Saturday, March 17, 2012

നിന്റെ പഴയ വാടകവീടുകളോ ഈ വീടോ കൂടുതല്‍ .....?


കുട്ടിക്കാലത്ത് എല്ലാ അവധിക്കാലത്തും എത്തുന്ന ഒരു കൂട്ടുകാരിയുണ്ടായിരുന്നു.  മധ്യവേനലവധിക്കാലം ഒരു വര്‍ഷത്തെ അവളുടെ കഥകളാവും പറഞ്ഞുകൊണ്ടിരിക്കുക.  വര്‍ഷത്തില്‍ തന്നെ പലവട്ടം വാടകവീടുകള്‍ മാറിമാറി താമസിക്കേണ്ടി വന്നവള്‍. കുറ്റിയാടി എന്നും തളിപ്പറമ്പ് എന്നും മഞ്ചേരിയെന്നുമൊക്കെ അവള്‍ പറഞ്ഞാണ് കേള്‍ക്കുന്നത്.  ഒരു തെരുവു കച്ചവടക്കാരനായിരുന്നു അവളുടെ അച്ഛന്‍..പോകുന്ന വഴിയെ കുടുംബത്തേയും കൊണ്ടുപോകും. കുറ്റിയാടിയെന്നൊക്കെ കേള്‍ക്കുമ്പോള്‍ നേര്യമംഗലം കാടിനപ്പുറത്ത് ഏതോ സ്ഥലമെന്നായിരുന്നു വിചാരം.   എവിടെയായിരുന്നാലും മധ്യവേനലവധിക്കാലത്ത് തറവാട്ടിലേക്കു വരും.  അപ്പോള്‍ ഞങ്ങളോട് കൂട്ടുകൂടും.  കഥകള്‍ പറയും.  ഒന്നാംക്ലാസ്സില്‍ ഞങ്ങള്‍ ഒരുമിച്ചായിരുന്നു.  ഞാന്‍ പ്രീഡിഗ്രി എത്തിയപ്പോള്‍ അവള്‍ ഏഴാംക്ലാസ്സിലെത്തിയിട്ടേ ഉണ്ടായിരുന്നുള്ളു. പഠിക്കാന്‍ മോശമായിട്ടല്ല. തോറ്റു പോയതുപോലുമല്ല.  നാടോടി ജീവിതത്തിനിടയില്‍ ടി സി വാങ്ങിയില്ല.  നാലുവര്‍ഷം തുടര്‍ച്ചയായി ഒന്നാംക്ലാസ്സില്‍ ചേര്‍ത്തു.  ഒന്നാം ക്ലാസ്സിലെ ഏറ്റവും വലിയകുട്ടി. ഏഴാം ക്ലാസ്സിലെയും....

അത്ര പഴകിയ ഉടുപ്പകളൊന്നും അവള്‍ക്കില്ലായിരുന്നു.  പഴയവയൊക്കെ ഏതോ വാടകവീട്ടില്‍ ഉപേക്ഷിച്ചു പോന്നു.  അവളുടെ പഠിക്കാനുള്ള ബുക്കും പുസ്തകങ്ങളും വരെ. ഏഴാംക്ലാസ്സില്‍ പഠനം നിര്‍ത്തി ഒരു തയ്യല്‍ കടയില്‍ ബട്ടന്‍ തുന്നാന്‍ പൊയ്‌ക്കൊണ്ടിരുന്നപ്പോള്‍ ഞാനവളെ കാണാന്‍ പോയി. മൂവാറ്റുപുഴയ്ക്കടുത്ത് ഒരു ഇടുങ്ങിയ വാടകമുറിയില്‍.  രാവിലെ കുളിക്കാന്‍ അടുത്തുള്ളൊരു കുളത്തിലേക്കവള്‍ കൊണ്ടുപോയി. അവിടെ ആണും പെണ്ണും ഒരുമിച്ചു നീന്തുന്നതു കണ്ട് അന്തിച്ചു നിന്നു.

