Thursday, January 31, 2008

മുണ്ടു മാഹാത്മ്യം അഥവ പൊതിഞ്ഞു കെട്ടിയ സമ്മാനം

കൂട്ടുകാരിയുടെ ജ്യേഷ്‌ഠന്‍ താഴെ വഴിയിലൂടെ നടന്നു പോകുമ്പോള്‍ ഞാന്‍ അത്ഭുതത്തോടെ നോക്കി നിന്നു. ആണ്ടിലും സംക്രാന്തിക്കും നാട്ടിലെ വീട്ടില്‍ പോകുന്ന ഞാന്‍്‌ അയല്‍വാസിയെ കാണുമ്പോള്‍ 'ചേട്ടായിയെ' എന്നു വിളിക്കേണ്ടതാണ്‌.

പക്ഷേ ഇത്തവണ എന്തോ വിളിക്കാന്‍ തോന്നിയില്ല. ചേട്ടായി ഇപ്പോള്‍ കേറള പോലീസിലാണ്‌ -ജോലി കഴിഞ്ഞു വരികയായിരുന്ന ചേട്ടായി പാന്‍സാണു ധരിച്ചിരുന്നത്‌. പാന്‍സു ധരിക്കുന്നവരോട്‌ മിണ്ടാന്‍ പാടില്ലേ എന്നു സ്വാഭാവികമായും തോന്നിയേക്കാം. പക്ഷേ കുട്ടിക്കാലത്ത്‌ നിക്കറും പിന്നീട്‌ മുണ്ടും ധരിച്ചിരുന്ന ആള്‍ ഇപ്പോള്‍ പാന്‍സു ധരിച്ചു പോകുമ്പോള്‍ പഴയ ചിലത്‌ ഓര്‍മ വരും . ആ ഓര്‍മ പങ്കുവെയ്‌ക്കുകയാണിവിടെ...

വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ചേട്ടായിയുടെ ഹൈസ്‌കൂള്‍ കാലം. പൊതുവേ ഇടുക്കിക്കാര്‍ കായിക മത്സരങ്ങളില്‍ മികവു കാണിക്കും. ഞങ്ങളുടെ സ്‌കൂളില്‍ നിന്ന്‌ സംസ്ഥാന മീറ്റിന്‌ പോയി വരികയാണ്‌ ചേട്ടായിയും സംഘവും. വരുന്ന വഴി മൂവാറ്റുപുഴയില്‍ നിന്ന്‌ കെ. എസ്‌. ആര്‍. ടി. സി ബസ്സിനു കയറി. വെളുപ്പിന്‌ അഞ്ചരക്ക്‌ നാട്ടിലെത്തും ആ ബസ്സ്‌.
പക്ഷേ ബസ്സില്‍ കയറി കുറേ കഴിയും മുമ്പ്‌ തലേ ദിവസം കഴിച്ച സാമ്പാര്‍ പ്രശ്‌നമുണ്ടാക്കാന്‍ തുടങ്ങി. ചേട്ടായി ഞെളിപിരി കൊണ്ടു. വണ്ടി ഒന്നു നിര്‍ത്താന്‍ പറഞ്ഞാല്‍ മതി. പക്ഷേ അഭിമാന ക്ഷതം. നാണക്കേട്‌. കൂട്ടുകാരുടെ കളിയാക്കല്‍. ഓര്‍ത്തപ്പോള്‍ പിടിച്ചിരിക്കാം എന്നു തന്നെ കരുതി.
പക്ഷേ വയറുണ്ടോ സമ്മതിക്കുന്നു. നിവൃത്തികേടില്‍ ഒഴിഞ്ഞു പോയി. ബസ്സിനുള്ളില്‍ അസഹ്യമായ നാറ്റം.
'ആരാ നാറ്റിക്കുന്നെ?
വണ്ടി നിര്‍ത്തണോ?'
കണ്ടക്‌ടര്‍ ചോദിച്ചു.
ഒരാളും മിണ്ടിയില്ല. ഒരോരുത്തരും പരസ്‌പരം നോക്കി.
ങ്‌ഹും ആര്‍ക്കുവൊന്നുമില്ല.
'ശ്ശെടാ..ഈ പിള്ളേര്‌ കേറിയേ പിന്നെയാണല്ലോ'
കണ്ടക്‌ടറുടെ കമന്റ്‌ കേട്ടപാടെ ഞങ്ങളുടെ പ്രിയപ്പെട്ട പി.ടി. ടീച്ചര്‍ ചാടി എഴുന്നേറ്റു.
'എന്റെ പിള്ളേരൊന്നും ഈ പണി കണിക്കൂല്ല. ഒന്നാന്തരം ഭക്ഷണം മേടിച്ചുകൊടുത്താ ഞാനവരെ കൊണ്ടു വന്നെ...'
ബസ്സിലാണെങ്കില്‍ ടീച്ചറും കുട്ടികളും കഴിഞ്ഞാല്‍ മൂന്നുനാലോ യാത്രക്കാരെയുള്ളു.
ടീച്ചറും കണ്ടക്‌ടറും തമ്മില്‍ തര്‍ക്കം മുറുകുമ്പോള്‍ ചേട്ടായി ഉടുത്തിരുന്ന മുണ്ട്‌ ഒരു തരത്തില്‍ അഴിച്ചുമാറ്റി മറ്റൊന്ന്‌ ഉടുത്തു ഉടുത്തില്ല എന്നു വരുത്തി ഇരിക്കുമ്പോഴാണ്‌ വീണ്ടും ആ മുണ്ടിലേക്കും.....

