Friday, September 21, 2007

കുവലിന്റെ രസതന്ത്രം


നിങ്ങള്‍ക്ക്‌ കൂവാന്‍ തോന്നുന്നുണ്ടോ?
കൂവുന്നവര്‍ തറയാണെന്നും ഇതൊന്നും നമുക്കു പറ്റിയ പണിയല്ലെന്നും ചിന്തിച്ചേക്കാം. എന്നാല്‍ ജാടകളില്‍ പുറത്തിറങ്ങി, ഈ വൈറ്റ്‌ കോളര്‍ ഒന്നഴിച്ചു വെച്ച്‌ തനിച്ചൊന്നു നടന്നു നോക്കൂ....അപ്പോള്‍ എവിടെ നിന്നോ ഒരു തോന്നല്‍ വരും. ഒന്നു കൂവാന്‍..ഒന്നു ചൂളമടിക്കാന്‍, വിസിലടിക്കാന്‍...

പഴയൊരു സുഹൃത്തിനെ കഴിഞ്ഞ ദിവസം അവിചാരിതമായി വഴിയില്‍ വെച്ച്‌ കണ്ടുമുട്ടിയപ്പോഴാണ്‌ കൂവലിന്റെ രസതന്ത്രത്തെക്കുറിച്ച ഞാന്‍ ചിന്തിച്ചു പോയത്‌.

എന്റെ ഓഫീസ്‌ ചീഫ്‌ എക്‌സിക്യൂട്ടീവിനെ വയനാട്ടിലേക്കുള്ള ഒരു ബസ്സുയാത്രയില്‍ കണ്ടുവത്രേ.സ്വാഭാവികമായും വയനാട്ടിലേക്കുള്ള യാത്രയായതുകൊണ്ട്‌ ചുരം കയറണം. ചുരത്തില്‍ വെച്ച്‌ ബസ്‌ നിന്നു പോവുകയും അവര്‍ ഒരുമിച്ചു നടക്കാമെന്ന തീരുമാനിച്ചു നടക്കാന്‍ തുടങ്ങി...കുറച്ചുദൂരം നടന്നപ്പോള്‍ അദ്ദേഹത്തിനൊരാശ.
ഇപ്പോള്‍ ഓഫീസില്ല, സഹപ്രവര്‍ത്തകരില്ല, കീഴ്‌ജീവനക്കാരില്ല, ഇടപാടുകാരില്ല, ബന്ധങ്ങളില്ല, ബന്ധനങ്ങളില്ല.
അദ്ദേഹം പറഞ്ഞു.
"എനിക്കു കൂവാന്‍ തോന്നുന്നു". അദ്ദേഹം കൂവി...തിരക്കിനിടയില്‍പെട്ട നട്ടംതിരിയുന്ന സുഹൃത്തും കൂവി..കൂട്ടകൂവല്‍..മതിയാവുവോളം..'
എന്തിനായിരുന്നു ആ കൂവല്‍?

തിരക്കുകളില്‍ നിന്നൊന്ന്‌ ഒഴിയുമ്പോള്‍, ജീവിതത്തിന്റെയും ജോലിയുടെയും വലക്കണ്ണിയല്‍ നിന്ന്‌ ഒന്നു പുറത്തുകടക്കുമ്പോള്‍ മനസ്സില്‍ ഭാരമില്ലായ്‌മ അനുഭവപ്പെടുന്നു. ചിത്രശലഭത്തെപ്പോലെ പറന്നു നടക്കുകയാണെന്നു തോന്നി പോകുന്നു.അപ്പോഴൊന്ന്‌ കൂവാന്‍ തോന്നുന്നു.

തീയറ്ററിന്‍ സിനിമ കണ്ടുകൊണ്ടിരിക്കുമ്പോള്‍ കരണ്‌ടു പോകുമ്പോള്‍ കൂട്ടക്കൂവല്‍ ഉയരുന്നു. ഇവന്നാര്‍ക്കൊന്നും വേറെ പണിയില്ലേയെന്ന്‌ നമ്മള്‍ ഗമയില്‍ ചിന്തിക്കുന്നു. കുറുക്കന്മാരണോ കൂവാന്‍ എന്ന ഭാവത്തിലിരിക്കുന്നവരുണ്ട്‌ . എന്നാല്‍ ഒപ്പം ഒന്നു കൂവിനോക്കു.