അവള്‍ കവിത എഴുതിയിരുന്നു.  അന്ന് കവിതയെഴുത്തെന്തെന്ന് എനിക്കത്ര പിടിയില്ലായിരുന്നു.  പ്രീഡിഗ്രിക്കാരിയായിരുന്നിട്ടും വൃത്തത്തിനൊപ്പിച്ച് ചില ചിട്ടവട്ടങ്ങളില്‍ മാത്രമേ കവിതയെഴുതാവൂ എന്നും അതൊന്നും നമുക്കു സങ്കല്പിക്കാനാവുന്ന കാര്യമല്ല എ്‌ന്നൊക്കെയാണ് കരുതി വെച്ചിരുന്നത്.  ഏതാണ്ടൊക്കെ കുത്തിക്കുറിക്കുമായിരുന്നു.  അതു പലതും കവിതയില്ലാത്ത കവിതകളായിരുന്നുവെന്ന് അവളുടെ കവിത കണ്ടപ്പോഴാണ് മനസ്സിലായത്.

ജീവതം കുത്തഴിഞ്ഞുപോയ നോട്ടു പുസ്തകമാണെന്നും
കൂട്ടിതുന്നാന്‍ സൂചിയില്ലെന്നും
തുന്നിയാല്‍ തന്നെ പഴയപടിയാവില്ലെന്നുമായിരുന്നു ആദ്യവരികളുടെ സാരം.
 ഏഴാംക്ലാസുകാരിയുടെ കുത്തഴിഞ്ഞുപോയ നോട്ടുബുക്കിന്റെ താളിലായിരുന്നു അതു കുറിച്ചുവെച്ചിരുന്നത്.

സത്യത്തില്‍ ആ കവിതയെന്നില്‍ വലിയ സ്വാധീനം ചെലുത്തി.  അതുപോലൊരു കവിതയെഴുതാന്‍ കിണഞ്ഞു പരിശ്രമിച്ചു.  അങ്ങനത്തെ ജീവിതാനുഭവമില്ലാത്തകൊണ്ട് പരാജയപ്പെട്ടു.  കവിതയെഴുത്ത് തുടക്കത്തിലേ ഉപേക്ഷിച്ചു.

പഠിക്കാനുള്ള  ആഗ്രഹംകൊണ്ട് പിറ്റേക്കൊല്ലം അവള്‍ എട്ടില്‍ ചേര്‍ന്നു.  പക്ഷേ, അതു മുഴുവാനാക്കാനാകും മുമ്പ് അടുത്തൊരു യാത്ര.  ഇത്തവണ കോട്ടയത്തിനടുത്ത് ഒരു കണ്ടത്തില്‍ സ്വന്തമായി വാങ്ങിയ സ്ഥലത്തേക്കായിരുന്നു.  പലകയടിച്ച് വെള്ളപൂശിയ ആ വീടിനെപ്പറ്റിയും അവള്‍ പറഞ്ഞു.  അതിനോട് ചേര്‍ന്ന അയല്‍ക്കാരെപ്പറ്റിയും പറഞ്ഞുരുന്നു.  അയല്‍ക്കാരിലൊരാള്‍ക്ക് തന്നോട് പ്രണയമാണെന്നും അത് അസ്ഥിയില്‍ പിടിച്ചുപോയെന്നും അവളെന്നോടു പറഞ്ഞു.  പതിനെട്ടുവയസ്സുവരെയുള്ള ജീവിതത്തിനിടയില്‍ അവള്‍ക്കു കിട്ടിയ സ്വന്തമായ വീടായിരുന്നു അത്.

പിന്നെ, കേട്ടത് ആ പ്രണയത്തില്‍ അവള്‍ അഭയം തേടിയെന്നാണ്.  മൂന്നു കുഞ്ഞുങ്ങളുണ്ടായെന്നാണ്.  ഫോണൊക്കെ ആയതില്‍പ്പിന്നെ വല്ലപ്പോഴും വിളിക്കും.
കഴിഞ്ഞ കൊല്ലം എം ജി യൂണിവേഴ്‌സിറ്റിയില്‍ പോകേണ്ടി വന്നപ്പോള്‍ അവളെ അന്വേഷിച്ചു പോയി.  വഴി  അപരിചിതമായി തോന്നിയില്ല.  വയല്‍വെളളം കെട്ടിക്കിടന്ന കുഞ്ഞുകുഞ്ഞു വീടുകളുടെ കോളനിയായിരുന്നുവത്.  അവളുടെ കുഞ്ഞുങ്ങള്‍ മോളോടൊപ്പം കളിച്ചു. അവള്‍ പണിക്കു പോയിരിക്കുകയായിരുന്നു.   അപ്പോഴും വീടിനോട് ചേര്‍ന്നൊഴുകുന്ന കൈത്തോടു നിറഞ്ഞൊഴുകുന്നുണ്ട്.  വേനലുമല്ല മഴയുമല്ലാത്തപ്പോഴും.  വയലിനപ്പുറം കുന്നില്‍ റബ്ബര്‍തോട്ടമായിരുന്നെന്നും ആ തോട്ടം വെട്ടിയതില്‍ പിന്നെ മഴ പെയ്യുമ്പോള്‍ വലിയ പാമ്പുകള്‍ ഒഴുകിവരാറുണ്ടെന്നും അവര്‍ പറഞ്ഞു.   മഴയത്ത് വീട്ടിനുള്ളിലേക്ക് വെള്ളം കയറുമെന്നും അപ്പോഴവര്‍ കട്ടിലിനുമുകളില്‍ കയറി ഇരിക്കുമെന്നും പറഞ്ഞു.  ഇപ്പോള്‍ മഴവെള്ളത്തോടൊപ്പം അകത്തേക്ക് പലവട്ടം പാമ്പുകളും കയറി വന്നുവെന്ന് ആ കുഞ്ഞുങ്ങള്‍ പറഞ്ഞു.

