Friday, February 28, 2014

ഈ ബസ്സ് പണ്ടത്തേക്കല്ല പോകുന്നത്...അടുത്തൊരു ദിവസം ഒറ്റയ്ക്ക് യാത്ര പോയാലോന്ന് ആലോചിക്കുവാണെന്ന് അല്‍പം മുതിര്‍ന്ന കൂട്ടുകാരിയോട് പറഞ്ഞപ്പോള്‍ 'അയ്യോ മൈനാ ഒറ്റയ്ക്ക് പോകല്ലേ, പണ്ടത്തെകാലമല്ല ഇപ്പോള്‍' എന്നാണ് അവര്‍ പ്രതികരിച്ചത്. ഇങ്ങനൊരാഗ്രഹം പ്രകടിപ്പിച്ചാല്‍ മിക്കവാറും പേരുടെ പ്രതികരണം ഇതുതന്നെയായിരിക്കുമെന്ന് എനിക്കറിയാം. എന്റെ അമ്മച്ചിയുടെ, മാമിമാരുടെ, അനിയത്തിമാരുടെ, സുഹൃത്തുക്കളുടെ ഒക്കെ അഭിപ്രായമിതാവാം. പക്ഷേ, കാര്യത്തോടടുക്കുമ്പോള്‍ അവര്‍ക്കും എവിടേക്കെങ്കിലും പോകേണ്ടി വന്നാല്‍ കൂട്ടില്ലാതിരിക്കുമ്പോള്‍ പോകേണ്ട എന്നു വെയ്ക്കില്ല, നേരെ ഇറങ്ങും...സത്രീയുടെ പൊതു ഇടത്തിലേക്കുള്ള ഈ ബസ്സ് എന്തുകൊണ്ടോ പണ്ടത്തേക്കാലത്തേക്കല്ല യാത്ര തിരിക്കുന്നത്..മുന്നോട്ടേക്കാണ്...

യാത്ര എന്ന നിലയിലല്ലെങ്കിലും ചുറ്റവട്ടത്തേക്കൊക്കെ ഇറങ്ങി നടക്കാറുണ്ട് പലപ്പോഴും. കോഴിക്കോട് നഗരത്തിലാണെങ്കില്‍ ഒരുപാട് ഇടവഴികളിലൂടെ നടന്ന് വലിയൊരു റോഡിലേക്കെത്തുകയാവും. മിഠായിതെരുവിലെ കച്ചവടമൊക്കെക്കണ്ട് നടക്കുകയാവാം. ചില വഴികളിലൂടെ നടക്കുമ്പോള്‍ ആളുകളെത്തട്ടിയിട്ട് നടക്കാന്‍ വയ്യാതാവുകയും ചിലപ്പോള്‍ ആളുകളെ കാണാനേ ഉണ്ടാവുകയുമില്ല. പണ്ടേ അല്പം സ്വപ്‌നജീവിയായ ഇവള്‍ കാഴ്ചകളും മനക്കാഴ്ചകളുമായിട്ടങ്ങനെ നടക്കും. 

മുമ്പ് അടുത്തുള്ള കാടുകളിലേക്ക് നടക്കാനിറങ്ങുന്നവളായിരുന്നു ഞാന്‍. ഓലിയില്‍ മുഖം കഴുകിവെള്ളം കുടിച്ച് ഈറ്റത്തുറുവിലെ കിളിക്കൂടും മുട്ടയും കണ്ട്, നാകമോഹനേയും ഇരട്ടത്തലച്ചിയേയും നോക്കിയിരുന്ന് നീറ്റിപ്പുല്ലില്‍ നിന്ന് മുറിവേറ്റ് അങ്ങനെ നടക്കുക..അതൊന്നും ഇന്നില്ല. അത് നാട്ടില്‍ വെച്ചാണ്. കുഞ്ഞായിരിക്കുമ്പോഴാണ്. കൗമാരത്തിലാണ്..ചുമ്മാ കാണുന്ന കുറേ സ്വപ്‌നമുണ്ടാവും കൂടെ..

