Sunday, November 17, 2013

കരിക്കും പുകയ്ക്കുമിടയിലെ ഇ ലോകം

എഴുത്തും വായനയും ഏതാണ്ട് നിലച്ചിരുന്ന സമയത്താണ് ഇ വായനയെപ്പറ്റിയും എഴുത്തിനെപ്പറ്റിയും അറിയുന്നത്.  ആദ്യം ഇ വായനക്കാരിയാവുകയും പിന്നീട് സര്‍പ്പഗന്ധി എന്ന ബ്ലോഗിലൂടെ ഇ എഴുത്തിലേക്ക് കടന്നു വരികയുമായിരുന്നു.   ബ്ലോഗെഴുത്തിന്റെ പ്രതികരണങ്ങള്‍ അമ്പരപ്പിക്കുന്നതായിരുന്നു.  ഒരു രചന ബ്ലോഗില്‍ പോസ്റ്റ് ചെയ്തു കഴിഞ്ഞാല്‍ നിമിഷങ്ങള്‍ക്കകം അഭിപ്രായം കിട്ടിയിരുന്നു.  ബ്ലോഗെഴുത്തെന്നാല്‍ അവനവന്‍ പ്രസാധകന്‍ എന്നും അവളവള്‍ പ്രസാധക എന്നുമൊക്കെ പറയുമെങ്കിലും അങ്ങനെയായിരുന്നില്ല എന്റെ അനുഭവം.  ഒരു പരിധിവരെ അത് ശരിയാണെങ്കിലും, എഡിററര്‍ അവരവര്‍ തന്നെയായിരുന്നെങ്കിലും വായനക്കാര്‍  തെറ്റുകള്‍ ചൂണ്ടിക്കാണിക്കുകയും അവ ആവശ്യമാണെന്നു തോന്നിയാല്‍ തിരുത്തുകയും ചെയ്തിരുന്നു.  അച്ചടിയിലാണെങ്കില്‍ ആ തിരുത്ത് ഒരിക്കലും സാധ്യമാകില്ല.  എന്നാല്‍ ഇ എഴുത്തില്‍ എപ്പോള്‍ വേണമെങ്കിലും തിരുത്തല്‍ സാധ്യമാണ്.

2006 ലാണ് ഞാന്‍ ഇ ലോകത്തേക്ക് കടന്നു വരുന്നത്.  അന്ന് അച്ചടി മാധ്യമത്തിലെഴുതുന്നത് ചിന്തിക്കാന്‍ കൂടി കഴിയുമായിരുന്നില്ല.  എന്നാല്‍ ഇ എഴുത്ത് സജീവമാകുന്ന സമയവുമായിരുന്നു അത്.  എന്നിട്ടും അച്ചടി മഷി പുരണ്ടുകാണാന്‍ ആഗ്രഹിച്ചിട്ടുണ്ട്.  എഴുത്തിന്റെ അംഗീകാരം അച്ചടിയിലാണെന്നു തന്നെ ഇവള്‍ വിശ്വസിച്ചു.  പക്ഷേ, അല്പം ധൈര്യക്കുറവുണ്ടായിരുന്നുവെന്നുമാത്രം.  ബ്ലോഗെഴുത്ത് എനിക്ക് എഴുത്തുകളരിയായിരുന്നു.  ഭാഷ മെച്ചപ്പെടുത്താന്‍, എന്തുമെഴുതാന്‍, വളരെപ്പെട്ടെന്നു മറുപടി കുറിക്കാന്‍, പുതിയ വിഷയങ്ങള്‍ കണ്ടെത്താന്‍, കൂടുതല്‍ കൂടുതല്‍ വായിക്കാന്‍..ബ്ലോഗില്‍ പോസ്റ്റ് ചെയ്യുന്നതിനുവേണ്ടിയാണ് എഴുതുന്നതെങ്കിലും ചിലത് എഴുതിക്കഴിയുമ്പോള്‍ അച്ചടിയിലേക്കൊന്നു കൊടുത്താലോ എന്നു തോന്നും.  എഴുതിയത് ഓണ്‍ലൈനിലുളള അടുപ്പമുള്ള സുഹൃത്തുക്കള്‍ക്കയയ്ക്കും.  അവരുടെ അഭിപ്രായത്തിനും തിരുത്തലുകള്‍ക്കും ശേഷമായിരുന്നു ആദ്യ രചനകള്‍ പ്രസിദ്ധീകരിക്കാന്‍ അയച്ചിരുന്നത്.  ഇ ലോകത്തെ സൗഹൃദങ്ങളില്ലായിരുന്നുവെങ്കില്‍ ഒരുപക്ഷേ, ബാങ്കുജോലിക്കാരിയും വീട്ടമ്മയുമായ എനിക്ക് എഴുത്തുകാരി എന്ന വിലാസമുണ്ടാവുമായിരുന്നില്ല.  അച്ചടിയിലും ഓണ്‍ലൈനിലും ഇപ്പോഴും സജീവമായി നില്ക്കാന്‍ സാധിക്കുന്നുമുണ്ട്.  നാളെത്തെ പ്രധാന മാധ്യമം ഇ മാധ്യമമായിരിക്കുമെന്നതില്‍ ഒരു സംശയമില്ല. വായന ഓഫ് ലൈനിലോ ഓണ്‍ലൈനിലോ എന്നതിലേ പ്രശ്‌നമുള്ളു.

 ലാപ്‌ടോപ്പിന്റെയോ ടെസ്‌ക്ടോപ്പിന്റെയോ സ്‌ക്രീനില്‍ നിന്ന് ഇ ബുക്ക് റീഡറുകളിലേക്ക് ഇപ്പോള്‍ തന്നെ വായന മാറിക്കഴിഞ്ഞു.  ഇ ബുക്ക് റീഡറുകളില്‍ കൂടുതല്‍ നടക്കുന്നത് ഓഫ് ലൈന്‍ വായനയാണ്.  എളുപ്പം വായിച്ചുപോകാവുന്ന, ലളിതമായ കുറിപ്പുകളും ചെറു ലേഖനങ്ങളും കവിതകളും ഹാസ്യ ലേഖനങ്ങളും വിവാദവിഷയങ്ങളുമൊക്കെയാണ് ഓണ്‍ലൈന്‍ വായനക്കാര്‍ക്ക് കൂടുതല്‍ പ്രിയം.  ഗൗരവമേറിയ രചനകള്‍ , വലിയ രചനകളൊക്കെ ഓഫ്‌ലൈനായാണ് വായിക്കുന്നത്.
അച്ചടി പ്രസിദ്ധീകരങ്ങള്‍ക്ക് കൊടുത്താല്‍ പ്രസിദ്ധീകരിക്കുമോ എന്നു തോന്നുന്ന രചനകള്‍, മനസ്സില്‍ തോന്നുന്നത് ഒരു വിട്ടുവീഴ്ചയും കൂടാതെ തുറന്നെവുതേണ്ടിവരുമ്പോള്‍ അച്ചടിയെയല്ല ഇ ലോകത്തെയാണ് ഞാന്‍ കൂട്ടു പിടിക്കാറ്.  ചിലപ്പോള്‍ എതിരഭിപ്രായങ്ങളാവാം ഏറെയും.  എന്നാലും പറയാനുളളത് പറഞ്ഞു കഴിഞ്ഞു എന്ന ആശ്വാസമുണ്ടാവാറുണ്ട്.  ഒരു ആശയം, അഭിപ്രായം ശരിയോ തെറ്റോ ആകട്ടെ അതു പ്രകടിപ്പിക്കാന്‍ ആരെയും ഭയക്കാതെ,  ഒരു വേദിയുണ്ടെന്നതാണ് പ്രധാനം.

ഫേസ്ബുക്ക്, ഗൂഗിള്‍ പ്ലസ് തുടങ്ങിയ സൗഹൃദകൂട്ടായ്മകളെ ഇപ്പോഴും ഭയത്തോടെ കാണുന്നവരുണ്ട്.  ഇന്റര്‍നെറ്റിനെ തന്നെ ഭയക്കുന്നവരുണ്ട്.  ഇവിടെ കിട്ടുന്നതൊക്കെ പുറത്തും നമുക്കു കിട്ടുന്നുണ്ട്.  പക്ഷേ കുറച്ചു വേഗം കൂടുന്നുവെന്നുമാത്രം.  നമുക്ക് ആവശ്യമുള്ളതിലേക്കേ നാം പോകൂ.  അത് ഇന്റര്‍നെറ്റിനുളളിലായാലും പുറത്തായാലും.


എന്റെ ഒരു പുസ്തകം വരുമ്പോള്‍ അതിനേപ്പറ്റി രണ്ടുവരി, അല്ലെങ്കില്‍ കവര്‍ ചിത്രം നല്‍കുമ്പോള്‍ തീര്‍ച്ചയായും അതു കുറേപ്പേര്‍ അറിയുന്നുണ്ട്.  ചിലരത് ഓണ്‍ലൈനില്‍ തന്നെ വാങ്ങുന്നുണ്ട്.  ഒരു പുസ്തകമേളയില്‍ കാണുമ്പോള്‍ ഓര്‍്ത്തു വാങ്ങുന്നുണ്ട്.  ഇതുനൊന്നും മുമ്പ് നമുക്ക് അവസരമില്ല.  ഒരു പുസ്തകം വന്നാല്‍ നമുക്കു നേരിട്ടു പറയാവുന്ന ആളുകളുടെ എണ്ണത്തില്‍ പരിധിയുണ്ടായിരുന്നു.  എന്നാല്‍ ആ ദൂരത്തെ പരമാവധി കുറക്കുകയാണ് വെബ്ബിടങ്ങള്‍.


ഫേസ് ബുക്കിലും മറ്റു സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളിലും ഇവള്‍ എതെങ്കുലിലുമൊരു കാര്യത്തെക്കുറിച്ച് ഒരഭിപ്രായമെഴുതിയിടുമ്പോള്‍ അത് കുറച്ചുപേരെങ്കിലും കാണുന്നു.  അതില്‍ കുറച്ചു പേര്‍ പ്രതികരിക്കുന്നു.  ഇങ്ങനെ ഒരു ലോകം എനിക്ക് കിട്ടിയില്ലായിരുന്നുവെങ്കില്‍ ആ അഭിപ്രായം ബാങ്കിലെ ഡെബിറ്റിനും ക്രെഡിറ്റിനുമിടയിലെ കിട്ടാക്കടമായേനേ...അല്ലെങ്കില്‍ അടുക്കളയിലെ കരിയിലും പുകയിലും  ആവിയായിപ്പോയേനേ...ഒരു സ്ത്രീയുടെ അഭിപ്രായങ്ങള്‍ക്ക് വേരൊരിടത്തും ഇതുവരെ സ്ഥാനമില്ലാതിരിക്കുമ്പോള്‍ ഇ ലോകത്തെ എന്റെ ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തുന്നു.


കടപ്പാട്-മാതൃഭൂമി ജേണല്‍


Wednesday, September 25, 2013

തൈക്കിളവികളും കുറേ വയസ്സറിയിക്കാത്തവരും!

സമ്പൂര്‍ണ്ണ സാക്ഷരരെന്ന് ഓരോ നിമിഷവും അഭിമാനിക്കുന്ന കേരളീയ സമൂഹത്തില്‍ നിന്നാണ് ഒരു മത സമൂഹത്തിലെ ഭൂരിപക്ഷം സംഘടനകളും സ്ത്രീകളുടെ വിവാഹപ്രായം കുറച്ചു കിട്ടുന്നതിനു വേണ്ടി സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. ഈ വാര്‍ത്ത കേട്ടപ്പോള്‍ സത്യമായും ലജ്ജിച്ചുപോയി. 

മത മേലധ്യക്ഷന്മാരുടെ ഇപ്പോഴത്തെ നടപടികള്‍ കണ്ടാല്‍, സ്ത്രീയുടെ വിവാഹപ്രായമാണ് മുസ്ലീം സമൂഹം നേരിടുന്ന ഏററവും വലിയ പ്രശ്‌നമെന്നു തോന്നും. ഞങ്ങള്‍ വയസ്സറിയിച്ചില്ലേ എന്നൊരു ധ്വനി സമൂഹത്തിന് മുമ്പാകെ അവര്‍ നല്‍കുന്നുണ്ട്. 
സത്യത്തില്‍ ഈ നടപടി സ്ത്രീയെ നിശബ്ദരാക്കാനുള്ള തന്ത്രമാണെന്നാണ് ഇവള്‍ കരുതുന്നത്. വിദ്യാഭ്യാസപരവും സാമൂഹ്യപരവും രാഷ്ട്രീയപരവുമായി സ്ത്രീ ഉന്നതിയിലെത്തുന്നത് തങ്ങള്‍ക്ക് തടസ്സമാണെന്ന് അവര്‍ കരുതുന്നുണ്ടാവണം. ചിന്തിക്കുവാനും പ്രവര്‍ത്തിക്കുവാനുമുള്ള ആര്‍ജ്ജവം അവള്‍ക്കുണ്ടാവുന്നതിനെ അവര്‍ ഭയക്കുന്നു. വിദ്യാഭ്യാസം ചെയ്താല്‍, വിദ്യാഭ്യാസത്തിനനുസരിച്ച് അവളിലേക്ക് സാമൂഹ്യബോധവും അറിവും ഉണ്ടായാല്‍ സ്വാഭാവികമായും അവള്‍ ന്യായം എന്തെന്ന് ചിന്തി ച്ചു തുടങ്ങും. ഇതുവരെ പുരുഷന്‍ മാത്രം കൈയ്യടക്കി വെച്ചിരുന്ന സാമ്രാജ്യങ്ങളിലേക്ക് അവള്‍ കയറിച്ചെല്ലും. തീര്‍ച്ചയായും ആ ഭയത്തന്റെ പ്രതിഫലനമാണ് ഇപ്പോള്‍ കാണുന്നത്. 


കാടന്‍ യുഗത്തിലേക്ക്, ഇരുണ്ട യുഗത്തിലേക്കുളള തിരിച്ചു പോക്കാണോ ഇങ്ങനെയൊരു തീരുമാനത്തിലൂടെ ഇവര്‍ നടത്തുന്നത് എന്ന് സ്വാഭിവകമായും തോന്നിയേക്കാം. പൊതു സമൂഹം അങ്ങനെ ചിന്തിക്കുന്നതില്‍ തെറ്റു പറയാനൊന്നും പറ്റില്ല. 

യഥാര്‍ത്ഥത്തില്‍ പതിനെട്ടു വയസ്സിനു മുമ്പ് വിവാഹം നടക്കുന്നതിനു പിന്നില്‍ ഇവിടുത്തെ അനാചാരങ്ങളാണ്. പലപ്പോഴും ബലിയാടാകേണ്ടി വരുന്നത് പാവപ്പെട്ടവരും. സ്ത്രീധനമാണ് പ്രധാന വില്ലന്‍. മിക്കവാറും വീടുകളില്‍ പെണ്‍കുട്ടികള്‍ ബാധ്യതയാകുന്നതിന് പിന്നില്‍ സ്ത്രീധനമാണ്. ഇസ്ലാം മതത്തില്‍ പുരുഷധനമാണ് (മഹര്‍) കൊടുക്കേണ്ടത്. പക്ഷേ, ദൗര്‍ഭാഗ്യവശാല്‍ സ്വര്‍ണ്ണമോ പണമോ ഇല്ലാത്ത വിവാഹങ്ങള്‍ അപൂര്‍വ്വമാണ്. സ്വര്‍ണ്ണത്തെ ചിലര്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ പെടുത്താറുമില്ല!

ചെറുപ്രായത്തില്‍ വിവാഹത്തിന് നിന്നു കൊടുക്കേണ്ടിവരുന്നത് കൂടതലും സമൂഹത്തിലെ താഴെത്തട്ടിലെ വിഭാഗത്തിനാണ്. ദാരിദ്ര്യത്തെ ചൂഷണം ചെയ്യുക തന്നെയാണിവിടെ. കുറച്ചുകൂടി കാത്തിരുന്നാല്‍ മകളെ കെട്ടിക്കൊണ്ടുപോകാന്‍ ആളെക്കിട്ടില്ല എന്ന വിശ്വാസം ഇവരില്‍ ഉറച്ചു പോയിട്ടുണ്ട്. പെണ്‍മക്കള്‍ ബാധ്യതയാണെന്നും അവരെ ഏതെങ്കിലുമൊരുത്തന്റെ തലയില്‍ ഏല്‍പിച്ചാല്‍ സ്വസ്ഥമായി എന്നും വിചാരിക്കുന്നു ഭൂരിപക്ഷമാളുകളും. യഥാര്‍ത്ഥത്തില്‍ ഇങ്ങനെ വിവാഹം കഴിച്ചയച്ചിട്ട് എത്ര രക്ഷിതാക്കള്‍ സമാധാനമായി ജീവിക്കുന്നുണ്ട്? 

കൗമാരത്തിലെ വിവാഹവും ലൈഗിംകജീവിതവും പെണ്‍കുട്ടിയുടെ മനസ്സിലേല്‍പ്പിക്കുന്ന ആഘാതത്തേക്കുറിച്ചും മുടങ്ങിപ്പോകുന്ന വിദ്യാഭ്യാസത്തേക്കുറിച്ചും ചെറുപ്രായത്തില്‍ അവര്‍ നേരിടേണ്ടി വരുന്ന ഗര്‍ഭപ്രാരാബ്ദങ്ങളെപ്പറ്റിയുമുള്ള ആകുലതകള്‍ ആരു മനസ്സിലാക്കുന്നു? 

പെണ്‍കുട്ടികള്‍ വിദ്യ നേടുക എന്നത് തന്നെയാണ് പരമ പ്രധാനം. ആ വിദ്യ മുന്‍ഗാമികള്‍ നേടാത്തതിന്റെ പരിണിതഫലമാണ് ബാലവിവാഹങ്ങള്‍. പെണ്‍കുട്ടിക്ക് 18 വയസ്സാകും മുമ്പ് നടക്കുന്ന വിവാഹം ശൈശവവിവാഹം തന്നെയാണ്. ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം ക്രിമിനല്‍ കുറ്റവുമാണ്. ഓരോ നിയമങ്ങളുമുണ്ടാകുന്നത് ലംഘനം ഉണ്ടാവാതിരിക്കാനാണ്.