നിന്റെ പഴയ വാടകവീടുകളോ ഈ വീടോ കൂടുതല്‍ .....?
ചോദ്യം എങ്ങനെ പൂരിപ്പിക്കുമെന്നറിയാതെ, വെളിച്ചം മങ്ങിത്തുടങ്ങിയ വഴിയിലൂടെ അവള്‍ വരുന്നുണ്ടോ എന്ന് നോക്കിയിരുന്നു.

*              *                   *മാതൃഭൂമി ആഴ്ചപ്പതില്‍ പ്രസിദ്ധീകരിച്ച ' വാടക വീടുകളുടെ ജാതി'യില്‍ നിന്ന്‌

Sunday, March 11, 2012

കാടിനു തീപിടിക്കമ്പോള്‍

കാടിനു തീപിടിക്കുമ്പോള്‍ അമ്മച്ചിയോട് ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ പട പടാന്ന്് പടര്‍പ്പന്‍ ശബ്ദം കേള്‍ക്കാമായിരുന്നു. ഇങ്ങനൊരു ശബ്ദമെന്താണെന്ന് ചോദിച്ചപ്പോള്‍ നീയത് കേള്‍ക്കുന്നുണ്ടോ എന്നായിരുന്നു മറു ചോദ്യം.

'നമ്മുടെ മല കത്തിക്കൊണ്ടിരിക്കുവാ..എന്നാ തീയാ'...അത്ര അമ്പരപ്പൊന്നും കൂടാതെ അമ്മച്ചിയതു പറഞ്ഞപ്പോള്‍ എനിക്കായിരുന്നു അന്ധാളിപ്പ്...

നമ്മുടെ പറമ്പിന് തൊട്ടു മുകളിലോ? ...ചെറിയൊരു കാറ്റില്‍ താഴോട്ടിറങ്ങിയാല്‍ പറമ്പു മുഴുവന്‍ കത്തും. ..പിന്നെയങ്ങോട്ട് ജനവാസ പ്രദേശമാണ്. കടുത്ത വേനലില്‍ ഏതാണ്ടെല്ലായിടവും ഉണങ്ങി വരണ്ടു കിടക്കുന്നു.
ജനം പ്രകൃതിയോട് ചെയ്യുന്നതു വെച്ചുനോക്കുമ്പോള്‍ പ്രകൃതി, എന്നിട്ടും ഒരുപാട് കനിവു കാണിക്കുന്നു. അതുകൊണ്ടാവണം വലിയൊരു കാറ്റു വീശാത്തത്. ചിലയിടങ്ങളില്‍ വന്‍പച്ചപ്പടര്‍പ്പുകള്‍കൊണ്ട് സംരക്ഷണ ഭിത്തി തീര്‍ക്കുന്നത്..ചെറിയ അരുവികള്‍ വറ്റാതെ നില്ക്കുന്നത്.

ആ ചിന്ത അബോധമായിട്ടെങ്കിലും ഉളളതുകൊണ്ടാവണം ഒരു സാധാരണ സ്ത്രീയെന്ന നിലയില്‍ അമ്മച്ചിക്ക് പരിഭ്രമമൊന്നുമില്ലാതിരുന്നത്. എന്നിട്ടും ദൂരയിരിക്കുന്ന മകളുടെ ആധിയോടെ ഇവള്‍ ചോദിച്ചു. 'താഴോട്ടിങ്ങുമോ തീ?'

