Tuesday, December 23, 2008

നീയാണ്‌ യഥാര്‍ത്ഥ സഖാവ്‌

മുരളിയുടെ അച്ഛന്‌ എങ്ങനെയുണ്ട്‌ എന്ന്‌ ഓഡിറ്റര്‍ ചോദിക്കുമ്പോഴാണ്‌ ഞാനക്കാര്യം അറിയുന്നതു തന്നെ.

അല്ലെങ്കിലും കുറേ നാളായി ഞാനൊരു കൂട്ടിലാണ്‌. പുറം ലോകവുമായി ബന്ധമൊന്നുമില്ല. തൊട്ടടുത്തു നടക്കുന്ന കാര്യങ്ങള്‍ പോലും ശ്രദ്ധയില്‍ വരുന്നില്ല. കൂടിനു പുറത്തേക്ക്‌ കണ്ണും കാതും പോയാല്‍ ഉള്ളതൊക്കെക്കൂടി വിറ്റു പെറുക്കിയാല്‍പോലും നഷ്ടം നികത്താനാവില്ല. വല്ല്യ ഉണ്ണിയേട്ടന്‍ തന്നെ കൈപൊള്ളിയ അനുഭവവുമായി മുന്നിലുണ്ട്‌. ഒരു വൈകുന്നേരം ഉണ്ണിയേട്ടന്‌ മൂന്നു ലക്ഷമാണ്‌ കൈയ്യില്‍ നിന്നു വെക്കേണ്ടി വന്നത്‌ . ആരാ? എന്താ? എങ്ങനെയാ? എന്ന ചോദ്യങ്ങള്‍ക്കൊന്നും ഒരു പ്രസക്തിയുമില്ല. ആരായാലും അതിവിദഗ്‌ദനായ കള്ളന്‍ കൊണ്ടുപോയി എന്നെ അറിയൂ. പറഞ്ഞുവന്നത്‌ എന്റെ സഹപ്രവര്‍ത്തകന്‍ മുരുളിയെക്കുറിച്ചാണ്‌.

മുരളിയുടെ അച്ഛന്‍ മുറ്റത്തോ മറ്റോ വീണത്രേ! ഒരു വശം തളര്‍ന്നുപോയെന്നും തലയില്‍ രക്തം കട്ടപിടിച്ചെന്നും ഇപ്പോള്‍ ഐ സി യുവിലാണെന്നും അന്വേഷിച്ചപ്പോള്‍ അറിഞ്ഞു.

പ്രായമുണ്ട്‌. ഒന്‍പതോ പത്തോ മക്കളില്‍ അവസാനത്തേതാണ്‌ അവന്‍.
അച്ഛന്റെ വീഴ്‌ചയല്ല ചിന്തിപ്പിച്ചത്‌. കഴിഞ്ഞ ആറേഴുമാസമായി മുരളിക്ക്‌ മുന്നില്‍ എന്തൊക്കെയാണ്‌ വന്നുകൊണ്ടിരിക്കുന്നത്‌.

ഭാര്യ ഗര്‍ഭിണിയായിരുന്നു. രണ്ടാമത്തേത്‌. അവസാനമാസത്തിലാണ്‌ പെട്ടെന്ന്‌ ഇളക്കം നിലച്ചതും കുട്ടി മരിച്ചതും. അതുകൊണ്ടതന്നെ പൂര്‍ണ്ണ വിശ്രമത്തിലായിരുന്നു അവള്‍. വീട്ടില്‍ അച്ഛനുമമ്മയുണ്ട്‌.
അടുത്തിടെയായി അച്ഛന്‍ ആശുപത്രിയില്‍ തന്നെയാണ.‌ പ്രായത്തിന്റേതായ എല്ലാ അസുഖങ്ങളുമുണ്ട്‌. തിമിരത്തിന്‌ ശസ്‌ത്രക്രിയ ചെയ്‌തുവന്നപ്പോഴേക്കും രക്തസമ്മര്‍ദ്ദം കൂടി. അതിനു ചികിത്സചെയ്‌തപ്പോള്‍ മറ്റൊന്ന്‌. അമ്മയും വലിയ വ്യത്യാസമില്ല അസുഖക്കാര്യങ്ങളില്‍.

പെങ്ങള്‍ ഗര്‍ഭപാത്രം നീക്കംചെയ്യാനുള്ള ശസ്‌ത്രക്രിയക്കുവേണ്ടി മെഡിക്കല്‍ കോളേജിലായതും ഏതാണ്ടിതേ സമയത്താണ്‌. തീയറ്ററിലേക്കു കയറും മുമ്പ്‌ മൂത്രശങ്കമാറ്റുന്നതിന്‌ കക്കൂസില്‍ കയറിയതാണ്‌. കാല്‍വഴുതി ക്ലോസറ്റില്‍...ഗര്‍ഭപാത്രത്തിനു പകരം കാലാണ്‌ തത്‌ക്കാലം ഓപ്പറേഷന്‍ ചെയ്യേണ്ടി വന്നത്‌.

അന്നൊരു ഞായറാഴ്‌ചയായിരുന്നു. അച്ഛന്‍ ആശുപത്രിയില്‍ വന്നിട്ടേയുള്ളു. അമ്മക്കാണെങ്കില്‍ കണ്ണു ശസ്‌ത്രക്രിയക്ക്‌ പിറ്റേന്ന്‌ അഡ്‌മിറ്റാവണം. ഭാര്യ വിശ്രമത്തിലായതുകൊണ്ടും ....
കുറച്ചുദിവസമായി കിണറ്റില്‍ നിന്ന്‌ വെള്ളമടിക്കുന്ന മോട്ടോര്‍ പണിമുടക്കുന്നു. ഏതായാലും മോട്ടര്‍ നന്നാക്കി കളയാം എന്നു കരുതിയാണ്‌ കിണറ്റിലിറങ്ങിയത്‌. പഴയ കിണര്‍...പത്തിരുപതുകോല്‍ താഴ്‌ച്ച. മോട്ടോര്‍ നന്നാക്കി തിരിച്ചു കയറുമ്പോഴാണ്‌...ചവിട്ടിക്കേറിയിരുന്ന കല്ലിളകിയത്‌.....

ഒരു കാല്‍ ചെന്നടിച്ചത്‌ പാറയില്‍...പിന്നെ വെള്ളത്തിലോട്ട്‌....അരക്കൊപ്പമേ വെള്ളമുണ്ടായിരുന്നുള്ളു. കയറ്റാന്‍ നാട്ടുകാര്‍ ശ്രമിച്ച്‌ പരാജയപ്പെട്ടപ്പോള്‍ ഫയര്‍ഫോഴ്‌സ്‌ തന്നെ രക്ഷ. രണ്ടാഴ്‌ചയോളം ആശുപത്രിയില്‍...പിന്നെ പെങ്ങളുടെ വീട്ടില്‍..അച്ഛനെ ഒരു ചേട്ടന്‍ നോക്കി. അമ്മയെ മറ്റൊരാള്‍..ഭാര്യ അവളുടെ വീട്ടില്‍...

വടികുത്തിയെങ്കിലും നടക്കാനാവണമെങ്കില്‍ നാലുമാസം വേണം. ശരിക്കു നടക്കണമെങ്കില്‍ ഒരുവര്‍ഷത്തിലേറെ വേണമത്രേ!

മറ്റൊരു ഞായറാഴ്‌ച രാത്രിയിലാണ്‌ പ്രസന്നേച്ചിയുടെ ഫോണ്‍ 'മുരളിയുടെ ഭാര്യ പ്രസവിച്ചു. ഇത്തവണയും....'

വടികുത്തിപ്പിടിച്ച്‌ അവന്‍ വരാന്‍ തുടങ്ങി. വരാതെ നിവൃത്തിയില്ല. എടുക്കാവുന്ന അവധികളൊക്കെ കഴിഞ്ഞ്‌ ലോസ്‌ ഓഫ്‌ പേയിലാണിപ്പോള്‍.
പത്തിരുപതു കിലോമീറ്റര്‍ ദൂരത്തു നിന്നാണ്‌ വരേണ്ടത്‌.
ബസ്സില്‍ യാത്ര വയ്യ. ബന്ധുക്കളാരെങ്കിലും കൊണ്ടുവരികയും കൊണ്ടുപോവുകയും ചെയ്യുന്നു....
അതിനിടക്കാണ്‌ ഇപ്പോള്‍ അച്ഛന്‍....

മുരളി മെമ്പര്‍ഷിപ്പുള്ള ഒരു സഖാവാണ്‌.
അച്ഛന്റെ കാര്യം തിരക്കിയപ്പോള്‍ അതുപോലൊരു സഖാവായ സുഹൃത്തു പറഞ്ഞു.
" കാടാമ്പുഴപ്പോയി ഒരു മുട്ടറക്കിയാല്‍ തീരാവുന്ന കാര്യോളളൂ...പക്ഷേ, കേക്കണ്ടേ..."
ആ നിമിഷം എനിക്ക്‌ മുരളിയെക്കുറിച്ചോര്‍ത്ത്‌ അഭിമാനം തോന്നി.
അത്‌ വിശ്വാസത്തിന്റെയും അവിശ്വാസത്തിന്‍േയും പ്രശ്‌നമല്ല. ഇത്രയെല്ലാമായിട്ടും പലരും പറഞ്ഞിട്ടും തന്റെ നിലപാടുകളില്‍ നിന്ന്‌ വ്യതിചലിക്കാത്തതുകൊണ്ട്‌...
നീയാണ്‌ യഥാര്‍ത്ഥ സഖാവ്‌...ലാല്‍സലാം.

Thursday, December 18, 2008

ന്യായാധിപന്‍ നോവലെഴുതുമ്പോള്‍

'ടാ...ആ പയ്യ്‌ കരയണ്‌ കണ്ടില്ല്യേ. ഇവറ്റൊക്കെ എവിടെപ്പോയി ചത്തു. പഠിച്ച്‌ മൈസര്‍ട്ടാവാന്‍ പൂവ്വല്ലെ. പുസ്‌തകം തൊറന്നിങ്ങനെ ഇരുന്നാമതി'

ഉറുപ്പയിലെ ആത്മാവ്‌ മേയുന്ന മേഘങ്ങള്‍ എന്ന അദ്ധ്യായത്തില്‍ പശുവിനെ നോക്കാതെ പുസ്‌തകവുമായിരുന്ന അവനോട്‌ ഉമ്മ പറയുന്നതാണിത്‌. മുമ്പ്‌ അങ്ങനെയായിരുന്നു. പുസ്‌തകം തുറന്നിരുന്നാല്‍ 'പഠിച്ച്‌ മൈസര്‍ട്ടാവാന്‍ പൂവ്വല്ലേ' എന്ന ചോദ്യം കേള്‍ക്കേണ്ടി വരും. വീട്ടിലെ പണി കഴിഞ്ഞു മതി പഠിപ്പ്‌... ഏതായാലും ദാരിദ്ര്യത്തിലും കഷ്‌ടപ്പാടിലും അവന്‍ മജിസ്‌ട്രേറ്റ്‌ ആവുകതന്നെ ചെയ്‌തു. നോവലില്‍ മാത്രമല്ല യഥാര്‍ത്ഥ ജീവിതത്തിലും!

'ഇങ്ങക്ക്‌ അന്ന്‌ നിധികിട്ട്യോണ്ട്‌ കുട്ട്യോളൊക്കെ നല്ല നെലേലായീലേ'...എന്ന്‌ പഴയ ലക്ഷം വീടുകാണാനെത്തിയ ഉമ്മയോട്‌ അവിടുള്ളവര്‍ ചോദിക്കുന്നുണ്ട്‌. മുമ്പ്‌ ലക്ഷംവീട്ടില്‍ താമസിക്കുമ്പോള്‍ ഒരു ചാച്ചിറക്ക്‌ ഉണ്ടാക്കാന്‍ കുഴിയെടുത്തപ്പോള്‍ നായാടിയെ നന്നാങ്ങാടിക്കുവെച്ച മണ്‍ചാറയില്‍ കൈക്കോട്ടു തട്ടി... അതേപോലെ ആ കുഴിമൂടി. ലക്ഷംവീടിരുന്നിടം മുമ്പ്‌ നായാടികളുടെ ശ്‌മശാനമായിരുന്നു. എവിടെ ഒരു കുഴി തോണ്ടിയാലും അവിടെയെല്ലാം നായാടികളുടെ അസ്ഥികഷ്‌ണങ്ങള്‍ പൊങ്ങിവന്നു. നിധി കിട്ടിയതുകൊണ്ടാണ്‌ മക്കളൊക്കെ നല്ലയിലെത്തിയതെന്ന്‌ ലക്ഷംവീട്‌ നിവാസികള്‍ വിശ്വസിച്ചു. പക്ഷേ, കട്ടയില്‍ കിടന്ന്‌ കതിരായതാണ്‌... സ്വത്തിലും സമ്പത്തിലും പലര്‍ക്കും തോല്‍പ്പിക്കാന്‍ പറ്റി. പക്ഷേ, പഠിപ്പില്‍ തോല്‍പ്പിക്കാനായില്ല. അവനെ മാത്രമല്ല. സഹോദരങ്ങളെയും. രണ്ടുപേര്‍ ഡോക്‌ടറായി...ഒരനിയനും കൂടി മജിസ്‌ട്രേറ്റായി.. ജ്യേഷ്‌ഠനും സര്‍ക്കാര്‍ സര്‍വ്വീസില്‍...

ഇപ്പോള്‍ തിരുവനന്തപുരം കോടതിയില്‍ ഒന്നാംക്ലാസ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റായ എ. എം. ബഷീറിന്റെ ആത്മകഥാപരമായ നോവലാണ്‌ ഉറുപ്പ. കൂടുതല്‍ നാട്ടുപച്ചയില്‍




വി എസും സുരേഷ്‌കുമാറും പോരാളികളുടെ സമാഗമം -കെ കെ എസ്‌

അനീതിക്കെതിരെയുള്ള സുരേഷ്‌കുമാറിന്റെ പോരാട്ടം സുരേഷ്‌ഗോപി നായകനായ സിനിമയാക്കിയാല്‍ കേരളത്തില്‍ തകര്‍ത്തോടും. എന്നാല്‍ ജീവിതത്തിലെ പച്ചയായ പോരാട്ടത്തിന്‌ ധാര്‍മ്മിക പിന്തുണ നല്‍കാന്‍ എത്രപേരുണ്ടാകും ?

സ്നേഹപൌര്‍ണ്ണമിയുടെ കലഹം - ഇന്ദ്രബാബു


മണ്ണിനും മണല്‍ത്തരികള്‍ക്കും നോവാതെ നടന്നുവരുന്ന അപ്പന്‍സാറിനെ ആര്‍ക്കാണ് മറക്കാനാവുക? കൊല്ലം ശ്രീനാരായണ കോളേജിന്റെ വിശാലമായ ഗേറ്റ് കടന്ന് വലതുവശത്തുള്ള മലയാളം ഡിപ്പാര്‍ട്ട്മെന്റിലേക്ക് അദ്ദേഹം പ്രവേശിക്കുമ്പോള്‍ സാഹിത്യ കലയുടെ പ്രകാശഭവനമായി അവിടം മാറുന്നത് ഞാനറിഞ്ഞിട്ടുണ്ട്

ആ ചെരുപ്പിന്റെ വലിപ്പം - അനില്‍

ബുഷിനു നേര്‍ക്ക് ആദ്യ ഷൂ വലിച്ചെറിഞ്ഞശേഷം ആര്‍ജ്ജവത്തോടെ അയാള്‍ വിളിച്ച് പറഞ്ഞത്: “ഇറാഖികള്‍ നിനക്ക് തരുന്ന സമ്മാനമാണിത്. ‘പട്ടി’ത്തം കാണിച്ച നിനക്കുള്ള യാത്രാചുംബനം” എന്നാണ്. മാധ്യമ പ്രവര്‍ത്തകനെന്ന നിലയില്‍ അയാള്‍ ഇദപര്യന്തം ചെയ്ത ഏതൊരു ന്യൂസ് സ്റ്റോറിയെക്കാളും ഗംഭീരമായ ഒരു പ്രകടനം..

തുടങ്ങി പുതുവിഭവങ്ങളുമായി നാട്ടുപച്ച

Wednesday, December 3, 2008

നിങ്ങളുടെ കുട്ടി മഷിത്തണ്ടു കണ്ടിട്ടുണ്ടോ? ( ഒരു പഴുതാരയെ എങ്കിലും)

പച്ചയുടെ ഭൂപടം


ണ്ട്‌, വീടിനു പുറകിലെ മലയുടെ തുഞ്ചത്ത്‌ മിന്നാമിനുങ്ങുകള്‍ ചേക്കേറുന്നൊരു മരമുണ്ടായിരുന്നു!
അക്കരെയും ഇക്കരെയും കണ്ണെത്തുംദൂരം മലകളായിരുന്നതുകൊണ്ട്‌ ഞങ്ങള്‍ കുട്ടികളുടെ മനസ്സെപ്പോഴും മലയുടെ തുഞ്ചങ്ങളിലായിരുന്നു. നിരന്നു നിന്ന മരങ്ങള്‍ ഏതെന്നൊന്നും അറിയില്ലെങ്കിലും അവ ഓരോ രൂപങ്ങളായി ഞങ്ങള്‍ കണ്ടു. സാരിയുടുത്ത ചേച്ചി, തലയില്‍ പുല്ലുമായി നില്‍ക്കുന്ന ചേടത്തി, കുതിര, ഒട്ടകം തുടങ്ങി പലതരത്തില്‍ ആ മരങ്ങള്‍ക്ക്‌ ഞങ്ങള്‍ പേരു നല്‍കി. അത്തരം പേരു നല്‍കലിനിടയിലേക്കാണ്‌ തീപ്പാല എന്നൊരു ചെടിയെക്കുറിച്ച്‌ കേള്‍ക്കുന്നത്‌. മിന്നാമിനുങ്ങുകള്‍ ചേക്കേറുന്ന മരമായിരുന്നു അത്‌! രാത്രികാലങ്ങളില്‍ മലമുകളിലേക്കു നോക്കുമ്പോള്‍ ആ മരത്തില്‍ മാത്രം കൊച്ചുകൊച്ചുവിളക്കുകള്‍ മിന്നുകയും കെടുകയും ചെയ്‌തുകൊണ്ടിരിക്കും.
മിന്നാമിനുങ്ങുകളാണെന്നും അല്ലെങ്കില്‍ ആ ചെടിയുടെ പൂവിലോ ഇലയിലോ എന്തോ അത്ഭുതം സംഭവിക്കുന്നുഎന്നും ആളുകള്‍ വിശ്വസിച്ചു. പകല്‍ ഒന്നും സംഭവിക്കാതെ മരം നിന്നു. പ്രകാശം പരത്തുന്ന മരമുണ്ടായിരുന്നു എന്നല്ലാതെ എന്താണെന്നോ അതിലെന്തു പ്രതിഭാസമാണ്‌ സംഭവിക്കുന്നതെന്നോ ആരും മനസ്സിലാക്കാന്‍ ശ്രമിച്ചിരുന്നില്ലെന്നു വേണം കരുതാന്‍. നിര്‍ഭാഗ്യവശാല്‍ ഞങ്ങളുടെ ഓര്‍മയില്‍ ആ മരമില്ല. വിറകിനുവേണ്ടിയോ മറ്റോ മുറിച്ചിരിക്കാം.
അല്‍സ്റ്റോണിയ വെനുനേറ്റ എന്ന അണലിവേഗമാണ്‌ തീപ്പാല എന്ന പേരില്‍ അറിയപ്പെടുന്നതെങ്കിലും മിന്നാമിനുങ്ങുചെടിയും തീപ്പാല എന്ന പേരിലാണ്‌ അവിടെ അിറയപ്പെട്ടിരുന്നത്‌. അതുപക്ഷേ, പ്രകാശം പരത്തുന്നതുകൊണ്ടായിരിക്കാം. പ്രകാശം പരത്തുന്ന തീപ്പാലതന്നെയാണോ അണലിവേഗമെന്നറിയാന്‍ അന്വേഷിച്ചുനോക്കി. നിരാശയായിരുന്നു ഫലം.
അണലിവേഗത്തിന്‌ വെളുത്തപൂക്കളുണ്ടാകുന്നുണ്ടെങ്കിലും രാത്രികാലങ്ങളില്‍ ഇങ്ങനെ ഒരു പ്രതിഭാസമില്ലെന്ന്‌, അല്ലെങ്കില്‍ ഏതെങ്കിലും കാട്ടുസസ്യം പ്രകാശിക്കുന്നതായി അറിവില്ലെന്ന്‌ വംശനാശഭീഷണി നേരിടുന്ന സസ്യങ്ങളില്‍ ഗവേഷണം നടത്തുന്ന സുഹൃത്ത്‌ സി. എസ്‌. ധന്യ പറഞ്ഞു.


കാട്ടിലേക്കുള്ള കന്നിയാത്ര അഞ്ചാം വയസ്സിലായിരുന്നു. അതൊരിക്കലും കാടിനെ, സസ്യങ്ങളെ അടുത്തറിയാനുള്ള യാത്രയായിരുന്നില്ല. വിറകുവെട്ടുകാരന്‌ ഉച്ചയൂണുമായിപോകുമ്പോള്‍ അമ്മച്ചി എന്നെയും ഒപ്പം കൂട്ടിയതാണ്‌. പറമ്പിന്റെ തെക്കേ അതിരിലെ ചെരിഞ്ഞ പാറകേറിയാല്‍ പിന്നെ നിരന്ന പാറയും പുല്‍മേടും കടന്ന്‌ പൂസ്വാമിയുടെ പറമ്പിലെ മുനിയറയുടെ കിഴക്കുവകത്തുകൂടി കുറേ നടക്കണമായിരുന്നു. ഇത്രദൂരം ഞാന്‍ നടക്കുമോ എന്നായിരിക്കാം അന്ന്‌ അമ്മച്ചി ആശങ്കപ്പെട്ടത്‌. ഒരുകൂട്ട്‌ എന്നതിലപ്പുറം കാടുകാണിക്കാനൊന്നുമല്ല എന്നെയും കൂട്ടി നടന്നത്‌. പക്ഷേ, ഇന്നും ആ യാത്ര എന്റെ ഓര്‍മയിലുണ്ട്‌.
പൂസ്വാമിയുടെ പറമ്പ്‌ തീരുന്നിടത്ത്‌ ചതുപ്പുനിലത്തോട്‌ ചേര്‍ന്ന്‌ ഒരു ചോരക്കാലി വീണുകിടന്നിരുന്നു. കുറച്ചൊക്കെ വെട്ടിപ്പൊളിച്ച നിലയിലായിരുന്നു അതുകിടന്നിരുന്നത്‌. രക്തചന്ദനത്തിന്റെ നിറത്തോട്‌ ചേര്‍ന്ന ആ മരത്തില്‍ ഞാന്‍ ചേര്‍ന്നുനിന്നു. ചോരക്കാലിയുടെ വലിപ്പത്തെ അളക്കാനായിരുന്നു ആ നില്‌പ്‌.
വിറകിനും പുല്ലിനും ആളുകള്‍ ആ പ്രദേശത്തെയായിരുന്നു ആശ്രയിച്ചിരുന്നത്‌.
അതുകൊണ്ടുതന്നെ അത്ര വലിയ കാടൊന്നുമായിരുന്നില്ല അവിടം. ഒരു മൊട്ടക്കുന്ന്‌. ഇടയ്‌ക്കിടെ ഉയരമുള്ള മരങ്ങള്‍. കൊച്ചുമരങ്ങളോ ചെടികളോ കാര്യമായിട്ടില്ലായിരുന്നു.
ഇന്നവിടം വലിയ'കാടാ'ണ്‌. വനം വകുപ്പ്‌ ജണ്ടകെട്ടിത്തിരിച്ച്‌ വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചു. പക്ഷേ, അതിലധികവും ഒരു മരമെന്നുപോലും വിളിക്കാനാവാത്ത അക്കേഷ്യകളാണ്‌.

ആദ്യയാത്രയിലെ ഓര്‍മയില്‍ നിന്നത്‌ ചോരക്കാലിതന്നെയാണ്‌.
മലയിറങ്ങുന്നിടത്ത്‌ ഞങ്ങള്‍ക്ക്‌ കുറച്ചുസ്ഥലമുണ്ട്‌. തലച്ചുമടുമായി വരുന്നവര്‍ ആ പറമ്പിലെ മയിലെള്ളിന്‍ ചുവട്ടിലായിരുന്നു ഭാരമിറക്കി വിശ്രമിച്ചിരുന്നത്‌. കാട്ടില്‍നിന്നു കൊണ്ടുവരുന്ന മയിലെള്ളിന്റെ മഞ്ഞവിറക്‌ കണ്ടിട്ടുണ്ട്‌. എന്നാല്‍, ആ മരം ആദ്യമായി കാണുകയായിരുന്നു. നീണ്ടുനിവര്‍ന്നൊരു മരം. കൊച്ചുകൊച്ചിലകള്‍. അക്കൊല്ലം അമ്മായി പ്രസവിച്ചപ്പോള്‍ വേതുവെള്ളത്തില്‍ മയിലെള്ളിന്റെ ഇല കണ്ടു.




മുസ്ലീങ്ങള്‍ക്കിടയില്‍ ബറാഅത്ത്‌ രാവിനു മുമ്പായി തേരകത്തില കൊണ്ടുളള 'തേച്ചുകഴുകല്‍' ഒരാഘോഷമാണ്‌. ആത്മാക്കളെ പരലോകത്തുനിന്ന്‌ സ്വന്തം വീടുകളിലേക്ക്‌ പറഞ്ഞുവിടുന്നത്‌ ബറാഅത്ത്‌ രാവിലാണെന്നാണ്‌ വിശ്വാസം. ശരീരം നഷ്‌ടപ്പെട്ടവരായതുകൊണ്ട്‌ ആത്മാക്കള്‍ എവിടെയും വന്നിരിക്കാം. പക്ഷേ, വൃത്തിവേണം. അല്ലെങ്കില്‍ പരേതാത്മാവ്‌ കോപിക്കും. ശപിക്കും. അതുകൊണ്ട്‌ പായ, വിരിപ്പുകള്‍, പാത്രങ്ങള്‍ മുതല്‍ ചവിട്ടുപായ വരെ കഴുകി വൃത്തിയാക്കും. ഒപ്പം തടിയുപകരണങ്ങളും.
മേശ, കട്ടില്‍, കസേര, കുരണ്ടി, ചിരവ തുടങ്ങിയ തടിയില്‍ തീര്‍ത്ത ഉപകരണങ്ങള്‍ തേച്ചുകഴുകാന്‍ ഉപയോഗിക്കുന്നത്‌ തേരകത്തിലയാണ്‌. അന്നും ഇന്നും. തേരകത്തിലയക്ക്‌ നല്ല അരമുണ്ട്‌. ഈ ഇലകൊണ്ട്‌ തേച്ചുകഴുകിയാല്‍ ഏതു ചെളിയും ഇളകും. സോപ്പും ചകിരിയുമൊന്നും വേണ്ട.


ഞങ്ങളുടെ നാട്ടിലെ ഏതുകുട്ടിയും ആദ്യം കണ്ടുതുടങ്ങുന്ന ഔഷധസസ്യമാണ്‌ പനിക്കൂര്‍ക്ക. കുറുകല്‍, ജലദോഷം, ശ്വാസതടസം, പനി എന്തുവന്നാലും ആദ്യത്തെ മരുന്ന്‌ പനിക്കൂര്‍ക്കയില വാട്ടിപ്പിഴിഞ്ഞ്‌ നീരെടുത്ത്‌ തേനോ കല്‌ക്കമോ ചേര്‍ത്തു കൊടുക്കും. സമാനമാണ്‌ തുളസിയുടെ കാര്യവും. ചെറിയവിഷത്തിന്‌ തുളസിയുലയും മഞ്ഞളും അരച്ചു പുരട്ടും. ജലദോഷത്തിന്‌ ഇലയിട്ട്‌ എണ്ണമൂപ്പിക്കും.



സ്‌കൂളില്‍ ചെറിയ ക്ലാസില്‍ പഠിക്കുമ്പോള്‍ ഏറ്റവും അടുപ്പം തോന്നിയത്‌ സ്ലേറ്റുപച്ചകളോടാണ്‌. വെറ്റിലപ്പച്ച എന്ന മഷിത്തണ്ടും, അപ്പൂപ്പന്‍താടിയുടെ തണ്ടും പാറപ്പച്ചയും തേടി നടക്കും. ഇടക്കയ്യാലകളില്‍ ഇടതൂര്‍ന്നു നില്‌ക്കുകയാവും വെറ്റിലപ്പച്ച. ഗന്ധത്തിലും ആകൃതിയിലും വെറ്റിലയോട്‌ സാമ്യമുള്ളതുകൊണ്ടാവണം മഷിത്തണ്ടിന്‌്‌ വെറ്റിലപ്പച്ചയെന്ന്‌്‌ പേരുവന്നത്‌. ആര്‍ക്കുമൊരു കാര്യവുമില്ലെന്നുതോന്നും അപ്പൂപ്പന്‍താടി കണ്ടാല്‍. ഇഞ്ചിക്കും കപ്പക്കും കളപറിക്കുമ്പോള്‍ ഗമയില്‍ നില്‌ക്കുന്ന ഇവരെ പറിച്ചൊരേറാണ്‌. പക്ഷേ, കുട്ടികള്‍ക്കതിനെ മറക്കാനാവില്ല. മാംസളമായ തണ്ടുകള്‍ ഒടിച്ചെടുത്ത്‌ സ്ലേറ്റുമായ്‌ക്കും. പൂവ്‌ മൂപ്പായി പൊട്ടുന്നത്‌ കാറ്റത്ത്‌ പറക്കുമ്പോള്‍ ഒപ്പം ഓടി, വീണ്ടും ഈതിപ്പറത്തി...പറന്ന്‌..പറന്ന്‌...


ഒരുകുട്ടി പൂവാങ്കുറുന്തലും കറുകയും മുക്കുറ്റിയും നിലപ്പനയുമൊക്കെ മനസ്സിലാക്കുന്നത്‌ പെട്ടൊന്നൊരു ദിവസം സസ്യങ്ങളെ പഠിക്കാനിറങ്ങുന്നതുകൊണ്ടല്ല. വളരെ പതുക്കെ അവളുടെ ജീവിതത്തിലേക്ക്‌ കടന്നു വരുകയാണ്‌ ഓരോന്നും. നിലത്ത്‌ കൊച്ചുതെങ്ങിനെ കാണുകയാണ്‌ മുക്കൂറ്റിയിലൂടെ-എണ്ണകാച്ചാന്‍ കയ്യോന്നി നോക്കി അമ്മയുടെ കൈപിടിച്ചു നടക്കുമ്പോഴാവും മുയല്‍ ചെവിയനെ കാണുന്നത്‌. ചുമച്ച്‌ തൊണ്ടപൊട്ടുമ്പോള്‍ മുയല്‍ ചെവിയന്‍െയും ആടലോടകത്തിന്റെയും കൈയ്‌പ്പറിയും.


ഒരുപാട്‌ ഈറ്റത്തുറുകളുണ്ട്‌ നാട്ടില്‍. അത്‌ കുറേ സസ്യങ്ങളെയും ചെറുജീവികളേയും പക്ഷികളേയും സംരക്ഷിക്കുന്നു. സസ്യങ്ങളിലൊന്നാണ്‌ കാട്ടുപടവലം.
മുമ്പ്‌ പല ചെറുപ്പക്കാരും ഉപ്പും അരിയും പലവ്യജ്ഞനങ്ങളുമായി കാട്ടിലേക്കു പോയിരുന്നു, ഈറ്റവെട്ടു തൊഴിലാളികളെപ്പോലെ. ഇവര്‍ പോയത്‌ കാട്ടുപടവലം തേടിയായിരുന്നു. ആഴ്‌ചയിലൊരിക്കല്‍ വരും. വീണ്ടും പോകും. അന്നൊക്കെ പടവലം പറിക്കാന്‍ പോയി എന്നു കേള്‍ക്കുമ്പോള്‍ ഇതെന്തിനായിരിക്കും എന്നു തോന്നിയിരുന്നു. ചികിത്സിക്കാന്‍ തുടങ്ങിയപ്പോഴാണ്‌ ഗുണമറിയുന്നത്‌. വിഷത്തിനും, വ്രണത്തിനും, രക്തശുദ്ധിക്കും, ചര്‍മരോഗത്തിനും വിരേചനത്തിനുമെല്ലാം ഉപയോഗിക്കുന്നതാണിത്‌.

ഞങ്ങളുടെ പറമ്പിനെയാകെ തണല്‍വിരിച്ചു നില്‌ക്കുന്ന ഒരു ആഞ്ഞിലിയുണ്ട്‌. അതിരിലെ മലയേക്കാള്‍ ആഞ്ഞിലിക്കാണു പൊക്കമെന്ന്‌ അടുത്തു നില്‌ക്കുമ്പോള്‍ തോന്നിയിരുന്നു. അത്രയും പൊക്കത്തിലും വണ്ണത്തിലുമാണ്‌ അതിന്റെ നില്‌പ്‌. രണ്ടോ മുന്നോ കിലോമീറ്റര്‍ അകലെ നിന്നു നോക്കിയാല്‍, അല്ലെങ്കില്‍ അക്കരെ മലയില്‍ നിന്നു നോക്കിയാല്‍ ഞങ്ങളുടെ പറമ്പിന്റെ അടയാളമായികണ്ടിരുന്നത്‌ ഈ ആഞ്ഞിലിയിലായിരുന്നു. ആഞ്ഞിലിയുടെ ചുവട്‌ പെരുംകാടാണ്‌. കല്ലാലും കൊങ്കിണിയും വട്ടയും വെള്ളിലയും പലതരം വള്ളികളും പാഴ്‌ച്ചെടികളും നിറഞ്ഞകാട്‌. അതുകൊണ്ട്‌ ചുവട്ടിലേക്കൊന്നും പോകാറില്ല. ഇത്രവലിയ മരമായിരുന്നിട്ടും ഒരു ചക്കതരാന്‍ അതിനായില്ല. ആഞ്ഞിലി മച്ചിപ്ലാവായിരുന്നില്ലെന്നത്‌ സത്യമാണ്‌. കൊച്ചുകൊച്ചുകുരു, ചിലപ്പോള്‍ ചക്കയുടെ മുള്ളന്‍ തൊലി ചിതറി കിടന്നിരുന്നു. ഉയരമാവണം ചിതറിപ്പോകുന്നതിന്‌ കാരണം. പ്രായമായതുകൊണ്ട്‌ കായ്‌്‌ഫലം കുറവായിരുന്നിരിക്കുകയുമാവാം.
അവിടെനിന്നും കുറച്ചുമാറി പാലയുടെ കുറ്റി തളിര്‍ത്തു നിന്നിരുന്നു. പാലയാണ്‌. പേടിക്കണം! പാലക്കെപ്പോഴും അപസര്‍പ്പക കഥകളുമായാണ്‌ ബന്ധം. പക്ഷേ, അതിനുചുവട്ടിലൂടെ നട്ടുച്ചക്കുപോലും നടന്നിട്ടുണ്. ചുവട്ടിലിരുന്നിട്ടു
ണ്ട്‌്‌
മറയൂരിലെ കാച്ചാംകാട്ടില്‍ ഒരു വശത്ത്‌്‌ ഊരുകാരുടെ ശ്‌മശാനവും മറുവശത്ത്‌ ചക്ലിയ ശ്‌മശാനവുമായിരുന്നു. കാച്ചാംകാടെന്നുപറഞ്ഞാല്‍ എല്ലാവര്‍ക്കും ഭയമായിരുന്നു. അവിടെയാണ്‌ വഴിവക്കിലെ ചെമ്പകച്ചോട്ടില്‍ ഒരുരാത്രി നന്നായി കിടന്നുറങ്ങിയെന്ന്‌ അന്തോണിച്ചേട്ടന്‍ പറഞ്ഞത്‌. അന്ന്‌ മൂന്നാംക്ലാസ്സിലായുരുന്ന എന്റെ മനസ്സിലെ പ്രേതം, പിശാച്‌, യക്ഷി തുടങ്ങിയവരിലുള്ള വിശ്വാസത്തെ ആകെ മാറ്റിമറിക്കുന്നതായിരുന്നു ആ വിവരണം.
പാല, ചെമ്പകം, പന, പാല്‍മരങ്ങള്‍ തുടങ്ങിയവയാണ്‌ ഇവരുടെ ഇരിപ്പിടങ്ങള്‍.
തേങ്ങയിടുന്ന സമയത്ത്‌ മണ്ഡരിബാധിച്ചതുപോലെയുള്ള ചകിരിത്തൊണ്ടിലെ അടയാളങ്ങള്‍, കാമ്പിന്‌ ഭംഗിയില്ലായ്‌മ കണ്ടാല്‍, പൊതിച്ചെടുത്താല്‍ ചിരട്ടമാത്രമേ ഉള്ളൂവെങ്കില്‍ കുറ്റം തേരിനാണ്‌. രാത്രകാലങ്ങളില്‍ തെങ്ങിന്‌ ചേര്‍ന്ന്‌ തേരോട്ടമുണ്ടത്രേ! തേരൂമ്പൂന്നതാണെന്ന്‌ നാട്ടുമൊഴിയില്‍ പറയും. തേരിനേയും ഗന്ധര്‍വ്വനേയുമൊക്കെ തടയാനാണ്‌ പറമ്പിന്റെ മൂലകളില്‍ നായ്‌ക്കരിമ്പ്‌്‌ നടുന്നത്‌.