പണ്ടേ, ഭൂമിയോളം ക്ഷമയുളളവള്‍ എന്ന വിശേഷണത്തിന് അടിമപ്പെട്ടിരിക്കുന്നവള്‍ സ്വപ്‌നങ്ങളെക്കുറിച്ചോ തനിക്ക് നഷ്ടപ്പെട്ട കൗമാരത്തെക്കുറിച്ചോ മക്കളോടോ ഭര്‍ത്താവിനോടോ സഹോദരനോടോ ഒന്നും പറയാന്‍ സാധ്യതയില്ല. അവളെപ്പോഴും മനു പറഞ്ഞതിനപ്പുറം ഒരു ലോകമുണ്ടെന്ന് കാണിക്കാനൊന്നും പോകില്ല. അതിനപ്പുറം ഒരു ലോകമുണ്ടെന്ന് അവളറിയണമെങ്കില്‍ വിദ്യാഭ്യാസം നേടണം. ചിന്തിക്കാനും പ്രവര്‍ത്തിക്കാനുമുളള കഴിവാര്‍ജ്ജിക്കണം.

വലിയ സ്ത്രീധനം കൊടുക്കാന്‍ സാധിക്കാത്തവരാണ് അറബിക്കല്ല്യാണത്തിലും മൈസൂര്‍ക്കല്ല്യാണത്തിലും ഹരിയാനക്കല്ല്യാണത്തിലുമൊക്കെ പെട്ടുപോകുന്നത്. 

ഇങ്ങനെയുള്ള പെട്ടുപോകലില്‍ ചെന്ന് കഷ്ടപ്പെടാതിരിക്കാന്‍ ബോധവത്ക്കരണം നല്‍കി വിദ്യാഭ്യാസം നല്‍കി മുന്നോട്ടു കൊണ്ടുപോകേണ്ട സമൂഹമാണ്, പെണ്‍കുട്ടികളെ ഒരു ബാധ്യതയായി കണ്ട് അവളെ എത്രയും പെട്ടെന്ന് കൈയ്യൊഴിയാന്‍ ശ്രമിക്കുന്നത്. അവളില്‍ നിയന്ത്രണമേര്‍പ്പെടുത്താന്‍ ശ്രമിക്കുന്നത് .
ശാരീരികമായ വളര്‍ച്ചയെമാത്രം പരിഗണിച്ചുകൊണ്ടല്ല വിവാഹപ്രായം നിര്‍ണ്ണയിക്കുന്നത്. പണ്ടങ്ങനെ നടന്നു, അതുകൊണ്ട് ഇപ്പോഴും അങ്ങനെയാവാം എന്നു ശഠിക്കുന്നത് സ്ത്രീയെ വെറും അടിമയോ ഉപഭോഗ വസ്തുവോ ആയി മാത്രം കാണുന്നതുകൊണ്ടാണ്. 
സ്ത്രീകള്‍ക്കെതിരെ വരുന്ന നിയമങ്ങള്‍, അവളുടെ സ്വപ്‌നങ്ങളെയും വിദ്യാഭ്യാസത്തെയും ഇല്ലാതാക്കിക്കൊണ്ടുളള പ്രവര്‍ത്തികള്‍ നാളെയെയാണ് പ്രതികൂലമായി ബാധിക്കുന്നത്. കാരണം അവളുടെ അറിവാണ് അടുത്ത തലമുറയിലേക്ക് പകര്‍ന്നു പോകേണ്ടത്. അവളുടെ ധൈര്യമാണ് അവര്‍ ആര്‍ജ്ജിച്ചെടുക്കേണ്ടത്. അവളാണ് ഭാവി നിര്‍ണ്ണയിക്കേണ്ടത്. 

സംഘടനകള്‍ സുപ്രീംകോടതിയേല്ക്കു പോകുന്നു എന്ന വാര്‍ത്തയുടെ അവലോകനത്തില്‍ പങ്കെടുക്കാന്‍ ഇവള്‍ക്കും ഒരു ചാനലില്‍ നിന്ന് ക്ഷണം കിട്ടി. 
ഇരുപത്തിയഞ്ചും ഇരുപത്തിയാറും വയസ്സില്‍ പെണ്‍കുട്ടികള്‍ തൈക്കിളിവികളാകുന്നുവെന്നാണ് ഒരു ലീഗ് നേതാവ് പറഞ്ഞത്. പെണ്‍കുട്ടിയുടെ ശരീരം ആ പ്രായമെത്തുമ്പോള്‍ അങ്ങനെയാകുന്നു ഇങ്ങനെയാകുന്നു എന്നൊക്കെ പറഞ്ഞ് അദ്ദേഹം ഉരുണ്ടു കളിച്ചു. ആ പ്രായത്തില്‍ ശരീരപ്രകൃതി കണ്ടാല്‍ തൈക്കിളവികളാണെന്ന് തോന്നും എന്നൊക്കെ...
ആരാണ് തൈക്കിളവികള്‍? ഏതു കാലം മുതല്‍ തൈക്കിളിവികളുടെ പ്രായം തുടങ്ങും? 

പെണ്‍കുട്ടികള്‍ മാത്രമാണോ തൈക്കിളവികള്‍ ആകുന്നത്? ഇവിടെ തൈക്കിളവന്മാര്‍ ഉണ്ടാകുന്നില്ലേ? 

തൈക്കിളിവന്മാര്‍ക്ക് തൈക്കിളവികളെ കെട്ടിക്കൂടെ? 
പുരുഷന് എന്നും നിത്യ യൗവ്വനമാണോ? 
ഒരു മതത്തിലെ പെണ്‍കുട്ടികള്‍ മാത്രം എന്തുകൊണ്ട് ഇരുത്തയഞ്ചില്‍ തൈക്കിളവികളാകുന്നു? 

ഹോ! നാലഞ്ചുകൊല്ലം മുമ്പ് ഇവള്‍ ഒരപരാധം ചെയ്തു. മുപ്പതിലെത്തിയ ഒരുവള്‍ക്ക് കിളവി എന്ന പ്രയോഗം കേള്‍ക്കേണ്ടി വന്നതില്‍ അരിശം പൂണ്ട് 'പെണ്‍നോട്ടങ്ങള്‍ ' എന്നൊരു ലേഖനമെഴുതി. 
എന്റെ ഏറ്റവും വലിയ പിഴ..!
ഇരുപത്തിനാലിലും ഇരുപത്തിയഞ്ചിലും കിളവി എന്നു കേള്‍ക്കേണ്ടി വരുന്ന അതും പരസ്യമായി കേള്‍ക്കേണ്ടി വരുന്ന പെണ്‍ സമൂഹമേ, ഇവളറിഞ്ഞില്ലല്ലോ ഇത്രയും നേരത്തേ 'കിളവി' എന്ന വിളി കേള്‍ക്കേണ്ടി വരുമെന്ന്...

എന്തു ചെയ്യാം നമ്മള്‍ കിളവികളും അവര്‍ വയസ്സറിയിക്കാത്ത പ്രായക്കാരും. അതുകൊണ്ടാണ് അവരുടെ കൂടിയിരുപ്പുകളില്‍ വയസ്സറിവില്ലാത്ത ചിന്തകള്‍ കടന്നു വരുന്നതും. 

അപ്പോഴാണ് കട്ടവന്റെ കൈ മുറിക്കണമെന്നും വ്യഭിചരിക്കുന്നവനെ കല്ലെറിയണമെന്നു പറയുന്ന ശരീഅത്തിനെ മറന്നു പോകുന്നതും പെണ്ണിനെപ്പറ്റിമാത്രം ചിന്തിച്ചു പോകുന്നതും. ബഹുഭാര്യത്വം, ത്വലാഖ്, സ്വത്ത് തുടങ്ങിയ അവളുടെ കാര്യങ്ങള്‍ക്ക് വളച്ചൊടിച്ചും ദുര്‍വ്യാഖ്യാനം ചെയ്തും മതനിയമം. അല്ലാത്തവര്‍ക്ക് ശിക്ഷ ഇളവായ നിയമങ്ങള്‍! ഇതിന്റെ ന്യായമെന്തെന്ന് മനസ്സിലാകുന്നേയില്ല. 

വയസ്സറിയിക്കാത്തത് ആരാണ്? ഒരു മതസമൂഹം ഒറ്റക്കെട്ടായി എടുത്ത തീരുമാനം അവരിലാരും വയസ്സയറിയിച്ചില്ലെന്ന് തെളിയിക്കുന്നു. അവരിന്നും ഇരുണ്ടയുഗത്തില്‍ ജീവിക്കുന്നു. അത് സമുദായത്തെ പിന്നോട്ടടിക്കുമെന്നതില്‍ സംശയമില്ല. 

സുപ്രീം കോടതിയില്‍ പോയാല്‍ ശൈശവവിവാഹത്തെ അംഗീകരിച്ചു കിട്ടുമെന്ന് വിചാരിക്കുന്നില്ല. എന്തു വ്യക്തി നിയമം പറഞ്ഞാലും..ഇനി അംഗീകരിച്ചു കിട്ടി എന്നിരിക്കട്ടെ..അധികകാലമൊന്നും ബാലവിവാഹങ്ങള്‍ക്ക് ഇവിടുത്തെ പെണ്‍കുട്ടികള്‍ ഇവര്‍ വിചാരിക്കുംപോലെ നിന്നു കൊടുക്കുമെന്ന് തോന്നുന്നില്ല. കാലം അവരെ തിരിച്ചറിവുള്ളവാക്കും. അവര്‍ ഇന്നല്ലെങ്കില്‍ നാളെ ശക്തമായി പ്രതികരിക്കും എന്നു തന്നെ വിശ്വസിക്കുന്നു. ലക്ഷ്യത്തിലെത്താന്‍ കുറച്ചു കാത്തിരിക്കേണ്ടി വരുമെന്നുമാത്രം.

I don't understand why these people are so eager

I don't understand why these people are so eager to bring down the marriageable age of muslim girl. I believe they fear that women would over power them in all fields, if they are allowed to get proper education. When it comes to women issues they all unite and bring up sharia. But why don't they demand the hands of the thieves to chopped off, as stipulated in sharia?

Friday, September 6, 2013

പുസ്തക പ്രകാശനംപ്രകാശനം സെപ്തംബര്‍ 9 തിങ്കളാഴ്ച രാവിലെ പത്തുമണിക്ക് തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍...
അത്തയുടെ പാരമ്പര്യം വൈദ്യത്തിന്റേതായിരുന്നു.  അതുകൊണ്ടുതന്നെ  കുട്ടിക്കാലം മുതല്‍   പാരമ്പര്യവൈദ്യത്തോടും വിഷചികിത്സയോടും എനിക്ക് പ്രത്യേക താത്പര്യമുണ്ടായിരുന്നു. ആദ്യകാലത്ത് മുറുക്കുന്നത്ത എന്നു ഞങ്ങള്‍ വിളിച്ചിരുന്ന പിതാമഹന്റെ അടുത്തു നിന്ന് വിഷചികിത്സ പഠിക്കുകയും പ്രയോഗിക്കുകയുമായിരുന്നു.  പിന്നീട് കിട്ടാവുന്ന പുസ്തകങ്ങളെല്ലാം തേടിപ്പിടിച്ച് വായിക്കുകയും ഇവയുടെ പാരമ്പര്യമെന്തെന്ന് അന്വേഷിച്ചു വരികയുമായിരുന്നു. അന്നേരത്താണ് ഒരു നിമിത്തം പോലെ എന്റെ കേരളം ചരിത്രവും ഭാവിയും പാരമ്പര്യ പുസ്തക പരമ്പരയെക്കുറിച്ച് ഡോ എം ആര്‍ തമ്പാന്‍ സാര്‍  പറയുന്നത്. ഭാഷ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ആ പുസ്തക പരമ്പരയില്‍ 'കേരളീയ വിഷ ചികിത്സാ പാരമ്പര്യ'ത്തെപ്പറ്റി ഒരു പുസ്തകം തയ്യാറാക്കാമോ എന്നു ചോദിച്ചപ്പോള്‍ സന്തോഷത്തോടെ ഏറ്റെടുക്കുകയായിരുന്നു. പുസ്തകത്തിന് രൂപരേഖയുണ്ടാക്കുന്നതിന് സഹായിച്ചതും വേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്കിയതും ഇന്‍സ്റ്റിറ്റിയൂട്ട് കോഴിക്കോട് പ്രാദേശിക കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടര്‍ എസ് കൃഷ്ണകുമാറാണ്.

പാരമ്പര്യ വിഷചികിത്സയെന്നാല്‍ കേവലം സര്‍പ്പദംശനം മാത്രം ഉള്‍ക്കൊള്ളുന്നതല്ല. വിഷത്തെപ്പറ്റിയുള്ള സമഗ്ര ദര്‍ശനം ഈ ചികിത്സാരീതിയിലുണ്ട്. ഒരു ജനതയുടെ പൈതൃകം അവര്‍ നൂറ്റാണ്ടുകളായി ജീവിച്ചുവന്ന ചുറ്റുപാടും അവരാര്‍ജിച്ചുവന്ന വിജ്ഞാനവും കൂടി ഉള്‍പ്പെട്ടതാണ്. പ്രകൃതി കോപങ്ങള്‍ കഴിഞ്ഞാല്‍ മനുഷ്യന്‍ ഏറ്റവുമേറെ ഭയന്നത് വിഷത്തെയാണ്. പ്രത്യേകിച്ച് ഇഴജന്തുക്കളുടെ വിഷത്തെ...ചരിത്രാതീത കാലം മുതല്‍ക്കുതന്നെ  ഒരു ചികിത്സാ സമ്പ്രദായം ഇവിടെ നിലനിന്നു പോന്നിട്ടുണ്ടാവണം.  ആത്മരക്ഷയ്ക്കു വേണ്ടിയുള്ള അബോധപൂര്‍വ്വമായ പരിശ്രമത്തില്‍ കൂടിയാവാം ഇതിന്റെ തുടക്കമുണ്ടായത്.   ക്രമേണ ബുദ്ധിവികാസത്തിന്റേയും സഹജപ്രേരണയുടെയും ഫലമായി, തലമുറതലമുറയായുള്ള നിരീക്ഷണ പരീക്ഷണങ്ങളിലൂടെ, വിജ്ഞാന വിനിമയത്തിലൂടെ ഒരു ചികിത്സാ പദ്ധതി രൂപംകൊണ്ടു വരികയായിരുന്നെന്ന് അനുമാനിക്കാം.  മന്ത്രവാദവും പ്രാര്‍ത്ഥനയും മരുന്നും ഒക്കെക്കൂടി സങ്കീര്‍ണ്ണമായി കിടക്കുന്നതായിരുന്നു ഈ ചികിത്സാ സമ്പ്രദായം. ആയൂര്‍വ്വേദത്തിന്റെ അടിസ്ഥാന തത്വങ്ങളെ മുന്‍ നിര്‍ത്തിയാണ് കേരളീയ ചികിത്സാ സമ്പ്രദായം വികസിച്ചത് എങ്കിലും കേരളത്തിലുണ്ടായത്ര വികസനം സംസ്‌കൃത സംഹിതകളില്‍ ഉണ്ടായിട്ടില്ലെന്ന് വി എം കുട്ടികൃഷ്ണമേനോന്‍ നിരീക്ഷിച്ചിട്ടുണ്ട്.   ഇത്രയേറെ സമ്പന്നമായൊരു ചികിത്സാ പദ്ധതിയുടെ പാരമ്പര്യമന്വേഷിക്കുകയും  അതിന്റെ ഇപ്പോഴത്തെ അവസ്ഥയെന്താണെന്നും  പാരമ്പര്യ ചികിത്സാസമ്പ്രദായത്തിന്റെ ഭാവിയെന്താണെന്നും അന്വേഷിക്കുകയാണ് ഈ പുസ്തകത്തിലൂടെ...

ജംഗമ വിഷങ്ങളില്‍ ഒന്നായ സര്‍പ്പവിഷത്തിനാണ് കഴിഞ്ഞ നൂറ്റാണ്ടുവരെ പ്രാധാന്യമെങ്കില്‍ ഇനിയത് കൃത്രിമവിഷത്തിനാവുമെന്നതില്‍ സംശയമില്ല.  എന്നാല്‍, ആര് ഇനി ഈ ചികിത്സ പഠിക്കുകയും പ്രയോഗത്തില്‍ വരുത്തുകയും ചെയ്യും എന്ന കാര്യത്തില്‍ ആശങ്കയുണ്ട്.
കഴിഞ്ഞ കുറേ നാളായി ഈ പുസ്തകം എഴുതുന്നതിനു വേണ്ടിയുള്ള യാത്രകളായിരുന്നു.  ഒരുപാടുപേരെ കണ്ടു, പരിചയപ്പെട്ടു. നാട്ടുവൈദ്യവും ആര്യവൈദ്യവും കോഴിവെപ്പും, മന്ത്രവാദവും, ഒറ്റമൂലിയും, വംശീയവൈദ്യവും ഒക്കെയായി ഒരുപാടു പേരെ..ഇന്നും പാരമ്പര്യത്തിന്റെ കണ്ണികള്‍ വിട്ടുപോകാതെ അര്‍പ്പണബോധത്തോടെ ചികിത്സ എത്രയോ പേര്‍. ഈ പുസ്തകം എഴുതാനായതിനൊപ്പം ഒരുപാട് അനുഭവങ്ങള്‍ നല്‍കിയിട്ടുണ്ട് ആ യാത്രകള്‍. ചിലത് അതി സാഹസികമായതും.
സുഹൃത്തുക്കളില്‍ ചിലര്‍ വഴികാട്ടിയായി ഒപ്പം വന്നു. ചിലര്‍ വേണ്ട മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ തന്നു.  ഡോ ഇ ഉണ്ണികൃഷ്ണന്‍, സുനീത ടി വി, ഡോ എം അഭിലാഷ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ലൈബ്രേറിയന്‍ ഷാജി വി, തൃശൂര്‍ മുല്ലശ്ശേരിയിലെ നന്ദകുമാര്‍, കൃഷ്ണവേണി, ഷബീര്‍, ഡോ ഹരിദാസന്‍, ബ്രഹ്മദത്തന്‍ നമ്പൂതിരി, ഡോ മധു പരമേശ്വരന്‍,  തിരുനെല്ലി സേവാശ്രം സ്‌കൂളിലെ സാമുവല്‍ മാഷ്, ഡോ ജയന്‍ ഏവൂര്‍, പ്ലാവ് ജയന്‍, ശിവരാമന്‍ ചാലക്കുടി, യു പി മുഹമ്മദ് വൈദ്യര്‍, മന്മദന്‍ വൈദ്യര്‍, മധുവനം രാഘവന്‍ വൈദ്യര്‍, കാക്കൂരിലെ മോഹനന്‍ നായര്‍, ഡോ ലീല, നിഷാത്ത്, മോഹന്‍ദാസ്,  എന്റെ ഫേസ്ബുക്ക് സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍ തുടങ്ങി ഒട്ടേറെപ്പേരുടെ സഹായമുണ്ട്. എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി. അത്യാവശ്യഘട്ടങ്ങളില്‍ എന്നോടൊപ്പം കൂട്ടു വരികയും എഴുതുന്ന സമയങ്ങളില്‍ ഒരു തരത്തിലും പ്രയാസപ്പെടുത്താതെയുമിരുന്ന നല്ലപാതി സുനിലിനും മകള്‍ ഇതളിനും  ഏതുവാക്കുപോയാഗിച്ചാണ് നന്ദി പറയുക എന്നറിയില്ല.  അതേപോലെ എന്റെ അമ്മച്ചിക്കും അത്തയ്ക്കും അനിയത്തിമാരായ മാനുവിനും മഞ്ജുവിനും...

