Friday, December 8, 2017

വാക്കും വിഷവും


വാക്കുകള്‍ നൃത്തം ചെയ്യുന്നു ചുറ്റും. പല രീതികളില്‍, ഭാവങ്ങളില്‍, രസങ്ങളില്‍,
ധ്വനികളില്‍, താളങ്ങളില്‍... പക്ഷേ, ചിലത് നമ്മെ സന്തോഷിപ്പിക്കുന്നു,
സമാധാനിപ്പിക്കുന്നു, ചിരിപ്പിക്കുന്നു, ചിന്തിപ്പിക്കുന്നു... എന്നാല്‍ മറ്റു
ചില വാക്കുകള്‍ ദു:ഖിപ്പിക്കുന്നു, മിന്നല്‍ പോലെ ഹൃദയത്തെ മുറിവേല്‍പ്പിക്കുന്നു,
തീരാവേദന നല്‍കുന്നു. ശപിക്കാനും അനുഗ്രഹിക്കാനും വാക്കുകള്‍ വേണം. ഒന്ന്
ജീവിതകാലം മുഴുവനും വേദനയുണ്ടാക്കുമ്പോള്‍ രണ്ടാമത്തേത് ആഹ്ലാദമുണ്ടാക്കുന്നു.
ഒരു വ്യക്തിയുടെ ജീവിതത്തില്‍ വിജയപരാജയങ്ങളെ വരെ സ്വാധീനിക്കുന്നു ഇത്തരം
വാക്കുകള്‍.


വാക്കിനെ നിര്‍വ്വചിക്കുക എന്നത് ഭാഷാശാസ്ത്രഞ്ജന്‍മാര്‍ക്ക് കീറാമുട്ടിയാണ്. .
ഏറ്റവും ചെറിയ സ്വതന്ത്ര ഭാഷായൂണിറ്റ് എന്ന് ബ്ലൂം ഫീല്‍ഡ് നിര്‍വ്വചിക്കുന്നു.
പ്രയോഗത്തിനു തയ്യാറുള്ള ശബ്ദത്തിന് പദം എന്നു പറയാമെന്ന് കേരളപാണിനി .
ഏതായാലും നാം ആശയ വിനിമയത്തിനുപയോഗിക്കുന്ന ശക്തമായ ഉപാധിയാണ്
വാക്കുകള്‍. ചിലപ്പോള്‍ വാക്കുകള്‍ അമൃതാകുന്നു. മറ്റു ചിലപ്പോള്‍ വിഷവും.
പാരമ്പര്യ വിഷചികിത്സയില്‍ വിഷങ്ങളുടെ പട്ടികയില്‍ വാക്കുമുണ്ട്.
വിഷാദം ജനയതി വിഷഃ .
വിഷാദം ഉണ്ടാക്കുന്നതെന്തായാലും അത് വിഷമാകുന്നു. വാക്കായാലും.
പ്രജകളെ സൃഷ്ടിച്ചുകൊണ്ടിരുന്നു ബ്രഹ്മാവിനെ കൈടഭാസുരന്‍ എന്നൊരു അഹങ്കാരി
തടസ്സപ്പെടുത്തിയത്രെ ! അതുകണ്ട് കോപിച്ച ബ്രഹ്മാവിന്റെ മുഖത്തുനിന്നും
ക്രോധം മൂര്‍ത്തീകരിച്ച് അതിദാരുണമായ ഒരു മൂര്‍ത്തി താഴെ വീണു.
അലറിക്കൊണ്ടിരുന്നവനും അന്തകനെപ്പോലെ ബലവാനുമായ കൈടഭാസനെ ആ മൂര്‍ത്തി
ദഹിപ്പിച്ചുകളഞ്ഞു. അതിനുശേഷവും ആ ക്രോധ മൂര്‍ത്തിയുടെ തേജസ്സ് അത്ഭുതമാംവണ്ണം
വര്‍ദ്ധിക്കുവാന്‍ തുടങ്ങി. അവനെ കണ്ടിട്ട് ദേവന്മാര്‍ക്ക് വിഷാദമുണ്ടായി . ആ വിഷാദം
ഉണ്ടാക്കിയതിന് വിഷം എന്നു പറയുന്നു. പ്രജകളെയെല്ലാം സൃഷ്ടിച്ചശേഷം ബ്രഹ്മാവ്
ആ മൂര്‍ത്തിയെ സൂക്ഷ്മമായി വിഭജിച്ച് ഭൂമിയിലെ സ്ഥാവരങ്ങളും ജംഗമങ്ങളുമായ എല്ലാ
ഭൂതങ്ങളിലും വെച്ചു കൊടുത്തു എന്നാണ് സുശ്രുതാചാര്യന്‍ അഭിപ്രായപ്പെട്ടത്.
അപ്പോള്‍ വിഷാദത്തില്‍ നിന്നാണ് വിഷമുണ്ടായത്. വാക്കും വിഷാദത്തിന്
കാരണമാകുന്നുവെങ്കില്‍ വിഷമാകുന്നു.
വിഷജീവികള്‍ ഏതു കടിച്ചാലും മരുന്നുണ്ട്. പക്ഷേ, വാക്കിലൂടെ ഉണ്ടായ വിഷം ഒരു
മരുന്നുകൊണ്ടും സുഖപ്പെടുത്താനാവില്ലെന്ന് വിഷവൈദ്യരംഗത്ത് പ്രശസ്തയായ വിമല
അന്തര്‍ജ്ജനം പറയുന്നു.
വൃദ്ധ കാശ്യപന്‍ സൂക്ഷ്മമെന്നും സ്ഥൂലമെന്നും വിഷത്തെ രണ്ടായി
തിരിക്കുന്നുണ്ട്. സര്‍പ്പങ്ങളുടേയും ജീവികളുടേയും മറ്റും വിഷം സ്ഥൂല വിഭാഗത്തില്‍
പെടുന്നു. സൂക്ഷ്മ വിഷങ്ങളൊന്നും ദൃഷ്ടിഗോചരങ്ങളല്ല.
അതില്‍ പ്രധാനമാണ് ശബ്ദിക വിഷം. ഖര, അതിഖര, അനുനാസിക ശബ്ദങ്ങള്‍ കര്‍ണ്ണത്തിലൂടെ
ദേഹത്ത് ചെന്നുണ്ടാക്കുന്ന വിഷമാണിതെന്ന് വിശദീകരിക്കുന്നു. ഇതിന്
ഉഷ്ണവീര്യമാണുള്ളതെന്നും കാലക്രമേണ രക്തത്തെ ദുഷിപ്പിച്ച് ധാതുക്കളുടെ
കെട്ടുറപ്പിനെ അയച്ച് മന്ദത്വവും മൂഢത്വവും ജഡത്വവും വരുത്തുന്നുവെന്നും
പറയുന്നു.
ചിലര്‍ പറയാറുണ്ട് അവന്‍ പറഞ്ഞ വാക്കുകളെന്നെ നിരന്തരം വേട്ടയാടുന്നുവെന്ന്. പറയാന്‍
പാടില്ലാത്ത എന്തെല്ലാം വാക്കുകളാണ് കേട്ടത് എന്ന്. നാവ് പുഴുത്തു
പോകുന്നില്ലല്ലോ എന്ന്. ചിലരുടെ വാക്കുകള്‍ കരിനാക്കിന്‍ പ്രയോഗങ്ങളാണെന്ന്
വിശ്വസിക്കുന്നു. ചിലര്‍ കുഞ്ഞുങ്ങളിലും മറ്റുമുണ്ടാന്ന അസുഖങ്ങളും അസ്വസ്ഥതകളും
നാവു ദോഷത്തില്‍ നിന്നു വന്നതാണെന്ന് വിശ്വസിച്ച് നാവൂറ് പാടിച്ച് ദോഷം
തീര്‍ക്കുന്നു. ചിലര്‍ മാന്ത്രിക ക്രിയകള്‍ക്കു പോകുന്നു. എല്ലാത്തിനു പിന്നിലും
വാക്കാണ് .
രാഷട്രീയ നേതാക്കളുടെ പ്രസംഗങ്ങളിലെ ചില വാക്കുകള്‍ എത്രയോ പേരെ
ചൊടിപ്പിക്കുന്നു. എന്തിനിത്തരത്തിലെ പ്രയോഗങ്ങളെന്നു പറയുന്നു. സീസറും
മാര്‍ക്ക് ആന്റണിയും വിവേകാനന്ദനും വാക്കുകളെ അമ്മാനമാടി ഉയര്‍ന്നവരാണ്.
സുകുമാര്‍ അഴീക്കോടും സുനില്‍ പി ഇളയിടവും പി.കെ. രാജശേഖരനുമൊക്കെ വാക്കിന്റെ
മൂന്നാംകര കാണിച്ചു തരുന്നു.
ദുര്‍മൂര്‍ത്തികളെപ്പോലെ നാം ചില നേരത്ത് ഉറഞ്ഞു തുള്ളുന്നു. അസഭ്യങ്ങള്‍ക്കും
ഏഷണിക്കും പരദൂഷണങ്ങള്‍ക്കും ഉപയോഗിക്കുന്നതും വാക്കുകള്‍ തന്നെ.
വാക്ക് ചിലപ്പോള്‍ അസഹനീയമാകുന്നു - ആരില്‍ നിന്ന് വരുന്നുവെങ്കിലും. ചിലര്‍ കൈ
കൊട്ടുന്ന വാക്കുകള്‍ മറ്റുള്ളവര്‍ക്ക് അസ്വസ്ഥതയുണ്ടാക്കുന്നു. വാക്കുകള്‍
എറിഞ്ഞാണ് അസഹിഷ്ണുത പടര്‍ത്തുന്നത്. മസ്തിഷ്‌ക്കപ്രക്ഷാളനം നടക്കുന്നത്
വാക്കുകളിലൂടെയാണ്. അവിടെ വാക്കുകള്‍ വിഷമാകുന്നു.
ജീവനെ നശിപ്പിക്കുക എന്ന കര്‍മ്മവുമായി നടക്കുന്ന വിഷം വാക്കുകളുടെ രൂപത്തില്‍
നമുക്ക് ചുറ്റും തക്കം പാര്‍ത്തിരിക്കുന്നു. എപ്പോള്‍ വേണമെങ്കിലും നുണയുടെ
രൂപത്തില്‍, കെണിയുടെ ഭാവത്തില്‍, ക്രോധത്തില്‍, അസഭ്യ രൂപങ്ങളില്‍, ശാപവാക്കുകളാല്‍
തുടങ്ങി ഏതു വിധത്തിലും കര്‍ണ്ണങ്ങളിലൂടെ വിഷമായി അവ ശരീരത്തിലെത്താം. ജീവിതകാലം
മുഴുവന്‍ ഉമിത്തീയില്‍ എരിയാം. പല വിധ പീഡകള്‍ തോന്നാം. അസ്വസ്ഥമാക്കാം. പക്ഷേ
അപ്പോഴെല്ലാം അറിവാണ് മനസ്സിനെ ഏകാഗ്രമാക്കേണ്ടത്...
ആധുനീക കാലത്ത് വാക്കിന്റെ ദുരുപയോഗത്തെ ശ്രദ്ധിച്ചു കൊണ്ടേയിരിക്കുക...
കുറഞ്ഞ മാത്രയില്‍ അമൃതാകുന്ന ഒന്ന് (ഔഷധം) കൂടിയ മാത്രയില്‍ വിഷമാകുന്നു.
എന്നാല്‍ എല്ലാ വാക്കും വിഷമാകുന്നില്ല. വിഷവും അമൃതും ഒന്നില്‍ നിന്നുണ്ടായി
എന്നു പറയും പോലെയാണത്. ഒരു ദ്രവ്യം വിഷവും അമൃതുമാകുന്നത് അതിനെ സംബന്ധിച്ച
അറിവില്‍ നിന്നാണ്.
വിദ്യാഭ്യാസത്തിലൂടെ നാം അറിവാണ് നേടുന്നത് എന്നു പറയുന്നുണ്ടെങ്കിലും അത്
കേവല അറിവു മാത്രമാണ്. അതുകൊണ്ടാണ് വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ വിഷമേതെന്നോ
അമൃതേതെന്നോ തിരിച്ചറിയാതെ പോകുന്നത്. അമൃതാകാവുന്ന വാക്കുകള്‍ ഉപയോഗിക്കാന്‍
ശീലിക്കേണ്ടിയിരിക്കുന്നു. അറിവിന്റെ മന്ത്രമാണ് പഠിക്കേണ്ടത് .
കുറിപ്പ്
ദ്രവ്യം -ഭക്ഷണമായും മരുന്നായും ഉപയോഗിക്കാവുന്ന വസ്തു.
സഹായക ഗ്രന്ഥങ്ങള്‍
ക്രിയാകൗമുദി - വി.എം. കുട്ടിക്കൃഷ്ണമേനോന്‍
ചരകസംഹിത
സുശ്രുതസംഹിത

