേയും സ്‌നേഹത്തിലും ലാളനയിലും സോഫിമോള്‍ നിറഞ്ഞു നില്ക്കുമ്പോള്‍ എസ്ത റബ്ബര്‍തോട്ടത്തിനിടയില്‍ നൃത്തമായി മാറി.  റാഹേലാണെങ്കില്‍  കിണറ്റിന്‍ കരയില്‍ ഒരു നിര ഉറുമ്പുകളെ കണ്ടുപിടിച്ചു.  അവളാ ഉറുമ്പുകളെ കല്ലുകൊണ്ട് ചതച്ചരച്ചു.

ആരും ശ്രദ്ധിക്കുന്നില്ലെന്ന കുഞ്ഞുമനസ്സുകളിലെ സംഘര്‍ഷങ്ങളില്‍ നിന്നാണ് അവര്‍ അവരുടേതായ കുഞ്ഞുലോകമുണ്ടാക്കാന്‍ ശ്രമിച്ചത്.  ഒരുതരത്തില്‍ അവരുടെ അമ്മയും.  പുഴയുടെ ആദ്യമൂന്നിലൊരുഭാഗം അവര്‍ക്കറിയാമായിരുന്നു.  ഇവിടെവെച്ചാണവര്‍ കാത്തിരിക്കാന്‍ പഠിച്ചത്.  നിരീക്ഷിക്കാന്‍ പഠിച്ചത്.  ചിന്തകള്‍ ചിന്തിക്കാനും അവ പറയാതിരിക്കാനും പഠിച്ചത്. 
അവരുടെ പ്രായത്തിലെ മറ്റു കുട്ടികളൊക്കെ മറ്റെന്തെല്ലാമോ കാര്യങ്ങള്‍ പഠിച്ചപ്പോള്‍, ചരിത്രം അതിന്റെ വ്യവസ്ഥകള്‍ ചര്‍ച്ച ചെയ്തുറപ്പിക്കുന്നതെങ്ങനെയെന്നും അതിന്റെ നിയമങ്ങള്‍ ലംഘിക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കുന്നതെങ്ങനെയെന്നും പഠിക്കുകയായിരുന്നു എസ്തയും റാഹേലും.  അതിന്റെ അലോസരപ്പെടുത്തുന്നതരം തട്ടുമുട്ടുകള്‍ കേള്‍ക്കുകയായിരുന്നു അവര്‍.  അവരതിന്റെ മണം മണത്തുനോക്കുകയായിരുന്നു,

അവരുടെ അമ്മയാണെങ്കിലോ  നഷ്ടങ്ങളുടെ ഒടേതമ്പുരാനുമായി പ്രണയത്തിലായി.  അവന്‍ കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാനായിരുന്നു.

മമ്മാച്ചിയുടെ പിക്കിള്‍ & പ്രിസര്‍വ്‌സ് ഫാക്ടറിയില്‍  ചാക്കോയോളം തന്നെ പണിയെടുത്തിരുന്നു അമ്മു.  പക്ഷേ, 'എന്റെ ഫാക്ടറി', 'എന്റെ പൈനാപ്പിള്‍', 'എന്റെ അച്ചാര്‍' 'നിനക്കുള്ളതും എന്റെ , എനിക്കുള്ളതും എന്റെ....' എന്നെല്ലാം ചാക്കോ  പറഞ്ഞുകൊണ്ടിരുന്നു .                                 