ഈ പുസ്തകം എഴുതിക്കഴിഞ്ഞപ്പോള്‍ എഴുതാനെത്രയോ ബാക്കിയെന്നും കണ്ടെത്താനും അറിയാനും ഇനിയുമെത്രയോ ബാക്കി എന്നുമുള്ള തോന്നലാണുളളത്. അതുകൊണ്ട് തന്നെ ഇതൊരു തുടക്കമെന്നേ പറയാനാവൂ. കേരളീയ വീഷചികിത്സാ പാരമ്പര്യം എന്ന ഈ പുസ്തകം എഴുതാന്‍ പ്രോത്സാഹിപ്പിച്ച ഡോ എം ആര്‍ തമ്പാന്‍ സാറിനും കൃഷ്ണകുമാര്‍ സാറിനും ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ കോഴിക്കോട്   പ്രാദേശിക കേന്ദ്രത്തിനും എന്റെ മനസ്സുനിറഞ്ഞ നന്ദി.

വിഷചികിത്സ പഠിപ്പിക്കുന്ന കാലത്ത് കൊച്ചുമകള്‍  ഇങ്ങനെയൊരു പുസ്തകമെഴുതുമെന്നോ എഴുത്തിലേക്ക് വരുമെന്നോ വിചാരിച്ചിരിക്കില്ല ഗുരുവായ മുറുക്കുന്നത്തയും ഐഷാബീവി അമ്മച്ചിയും.  പക്ഷേ, അവര്‍ക്ക് ഇവളില്‍ പ്രതീക്ഷയുണ്ടായിരുന്നു.   പാരമ്പര്യ ചികിത്സയ്ക്ക് പ്രസക്തി നഷ്ടപ്പെട്ടൊരു കാലമാണെന്നും ഇനിയാരെയും പഠിപ്പിക്കില്ലെന്ന് ഉറപ്പിച്ചിട്ടും ആ തീരുമാനം മാറ്റേണ്ടിവന്നത്  പ്രതീക്ഷകൊണ്ടു മാത്രമാവണം.  എന്നില്‍ അര്‍പ്പിച്ച ആ വിശ്വാസത്തിന് അവര്‍ക്കായ ഈ പുസ്തകം  സമര്‍പ്പിക്കുന്നു

                                       Tuesday, August 13, 2013

എന്‍മകജെ-പ്രകൃതിക്കുനേരെ തിരിയുന്ന കണ്ണ്ഒരു കാലത്ത് ഞങ്ങളുടെ പറമ്പിന്റെ  തെക്കേച്ചെരുവിലും അതിരുകളിലും കശുമാവുകളായിരുന്നു.  വൃശ്ചികം-ധനുമാസങ്ങളില്‍ ഇലകള്‍ കൊഴിയുകയും പുതുനാമ്പുകള്‍ തളിര്‍ക്കുകയും ചെയ്തു.  മകരത്തില്‍ പൂത്ത് കാപിടിക്കാന്‍ തുടങ്ങും.  ആ സമയത്ത് മാനം കറുത്തു നിന്നാല്‍ ഉണ്ണികള്‍ ഉരുകി പോകുമെന്ന് മുതിര്‍ന്നവര്‍ പറഞ്ഞു.  മഴ പെയ്താല്‍ കൊഴിഞ്ഞുപോകുന്ന പൂവുകളെക്കുറിച്ചാവും ആവലാതി. 
ആരുടെയോ പറമ്പില്‍ നിന്നുകൊണ്ടു വന്ന അണ്ടിനട്ട് വളര്‍ന്ന് വലിയ മരമായി എന്നല്ലാതെ ഒരു ശുശ്രൂഷയും കശുമാവുകള്‍ക്ക് കൊടുക്കുന്നതു കണ്ടില്ല.  കാപിടിക്കുന്ന സമയത്ത് മഴയോ മഴക്കാറോ ഇല്ലെങ്കില്‍ നല്ല ആദായം കിട്ടിയിരുന്നു. 
ഏതെങ്കിലും പ്രാണി ശല്യത്തെക്കുറിച്ചോ തേയിലക്കൊതുകുകളെക്കുറിച്ചോ ഒന്നും കേട്ടിരുന്നില്ല. 
അതെന്റെ പതിനാലാം വയസ്സുകാലം.  അതിരില്‍ പൂവിട്ടുനിന്ന കശുമാവുകള്‍ക്ക് പതിനേഴ് വയസ്സ്.  ഉല്‍പാദനശേഷി കുറഞ്ഞിരുന്നു മാവുകള്‍ക്ക്.  മുറുക്കുന്നത്ത എന്നു ഞങ്ങള്‍ വിളിച്ചിരുന്ന മുത്തച്ഛന്‍ പറഞ്ഞു. 
 കശുമാവുകള്‍ക്കൊക്കെ പ്രായമായി കുഞ്ഞേ, ഇനി അണ്ടി കുറയും

പ്രകൃതിയുടെ അനിവാര്യമായ മാറ്റത്തെക്കുറിച്ചു മാത്രമേ അദ്ദേഹത്തിന് പറയാനുണ്ടായിരുന്നുള്ളു. 

കായ് ഫലം കൂടാന്‍ പുതിയവ വെച്ചു പിടിപ്പിക്കുന്നതിനേക്കുറിച്ചേ കേട്ടിരിന്നുള്ളു. 
പതിനേഴുവയസ്സായ മരങ്ങളെക്കുറിച്ചാണു ഈ പറഞ്ഞതെന്നോര്‍ക്കണം.
അപ്പോള്‍ മുപ്പതുവര്‍ഷം തുടര്‍ച്ചയായി എന്‍ഡോസള്‍ഫാന്‍ തളിച്ച കശുമാവിന്‍ തോട്ടങ്ങളെ ഓര്‍ക്കുമ്പോള്‍ ഞെട്ടിപ്പോകുന്നു.
ആ ഞെട്ടല്‍ നമ്മളെ പിന്തുടര്‍ന്നു കൊണ്ടേയിരിക്കുന്നു.  അംബികാസുതന്‍ മാങ്ങാടിന്റെ 'എന്‍മകജെ' എന്ന നോവല്‍ ഒരു ദേശം മാരകവിഷത്തിന് ഇരയാകുന്നതിന്റെയും അതിനെ തുടര്‍ന്നുണ്ടാകുന്ന പാരിസ്ഥിതിക ഇടപെടലുകളെയും അടയാളപ്പെടുത്തുന്നു. 

മനുഷ്യസ്പര്‍ശമേല്ക്കാത്ത ജടാധാരിമലയില്‍ താമസിക്കുന്ന സ്ത്രീയും പുരുഷനുമാണ് 'എന്‍മകജെ'യിലെ കേന്ദ്രകാഥാപാത്രങ്ങള്‍.  അവര്‍ക്ക് സ്വന്തമായ പേരും കാലവുമുള്ളൊരു  ഭൂതകാലമുണ്ട് .  പുരുഷന്‍ തിന്മകള്‍ക്കെതിരെ പോരാടിയിരുന്ന സാമൂഹ്യപ്രവര്‍ത്തകനും സ്ത്രീ ഭര്‍ത്താവിനാല്‍ നശിപ്പിക്കപ്പെട്ട് ലൈംഗികത്തൊഴിലാളിയാകേണ്ടി വന്നവളാവുമായിരുന്നു.  പിന്നീടവള്‍ക്ക്  ഒറ്റമുലച്ചിയുമാകേണ്ടി വന്നു.  നഗരത്തില്‍ ചുറ്റും കാപട്യമാണെന്നു തിരിച്ചറിഞ്ഞ അവര്‍ പിന്നീട് മനുഷ്യസ്പര്‍ശമേല്ക്കാത്തൊരിടത്തേക്ക് പോവുകയാണ്. 
' പളളി പൊളിഞ്ഞു വീഴുന്നതിന്റെയും ശൂലമേന്തിയ നഗ്നസന്ന്യാസികള്‍ അലറി വിളിച്ച് കൂട്ടമായി മുന്നേറുന്നതിന്റെയും ചിത്രമുള്ള' പത്രമിറങ്ങിയ ദിവസങ്ങളിലൊന്നില്‍ പുരുഷന്‍ ആത്മഹത്യ ചെയ്യാന്‍ കുരുക്കിട്ടുവെച്ചത് അവള്‍ കാണുന്നു്. പരുഷന്‍ അത്രത്തോളം മനുഷ്യനില്‍ നിന്ന് അകന്നിരുന്നു. 

പുരുഷന്‍ വന്ധ്യംകരണം ചെയ്തും സ്ത്രീ ഗര്‍ഭമാത്രമെടുത്തുമാറ്റിയുമാണ് യാത്ര പുറപ്പെട്ടത്.  അവര്‍ എത്തിപ്പെട്ടത് ജടാധാരി മലയിലാണ്.  ജടാധാരി മലയും എന്‍മകജെ എന്ന ദേശവും മിത്തും ചരിത്രവുമായി ഇഴപിരിഞ്ഞു കിടക്കുന്നു.  ആ മലയ്ക്കു ചുറ്റും കിടന്ന ദേശം സ്വര്‍ഗ്ഗമാണെന്ന് അവര്‍ കരുതി.  എന്നാല്‍ ആറുവര്‍ഷത്തിനുശേഷം  സ്ത്രീയ്ക്ക് വഴിയില്‍ നിന്നു  ഒരു കുഞ്ഞിനെ കിട്ടുന്നതോടെ നിനവുകളെല്ലാം തെറ്റുകയാണ്. 

അവരുടെ കുടിലിനരുകിലൂടെ ഒഴുകിയിരുന്ന കോടങ്കീരിത്തോട്ടില്‍ മത്സ്യമോ ജലജീവികളോ ഉണ്ടായിരുന്നില്ല.  പരിസരത്തെങ്ങും ജീവജാലങ്ങളൊന്നുമുണ്ടായിരുന്നില്ലെന്ന് തിരിച്ചറിയുന്നത് വളരെ പതുക്കെയാണ്.  ആ ദേശത്ത് കുഞ്ഞുങ്ങള്‍ വൈകല്യങ്ങളോടെ ജനിച്ചു വീണു. മൃഗങ്ങളും.  മാനസീകവും ശാരീരികവുമായ പലതരം രോഗങ്ങളും വൈകല്യങ്ങളും നാട്ടുകാര്‍ക്കുണ്ടായിരുന്നു.  എന്നാല്‍ അതെല്ലാം ജടാധാരിയുടെ കോപമാണെന്ന് ദേശവാസികള്‍ വിശ്വസിച്ചു. 

പ്രകൃതിയോട് ഇണങ്ങി ജീവിച്ചവരാണ് എന്‍മകജെയിലെ ഭൂരിഭാഗം മനുഷ്യരും.  അവര്‍ ജടാധാരി മലയേയും അവിടുത്തെ ജീവജാലങ്ങളെയും പവിത്രമായി കണ്ടു.  സത്യപ്പടിയും ബലീന്ദ്രപാളയുമൊക്കെ അതിനുദാഹരണങ്ങള്‍ മാത്രം.  സത്യത്തിന്റെ ആരൂഢസ്ഥാനമായിരുന്നു പതിനാറുപടികള്‍. അതിലൂടെ കയറി വന്ന് സത്യം പറയണം. അസത്യമാണ് പറയുന്നതെങ്കില്‍ തിരിച്ചിറങ്ങാന്‍ ആയുസ്സുണ്ടാവില്ല. ആ സാക്കിജാലുകള്‍ ഇന്നില്ല. അവശിഷ്ടങ്ങള്‍ മാത്രം. 

അവിടുത്തെ ജൈനര്‍ സന്ധ്യക്ക് വിളക്കു കൊളുത്താറില്ലായിരുന്നു.  രാത്രിയെ  ഭയന്നിട്ടോ വെളിച്ചം ദുഖമായിട്ടോ അല്ല. വിളക്കിന്റെ വെളിച്ചത്തില്‍ ആകൃഷ്ടരായി വരുന്ന പ്രാണികള്‍ ചത്തു വീഴാതിരിക്കാനായിരുന്നു. 

അങ്ങനെയുള്ള സത്യത്തിന്റെയും നന്മയുടെയും എട്ടുസംസ്‌ക്കാരങ്ങളുടെ (ന്‍െമകജെ എന്നാല്‍ എട്ടുസംസ്‌ക്കാരമെന്നര്‍ത്ഥം.)  നാട്ടിലാണ് കാക്കപോലുമില്ലാതാവുന്നത്. 

എന്‍മകജെയിലും പരിസര പ്രദേശങ്ങളിലും മുപ്പതുവര്‍ഷത്തിലേറെയായി കശുമാവിന്‍ തോട്ടങ്ങളില്‍ തളിക്കുന്ന എന്‍ഡോസള്‍ഫാന്‍ എന്ന മാരകവിഷമാണ് ജീവജാലങ്ങളെയും മനുഷ്യനെയും ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നതെന്ന് തിരിച്ചറിയുന്നു.  എന്‍ഡോസള്‍ഫാന്‍ വിരുദ്ധപോരാട്ടങ്ങളിലെ യഥാര്‍ത്ഥ കഥാപാത്രങ്ങളുടെ പ്രതിനിധികളായി നോവലില്‍  ശ്രീരാമഭട്ട്, ഡോ. അരുണ്‍കുമാര്‍, ലീലാകുമാരിയമ്മ, ജയരാജന്‍ എന്നിവര്‍ കടന്നു വരുന്നു. 

മലയാളികള്‍ കേട്ടുപഴകിയ മഹാബലിയുടെ മിത്തിന് പുതിയ ഭാ്ഷ്യമുണ്ട് ഈ നോവലില്‍.  ബലിയുടെ കഴുതജന്മത്തിന്റെ കഥ.  എന്‍മകജെയില്‍ ഓണം തുലാമാസത്തിലാണ്. ദീപാവലിനാളില്‍...

നോവലിന്റെ അവസാനത്തില്‍ എന്‍ഡോസള്‍ഫാനെതിരെ പൊരുതിയെന്ന കുറ്റത്തിന് എതിരാളികള്‍ സ്ത്രീയ്ക്കും പുരുഷനും മരണ ശിക്ഷ വിധിക്കുന്നു.  എന്നാല്‍ മരണത്തില്‍ നിന്ന് രക്ഷപെട്ട് ഗുഹയില്‍ അഭയം തേടുകയാണ് അവര്‍.    സ്ത്രീയോടും പുരുഷനോടും ഗുഹ ആവശ്യപ്പെടുന്നത് അരയില്‍ ചുറ്റിയ ജീര്‍ണ്ണത അഴിച്ചു കളയാനാണ്.  അവരതു കേട്ടമാത്രയില്‍ ഉടുതുണി ഉരിഞ്ഞെറിഞ്ഞു
വിഷമഴയെ അതിജീവിച്ച മൃഗങ്ങളും പക്ഷികളും ഇഴജന്തുക്കളുമെല്ലാം ആ ഗുഹയ്ക്കുള്ളിലുണ്ടായിരുന്നു. .പ്രകൃതിയിലെ മനുഷ്യനല്ലാത്ത ജീവജാലങ്ങളുടെ പാരിസ്ഥിതിക പ്രതിരോധത്തിന്റെ അടയാളപ്പെടുത്തലാണിത്.  അവിടെ ഒരുതരം ചെടിയുണ്ട്.  കുട്ടികളുടെ വിരിലിന്റെ വലിപ്പമുള്ള, തൊട്ടാല്‍ ശബ്ദത്തോടെ പൊട്ടുന്ന കായകള്‍.  അതെല്ലാം  തലകീഴായി തൂങ്ങിക്കിടന്ന് ലോകത്തില്‍ സത്യം നിലനില്‍ക്കാന്‍ തപസ്സു ചെയ്യുന്ന ബാലഖില്യന്മാരാണ്.  സപ്തര്‍ഷികളില്‍ ഒരാളായ ക്രതുവിന്റെ മക്കള്‍. 
എന്‍മകജെ സത്യത്തിന്റെ നാടായത് ഈ മുനികുമാരന്മാര്‍ തപസ്സു ചെയ്തതു കൊണ്ടാണത്രേ...
ഗുഹയ്ക്കുള്ളിലെ സര്‍വ്വ ജീവജാലങ്ങളോടും സംസാരിക്കാന്‍ വായിലെ ഉമിതുപ്പി ബലീന്ദ്രന്റെ കഴുതജന്മം കടന്നു വന്നു.  അന്നേരം ഇത്തിരിപ്പോന്ന ശരീരമുള്ള നഗ്നരായ അറുപതിനായിരം ബാലഖില്യന്മാരും ഗുഹയിലേക്ക് കയറിവന്ന് ശേഷിച്ച ഇടങ്ങളിലൊക്കെ നിറഞ്ഞിരുന്നു.