പാറയില്‍ ചൂല്‍പുല്ല്‌ വളര്‍ന്നു നില്‌ക്കും. മൂപ്പായാല്‍ ഈ പുല്ല്‌ മുറിച്ചുകൊണ്ടുവന്നാണ്‌ അകമടിക്കാനുള്ള ചൂലുണ്ടാക്കുന്നത്‌. വീടുമേയാനുള്ള പോതപ്പുല്ലിന്റെ പൂങ്കുലയും ചൂലിനെടുക്കും. ചൂല്‍പുല്ലിനെക്കാളും ബലം കൂടും. പട്ടിത്തിനയും ഉപയോഗിക്കുന്നവരുണ്ട്‌.
പുല്ലുകളില്‍ കേമന്‍ തെരുവപ്പുല്ലെന്നു വിളിക്കുന്ന ഇഞ്ചിപുല്ലാണ്‌. തെരുവപ്പുല്ലില്ലാത്ത പറമ്പോ, കാടോ ഇല്ലെന്നുപറയാം. കൃഷിയായി നിര്‍ത്തുന്നവരുമുണ്ട്‌. തൈലംവാറ്റി വില്‍ക്കാനാണിത്‌.
കോഴിപ്പേന്‍ പെരുകിയാല്‍ ചതച്ച്‌ കൂട്ടിലും പരിസരത്തുമിട്ടാല്‍ മതി. ജലദോഷവും കഫക്കെട്ടുമുണ്ടാവുമ്പോള്‍ പുല്ലിട്ട്‌ തിളച്ച വെള്ളത്തില്‍ ആവി പിടിക്കാം.
എല്ലാത്തിലുമേറെ സുഗന്ധദ്രവ്യങ്ങളില്‍പെടുന്നു എന്നതാണ്‌. അണുനാശിനിയുമാണ്‌. തൈലത്തിലെ പ്രധാനഘടകമായ സിട്രാള്‍ വിറ്റാമിന്‍ അ യുടെ സംശ്ലേഷണത്തിന്‌ ഉപയോഗിക്കുന്നു.
സ്‌കൂളിലേക്കുപോകുമ്പോള്‍ തെരുവപ്പുല്ലിന്റെ അറ്റങ്ങള്‍ തമ്മില്‍ കൂട്ടിക്കെട്ടും. അധ്യാപകരുടെ ചൂരല്‍പ്രയോഗത്തില്‍ നിന്ന്‌ രക്ഷപെടാനുള്ള മാര്‍ഗം. പഠിക്കാത്തതിന്‌ അടിവാങ്ങുന്ന കുട്ടിയായിരുന്നില്ല ഞാന്‍. എന്നിട്ടും കൂട്ടുകാര്‍ കെട്ടുന്നതു കാണുമ്പോള്‍ കെട്ടിപ്പോകും. ഉള്ളില്‍ ഭയമുണ്ടല്ലോ!
ഏഴാംക്ലാസ്സില്‍ വെച്ച്‌ കണക്കിന്റെ ക്ലാസ്‌ പരീക്ഷക്കിടയിലാണ്‌ ചിന്നമ്മ ടീച്ചര്‍ ഒരു വടിവെട്ടിക്കൊണ്ടുവരാന്‍ പറഞ്ഞത്‌. ക്ലാസിനു പുറകിലെ കാട്ടില്‍ നിന്ന്‌ പാണല്‍വടിയൊടിച്ചു. അന്ന്‌ വടികൊടുത്ത്‌ അടിവാങ്ങിയത്‌ അടുത്തിരുന്ന കൂട്ടുകാരിക്ക്‌ ഉത്തരം കാണിച്ചുകൊടുത്തതിനായിരുന്നു.

നവജാതശിശുക്കള്‍ക്ക്‌ ചീത്തയുടെ ഉപദ്രവമുണ്ടാകാതിരിക്കാന്‍ പ്രതിരോധത്തിന്റെ വേലി തീര്‍ക്കുന്നു പാണലില. കൊച്ചുകുട്ടികളുമായി യാത്രചെയ്യുമ്പോള്‍ അവരുടെ ഉടുപ്പില്‍ പാണലില വെയ്‌ക്കും. അമ്മമാര്‍ മാറില്‍ പാണലിലവെച്ചാല്‍ മുലപ്പാല്‍ കേടാകില്ലെന്നാണ്‌ വിശ്വാസം.


ആര്‍ക്കെങ്കിലും അടികിട്ടിയാല്‍ 'ഇഞ്ച ചതക്കുന്നപോലെ ചതച്ചു' എന്നാണ്‌ പറയാറ്‌. ഇഞ്ച എന്നാല്‍ വളളി വര്‍ഗ്ഗത്തില്‍പ്പെട്ട സസ്യമാണ്‌. കൂമുള്ളും ഈ ഗണത്തില്‍പ്പെടും. മൊത്തത്തില്‍ മുള്ള്‌. അത്രയെളുപ്പത്തില്‍ വെട്ടിയെടുക്കാമെന്നു കരുതേണ്ട. പരിചയസമ്പന്നര്‍ക്കേ ഇഞ്ചവെട്ടാന്‍ പറ്റൂ. വെട്ടിയെടുത്ത്‌ മുള്ളുകളഞ്ഞ്‌ വലിയ മുട്ടിത്തടിക്കുമുകളില്‍വെച്ച്‌ ചതച്ചെടുക്കണം. തോലാണ്‌ ഉപയോഗയോഗ്യം. ഞങ്ങളുടെ നാട്ടിലെ പെണ്ണുങ്ങള്‍ക്ക്‌ താളിയും ഇഞ്ചയില്ലാതെ കുളി ചൊവ്വാവില്ല.
താളിയെന്നാല്‍ വെള്ളിലയോ, ചെമ്പരത്തിയോ, കുറുന്തോട്ടിയോ, പാടത്താളിയോ ഏതുമാവാം. ഓരോരുത്തരുടെയും തലക്കുപിടിക്കുംപോലെയാണ്‌ താളിയുടെ തെരഞ്ഞെടുപ്പു. ഏതു താളിക്കുമൊപ്പം ഇഞ്ചചേര്‍ക്കും. തണുപ്പിനെ കുറക്കും. ചെളിനന്നായി ഇളക്കും. പേറ്റുകുളിക്ക്‌ ഇഞ്ചക്കൊപ്പം വെള്ളിലയാണ്‌ കൂടുതല്‍ ഉപയോഗിച്ചു കാണുന്നത്‌.
പാടത്താളിയുടെ കിഴങ്ങ്‌ വിഷത്തിനും ചര്‍മരോഗങ്ങള്‍ക്കും രക്തശുദ്ധിക്കും ഉപയോഗിച്ചു വരുന്നു.

വിരിപ്പു വിതയില്‍ തുടങ്ങുന്നു ഹൈറേഞ്ചുകാരുടെ നെല്ലുമായുള്ള ബന്ധം. കാടു വെട്ടിത്തെളിച്ച്‌ കത്തിച്ച്‌ ആ പറമ്പില്‍ നെല്ലുവിതയ്‌ക്കുന്നതാണ്‌ വിരിപ്പു വിത. വയലായിരുക്കില്ല. കര. ചാമ, കുറുമ്പുല്ല്‌, എള്ള്‌ തുടങ്ങിയവയൊക്കെ വിതയ്‌ക്കുന്നവരുണ്ട്‌. വിരിപ്പുവിത കൊയ്‌തെടുത്ത ശേഷമാണ്‌ പറമ്പില്‍ മറ്റുകൃഷികള്‍ തുടങ്ങുന്നത്‌.
ഞങ്ങളുടെ നാട്ടിലെ പലരുടേയും വയസ്സ്‌ വിരിപ്പു വിതയുമായി ബന്ധപ്പെട്ടാണു കിടക്കുന്നത്‌. സ്‌കൂളില്‍ ചേര്‍ക്കാന്‍ ജനനത്തീയതി ചോദിക്കുമ്പോള്‍ പല രക്ഷിതാക്കളും അര്‍ത്ഥ ശങ്കയ്‌ക്ക്‌ ഇടയില്ലാതെ പറയുന്നതാണ്‌.
'വിരിപ്പു വെതച്ച കൊല്ലമുള്ളതാ..'.


വീപ്പീത്തായുടെ ആരോഗ്യരഹസ്യം


ഞങ്ങളുടെ അയല്‍ക്കാരിയാണ്‌ വീപ്പീത്ത. കൂലിപ്പണിക്കാരി. അന്‍പത്തിയഞ്ച്‌ വയസ്സിന്‌ മുകളില്‍ പ്രായമുണ്ട്‌. ഏതുപണിക്കും പോകും. കല്ലുചുമക്കാനോ, തടിചുമക്കാനോ , പറമ്പില്‍ പണിയ്‌ക്കോ എന്തിനും. ഒരുപണിയുമില്ലാത്ത ദിവസങ്ങളില്‍ കാട്ടില്‍ വെറകിനുപോകും . വെറുതെ ഇരിക്കുന്ന പരിപാടിയില്ല. പക്ഷേ, ഭാരം കൂടിയ പണിയെടുത്താല്‍ മേലുനൊമ്പരം വരും. ആറ്റില്‍ കുളിച്ചാല്‍ പറയുകയും വേണ്ട. വേദന കൂടും.

ആടിന്‌ തീറ്റവെട്ടിക്കൊണ്ടുവരുന്നതുപോലെയാണ്‌ വീപ്പീത്ത പനിച്ചംപുളി വെട്ടിക്കൊണ്ടുവരുന്നത്‌. പനിച്ചംപുളിയെന്നാല്‍ നക്ഷത്രത്തെ ഓര്‍മിപ്പിക്കുന്ന പുളിയിലയാണ്‌. തണ്ടിലും ഇലയിലുമെല്ലാം മുള്ള്‌. ഇതിനുംമാത്രം പനിച്ചംപുളിയില എന്തിനാണെന്നോര്‍ക്കും കൊണ്ടുവരുന്നതു കാണുമ്പോള്‍. ഓരോ ഇലയും സൂക്ഷിച്ചുനോക്കി, നല്ലതുമാത്രം എടുത്തുവെയ്‌ക്കും വീപ്പീത്ത. ഇലയും കാന്താരിമുളകും ഉപ്പും ചേര്‍ത്തരച്ച്‌ അതില്‍ വെളിച്ചെണ്ണയും ചെറിയ മത്തി നുറുക്കിയതും ചേര്‍ത്ത്‌ ചട്ടിയില്‍ പരത്തി അടചുടും. ചുട്ടെടുക്കുന്ന അട പെട്ടെന്നൊന്നും കേടാകില്ല. ഇത്‌ പനിച്ചംപുളിയുടെ ഒരുവശം.
അടുത്തത്‌ പുളിയില രഅരച്ച്‌ മേലാകെതേച്ച്‌ കുളിക്കും. അല്ലെങ്കില്‍ പുളിയിലയിട്ട്‌ ചൂടാക്കിയ വെള്ളത്തില്‍ കുളിക്കും.
മേലുനൊമ്പരത്തിന്‌ ഇതില്‍പ്പരം ഒരു മരുന്നില്ലെന്ന്‌ വീപ്പീത്ത പറയും.
കറിയെന്താ എന്നുചോദിച്ചാല്‍ രണ്ടുത്തരമേ കിട്ടൂ.
ഒന്ന്‌ പുളിയട. രണ്ടാമത്തേത്‌ ചേമ്പിന്‍താള്‌.
പനിച്ചംപുളിയില വെട്ടിക്കൊണ്ടുവരുന്നതുപോലെ തന്നെയാണ്‌ താഴെ കൈത്തോട്ടില്‍ കൂട്ടമായി വളരുന്ന കാട്ടുചേമ്പിന്‍താള്‌ വെട്ടിക്കൊണ്ടുവരുന്നതും.

മുറ്റത്തു നിന്ന തൈപ്ലാവ്‌ വളരുന്നതിനൊപ്പം ഞങ്ങള്‍ കണ്ടത്‌ അതിലൊരു വെറ്റിലക്കൊടികൂടി പടര്‍ന്നു കയറുന്നതാണ്‌. മുറുക്കുന്നത്ത അതിനുചുവട്ടില്‍ തുളസിച്ചെടികള്‍ വെട്ടിമൂടുമായിരുന്നു. ആറ്റിറമ്പില്‍ നിന്ന തുളസി വരെ പിഴുതെടുത്ത്‌ വെറ്റിലച്ചുവട്ടില്‍ ഇട്ടിരുന്നു. മുറുക്കുമ്പോള്‍ ചൊരുക്കുണ്ടാവാതിരിക്കാനാണെന്നായിരുന്നു കാരണം പറഞ്ഞത്‌. വേനലില്‍ വെല്‌
ളളമൊഴിച്ചുകൊടുത്തു. ചികിത്സതേടി വരുന്നവര്‍ക്ക്‌ വെള്ളമോതുമ്പോള്‍ മൊന്ത മൂടാന്‍ ഒരു തളിര്‍വെറ്റില നുള്ളും. മരുന്നുപാത്രം മൂടാനും അങ്ങനെതന്നെയായിരുന്നു.
വെറ്റിലക്ക്‌ വിലകൂടുമ്പോഴും കിട്ടാനില്ലാത്തപ്പോഴും അയല്‍വക്കത്തെ മുറുക്കുന്നവര്‍ വെറ്റിലതേടി വരും. പഴുത്തുവീഴുന്ന ഇലയായാലും മതിയായിരുന്നു പലര്‍ക്കും.
എന്നാല്‍, മുറുക്കുന്നത്തയുടെ മരണശേഷം വിഷംതൊട്ടുവന്ന ഒരാള്‍ അമ്മച്ചിയോട്‌ ചോദിച്ചു
എന്തിനാ വെറുതെ ഒരുകാര്യവുമില്ലാതെ വെറ്റിലക്കൊടി പടര്‍ത്തുന്നതെന്ന്‌. ആനേരത്ത്‌ കുരുമുളകുവള്ളിയായിരുന്നെങ്കില്‍ എന്തു ഗുണമുണ്ടാവുമെന്നും.
അമ്മച്ചിയത്‌ അത്തയോട്‌ പറയേണ്ട താമസം. കടയോടെ വെട്ടി. എന്തിനിതു ചെയ്‌തെന്ന്‌ പലരും ചോദിക്കാന്‍ തുടങ്ങി. മുറ്റത്തൊരു തുളസിവെറ്റില ഐശ്വര്യമല്ലേ? കഷ്‌ടകാലം വരാന്‍ പോകുന്നതുകൊണ്ടാണ്‌ അതുവെട്ടാന്‍ തോന്നിയതെന്നായി.
വേരോടെ പിഴുതെടുക്കാഞ്ഞതുകൊണ്ട്‌ കുറ്റിയില്‍ വെള്ളമൊഴിച്ചു. തണല്‍ നല്‌കി. വീണ്ടും മുളപൊട്ടി. പ്ലാവില്‍ പടര്‍ന്നുകയറി.

പുസ്‌തകങ്ങളിലൊന്നും കാണാത്ത ചില മരുന്നുചെടുകള്‍ മുറുക്കുന്നത്ത കാണിച്ചു തന്നിരുന്നു. പലപ്പോഴും വേദനക്കും നീരിനുമൊക്കെ അത്‌ ഉപയോഗിക്കുകയും ചെയ്‌തിരുന്നു.
ഔഷധമൂല്യമില്ലാത്ത ഒരു പുല്‍ക്കൊടിയും നമുക്കു ചുറ്റിലുമില്ലെന്നാണ്‌ ചാര്‍വാക ദര്‍ശനം.

കമ്മല്‍പ്പൂവെന്ന്‌ ഞങ്ങള്‍വിളിക്കുന്ന ഒരു തരം കൊച്ചു പൂവ്‌ ആറ്റിലൂടെ ഒഴുകി വരുന്നതു കാണാം. അതു ഞങ്ങള്‍ നീന്തിപ്പിടിക്കും. ആറ്റിറമ്പത്തുനില്‍ക്കുന്ന ഏതോ മരത്തിന്റെ പൂവാവണം. ആറിനോട്‌ ചേര്‍ന്ന വഴിയിലൂടെ പോകുമ്പോള്‍ പലപ്പോഴും ആ മരം ഏതെന്ന്‌ നോക്കാറുണ്ട്‌. പക്ഷേ, അതേതു മരമെന്ന്‌ ഇന്നുമറിയില്ല.
വേനലായാല്‍ വെള്ളം കുറയും. പാറതെളിയും പാറയിടുക്കിലെ ഇത്തിരി മണ്ണില്‍ കല്ലൂര്‍വഞ്ചികള്‍ കടുകുമണിപ്പൂക്കളോടെ ഞങ്ങളെനോക്കും. പഴുത്ത മഞ്ഞകായ്‌ക്ക്‌ ഒരു കുരുമുളകിന്റെ വലിപ്പമേയുള്ളുവെങ്കിലും ഓരോന്നും ശ്രദ്ധയോടെ പറിച്ചെടുത്ത്‌ വായിലിടും.

പുളിയാറലിന്റെ കൊച്ചുവെണ്ടക്ക പോലുള്ള കായ തിന്ന്‌ ചെറിയ പുളിരസമറിയും. ഞൊട്ടാഞൊടിയനും, കാന്താരിപ്പഴവും(ചുക്കുട്ടിച്ചീര, കടുമുടുങ്ങ) , പൂച്ചപ്പഴവുമൊക്കെ ഇങ്ങനെ പ്രിയങ്കരമായിരുന്നു. ഇലവിന്റെ വലിയ മുള്ളുകള്‍പൊട്ടിച്ചെടുത്ത്‌ കാപ്പിത്തളിരും ചേര്‍ത്ത്‌ മുറുക്കും. ഇലവ്‌ ഔഷധമെന്നതിനേക്കാള്‍ തീപ്പെട്ടികമ്പനിക്കാര്‍ വാങ്ങുകയായിരുന്നു.


കാലില്‍ മുള്ളുതറച്ചാല്‍ എരുക്കിന്റെയോ കൂനന്‍ പാലയുടെയോ ഒരുതുള്ളി പാലൊഴിച്ചാല്‍ മതി. മുള്ള്‌ പതിയെ പുറത്തുകടക്കും. എരുക്ക്‌ വഴിയോരങ്ങളിലും ശ്‌മശാനങ്ങളിലുമൊക്കെയാണു കൂടുതല്‍ കാണപ്പെടുന്നത്‌. എരുക്കിന്റെ ഗുണഗണങ്ങള്‍ അനവധിയാണ്‌. പാമ്പുവിഷത്തെ ഇല്ലാതാക്കന്‍ ഉത്തമൗഷധമാണിത്‌. വിഷചികിത്സയില്‍ ഒഴിച്ചുകൂടാനാവാത്തത്‌ എന്നുപറയാം.

നാല്‌പാമരം എന്ന്‌ ആദ്യമായി കേട്ടപ്പോള്‍ ഒറ്റമരമാണിതെന്നായിരുന്നു വിചാരം. വ്രണവും പഴുപ്പുമില്ലാതാക്കാനും പ്രസവക്കുളിക്കും മറ്റും വേതിടാനുമൊക്കെ ഉപയോഗിച്ച നാല്‌പമരത്തൊലി നാല്‌ ആലുകളുടെ തൊലിയാണെന്നറിയുന്നത്‌ മറയൂരുവെച്ചാണ്‌. മറയൂര്‍കാട്ടില്‍ ഞങ്ങള്‍ നടന്നുപോയിടത്തെ ഓരോ ആലും ഇന്നും ഓര്‍മയില്‍ നില്‍ക്കുന്നു. കാട്‌ അത്ഭുതവും മനസ്സിനെ കുളിര്‍പ്പിക്കുന്നതുമായിരുന്നു.
പറമ്പില്‍ നിന്ന നാരുചെടിയുടെ തൊലിയുരിഞ്ഞാല്‍ ബലമുള്ള പൊട്ടാത്ത വള്ളികിട്ടുമായിരുന്നു. തോട്ടികെട്ടാനും വിറകുകെട്ടാനുമൊക്കെ ഉപയോഗിച്ചിരുന്നത്‌ ആ വള്ളിയാണ്‌. ഒരിക്കല്‍ കാട്ടുചോലയില്‍ നിന്ന്‌ വെള്ളം കുടിക്കുമ്പോഴാണ്‌ ഇടംപിരി വലംപിരിയെന്ന കായ വെള്ളത്തില്‍ വീണുകിടക്കുന്നതു കാണുന്നത്‌. ഇതേതു മരത്തില്‍ നിന്നു വീണതാണെന്നറിയാന്‍ നോക്കുമ്പോഴാണ്‌ അത്ഭുതപ്പെട്ടത്‌. അതു നാരുചെടിയായിരുന്നു.

ദശപുഷ്‌പങ്ങളിലെ ചെറൂളയെ അലങ്കാരമാക്കിയത്‌ കണ്ടത്‌ പൊങ്കല്‍ നാളുകളിലായിരുന്നു. തൊഴുത്തിലും വഴിയോരങ്ങളിലും വീടുകളിലും തമിഴര്‍ കൂള എന്നും പൂള എന്നും വിളിച്ചിരുന്ന ചെറൂള തൂക്കിയിരുന്നു.

ഒരിക്കല്‍ കാട്ടില്‍നിന്നു മടങ്ങിവന്നപ്പോള്‍ എന്റെ മേലാകെ തടിച്ചുപൊങ്ങിയിരുന്നു. ചേരിന്റെ അലര്‍ജിയാണെന്നായിരുന്നു ആദ്യം വിചാരിച്ചത്‌. ചേരെങ്കില്‍ മരുന്ന്‌ താന്നി. താന്നിയെ വലംവെക്കുകയും ചാരം തേക്കുകയും ചെയ്‌താല്‍ മാറാവുന്ന അലര്‍ജി.
പക്ഷേ, ചെറുതായി പനിക്കാന്‍ തുടങ്ങിയപ്പോഴാണ്‌ ചൂടുപനിയാണോ എന്ന്‌ സംശയിക്കാന്‍ തുടങ്ങിയത്‌. ആര്യവേപ്പില വിതറികിടത്തി.
അതെന്തായാലും ഇതുരണ്ടുമായിരുന്നില്ല. ഒരുവര്‍ഷം മുമ്പാണ്‌ ചിക്കന്‍പോക്‌സ്‌ വന്നത്‌. കലപോകാന്‍ നിലംപരണ്ട അരച്ചിടാന്‍ പറഞ്ഞു. കുറച്ചുദിവസംകൊണ്ട്‌ കലപൂര്‍ണ്ണമായും പോകുമെന്നും.



മറയൂരിലെ വഴിയോരത്താണ്‌ ആദ്യമായി പാര്‍ത്തീനിയം എന്ന വിഷച്ചെടി കാണുന്നത്‌. അതുപറിച്ച്‌ കളിക്കരുത്‌, അടുത്തു നില്‌ക്കരുത്‌ എന്നൊക്കെ അമ്മച്ചി മുന്നറിയിപ്പു തന്നിരുന്നു. ജൈവാധിനിവേശത്തിന്റെ വിത്തുകള്‍. അമേരിക്കയില്‍നിന്ന്‌ ഗോതമ്പുചാക്കിനൊപ്പം കടല്‍കടന്നെത്തിയതാണ്‌. റേഷന്‍കടയുടെ പരിസരത്തുനിന്ന്‌ പടര്‍ന്നുപിടിച്ച്‌....ശ്വാസകോശരോഗവും അലര്‍ജിയും തൊലിപ്പുറത്ത്‌ അസുഖവും മറ്റനവധി ഗുരുതര പ്രശ്‌നങ്ങളുമുണ്ടാക്കുന്ന ഈ വിഷസസ്യത്തെ ലോകത്തിലെ ഏറ്റവും മോശമായ പത്തു കളകളിലൊന്നായാണ്‌ അന്താരാഷ്ട്ര പാര്‍ത്തീനിയം ഗവേഷണസംഘം വിലയിരിത്തിയത്‌.

ആവണക്കും ഉമ്മവും കാഞ്ഞിരവും, നഞ്ചും, മേന്തോന്നിയുമൊക്കെ മുറ്റത്തായിരിക്കില്ല. അതൊക്കെ ദൂരത്തായിരുന്നു. ആവണക്കിന്‍കുല കണ്ടാല്‍ മുന്തിരിക്കുലപോലായിരുന്നതുകൊണ്ട്‌ കുഞ്ഞുങ്ങള്‍ കളിക്കാന്‍ പറിച്ചെടുക്കും. ഉന്മാദമുണ്ടാക്കുന്നു എന്ന അര്‍ത്ഥത്തില്‍ ഉന്മത്ത എന്ന സംസ്‌കൃതവാക്കില്‍ നിന്നാണ്‌ ഉമ്മം എന്ന പേരുണ്ടായത്‌. പേപ്പട്ടിവിഷത്തിന്‌ അത്യുത്തമം. 'അയ്യോ എന്നെതൊടല്ലേ ഞാന്‍ ശരിയല്ല' എന്ന്‌ മുള്ളോടുകൂടിയ കായ പറയുംപോലെ തോന്നും. മേന്തോന്നിയുടെ പൂവിനാണ്‌ ഭംഗി. മേന്തോന്നിവേര്‍ ചെറിയമാത്രയില്‍ കഴിച്ചാല്‍ മതി മൂന്നുമാസം വരെയുള്ള ഗര്‍ഭമലസാന്‍. ഇല താളിയായി തലയില്‍ തേച്ചാല്‍ പേനും ഈരും ചാകും.
വാതത്തിന്‌ പ്രധാനമായ ആവണക്കും വിഷചികിത്സയിലാവശ്യമായ ഉമ്മവും ശംഖുപുഷ്‌പവും, അരളിയുമൊക്കെ സ്വയമേ വിഷമാണെങ്കിലും മറ്റുപലതിനും അത്യാവശ്യമായ മരുന്നുകളാണ്‌.

ചാമ്പയിലും കരിനൊച്ചിയിലുമായി അമൃതുവള്ളിപടര്‍ന്നു കിടന്നിരുന്നു. സ്വയം മരണമില്ലാത്തും മറ്റു ജീവികളെ രോഗവിമുക്തമാക്കി മരണത്തില്‍ നിന്നു രക്ഷിക്കുകയും ചെയ്യുന്ന ചെടി.
കരിനൊച്ചി കഷായം വെച്ച്‌ വായില്‍കൊണ്ടാല്‍ വായ്‌പ്പുണ്ണുകുറയും.
മഞ്ഞപ്പിത്തമെന്നുകേട്ടാലേ കീഴാര്‍നെല്ലിയെ ഓര്‍ക്കും. കുടങ്ങലും വെള്ളാവണക്കിന്‍ തളിരുമൊക്കെ പിത്തനിവാരണിയാണ്‌.



അയിത്തം പാലിക്കുന്ന സസ്യങ്ങള്‍

കറിവേപ്പില, കാന്താരി, തുളസി, പനിക്കൂര്‍ക്ക, ബ്രഹ്മി തുടങ്ങിയ സസ്യങ്ങളുടെ അടുത്ത്‌ തീണ്ടാരിയായിരിക്കുമ്പോള്‍ സ്‌ത്രീകള്‍ പോകരുതെന്നാണ്‌. അവ നശിച്ചുപോകുമത്രേ! ഇവയിലൊക്കെ തൊടാതിരുന്നാലും ഉണങ്ങിപ്പോയാല്‍ പാടില്ലാത്ത നേരത്ത്‌ ആരോ വന്ന്‌ പറിച്ചതാണെന്നാണ്‌ കാരണം പറയാറ്‌.
കുറച്ചുനാള്‍ മുമ്പാണ്‌ സുനിലിന്റെ ഉമ്മ കറിവേപ്പിന്‍തൈയ്യുടെ ചുവട്ടില്‍ മീന്‍വെട്ടിക്കഴുകിയ വെള്ളമൊഴിക്കുന്നതു കണ്ടത്‌. മാംസം കഴുകിയ വെള്ളവും ഒഴിക്കാറുണ്ടത്രേ!
ചെറുപ്പത്തിലെ അയിത്തം നീക്കിയാല്‍ ഏതു സമയത്തും പെണ്ണുങ്ങള്‍ക്ക്‌ അടുത്തുപോകാം. ഏതായാലും കറിവേപ്പ്‌ തഴച്ചുവളരുന്നതാണ്‌ കാണാനായത്‌.

കര്‍ക്കിടകത്തില്‍ ദശപുഷ്‌പം ചൂടണമെന്നാണ്‌. പാപനാശകമാണത്രേ! ധനുമാസ തിരുവാതിരയിലും സ്‌ത്രീകള്‍ ദശപുഷ്‌പം മുടിയില്‍ ചൂടും.
പക്ഷേ, ഇതു പഴയ കഥ. കൊണ്ടോട്ടിയിലെ ഒരു ഇംഗ്ലീഷ്‌ മീഡിയം സ്‌കൂളിലെ അധ്യാപികയായ കൂട്ടുകാരി പറഞ്ഞു.
ആര്‍ക്കുമിപ്പോള്‍ ദശപുഷ്‌പമേതെന്ന്‌ അറിയില്ല. പേരു പറയാനറിയുന്നവര്‍ ചുരുക്കം. പേരറിയുന്നവരില്‍തന്നെ കണ്ടാലറിയുന്നവര്‍ വിരലിലെണ്ണാവുന്നവര്‍മാത്രം.
അവളാണ്‌ പറഞ്ഞത്‌ ക്ലാസിലെ ഒരു കുട്ടിക്കും തുമ്പപ്പൂ അറിയില്ലെന്ന്‌. ഒരു ദിവസം വഴിവക്കില്‍ നിന്നും ഒരു തുമ്പ പറിച്ച്‌ തുമ്പയും പൂവും കാണിച്ചുകൊടുത്തുപോലും.
ചെമ്പരത്തിപ്പൂവെന്ന്‌ പറഞ്ഞപ്പോള്‍ ഒരു പയ്യന്‌ ചോദിച്ചത്‌ അതെന്താണെന്നാണത്രേ! അവന്റെ വീട്ടിലുള്ളത്‌ ഇലച്ചെടികളാണ്‌. വീട്ടില്‍ നിന്നിറങ്ങി സ്‌കൂള്‍ ബസ്സില്‍ കയറുന്നു. തിരിച്ചും അതുപോലെയെത്തുന്നു. വീടിനുള്ളല്ലാതെ മറ്റൊന്നും അവന്‌ പരിചിതമല്ല.
നഗരത്തിലാണെങ്കിലും അവിടെയും പച്ചപ്പുണ്ട്‌..ചതുപ്പുകളുണ്ട്‌. അവിടെയൊക്കെ അനവധി സസ്യങ്ങളുണ്ട്‌. നമ്മെ കാത്തുപോരുന്ന സസ്യങ്ങള്‍. പക്ഷേ, അവയൊന്നും ആരും തിരിച്ചറിയുന്നില്ലെന്നുമാത്രം. എല്ലാം ഏതോ പാഴ്‌ച്ചെടികള്‍മാത്രം.

പത്തുപുത്രനു സമമാണ്‌ ഒരു വൃക്ഷമെന്ന്‌ വൃക്ഷായൂര്‍വ്വേദം പറയുന്നു.
കോഴിക്കോട്‌ സ്വന്തമായൊരു വീടന്വേഷിച്ചപ്പോള്‍ കിണറും മരവുമുള്ള വീടാവണമെന്നാശിച്ചു.
മുറ്റത്തൊരു പ്ലാവ്‌്‌്‌, പേര, രണ്ടു തെങ്ങുകള്‍, കിണര്‍....സന്തോഷമായി. ഞങ്ങള്‍ താമസമാക്കും മുമ്പേ അയല്‍ക്കാരന്‍ ലോഹ്യത്തില്‍ പറഞ്ഞു. `എന്തിനാ ഈ പ്ലാവ്‌...?`

`ചക്കക്കുരു നട്ടാല്‍ എവിടെയും പ്ലാവുണ്ടാവും` ആ പറഞ്ഞതിന്റെ അര്‍ത്ഥം പിന്നീടാണു മനസ്സിലായത്‌്‌. അതിരിനോടു ചേര്‍ന്നാണ്‌ പ്ലാവ്. ഇപ്പോള്‍ തൈ മരമാണ്‌. വലുതാവുമ്പോള്‍ ഇലകള്‍ അവരുടെ മുറ്റത്തു വീഴും. മറ്റയല്‍വീട്ടുകാരുടെ മരങ്ങളില്‍നിന് ഇലകള്‍ വീഴുന്നു എന്നും ചക്ക പഴുത്ത്‌്‌്‌ ചീഞ്ഞ്‌ ഈച്ചയാര്‍ക്കുന്നെന്നും എത്ര പറഞ്ഞിട്ടും വെട്ടി മാറ്റുന്നില്ലെന്നും അവര്‍ പറഞ്ഞു.ആ വര്‍ഷം ഞങ്ങളുടെ പ്ലാവ്‌ കന്നി കായ്‌ച്ചു. കണ്ടിട് വെട്ടാന്‍ തോന്നുന്നില്ല. സങ്കടം...തെക്കുവശത്തെ അയല്‍ക്കാര്‍ക് ഞങ്ങളുടെ പ്ലാ പ്രശ്‌നമല്ല. അവര്‍ക്കും പ്രശ്‌നം അവരുടെ കിണറിനു മുകളിലേക്കു വീഴുന്ന മാവിലകളാണ്‌. ഇലകള്‍ കിണറിനകത്തുവീണ്‌ ചീയുന്നു. കുടിക്കുന്ന വെള്ളമല്ലേ ?

