Sunday, September 6, 2009

ഒഴുകിപ്പോയ സ്വപ്‌ന ഭൂപടങ്ങള്‍-2

1169 കര്‍ക്കിടകം 30

മുറുക്കുന്നത്തയുടെ ജീവിതത്തിലെ അവസാനത്തെ കര്‍ക്കിടകമായിരുന്നു അത്‌‌. എന്തിനും ഒരാള്‍ കൂടെവേണം. ഓര്‍മ പലപ്പോഴും മുറിഞ്ഞുപോകുന്നു. ചിലപ്പോള്‍ സംസാരിക്കുന്നതൊന്നും തിരിഞ്ഞിരുന്നില്ല. കിടപ്പിലായിരുന്നു.
ഓര്‍മവെച്ചനാള്‍ മുതല്‍ കാണുന്നതാണ്‌ ഐഷാബി അമ്മച്ചിയുടെ വലിവ്‌. ഹൈറേഞ്ചിലെ ജീവിതത്തില്‍ കൂടെപിറപ്പായത്‌. മഴ തുടങ്ങുന്നതോടെ വലിവുകൂടും. രാത്രി പലപ്പോഴും ഉറങ്ങാറില്ല. വലിച്ചു വലിച്ചു നേരംവെളുപ്പിക്കും. സ്ഥിരമായി മരുന്നു കഴിക്കുന്നുണ്ട്‌. പക്ഷേ, മഴക്കാലത്ത്‌ കൂടിയിരിക്കും. അക്കൊല്ലം പേരക്കിടാങ്ങളായ ഞാനും അനിയത്തിയും മാത്രമാണ്‌ കൂടെയുളളത്‌. അടുത്തു തന്നെ ചെച്ചായുടെ (ഇളയച്ഛന്‍) വീടുണ്ട്‌‌. പക്ഷേ, അവര്‍ സഹായത്തിനൊന്നുമില്ല. ഇടക്കൊന്ന്‌ വന്നുനോക്കിപോകും. ആ അവസ്ഥയിലും മക്കളുടെ സഹായം മുറക്കുന്നത്തയും ഐഷാബി അമ്മച്ചിയും ആവശ്യപ്പെട്ടിരുന്നില്ല. മക്കള്‍ അറിഞ്ഞു പ്രവര്‍ത്തിച്ചിട്ടുമില്ല.

അക്കരെ കോളേജിലാണ്‌ ഞാന്‍ പഠിക്കുന്നത്‌. ഉച്ചയ്‌ക്ക്‌ വീട്ടില്‍ വന്നുപോകാറാണ്‌. അന്നു പക്ഷേ, ഭയങ്കര മഴയായിരുന്നു. ഉച്ചയ്‌ക്ക്‌ പോന്നില്ല. വൈകിട്ട്‌ വീട്ടിലെത്തുമ്പോള്‍ കാണുന്നത്‌ മുറുക്കുന്നത്ത കിടക്കുന്ന കട്ടിലിന്‌ എതിരെയുള്ള കട്ടിലില്‍ ഐഷാബി അമ്മച്ചി എഴുന്നേല്‍ക്കാന്‍ മേലാതെ പനിച്ചു കിടക്കുന്നു. ഉച്ചക്കുമുമ്പ്‌ മുറ്റത്തേക്കിറങ്ങിയപ്പോള്‍ കാല്‍തെന്നി വീണതാണ്‌. കൈയ്യുംകാലുമൊക്കെ മുറിഞ്ഞ്‌ മഴയത്ത്‌ കിടന്നു. അയല്‍ക്കാരി എന്തിനോ വന്നപ്പോഴാണ്‌ മുറ്റത്തുകിടക്കുന്ന അമ്മച്ചിയെ കണ്ടത്‌. അവര്‍ അകത്തു കയറ്റി കിടത്തി. ചായവെച്ചുകൊടുത്തു.

ആശുപത്രിയില്‍ പോകുന്ന കാര്യം പറഞ്ഞപ്പോള്‍
'സാരമില്ല കുഞ്ഞേ, കൊറച്ചുകഴിയുമ്പം മാറും' എന്നു പറഞ്ഞു. രാത്രി എനിക്കു പേടിയായി. അമ്മച്ചിയുടെ വേദനകൊണ്ടുള്ള കരച്ചില്‍...അതിനേക്കാള്‍ ഒച്ചയിലുള്ള വലിവ്‌....അടുത്ത കട്ടിലില്‍ കിടന്ന മുറുക്കുന്നത്തയുടെ തൊണ്ടയില്‍ ശ്വാസം കുറുകുന്നു. അന്നായിരുന്നു ഞാനേറ്റവുമേറെ ഭയന്ന രാത്രി. കര്‍ക്കിടകമാണ്‌. മരണം എവിടെയും പതുങ്ങി നില്‍ക്കും. ചെറിയൊരു വിടവുകിട്ടിയാല്‍ അതിലൂടെ അകത്തുകയറും. കിടന്നിട്ടും ഉറക്കം വന്നില്ല. രണ്ടു ശ്വാസത്തിന്റെയും താളം ശ്രദ്ധിച്ചു കിടന്നു. നിലക്കുന്നുണ്ടോ? ആരുടെ ശ്വാസമായിരിക്കും ആദ്യം നിലക്കുക? ആരെയാണ്‌ വിളിക്കുക? ഈ ഇരുട്ടത്തും മഴയത്തും ആരോടാണു പറയുക? ആറ്റില്‍ വെള്ളം കുത്തിമറിഞ്ഞൊഴുകുന്ന ശബ്ദത്തില്‍ ഒന്നുറക്കെ കരഞ്ഞാലും ആരു കേള്‍ക്കാനാണ്‌?

അന്നു വീട്ടില്‍ കറണ്ടു കിട്ടിയിട്ടില്ല. മണ്ണെണ്ണ വിളക്കാണ്‌ ആശ്രയം. ഒരു ടോര്‍ച്ചുള്ളത്‌ ബാറ്ററി തീര്‍ന്നു കിടക്കുന്നു. വിളക്കണക്കാന്‍ തോന്നിയില്ല. ഇടയ്‌ക്കിടക്ക്‌ എഴുന്നേറ്റു പോയി നോക്കും. ശ്വാസഗതി ശ്രദ്ധിക്കും. തൊണ്ടയില്‍ കഫം കുറുകുന്നതൊന്ന്‌...നെറ്റിയില്‍ തൊട്ടു നോക്കും. നാഡി പിടിച്ചുനോക്കും. ഈ രാത്രീ ഒന്നും പറ്റരുതേ..

'നീ ഉറങ്ങിയില്ലേ കുഞ്ഞേ' ഐഷാബി അമ്മച്ചി ചോദിച്ചു.
മറുപടി പറയാന്‍ നാവുചലിക്കാത്ത പോലെ.
'എന്നാത്തിനാ കുഞ്ഞേ വെളക്കു കത്തിച്ചുവെച്ചിരിക്കുന്നേ..'.
മിണ്ടാന്‍ പറ്റുന്നില്ല. വിളക്കണച്ചാല്‍ പേടികൂടും. മുന്നില്‍ മരണദേവത നൃത്തം ചെയ്‌തു നില്‌ക്കുന്നു. കണ്ണടച്ചാല്‍ എന്റെ ശ്വാസം പോലും നിലച്ചേക്കുമെന്നു തോന്നിപ്പോകുന്നു.