ഉടുത്തു മുഷിഞ്ഞ മറ്റൊരു മുണ്ടു കൂടിയേ ബാഗിലുള്ളു. വീണ്ടും ഉടുത്തിരുന്ന മുണ്ട്‌ ചുരുട്ടിയെടുത്ത്‌ ബാഗിലുണ്ടായിരുന്ന മുണ്ട്‌ ഉടുത്തു. നിന്നുകൊണ്ടല്ല സീറ്റില്‍ ഇരുന്നുകൊണ്ട്‌ തന്നെ.
അപ്പോള്‍ വീണ്ടും ശങ്ക.
ഇനി നിവര്‍ത്തിയില്ല.
'അയ്യോ വണ്ടിയൊന്ന്‌ നിര്‍ത്തണേ...'
അവശനും ക്ഷീണിതനമായി ചേട്ടായി പറഞ്ഞു.
ഈ വിക്രിയകളൊക്കെ കണ്ടും സഹിച്ചും കൂടെ ഇരുന്ന ചന്തുവും കൂടെ ഇറങ്ങി. നാലു കിലോമീറ്ററുകൂടിയേ യാത്ര ചെയ്യേണ്ടതുള്ളു.
അടുത്ത ബസ്സിനു വന്നോളാമെന്ന്‌ ടീച്ചറെ ഓര്‍മിപ്പിക്കാനും മറന്നില്ല ചന്തു.

ടീച്ചറും കുട്ടികളും എത്തുന്ന ബസ്സും കാത്തു നില്‌ക്കുകയായിരുന്നു ചേട്ടായിയുടെ അച്ഛന്‍. ബസ്റ്റോപ്പില്‍ നിന്ന്‌ കുറച്ചു നടന്ന്‌ പുഴ കടന്ന്‌ അക്കരെ നിന്ന്‌ കിഴക്കോട്ട്‌ കുറച്ചു കൂടി നടക്കണം വീട്ടിലെത്താന്‍. കൊച്ചു വെളുപ്പാന്‍കാലത്ത്‌ മകന്‍ തനിച്ചു നടക്കേണ്ട എന്നും വിവരങ്ങള്‍ ചൂടോടെ അറിയാമെന്നും കരുതി അച്ഛന്‍.
അപ്പപ്പോള്‍ വിവരങ്ങറിയാന്‍ ‍അക്കാലത്ത്‌ ഞങ്ങളുടെ നാട്ടില്‍ ഫോണ്‍ വന്നിട്ടില്ല. സംസ്ഥാന മീറ്റിന്റെ വിവരങ്ങളറിയാന്‍ കേബിള്‍ ടി. വിയും പ്രചാരത്തിലായിട്ടില്ല. വിവരങ്ങളൊന്നും അറിയാന്‍ കഴിയാതെ അച്ഛന്‍ വിഷമിച്ചു നില്‌ക്കുകയാണ്‌ കൊച്ചു വെളുപ്പാന്‍ കാലത്തെ തണുപ്പുമടിച്ച്‌.
ബസ്സില്‍ നിന്ന്‌ ആദ്യമിറങ്ങിയ വിരുതനോട്‌ അത്യധികം ആകാംക്ഷയിലും മകനെ കാണാനുള്ള വെപ്രാളത്തിലും അച്ഛന്‍ ചോദിച്ചു.
'സമ്മാനം കിട്ടിയോ?'
'പിന്നില്ലാതെ, ദേശീയ മീറ്റിലോട്ട്‌ സെലക്ഷനുമുണ്ട്‌. '
'...പിന്നെ സമ്മാനം പൊതിഞ്ഞുകെട്ടിക്കോണ്ട്‌ വരുന്നുണ്ട്‌....അടുത്ത ബസ്സിനെത്തും.'
'അതെയോ?'
ആ പാവം മനുഷ്യന്‍ അത്യധികം ആഹ്ലാദത്തില്‍ വാ തുറന്നു നിന്നു.