പക്ഷേ, നമ്മളെ തിരിച്ചറിയാത്തിടത്തെ നമ്മള്‍ കൂവുന്നുള്ളു. തിരിച്ചറിയുന്നിടത്തവുമ്പോള്‍ നമ്മള്‍ കെട്ടിപ്പടുത്ത ബിംബത്തിനൊരു പോറല്‍ പറ്റുമെന്ന ഭയം കൂടെ നില്‍ക്കും. തിക്കിലും തിരക്കിലും മനസ്സ്‌ ഭാരപ്പെട്ടിരിക്കുമ്പോള്‍ ഒന്നു കൂവാന്‍ കഴിഞ്ഞാല്‍ ഭാരം പറപറക്കും...പക്ഷേ കൂവാന്‍ സ്ഥലമെവിടെ..ഒളിത്താവളമെവിടെ?

കാടും മലയും പാറക്കെട്ടും ഒക്കെ നിറഞ്ഞ എന്റെ ഗ്രാമത്തില്‍ കുട്ടിക്കാലത്ത കൂവല്‍ ആശയ വിനിമയത്തിനൊരുപാധിയായിരുന്നു ചിലര്‍ക്ക്‌. കാട്ടില്‍ നിന്ന്‌ തടിയുമായി വരുന്നവര്‍ ഉയര്‍ന്ന പാറക്കുമുകളില്‍ നിന്ന്‌ ഉച്ചത്തില്‍ കൂവും.ആരെങ്ങീലും മലകയറി വരുന്നുണ്ടെങ്ങില്‍ മാറി നില്‌ക്കാനാണത്‌. പാറക്കുമുകളില്‍ നിന്ന്‌ തടി താഴേക്കു ഉരുട്ടാനുള്ള പണിയുടെ ആരംഭമാണത്‌.സന്ധ്യകഴിഞ്ഞ്‌ താഴെ വഴിയിലൂടെ ചൂളം വിളി കേള്‍ക്കുമ്പഴറിയാം. എല്‍ദോസ്‌ പണി കഴിഞ്ഞു വരുന്ന വഴിയാണ്‌...

അക്കരെ നിന്നൊരുവിസില്‍ ...ചീട്ടുകളിക്കാരുടെ സംഘം ചേരലിന്‌..
ഇതിനൊക്കെ അപ്പുറത്താണ്‌ കുട്ടികളുടെ കൂവലും വിസിലടി പരിശീലനവും...

മഴയില്ലാത്ത ചില സന്ധ്യക്ക്‌ ഞങ്ങള്‍ കുട്ടികള്‍ മലമുകളിലേക്ക്‌ കയറും ..പ്രത്യേകച്ചൊരു കാരണവുമില്ലാതെ കൂവും.....ഞങ്ങളുടെ കൂവല്‍ മലഞ്ചെരുവുകളിലെ പാറകളില്‍ തട്ടി പ്രതിധ്വനിക്കും.കാട്ടില്‍ ഗുഹാമുഖങ്ങള്‍ക്കരുകില്‍ നിന്നു കൂവിയാല്‍ അത്‌ അയിരം മടങ്ങായി പ്രതിധ്വനിക്കും....

പാറക്കുമുകലിലിരുന്നുള്ള ആ കൂവലുകള്‍ക്കിടയിലാണ്‌ എന്റെ കുഞ്ഞാങ്ങളമാര്‍ വിസിലടിയിലേക്ക്‌ തിരിഞ്ഞത്‌..പലതാളത്തില്‍..ഈണത്തില്‍..കൂവലിനേക്കാള്‍ ശബ്ദം കൂടുതലുമുണ്ട്‌.....അവരോട്‌ അസൂയ തോന്നി.എങ്ങനെ വിസിലടിക്കും...പെണ്‍ പിള്ളേര്‍ വിസിലടിക്കാന്‍ നോക്കിയാല്‍ നടക്കുമോ?

