Wednesday, September 2, 2015

പ്രജിത്ത് ജയില്‍ മോചിതനായി നാട്ടില്‍ മടങ്ങിയെത്തി..
എണ്ണ ബാരല്‍ മോഷണം പോയി എന്ന പേരില്‍ കള്ളക്കേസില്‍ കുടുങ്ങി സൗദി ജയിലിലായിരുന്ന കണ്ണൂര്‍ സ്വദേശി കുന്നത്ത് നിര്‍മ്മലന്‍ പ്രജിത്ത് ജയില്‍ മോചിതനായി. പ്രജിത്തിന്റെ പേരില്‍ തെളിവുകളൊന്നും ഹാജരാക്കാന്‍ സാധിക്കാത്തതിനാല്‍ വിട്ടയയ്ക്കുകയായിരുന്നു.  സേവ് പ്രജിത്ത്  ഫോറം, റൈറ്റ് ഓഫ് റിട്ടേണ്‍ തുടങ്ങിയ ഓണ്‍ലൈന്‍ കൂട്ടായ്മകള്‍ പ്രജിത്തിന്റെ മോചനത്തിന് മുന്‍െൈക എടുത്തു.  
 2014 നവംബര്‍ 11 നാണ് സൗദി അറേബ്യയിലെ റിയാദില്‍ ജയിലിലായത്.  2014 മാര്‍ച്ചിലാണ് പ്രജിത്ത് തൊഴിലന്വേഷിച്ച് സൗദി അറേബ്യയിലെത്തുന്നത്.  നാലുമാസത്തിനു ശേഷമാണ് ട്രെയിലറോടിക്കാനുള്ള ലൈസന്‍സ് ലഭിക്കുന്നത്.  പിന്നീടാണ് അറബിയായ സ്‌പോണ്‍സറുടെ കീഴില്‍ ജോലി തുടങ്ങുന്നത്. 

ഒരിക്കല്‍ ദൂരയൊരിടത്തേക്ക് ട്രെയിലറില്‍ എണ്ണയുമായി പോകുകയായിരുന്നു പ്രജിത്ത്. കൂടെ  പാക്കിസ്ഥാനിയായ സഹതൊഴിലാളിയുമുണ്ടായിരുന്നു.  ഇടയ്‌ക്കൊരിടത്ത് വിശ്രമിക്കാന്‍ വണ്ടിനിര്‍ത്തിയ നേരത്ത്, പാക്കിസ്ഥാന്‍ സ്വദേശിയായ സല്‍മാന്‍ ഖാന്‍ ഇപ്പോള്‍ വരാമെന്നു പറഞ്ഞ് വണ്ടിയുമായി പോയതാണ്.  മൂന്നോ നാലോ മണിക്കൂറു കഴിഞ്ഞ് വണ്ടിയില്ലാതെ എത്തിയ പാക്കിസ്ഥാനി ട്രെയിലര്‍ അടുത്തുള്ള വര്‍ക്ക് ഷോപ്പിലുണ്ടെന്ന് അറിയിച്ചു.  എണ്ണ മറിച്ചു വിറ്റിരുന്നു  അയാള്‍.  പ്രജിത്ത് ബോസ്സിനെ വിളിച്ച് കാര്യം പറയുകയും അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം മലാസ് പോലീസ് സ്‌റ്റേഷനില്‍ പരാതി കൊടുക്കുകയും ചെയ്തു. എന്നാല്‍ അറബി പ്രജിത്തിനെതിരെ അടുത്ത ദിവസം വഞ്ചിച്ചുവെന്നു പറഞ്ഞ് പരാതി നല്‍കി.  അങ്ങനെയാണ് പ്രജിത്ത് ജയിലിലാകുന്നത്.  160000 സൗദി റിയാലാണ് സ്‌പോണ്‍സറുടെ നഷ്ടം. അതു പ്രജിത്ത് നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിന്നത്.

2015 മാര്‍ച്ച് 9 വരെ സൗദിയിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ പ്രജിത്തിന്റെ കേസിനെപ്പറ്റി അന്വേഷിക്കുകയോ എന്തെങ്കിലും ചെയ്യുകയോ ചെയ്തിരുന്നില്ല. പ്രജിത്തിന്റെ ജ്യേഷ്ഠന്‍ പ്രദീപന്‍ എന്തെങ്കിലും ചെയ്യണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനായി  2015 മാര്‍ച്ച് അഞ്ചിന് RTI ഫയല്‍ ചെയ്തിരുന്നു. എന്നാല്‍ ഒരു മൂന്നാമന് വിവരങ്ങള്‍  തരാനാവില്ലെന്നായിരുന്നു മറുപടി.  പിന്നീട് പ്രജിത്തിന്റെ ജ്യേഷ്ഠന്‍ പ്രദീപിനെകൊണ്ട് RTI ചെയ്യിപ്പിച്ച് വിവരങ്ങള്‍ ശേഖരിച്ചു.