ജീവിതം: വാതിലിന് അപ്പുറവും ഇപ്പുറവും


പണ്ട്, ഞങ്ങളുടെ വീടിന് ദുര്‍ബലമായ വാതിലുകളാണുണ്ടായിരുന്നത്. പട്ടിയോ പൂച്ചയോ കോഴിയോ ഒക്കെ അകത്തേക്ക് പെട്ടെന്ന് കയറി വരാന്‍ പറ്റാത്തവിധം മാത്രം... അടച്ചുറപ്പ് എന്നൊരു സങ്കല്പമേ വീട്ടിലുള്ളവര്‍ക്ക് ഉണ്ടായിരുന്നില്ലെന്നു തോന്നുന്നു. ചില സന്ദര്‍ഭങ്ങളില്‍ വാതില്‍ തന്നെ ഇല്ലാതിരുന്നിട്ടുണ്ട്. അന്നേരത്തൊക്കെ വീട്ടിനുള്ളിലേക്ക് പതുങ്ങി പതുങ്ങി കടന്നു വന്നത് നിലാവുമാത്രമായിരുന്നു!
ഇന്ന് ലോക്കറുകളിലേക്ക്, ബാങ്കുകളിലേക്ക് രഹസ്യപ്പൂട്ടുകളിലേക്ക് നാം മാറുന്നു. എവിടെയും അതീവ സുരക്ഷിതത്വം ആഗ്രഹിക്കുന്നു. അരക്ഷിതബോധത്തില്‍ നിന്നാണ് സുരക്ഷാബോധമുണ്ടാവുന്നത്.