ഇപ്പോള്‍ കോഴിക്കോടിരിക്കുമ്പോള്‍ വണ്ടൂരുള്ള അനിയത്തിയുടെ അടുത്തേക്ക് പോകാന്‍ രണ്ടുമണിക്കൂര്‍ ബസ്സ് യാത്ര മതി. പക്ഷേ, ചിലപ്പോള്‍ തോന്നും ട്രെയിനില് പോകണമെന്ന്. രണ്ടുമണിക്കൂര്‍ എന്നത് അഞ്ചോ ആറോ മണിക്കൂറെടുക്കും. പക്ഷേ, ഒരുപാട് കാഴ്ചകള്‍ കണ്ടങ്ങനെ പോകാം. 

വണ്ടൂരുനിന്ന് വയനാട്ടിലേക്ക് പോകണമെങ്കില്‍ ഒറ്റബസ്സുകിട്ടും. പക്ഷേ, അതിന് കാത്തുനില്ക്കാറില്ല. കിട്ടുന്ന ബസ്സിനു കയറുകയും നിലമ്പൂരും വഴിക്കടവിലും നാടുകാണിയിലും ഗൂഡല്ലൂരുമൊക്കെ ഇറങ്ങി പാട്ടവയല്‍ നൂല്‍പ്പുഴ വഴിയൊക്കെ പോയിട്ടുണ്ട്. അപ്പോഴൊക്കെ ഞാനോര്‍ക്കും ഇങ്ങനെയൊക്കെയേ എന്റെ യാത്രാമോഹങ്ങളെ കുറച്ചെങ്കിലും തൃപ്തിപ്പെടുത്താനാവൂ എന്ന്. 

പറഞ്ഞുവന്നത് യാത്രാമോഹത്തെപ്പറ്റിയല്ല. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള 'പണ്ടത്തെപ്പോലെയല്ല ഇപ്പേങറ്റ' എന്ന ആശങ്കയെപ്പറ്റിയാണ്. അത്രയേറെ മോശമാണോ നമ്മുടെ സമൂഹം? അത്രയേറെ ആശങ്കപ്പെടാനുണ്ടോ? പണ്ടത്തെപ്പോലെയല്ല ഇപ്പോള്‍ എന്നു കേള്‍ക്കുമ്പോഴൊക്കെ ആലോചിച്ചു നോക്കാറുണ്ട്. അപ്പോഴാണ് എന്റെ പരിമിതദൂരത്തേക്കുള്ള യാത്രകളെക്കുറിച്ച് ഓര്‍ത്തു പോകുന്നത്. നാട്ടിലും നഗരത്തിലും കാട്ടിലുമൊക്കെയായി ഒരുപാട് നടന്നിട്ടും മോശമായ അനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. ആരെങ്കിലും ആക്രമിക്കാന്‍ വരുന്നുവെന്ന തോന്നലോ ചിന്തയോ ഇന്നേവരെ തൊട്ടുതീണ്ടിയിട്ടില്ല എന്നു പറയാം. 

നിനക്ക് ദുരനുഭവങ്ങളൊന്നുമില്ല എന്നാണെങ്കില്‍ അതു നിന്റെ ഭാഗ്യം കൊണ്ടാണെന്ന് ചിലരെങ്കിലും പ്രതികരിക്കാറുണ്ട്. ചിലപ്പോള്‍ ശരിയായിരിക്കാം. എന്നാലും സിംഹക്കൂട്ടില്‍ ചെന്നുപെട്ട മുയലിന്റെ ഭാവം എനിക്കൊരിക്കലും ഉണ്ടാവാറില്ല. എല്ലാ പുരുഷന്മാരും ആക്രമണകാരികളാണ് എന്ന് വിശ്വസിക്കുന്നില്ല. കുറച്ചുപേരുണ്ട് അവരുടെ മുന്നില്‍ എത്തപ്പെടുന്നില്ല എന്നതും ശരിയാവാം. ഒരുപക്ഷേ, എന്റെ വിശ്വാസം എന്നെ രക്ഷിക്കുകയാവാം. എന്തായാലും എനിക്കുകൂടി അവകാശപ്പെട്ട ഭൂമിയിലൂടെ, വഴികളിലൂടെ ഞാന്‍ നടക്കുന്നു..അത് ഏതെങ്കിലും പുരുഷന്റെ കുത്തകയാണ് എന്ന് കരുതുന്നില്ല. 

വളരെ അപൂര്‍വ്വമായി ബസ്സുയാത്രയിലോ മറ്റോ ചില ഞരമ്പുരോഗികളുടെ ഞോണ്ടലൊക്കെ കിട്ടിയിട്ടുണ്ട്. അവര്‍ക്കപ്പോള്‍ തന്നെ ഇവളുടെ കൈയ്യുടെ ചൂട് എന്താണെന്ന് അറിയിച്ചു കൊടുത്തിട്ടുമുണ്ട്. 