ഇതിനിടയ്ക്ക് വിദേശകാര്യ വകുപ്പിന്റെ പരാതി പരിഹാര സെല്ലായ മദദില്‍  (MADAD)പരാതി നല്‍കിയിരുന്നു.  പ്രജിത്തിന്റെ വീട്ടുകാര്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് പി കെ ശ്രീമതി ടീച്ചര്‍ എം പിയും മദദില്‍ പരാതിപ്പെട്ടിരുന്നു.
സി പി ഐ എം സംസഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രജിത്തിനുവേണ്ടി പ്രത്യേക താതപര്യമെടുത്തിരുന്നു. രാജ്യസഭാംഗമായ കെ കെ രാഗേഷ് സേവ് പ്രജിത്ത് ഫോറത്തിനുവേണ്ടിയും പ്രജിത്തിന്റെ വീട്ടുകാര്‍ക്ക് വേണ്ടിയും കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാസ്വരാജിനെ നേരിട്ടുകണ്ട് നിവേദനം നല്‍കിയിരുന്നു.

കൂടാതെ, സൗദി അറേബ്യയിലെ മലയാളി സംഘടനയായ കേളി സജീവമായി ഇടപെട്ടു.  സൗദിയിലെ സാമൂഹ്യപ്രവര്‍ത്തകനായ മുരളി രവീന്ദ്രന്‍ നിരന്തരം ജയിലില്‍  പ്രജിത്തിനെ ബന്ധപ്പെടുകയും സ്‌പോണ്‍സറെ നേരിട്ടുകണ്ട് പാക്കിസ്ഥാന്‍ പൗരന്റെ വിശദാംശങ്ങള്‍ അന്വേഷിച്ചുകൊണ്ടുമിരുന്നു. അംബസഡര്‍ക്കും വിദേശകാര്യമന്ത്രിക്കും കേരളത്തിലെ വിവിധ വകുപ്പു മന്ത്രിമാര്‍ക്കുമെല്ലാം നിവേദനം നല്‍കിയിരുന്നു.
 തുടക്കം മുതല്‍ ഒപ്പം നിന്ന പ്രീജിത്ത് രാജിന് പ്രത്യേക നന്ദി. 
മഹേഷ് വിജയനും..സൗദി അറേബ്യയയില്‍ ജയിലിലായാല്‍ നിരപരാധിത്വം തെളിയിക്കാന്‍ പൊതുവേ പ്രയാസമാണ്.  എന്നാല്‍ ഓണ്‍ലൈന്‍ കൂട്ടായ്മയയിലൂടെയും ശക്തമായ ഇടപെടലിലൂടെയുമാണ് പ്രജിത്തിന്റെ മോചനം സാധ്യമായത്. മാലദ്വീപില്‍ ജയിലിലായിരുന്ന ജയചന്ദ്രന്‍ മൊകേരി, റുബീന, രാജേഷ് തുടങ്ങിയവരെ മോചിപ്പിച്ച് നാട്ടിലെത്തിച്ചതും ഈ ഓണ്‍കൂട്ടായ്മയുടെ ശ്രമഫലമായിരുന്നു. ഒപ്പം അശരണയായ മലയാളി നബീസബീവിയിലെ മാലദ്വീപില്‍ നിന്ന് നാട്ടിലെത്തിച്ചതും.

തീര്‍ച്ചയായും ഇതൊരു തിരിച്ചറിവാണ്. സഹായിക്കാന്‍ തയ്യാറായാല്‍ സാധ്യമല്ലാത്ത ഒന്നുമില്ല. നിരപരാധികളായ എത്രയോ പേര്‍ വിദേശ ജയിലുകളില്‍ കഴിയുന്നു. കൃത്യസമയത്ത് കൂട്ടയ്മയോടെ നിന്നാല്‍ അവരെ രക്ഷപെടുത്താം. ഈ കൂട്ടായ്മയുടെ സഹായത്താല്‍ സൗദി അറേബ്യയില്‍ നിന്നുളള ആദ്യത്തെ ജയില്‍ മോചിതനാണ് പ്രജിത്ത്. 

ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദിയും കടപ്പാടും അറിയിക്കുന്നു.  