താനൊരു കമ്മ്യൂണിസ്റ്റാണെന്ന് എപ്പോഴും പറഞ്ഞുകൊണ്ടിരുന്ന ചാക്കോയ്ക്ക് ഫാക്ടറിയിലെ സ്ത്രീകളുമായുണ്ടായിരുന്ന ബന്ധങ്ങളെ മമ്മാച്ചി ന്യായികരിച്ചു.
അവന് ഒരാണിന്റേതായ ആവശ്യങ്ങളുണ്ടാവാതിരിക്കുമോ?    ബേബിക്കൊച്ചമ്മയോ മമ്മാച്ചിയോ ചാക്കോയുടെ മാര്‍ക്‌സിസ്‌ററ് മനോഭാവത്തിനും ജന്മിത്വ ലൈംഗികതൃഷ്ണയ്ക്കും ഇടയില്‍ ഒരു വൈരുദ്ധ്യാത്മകതയും കണ്ടില്ല.  നല്ലകുടംബങ്ങളിലെ ചെറുപ്പക്കാരെക്കൊണ്ട് ഗര്‍ഭിണികളായ വേലക്കാരിപ്പെണ്ണുങ്ങളെ നിര്‍ബന്ധപൂര്‍വ്വം വിവാഹം കഴിപ്പിക്കുന്ന നക്‌സലൈററുകളെ ചൊല്ലിയായിരുന്നു അവരുടെ ആകുലതകളത്രയും.
ആണാവശ്യങ്ങളുടെ ഇരകള്‍ക്ക് വീടിനകത്തുകൂടി പെരുവിരലൂന്നി കയറിപ്പോകേണ്ടതൊഴിവാക്കാന്‍ മറ്റൊരു വാതില്‍ പണിയിച്ചു മമ്മാച്ചി.  സന്തോഷമായിരിക്കാനായി ആ 'ഇര'കള്‍ക്ക് രഹസ്യമായി പൈസകൊടുത്തു പോന്നു അവര്‍.

എന്നാല്‍ പെണ്ണാവശ്യങ്ങളില്ലേ? 
തന്റെ മകളുടെ പ്രണയം തൊട്ടുകൂടാത്തവനുമായിട്ടായിരുന്നു.  അതവര്‍ക്ക് സഹിക്കുവുനാകുമായിരുന്നില്ല.

അങ്ങനെയാവുമ്പോള്‍ ചിലതെല്ലാം സംഭവിക്കുന്നു.  
പൂര്‍ണ്ണമായി അംഗീകരിക്കപ്പെട്ടിട്ടില്ലാത്തതും അംഗീകരിക്കാന്‍ വിസമ്മതിക്കുന്നതുമായ ഭയങ്ങളില്‍ നിന്നു പിറന്ന പുച്ഛം.  പ്രകൃതിയെച്ചൊല്ലി നാഗരികജനതയുടെ ഭയം. സ്ത്രീകളെച്ചൊല്ലി പുരുഷനുള്ള ഭയം, അധികാരത്തിലല്ലാത്തവരെച്ചൊല്ലി അധികാരത്തിലിരിക്കുന്നവരുടെ ഭയം. കീഴടക്കാനോ ആരാധിക്കാനോ പററാത്തതിനെ നശിപ്പിക്കാനുള്ള മനുഷ്യന്റെ , ബോധാതീതമായ ത്വര.
ആണാവശ്യങ്ങള്‍....

പ്രായോഗിക കമ്മ്യൂണിസ്‌ററും യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റും തമ്മിലുള്ള വൈരുദ്ധ്യങ്ങള്‍...

ചിലരോട് കാണിച്ച ക്രൂരത വ്യക്തിപരമായ  കണക്കുതീര്‍ക്കലോ കൊളളയടിക്കാനായി നടത്തിയ ഒറ്റപ്പെട്ട ആക്രമണമോ ആയിരുന്നില്ല.  ഒരു കാലഘട്ടം, അതിനുളളില്‍ ജീവിച്ചിരുന്നവരുടെ മേല്‍  മുദ്ര പതിപ്പിക്കുകയായിരുന്നു.

 ആ മുദ്ര പതിപ്പിക്കലിന്മേല്‍ ചിലര്‍ ഈ ലോകത്തുനിന്നില്ലാതായി. കൂടെ നിന്നവര്‍ക്ക് കിട്ടിയത് മരണമായിരുന്നില്ല, ജീവിക്കലിന്റെ അവസാനം തന്നെയായിരുന്നു. 