അത്യാവശ്യങ്ങള്‍ക്കായി ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന ഒരു കൂട്ടുകാരി എന്നോടൊരിക്കല്‍ ചോദിച്ചു 'ഒരു സ്ത്രീയുടെ ഏറ്റവും വലിയ ആയുധം ഏതാണെന്നറിയുമോ' എന്ന്. 

'22 ഫീമെയില്‍ കോട്ടയം എന്ന സിനിമയില്‍ പറയുന്ന ആയുധമല്ല, അവളവളുടെ കണ്ണാണ് ഏറ്റവും വലിയ ആയുധം' എന്ന് അവള്‍ ഉത്തരവും പറഞ്ഞു. നമ്മുടെ കണ്ണില്‍ മനസ്സ് പ്രതിഫലിക്കും. ഭയമാണെങ്കില്‍ അങ്ങനെ. ധൈര്യമാണെങ്കില്‍ അങ്ങനെ. ആ പ്രതിഫലനത്തിന്റെ വ്യാപ്തിപോലിരിക്കും നമ്മുടെ രക്ഷയും ശിക്ഷയും എന്ന് അവള്‍. 

നമ്മള്‍ വാര്‍ത്തകളില്‍ പെട്ടുപോവുകയാണ്. അച്ഛനെ വിശ്വസിക്കാനാവാത്ത കാലം, ആങ്ങളെയെ വിശ്വസിക്കാനാവാത്ത, അമ്മാവനെ വിശ്വസിക്കാനാവാത്ത കാലം..പിന്നെങ്ങനെ പുറത്തുളളവരെ? 

എല്ലാ അച്ഛനും എല്ലാ ആങ്ങളയും എല്ലാ അമ്മാവനും എല്ലാ പുറത്തുള്ളവരും ഇങ്ങനെയാണെന്നാണോ? 
എക്കാലത്തുമുണ്ട് ഒരു വിഭാഗം ക്രിമിനലുകള്‍.. ഒരു വിഭാഗം ഞരമ്പുരോഗികള്‍.. മാനസികരോഗികള്‍..

ആ ചെറുവിഭാഗത്തെപ്പേടിച്ച് പുറത്തിറങ്ങാതിരിക്കണമെന്നാണോ? 
പണ്ട് സ്ത്രീയുടെ ലോകം അടുക്കളയില്‍ നിന്ന് ഇരുട്ടുമുറിയിലേക്കായിരുന്നു. പൂമുഖം പോലും നിഷിദ്ധമായിരുന്നു. പൂമുഖപ്പടിയിലെ പൂന്തിങ്കളൊക്കെ പിന്നെ വന്നതാണ്. പുറത്തേക്കിറങ്ങേണ്ടി വന്നാല്‍ അത് അച്ഛനോ ഭര്‍ത്താവിനോ ഒക്കെ ഒപ്പമായിരുന്നു. പിന്നാമ്പുറത്തെ കാന്താരിച്ചെടിയുടെ അപ്പുറം അവള്‍ക്ക് ലോകമില്ലായിരുന്നു. 

ഈലോകത്തിനപ്പുറത്തുള്ളതൊക്കെ അവന്റെ യാത്രകള്‍, അവന്റെ വഴികള്‍, കാഴ്ചകള്‍..സമൂഹം അതിനെമാത്രം ശരിവെച്ചു.

പക്ഷേ, പിന്നീട് സമൂഹത്തിന്റെ ആ ധാരണകളെ തിരുത്തിക്കൊണ്ട് ചില പെണ്ണുങ്ങള്‍ പുറത്തേക്കിറങ്ങാന്‍ തുടങ്ങി. പഠിക്കാന്‍ തുടങ്ങി. പുറത്ത് ജോലിയെടുക്കാമെന്നായി. വാഹനത്തില്‍ കയറാമെന്നായി. ചെറിയദൂരങ്ങള്‍ക്കും പതിവു ദൂരങ്ങള്‍ക്കും ആദ്യം കൂട്ടുവേണ്ടിടത്ത് വേണ്ടെന്നായി. 