Thursday, June 18, 2015

ഇനി കോളേജ് അധ്യാപികപഠിച്ച് ആരാവണമെന്നാണ് ആഗ്രഹം  എന്ന് ബന്ധുവായ കുട്ടിയോടുള്ള ചോദ്യത്തിന് അമ്മച്ചിയാണ് മറുപടി പറഞ്ഞത്. 'കോളേജില്‍ പഠിപ്പിക്കുന്ന ടീച്ചറാവണം. എനിക്കതാണിഷ്ടം' ഞാനതുകേട്ട്  അമ്പരന്നു.  ജീവിതത്തിലൊരിക്കലും സ്വന്തം മക്കളോടിതു പറഞ്ഞിരുന്നില്ലല്ലോ!  എന്താവണം, ആരാവണം എന്നൊന്നും ഞങ്ങളോടാരും പറഞ്ഞു തന്നിരുന്നില്ല. പോയ വഴിയേ അടിച്ചു. അത്രതന്നെ..
ഇടുക്കിയില്‍ നിന്ന് ബികോം കോ-ഓപ്പറേഷനുമായി വയനാടന്‍ ചുരം കയറി. രണ്ടുവര്‍ഷം സ്‌റ്റേറ്റ് എംപ്ലോയീസ് & ടീച്ചേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ സെക്രട്ടറിയായി അവിടെ..ഒപ്പം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ഡിപ്ലോമയ്ക്കു ചേര്‍ന്നു.  അതുകഴിഞ്ഞ് സോഷ്യോളജിയില്‍ ബിരുദാനന്തരബിരുദത്തിനും..പൂര്‍ത്തിയാക്കും മുമ്പേ ചുരമിറങ്ങി..കോഴിക്കോട് ഐസിജെയില്‍ കമ്മ്യൂണിക്കേഷന്‍ & ജേണലിസം പി ജി ഡിപ്ലോമയ്ക്ക് ചേര്‍ന്നു. ഇടയക്ക് കാലിക്കറ്റ് കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്കില്‍ ജോലികിട്ടി. ജേണലിസമായിരുന്നു അന്നു പ്രിയം. അതുകൊണ്ടാവണം ബാങ്കുജോലി ഒരു ജോലിയായി മാത്രം കണ്ടു. അപ്പോഴൊന്നും അധ്യാപനത്തെപ്പറ്റി ചിന്തിച്ചിരുന്നേയില്ല. ഇടയ്ക്ക് എം ബി എ യ്ക്കു ചേര്‍ന്നു.  കുറച്ചു കഴിഞ്ഞപ്പോള്‍ ഇതെന്റെ വഴിയല്ല എന്ന തോന്നല്‍ അലട്ടാന്‍ തുടങ്ങി.  അങ്ങനെ ഒന്നുമില്ലാതെ കുറേക്കാലം. പിന്നെ വീണ്ടും സോഷ്യോളജി തുടര്‍ന്നു.  പിന്നെ മലയാളം, നെറ്റ്...അവധിയെടുത്ത് പിഎച്ചഡിക്ക്...അടുത്തറിയുന്നവര്‍ കോളേജധ്യാപനത്തെപ്പറ്റി പറഞ്ഞ് പറഞ്ഞ് മോഹിപ്പിച്ചു.
ഇപ്പോള്‍ എം ഇ എസ് മമ്പാട് കോളേജില്‍ അധ്യാപികയായിരിക്കുന്നു. ഇടുക്കിയിലെ ഒരുള്‍ഗ്രാമത്തില്‍ നിന്നു തുടങ്ങിയ എന്റെ വിദ്യാഭ്യാസയാത്ര ഒട്ടും സുഗമമായിരുന്നില്ല. പലപ്പോഴും  ഇതോടെ തീര്‍ന്നു എന്ന് തോന്നിയിട്ടുണ്ട്.  ബികോം ഒന്നാം വര്‍ഷത്തില്‍ തന്നെ പശുവും പുല്ലുമൊക്കെയായി മുടന്തി നിന്നിട്ടുണ്ട്. കടന്നുവന്ന വഴികളെ വീണ്ടും വീണ്ടും ഓര്‍ത്തുകൊണ്ടിരിക്കുന്നു. ഓരോ സമയത്തും കൈപിടിച്ചുയര്‍ത്തിയവര്‍ക്ക് നന്ദി പറഞ്ഞ് തീര്‍ക്കുന്നില്ല. കോഴിക്കോട് സര്‍വ്വകലാശാലയിലെ ലൈബ്രേറിയന്‍ ഷാജി വി, ഡല്‍ഹി സര്‍വ്വകലാശാലയിലെ PHD ചെയ്യുന്ന കെ എസ് ഹക്കിം, ഞങ്ങളുടെ ഓഡിറ്ററായിരുന്ന നൗഷാദ് അരീക്കോട് ഇവരെ കൂടുതല്‍ ഓര്‍ക്കുന്നു..