നാവുമടക്കി രണ്ടുവിരലുകള്‍ വെച്ച്‌ ഊതിനോക്കി...ദയനീയമായ കൂവല്‍ പുറപ്പെട്ടു.
സാധ്യമല്ല.

പക്ഷേ, ഉപേക്ഷിക്കാന്‍ തോന്നിയില്ല.
"വിസിലടിക്കുന്നതൊന്നു പഠിപ്പിച്ചു താടാ.".അവരോട്‌ കെഞ്ചി.
"അതു പഠിക്കാനൊന്നുമില്ല. നാക്ക്‌ മടക്കി വെരലുവെച്ച്‌ ഒരൂത്ത്‌ ഊതിയാ മതി..."അവന്‍ പറഞ്ഞു.
"ദേ ഇങ്ങനെ ചെയ്യ്‌ "എന്നു പറഞ്ഞ്‌ അവന്‍ നാവു മടക്കുന്നതും വിലവു വെക്കുന്നതും കാണിച്ചു തന്നു.
ഓക്കെ
ഇത്തവണ റെഡി..
പറഞ്ഞറിയിക്കാനാവാത്ത ആനന്ദം

.ഇക്കഴിഞ്ഞ ഓണാവധിക്ക്‌ തൊമ്മന്‍കുത്ത്‌ കാണാന്‍ പോകുമ്പോള്‍ വനത്തിനുള്ളിലേക്ക്‌ നടക്കുമ്പോള്‍ മുമ്പിലും പുറകിലും പോയ പയ്യന്മാരുടെ സംഘങ്ങള്‍ കൂവുന്നു..വിസിലടിക്കുന്നു.
തിരിച്ചൊന്നു കൂവിയാല്‍ ഇടിഞ്ഞുവീഴാന്‍ ഒന്നുമില്ലെന്നൊരു തോന്നാല്‍..പഴയ വിസിലടി പരിശീലനം ഓര്‍ത്തുപോയി..ഇല്ല.. ഇപ്പോഴും ശബ്ദമുണ്ട്‌...പക്ഷേ തിരിഞ്ഞു നോക്കിയവര്‍ ശ്രദ്ധിച്ചത്‌ ഞങ്ങളുടെ സംഘത്തിലുള്ള ഭര്‍ത്താവടക്കം കൂടെയുള്ള മൂന്നു പുരുഷന്മാരെയാണ്‌.

അതിലൊരാനന്ദമുണ്ട്‌..നിര്‍വചിക്കാനാകാത്ത ആനന്ദം...
ഫോട്ടോ എടുക്കാന്‍ കാമറയെടുക്കാന്‍ മറന്നതും, മൊബൈലിന്‌ റേഞ്ചും ചാര്‍ജുമില്ലാതിരുന്നതും എത്ര നന്നായി. പ്രകൃതിയെ കണ്‍കുളിര്‍ക്കെ കാണാനായി.ഇടക്കൊന്ന്‌ ഭാരമില്ലാതെ ...കൂവാന്‍...വിസിലടിക്കാന്‍...അതിലൊന്ന്‌ ആനന്ദിക്കാന്‍...

Monday, September 3, 2007

കൈവരിയുടെ തെക്കേയറ്റം


വി.എച്ച്‌.എസ്‌.സിക്കാര്‍ പോയാലും കൈവരി ഒഴിയില്ല. മഴയായാലും വേനലായാലും...കടയിലും ട്യൂഷനും പോകുന്ന ഞങ്ങളാണ്‌ കുടുങ്ങുന്നത്‌. പാലം കടക്കാന്‍ കുറച്ചു പ്രയാസപ്പെടണം. എങ്ങോട്ടും നോക്കാതെ ഒറ്റ നടത്തമാണ്‌. കൈവരിയിലിരിക്കുന്നവരൊന്നും ശരിയല്ല എന്നൊരു കഥ അന്നു പ്രചരിച്ചിരുന്നു. ....എങ്ങോട്ടും നോക്കാതെയുള്ള നടത്തമായിരുന്നു എന്നെ കുടുക്കിയത്‌.