മനുഷ്യരെന്നും സുരക്ഷിതരാവാന്‍ ശ്രമിച്ചിട്ടുണ്ട്, മോഹിച്ചിട്ടുണ്ട് - പ്രകൃതി അങ്ങനെയൊന്നും കനിഞ്ഞനുഗ്രഹിച്ചിട്ടില്ലെങ്കിലും...
ആദിമ മനുഷ്യന്റെ കൂടെപ്പിറപ്പായിരുന്നു ഭയം. പ്രകൃതി കോപങ്ങളെ, ഇഴജീവികളെ, വന്യമൃഗങ്ങളെ, ഇരുട്ടിനെ, കാടിനെ എല്ലാം മനുഷ്യന്‍ ഭയന്നു. അവര്‍ക്കെതിരെ പ്രതിരോധം തീര്‍ക്കാന്‍ ശ്രമിച്ചു. കീഴടക്കാന്‍ സാധിക്കാത്തതിനെ ആരാധിക്കാനും വണങ്ങാനും തനിക്കുമേല്‍ പ്രതിഷ്ഠിക്കുവാനും ശ്രമിച്ചു. എല്ലാം കരുതലുകളില്‍ നിന്നാണ് . സുരക്ഷയെപ്പറ്റിയുള്ള ചിന്തകളില്‍ നിന്നാണ്.
ഇപ്പോള്‍ സമൂഹമൊന്നാകെ സുരക്ഷയെപ്പറ്റിയോര്‍ത്ത് വേവലാതിപ്പെടുന്നു. എങ്ങനെ പുറത്തേക്കിറങ്ങുമെന്നും എങ്ങനെ ഒരിടം വരെ പോകുമെന്നും തുടങ്ങി സുരക്ഷയെപ്പറ്റിയുള്ള ചിന്തകളാണ് ഏറെപ്പേര്‍ക്കും?
എന്തിനാണിത്ര ഭയം?
ഇത്രയേറെ ഭയപ്പെടേണ്ടതുണ്ടോ? സുരക്ഷാ ബോധം കൂടുന്നത് സാമൂഹ്യ പരിണാമത്തിന് വിഘാതമാവുന്നില്ലേ?
സുരക്ഷിതമായ ജോലി, ദാമ്പത്യം, സ്വത്ത്, ജീവിതം... എല്ലായിടവും സുരക്ഷിതമായിരിക്കാന്‍ നാം ആഗ്രഹിക്കുന്നു. സര്‍ക്കാര്‍ ജോലി സ്ഥിര ജോലി എന്നതൊക്കെ സുരക്ഷിതത്വത്തെ മുന്‍നിര്‍ത്തി ആഗ്രഹിക്കുന്നതാണ്.
ഈ സുരക്ഷയില്‍ നിന്ന് നേടിയെടുക്കാവുന്ന ചില തേയുള്ളു. പക്ഷേ, ഏറെ ആഗ്രഹങ്ങള്‍ നഷ്ടമാവുന്നു. സ്വാതന്ത്ര്യം പണയം വെയ്ക്കുന്നു.
വളരെ ചെറുപ്പക്കാരനായ റെയില്‍വേ ക്ലര്‍ക്കില്‍ നിന്ന് ടിക്കറ്റു വാങ്ങുമ്പോള്‍ ചുറ്റുമുള്ളവര്‍ സംസാരിച്ചത് അയാളെക്കുറിച്ചാണ്.
ചെറുപ്പത്തിലെ സ്ഥിര ജോലി ലഭിച്ചതില്‍ ആശ്ചര്യപ്പെട്ടു ചിലര്‍. പരീക്ഷ പാസാവാനെടുത്ത ബുദ്ധിയെ ശ്ലാഘിച്ചു. പ്രായം കുറവുള്ള ഇവന് നാല്പതു വര്‍ഷത്തോളം സര്‍വ്വീസ് ലഭിക്കുന്നു. ഭാഗ്യം!
എന്നാല്‍ അതു കേട്ടു നിന്ന കല്പറ്റ നാരായണന്‍ മാഷ് പറഞ്ഞത് എല്ലാവരും അകപ്പെടാന്‍ ആഗ്രഹിക്കുന്ന വിരസതയുടെ -സര്‍ക്കാര്‍ ഉദ്യോഗത്തിന്റെ ജയിലില്‍ അയാള്‍ എത്ര കാലം തള്ളിനീക്കണം എന്നാണ്.
നാളെയുടെ തൊഴിലിനെപ്പറ്റി ഉറപ്പൊന്നുമില്ലാത്ത ഒരു കൂലിപ്പണിക്കാരന്റെ സ്വാതന്ത്ര്യം മഹത്തരമാണ് - ഉറപ്പുകളൊന്നുമില്ലെങ്കിലും.
എത്ര ഉയരത്തില്‍ മതില്‍ കെട്ടി അതിനകത്തിരുന്ന് അങ്ങേയറ്റം സുരക്ഷിതമാണെന്നു പറഞ്ഞാലും അതൊന്നും സുരക്ഷിതമല്ലെന്നതാണ് സത്യവും പാഠവും. വിശന്നു വലഞ ദരിദ്രര്‍ സമ്പന്നന്റെ മതിലുകള്‍ തകര്‍ത്ത് പ്രക്ഷോഭമുണ്ടാക്കിയതിന് ചരിത്രം സാക്ഷി! അത് റഷ്യയിലും ഫ്രാന്‍സിലും ജര്‍മനിയിലുമൊക്കെയെന്നത് യാഥാര്‍ത്ഥ്യം മാത്രം. ഒരു മതിലും സുരക്ഷ ഉറപ്പു തരുന്നില്ല.
സുരക്ഷ എന്നത് നാഗരിക ജീവിതത്തിന്റെ വാക്കാണ്. രാജ ഭരണമോ, നാടുവാഴിത്തമോ, ജനാധിപത്യമോ എന്തുമാകട്ടെ, ഏതു കാലത്തും സമൂഹം പ്രതീക്ഷിക്കുന്നത് ഭരിക്കുന്നവര്‍ സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്തണമെന്നാണ്. പക്ഷേ, എല്ലാ സുരക്ഷയും ഭരണാധികാരികളുടെ ഉത്തരവാദിത്വമല്ല. നിര്‍വ്വചനങ്ങളില്‍ ഒതുങ്ങുന്ന സുരക്ഷയേ ഉറപ്പു വരുത്താനാവൂ - ഏത് വികസിത ദേശത്തും.
ഒരു പറ്റം മാധ്യമ വിദ്യാര്‍ത്ഥികള്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയോട് സംവദിക്കുന്ന സമയത്ത് പലപ്പോഴും സുരക്ഷയ്ക്ക് ഭീഷണിയായ ഇടങ്ങളേക്കുറിച്ച് , ഇന്നത്തെക്കാലത്തെ സുരക്ഷിതമില്ലായ്മയെക്കുറിച്ച് ( പറഞ്ഞു പെരുപ്പിക്കുന്ന) ചോദിച്ചു കൊണ്ടേയിരുന്നു... മാധ്യമ പ്രവര്‍ത്തകരാകാന്‍ ശീലിക്കുന്നവര്‍ സുരക്ഷയെപ്പറ്റി ഒരു വാക്കും ഉച്ചരിക്കരുതെന്നാണ് എന്റെ പക്ഷം. സുരക്ഷയെ ഓര്‍ത്ത് മാറി നിന്നാല്‍ സത്യം മൂടിവെയ്ക്കപ്പെടും. മൂന്നു തൂണുകള്‍ക്കും തുരുമ്പെടുക്കുമ്പോള്‍ താങ്ങേണ്ട നാലാം തൂണായിരിക്കും ആദ്യം വീഴുക - നീതി എന്നൊന്നില്ലാതെ വരും. മനസ്സിനു ബലം കുറയുമ്പോഴാണ് നാം സുരക്ഷിതത്തെക്കുറിച്ച് ചിന്തിക്കുന്നത്.
സുരക്ഷിതത്വം എന്നത് ഓരോരുത്തരും ഉണ്ടാക്കുന്ന മതില്‍ക്കെട്ടാണ് ... ഒരുതരത്തില്‍ പറഞ്ഞാല്‍ മായ..
സുരക്ഷിതബോധം കൂടാതെ പുതിയ വഴി തേടിയവരാണ് ഈ ലോകത്ത് മാറ്റമുണ്ടാക്കിയവര്‍.
രോഗങ്ങള്‍, അപകടങ്ങള്‍, കവര്‍ച്ച, പ്രകൃതിദുരന്തങ്ങള്‍ തുടങ്ങി എന്തും എവിടെ വെച്ചും സംഭവിക്കാം. അനാവശ്യ സുരക്ഷിത ബോധമുള്ളവരായതുകൊണ്ടാണ് ഇന്‍ഷുറന്‍സ് ബിസിനസ് ഇവിടെ തഴച്ചു വളരുന്നത്.
ആരോഗ്യനികേതനം എന്ന നോവലില്‍ രംഗലാല്‍ ഡോക്ടര്‍ പലപ്പോഴും പറഞ്ഞത് ജീവന്‍ മശായ് ഓര്‍ക്കുന്നുണ്ട്.
I can cure diseases but I can't prevent death
ഒരു രാജ്യം എത്ര സുരക്ഷിതത്വം ഉറപ്പു തന്നാലും ഭരണാധികാരി ഉറപ്പു തന്നാലും പ്രിയപ്പെട്ടവര്‍ ഉറപ്പു തന്നാലും അതിനെല്ലാം അപ്പുറത്താണ് സുരക്ഷ എന്ന അവസ്ഥ.
കിം ജോങ്ങ് യുന്‍ എപ്പോഴും പറഞ്ഞു കൊണ്ടിരിക്കുന്ന ആണവായുധങ്ങള്‍ , ഡൊണാള്‍ഡ് ട്രംപന്റെ മറുമൊഴി മറ്റൊന്നാണ്. .. ഐസിസ് വേറൊന്നാണ്, ആരും എപ്പോഴും നാം കെട്ടിപ്പടുത്തുവെന്നു കരുതുന്ന ഏതു സുരക്ഷയേയും തകര്‍ക്കാം.
ഈ ഭൂമി ജീവിക്കാന്‍ ഒരു സുരക്ഷിതത്വവും ഉള്ള ഇടമല്ല എന്ന് ഒന്നാം ലോക മഹായുദ്ധശേഷം, സുരക്ഷിതരെന്ന് കരുതിയ യൂറോപ്പിനെക്കുറിച്ച് ടി.എസ് എലിയറ്റ് വെയ്സ്റ്റ് ലാന്‍ഡില്‍ പാടിയ പോലെ...
മുമ്പ് നാം യക്ഷികളെ, പിശാചിനെ പേടിച്ചു ഇരുട്ടില്‍. അന്ന് എങ്ങും ഇരുട്ടായിരുന്നു. വൈദ്യുതി വന്നതോടെ അവയെല്ലാം മറ്റെങ്ങോ പോയി. പുതു തലമുറ ഇങ്ങനെ ചിലതുണ്ടായിരുന്നു നാട്ടിലെന്നു പറഞ്ഞാല്‍ ആശ്ചര്യപ്പെടും. അതു പോലെയാണ് നാം മനസ്സില്‍ കൊണ്ടു നടക്കുന്ന അപകട ഭീഷണികള്‍.
പണ്ട്, കാടുവെട്ടി കൃഷിയിറക്കി വീടുവെച്ചവരാണ് കാരണവന്മാര്‍... കുടുംബപരമായി മന്ത്രവാദികളുമായിരുന്നു. അവര്‍ പിശാചിനെ ഓടിക്കാന്‍ പേരു കേട്ടവരായിരുന്നു. എന്തെല്ലാമോ ഉപദവിക്കാന്‍ , അപകടപ്പെടുത്താന്‍ ഉണ്ടെന്നു കരുതി അവര്‍ വീടിനു ചുറ്റും ഒരു മായിക വലയം തീര്‍ത്തു! സുരക്ഷയ്ക്ക് വേണ്ടി. ആ വലയം കണ്ണുകൊണ്ട് കാണാനാവുമായിരുന്നില്ല. നേര്‍ത്ത് തൊട്ടാലറിയാത്ത അതിലോലമായ വാതിലായിരുന്നു അത്. അതു കൊണ്ട് ഞങ്ങള്‍ വാതില്‍ തുറന്നിട്ടും ദുര്‍ബലമായ വാതിലോടും കൂടി ഏറെക്കാലം ധൈര്യത്തോടെ ആ പഴയ വീട്ടില്‍ താമസിച്ചു!