ഒറ്റയ്ക്കും കൂട്ടായുമുള്ള സ്ത്രീയുടെ പോരാട്ടങ്ങളില്‍ നിന്നാണ് സ്ത്രീഇന്നനുഭവിക്കുന്ന സ്വാതന്ത്ര്യത്തിലേക്കെങ്കിലും എത്തിച്ചത്. വിലയ സ്വാതന്ത്ര്യത്തിലൊന്നും അവളെത്തിയിട്ടില്ല. സ്ത്രീയുടെ മാത്രം പോരാട്ടമല്ല അവളോടൊപ്പം പുരുഷനും ഒപ്പം നിന്നിട്ടുണ്ട്. വിവേകമുള്ളവര്‍, അവളെ ആദരിക്കുന്നവര്‍, സമഭാവനയോടെ കാണുന്നവര്‍.. 

കുറച്ചുപേര്‍ ധൈര്യത്തോടെ പുറത്തിറങ്ങിയതുകൊണ്ടാണ് ഒരുപാട് പേര്‍ക്കിറങ്ങാനായത്. ഇത് ഒരു ദിവസംകൊണ്ടുണ്ടായ മാറ്റമല്ല. പതുക്കെ പതുക്കെ ആര്‍ജ്ജിച്ചെടുത്തതാണ്. 

തീര്‍ച്ചയായും ഇന്നലെ വരെ കാണാത്തവളെ കാണുമ്പോള്‍ ചിലര്‍ കൗതുകത്തില്‍ മിഴിച്ചു നോക്കിയെന്നുവരും. ചിലര്‍ അസുഹിഷ്ണുക്കളാകും. വേറൊരുത്തര്‍ അവളുടെ അഴകളവുകളുടെ കണക്കെടുത്തുന്നും വരും. 

അപൂര്‍വ്വമായി ആ ഇറങ്ങല്‍ കൊണ്ട് ചിലര്‍ക്ക് ജീവന്‍ തന്നെ നഷ്ടപ്പെടുന്നു. രക്തസാക്ഷികളാകേണ്ടി വരുന്നു. അതിനര്‍ത്ഥം പുറത്തിറങ്ങുന്നവളുടെ ഗതി ഇതാണെന്നല്ല. ദൗര്‍ഭാഗ്യവശാല്‍ പ്രചരിപ്പിക്കുന്നത് അങ്ങനെയായിപ്പോകുന്നുവെന്നു മാത്രം. 

വാര്‍ത്താമാധ്യമങ്ങളില്‍ ഇത്തരം വാര്‍ത്തകള്‍ മുമ്പത്തേക്കാളേറെ വരുന്നു ഇപ്പോള്‍. മുമ്പത്തേക്കാളേറെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും ഇപ്പോഴാണ്. എന്തുകൊണ്ട് പീഡനത്തിനിരയാവുന്നവര്‍ അക്കാര്യം പുറത്തു പറയാന്‍ തയ്യാറാകുന്നതും നീതി ലഭിക്കും എന്ന പ്രതീക്ഷയിലാണ്. അതും ബോധതലത്തിലുണ്ടായ മാററമാണ്. മുമ്പ് ഇരുചെവിയറിയാതെ മറച്ചുവെയ്ക്കപ്പെടുമ്പോള്‍ ഇപ്പോള്‍ വെളിപ്പെടുത്താന്‍ തയ്യാറാവുന്നു. സമൂഹം ഒറ്റപ്പെടുത്തുകയല്ല കൂടെയുണ്ടാവും എന്ന തോന്നലില്‍ നിന്നാണ് ഈ വെളിപ്പെടുത്തല്‍. 

വാര്‍ത്താമാധ്യമങ്ങള്‍ പീഡനവാര്‍ത്തകളെയും മറ്റും പൊടിപ്പും തൊങ്ങലും വെച്ച്, അനാവശ്യമായ വിശദീകരണങ്ങളോടെ അവതരിപ്പിക്കുന്നു. ഒരു പോണ്‍ഫിലിം കാണുന്നതുപോലെ ഈ വിശദീകരണങ്ങള്‍ ഫാന്റസിയുടെ ലോകത്തുകൂടിയാണ് മിക്ക പുരുഷനും കാണുന്നത് എന്ന് ജീവന്‍ ജോബ് തോമസ് അഭിപ്രായപ്പെടുന്നു. ഒരു തരം ആസ്വാദനമാണ് അവിടെ നടക്കുന്നത്. 