സ്ത്രീയും പുരുഷനും സര്‍വ്വചരാചരങ്ങളും കഴുതയുടെ വാക്കുകള്‍ക്ക് കാതോര്‍ക്കുന്നിടത്ത് നോവല്‍ അവസാനിക്കുന്നു. 
എന്‍മകജെ തീര്‍ച്ചയായും ഒരു ദേശത്തെ മിത്തും യാഥാര്‍ത്ഥ്യവും അടയാളപ്പെടുത്തുന്നതിനോടൊപ്പം അവിടുത്തെ പാരിസ്ഥിതിക ഇടപെടലുകളെയും അടയാളപ്പെടുത്തുന്നു.

*               *                     *                        *                     *                    
Monday, July 22, 2013

വെടിയുണ്ടയേ നിര്‍വീര്യമാക്കുന്ന ഇച്ഛാശക്തി

താലിബാന്‍ എന്നാല്‍ വിദ്യാര്‍ത്ഥി എന്നാണര്‍ത്ഥം.  പേര് മനോഹരമാണ്,  അര്‍ത്ഥവും.  പക്ഷേ, പ്രവര്‍ത്തനം നേര്‍ വിപരീതവുമായിരിക്കും.  ഇത് താലിബാന്റെ മാത്രം കാര്യമല്ല. 
തങ്ങള്‍ക്കെതിരെ എഴുതുന്നവരെ, പ്രവര്‍ത്തിക്കുന്നവരെ വകവരുത്തിക്കളഞ്ഞാല്‍ സമാധാനമുണ്ടാകും എന്നാണവരുടെ ധാരണ.


ലോകജനശംഖ്യയില്‍ പകുതിയോളം വരുന്ന സ്ത്രീകള്‍  ഈ ലോകത്തെപ്പറ്റി അറിയാനോ,  വിദ്യാഭ്യാസം നേടാനോ, സ്വാതന്ത്ര്യമെന്നത് എന്താണെന്ന് തിരിച്ചറിയാനോ പാടില്ലാത്ത നികൃഷ്ടജന്മങ്ങളാന്നാണ് പലരുടെയും ധാരണ.  ആ ധാരണയെ തിരുത്താന്‍ ഏതെങ്കിലുമൊരു പെണ്ണ് തയ്യാറായാല്‍ ഈ ലോകം കീഴ്‌മേല്‍ മറിയുമെന്നും അവര്‍ കരുതുന്നു. 
അപ്പോള്‍ അവളെ വെടിവെച്ചോ  തലവെട്ടിയോ കല്ലെറിഞ്ഞോ കൊല്ലാന്‍  ദൈവം വെളിപാടിലൂടെ അധികാരം നല്‍കിയിട്ടുണ്ടെന്നാണ് പറയുന്നത്. അവരുടെ പ്രവൃത്തി സമാധാനത്തിനാണത്രേ!


മതനിന്ദയും തെറ്റിദ്ധാരണയും വളര്‍ത്താന്‍ ശ്രമിക്കുന്നതുകൊണ്ടാണ്  അവളെ ഞങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമിച്ചത് എന്നാണ് മലാല യൂസുഫ്‌സായി എന്ന പതിനാലുകാരിയെ വെടിവെച്ചു കൊല്ലാന്‍ ശ്രമിച്ചതിന് താലിബാന്‍ പറഞ്ഞ ന്യായം.


പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്ന താലിബാന്‍ ഭീകരതയേക്കുറിച്ച് ബിബിസി ഉറുദു ഓണ്‍ലൈനിലൂടെ അവള്‍ പ്രതികരിച്ചു എന്നതായിരുന്നു അവള്‍ ചെയ്ത തെറ്റ്. പക്ഷേ അത് ലോകത്തിനു മുന്‍പില്‍ തുറന്നു വച്ചത് താലിബാനെക്കുറിച്ചുള്ള  ഞെട്ടിപ്പിക്കുന്ന സത്യങ്ങളായിരുന്നു.


1997 ജൂലൈ 12ന് സിയാവുദ്ദീന്‍ യൂസഫ്‌സായിയുടെ മകളായി പാകിസ്താനിലെ വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തി പ്രദേശമായ സ്വാത്ത് ജില്ലയിലെ മിങ്കോറയിലാണ് മലാല യൂസഫ്‌സായി ജനിച്ചത്. സ്വാത്ത് താഴ്‌വരയില്‍ പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പോകുന്നതിനെ എതിര്‍ത്ത താലിബാന്‍ ശാസന കൊച്ചുമലാലയെ വിഷമിപ്പിച്ചു.  അവളുടെ കൂട്ടുകാരില്‍ പലരും താലിബാനെ ഭയന്ന് സ്‌കൂള്‍ പഠനം അവസാനിപ്പിച്ചപ്പോള്‍ അവളും കുറച്ചു പെണ്‍കുട്ടികളും സ്‌കൂളിലേക്കു പോയി. 

മലാലയുടെ പിതാവ് സിയാവുദ്ദീന്‍ യൂസഫ്‌സായി അറിയപ്പെടുന്ന കവിയും വിദ്യാഭ്യാസ പ്രവര്‍ത്തകനുമാണ്. തന്റെ മകള്‍ ഏറെ പ്രത്യേകതകളുള്ള വ്യക്തിയാണെന്ന് സിയാവുദ്ദീന്‍ ആദ്യമേ തിരിച്ചറിഞ്ഞിരുന്നു. ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടി വിജയം വരിച്ച പഷ്തൂണ്‍ പട്ടാളത്തിലെ യുവ സേനാനായികയായ മലാലയിയുടെ പേരാണ് തന്റെ ഏകമകള്‍ക്ക് ആ പിതാവ് നല്കിയത്.

ഡോക്ടറാകാനും പൈലറ്റാകാനുമായിരുന്നു മലാല ആഗ്രഹിച്ചിരുന്നത്. എന്നാല്‍ പിതാവ് അഴവളില്‍ ഒരു സാമൂഹ്യ പ്രവര്‍ത്തകയെ കണ്ടു.  

വിദ്യാഭ്യാസത്തിനുള്ള തന്റെ അടിസ്ഥാന അവകാശത്തെ താലിബാന്‍ തടയാന്‍ ശ്രമിക്കുന്നതിനെ കുറിച്ച് അവള്‍ പ്രയാസപ്പെട്ടപ്പോള്‍ പിതാവാണ് അവള്‍ക്ക് ധൈര്യം നല്‍കിയത്.   എഴുത്തിലൂടെയുള്ള പ്രതികരണം വളരെ വേഗം  ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുമെന്ന് സിയാവുദ്ദീന്‍ മകള്‍ക്ക്  പറഞ്ഞുകൊടുത്തു.

ബിബിസിയുടെ ബ്ലോഗില്‍ 'ഗുല്‍മകായി' എന്ന തൂലികാ നാമത്തിലായിരുന്നു മലാലയുടെ കുറിപ്പുകള്‍  വന്നത്. പഷ്തൂണ്‍ നാടോടിക്കഥയിലെ ഒരു കഥാപാത്രമായിരുന്നു ഗുല്‍മകായി.

 സ്വാത്ത് താഴ്‌വരയിലെ താലിബാന്‍ തീവ്രവാദികളുടെ കീഴിലുള്ളവരുടെ ജീവിതത്തെക്കുറിച്ചും പാക്കിസ്ഥാനിലെ താലിബാനിസത്തെക്കുറിച്ചും  ക്രൂരതകളെക്കുറിച്ചും ബ്ലോഗിലെഴുതിയ മലാലയ്ക്ക്  തീവ്രവാദി ഭീഷണിയുണ്ടായിരുന്നു. പക്ഷേ, അവള്‍ ഭയന്നില്ല.  എഴുത്തും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും തുടര്‍ന്നു കൊണ്ടിരുന്നു.
യുവാക്കള്‍ക്കുള്ള ദേശീയ സമാധാന പുരസ്‌കാരത്തിന് ആദ്യമായി അര്‍ഹയായത് മലാലയ്ക്കാണ് .

ഇക്കഴിഞ്ഞ ഒക്ടോബറില്‍ സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുമ്പോഴാണ്  താലിബാന്‍ തീവ്രവാദികള്‍ മലാലയ്ക്കുനേരെ വെടിയുതിര്‍ത്തത്. 
തലയ്ക്കും കഴുത്തിനും  വെടിയേറ്റ് ഗുരുതരാവസ്ഥയിലായ മലാല ഇപ്പോള്‍  ബ്രിട്ടനിലേക്ക് വിദഗ്ധ ചികിത്സയില്‍ സുഖം പ്രാപിച്ചു വരുന്നു. 

പ്രതികരിക്കുന്നവര്‍ക്കുള്ള ശിക്ഷ ഇതാണ് അതുകൊണ്ട് വായ്മൂടിയിരിക്കുക എന്ന് ശിക്ഷിക്കുന്നവര്‍ പറയുന്നുണ്ട്.  കേള്‍ക്കുന്നവരും അതു തന്നെ പറഞ്ഞേക്കാം. 
മിണ്ടാതിരുന്നാല്‍ ഒരു പ്രശ്‌നവുമില്ലല്ലോ എന്ന്.  പക്ഷേ, നിശബ്ദത കുഴപ്പമുണ്ടാക്കുകയേയുള്ളൂ.  ചിലപ്പോള്‍ രക്ത സാക്ഷികളാകേണ്ടി വന്നേക്കാം.  എന്നാലും ഭയക്കരുത്.

നമ്മുടെ പെണ്‍കുട്ടികള്‍ മലാലയെപ്പോലെ ആകട്ടെ എന്നാഗ്രഹിച്ചു പോകുന്നു.  ശൈശവ വിവാഹത്തിനെതിരെ, വിദ്യാഭ്യാസ നിഷേധത്തിനെതിരെ, ഗാര്‍ഹിക പീഡനങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ അവര്‍ക്കായിരുന്നുവെങ്കില്‍...
മലയാളികളാണ്, നൂറു ശതമാനം സാക്ഷരരാണ് എന്ന് നാം അഹങ്കരിക്കുമ്പോഴും പല കുടുംബങ്ങളും  താലിബാനിസമാണ് പിന്തുടരുന്നത്. സ്ത്രീയൊരു ഉപഭോഗ വസ്തുവാണ് പലര്‍ക്കും. വെറും ചരക്കുകള്‍.   അവള്‍ക്ക് മനസ്സുണ്ടെന്ന്, സ്വാതന്ത്ര്യദാഹമുണ്ടെന്ന്, അറിവിനുള്ള ദാഹമുണ്ടെന്ന് , ഈ ലോകം മുഴുവനും കാണുവാനും ആസ്വദിക്കാനും ആഗ്രഹമുണ്ടെന്ന് എത്രപേര്‍ അറിയുന്നു? എത്രപേര്‍ അംഗികരിക്കും? 
സമൂഹത്തിലെ, കുടുംബത്തിലെ, അവനവനിലെ താലിബാനിസത്തെ തുടച്ചു മാറ്റാന്‍ അതിനെതിരെ പ്രതികരിക്കാന്‍, പ്രാപ്തരാകാന്‍ മലാലമാര്‍ക്കാവട്ടെ എന്ന് ആഗ്രഹിക്കുന്നു.

Friday, July 12, 2013

'പെണ്‍നോട്ടങ്ങള്‍' പുസ്തകപ്രകാശനം

'പെണ്‍നോട്ടങ്ങള്‍'  ഡോ എം എന്‍ കാരശ്ശേരി ഇന്ന് (13.07.2013) പ്രകാശനം ചെയ്യുന്നു. മഞ്ചേരി ഗവ ബോയ്‌സ് സ്‌കൂളില്‍ വെച്ച് ഉച്ചയ്ക്ക് 12 മണിക്ക്...സ്വാഗതം

പ്രസാധനം പാപ്പിറസ് ബുക്‌സ്
വിതരണം നാഷണല്‍ ബുക്സ്റ്റാള്‍ (NBS)Monday, February 18, 2013

അല്ല ആണുങ്ങളെ, നിങ്ങളെ ഞങ്ങള്‍ വഴി തെറ്റിച്ചോ?


ഇന്നത്തെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ കണ്ട ഒരു കത്തിലെ വരികള്‍ നോക്കൂ..

'കാമവെറിയന്മാരായ പുരുഷന്‍മാര്‍നിന്ന് സ്ത്രീകള്‍ രക്ഷപെടണമെങ്കില്‍ തങ്ങളെ ബാധിച്ചിരിക്കുന്ന മാനസികരോഗങ്ങളില്‍ നിന്ന് അവര്‍ പുറത്തുകടന്നേ മതിയാകൂ. അതില്‍ ഒന്ന്,സ നഗ്നതാ പ്രദര്‍ശനം. ഒരു വ്യക്തിയുടെ സ്വാതന്ത്ര്യം, പരമമായ് സ്വാതന്ത്ര്യം സ്വകാര്യതയാണ്. നഗ്നത സ്വകാര്യതയാണെന്നതില്‍ സന്ദേഹമില്ല. ഈ സ്വകാര്യത ലംഘിക്കുന്നതു വഴി തന്റെ സ്വാതന്ത്ര്യമാണ് അവിടെ ലംഘിക്കപ്പെടുന്നത്.  രണ്ടാമത്തെ രോഗം: സ്വയം വില്പ്പനച്ചരക്കുകളാകാനുള്ള വ്യഗ്രത. മൂന്നാമത്തെ രോഗം:  പുരുഷന്മാരെ വഴി തെറ്റിക്കുന്നതിലാണ് സാമര്‍ഥ്യമെന്ന വിചാരം.  ഇത്തരം മാനസികവ്യാപരങ്ങളില്‍ അടിപ്പെട്ടിരിക്കുകയാണ് സ്ത്രീ സമൂഹം.  ഇതിന്റെ കൂടെ അനിയന്ത്രിത സ്വാതന്ത്ര്യവും കൈമുതലാക്കിക്കഴിഞ്ഞാല്‍ (അനിയന്ത്രിത സ്വാതന്ത്ര്യം കൈമുതലാക്കിക്കഴിഞ്ഞിരിക്കുന്നു)  ബാക്കി കഥ പറയേണ്ടതില്ലല്ലോ?

ആധുനിക ഫെമിനിസ വരുത്തിവെച്ച വിനകളില്‍ ഒന്നാണ് അനിയന്ത്രിത സ്വാതന്ത്ര്യം. അതിന്റെ കെടുതികള്‍ അവരിന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്നു.  സദാചാരഭദ്രതയ്ക്ക് ഒരു വിലയും കല്പിക്കാത്ത നവ ഉദാരവത്ക്കരണം മുഖമുദ്രയാക്കിയ പാശ്ചാത്യരാജ്യങ്ങളിലെ സ്ത്രീ ജീവിതത്തിലേക്ക് ഒരെത്തിനോട്ടം നടത്തിയാല്‍ അവരിന്ന് അനുഭവിക്കുന്ന കെടുതികള്‍ ഗ്രഹിക്കാവുന്നതാണ്.  ....'

ഈ മൂന്നു രോഗങ്ങളുമുള്ളവരാണോ ഞങ്ങളെല്ലാവരും?  ഒപ്പം തുടക്കത്തില്‍ പറഞ്ഞ കാമവെറിയന്മാരാണോ പുരുഷന്മാരെല്ലാവരും?  ഇങ്ങനെ കാടടച്ച് വെടിവെയ്ക്കുന്ന ലോകത്ത് എനിക്ക് ജീവിക്കണ്ടായേ..ചന്ദ്രനിലേക്കോ ചൊവ്വയിലേക്കോ എവിടേം പോകാന്‍ തയ്യാര്‍..ആരെങ്കിലുമുണ്ടോ കൂട്ടിന് വരാന്‍? 


Wednesday, February 13, 2013

സ്വതന്ത്രയായിരുന്ന ഈ സ്ത്രീ ബന്ധിതയായി
നബനീത സെന്‍


വിഷചികിത്സ ചെയ്തിരുന്ന നാളുകളിലൊന്നിലാണ് അമ്മച്ചിയുടെ ഉള്ളിലെ കലാകാരിയെ ഇവള്‍ തിരിച്ചറിയുന്നത്. അയല്‍വീട്ടിലെ കൂട്ടുകാരി വിഷം തൊട്ട് വന്നിരിക്കുകയാണ്. രാത്രി കൂട്ടായി വന്നതും അടുത്തവീ്ട്ടിലെ കൂട്ടുകാരികള്‍ തന്നെ. വീട്ടില്‍ അമ്മച്ചിയും അനിയത്തിമാരും മാത്രം. ഞങ്ങള്‍ കൗമാരക്കാരും യൗവ്വനത്തിന്റെ തുടക്കത്തിലുള്ളവര്‍ക്കുമിടയില്‍ മുതിര്‍ന്ന ഒരാള്‍ അമ്മച്ചി മാത്രമായിരുന്നു. ഞങ്ങളുടെ വര്‍ത്തമാനത്തിലും ചിരിയിലും കളിയിലേക്കും പ്രായത്തെ മാറ്റിവെച്ച് അമ്മത്തത്തെ മാറ്റിവെച്ച് അമ്മച്ചി ഇറങ്ങിവന്നു. രാത്രി വൈകുവോളം പാട്ടും നൃത്തവും പ്രസംഗവുമൊക്കെയായി.. അമ്മച്ചി നന്നായി നൃത്തം ചെയ്യുന്നതുകണ്ട് അമ്പരന്നു. എത്രയെത്ര പാട്ടുകള്‍..വിഷയം കൊടുക്കേണ്ട താമസം അതിനേപ്പറ്റി പ്രസംഗിക്കുകയായി..ഒരുപക്ഷേ ഞങ്ങള്‍ ചെറുപ്പക്കാരേക്കാള്‍ നന്നായി..ഇത്രനാളും ഈ കഴിവുകള്‍ എവിടെ ഒളിച്ചിരിക്കുകയായിരുന്നു? ഇവള്‍ അത്ഭുതപ്പെട്ടു.