കഥകൾ തീരുന്നില്ല, ജീവിതം തുടരുന്നു


ആയിരം കഥാഗ്രന്ഥങ്ങള്‍ സ്വന്തമായുള്ളവളായിരുന്നു ഷെഹറാസാദ്... ആ രാജ്യത്തെ മന്ത്രി പുത്രിയായിരുന്ന അവള്‍ക്ക് ഒരു ദിവസം മരണത്തെ അഭിമുഖീകരിക്കേണ്ടി വന്നു.
അവിടുത്തെ രാജാവായ ഷഹരിയാര്‍ തന്നെ ചതിച്ച ഭാര്യയേയും പരിപാരങ്ങളേയും കൊന്നവനായിരുന്നു. പക്ഷേ, പിന്നീട് ഓരോ രാത്രിയിലും ഓരോ കന്യകമാരെ അന്ത:പുരത്തിലെത്തിക്കണമെന്ന് മന്ത്രിയോട് കല്പിച്ചു. എന്നാല്‍ ആ കന്യകമാരെ നേരം പുലരുമ്പോള്‍ കൊന്നുകളഞ്ഞിരുന്നു രാജാവ്. ഒടുക്കം ചെന്നെത്തിയത് ഷെഹരാസാദിലായിരുന്നു. അവള്‍ക്കറിയാമായിരുന്നു മരണം സുനിശ്ചിതമാണ് എന്ന്. എന്നാല്‍ അവള്‍ ജീവിതം നീട്ടിക്കിട്ടാന്‍ ഒരു പരീക്ഷണത്തിന് തയ്യാറാവുകയായിരുന്നു. രാജാവിനോട് കഥ പറഞ്ഞുകൊണ്ടാണ് അവള്‍ അതിജീവനത്തിന് തയ്യാറായത്.
ജനനത്തിനും മരണത്തിനുമിടയില്‍ എത്ര അതിജീവനശ്രമങ്ങളാണ് മനുഷ്യന്‍ നടത്തുന്നത്? മറ്റുള്ളവരുടെ ജീവിതം കേട്ടും പറഞ്ഞും ഓര്‍ത്തെടുത്തും നാം ജീവിതം നെയ്യുകയാണ്.


'എന്തിനാ ജീവിക്കുന്നത്' എന്ന് സരോജിനി ചേച്ചി ചോദിച്ചപ്പോള്‍ ഞാന്‍ അമ്പരന്നു. ആ അമ്പരപ്പ് കൂട്ടുകാരന്റെ മുഖത്തും കാണാമായിരുന്നു. അറുപതു കഴിഞ്ഞ, മക്കളും ഭര്‍ത്താവുമൊന്നുമില്ലാത്ത അവര്‍ നൈരാശ്യത്തിലാവുമോ ചോദിച്ചത് എന്ന് സംശയിച്ചു. എന്നാല്‍ പ്രസന്നതയോടെയാണ് അവര്‍ സംസാരിച്ചത്.
'ജീവിച്ചിരിക്കുന്നതിന്റെ അര്‍ത്ഥമെന്താണ്? '
പ്രാഥമിക വിദ്യാഭ്യാസം മാത്രം നേടിയിട്ടുള്ള ഗ്രാമീണയായ ഒരാള്‍ ദാര്‍ശനികമായാണോ ജീവിതത്തെക്കുറിച്ച് ചോദിക്കുന്നത് എന്ന് സന്ദേഹിക്കാം.
പക്ഷേ, ദര്‍ശനങ്ങളും ഉള്‍ക്കാഴ്ചകളുമുണ്ടാകാന്‍ വലിയ വലിയ അറിവും തൊഴിലുമൊന്നും വേണമെന്നില്ല.
ജീവിതത്തെപ്പറ്റിയാവുമ്പോള്‍, പ്രത്യേകിച്ചും.
ചിന്തകരും എഴുത്തുകാരും ശാസ്ത്രജ്ഞരും രാഷ്ട്രതന്ത്രജ്ഞരും തുടങ്ങി ഒട്ടേറെപ്പേര്‍ ജീവിതത്തിന്റെ അര്‍ത്ഥം കണ്ടെത്താന്‍ ശ്രമിച്ചിട്ടുണ്ട്. നിര്‍വ്വചിച്ചുണ്ട്. പക്ഷേ, നിര്‍വ്വചനങ്ങളെല്ലാം ആപേക്ഷികമാണ്.
ഓരോ ആളുകള്‍ക്കും നിര്‍വ്വചിക്കാവുന്ന , വിവിധ നിര്‍വ്വചനങ്ങള്‍ കണ്ടെത്താവുന്ന വിശാലമായ സങ്കല്പമാണ് ജീവിതം.
നിരന്തരം ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടിരിക്കുമ്പോള്‍, സാഹചര്യങ്ങള്‍ക്കനുസരിച്ച് ഒരു വ്യക്തിയില്‍ മറ്റൊരു വ്യക്തിയിലേക്ക് വരുമ്പോള്‍ ജീവിതത്തിന്റെ അര്‍ത്ഥവും മാനവും വ്യത്യസ്തമാവുന്നു.
സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍, യതിയില്‍ നിന്ന് കിട്ടിയ ഒരു കത്തിനെപ്പറ്റി സുഹൃത്ത് പറഞ്ഞു.
' ഓരോരുത്തവര്‍ക്കും അവരവര്‍ക്ക് മാത്രം ചെയ്യാനാവുന്ന കുറച്ച് കാര്യങ്ങളുണ്ട്. അതു കണ്ടെത്തി ചെയ്യുകയാണ് അവരവരുടെ ധര്‍മ്മം' എന്നാണ് അതിലെഴുതിയിരുന്നത് .
'എന്തു തന്നെയായാലും എനിക്കു മാത്രം ചെയ്യാന്‍ കഴിയുന്ന ചിലതുണ്ട് എന്ന് ഉറച്ചു വിശ്വസിക്കുന്നു' എന്ന് അവന്‍ പറയുന്നു. തനിക്കു മാത്രം ചെയ്തു തീര്‍ക്കാനുള്ള തനിക്കു മാത്രം ജീവിച്ചു തീര്‍ക്കാനുള്ള ഒരു ജീവിതം മാത്രമാണത്. ഒരാളെയും ഒരാള്‍ക്കും പൂര്‍ണ്ണമായി അനുകരിക്കാന്‍ സാധ്യമല്ല. നമ്മുടെ വിരലടയാളം പോലെ ലോകത്ത് മറ്റൊരാള്‍ക്കുമില്ല എന്നതു പോലെ...
എന്നാല്‍ എന്തിന്റെയൊക്കെയോ തുടര്‍ച്ചയുമാണ് ജീവിതം. ആരോ എഴുതി വെച്ചതിന്റെ തുടര്‍ച്ച, ആരോ വരച്ചു വെച്ചതിന്റെ തുടര്‍ച്ച, പാടിയ പാട്ടിന്റെ തുടര്‍ച്ച... പക്ഷേ തുടര്‍ച്ചയുണ്ടെങ്കിലും എല്ലാം വ്യത്യസ്തമായിരിക്കും. മറ്റൊരു അനുഭൂതി, മറ്റൊരു കാഴ്ച, മറ്റൊരു രാഗം...
ഇന്നലെയില്‍ നിന്നും ഇന്നിലേക്കും, ഇന്നില്‍ നിന്നും നാളെയിലേക്കുമുള്ള നൈരന്തര്യമാണ് ജീവിതം.
കഴിഞ്ഞ ദിവസം മുതിര്‍ന്ന സുഹൃത്ത് പറഞ്ഞു . മുപ്പത്തിയഞ്ചു വര്‍ഷം പഠിപ്പിച്ചു. ഒപ്പം പലവിധ ജോലികള്‍ ചെയ്തു . മുന്നില്‍ മക്കളായിരുന്നു. അവരെ ഒരിടത്ത് എത്തിക്കണമെന്ന വാശി. രാവും പകലും കഷ്ടപ്പെട്ടു. അവരൊക്കെ ഒരിടത്ത് എത്തിയിരിക്കുന്നു. ഇപ്പോള്‍ ലക്ഷ്യങ്ങളൊന്നുമില്ലാതായിരിക്കുന്നു. എങ്കിലും തിരിഞ്ഞു നോക്കുമ്പോള്‍ മനസ്സിലാവുന്നു. എനിക്കു വേണ്ടി ഇതുവരെ ജീവിച്ചതേയില്ല എന്ന്. വയസ്സായി എങ്കിലും എനിക്കായി ഇനി ജീവിക്കണം എന്ന് അവര്‍ പറഞ്ഞു.
എന്തു ജീവിതമാണിത് എന്നു ചോദിക്കാത്തവരുണ്ടോ? അറിയില്ല.
'ജോലിയുണ്ട്, നല്ല വീടുണ്ട്, എല്ലാമുണ്ട് പക്ഷേ സന്തോഷം മാത്രമില്ല. എന്തൊരു ജീവിതമാണിത്' എന്ന് സഹപ്രവര്‍ത്തക ചോദിച്ചത് ഇന്നലെയാണ്.
നാം അപകടങ്ങളെ ഭയക്കുന്നത് എന്തിനാണ്? അസ്വാതന്ത്ര്യങ്ങളെ ഇഷ്ടപ്പെടാത്തത് എന്തുകൊണ്ടാണ്? നശ്വരമാണ് ജീവിതമെന്നറിഞ്ഞിട്ടും ജീവിതത്തെ സ്‌നേഹിക്കുന്നതു കൊണ്ടാണ്.
കഴുതയെപ്പോലെ പണിയെടുത്ത് അംഗീകാരമൊന്നും കിട്ടാതിരിക്കുമ്പോഴും 'മതി ജീവിത'മെന്ന് നൈരാശ്യത്തില്‍ പറഞ്ഞേക്കാമെങ്കിലും മതിയാക്കുന്നില്ല ജീവിതം. അപ്പോഴും ജീവിതത്തെപ്പറ്റി പ്രത്യാശ പുലര്‍ത്തുന്നു.
'നിരാശപ്പെലടേണ്ടിവരുമെന്ന് അറിയാമെങ്കിലും ഓര്‍മ്മകളെ പുനശ്രിഷ്ടിക്കാനുള്ള ഉദ്യമം തന്നെയാണ് എനിക്ക് ജീവിതം. ചിന്തയിലെങ്കിലും അത് സംഭവിക്കുന്നു എന്നതാണ് ഇപ്പോള്‍ എനിക്കുള്ള ഇന്ധനം' എന്ന് ഓര്‍മകളില്‍ ജീവിക്കുന്ന സുഹൃത്ത് സന്ദേശമയയ്ക്കുന്നു.
'ഇത് സത്യാ.. എന്നെ സംബന്ധിച്ച് മാത്രം.. അതേ സമയം അറു,പിന്തിരിപ്പന്‍ ചിന്തയാണ് എന്നറിയാഞ്ഞിട്ടുമല്ല' എന്ന് വിശദീകരിക്കുന്നു.
ഓരോരുത്തരെ സംബന്ധിച്ച് വ്യത്യസ്തമാവുന്നു ജീവിതം.
അതുകൊണ്ടാണ് ഗാന്ധിയും ഗോഡ്‌സേയുമുണ്ടാകുന്നത്.. ഹിറ്റ്‌ലറും മദര്‍ തെരേസയുമുണ്ടാകുന്നത്.. ഒസാമ ബിന്‍ ലാദനും യുഗള പ്രസാദനുമുണ്ടാകുന്നത്… മരണം മുന്നില്‍ എത്തിയിട്ടും ഒരു ശ്രമമെന്ന മട്ടില്‍ കഥ പറഞ്ഞു ജീവിതം നീട്ടിക്കിട്ടിയ ഷെഹറാസാദ് ഉണ്ടാവുന്നത്…
സന്തോഷമുള്ളപ്പോഴുള്ള ജീവിതമല്ല ദു:ഖമുള്ളപ്പോഴുള്ള ജീവിത നിര്‍വ്വചനം.
ഒരു കുഞ്ഞു ജനിക്കുമ്പോഴുള്ള നിര്‍വ്വചനമല്ല പ്രയപ്പെട്ടവരുടെ വേര്‍പാട് തരുന്ന ജീവിത നിര്‍വ്വചനം . മഴ പെയ്യുമ്പോള്‍ തോന്നുന്ന നിര്‍വ്വചനമല്ല വെയിലുള്ളപ്പോള്‍...
ഒരു ജീവിതവും നിസ്സാരമല്ല.
അടുത്ത തലമുറയിലേക്കുള്ള തടര്‍ച്ചയുടെ ഉപകരണം മാത്രമാണ് ജീവിതം എന്നും പറയാം. അപ്പോഴും ഒന്നും നിസ്സാരമല്ല. മണിക്കൂറുകള്‍ മാത്രം ജീവിതമുള്ള ഈയാംപാറ്റയ്ക്കും ധര്‍മ്മമുണ്ട്. എവിടെ നിന്നോ തുടങ്ങിയ ജനിതക തുടര്‍ച്ച ...
അതുകൊണ്ട് ഒരുപാട് അര്‍ത്ഥതലങ്ങളുള്ള അത്ഭുതമാണ് ജീവിതം!
കുറിപ്പ്
ഷെഹറാസാദ് -ആയിരത്തൊന്നു രാവുകളുടെ കഥാകാരി
യുഗള പ്രസാദന്‍ -വിഭൂതി ഭൂഷണ്‍ ബന്ദോപാധ്യായയുടെ ആരണ്യക് നോവലിലെ പ്രകൃതി സ്‌നേഹി