Sunday, March 22, 2015

പുഴകള്‍ പഴങ്കഥകള്‍എല്ലാ പരിമിതികളെയും ഓര്‍മിച്ചുകൊണ്ടുമാത്രമേ ഒരു യാത്രയെപ്പറ്റി ചിന്തിക്കാനാവൂ.  പ്രത്യേകിച്ചും, ജീവിതത്തില്‍ പല വേഷക്കാരിയായിരിക്കുമ്പോള്‍.  നയാഗ്രയോ ആമസോണ്‍ കാടുകളോ ബുര്‍ജ് ഖലീഫയോ ചൈനയുടെ വന്‍മിതലോ എന്തിന് കാശ്മീരും ഹിമാലയം പോലും എന്റെ  സ്വപ്‌നത്തിലില്ല. മോഹിക്കുന്നില്ല എന്ന് അതിനര്‍ത്ഥമില്ല.  നടക്കുന്ന കാര്യങ്ങളാലോചിച്ചാല്‍ മതിയല്ലോ എന്ന് ഉള്ളിരുന്ന് പറയുന്നുണ്ട്.  
എന്നാല്‍ അടുത്തകാലത്ത് മറ്റൊരു യാത്രയേപ്പറ്റി സ്വപ്‌നം കാണാന്‍ തുടങ്ങിയിരിക്കുന്നു.  അത് മലബാറിലെ ഒരു പുഴയിലൂടെയുളള വഞ്ചിയാത്രയാണ്.  നടക്കുമോ?   സ്വപ്‌നം കാണാനൊക്കുമോ?  ഇങ്ങനെയൊക്കെ വിചാരിക്കാന്‍ ഒരു വഞ്ചിപിടിച്ച് അക്കരെയ്ക്ക് പോയാല്‍ തീരുന്നതല്ല മോഹമെന്നതുകൊണ്ടാണ്.  
ആയിരത്തി എണ്ണൂറുകളുടെ രണ്ടാംപകുതിയില്‍ മലബാറിലെ സസ്യ-ജന്തുവൈവിധ്യത്തെപ്പറ്റി മനസ്സിലാക്കാന്‍ അന്നത്തെ മലബാര്‍ കളക്ടറായിരുന്ന വില്യം ലോഗനെന്ന സ്‌കോട്ടിഷുകാരന്‍ ഒരു പുഴയിലൂടെ വഞ്ചിപിടിച്ച് യാത്രയായി.  കോഴിക്കോടിനും മൈസൂരിനും ഇടിയിലെ ജൈവവൈവിധ്യത്തെ അറിയാനായിരുന്നു ആ യാത്ര.  മലബാര്‍ മാന്വലില്‍ ചേര്‍ക്കുന്നതിനുവേണ്ടിയായിരുന്നു ആ വഞ്ചിയാത്ര.  എലത്തൂരു നിന്ന് കോരപ്പുഴയിലൂടെ കുറ്റിയാടി വരെ...ഇടതൂര്‍ന്ന് നില്ക്കുന്ന തെങ്ങുകള്‍, കരിമ്പന, കുടപ്പന, യക്ഷിപ്പന, മാവും പ്ലാവും വെള്ളക്കൊങ്ങല്യവും പേരാലും അരയാലും ഉങ്ങും അയനിയും ഒപ്പം ഒരുപാട് മീനുകള്‍, ഞണ്ട്, പക്ഷികള്‍...ഇടയ്ക്ക് സര്‍പ്പക്കാടുകള്‍..
ഇന്നും അങ്ങനെയെല്ലാമായിരിക്കുമോ എന്നറിയാന്‍ ഒരുയാത്ര..പലപ്പോഴും കോരപ്പുഴയ്ക്കരുകിലൂടെ പോകുമ്പോള്‍ തോന്നാറുണ്ട് ഇത് ലോഗന്‍ കണ്ട പുഴയായിരിക്കില്ല എന്ന്.  തെളിഞ്ഞ നിറമല്ല അതിന്.  മങ്ങിയ നീലരാശി.  പലപ്പോഴുമത് മലിനതയുടെ നിറമാണ്.  തീരവാസികള്‍ മാലിന്യം വലിച്ചെറിയുന്നത് ഇതിലേക്കാണ്.  പുഴ എല്ലാം ഏറ്റെടുക്കും എന്നു കരുതുന്നുണ്ടാവണം.  എന്നിട്ടവര്‍ പറയും ഞങ്ങളിപ്പോള്‍ ഈ വെള്ളത്തില്‍ കുളിക്കാറില്ലെന്ന്.  ചൊറിയുംപോലും!  