കഴിഞ്ഞവര്‍ഷം അയല്‍ക്കാരുടെ ശല്യം സഹിക്കാനാവാതെ മാവും പ്ലാവും വെട്ടി. അതു കണ്ടിട്ട്‌്‌്‌ ഞങ്ങള്‍ അയല്‍ക്കാരന്റെ വശത്തേക്കു നീണ്ടുനിന്ന കമ്പുകള്‍ വെട്ടാന്‍ ഏര്‍പ്പാടുചെയ്‌തു. സൈ്വരം കിട്ടാന്‍. പക്ഷേ രണ്ടുമാസം കഴിഞ്ഞപ്പോള്‍ പ്ലാവുണങ്ങാന്‍ തുടങ്ങി.
കഴിഞ്ഞ വേനലില്‍ കുംഭമാസം തുടക്കത്തില്‍ തന്നെ മാവില വീണിരുന്ന കിണറില്‍ വെളളം വറ്റി. `മാവ് വെട്ടിയതുകൊണ്ടായിരിക്കുമല്ലേ ?`അവര്‍ സംശയം പ്രകടിപ്പിച്ചു.
അപ്പോള്‍ എനിക്കൊരോര്‍മ. ചട്ടിയില്‍ ചെടികള്‍ നട്ടിരിക്കുന്നതു കണ്ടപ്പോള്‍ നാട്ടിന്‍ പുറത്തുകാരി സരോജചേച്ചി പറഞ്ഞു. `ആ ചെടിയൊക്കെ നെലത്തു നട്. എന്നാലേ മഴ പെയ്യുമ്പോള്‍ വെള്ളമിറങ്ങി കെണറ്റില്‌ വെളളമുണ്ടാവൂ....`


മുറ്റത്ത്‌ പുല്ലുനട്ടപ്പോള്‍, വീടിനോട്‌ ചേര്‍ന്ന്‌ വള്ളിച്ചെടി പടര്‍ത്തിയപ്പോള്‍, ടെറസിനുമുകളില്‍ മത്തപടര്‍ന്നപ്പോള്‍, മതിലിനോട്‌ ചേര്‍ന്ന്‌ ഇലച്ചെടികള്‍ വളര്‍ന്നപ്പോള്‍ കാണുന്നവരൊക്കെ ഇഴജീവികള്‍ കയറുമെന്നു പറഞ്ഞു.
വീടിനുചുറ്റും കാടുപിടിച്ച പറമ്പും അതിലൊക്കെ പാമ്പും പഴുതാരയും തേളും ജീവിച്ചതിനൊപ്പം തന്നെയല്ലേ ദേവിയാറില്‍ ഞങ്ങളും പിച്ചവെച്ചത്‌. ഇടക്കവര്‍ കാര്യമന്വേഷിക്കാന്‍ ഏലച്ചുവട്ടില്‍ നിന്നും കുരുമുളകുകൊടികള്‍ക്കിടയില്‍ നിന്നും കയറിവന്നില്ലേ?മരത്തൂണിന്റെ വിള്ളലിലിരുന്ന്‌ മൂന്നോ നാലോ തവണ എന്നെ തേള്‍ കുത്തിനോവിച്ചില്ലേ?.പിന്നെന്തിനു നഗരത്തിലെ ഇത്തിരിപ്പോന്ന പച്ചപ്പിനെ ഞാന്‍ ഭയക്കണം.
മൂന്നുവയസ്സുകാരി മകളുടെ കൈപിടിച്ചു നടക്കുമ്പോള്‍ വഴിയരുകില്‍ തലനീട്ടിനിന്ന ചെടിയെചൂണ്ടി
ഇതാണ്‌ ചെറൂളയെന്നും ഉഴിഞ്ഞയെന്നും അവളോട്‌ പറഞ്ഞു.
ആരും കാണാതെനിന്ന തിരുതാളിപ്പൂവ്‌ അവള്‍ക്കിറുത്തു കൊടുത്തു.


* * * * * * *

കടപ്പാട്‌ - കമല്‍ റാം സജീവ്‌, മാതൃഭൂമി ആഴ്‌ചപ്പതിപ്പ്‌
ഫോട്ടോ- ധന്യ സി എസ്‌,സുനില്‍ ഫൈസല്‍, മൈന & വിക്കിപീഡിയ

Monday, December 1, 2008

ഞാന്‍ ആള്‍ക്കൂട്ടത്തിന്റെ എഴുത്തുകാരനല്ല-ഉണ്ണി ആര്‍

അടുത്തിടെയാണ്‌ മാതൃഭൂമി ആഴ്‌ചപ്പതിപ്പില്‍ 'ഞാന്‍ ആര്‍ എസ്‌ എസ്സുകാരനായിരുന്നു' എന്ന്‌ കുറ്റസമ്മതം നടത്തിക്കൊണ്ട്‌ ഉണ്ണി 'വിചാരധാര' എന്ന ലേഖനമെഴുതിയത്‌. പ്രസ്തുത വെളിപ്പെടുത്തലിന്റെ വെളിച്ചത്തില്‍ ഉണ്ണിയുമായി സംസാരിക്കുന്നു.




അടുത്തിടെയാണ്‌ മാതൃഭൂമി ആഴ്‌ചപ്പതിപ്പില്‍ 'ഞാന്‍ ആര്‍ എസ്‌ എസ്സുകാരനായിരുന്നു' എന്ന്‌ കുറ്റസമ്മതം നടത്തിക്കൊണ്ട്‌‌
ഉണ്ണി 'വിചാരധാര' എന്ന ലേഖനമെഴുതിയത്‌. എന്തിനായിരുന്നു ഈ കുറ്റസമ്മതം എന്ന ചോദ്യത്തിന്‌ ഉത്തരം തന്നതിനൊപ്പം എന്നോടൊരു ചോദ്യമുണ്ടായിരുന്നു. ആ ലേഖനത്തെ മൈന എങ്ങനെ കാണുന്നു എന്ന്‌. അതിനുള്ള ഉത്തരം അപ്പോള്‍ പറഞ്ഞില്ലെങ്കിലും ഇവിടെ കൊടുക്കുന്നു. ആ ലേഖനത്തിന്റെ ഒടുക്കം ഉണ്ണി തന്നെയെഴുതിയിട്ടില്ലേ..." ...ഭീഷണമായ വര്‍ത്തമാനകാലത്തില്‍ എങ്ങനെയാണ്‌ സംവദിക്കേണ്ടതെന്ന്‌ അറിയാതെ പോകുന്ന നിസ്സഹായമായ അവസ്ഥയുണ്ട്‌. ഒരു പക്ഷേ, എന്റയീ ഓര്‍മകള്‍ ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാകാം. അറിയില്ല. ഡോണ്‍ക്വിക്‌സോട്ടിന്റെ ഏകാന്തസൗന്ദര്യം ഇഷ്ടപ്പെടുന്ന എന്നെപ്പോലൊരാള്‍ക്ക്‌ എന്റെയുള്ളിലെ ഹിന്ദുത്വം നല്‌കുന്ന സുരക്ഷിതമായ പ്രലോഭനത്തിന്റെ കാറ്റാടിയന്ത്രങ്ങളോട്‌ യുദ്ധം ചെയ്‌തേ മതിയാവൂ. ...ഓരോ പ്രാര്‍ത്ഥനയും സഹജീവിക്കുനേരെ സ്‌നേഹത്തോടെ മുഖമുയര്‍ത്തുനുള്ള ശ്രമമാണ്‌. എന്റെ ദൈവങ്ങള്‍ ഒരാളെയും ഉന്മൂലനം ചെയ്യാന്‍ പറയുന്നില്ല..." പൂര്‍ണ്ണമായും യോജിക്കുന്നു.

നമ്മള്‍ പലപ്പോഴും നിശബ്ദരായിരിക്കുന്നതാണ്‌ വലിയ പ്രശ്‌നമെന്ന്‌ തോന്നിയിട്ടുണ്ട്‌. കടുത്ത മൗനംകൊണ്ട്‌ സുരക്ഷിതരാവാന്‍ ശ്രമിക്കുന്നവരാണ്‌ എല്ലാവരും. വിശ്വാസത്തെ സ്വകാര്യതയില്‍ നിന്ന്‌ പൊതു നിരത്തിലേക്കിറക്കുമ്പോള്‍ ഇവിടെയൊരു liberal space ആഗ്രഹിക്കുന്നവര്‍ വല്ലാത്ത സമ്മര്‍ദ്ദത്തിലാകുന്നുണ്ട്‌. എങ്ങനെയെങ്കിലും ശബ്ദിക്കുക എന്നതു മാത്രമാണ്‌ പോം വഴി

? 'ഞാന്‍ ആര്‍ എസ്‌ എസ്സുകാരനായിരുന്നു' എന്ന്‌ കുറ്റസമ്മതം നടത്തിയല്ലോ..എന്തായിരുന്നു അതിനു പിന്നില്‍?

=തീവ്രവാദികളെന്ന്‌ സംശയിച്ച്‌ കണ്ണൂരു നിന്ന്‌ ഒന്നുരണ്ടുപേരെ പോലീസ്‌ അറസ്‌റ്റു ചെയ്‌ത ദിവസം വൈകിട്ട്‌ സുഹൃത്തുമായി സംസാരിച്ചിരിക്കുമ്പോഴാണ്‌ കമല്‍റാം സജീവ്‌ ഒരു ലേഖനത്തിനുവേണ്ടി എന്നെ ഫോണില്‍ വിളിക്കുന്നത്‌. ആ സമയത്താണ്‌ എന്റെ സുഹൃത്തിനെ തീവ്രവാദിബന്ധമുണ്ടെന്ന്‌ ആരോപിച്ച്‌ ഇന്റലിജന്‍സില്‍ നിന്ന്‌ വിളിക്കുന്നതും. അവന്റെ ഫോണിലേക്ക്‌ ഒരുപാട്‌ ഇന്റര്‍ നാഷണല്‍ കോളുകള്‍ വരുന്നുണ്ടത്രേ! മുസ്ലീം ആയ അവനെ എനിക്ക്‌ വര്‍ഷങ്ങളായറിയാം. ഒരു തീവ്രവാദികളുമായി ബന്ധമില്ലെന്നുമറിയാം. വീണ്ടും അവര്‍ വിളിച്ചു. എന്റെ സുഹൃത്തിന്റെ നിരപരാധിത്വം തെളിയിക്കാന്‍ ഞാന്‍ തിരിച്ചു വിളിക്കുകയായിരുന്നു. ഒരു ഹിന്ദു സുഹൃത്ത്‌ തമാശയായിട്ട്‌ ചെയ്‌ത പണിയായിരുന്നു അതെങ്കിലും അതെന്നെ വല്ലാതെ വേദനിപ്പിച്ചു. മുസ്ലീം പേരുകൊണ്ടുമാത്രം ഒരു സമൂഹം ഭയന്നു ജീവിക്കുകയും ഹിന്ദുവായിരിക്കുന്നതുകൊണ്ട്‌‌ ഞാനനുഭവിക്കുന്ന സുരക്ഷിതത്വവും എന്നെ ചിന്തിപ്പിച്ചു...

ഈ കാലത്ത്‌ ഇങ്ങനെയൊരു കുറ്റസമ്മതിത്തിന്‌ പ്രസക്തിയുണ്ടെന്നു ഞാന്‍ കരുതുന്നു. ഞാന്‍ കണ്ടതില്‍ വെച്ച്‌ നമ്മുടെ ജനറേഷന്‍ കണ്ട ഏറ്റവും മിടുക്കനായ ഒരു എഡിറ്റര്‍ ആണ്‌ കമല്‍റാം സജീവ്‌. ഒരു എഴുത്തുകാരനെക്കൊണ്ട്‌ എന്തെങ്കിലും സെന്‍സേഷണല്‍ ലേഖനം എഴുതിച്ച്‌ മാതൃഭൂമിയുടെ വില്‌പനകൂട്ടേണ്ട ആവശ്യമൊന്നും കമല്‍റാമിനുണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നില്ല. ഇങ്ങനെ ഒരു അനുഭവം എഴുതാമെന്നു പറഞ്ഞപ്പോള്‍ അതിനെ അതിന്റെ എല്ലാ സ്‌പിരിറ്റോടും കൂടിയാണ്‌ കമല്‍റാം തിരിച്ചറിഞ്ഞത്‌. ഈ ലേഖനം ആരെങ്കിലുമൊക്കെ വായിച്ചിട്ടുണ്ടെങ്കില്‍ അതില്‍ വലിയ പങ്ക്‌ കമല്‍റാമിന്റേതാണ്‌

? മലയാളകഥാചരിത്രത്തില്‍ അടയാളപ്പെടുത്തേണ്ട്‌ കഥയാണ്‌ " കാളിനാടകം " എന്നു തോന്നിയിട്ടുണ്ട്‌. ശ്രീനാരായണ ഗുരു ബ്രഹ്മചാരിയായിരുന്നോ എന്ന്‌ കാളിയമ്മയുടെ ചരിത്രമെഴുതുന്നതിലൂടെ അവതരിപ്പിക്കുകയാണല്ലോ..എന്തായി രുന്നു എഴുതാനുള്ള സാഹചര്യം? വായനക്കാര്‍ ഈ കഥയെ എങ്ങനെ സ്വീകരിച്ചു?

=നമ്മുടെ നവോത്ഥാന ചരിത്രത്തില്‍ പ്രധാനപങ്കുവഹിച്ചവരാണ്‌ ശ്രീനാരയണ ഗുരുവും , എ കെ ജിയും, വി. ടി ഭട്ടതിരിപ്പാടും. എ കെ ജിയുടേയും, വി. ടി ടേയും ആദ്യഭാര്യമാരെപ്പറ്റിയും, ബ്രഹ്മചാരിയായിരുന്നു എന്ന്‌ നാം പറയുന്ന ഗുരുവിന്റെ ഭാര്യയെക്കുറിച്ചും മൂന്നു വ്യത്യസ്‌ത കഥകളെഴുതണമെന്നാണ്‌ ഞാനാദ്യം വിചാരിച്ചത്‌. കാരണം ചരിത്രം മറന്നു കളഞ്ഞ മൂന്നു സ്‌ത്രീകളാണവര്‍. പിന്നീടുള്ള ആലോചനയില്‍ എ കെ ജിയുടേയും, വി. ടി ടേയും ഭാര്യമാരെക്കുറിച്ചുള്ള കഥ എഴുതേണ്ട എന്ന്‌ തീരുമാനിച്ചു. കഥ കാളിയമ്മയിലേക്ക്‌ മാത്രമായി ചുരുങ്ങി. ശ്രീനാരയണ ഗുരു എഴുതിയ കാളിനാടകം വായിച്ചുകൊണ്ടിരിക്കുമ്പോഴാണ്‌ കാളിയമ്മയും കാളിനാടകവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച്‌ ഞാനാലോചിച്ചത്‌. കാളി നാടകത്തിന്റെ അവസാനഭാഗത്ത്‌ സ്‌ത്രീ ശരീരത്തോടുള്ള ഗുരുവിന്റെ ഭയം കാണാം. പിന്നീട്‌ ഈ കഥക്കുവേണ്ടി ഒരുപാട്‌ അദ്ധ്വാനിച്ചു. കാളിയമ്മ ആത്മകഥ എഴുതിയിട്ടില്ല. കാളിയമ്മയുടെ ജീവചരിത്രവുമില്ല. ആ കാലവും അവരെയും റീ ക്രിയേറ്റ്‌ ചെയ്യേണ്ടി വന്നു. എഴുത്തിന്റെ സുഖകരമായ പ്രയത്‌നമായിരുന്നു അത്‌.

വായനക്കാരെന്ന വലിയ ആള്‍ക്കുട്ടത്തെ എനിക്കറിയില്ല. ഇപ്പോഴും ഇങ്ങനെ ഒരു എഴുത്തുകാരനുണ്ടോ എന്ന്‌ അത്ഭുതത്തോടെ ചോദിക്കുന്നവരുമുണ്ട്‌. അതൊരിക്കലും എന്നെ വേദനിപ്പിക്കില്ല. കാരണം ഞാന്‍ ആള്‍ക്കൂട്ടത്തിന്റെ എഴുത്തുകാരനല്ല. എന്റെ കഥകള്‍ക്കു അവരെ പിടിച്ചിരുത്താനുള്ള കഴിവും ഉണ്ടാവില്ല. പക്ഷേ, വളരെ കുറച്ചു വായനക്കാര്‍ എവിടെയൊക്കെയോ ഇരുന്ന്‌ ഈ കഥകള്‍ വായിക്കുന്നുണ്ട്‌. അപ്രതീതീക്ഷിതമായി അവര്‍ മുന്നില്‍ വന്നുപെടുമ്പോള്‍ ചില നല്ല വാക്കുകള്‍ കേള്‍ക്കാം. അവരില്‍ പലരും കാളിനാടകം നല്ലതാണെന്നൊക്കെ പറഞ്ഞിട്ടുണ്ട്‌. പിന്നെ ആ കഥയെഴുതിയ ആളാണെന്ന നില്‌ക്ക്‌ അതു വലിയ കുഴപ്പമില്ലാത്ത കഥയാണെന്നു തോന്നിയിട്ടുണ്ട്‌.

കൂടുതല്‍ നാട്ടുപച്ചയില്‍

എന്റെ രാജകുമാരിമാര്‍ - പി.ടി.മുഹമ്മദ് സാദിഖ്


ഞാന്‍ കീശയില്‍ നിന്ന്‌ പ്രണയ ലേഖനം എടുത്തു അവള്‍ക്ക്‌ കൊടുത്തു. കൈയ്‌ക്ക്‌ നേരിയ വിറയല്‍ ഉണ്ടായിരുന്നുവോ? അവള്‍ കാണിച്ച അടുപ്പവും സ്വാതന്ത്ര്യവുമാണ്‌ അത്രയും ധൈര്യമായി

കന്യാസ്‌ത്രീ- സ്‌ത്രീ, തൊഴില്‍,വിശ്വാസം - സില്‍‌വിയ തോമസ്


ദാരിദ്ര്യം, അനുസരണ, ബ്രഹ്മചര്യം എന്നിവ ജീവിതവ്രതമാക്കി ദൈവത്തിനും സഭയ്‌ക്കും വേണ്ടി ജീവിക്കുന്നവരാണ്‌ കന്യാസ്‌ത്രീകള്‍. മഠത്തില്‍ ചേരുക എന്നത്‌ വിശ്വാസത്തിന്റെ ഭാഗമാണ്‌.


ശ്രീദേവിയെ നിങ്ങള്‍ക്കറിയാം. പക്ഷേ... - നിബ്രാസുല്‍ അമീന്‍


മലപ്പുറത്ത് കുറച്ച് ഉള്‍നാട്ടിലൊരു ശ്രീദേവിയുണ്ട്. 45വയസ്സ് പ്രായമുണ്ടാകും. 4 പെണ്‍കുട്ടികള്‍, ഭര്‍ത്താവില്ല, വീടും മറ്റു അടുത്ത ബന്ധുക്കളും........... ആരുമില്ല. അകന്ന ഒരു ബന്ധുവിന്റെ വീട്ടില്‍ താമസം! ഉം...............അതിനെന്താ?


നിങ്ങള്‍ നൃത്തം ചെയ്യാറുണ്ടോ? - ഷാ

ആധുനീക മനുഷ്യനും നൃത്തം അനിവാര്യമാണ്‌. പിന്നെന്തുകൊണ്ട്‌ നമ്മുടെ സ്ത്രീപുരുഷന്‍മാര്‍ക്ക് സ്വന്തം ജീവിതത്തില്‍ നൃത്തം ചെയ്യാനാവുന്നില്ല!?

തുടങ്ങി ഒട്ടേറെ വിഭവങ്ങള്‍ നാട്ടുപച്ചയില്‍

Wednesday, November 26, 2008

പര്‍ദയിട്ടാല്‍ തീരാത്ത പ്രശ്‌നങ്ങള്‍

മുസ്ലീം സ്‌ത്രീ അനുഭവിക്കുന്ന മാനസീകവും ശാരീരികവുമായ പ്രയാസങ്ങള്‍ പര്‍ദാചര്‍ച്ചക്കിടയില്‍ മറഞ്ഞുപോവുകയാണ്‌. ദാരിദ്ര്യം, രോഗം, പീഡനം, അരക്ഷിതാവസ്ഥ, കഷ്ടപ്പാട്‌ ഇതൊന്നും ആര്‍ക്കുമറിയണ്ട. പര്‍ദ ഇഷ്ടമുള്ളവര്‍ ധരിക്കട്ടെ. ഉടുക്കുന്ന വസ്‌ത്രമല്ല സ്‌ത്രീയുടെ പ്രശ്‌നമെന്ന്‌‌ ഏതുകാലത്ത്‌ ഇവര്‍ തിരിച്ചറിയും?
തലയില്‍ തട്ടമിടാത്തതും മുടിയിഴ കാണുന്നതുമൊക്കെയാണ്‌ സ്‌‌ത്രീയുടെ പ്രശ്‌നമെന്നൊക്കെ പറഞ്ഞ്‌ മറ്റു സമൂഹങ്ങളില്‍ വേറിട്ടു നിര്‍ത്താനുള്ള ശ്രമമാണ്‌ എല്ലാ ജമാഅത്തുകളുടെയും ലക്ഷ്യം-ഷെരീഫാഖാനം


1
തൊടുപുഴക്കടുത്ത്‌ ഒരു വിവാഹത്തില്‍ പങ്കെടുക്കുമ്പോള്‍ മനസ്സിനെ വല്ലാതെ മുറിപ്പെടുത്തിയ സംഭവമുണ്ടായി. കൊടുക്കുന്ന സ്‌ത്രീധനത്തിന്റെ രണ്ടു ശതമാനം പള്ളിക്കു കൊടുത്താലേ നിക്കാഹു നടത്തൂ എന്ന്‌ തര്‍ക്കം. പെണ്‍വീട്ടുകാര്‍ ഉള്ളതു മുഴുവന്‍ വിറ്റുപെറുക്കിയും കടം വാങ്ങിയുമാണ്‌ വിവാഹം നടത്തുന്നത്‌. അതില്‍ നിന്നു രണ്ടുശതമാനം പള്ളിക്ക്‌ . അവസാനം നിക്കാഹു നടത്തിക്കിട്ടാന്‍ പണം നല്‌കേണ്ടിവന്നു. അന്വേഷിച്ചപ്പോള്‍ ഇത്‌ പതിവാണത്രേ.
എന്നാല്‍ സ്‌ത്രീധനം വാങ്ങുന്ന പുരുഷന്മാരുടെ കൈയ്യില്‍ നിന്നാണിത്‌ വാങ്ങുന്നതെങ്കിലോ? സസ്‌ത്രീധനം വാങ്ങുന്നതിനുള്ള ശിക്ഷ എന്ന നിലയിലാണെങ്കിലോ?
സ്‌ത്രീധനം ഹറാമായ മുസ്ലീം സമൂഹത്തിലാണിത്‌. കൂടാതെ രാജ്യത്ത്‌ സ്‌ത്രീധന നിരോധന നിയമവുമുണ്ട്‌.
പണമുള്ളവര്‍ കെട്ടിച്ചുവിടും.. ഇല്ലാത്തവരുടെ പെണ്‍മക്കളുടെ അവസ്ഥയെന്താണ്‌?
2

'J' എം. സി. എ ബിരുദധാരിയും കോഴിക്കോട്‌ ഒരു കൊളേജിലെ അധ്യാപികയുമാണ്‌. അവളുടെ കൈയ്യിലെ മൂന്നുകഷ്‌ണം കടലാസ്‌ പലചോദ്യങ്ങളും ചോദിച്ചു. ആ ചോദ്യങ്ങള്‍ക്ക്‌ ആരും കൃത്യമായ ഉത്തരം പറഞ്ഞില്ല.
അവളും പിതാവും മൂന്നുകഷ്‌ണം കടലാസുമായി കയറിയിറങ്ങാത്ത സ്ഥലങ്ങളില്ല. അമേരിക്കയില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ്‌ അവളുടെ അനുമതിയില്ലാതെ എഴുതി അയച്ച തലാക്കായിരുന്നു ആ കടലാസുകളില്‍.
സ്‌ത്രീയുടെ അനുമതിവേണ്ട മൊഴിചൊല്ലാന്‍ എന്ന്‌ മഹല്ലു കമ്മറ്റിമുതല്‍ ന്യായാധിപന്‍ വരെ പറഞ്ഞു.
പക്ഷേ, 'J' ചോദിക്കുന്നു ഒരു വിവാഹത്തിന്‌ ഇത്ര വിലയേയുള്ളോ?
എന്നെ ഒഴിവാക്കിയതിന്‌ കാരണമറിയാന്‍ എനിക്കവകാശമില്ലേ?
എന്റെ സ്വപ്‌നങ്ങളുടേയും പ്രതീക്ഷയുടേയും വില ആര്‍ക്കു നല്‌കാനാവും?
ഒരു രണ്ടാം വിവാഹക്കാരിയായി ഞാനെന്തിനു മാറണം?
ഈ അപമാനത്തിന്‌ അയാളും വീട്ടുകാരും ശിക്ഷിക്കപ്പെടണം. അെതങ്ങനെ സാദ്ധ്യമാവും?

3

നാസറിന്റെ സഹോദരിയുടെ വിവാഹബന്ധം മൂന്നും ചൊല്ലിതീര്‍ന്നതിന്‌ കാരണം ചെറിയൊരു കൊച്ചുസൗന്ദര്യപ്പിണക്കമായിരുന്നു. ഒന്നര വര്‍ഷത്തെ ദാമ്പത്യത്തില്‍ അവര്‍ക്കു കിട്ടിയത്‌ ഒരു മകളെ മാത്രമാണ്‌. ഭര്‍ത്താവ്‌ ഉപേക്ഷിച്ചതോടെ അവര്‍ ആകെ തകര്‍ന്നു. മാറാരോഗിയായി.
മൊഴിചൊല്ലാന്‍ തീരുമാനമെടുക്കുമ്പോള്‍ സ്‌ത്രീയുടെ മാനസീക നിലയോ സമ്മതമോ നോക്കാതെ, പുരുഷന്റെ ആവശ്യം മാത്രം പരിഗണിച്ചാണ്‌ ഓരോ ജമാഅത്തും തീരുമാനമെടുക്കുന്നത്‌. പുരുഷന്‍ മൂന്നും ചൊല്ലുമ്പോള്‍ സ്‌ത്രീയുടെ സാന്നിധ്യം ആവശ്യമില്ലെന്നതാണ്‌ നടപ്പ്‌. ഇതിനെതിരെയുള്ള പ്രതിഷേധമായിരുന്നു വിവാഹം കഴിക്കുന്നെങ്കില്‍ സ്‌പെഷ്യല്‍ മാരേജ്‌ ആക്‌ട്‌ പ്രകാരം മാത്രമായിരിക്കുമെന്ന്‌ നാസര്‍ തീരിമാനിച്ചത്‌. സ്‌ത്രീയുടെ തീരുമാനമെങ്കിലും കോടതി പരിഗണിക്കുമല്ലോ എന്ന ആശ്വാസത്തില്‍.

ഈ മൂന്നനുഭവങ്ങളും ഒറ്റപ്പെട്ട സംഭവങ്ങളല്ല. 1400 വര്‍ഷം മുമ്പ്‌ പ്രവാചകന്‍ വിഭാവനം ചെയ്‌ത സ്‌ത്രീ സ്വാതന്ത്ര്യവും ഇന്നത്തെ സ്‌ത്രീസ്വാതന്ത്ര്യവും എവിടെ നില്‍ക്കുന്നു? ഇസ്ലാമിന്റെ വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ ഗണ്യമായ പല മാറ്റങ്ങളുണ്ടായെങ്കിലും സ്‌ത്രീകളുടെ കാര്യത്തില്‍ ഒരുമാറ്റവും വന്നില്ലെന്നു മാത്രമല്ല ഒന്നുകൂടി അടിച്ചമര്‍ത്തുകയാണ്‌ മതമേധാവിത്വം ചെയ്‌തത്‌.

ഇതര സമുദായങ്ങളെ അപേക്ഷിച്ച്‌ മുസ്ലീം സ്‌ത്രീക്ക്‌ ഏറെ സ്വാതന്ത്ര്യം ലഭിക്കുന്നുണ്ടെന്നാണ്‌ പണ്‌ഡിതരുടെ അവകാശവാദം. വിധവാ വിവാഹം, വിവാഹമോചനം, പുനര്‍വിവാഹം, സ്വത്തിലുള്ള അവകാശവുമൊക്കെ മുസ്ലീം സ്‌ത്രീക്കുണ്ട്‌. അല്ലെങ്കില്‍ ഇതൊക്കെയാണോ സ്‌ത്രീയുടെ യഥാര്‍ത്ഥ സ്വാതന്ത്ര്യം? ഈ സ്വാതന്ത്ര്യമുണ്ടാകുമ്പോഴും സ്‌ത്രീ ദുര്‍ബലയായിപ്പോകുന്നതെന്തുകൊണ്ട്‌? ഇന്ത്യന്‍ മുസ്ലീം സ്‌ത്രീയുടെ യഥാര്‍ത്ഥപ്രശ്‌നം എപ്പോഴും ചിന്താവിഷങ്ങള്‍ക്കപ്പുറമാണ്‌.

മുസ്ലീം സത്രീയുടെ പ്രശ്‌നങ്ങളെക്കുറിച്ച്‌ ചിന്ത്‌ിക്കുമ്പോള്‍ അവരെ സംഘടിപ്പിക്കുകയും ബോധവത്‌ക്കരിക്കുകയും അതുവഴി സമൂഹത്തിന്റെ പൊതുധാരയിലേക്ക്‌ കൊണ്ടുവരാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഒരാളെയും കണ്ടെത്താന്‍ കഴിയില്ല. കേരളത്തിലടക്കം എല്ലാ മതസംഘടനകള്‍ക്കും വനിതാ വിഭാഗം പ്രവര്‍ത്തിക്കുന്നുണ്ട്‌. പക്ഷേ, അവിടെയും പള്ളിപ്രവേശനവും വസ്‌ത്രസ്വാതന്ത്ര്യവുമൊക്കെയാണ്‌ ചര്‍ച്ചാവിഷയം. അടിസ്ഥാനപ്രശ്‌നങ്ങള്‍ അപ്പോഴും അകലെ മാത്രം.
സ്‌ത്രീകളുടെ ചെറിയ പോരായ്‌മകളെ പര്‍വതീകരിച്ച്‌ കാണിക്കുകയും അവളുടെ നാവിന്‌ കടിഞ്‌ഞാണിടുകയുമല്ലേ നമ്മുടെ സമൂഹം ചെയ്യുന്നത്‌.

ഒന്നരവര്‍ഷം മുമ്പുമാത്രമാണ്‌ ഷെറീഫാഖാനത്തെക്കുറിച്ച്‌ അറിയുന്നത്‌. വ്യവസ്‌ഥാപിത ജമാഅത്തുകള്‍ക്കെതിരെ പെണ്‍ജമാഅത്ത്‌ കൊണ്ടുവരികയും പുരുഷ മേധാവിത്വത്തിന്റെ നടപ്പുകളെ ചോദ്യം ചെയ്യുകയും മുസ്ലീം സ്‌ത്രീകള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന അവരെ ആദരവോടുകൂടിയാണ്‌ വായിച്ച്‌ തീര്‍ത്തത്‌. കൂടുതലറിയാന്‍ എപ്പോഴുമാഗ്രഹിച്ചിരുന്നു.

ഡി. സി ബുക്‌സിന്റെ അന്താരാഷ്‌ട്ര പുസ്‌തകോത്സവത്തില്‍ വെച്ച്‌ പ്രകാശനം ചെയ്‌ത എം. എന്‍. കാരശ്ശേരിയുടെ 'ഉമ്മമാര്‍ക്ക്‌‌ വേണ്ടി ഒരു സങ്കടഹര്‍ജി' എന്ന പുസ്‌തകം ഏറ്റുവാങ്ങാനാണ്‌ അവര്‍ കോഴിക്കോട്‌ എത്തിയത്‌‌.

പെണ്‍ജമാഅത്തിന്റെ പ്രവര്‍ത്തനങ്ങളുമായി എങ്ങനെ മുന്നോട്ടുപോകുന്നുവെന്ന്‌, വ്യവസ്ഥാപിത ജമാഅത്തുകളെ എങ്ങനെ നേരിടുന്നുവെന്ന്‌, അതിനുള്ള കരുത്തുനേടിയതിനെക്കുറിച്ച്‌, വിമര്‍ശനങ്ങളെക്കുറിച്ച്‌ സംസാരിക്കുകയാണ്‌ ഡി. ഷെരീഫാഖാനം.

*******
തമിഴ്‌നാട്ടിലെ പുതുക്കോട്ടയിലാണ്‌ എന്റെ ജനനം. പത്താമത്തെ കുട്ടിയാണ്‌ ഞാന്‍. എന്റെ ജനനത്തോടെ ഉമ്മയും ഉപ്പയും വേര്‍പിരിഞ്ഞു. ഓര്‍ക്കണം പത്തുകുട്ടികളുണ്ടായ ശേഷമാണ്‌ ഉപേക്ഷിക്കപ്പെടുന്നതെന്ന്‌.
ഉമ്മ അധ്യാപികയായിരുന്നു. അവര്‍ ഞങ്ങളെ വളര്‍ത്താന്‍ ഒരുപാടു കഷ്‌ടപ്പെട്ടു. ആരും സഹായിക്കാനില്ലായിരുന്നു. ആ അവസ്ഥ കണ്ടാണ്‌ ഞാന്‍ വളര്‍ന്നത്‌. കുട്ടിക്കാലത്ത്‌ ഒരു പിടിവാശിക്കാരിയായിരുന്നു ഞാന്‍. ഒരുപാട്‌ സ്വപ്‌നം കണ്ടിരുന്നു അക്കാലത്ത്‌. മനസ്സിനെ സങ്കല്‌പലോകത്ത്‌ അലയാന്‍ വിടും. വളരുന്നത്‌, ജീവിക്കുന്നത്‌, അങ്ങനെ എല്ലാമെല്ലാം. എന്നാല്‍ എന്തുജോലി ചെയ്യണം എന്നൊന്നുമില്ലായിരുന്നു. എന്നാല്‍
എന്റെ ഉമ്മയുടെ സഹനം കാണുമ്പോള്‍ ആരും സഹായിക്കാനില്ലാത്ത അവസ്ഥ കാണുമ്പോള്‍ കരുത്തുനേടണം, ധൈര്യശാലിയാവണം എന്നൊക്കെ ചിന്തിച്ചുകൊണ്ടിരുന്നു.

പന്ത്രണ്ടാം ക്ലാസുവരെ തമിഴ്‌നാട്ടില്‍ തന്നെയായിരുന്നു. ഡിഗ്രിക്ക്‌ അലിഗഡില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ ജോലിചെയ്‌തിരുന്ന സഹോദന്റെ സഹായത്തിലായിരുന്നു പഠനം.