Wednesday, January 16, 2008

പര്‍ദ്ദയും സാരിയും പ്രതിക്കൂട്ടില്‍ ...?

പര്‍ദ്ദ സ്വദേശിയോ വിദേശിയോ?
ഇന്നലെ ഒരു പുസ്‌തകപ്രകാശന ചടങ്ങില്‍ വെച്ചാണ്‌ ഇങ്ങനെ ഒരു ചോദ്യം മനസ്സിലേക്കു കടന്നു വന്നത്‌. ഡോ.ഖദീജ മുംതാസ്‌ എഴുതിയ 'ബര്‍സ' എന്ന നോവലിന്റെ പ്രകാശനത്തോടനുബന്ധിച്ച്‌ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത ഒരു പെണ്‍കുട്ടിയുടെ സംസാരമാണ്‌ എന്നെ ചിന്തിപ്പിച്ചത്‌.

ബര്‍സ എന്നാല്‍ മുഖം തുറന്നിട്ടവള്‍ എന്നര്‍ത്ഥം. നോവലിലെ നായിക മുഖം തുറന്നിട്ടവളാണ്‌. മുഖം തുറന്നിടലിലൂടെ മനസ്സുതന്നെ തുറന്നിടാനാണ്‌ നായിക ആഗ്രഹിക്കുന്നത്‌. തുറന്നിട്ട മനസ്സുമായി ഇസ്ലാമിലൂടെ നടത്തുന്ന ഒരു യാത്രയാണ്‌ നോവല്‍ എന്നു പറയാം.
പുരുഷന്റെ കണ്ണുകളിലൂടെയായിരുന്നു ഇന്നു വരെ ഇസ്ലാം വ്യാഖ്യാനിക്കപ്പെട്ടിരുന്നത്‌. സ്‌ത്രീ എന്നും പിന്നാമ്പുറത്ത്‌ നിന്നു. നോവലിന്റെ പശ്ചാത്തലം സൗദി അറേബ്യയാണ്‌. മക്കയിലെ ആശുപത്രിയില്‍ ഏഴു വര്‍ഷം ജോലി ചെയ്യുന്നതിലൂടെ ഡോ.സബിത അനുഭവിക്കുന്ന സംഘര്‍ഷങ്ങളാണ്‌ നോവലില്‍ കൂടുതലായും കടന്നു വരുന്നത്‌.
ഖുര്‍ആന്‍ വായിക്കുമ്പോള്‍ ഒരു സ്‌ത്രീക്കുണ്ടാവുന്ന സന്ദേഹങ്ങള്‍, ഇസ്ലാം ചരിത്രത്തില്‍ ഹാജറാവബീവിയും ആയിഷയും മറ്റും അനുഭവിക്കുന്ന സംഘര്‍ഷങ്ങള്‍ ഒരു സ്‌ത്രീയുടെ കണ്ണുകളിലൂടെ നോക്കികാണുകയാണ്‌ സബിത.
(ഇവിടെ പുസ്‌തകത്തെ കുറിച്ച്‌ പിന്നീട്‌ എഴുതുന്നതാണ്‌ ഉചിതം )

ചര്‍ച്ചയില്‍ പങ്കെടുത്ത പലരും ഒരു മുസ്ലീം സ്‌ത്രീയുടെ ധീരമായ കാല്‍വെപ്പാണ്‌ ബര്‍സ എന്നഭിപ്രായപ്പെട്ടു. (പുരുഷന്മാര്‍)