അമ്മച്ചി വാള്‍ഡനില്‍
ആരാണ് പൈസ കണ്ടു പിടിച്ചത് എന്ന് ഏഴാം ക്ലാസ്സുകാരിയായ മകള്‍ ചോദിച്ചു. ഒരു നിമിഷം ഞാന്‍ അമ്പരന്നു.

അവള്‍ പലപല ആവശ്യങ്ങള്‍ പറയുമ്പോള്‍ കൈയ്യില്‍ പൈസയുണ്ടാവുമ്പോഴാവട്ടെ, അടുത്ത പ്രാവിശ്യമാവട്ടെ, കുറച്ചു കാലം കഴിയട്ടെ എന്നിങ്ങനെ പല ന്യായങ്ങള്‍ നിരത്താറുണ്ട്. അതുകൊണ്ടാവുമോ അവള്‍ പണത്തെപ്പറ്റി ചോദിച്ചത് എന്നായി ചിന്ത.
കുട്ടിത്തത്തിന്റെ കുസൃതിയിലോ നൈരാശ്യത്തിലോ ആയിരുന്നില്ല മറിച്ച് ഇരുത്തം വന്ന ഒരാളുടേതു പോലുണ്ടായിരുന്നു അവളുടെ അന്നേരത്തെ ഭാവം.
കൈയ്യില്‍ കിട്ടുന്ന പൈസ കൊണ്ട് എല്ലാ ആഗ്രഹവും നടത്താനാവാത്തതു കൊണ്ടാണോ?
പണമെന്ന വിനിമയോപാധി ഇല്ലായിരുന്നെങ്കില്‍ ഈ ലോകം സ്വര്‍ഗ്ഗരാജ്യമാകുമെന്ന് കരുതിയിരിക്കുമോ?
പത്രത്തില്‍ വന്ന മാന്ദ്യത്തെപ്പറ്റിയുള്ള വാര്‍ത്തയാണ് ചോദിക്കാന്‍ കാരണമെന്ന് പറഞ്ഞ് അവള്‍ വിഷയത്തില്‍ നിന്നൊഴിഞ്ഞു. പക്ഷേ, എനിക്കറിയാമായിരുന്നു - അവളുടെ ചിന്തകളില്‍ പണമുണ്ടെന്ന്. പണമില്ലാത്ത ലോകത്തെപ്പറ്റി ചിന്തിച്ചിരിക്കാം എന്നും!