****
അലിഗഡില്‍ പഠിക്കുമ്പോഴാണ്‌ പാറ്റ്‌നയില്‍ വെച്ചു നടന്ന വിമന്‍ കോണ്‍ഫറന്‍സില്‍ ഒരു ട്രന്‍സലേറ്ററായി പോകാന്‍ അവസരമുണ്ടായത്‌. അവിടെ വെച്ചാണ്‌ സ്‌ത്രീകള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ നേരിട്ടറിയാനായതും അതുവരെയുള്ള ചിന്തകളെല്ലാം എന്നെ വിട്ടൊഴിഞ്ഞതും. ജിവിക്കുന്നെങ്കില്‍ കഷ്‌ടപ്പെടുന്ന സ്‌ത്രീകള്‍ക്കുവേണ്ടി ജിവിക്കണമെന്ന്‌ തോന്നുകയായിരുന്നു.
ഡല്‍ഹിയില്‍ നിന്ന്‌ ഉമ്മയുടെ അടുത്തേക്കു മടങ്ങുകയും നാട്ടില്‍ സത്രീകള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാനും തുടങ്ങി. അതെന്റെ സഹോദരന്മാര്‍ക്കിഷ്‌ടമല്ലായിരുന്നു. അതോടെ അവര്‍ നല്‌കിയ സാമ്പത്തിക സഹായം നിലച്ചു.


1994 ലാണ്‌ മുംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വിമന്‍ റിസര്‍ച്ച്‌ ആക്ഷന്‍ ഗ്രൂപ്പ്‌ തമിഴ്‌നാട്ടിലെ മുസ്ലീം സ്‌ത്രീകളുടെ ജീവിത നിലവാരത്തെക്കുറിച്ച്‌ പഠിക്കാന്‍ ഒരു സര്‍വ്വേ നടത്താന്‍ എന്നെ ഏല്‌പിച്ചത്‌. ആ സര്‍വ്വേ എന്നെ ഞെട്ടിച്ചു. അഞ്ചു സ്‌ത്രീകളെയെടുത്താല്‍ ഒരാള്‍ വിധവ, മറ്റൊരാള്‍ വിവാഹമോചിത, അടുത്തയാള്‍ ബഹുഭാര്യത്വമനുഭവിക്കുന്നവള്‍, വേരൊരാള്‍ അംഗവൈകല്യം ബാധിച്ചവള്‍. അഞ്ചില്‍ ഒരാള്‍ മാത്രമായിരുന്നു അല്‌പമെങ്കിലും ഭേദപ്പെട്ട ജീവിതം നയിച്ചിരുന്നത്‌. ഇതെന്നെ വല്ലാതെ ചിന്തിപ്പിക്കുകയും വേദനിപ്പിക്കുകയും ചെയ്‌തു. സ്‌ത്രീകള്‍ക്ക്‌ ഏറെ സ്വാതന്ത്ര്യം നല്‍കുന്ന മതമാണെന്ന്‌ പറയുന്ന ഇസ്ലാമിലെ, എന്റെ നാട്ടുകാരികള്‍ എത്രമാത്രം കഷ്‌ടപ്പെടുന്നു എന്നോര്‍ത്ത്‌ വിഷമിച്ചു.
അതോടെ ഇസ്ലാമിനെ കൂടുതലടുത്തറിയാന്‍ ശ്രമിച്ചു. ഒപ്പം എന്റെ നാട്ടുകാരികള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളറിയാനും. പ്രയോഗത്തിലെ ഇസ്ലാമും യഥാര്‍ത്ഥ ഇസ്ലാമും രണ്ടാണെന്ന്‌ എനിക്കു മനസ്സിലായി. പുരുഷ കേന്ദ്രീകൃതമായ ഇസ്ലാമില്‍ സ്‌ത്രീക്ക്‌ സഹജീവി എന്ന പരിഗണനപോലും ലഭിക്കുന്നില്ലെന്ന തിരിച്ചറിവും.

ജമാഅത്തുകള്‍ എല്ലാം പുരുഷ കേന്ദ്രീകൃതമാണ്‌. പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതും പരിഹരിക്കുന്നതും അവര്‍ തന്നെയാണ്‌. അവിടെ സ്‌ത്രീക്ക്‌ പങ്കാളിത്തമില്ല. അവള്‍ അനുസരിക്കേണ്ടവള്‍ മാത്രം.
ഇന്ത്യയില്‍ മുസ്ലീം സ്‌ത്രീകളുടെ പരിതാപകരമാണ്‌. ഇവര്‍ ഇരട്ട അടിമത്തമാണ്‌ അനുഭവിക്കുന്നത്‌. സ്‌ത്രീ എന്ന നിലയിലും മുസ്ലീം സ്‌ത്രീ എന്ന നിലയിലും. കുട്ടിക്കാലം മുതല്‍ വിദ്യാഭ്യാസം നിഷേധിക്കലിലൂടെ കുട്ടിക്കാലം മുതല്‍ അവള്‍ അടിച്ചമര്‍ത്തപ്പെട്ടവളാണ്‌. അവള്‍ക്ക്‌ പാടാനാവില്ല. ഉറക്കെ ചിരിക്കാനോ സംസാരിക്കാനോ ആവില്ല. എല്ലായിടത്തും വിലക്കുകളാണ്‌. വിവാഹക്കമ്പോളത്തില്‍ വിലപേശി ഉറപ്പിക്കേണ്ട ഉത്‌പന്നമാണവള്‍.

സ്‌ത്രീധനം ഇസ്ലാമിന്‌ ഹറാമാണ്‌. പക്ഷേ, പുരുഷന്‍ സ്‌ത്രീക്ക്‌ മഹര്‍ നല്‍കേണ്ടത്‌ നിര്‍ബന്ധവുമാണ്‌. എന്നാല്‍ ഇവിടെ സംഭവിക്കുന്നത്‌ 50000 രൂപ സ്‌ത്രീധനം വാങ്ങുന്നവന്‍ 500 രൂപ മഹര്‍ നല്‌കും. എന്തു നീതിയാണ്‌ ഇതിലുള്ളത്‌.
വ്യവസ്ഥാപിത ജമാഅത്തുകള്‍ തലാഖ്‌, ബഹുഭാര്യത്വം തുടങ്ങിയ കാര്യങ്ങളില്‍ ശരീഅത്തിന്റെ അധികാരം ഉയര്‍ത്തിക്കാട്ടുകയും എന്നാല്‍ സ്‌ത്രീധനം, മഹര്‍, സ്‌ത്രീയുടെ സ്വത്തവകാശം ഇക്കാര്യങ്ങളില്‍ ആ ശാഠ്യം ഉപേക്ഷിച്ചു കളയുകയുമാണ്‌ പതിവ്‌. ഇസ്ലാമോ ശരീഅത്തോ അല്ല അവിടെ പ്രവര്‍ത്തിക്കുന്നത്‌. പുരുഷന്റെ അധികാരം മാത്രമാണ്‌.
ഇതിലുള്ള പ്രതിഷേധമാണ്‌ ഞങ്ങളുടെ സ്ഥാപനങ്ങളില്‍ അലയടിച്ചുകൊണ്ടിരിക്കുന്നത്‌.

ജനസംഖ്യയില്‍ പകുതിയോളം വരുന്ന സ്‌ത്രീകളെ വിസ്‌മരിച്ച്‌ ,എല്ലാ അവകാശങ്ങളെയും നിഷേധിച്ച്‌ അവരുടെ നയങ്ങളും വിധികളുമാണ്‌ നടപ്പിലാക്കുന്നത്‌.
ഖുര്‍ ആന്‍ വായിച്ചാലും അര്‍ത്ഥമറിയാത്തതുകൊണ്ട്‌ എന്താണ്‌ നീതി എന്താണ്‌ അനീതി എന്ന്‌ സ്‌ത്രീകളറിയുന്നില്ല.
വിവാഹമോചനത്തിനും പുനര്‍വിവാഹത്തിനുമൊക്കെ സ്വാതന്ത്ര്യമുണ്ടെങ്കിലും ഇക്കാര്യങ്ങള്‍കൊണ്ട്‌ ഇരകളാവുകയാണിവര്‍. കുട്ടികളെ വളര്‍ത്താനും ജീവിക്കാനും ഇവര്‍ കഷ്‌ടപ്പെടുന്നു. മറ്റൊരാളുടെ രണ്ടാം ഭാര്യയായിരിക്കുന്നതിലെ അസ്വാരസ്യങ്ങള്‍ അനുഭവികേണ്ടതും ഇവള്‍തന്നെ. എപ്പോഴും രണ്ടാംകിട ജന്മമായി ഇവര്‍ ജീവിക്കുന്നു. അടിച്ചമര്‍ത്തല്‍ ഉള്ളിലൊതുക്കി എത്രനാള്‍ ജീവിക്കാനാവും?
ഖുര്‍ ആനിലെ ചിലഭാഗങ്ങള്‍ ഞാന്‍ തമിഴിലേക്ക്‌ പരിഭാഷപ്പെടുത്തി ഞങ്ങളുടെ സ്‌ത്രീകള്‍ക്കിടയില്‍ വിതരണം ചെയ്‌തു. അവരറിയട്ടെ ഖുര്‍ആനിലെന്തു പറഞ്ഞിരിക്കുന്നു എന്ന്‌. ഖുര്‍ആന്റെ വ്യാഖ്യാനങ്ങളിലുമുണ്ട്‌ പ്രശ്‌നം. പുരുഷന്റെ കാഷ്‌ചപ്പാടിനനുസരിച്ചാണ്‌ വ്യാഖ്യാനിക്കുന്നത്‌.


സ്‌ത്രീക്കും പുരുഷനും തുല്യനീതി ലഭിക്കുന്നുടത്തെ നീതിയുള്ളു എന്ന വിശ്വാസമാണ്‌ ഞങ്ങളെ നയിക്കുന്നത്‌. ഞങ്ങള്‍ക്കൊരു റോള്‍ മോഡലില്ല.
മുസ്ലീം സ്‌ത്രീയുടെ അവകാശങ്ങള്‍ക്കുവേണ്ടി പോരാടാനും, മനുഷ്യാവകാശംസംരക്ഷിക്കുവാനും ജീവിത നിലവാരമുയര്‍ത്തുകയും അതുവഴി സ്‌ത്രീ ശാക്തീകരണവുമാണ്‌ സ്റ്റെപ്‌സിന്റെ ലക്ഷ്യം. പുതുക്കോട്ട ആസ്ഥാനമാക്കിയാണ്‌ സ്‌റ്റെപ്‌സ്‌ പ്രവര്‍ത്തിക്കുന്നത്‌.


സ്‌ത്രീകളുടെ പള്ളിയും പര്‍ദ എന്ന 'ഠ' വട്ടവും

സ്‌ത്രീകള്‍ക്ക്‌ പ്രാര്‍ത്ഥിക്കാനും അവരുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാനും പരിഹാരം തേടാനും ഒരു പൊതു ഇടമില്ല. അവളുടെ സങ്കടങ്ങള്‍ ആരോടും പങ്കുവെയ്‌ക്കാനാകാതെ വീട്ടിനുള്ളില്‍ തന്നെയായിരുന്നു ഇതുവരെ. അതിനൊരു മാറ്റം ആവശ്യമാണ്‌ .
ഒത്തു ചേര്‍ന്ന്‌ പ്രാര്‍ത്ഥിക്കാനും പ്രശ്‌നങ്ങളവതരിപ്പിക്കാനും ദുഖവും സന്തോഷവുമെല്ലാം പങ്കുവോയ്‌ക്കാനൊരിടം എന്ന നിലയിലാണ്‌ പള്ളിയേക്കുറിച്ചാലോചിച്ചത്‌.
ഞാന്‍ തന്നെ സ്ഥലം നല്‌കി. അടിസ്ഥാനമായി. പക്ഷേ പള്ളി ഇയരണമെങ്കില്‍ പണം വേണം.
സ്‌ത്രീകളുടെ പള്ളിയെ എതിര്‍ത്തുകൊണ്ട്‌ ധാരാളംപേര്‍ രംഗത്തു വന്നു. ഇപ്പോള്‍ നിര്‍മ്മാണം നിലച്ചിരിക്കുകയാണ്‌. എന്നാലും ഞങ്ങള്‍ ഓരോരോ വീടുകളില്‍ ഒത്തുചേരും. പ്രാര്‍ത്ഥിക്കും. പ്രശ്‌നങ്ങളവതരിപ്പിക്കും.
ഞങ്ങളുടെ കൂട്ടത്തിലെ സുബൈദ വളരെ ധൈര്യമുള്ളവളാണ്‌. അവള്‍ ബാങ്കുകൊടുക്കും. ഇമാം നില്‌ക്കും.


തലാക്കും സ്‌ത്രീധനപ്രശ്‌നവും പീഡനവുമൊക്കെയായി ഒരുമാസം ഇരുപതു കേസെങ്കിലും വരുന്നുണ്ട്‌. ഞങ്ങളുടെ വക്കീല്‍ ഫാത്തീമ പര്‍വീന്‍ ഏതു കേസുമെടുക്കും. കോടതിയില്‍ ശക്തിയായി വാദിക്കും.


ഇപ്പോള്‍ ഞങ്ങളുയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ ശരിയാണെന്ന്‌ ബോധ്യമുള്ളവരുണ്ട്‌. ആദ്യമൊക്കെ പിന്തിരിഞ്ഞു നിന്നവര്‍ വന്നു തുടങ്ങിയിട്ടിണ്ട്‌. അഞ്ഞൂറു സ്‌ത്രീകള്‍ വരുമ്പോള്‍ അഞ്ചു പുരുഷന്മാരും എത്തുന്നുണ്ട്‌.


മുസ്ലീം സ്‌ത്രീയുടെ സ്വാതന്ത്ര്യപ്രശ്‌നം പര്‍ദ എന്ന 'ഠ' വട്ടത്തില്‍ കിടന്ന്‌ വട്ടം കറങ്ങുകയാണ്‌. ഇതൊരു തരം ഒഴിഞ്ഞുമാറലാണ്‌. പര്‍ദ ധരിച്ചു കഴിഞ്ഞാല്‍ സ്‌ത്രീയുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമായെന്നാണ്‌ ചിലരുടെ കണ്ടെത്തല്‍. മുസ്ലീം സ്‌ത്രീയുടെ യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്ന ഒഴിഞ്ഞുമാറി , ആ പ്രശ്‌നങ്ങളെ പര്‍ദക്കിടയില്‍ ചെറുതാക്കി കാണിക്കുകയാണ്‌. തമിഴ്‌നാട്ടില്‍ രണ്ടുഭാര്യമാരില്ലാത്ത പുരുഷന്മാര്‍ കുറവാണ്‌.
മുസ്ലീം സ്‌ത്രീ അനുഭവിക്കുന്ന മാനസീകവും ശാരീരികവുമായ പ്രയാസങ്ങള്‍ പര്‍ദാചര്‍ച്ചക്കിടയില്‍ മറഞ്ഞുപോവുകയാണ്‌. ദാരിദ്ര്യം, രോഗം, പീഡനം, അരക്ഷിതാവസ്ഥ, കഷ്ടപ്പാട്‌ ഇതൊന്നും ആര്‍ക്കുമറിയണ്ട. പര്‍ദ ഇഷ്ടമുള്ളവര്‍ ധരിക്കട്ടെ. ഉടുക്കുന്ന വസ്‌ത്രമല്ല സ്‌ത്രീയുടെ പ്രശ്‌നമെന്ന്‌‌ ഏതുകാലത്ത്‌ ഇവര്‍ തിരിച്ചറിയും?
തലയില്‍ തട്ടമിടാത്തതും മുടിയിഴ കാണുന്നതുമൊക്കെയാണ്‌ സ്‌ത്രീയുടെ പ്രശ്‌നമെന്നൊക്കെ പറഞ്ഞ്‌ മറ്റു സമൂഹങ്ങളില്‍ വേറിട്ടു നിര്‍ത്താനുള്ള ശ്രമമാണ്‌ എല്ലാ ജമാഅത്തുകളുടെയും ലക്ഷ്യം.

എല്ലാ തീവ്രവാദികളും മുസ്ലീങ്ങളാണ്‌ എന്ന ധാരാണ ആഗോളതലത്തില്‍ തന്നെ നിലനിലല്‍ക്കുന്നു. ആര്‍. എസ്‌. എസും ബി ജെ പിയും അതുറക്കെ പറഞ്ഞുകൊണ്ടിരിക്കുന്നു. നമ്മുക്കിടയിലെ പുരുഷന്മാര്‍ അതിനെ ന്യായീകരിക്കുന്നത്‌്‌ ഇന്ത്യയില്‍ അവര്‍ക്കൊരു ഐഡന്റ്‌ററി ഇല്ലെന്നാണ്‌. സ്വന്തം വീട്ടിലെ പെണ്ണുങ്ങള്‍ക്കള്‍ക്ക്‌ ഐഡന്റ്‌റ്റി കൊടുക്കാന്‍ കഴിയാത്തവര്‍ക്ക്‌ ദേശീയ ഐഡന്റ്‌ററിയെപ്പറ്റി പറയാന്‍ എന്തു യോഗ്യതയാണുള്ളത്‌?



അദ്വാനിയുടെ ഫ്രണ്ടും അമേരിക്കയുടെ ഫണ്ടും!


ഞാന്‍ മുസ്ലീം വിരുദ്ധ പ്രവര്‍ത്തനമാണ്‌ നടത്തുന്നതെന്നാണ്‌ വ്യവസ്ഥാപിത മുസ്ലീം സംഘടനകള്‍ പറയുന്നത്‌. അദ്വാനിയും ആര്‍. എസ്‌. എസുമാണ്‌ എന്റെ സുഹൃത്തുക്കള്‍ എന്നാണ്‌ പ്രചരണം. അമേരിക്കയില്‍ നിന്ന്‌ ഫണ്ടു ലഭിക്കുന്നുണ്ടത്രേ!
സത്യം പറഞ്ഞാല്‍ ആര്‍. എസ്‌. എസ്‌, ബി. ജെ. പി പ്രവര്‍ത്തകരെ നേര്‍ക്കുനേരെ കാണാന്‍ പോലും ഞാനാഗ്രഹിക്കുന്നില്ല. വ്യവസ്ഥാപിത മുസ്ലീമിനെതിരെ സ്‌ത്രീകളെ അണി നിരത്തുന്നതുകൊണ്ട്‌ അവരെനിക്ക്‌ മന്ത്രിപദം വരെ തരാന്‍ തയ്യാറാണ്‌. അതവരുടെ രാഷ്ട്രീയമാണ്‌. അതുകൊണ്ട്‌ ഓരോ നിമിഷവും കരുതലോടെയാണ്‌ ഞാന്‍ നടക്കുന്നത്‌.
എന്റെ പോരാട്ടം മുസ്ലീമിനെതിരെയല്ല. സ്‌ത്രീയുടെ അവകാശങ്ങള്‍ക്കുവേണ്ടി മാത്രമാണ്‌.

തമിഴ്‌നാട്ടില്‍ ധാരാളം മുസ്ലീം സംഘടനകളുണ്ട്‌. അവരെല്ലാം ആശയപരമായി നിരന്തരം പ്രശ്‌നങ്ങളിലാണ്‌. ഒരു സംഘടനക്ക്‌ മറ്റേ സംഘടനക്കാരെ കണ്ടുകൂടാ.
പക്ഷേ, എന്നെ എതിര്‍ക്കുന്ന കാര്യത്തില്‍ ഇവര്‍ ഒന്നാണ്‌. എനിക്ക്‌ ഇസ്ലാമിനെ അറിയില്ലെന്നാണ്‌ ഇവരുടെ വാദം. ശരിയാണ്‌ . സമ്മതിക്കുന്നു. എനിക്ക്‌ ഇസ്ലാമിനെ അറിയില്ല. അറിയാഞ്ഞിട്ട്‌ ഞാനിത്ര പ്രവര്‍ത്തിക്കുന്നെങ്കില്‍ അറിഞ്ഞാല്‍ എത്ര പ്രവര്‍ത്തിക്കുമെന്ന്‌ ഞാന്‍ മറുപടി പറയും.

ഇസ്ലാമിനെ ഞാന്‍ വഞ്ചിച്ചുകൊണ്ടിരിക്കുകയാണെന്നാണ്‌ ഒരാരോപണം. വഞ്ചിക്കുന്നത്‌ ഞാനല്ല. ഇവര്‍ തന്നെയാണ്‌. സ്‌‌ത്രീധനം വാങ്ങുന്നവര്‍ക്കാര്‍ക്കും പള്ളിയില്‍ പ്രവേശനമില്ലെന്ന്‌ പറയാന്‍ ഏതെങ്കിലും മൊല്ലക്ക്‌ ധൈര്യമുണ്ടോ? പറയില്ല. കാരണം ജമാഅത്ത്‌ നടന്നുപോകാന്‍ ആളെക്കിട്ടാതാവും.

സുന്നത്തുല്‍ ജമാഅത്ത്‌ പ്രവര്‍ത്തകര്‍ ഞാന്‍ തെന്നിന്ത്യലെ തസ്ലീമ നസ്രീനാണെന്നും എന്നെ വളരാനനുവദിച്ചാല്‍ ഇസ്ലാം കെട്ടുപോകുമെന്നും പോസ്‌റ്ററെഴുതിയും നോട്ടീസിറക്കിയും പ്രചരിപ്പിച്ചു.
ഞാനവര്‍ക്കെതിരെ പത്തുലക്ഷം രൂപ കിട്ടണമെന്ന്‌ പറഞ്ഞ്‌‌ മാനനഷ്ടത്തിന്‌ കേസുകൊടുത്തിരിക്കുകയാണ്‌്‌. ഇങ്ങനെ മൂന്നോ നാലോ കേസുണ്ടായാല്‍ എന്റെ പള്ളി സുന്ദരമായി ഉയരും.

കനിമൊഴിയും കോംപ്രമൈസും

കനിമൊഴി എന്റെ സുഹൃത്താണ്‌. ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ ഞാനവരെ ക്ഷണിച്ചു. വരാമെന്ന്‌ സമ്മതിച്ചതുമാണ്‌. എന്നാല്‍ അവര്‍ എത്തിയില്ല.
തമിഴ്‌നാട്ടിലെ പ്രധാന മുസ്ലീം രാഷ്ട്രീയ പാര്‍ട്ടികള്‍ തമിഴ്‌നാട്‌ തൗഹീദ്‌ ജമാഅത്തും , തമിഴ്‌നാട്‌ മുസ്ലീം ഫോറവുമാണ്‌. തൗഹീദ്‌ ജമാഅത്ത്‌ ജയലളിതക്കും മുസ്ലീം ഫോറം കരുണാനിധിക്കും പിന്തുണ നല്‍കിവരുന്നു. കരുണാനിധിയുടെ മകള്‍ ഞങ്ങളുടെ പരിപാടിയില്‍ പങ്കെടുത്താല്‍ പിന്തുണപിന്‍വലിക്കുമെന്ന്‌ അവര്‍ പറഞ്ഞു.
പെണ്ണിനെ മര്യാദക്ക്‌ വീട്ടിലിരുത്തിക്കൊള്ളാന്‍...
അല്ലെങ്കിലും കനിമൊഴി ഞങ്ങളുടെ അടുത്തു വന്നാല്‍ എന്തുകിട്ടാനാണ്‌. വീട്ടിലിരുന്നാല്‍ പിന്തുണ പോകാതിരിക്കും.
കൂടെ നില്‍ക്കുന്നവര്‍, ഓഫീസില്‍ ജോലി ചോയ്‌തിരുന്നവര്‍പോലും വിട്ടുപോകുമ്പോള്‍ വിഷമമുണ്ട്‌. ഒപ്പം നിന്നവര്‍ പിന്നീടെനിക്കെതിരെ കേസു കൊടുത്തിട്ടുണ്ട്‌. അപ്പോഴൊക്കെ കടുത്ത മാനസീക സമ്മര്‍ദ്ദത്തിലാവും.

പക്ഷേ, ഇപ്പോഴിതൊക്കെ തഴക്കമായി. തളരാന്‍ പാടില്ലല്ലോ..തളര്‍ന്നുപോയാല്‍ എന്നെ വിശ്വസിച്ച്‌ കുറേ പാവം സ്‌ത്രീകളുണ്ട്‌. അവരെ അവഹേളിക്കലാവുമത്‌.
ശരിക്കു പറഞ്ഞാല്‍ നടുക്കടലിലാണ്‌ ഞാന്‍. കരയെത്താന്‍ ഒരുപാടു നീന്തണം.


സ്‌ത്രീകള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയപ്പോള്‍ എന്റെ സഹോദരന്മാരുടെ എതിര്‍പ്പായിരുന്നു ആദ്യമുണ്ടായത്‌. എന്റെ ജ്യേഷ്ടനെന്ന്‌ മുടിയില്‍ പിടിച്ചു വലിക്കുകയും ഒരുപാടു മര്‍ദിക്കുകയും ചെയ്‌തു. ദാ..ഇപ്പോള്‍ എന്റെ മുടി പിടിച്ചു വലിച്ചാലൊന്നും എനിക്ക്‌ വേദനയില്ല. ശരീരത്തിലെത്ര പ്രഹരമേറ്റാലും വേദനിക്കാത്ത അവസ്ഥ. എല്ലാം തഴക്കമായി.
മത തീവ്രവാദികളില്‍ നിന്ന്‌്‌ വധഭീഷണിയുണ്ടെനിക്ക്‌്‌. പക്ഷേ, മരിക്കാനെനിക്ക്‌ പേടിയില്ല. കൊല്ലും കൊല്ലും എന്നു പേടിപ്പിക്കേണ്ട. ഇവിടുത്തെ കാലാവധി കഴിഞ്ഞാല്‍ അള്ളാ എന്നെ തിരിച്ചെടുക്കും. ഏതു വിധത്തിലായാലും. പിന്നെന്തിനു ഞാന്‍ പേടിക്കണം?



സര്‍ക്കാരില്‍ നിന്ന്‌‌ സഹായമോ പിന്തുണയോ ലഭിക്കില്ല. എന്നാല്‍ മാധ്യമങ്ങള്‍ നല്ല പിന്തുണ നല്‌കി. 'Standin Alone in macca 'എഴുതിയ അസ്‌റ നൊമാനി ഇവിടെ വന്നിട്ടുണ്ട്‌. ഇന്റര്‍നെറ്റ്‌ വഴി തെരഞ്ഞാണ്‌ അവര്‍ ഇവിടെയെത്തിയത്‌.
ഇത്ര കഷ്ടപ്പാടിലും ഇവിടുത്തെ സ്‌ത്രീകള്‍ പാട്ടു പാടുന്നു, ആടുന്നു, ചിരിക്കുന്നു, ചര്‍ച്ചകളില്‍ സജീവമാകുന്നു. അസ്‌റ അത്ഭുതപ്പെട്ടുപോയി.
അവരുടെ പുസ്‌തകത്തില്‍ പരമാര്‍ശിക്കുന്നുണ്ട്‌ ഇക്കാര്യം.

ഉമ്മയുടെ കരുത്തുകണ്ടാണ്‌ ഞാന്‍ വളര്‍ന്നത്‌. അവര്‍ ആരും സഹായിക്കാനില്ലാതെ ഞങ്ങളെ എല്ലാവരെയും വളര്‍ത്തി. പഠിപ്പിച്ചു. അവരെന്നെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്‌. സഹോദരന്മാരെന്നെ വെറുത്തപ്പോഴും ഉമ്മ കൂടെ നിന്നു.
എല്ലാ എതിര്‍പ്പുകള്‍ക്കിടയിലും എന്നെ പിന്തുണക്കുന്ന കുറച്ചുപേരെങ്കിലുമുള്ളതാണ്‌്‌ എന്റെ ധൈര്യം.

സ്‌ത്രീകള്‍ നേടേണ്ട പ്രധാന കാര്യം സ്വയം പര്യാപ്‌തതയാണ്‌. അവരെ പ്രാപ്‌തരാക്കുന്നതിന്‌ സാമ്പത്തീകസഹായം നല്‍കിയേ മതിയാവൂ. അതിനായി ഒരു ബാങ്കോ, ക്രെഡിറ്റ്‌ സൊസൈറ്റിയോ തുടങ്ങുവാനുള്ള ശ്രമത്തിലാണിപ്പോള്‍.
അനൗപചാരികമായി തുടങ്ങിക്കഴിഞ്ഞു. അഞ്ചുലക്ഷം രൂപ വായ്‌പ നല്‌കിയിട്ടുണ്ട്‌. ഒരു പരീക്ഷണം എന്ന നിലയില്‍. കഴിവുള്ളവരില്‍ നിന്ന്‌്‌ ചെറിയ നിക്ഷേപങ്ങള്‍ സ്വീകരിച്ച്‌ കുറഞ്ഞ പലിശക്ക്‌ നല്‌കണമെന്നാണ്‌ കരുതുന്നത്‌. ഔപചാരികമായി എങ്ങനെ തുടങ്ങാമെന്ന്‌ നിയമ വിദഗ്‌ധരോടും പരിചയസമ്പന്നരോടും ആലോചിച്ചുകൊണ്ടിരിക്കുകയാണ്‌.
സ്‌ത്രീകള്‍ സ്വയം പര്യാപ്‌തരാകുന്നതോടെ അവരെ അംഗീകാരം തേടിയെത്തുകതന്നെ ചെയ്യും.

*******************


കേരളത്തില്‍, മുസ്ലീം സ്‌ത്രീ നേരിടുന്ന വിവേചനത്തിനെതിരെ അല്‌പമെങ്കിലും ശബ്ദിച്ചത്‌ കലയും സാഹിത്യവും മാത്രമാണ്‌. അതിലധികവും സ്‌ത്രീപക്ഷത്തുനിന്ന്‌ പുരുഷന്മാര്‍ എഴുതിയതായിരുന്നു. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ ഇവിടുത്തെ മുസ്ലീങ്ങള്‍ എല്ലാതലത്തിലും മികവു കാണിക്കുന്നു എന്നാണ്‌ നമ്മുടെ പൊങ്ങച്ചം. എന്നാല്‍ ഷെരീഫാ ഖാനത്തെപ്പോലെ സമൂഹത്തിലിറങ്ങി ചെല്ലാന്‍, അവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ ധൈര്യമുള്ള മുസ്ലീം സ്‌ത്രീകള്‍ കേരളത്തിലുണ്ടോ?
ഇവിടുത്തെ ഏതെങ്കിലും മുസ്ലീം സ്‌ത്രീക്ക്‌ ഇങ്ങനെ ചിന്തിക്കാനോ പ്രവര്‍ത്തിക്കാനോ ആകുമോ?

ഷെരീഫഖാനം, നിങ്ങള്‍ക്കു മുന്നില്‍ ഞങ്ങള്‍ ലജ്ജിച്ച്‌ തലതാഴ്‌ത്തുന്നു.

Tuesday, November 18, 2008

നിങ്ങള്‍ ഫെമിനിസ്റ്റാണോ?

"നിങ്ങള്‍ ഒരു ഫെമിനിസ്റ്റാണോ?"
“ഭര്‍ത്താവ് നിങ്ങളെ പിന്തുണക്കുന്നുണ്ടോ?"


കുടുംബത്തില്‍ നിന്ന് പുറത്തേക്കിറങ്ങുന്ന ഒരു സ്ത്രീ നേരിടേണ്ടിവരുന്ന രണ്ടു ചോദ്യങ്ങളാണിവ. അവള്‍ എഴുത്തുകാരിയോ, സാമൂഹിക പ്രവര്‍ത്തകയോ ആരുമാകട്ടെ. പക്ഷെ പൊതുസമൂഹം അവളോട് ഈ രണ്ടു ചോദ്യങ്ങള്‍ ചോദിച്ചിരിക്കും. തീര്‍ച്ചയാണ്. എന്നാല്‍ പുരുഷനെ സംബന്ധിച്ച് ഈ ചോദ്യങ്ങള്‍ അപ്രസക്തമാണ്. കാരണം അവന്‍ പുരുഷനാണ് എന്നതു തന്നെ.

എനിക്കു തന്നെ ഈ ചോദ്യത്തെ പലപ്പോഴും നേരിടേണ്ടി വന്നിട്ടുണ്ട്. ഒരിക്കല്‍ ഒരു അഭിമുഖകാരന്‍ ഈ ചോദ്യങ്ങള്‍ ചോദിച്ച് എഴുതി വന്നപ്പോള്‍ എന്നെ കൈപിടിച്ച് എഴുതിക്കുന്നു എന്നായിരുന്നു വാക്കുകളിലെ ധ്വനി. ശരിയാണ്, ഭര്‍ത്താവ് എന്റെ എഴുത്തിനെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. അതു പക്ഷെ പേനയും കടലാസും എടുത്തുതന്നിട്ട് "എഴുതിക്കൊള്ളൂ " എന്നു പറയുകയല്ല. "കുഞ്ഞിനെ നോക്കണ്ട, അടുക്കളപണികളെടുക്കണ്ട. നീ എഴുതൂ " എന്നു പറഞ്ഞിട്ടുമല്ല.

എല്ലാ സാഹചര്യങ്ങളും ഒരുക്കിതന്ന് എന്നോട് എഴുതാന്‍ പറഞ്ഞാല്‍ "ഞാനെഴുതുമോ"?

സ്വസ്ഥമായ മനസോടെ ഇരിക്കാന്‍ സാധിച്ചാല്‍ എനിക്കെങ്ങിനെ എഴുത്തു സാധിക്കുമെന്ന് പലപ്പോഴും ഞാന്‍ ഓര്‍ത്തു നോക്കിയിട്ടുണ്ട്.
തിരക്കുകള്‍ക്കിടയിലെ അശാന്തി തന്നെയാണ് എഴുത്തിലേക്കുള്ള വഴി എന്നുറച്ചു വിശ്വസിക്കാനാണിഷ്ടം.

നാട്ടുപച്ചയില്‍ തുടര്‍ന്നു വായിക്കുക.

നാട്ടുപച്ച നവംബര്‍ 16 ന്‌ update ചെയ്‌തിട്ടുണ്ട്‌.