-സൗദിയാണ്‌ ലോകമുസ്ലീങ്ങളുടെ പ്രതീകം എന്ന്‌ മുസ്ലീങ്ങള്‍ വിശ്വസിക്കുന്നു. സൗദി അറേബ്യ ഇസ്ലാം രാഷ്‌ട്രമാണ്‌. അവിടെ സൗദിക്കാര്‍ക്ക്‌ മാത്രമേ വിലയുള്ളു. മറ്റു നാട്ടുകാര്‍ വെറും മിസ്‌ക്കീല്‍...(ദരിദ്രവാസി). അവര്‍ക്ക്‌ നല്‌കുന്ന ശമ്പളത്തിന്റെ എത്രയോ ഇരട്ടിയാണ്‌ സൗദി പൗരന്‌ നല്‌കുന്നത്‌. എന്നാല്‍ അമേരിക്കക്കാര്‍ക്ക്‌ സൗദി പൗരന്‌ നല്‌കുന്നതിലും ശമ്പളം നല്‌കുകയും ചെയ്യും. ഇസ്ലാമിന്റെ പുണ്യഭൂമി എന്നു പറയുന്ന സൗദിയെ അനുകരിച്ച്‌ നമുക്ക്‌ ഇസ്ലാമാവാന്‍ കഴിയുമോ? നമുക്കൊക്കെ പ്രാദേശികമായ ഒരു ഐഡന്‍ന്റിറ്റിയുണ്ട്‌. സൗദിയില്‍ ഖുര്‍ആനെ അടിസ്ഥാനപ്പെടുത്തിയുള്ള സമത്വമോ സാഹോദര്യമോ അല്ല ഉള്ളതെന്നും വെറും മുതലാളിത്തം മാത്രമാണെന്നും.
എന്ന്‌ ഹമീദ്‌ ചേന്ദമംഗലൂര്‍ ചൂണ്ടികാട്ടി.

എന്നാല്‍ ഈ പെണ്‍കുട്ടി പറഞ്ഞത്‌ ഡോക്‌ടറുടെ അറിവില്ലായ്‌മയും ചരിത്രത്തിലുള്ള അവഗാഹത്തിന്റെ കുറുവുമാണ്‌ നോവലില്‍ കാണുന്നത്‌ എന്നാണ്‌. അതിന്‌ ചില ഉദാഹരണങ്ങളും ചൂണ്ടിക്കാട്ടി.

പിന്നെയുള്ളത്‌ നോവലിന്റെ പേരാണ്‌. ബര്‍സ.
മുഖം മറക്കാത്തവള്‍. മഖം തുറന്നിട്ടവള്‍.....എന്തിനാണ്‌ മുഖം തുറന്നിടുന്നത്‌ എന്നവള്‍ ചോദിക്കുന്നു.
-നോവലില്‍ ഡോക്‌ടര്‍ മനപ്പൂര്‍വ്വം പര്‍ദ്ദയെ അവദണിക്കുന്നു. സാരി നല്ല വേഷമാണെന്ന്‌ ബോധപൂര്‍വ്വം കൊണ്ടുവരാന്‍ ഡോക്‌ടര്‍ ശ്രമിക്കുന്നുണ്ട്‌. അത്‌ എന്തിനുവണ്ടി? ആരാണ്‌ സാരി നല്ല വേഷമാണെന്ന്‌ പറഞ്ഞിരിക്കുന്നത്‌. ഇവിടെയുള്ള ചില സാഹിത്യസാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ സാരിയുടെ പ്രചാരകരായി മാറുന്നു. ഒരു സ്‌ത്രീയുടെ നഗ്നത മുഴുവന്‍ വെളിപ്പെടുത്തുന്ന വേഷമാണ്‌ സാരി. കഴുത്തും മുന്‍കൈയ്യും വയറും ഒക്കെ വെളിപ്പെടുത്തുന്നു സാരി. നിങ്ങളൊന്നാലോചിച്ചു നോക്കു... നിങ്ങള്‍ക്ക്‌ തെരുവിലുള്ള സ്ഥാനമെന്താണ്‌. തെരുവില്‍ എങ്ങനെ വിലയിരുത്തപ്പെടും......