ഇല്ലെന്ന് അതിരില്‍ നിന്ന് മലയുടെ പകുതിയോളം പടര്‍ന്നു കയറിയിരിക്കുന്ന ഇഞ്ചപ്പടര്‍പ്പ് കാക്കുമെന്ന് അമ്മച്ചി.

പിന്നെ, രണ്ടു മഴ പെയ്ത ശേഷമായിരുന്നു ആറ്റില്‍ ഒന്നു മുങ്ങിക്കുളിക്കണം എന്ന മോഹത്തോടെ വീട്ടിലേക്ക് പോയത്..പത്തുകൊല്ലം മുമ്പുവരെ ഫെബ്രുവരിയില്‍ ആറു വറ്റാറില്ലായിരുന്നു. വേനല്‍ മഴ പെയ്യാത്ത ചില വര്‍ഷങ്ങളില്‍ ഏപ്രില്‍ ഒടുക്കമോ മെയ് ആദ്യമോ ആയിട്ടായിരുന്നു ഒഴുക്കു കുറഞ്ഞിരുന്നത്.
ഫെബ്രുവരി പകുതിക്ക് രണ്ടു മഴ പെയതെന്ന് പറഞ്ഞിട്ട് അതിന്റെ ഒരു ലക്ഷണവുമില്ലായിരുന്നു ആറ്റില്‍ ...ഏതാണ്ട് ഒഴുക്കു നിലച്ച മട്ട്...കയങ്ങള്‍ ചെറിയ കുളങ്ങള്‍ പോലെ തോന്നിച്ചു. നേര്യമംഗലം വനാതിര്‍ത്തിയോടു ചേര്‍ന്നു കിടക്കുന്ന പ്രദേശമായതുകൊണ്ട് വര്‍ഷകാലത്ത് മിക്കവാറും മഴ തന്നെയാണ്. കോരിച്ചൊരിയുന്ന മഴ..കുറച്ചു വര്‍ഷമായി കൂടുതല്‍...എന്നിട്ടും ആ വെള്ളമത്രയും എവിടെപ്പോകുന്നു. മഴ തോരുന്നതേ പുഴ വറ്റുന്നതെന്തുകൊണ്ട്്്?

പല കിണറുകളും വറ്റിക്കഴിഞ്ഞിരിക്കുന്നു. ആറ്റിറമ്പില്‍ പലയിടത്തും ഓലികള്‍ കുത്തിയിരിക്കുന്നു. അതില്‍ നിന്നൂറുന്ന ഇത്തിരിവെള്ളം കോരിയെടുക്കാന്‍ പെണ്ണുങ്ങള്‍ പാത്രങ്ങളുമായി വരി നില്ക്കുന്നു.

രണ്ടോ മൂന്നോ വട്ടം കുന്നിന്‍ചെരിവുകളിലൂടെ ജലവിതരണ പൈപ്പുകള്‍ സ്ഥാപിച്ച് കുളം കുത്തി വെളളമെത്തിച്ചിരുന്നു. പക്ഷേ, മഴ തുടങ്ങുമ്പോള്‍ ആ പൈപ്പുവെള്ളം ആര്‍ക്കും വേണ്ടാതാവും..പലയിടത്തും പൈപ്പുകള്‍ കാണാതാവും. ടാപ്പുകള്‍ തല്ലിപ്പൊളിക്കും. അടുത്ത വേനലില്‍ വെള്ളമില്ല.

അവനവന് വേണമെന്ന് തിരിച്ചറിയാതെ ഇവയൊക്കെ ആരു സംരക്ഷിക്കുമെന്നാണ്്?

മലയുടെ തുഞ്ചത്ത് കാട്ടുമരങ്ങളല്ല വളരുന്നത്..സാമൂഹ്യവനവത്ക്കരണത്തിന്റെ ഭാഗമായി വന്ന അക്കേഷ്യയും യൂക്കാലിപ്റ്റ്‌സും ഗ്രാന്റീസും...ആറിനോട് ചേര്‍ന്നു കിടന്ന വയലുകളില്‍ ഏത്തവാഴത്തോട്ടങ്ങള്‍...പിന്നെയുമുണ്ട് വെള്ളം എങ്ങോട്ടുപോകുന്നുവെന്നറിയാന്‍ ഉദാഹരണങ്ങളേറെ...