നട്ടെല്ല് ചൂഴുന്ന നടുക്കം - കെ.കെ.ഷാഹിന

സ്വവര്‍ഗ രതിയുടെ പുതുവഴികള്‍ - നിബ്രാസുല്‍ അമീന്‍

ഇനിയും മുത്തങ്ങ വേണോ എന്ന് ഗവണ്മെന്റാണ് തീരുമാനിക്കേണ്ടത് - സി.കെ.ജാനു

മാറ്റങ്ങളോ ചതികളോ - ആര്‍ വിജയലക്ഷ്മി

റിവേഴ്സ് ഷോട്ട് - ഡോ.വത്സലന്‍ വാതുശ്ശേരി

കറവവറ്റിയവരും കാലാഹരണപ്പെട്ടവരും - നിത്യന്‍

അപസ്മാരം - പഴവിള രമേശന്‍

അഷ്ടാംഗമാര്‍ഗം - ശൈലന്‍

കണ്ണുരോഗം - ശ്രീരമ.പി.പി

അജ്ഞാതനായ ഒരാള്‍ എന്നിലേക്ക് ചേര്‍ത്തു തന്നതാണ് സംഗീതം-- ഷഹബാസ് അമന്‍

പ്രണയം - സുസ്മേഷ് ചന്ത്രോത്ത്

ഗള്‍ഫ്‌ ഭാര്യമാര്‍ ഗള്‍ഫിലും നാട്ടിലും - പി.ടി.മുഹമ്മദ് സാദിഖ്

ആരെയും പരുക്കേല്‍പ്പിക്കാതെ ജീവിക്കാനാവില്ലെ? വി.എം.ഗിരിജ

ഓര്‍ക്കുന്നുവൊ; ശ്രീനന്ദുവെ? - എ.എന്‍ ശോഭ

കല്യാണം കഴിക്കില്ലെന്ന് തീരുമാനിച്ചിട്ടില്ല.....നവ്യാ നായര്‍

ചിത്രദര്‍ശനം - ട്വന്റി 20

ഹാപ്പി ക്യാപ് - കമാല്‍ വരദൂര്‍

വേണം കംഗാരുക്കള്‍ക്ക് ഒരു ക്യാപ്റ്റന്‍ - മുരളികൃഷ്ണ മാലോത്ത്

ജീമെയിലില്‍ വീഡിയോ ചാറ്റ് - ബാബുരാജ്

ജ്യോതിഷം (ഗ്രഹാചാര ഫലങ്ങള്‍) - ചെമ്പോളി ശ്രീനിവാസന്‍

തുടങ്ങി ഒട്ടേറെ വിഭവങ്ങള്‍

Sunday, November 2, 2008

ഉമ്മമാരുടെ സങ്കടവും രോഷവും

ഇരുപത്തഞ്ചുവര്‍ഷമായി മുസ്ലീം സ്‌തരീകളുടെ സമത്വത്തിനുവേണ്ടി എം. എന്‍. കാരശ്ശേരി എഴുത്തുലൂടെ നടത്തിയ ഇടപെടുലുകളാണ്‌ ഈ പുസ്‌തകം. ആമുഖത്തില്‍ പറയുന്നു: ' മതമല്ല, മനുഷ്യനാണ്‌ എന്റെ വിഷയം


ചേക്കുട്ടിപ്പാപ്പ ഒരു ജിന്നാണ്‌. സങ്കടപ്പെടുന്ന സ്‌ത്രീകളുടെ വിളികേട്ട്‌, അവരെ സങ്കടപ്പെടുത്തിയവരെ വകവരുത്തുന്ന ശക്തിയാണ്‌ ചേക്കുട്ടിപ്പാപ്പ. ഈ ജിന്ന്‌ പെണ്‍വാദിയാണ്‌ എന്നതാണ്‌ പ്രധാനവിശേഷം. പെണ്ണുങ്ങളോട്‌ ആരെങ്കിലും വല്ല അന്യായവും ചെയ്‌താല്‍ ചേക്കുട്ടിപ്പാപ്പ അയാളുടെ മേത്ത്‌കൂടും. ശാരീരികവും മാനസീകവുമായ ഏതെങ്കിലും അസുഖമായിട്ട്‌ അത്‌ വെളിപ്പെടും; അല്ലെങ്കില്‍ കച്ചവടത്തില്‍ നഷ്ടം വരും; ചിലപ്പോള്‍ കന്നുകള്‍ക്കോ വിളകള്‍ക്കോ ആപത്തുവരും. കാരണം പെണ്ണുങ്ങള്‍ കരഞ്ഞുപറഞ്ഞാല്‍ ഉടനടി ദയതോന്നി അവരെ ഉപദ്രവിച്ചവരെ പിടികൂടാന്‍ കാത്തിരിക്കുകയാണ്‌ ചേക്കുട്ടിപ്പാപ്പ. ചേക്കുട്ടിപ്പാപ്പയെ ഒഴിപ്പിക്കണമെങ്കില്‍ കര്‍മ്മം ചെയ്യണം. അതുമാത്രം പോരാ- ആ പെണ്ണിന്റെ സങ്കടത്തിന്‌ നിവൃത്തിയുണ്ടാക്കണം?.

ഈ ഉദ്ധരണി എം. എന്‍. കാരശ്ശേരിയുടെ ഉമ്മമാര്‍ക്കുവേണ്ടി ഒരു സങ്കടഹര്‍ജി എന്ന പുസ്‌തകത്തില്‍ നിന്നുള്ളതാണ്‌. ഇരുപത്തഞ്ചുവര്‍ഷമായി മുസ്ലീം സ്‌തരീകളുടെ സമത്വത്തിനുവേണ്ടി അദ്ദേഹം എഴുത്തുലൂടെ നടത്തിയ ഇടപെടുലുകളാണ്‌ ഈ പുസ്‌തകം. ആമുഖത്തില്‍ പറയുന്നു: ' മതമല്ല, മനുഷ്യനാണ്‌ എന്റെ വിഷയം. മതകാര്യങ്ങളെപ്പറ്റിയല്ല, സാമൂഹ്യപ്രശ്‌നങ്ങളെപ്പറ്റിയാണ്‌ ഞാന്‍ സംസാരിക്കുന്നത്‌. പൗരോഹിത്യത്തെ ഏറ്റെതിര്‍ക്കുക എന്നതാണ്‌ ഈ പുസ്‌തകത്തിന്റെ ജന്മദൗത്യം'.

വ്യപസ്ഥാപിത മതപൗരോഹിത്യവും വിവിധ മതസംഘടനകളും മുസ്ലീം സ്‌ത്രീയുടെ കാര്യത്തില്‍ അങ്ങേയറ്റം നിരുത്തരവാദപരമായി പെരുമാറുന്നതാണ്‌ നമുക് കാണാനാവുന്നത്‌.
നീതിയും തുല്യതയുമാണ്‌ ഇസ്ലാമിന്റെ ആണിക്കല്ല്‌. പക്ഷേ, എവിടെയാണ്‌ നീതി? തുല്യത?
മുസ്ലീം സ്‌ത്രീക്ക്‌ ഒരു പ്രശ്‌നവുമില്ലെന്നു മാത്രമല്ല മറ്റു സമുദായങ്ങളെ അപേക്ഷിച്ച്‌ സ്‌ത്രീകള്‍ക്ക്‌ കൂടുതല്‍ സ്വാതന്ത്ര്യവുമുണ്ടെന്നുമാണ്‌ ഇവരുടെ വാദം. പുനര്‍വിവാഹം, വിവാഹമോചനം, സ്വത്തിലുള്ള അവകാശം ഇവയൊക്കെയാണ്‌ ഈ സ്വാതന്ത്ര്യപരിധിയില്‍ വരുന്നത്‌. ഇതൊന്നും ഇസ്ലാമിലില്ലെന്നല്ല . പ്രവാചകന്‍ വിഭാവനം ചെയ്‌ത സ്‌ത്രീ സ്വാതന്ത്ര്യം ഇവിടെയുണ്ടോ? പുരുഷകേന്ദ്രീകൃതമായ, അവരുടെ താത്‌പര്യങ്ങള്‍ക്കനുസരിച്ചുള്ള നടപ്പുകളാണ്‌ ഇവിടെ നടക്കുന്നത്‌.
സ്‌്‌ത്രീകള്‍ക്കു നേരെയുള്ള വിവേചനത്തിന്‌ ശരീഅത്തിനെ കൂട്ടുപിടിക്കുകയും ചെയ്യും. എന്നാല്‍ പുരുഷന്‍ ചെയ്യുന്നതൊക്കെ ശരീഅത്ത്‌ അനുസരിച്ചാണോ? അല്ലെന്നുതന്നെ പറയേണ്ടിവരും. സ്‌ത്രീധനം എന്ന ഒറ്റ ഉദാഹരണം മതി അതിന്‌.
സ്‌ത്രീധനം വേണമെന്ന്‌ ആണുങ്ങളെപ്പെലെ പെണ്ണുങ്ങളും പറയുന്നത്‌ എന്തുകൊണ്ടാണ്‌? സ്‌ത്രീധനവുമായി ബന്ധപ്പെട്ട പീഡനങ്ങളിലും കൊലകളിലും അമ്മായിയമ്മമാരും നാത്തൂന്മാരും ഉള്‍പ്പെടുന്നത്‌ എന്തുകൊണ്ടെന്ന്‌ വിശദീകരിക്കുകയാണ്‌ അദ്ദേഹം.




സ്‌ത്രീധനം എന്നത്‌ പുരുഷാധിപത്യഘടന സൃഷ്ടിച്ച ഒരു സാമ്പത്തീകക്രമം ആണ്‌. ആക്രമം സ്വയം ഉള്‍ക്കൊല്‌ളിക്കുന്നതിലൂടെ, ആ ഘടനയുടെ മൂല്യങ്ങള്‍ പഠിച്ചു പ്രാവര്‍ത്തികമാക്കുന്നതിലൂടെ, സാംസ്‌ക്കാരികമായി 'പുരുഷന്മാര്‍' ആയി മാറിയ സ്‌ത്രീകളാണ്‌ സ്‌ത്രീധനത്തിനുവേണ്ടി നിലകൊല്‌ളുന്ന മാതാക്കളും നാത്തൂന്മാരും അമ്മായിയമ്മമാരും. അവരെ വീണ്ടും സ്‌ത്രീകളാക്കി മാറ്റുന്ന സാംസ്‌ക്കാരിക പ്രവര്‍ത്തനമാണ്‌ സ്‌ത്രീധന വിരോധസമരം.

സ്‌ത്രീധനത്തിനെതിരെ പൊരുതാനും അത്‌ ഇല്ലാതാക്കാനും സ്‌ത്രീകള്‍ക്ക്‌ മാത്രമേ സാധിക്കൂ-ശാരീരികമായും സാംസ്‌ക്കാരികമായും 'സ്‌ത്രീകളായ' സ്‌ത്രീകള്‍ക്ക്‌ മാത്രം!


വിവാഹം, വിവാഹമോചനം. ബഹുഭാര്യത്വം, തൊഴില്‍, ആരാധന തുടങ്ങി എല്ലാകാര്യത്തിലും മനുഷ്യനെന്ന പരിഗണന സ്‌്‌ത്രീക്ക്‌ ലഭിക്കുന്നില്ലെന്നതാണ്‌ സത്യം. പ്രത്യേകിച്ച്‌ ദരിദ്രര്‍ക്ക്‌.
ബഹുഭാര്യത്വം സ്‌്‌ത്രീയെ രക്ഷിക്കലല്ല ശിക്ഷിക്കലാണ്‌. 'ദാരിദ്ര്യംകൊണ്ടാണ്‌ ഒരു പെണ്‍കുട്ടി ഒരുത്തന്റെ രണ്ടാംഭാര്യയായി നില്‌ക്കുന്നത്‌; ദാരിദ്ര്യം കൊണ്ടുതന്നെയാണ്‌ രണ്ടാംഭാര്യ കയറിവരുമ്പോള്‍ ഒന്നാംഭാര്യ ഇറങ്ങിപ്പോകുന്നതും. കാശുള്ള വീട്ടിലെ പെണ്ണിനെ ഇതിനൊന്നും കിട്ടില്ല. ദാരിദ്ര്യത്തെ ലൈംഗീക ചൂഷണത്തിന്‌ ഉപാധിയാക്കുന്ന ഏര്‍പ്പാടാണിത്‌' .

ഇവിടുത്തെ ഒരു പെണ്ണും ഭര്‍ത്താവിന്‌ മറ്റൊരു ഭാര്യയുണ്ടാവുന്നത്‌ അംഗീകരിക്കാന്‍ മാത്രം വിശാലമനസ്‌ക്കയല്ല. മതവിശ്വാസത്തിന്റെ ഭാഗമാണെന്ന്‌ പറഞ്ഞ്‌ ഭീഷണിപ്പെടുത്തിയോ, വിവാഹമോചനം എന്നു പറഞ്ഞോ, അല്ലെങ്കില്‍ പണത്തിന്റെ ആധിപത്യത്തിലോ പറയിപ്പിച്ചേക്കാം എന്നല്ലാതെ ഒരാളും ബഹുഭാര്യത്വത്തെ ഇഷ്ടപ്പെടുന്നില്ല.
ഈ പുരുഷന്‍ തന്നെ തന്റെ സഹോദരിയോ മകളോ ഒരുത്തന്റെ രണ്ടാംഭാര്യയായിരിക്കുന്നതില്‍ സന്തോഷിക്കുന്നുണ്ടാവില്ല.

കാരശ്ശേരി ഇക്കാര്യത്തെ അവതരിപ്പിക്കുന്നത്‌ നബിയുടെ മകള്‍ ഫാത്തിമയെ മുന്നില്‍ നിര്‍ത്തിയാണ്‌. ഫാത്തിമയുടെ ഭര്‍ത്താവ്‌ രണ്ടാമതൊന്ന്‌ കെട്ടണം എന്ന്‌ ആഗ്രഹം പ്രകടിപ്പിച്ച്‌ നബിയോട്‌ അനുവാദം വാങ്ങാന്‍ ശ്രമിച്ചു. നബി അനുവദിച്ചില്ലെന്നുമാത്രമല്ല അതിനദ്ദേഹം പറഞ്ഞ ന്യായം: ' അത്‌ ഫാത്തിമയുടെ ഹൃദയത്തെ വേദനിപ്പിക്കും' എന്നാണ്‌്‌.

ഇക്കാര്യത്തെക്കുറിച്ച്‌ 'പെണ്ണിന്റെ വേദന' എന്ന അദ്ധ്യായത്തില്‍, ഇസ്ലാമിന്റെ ശത്രുവിന്റെ മകളെ വിവാഹം കഴിക്കാന്‍ അലി ആഗ്രഹിച്ചതുകൊണ്ടാണ്‌ നബി നീരസം പ്രകടിപ്പിച്ചതെന്ന ചിലരുടെ വാദത്തെ പ്രതിരോധിക്കുകയാണ്‌.
അഭികാമ്യമായ ജീവിതരീതി എകപത്‌നീത്വമാണെന്ന്‌ ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന്‌ കാര്യം ഖുര്‍ആന്‍ വാക്യങ്ങളിലൂടെ തന്നെ തെളിയിക്കുകയാണ്‌. നീതിപാലിക്കുവാന്‍ ആവില്ലെന്ന്‌ ഭയപ്പെടുന്നപക്ഷം ഒരു സ്‌ത്രീയെമാത്രം വിവാഹം ചെയ്യുക(4:3) എത്ര ആഗ്രഹിച്ചാലും സ്‌ത്രീകള്‍ക്കിടയില്‍ തുല്യത പലര്‍ത്താന്‍ നിങ്ങള്‍ക്കാവുകയില്ല(4: 129) എന്നു പുരുഷന്മാരെ താക്കീതു ചെയ്യുന്നു ഖുര്‍ആന്‍.

ഒറ്റയടിക്ക്‌ മൂന്നുംചൊല്ലുന്ന തലാക്കിനെ വിമര്‍ശന വിധേയമാക്കുന്നു ഈ പുസ്‌തകത്തില്‍. മുസ്ലീം സ്‌ത്രീകള്‍ക്ക്‌ അവശതകളുണ്ട്‌്‌ എന്നു പറയുന്നത്‌ സമുദായത്തെ നിന്ദിക്കലായി വ്യാഖ്യാനിക്കപ്പെടുന്ന ഒരവസ്ഥ ഇന്നും നിലനില്‌ക്കുന്നു എന്ന്‌ ചൂണ്ടികാട്ടുന്നു.

വേഷം എന്ന ഭാഗത്തെ അശ്ലീലത്തിന്റെ കളി എന്ന കുറിപ്പില്‍ ടെന്നീസുകളിക്കാരി സാനിയ മിര്‍സയുടെ വേഷം അനിസ്ലാമികമാണെന്ന പുരോഹിതന്മാരുടെ മതവിധിക്കെതിരെയുള്ളതാണ്‌.
സാനിയ കായികരംഗത്ത്‌ നല്‌കിയ നേട്ടത്തിന്‌ പിന്തുണ നല്‌കാന്‍ അധ്വാനമോ, പണമോ, വാക്കോപോലും ഉപയോഗിക്കാത്തവരാണ്‌ ഫത്വ പുറപ്പെടുവിച്ചിരിക്കുന്നത്‌. അവരോട്‌ അദ്ദേഹം ചോദിക്കുന്നു. " ദാരിദ്ര്യംകൊണ്ട്‌ നഗ്നത മറക്കാന്‍ പാങ്ങില്ലാതെ, ഉടുതുണിക്ക്‌ മറുതുണിയില്ലാതെ ഇന്ത്യയില്‍ എത്രയോ ആയിരം മുസ്ലീം സ്‌ത്രീകള്‍ ജിവിക്കുന്നുണ്ട്‌. അവരുടെ നഗ്നത മറക്കുവാന്‍ നിങ്ങള്‍ എന്തു ചെയ്‌തിട്ടുണ്ട്‌? അതിനെപ്പറ്റി നിങ്ങള്‍ വല്ലതുമോന്ന്‌ ആലോചിച്ചുണ്ടോ? അക്കാര്യത്തില്‍ വല്ലതും ആലോചിക്കുവാനോ പ്രവര്‍ത്തിക്കുവാനോ ഭാവമുണ്ടോ?"

മതവിധിയുമായി കളിക്കളത്തിലിറങ്ങിയ കൂട്ടര്‍ ശ്രദ്ധിക്കുന്നത്‌ സാനിയ മിര്‍സയുടെ കളിയല്ല, ആ മെയ്യഴകാണ്‌. ലോകത്തെങ്ങുമുള്ള കാണികളുടെ ശ്രദ്ധ പ്രകടനത്തില്‍ നിന്ന്‌ ആ ശരീരവടിവിലേക്ക്‌ തിരിച്ചുവിടുന്നതില്‍ ദൃശ്യമാധ്യമങ്ങളേക്കാള്‍ പങ്കുവഹിക്കുന്നത്‌ ഈ മതവിധിയാകുന്നു. ഈ വിഷയത്തിലെ പ്രധാന പ്പെട്ട അശ്ലീലം ഫത്വയാണ്‌ എന്ന അദ്ദേഹം ഈ ലേഖനത്തില്‍ പറഞ്ഞു നിര്‍ത്തുന്നു.

ബീമാപ്പള്ളി വിവാദം, പര്‍ദയുടെ അന്തരാര്‍ത്ഥങ്ങള്‍, സ്‌ത്രീ സംവരണം, പള്ളിപ്രവേശനം, തലാഖ്‌, ഷാബാനുകേസിന്റെ വിധി, സ്‌ത്രീധനം, വ്യക്തിനിയമം തുടങ്ങി മുസ്ലീം സ്‌ത്രീകളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെക്കുറിച്ച്‌ വളരെ തന്മയത്വത്തോടെ എഴുതിയിരിക്കുന്നു. പഠനം എന്ന വിഭാഗത്തിലാണ്‌ പെടുത്തിയിരിക്കുന്നതെങ്കിലും ലളിതമായ ആഖ്യാനശൈലി വായന എളുപ്പമാക്കുന്നുണ്ട്‌.

മുസ്ലീം സ്‌ത്രീ എല്ലാതരത്തിലും അവഗണന അനുഭവിക്കുന്നവളാണ്‌. അവള്‍ക്കുവേണ്ടി ശബ്ദ്‌ിക്കാന്‍ ആരുമില്ല. ദുരിതം അനുഭവിച്ചിരുന്ന കേരളത്തിലെ മറ്റൊരു സ്‌ത്രീ സമൂഹമായിരുന്ന അന്തര്‍ജനങ്ങളെ ഉദ്ധരിക്കാന്‍ വി.ടി. ഭട്ടതിരിപ്പാടിനെപ്പോലൊലു സാമൂഹ്യ പരിഷ്‌ക്കര്‍ത്താവുണ്ടായി . മാപ്പിളപ്പെണ്ണുങ്ങളെ ബോധവതികളാക്കാനും അവര്‍ക്കുവേണ്ടി വാദിക്കാനും ഇവിടുത്തെ മുസ്ലീം സമൂഹത്തില്‍ കാര്യമായ ഒരു ശ്രമവും നടന്നില്ല എന്ന ഉമ്മമാര്‍ക്കുവേണ്ടി ഒരു സങ്കടഹര്‍ജിയില്‍ പറയുന്നു.
ശരിയാണ്‌. കാരശ്ശേരിയെപ്പോലെയുള്ള പുരുഷന്മാര്‍ സ്‌ത്രീ പക്ഷത്തുനിന്ന്‌ എഴുതാനെങ്കിലുമുള്ളത്‌ വലിയ ആശ്വാസമാണ്‌. ഇത്തരമൊരു പുസ്‌തകത്തില്‍നിന്ന്‌ സാമൂഹികശാസ്‌ത്രത്തിന്റെ രീതിശാസ്‌ത്രം പ്രയോഗത്തില്‍ വരുത്തിയ പഠനങ്ങളല്ല പ്രതീക്ഷിക്കേണ്ടത്‌ എന്ന്‌ അവതാരികയില്‍ ജെ. ദേവിക പറയുന്നു. കാരണം ഒരു വ്യക്തിയുടെ -സമുദായത്തില്‍ ഉറച്ച വേരുകളുള്ള ഒരു വ്യക്തിയുടെ -സമരത്തിന്റെ രേഖയാണിത്‌്‌.

ആരാണീ ചേക്കുട്ടിപ്പാപ്പ?
ഉമ്മമാരുടെ സങ്കടഹരജികള്‍ക്ക്‌ കാതോര്‍ത്തിരിക്കുകയും അവയ്‌ക്ക്‌ ന്യായമായ പരിഹാരം ഉണ്ടാവും വരെ ' പ്രതികളെ' സൈ്വരം കെടുത്തുകയും ചെയ്യുന്ന ഈ ' രക്ഷകന്റെ' പുരാവൃത്തം ആകൃതിപ്പെട്ടത്‌ സമൂഹമനസ്സിന്റെ പ്രാചീനമായി നീതിബോധത്തില്‍ നിന്നാവണം.
മതവിശ്വാസത്തിന്റെയും നാട്ടുനടപ്പിന്റെയും പല്‍ച്ചക്രങ്ങളില്‍ ഞെരിഞ്ഞമര്‍ന്നുപോകുന്ന സ്‌ത്രീകളുടെ നിശബ്ധമായ വ്യസനത്തിന്റെ പ്രതിക്രിയയാണ്‌ ചേക്കുട്ടിപ്പാപ്പ. ചേക്കുട്ടിപ്പാപ്പയെ അയയ്‌ക്കും എന്നത്‌ നാടന്‍ പ്രതിരോധത്തിന്റെ സൂചകം ആണ്‌. മറ്റു വഴിക്ക്‌ പരിഹാരം നേടാന്‍ പ്രയാസമായ അത്യാചാരങ്ങള്‍ക്കെതിരായാണഅ, സമൂഹമനസ്സിലെ അദൃശ്യമായ നീതിന്യാക്കോടതി ചേക്കുട്ടിപ്പാപ്പ എന്ന പെണ്‍വാദിയായ ജിന്നിനെ ആവാഹിക്കുന്നത്‌.

വായിച്ചു തീരുമ്പോള്‍ ഒറ്റച്ചോദ്യം മാത്രം അവശേഷിക്കുന്നു.

ആരാണീ ചേക്കുട്ടിപ്പാപ്പ?
ഉത്തരം: അതൊരു ജിന്നാണ്‌. ഈ മിത്തൊരു താത്‌്‌ക്കാലിക കൗതുകമുണര്‍ത്തിയേക്കാം. പക്ഷേ, മുസ്ലീം സ്‌ത്രീയുടെ രക്ഷകയായി, അവള്‍ക്കു വേണ്ടി വാദിക്കാന്‍, തുല്യനീതി ഉറപ്പിക്കാന്‍ എന്നാണ്‌ ചേക്കുട്ടിപ്പാപ്പ സ്‌ത്രീരൂപത്തില്‍ അവതരിക്കുന്നത്‌?


കടപ്പാട്‌ കറന്റ്‌ ബുക്ക്‌സ്‌ ബുള്ളറ്റിന്‍ ഒക്ടോബര്‍ 2008

ഡി.സി. ബുക്‌സ്‌
100 രൂപ

Thursday, October 30, 2008

നാട്ടുപച്ച ഒരുങ്ങുന്നു

kjjഇ-വായനയുടെ നാട്ടുപച്ചയിലേക്ക് സ്വാഗതം.



മലയാളത്തിലെ കലാ-സാംസ്കാരിക-സാഹിത്യ സ്പന്ദനങ്ങള് തൊട്ടറിയാന് ലോകത്തിന്റെ ഏത് ഭാഗത്തുമുള്ള മലയാളിക്ക് ഒഴിച്ചുകൂടാനാവാത്ത ഒരു മാഗസിനായാണ് നാട്ടുപച്ച ഒരുക്കുന്നത്. പ്രശസ്തരായവരുടെയും പുതുതലമുറയുടെയും ശക്തമായ രചനകള് ഇനി നാട്ടുപച്ചയിലൂടെ ലോകമറിയും. വരുന്ന കേരളപ്പിറവി ദിനത്തില് വൈകീട്ട് 3 മണിക്ക് കോഴിക്കോട് ജയില് റോഡിലുള്ള ഹോട്ടല് സ്പാനില് വച്ച് ഔദ്ധ്യോഗികമായി നാട്ടുപച്ചയിലേക്കുള്ള നടവഴി തുറക്കുകയാണ്. സംവിധായകനും നടനുമായ രഞ്ജിതാണ് നാട്ടുപച്ചയെ ലോകമലയാളിക്ക് സമര്പ്പിക്കുന്നത്.

ഈ ധന്യമുഹൂര്ത്തത്തിലേക്കും, തുടര്ന്ന് വായനയ്ക്കും എല്ലാവരെയും ക്ഷണിക്കുന്നു.

നാട്ടുപച്ചയില് എന്തെല്ലാമാണ് ഉള്ളതെന്നറിയേണ്ടേ?

===ഒരിക്കലും ഒരിടത്തിരിക്കാന്‍ ഇഷ്ടപ്പെടാത്തയാളാണ് ഞാന്‍
-എം.പി.വീരേന്ദ്രകുമാര്‍




===ആത്മഹത്യാ മുനമ്പിലെത്തിയ ആദ്യ പ്രണയം-സിവിക് ചന്ദ്രന്‍


===അവിശ്വാസി , മിടുക്കന്‍ , അക്ഷരസ്നേഹി-കെ. പി. രാമനുണ്ണി

===പരേതനായ രക്ഷകര്‍ത്താവ് - വിനയ


===പട്ടം പറത്തിയ കുട്ടി - കെ.രേഖ

===പഞ്ചനക്ഷത്ര താരനിര്‍മ്മിതി ഒരശ്ലീലമാണ് - പ്രേംചന്ദ്

===പൊന്നും വിലക്കാവ്യം-
ബിച്ചു തിരുമല


===‘യു മാരി മൈ മദര്‍
’ - സതീഷ് സഹദേവന്‍

===ആദ്യ തിരക്കഥ സിനിമയാകുന്ന ദിവസത്തിനു വേണ്ടിയാണ് ഞാന്‍ കാത്തിരിക്കുന്നത് - ദീദി ദാമോദരന്‍

===ആറുമടക്കുള്ള ‘വില്ലാളിവീരന്‍’ - ഷാജഹാന്‍ കാളിയത്ത്

===കറുത്ത മുസ്ലിം ദൈവം-സുനില്‍ കുമാര്‍
===ദുപ്പട്ടത്തുമ്പിലൂടെ - എ എന്‍ ശോഭ

==='ഗള്‍ഫുഭാര്യ'മാര് ഉണ്ടാവുന്നത് -നിബ്രാസുല്‍ അമീന്‍

==="പ്രതീതിയാഥാര്‍ത്ഥ്യങ്ങളുടെ ലോകം" -യാരിദ്

===ഒരു ക്ലാസ്സിക് ഭ്രാന്തിയെ പുനര്‍വായിക്കുമ്പോള്.... പ്രഭ സക്കറിയ



===കഥ, കവിത തുടങ്ങി ഒട്ടേറെ വിഭവങ്ങള്‍

വായിക്കുക. നിങ്ങളുടെ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.

Friday, October 17, 2008

വെളിച്ചവുമൊത്തുള്ള വേഴ്‌ചകള്‍ -ഫോട്ടോപ്രദര്‍ശനം


എന്റെ സുഹൃത്തും ബ്ലോഗറുമായ പ്രതാപിന്റെ ഫോട്ടോപ്രദര്‍ശനം 'വെളിച്ചവുമൊത്തുള്ള വേഴ്‌ചകള്‍' കോഴിക്കോട്‌ ലളിതകലാ അക്കാദമി ആര്‍ട്ട്‌ഗാലറിയില്‍ നാളെമുതല്‍ 21 വരെ... സ്വാഗതം

Thursday, September 18, 2008

മുസ്ലീങ്ങളെല്ലാം ഭീകരരാണോ?

ഈ ലക്കം പച്ചക്കുതിരയില്‍ 'യൂ പീപ്പിള്‍ ആര്‍ മേക്കിംഗ്‌ സോ മച്ച്‌ ട്രബിള്‍' എന്ന തലക്കെട്ടില്‍ ഒരു അഭിമുഖ സംഭാഷണമുണ്ട്‌. 24 മണിക്കൂറും വാര്‍ത്തകള്‍ നിറക്കാന്‍ നിര്‍ബന്ധിതരാനുന്നതിനാല്‍ എന്തും ഏതും എടുത്തു പ്രയോഗിക്കേണ്ട ഗതികേടിലേക്ക്‌, ആ വാര്‍ത്തകള്‍ ആഘോഷിക്കേണ്ട ഗത്യന്തരമില്ലായ്‌മകളിലേക്ക്‌ എത്തുന്നതിന്‌ മുമ്പ്‌ വാര്‍ത്താമുറികളില്‍ നിന്ന്‌ ഇറങ്ങിപോയ മൂന്നു വനിതകളുമായി കെ. പി. റഷീദ്‌ നടത്തിയ അഭിമുഖത്തിലൊന്നാണ്‌ മുകളില്‍ സൂചിപ്പിച്ചത്‌. കെ. കെ. ഷാഹിന, വി. എം. ദീപ, വിധു വിന്‍സന്റ്‌ എന്നിവരാണ്‌ ഈ മൂന്നുപേര്‍.

വായനയില്‍ മനസ്സില്‍ തട്ടിയ ഒരു ഭാഗമാണ്‌ ഷാഹിനയുടെ സംഭാഷണത്തിലെ 'മുസ്ലീം സ്വത്വബോധം'.
ഏഷ്യാനെറ്റില്‍ ജോലി ചെയ്യവേ കോയമ്പത്തൂര്‍ സ്‌ഫോടനം കഴിഞ്ഞ സമയത്തെ ഒരുനുഭവം പങ്കുവെക്കുന്നു അവര്‍. ചെന്നൈ വിമാനത്താവളത്തില്‍ മൂന്നു മണിക്കൂറോളം പിടിച്ചു നിര്‍ത്തി ചോദ്യം ചെയ്‌തു എന്നും അതിനുള്ള കാരണം 'ഷാഹിന' എന്ന പേരായിരുന്നു എന്നും. 'യൂ പീപ്പിള്‍ ആര്‍ മേക്കിംഗ്‌ സോ മച്ച്‌ ട്രബിള്‍' എന്നായിരുന്നു അവരുടെ കമന്റ്‌.
" ചില സഹപ്രവര്‍ത്തകര്‍ ഭീകരതയെക്കുറിച്ചും മറ്റും നടത്തിയ കമന്റുകള്‍ എനിക്ക്‌ ഉള്‍ക്കൊള്ളുവാനുമായിരുന്നില്ല. എല്ലാ ഭീകരരും മുസ്ലീംങ്ങളാണെന്ന്‌ പൊതുബോധം തന്നെയാണ്‌ ഏറിയോ കുറഞ്ഞോ പലരും വച്ചുപുലര്‍ത്തുന്നത്‌".
ബാബറി മസ്‌ജിദ്‌ തകര്‍ക്കപ്പെട്ട സമയത്ത്‌ തന്നെ വല്ലാത്തൊരു അരക്ഷിതാവസ്ഥ വന്നു പൊതിഞ്ഞു എന്ന്‌ ഷാഹിന പറയുന്നു.

ഇവിടെ ഷാഹിനയല്ല പ്രശ്‌നം. 'യൂ പീപ്പിള്‍ ആര്‍ മേക്കിംഗ്‌ സോ മച്ച്‌ ട്രബിള്‍' എന്ന വാക്കുകളാണ്‌. സ്‌നേഹത്തിന്റെ സാഹോദര്യത്തിന്റെ സഹനത്തിന്റെ ഒക്കെ മതമായ ഇസ്ലാം ഇന്നറിയപ്പെടുന്നത്‌ ഭീകരതയുടേതെന്നാണ്‌.

സ്വാനുഭവത്തില്‍ നിന്നു പറഞ്ഞാല്‍ നിരക്ഷരയായ എന്റെ അയല്‍വാസി പത്രത്തിലെ വാര്‍ത്തകള്‍ ഉറക്കെ വായിപ്പിച്ച്‌ തല്ലും കൊലയും കള്ളക്കടത്തും ഭീകരതയുമെല്ലാം വായിക്കുമ്പോള്‍ അതിലെല്ലാം മുസ്ലീം നാമധാരികളെ കാണുമ്പോള്‍ അമുസ്ലീമായ അവര്‍ പറയും. 'നോക്ക്‌ എല്ലാം നിങ്ങടെ ആള്‍ക്കാരാ...'

എന്തുകൊണ്ടിങ്ങനെ സംഭവിക്കുന്നു?

കേരളത്തിലെ ക്രൈം റിപ്പോര്‍ട്ടുകളില്‍ 70 ശതമാനവും മുസ്ലീം നാമധാരികളാണെന്നത്‌ സത്യം മാത്രമാണ്‌. ബിന്‍ലാദന്‍ മുതല്‍ നീണ്ടു കിടക്കുകയാണ്‌ ഈ പട്ടിക. എനിക്കും പലപ്പോഴും ഒരക്ഷിതാവസ്ഥ, ഒറ്റപ്പെടല്‍ അനുഭവപ്പെട്ടിട്ടുണ്ട്‌. ചില
ചോദ്യങ്ങള്‍ക്കു മുന്നില്‍.. ആള്‍ക്കൂട്ടത്തിനിടയില്‍ ....

ആള്‍ത്തിരക്കുകള്‍ക്കിടയില്‍ ഈയുള്ളവളും കണ്ടുമനസ്സിലാക്കിയിട്ടുണ്ട്‌ മുസ്ലീം എന്നു കേള്‍ക്കുമ്പോഴേ അവജ്ഞ.

കഴിഞ്ഞ ആഴ്‌ചത്തെ ഒരു സംഭവം - ബസില്‍ വെച്ചായിരുന്നു. അടുത്തു നിന്ന പര്‍ദ ധരിച്ച സ്‌ത്രീ അറിയാതൊന്നു തട്ടിപ്പോയതിന്‌ ഒരു കാര്യവുമില്ലാതെയാണ്‌ 'മുസ്ലീങ്ങളെ എനിക്കിഷ്ടമല്ല' എന്ന്‌ ഒരു സ്‌ത്രീ ഉറക്കെ പ്രഖ്യാപിച്ചത്‌. ഉച്ചനീചത്വങ്ങള്‍ നമുക്കിടയില്‍ നിന്ന്‌ മാറിയിട്ടില്ലെന്നല്ലേ ഈ പ്രഖ്യാപനത്തിലുള്ളത്‌.