(വേദിയില്‍ സാരിയുടുത്ത ഒരാള്‍മാത്രം. നോവലിസ്റ്റ്‌. ചുരിദാറിട്ടവര്‍ (മുഖവും തലയും മറക്കാതെ ) രണ്ടുപേര്‍ ദീദീയും ഈയുള്ളവളും. ബാക്കി പെണ്‍കുട്ടികളെല്ലാം പര്‍ദ്ദയില്‍.)

പെണ്‍കുട്ടി തുടര്‍ന്നു.
എന്തിനാണിങ്ങനെ കളര്‍ഫുള്‍ ആകുന്നത്‌? എന്തിനാണ്‌ കോസ്‌മെറ്റിക്‌സ്‌ സ്‌ത്രീകള്‍ ഉപയോഗിക്കുന്നത്‌?
ഹമീദ്‌ ചേന്ദമംഗലൂരിന്റെ വാക്കുകള്‍ എടുത്തു പിന്നീടവള്‍.
-ആരു പറഞ്ഞു സൗദി മുസ്ലീമാണ്‌ നല്ല മുസ്ലീമെന്ന്‌. നമ്മള്‍ സൗദിയെ അനുകരിക്കേണ്ടതില്ല. അവിടെ മുതലാളിത്തം മാത്രമാണല്ലോ നമ്‌മള്‍ പ്രാദേശീകതയെ അംഗീകരിക്കണം.-

ഈ പെണ്‍കുട്ടി എന്തെല്ലാമാണ്‌ പറയുന്നത്‌.

അപ്പോള്‍ അവളിട്ടിരിക്കുന്ന പര്‍ദ്ദ വിദേശിയോ? സ്വദേശിയോ?

സ്‌ത്രീ ഒരിക്കലും മുഖം തുറന്നിടാന്‍ പാടില്ലെന്നാണ്‌ അവളുടെ പക്ഷം. അക്കാര്യം ഒരാവശ്യവുമില്ലാതെ ഒരു പൊതുവേദിയില്‍ അവതരിപ്പിക്കുന്നു. എന്തിനാണിത്‌?