എങ്ങനെയൊക്കെയോ നേരം വെളുപ്പിച്ചെടുത്തു. ഐഷാബി അമ്മച്ചിയുടെ മുറിവുകള്‍ പഴുത്തുതുടങ്ങിയിരുന്നു. എഴുന്നേല്‌ക്കാന്‍ പ്രയാസപ്പെട്ടു.
ആശുപത്രിയില്‍ പോകാമെന്നു പറഞ്ഞപ്പോള്‍ അവന്‍ വരുവോന്ന്‌ നോക്കട്ടെ എന്നു പറഞ്ഞു. ആ പറഞ്ഞത്‌ തൊട്ടടുത്ത്‌ താമസിക്കുന്ന ഇളയമകനെ പ്രതീക്ഷിച്ചാണ്‌. പക്ഷേ ഉച്ചവരെ കാത്തു. വന്നില്ല.
'ചെച്ചായെ വിളിക്കട്ടെ.'ഞാന്‍ ചോദിച്ചു.
'ആരുംവേണ്ട കുഞ്ഞേ..നമുക്കുപോകാം'.
മകന്‍ അറിയാഞ്ഞിട്ടല്ല. എന്നുമുള്ള വലിവ്‌ അല്‌പം കൂടി. അതിനെന്താണെന്ന്‌ വിചാരിച്ചുട്ടുണ്ടാവണം. അനിയത്തിയെ മുറുക്കുന്നത്തയുടെ അടുത്തു നിര്‍ത്തി ഞങ്ങള്‍ നടന്നു.

രണ്ടുകൊല്ലം മുമ്പ്‌ പാലം പണി തുടങ്ങുകയും ഒരു കാലുവാര്‍ത്തു കഴിഞ്ഞപ്പോള്‍ പണി മുടങ്ങുകയും ചെയതതാണ്‌..... അക്കരെയെത്താന്‍ ചുറ്റിവളഞ്ഞ്‌ താഴെയുള്ള പാലം കടക്കണം. പോകുന്ന വഴിയില്‍ കൈത്തോടുകള്‍ നിറഞ്ഞൊഴുകുന്നു. വെള്ളത്തില്‍ കാലുതൊടാമ്മേല അമ്മച്ചിക്ക്‌.

എക്കാലവും വലിവായിരുന്നതുകൊണ്ട്‌ മെലിഞ്ഞ്‌ ശോഷിച്ചിട്ടായിരുന്നു. 'ഈ അമ്മച്ചിക്ക്‌ പാറ്റയുടെ കനംപോലുമില്ലല്ലോ' എന്നു പറഞ്ഞ്‌ പലപ്പോഴും മുറ്റത്തുകൂടി എടുത്തുകൊണ്ടു നടക്കുമായിരുന്നു. അപ്പോഴൊക്കെ 'നെലത്തു നിര്‍ത്ത്‌ കുഞ്ഞേ' എന്നു പറഞ്ഞ്‌ വഴക്കു പറയുമായിരുന്നു.
പക്ഷേ, ഇപ്പോള്‍ വഴിപോലും കൈത്തോടായിരിക്കുന്ന അവസ്ഥയില്‍ വെള്ളത്തില്‍ ചവിട്ടാതിരിക്കണമെങ്കില്‍ എടുക്കണം. എടുത്തും കൈപിടിച്ച്‌ നടത്തിയും കവലയിലെത്തുമ്പോള്‍ അമ്മച്ചിയുടെ വലിവിന്റെ ശക്തി കണ്ടിട്ടാവണം മലഞ്ചരക്കുകടക്കാരന്‍ കസേര പുറത്തേക്കെടുത്തിട്ടു. അയാള്‍ തന്നെ ജീപ്പുവിളിച്ചു തന്നു. തൈക്കാവുംപടിയിലെ കിരണ്‍ ആശുപത്രിയില്‍ കൊണ്ടുചെന്നു.

ഒരു വാര്‍ഡും കാഡ്‌‌ബോഡുകൊണ്ടുമറച്ചു മൂന്നു മുറികളുമുള്ള ചെറിയ ആശുപത്രിയായിരുന്നു അത്‌. മുറികളൊന്നില്‍ ഐഷാബി അമ്മച്ചിയെ കിടത്തി.
ഒരു ലക്കും കിട്ടുന്നില്ല. രാത്രിയേക്കാള്‍ ഒട്ടും മോശമല്ല പകലും. അമ്മച്ചിയേയോ അത്തായേയോ വിവരമറിയിക്കാന്‍ ഫോണില്ല. നമ്പറില്ല. അമ്മച്ചി ജോലിചെയ്യുന്നത്‌ അത്ര ദൂരത്തല്ല. പക്ഷേ, പറഞ്ഞുവിടാനാരുമില്ല. വരുന്നത്‌ വരട്ടേയെന്നു വിചാരിച്ച്‌ വീട്ടിലേക്കു നടന്നു.

കഞ്ഞിവെച്ച്‌ പാത്രത്തിലാക്കി , പുതപ്പും ആവശ്യത്തിനുള്ള സാധനങ്ങളുമൊക്കെയായി അനിയത്തിയെ ആശുപത്രിയിലേക്ക്‌ വിട്ടു. വീട്ടില്‍ കഫം കുറുകി മുറുക്കുന്നത്തയും ഞാനും മാത്രം. രാത്രി ഒറ്റക്കാവുന്നതോര്‍ത്ത്‌ ചെച്ചായുടെ വീട്ടില്‍ നിന്നു പഠിക്കുന്ന അമ്മായിയുടെ മകളെ കൂട്ടിനു വിളിച്ചു. മുറുക്കുന്നത്ത എന്റെ ധൈര്യമായിരുന്നു. പക്ഷേ, ഇപ്പോളെന്നെ വല്ലാതെ പേടിപ്പെടുത്തുന്നു.

വിളിച്ചാല്‍ എഴുന്നേല്‍ക്കും. കഞ്ഞികോരിക്കൊടുത്താല്‍ കുറച്ചു കുടിക്കും. .എഴുന്നേല്‍ക്കും മുമ്പേ മൂത്രം പോകും. ഇപ്പോള്‍ ജനിച്ച കുഞ്ഞിനെപ്പോലെയായിരിക്കുന്നു.
കൂട്ടുവന്നവള്‍ പേടിത്തൊണ്ടി. അവള്‍ക്കു പ്രേതങ്ങളെയും പിശാചുക്കളെയുമാണ്‌ പേടി. എനിക്കാണെങ്കില്‍ കടന്നുവന്നേക്കാവുന്ന മരണത്തെ, കള്ളനെ...
കര്‍ക്കിടകത്തില്‍ കള്ളന്മാരിറങ്ങും. മിക്കവീട്ടിലും ഒന്നുമുണ്ടായിട്ടല്ല. കിട്ടുന്നതെടുത്തോണ്ടു പോവും. അടുത്തവീട്ടില്‍ കള്ളന്‍ കേറിയിട്ട്‌ കൊണ്ടുപോയത്‌ മൂന്നുബാറ്ററിയുടെ ടോര്‍ച്ചും റേഡിയോയുമാണ്‌‌. എന്റെ കഴുത്തില്‍ ചെറിയൊരു മാലയുണ്ട്‌. കമ്മലുണ്ട്‌‌. വാതിലൊക്കെ അടച്ചുറപ്പുള്ളതാണ്‌. എന്നാലും...
കിടക്കാന്‍ നേരം കൂട്ടുകാരി കട്ടിലില്‍ കിടക്കില്ല. കട്ടിലോടെ പ്രേതം കൊണ്ടുപോകുമെന്നവള്‍ പറഞ്ഞു. അവള്‍ക്കറിയാവുന്ന പ്രേതകഥകളൊക്കെ അവള്‍ പറഞ്ഞു കൊണ്ടിരുന്നു. കിടക്ക വലിച്ച്‌ നിലത്തിട്ടു. അതു നന്നായെന്ന്‌ തോന്നി. ജനല്‍ചില്ലു പൊട്ടിച്ച്‌ നോക്കുന്ന കള്ളന്‍ കട്ടിലിലാരെയും കാണില്ല.