കുഞ്ഞുന്നാളില്‍ അപൂര്‍വ്വമായിമാത്രം പാട്ടുപാടുന്നത് കേട്ടിട്ടുണ്ട്അതും ആരുമില്ലാത്തപ്പോള്‍ മാത്രം.

പാടുന്ന നാവിനെ മുറിച്ചേക്കുമെന്നോ, നൃത്തം ചെയ്യുന്ന കാലുകളെ തടഞ്ഞേക്കുമെന്നോ അമ്മച്ചി കരുതാന്‍ കാരണമെന്തായിരുന്നിരിക്കാം? തീര്‍ച്ചയായും ഞങ്ങളുടെ പിതാവോ വീട്ടുകാരോ എതിര്‍ക്കുക എന്നതിനേക്കാളേറെ സമൂഹം ഒരു സ്ത്രീക്കുമേല്‍ ഏല്‍പ്പിച്ചിരിക്കുന്ന ധര്‍മ്മത്തില്‍ കല ഇല്ല എന്നതു തന്നെയാണ് യാഥാര്‍ത്ഥ്യം. കല കുട്ടിക്കാലത്തിന്റേതു മാത്രമാകുന്നുഅതിലും വിലക്കുകളുണ്ട്.

കുഞ്ഞുങ്ങളെ നോക്കുക, വീടു പരിപാലിക്കുക, കൂടെ തൊഴിലുളളവള്‍ അതും ചെയ്യുകനേരമില്ലാതെ വട്ടം കറങ്ങുന്നതിനിടയില്‍ എന്തു കല? എന്തു സാഹിത്യം?

കൂടാതെ ഒളിഞ്ഞിരിക്കുന്ന വിലക്കുകള്‍ അനവധിയുണ്ട്. പക്ഷേ, പൊരുത്തപ്പെട്ടു ജീവിക്കുക എന്നതാണ് സ്ത്രീയുടെ ധര്‍മ്മമായി എല്ലാവരും പറയുക. ആരോടാണ് പൊരുത്തപ്പെടേണ്ടത് എന്നതിലാണ് കാര്യം. തന്റെ ഉള്ളിലെ വാസനകളെയെല്ലാം അടിച്ചമര്‍ത്തി മറ്റു ധര്‍മ്മങ്ങളില്‍ മുഴുകുമ്പോള്‍ സ്വാഭാവികമായും എപ്പോഴെങ്കിലും പൊട്ടിത്തെറിയുണ്ടായേക്കാം. അത് രൗദ്രഭാവത്തില്‍ കലിപൂണ്ടങ്ങനെ നില്ക്കും. പരിമിതികളെ മറികടക്കാന്‍ പ്രാപ്തയല്ലാത്തതുകൊണ്ട് അവള്‍ കുറച്ചു നേരത്തിനു ശേഷം ശാന്തയാകും.

പ്രാപ്തരാകുന്നവരാകട്ടെ ഓരോരോ ബന്ധനത്തേയും മുറിച്ചു കടക്കാന്‍ ശ്രമിക്കും. ചിലരാകട്ടെ മക്കളിലൂടെ സാഫല്യമണയാന്‍ കൊതിക്കും.

അമര്‍ത്യാസെന്നിനെക്കുറിച്ച് സംസാരിച്ചു കൊണ്ടിരിക്കേ വിചാരിക്കാതെ കൈയ്യിലെത്തിയ പുസ്തകമായിരുന്നു ജനനി.

സംഗീത്തില്‍, നൃത്തത്തില്‍, എഴുത്തില്‍, ചിത്രരചനയില്‍, പത്രപ്രവര്‍ത്തനത്തിലൊക്കെ പ്രാവീണ്യം തെളിയിച്ച ഇരുപതോളം സ്്ത്രീകള്‍ മാതൃത്വത്തെ, മകളെ, അമ്മയെപ്പറ്റി എഴുതിയ പുസ്തകം. കുറച്ചു പഴയൊരു പുസ്തകം.

അമര്‍ത്യാസെന്നിന്റെ ഭാര്യയായിരുന്ന നബനീത സെന്‍ അവരുടെ അമ്മയാകലിനെ പറ്റിയുള്ള അനുഭവത്തെ ഇങ്ങനെ കുറിക്കുന്നു

'അതിനാല്‍, ആ നിമിഷം മുതല്‍ സ്വതന്ത്രയായിരുന്ന ഈ സ്ത്രീ ബന്ധിതയായി'

ഒരു അമ്മയാകാന്‍ താന്‍ യോഗ്യയാണോ എന്ന് അവര്‍ പലവട്ടം ചിന്തിക്കുന്നുണ്ട്.

വിവാഹത്തിന് മാസങ്ങള്‍ക്കുമുന്‍പ് അവരുടെ ആദ്യ കവിതാസമാഹാരം പുറത്തുവന്നിരുന്നു. എന്നാല്‍ വിവാഹശേഷം കവിതയെ അവഗണിക്കുകയായിരുന്നു എന്ന് അവര്‍ പറയുന്നു. അതിനു കാരണമായി പറയുന്നത് മാതൃത്വമെന്നത് വളരെ ദുഷ്‌ക്കരമായ ധര്‍മ്മമായിരുന്നെങ്കിലും അതിനേക്കാളേറെ കുടുംബിനിയുടെ വേഷമായിരുന്നു സാഹിത്യപരമായ സ്വത്വത്തെ ഇല്ലാതാക്കിയത് എന്നായിരുന്നു. അത് തിരിച്ചറിഞ്ഞത് അമര്‍ത്യമായുള്ള വേര്‍പിരിയലിലാണ്.

'ഭാര്യ, അമ്മ, പാചകക്കാരി, െ്രെഡവര്‍, വിദ്യാര്‍ഥി, ആതിഥേയ എന്നിങ്ങനെയുള്ള ബഹുമുഖധര്‍മ്മങ്ങളില്‍ അങ്ങേയറ്റം മുഴുകിയരുന്ന ഞാന്‍ എഴുത്തിന്റെ അഭാവം അറിഞ്ഞതേയില്ല. എന്നാല്‍ ജീവിതത്തിന്റെ ഒരു വശത്തെ അവഗണിക്കുകയായിരുന്നപ്പോള്‍ മറ്റൊരു ഭാഗത്തിനു രൂപം കൊടുക്കാനായി മുഴുവന്‍ ശ്രദ്ധയും വിനിയോഗിച്ചുകൊണ്ടിരുന്നു. ദൗര്‍ഭാഗ്യവശാല്‍, ഞാന്‍ ശ്രദ്ധയോടെ പടുത്തുയര്‍ത്തിയ ആ വീട്, ഒരു സുപ്രഭാതത്തില്‍ തകര്‍ന്നടിഞ്ഞു വീണു. ഞാന്‍ അവഗണിച്ചിരുന്ന കവിത, എന്റെ അക്കാദമിക ജോലിയോടു ചേര്‍ന്ന് എനിക്ക് അന്തിമമായ രക്ഷയേകി...'

ഇങ്ങനെ പറയുന്ന നബനീത എന്നാല്‍ തന്റെ അമ്മയ്ക്ക് അമ്മയുടെ സര്‍ഗ്ഗാത്മകജീവിതത്തെ ഇല്ലാതാക്കിയത് മാതൃത്വമായിരുന്നു എന്നു പറയുന്നു. ഒരു വലിയ എഴുത്തുകാരിയായിരുന്ന അവര്‍ അതൊക്കെവിട്ട് മുഴുവന്‍ സമയ അമ്മയാവുകയും കുറേ വര്‍ഷങ്ങള്‍ക്കുശേഷം , അവര്‍ നബനീതയെ അതിന് കുറ്റപ്പെടുത്തുകയും ചെയ്തിരുന്നതായി പറയുന്നു. മകള്‍ക്കുവേണ്ടി തന്റെ സൃഷ്ടിപരമായ ജീവിതം ത്യജിച്ചുവെന്ന് അവര്‍ പലവട്ടം പരാതിപ്പെട്ടു. നബനീതയില്‍ അത് അപരാധബോധം ഉണ്ടാക്കിയിരുന്നുവെന്നും നിങ്ങള്‍ അങ്ങനെ ചെയ്തി്ല്ലായിരുന്നുവെങ്കില്‍ എന്നു ഞാന്‍ ആഗ്രഹിക്കുന്നു! എന്നു പറയാന്‍ ആഗ്രഹിച്ചിരുന്നുവെന്നും പറയുന്നു.
മക്കള്‍ തടഞ്ഞിട്ടല്ല ഒരമ്മയും തന്റെ സര്‍ഗ്ഗാത്മജീവിതം ഒഴിവാക്കുന്നത്. സാഹചര്യം കൊണ്ടും അവരുടെ ഉള്ളിന്റെ ഉള്ളിലെ തോന്നലുകള്‍ കൊണ്ടും ധൈര്യമില്ലായ്മ കൊണ്ടുമൊക്കെയാണെങ്കിലും മിക്ക അമ്മമാരും മക്കളെ തന്നെ കുററപ്പെടുത്തും. ആ കുറ്റപ്പെടുത്തല്‍ മക്കള്‍ ഇഷ്ടപ്പെടുമെന്നു തോന്നുന്നില്ല. പലപ്പോഴും അമ്മയ്ക്കും മക്കള്‍ക്കുമിടയിലായിരിക്കില്ല പ്രശ്‌നം. കണ്ടു നില്ക്കുന്നവരിലായിരിക്കും. മക്കളുടെ പേരുപറഞ്ഞുകൊണ്ട് നല്ല അമ്മയാവാന്‍ പരിശീലിപ്പിക്കുക...ഉപദേശിക്കുക...
കുറ്റപ്പെടുത്താതിരിക്കുന്ന ചില അമ്മമാര്‍ മക്കളിലൂടെ തന്റെ സ്വത്വത്തെ കണ്ടെത്താന്‍ ശ്രമിക്കും.
 തുടര്‍ന്ന് ഇവിടെ വായിക്കുക


Friday, February 8, 2013

ഹരിത ഭൂപടത്തില്‍ നിന്നൊരു പച്ചില

പത്താംക്ലാസ്സിലെ ചരിത്രപാഠപുസ്തകത്തില്‍ നിന്നായിരുന്നു ഹോര്‍ത്തൂസ് മലബാറിക്കസിനെക്കുറിച്ച് ആദ്യമായി കേട്ടത്.  കേരളത്തിലെ സസ്യങ്ങളെക്കുറിച്ചൊരു പുസ്തകം-ഡച്ചുകാരുടെ സംഭാവന എന്നതിലപ്പുറം പോയില്ല ആ അറിവ്.
ഒരുകാലത്ത് ഇന്ത്യ ഭരിച്ചിരുന്ന അധീശശക്തികളെക്കുറിച്ചും അവരുടെ ഭരണപരിഷ്‌ക്കരങ്ങളും പ്രഭുക്കന്മാരുടെ സംഭാവനകളും  എത്ര പഠിച്ചാലും തിരിഞ്ഞും മറിഞ്ഞും പോകുന്നത് പതിവായിരുന്നതുകൊണ്ട് ചരിത്ര പാഠപുസ്തകത്തോടു തന്നെ വലിയ താത്പര്യം തോന്നിയില്ലെന്നാതാണ് നേര്.
എങ്കിലും ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ പ്രധാന സംഭാവനകളിലൊന്നായി ഒരു പുസ്തകം കടന്നു വരണമെങ്കില്‍ അത് അത്ര നിസ്സാരമല്ല എന്നു മാത്രം തോന്നിയിരുന്നു.

പിന്നീടെപ്പോഴോ പി എസ് സി പരീക്ഷയ്ക്ക് ഹോര്‍ത്തൂസ് മലബാറിക്കസ്്്  ആരുടെ സംഭാവനയാണ് എന്ന ചോദ്യം കണ്ടു.  പി എസ് സി ഗൈഡുകളില്‍ ഈ ചോദ്യം ആവര്‍ത്തിച്ചു കണ്ടു.
അതിലപ്പുറം ഈ പുസ്തകത്തെക്കുറിച്ച് ഒരറിവുമില്ലായിരുന്നു.
ഏതു ഭാഷയിലാണ് രചിക്കപ്പെട്ടതെന്നോ ഏതെങ്കിലും ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ടോ എന്നോ ഈ പുസ്തകം കിട്ടാനുണ്ടോ എന്നുപോലും അറിയില്ലായിരുന്നു.

കുറേ കഴിഞ്ഞാണ് കേരള സര്‍വ്വകലാശാല ആ പുസ്തകം പ്രസിദ്ധീകരിച്ചതായി അറിയുന്നത്. 
ഹോര്‍ത്തൂസ് മലബാറിക്കൂസ് എന്നാല്‍ മലബാറിലെ സസ്യാരാമം എന്നാണര്‍ത്ഥം.
  742 അധ്യായങ്ങളിലായി 679 സസ്യങ്ങളെക്കുറിച്ച് ചിത്രങ്ങളടക്കം ഈ പുസ്തകത്തിലുണ്ടെന്ന അറിവ് അമ്പരപ്പിക്കുന്നതായിരുന്നു.  ഔഷധ സസ്യങ്ങളെക്കുറിച്ചുള്ള ചില പുസ്തകങ്ങള്‍ കൈയ്യിലുണ്ട്്.  ചില ചികിത്സാഗ്രന്ഥങ്ങളില്‍ പറയുന്ന ഔഷധങ്ങള്‍ എത്രയെന്ന് കണക്കെടുത്തിട്ടില്ല.  എങ്കിലും അതിത്ര വരുമോ എന്ന് സംശയമുണ്ട്്.  ഏറി വന്നാല്‍ മുന്നൂറിനും നാന്നൂറിനും ഇടയില്‍. അതില്‍ തന്നെ പര്യായങ്ങളാണ് പലതും. മിക്ക ചികിത്സാപുസ്തകവും പദ്യരൂപത്തില്‍ രചിച്ചിരിക്കുന്നതുകൊണ്ട് താളത്തിനു ചേരും വിധം രൂപപ്പെടുത്തിയ പര്യായപദങ്ങളുമായിരുന്നു.
നമ്മുടെ നാട്ടില്‍ കാണുന്ന പല മരങ്ങളും ഔഷധസസ്യങ്ങളും  ഏതെങ്കിലുമൊരു പുസ്തകത്തില്‍ കണ്ടുപിടിക്കാനായിട്ടില്ല.   സസ്യശാസ്ത്രജ്ഞര്‍ക്കോ മറ്റു നാട്ടുചികിത്സ വിദഗ്ധര്‍ക്കോ അവയെക്കുറിച്ച് അറിവില്ലായിരുന്നിരിക്കും എന്നാശ്വസിക്കുകയോ അല്ലെങ്കില്‍ അവയും പാഴ്‌ചെടികളുടെ കൂട്ടത്തില്‍ പെട്ടുപോയിരിക്കുമെന്നുമാണ് കരുതിയത്. ക്രോഡീകരിക്കപ്പെട്ടത് വളരെ കുറച്ചുമാത്രമാവണം.
ഒരു പക്ഷേ, ആ രഹസ്യച്ചെടികള്‍ ഹോര്‍ത്തൂസിലില്ലെന്ന് ആരുകണ്ടു?   ഇന്നേവരെ ഹോര്‍ത്തൂസ് മലബാറിക്കസ് എന്ന മഹാഗ്രന്ഥം കണ്ണുകൊണ്ടുകാണാന്‍ പോലുമുള്ള അവസരമുണ്ടായിട്ടില്ല.
അങ്ങനെ ഇരിക്കുമ്പോഴാണ് ഒരു യാത്രയില്‍ കയറിയ പുസ്തകമേളയില്‍ വെച്ച് ഹോര്‍ത്തൂസ് മലബാറിക്കസ് എന്ന് വലിയ അക്ഷരത്തില്‍ എഴുതിയ ഒരു പുസ്തകം കണ്ടത്.  ട്രെയിന്‍യാത്രയിലും മറ്റും കൊണ്ടുവരാറുള്ള പത്തുരൂപയുടെ 101 ഒറ്റമൂലികള്‍ എന്നൊക്കെയുള്ള പുസ്തകങ്ങളേക്കാള്‍ അല്പംകൂടി വലിപ്പമേയുണ്ടായിരുന്നുള്ളു ആ പുസ്തകത്തിന്. സൂക്ഷിച്ചു നോക്കിയപ്പോള്‍ സംഗ്രഹമാണ്.  50 രൂപയ്ക്കു കിട്ടിയ ആ സംഗ്രഹമാണ് ഹോര്‍ത്തൂസിനെ കാണാനുള്ള നിരാശഭരിതമായ ഏകാശ്രയമായത്.

തുടര്‍ന്നാണ് ഡോ. കെ എസ് മണിലാലുമായുള്ള അഭിമുഖവും ചില കത്തുകളും പ്രതികരണങ്ങളുമൊക്കെ കാണാനിടവന്നത്.  അതിനോട് അധികം വൈകാതെ ഹരിതഭൂപടം എന്ന പുസ്തകം കൈകളിലെത്തി.   സ്വാഭാവികമായും ഒരു സസ്യശാസ്ത്രജ്ഞനെക്കുറിച്ച് എഴുതിയത് എന്നു കേള്‍ക്കുമ്പോള്‍ ഒരു അരസികന്‍ ജീവചരിത്രമാകുമോ ഇത് എന്ന് സംശയമുണ്ടായിരുന്നു.   ജോസഫ് ആന്റണിയാണ് ആ പുസ്തകമെഴുതിയത്. ജോസഫ് ആന്റണിയുടെ  കുറിഞ്ഞിഓണ്‍ലൈന്‍ എന്ന ബ്ലോഗിലെ രചനകളും അച്ചടിച്ച ചില  ശാസ്ത്രലേഖനങ്ങളും വായിച്ചിരുന്നപ്പോഴൊക്കെ പുസ്തകത്തിന്റെ സാധ്യത അതില്‍ കണ്ടിട്ടുണ്ട്.  പക്ഷേ, ഒരു പുസ്തകമെഴുതിയപ്പോള്‍ അതിലൊന്നും ഒരിക്കലും പറയാതെ പോയ ഒരു വിഷയത്തെക്കുറിച്ചായിരുന്നുവെന്നത് അമ്പരപ്പിക്കുന്നതായിരുന്നു.