ചൂട് അല്പം കൂടുമ്പോഴേക്കും ഭൂമിയിലെ ജലാംശം നഷ്ടപ്പെടുന്നു. പുല്ലും പടര്‍പ്പുകളും കുഞ്ഞു ചെടികളും ഉണങ്ങിപ്പോകുന്നു. അവിടേക്ക് ഒരു തീപ്പൊരി വീഴുകയേ വേണ്ടു..ആളിപ്പടരാന്‍...

വേനലില്‍ കല്ലുകള്‍ തമ്മില്‍ ഉരസിയുണ്ടാവുന്ന തീയില്‍ നിന്നായിരുന്നു മുമ്പ് കാട്ടുതീ ഉണ്ടാവുന്നതെങ്കില്‍, അല്ലെങ്കില്‍ ഉണങ്ങിയ മുളങ്കമ്പുകള്‍ തമ്മിലുള്ള ഹര്‍ഷണം മൂലമാണ് ഉണ്ടാകുന്നതെങ്കില്‍, ഇപ്പോഴുണ്ടാകുന്ന കാട്ടുതീക്ക് കാരണം ആ സാധ്യതകളല്ല. അടുത്ത ദിവസങ്ങളില്‍ വയനാട്ടിലെ കാടുകളിലും നിലമ്പൂരും ഇടുക്കിയിലുമൊക്കെയുണ്ടായ കാട്ടുതീ ജനവാസ പ്രദേശങ്ങളോട് ചേര്‍ന്നുള്ള കാടുകളിലായിരുന്നു. മനുഷ്യന്റെ മനപൂര്‍വ്വമോ അല്ലാതെയോ ഉള്ള പ്രവൃത്തികള്‍. ..

വയനാട്ടിലെ കാടുകളില്‍ മുള പൂത്തിരിക്കുന്നു. പിന്നീട് മുള സ്വാഭാവികമായും ഉണങ്ങുകയാണ് ചെയ്യുന്നത്. മുളങ്കാടിനു തീ പിടിച്ചാല്‍ അണയ്ക്ക്ുക എന്നത് അസാധ്യമാണ്. മുളങ്കൂട്ടത്തിനിടയില്‍ തീയുടെ പൊരി എവിടെയെങ്കിലും പുകഞ്ഞുകൊണ്ടിരിക്കും. കാടിനെ ഇല്ലാതാക്കുക മാത്രമല്ല അവിടുത്ത സസ്യങ്ങളും ജന്തുക്കളും ദഹിച്ചു തീരും. രക്ഷപെടുന്നവ തന്നെ അടുത്ത കാട്ടിലേക്ക് പലായനം ചെയ്യും. ഇക്കാര്യങ്ങളൊന്നും കൂടാതെ കാടിനോട് ചേര്‍ന്നു കിടക്കുന്ന കൃഷിസ്ഥലത്തേയും ജനവാസ പ്രദേശങ്ങളേയും ഇതു ബാധിക്കും.

കഴിഞ്ഞ ദിവസം വയനാട്ടിലെ കാട്ടുതീയെക്കുറിച്ച് വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുമ്പോഴാണ് വിജിലന്‍സ്ില്‍ ജോലിചെയ്യുന്ന സുഹൃത്ത് വിജയകുമാര്‍ നമുക്കെന്തു ചെയ്യാനാവും എന്നു ചോദിക്കുന്നത്. വിജയകുമാറിന്റെ ശബ്ദത്തില്‍ വല്ലാത്ത ആശങ്കയുണ്ടായിരുന്നു. എത്രയും പെട്ടെന്ന് ആരെക്കൊണ്ടെങ്കിലും ഇടപെടീച്ചില്ലെങ്കില്‍ നമ്മുടെ കാടുകളത്രയും വെന്തുപോകുമെന്ന വേവലാതി....ആവശ്യത്തിന് വാച്ചര്‍മാരില്ല. വനം വകുപ്പിന് സാമ്പത്തികമില്ല. അങ്ങനെ ഒരുപാടു കാര്യങ്ങള്‍ ആ ജാഗ്രതക്കാരന്‍ പറഞ്ഞു.