പ്രേതമടുക്കാതിരിക്കാന്‍ അവള്‍ കിടക്കയുടെ നാലുവശത്തും കുരിശു വരച്ചു. കോടാലി, വാക്കത്തി തുടങ്ങിയ ആയുധങ്ങളെല്ലാം തലക്കല്‍ കൊണ്ടുവെച്ചു. തലേന്ന്‌ ഉറങ്ങാഞ്ഞതുകൊണ്ടാവണം പ്രേതകഥകള്‍ക്കിടയില്‍ ഉറങ്ങിപ്പോയി. നേരം പുലര്‍ന്ന്‌ അനിയത്തി വന്നു വിളിക്കുമ്പോഴാണ്‌ ഉണര്‍ന്നത്‌.

ഉച്ചയോടെ വെയില്‍ തെളിഞ്ഞു. ഒന്നുമറിയാതെ അമ്മച്ചിയും വന്നെത്തി. അന്ന്‌ ചിങ്ങം ഒന്നുമായിരുന്നു. മറവിയും ഓര്‍മയുമായി അടുത്ത ഇടവം വരെ മുറുക്കുന്നത്ത കിടന്നു. പക്ഷേ, അതേപോലൊരു ശ്വാസം കുറുകല്‍ പിന്നീടു കേട്ടത്‌ മരണത്തിന്റെ തലേന്നുമാത്രമായിരുന്നു.

1172 കര്‍ക്കിടകം 5

അന്ന്‌ തിങ്കളാഴ്‌ചയായിരുന്നു. ഹര്‍ത്താലും. രാവിലെ മഴ തോര്‍ന്നു നില്‌ക്കുകയാണ്‌. തോര്‍ച്ച കണ്ടതുകൊണ്ടതുകൊണ്ടും അന്ന്‌ അവധിയായതുകൊണ്ടും അമ്മച്ചി ഞങ്ങളെ പുല്ലുമുറിക്കാന്‍ പറഞ്ഞയച്ചു. പശുവിനെ മാറ്റിമാറ്റികെട്ടി പറമ്പില്‍ പെട്ടെന്നു മുറിച്ചെടുക്കാന്‍ പരുവത്തില്‍ പുല്ലില്ല. ഞാനും അനിയത്തിയും വീടിനു പുറകിലെ മലകയറി. പാറ തെന്നി കിടക്കുന്നു. വളരെ സൂക്ഷിച്ച്‌ ചൂല്‍പുല്ലുകളുടെ കടക്കല്‍ ചവിട്ടി കയറണം. പാറയില്‍ വെള്ളമൊഴുകുന്നുണ്ട്‌‌. പായലും. ചിലയിടങ്ങള്‍ വെളുത്തുകിടക്കും. അവിടെ ധൈര്യമായി ചവിട്ടാം. തെന്നില്ല. എന്നും മലകയറിയിറങ്ങുന്നവര്‍ അതിലെ മാത്രം നടന്ന്‌ പായല്‍ പിടിക്കാതിരുന്നതാണ്‌.

മലയുടെ തുഞ്ചത്തു നിന്ന്‌ കിഴക്കോട്ടല്‌പം മാറി ഞങ്ങള്‍ പുല്ലരിഞ്ഞു തുടങ്ങി. പെട്ടെന്നാണ്‌ പുകപോലെ മഞ്ഞു പരക്കാന്‍ തുടങ്ങിയത്‌. പരസ്‌പരം കാണാനാവാത്തത്ര മഞ്ഞ്‌. അടുത്തെങ്ങും ആളില്ല. വിളിച്ചാല്‍ വിളികേള്‍ക്കുന്നിടത്തെങ്ങും വീടില്ല. അന്നുവരെ ഇത്തരമൊരു മഞ്ഞില്‍ പെട്ടിട്ടില്ല. വഴിയൊന്നുമില്ലാത്തിടമായതുകൊണ്ട്‌ തെരുവപ്പുല്ലുവകഞ്ഞുമാറ്റിവേണം നടക്കാന്‍. അനിയത്തി കുറച്ചുതാഴെയാണ്‌ നില്‍ക്കുന്നത്‌. മഞ്ഞിനിടയില്‍ അവള്‍ക്കു വഴിതെറ്റുമോ? എനിക്കു പേടിയായി. താഴെ കൊക്കയാണ്‌.

വീടിനുചറ്റും വല്ലപ്പോഴും കോടമൂടുമ്പോള്‍ ആ പുകയിലൂടെ നടക്കുന്നത്‌ ഞങ്ങള്‍ക്കിഷ്ടമായിരുന്നു. പരസ്‌പരം കാണാനാവാത്ത ഈ മഞ്ഞില്‍ നില്‍ക്കുമ്പോഴും ഭയംപോലെ ഉള്ളില്‍ ആഹ്ലാദവുമുണ്ടായിരുന്നു. കൂരിരുട്ടില്‍ നടക്കുംപോലെയാണ്‌ ഈ മഞ്ഞിലുമെന്നും തോന്നി. ഞാനവളെ വിളിച്ചുകൊണ്ടിരുന്നു. ഉള്ളില്‍ തീയാളുംപോലെ...മഞ്ഞ്‌ അല്‌പം നീങ്ങിയപ്പോള്‍ അവള്‍ അരികിലേക്കു വന്നു. പുല്ലുവാരിക്കെട്ടി പുകയിലൂടെ മലയിറങ്ങി. താഴെ എത്തിയപ്പോഴേക്കും മഴ തുടങ്ങിരുന്നു. കുളിച്ച്‌ ചോറിനു മുന്നിലിരിക്കുമ്പോള്‍ വല്ലാതെ വിറച്ചിരുന്നു.

പശുവിനുള്ള പിണ്ണാക്കു തീര്‍ന്നു. വൈകിട്ട്‌ കറിവെയ്‌ക്കാനൊന്നുമില്ല. ഹര്‍ത്താലായതുകൊണ്ട്‌ കടകളൊന്നും തുറന്നിട്ടില്ല. ബന്ധുവിന്റെ കടയുണ്ട്‌. പുറകിലൂടെ പോയാല്‍ കിട്ടും. പക്ഷേ, പതിവുപോലെ ആരു പോകുമെന്ന്‌ ഞങ്ങള്‍ തര്‍ക്കമായി. കടയുടെ പുറകിലൂടെ പോകാനാണെങ്കില്‍ ഞാന്‍ തന്നെപോകില്ലെന്നായപ്പോള്‍ ഇളയ അനിയത്തിയും കൂടെവരാമെന്നായി. മഴയാണെങ്കില്‍ തിമിര്‍ത്തു പെയ്യുന്നു.

'മഴ തോരട്ടെ..'അമ്മച്ചി പറഞ്ഞു.
മഴ തോരുന്നതും കാത്തിരുന്നു. കൂടുന്നതല്ലാതെ കുറയുന്നില്ല. ആററില്‍ വെള്ളം പൊങ്ങിത്തുടങ്ങി. കരയോടുചേര്‍ന്ന്‌ കൂര്‍ത്തുനിന്ന പാറയ്‌ക്കും മുകളിലായി. സന്ധ്യയോടെ അക്കരെ പറമ്പിലേക്ക്‌ വെള്ളം കയറി. കറണ്ടുപോയി.
ഉച്ചക്കുമുമ്പേ തുടങ്ങിയ മഴ ഇങ്ങനെ തോരാതെ പെയ്യുന്നത്‌ അപൂര്‍വ്വമാണ്‌. വെള്ളം ശക്തിയായി ഒഴുകുന്ന ശബ്ദം കേള്‍ക്കാം. തോട്ടിറമ്പിലെ അയല്‍ക്കാര്‍ കയ്യാലകെട്ടിയതും ആറിനു കുറുകെ കോണ്‍ക്രീറ്റ്‌ പാലം വന്നതും അക്കൊല്ലമാണ്‌ . കരയും പാലവും തമ്മില്‍ കുറച്ചു ദൂരമുണ്ടായിരുന്നു. ആ ദൂരം നികത്തിയത്‌ കരിങ്കല്ലുകൊണ്ടുള്ള ചെരിച്ച കെട്ടായിരുന്നു.