'ദരിദ്രനായ വിദ്യാര്‍ത്ഥി പോലും പഠിക്കുന്നതും പഠിപ്പിക്കുന്നതും അര്‍ത്ഥശാസ്ത്രം മാത്രമാണ്. അതേസമയം തത്ത്വശാസ്ത്രത്തിന്റെ തന്നെ പര്യായമായ ജീവിതത്തിന്റെ സാമ്പത്തികശാസ്ത്രം നമ്മുടെ കോളേജുകളില്‍ ആത്മാര്‍ഥതയോടെ ബോധനം ചെയ്യപ്പെടുന്നു പോലുമില്ല...' എന്ന് വാള്‍ഡനില്‍ തോറോ ആധുനികകാല വിദ്യാഭ്യാസത്തെ വിമര്‍ശിക്കുന്നുണ്ട്.
നാം അയല്‍ക്കാരെ കണ്ട് അവര്‍ക്കുള്ളതൊന്നും എനിക്കില്ലല്ലോ എന്ന് നെടുവീര്‍പ്പിടുന്നു. ബന്ധുക്കള്‍ ആര്‍ജ്ജിക്കുന്ന സ്വത്തുക്കളൊന്നും തനിക്ക് സമ്പാദിക്കാനാവുന്നില്ലല്ലോ എന്ന് പരിതപിക്കുന്നു.
ബന്ധുക്കളേക്കാള്‍ , പരിചയക്കാരേക്കാള്‍, അയല്‍ക്കാരേക്കാള്‍ മെച്ചപ്പെട്ട ജീവിതം എങ്ങനെയുണ്ടാക്കാം എന്ന് ഗവേഷണം ചെയ്യുന്നു. അര്‍ത്ഥത്തിന്റെ വഴിയിലൂടെ മാത്രമേ മെച്ചപ്പെട്ട ജീവിതമുണ്ടാവൂ എന്നു വിചാരിക്കുന്നു.
ഭാവിയില്‍ നേട്ടമുണ്ടാക്കാവുന്ന നിക്ഷേപ, ഇന്‍ഷ്വറന്‍സ് പദ്ധതികളെപ്പറ്റി പലരും സംസാരിക്കുന്നു. ഇമെയിലുകള്‍ വരുന്നു. പക്ഷേ, എന്തുകൊണ്ടോ അതിലൊന്നും വലിയ താത്പര്യം തോന്നാറില്ല. ആവശ്യത്തിനും അത്യാവശ്യത്തിനുമുള്ള പണമേ സമ്പാദിക്കുന്നുള്ളൂ. ഇപ്പോള്‍ ചെയ്തു തീര്‍ക്കാന്‍ ഒരുപാടു കാര്യങ്ങളുണ്ട്. അനിശ്ചിതമായ ഭാവിയെപ്പറ്റി ചിന്തിച്ചാല്‍ ഇപ്പോള്‍ നിവര്‍ത്തിക്കേണ്ട പല കാര്യങ്ങളും നടന്നെന്നു വരില്ല. കൂടുതല്‍ സാമ്പത്തിക സമ്മര്‍ദ്ദത്തില്‍ പെട്ടു പോയേക്കാം.
പലതരം സമ്മര്‍ദ്ദത്തിന്റേതായ ലോകത്തില്‍, അതിലൊന്നും കുരുങ്ങിപ്പോകാതെ സ്വയം ഉണ്ടാക്കിയെടുക്കുന്ന ചില നിമിഷങ്ങുണ്ട്. എന്റേതായ ആനന്ദങ്ങളുടെ, ആഹ്ലാദങ്ങളുടെ നിമിഷങ്ങള്‍. പണം വല്ലാതെ സ്വാധീനിച്ചാല്‍ ആ അസുലഭ നിമിഷങ്ങളില്‍ നിന്ന് പുറത്താകുമെന്ന് ചിന്തിക്കുന്നു.
എന്നും വയലുകളിലേക്ക് നടക്കുന്നു. പോകുന്ന വഴിയിലെ ചെറു വനം കാണുന്നു. അവിടെ പറന്നു കളിക്കുന്ന പറവകള്‍, തുമ്പികള്‍, കൈത്തോടിനു കുറുകെയുള്ള പാലത്തിലിരുന്ന് താഴെ ഒഴുകുന്ന വെള്ളത്തിലേക്ക്, മേലേ ആകാശത്തിലേക്ക് കാഴ്ചകള്‍ പോകുമ്പോഴുള്ള ആനന്ദം... വയലില്‍ നെല്ല് വിത്തുകളില്‍ നിന്ന് വിത്തുകളിലേക്ക് പരിണമിക്കുന്ന ചക്രചലനം കാണുന്നു. ഉറവയുടെ നിറം, ചെളിയുടെ ഗന്ധം, വയലില്‍ ആകാശപ്പക്ഷികളുടെ നിഴലുകള്‍, മഴയുടെ പലവിധ താളങ്ങള്‍...
പണം കൊണ്ടുള്ള ആധുനികോത്തര ലോകത്തിന് സമാന്തരമായി എനിക്ക് ഒരു വാള്‍ഡന്‍ ജീവിതവുമുണ്ട് എന്നു തോന്നാറുണ്ട്. പണമുണ്ടാക്കി ലോകം മുഴുവന്‍ ചുറ്റി സഞ്ചരിച്ചല്ല യാത്രകള്‍ ചെയ്യുന്നത്. എന്റെ സമാന്തര ലോകത്തെ കാനന ജീവിതത്തിലാണ്.
തോറോ പറയുന്നതുപോലെ ഞാനൊരു കാല്‍നട യാത്രക്കാരിയാണ്.
വാള്‍ഡന്‍ വായിക്കും മുമ്പും കാല്‍നടയാത്രക്കാരിയായിരുന്നു- ശേഷവും .
കാല്‍നട യാത്രക്കാരിയായത് എന്തുകൊണ്ടായിരുന്നു?
കാരണങ്ങള്‍ പലതും കണ്ടെത്താം. അമ്മച്ചി എന്നെ എന്തു പഠിപ്പിച്ചു എന്നു ചോദിച്ചാല്‍ ആദ്യം പറയുന്ന ഉത്തരം മിതവ്യയശീലം എന്നായിരിക്കും.
സര്‍ക്കാര്‍ ജീവനക്കാരിയായിരുന്ന അമ്മച്ചി തുച്ഛ വരുമാനം കൊണ്ടാണ് ഞങ്ങളെ വളര്‍ത്തിയത്. ആവശ്യങ്ങളെ നിവര്‍ത്തിച്ചത്. പഠിപ്പിച്ചത്. മൂന്നു പെണ്‍മക്കളെ ഭാവിയില്‍ വിവാഹം ചെയതയയ്ക്കുന്നതിനായി ഒന്നും സ്വരൂപിച്ചു വെച്ചില്ല. (വേണ്ടി വന്നുമില്ല)
ഇന്‍ഷ്വറന്‍സ് ഏജന്റ്മാരോട് കലഹിച്ചു. 'ഇന്ന് എന്റെ മക്കള്‍ ആരോഗ്യവും അറിവും നേടുന്നതിനാവശ്യമായ പണം ഇരുപത് വര്‍ഷം കഴിഞ്ഞ് കിട്ടിയിട്ട് എന്തു കാര്യം' എന്ന് പ്രയോജനത്തെപ്പറ്റി സൂചിപ്പിച്ചു വന്നവരോട് തര്‍ക്കിച്ചു. 'ഭാവിയിലേക്ക് മിച്ചം വെയ്ക്കാന്‍ ഇപ്പോള്‍ ഒന്നുമില്ല' എന്നു പറഞ്ഞയച്ചു. മരണത്തിന്റെ അനിശ്ചിതത്വവും മക്കളുടെ ഭാവിയും എന്ന വിഷയത്തില്‍ സംസാരിച്ചവരോട് 'അവര്‍ നേരിടട്ടെ' എന്ന് ധൈര്യത്തോടെ പറഞ്ഞു.
ഞങ്ങള്‍ക്ക് ഭൗതിക ആവശ്യങ്ങളുടെ ആഗ്രഹങ്ങള്‍ കുറവായിരുന്നു. ആഗ്രഹിക്കാന്‍ സമ്മതിച്ചില്ല എന്നു പറയുന്നതാവും ശരി. കിട്ടുന്നതേയുള്ളൂ. കിട്ടാത്തതിന് ആഗ്രഹിച്ചിട്ട് കാര്യമില്ലെന്ന് അറിയാമായിരുന്നു. പണം ചെലവാകുന്നത് ഏതെല്ലാം വഴിയിലൂടെയാണെന്ന് അമ്മച്ചി, കൂട്ടിയായിരിക്കുമ്പോഴെ എന്നോട് പങ്കുവെച്ചു തുടങ്ങിയിരുന്നു - ഇപ്പോഴും . മിതവ്യയം ശീലിച്ച ഞങ്ങളെ പിന്നീട് പിശുക്കരെന്നോ, നല്ല സാധനങ്ങള്‍ വാങ്ങാനറിയാത്തവര്‍ ( ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ ) എന്നോ പറഞ്ഞ് മറ്റുള്ളവര്‍ പരിഹസിക്കുന്നതിലെത്തിയിട്ടുണ്ട്.
മിതവിനിയോഗം ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളെ അതിസമര്‍ത്ഥമായി നേരിടാന്‍ കൂടിയുള്ളതാകുന്നു.
വിദ്യാഭ്യാസത്തിനായി ഞാന്‍ ശൂന്യവേതനവധി എടുത്തിട്ടുണ്ട്. ബാങ്കിലെ സ്ഥിര ജോലി രാജിവെച്ച് അധ്യാപനത്തിലേക്കു മാറിയ രണ്ടര വര്‍ഷം സാങ്കേതിക കാരണങ്ങളാല്‍ പണമില്ലാക്കാലമായിരുന്നു.
മിതവിനിയോഗം പണ്ടേ ശീലിച്ചതുകൊണ്ട് ഏതാണ്ട് ശാന്തവും സ്വസ്ഥവുമായി തന്നെ ആ കാലം കടന്നു പോയി.
'കലകളെപ്പറ്റിയോ ശാസ്ത്രങ്ങളെ പറ്റിയോ ഒരു കുട്ടി എന്തെങ്കിലും അറിയണമെന്ന് ഞാന്‍ ആഗ്രഹിക്കുകയാണ് എങ്കില്‍ ജീവിതകല ഒഴിച്ച് എന്തും പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്ന അയല്‍ പ്രദേശത്തെ ഒരു പ്രൊഫസറുടെ അടുത്തേക്ക് അവനെ പറഞ്ഞയയ്ക്കുകയെന്ന സാധാരണ രീതി ഞാന്‍ പിന്തുടരുകയില്ല' എന്ന് തോറോ പറയുന്നുണ്ട്. ഏതു കാലത്തും ഏതു ലോകത്തും ഏതു സാഹചര്യത്തിലും എങ്ങനെ ജീവിക്കാമെന്ന് തോറോ വാള്‍ഡനിലെ സ്വജീവിതം കൊണ്ട് നമ്മോട് സംസാരിക്കുന്നു.
നിശ്ചയമായും എന്റെ അമ്മച്ചിയ്ക്ക് തോറോയേയോ അദ്ദേഹത്തിന്റെ വാള്‍ഡന്‍ തടാകക്കരയിലെ ജീവിതമോ അറിയില്ല.
പക്ഷേ, തോറോ ചിന്തിക്കാനുള്ള ഊര്‍ജ്ജം എനിക്ക് തരുമ്പോള്‍ അമ്മച്ചി പ്രവര്‍ത്തിക്കാനുള്ള ഊര്‍ജ്ജം തരുന്നു.
'ജീവിതകല' പഠിക്കുന്നതിനായി ഞാന്‍ ജനനിബിഡമായ വഴികളില്‍ നിന്ന് കാട്ടിലേക്ക് നടക്കുന്നു.
കുറിപ്പ്:
മഹാത്മഗാന്ധി, ലിയോ ടോള്‍സ്റ്റോയ്, ഹെമിങ്വേ, കെന്നഡി, മാര്‍ട്ടിന്‍ ലൂഥര്‍ കിങ് തുടങ്ങി - എഴുത്തുകാരേയും ചിന്തകന്‍മാരെയും രാഷ്ട്രതന്ത്രജ്ഞരേയും വിപ്ലവകാരികളെയുമെല്ലാം ആഴത്തില്‍ സ്വാധീനിച്ച പുസ്തകമാണ് ഹെന്റി ഡേവിഡ് തോറയുടെ വാള്‍ഡന്‍ അഥവാ കാനനജീവിതം