'ഹരിതഭൂപട'ത്തിന്റെ പുറംചട്ടയില്‍ നിന്നു തുടങ്ങുന്നു എന്റെ വായന.  പഠനം എന്ന പേരില്‍ വന്നൊരു പുസ്തകം ഇത്രവേഗത്തില്‍വായിച്ചിട്ടുണ്ടോ എന്നു സംശയമാണ്.  അതിനേക്കാളേറെ ഒറ്റയിരുപ്പില്‍ വായിച്ചു തീര്‍ത്ത പുസ്തകങ്ങളുടെ കൂട്ടത്തിലാണ് ഇത് പെടുന്നത്.  അടുത്തകാലത്ത് ബെന്യാമിന്റെ മഞ്ഞവെയില്‍ മരണങ്ങളാണ് നിലത്തുവെയ്ക്കാതെ വായിച്ചു തീര്‍ത്ത പുസ്തകം.  ആ പുസ്തകം പക്ഷേ, ഒരു നോവലായിരുന്നു.  ഇരുത്തി വായിപ്പിക്കാവുന്ന ഒരുപാട് ഘടകങ്ങള്‍ അതില്‍ ചേര്‍ന്നിരിക്കന്നു എന്നു പറയാം.  പക്ഷേ, ഒരു പഠനപുസത്കം ആര്‍ത്തിയോടെ വായിക്കുക അസാധ്യമായിരുക്കും. പക്ഷേ, ഇവിടെയത് സംഭവിച്ചു എന്നു പറയാതെ വയ്യ.  അത്രയേറെ ഉദ്വേഗജനകമായിരുന്നു അത്.

ഇട്ടിഅച്ചുതന്റെ കുര്യാലയില്‍ തുടങ്ങി, ഡച്ചു ചരിത്രവും ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനിയിലേക്ക് സൈനികനായി കടന്നു വന്ന് പിന്നീട് കൊച്ചു ഗവര്‍ണറായി വളര്‍ന്ന ഹെന്‍ട്രിക് ആന്‍ഡ്രയാന്‍ വാന്‍ റീഡിന്റെ ജീവിതവും പിന്നീട് ഹോര്‍ത്തൂസ് മലബാറിക്കൂസിന്റെ രചനയും അതില്‍ നേരിട്ട പ്രതിസന്ധികളും വാന്റീഡിന് അനുഭവിക്കേണ്ടി വന്ന മാനസീക സംഘര്‍ഷവും എല്ലാം ഒരു ഫിക്ഷനെ അനുസ്മരിപ്പിക്കും വിധം കോര്‍ത്തിണക്കിയിരിക്കുന്നു.

മലബാറാണ് ലോകത്തെ ഏറ്റവും ഫലഭുയിഷ്ഠമായ പ്രദേശമെന്നു , സ്ഥാപിക്കാന്‍ , ഇവിടെ കുരുമുളകുപോലുളള സുഗന്ധദ്രവ്യങ്ങള്‍ മാത്രമല്ല ഉള്ളതെന്ന് സ്വന്തം കമ്പനിയെ ബോധ്യപ്പെടുത്താന്‍, രാഷ്ട്രീയ പ്രതിയോഗികള്‍ക്കുള്ള മറുപടിയൊരുക്കുകയായിരുന്നു ഹോര്‍ത്തൂസിലൂടെ വാന്‍ റീഡ്.  വന്‍ റീഡ് വെറുമൊരു സൈനികന്‍ മാത്രമല്ല മികച്ച പ്രകൃതി നിരീക്ഷകനായിരുന്നു എന്നതിന് തെളിവാണ് ഈ പുസ്തകം.  മറ്റൊന്ന് കമ്പനിക്കു കീഴിലെ സൈനികര്‍ക്ക് അസുഖമോ പരിക്കുകളോ പറ്റിയാല്‍ മരുന്ന് ആംസ്റ്റര്‍ഡാമില്‍ നിന്ന് വരണമായിരുന്നു.  അതില്‍ പലതും കേരളത്തില്‍ നിന്ന് അറബികള്‍ ശേഖരിച്ച ഔഷധങ്ങളായിരുന്നു.  അറബിക്കച്ചവടക്കാര്‍ മുഖേനയെത്തിയ മലബാര്‍ തീരത്തെ ആ മരുന്നുകള്‍ക്ക് ഭീമമായ വിലയുമായിരുന്നു. കേരളത്തില്‍ നിന്ന് അറബികളിലൂടെ ആംസ്റ്റര്‍ഡാമിലെത്തുന്ന മരുന്നുകള്‍ തിരിച്ച് ഇവിടെയെത്തുമ്പോഴേക്കും അഴുകിയും പൊടിഞ്ഞും പോകുമായിരുന്നു.   ഇതില്‍ നിന്നൊരു മോചനം കൂടിയായിരുന്നു ഹോര്‍ത്തൂസ് മലബാറിക്കൂസ്. ഒന്നുകൂടി പറഞ്ഞാല്‍, കമ്പനിയുടെ പ്രഥമ ദൗത്യം സസ്യശാസ്ത്രപഠനമോ പര്യവേക്ഷണമോ അല്ല, മറിച്ച് കച്ചവടമാണ്. ലാഭത്തിലാണ് കണ്ണ്..നൂറ്റാണ്ടുകളായി അറബികള്‍ കൈയ്യടക്കിവെച്ചിരുന്ന ഈ ഔഷധക്കച്ചവടം കൈയ്യടക്കുക എന്ന ലക്ഷ്യം കൂടിയുണ്ടായിരുന്നിരിക്കണം വാന്‍ റീഡിന്...

എന്നാല്‍ മലബാര്‍തീരത്തെ സസ്യങ്ങള്‍ തിരിച്ചറിഞ്ഞ് അവയുടെ ഉപയോഗമെന്തെന്ന് മനസ്സിലാക്കി പുസ്തകരൂപത്തിലാക്കുക അത്ര എളുപ്പമായിരുന്നില്ല. പതിനേഴാം നൂറ്റാണ്ടില്‍ പ്രത്യേകിച്ചും..ജാതിവ്യവസ്ഥ നിലനിന്നിരുന്നൊരു കാലത്ത് അതൊന്നും ഗൗനിക്കാതെ ഈഴവ സമുദായത്തില്‍പ്പെട്ട ഇട്ടി അച്യുതന്‍ എന്ന കൊല്ലാട്ടു വൈദ്യനെയാണ് വാന്‍ റീഡ് ചുമതലപ്പെടുത്തിയത്.


പതിനേഴാം നൂറ്റാണ്ടിലെ കേരളചരിത്രവും ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെയും ചരിത്രവുമറിയുന്നതിനൊപ്പമാണ്
ഉദ്വേഗജനകമായ കെ എസ് മണിലാലിന്റെ ജീവിതവും ഹോര്‍ത്തൂസ് മലബാറിക്കസിന്റെ രണ്ടാം പിറവിയും കടന്നു വരുന്നത്. ഹോര്‍ത്തൂസ് മലബാറിക്കസിന്റെ അഴിയാക്കുരുക്കുകള്‍ അഴിച്ചെടുക്കാന്‍ ഒരു സസ്യശാസ്ത്രജ്ഞന്റെ യൗവ്വനവും വാര്‍ദ്ധക്യവും വേണ്ടി വന്നു എന്നോ അരനൂറ്റാണ്ടു വേ്ണ്ടി വന്നു എന്നോ ഒരു മനുഷ്യായുസ്സു തന്നെ വേണ്ടി വന്നു എന്നോ പറയേണ്ടി വരും. മലയാളത്തില്‍ നിന്നു ഇട്ടി അച്യുതന്‍ വഴി കടന്നുപോയ ആ മലയാളനാട്ടിലെ സസ്യസമ്പത്തിനെക്കുറിച്ചുള്ള വിശദമായ ആ പുസ്തകം 325 വര്‍ഷങ്ങള്‍ക്കുശേഷമാണ് മലയാളത്തിലേക്ക് മടങ്ങി വരുന്നത്.  മലയാളത്തില്‍ നിന്നും പോര്‍ച്ചുഗീസിലേക്കും പിന്നീട് ഡച്ചിലേക്കും പകര്‍ത്തപ്പെട്ട പുസ്തകം 12 വാള്യങ്ങളായി പ്രസിദ്ധീകരിച്ചത് ലാറ്റിനിലായിരുന്നു. ലാറ്റിനില്‍ നിന്ന് ആ ഗ്രന്ഥം വിവര്‍ത്തനം ചെയ്യുന്നതിനോ, അതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ വ്യക്തമായി മനസ്സിലാക്കുന്നതിനോ വിജയിക്കാന്‍ ആര്‍ക്കും സാധിച്ചില്ല.   അതുകൊണ്ടു തന്നെ ചില ഭാഗങ്ങള്‍ ലോകത്തെവിടെയൊക്കെയോ വിവര്‍ത്തനം ചെയ്യപ്പെട്ടു എന്നല്ലാതെ പൂര്‍ണ്ണമായ കുരുക്കഴിക്കാന്‍ മലയാളത്തില്‍ തന്നെ ഒരാള്‍ ജനിക്കേണ്ടി വന്നു.


ലാറ്റിനില്‍ നിന്ന് ആ പുസ്തകം സമഗ്രമായി മനസ്സിലാക്കാന്‍ ചില സാമാന്യയോഗ്യതകള്‍ ആവശ്യമായിരുന്നു.
1. ലാറ്റിന്‍ഭാഷയില്‍ സാമാന്യ പരിജ്ഞാനം
2. സസ്യശാസ്ത്രത്തില്‍ വൈദഗ്ദ്യം
3. കേരളത്തിലെ സസ്യജാതികളെക്കുറിച്ച് ആഴത്തിലുളള അറിവ്
4. മലയാളാ ഭാഷാ പരിജ്ഞാനം
5. പതിറ്റാണ്ടുകളോളം ഒരേ ലക്ഷ്യത്തിനായി ജീവിതം സമര്‍പ്പിക്കാനുളള സന്നദ്ധത.
 ആ യോഗ്യതകളെല്ലാമുള്ള ഒരാള്‍ ഡോ. കെ എസ് മണിലാല്‍ ആയിരുന്നു.ചെറുപ്പത്തില്‍ മണിലാലിനോട് അമ്മ പറഞ്ഞിരുന്നു എഴുതുന്നെങ്കില്‍ ഹോര്‍ത്തൂസ് പോലുള്ള പുസ്തകം വേണം എഴുതാന്‍ എന്ന്.  അമ്മയ്ക്ക് ആ പുസ്തകത്തെക്കുറിച്ച് അത്ര പിടിയൊന്നുമില്ല.  പക്ഷേ, അതൊരു വലിയ സംഗതിയാണെന്നറിയാം....വീട്ടിലെ  ലൈബ്രറിയില്‍ അച്ഛന്റെ പേപ്പര്‍ക്ലിപ്പുങ്ങുകളില്‍ ഹോര്‍ത്തൂസ് മലബാറിക്കസിനെക്കുറിച്ചു കണ്ടു. അച്ഛന്റെ ലൈബ്രറിയും അമ്മയുടെ വാക്കുകളുമാവണം പിന്നീട് ഹോര്‍ത്തൂസ് എന്ന ഒഴിയാബാധയ്ക്കു രൂപം നല്‍കിയതെന്ന് അദ്ദേഹമോര്‍ക്കുന്നു.
ഇന്റര്‍മീഡിയറ്റു കഴിഞ്ഞ് മഹാരാജാസില്‍ ബി എസ്സിക്കു ചേര്‍ന്നു. സുവോളജിക്കാണ് താതപര്യം തോന്നിയതെങ്കിലും സുവോളജിക്കും ബോട്ടണിക്കും അപേക്ഷ അയച്ചിട്ട് ആദ്യം വന്നത് ബോട്ടണിക്കുള്ള കാര്‍ഡായിരുന്നു. അതുകൊണ്ട് ബോട്ടണിയിലേക്ക് വഴി മാറിപോവുകയായിരുന്നു.  ശരിക്കു പറഞ്ഞാല്‍ സസ്യശാസ്ത്രത്തിലേക്കുള്ള ആദ്യ ചുവടവെയ്പ്..അല്ലെങ്കില്‍ ഹോര്‍ത്തൂസ് മലബാറിക്കസ് എന്ന ലക്ഷ്യത്തിലേക്കുള്ള ഒട്ടേറെ വഴിത്തിരുവുകളില്‍ ആദ്യത്തേത്...

പൂവന്‍പെട എന്ന അധ്യായം വായിച്ചിട്ട് ഇവള്‍ അമ്പരന്നുപോയി.
മതിലിനുമുകളിലും പറ്റിപ്പിടിച്ചു വളരുന്ന പൂവന്‍പെട എന്ന പേരിലറിയപ്പെടുന്ന മോസ് വര്‍ഗ്ഗത്തില്‍പ്പെട്ട സസ്യത്തിന് എന്തെങ്കിലും ഔഷധഗുണമുണ്ടെന്ന് അറിയില്ലായിരുന്നു.
കുട്ടിക്കാലത്ത്, ഇതിന്റെ നാരുപോലെ നീണ്ട് അറ്റം വളഞ്ഞ പൂവെടുത്ത് പരസ്പരം കോര്‍ത്ത് വലിച്ചു നോക്കും..അതൊരുതരം കളിയാണ്..കോര്‍ത്തു വലിക്കുമ്പോള്‍ ഒന്നിന്റെ തല അടര്‍ന്നു വീഴും..ജയപരാജയങ്ങള്‍ തീരുമാനിക്കുന്നത് അടര്‍ന്നു പോകാത്ത അറ്റത്തെ നോക്കിയാണ്. ..
മോസിനെക്കുറിച്ചൊരു പ്രബന്ധത്തില്‍ പൂവന്‍പെടയുടെ ഹോര്‍ത്തൂസിലെ റഫറന്‍സ് കൊടുക്കാനാണ് മണിലാല്‍ ശ്രമിക്കുന്നത്.  അപ്പോഴാണ് ഒരക്ഷരം മനസ്സിലാക്കാനാകാത്ത ലാറ്റിന്‍ ഭാഷയിലാണ് ഹോര്‍ത്തൂസ് രചിച്ചിരിക്കുന്നത് എന്നറിയുന്നത്.


പിന്നീട് പതിറ്റാണ്ടുകളുടെ പ്രയത്‌നത്തില്‍ ...ഹോര്‍ത്തൂസിലെ മുഴുവന്‍ സസ്യങ്ങളേയും കണ്ടെത്താനും അവയെ വര്‍ഗ്ഗീകരിക്കാനുമായി.  ഒപ്പം ലാറ്റിന്‍ ഭാഷയില്‍ സാമാന്യ ജ്ഞാനം നേടി മൊഴിമാറ്റവും. ഇതോടൊപ്പം സഹായത്തിനുണ്ടായിരുന്ന സുകുമാര്‍ അഴീക്കോട് അടക്കമുള്ള സുഹൃത്തുക്കളേയും ശിഷ്യരേയും കാണാം.
പിന്നീട് കേരള സര്‍വ്വകലാശാല പ്രസിദ്ധികരിക്കാന്‍ സന്നദ്ധ പ്രകടിപ്പിച്ചതും അതു പിന്നീട് എന്തായി തീര്‍ന്നുവെന്നുമുള്ളതിന്റെ ചരിത്രവും. ഈ പുസ്തകം രചിക്കാന്‍ തയ്യാറായ വാന്‍ റീഡിന് മൂന്നുനൂറ്റാണ്ടു മുമ്പുണ്ടായ പ്രതിസന്ധികള്‍ക്ക് സമാനമായ കാര്യങ്ങള്‍  തന്നെയാണ് ഡോ. കെ എസ് മണിലാലും നേരിട്ടത്. കാലം മാറുന്നു, ദേശം മാറുന്നു, ചുറ്റുമുള്ളവര്‍ മാറുന്നു എന്നു മാത്രം.  കേരളം അദ്ദേഹത്തോടു കാട്ടിയ നന്ദകേടിനുളള പരിഹാരവും ചുട്ടമറുപടിയും കൂടിയാണ് ജോസഫ് ആന്റണിയുടെ ഹരിതഭൂപടം എന്ന പുസ്തകം.


ഹരിതഭൂപടത്തിന്റെ കവറില്‍ ഹോര്‍ത്തൂസിലെ ഒട്ടേറെ ചിത്രങ്ങളുണ്ട്. കൂട്ടത്തില്‍ അവയ്ക്കു മുകളില്‍ വീണുകിടക്കുന്ന വിശറിപോലൊരു പച്ചില.  കുടങ്ങലിന്റെ ഇലയോട് സാമ്യമുള്ള ഇല..എന്നാല്‍ അതിലെ നേരിയ കറുത്ത വരകള്‍ ചിത്രകാരന്റെ ഭാവനയാവാമെന്ന് കരുതുകയായിരുന്നു.
പക്ഷേ,  അത് രണ്ടാം പിറവിയുടെ കഥ പറയുന്ന ഇലയാണെന്നറിഞ്ഞു.
  ജിന്‍കോ ബിലോബ (Ginkgo bilobo) ഇതിനൊരു ചരിത്രമുണ്ട്. ജപ്പാനിലെ ഹിരോഷിമയില്‍ 1945 ല്‍ അമേരിക്ക ബോംബിട്ടപ്പോള്‍ അവിടുള്ള സര്‍വ്വതും നശിച്ചു.  ആസര്‍വ്വനാശത്തിന്റെ വേദിയില്‍ നിന്ന് ആദ്യം മുളച്ചു വന്നത് ഈ മരമായിരുന്നു.  അതിനാല്‍, 'പ്രതീക്ഷയുടെ മര'മെന്നൊരു പേര് ജപ്പാന്‍കാര്‍ ഇതിന് നല്‍കിട്ടുണ്ട്.ഹരിത ഭുപടം കെ എസ് മണിലാലും ഹോര്‍ത്തൂസ് മലബാറിക്കൂസിന്റെ രണ്ടാം പിറവിയും എന്ന പുസ്തകത്തിന് ഈ ചിത്രം ഏന്തുകൊണ്ടും അര്‍ത്ഥവത്താണെന്ന് അത്ഭുതത്തോടെ അറിയുന്നു.