ആ പെണ്‍കുട്ടിയോട്‌ എനിക്ക്‌ ചിലത്‌ പറയണമെന്നുണ്ടായിരുന്നു.
ചെറുപ്പത്തില്‍ ഞാന്‍ കണ്ടു ശീലിച്ച, എനിക്ക്‌ സൗകര്യം എന്നു തോന്നുന്ന വസ്‌ത്രം ഞാനുപയോഗിക്കുന്നു. എന്റെ അമ്മ ശീലിച്ചത്‌ അവര്‍ ധരിക്കുന്നു. ഡോക്‌ടര്‍ ശീലിച്ചത്‌ അവരും.
നമ്മുടെ പഴയകാല സിനിമകളില്‍ ഷീലയും ജയഭാരതിയും ശാരദയുമെല്ലാം മുക്കാല്‍മുണ്ടും റൗക്കയോ, ബ്ലൗസോ ധരിച്ചിരിക്കുന്നു.അതായിരുന്നു അക്കാലത്തെ ഹിന്ദുക്കളുടെ വേഷം. അന്നത്‌ അശ്ലീലമല്ല. ഇന്ന്‌ ആ വേഷം സിനിമയ്‌ക്ക്‌ കൊഴുപ്പുകൂട്ടാനുള്ളതായി മാറിയിരിക്കുന്നു.
മുസ്ലീങ്ങള്‍ കാച്ചിയും തട്ടവും കുപ്പായവും ധരിച്ചു അക്കാലത്ത്‌. ക്രിസ്‌ത്യാനികള്‍ ചട്ടയും മുണ്ടും.
പിന്നീടത്‌ സാരിയിലേക്കും ചുരിദാറിലേക്കും കടന്നു വന്നു. ചുരിദാറിന്‌ പ്രചാരം കൂടിയപ്പോള്‍ സാരി സ്‌ത്രീയുടെ നഗ്നത പ്രകടിപ്പിക്കുന്ന വസ്‌ത്രമാണെന്ന്‌ ധാരണ പരത്തി. (വെളിപ്പെടുത്തണമെങ്കില്‍ അങ്ങേയറ്റം വെളിപ്പെടുത്താവുന്നതും അങ്ങേയറ്റം ശരീരം മറക്കപ്പെടാവുന്നതുമായ വേഷമാണ്‌ സാരി)
പര്‍ദ്ദയും അങ്ങനെ വന്നതാണെന്ന്‌ വിശ്വസിക്കാനാണ്‌ എനിക്കിഷ്‌ടം. ഫാഷനായും വിശ്വാസത്തിന്റെ പേരിലും പര്‍ദ്ദയെ സ്വീകരിക്കുകയായിരുന്നു. (പര്‍ദ്ദയിടുന്നവരൊക്കെ മോശമാണെന്നോ, വിവരമില്ലാത്തവരാണെന്നോ അല്ല ഉദ്ദേശ്യം മറിച്ച്‌ ഇഷ്ടമുള്ളവര്‍ ധരിക്കട്ടെ എന്നു മാത്രം.) ഇടാത്തവരെ കുറ്റം പറയാന്‍ എന്തര്‍ഹത ? വിശ്വാസികളെല്ലാം പര്‍ദ്ദ ധരിക്കണമെന്ന്‌ എന്താണ്‌ നിര്‍ബന്ധം? മുമ്പ്‌ കാച്ചിയും തട്ടവും കുപ്പിവളയും അലിക്കത്തും ഇട്ടവരൊക്കെ നരകത്തില്‍ പോയെന്നാണോ? പര്‍ദ്ദ ഇഷ്‌ടമുള്ളവര്‍ ധരിക്കട്ടെ എന്തിനാണ്‌ തെരുവിലേക്ക്‌ വലിച്ചിഴക്കുന്നത്‌...തെരുവിലെ വില നിശ്ചയിക്കണ്ടത്‌ അവനവന്‍ തന്നെയാണ്‌. അവനവന്റെ ആത്മവിശ്വാസമാണ്‌. ആത്മവിശ്വാസത്തെക്കുറിച്ച്‌ പറഞ്ഞപ്പോള്‍ ആ വേദിയില്‍ നിന്നുള്ള മറ്റൊരു രംഗം പറയാതെ വയ്യ.
പര്‍ദ്ദ ധരിച്ച മറ്റൊരു പെണ്‍കുട്ടിയുടെ അടുത്ത്‌ രണ്ടു കസേരകള്‍ ഒഴിഞ്ഞു കിടന്നു. ചടങ്ങില്‍ വൈകിയെത്തിയ ദമ്പതികളില്‍ പുരുഷന്‍ ആ പെണ്‍കുട്ടിയോട്‌ ചേര്‍ന്ന കസേരയിലിരുന്നതും പെണ്‍കുട്ടി പൊള്ളലേറ്റതു പോലെ ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റ്‌ സ്‌ത്രീകള്‍ മാത്രമിരുന്ന ഭാഗത്ത്‌ ഒഴിഞ്ഞു കിടന്ന കസേരക്കരുകിലേക്ക്‌ പാഞ്ഞു.
മൂടി പൊതിഞ്ഞിരുന്നിട്ടും എന്തിനാണ്‌ കൂട്ടീ., നിനക്കീ പരിഭ്രമം? നിന്റെ ശരീരത്തെക്കുറിച്ച്‌ നിനക്കല്ലാതെ മറ്റാര്‍ക്കാണ്‌ ബോധമുണ്ടാവേണ്ടത്‌?

നിന്റെ ഭാഷയില്‍ എന്റെ വേഷത്തെക്കുറിച്ച്‌ എന്തു പറഞ്ഞാലും എനിക്ക്‌ നിന്റെ പരിഭ്രമമില്ലെന്നും മനസ്സിലാക്കുക. എന്റെ ഭര്‍ത്താവ്‌ ഒരു സ്‌ത്രീയുടെ അടുത്തു പോയിരുന്നാലും ഞാന്‍ പരിഭ്രമിക്കില്ല. കാരണം സ്‌ത്രീയോ പുരുഷനോ എന്നല്ല സഹജീവിയായി മാത്രം കാണാനേ കഴിയൂ. പ്രത്യേകിച്ച്‌ പൊതുവേദിയില്‍ വളരെ പ്രസക്തമായ വിഷയങ്ങള്‍ അവതരിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ ആര്‍ക്കാണ്‌ തരളിതമായ വികാരങ്ങളുണ്ടാവുന്നത്‌?
അതുകൊണ്ട്‌ നീ ഭയക്കാതിരിക്കുക. നിന്‍റെ ഇരിപ്പിടത്തില്‍ നീ ഉറച്ചിരിക്കുക.
അതുമല്ലെങ്കില്‍ പൊതുവേദികള്‍ ഒഴിവാക്കുക. അതിനും സാധ്യമല്ലെങ്കില്‍ ടാറ്റയോടോ, ബര്‍ളയോടോ നമുക്കു ശുപാര്‍ശ ചെയ്യാം. ഇരുമ്പുകവചങ്ങള്‍ നിര്‍മിച്ചുനല്‌കാന്‍....