പലപ്പോഴും വനം വകുപ്പും ജനങ്ങളും തമ്മിലുള്ള സ്വരച്ചേര്‍ച്ചയില്ലായ്മയാണ് മനപൂര്‍വ്വമായ തീയിടലിലേക്കെത്തിക്കുന്നത്.
സര്‍ക്കാര്‍ സംവിധാനങ്ങളിലുള്ള എന്തും ജനങ്ങളുടേതാണെന്ന തോന്നല്‍ കുറച്ചുകാലം മുമ്പുവരെ ഉണ്ടായിരുന്നു. സ്്കൂള്‍ മൈതാനങ്ങളിലും കാടുകളിലും കയറാന്‍ ജനത്തിന് അനുവാദമാവശ്യമില്ലായിരുന്നു. ഇപ്പോള്‍ സ്‌കൂളിന് മതിലും അതിനൊരു പൂട്ടുവെച്ച ഗേററുവന്നതുപോലെ (സ്‌കൂളുവിട്ടാല്‍ പിന്നെ അങ്ങോട്ടാര്‍ക്കും പ്രവേശനമില്ല) ഇപ്പോള്‍ കാട്ടില്‍ പോകേണ്ടവര്‍ക്ക് വനംവകുപ്പില്‍ നിന്ന് അനുമതി ലഭിക്കണം. കാരണമെന്തെന്ന് ബോധിപ്പിക്കണം.

കുട്ടിക്കാലത്ത് ഞങ്ങളുടെ അടുത്ത കാട്ടിലേക്ക് പോകാന്‍ ആരുടേയും അനുമതി വേണ്ടായിരുന്നു. ഇനി കാട്ടില്‍ വെച്ചെങ്ങാന്‍ വനപാലകര്‍ കണ്ടുപോയാലും അവരൊന്നും ചോദിക്കാറുമില്ലായിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം കാട്ടിനുള്ളിലെ കൊമ്മഞ്ചേരി കോളനിയില്‍ പോകേണ്ടി വന്നപ്പോള്‍ റേഞ്ചോഫീസില്‍ നിന്ന് അനുമതി വാങ്ങേണ്ടി വരിക മാത്രമല്ല രണ്ടു ഗാര്‍ഡുകള്‍ കൂട്ടുവരികയും ചെയ്തു.

ഏതെങ്കിലുമൊരാവശ്യത്തിന് അനുവാദമില്ലാതെ കാട്ടില്‍ കയറുന്നവരെ താക്കീതു ചെയ്യുകയോ ഏതെങ്കിലും തരത്തിലുള്ള കേസുണ്ടാവുകയോ ചെയ്താല്‍ അയാള്‍ പിന്നീട് വനം വകുപ്പിനെതിരെ തിരിയുകയും പ്രതികാരം എന്ന നി്‌ലയ്ക്ക് വേനലില്‍ തീയിടുകയും ചെയ്യുന്നു. (കാട്ടില്‍ കയറുന്നവരെല്ലാം നിരുപദ്രവകാരികളെന്നല്ല പല കാട്ടുകള്ളന്മാരുമുണ്ടാവാം) ആരായാലും വനംവകുപ്പിനോടുളള പ്രതികാരം നമ്മുടെ ജീവന്റെ നിലനില്പിനാധാരമായ കാട്ടിലേക്കു മാറുമ്പോള്‍ നമ്മുടെ ഭാവിയെ, നമ്മുടെ അന്തരീക്ഷ വായുവിനെ, ജലത്തെ, ഔഷധങ്ങളെ എല്ലാത്തിനേയും ബാധിക്കുമെന്ന് തിരിച്ചറിയാതെ പോകുന്നു. കേവല പ്രതികാരത്തില്‍ ആനന്ദിക്കുന്നവര്‍ പ്രകൃതിയോടു ചെയ്യുന്ന ക്രൂരതയാണിതെന്ന് തിരിച്ചറിയുന്നേയില്ല.

കാടിനോട് ചേര്‍ന്ന പരിസരങ്ങളില്‍ മനപ്പൂര്‍വ്വമല്ലാതെ ചെയ്യുന്ന തീയിടല്‍ചിലപ്പോള്‍ അറിയാതെ വലിച്ചെറിയുന്ന ബീഡിക്കുറ്റി മതി തീ പടരാന്‍..ഉണക്കപ്പുല്ലിനും കരിയിലകള്‍ തീപിടിച്ചാല്‍ കാറ്റിന്റെ താളത്തിന് തീയും പടരും.