സസ്യശാസ്ത്ര വിദ്യാര്‍ത്ഥികള്‍, കേരളചരിത്രം പഠിക്കുന്നവര്‍, മലയാളഭാഷയുടെയും ലിപിയുടെയും പരിണാമം അറിയാനാഗ്രഹിക്കുന്നവര്‍, കേരളത്തിലെ പരമ്പരാഗത വൈദ്യവിജ്ഞാനം മനസ്സിലാക്കാന്‍ ശ്രമിക്കുന്നവര്‍, അതുമല്ലെങ്കില്‍ അച്ചടിവിദ്യയുടെയും മുദ്രണസങ്കേതങ്ങളുടേയും വികാസപരിണാമ തേടിപ്പോകുന്നവര്‍-ഇതില്‍ ആര്‍ക്കാണ് ഹോര്‍ത്തൂസ് കൂടുതല്‍ പ്രയോജനം ചെയ്യുകയെന്നു പറയാനാകില്ല.

ഹോര്‍ത്തൂസ് മലബാറിക്കൂസ് എന്ന പുസ്തകത്തിലേക്കും അതിന്റെ രണ്ടാം പിറവിക്കു കാരണമായ ഡോ കെ എസ് മണിലാല്‍ എന്ന സസ്യശാസ്ത്രഞ്ജന്റെ ജീവിതത്തിലേക്ക് വഴി തുറക്കുന്ന അസാധരണവും മനോഹരവുമായ പുസ്തകമാണ് ശ്രീ. ജോസഫ് ആന്റണിയുടെ ഹരിതഭൂപടം എന്ന പുസ്തകം.

അതുകൊണഅടു തന്നെ,  ഹരിതഭുപടം വായിച്ചു തീരുമ്പോള്‍ ഹോര്‍ത്തൂസ് മലബാറിക്കൂസ് സ്വന്തമായിട്ട് വേണമെന്നും അത് ഇംഗ്ലീഷിലൂടെ മലയാളിത്തിലെത്തിക്കുകയും എല്ലാസസ്യങ്ങളെയും തിരിച്ചറിഞ്ഞ് വര്‍ഗ്ഗീകരിക്കുകയും ചെയത ഡോ. കെ എസ് മണിലാലിനെ കാണണമെന്നും തോന്നുന്നത് സ്വാഭാവികം മാത്രം.
Monday, January 7, 2013

വാടകവീടുകള്‍


1

കരിമ്പോല മേഞ്ഞ തെങ്ങിന്റെ ചിത്രം വരച്ച മാതിരി ചാണകം മെഴുകിയ വീടായിരുന്നു അത്.  ഞങ്ങളുടെ ആദ്യത്തെ വാടകവീട്.  ഒരു കുഞ്ഞു വരാന്തയും ഒറ്റമുറിയും അടുക്കളയും മാത്രമുണ്ടായിരുന്ന വീട്.   ഒരിക്കലും ഉപയോഗിച്ചു കണ്ടിട്ടില്ലാത്ത ഒരു ഇളം മഞ്ഞ സില്‍ക്ക് ഷര്‍ട്ട് ഞങ്ങള്‍ വരാന്തയുടെ ഒരുമൂലയില്‍ തൂക്കി.  ആ ഫുള്‍ക്കൈയ്യന്‍ ഷര്‍ട്ടിലായിരുന്നു അനിയത്തിയെ മുടിപ്പിന്നല്‍ പഠിപ്പിച്ചത്. അടുത്തുള്ള കൊങ്ങിണിക്കാട്ടില്‍ പോയി ചുവപ്പും റോസും പൂക്കള്‍ കൊണ്ടുവന്ന് ആ മുറ്റത്തായിരുന്നു ആദ്യമായി പൂക്കളമിട്ടത്.  അമ്മച്ചി നട്ടുപിടിപ്പിച്ച സൂര്യകാന്തി പൂക്കള്‍ ഞങ്ങളെ നോക്കിച്ചിരിച്ചു.   പുറത്ത് ഡിസംബറിലെ അസ്ഥിമരക്കുന്ന തണുപ്പിലും കരിമ്പോലകള്‍  ചൂടേകി. 


കമ്മട്ടിപ്പത്തലിന്റെ വേലിയും മുളകൊണ്ടുള്ള വേലിക്കടമ്പയുമുണ്ടായിരിന്നു.  അതിരില്‍ നിന്നിരുന്ന കാട്ടുറബ്ബറില്‍ ചെറിയ പോറലുകള്‍ വീഴ്ത്തി കറയെടുത്തു ഞങ്ങള്‍ പന്തുണ്ടാക്കാന്‍ ശ്രമിച്ചു.  പട്ടിക്കാട്ടിലെ തമിഴത്തിപ്പെണ്ണുങ്ങള്‍ ആ വഴിയാണ് അക്കാതങ്കച്ചി മലയിലേക്ക് വിറകിനു പോയിരുന്നത്.  പുറ്റുമണ്ണുണ്ട കൊതിയോടെ ഇളക്കിയെടുത്ത് അവര്‍  വേലിയില്‍ വെച്ചിട്ടുപോയി.  തിരിച്ചുവരുമ്പോഴവരതെടുത്ത് രുചിയോടെ തിന്നുകൊണ്ടു നടന്നു.  വികൃതിയായ അനിയത്തി അവര്‍ വേലിയില്‍ വെച്ചിട്ടുപോയ പുറ്റുമണ്ണുണ്ടകള്‍ കൈത്തോട്ടിലെറിഞ്ഞു.  വിറകുമായ് വരുന്നവര്‍ പുറ്റുമണ്ണുണ്ട കാണാതെ ആരെയോ പ്രാകിപ്പറഞ്ഞു. 

അമ്മച്ചിയുടെ ജോലിസ്ഥലത്തെ ആ കുഞ്ഞുവീട്ടില്‍ അഞ്ചോ ആറോ മാസമാണ് നിന്നത്.  അപ്പോഴേക്കും മാറ്റം കിട്ടി മറ്റൊരിടത്തേക്ക്.  പക്ഷേ, മറയൂരിലേക്കുള്ള ഏതുയാത്രയിലും ഞാനാ വീടിന്റെ മുറ്റത്തേക്ക് പോകാന്‍ കൊതിച്ചു. 
കുറച്ചുനാള്‍ മുമ്പ് ഞങ്ങള്‍ അവിടേക്ക് പോയി.  മുതിര്‍ന്നതില്‍ പിന്നെ, അല്ലെങ്കില്‍ മറയൂരില്‍ നിന്നുപോന്നതില്‍ പിന്നെ ഞാനും അവളും കൂടി പോയതപ്പോഴായിരുന്നു.  മാടുകള്‍ നടന്നുപോയ അതേ വഴി, അതേ കൈത്തോട്, അടുത്തവീട്ടിലെ മരഗേറ്റ് എല്ലാം അങ്ങനെതന്നെയായിരുന്നു.  പക്ഷേ, വീടുമാത്രം കോണ്‍ക്രീറ്റായിരുന്നു. 

എന്നിട്ടും ആ വീടിനുമുന്നില്‍ ആ വഴിയില്‍ നിന്നപ്പോള്‍ കൂടെയുണ്ടായിരുന്ന ക്യാമറയുണ്ടായിരുന്നയാളോട് അണ്ണാ ഞങ്ങടെയൊരു ഫോട്ടോ എടുക്കാമോ എന്നു ചോദിച്ചു.  അണ്ണനെടുത്ത ഫോട്ടായാകട്ടെ ഞങ്ങളു വിചാരിച്ച പോലെയായതുമില്ല.  ഫോട്ടോ നോക്കുമ്പോഴൊക്കെ എന്തിനായിരുന്നു ഈ ഫോട്ടോ എന്നു ചോദിച്ചുകൊണ്ടിരുന്നു.  അത് ഞങ്ങളുടെ വീടായിരുന്നില്ല.  ഞങ്ങള്‍ താമസിച്ചിരുന്ന വാടകവീടുമായിരുന്നില്ല.  എന്നിട്ടും അന്ന് കാട്ടുറബ്ബര്‍ പോറിച്ച് പാലെടുത്തപ്പോള്‍ കൈയ്യില്‍ പിടിച്ചതിലല്പം മനസ്സിലും പറ്റിപ്പിടിച്ചിരുന്നിരിക്കണം.


അഞ്ചോ ആറോ ഗ്രാനൈറ്റ് ഷോപ്പുകള്‍ക്കു മുന്നിലൂടെയാണ് ദിവസവും യാത്രചെയ്യുന്നത്.  ആ ഷോപ്പുകള്‍ക്കു മുന്നില്‍ ബസ്സു നിര്‍ത്തുമ്പോള്‍ ആ കല്‍പ്പാളികളിലേക്കു തന്നെ നോക്കിയിരിക്കാറുണ്ട്.  ഭൂമിയുടെ ബഹിരാകാശചിത്രമാണ് അതില്‍ പലതിനുമെന്ന് തോന്നാറുണ്ട്.  ചിലപ്പോള്‍ അത് പുരാതന നാഗരിക സംസ്‌ക്കാരത്തിന്റെ കണ്ടെടുക്കപ്പെട്ട അവശിഷ്ടങ്ങള്‍ പോലെ തോന്നിച്ചു. പുഴയൊഴുകുന്നതും വന്‍മരങ്ങള്‍ വീണുകിടക്കുന്നതും കാറ്റടങ്ങിയ മരുഭൂമിയുമെല്ലാമുണ്ടായിരുന്നു ആ കാഴ്ചയില്‍.  ആ കല്‍ചിത്രങ്ങള്‍ അങ്ങനെയെന്തെല്ലാമോ ഓര്‍മിപ്പിച്ചുകൊണ്ടിരുന്നു.  അപ്പോഴൊക്കെ ഓര്‍ത്തു പോകുന്ന മറ്റൊന്ന് ഏതൊക്കെയോ വീടിന്റെ നിലത്തു പതിക്കാനുള്ളതാണല്ലോ ഇവ എന്നായിരുന്നു. 

ഇപ്പോഴത്തെ ടെറസ്സ് വീടുകള്‍ക്ക് വലിയ ആയുസ്സുള്ളതായി കണ്ടിട്ടില്ല.  മിക്കവാറുമാളുകള്‍ പതിനഞ്ചും ഇരുപതും വര്‍ഷത്തെ ദീര്‍ഘകാല വായ്പയെടുത്താണ് വീടു നിര്‍മിക്കുന്നത്.  ആ കാലവധി കഴിയുമ്പോഴേക്കും വീടും ഉപയോഗശൂന്യമായിത്തുടങ്ങും.  പലയിടത്തും ചിതലരിക്കാന്‍ തുടങ്ങും.  ചിലയിടങ്ങളില്‍ ചോര്‍ച്ച, വെള്ളം കാലിക്കല്‍...പുതുതലമുറയ്ക്ക്്് ആ വീടിനോട് ഒരു മമതയുമുണ്ടാവില്ല.  അവര്‍ പുതിയ കാഴ്ച്ചപ്പാടിനനുസരിച്ചുള്ള വീടുകളെക്കുറിച്ച് ആലോചിക്കാന്‍ തുടങ്ങും.  നിലത്തു പതിച്ച ബഹിരാകാശച്ചിത്രത്തിനും ഒരു വിലയുമില്ലാതാകുന്നു.  എന്തിനായിരുന്നു അപ്പോള്‍ വലിയൊരു സംഖ്യ ചെലവാക്കി വീടു പണിതതെന്ന് തോന്നിപ്പോകും. 

വാടക വീടായിരുന്നെങ്കില്‍ ഈ കാലയളവില്‍ നാലിലൊന്നുപോലും ചിലവു വരില്ലായിരുന്നല്ലോ എന്നൊക്കെ വിചാരിക്കും. 
മുമ്പൊക്കെ, വലിയൊരു പറമ്പിനു നടുവിലായിരുന്നു വീട്.  കളപ്പുരയും തൊഴുത്തും കോഴിക്കൂടും ഒക്കെ ചേര്‍ന്നത്.  ഇപ്പോഴത് നാട്ടിന്‍പുറങ്ങളില്‍ പോലും റോഡിനോട് ചേര്‍ന്ന് കുറഞ്ഞ സ്ഥലത്ത് വീടുമാത്രമാകുന്നു.  മുറ്റം പോലും പേരിനാണ്. 
വാടക വീടിനുള്ളില്‍  എപ്പോഴും സ്വന്തമല്ലല്ലോ , എപ്പോഴാണിവിടെ സ്വന്തമായൊരു വീടുണ്ടാവുക എന്ന അശാന്തിയാണ്.  വീട്ടുടമയ്ക്ക് ഇവര്‍ ഒഴിഞ്ഞു പോകാതിരിക്കുമോ എന്നും വാടകക്കാരന് എപ്പോഴാണ് ഒഴിയാന്‍ പറയുന്നത് എന്ന ഭയവും വിടാതെ പിന്തുടര്‍ന്നുകൊണ്ടോയിരിക്കും....

അമ്മച്ചിയുടെ സ്ഥലംമാറ്റങ്ങള്‍ക്കനുസരിച്ച് ഞങ്ങള്‍ വീടുമാറിക്കൊണ്ടിരുന്നു.  മറയൂരില്‍ ഒരു കൊല്ലം തികച്ചപ്പോഴേക്കും ആനച്ചാലിലേക്ക്..അവിടത്തെ ഒരുകൊല്ലം കഴിഞ്ഞപ്പോള്‍ വീണ്ടും മറയൂരിലേക്ക്.  .  മറയൂരിലേക്ക് വീണ്ടും വന്നപ്പോള്‍ കിട്ടിയ വീട്ടുടമസ്ഥര്‍ക്ക് നാലുമക്കളായിരുന്നു.  അതില്‍ ആണ്‍കുട്ടിയായിരുന്നവന്‍ എന്റെ സഹപാഠിയുമായിരുന്നു. അവരുടെ  വീടിനോട് ചേര്‍ന്ന് രണ്ടുമുറിയും നിന്നു തിരിയാന്‍ ഇടമില്ലാത്ത അടുക്കളയുമായിരുന്നു ഞങ്ങളുടേത്.  സ്‌കൂളിലേക്ക് ഒറ്റയോട്ടം മതി. വീടിനെതിര്‍വശത്ത് ് വലിയൊരു ആല്‍മരമുണ്ടായിരുന്നു.  അതിനോട് ചേര്‍ന്ന് ഒറ്റയായി നിന്ന പാറയും. ഞങ്ങള്‍ പേരാല്‍ വള്ളികളില്‍ ഊഞ്ഞാലാടി.  പാറയില്‍ വലിഞ്ഞുകയറി കഥ പറഞ്ഞു. പാട്ടുപാടി...ഊരമ്പലത്തിലെ ഉത്സവത്തിന് ഞങ്ങള്‍ ഇരുവീട്ടിലേയും കുട്ടികള്‍ ഒരുമിച്ചുപോയി.  വള താത്തനില്‍ നിന്ന് വളകള്‍ മേടിച്ചു കിലുക്കി നടന്നു. 
പക്ഷേ, നാലുമാസം കഴിഞ്ഞപ്പോഴൊരു ദിവസം രാവിലെ മൂത്ത ചേച്ചി വന്ന് അമ്മച്ചിയോട് പറഞ്ഞു.
പപ്പ വീടൊഴിയാന്‍ പറയുന്നു എന്ന്. എന്തു കാരണത്താലാണ് അങ്ങനെ പറഞ്ഞതെന്ന് ഇന്നുമെനിക്കറിയില്ല.  വാടകകൊടുക്കാതിരുന്നില്ല.  ബഹളക്കാരുമായിരുന്നില്ല.
അമ്മച്ചി സങ്കടങ്ങള്‍ ഇറക്കിവെച്ചിരിന്നത് കുറച്ചപ്പുറത്ത് താമസിക്കുന്ന ഏലിയാമ്മ ചേച്ചിയുടെയും മാത്തുക്കുട്ടിച്ചേട്ടന്റെയും അടുത്തായിരുന്നു. നേരെ അങ്ങോട്ടോടി.
അതു ഞങ്ങളുടെ തറവാടു പോലെയായിരുന്നു.   പരിഹാരം അവിടെനിന്നുണ്ടാവുമെന്നുറപ്പായിരുന്നു.  അന്നു വൈകിട്ട് സ്‌കൂളുവിട്ടുപോയത് അങ്ങോട്ടാണ്്്്്.   പുതിയൊരു വീടുകണ്ടുപിടിക്കും വരെ അവിടുത്തെ ചുരുങ്ങിയ സൗകര്യങ്ങളില്‍, ചേച്ചിയുടെ കടുമാങ്ങ അച്ചാറും തൈരും ശര്‍ക്കര കടിച്ചുകൂട്ടിയുള്ള കാപ്പികുടിയും പ്രിയപ്പെട്ടതായി...
കുറച്ചു പാത്രങ്ങളും തുണിപ്പെട്ടിയും ഒരു മടക്കുകട്ടിലുമായി പുതിയൊരു വീട്ടിലേക്ക്.  അത് ശരിക്കും പുതിയ വീടായിരുന്നു.  ടാറ്റയുടെ തേയിലത്തോട്ടത്തില്‍ ജോലിയെടുത്തിരുന്ന ലക്ഷ്മിയക്കയും കുടുംബവും പിരിയുമ്പോള്‍ താമസിക്കാന്‍ പണിതിട്ട വീടായിരുന്നു.  പുല്ലുകേറിക്കിടന്ന മുറ്റവും പിന്നാമ്പുറവും.  വൈദ്യുതവെളിച്ചമുണ്ടായിരുന്നു.  തൊട്ടടുത്ത പറമ്പില്‍ കുളമുണ്ടായിരുന്നു.  അതിരില്‍ കൈത്തോടൊഴുകുന്നുണ്ടായിരുന്നു.  മുന്നില്‍ കോവില്‍ക്കടവിലേക്ക്, കാന്തല്ലൂരിലേക്ക് പോകുന്ന റോഡ്...മുന്നില്‍ നിന്നു നോക്കിയാലും പിറകില്‍ നിന്നായാലും സ്വര്‍ഗ്ഗം താണിറങ്ങി വന്നതുപോലെയുണ്ടായിരുന്നു.  ഒരായിരം കിളികളുടെ കലപിലകള്‍..അഴുക്കില്ലായിരുന്നിട്ടോ തണുപ്പായിരുന്നിട്ടോ കാക്കകള്‍ ഇല്ലായിരുന്നു. 