കേരളത്തിലെ ഏതാണ്ടെല്ലാ നദികളുടേയും അവസ്ഥ ഇതാണ്.  അരുവികളുടെ, കൈത്തോടുകളുടെ...ഒരു കൈത്തോടിനോടുപോലും നാം അതര്‍ഹിക്കുന്ന ആദരവ് നല്‍കുന്നില്ലതാണ് യാഥാര്‍ത്ഥ്യം.ഒരു ആറിന്റെ തീരത്താണ് ഞാന്‍ ജനിച്ചു വളര്‍ന്നത്.  ഗ്രാമത്തിന് ആറിന്റെ പേരായിരുന്നു.  ദേവിയാര്‍ ഞങ്ങളുടെ ദാഹത്തെ ശമിപ്പിച്ചു. മീന്‍ തന്ന്  രുചിയെ ശമിപ്പിച്ചു.  ഞങ്ങളെ കുളിപ്പിക്കുകയും കളിപ്പിക്കുകയും സ്വപ്‌നം കാണാന്‍ പഠിപ്പിക്കുകയും ചെയ്തു.
വാല്‍മാക്രിയെ നീന്താന്‍ പഠിപ്പിക്കേണ്ട എന്നു പറയുംപോലെയായിരുന്നു ഞങ്ങള്‍ നീന്താന്‍ പഠിച്ചത്. അത് എപ്പോള്‍ എങ്ങനെ പഠിച്ചു എന്നറിയില്ല. മുതിര്‍ന്നപ്പോള്‍ നന്നായി നീന്താനറിയാം എന്നേ അറിയുമായിരുന്നുള്ളു.  ഏതു മഴയിലും വെള്ളത്തിലും ഞങ്ങള്‍ തിമിര്‍ത്തു നീന്തി.     വേനലില്‍ വെള്ളം തട്ടിത്തെറിപ്പിച്ച് തീരത്തുകൂടെ നടന്നു.  
ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു ആറ്.  അമ്മയെപ്പോലെയായിരുന്നു എന്നു പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയില്ല.  രാത്രി ഉറങ്ങുമ്പോള്‍ ഞങ്ങള്‍ കേട്ടത് അവളുടെ താരാട്ടായിരുന്നു.  പുഴയുടെ ശബ്ദം, വെള്ളത്തിന്റെ മന്ത്രണമാണ് ഞങ്ങളെ ഉറക്കിയതും ഉണര്‍്ത്തിയതും.  ആറ്റിലെ വെള്ളത്തിന്റെ അളവിനെപ്പറ്റിയൊക്കെ ഞങ്ങള്‍ക്ക് നിശ്ചയമായിരുന്നു-അതെത്ര വരുമെന്ന് പ്രത്യേകിച്ച് മഴയുള്ള രാത്രികളില്‍...ആറ്റിലെ വെളളത്തിന്റെ ഉയര്‍ച്ചതാഴ്ചകള്‍ അത്രയ്ക്ക് ഞങ്ങള്‍ക്ക് നിശ്ചയമായിരുന്നു.  
ഇടയ്ക്ക് ആറ് അവളുടെ രൗദ്രരൂപം വെളിപ്പെടുത്തിക്കൊണ്ട് സംഹാരരൂപിണിയായി..ഞങ്ങളപ്പോള്‍ വിറച്ചു.  എന്നിട്ട്  ശാന്തരൂപിണിയാവുന്ന വേനലില്‍ കണക്കറ്റ് ഞങ്ങള്‍ കുത്തി മറിഞ്ഞു. 
നട്ടുച്ചയിലും പാതിരാത്രിയിലും മറുതകള്‍ ഇറങ്ങുമെന്ന് ഞങ്ങളെ പേടിപ്പിക്കാനായി  അമ്മുമ്മമാര്‍ കഥകള്‍ മെനഞ്ഞു. സ്വര്‍ണ്ണശകലങ്ങളുള്ള മത്സ്യകന്യകമാരുടെ കഥകള്‍ കേട്ടുവളര്‍ന്നു. രാത്രി പുഴയില്‍ നിന്നു കേട്ട അലക്കുശബ്ദം മുമ്പ് പുഴയിലൂടെ ഒഴുകിപ്പോയവരുടെ ആത്മാക്കളാണെന്ന് പറഞ്ഞു.  

 വേനലില്‍ പാറകള്‍ക്കിടയില്‍ ആറ്റുവഞ്ഞികള്‍ പൊടിച്ചു പന്തലിച്ചു.  കമ്മല്‍പ്പൂവും ഇലഞ്ഞിപ്പൂവും ഒഴുകിയെത്തി.  
ചൂണ്ടയുമായി പോയവര്‍ എത്രപെട്ടെന്നാണ് കോര്‍മ്പിലില്‍ മീനുമായി എത്തിയത്.  തീരത്ത് പലതരം മുളകള്‍, നായങ്കണ, ഒരുപാട് വേരുകളുമായി കണ്ടല്‍ സസ്യങ്ങള്‍, കൈതകള്‍...
വേനലില്‍ കുന്നുകളില്‍ വെളളമുണ്ടായിരുന്നില്ല.  ആറ്റിറമ്പില്‍ ഓലികുത്തി.  ഓലിയ്ക്കലേക്ക് ഒരുപാടു പെണ്ണുങ്ങള്‍ കുടങ്ങളും കലങ്ങളുമായി വന്നു.  തണുത്ത, കണ്ണീരുപോലെയുളള തെളിനീര്‍...

ഞണ്ടും കൊഞ്ചും ഞവണിക്കയും പൂമീനും കല്ലടാമുട്ടിയും പരലും വൈലേപ്പുള്ളിയും ....എത്രയെത്ര മീനുകള്‍, ജലസസ്യങ്ങള്‍, ജീവികള്‍...