'എന്നാല്‍ പണ്ടത്തെപ്പോലെയല്ല ഇപ്പോള്‍' എന്നു പറയുന്നവരോട് 'ദ ബെറ്റര്‍ ഏഞ്ചല്‍സ് ഓഫ് അവര്‍ നേച്ചര്‍ വൈ വയലന്‍സ് ഹാസ് ഡിക്ലൈന്‍ഡ് ' (The Better Angels of Our nature why violence has declined-Steven Pinker) എന്ന സ്റ്റീവന്‍ പിങ്കറുടെ പുസ്തകത്തെപ്പറ്റിയാണ് ജീവന് പറയാനുളളത്. മുന്‍കാലങ്ങളെ അപേക്ഷിച്ച് മനുഷ്യനില്‍ ആക്രമണ വാസന കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ഹിംസയില്‍ നിന്ന് മനുഷ്യന്‍ മനുഷ്യസ്‌നേഹത്തിലേക്കും സഹകരണത്തിലേക്കും പടിപടിയായി മാറിക്കൊണ്ടിരിക്കുകയാണ്. തന്മയീഭാവം, ആത്മസംയമനം, ധാര്‍മ്മികത, വിവേകം എന്നിവയിലൂടെയാണ് ഇത് സാധ്യമാകുന്നത്. ആധുനിക കാലത്ത് ഹിംസ എങ്ങനെ കുറയുന്നു എന്നതിനെ കാര്യകാരണസഹിതം വിശദീകരിക്കുന്നുണ്ട് പിങ്കര്‍. സ്ത്രീകളോടുള്ള കാഴ്ചപ്പാടില്‍ ശുഭോദര്‍ക്കമായ മാറ്റം സമൂഹത്തില്‍ വന്നിട്ടുണ്ട് എന്ന് അദ്ദേഹം വിശദീകരിക്കുന്നുണ്ട്. അവരെ അനുഭാവപൂര്‍വ്വം പരിഗണിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുണ്ട്. 

അതൊരു മാറ്റമാണ്. തിരിച്ചറിയേണ്ട മാറ്റമാണ്. റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പീഡനങ്ങളുടെ എണ്ണം കൂടുന്നു എന്നതിലല്ല മൊത്തത്തില്‍ സമൂഹം സ്ത്രീകളെ എങ്ങനെ കാണുന്നു എന്നതിലാണ് കാര്യം. തൊട്ടുമുമ്പത്തെ വര്‍ഷത്തെ സ്ഥിതിവിവരണക്കണക്കുകളുമായിട്ടല്ല അതിനെ തട്ടിച്ചു നോക്കേണ്ടത്. അമ്പതോ നൂറോ വര്‍ഷം മുമ്പത്തെ സ്ത്രീയുടെ സാമൂഹിക അടയാളപ്പെടുത്തല്‍ എന്തായിരുന്നു എന്ന് അന്വേഷിക്കുകയാണ് വേണ്ടത്. വര്‍ഷം പുറകോട്ട് പോകുന്തോറും അവളെ മനുഷ്യവര്‍ഗ്ഗത്തില്‍പെടുത്തിയിരുന്നോ എന്നു പോലും സംശയം തോന്നും. അവളുടെ സ്വാതന്ത്ര്യം എന്തായിരുന്നു എന്നതിലേക്കെത്തും കാര്യങ്ങള്‍. 

വെറും പേറ്റുയന്ത്രവും അടിമയും മാത്രമായിരുന്നു അവള്‍. ഇരുണ്ടിടത്തു നിന്ന് ഇരുണ്ടിടത്തേക്കുമാത്രം പൂച്ചയുടെ കാല്‍വെപ്പുകളോടെ നടന്നിരുവള്‍. 

എന്നാല്‍, നവോത്ഥാനപ്രസ്ഥാനങ്ങളിലൂടെ, സ്വാതന്ത്ര്യസമരത്തിലൂടെ, സ്ത്രീവേദികളിലൂടെ, വനിതാപ്രസ്ഥാനങ്ങളിലൂടെ അവള്‍ പതുക്കെ പതുക്കെ അവളുടെ സത്വം തിരിച്ചറിയാന്‍ തുടങ്ങിയരിക്കുന്നു. ചിലപ്പോള്‍ ഒറ്റയ്ക്കുള്ള സമരങ്ങളിലൂടെയും തിരിച്ചറിവുകളിലൂടെയും…ഇപ്പോള്‍ എല്ലാം കണ്ടും കേട്ടും നില്ക്കുന്ന അത്ര സഹനദേവതയൊന്നുമല്ല അവള്‍. പ്രതികരിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഒരു വശത്ത് അതിന്റെ ഗുണങ്ങള്‍ പ്രകടമായി തുടങ്ങിയിരിക്കുന്നു. അതുപക്ഷേ, പൊതുസമൂഹം അംഗീകരിക്കാന്‍ മടിക്കുന്നു. അവളെ പഴി പറയുന്നു. 