Sunday, January 6, 2008

തിരുവനന്തപുരത്തെ ഓട്ടോഡ്രൈവര്‍മാര്‍ക്കെന്താ കൊമ്പുണ്ടോ?


തിരുവനന്തപുരത്തുകാരോട്‌ എന്തോ ദേഷ്യം കൊണ്ടാവാം ഓട്ടോഡ്രൈവര്‍മാര്‍ക്ക്‌ കൊമ്പുണ്ടോ എന്നു ചോദിച്ചതെന്നു തോന്നിയേക്കാം.

ഈയുള്ളവള്‍ക്ക്‌ ഏറെ സ്‌നേഹം തോന്നിയ നഗരമാണ്‌ തലസ്ഥാനം. എന്റെ മുത്തശ്ശിയുടെ ജന്മനാട്‌, മുത്തശ്ശന്‍, ഭര്‍ത്താവ്‌ ജോലിചെയ്‌ത നാട്‌. അതിനൊക്കെ പുറമേ വല്ലാത്തൊരു വൈകാരിക ബന്ധമായിരുന്നു തിരുവനന്തപുരത്തോട്‌.

എന്നാല്‍ ഇന്നു ജീവിക്കുന്ന കോഴിക്കോടുമായി ഒരു ബന്ധവും എനിക്കില്ലായിരുന്നു.

പൊതുവേ വടക്കുള്ളവര്‍ക്ക്‌ തെക്കരെ പേടിയാണ്‌. തിരുവനന്തപുരത്തുകാരാണെങ്കില്‍ പറയുകയും വേണ്ട. തിരുവന്തപുരത്തുകാര്‍ കള്ളന്മാരാണെന്നു പറയുമ്പോള്‍ നിഷ്‌ക്കളങ്കയായ മുത്തശ്ശിയെയാണ്‌ എനിക്കോര്‍മ വരിക.
ആര്‍ക്കും എന്തും പറയാമല്ലോ എന്നു സമാധാനിക്കും.

പക്ഷേ കഴിഞ്ഞ ദിവസം തിരുവന്തപുരത്ത്‌ പോയപ്പോള്‍ അവിടുത്തെ ഓട്ടോഡ്രൈവര്‍മാരെ നിയന്ത്രിക്കാന്‍ ആരുമില്ലേ എന്നു ചിന്തിച്ചുപ്പോയി. അങ്ങേയറ്റം വിഷമം തോന്നി.
ഓട്ടോറിക്ഷയ്‌ക്ക്‌ എന്തിനാണ്‌ മീറ്റര്‍ ഘടിപ്പിച്ചിരിക്കുന്നത്‌?
മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഒരു ഡ്രൈവര്‍ക്കും മനസ്സില്ല എന്നതാണ്‌ സത്യം.