ലക്ഷ്മിയക്കക്ക് പിരിയാന്‍ പതിനൊന്നു വര്‍ഷംകൂടിയുണ്ടായിരുന്നു.  അത്രനാള്‍ താമസിച്ചോളാന്‍ പറഞ്ഞു. മാസം നൂറുരൂപ വാടക. 
അമ്മച്ചി, ആ വീടിനെ സ്വന്തം വീടുപോലെ കരുതി .. വീടിനു വെള്ളയടുപ്പിച്ചു. കമ്മട്ടിപ്പത്തലും കൊങ്ങിണിയും കൊണ്ട് ചുറ്റും വേലികെട്ടി.   തെങ്ങും കപ്പുയും ബീന്‍സും തക്കാളിയും നട്ടു.  മുറ്റത്ത് കുഞ്ഞു പൂന്തോട്ടമുണ്ടായി.  ഇതിനൊക്കെ വെള്ളം നനയ്ക്കാന്‍ കുളമുണ്ടാക്കി. 
നാലുകൊല്ലത്തിലേറെ അവിടെ താമസിച്ച് അടുത്ത സ്ഥലമാററവുമായി മടങ്ങും വരെ വീട്ടുടമസ്ഥര്‍ക്കോ വാടകക്കാര്‍ക്കോ പരാതിയൊന്നുമുണ്ടായില്ല.

പക്ഷേ, ഇപ്പോളോര്‍ക്കുമ്പോള്‍ വലിയൊരു പരാതിതോന്നുന്നു. കക്കൂസില്ലായിരുന്നു.  ഒരുവീടിനും കക്കൂസില്ലായിരുന്നു.  ചന്ദന റിസോര്‍ട്ടിനോ രശ്മി ആശുപത്രിയിലോ ഉണ്ടെങ്കില്‍ ഉണ്ട്.  വേറൊരിടത്തുമില്ല.  എല്ലാരും കാട്ടിലേക്കാണ് പോകുന്നത്.  കാടിരികിലൂടെയാണ് കനാലൊഴുകിയിരുന്നത്.പെട്ടെന്നെങ്ങാനും തോന്നിപ്പോയാല്‍ വയല്‍ വരമ്പിലൂടെ കാട്ടിലേക്കോടണം.  രാത്രിയിലാണെങ്കില്‍ കഷ്ടം തന്നെ.  ആ പ്രദേശത്തെ വലിയ വീട് പഞ്ചായത്ത്്്്് മെമ്പറുടേതായിരുന്നു.  അവരും ഞങ്ങളോടൊത്ത് കാട്ടിലേക്കു നടന്നു.

ഞങ്ങള്‍ കുട്ടികള്‍ കാട്ടിലേക്കുള്ള ദൂരമോര്‍ത്ത്്്് പുതിയൊരിടം കണ്ടു പിടിച്ചിരുന്നു.  അത് താഴെ പൊന്നുത്തായിയക്കയുടെ വയലിനപ്പുറം മററൊരു കൈത്തോടിനരുകിലെ കുററിക്കാടായിരുന്നു.  അതിലെ ആള്‍ നടത്തമൊന്നുമില്ല.  എന്നാലും അങ്ങോട്ടേക്ക് പോക്കു കുറവായിരുന്നു.  ഒരിക്കല്‍ ഞാനുമനിയത്തിയും അവിടെ ഇരിക്കുകയായിരുന്നു.  അപ്പോഴാണ് കുറച്ചു ദൂരെ ആള്‍പ്പെരുമാറ്റം.  വെളുപ്പിനെ മണ്ണാറപ്പെട്ടിയിലോ മറ്റോ പോയി എളുപ്പത്തിന് കരിമ്പുകാട്ടിനുള്ളിലൂടെ നടന്നു വരികയാണ് അയല്‍വീട്ടിലെ ഷാജിച്ചേട്ടനും അച്ഛനും. ഞങ്ങളവരെ കണ്ടതേ വീട്ടിലേക്കോടി.  പക്ഷേ, ഷാജിച്ചേട്ടന്‍ കണ്‍വെട്ടത്തു കണ്ടാലെ വിളിച്ചു തുടങ്ങും ' പച്ച നിക്കറേ, ..നീല നിക്കറേ..'

ഇങ്ങനെ, ഒഴിഞ്ഞുപോക്കിനെക്കുറിച്ച് പേടിപ്പിക്കാത്ത എത്ര വീടുകളുണ്ടെന്ന്് അറിയില്ല.


 കൃത്യമായി വാടക കിട്ടുമോ എന്ന്, കുഴപ്പാക്കാരാണോ എന്ന്്്, ആവശ്യപ്പെടുമ്പോള്‍ വീടൊഴിയുമോ എന്നുമൊക്കെയാണ് വീട്ടുടമയുടെ അലട്ടലുകള്‍.  എങ്ങനെയാണ് വാടകക്കാരന്‍ ഇതിനെല്ലാം ശരിയുത്തരം പറയുക?  വീട്ടുടമയുടെ അലട്ടലുകള്‍ക്ക് ഒരു സ്ഥാനവുമില്ലെന്ന്, ഒരിക്കലും ഒരനിശ്ചിതത്വവും തനിക്കുണ്ടാവില്ലെന്ന് വാടകക്കാരന് എങ്ങനെ പറയാനാവും.? 


 ഔദ്യോഗിക ജീവിതത്തിനിടയില്‍ വളരെക്കുറച്ചു കാലം മാത്രമാണ് അമ്മച്ചി സ്വന്തം വീട്ടില്‍ നിന്ന് പോയി വന്നത്. കുറച്ചുദൂരത്തേക്ക്  തനിച്ച് യാത്ര ചെയ്ത് തുടങ്ങിയത് അമ്മച്ചിയുടെ ജോലി സ്ഥലത്തേക്കാണെന്ന് തോന്നുന്നു.   ആശുപത്രി കണ്ടുപിടിച്ചെങ്കിലും അടച്ചു കഴിഞ്ഞിരുന്നു. പിന്നെ പറഞ്ഞു തന്ന അച്ചും അടയാളവും വെച്ച് വാടകവീട്ടിലേക്ക് നടക്കുകയായിരുന്നു.

 ജ്യേഷ്ഠന്റെയും അനിയന്റെയും ഭാര്യമാര്‍...ഒരാള്‍ ഭര്‍ത്താവ് മരിച്ചവള്‍..മറ്റേയാള്‍ ഭര്‍ത്താവുപേക്ഷിച്ചവള്‍..അവരെ മമ്മിയെന്നും ആന്റിയെന്നും എല്ലാവരും വിളിച്ചു.  അവരായിരുന്നു അപ്പോഴത്തെ വീട്ടുടമസ്ഥര്‍.  മമ്മിയുടെ വാടകക്കാരിയായിരുന്നു അമ്മച്ചി.  പ്രാധാനവീടിനോട് ചേര്‍ന്ന് ഏച്ചുകെട്ടിയുണ്ടാക്കിയതായിരുന്നു വാടകമുറികള്‍.  ഒറ്റമുറികളായി ജോലിക്കാര്‍ക്ക് വാടകയ്ക്ക് കൊടുക്കലായിരുന്നു അവരുടെ വരുമാന മാര്‍ഗ്ഗം. ഏതോ ഉള്‍മുറിയില്‍ മമ്മിയുടെ മകള്‍ക്കൊപ്പമാണ് ഞാനന്ന് ഉറങ്ങിയത് .  നേരം വെളുത്ത്  പുറത്തേക്കു നടന്നപ്പോഴാണ് ഓരോ മുറിയുടെയും ആകൃതി മനസ്സിലാകുന്നത്.  വീടിനു പുറകുവശത്തെ ഭിത്തി വലിയൊരു പാറയായിരുന്നു!
ആ പാറയ്ക്കു മുകളിലെ ഓലിയില്‍ നിന്നായിരുന്നു ഹോസുവഴി  മുറ്റത്തേക്ക് വെള്ളം വന്നുകൊണ്ടിരുന്നത്. 


അത്തയും അമ്മച്ചിയും ദൂരത്തായിരുന്നപ്പോഴൊക്കെ ഞങ്ങള്‍ മൂവരും മുറുക്കുന്നത്തയ്ക്കും ഐഷാബി അമ്മച്ചിയ്ക്കുമൊപ്പമായിരുന്നു. അവരുടെ മരണം ഞങ്ങളെ അനിശ്ചിതത്തിലെത്തിച്ചെന്ന് പറയാം.  അപ്പോഴത്തെ ഞങ്ങളുടെ പ്രായവും പ്രശ്‌നമായിരുന്നെന്ന് തോന്നുന്നു.
ഞാനും അനിയത്തിയും അത്തയുടെ അടുത്തേക്ക്, ഒരു ലൈന്‍ വാടകവീട്ടിലേക്ക് ..
ഒരു നീളന്‍ വരാന്തയും ആറുകുടുംബങ്ങളും. അമ്മ അടുത്തില്ലാത്ത കുട്ടികളെന്ന നിലയില്‍ അയല്‍ക്കാരികള്‍ പ്രത്യേക പരിഗണന കാണിച്ചിരുന്നു.  നല്ലൊരു കറിയുണ്ടാക്കുമ്പോള്‍, പലഹാരമുണ്ടാക്കുമ്പോള്‍ അതിലൊരു പങ്ക് ഞങ്ങള്‍ക്കു തന്നു.  വിശേഷാവസരങ്ങളില്‍ കൂടെക്കൂട്ടി.  ആറുവീട്ടുകാര്‍ക്കും കൂടി നാലുകക്കൂസും രണ്ടു കുളിമുറിയുമായിരുന്നു ഉണ്ടായിരുന്നത്.  ആരുടേതെന്ന് അത്ര നിശ്ചയമില്ലാത്തതിനാല്‍ അതെപ്പോഴും വൃത്തികെട്ടു കിടന്നു.  കുളിമുറി ഭേദമായിരുന്നെങ്കിലും  രാവിലെ കുളിക്കാന്‍ ക്യൂ നില്‌ക്കേണ്ടിയിരുന്നു. 

അവിടെ വെച്ചാണ് ആദ്യമായി കഥയെഴുതുന്നത്.  ശരിക്കുപറഞ്ഞാല്‍ സ്വന്തം നാട്ടില്‍ നിന്ന്, വീട്ടില്‍ നിന്ന് സ്വന്തമെന്നു കരുതിയ പലതില്‍ നിന്നുമുള്ള വിട്ടുപോരലായിരുന്നു വ്യക്തമായ എഴുത്തിലേക്ക് കൊണ്ടെത്തിച്ചത്.  ഒരിക്കലും കഥയെഴുതണം എന്നു വിചാരിക്കാതെ എഴുതിപ്പോയത്...എഴുത്തുകാരുടെ, കലാകാരന്മാരുടെ കുറിപ്പുകള്‍ വായിക്കുമ്പോള്‍ ശ്രദ്ധിച്ചിട്ടുണ്ട്, വാടകവീട്ടിലായിരിക്കുമ്പോള്‍ സര്‍ഗ്ഗാത്മകതയ്ക്ക് കൂടുതല്‍ ഉത്തേജനം കിട്ടുന്നതായിട്ട്് ...
ആ വാടകവീടില്ലായിരുന്നുവെങ്കില്‍ എഴുത്തുജീവിതമോ ഇന്നത്തെ കുടുംബജീവിതമോ ഉണ്ടാവുമായിരുന്നില്ല എന്നാണ് തോന്നുന്നത്. 
'വീട്ടിലേയും കോളേജിലേയും വിലാസം വാങ്ങിയ സുഹൃത്താണ്..ഓര്‍മയില്ലേ?' എന്നു ചോദിച്ചു കൊണ്ട്്്്്്്്  പോസ്റ്റ് കാര്‍ഡില്‍ വന്ന കത്ത്...മൂന്നാലു വര്‍ഷത്തിനുശേഷം ആ  സൗഹൃദം 'ഞങ്ങള്‍' എന്ന വാക്കായി മാറി.  

തൊട്ടടുത്ത വീട്ടില്‍ കൈയ്യും കാലും ഇളക്കാന്‍ പോലും പറ്റാത്ത ഒരു കുഞ്ഞുണ്ടായിരുന്നു.  ഒരു വയസ്സായിട്ടും ചിരിക്കുകയല്ലാതെ അതൊന്നും ചെയ്യില്ലായിരുന്നു. കൈയ്യുംകാലും പെന്‍സിലുപോലിരുന്നു. ലൈന്‍ കെട്ടിടത്തിന്റെ പിന്നില്‍ കുറേ ഒഴിഞ്ഞ സ്ഥലമുണ്ട്.  അവിടെ കുറേ പപ്പായ മരങ്ങളും.  രണ്ടാമതു കുഞ്ഞുണ്ടാവാന്‍ അതിന്റെ അമ്മയ്ക്കിഷ്ടമായിരുന്നില്ലത്രേ! ഗര്‍ഭിണിയാണെന്ന് അറിഞ്ഞപ്പോള്‍ മുതല്‍  മൂത്തതും മൂക്കാത്തതുമായ പപ്പായ പറിച്ച് കറിവെച്ചും പച്ചയ്ക്കുമൊക്കെ തിന്നിരുന്നുപോലും.  ഗര്‍ഭഛിദ്രത്തിന്റെ പ്രാകൃത വഴി!
പക്ഷേ, ആ കുഞ്ഞ് ജനിച്ചു. 
അവളെ നോക്കാന്‍ ഒരു ചേച്ചി നിന്നിരുന്നു.  അവര്‍ക്ക് പുള്ളിയും വരകളുമുള്ള വസ്ത്രങ്ങളിഷ്ടമായിരുന്നില്ല.  അത്തരം വസ്ത്രങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ വികലമനസ്സിനുടമകളാണെന്ന്്് അവര്‍ പറഞ്ഞുകൊണ്ടിരുന്നു.

അയല്‍വീട്ടിലെ തങ്കമണി ഒരുദിവസം എന്നെയും കൂട്ടി കുറച്ചദൂരെയുള്ള റബ്ബര്‍തോട്ടത്തിനുള്ളിലൂടെ നടന്നു.  അതിനപ്പുറത്തുള്ള ഒരു വീട്ടില്‍ നിന്ന് പുസ്തകം വാങ്ങുകയായിരുന്നു ലക്ഷ്യം.  അത്ര ദൂരത്തൊരുവീടുമായി തങ്കമണിക്കെങ്ങനെ പരിചയമെന്ന് അത്ഭുതം തോന്നിയിരുന്നു.  ടൈപ്പു പഠിക്കാന്‍ പോകുമ്പോഴുള്ള അടുപ്പമാണെന്ന് അവള്‍ പറഞ്ഞു. 
പക്ഷേ, റബ്ബര്‍ തോട്ടത്തിനു നടുവിലെ കല്ലുവെട്ടുകുഴി കാണിക്കാനാണ് അവളെന്നെ കൊണ്ടുപോയത്.  വളരെ ആഴമുള്ള കുഴിയായിരുന്നു അത്.  അതില്‍ പകുതിയോളം വെള്ളം.  പടികളിറങ്ങി വെള്ളത്തിലേക്ക് കാലുകളിട്ടിരുന്നു.  പേടിപ്പെടുത്തുന്ന നിശബ്ദതയായിരുന്നു അവിടെ. ..
പെട്ടെന്നവള്‍ പൊട്ടിക്കരഞ്ഞു.  എന്തിനെന്നറിയാതെ ഞാന്‍ അമ്പരുന്നു.  കടുംപച്ചയായി കിടന്നിരുന്ന വെള്ളത്തില്‍ മുഖം കഴുകി അവളെന്നോടു ചോദിച്ചു
'താന്‍ ആരെയെങ്കിലും പ്രേമിക്കുന്നുണ്ടോ?' 
ഒരുത്തരം പറയുംമുമ്പേ അടുത്ത ചോദ്യം വന്നു
'അവന്‍ വീട്ടില്‍ ഒറ്റമകനാണോ?  എങ്കില്‍  മറക്കാന്‍ ശ്രമിച്ചോ ഇപ്പോഴേ'...

ഏതോ ഒറ്റമകനെ പ്രണയിച്ച പെണ്ണായിരുന്നു തങ്കമണി.  വീട്ടുകാരുടെ നിര്‍ബന്ധത്തില്‍ ഒറ്റമകന് നിന്നു കൊടുക്കേണ്ടി വന്നപ്പോള്‍ തങ്കമണി കരഞ്ഞുകൊണ്ടുമിരുന്നു.

അവളുടെ കരച്ചിലിന് കാത്തിരിപ്പിന്റെ നിറംപോലുമില്ലായിരുന്നു. 
  നാലോ അഞ്ചോ കൊല്ലം മുമ്പ് ഞങ്ങളുടെ വീടിനടുത്ത് ഒരു ഓലപ്പുരയില്‍ വാടകയ്ക്ക് താമസിച്ചുപോയൊരു പയ്യനെ കാത്തിരുന്ന കൂട്ടുകാരിയുണ്ടായിരുന്നു.  ഫോണ്‍തീരെയില്ലായിരുന്നൊരു കാലം.  കത്തുകളൊന്നും വന്നതുമില്ല.  എന്നിട്ടും അവള്‍ കാത്തിരുന്നു.
  വരും വരാതിരിക്കില്ല...
.
(തുടരും)