അരുന്ധതി റോയിയുടെ കുട്ടിക്കാലമാണ് റാഹേലെങ്കില്‍ പില്ക്കാലത്തവരുടെ കാഴ്ചപ്പാടുകള്‍ രൂപപ്പെട്ടതെങ്ങനെയെന്ന് ഈ നോവല്‍ കാണിച്ചു തരുന്നുണ്ട് . ചരിത്രം ആരോടൊക്കെ നീതി കാണിക്കുന്നുവെന്ന്, ആരോടൊക്കെ നീതി നിഷേധിക്കുന്നുവെന്ന്...ഒരു കാലഘട്ടം ആര്‍ക്കുവേണ്ടിയായിരുന്നെന്ന്...ആര് ആര്‍ക്കൊക്കെവേണ്ടി സമരം ചെയ്യുന്നുവെന്ന്...ആരൊക്കെ, ഏതെല്ലാം തരത്തില്‍ സാമര്‍ത്ഥ്യം കാണിക്കുന്നുവെന്ന്..
ശീലത്തിന്റെ അടിമകളാണ് മനുഷ്യരെന്നും അതുമായി പൊരുത്തപ്പെട്ടുപോകാന്‍ ശ്രമിക്കുന്ന മനുഷ്യരും!
God of Small Things     ഇറങ്ങിയ കാലം മുതല്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധമെന്നും അശ്ലീലത്തിന്റെ പുസ്തകമെന്നും കേട്ടുകൊേണ്ടയിരുന്നു.  അങ്ങനെയൊക്കതന്നെയാണോ മലയാളവും വായിക്കപ്പെടുക എന്നറിയില്ല.  എന്റെ വായനയുടെ അരിപ്പക്ക് വലിയ വലക്കണ്ണികളാവണം.  അതുകൊണ്ടാവണം അശ്ലീലവും കമ്മ്യൂണിസ്റ്റ് വിരുദ്ധതയും വലക്കണ്ണിയില്‍ തടയാതെ പോയത്.  ഇതിന്റെയൊക്കെ അളവുകോല്‍ പിടികിട്ടാത്തവണ്ണം ബുദ്ധി വളര്‍ച്ചയെത്താത്ത വായനക്കാരിയാവും ഞാന്‍. 
സ്ത്രീക്കും കുട്ടികള്‍ക്കും അധസ്ഥിതര്‍ക്കും മേല്‍ ആണും അധികാരവും  എങ്ങനെയെല്ലാം അതിക്രമിച്ചു കയറുന്നുവെന്നും അത് അവരെ പിന്നീട് എന്തെല്ലാമാക്കി മാറ്റുന്നുവെന്നും കാണിച്ചു തരുന്നു.  അവരുടെ സ്വപ്‌നങ്ങളെയും ജീവിതത്തെയും എങ്ങനെയെല്ലാം ഇല്ലാതാക്കുന്നുവെന്ന്..
കമ്മ്യൂണിസ്റ്റ് വിമര്‍ശനം എന്നത്  വിരുദ്ധതയാണോ എന്നറിയില്ല.  ആര്‍ക്കാണോ നീതി ലഭിക്കേണ്ടത് അവര്‍ എല്ലാവരാലും പിന്തള്ളപ്പെടുകയാണ്.  എല്ലാവര്‍ക്കും ആദര്‍ശം പറഞ്ഞുനടക്കാം. പക്ഷേ , പ്രവര്‍ത്തിയില്‍ വരുത്താന്‍ ഒട്ടും മനസ്സനുവദിക്കില്ല.  ജന്മിത്വത്തിനും സവര്‍ണ്ണമനോഭാവത്തിനും ഇടയില്‍ നില്ക്കുന്നവര്‍ക്ക് ഏതു പുതുമാറ്റത്തെയും അംഗീകരിക്കാനാവില്ല.  അതിനെ എങ്ങനെയും ഉന്മൂലനം ചെയ്യും. 
അയ്മനം ഒരു കുഞ്ഞുഗ്രാമമാവാം.  അവിടുത്തെ യാഥാസ്ഥിതിക ക്രിസ്ത്യന്‍ കുടുംബത്തിലെ അഞ്ചാറ് അംഗങ്ങളുടെ കുഞ്ഞുകുഞ്ഞുകാര്യങ്ങളുടെ കഥയും നിസാരമായ സംഭവങ്ങളുമാവാം നോവലിലുള്ളത്.  വലിയൊരു ലോകത്തെക്കുറിച്ചൊന്നും പറയുന്നുണ്ടാവില്ല.  എന്നാല്‍ അവിടെ നിന്ന് അമ്മുവും വെളുത്തയും എസ്തയും റാഹേലും മറ്റുള്ളവരെ അസ്വസ്ഥരാക്കുന്ന ചില കാര്യങ്ങള്‍ പറയുന്നു.  അതാര്‍ക്കും അത്രപെട്ടെന്നൊന്നും ദഹിക്കില്ല. പക്ഷേ, അത് അവരുണ്ടാക്കിയ പുതുയ നിയമങ്ങളാവാം.