മഴ കുറഞ്ഞത്‌ ഒന്‍പതുമണിയോടെയാണ്‌. കുടയുമെടുത്ത്‌ ഞങ്ങള്‍ ആറ്റിറമ്പിലേക്ക്‌ നടന്നു. താഴത്തെ വീട്ടുകാരുടെ പുതുയ കയ്യാലക്കൊപ്പം വെള്ളം. കയ്യാല ഇല്ലായിരുന്നെങ്കില്‍ ആ വീടുണ്ടാവുമായിരുന്നില്ല...പാലം വെള്ളത്തിനും ഒരുപാടുതാഴെയാണ്‌. അക്കരെനിന്നുവന്നവര്‍ പാലം കടക്കാനാവാതെ തിരിച്ചു പോകുന്നുണ്ട്‌. രാത്രി ശക്തിയായി പെയ്‌തില്ല പക്ഷേ, നേരം പുലരുമ്പോള്‍ ആളുകളുടെ തിരക്കുപിടിച്ച ഓട്ടമാണ്‌ കാണുന്നത്‌.
വെള്ളം ഇറങ്ങിതുടങ്ങിയിട്ടുണ്ട്‌. പാലമുണ്ട്‌‌. പക്ഷേ, കരയില്‍ നിന്നു പാലത്തിലേക്കുണ്ടായിരുന്ന കെട്ടില്ല. കരിങ്കല്‍ കുറച്ചുദൂരേക്ക്‌ ചിതറികിടക്കുന്നു. പായും തുണികളും പാത്രങ്ങളും മരക്കഷ്‌ണങ്ങളുമൊക്കെ പാലത്തിലും പാറയിടുക്കുകളിലും മരക്കുറ്റികളിലും തങ്ങി നില്‌പ്പുണ്ട്‌.

ഞങ്ങളത്‌ നോക്കിനില്‌ക്കുമ്പോഴാണ്‌ കേള്‍ക്കുന്നത്‌. നേര്യമംഗലം മുതല്‍ വാളറ വരെയുള്ള ആലുവ-മൂന്നാര്‍ റോഡിന്റെ പലഭാഗങ്ങളും മണ്ണിനടിയിലാണെന്ന്‌. മൂന്നാംമൈലിലെ പാലവും വാളറപ്പള്ളിയും തകര്‍ന്നെന്ന്‌. ഇനി അടുത്തെങ്ങും ഇതിലെ വണ്ടിയോടാന്‍ സാധ്യതയില്ലെന്ന്‌. കുറച്ചുതാഴെ ഒരു മലക്കുമപ്പുറം പഴംപള്ളിച്ചാലില്‍ ഉരുള്‍പൊട്ടി ഇരുപതിലേറെപ്പേരെ കാണാനില്ലെന്ന്‌.....

ഞങ്ങള്‍ വളര്‍ന്നത്‌ മഴയുടേയും വെള്ളപ്പൊക്കത്തിന്റെയും ഉരുള്‍പൊട്ടലിന്റെയും കഥകള്‍ കേട്ടാണ്‌. ഉരുളെടുത്തത്‌ എത്രയെത്ര ജീവനും വീടും പറമ്പുമാണ്‌. മഴയുടെ കൂടുതല്‍ മിഴിവുള്ള ചിത്രം തേടിപ്പോയ വികടര്‍ ജോര്‍ജ്ജും അക്കൂട്ടത്തില്‍ ചേര്‍ന്നു.

മഴയുടെ ഭംഗി മരണം പോലെ പേടിപ്പെടുത്തുന്നതായിരുന്നു അന്നൊക്കെ..എന്നിട്ടും വെള്ളം പൊങ്ങുമ്പോള്‍ ആറ്റിറമ്പിലെ കുടിലുകളിലെ മനുഷ്യനല്ലാത്തതെല്ലാം ഒഴുകിപ്പോകുന്നത്‌ നോക്കിനില്‌ക്കുമ്പോള്‍ ഏതു വികാരമായിരുന്നു? അഞ്ച്‌‌ ആട്‌ , രണ്ടു പട്ടി, മൂന്ന്‌ മേല്‍ക്കൂര എന്നൊക്കെ കരയില്‍ നിന്ന്‌ കണക്കെടുക്കുമ്പോള്‍ സങ്കടംപോലെ ആഹ്ലാദവുമുണ്ടായിരുന്നെന്നോ? ജീവനല്ലാത്തതെല്ലാം നഷ്ടപ്പെട്ട ആ മനഷ്യരെ ഓര്‍ക്കാതെ, അവരുടെ സ്വപ്‌നങ്ങളുടെ എണ്ണമെടുക്കുന്നതിലെ സന്തോഷം ഇന്നെത്രമാത്രം സങ്കടപ്പെടുത്തുന്നു...വീടിനു പുറകിലെ മലയുടെ മുകളില്‍ ഞങ്ങള്‍ക്ക്‌ കുറച്ചുസ്ഥലമുണ്ട്‌‌. സ്‌കൂളില്‍ ഭൂപടങ്ങള്‍ പഠിച്ചുതുടങ്ങിയപ്പോള്‍ ആ സ്ഥലത്തെ, ഇന്ത്യയുമായി താരതമ്യം ചെയ്യുമായിരുന്നു. കേരളത്തിലൂടെ മുകളിലോട്ട്‌ നടന്ന്‌ ആന്ധ്ര, ഒറീസ,പശ്ചിമബംഗാള്‍, ആസാം വഴി അരുണാചല്‍ പ്രദേശിലെ വന്‍കാടും കടന്നുവേണമായിരുന്നു മലയുടെ തുഞ്ചത്തെത്താന്‍. മൂന്നുഭാഗവും ഉറവയൊഴുകുന്ന പാറ. വടക്ക്‌ കുത്തനെ ഹിമാലയം. അരുണാചലിലെ കാടൊഴിച്ച്‌ ഇന്ത്യയുടെ നടുഭാഗം മുതല്‍ കിഴക്കോട്ടുള്ള സംസ്ഥാനങ്ങള്‍ മുഴുവന്‍ രണ്ടുകൊല്ലം മുമ്പ്‌്‌്‌ ഉരുള്‍പൊട്ടി ഒലിച്ചുപോയി.


1180 കര്‍ക്കിടം 11

മകള്‍ ജനിച്ചത്‌ അന്നായിരുന്നു. ശസ്‌ത്രക്രിയ ആയിരുന്നതുകൊണ്ട്‌ ബോധം തെളിഞ്ഞപ്പോള്‍ മുതല്‍ അതിശക്തമായ വേദനയില്‍ വിറച്ചു പനിച്ചു. രക്തസമ്മര്‍ദ്ദം കുറഞ്ഞുകൊണ്ടിരുന്നു. നേഴ്‌സുമാരുടെ പരിചരണത്തിലാണ്‌. അടുത്ത്‌ മറ്റാരുമില്ല. മകളെ കണ്ടിട്ടില്ല. വേദനകൊണ്ട്‌ ഇറുകെ കണ്ണടച്ചുകിടന്നു. ഉറങ്ങാന്‍ ശ്രമിച്ചു...കണ്ണുതുറക്കുമ്പോള്‍ ജനല്‍ചില്ലുകള്‍ക്കിടയിലൂടെ പുറത്തെ മഴകാണാം. മഴയല്ല എനിക്കെന്റെ മകളെയാണ്‌ കാണേണ്ടതെന്ന്‌ തോന്നി...
കണ്ണുതുറക്കാനേ തോന്നിയില്ല. ആ മുറിയില്‍ ഒഴിഞ്ഞ കുറെ കട്ടിലല്ലാതെ കാഴ്‌ചയെ പിടിച്ചു നിര്‍ത്തുന്ന ഒന്നുമില്ലായിരുന്നു.