ഇതൊന്നും ഒറ്റപ്പെട്ട സംഭവങ്ങളല്ല. ഒന്നു കണ്ണു തുറന്നു ചുറ്റും നോക്കു. കാതുകള്‍ തുറന്നു വെയ്‌ക്കൂ. അപ്പോളറിയാം
മുസ്ലീം സ്‌ത്രീ വിവരമില്ലാത്തവളാണ്‌, ബോധമില്ലാത്തവളാണ്‌, ഭീകരന്മാരുടെ അമ്മയാണ്‌, പെങ്ങളാണ്‌ ...എന്തുകൊണ്ട്‌ ഇങ്ങനെ സംഭവിക്കുന്നു?

സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും നന്മയുടെയും മതത്തില്‍ നിന്ന്‌ ഭീകരതയുടെ മതമായി മാറുന്നതില്‍ ഭീകരതക്കപ്പുറം ഒരു ഇസ്ലാമുണ്ടെന്ന്‌ തെളിയിക്കാന്‍ ആര്‍ക്കാവും? ആരു മുന്നിട്ടിറങ്ങും?
എല്ലാമുസ്ലീങ്ങളും ഭീകരരല്ലെന്ന്‌ കാലം തെളിയിക്കുന്നത്‌ കാത്തിരിക്കുന്നു. അശാന്തിയുടെ മനസ്സോടെ...

Tuesday, September 2, 2008

ആത്മദംശനം

ബ്ലോഗിന്‌ സര്‍പ്പഗന്ധി എന്ന പേരു കണ്ട്‌ ചിലരെങ്കിലും ഈ വാക്കിന്റെ കാല്‌പനീകാര്‍ത്ഥം മാത്രം കണ്ട്‌ വിലയിരുത്തിയിട്ടുണ്ട്‌. അവര്‍ക്കു വേണ്ടി ഈ പോസ്‌റ്റ്‌ സമര്‍പ്പിക്കുന്നു.
മാതൃഭൂമി ആഴ്‌ചപ്പതിപ്പില്‍ വന്ന അറിവ്‌ അനുഭവം(ആഗസ്റ്റ്‌‌ 24 ലക്കം 25)


അടുത്തിടെ നീലഗിരിയിലെ ഒരു കുന്നിന്‍ചെരുവിലൂടെ നടക്കുമ്പോള്‍ കണ്ണുകളെ വിസ്‌മയിപ്പിച്ചുകൊണ്ട്‌ ചുറ്റും പാമ്പിന്‍ പടങ്ങള്‍. ഒരുപാടെണ്ണമുണ്ട്‌. പലതും ദ്രവിച്ചു തുടങ്ങി. ചിലത്‌ അപ്പോള്‍ പൊഴിച്ചിട്ടതാണെന്നേ തോന്നൂ. ഇത്രയേറെ പടങ്ങളോ എന്ന്‌ അമ്പരുന്നു. താഴെ നിന്ന്‌ മേലോട്ടുള്ള ഇഴയലിലാണ്‌ പടം പൊഴിഞ്ഞതെന്ന്‌ പുതുമ നഷ്‌ടപ്പെടാത്ത പടങ്ങള്‍ പഞ്ഞു. മൂന്നടിയില്‍ കൂടുതല്‍ നീളമുള്ള മുഴുത്തപടങ്ങളായിരുന്നു അവ ഓരോന്നും. സര്‍പ്പങ്ങള്‍ പടം പൊഴിക്കാന്‍ ഈ സ്ഥലം തെരഞ്ഞെടുത്തത്‌ എന്തുകൊണ്ടാവാം?
ഒരുപാടു പാമ്പുകളുണ്ടാവുമോ?
പുല്ലുപടര്‍ന്ന മൊട്ടക്കുന്നായിരുന്നു അത്‌. താഴെ ഒറ്റക്കു നില്‌ക്കുന്ന മുത്തശ്ശിമാവ്‌. ചുവട്ടില്‍ ചിതല്‍ പുറ്റ്‌. വലിയവലിയ മാളങ്ങള്‍...

ഉത്തരങ്ങളൊന്നും കിട്ടിയില്ലെങ്കിലും ഞാനാദ്യം കണ്ടതും പാമ്പിന്‍ പടങ്ങള്‍ തന്നെയല്ലേ എന്നോര്‍ത്തുപോയി.
അഞ്ചോ ആറോ വയസ്സുള്ളപ്പോള്‍ വീടിനു പിന്നില്‍ കണ്ടപടം പക്ഷേ ചെറുതായിരുന്നു. പാമ്പിനെക്കുറിച്ചുള്ള ആദ്യ ഓര്‍മയും അതാവണം.
ഈ പടത്തിനുള്ളിലെ പാമ്പ്‌ എവിടെപ്പോയി? ചത്തിട്ടുണ്ടാവുമോ?
പിന്നെയും ഏറെക്കഴിഞ്ഞാണ്‌ സര്‍പ്പങ്ങള്‍ വര്‍ഷത്തില്‍ മൂന്നു വട്ടം പടം പൊഴിക്കുമെന്നും പൊഴിയാറാവുമ്പോള്‍ ഇവരൊക്കെ മന്ദന്മാരായിരിക്കുമെന്നും പൊഴിഞ്ഞാല്‍ വീരശൂരപരാക്രമികളാവുമെന്നും അറിയുന്നത്‌.
മൂന്നാംക്ലാസ്സില്‍ പഠിക്കുമ്പോഴാണ്‌ എന്റെ സഹപാഠി പാമ്പുകടിയേറ്റു മരിച്ചത്‌. വിളര്‍ത്തു മഞ്ഞളിച്ച അവന്റെ മുഖം ഇപ്പോഴും മായാതെ നില്‌ക്കുന്നു. ഒരു കൈതക്കാടു കടന്നു വേണമായിരുന്നു അവന്റെ വീട്ടിലെത്താന്‍. തലേന്ന്‌ സ്‌കൂള്‍ വിട്ടുപോകുമ്പോള്‍ കൈതക്കാടിനടുത്തുവെച്ചാണ്‌‌ കടിയേറ്റത്‌. ഉള്ളിലൊരുപാടു സങ്കടങ്ങളുമായാണ്‌ അവനെ കണ്ട്‌ മടങ്ങിയത്‌. കൈതക്കാടിനടുത്തെത്തിയപ്പോള്‍ പേടിയോടെ അതിനുള്ളിലേക്കു നോക്കി. അവനെ കടിച്ച സര്‍പ്പം അതിനുള്ളിലൊളിച്ചിരിപ്പുണ്ടോ എന്നറിയാന്‍...
എന്റെ കുഞ്ഞു മനസ്സിലെ അന്നത്തെ സങ്കടങ്ങളിലൊന്ന്‌ പാമ്പുകടിച്ചാല്‍ രക്ഷപെടില്ലേ എന്നായിരുന്നു.
രക്ഷപ്പെടുത്താന്‍ ആര്‍ക്കുമാവില്ലേ എന്നും.
'മുറുക്കുന്നത്ത' എന്നു വിളിക്കുന്ന അച്ഛന്റെ അച്ഛന്‌ വിഷചികിത്സയറിയാം എന്നൊന്നും എനിക്കറിയില്ലായിരുന്നു. പാരമ്പര്യമായി വൈദ്യന്മാരായിരുന്നെങ്കിലും മുറുക്കുന്നത്ത പോലീസില്‍ യോഗാഭ്യാസ മാസ്‌റ്ററായിരുന്നു. ജോലികിട്ടും മുമ്പ്‌ വൈദ്യമായിരുന്നു തൊഴിലെങ്കിലും പിന്നീടത്‌ തുടര്‍ന്നില്ല. വിരമിച്ചശേഷവും. സ്വന്തം ആവശ്യത്തിനു മാത്രം ഉപയോഗിക്കുന്നതായിരുന്നു വൈദ്യം. മൃഗചികിത്സ, ബാലചികിത്സ, മന്ത്രവാദം..തുടങ്ങി എല്ലാത്തരം ചികിത്സയുമുണ്ടായിരുന്നു. അയല്‍വാസികളുടെ പശുക്കള്‍ക്ക്‌ വയറു കമ്പനത്തിനും അകിടുവീക്കത്തിനും കട്ടുള്ള ഇലകളും മറ്റും ഭക്ഷിക്കുമ്പോള്‍ വായിലൂടെ നുരയും പതയും വരുന്നതിനുമൊക്കെ മരുന്നു കൊടുക്കുന്നതു കണ്ടിട്ടുണ്ട്‌. അല്ലാതെ വിഷചികിത്സയുമായി ബന്ധപ്പെട്ട്‌ ഒന്നും കണ്ടിരുന്നില്ല.
എന്നാല്‍ മന്ത്രവാദത്തെക്കുറിച്ചൊക്കെ പഴയ കഥകള്‍ കേട്ടിരുന്നു. അതിലൊന്ന്‌ ഞങ്ങളുടെ പാലമൂട്ടില്‍ എന്ന വീട്ടുപേരായിരുന്നു. പൊന്‍കുന്നത്തും മുണ്ടക്കയത്തുമായിരുന്നു പൂര്‍വികരുടെ സങ്കേതം. മുണ്ടക്കയത്തെ ഒരു പൊതുവഴിക്കരികെ ഒരു പാല നിന്നിരുന്നത്രേ! ആ പാലയില്‍ വെള്ളിയാഴ്‌ച രാത്രികളില്‍ ഒരു ഗന്ധര്‍വന്റെ തേരു വരുമായിരുന്നുപോലും. രാത്രി ആ വഴി വരുന്നവര്‍ ഗന്ധര്‍വ ശല്യത്തില്‍ പൊറിതിമുട്ടി മുറുക്കുന്നത്തയുടെ അത്ത ഖാദര്‍കണ്ണു റാവുത്തരെ സമീപിക്കുകയായിരുന്നു. അദ്ദേഹം ഒരു വെള്ളിയാഴ്‌ച പാലക്ക്‌ ചുവട്ടില്‍ കുടില്‍കെട്ടി ഗന്ധര്‍വ്വനെ കാത്തിരുന്ന്‌ രാത്രി തേരിലെത്തിയെ ഗന്ധര്‍വ്വനെ വഴിമാറ്റിവിട്ടത്രേ! അതോടെ പാറപ്പുറത്ത്‌ എന്ന വീട്ടുപേര്‌ നാട്ടുകാര്‍ പാലമൂട്ടില്‍ എന്നാക്കുകയായിരുന്നു. തലമുറകൈമാറിക്കിട്ടിയ കുടുംബ ചരിത്രമാണിത്‌.

ഗന്ധര്‍വനും തേരും പിശാചും പിന്നെയും ഞങ്ങള്‍ക്കു മുന്നിലേക്ക്‌ കഥകളായി വന്നുകൊണ്ടിരുന്നു. മുറുക്കുന്നത്തയുടെ അത്തയുടെ അത്ത കൊച്ചുബാവ റാവുത്തരുടേത്‌ അകാലമൃത്യുവായിരുന്നു. ഒരു ബാധ ഒഴിപ്പിക്കാന്‍ പോയ അദ്ദേഹത്തിനൊപ്പം വന്ന ബാധയെ വീടെത്താറായപ്പോള്‍ വഴിയരുകിലെ പ്ലാവില്‍ കയ്യിലെ കൊച്ചുപിച്ചാത്തികൊണ്ട്‌ തറച്ചുപോലും. വീട്ടില്‍ വന്നു വിശ്രമിക്കുമ്പോഴാണ്‌ കൊച്ചുപിച്ചാത്തിയെക്കുറിച്ച്‌ ഓര്‍മ വന്നത്‌. പിച്ചാത്തിയെടുക്കാന്‍ പോയ അദ്ദേഹം രക്ഷ ധരിച്ചിരുന്നില്ലത്രേ! പിച്ചാത്തി വലിച്ചൂരിയതും കുഴഞ്ഞുവീഴുകയായിരുന്നു.
ഞങ്ങളുടെ മുതുമുത്തശ്ശന്മാരുടെ ചരിത്രം കേള്‍ക്കുമ്പോള്‍ എനിക്ക്‌ പേടിയായിരുന്നു.
കനിറാവുത്തറെന്ന മുറുക്കുന്ന അത്തയുടെ മൂത്തമകനുണ്ടായ കടിഞ്ഞൂല്‍പൊട്ടിയായിരുന്നു ഞാന്‍. എനിക്ക്‌ മുന്‍പ്‌ അമ്മായിമാര്‍ക്കുണ്ടായത്‌ ആണ്‍മക്കളായിരുന്നു. ആദ്യമായിട്ടു കണ്ടപെണ്‍കുട്ടി എന്ന നിലയില്‍ എന്നെ എല്ലാവരും ചേര്‍ന്ന്‌ താഴത്തും തലയിലും വെക്കാതെ കൊണ്ടു നടന്നു. ഓമനിച്ച്‌‌, കൊഞ്ചിച്ചു കൊണ്ടു നടന്നതുകൊണ്ട്‌ ഞാനെന്നും പേടിത്തൊണ്ടിയായിരുന്നു. പ്രേതത്തിന്റെയും പിശാചിന്റെയും കഥകള്‍ കേള്‍ക്കാന്‍ ഇഷ്ടമായിരുന്നെങ്കിലും അടുത്ത മുറിയിലേക്കുപോകാന്‍ തന്നെ കൂട്ടുവേണമായിരുന്നു.

വീടിനടുത്തുകൂടിയായിരുന്നു ദേവിയാര്‍ ഒഴുകുന്നത്‌. വടക്ക്‌ മുടിപ്പാറമലയും തെക്ക്‌ കുതിരകുത്തിമലയും. ഇതിനിടയിലായിരുന്നു ദേവിയാര്‍ എന്ന കുടിയേറ്റ ഗ്രാമം. കാപ്പിയും കുരുമുളകും കൊക്കോയും റബ്ബറുമൊക്കെയായി പറമ്പുകളൊക്കെ ഇരുള്‍ മൂടിക്കിടന്നു. കുതിരകുത്തിമലക്കപ്പുറം കൊടും വനമായിരുന്നു. പടിഞ്ഞാറോട്ടു പോകുന്തോറും വനത്തില്‍ വന്‍മരങ്ങളും ഈറ്റയും വള്ളികളും ...അതിനിടയില്‍ ആനയും പുലിയും മ്ലാവും മാനും കേഴയും മേഞ്ഞു നടന്നു. കാട്ടിലും പറമ്പിലും ഒരടി മണ്ണില്‍ ഒന്‍പതു പാമ്പെന്നപോലെ പാമ്പുകളുണ്ടായിരുന്നു. വിഷമുള്ളതും ഇല്ലാത്തതും.
പാമ്പിനെക്കുറിച്ചെപ്പോഴും കേട്ടിരുന്നെങ്കിലും ഞങ്ങളുടെ പറമ്പിനപ്പുറം മലയിഞ്ചിക്കാട്ടിലോ അപ്പക്കാട്ടിലോ കളിച്ചു തിമിര്‍ത്തു നടന്നപ്പോഴൊന്നും നീണ്ടു വഴുവഴുപ്പു തോന്നിപ്പിച്ച ഈ ജീവികളെ കണ്ടില്ല. ദേവിയാറ്റിലും വയലുകളിലും നീര്‍ക്കോലിയെ കണ്ടിട്ടുണ്ട്‌. അപൂര്‍വ്വമായി. വെള്ളത്തിലൂടെ ഊളിയിട്ടുകൊണ്ടുള്ള പോക്കുമാത്രം.
അമ്മയുടെ ജോലിസ്ഥലമായ മറയൂരിലായിരുന്നു യു.പി.സ്‌കൂളില്‍ പഠിച്ചത്‌. ഒരവധിക്കാലത്ത്‌ നാട്ടിലെത്തിയപ്പോഴാണ്‌ മുറുക്കുന്നത്ത വിഷംതൊട്ട ഒരു കുട്ടിയെ ചികിത്സിക്കുന്നത്‌ കാണുന്നത്‌. ഞാനമ്പരന്ന്‌ മിഴിച്ചിരുന്നു.
ചികിത്സ കിട്ടാതെ മരിച്ച എന്റെ സഹപാഠിയെ ഓര്‍ത്തുപോയി. ഒരുപാടു ചോദ്യങ്ങള്‍ തികട്ടി വന്നു.
ഏതു പാമ്പാ കടിച്ചേ?
എങ്ങനെയാ കടിച്ചേ?
ഇവിടെ വന്നില്ലായിരുന്നെങ്കില്‍ മരിക്കുമായിരുന്നോ?
ഉള്ളിലൊരുപാട്‌ വെഷം കയറിയിട്ടുണ്ടോ?
ഞാനദ്ദേഹത്തിനു പുറകെ നടന്ന്‌ ചോദിക്കാന്‍ തുടങ്ങി.
ചുരട്ട എന്ന പാമ്പാണ്‌ കടിച്ചെതെന്നും സാരമില്ല എന്നും മുറുക്കുന്നത്ത പറഞ്ഞു.
പിന്നെ ചുരട്ട എങ്ങനെയാണിരിക്കുന്നത്‌ എന്നായി എന്റെ ചോദ്യം. അദ്ദേഹം ഒരു രൂപവിവരണം എനിക്കുതന്നു. പക്ഷേ അതുകൊണ്ട്‌്‌ തൃപ്‌തയായില്ല ഞാന്‍.
കയ്യാലപ്പൊത്തിലും കാടുപിടിച്ചു കിടക്കുന്നിടത്തുമൊക്കെ പാമ്പുണ്ട്‌ എന്നു പറഞ്ഞു കേള്‍ക്കുന്നതല്ലാതെ ഈ വിഷജീവിയെ കാണാനായിട്ടില്ല. മുതിര്‍ന്നവരൊക്കെ കണ്ടു കണ്ടു എന്നു പറയുന്നതല്ലാതെ...
ചുരട്ടേനേ കാണാമ്പറ്റുവോ? മുറുക്കുന്നത്തയോട്‌ ചോദിച്ചു.

ഉച്ചയോടടുത്തപ്പോള്‍ അദ്ദേഹമെന്നെ വിളിച്ചു കാണിച്ചു തന്നു.
വീടിനു കിഴക്കു വശത്ത്‌ മുറ്റത്തോട്‌ ചേര്‍ന്ന്‌ മണ്ണില്‍ ആലസ്യപ്പെട്ടു കിടക്കുന്ന ഒരു ചുരട്ട!
പാമ്പിനെ മന്ത്രംചൊല്ലി വരുത്തുന്നതിനെക്കുറിച്ചൊക്കെ അവ്യക്തമായി പറഞ്ഞതോര്‍ക്കുന്നെങ്കിലും അവിശ്വസനീയമായ ആ കാഴ്‌ചയില്‍ എന്താണു സംഭവിച്ചതെന്ന്‌ ഇന്നും എനിക്കറിയില്ല. പക്ഷേ, കാഴ്‌ച ഒന്നുമാത്രമാണ്‌ ചികിത്സ പഠിക്കാന്‍ പ്രേരിപ്പിച്ചത്‌.
അഞ്ചില്‍ പഠിക്കുമ്പോള്‍ ഭാവിയില്‍ ആരാകണം എന്ന അധ്യാപികയുടെ ചോദ്യത്തിനു മുന്നില്‍ കുഴങ്ങി നിന്നു. കുറച്ചൊക്കെ പഠിക്കുന്ന കുട്ടികള്‍ ഡോക്ടറാവണമെന്നു പറഞ്ഞതുകേട്ട്‌ മോശമാവേണ്ടെന്നു കരുതി ഞാനും ഡോക്ടറാവണമെന്നു പറഞ്ഞാണ്‌ രക്ഷപെട്ടത്‌.
പക്ഷേ ചികിത്സ പഠിക്കണമെന്ന എന്റെ ആവശ്യം ഭാവിയില്‍ ചികിത്സ ചെയ്യണമെന്നൊന്നും ഓര്‍ത്തിട്ടല്ല. ആകാംക്ഷയെ ശമിപ്പിക്കുക എന്ന ലക്ഷ്യം മാത്രമായിരുന്നു.
എന്നാല്‍ ചികിത്സാരഹസ്യം കൈമാറാന്‍ മുറുക്കുന്നത്ത തത്‌പരനായിരുന്നില്ല. അലോപ്പതിയുടെ ഉയര്‍ച്ചയും ആയൂര്‍വേദത്തോടുള്ള ആളുകളുടെ അകല്‍ച്ചയുമായിരുന്നു ഒരു കാരണം. മറ്റൊന്ന്‌ അദ്ദേഹത്തിന്റെ അഞ്ചുമക്കളില്‍ ഒരാള്‍ക്കും മന്ത്രത്തിലും ചികിത്സയിലുമൊന്നും താത്‌പര്യവുമില്ലായിരുന്നു. അതുകൊണ്ടൊക്കെ 'നേരേ ചോവ്വേ കൊണ്ടുനടക്കുന്നവര്‍ക്കേ കൈമാറൂ' എന്ന ശാഠ്യവുമുണ്ടായിരുന്നു.
എന്നാല്‍ ചികിത്സ പഠിക്കണം എന്ന എന്റെ നിര്‍ബന്ധത്തിനു മുന്നില്‍ പത്താംക്ലാസുകഴിയട്ടേ എന്നൊരു വാക്കു തരികയായിരുന്നു.

ഏതായാലും എട്ടാംക്ലാസുമുതല്‍ മുറുക്കുന്നത്തയോടൊപ്പമായി താമസം. അപ്പോഴേക്കും പറഞ്ഞു കേട്ട്‌ ചികിത്സക്ക്‌ ആളുകള്‍ കൂടുതലെത്തിത്തുടങ്ങിയിരുന്നു.
നാട്ടുകാരിലധിവും കൃഷിയും വനവുമായാണ്‌ ഉപജിവനം കഴിക്കുന്നത്‌. ഈറ്റവെട്ടു തൊഴിലാളികള്‍, വിറകുവെട്ടുകാര്‍, ആടുമാടുകളെ വളര്‍ത്തുന്നവര്‍...ഈറ്റവെട്ടുമ്പോഴും വിറകെടുക്കാന്‍ കാട്ടില്‍ പോകുമ്പോഴും പുല്ലരിയുമ്പോഴുമൊക്കെ കടിയേറ്റെന്നു വരും. പലപ്പോഴും കണ്ടെന്നു വരില്ല. രണ്ടും മൂന്നും ദിവസം കഴിയുമ്പോള്‍ പല വിഷവികാരങ്ങളുണുണ്ടാകുമ്പോഴാണ്‌ വൈദ്യനെ തേടി വരുന്നത്‌. പല ചികിത്സയും ചെയ്‌തിരിക്കും അതിനിടക്ക്‌.
മരുന്നുകള്‍ പറിച്ചുകൊണ്ടുവരിക, അരച്ചുകൊടുക്കുക, രോഗിയുടെ പ്രതികരണങ്ങള്‍ മനസ്സിലാക്കുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്‌തുതുടങ്ങി ഞാന്‍.
അന്നൊന്നും രോഗിയെ രാത്രി ഉറക്കാറില്ല. ഉറങ്ങാതിരിക്കാന്‍ അവരോടൊപ്പം ആളുകളുണ്ടാവും. എന്നാലും രാത്രിയില്‍ മരുന്നു കൊടുക്കണം. പ്രതികരണങ്ങള്‍ അറിയണം. ചിലപ്പോള്‍ മരുന്നു മാറ്റി കൊടുക്കേണ്ടി വരും.
മുറുക്കുന്നത്തക്ക്‌ എണ്‍പതിനു മുകളിലാണ്‌ പ്രായം. അദ്ദേഹത്തെ ഉറങ്ങാന്‍ വിട്ട്‌ ഞാന്‍ രോഗിക്ക്‌ കാവലിരിക്കും. എത്ര ഉറങ്ങാതിരുന്നാലും രാവിലെ അദ്ദേഹമുണര്‍ന്ന്‌ പരിശോധിക്കുമ്പോള്‍ ഞാനും ഒപ്പമുണ്ടാകും.
പതുക്കെ പതുക്കെ മുറിപ്പാടും ദംശപ്രദേശവും പ്രതികരണങ്ങളും കണ്ട്‌ ഏതു പാമ്പാണു കടിച്ചത്‌, എന്തു മരുന്നു നല്‌കാം എന്നൊക്കെ മനസ്സിലാക്കി തുടങ്ങി. ഇടക്ക്‌ പ്രയോഗസമുച്ചയം(ഭാഷ) എടുത്തു വായിക്കാന്‍ തുടങ്ങി.
ദംശപ്രദേശത്ത്‌ വിരല്‍തൊട്ടാല്‍ വിഷമുണ്ടെങ്കില്‍ എന്റെ വിരലിനുള്ളിലൂടെ വൈദ്യൂതപ്രവാഹം പോലെ എന്തോ കടന്നുപോകുന്നത്‌ തിരിച്ചറിയാന്‍ തുടങ്ങി.
എനിക്കു തോന്നുന്ന സംശയങ്ങള്‍ മുറുക്കുന്ന അത്തയോട്‌ ചോദിക്കും. അദ്ദേഹമെന്നെ ചേര്‍ത്തു പിടിക്കും. നിറഞ്ഞ മനസ്സോടെ പുഞ്ചിരിക്കും.

പലപ്പോഴും മരുന്നു തയ്യാറാക്കുന്നത്‌ ഞാനാണെങ്കിലും മരുന്നുകൊടുക്കുംമുമ്പ്‌ പാത്രം വെറ്റിലകൊണ്ട്‌ മൂടി പതിയെ മന്ത്രിച്ചൂതും. എന്നും രാവിലെയും വൈകിട്ടും വെള്ളമോതിയൊഴിക്കുകയും ചെയ്യും. വെള്ളമോതിയൊഴിച്ചിട്ട്‌ ഇനി എത്രനേരം വേണ്ടി വരും വിഷമിറങ്ങാനെന്ന്‌ പ്രവചിക്കും.
ഈ മന്ത്രവും പ്രവചനവുമൊക്കെ കേള്‍ക്കുമ്പോള്‍ എനിക്കു പേടിയാവും. പൂര്‍വ്വികരുടെ കഥകള്‍ ഓര്‍മവരും. ചികിത്സ പഠിക്കുമ്പോള്‍ മന്ത്രം പഠിക്കേണ്ടി വരുമോ?
മനസ്സിലെ പേടിത്തൊണ്ടി ചോദിച്ചു.
മുറുക്കുന്നത്ത പറഞ്ഞു.
`മന്ത്രമില്ലാതെ കാര്യമില്ല കുഞ്ഞേ, മരുന്നില്‍ വെഷം മാത്രമേ പോകൂ..കാലക്കേടുമാറാന്‍ മന്ത്രം വേണം`


ആയിടക്ക്‌ ചികിത്സയിലെ, മരുന്നുകളിലെ ചില യാഥാര്‍ത്ഥ്യങ്ങള്‍ കാണിച്ചു തന്നതോടെ എനിക്കു പേടികൂടി. മുറുക്കുന്നത്ത മാത്രമേ എന്നെ കളിയാക്കാത്തതുള്ളു. ബാക്കിയെല്ലാവര്‍ക്കും ഞാന്‍ കഴിവില്ലാത്തവളാണ്‌. കടിഞ്ഞൂല്‍പൊട്ടിയാണ്‌. പേടിത്തൊണ്ടിയാണ്‌.
ചിലതിന്‌ ഇറങ്ങിത്തിരിക്കുമ്പോള്‍ ധൈര്യമുണ്ടായേ പറ്റൂ.
ധൈര്യം എങ്ങനെ നേടാനാവും? ഒരുപെട്ടെന്നൊരു ഉള്‍വിളിയായിരുന്നു. എനിക്കു പ്രിയപ്പെട്ട മത്സ്യമാംസാദികള്‍ ഉപേക്ഷിക്കുക. പകരം സസ്യഭുക്കാവുക.
പക്ഷേ പ്രിയപ്പെട്ടതെങ്ങനെ ഒഴിവാക്കും? ഇറച്ചി സാരമില്ല. വല്ലപ്പോഴുമാണ്‌ വാങ്ങുന്നത്‌. പക്ഷേ മീനൊഴിഞ്ഞ കാലമില്ല.
മീന്‍കഷ്‌ണങ്ങള്‍ ഒഴിവാക്കി കറിയില്‍ നിന്നാദ്യം. പിന്നെ പിന്നെ ചാറും. പക്ഷേ, മണം വരുമ്പോള്‍ കൊതിയാവും.
സസ്യഭുക്കാവുന്നു എന്നറിഞ്ഞപ്പോള്‍ അമ്മയടക്കം എല്ലാവരും വഴക്കുപറഞ്ഞു. വളര്‍ച്ചയുടെ കാലമാണ്‌. എല്ലാവരും മീങ്കൂട്ടുമ്പോ നീയെന്തുചെയ്യും?
പക്ഷേ എനിക്കു ധൈര്യം നേടണം.
കൊതിയൂറുന്ന മണം ശ്വസിക്കുമ്പോള്‍...വേണ്ട ഞാന്‍ വെറും കടിഞ്ഞൂല്‍പൊട്ടിയാവാന്‍ പാടില്ല.
മുറുക്കുന്ന അത്ത ചികിത്സ കൈമാറാന്‍ ആഗ്രഹിച്ചിരുന്നില്ല. എന്നാല്‍ യോഗാസനം ഞങ്ങളെ പഠിപ്പിക്കാന്‍ തയ്യാറായിരുന്നു താനും. ഓരോ വിജയദശമിക്കും ആറ്റില്‍കുളിച്ച്‌്‌്‌ വന്ന്‌്‌ ഞങ്ങള്‍ അദ്ദേഹത്തിനു മുന്നിലിരിക്കും.
പത്മാസനത്തില്‍ തുടങ്ങും. ധ്യാനത്തെക്കുറിച്ച്‌ പറഞ്ഞുതരും....
അതു രണ്ടു ദിവസം. പിന്നെ എല്ലാവര്‍ക്കും മടിയാവും.

അതുപോലെ ആയിരുന്നില്ല ചികിത്സ പഠിക്കാന്‍ ഞാനിരുന്നത്‌. പത്താംക്ലാസു പരീക്ഷ കഴിഞ്ഞ പിറ്റേന്ന്‌ അതായത്‌ 1993 മാര്‍ച്ച്‌ 18-ാം തീയതി രാവിലെ കുളിച്ച്‌ ഭാരമൊഴിഞ്ഞമനസ്സോടെ ദക്ഷിണവെച്ച്‌ നമസ്‌ക്കരിച്ചു.
ഗുരു പഴയ ട്രങ്കുപെട്ടി തുറന്ന്‌ നാരായം പുറത്തെടുത്തു.
`ഓലേലും തകിടിലുമൊക്കെ പണ്ടാ..` എന്നു പറഞ്ഞ്‌ നാരായം തിരികെ വെച്ചു. പിന്നെ പുതിയ നോട്ടുബുക്കില്‍ പതിയെ എഴുതി...
എഴുതിയത്‌ തന്നിട്ട്‌ വായിക്കാനാവശ്യപ്പെട്ടു.
ലിപി മലയാളത്തിലും ഉച്ചാരണം തമിഴിലും. തമിഴ്‌ കുറച്ചൊക്കെ അറിയാവുന്നതുകൊണ്ട്‌ എഴുതിയതിന്റെ അര്‍ത്ഥം മനസ്സിലാക്കാം.
എന്നാല്‍ വായന തുടങ്ങിയതേ എനിക്ക്‌ ഭയമായി. വിറക്കാന്‍ തുടങ്ങി. തളര്‍ച്ച..നാവു വരളുന്നു.
ചികിത്സ പഠിക്കാന്‍ തുടങ്ങുമ്പോള്‍ മരുന്നുകളുടെ കുറിപ്പാണ്‌ ഞാന്‍ പ്രതീക്ഷിച്ചത്‌. ഇതുപക്ഷേ, ഉഗ്ര മന്ത്രങ്ങള്‍!
പേടിച്ചു എന്നു മനസ്സിലാക്കിയിട്ടാവണം. അദ്ദേഹം ധൈര്യത്തിന്‌ മറ്റൊരു മന്ത്രം ഓതി തന്നു.
ഞാനത്‌ വീണ്ടും വീണ്ടും മനസ്സിലുറപ്പിച്ചു ചൊല്ലിക്കൊണ്ടിരുന്നു. ഇപ്പോഴും.


പൂര്‍വ്വികര്‍ ഹിന്ദു സമുദായത്തില്‍പെട്ടവരാണെന്നായിരുന്നു പറഞ്ഞുകേട്ടത്‌. ടിപ്പുവിന്റെ പടയോട്ടക്കാലത്തോ മറ്റോ ഇസ്ലാംമതം സ്വീകരിക്കുകയായിരുന്നത്രേ! ഇസ്ലാമിലെ അനഫി വിഭാഗക്കാരായിരുന്നു. തമിഴായിരുന്നു സംസാരഭാഷ. (ഖസാക്കിന്റെ ഇതിഹാസത്തിലെ അള്ളാപ്പിച്ച മൊല്ലക്കയുടേയും കുഞ്ഞാമിനയുടേയും ഭാഷ) റാവുത്തര്‍മാരുടെ സംസ്‌ക്കാരത്തില്‍ തമിഴ്‌ ഹിന്ദു സംസ്‌ക്കാരം നിഴലിച്ചിരുന്നു. തൊഴില്‍ വൈദ്യമായിരുന്നതുകൊണ്ടാവണം ഇസ്ലാമതം സ്വീകരിച്ചെങ്കിലും തലമുറയായി കൈമാറി വന്ന ചികിത്സയും മറ്റും ഉപേക്ഷിച്ചിരുന്നില്ല. അതോടൊപ്പം ചില ആരാധനകളും മൂര്‍ത്തികളെ സേവിക്കുകയുമൊക്കെ ചെയ്‌തിരുന്നു. പാരമ്പര്യമായി എല്ലാം കൈമാറുക എന്നാല്‍ ആരാധനമൂര്‍ത്തികളെ അടക്കം കൈമാറലാണ്‌. അത്തരമൊരു സാഹസത്തിന്‌ മുറുക്കുന്നത്ത ഒരുക്കമായിരുന്നില്ല. അദ്ദൈഹത്തോടൊപ്പം തന്നെ ഇക്കാര്യങ്ങളും അവസാനിക്കണമെന്നായിരുന്നു ആഗ്രഹം. വിഷചികിത്സ ഒന്നുമാത്രമാണ്‌ എനിക്ക്‌ കൈമാറിക്കിട്ടിയത്‌.
മന്ത്രങ്ങളിലെ തമിഴില്‍ ചിലതില്‍ ഇസ്ലാമായിരുന്നു നിഴലിച്ചത്‌. എന്നാല്‍ ചിലതില്‍ ഹൈന്ദവ മന്ത്രങ്ങളും. ആ വൈരുദ്ധ്യം എന്നെ വല്ലാതെ അമ്പരപ്പിച്ചിട്ടുണ്ട്‌.
പഠിച്ച മന്ത്രങ്ങളൊന്നും പ്രയോഗത്തിലാക്കാന്‍ എനിക്കു തോന്നിയില്ല. വെള്ളമോതിയൊഴിക്കുക. മരുന്നു മന്ത്രം ജപിച്ചു നല്‌കുക തുടങ്ങിയവ ചെയ്‌തിരുന്നു. അതു പലപ്പോഴും രോഗി ആവശ്യപ്പെട്ടിട്ടുമായിരുന്നു. ചികിത്സയില്‍ മനശാസ്‌ത്ര സമീപനമാണ്‌ ഏറെ ആവശ്യമെന്ന്‌ തെളിയിക്കുന്നതായിരുന്നു അത്‌. വിഷചികിത്സയില്‍ മന്ത്രത്തിന്‌ ഏറെ പ്രാധാന്യമുണ്ടെന്ന്‌ പലരും ധരിച്ചുവെച്ചിരുന്നു. അത്‌ സര്‍പ്പവുമായി ബന്ധപ്പെട്ട വിശ്വാസങ്ങളായിരുന്നു.
പ്രകൃതികോപങ്ങള്‍ കഴിഞ്ഞാല്‍ മനുഷ്യന്‍ ഏറെ ഭയന്നത്‌ പാമ്പുകളെയായിരുന്നു. കേരളത്തിലോ ഇന്ത്യയിലോ എന്നല്ല പുരാതന സംസ്‌ക്കാരങ്ങളിലൊക്കെ പാമ്പും വിശ്വാസവും ആരാധനയും കെട്ടുപിണഞ്ഞു കിടന്നു. ചിലര്‍ ദേവന്റെ സ്ഥാനത്തേക്കുയര്‍ത്തി. ചിലര്‍ രോഗശാന്തിയുടെ ചിഹ്നമായി സ്വീകരിച്ചു. കാമത്തിന്റെയും രതിയുടെയും പ്രതീകമാക്കി മറ്റു ചിലര്‍. സര്‍പ്പത്തോടുള്ള ഭയമാണ്‌ ആരാധനയുടേയും വിശ്വാസത്തിന്റേയും പുറകിലുണ്ടായിരുന്നത്‌.
പാമ്പുകടിയേല്‍ക്കുന്നത്‌ സര്‍പ്പകോപം മൂലമാണെന്നും കാലകടിയാണെന്നുമൊക്കെയാണ്‌ ഇപ്പോഴുമുള്ള വിശ്വാസം.
`മന്ത്രൗഷധാദിയായിട്ടു ചെയ്‌വൂ വിഷചികിത്സയെ` എന്നാണ്‌ ഗ്രന്ഥങ്ങളില്‍ പറയുന്നത്‌.
മരുന്നുകൊണ്ട്‌ വിഷവും മന്ത്രംകൊണ്ട്‌ കാലക്കേടും മാറുമെന്ന വിശ്വാസം.
ചികിത്സ തേടി വന്നവരില്‍ വിഭിന്നമായൊരു വിശ്വാസിയെ ഞാന്‍ കണ്ടിട്ടില്ല. മരുന്നുകൊടുക്കുന്നതിനേക്കാള്‍ തൃപ്‌തി വെള്ളമോതിയൊഴിക്കുമ്പോഴായിരുന്നു. ഒരുപക്ഷേ, പാരമ്പര്യ ചികിത്സ തേടി വന്നതിനു പിന്നിലെ കാര്യവും മറ്റൊന്നാവില്ലെന്നു കരുതുന്നു.