മോചനം മനസ്സിലൂടെ
ഒരു സദസ്സിനെ അഭിസംബോധന ചെയ്യാന്‍ എനിക്ക് ഇപ്പോഴും മടിയാണ്. പ്രസംഗകലയില്‍ എനിക്ക് പ്രാവീണ്യമില്ല എന്നതാണോ, സ്ത്രീയില്‍ സഹസ്രാബ്ദങ്ങളായി നിലനില്ക്കുന്ന അടിമ മനോഭാവമാണോ കാരണം? തീര്‍ച്ചയായും എത്ര കുടഞ്ഞു കഴിഞ്ഞാലും കൂടെപ്പോരുന്ന ആ മാനസിക അടിമത്തം തന്നെയാവണം.

എന്നാല്‍ പിന്തിരിഞ്ഞു നോക്കിയാല്‍ കുട്ടിക്കാലത്തോ മുതിര്‍ന്നപ്പോഴോ നീ പെണ്ണാണ് എന്നു പറഞ്ഞു കൊണ്ട് ആരും മാറ്റി നിര്‍ത്തിയിട്ടില്ല. ഞങ്ങള്‍ മൂന്നു പെണ്‍കുട്ടികളായിരുന്നതുകൊണ്ട് താരതമ്യത്തിനോ മാറ്റി നിര്‍ത്തലിനോ സാധ്യതയുമില്ലായിരുന്നു.
എന്നിട്ടും പലപ്പോഴും ഉള്‍വലിയാനുള്ള ത്വര എന്നില്‍ നാമ്പെടുക്കുന്നു. അപ്പോഴൊക്കെ ഞാനെന്ന സ്ത്രീ ആശ്ചര്യപ്പെടുന്നു. എവിടെയൊക്കെയാണ് ഞാന്‍ വെറും പെണ്ണാകുന്നത്?
കുറേയേറെ വിദ്യാഭ്യാസം ചെയ്തു. പല മേഖലകളില്‍ തൊഴിലെടുത്തു. എഴുതി, വായിച്ചു, സാമൂഹ്യ സാംസ്‌ക്കാരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. ഇപ്പോഴും ഇതൊക്കെ തുടര്‍ന്നു കൊണ്ടുമിരിക്കുന്നു. സാമ്പത്തിക സ്വാതന്ത്ര്യവും ഭൗതിക സ്വാതന്ത്ര്യവും ഒരളവുവരെയുണ്ട്.
എന്നിട്ടും ആരാണെന്നെ ഇടയ്ക്കിടയ്ക്ക് പിന്നോട്ടു വലിക്കുന്നത്?
നിശ്ചയമായും അതെന്റെ മനസ്സാണ്. വീണ്ടുവിചാരങ്ങളാണ്. എന്നില്‍ ഇല്ലെന്നു കരുതിയിട്ടും എന്നെ കൂട്ടിലിടുന്നത് ആദിമകാലം മുതല്‍ നിലനില്ക്കുന്ന ഉപബോധ മണ്ഡലത്തിലെ ഓര്‍മകളാണ്. എന്റെ ജീനുകളില്‍ അടിമത്വത്തിന്റെ അംശങ്ങള്‍ നിന്നു കത്തുന്നു. മാനസിക മോചനം പലപ്പോഴും തുറങ്കലിലാവുന്നു.
അപ്പോഴൊക്കെ ,കുറച്ചു സത്രീകളെ ഒഴിച്ചു നിര്‍ത്തിയാല്‍, ബാക്കി വരുന്ന ബഹുഭൂരിപക്ഷം സ്ത്രീകളുടെ അവസ്ഥയെപ്പറ്റി ചിന്തിക്കുന്നു. ഭാവിയുടെ വാഗ്ദാനങ്ങളായ പുതുതലമുറയിലെ പെണ്‍കുട്ടികളെക്കുറിച്ച് വ്യാകുലചിത്തയാകുന്നു.
ഒരുപാടു പേര്‍ വിദ്യാഭ്യാസം ചെയ്യുന്നുണ്ട് . പക്ഷേ വിദ്യാഭ്യാസം കേവലം പാഠപുസ്തകത്തിലുള്ളതുമാത്രമാകുന്നു. അതിനപ്പുറം സാമൂഹ്യബോധമോ രാഷട്രീയ വീക്ഷണമോ പലര്‍ക്കും ലഭിക്കുന്നില്ല. കിട്ടിയാല്‍ തന്നെ വേണ്ടെന്ന മനോഭാവവുമുണ്ട്. ഓരോ പെണ്‍കുട്ടിയും ഒറ്റപ്പെട്ട തുരുത്തിലാണ്. ആഗ്രഹങ്ങളുണ്ട് പക്ഷേ അവ യാഥാര്‍ത്ഥ്യമാക്കാനുള്ള ധൈര്യമുണ്ടാവുന്നില്ല.
വിദ്യാഭ്യാസവും തൊഴിലുമൊക്കെയുണ്ടാവുമ്പോള്‍ കുറേപ്പേര്‍ സാമ്പത്തിക സ്വാതന്ത്ര്യമനുഭവിക്കുന്നു. അപ്പോഴും മനസ്സ് വിറങ്ങലിച്ചു നില്ക്കുന്നു.
പല വേദികളിലും നിരീക്ഷിച്ചിട്ടുണ്ട് - അധ്യാപകരുടെ യോഗമായിക്കോട്ടെ, ഉദ്യോഗസ്ഥരുടേതായിക്കോട്ടെ ഭൂരിപക്ഷ അംഗങ്ങള്‍ സത്രീകളായിരിക്കുമ്പോഴും അവര്‍ നിശബ്ദതയുടെ പക്ഷത്താണ്. അവകാശങ്ങള്‍ ചോദിച്ചു വാങ്ങേണ്ട സമരമുഖത്തെന്നല്ല , ഒരു യാത്രയയപ്പു യോഗത്തില്‍ പോലും അവള്‍ നിശബ്ദയാവുന്നു. ആരും അവളെ ഭൗതികമായി തടയുന്നില്ല. തീര്‍ച്ചയായും തടയുന്നത് മാനസിക അടിമബോധമാണ്.
ഞാന്‍ സമൂഹത്തിന്റെ ഭാഗമാണ് , എനിക്ക് ചിലത് പറയാനുണ്ട്, പ്രവര്‍ത്തിക്കാനുണ്ട്, കൊടുക്കാനുണ്ട് എന്ന തോന്നലുണ്ടാവാന്‍ കാലങ്ങളെടുക്കും. അത്ര എളുപ്പം അവളിലേക്ക് സാമൂഹ്യബോധവും രാഷ്ട്രീയ ബോധവും ഉണ്ടാക്കിയെടുക്കാന്‍ സാധ്യമല്ല.
മാനസിക അടിമത്വത്തില്‍ നിന്നും മോചനം നേടിയാല്‍ മാത്രമേ സാമൂഹ്യ ജീവി എന്ന നിലയിലേക്ക് അവള്‍ ഉയരൂ.
വിദ്യാഭ്യാസം നേടാനും തൊഴിലിനും വേണ്ടി പുറത്തിറങ്ങുന്നതിലൂടെ , ചെറിയ ദൂരത്തിന്റെ മോചനം അവള്‍ നേടുന്നു. വളരെക്കുറച്ച് അജ്ഞത മാറുന്നു. സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്ക് പ്രവേശിക്കുന്നു . പക്ഷേ, അപ്പോഴും മനസ്സ് നിന്നിടത്തു നില്ക്കുന്നു. നിലനില്ക്കുന്ന വ്യവസ്ഥയുമായി പൊരുത്തപ്പെട്ടു പോകാന്‍ ശീലിക്കുന്നു.
അത്ര എളുപ്പത്തില്‍ മനോമോചനം നേടാമെന്നും അതിലൂടെ സ്വാതന്ത്ര്യത്തിലേക്കും സമത്വത്തിലേക്കുമെത്താമെന്നും വ്യാമോഹിക്കുക വയ്യ !
ഓരോ പെണ്ണും മനസ്സിനെ സ്വതന്ത്രമാക്കാന്‍ ശ്രമിക്കുമ്പോള്‍ ജീനുകള്‍ തിരികെ വിളിക്കും. അതിലേറെ നിലനില്ക്കുന്ന സാമൂഹ്യ വ്യവസ്ഥിതി തിരികെ വിളിക്കും.
അപ്പോഴെല്ലാം 'അതു ഞാനല്ല , അതു ഞാനല്ല' എന്നു പറഞ്ഞു കൊണ്ടേയിരിക്കണം.
ഞാനുദ്ദേശിക്കുന്നിടത്ത് കാര്യങ്ങളെത്തിച്ചേരുമെങ്കില്‍ ഞാന്‍ അസാധാരണ ക്ഷമയുള്ളവളായിരിക്കും എന്ന ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന മാര്‍ഗറ്റ് താച്ചറുടെ വരികൾ ഓർമിക്കാം.
നമ്മുടേതായ സ്വാതന്ത്ര്യത്തിന്റെ ആകാശം തുറന്നു കിട്ടണമെങ്കില്‍ നാം അസാധാരാണ ക്ഷമയോടും സഹനത്തോടും കൂടി പ്രയത്‌നിക്കേണ്ടി വരും!
മൈനാകം 5 മൈന ഉമൈബാൻ