പെട്ടെന്നാണ്‌ മുറിക്കുള്ളില്‍ ബഹളം കേട്ടത്‌. വേദനയുടെ കരച്ചിലുകള്‍.
ഒഴിഞ്ഞ കട്ടിലുകളെല്ലാം നിറഞ്ഞു കഴിഞ്ഞു. തൊട്ടടുത്ത കട്ടിലില്‍ ഒരു വല്ല്യമ്മയായിരുന്നു. രണ്ടുകാലും പ്ലാസ്‌റററിട്ട്‌....അന്നു മുഴുവന്‍ അവര്‍ മഴയെ പ്രാകിയും കരഞ്ഞും കിടന്നു. അടുത്ത കട്ടിലില്‍ കിടന്നവരൊക്കെ പരസ്‌പരം സംസാരിക്കുന്നുണ്ട്‌. അവര്‍ ഉരുള്‍പൊട്ടലില്‍ നിന്ന്‌ രക്ഷപെട്ടവരായിരുന്നു. ഒടിവും ചതവുമൊക്കെ പറ്റിയവര്‍. വല്ല്യമ്മ ചോദിക്കുന്നതിനൊക്കെ മറുപടി പറയുന്നുണ്ട്‌‌ കരച്ചിലിനിടയിലും.
'കൊറേക്കാലായിട്ട്‌ അനീത്തീടെ കൂടെയാര്‍ന്നു ഞാന്‍. .......ഈ മഴേത്തും കാറ്റത്തും പെരേടെ പൊറകിലെ തിട്ടിടിഞ്ഞു വീണതാ....അനീത്തീം മക്കളും വേറെ മുറീലാര്‍ന്നു. അവര്‍ക്കൊന്നും പറ്റീല്ലാ...ഞാന്‍ മണ്ണിനടീലാര്‍ന്നു.....രക്ഷപെടൂന്ന്‌ വിചാരിച്ചതല്ല ......'.
അവര്‍ പറഞ്ഞുകൊണ്ടിരുന്നു.
'എന്റെ അനീത്തിപ്പെണ്ണ്‌ പൊറത്തു നിപ്പൊണ്ട്‌. അവളെ ഇങ്ങോട്ട്‌ വിട്‌‌ കൊച്ചേ..'
ആരെയും മുറിയിലേക്ക്‌ കയറ്റില്ലെന്ന്‌ നേഴ്‌സു പറഞ്ഞു
'എന്നാ..എനിക്ക്‌ കൊഴപ്പവൊന്നുമില്ലാന്ന്‌ എന്റെ പെണ്ണിനോട്‌ പറയണോട്ടോ...'വല്ല്യമ്മ നേഴ്‌സിനോട്‌ പറഞ്ഞു.
അവര്‍ പുറത്ത്‌‌ നില്‌ക്കുന്ന അനിയത്തിയെക്കുറിച്ച്‌ പറഞ്ഞുകൊണ്ടിരുന്നു. ഞാനാണെങ്കില്‍ ഇതുവരെ കാണാത്ത എന്റെ മകളെക്കുറിച്ചോര്‍ത്തുകൊണ്ട്‌ കിടന്നു. എന്റെ മനസ്സില്‍ ജനിച്ചുവീണ കുഞ്ഞാണ്‌. അരികിലെ വല്ല്യമ്മ മരണത്തെ കണ്ടു മടങ്ങി വന്നതാണ്‌. ഈ മുറിയില്‍ നിന്ന്‌ പുറത്തേക്കു കടക്കാനായാല്‍ എനിക്കെന്റെ മകളെ കാണാം. പക്ഷേ, നേഴ്‌സുമാര്‍ പറഞ്ഞറിഞ്ഞു വല്ല്യമ്മക്കിനി ആരുമില്ലെന്ന്‌‌. അനിയത്തി പുറത്ത്‌‌ കാത്തുനില്‌പില്ലെന്ന്‌. ആ വീട്ടില്‍ ബാക്കിയായത്‌ വല്ല്യമ്മ മാത്രമാണെന്ന്‌‌.* * * *

ഇരുപത്തിയൊന്നുകൊല്ലം ജീവിച്ച ആ ലോകത്തല്ല ഇന്ന്‌. മലയും മണ്ണിടിച്ചിലും വെള്ളപ്പൊക്കവും ഒന്നുമില്ലാത്തൊരിടത്തായിരിക്കുമ്പോള്‍ കാണുന്നത്‌ സൂപ്പര്‍ മാര്‍ക്കറ്റിലെ കര്‍ക്കിടക കഞ്ഞിയുടെ പായ്‌ക്കറ്റുകളാണ്‌. ആരോഗ്യം പുഷ്ടിപ്പെടുത്തേണ്ടുന്ന ഈ പായ്‌ക്കറ്റുകളോടുചേര്‍ന്ന്‌ രാമായണത്തിന്റെ പലവര്‍ണ്ണ കോപ്പികളുമുണ്ട്‌. ദേവിയാര്‍ രണ്ടായി പിരിഞ്ഞ്‌‌ തുരുത്തായി തീര്‍ന്നിടത്ത്‌ അമ്പലമുണ്ടാവുന്നത്‌ പത്തില്‍ പഠിക്കുമ്പോഴാണ്‌. അമ്പലമുറ്റത്തെ അടയ്‌ക്കാമരത്തില്‍ കെട്ടിവെച്ചിരുന്ന കോളാമ്പിയിലൂടെ അക്കൊല്ലം കുത്തിയൊഴുകുന്ന കലക്കവെള്ളത്തിന്റെ ഇരമ്പലിനൊപ്പം രാമായണ വായന കേട്ടു.

ഇപ്പോള്‍ സമതലത്തിലിരിക്കുന്നവര്‍ ആ വഴി പോയി വരുമ്പോള്‍

'ഹോ..പേടിയാവുന്നു കുന്നും മലയുമൊക്കെ കണ്ടിട്ട്‌...മഴയത്ത്‌ ഇതൊക്കെക്കൂടി ഇടിഞ്ഞു വീണാലോ' എന്ന്‌ ആശങ്കപ്പെടാറുണ്ട്‌‌.
'ആ മലമൂട്ടില്‍ നിന്ന്‌, പാറയിടുക്കില്‍ നിന്ന്‌ നീ രക്ഷപെട്ടു' എന്നു കേള്‍ക്കുമ്പോള്‍ ഉള്ളില്‍ സങ്കടം നിറയും.
എന്റെ അയല്‍ക്കാരും നാട്ടുകാരും വീട്ടുകാരും എല്ലാവരുമെല്ലാവരും ഇപ്പോഴും അവിടെ തന്നെയുണ്ട്‌. സ്വപ്‌നങ്ങളെത്ര ഒഴുകിപ്പോയിട്ടുണ്ടെങ്കിലും ഒരു ദേശം അവരുണ്ടാക്കിയിട്ടുണ്ട്‌.
മഴക്കാറുകാണുമ്പോള്‍ പലായനം ചെയ്‌തവരല്ല ഞങ്ങള്‍...കടപ്പാട്‌-മാതൃഭൂമി ആഴ്‌ചപ്പതിപ്പ്‌

ഒഴുകിപ്പോയ സ്വപ്‌ന ഭൂപടങ്ങള്‍-1

അല്‌പം ക്രൂരമായ ഭാവനയായിരുന്നു കര്‍ക്കിടകത്തേക്കുറിച്ച്‌‌ കുട്ടിക്കാലത്തുണ്ടായിരുന്നത്‌. വീട്ടില്‍ നിന്നു നോക്കിയാല്‍ ആറ്റിലെ വെള്ളം കാണാം. തോട്ടുപുറുമ്പോക്കും അതിലൊരു വീടും പഞ്ചായത്ത്‌ വഴിയും കഴിഞ്ഞ്‌ കുറച്ച്‌ ഉയരത്തിലാണ്‌ ഞങ്ങളുടെ വീടും പറമ്പും.