ഇരുപത്തിമൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം എസ്തയും റാഹേലും കണ്ടുമുട്ടിയപ്പോള്‍ എനിക്കവരോട് അസൂയയും കുശുമ്പും. 
കാരണം ഞങ്ങള്‍ ഇരട്ടകളായിരുന്നില്ല.  
യാദൃച്ഛികമായി കണ്ടുമുട്ടിയ അപരിചിതാരായിരുന്നു അവര്‍. ജീവിതം തുടങ്ങും മുമ്പേ അവര്‍ക്ക് പരസ്പരം അറിയാമായിരുന്നവര്‍.
'എസ്തപ്പാപ്പിച്ചാച്ചന്‍ കുട്ടപ്പന്‍ പീററര്‍ മോന്‍.' അവള്‍ വിളിച്ചു
ശാന്തതയും ശൂന്യതയുമായിരുന്നു അവര്‍. അവര്‍ക്ക്  അത്രയൊന്നും വയസ്സായിട്ടില്ല.  എന്നാലത്രയൊന്നും ചെറുപ്പവുമായിരുന്നില്ല.
പക്ഷേ, മരണം സാദ്ധ്യമായ പ്രായം. ഒരിക്കല്‍കൂടി അവര്‍ സ്‌നേഹനിയമങ്ങളെ ലംഘിച്ചുവെന്നോ? അവര്‍ പുതു നിയമങ്ങളുണ്ടാക്കി, ആരെ സ്‌നേഹിക്കാം, അത് എത്രവരെയാകാം, എങ്ങനെയെന്നോ?  പ്രണയനിയമം ലംഘിച്ചവര്‍ പുതിയ നിയമം ഉണ്ടാക്കില്ലെന്ന് ആരു കണ്ടു?
മനോഹരമായ ഭാഷയില്‍ അതിലേറെ മനോഹരമായി ഓര്‍മകളെ അടുക്കിവെച്ച 'കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാന്‍'
വായിച്ചു കഴിഞ്ഞോ ഞാന്‍?  അനിയത്തിയോട് ഇതെങ്ങെനെയാണ് ഇംഗ്ലീഷ് പുസ്തകമായതെന്ന് എനിക്കറിയാമ്മേലെന്നും പ്രിയപ്പെട്ട കഥാകാരി പ്രിയ എ എസ് എത്ര രസവായിട്ടാ വിവര്‍ത്തനം ചെയ്തിരിക്കുന്നതെന്നും വാതോരാതെ പറയുന്നത് കേട്ട് കൂട്ടുകാരി 'വായിക്കാന്‍ കൊടുക്കാമോ' എന്നു ചോദിച്ചു.  തരില്ലെന്നു പറഞ്ഞ് കുശുമ്പിയായി അപ്പോള്‍.
-വായിച്ചു കഴിഞ്ഞിട്ടൊന്നുമില്ല ഇപ്പോഴും..ഇടയക്കിടക്ക് ചില വരികളിലൂടങ്ങനെ...കുഞ്ഞുകുഞ്ഞു കാര്യങ്ങളിലൂടെ, സങ്കടങ്ങളിലൂടെ, സ്വപ്‌നങ്ങളിലൂടെ... ശ്വാസം പിടിച്ചും മുഖത്തോടമര്‍ത്തിയും താളുകളോരോന്നിലും തൊട്ടുതൊട്ടിരുന്നു.