ചികിത്സ അറിയും എന്ന ധൈര്യമാണോ എന്നറിയില്ല എനിക്കീ സ്ഥൂലജീവികളെ അത്ര പേടിയില്ലായിരുന്നു. മരുന്ന്‌ പറിക്കാന്‍ കാടുപിടിച്ചിടത്തുപോകുമ്പോള്‍, കാഞ്ഞിരവേരിന്‌ പറമ്പിന്റെ ഒരു മൂലയിലെ കൊച്ചു കാഞ്ഞിരച്ചുവട്ടില്‍ പോകുമ്പോള്‍ അല്‌പം ശ്രദ്ധിച്ചിരുന്നു. കാഞ്ഞിരമരത്തിനോട്‌ ചേര്‍ന്ന പാറയ്‌ക്കടിയില്‍ വലിയ പൊത്തുണ്ടായിരുന്നു. ആ പരിസരത്ത്‌ പുല്ലുമുറിക്കാനും മറ്റും പോയവര്‍ മൂര്‍ഖനെ കണ്ടതായി പറഞ്ഞിട്ടുമുണ്ടായിരുന്നു.
നമ്മള്‍ അങ്ങോട്ടുപദ്രവിക്കാതെ ഇങ്ങോട്ടുപദ്രവിക്കില്ലെന്നു തന്നെ ഞാന്‍ വിശ്വസിച്ചു. പാമ്പിനെ കണ്ടാല്‍ തല്ലിക്കൊല്ലുന്നവരായിരുന്നു കൂടുതല്‍. എന്നെപ്പോലെ ഇവരും ഭൂമിയുടെ അവകാശികളാണെന്നേ എനിക്കെപ്പോഴും തോന്നിയിരുന്നുള്ളു. സ്വരക്ഷക്കുള്ള വിഷംകൊണ്ടാണല്ലോ ഇവയെ ഇങ്ങനെ അവിശ്വസിക്കുന്നതെന്നോര്‍ക്കുമ്പോള്‍ വിഷമം തോന്നുന്നു.
എന്റെ ഓര്‍മയില്‍ പാമ്പുകടിച്ചു എന്ന്‌ കണ്ണുകൊണ്ടു കണ്ട ഒരാളെയും വെറുതേ കടിച്ചതല്ല. ചവിട്ടിയിട്ടോ പുല്ലരിയുമ്പോള്‍ കൂട്ടിപിടിക്കുമ്പോഴോ ഒക്കെയായിരുന്നു കടിയേറ്റിരുന്നത്‌.
ഒരു ആദിവാസിപ്പെണ്‍കുട്ടി കാടിനോട്‌ ചേര്‍ന്ന അവളുടെ കുടിലിലെ മുളക്കട്ടിലില്‍ കാലാട്ടി ഇരിക്കുമ്പോള്‍ ഇരയാണെന്നു ധരിച്ചാവണം മൂര്‍ഖന്‍ അവളുടെ കാലില്‍ കടിച്ചത്‌ . വിഷം കാര്യമായി ഏറ്റിട്ടില്ലായിരുന്നു.
വൃശ്ചികം ധനുമാസങ്ങളില്‍ ദേവിയാറിന്റെ തീരത്ത്‌ ഒരുതരം തടിയന്മാരായ പുളവന്മാരെ കാണാറുണ്ട്‌. ഭ്രാന്തുപിടിച്ചവരെപ്പോലെ പെരുമാറാറുണ്ട്‌. ഉപദ്രവിക്കും എന്നു തോന്നിയാല്‍ ഇവര്‍ ഓടിച്ചിട്ടു കടിക്കും. അതുപലപ്പോഴും പട്ടികടിക്കുന്നതുപോലെയാണ്‌. ഭാഗ്യവശാല്‍ കാര്യമായ വിഷമില്ല ഇവക്ക്‌.

പകവെച്ചു കടിച്ചതായോ തേടിവന്നു കടിച്ചതായോ ഉള്ള അനുഭവങ്ങളില്ല. എന്നാല്‍ എന്നെ ഇന്നും അത്ഭുതപ്പെടുത്തുന്ന എത്ര ചിന്തിച്ചിട്ടും ഉത്തരം കിട്ടാത്ത ചില അനുഭവങ്ങളുണ്ട്‌. അതിലൊന്ന്‌ ഒരു വര്‍ഷത്തിനുള്ളില്‍ അഞ്ചു പ്രാവശ്യം പാമ്പുകടിച്ച പത്തൊന്‍പതുകാരിയാണ്‌. എല്ലാത്തവണയും അവള്‍ പാമ്പിനെ കണ്ടിരുന്നു. ഓരോ വട്ടവും അവള്‍ വല്ലാതെ ഭയന്നു. കടി കിട്ടിയ ഭയത്തില്‍ ഒരിക്കല്‍ ഒരു കുന്നിറങ്ങി ഓടി. ഒരു മണിക്കൂറിനകം ചികിത്സക്കെത്തിയെങ്കിലും അബോധാവസ്ഥയിലായിരുന്നു. മൂന്നുദിവസത്തെ ചികിത്സ കഴിഞ്ഞ്‌ വീട്ടില്‍ മരുന്നും വിശ്രമവുമായിരിക്കുമ്പോഴാണ്‌ മുറ്റത്തിനരുകില്‍ കെട്ടിയിരുന്ന ആടിനെ അഴിക്കാന്‍ അവള്‍ പോയത്‌. എട്ടാം ദിവസമായിരുന്നു അത്‌. എന്തുകൊണ്ടാണ്‌ വീണ്ടും വീണ്ടും കടിയേല്‍ക്കേണ്ടി വരുന്നതെന്ന്‌ അറിഞ്ഞുകൂടാ. സര്‍പ്പകോപം എന്നു പറയുന്നത്‌ ഇതാണോ എന്നു വരെ ചിന്തിച്ചിട്ടുണ്ട്‌.
ഇടതുകാലില്‍ അണലി കടിച്ചതിന്‌ ചികിത്സയിലിരിക്കുമ്പോളാണ്‌ ഡോളി പതിനഞ്ചാം ദിവസം വലതുകാലില്‍ കടിയുമായി വരുന്നത്‌.
രണ്ടു മൂന്നു വര്‍ഷങ്ങള്‍ക്കുശേഷം കടിക്കുന്നതില്‍ അത്ഭുതപ്പെടാനൊന്നുമില്ലായിരിക്കാം. ഇവര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക്‌ കൃത്യമായ ഉത്തരമില്ലാതാവുന്നതാണ്‌ എന്നെ ഏറെ വേദനിപ്പിക്കുന്നത്‌. സര്‍പ്പകോപത്തെയോ, കാലക്കേടിനെയോ കൂട്ടുപിടിച്ച്‌ താത്‌ക്കാലികമായി രക്ഷപെടാം. മാംസഭുക്കുകളുടെ ശരീരത്തെ കൂടുതല്‍ ആകര്‍ഷിക്കുമെന്നും ശീത രക്ത ജീവിയായ സര്‍പ്പത്തിന്‌ ഉഷ്‌ണരക്തജീവിയായ മനുഷ്യനെ എളുപ്പം ആകര്‍ഷിക്കാനാവുമെന്നും ആരോ പറഞ്ഞ കഥകളെ ചൊല്ലി രക്ഷപ്പെടാം. കോഴിയിറച്ചി കഴിക്കുന്ന ദിവസങ്ങളില്‍ പാമ്പുകടിച്ച ആളെക്കുറിച്ച്‌ പത്രത്തില്‍ വന്ന വാര്‍ത്ത പങ്കുവെക്കാം. എങ്കിലും എന്തായിരിക്കാം യഥാര്‍ത്ഥ കാരണം?
ഒട്ടേറെ നിഗൂഢതകളുള്ള ജീവിയാണ്‌ പാമ്പെന്നാണ്‌ പലരുടേയും വിശ്വാസം. പാമ്പിനെ കൊല്ലുന്നത്‌ വീരസാഹസീകം എന്നാണ്‌ ചിലര്‍ ധരിച്ചു വെച്ചിരിക്കുന്നത്‌. ഇതിനെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നവര്‍ ധൈര്യശാലികളാണെന്നാണ്‌ വിലയിരുത്തപ്പെടുന്നതും. എന്നാല്‍ ശരീരത്തില്‍ ചൊറിയും ചിരങ്ങുമുണ്ടാവുമ്പോള്‍, സ്‌ത്രീകള്‍ ഗര്‍ഭം ധരിക്കാതിരിക്കുമ്പോള്‍, തുടര്‍ച്ചയായി ഗര്‍ഭഛിദ്രം സംഭവിക്കുമ്പോഴും കുടുംബത്തിലാരോ കൊന്ന സര്‍പ്പത്തിന്റെ തലയിലാണ്‌ ഇതെല്ലാം കെട്ടിവെക്കുന്നത്‌. വീരസാഹസീക കഥകള്‍ പാപത്തിന്റെ കഥകളായി മാറുന്നു അപ്പോള്‍ .
ഇരതേടുക, വിശ്രമിക്കുക എന്നതിലപ്പുറം വികാസം പ്രാപിച്ച മസ്‌തിഷ്‌കമൊന്നുമില്ല ഇവക്ക്‌. ശപിക്കാനുള്ള കഴിവോ പകവെച്ച്‌ കടിക്കാനോ ഒന്നുമുള്ള ഓര്‍മയുമില്ല. എന്നാല്‍ ആരെങ്കിലും ഉപദ്രവിച്ചാല്‍ വേദനിച്ചിരിക്കുമ്പോഴാണെങ്കില്‍ മറ്റാരെയെങ്കിലും കടിച്ചേക്കാം. അതും അപൂര്‍വ്വമായി മാത്രം.
മാസ്‌മരിക ശക്തിയുള്ളതായാണ്‌ മറ്റൊരു കഥ. മനുഷ്യനെ കണ്ടാല്‍ കണ്ണില്‍പൊടിയിട്ട്‌ മുങ്ങിക്കളയുമത്രേ!
വഴുവഴുപ്പു തോന്നിപ്പിക്കുന്ന സ്ഥൂല ശരീരപ്രകൃതിയാവാം പാമ്പിനെ നിഗൂഢസ്വഭാവിയും ഇത്രയേറെ മനുഷ്യന്റെ ശത്രുവുമാക്കുന്നത്‌.
എനിക്കുപക്ഷേ പാമ്പ്‌ ശത്രുവാണെന്നൊന്നും തോന്നിയിട്ടില്ല. എന്നാല്‍ ഇത്തിരി സ്‌നേഹം തോന്നിയിട്ടുണ്ട്‌ താനും. വേനലില്‍ മറയൂരിലെ കൊയ്‌തൊഴിഞ്ഞ വയലിലൂടെ ചേര ഇഴയുന്നത്‌ നോക്കി നിന്നിട്ടുണ്ട്‌ യു. പി. സ്‌കൂളില്‍ പഠിക്കുമ്പോള്‍. ഇഴച്ചില്‍ എന്നു പറയാമോ എന്തോ? ഓട്ടം. ദൂരേക്ക്‌ ഒരു പൊട്ടുപോലെ മാഞ്ഞുപോകുന്നത്‌...ആകാശത്ത്‌ വിമാനം പോകുന്നത്‌ നോക്കിനില്‌ക്കും പോലെ ഒരു കൗതുകമായിരുന്നു അത്‌.
വീടിനു പുറകിലെ കുളത്തില്‍ അഞ്ചെട്ട്‌ നീര്‍ക്കോലികളുണ്ടായിരുന്നു. അവയെകണ്ടതും കൂട്ടുകാരി അയ്യോ പാമ്പെന്ന്‌ അലറി. അതുകേട്ട അയല്‍വക്കത്തെ മൊട്ടയും അയ്യപ്പനും `ഓ തണ്ണിപ്പാമ്പാ..` എന്നു നിസാരമണ്ണില്‍ പറഞ്ഞുകൊണ്ട്‌ കുളത്തിലിറങ്ങി ഓരോ നീര്‍ക്കോലിയെയും വാലില്‍ പൊക്കി വട്ടം കറക്കി വേലിക്കപ്പുറത്തെ ചിന്നത്തായി അക്കയുടെ വയലിലെറിഞ്ഞു. ഞങ്ങളുടെ സമപ്രായക്കാരായ അവര്‍ക്ക്‌ പാമ്പുകളെ ഒട്ടും പേടിയില്ലായിരുന്നു. അന്ന്‌ ഞങ്ങളെല്ലാവരും ചേര്‍ന്ന വയലില്‍ കുഴിയെടുത്ത്‌ കൊങ്ങിണിപ്പൂക്കള്‍കൊണ്ട്‌ മെത്തയൊരുക്കി നീര്‍ക്കോലികളുടെ ശവസംസ്‌ക്കാര ശുശ്രൂഷകള്‍ നടത്തി. ശവമാടത്തിനു മുകളില്‍ പാഴ്‌ക്കമ്പുകൊണ്ട്‌ ഒരു കുരിശുമുണ്ടാക്കി വെച്ചു.
അവധി ദിവസങ്ങളില്‍ ഞങ്ങള്‍ കാട്ടില്‍ ചുള്ളിപെറുക്കാന്‍ പോകുമായിരുന്നു. മറയൂര്‍കാട്ടിലെ പൊന്തകളില്‍ ഞാനോ കൂട്ടുകാരോ പാമ്പിനെ കണ്ടിട്ടില്ലായിരുന്നു. അതുകൊണ്ടുതന്നെ ഏതു പൊന്തക്കുള്ളിലും നൂഴ്‌ന്നു കയറാന്‍ പേടിയുമില്ലായിരുന്നു. കാട്ടിലെ ഏതോ മരച്ചുവട്ടില്‍ പാമ്പുകളുടെ അസ്ഥികൂടങ്ങളുണ്ടായിരുന്നെന്നും ആ മരം പാമ്പുകളെ ആകര്‍ഷിക്കുന്നുവെന്നും പാമ്പുകളെല്ലാം അവിടെയെത്തുമ്പോള്‍ മരിച്ചുപോകുന്നതാണെന്നും കാട്ടില്‍ മാടുകളെ മേയ്‌ക്കാന്‍ പോയവര്‍ പറഞ്ഞു കേട്ടിരുന്നു. കാട്ടിലൂടെയുള്ള സഞ്ചാരത്തില്‍ ആ മരം ഞാന്‍ തിരഞ്ഞിട്ടുണ്ട്‌. ആ മരം തിരഞ്ഞ്‌ എപ്പോഴെങ്കിലും പോകണമെന്ന്‌ മോഹിക്കാറുണ്ട്‌ ഇപ്പോഴും.
ശിഷ്യയായിരിക്കുമ്പോള്‍ ഈ മരത്തെക്കുറിച്ച്‌ ഞാന്‍ ഗുരുവിനോട്‌ ചോദിച്ചിട്ടുണ്ട്‌.
അണലിവേഗമാവാം എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അണലിവേഗത്തിന്റെ വേര്‌ ശരീരത്തിലുണ്ടെങ്കില്‍ പാമ്പുകടിയേല്‍ക്കില്ലെന്ന വിശ്വാസത്തില്‍ അതു ധരിച്ചുനടക്കുന്ന ആദിവാസികളെ കണ്ടിട്ടുണ്ട്‌.
എന്നാല്‍ ബന്ധുവീടിനു മുന്നില്‍ നട്ടു വളര്‍ത്തിയ അണലി വേഗത്തിനു ചുവട്ടിലൂടെ യാതൊരു കൂസലുമില്ലാതെ ഇഴഞ്ഞു പോകുന്ന ചേരയെ കണ്ടിട്ടുണ്ട്‌. അതു ചേരയല്ലേ..പാമ്പല്ലല്ലോ എന്നാരോ പറഞ്ഞ ഫലിതമോര്‍ക്കുന്നു.
പാമ്പിനാണോ ചെടിക്കാണോ കുഴപ്പമെന്ന കുസൃതി ചോദ്യവും മനസ്സില്‍ വന്നു അപ്പോള്‍.
വിഷംതൊട്ട്‌ വരുന്നവരെ കാണുമ്പോള്‍ ഭീകരജീവിയുടെ ദംശനമേറ്റവര്‍ എന്ന തോന്നലിനേക്കാള്‍ ഉള്ളില്‍ കടന്ന വിഷം നിര്‍വീര്യമാക്കാനുള്ള പ്രയത്‌നം എന്നേ തോന്നിയിട്ടുള്ളു. പാമ്പുവിഷം മാത്രമല്ല തേളോ, പഴുതാരയോ, എട്ടുകാലിയോ, എലിയോ ഏതുമാവാം. ചിലന്തി വിഷമാണ്‌ എന്നെ സംബന്ധിച്ച്‌ ചികിത്സിക്കാന്‍ കാലതാമസമെടുക്കുന്നതും പ്രയാസപ്പെടുത്തുന്നതും. എന്നാല്‍ ചിലന്തിക്ക്‌ കെട്ടുകഥകളുടെ ഭാണ്‌ഡമില്ലാത്തതിനാല്‍ ആര്‍ക്കും അത്ര പേടിയില്ല.

ചികിത്സക്കു വന്നവര്‍ ഒരുപാടനുഭവങ്ങള്‍ തന്നിട്ടുണ്ട്‌. മിക്കപ്പോഴും ആദ്യ ദിവസം പാമ്പും വിശ്വാസവും അന്ധവിശ്വാസവും സ്വയം ചികിത്സയുമൊക്കെയാവും സംസാരം.
കടിയേറ്റെന്നറിഞ്ഞാല്‍ മൂത്രമൊഴിക്കാനാവുമോ എന്നു നോക്കുക, കുരമുളകു ചവച്ച്‌ എരിവിനു പകരം മധുരിക്കുന്നുണ്ടോ എന്നു നോക്കുക തുടങ്ങിയ പരീക്ഷണങ്ങള്‍ നടത്തിയിട്ടാവും വരുന്നത്‌.
മൂത്രമൊഴിക്കാനാവുകയും കുരുമുളകിന്‌ സ്വാഭാവിക രുചി അനുഭവപ്പെടുകയും ചെയ്യുമ്പോള്‍ വിഷമേറ്റിട്ടില്ലെന്ന നിഗമനത്തില്‍ സംശയം തീര്‍ക്കാനായാണ്‌ വരുന്നത്‌.
വിഷം ശരീരത്തിന്റെ വിവിധ ധാതുക്കളിലേക്ക്‌ പടരുമ്പോള്‍ മാത്രമേ ദര്‍ശന-സ്‌പര്‍ശന സ്വഭാവങ്ങള്‍ നഷ്ടപ്പെടുന്നുള്ളു. മൂത്രതടസ്സം നേരിടുന്നതും വിഷം ശരീരാന്തര്‍ഭാഗത്ത്‌ എത്തുമ്പോള്‍ മാത്രമാണ്‌. കടിയേല്‍ക്കുമ്പോള്‍ തന്നെ മൂത്രമൊഴിക്കാന്‍ പറ്റാത്തത്‌ പലപ്പോഴും ഭയം മൂലമാണ്‌. പലപ്പോഴും ഇത്തരം പരീക്ഷണങ്ങള്‍ മാനസീക സംഘര്‍ഷം കൂട്ടാനെ ഉപകരിക്കൂ.

എട്ടടിമൂര്‍ഖന്‍ കടിച്ചാല്‍ എട്ടടി നടക്കും മുമ്പ്‌ മരിച്ചു വീഴുമെന്നും മോതിരവയന്‍ കടിച്ചാല്‍ മോതിരമൂരും മുമ്പ്‌ മരിക്കുമെന്നതുമൊക്കെ അന്ധവിശ്വാസങ്ങള്‍ മാത്രമാണ്‌.

ദൂതലക്ഷണത്തിനോ ദുര്‍ദ്ദേശങ്ങളില്‍ വെച്ച്‌ കടിയേല്‍ക്കുന്നതിനോ കാര്യമായ പ്രാധാന്യം കൊടുത്തിരുന്നില്ല. ഇതിനെ ആശ്രയിച്ചിരുന്നാല്‍ കാര്യമായി വിഷമേറ്റിട്ടില്ലാത്ത ആളെപ്പോലും ചിലപ്പോള്‍ അപകടത്തില്‍ പെടുത്തിയേക്കാം എന്ന തിരിച്ചറിവാണ്‌. ഉറങ്ങുന്ന വൈദ്യനെ വിളിച്ചുണര്‍ത്തുന്നത്‌ നല്ല ലക്ഷണമല്ല ദൂതലക്ഷണപ്രകാരം. പക്ഷേ രാത്രകാലങ്ങളില്‍ പലപ്പോഴും വിളിച്ചുണര്‍ത്താതെ എന്തുചെയ്യും? വൈദ്യന്‍ താനെ ഉണരമെന്നാണ്‌.


ശ്‌മശാനത്തില്‍, തൊഴുത്തില്‍, മാളികയില്‍, കാട്ടില്‍, പുല്‍മേട്ടില്‍, നാല്‍ക്കൂട്ടപ്പെരുവഴിയില്‍, ദേവാലയത്തില്‍,...ഇവിടെയൊക്കെ വെച്ചു കടിയേറ്റാല്‍ അസാദ്ധ്യ ലക്ഷണങ്ങളായാണ്‌ വിലയിരുത്തുന്നത്‌. ഗ്രഹണസമയത്തും മറ്റും പാമ്പുകടിയേറ്റാല്‍ വൈദ്യന്‍ സ്വീകരിക്കരുതെന്നാണ്‌.
ഏതാണ്ട്‌ മൂന്നു വര്‍ഷം മുമ്പ്‌ ച്രന്ദഗ്രഹണ സമയത്ത്‌ ഒരാളെ വെള്ളിക്കെട്ടന്‍ കടിച്ചു വന്നു. ഇടവഴിയിലൂടെ ഏലച്ചാക്കും ചുമന്ന്‌ പോകുമ്പോഴാണ്‌‌ ചവിട്ടിയത്‌. ചെരുപ്പിനടിയിലായിരുന്ന പാമ്പ്‌ തലയുയര്‍ത്തി പ്രാണരക്ഷാര്‍ത്ഥം കടിക്കുന്നത്‌ പുറകില്‍ വന്ന സുഹൃത്താണ്‌ കണ്ടത്‌.
ഭാര്യയ്‌ക്കും സുഹൃത്തിനുമൊപ്പം എത്തിയ അദ്ദേഹത്തിനെ അല്ല ഭാര്യയെയാണ്‌ കടിച്ചെതെന്നായിരുന്നു ആദ്യ കാഴ്‌ചയില്‍ എനിക്കു തോന്നിയത്‌. അവരത്രക്ക്‌ പരവേശപ്പെട്ടും കരഞ്ഞും തളര്‍ന്നിരുന്നു.
കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കിയപ്പോള്‍ ഗ്രഹണസമയത്താണ്‌ കടിച്ചത്‌. അപ്പോഴും ഗ്രഹണം അവസാനിച്ചിട്ടില്ലെന്നാണ്‌ ഓര്‍മ.
`ഗ്രഹണസമയമാണേ` അമ്മച്ചി ഓര്‍മപ്പെടുത്തി. സാരമില്ലെന്നു മനസ്സു പറഞ്ഞു. കാര്യമായി കുഴപ്പങ്ങളൊന്നും കണ്ടില്ല. എന്നാലും അല്‌പം ശ്രദ്ധ കൂടുതല്‍ കൊടുത്തു. ഒരാളെ സ്വീകരിച്ചു കഴിഞ്ഞാല്‍ എനിക്കത്ര പേടിയില്ല. ഒരു പനിയോ ജലദോഷമോ പോലുള്ള തോന്നലേയുള്ളു. അണലി വര്‍ഗ്ഗത്തില്‍ പെട്ടപാമ്പു കടിയേറ്റു വരുമ്പാഴാണ്‌ മാനസീക പിരിമുറുക്കവും പ്രയാസവും. നീരും വേദനയും കൂടുതലായിരിക്കും. രോഗിയേയും ചികിത്സിക്കുന്നവരേയും ഇത്രത്തോളം ബുദ്ധിമുട്ടിക്കുന്ന വിഷമില്ലെന്നു പറയാം.
മൂര്‍ഖനും വെള്ളിക്കെട്ടനും വിഷശക്തി കൂടുതലുണ്ടെങ്കിലും ശരീരത്തില്‍ വേഗത്തില്‍ വ്യാപിക്കുന്നപോലെ ഇറങ്ങുകയും ചെയ്യും.
ചികിത്സ പാരമ്പര്യ ആയൂര്‍വ്വേദമാണ്‌. വിഷക്കല്ല്‌ വെക്കാറുമുണ്ട്‌. വിഷത്തിനുപയോഗിക്കുന്ന മരുന്നുകളിലധികവും വിഷങ്ങള്‍ തന്നെയാണ്‌. നീലയമരി, ഗരുഡക്കൊടി, എരുക്ക്‌, തഴുതാമ, അമൃത്‌, ചെറുചീര, നെന്മേനി വാക തുടങ്ങി അനേകം ഔഷധങ്ങള്‍..കാഞ്ഞിരം, ഉമ്മം, മേന്തോന്നി തുടങ്ങിയ വിഷസസ്യങ്ങള്‍...സര്‍പ്പഗന്ധി പേരുപോലെ സര്‍പ്പചികിത്സയില്‍ അത്ര പ്രധാനപ്പെട്ടതല്ല.

പ്രകൃതിയില്‍ നമ്മെപ്പോലെ ജീവിക്കാന്‍ അവകാശമുള്ള ജീവികളാണ്‌ വിഷജന്തുക്കളും. സ്വരക്ഷക്ക്‌്‌ പ്രകൃതി തന്നെ നല്‌കിയിരിക്കുന്നതാണ്‌ വിഷപ്പല്ലുകളും വിഷവും. ഒരാള്‍ക്ക്‌്‌ കടിയേറ്റാല്‍ പ്രകൃതി തന്നെ അതിനുള്ള പ്രതിവിധിയും ഒരുക്കി വെച്ചിട്ടുണ്ട്‌. അതാണ്‌ ഔഷധസസ്യങ്ങള്‍ എന്ന്‌ ഉറച്ചു വിശ്വസിക്കുന്നു.
വിഷചികിത്സ അറിയാം എന്നു പറയാനല്ലാതെ പഠിച്ചു എന്നു പൂര്‍ണ്ണമായും പറയാനാവില്ല. എന്റെ അത്തക്കോ സഹോദരങ്ങള്‍ക്കോ ചികിത്സ പഠിക്കണമെന്നോ നിലനിര്‍ത്തികൊണ്ടു പോകണമെന്നോ ഇല്ലായിരുന്നെങ്കില്‍ ചികിത്സയുമായി പാരമ്പര്യമായി ഒരു ബന്ധവുമില്ലാത്ത എന്റെ അമ്മച്ചിക്ക്‌ താത്‌പര്യമായിരുന്നു. അമ്മച്ചി എപ്പോഴും സഹായിച്ചിരുന്നു. വിഷചികിത്സാഗ്രന്ഥങ്ങളൊക്ക ഉറക്കെ വായിച്ചു കേള്‍പ്പിക്കും. അഭിപ്രായങ്ങള്‍ പങ്കുവെക്കും.
ചികിത്സ ചെയ്യുന്നതില്‍ ആര്‍ക്കും വിരോധമൊന്നുമില്ല. പക്ഷേ ഇതൊരു തൊഴിലല്ലാത്തതുകൊണ്ട്‌ ചികിത്സക്കായി പ്രത്യേക സൗകര്യമൊന്നും വീട്ടിലില്ലായിരുന്നു. എങ്ങനെ നിരാശപ്പെടുത്തും എന്നോര്‍ത്താണ്‌ ഏറ്റെടുത്തിരുന്നത്‌. വീട്ടിലെ ഒരംഗത്തെപ്പോലെയാണ്‌ വിഷംതൊട്ട്‌ വരുന്നവരെ കണ്ടിരുന്നത്‌. പക്ഷേ, കേട്ടറിഞ്ഞ്‌ ഒരുപാടുപേര്‍ വരാന്‍ തുടങ്ങിയതോടെ അനിയത്തിമാര്‍ക്കും എനിക്കും പലപ്പോഴും സ്വസ്ഥമായിരുന്നു പഠിക്കാന്‍ പറ്റാത്ത അവസ്ഥ. എന്നുകരുതി ഒഴിവാക്കിയിട്ടില്ല. ചികിത്സ ആരും സുഖപ്പെടാതിരുന്നില്ല. ഏറ്റവും വലിയ അനുഗ്രഹമാണത്‌ എന്നു വിശ്വസിക്കാനിഷ്‌ടപ്പെടുന്നു അത്‌.

എനിക്ക്‌ മകള്‍ പിറന്ന്‌ അമ്പത്താറാം ദിവസമാണ്‌ ചിന്നപ്പാറക്കുടിയിലെ ലക്ഷ്‌മിക്കുട്ടിയെ വിഷംതൊട്ട്‌ വന്നത്‌. അമ്മയും അത്തയും വീട്ടിലില്ല. നേരെ ഇളയ അനിയത്തിയും അമ്മമ്മയുമാണ്‌ കൂട്ടിനുണ്ടായിരുന്നത്‌. ആരോടൊക്കെയോ ചോദിച്ചു പറഞ്ഞെത്തിയതാണ്‌. അഞ്ചെട്ടുപേരുണ്ട്‌ ഒപ്പം. ഛര്‍ദ്ദിച്ചവശയായിരുന്നു അവര്‍. പിച്ചും പേയും പറച്ചിലും. എനിക്കെന്തോ മടിയായിരുന്നു. ഒന്നാമത്‌ തത്‌ക്കാലം കൊടുക്കാനുള്ള മരുന്നുണ്ടോ എന്ന സംശയം. സിസേറിയനായിരുന്നതുകൊണ്ട്‌ എനിക്ക്‌ മരുന്നരക്കാനും ശുശ്രൂഷിക്കാനും പറ്റാത്ത ശാരീരികാവസ്ഥ. ആലോചിച്ചിട്ട്‌ ഒരെത്തും പിടിയുമില്ല. അപ്പോഴാണ്‌ അയല്‍വക്കത്തെ കുഞ്ഞീരാത്ത പറഞ്ഞത്‌..
`ഒരു പെണ്ണല്ലേടാ...എന്തെങ്കിലും ചെയ്‌തുകൊടക്കടാ...പഠിച്ച വിദ്യയല്ലേ...
അവരുടെ ആ വാക്കുകളുടെ തെളിച്ചത്തിലാണ്‌ അന്ന്‌ ചികിത്സ തുടങ്ങിയത്‌...
ലക്ഷ്‌മിക്കുട്ടി വലിയൊരു ജീവിതാനുഭവവും കൂടി എനിക്കു തന്നിരുന്നു. കസേരയില്‍ വെച്ചുകെട്ടി ചിന്നപ്പാറ മുടിയിറക്കുമ്പോള്‍ ഇനിയൊരു തിരിച്ചു കയറ്റം പ്രതീക്ഷിച്ചിരുന്നില്ലത്രേ! മുമ്പ്‌ അവരുടെ പ്രിയപ്പെട്ടവരൊക്കെ അകാലത്തില്‍ മരിച്ചുപോയിരുന്നു. മൂത്ത മകനടക്കം. തനിക്കും പോകാനൊരു കാരണം എന്നു കരുതിപോലും! ആദിവാസികളിലെ മന്നാന്‍ സമുദായപ്പെട്ടയാളായിരുന്നു അവരുടെ ഭര്‍ത്താവ്‌. അദ്ദേഹം പ്രസവരക്ഷക്ക്‌ കാട്ടില്‍ നിന്നു കുത്തിക്കൊണ്ടു വന്നു തന്ന രുചിയുള്ള പേരറിയാത്ത കാട്ടുകിഴങ്ങാണ്‌ എനിക്കു കിട്ടിയ ഏറ്റവും വലിയ സമ്മാനം!

മൃത്യു എന്ന പിംഗള കേശിനി

`വ്യാപ്യേവം സകലം ദേഹമൂവരുദ്യച വാഹിനി
വിഷം വിഷമിവ ക്ഷിപ്രം പ്രാണാനസ്യ നിരസ്യതി`
ശരീരത്തില്‍ അതിവേഗം വ്യാപിച്ച്‌ പ്രാണനേയും ദേഹത്തേയും വേര്‍പെടുത്തുന്നത്‌ എന്നാണ്‌ സുശ്രുതാചാര്യന്‍ വിഷത്തെ നിര്‍വചിച്ചിരിക്കുന്നത്‌.