കര്‍ക്കിടകത്തില്‍ കലങ്ങികുത്തിയൊഴുകിവരുന്ന കലക്കവെളളത്തെ നോക്കിയിരിക്കും. എത്രത്തോളം വെള്ളം പൊങ്ങി എന്നറിയാന്‍ ആറ്റിലെ പാറകളും അക്കരെ പറമ്പും അളവുകോലാവും. നിര്‍ത്താതെയുള്ള മഴയില്‍ വെള്ളം ആറ്റുപാറകളെ മറക്കുമ്പോള്‍ ഞങ്ങള്‍ക്കറിയാം താഴെ തോട്ടുപുറമ്പോക്കിലെ കുടിലുകളില്‍ വെള്ളം കയറിതുടങ്ങിയിട്ടുണ്ടാവുമെന്ന്‌. എടുക്കാവുന്നതൊക്കെയും പെറുക്കിയെടുത്ത്‌ മുങ്ങിക്കൊണ്ടിരിക്കുന്ന വീടിനെയും പറമ്പിനെയും നോക്കി മഴനനഞ്ഞ്‌ അവര്‍ നില്‍ക്കുകയായിരിക്കുമെന്ന്‌. ആറ്റുപാറകള്‍ മൂടി അക്കരെ റബ്ബര്‍തോട്ടത്തിലെ ആദ്യതൊട്ടിയില്‍ വെള്ളം കടക്കുമ്പോള്‍ ഇനി പെട്ടെന്നൊന്നും വെള്ളമിറങ്ങില്ലെന്നും ഞങ്ങള്‍ക്ക്‌ ഇനി മുതല്‍ സ്‌കൂളവധിയാണെന്നകരുതാം. താഴെ മുങ്ങുന്ന വീടുനോക്കി നിന്നവര്‍ അഭയാര്‍ത്ഥികളാവുകയാണ്‌. സ്‌കൂളാണ്‌ അഭയാര്‍ത്ഥി ക്യാമ്പാകുന്നത്‌. വീടിനു പിന്നിലെ മലയെ, പാറയെ ഭയക്കുന്നവര്‍, മണ്ണിടിയുമെന്നും മരംവീഴുമെന്നും കരുതുന്നവരുമൊക്കെയാണ്‌ പിന്നീട്‌ സ്‌കൂളിലുണ്ടാവുക. അക്കൂട്ടത്തില്‍ ഞങ്ങളുടെ കൂട്ടുകാരുമുണ്ടാവും.

കര്‍ക്കിടകത്തിലെ ഈ സ്‌കൂളവധി പക്ഷേ, ഞങ്ങള്‍ക്ക്‌ തോരാത്ത മഴയില്‍ വീട്ടിനുള്ളില്‍ ചടഞ്ഞിരിക്കാനുള്ളതാണ്‌. എന്നാല്‍, അഭയാര്‍ത്ഥികളാവുന്ന കൂട്ടുകാര്‍ പരസ്‌പരം കാണുന്നു. ഒരുമിച്ചു കഞ്ഞിവെച്ചു കുടിക്കുന്നു. പഠിക്കേണ്ട, പുസ്‌തകമെടുക്കേണ്ട, സാറന്മാരെ പേടിക്കേണ്ട. സ്‌കൂളില്‍ കളിച്ചു നടക്കുന്നു. ഓര്‍ക്കുമ്പോള്‍ അസൂയതോന്നും. മഴതോരുന്നത്‌ അപ്പോള്‍ ചിന്തിക്കാന്‍പോലും കഴിയില്ല. ഇനിയും പെയ്യട്ടെ...വെള്ളം ഉയര്‍ന്നുയര്‍ന്നു വരട്ടെ...താഴത്തെ അയല്‍ക്കാരുടെ വീടിനെ മുക്കട്ടെ..പഞ്ചായത്തുവഴിയെ..പിന്നെ ഞങ്ങളുടെ പറമ്പിനെ...പതുക്കെ പതുക്കെ വെള്ളം മുകളിലോട്ടുകയറി....ഞങ്ങളുടെ മുറ്റത്ത്‌്‌....അപ്പോള്‍ ഞങ്ങള്‍ ജനലിനിടയിലൂടെ ചൂണ്ടയിടും...മുറ്റത്തുകൂടി ഒഴുകുന്ന പുഴയില്‍ നീന്തും...പിന്നെയും വെള്ളം പൊങ്ങുമ്പോള്‍ ഞങ്ങളും പായും പുതപ്പുമെടുത്ത്‌്‌ സ്‌കൂളിലേക്ക്‌ നടക്കും... എത്രവട്ടമാണ്‌ ഭാവനയില്‍ ഇതെല്ലാം കണ്ടത്‌. പക്ഷേ, പഞ്ചായത്ത്‌ വഴിയിലേക്കെങ്കിലും വെള്ളം കയറിയാല്‍ സ്‌്‌കൂളില്ല, ആശുപത്രിയില്ല, ഞങ്ങള്‍ അരിയും സാധനങ്ങളും വാങ്ങുന്ന കവലയില്ല....റോഡില്ല...
അഭയാര്‍ത്ഥികളാവുന്ന മുതിര്‍ന്നവരുടെ മനസ്സ്‌ മലവെള്ളത്തേക്കാള്‍ കലങ്ങിയിരിക്കുമെന്ന്‌ അന്നൊന്നും ചിന്തിച്ചതേയില്ല.