കുറേക്കഴിഞ്ഞപ്പോള്‍ ഞങ്ങളുടെ തോട്ടിലൂടെ പരിചിതമല്ലാത്ത ഒരുസസ്യം ഒഴുകി വരാന്‍ തുടങ്ങി. ആഫ്രിക്കന്‍ പായലായിരുന്നു അത്.  അന്നുവരെ കേട്ടുകേഴ്‌വി മാത്രമായിരുന്ന തിലോപ്പിയ കൂട്ടമായി വന്നെത്തി..മിക്ക പറമ്പില്‍ നിന്നും മോട്ടോറുകളുടെ വാല്‌വുകള്‍ പച്ചപാമ്പെന്നപോലെ തോട്ടിലേക്ക് നീണ്ടു.  
ആദ്യമൊക്കെ മണലെടുപ്പ് വളരെക്കുറവായിരുന്നു.  പിന്നെ പിന്നെ മത്സരിച്ച് മണലുകോരലായി..ചുഴികള്‍ അപൂര്‍വ്വമായിരുന്നിടം മണല്‍ക്കുഴികളെകൊണ്ട് നിറഞ്ഞു.  വേനലിലും നിറം മാറി..തോട്ടുപുറമ്പോക്കുകള്‍ കൈയ്യേറി കെട്ടിടങ്ങള്‍ വന്നു.  ഗ്രാമത്തിന്റെ ഛായ മാറുന്നതിനനുസരിച്ച് അഴുക്ക് ആറ്റിലേക്കൊഴുകി.  എവിടെയും പ്ലാസ്റ്റിക്, സര്‍വ്വ അഴുക്കും അവള്‍ വഹിച്ചു. ഒരുപാട് പാറക്കൂട്ടങ്ങളുണ്ടായിരുന്നു.  അവയൊക്കെ പൊട്ടിച്ചെടുത്തു തീരവാസികള്‍..
കേരളത്തില്‍ ഏറ്റവും കൂടുതല്‍ മഴപെയ്യുന്ന നേര്യമംഗലം കാടിനിടയിലൂടെയാണ് ആറ് ഒഴുകിയിരുന്നത്.  പെരിയാറിന്റെ കൈവഴിയായി.  പക്ഷേ, മഴ നിന്നാല്‍ പുഴയുടെ ഒഴുക്കും നില്ക്കുന്നു ഇപ്പോള്‍.. പതുക്കെ പതുക്കെ വെള്ളമേ ഇല്ലാതാകുന്നു.  പുഴ ചാലുമാത്രമായി, ചിലയിടത്ത് കറുത്തവെള്ളത്തിന്റെ കുളങ്ങളായി മാത്രം മാറുന്നു. 
വെള്ളത്തെ തടഞ്ഞു നിര്‍ത്തേണ്ട പാറകളോ, അവയോട് പറ്റിച്ചേര്‍ന്നു നിന്ന ചെടികളോ ഇല്ല.  മണലെടുപ്പില്‍ കരയിടിഞ്ഞു തീരത്തെ മിക്കവാറും ചെടികളൊക്കെപ്പോയി.  മീനുകള്‍ ചത്തുപൊങ്ങുന്നു.  കുളിച്ചാല്‍ ചിരങ്ങും ചോറിയും വരുന്നു.   

ഇത് പത്തുമുപ്പതു വര്‍ഷംകൊണ്ട് ഞാന്‍ കണ്ട ഒരു പുഴയാണ്.  കേരളത്തിലെ എല്ലാ പുഴകളും ഇങ്ങനെതന്നെയാണ്.  
നാലുതരത്തിലാണ് പുഴകളില്ലാതാവുന്നത്.  ഇല്ലാതാവുന്നത് എന്നാല്‍ ഉപയോഗയോഗ്യമല്ലാതാകുന്നത്.  
വനനശീകരണം, മണലെടുപ്പ്, അണക്കെട്ട്, പിന്നെ മലിനീകരണവും.  
വനനശീകരണം എതാണ്ടെല്ലാ അറ്റത്തും എത്തിക്കഴിഞ്ഞു. അതിലൂടെ ജൈവവൈവിധ്യം തന്നെ ഇല്ലാതാകുന്നു. എത്രയെത്ര സസ്യങ്ങളും ജീവികളുമാണ് ഇല്ലാതാകുന്നത്. അവരുടെ ആവാസകേന്ദ്രമാണ് ഇല്ലാതാവുന്നത്.  സൂക്ഷ്മജീവികള്‍ മുതല്‍ ആനകള്‍ വരെയുള്ള ആവാസസ്ഥലങ്ങള്‍. ഇവയെല്ലാം പ്രകൃതിയില്‍ ഒറ്റദിവസംകൊണ്ടുണ്ടായതല്ല.  കാലാനുക്രമമായ വികാസ പരിണാമങ്ങളിലൂടെ സംഭവിച്ചതാണ്. അതാണ് കുറഞ്ഞ കാലം കൊണ്ട് അമിതമായ ചൂഷണത്തില്‍ ഇല്ലാതാകുന്നത.

മണലൂറ്റിനെപ്പറ്റി പറയാതിരിക്കുകയാണ് ഭേദം.  നിരോധനം വരുമ്പോള്‍..കളവു തുടങ്ങും.  വലിയവലിയ രമ്യഹര്‍മ്യങ്ങളും മാനത്തുതൊടുന്ന അവകാശവാദവുമായെത്തുന്ന ഫഌറ്റുകളും മതി നമുക്ക്.  നാളെത്തേക്ക്, ഭാവിക്കുവേണ്ടി ഒന്നും ആവശ്യമില്ല.  ഒന്നും വേണ്ടെന്നല്ല.  എല്ലാം വേണം. പക്ഷേ, അത് പ്രകൃതിയുടെ അവസ്ഥ അറിഞ്ഞുമാത്രമാവണം.  ഈ രമ്യഹര്‍മ്യങ്ങളുടേയും ഫഌറ്റുകളുടേയും ആയുസ്സ് എത്രയാണ്?  ഭൂമിക്കും ആ ആയുസ്സ് മതിയെന്നാണോ? 