പുഴയ്‌ക്ക അക്കരെയായിരുന്നു സ്‌കൂളും ആശുപത്രിയും. നാട്ടിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഇവയായിരുന്നു. എന്നാല്‍ ബസ്സു പോകുന്ന റോഡും കവലയും ഇക്കരെയായിരുന്നു. നടുവിലൊരു പുഴയുള്ളത്‌ പണ്ട്‌ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു രോഗികള്‍ക്കും കുട്ടികള്‍ക്കും. മഴക്കാലത്ത്‌ അക്കരെ സ്‌കൂളിലെത്താന്‍ രണ്ടുകിലോമീറ്റര്‍ മുകളിലുള്ള തടിപ്പാലം കടക്കേണ്ടിയിരുന്നു. മഴക്കാലത്ത്‌ ചിലപ്പോള്‍ ചങ്ങാടമുണ്ടാവും. ഇല്ലിയോ, വാഴത്തടയോ കൊണ്ടുണ്ടാക്കിയ ചങ്ങാടങ്ങള്‍. മലവെള്ളപ്പാച്ചില്‍ കൂടുന്ന ദിവസങ്ങളില്‍ ചങ്ങാടങ്ങള്‍ അപ്രത്യക്ഷമാവും....

ഈ അവസ്ഥയില്‍ അനുഗ്രഹമായാണ്‌ പാലം വന്നത്‌. മൂന്നുനാലുവര്‍ഷമെടുത്തു പാലം പണി കഴിയാന്‍. പുഴയ്‌ക്കു കുറുകെ പാലം വന്നു. വടക്കുനിന്ന്‌ തെക്കോട്ട്‌ ഇരുവശത്തും കൈവരിയും. കറുപ്പും വെളുപ്പും പെയിന്റടിച്ചിരുന്നു കൈവരിക്ക്‌.

പാലം വന്നതോടെ നാട്ടിലെ തൊഴിലില്ലാത്ത ചെറുപ്പക്കാര്‍ക്ക്‌ ആഘോഷമായി. അവര്‍ കൈവരി കൈയ്യേറി. വഴിയേ പോകുന്നു പെണ്ണുങ്ങളെ കമന്റടിച്ചും നേരം പോക്കു പറഞ്ഞും വൈകുന്നേരങ്ങള്‍ അവര്‍ സജീവമാക്കി. അവരുടെയൊക്കെ ഭാഗ്യം പോലെയും ആശപോലെയും ഹൈസ്‌കൂള്‍ വി.എച്ച്‌.എസ്‌.സിയായി...നാട്ടുകാര്‍ മാത്രമല്ല മറുനാട്ടിലെ പെണ്‍കുട്ടികളും വി.എച്ച്‌.എസ്‌.സിയില്‍ പഠിക്കാനെത്തി. മുമ്പൊക്കെ അഞ്ചുമണിക്ക്‌ കൈവരിയില്‍ ചേക്കേറുന്നവര്‍ അതോടെ മൂന്നരയോടെ എത്താന്‍ തുടങ്ങി.സ്‌കൂളുവിടുമ്പോഴേക്കും ഇരു കൈവരിയും കലുങ്കും നിറയും. ചൂളം വിളികള്‍...പാട്ട്‌...കണ്ണിറുക്കല്‍....ചിലര്‍ കൈവരിയില്‍ നിന്ന്‌എഴുന്നേറ്റ്‌ പുറകെ പോകും. വെയിറ്റിംഗ്‌ ഷെഡ്ഡിലേക്ക്‌...ഒരേ പെണ്‍കുട്ടിയെ പ്രേമിക്കുന്നവരാകട്ടെ ഉന്തും തള്ളുമാവും

വി.എച്ച്‌.എസ്‌.സി സുന്ദരികള്‍ക്കൊക്കെ ഇരട്ടപ്പേരുണ്ടാവും. മുയലും, കൊക്കും, തത്തയും....