ഇന്നലെവരെ പുരുഷന്‍ നിയന്ത്രിച്ചിരുന്ന വാക്കുകള്‍ തന്നെ കടമെടുത്ത് ഉന്നതതലങ്ങളിലിരിക്കുന്ന സത്രീ തന്നെ ചോദിക്കുന്നു 'രാത്രിയില്‍ റോഡില്‍ അവള്‍ക്കെന്തുകാര്യം ? '

രാത്രി അവന്റേതുമാത്രമാണ് എന്ന്് വീണ്ടും വീണ്ടും ഉറപ്പിക്കാന്‍ ശ്രമിക്കുകയാണ്. 
പകലും ആ വഴിയില്‍ അവള്‍ക്കെന്തുകാര്യം എന്നു ചോദിക്കും ചിലര്‍.

ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം പറയലല്ല അവളുടെ കര്‍ത്തവ്യം. അവള്‍ മുമ്പേ നടക്കുന്നു. പിന്നില്‍ സത്വത്തെ തിരിച്ചറിഞ്ഞ കുറച്ചുപേരെങ്കിലും നടക്കാനുണ്ടാകും. 

അതുകൊണ്ട് തീര്‍ച്ചയായും ഇവള്‍ കരുതുന്നു, മുന്നേ പോയവരുടെ വഴി പിന്തുടരുകയാണെന്ന്. അവിടെ ഭയം തരിമ്പുമില്ല. ഒരുപക്ഷേ, ഏതുവഴിയിലാണ് അപകടം, ഹിംസ പതിയിരിക്കുന്നത് എന്നറിയില്ല. ആകാശവും ഭൂമിയും വെള്ളവും വഴിയും കാണാതെ അടച്ചിട്ട മുറിയില്‍ ജീവിച്ച് തൊണ്ണൂറ് വയസ്സില്‍ അങ്ങുപോകണമെന്ന് ഒരാഗ്രഹവുമില്ല. കുഞ്ഞുകുഞ്ഞു യാത്രകളിലൂടെ കുഞ്ഞുകുഞ്ഞു വഴികളിലൂടെയെങ്കിലും നടന്ന് ആ കാഴ്ചകളെയെങ്കിലും മനസ്സില്‍ നിറച്ച് ഒരുദിവസമേ ജീവിതമുളളൂ എങ്കില്‍ അതുമതി.

കുറേ കടലാസുകളില്‍ ഭൂമിയുടെ അവകാശികളായതുകൊണ്ടുമാത്രം സ്വകാര്യസ്വത്താവുന്നില്ല ഒന്നും. അത് മറ്റാരുടെയൊക്കെയോ കാഴ്ചകളുടെ സ്വകാര്യമാകുന്നു. ഓര്‍മകളുടെ സ്വകാര്യമാകുന്നു. അന്നേരം ഞങ്ങള്‍ എന്റെ പുഴ എന്നും എന്റെ കാട് എന്നും എന്റെ മണ്ണെന്നും ആകാശമെന്നും പറയുന്നു. പഞ്ചേന്ദ്രിയങ്ങളും തുറന്നുവെച്ചുകൊണ്ട് പഞ്ചഭൂതമയമായ ലോകത്തിലൂടെ നടക്കുന്നു. 
അന്നേരത്താണ് ഞങ്ങള്‍ക്ക് സ്ത്രീ നടക്കുന്നത് അടുക്കളയില്‍ നിന്നും ഇരുട്ടുമുറിയിലേക്കല്ല എന്ന ബോധ്യം വരുന്നത്. അതുമാത്രമാണ് ഞങ്ങളുടെ ശക്തിയും ധൈര്യവും. 

*                  *                        *

കടപ്പാട് മാതൃഭൂമി ഓണ്‍ലൈന്‍