സഹ്യന്റെ ഏതോ മലയിടുക്കില്‍ നിന്നും ഉത്ഭവിക്കുന്ന അരുവികള്‍ ഒരുമിച്ചുകൂടി പുഴയാകുന്നു.  നൂറ്റാണ്ടുകളെടുത്താണ് കല്ലുകള്‍ പൊടിഞ്ഞ് പൊടിഞ്ഞ് മണലായി മാറുന്നത്. ഇതിനൊന്നും എളുപ്പ വഴികളില്ല.  അമിതോപയോഗം പ്രകൃതിയുടെ നിലനില്പിനെ തന്നെ ബാധിക്കും.  
നദിക്കുകുറുകെയുള്ള അണകെട്ടല്‍ ശിശുഹത്യാപാപത്തിനു തുല്യമാണെന്ന് കാളിദാസന്‍ എഴുതിയിട്ടുണ്ട്.  എക്കാലത്താണ് പറഞ്ഞതെന്നോര്‍ക്കണം!    അണക്കെട്ടുകള്‍ വരുമ്പോള്‍ ഒരുകൂട്ടമാളുകള്‍ പലായനം ചെയ്യേണ്ടി വരുന്നു.  ഒരുകൂട്ടമാളുകള്‍ക്ക് വെള്ളം നിഷേധിക്കപ്പെടുന്നു.  എപ്പോഴും സമൂഹത്തിലെ താഴെതട്ടിലെ ജനവിഭാഗം മാത്രമായിരിക്കും ചൂഷണത്തിന് വിധേയരാവേണ്ടി വരിക.
നര്‍മ്മദയിലും ചാലിയാറിലും ആതിരപ്പള്ളിയിലും മുല്ലപ്പെരിയാറിലും പൂയംകുട്ടിയിലും എന്‍മകജെയിലും സൈലന്റ്‌വാലിയിലായാലും.. .. 
ശബ്ദത്തിന് കനം കുറഞ്ഞവരെ എളുപ്പത്തില്‍ നിശബ്ദരാക്കാം എന്നൊരു തന്ത്രം എക്കാലത്തും ഭരണകൂടം എടുത്തിട്ടുണ്ട്. പ്രകൃതിയുടെ ശബ്ദവും അവര്‍ കേള്‍ക്കാറില്ല.   

സംസ്‌ക്കാരങ്ങളെല്ലാം ഉടലെടുത്തത്  നദീതീരത്താണ്.  സിന്ധുനദീതടസംസ്‌ക്കാരമായാലും ഈജിപ്ഷ്യന്‍ സംസക്കാരമായാലും ടൈഗ്രിസിന്റെയും യൂഫ്രട്ടീസിന്റെയും ഹൊയാങ്‌ഹോയുടേയും മിസിസിപ്പിയുടേയും അങ്ങനെ അങ്ങനെ...
ആദിയില്‍ ജലം മാത്രമായിരുന്നു സര്‍വ്വം എന്നും ജലത്തില്‍ നിന്നാണ് സര്‍വ്വവും ഉടലെടുത്തതെന്നും ...
എന്നിട്ട് ജലമില്ലാതായാല്‍, പെയ്യുന്ന മഴമുഴുവന്‍ വേണ്ടപോലെ ഉപയോഗിക്കപ്പെടാതിരുന്നാല്‍?  

ഇപ്പോള്‍ പുഴകള്‍ നേരിടുന്ന ഏററവും വലിയ പ്രശ്‌നം മലിനീകരണമാണ്.  പലതരം മലിനീകരണങ്ങള്‍...പെരിയാറിന്റെയും ചാലിയാറിന്റേതുമൊക്കെ നമുക്കറിയാം.  കീടനാശിനി പ്രയോഗങ്ങള്‍, രാസവസ്തക്കള്‍ ഒഴുക്കിവിടല്‍, പ്ലാസ്റ്റിക്കും സര്‍വ്വമാലിന്യങ്ങളും ഒഴുക്കിവിടുന്നു.  എങ്ങോട്ടാണ് നമ്മള്‍...?
പ്രകൃതിയുടെ മരണം സംസ്‌ക്കാരത്തിന്റെ മരണമാണ്.  നമ്മുടെ തന്നെ മരണമാണ്.
-നിങ്ങള്‍ക്ക് എഴുതാന്‍ നിറഞ്ഞൊഴുകുന്ന പുഴയുണ്ടായിരുന്നു.  ഞങ്ങള്‍ക്ക് അങ്ങനെയുളള അനുഭവങ്ങള്‍ ഇല്ല.   വറ്റിയ പുഴയാണ് ഞങ്ങള്‍ കാണുന്നത്...അതിനെപ്പറ്റി മാത്രമേ ഞങ്ങള്‍ക്ക് എഴുതാനാവുന്നുള്ളു. അപ്പോള്‍ ഭാവി തലമുറ എന്തിനേപ്പറ്റിയാവും കഥയും കവിതയും എഴുതുക- എന്ന് അടുത്തൊരിക്കല്‍ ഒരു സാഹിത്യസദസ്സില്‍ ഒരുകുട്ടി ചോദിച്ചു. 
ഉത്തരം ഇത്തിരി തീഷ്ണമായിപ്പോകുമോ എന്ന ഭയത്തോടെയാണ് പ്രതികരിച്ചത്.  
പുഴകള്‍ മരിച്ചാല്‍ അതോടെ മനുഷ്യജീവന്റെ അവസാന കണികയും അപ്രത്യക്ഷമാകും.
ആരെങ്കിലും അവശേഷിച്ചാല്‍ അവര്‍ കഥയും കവിതയും എഴുതിയാല്‍ അത് വായിക്കാന്‍ ഇവിടെ ഒരു ജനത അവശേഷിക്കില്ല. 
ജലമില്ലാഞ്ഞാല്‍ എന്തു സംസക്കാരവും എന്തു ജീവിതവും എന്തു ജീവനും?  