കര്‍ക്കിടക സംക്രാന്തിക്കു മുന്നേ മൂശേട്ടയെ അടിച്ചു പുറത്താക്കി ഭഗവതിയെ കുടിയിരുത്താന്‍ നോക്കിയാലും മൂശേട്ടതന്നെ അകത്തുകയറും. അടിച്ചു കളഞ്ഞ വിരുത്താമ്പലും പൊടിയും വെറുതെ...കഴുകി വൃത്തിയാക്കിയ കുട്ടയും വട്ടിയും പാത്രങ്ങളും വെറുതേ.... പേമാരിയുടെ, വെള്ളപ്പൊക്കത്തിന്റെ, മണ്ണിടിച്ചിലിന്റെ , ഉരുള്‍പൊട്ടലിന്റെ ഇതൊന്നുമല്ലെങ്കില്‍ പട്ടിണിയുടെ, അസുഖത്തിന്റെ മരണത്തിന്റെയുമൊക്കെ വേഷം കെട്ടി മൂശേട്ട വരും.ഞങ്ങളുടെ വീടും പറമ്പും കഴിഞ്ഞാല്‍ ഇരു വശത്തും കോളനികളാണ്‌. ഇരുപതുസെന്റു കോളനിയും ലക്ഷം വീടു കോളനിയും. അവിടുള്ളവരൊന്നും കൃഷിക്കാരല്ല. കൂലിപ്പണിക്കാര്‍. ദുര്‍ബ്ബലര്‍. മഴ തുടങ്ങിയാല്‍ പണിയില്ല. ഇടവം തുടങ്ങുന്നതോടെ പലരും മുണ്ടുമുറുക്കി കെട്ടി തുടങ്ങും. കഞ്ഞിവെപ്പ്‌ കുറയും. റേഷന്‍കിട്ടുന്ന ഇരുമ്പരി കുറച്ചെടുത്ത്‌ സൂക്ഷിക്കാന്‍ തുടങ്ങും. മേടത്തിലും ഇടവത്തിലും ചക്കയും ചക്കക്കുരുവുമായിരിക്കും പ്രധാന ആഹാരം. കുട്ടികളാണ്‌ മുതിര്‍ന്നവരേക്കാള്‍ ഭേദം. അവര്‍ക്ക്‌ കശുമാങ്ങ, ചാമ്പങ്ങ, മാമ്പഴം, പേരക്ക, കാട്ടിലേക്കുപോയാല്‍ പൂച്ചപ്പഴം, കൊങ്ങിണിക്ക, അങ്ങനെ പലതുമുണ്ടാകും. കുട്ടികള്‍ പൊതുവേ ഇങ്ങനെ ആഹാരകാര്യത്തില്‍ സമ്പന്നരായിരിക്കും. പക്ഷേ, മഴക്കാലത്തെയോര്‍ത്ത്‌ മുതിര്‍ന്നവര്‍ മുണ്ടുമുറിക്കിയുടുക്കും.
ചക്കക്കുരു ഒരു കരുതലാണ്‌. ജലാംശമില്ലാതെ തോലുണങ്ങിയ ചക്കക്കുരു വീടിന്റെ മൂലയില്‍ നനവില്ലാത്ത മണ്ണില്‍ കുഴിച്ചിടും. നനവില്ലാത്തതുകൊണ്ട്‌ ചക്കക്കുരു മുളക്കില്ല. അടുത്ത ചക്കക്കാലം വരെ കേടൊന്നും വരില്ല.
അടുത്തത്‌ കപ്പയാണ്‌. വലിയ കപ്പക്കാലാകളില്‍ കപ്പ പറിച്ചു കഴിഞ്ഞാല്‍ ശേഷിക്കുന്ന പൊടിക്കപ്പ പെറുക്കി അരിഞ്ഞുണങ്ങി വെക്കും. വാട്ടിയുണക്കും വെള്ളുണക്കുമായി. വെള്ളുണക്കുകപ്പ പൊടിച്ചാല്‍ പുട്ടുണ്ടാക്കാം. റബ്ബറുപോലുണ്ടാവും. തേങ്ങാ നല്ലോണം വേണം രുചിക്ക്‌. വാട്ടുണക്കു കപ്പ വേവിച്ച്‌ പുഴുക്കാക്കുകയോ, ഉലര്‍ത്തുകയോ ചെയ്യാം. പക്ഷേ, അങ്ങനെ രുചിയായിട്ടു തിന്നാന്‍ പറ്റിയകാലമല്ല കര്‍ക്കിടകം. ചേര്‍ക്കേണ്ട തേങ്ങയും, വെളിച്ചെണ്ണയുമോര്‍ക്കുമ്പോള്‍ ചങ്കുപൊട്ടും.
അതില്‍ ചേര്‍ക്കുന്ന തേങ്ങയുടേയും വെളിച്ചെണ്ണയുടേയും കാശുണ്ടെങ്കില്‍ ഇരുമ്പരി രണ്ടുകിലോ മേടിക്കാം. കൃഷിപ്പണിക്കു പോകുമ്പോള്‍ കിട്ടുന്ന മുതിര, പയര്‍...
ഇങ്ങനെയൊക്കെ കരുതലുമായിരുന്നാലും വിശപ്പുകൂടും. കാട്ടുതാളും തകരയും കപ്ലങ്ങയും മൂക്കാത്ത ചേനയും ചേമ്പും വരെ പറിച്ചെടുക്കേണ്ടുവരും. ആകെക്കുടി മഴക്കാലത്തു കിട്ടുന്നത്‌ ചൂണ്ടയില്‍ കുരുങ്ങുന്ന മീനാണ്‌.മിഥുനത്തില്‍ തെളിഞ്ഞ വെയിലില്‍ അയല്‍ക്കാരി ഉമ്മുമ്മയുടെ വീട്ടില്‍ കല്ലാറുകുട്ടിയില്‍ നിന്ന്‌ മകള്‍ വന്നു. മകളുടെ ആ വരവിന്‌ പിന്നിലുണ്ടായിരുന്നത്‌ കര്‍ക്കിടകത്തില്‍ വിരുന്നു പോകുന്നത്‌ ശരിയല്ലെന്നും മഴ കൂടിയാല്‍ പുഴ കടന്ന്‌ അക്കരെ കടക്കാന്‍ സാധിക്കില്ല എന്നതുമായിരുന്നു. മഴ തുടങ്ങിയാല്‍ ആറിനിക്കരെ താമസിക്കുന്നവര്‍ക്ക്‌ കിഴക്കോട്ടും പടിഞ്ഞാട്ടും അകലെയുള്ള പാലങ്ങള്‍ കടക്കണമായിരുന്നു അന്ന്‌. പുഴയില്‍ വെളളം കൂടിയാല്‍ പാലങ്ങളിലെത്താന്‍ വഴിയില്ല. പുഴയിറമ്പിലൂടെയുള്ള വഴി വെള്ളത്തിനടിയിലാവും.
ഇക്കാര്യങ്ങളൊക്കെ നന്നായിറിയാവുന്ന മദ്ധ്യവയസ്സു പിന്നിട്ട മകള്‍ മഴയ്‌ക്ക്‌ മുമ്പേ ഉമ്മയെ കണ്ട്‌ മടങ്ങാമെന്നു കരുതി. ഉമ്മുമ്മയുടെ പറമ്പിലാണെങ്കില്‍ രണ്ടു തെങ്ങും ഒരു കൊക്കോമരവും മുറ്റത്ത്‌ അഞ്ചാറ്‌ തുളസിച്ചെടിയുമാണ്‌ ആകെയുള്ളത്‌.
മകള്‍ക്ക്‌്‌്‌ കല്ലാര്‍കുട്ടിയില്‍ നല്ല കാലമാണ്‌. നെല്ലും കാപ്പിയും മാവും പ്ലാവും കപ്പയും ചേമ്പും ചേനയും എല്ലാമുണ്ട്‌. പോന്നപ്പോള്‍ ചെറിയൊരു സഞ്ചിയില്‍ കുറച്ച്‌ ഉണക്കക്കപ്പ കരുതി അവര്‍.
എത്തുമ്പോള്‍ നല്ല വെയിലായിരുന്നു. ആറു കടന്ന്‌ ഇക്കരെ കേറിയപ്പോള്‍ മാനമിരുണ്ടു. ഉമ്മയുടെ അടുത്തെത്തുമ്പോള്‍ മഴ ചാറി തുടങ്ങി.
ഉമ്മുമ്മ മകളോട്‌ പറഞ്ഞു.
ഏതായാലും മഴയല്ലേ..നേരം പെലന്നെട്ട്‌ പോകാടീ......
മഴ ആര്‍ത്തലച്ചു പെയ്‌തു തുടങ്ങി..
ഈ മഴയത്ത്‌ കല്ലാര്‍കുട്ടി പോകണ്ടെ....നേരം ഉച്ച തിരിഞ്ഞു. ഇനിയെന്തായാലും നേരം വെളുത്തിട്ടു പോകാം.. ഉമ്മാക്ക്‌ സന്തോഷമാവട്ടെ..എന്ന്‌ മകളും വിചാരിച്ചു.
പക്ഷേ, മിഥുനത്തില്‍ തുടങ്ങിയ മഴ കര്‍ക്കിടകത്തിലും തോര്‍ന്നില്ല. മുപ്പത്തിയൊമ്പതാം ദിവസമാണ്‌ ഉമ്മൂമ്മയുടെ മകള്‍ക്ക്‌ മടങ്ങിപ്പോകാനായത്‌.
നാലാംക്ലാസ്സില്‍ പഠിക്കുമ്പോഴാണ്‌ കൂട്ടുകാരിയുടെ അച്ഛന്‍ രണ്ടുകിലോമീറ്റര്‍ മുകളിലുള്ള തടിപ്പാലത്തില്‍ നിന്ന്‌ തെന്നി ആറ്റില്‍ വീണുപോയത്‌. ഒരാള്‍ ഒഴുകിപ്പോകുന്നത്‌ കണ്ടിട്ടും അതാരാണെന്ന്‌ ആര്‍ക്കും മനസ്സിലായില്ല. ദിവസങ്ങള്‍ കഴിഞ്ഞാണ്‌ തന്റെ അച്ഛനാണ്‌ ഒഴുകിപ്പോയതെന്ന്‌ അവളും അമ്മയും അറിഞ്ഞത്‌. ഒരുമാസം കഴിഞ്ഞ്‌ വെള്ളം താണപ്പോള്‍ കുത്തിനുതാഴെ നിന്ന്‌ മീന്‍കൊത്തി തീര്‍ന്ന ഒരസ്ഥികൂടം കിട്ടി. ഇപ്പോഴും ആറ്റില്‍ നീന്താനിറങ്ങുന്ന കുട്ടികളെ അദ്ദേഹത്തിന്റെ പ്രേതത്തെക്കുറിച്ചു പറഞ്ഞാണ്‌ വീട്ടുകാര്‍ പേടിപ്പിക്കുന്നത്‌.1160 കര്‍ക്കിടകം