മ്യൂസിയത്തിനു മുന്നില്‍ നിന്നും വഴുതക്കാട്‌ കോട്ടണ്‍ഹില്‍ സ്‌കൂളിനു മുന്നിലിറങ്ങുന്നതിന്‌ 25/- രൂപ. മീറ്ററില്ല.
"എന്താണു മീറ്ററിടാത്തത്‌ " എന്നു ചോദിച്ചപ്പോള്‍ "അത്‌ അത്രയും ആകും" എന്നു ഡ്രൈവറുടെ മറുപടി.
അതു പറ്റില്ലല്ലോ മീറ്ററിടണമല്ലോ...
"അത്‌ ആദ്യം പറയേണ്ടായിരുന്നോ" എന്ന്‌ നൂറു മീറ്റര്‍ ഓടിയിട്ടില്ല അപ്പോഴാണ്‌ ഈ പ്രതികരണം.
തിരിച്ചു പോകുമ്പോള്‍ കുറച്ചു നടന്ന്‌ ഒരു ജങ്കഷ്‌നില്‍ നിന്ന്‌ കിഴക്കേക്കോട്ടയ്‌ക്ക്‌ പോകാന്‍ ആദ്യം കണ്ട ഓട്ടോയ്‌ക്ക്‌ കൈ നീട്ടി.
കിഴക്കേകോട്ടയ്‌ക്ക്‌ 30/- രൂപ.
'മീറ്ററിട്ടല്ലേ പോവുക?'
'മീറ്ററിട്ടാലും അത്രയാവും 'മറുപടി.
'മീറ്റര്‍ ചാര്‍ജ്ജ്‌ തന്നാല്‍ മതിയല്ലോ, അല്ലേ?'
അതില്‍ സംതൃപ്‌തനല്ല ഡ്രൈവര്‍.
മീറ്ററിന്റെ വയര്‍ വിട്ടു കിടക്കുകയാണത്രേ
വയറു വിട്ടു കിടക്കുന്ന ഓട്ടോയില്‍ കയറേണ്ടെന്നു വെച്ചു.
അടുത്ത ഓട്ടോയെ സമീപിച്ചു.
കിഴക്കേക്കോട്ടയ്‌ക്ക്‌ 20/- രൂപ. ശരി
10/- രൂപ കുറഞ്ഞല്ലോ അതില്‍ കയറി. എതായാലും അദ്ദേഹവും മീറ്റര്‍ പ്രവര്‍ത്തിപ്പിച്ചില്ല.

മരുതന്‍കുഴി ജങ്കഷ്‌നില്‍ നിന്ന്‌ കാഞ്ഞിരം പാറ ജങ്കഷ്‌നിലേക്ക്‌ ഒന്നര-രണ്ടു കിലോ മീറ്ററുണ്ടാവും
പക്ഷേ 20/- രൂപ.

മരുതന്‍കുഴിയില്‍ നിന്നും സുഹൃത്തിനൊപ്പം വൈകിട്ട്‌ ഏഴു മണിക്ക്‌ പാളയത്തെത്തുമ്പോള്‍ മീറ്ററില്‍ 35/- രൂപ. സ്ഥിരം യാത്രക്കാരിയായ സൂഹൃത്ത്‌ 25/- ല്‍ താഴെയേ വരൂ എന്ന്‌ വാദിച്ചു. മീറ്ററില്‍ കൃത്രിമം. ഏതായാലും 30/- ല്‍ ഒതുക്കി.
അടുത്ത യാത്ര പാളയത്തു നിന്ന്‌ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലേക്കായിരുന്നു. മീറ്ററിടണമെന്ന്‌ പറഞ്ഞതു കൊണ്ട്‌ മീറ്റര്‍ പ്രവര്‍ത്തിപ്പിച്ചു.
പതിനാലു രുപ.
പക്ഷേ മീറ്റര്‍ പ്രവര്‍പ്പിച്ചാലെന്ത്‌ ഇല്ലെങ്കിലെന്ത്‌ 20/- രൂപ വേണം.
അതെന്തിന്‌?
ഒന്‍പതുമണിക്ക്‌ ശേഷമല്ലേ അധിക ചാര്‍ജ്ജ്‌ കൊടക്കേണ്ടതുള്ളു.
ഏതായാലും തിരുവന്തപുരത്തെ ഓട്ടോഡ്രൈവര്‍മാര്‍ കോഴിക്കോടു വന്നു നോക്കു...
മീറ്റര്‍ ചാര്‍ജ്ജില്‍ കൂടിയ ചാര്‍ജ്ജ്‌ ഈടാക്കി കണ്ടിട്ടില്ല. മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാതിരുന്നിട്ടില്ല. ഇനി നഗരത്തിലല്ലാതെ ഉള്ളിലേക്കാ ണു പോകേണ്ടതെങ്കില്‍ മീറ്ററും പകുതിയും.
കേരളത്തില്‍ രണ്ടു നഗരങ്ങളിലെ ഓട്ടോറിക്ഷക്കാര്‍ക്ക്‌ വ്യത്യസ്‌തമായ നിയമങ്ങളാണോ?
കെട്ടഴിച്ചുവിട്ടിരിക്കുകയാണോ ഈ അമ്പലക്കാളയെ?
കെട്ടിയിടാന്‍ ആരുമില്ലേ.....