പുഴയെപ്പറ്റി വായിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും പ്രിയപ്പെട്ട വരികള്‍ സിയാറ്റില്‍ മൂപ്പന്റെ പ്രസംഗമാണ്.
അമരേന്ത്യക്കാരുടെ ഭൂമി വേണമെന്ന ആവശ്യവുമായി വരുന്ന വെളുത്ത വര്‍ഗ്ഗക്കാരായ അമേരിക്കക്കാരോട് അമരേന്ത്യന്‍ മൂപ്പന്‍ പറയുന്ന വാക്കുകള്‍...
'പുഴകളിലും നദികളിലും തിളങ്ങിയൊഴുകുന്ന ജലം വെറും ജലമല്ല, ഞങ്ങളുടെ പൂര്‍വ്വികരുടെ രക്തമാണ്.  ഞങ്ങള്‍ നിങ്ങള്‍ക്ക് ഭൂമി വിറ്റാല്‍ ആ ജലം പാവനമാണെന്ന് നിങ്ങള്‍ക്ക് ഓര്‍മയുണ്ടാവണം.  അതു പാവനമാണെന്നുമാത്രമല്ല, സ്ഫടികംപെലയുള്ള തടാകപ്പരപ്പിലെ ഓരോ ഭൂതാവിഷ്ടനിഴലാട്ടവും പറയുന്നത് എന്റെ ജനതയുടെ ജീവിതസംഭവങ്ങളെപ്പറ്റിയും അവയുടെ ഓര്‍മകളെപ്പറ്റിയുമാണെന്നും നിങ്ങളുടെ മക്കളെ പഠിപ്പിക്കണം.

ജലത്തിന്റെ മര്‍മ്മരം എന്റെ അച്ഛന്റെയച്ഛന്റെ ശബ്ദമാണ്.  
നദികള്‍ ഞങ്ങളുടെ സഹോദരരാണ്.  അവര്‍ ഞങ്ങളുടെ ദാഹം തീര്‍ക്കുന്നു.  ഞങ്ങളുടെ വഞ്ചികളെ ചുമക്കുന്നു.  ഞങ്ങളുടെ കുഞ്ഞുങ്ങളുടെ വിശപ്പ് ശമിപ്പിക്കുന്നു.  ഞങ്ങള്‍ നിങ്ങള്‍ക്ക് ഭൂമി വിറ്റാല്‍ നദികള്‍ ഞങ്ങളുടേയും നിങ്ങളുടേയും സഹോദരരാണെന്ന് നിങ്ങള്‍ക്ക് ഓര്‍മ്മയുണ്ടായിരിക്കണം.  നിങ്ങളുടെ കുഞ്ഞുങ്ങളെ അത് പഠിപ്പക്കുകയും ചെയ്യണം.  മാത്രമല്ല, അന്നുമുതല്‍ നിങ്ങള്‍ ഏതൊരു സഹോദരനോടും കാണിക്കുന്ന കാരുണ്യം നദികളോടും കാണിക്കണം...'

എല്ലാം നഷ്ടപ്പെടാന്‍ പോകുന്നു എന്ന് അറിഞ്ഞുകൊണ്ട് തന്നെ ഈ പ്രസംഗം അവസാനിപ്പിക്കുന്നത് ഇപ്രകാരമാണ്.   അതിലെല്ലാമുണ്ട്.  
'ഇത് ഞങ്ങളുടെ ജീവിക്കലിന്റെ അന്ത്യമാണ്. അതിജിവനത്തിന്റെ തുടക്കവും'.

ചിന്തിച്ചു നോക്കുക-നമ്മുടെ ജീവിതവും അവസാനിച്ചു കഴിഞ്ഞു.  ഇന്നത്തെ ജനത അതിജീവനത്തിന്റെ പാതയിലാണ്. അതിജീവനം മാത്രമാണ് നമുക്കു മുന്നിലുളളത്.  അതിജീവനം മാത്രം.