തീ പിടിക്കുന്ന കാണുമ്പോള്‍ മാത്രം ഓടിയെത്തുന്ന ഭരണാധികാരികളെയും പ്രസ്താവനകളുമാണോ വേണ്ടത്്?

ജനങ്ങളില്‍ കാടിന്റെ പ്രാധാന്യത്തെപ്പറ്റി അവബോധം സൃഷ്ടിക്കാന്‍ ജോയിന്റ് ഫോറസ്റ്റ് കമ്മറ്റികളാണാവശ്യം. സമീപപ്രദേശത്തെ ജനങ്ങളുടേയും വനം വകുപ്പുദ്യോഗസ്ഥരുടേയും കൂട്ടുത്തരവാദിത്വമാണ് ആവശ്യം.

പക്ഷേ, ജനം വേറെ, വനം വകുപ്പ് വേറെ എന്ന് ചിന്തയാണ് പലപ്പോഴും കാണാനാവുന്നത്. കൊളോണിയല്‍ അധികാരവ്യവസ്ഥ ഇന്നും നമ്മുടെ പല വകുപ്പുകളില്‍ നിന്നും പോയിട്ടില്ല.

ജനങ്ങള്‍ക്ക് വേണ്ടിയാണ് ഇങ്ങനൊരു വകുപ്പുണ്ടായതെന്ന് ഇരുകൂട്ടരും തിരിച്ചറിയുന്നില്ല.

സമഗ്രമായ ജനാധിപത്യരീതി കാടിനെ സംരക്ഷിക്കാന്‍ ആവശ്യമാണെന്ന് ഇരുകൂട്ടരും തിരിച്ചറിഞ്ഞേ മതിയാവൂ.

വരുമാനം കുറഞ്ഞ വകുപ്പായാണ് വനം വകുപ്പിനെ വിലയിരുത്തുന്നത്. പണ്ടത്തെ വനവിഭവങ്ങള്‍ ഇല്ല. തടിയില്ല. വനഭൂമിയുടെ വിസ്തൃതി തന്നെ കുറഞ്ഞു. ഓരോ വര്‍ഷവും ബജറ്റിലും വനം വകുപ്പിന് കുറഞ്ഞ തുകയേ അനുവദിക്കുന്നുള്ളു. വനം വകുപ്പിനു കീഴിലുണ്ടായിരുന്ന താതക്കാലിക വാച്ചര്‍മാരെ പലരേയും പറഞ്ഞുവിട്ടു. കാരണം അവര്‍ക്കു ശമ്പളം കൊടുക്കാനില്ലെന്നതു തന്നെ..ആദയമില്ലാത്ത വകുപ്പാവുമ്പോള്‍ ഇങ്ങനെയൊക്കെയാവും എന്നൊരു ധ്വനി സര്‍ക്കാര്‍ നമുക്കു തരുന്നുണ്ട്. പിന്നെ കാടു കത്താന്‍ തുടങ്ങുമ്പോഴായിരിക്കും ഓരോരുത്തരായി ഓടിയെത്തുന്നത്.

കാട് എന്നാല്‍ തടി എന്നാണ് പലര്‍ക്കും നിര്‍വചനം. അതാണ് ധനാഗമമാര്‍ഗ്ഗം എന്ന പഴയ ചിന്ത ഇന്നും നമുക്കിടയില്‍ നിന്നു പോയിട്ടില്ല. കാടു നല്കുന്ന വായു, ജലം, മരുന്ന് എന്നിവയ്ക്കുകൂടി തടിയുടെ മൂല്യം നിശ്ചയിക്കുന്നതു പോലെ വിലയിട്ടാല്‍ മാത്രമേ കാടിന്റെ വിലയിറിയൂ. കാടിനെ ജീവന്റെ പ്രഭവകേന്ദ്രമെന്ന നിലയിലും നമ്മുടെ നിലനില്പിനാവശ്യമായതെല്ലാം നല്കുന്നിടമായും ലോകം മുഴുവനും കാണാന്‍ തുടങ്ങിയിട്ടും നമ്മള്‍ മാറിയില്ല. ഭരണകൂടവും മാറിയില്ല. നമ്മുടെ പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കും അങ്ങനെയൊരു സന്ദേശം നല്കാന്‍ എത്രത്തോളം സാധിച്ചു എന്നു തിരിഞ്ഞു നോക്കേണ്ടതാണ്.