മുയല്‍ വീട്ടിലെ പെണ്‍കുട്ടികള്‍ മൂന്നുനാലു വര്‍ഷം സജീവമായിരുന്നു വി.എച്ച്‌.എസ്‌.സിയില്‍ ..ഫസ്റ്റ്‌ ഇയറും സെക്കന്റ്‌ ഇയറുമായി മൂന്നു സഹോദരിമാര്‍ ......രണ്ടാമത്തെ മുയലായിരുന്നു അതിസുന്ദരി. അവളെ നോട്ടമിട്ട ഞങ്ങളുടെ നാട്ടുകാര്‍ പയ്യന്മാര്‍ തല്ലുകൂടിയത്‌ മിച്ചം. എന്റെ ക്ലാസ്‌മേറ്റ്‌ ബൈജുവിനെ അവരുടെ അപ്പച്ചന്‍ ഗാര്‍ഡാക്കി. അവര്‍ അയല്‍ക്കാരായിരുന്നു. മുയലുകള്‍ അവന്റെ നോട്ടത്തിന്‌ പുറത്തുപോയില്ല.

പക്ഷേ, അവന്‍ ഞങ്ങലെ നോക്കി സൈറ്റടിച്ചു.
"നിന്റെ കണ്ണു കുത്തിപ്പൊട്ടിക്കും കേട്ടോ ബൈജു"..
"മുയലുകളെ നോക്കി ഒന്നു കൊടുക്കാന്‍ പറ്റുന്നില്ലാലോ...പിന്നെ.."- അവന്‍ പറഞ്ഞു.

വി.എച്ച്‌.എസ്‌.സിക്കാര്‍ പോയാലും കൈവരി ഒഴിയില്ല. മഴയായാലും വേനലായാലും...കടയിലും ട്യൂഷനും പോകുന്ന ഞങ്ങളാണ്‌ കുടുങ്ങുന്നത്‌. പാലം കടക്കാന്‍ കുറച്ചു പ്രയാസപ്പെടണം. എങ്ങോട്ടും നോക്കാതെ ഒറ്റ നടത്തമാണ്‌. കൈവരിയിലിരിക്കുന്നവരൊന്നും ശരിയല്ല എന്നൊരു കഥ അന്നു പ്രചരിച്ചിരുന്നു. ....എങ്ങോട്ടും നോക്കാതെയുള്ള നടത്തമായിരുന്നു എന്നെ കുടുക്കിയത്‌.

മഴയാണെങ്കില്‍ കൂടുതല്‍ സൗകര്യമായി പാലം കടക്കാന്‍ കുടമറച്ചു പിടിച്ച്‌ ഒറ്റ നടത്തം. തെക്കേയറ്റത്ത്‌ എത്തിയപ്പോള്‍ കുടയാരോ പിടിച്ചു വലിച്ചു. ഞാനന്ന്‌ പത്താംക്ലാസുകാരി. ചേട്ടന്‌ ആളുമാറിയെന്ന്‌ ഉറപ്പിച്ചു.
'അയ്യോ' എന്നൊന്ന്‌ പറയുകയും ചെയ്‌തു ചേട്ടന്‍.
കുറേ ദിവസം കഴിഞ്ഞാണ്‌ ചേട്ടനും കൂട്ടുകാരനും പുറകെ പോന്നത്‌. രണ്ടുപേരെയും എനിക്കറിയാം. അയല്‍വാസിയല്ല. എങ്കിലും അടുത്താണ്‌.

അടുത്തെത്തിയപ്പോള്‍ ചേട്ടന്‍പറഞ്ഞു "കൊടേപിടിച്ചു പൊക്കിയത്‌ ചുമ്മാതെയല്ലാട്ടോ, കൊച്ചിനെ ഇവനിഷ്ടവാ....."
......
പോലീസ്‌, ഫോറസ്‌റ്റ്‌, മറ്റു സര്‍ക്കാരാഫീസുകളില്‍ ജോലിയാണ്‌ അന്ന്‌ കൈവരിയിലിരുന്ന പലര്‍ക്കും...കുടുംബവും കുട്ടികളുമായി...

ഇപ്പോഴും സജീവമാണ്‌ കൈവരി. പക്ഷേ ഇപ്പോള്‍ അവരല്ലെന്നുമാത്രം.

ഒരു ചോദ്യം മാത്രം. പാലമേ നിനക്ക്‌ കൈവരിയില്ലായിരുന്നെങ്കില്‍.....

*തലക്കെട്ടിന്‌ പി പത്മരാജനോട്‌ കടപ്പാട്‌