അക്കൊല്ലം ഞാന്‍ മൂന്നാംക്ലാസ്സിലായിരുന്നു.
കൂട്ടുകാര്‍ക്കു പലര്‍ക്കും കുടയില്ലായിരുന്നു. മഴയത്ത്‌ പലരും നനഞ്ഞുകൊണ്ടാണ്‌ സ്‌കൂളില്‍ വന്നത്‌. സ്‌കൂളുവിട്ടുപോരുമ്പോഴാണ്‌ മഴയെങ്കില്‍ ചിലര്‍ ആറ്റുപുറമ്പോക്കിലെ ചേമ്പിന്‍കാട്ടിലിറങ്ങി ചേമ്പിലയൊടിച്ച്‌ ചൂടും. ചിലപ്പോള്‍ വാഴയില.
അത്തവണ ഞങ്ങള്‍ക്കൊക്കെ സര്‍ക്കാരുവക ഓരോ ശീലക്കുടകിട്ടി. തിളങ്ങുന്ന പച്ചപിടിയുള്ള കുടയായിരുന്നു എനിക്കു കിട്ടിയത്‌.

കുട കിട്ടിയിട്ട്‌ അധികമായിട്ടില്ല. അമ്മായിയുടെ മകന്‍ (ഞങ്ങള്‍ അണ്ണച്ചിയെന്നു വിളിക്കും) കടയില്‍ പോയപ്പോള്‍ എന്റെ കുടയുമെടുത്തു. തലേന്നുവരെ ആറിനു കുറുകെ പാലമുണ്ടായിരുന്നു. ഞങ്ങളുടെ പറമ്പിലെ താന്നിമരമായിരുന്നു നെടുനീളന്‍ ഒറ്റത്തടിപാലമായത്‌. പറമ്പിന്റെ തലക്കല്‍ മലയോട്‌ ചേര്‍ന്നുനിന്ന താന്നി ആറ്റിലേക്കെത്തിക്കാന്‍ മൂന്നുദിവസമാണ്‌ രണ്ടോ മൂന്നോ ആന പറമ്പില്‍ നിരങ്ങിയത്‌. ആ പാലം വെള്ളപ്പൊക്കത്തില്‍ ഒഴുകിപ്പോകാതിരിക്കാന്‍ കമ്പികൊണ്ട്‌ കെട്ടിയിട്ടിരുന്നു. എന്നിട്ടും തലേന്നത്തെ മഴയില്‍ പാലം ഒഴുകിപ്പോയി. കമ്പി എങ്ങനെ പൊട്ടിയെന്ന്‌ ആര്‍ക്കും മനസ്സിലായില്ല. കുറച്ചുകിഴക്കുള്ള തടിപ്പാലം കടന്നുവേണം പിന്നെ കവലയിലെത്താന്‍.

കുഞ്ഞുന്നാളു മുതല്‍ അണ്ണച്ചിക്കൊരു ശത്രുവുണ്ട്‌്‌്‌. സ്ലേറ്റുപൊട്ടിച്ചും പെന്‍സിലൊടിച്ചും തുടങ്ങിയ ശത്രുത. അതവര്‍ മുതിര്‍ന്നപ്പോഴും തുടര്‍ന്നു. പെട്ടൊന്നൊരു ദിവസം ശത്രു ലോട്ടറിയടിച്ച്‌ പണക്കാരനായി.
കമ്പിപൊട്ടി പാലമൊഴുകിപ്പോയതല്ല. അവര്‍ അഴിച്ചു വിട്ടതാണ്‌. പണത്തിന്റെ കൊഴുപ്പുകാണിക്കാന്‍. കവലയില്‍ നിന്നു തിരിച്ചു വരും വഴിയാണ്‌ ശത്രു മുന്നില്‍ വന്നു നിന്നത്‌. ഗുണ്ടകളുമായി അയാള്‍ അണ്ണച്ചിയെ തല്ലുന്നതാണ്‌ ഇക്കരെ നിന്ന്‌ കണ്ടത്‌. ചാറ്റല്‍ മഴയത്ത്‌്‌്‌ ആറ്റിലേക്കോടി. കലക്കവെള്ളം നിറഞ്ഞൊഴുകുന്നു. പാലമില്ല. ഇടികണ്ട്‌ ഒരുപാടുപേര്‍ ആറ്റിറമ്പിലുണ്ട്‌. പെണ്ണുങ്ങള്‍ ആര്‍ത്തു കരഞ്ഞു. ഇടി കണ്ടു നില്‍ക്കുന്നതിനിടയില്‍ കണ്ടു, എന്റെ പുത്തന്‍കുട പറന്നുപോയിരിക്കുന്നു. കുറച്ചപ്പുറത്ത്‌ കലുങ്കിനോട്‌ ചേര്‍ന്നു ഈറ്റയില്‍ തടഞ്ഞിരിക്കുന്നു.
പെണ്ണുങ്ങളുടെ കരച്ചില്‍ കേട്ടിട്ടാണോ ഇടിച്ചുമതിയായിട്ടാണോ ശത്രുവും കൂട്ടരും പിന്തിരിഞ്ഞു. അണ്ണച്ചി വേച്ചുവേച്ച്‌്‌്‌ ആറ്റിലേക്കിറങ്ങി വന്നു. നീന്തി ഇങ്ങോട്ട്‌ വരുമെന്നാണ്‌ എന്റെ ചിന്ത. പക്ഷേ, ആറ്റിലേക്കിറങ്ങി രണ്ടുകൈകൊണ്ടും കലക്കവെള്ളം കോരിക്കുടിക്കുകയാണ്‌ ചെയ്‌തത്‌.

അടിമാലി ഗവര്‍മെണ്ട്‌ ആശുപത്രിയില്‍ അഡ്‌മിറ്റ്‌ ചെയ്‌ത്‌ തിരിച്ചുവരുമ്പോള്‍ അത്ത കുട കൊണ്ടുവന്നു. അണ്ണച്ചിയുടെ വിവരങ്ങള്‍ അറിയുന്നതിനേക്കാള്‍ ഞാന്‍ ശ്രദ്ധിച്ചത്‌ പച്ചപ്പിടി പൊട്ടിയിട്ടുണ്ടോ, കമ്പി ഒടിഞ്ഞിട്ടുണ്ടോ എന്നൊക്കെയാണ്‌‌.

( തുടരും )