ചെറുതും വലുതുമായി ഒരുപാടു ചികിത്സിച്ചിട്ടുണ്ടെങ്കിലും എന്നെ വിസ്‌മയിപ്പിച്ചവര്‍ പതിനഞ്ചില്‍ താഴെ മാത്രമാണ്‌. പ്രയാസപ്പെടുത്തിയതും.
ഒരുച്ചക്ക്‌ ഞാന്‍ മാത്രമുള്ളപ്പോഴാണ്‌ ഒരു പയ്യന്‍ വീട്ടിലേക്ക്‌ വന്നത്‌.
വൈദ്യനുണ്ടോ എന്നവന്‍ ചോദിച്ചു.
വിവരം തിരിക്കിയപ്പോഴാണ്‌ പെങ്ങളെ വിഷംതൊട്ടുവെന്നും അക്കരെ ജീപ്പിലാണുള്ളതെന്നും അവന്‍ പറഞ്ഞത്‌.
കൊണ്ടുവരട്ടെ എന്നു ചോദിച്ചപ്പോള്‍ നോക്കിയിട്ടു പറയാം എന്നു പറഞ്ഞ്‌ ജീപ്പിനരുകിലേക്ക്‌ പോവുകയാണ്‌ ചെയ്‌തത്‌. അങ്ങനെ ചെയ്യാറില്ല. സാധരണ ചോദിച്ചൊരാള്‍ വരാറില്ല. ആളെയും കൊണ്ടുവരാറാണ്‌. ഇത്‌ ഒരാള്‍ മാത്രം വന്നു ചോദിച്ചതുകൊണ്ടാണ്‌ പോയി നോക്കാം എന്ന തോന്നലുണ്ടായത്‌.
അവള്‍ അബോധാവസ്ഥയിലായിരുന്നു. വിളിച്ചപ്പോള്‍ നേരിയ അനക്കം. കാലിലെ മുറിപ്പാടിനടുത്ത്‌ കൈവെച്ചപ്പോള്‍ സാരമില്ല എന്നു മനസ്സു മന്ത്രിച്ചു.
അവള്‍ പുല്ലുമുറിക്കുമ്പോള്‍ ചവിട്ടിയതാണ്‌. കൈയ്യിലും കാലിലും ചെളി ഉണങ്ങിപ്പിടിച്ചിരുന്നു.
പേരു വിളിച്ചാല്‍ ഒരു മൂളല്‍ മാത്രം. കണ്ണുകള്‍ തുറിച്ചപോലെ. ഉള്ളന്‍ കൈയ്യും വിരലുകളും കണ്ണും നീലച്ചു പോയിരുന്നു.
മരുന്നു കൊടുക്കാന്‍ ശ്രമിച്ചപ്പോള്‍ പല്ലുകള്‍ കൂട്ടിക്കടിച്ചിരിന്നു. പല്ലുകള്‍ സ്‌പൂണുകൊണ്ടകത്തി പ്രയാസപ്പെട്ടാണ്‌ മരുന്നുകൊടുത്തത്‌. നോക്കിയിരിക്കെ മെല്ലെ മെല്ലെ അവള്‍ അനങ്ങി. കണ്ണുകള്‍ അടച്ചു തുറന്നു. ചുണ്ടുകള്‍ക്ക്‌ ചലനം....
മരണം എന്ന പിംഗളകേശിനിയും പിംഗള വര്‍ണയും പിംഗളചക്ഷുവുമായകന്യക അവളുടെ ശരീരത്തില്‍ നിന്ന്‌ പതുക്കെ പതുക്കെ പിന്‍വാങ്ങിക്കൊണ്ടിരിക്കുകയാണ്‌. അവളുടെ മുറിപ്പാടിനടുത്ത്‌ ഇടക്കിടെ ഞാന്‍ വിരല്‍ വെച്ചു. വിരലുകളിലൂടെ വിഷത്തിന്റെ വ്യാപനം കുറയുന്നത്‌ അറിയുന്നു. വിരലുകളും ഉള്ളംകൈയ്യും വെളുത്തു വരുന്നു. കണ്ണുകള്‍ക്ക്‌ തെളിച്ചം. പിംഗള സ്വരൂപിണി മടങ്ങുകയാണ്‌.

ഒരുമണിക്കൂര്‍ കഴിഞ്ഞില്ല. അവള്‍ എഴുന്നേറ്റു. സാധാരണപോലെ...
ഒരു കുന്നിന്‍ചെരുവില്‍ നിന്ന്‌ പുല്ലരിയുമ്പോള്‍ ചവിട്ടിയതാണെന്നന്നും പേടിച്ചോടിയ ഓട്ടത്തില്‍ വയലിലൊ മറ്റോ വീണുപോയെന്നും പറഞ്ഞു.
`കൈയ്യിലും കാലിലും നെറച്ച്‌ ചെളിയാണല്ലോ..ഇതു കഴുകാവോ` അവള്‍ ചോദിച്ചു.
മലയുടെ തുടക്കത്തില്‍ പറമ്പിന്റെ അതിരിലെ ഓലിയില്‍ നിന്ന്‌ ഹോസുവഴിയാണ്‌ അന്ന്‌ വെള്ളം വന്നിരുന്നത്‌. അവള്‍ എഴുന്നേറ്റ്‌ മുറ്റത്തിറങ്ങി ഹോസില്‍ നിന്ന്‌ വെള്ളമെടുത്തു കൈയ്യും കാലും കഴുകി.
അന്നെനിക്ക്‌ മൃത്യു എന്ന പിംഗള സ്വരൂപിണിയെ അറിയില്ലായിരുന്നു. മരണം എങ്ങനെ വരുന്നു എന്നു ചിന്തിച്ചിട്ടുമില്ലായിരുന്നു.
മുറുക്കുന്നത്തയുടെ മരണം മാത്രമാണ്‌ ഇന്നുവരെ നേരിട്ടു കണ്ട മരണം. അത്‌ പക്ഷേ, വാര്‍ദ്ധക്യത്തിന്റെ അവശതയില്‍ തൊണ്ടയില്‍ കഫം കുറുകുക്കുറുകി വലിയൊരു എക്കിളില്‍ പ്രാണന്‍ വിടുകയായിരുന്നു.

ആരോഗ്യനികേതനത്തിലൂടെ പിംഗളകേശിനിയെ പരിചയപ്പെട്ടത്‌ മൂന്നുവര്‍ഷം മുമ്പുമാത്രമാണ്‌. അപ്പോള്‍ അന്നു വരെ എന്റെ മനസ്സിന്‌ വിശ്വസിക്കാന്‍ പ്രയാസം നേരിട്ട ചിലതിനെ ഓര്‍ത്ത്‌ ആശയക്കുഴപ്പത്തിലായി. അന്നു വരെ മനസ്സിലുറച്ചുപോയ വിശ്വാസത്തിന്‌ മാറ്റം വന്നോ എന്ന്‌ ഇപ്പോഴും സന്ദേഹപ്പെടുന്നു.

രണ്ട്‌ ആശുപത്രിയില്‍ നിന്ന്‌ ഒഴിവാക്കിയ ശേഷമായിരുന്നു അണലിയുടെ കടിയേറ്റു വന്ന ആദിവാസി സ്‌ത്രീയെ വീട്ടില്‍ കൊണ്ടുവന്നത്‌. അവരുടെ മുറിപ്പാടില്‍ നിന്ന്‌ രക്തവും നീരും ഇടകലര്‍ന്ന്‌ ഒഴുകുന്നുണ്ടായിരുന്നു. ചെരുപ്പ്‌ ഒരിക്കലും ഉപയോഗിച്ചിട്ടില്ലാത്ത എട്ടുകാലിയെ ഓര്‍മിപ്പിക്കുന്ന കാലുകളിലെ വിള്ളലുകളില്‍ നിന്ന്‌ രക്തമൊവുകാന്‍ തുടങ്ങി...ഓരോ മുറിവിലൂടെയും..
അവരുടെ രോഗാവസ്ഥയേക്കാള്‍ കുഴപ്പം മാനസീകാവസ്‌ഥക്കായിരുന്നു. രാത്രിയും പകലും അവര്‍ പിച്ചും പേയും പറഞ്ഞുകൊണ്ടിരുന്നു. കൈകള്‍കൊണ്ട്‌ ആംഗ്യങ്ങള്‍ കാണിച്ചുകൊണ്ടിരുന്നു. മൂന്നാംദിവസം മുതല്‍ പതിയെ നടക്കാറായപ്പോള്‍ കട്ടിലില്‍ നിന്ന്‌ പതിയെ എഴുന്നേറ്റ്‌ പുറത്തേക്കുള്ള വാതിലിനരുകില്‍ ചെന്ന്‌ `പോ..പോ..നീ പോ..`എന്നു പറഞ്ഞ്‌ അദൃശ്യമായ എന്തിനേയോ തള്ളിവിടുന്നതുപോലെ കാണിച്ചു കൊണ്ടിരുന്നു. രാത്രി ഉറക്കത്തിലും ആരെയോ ചീത്ത വിളിച്ചുകൊണ്ടിരുന്നു. വേദനകൊണ്ടും പേടികൊണ്ടുമുള്ള വിഭ്രാന്തിയാണെന്നാണ്‌ ഞാന്‍ കരുതിയത്‌. അടുത്ത ദിവസം ഒരു ബന്ധു കാണാന്‍ വന്നപ്പോഴാണ്‌ ദൈവങ്ങള്‍ക്ക്‌ നേര്‍ച്ച നടത്തുന്നതിനെക്കുറിച്ച്‌ അവര്‍ പറഞ്ഞത്‌.
എന്റെ പ്രായക്കാരിയായ ഒരുവള്‍ ആരുമില്ലാത്ത നേരത്ത്‌ അവരുടെ അടുത്തെത്തുന്നുവെന്നും കാലിലെ മുറിവിലും നീരിലും തൊട്ടുതലോടിത്തലോടി കഴുത്തിനടുത്തേക്കു വരുന്നു എന്നും വരുന്നില്ലേ..വരുന്നില്ലേ എന്നു ചോദിക്കുന്നുവെന്നും അവര്‍ പറഞ്ഞു. മുഖത്തോടടുക്കുമ്പോള്‍ തള്ളിവിടുകയാണെന്നും ചില്‌ നേരത്തവള്‍ കൈപിടിച്ച്‌ പുറത്തേക്ക്‌ കൊണ്ടുപോകാനൊരുങ്ങുന്നുവെന്നും അവര്‍ പറഞ്ഞു.
വാതിലിനപ്പുറം അവളുടെ ലോകമാണത്രേ! മരണലോകത്ത്‌ എത്തിപ്പെടുമെന്നോര്‍ത്താണ്‌ അവളെ തള്ളിവിടുന്നത്‌.
'അവള്‍'വീടിനുചുറ്റും നടക്കുന്നു എന്നും സുന്ദരിയായൊരു പേയാണ്‌ അവള്‍ എന്നും അവര്‍ രൂപവര്‍ണ്ണന നടത്തി.
എന്റെ പ്രായമുള്ള ആരെങ്കിലും ഇവിടെ മരിച്ചിട്ടുണ്ടോ എന്നവര്‍ ചോദിച്ചു.
മുത്തശ്ശനും മുത്തശ്ശിയുമല്ലാതെ ആരും മരിച്ചിട്ടില്ലെന്നും ദുര്‍മരണങ്ങളൊന്നും അടുത്തെങ്ങും നടന്നിട്ടില്ലെന്നും ഞാനവരെ ബോധ്യപ്പെടുത്തി.
അവളെ ആദ്യമായി കണ്ടതെവിടെ വെച്ചാണെന്ന്‌ ചോദിച്ചു.
നട്ടുച്ച സമയത്ത്‌ പാറക്കൂട്ടവും പുല്ലുമായിക്കിടന്ന കാട്ടില്‍ വെച്ചായിരുന്നു അവര്‍ക്ക്‌ സര്‍പ്പദംശനമേറ്റത്‌. തലയില്‍ വിറകുമായി പാറയില്‍ നിന്ന്‌ താഴോട്ട്‌ ചവിട്ടിയത്‌ പാമ്പിന്റെ പുറത്തായിരുന്നു. ആദ്യകടിയേറ്റപ്പോള്‍ മുള്ളോ മറ്റോ ആണെന്നു കരുതി നോക്കാതെ കാലുകൊണ്ടുതന്നെ തട്ടിക്കളയാന്‍ ശ്രമിച്ചത്രേ! ആ ശ്രമത്തില്‍ മൂന്നോ നാലോ കടിയാണ്‌ കൊടുത്തത്‌. പാമ്പാണെന്നു കണ്ടതേ ഭയം കൊണ്ട്‌ വിറച്ചെന്നും പാമ്പുകയറിപ്പോയ പാറവെട്ടിനടുത്തായി വാ..വാ..എന്നു പറഞ്ഞുകൊണ്ട്‌ അവള്‍ നില്‌ക്കുകയായിരുന്നത്രേ!
ഇനി 'അവള്‍' വരില്ലെന്നു പറഞ്ഞ്‌ അവരെ ധൈര്യപ്പെടുത്തി. അടുത്തിരുന്ന്‌ കാലില്‍ ഓതിയൂതി. ചില കൈയാംഗ്യങ്ങള്‍ കാണിച്ച്‌ വാതിലിനപ്പുറം ചില 'തടസ്സ`ങ്ങള്‍ സൃഷ്‌ടിച്ചു. അന്നു രാത്രി അവര്‍ നന്നായി ഉറങ്ങി. വിഷം കുറഞ്ഞു വന്നു. ആദ്യത്തെ പതിനഞ്ചു ദിവസത്തില്‍ പിന്നീട്‌ 'അവള്‍' വന്നില്ല.
പിന്നെ എനിക്കു ഡിഗ്രി പരീക്ഷ തുടങ്ങിയപ്പോള്‍ മരുന്നു കഴിക്കാന്‍ പറഞ്ഞ്‌ അവരെ വീട്ടില്‍ വിട്ടു. ഒരാഴ്‌ച കഴിഞ്ഞ്‌ വരാനാണ്‌ പറഞ്ഞിരുന്നത്‌. പറഞ്ഞ ദിവസത്തിനും ഒരു ദിവസം മുമ്പേ അവര്‍ വന്നു. വീട്ടില്‍ ചെന്നപ്പോള്‍ മുതല്‍ വീണ്ടും അവള്‍ വന്നു തുടങ്ങിയെന്ന്‌. പേടിച്ചിട്ട്‌ ഭര്‍ത്താവോ മക്കളോ എപ്പോഴും കൂടെയിരുന്നാണ്‌ ഒരാഴ്‌ച തികച്ചതെന്ന്‌ പറഞ്ഞപ്പോള്‍ അന്നും മുമ്പു ചെയ്‌തതുപോലെ മനസ്സിനെന്തോ പറ്റിയതാണെന്ന വിശ്വാസത്തില്‍ പേയെ പിടിച്ചു കെട്ടി.
കാര്‍ന്നോരു പഠിപ്പിച്ച ഏതോ മന്ത്രത്തിലാണ്‌ പേയേ പിടിച്ചുകെട്ടിയതെന്ന്‌ എല്ലാവരും വിശ്വസിച്ചു. പിന്നീട്‌ 'അവള്‍' വന്നില്ല എന്ന സത്യം മാത്രമേ എനിക്കറിയൂ..
ഇപ്പോള്‍ ഞാന്‍ അവളില്‍ പിംഗളരൂപിണയെ കാണുന്നു...മൃത്യു എന്ന പിംഗള കേശിനിയെ...ജീവിത്തിനിടയിലൊരിക്കലും കാണാത്ത ആ പേയ്‌ മൃത്യു ആയിരുന്നോ?
ആരോഗ്യനികേതനം അന്നൊന്നും വായിക്കാന്‍ കഴിയാത്തതില്‍ ഇപ്പോള്‍ സങ്കടപ്പെടുന്നു ഞാന്‍ ..വായിച്ചിരുന്നെങ്കില്‍ പിംഗളകേശിനിയുമായി അവള്‍ക്കെന്തെങ്കിലും ബന്ധമുണ്ടായിരുന്നോ എന്നറിയാമായിരുന്നു. ചില നഷ്‌ടങ്ങള്‍ ഒരിക്കലും നികത്താനാവില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ അതിലേറെ വിഷമം തോന്നുന്നു.


ഞാനെന്ന പെണ്ണ്‌


ചികിത്സ പഠിക്കണമെന്ന്‌ ആഗ്രഹം പ്രകടിപ്പിച്ചപ്പോഴോ പഠിക്കാന്‍ തുടങ്ങുന്നു എന്നറിഞ്ഞപ്പോഴോ ഒരു പെണ്‍കുട്ടി എന്തിനിതു പഠിക്കുന്നു എന്നാരും സന്ദേഹം പ്രകടിപ്പിച്ചില്ല. തലമുറയുടെ ചരിത്രത്തിലൊരിടത്തും ഒരു പെണ്‍ചികിത്സകയില്ലായിരുന്നു. എന്നിട്ടും മുറുക്കുന്നത്തക്കും അങ്ങനെയൊരു തോന്നലുമില്ലാതിരുന്നത്‌ എന്തുകൊണ്ടാണെന്ന്‌ പിന്നീട്‌ അത്ഭുതപ്പെട്ടിട്ടുണ്ട്‌. അദ്ദേഹം മനസ്സിലോര്‍ത്തിരുന്നോ എന്നറിയില്ല. എന്നോടുള്ള സ്‌നേഹത്തിനും വാത്സല്യത്തിനും വിശ്വാസത്തിനും എന്റെ താത്‌പര്യത്തിനു മുന്നിലും അദ്ദേഹം ആണ്‍ തലമുറയെ മറന്നതാവണം. ആണ്‍തലമുറയെക്കുറിച്ച്‌ ആലോചിച്ചിട്ടും വലിയ കാര്യമില്ല. രണ്ടാണ്‍മക്കള്‍ക്കും പഠിക്കാന്‍ തോന്നിയില്ല. മൂത്തമകന്‌ മൂന്നു പെണ്‍മക്കള്‍. ഇളയവന്‌ രണ്ടാണും. പക്ഷേ ഇളയച്ഛന്റെ മക്കള്‍ക്ക്‌ ഇങ്ങനൊരു ചിന്തപോലുമില്ലായിരുന്നു. ഇതൊക്കെ അറിയുന്നതുകൊണ്ടാവണം ആരും എന്നെ പഠിപ്പിക്കുന്നതിനെ എതിര്‍ത്തില്ല. സന്തോഷം പ്രകടിപ്പിച്ചുമില്ല.
മുറുക്കുന്ന അത്ത എന്നാല്‍ എനിക്കു ജീവനായിരുന്നു. തിരിച്ചും. ജനിച്ചു തൊണ്ണൂറാകും മുമ്പേ എന്നെ അരികത്തുവെച്ചു കിടത്താന്‍ തുടങ്ങിയിരുന്നു എന്നും കരയുമ്പോള്‍ അമ്മിഞ്ഞക്കുമാത്രം അമ്മച്ചിയുടെ അടുത്താക്കുമായിരുന്നു എന്നും കേട്ടാണ്‌ ഞാന്‍ വളര്‍ന്നത്‌്‌. ഇടക്കു നാലുവര്‍ഷം അമ്മയോടൊപ്പം മറയൂരു പഠിച്ചെങ്കിലും എന്റെ മനസ്സെപ്പോഴും മുറുക്കുന്നത്തയ്‌ക്കും ഐഷാബി അമ്മച്ചിക്കും ഒപ്പമായിരുന്നു. മറയൂരിന്റെ വശ്യസൗന്ദര്യം എന്നെ കീഴടക്കിയത്‌ അവിടെ നിന്നും പോന്നതില്‍ പിന്നെയാണ്‌. എന്നാല്‍ ഓരോ ദിവസവും അവരുടെ സ്‌നേഹവും വാത്സല്യവും എപ്പോഴും എന്നെ തിരികെ വിളിച്ചു.
എട്ടാം ക്ലാസില്‍ ദേവിയാര്‍ സ്‌കൂളില്‍ ചേര്‍ത്തതോടെ മുറുക്കുന്നത്തയുടെ നിഴലായി കൂടെ നിന്നു. കടയില്‍ പോകുമ്പോള്‍, ബന്ധുവീടുകളില്‍ പോകുമ്പോള്‍, യാത്രകളിലൊക്കെ ഒപ്പംകൂടി. ആറ്റുമീന്‍ പ്രിയപ്പെട്ടതായിരുന്നു അദ്ദേഹത്തിന്‌. പെന്‍ഷന്‍കാര്യങ്ങള്‍ക്ക്‌ മൂവാറ്റുപുഴയില്‍ പോയിവരുമ്പോള്‍ പടക്കത്തിനുള്ള മരുന്നും തിരിയും ഓലയുമായാണ്‌ വരവ്‌. കയത്തില്‍ പടക്കമെറിഞ്ഞാണ്‌ മീന്‍പിടിക്കുന്നത്‌. സ്‌കൂളില്‍ ഷിഫ്‌റ്റായിരുന്നതുകൊണ്ട്‌ ഉച്ചവരെയെ എനിക്കു പഠിത്തമുള്ളു. ഉച്ച കഴിഞ്ഞ്‌ മീന്‍കൂടയും ചെറിയൊരുകത്തിയും പടക്കവും തീപ്പെട്ടുയുമായി ആറ്റിറമ്പിലൂടെ ഞങ്ങള്‍ നടക്കും. പടക്കമെറിഞ്ഞ്‌ നിമിഷങ്ങള്‍ക്കകം അദ്ദേഹം ആറ്റില്‍ മുങ്ങിത്തപ്പും. കരയിലേക്കെറിയുന്ന മീനുകള്‍ ഞാന്‍ പെറുക്കി കൂടയിലിടും....
പറമ്പിലൊരുപാട്‌ കശുമാവുകളുണ്ടായിരുന്നു. കശുവണ്ടിയുടെ കാലത്ത്‌ പെറുക്കാന്‍ കൂടെപ്പോകും. ഈറ്റ വെട്ടി പല വലിപ്പത്തിലുള്ള തോട്ടികെട്ടി വെച്ചിട്ടുണ്ടാവും. മുറുക്കുന്ന അത്ത മരത്തില്‍ കയറി കുലുക്കിയിടുന്നതും തോട്ടികൊണ്ട്‌ പറിച്ചിടുന്നതും പെറുക്കലായിരുന്നു എന്റെ പണിയെങ്കില്‍ പിറ്റേകൊല്ലം മുതല്‍ ഞാനായി മരത്തില്‍ കയറുന്നത്‌. അദ്ദേഹത്തിന്‌ മരത്തില്‍ കയറുമ്പോള്‍ വിറക്കാന്‍ തുടങ്ങിയിരുന്നു.
വൈകിട്ട്‌ അന്നാന്നത്തെ കശുവണ്ടി വില്‍ക്കാന്‍ പോകുന്നതും ഞാനാണ്‌. ഓരോ പോക്കിനും അഞ്ചുരൂപ തരും.
പക്ഷേ മരം കയറുന്നതിന്‌ വീട്ടുകാര്‍ക്കല്ല നാട്ടുകാര്‍ക്കായിരുന്നു കുഴപ്പം. ചിലര്‍ പെമ്പിള്ളേര്‌ മരത്തില്‍ കേറരുതെന്ന്‌ പറഞ്ഞു.
ഈ പറയുന്നവര്‍ വരുമോ ഞങ്ങളുടെ ആവശ്യങ്ങള്‍ നടത്തിത്തരാന്‍?
മുറുക്കുന്നത്തയുടെ മരണശേഷം ഒറ്റക്കു ചികിത്സ ചെയ്യാന്‍ തുടങ്ങിയപ്പോള്‍ പെണ്ണ്‌ എന്ന നിലയില്‍ പലചോദ്യങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്‌.
ചികിത്സ തേടി വരുന്നവരോ ബന്ധുക്കളോ ഒക്കെയായിരിക്കും ചോദിക്കുന്നത്‌.
പലരും ചോദിക്കുന്ന ഒന്ന്‌ 'കല്ല്യാണം കഴിക്കാന്‍ പറ്റുമോ' എന്നായിരുന്നു.
ആദ്യമൊക്കെ ആ ചോദ്യത്തിലെ യുക്തിയെ ഓര്‍ത്ത്‌ പകച്ചു നിന്നിട്ടുണ്ട്‌. പിന്നീട്‌ ഞാനും ആലോചിക്കാന്‍ തുടങ്ങി. എന്തുകൊണ്ടാവാം അങ്ങനെയൊരു ചോദ്യമെന്ന്‌.
ഞാനടക്കമുള്ള തലമുറയുണ്ടാവാമെങ്കില്‍ എനിക്കെന്താ കല്ല്യാണം കഴിച്ചുകൂടെ?
എനിക്കുമുമ്പു വരെ പാരമ്പര്യം നിലനിര്‍ത്തിപ്പോന്നത്‌ പുരുഷന്മാരായിരുന്നു. അവര്‍ക്ക്‌ വിവാഹം കഴിക്കുന്നതിനോ സന്താനോല്‌പാദനത്തിനോ ഒരു കുഴപ്പവുമില്ലായിരുന്നു.
അപ്പോള്‍ ഒരു പെണ്ണായെന്ന്‌ വെച്ച്‌ എനിക്കെന്താണു കുഴപ്പം?
അക്കാലത്തിനുള്ളില്‍ സ്വപ്‌നത്തില്‍പോലും വിചാരിക്കാത്ത കാര്യങ്ങളാണ്‌ ചോദിക്കുന്നത്‌.
എന്നെ ഒരു സന്യാസിനിയോ മന്ത്രവാദിനിയോ ആയി ധരിച്ചിട്ടുണ്ടാവുമോ ഇവര്‍? ഓര്‍ക്കുമ്പോള്‍ എനിക്കാകെ വിഷമം തോന്നും.
സര്‍പ്പവും പ്രകൃതിയും വിശ്വാസവും വെച്ചു ചോദിക്കുന്നതാണ്‌. പാരമ്പര്യമായി നടത്തിപ്പോന്ന കാര്യങ്ങള്‍ ഒരു പെണ്‍കുട്ടിയിലേക്ക്‌ കൈമാറ്റപ്പെടുമ്പോള്‍ അവള്‍ വിവാഹിതയാവുമ്പോള്‍ ഇതെല്ലാം നിന്നു പോകില്ലേ എന്ന്‌ ഒരു കൂട്ടര്‍. അങ്ങനെ നിന്നുപോയാല്‍ ശാപമേല്‌ക്കേണ്ടി വരില്ലേ എന്നും.


മറ്റൊന്ന്‌ ചികിത്സ ചെയ്യുന്നതുകൊണ്ട്‌ എനിക്കും വീട്ടുകാര്‍ക്കും എന്തെങ്കിലും ദോഷമുണ്ടോ എന്നാണ്‌.
ചില വിഷഹാരികള്‍ വിഷമിറക്കിക്കഴിഞ്ഞാല്‍ തൊഴുത്തില്‍ പുല്ലുതിന്നോണ്ട്‌ നിന്ന പശു ചത്തു വീഴുന്നു. ഭാര്യക്ക്‌ ഇടിവെട്ടേല്‍ക്കുന്നു. കൊച്ച്‌ കിണറ്റില്‍ വീണു മരിക്കുന്നു. പുരക്ക്‌ തീപിടിക്കുന്നു.
ഇതിനു കാരണം പറയുന്നത്‌ സര്‍പ്പദംശനമുണ്ടാവുന്നത്‌ കാലകടിയായിട്ടാണ്‌ എന്നതാണ്‌. പ്രകൃതിനിയമമാണ്‌ മൃത്യു. മൃത്യുകാരണമാകുന്നു സര്‍പ്പങ്ങള്‍. മനുഷ്യന്‍ മരിക്കാനായി ദൈവം സര്‍പ്പത്തില്‍ വിഷം നിറച്ചു. മരണത്തെ ഗതിമാറ്റിവിട്ട്‌ വിഷം ഇറക്കിയതിനുള്ള ശിക്ഷയാണ്‌ മുകളില്‍ പറഞ്ഞതൊക്കെയും. വിഷത്തെ നിര്‍വീര്യമാക്കി ഒരാളെ ജീവിതത്തിലേക്ക്‌ കൊണ്ടുവരുമ്പോള്‍ അതു പ്രകൃതിക്കു വിരുദ്ധമാണ്‌! ചുരുക്കത്തില്‍ വിഷമിറക്കാന്‍ പാടില്ല എന്നു സാരം.
ഇത്തരം സംഭവങ്ങള്‍ ഉണ്ടായിരിക്കാം. പക്ഷേ എനിക്കു നേരിട്ടറിവില്ല. കേട്ടുകേള്‍വിയല്ലാതെ...എന്തുതരം ചിക്‌ിത്സയാണ്‌ അവിടെ പ്രയോഗിക്കുന്നതെന്നും അറിഞ്ഞുകൂടാ..
മന്ത്രവാദത്തിലൂടെ പാമ്പിനെ വരുത്തിചികിത്സക്കുന്നത്‌ കുടുംബത്തിന്‌ ദോഷമാണെന്ന്‌ മുറുക്കുന്നത്ത പറഞ്ഞോര്‍മയുണ്ട്‌.
എനിക്കുമുന്നില്‍ ഒരു പാവം ജീവിയാണ്‌ പാമ്പ്‌. അതിനെ ഉപദ്രവിച്ചപ്പോള്‍ പ്രാണരക്ഷാര്‍ത്ഥം കടിക്കുകയും വിഷം ശരീരത്തു കടക്കുകയും ചെയ്‌തിരിക്കുന്നു. ഈ വിഷത്തിന്‌ അനേകം ഔഷധങ്ങളുമുണ്ട്‌. ഔഷധത്തിലൂടെ വിഷം പുറത്തുകളയുന്നു. ചികിത്സ ചെയ്യുന്നു എന്നതൊഴിച്ചാല്‍ എല്ലാ വികാരങ്ങളുമുള്ള ഒരു സാധാരണ പെണ്‍കുട്ടിയാണ്‌ ഞാന്‍.
വീട്ടില്‍ നിന്ന്‌ ചികിത്സ കഴിഞ്ഞുപോയാലും കുറച്ചു ദിവസത്തേക്ക്‌ പത്ഥ്യം നോക്കേണ്ടതുണ്ട്‌. പ്രധാനമായും ഭക്ഷണത്തില്‍ ക്രമീകരണങ്ങള്‍ വേണം. ഭാരമുള്ള ജോലികളെടുത്തു കൂടാ. വഴിനടപ്പ്‌, മദ്യം, സുരതം ഇവ പാടില്ല. സുരതത്തിന്റെ അര്‍ത്ഥം പറഞ്ഞുകൊടുക്കാന്‍ പറ്റാത്തതാണ്‌ അന്ന്‌്‌ കൗമാരക്കാരിയായ എന്നെ ഏറെ കുഴക്കിയിട്ടുള്ളത്‌. എന്തു പറയും?
ചിലരോട്‌ ഒറ്റക്കു കിടന്നാല്‍ മതിയെന്നു പറയും..മനസ്സിലായിട്ടുണ്ടോ എന്തോ?
പത്ഥ്യം പറയുമ്പോള്‍ പലപ്പോഴും അമ്മച്ചി രക്ഷക്കെത്തും. ശരീരപത്ഥ്യം നോക്കണേ എന്ന്‌ ഗൗരവത്തില്‍ പറയും. ശരീരപത്ഥ്യം എന്ന വാക്ക്‌ അമ്മച്ചിയില്‍ നിന്നാണ്‌ എനിക്കു കിട്ടിയത്‌. പക്ഷേ അപ്പോഴും എനിക്കു സംശയം ബാക്കി നില്‌ക്കും. പാടത്തും പറമ്പിലും പണിയെടുക്കുന്ന ഇവര്‍ക്ക്‌ ഈ പറഞ്ഞതിന്റെ അര്‍ത്ഥം മനസ്സിലായിട്ടുണ്ടാവുമോ?
പലരും ചോദിക്കുന്ന മറ്റൊരു ചോദ്യമുണ്ട്‌‌.
അടുത്ത തലമുറയില്‍ ആരെ പഠിപ്പിക്കുമെന്ന്‌
ഇതില്‍ ഇത്തിരി മുനയുണ്ട്‌. എനിക്കു കൈമാറി കിട്ടിയത്‌ പിതൃപാരമ്പര്യമാണ്‌. അത്‌ ഞാന്‍ വിവാഹിതയാവുന്നതോടെ നഷ്ടപ്പെടുകയല്ലേ എന്ന്‌.
എന്റെ മുത്തശ്ശനോടെ അവസാനിക്കണമെന്നാഗ്രഹിച്ച വിദ്യ എനിക്കു കൈമാറുമ്പോള്‍ അദ്ദേഹത്തിനുണ്ടാവാത്ത വേവലാതി എനിക്കെന്തിനാണ്‌?

വിവാഹത്തിനുമുമ്പ്‌ സുനില്‍ എനിക്കു തന്നത്‌ 'ഖസാക്കിന്റെ ഇതിഹാസ'മാണ്‌‌. ഖസാക്കിന്റെ ഇതിഹാസത്തില്‍ ഞാനെന്റെ പൂര്‍വ്വികരുടെ ഭാഷ കണ്ടു. പാമ്പു കടിച്ച രവിയെ കണ്ടു. ഖസാക്ക്‌ എന്റെ പ്രിയപ്പെട്ട പുസ്‌തകമായി. രവിയുടെ സര്‍പ്പദംശനം വായനക്കാര്‍ പലതരത്തില്‍ ആസ്വദിക്കുന്നത്‌ കണ്ടു. ആ ദംശനത്തെ വിഷചികിത്സയുമായി ബന്ധപ്പെട്ട്‌ എനിക്ക്‌ കാണാനായില്ല. എന്നിരുന്നാലും, അന്നുവരെ വായിച്ച സാഹിത്യകൃതികളിലൊക്കെയും സര്‍പ്പത്തിന്‌‌ ഭീകരരൂപമായിരുന്നു. രതിയുടെ, ഭയത്തിന്റെ, മന്ത്രവാദത്തിന്റെ പ്രതീകമായിരുന്നു അതിലെല്ലാം. രവിക്കേല്‌ക്കുന്ന സര്‍പ്പദംശനം സാഹിത്യലോകം പാമ്പിനു നല്‌കിയ അന്നുവരെയുള്ള സങ്കല്‌പത്തെ ആകെ മാറ്റിമറിക്കുന്നതായാണണ്‌ എനിക്കു തോന്നിയത്‌. ഖസാക്കിലെ രവിക്കു പാമ്പ്‌്‌ പത്തിവിടര്‍ത്തി കാല്‌പടത്തില്‍ പല്ലുകളമര്‍ത്തിയപ്പോള്‍ വാത്സല്യമാണ്‌ തോന്നുന്നത്‌. 'പല്ലുമുളയ്‌ക്കുന്ന ഉണ്ണിക്കുട്ടന്റെ വികൃതിയാണ്‌. കാല്‌പടത്തില്‍ വീണ്ടും, വീണ്ടും അവ പതിഞ്ഞു. പത്തി ചുരുക്കി, കൗതുകത്തോടെ, വാത്സല്യത്തോടെ, രവിയെ നോക്കീട്ട്‌ അവന്‍ വീണ്ടും മണ്‍കട്ടകള്‍ക്കിടയിലേയ്‌ക്കു നുഴഞ്ഞുപോയി.'
ഒരു പാമ്പിനു കിട്ടാവുന്ന ഏറ്റവും വലിയ സൗഭാഗ്യമാണ്‌ രവിയിലൂടെ ഒ. വി. വിജയന്‍ കാണിച്ചു തന്നതെന്ന്‌ ഞാന്‍ വിശ്വസിക്കുന്നു.