കാടിനോടു ചേര്‍ന്നും കാടിനുള്ളിലുമായി എഴുന്നോറോളം ആദിവാസി കോളനികളുണ്ട്. അവര്‍ കാടുമായി ബന്ധപ്പെട്ടാണ് ഉപജീവനം കഴിക്കുന്നത്. കടുത്ത വേനല്‍ വരുമ്പോള്‍, അതോടൊപ്പം തീകൂടി വരുമ്പോള്‍ സസ്യങ്ങളേയും ജന്തുക്കളേയും മനുഷ്യരേയും അവരുടെ ജീവിതക്രമങ്ങളെയും ആകെ തകിടം മറിച്ചു കളയും. മഴപെയ്യാതിരിക്കുവോളം, മുളങ്കാടുകള്‍ ഉണങ്ങിയിരുക്കുന്ന അവസ്ഥയില്‍ കാട്ടുതീയ്ക്കുള്ള സാധ്യത വളരെ കൂടുതലാണ്. വളരെ വേഗം അധികൃതര്‍ ഇടപെട്ടില്ലെങ്കില്‍ പ്രത്യാഘാതം ചിന്തകള്‍ക്കപ്പുറമായിരിക്കും.

ആവശ്യത്തിന് വാച്ചര്‍മാരെ നിയമിക്കുക, വാച്ച് ടവറുകള്‍ സ്ഥാപിക്കുക, കാട്ടിനുള്ളിലൂടെയുള്ള ട്രക്കിംഗും വിനോദയാത്രകളും നിര്‍ത്തിവയ്ക്കുക, പട്രോളിംഗ് നടത്തുക, വനസംരക്ഷണ സമിതികള്‍ രൂപീകരിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്താല്‍ ഒരു പരിധി വരെ കാട്ടുതീയെ തടയാം.

പക്ഷേ, ജനങ്ങളും ഭരണകൂടവും ഒറ്റക്കെട്ടാവണമെന്നു മാത്രം. മഴ പെയ്യുന്നതു നോക്കി പരിഹരിക്കാവുന്നതല്ല കാര്യങ്ങള്‍! 

കടപ്പാട്: ഡോ. ടി വി സജീവ്, വന ഗവേഷണ കേന്ദ്രം, പീച്ചി

Friday, March 2, 2012

കൊഴിഞ്ഞു പോകാനുളളത്‌


മകളുടെ ഇളകിനിന്നിരുന്ന പല്ലുകളിലൊരണ്ണം തൊട്ടപ്പോഴേക്കും ഇങ്ങുപോന്നു.  ആറും ഏഴും വയസ്സില്‍ പറിഞ്ഞുപോരേണ്ട പല്ലുകളാണവയെങ്കിലും കൈയ്യിലേക്കു കിട്ടിയപ്പോള്‍ കുറച്ചു നേരം നോക്കിയിരുന്നു പോയി.  വെറുതെയായിരുന്നില്ല, ചില ചിന്തകള്‍ കൂടെയുണ്ടായിരുന്നു.  പല്ലാണെങ്കിലും നഖമാണെങ്കിലും മുടിയാണെങ്കിലും പൊഴിഞ്ഞു പോകാനുളളതും, അധികം നീണ്ടാല്‍ മുറിച്ചു നീക്കാനുമുള്ളതാണ്.  അതാണ് അവയോടുളള സാധാരണ മനുഷ്യന്റെ പ്രകൃതവും.
നാളെ മകള്‍ ആരാകുമെന്നോ എന്താകുമെന്നോ അറിയില്ല.  അവളോ അവളുടെ കൂടെ നില്ക്കുന്നവരോ വീണുപോയ ആ പല്ലെവിടെ എന്നു ചോദിക്കുമോ എന്തോ?  ഒന്നും നിശ്ചയമില്ല.  (മകള്‍ ഒരുദാഹരണം മാത്രമായി പറയുന്നുവെന്നേയുള്ളു)
ആരാധന കടിച്ച ആപ്പിളിനോടോ, വീണുപോയ, പോകേണ്ടിയിരുന്ന വസ്തക്കളോടോ ആണോ വേണ്ടത്?  ശരീരവും നശ്വരമാണ്...അനശ്വരമാകേണ്ടതേതെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.  ഓരോരുത്തരും...എന്തിനെയാണ് അനശ്വരമാക്കേണ്ടതെന്നുമാത്രം.