Monday, November 6, 2017

പ്രവേശനമില്ലാത്ത അന്യരുടെ അകം


മൈനാകം - 2
പണ്ട് ഒരിടത്തൊരു പെൺകുട്ടിയുണ്ടായിരുന്നു. അവൾക്ക് അമ്മ വീട് അപരിചിതമായിരുന്നു. സഹപാഠികൾ അമ്മ വീടുകളിലേക്ക് വിരുന്നു പോയി എന്നു കേൾക്കുമ്പോൾ അവൾക്ക് കൗതുകമായിരുന്നു.
അമ്മ വീട് ആ പെൺകുട്ടിയുടെ സങ്കല്പത്തിന് അപ്പുറത്തായിരുന്നു. അവൾ പ്രണയ വിവാഹിതരുടെ മകളായിരുന്നു.

ഒരിക്കൽ, അമ്മ അവളേയും കൂട്ടി ബസു കയറി ഒരുത്സവ പറമ്പിലേക്ക് പോയി. തിരക്കുകൾക്കിടയിൽ നിന്നു മാറി ഒരു മതിലിന് അരികിൽ നിന്നിരുന്ന കുറച്ച് പ്രായം ചെന്ന സ്ത്രീ അവളോട് ചോദിച്ചു.
ആരാന്ന് മോൾക്ക് മനസ്സിലായോ?
അത് അവളുടെ അമ്മയുടെ അമ്മയായിരുന്നു.
അന്നു വരെ അപരിചിതയായിരുന്ന ആ സ്ത്രീ പിന്നീട് അവളുടെ പ്രിയപ്പെട്ടവളായി. അന്യമെന്നു കരുതിയ പലതും അടുത്തുത്തേക്കു വന്നു.
ഒരുകാലത്തെ മാറ്റി നിർത്തൽ, അപരിചിതത്വം, അന്യത്വമൊക്കെയാവാം ഇപ്പോൾ ചില വീടുകൾക്കും പറമ്പുകൾക്കും മുന്നിൽ ' അന്യർക്ക് അകത്തേക്ക് പ്രവേശനമില്ല' എന്ന ബോർഡുകാണുമ്പോൾ അവൾ അസ്വസ്ഥയാവുന്നു.
ആ പെൺകുട്ടി ഞാനായിരുന്നു.
ഇങ്ങനെ എഴുതി വെയ്ക്കുന്നത് എന്തിനായിരിക്കാം എന്ന് അപ്പോഴെല്ലാം ആലോചിക്കാറുണ്ട്.
അന്യര്‍, അകം, പ്രവേശനം എന്നീ വാക്കുകളുടെ അര്‍ത്ഥമെന്തെന്ന് ചിന്തിക്കുന്നു അപ്പോള്‍ . നിഘണ്ടുവിലെ കേവലാര്‍ത്ഥങ്ങളല്ല തിരയുന്നത്.
ആരാണ് അന്യര്‍? മനുഷ്യരെല്ലാം സഹോദരീ സഹോദരന്മാരാണെന്നു സങ്കല്പിക്കുന്നവര്‍ക്ക്, സുഹൃത്തുക്കളെന്നു വിചാരിക്കുന്നവര്‍ക്ക് , ആദി പിതാവിനും മാതാവിനും ജനിച്ചവരാണ് എല്ലാവരും എന്ന് വിശ്വസിക്കുന്നവര്‍ക്ക്, വസുദൈവ കുടുംബകം എന്നു കരുതുന്നവര്‍ക്ക് അന്യര്‍ എന്ന പദം അപരിചിതമാണ്. പിന്നെ ആര്‍ക്ക് ആരാണ് അന്യര്‍?
അന്യര്‍ എന്ന വാക്ക് എങ്ങനെയാണ് നിര്‍വ്വചിക്കുക? ആരാണ് നിര്‍വ്വചിക്കുക? രണ്ടാം വാക്കായ 'അക'ത്തുള്ളവരോ പുറത്തുള്ളവരോ?
അകത്തുള്ളവര്‍ വേലി കെട്ടി മതില്‍ കെട്ടിനപ്പുറം വിശ്വസിക്കാന്‍ കൊള്ളാത്തവരുടേതെന്നോ പുറത്തുള്ളവര്‍ മോശമെന്നോ കരുതുന്നുണ്ടോ?
ഉണ്ടാവണം അല്ലെങ്കില്‍ എഴുതി വെക്കില്ലെന്ന് തീര്‍ച്ച.
പുറത്തുള്ളവര്‍ക്ക് അകത്തുള്ളവര്‍ അന്യരല്ലെങ്കില്‍ എന്തു ചെയ്യും?
അകം എന്താണ്? മതില്‍ക്കെട്ടിനുള്ളില്‍ വീട്ടിനുള്ളില്‍ എന്നാണോ? ഓരോ മുറിയുടേയും ഉള്ളിലെന്നോ?
അതോ അകത്തെ ഓരോ മനുഷ്യരുടേയും അകമെന്നോ?
അകത്തുളെളാരാളുടെ അകം പുറത്തുള്ളൊരാള്‍ അപഹരിച്ചാല്‍ അകം എവിടെയായിരിക്കും? അപ്പോള്‍ അകം മതില്‍ക്കെട്ടിന് പുറത്തോ അകത്തോ?
അപ്പോള്‍ കേവല ശരീരത്തിന് വസിക്കാനുള്ള ഇടമാണോ അകം ?
ഇനി ഒരു പറമ്പോ വീടോ ആണെന്നു കരുതുക. അന്യര്‍ അകത്തു കയറിയാല്‍ എന്താണ്?
വിലപിടിപ്പുള്ളത് എടുത്തു കൊണ്ടു പോകുമെന്നോ?
സ്വര്‍ണ്ണം വിളയുന്നിടമാണോ? എണ്ണ കുഴിച്ചെടുക്കുന്നെന്നോ?
സ്വസ്ഥതയെ നശിപ്പിക്കുമെന്നോ? എങ്കില്‍ എന്തിലാണ് സ്വസ്ഥത കുടികൊള്ളുന്നത്?
ചോദ്യങ്ങള്‍ ഇങ്ങനെ നീണ്ടുനീണ്ടു പോകും.
മൂന്നാമത്തെ വാക്കായ പ്രവേശനത്തില്‍ തന്നെയുണ്ട് വേര്‍തിരിവ്. ചിലര്‍ക്കേ പ്രവേശനമുള്ളൂ. മറ്റുള്ളവര്‍ക്കില്ല.
ചിലപ്പോഴെല്ലാം ഇത്തരം ചോദ്യങ്ങള്‍ മനസ്സിനെ അലട്ടുമ്പോള്‍ ചെറുപ്പകാലത്തേക്ക് സഞ്ചരിക്കാറുണ്ട്. ഞങ്ങളുടെ അവധിക്കാലങ്ങളെപ്പറ്റി... പറമ്പ് വേലിയും മതിലുമൊന്നുമില്ലാത്തതാണ്. അതിരില്‍ കശുമാവുകളായിരുന്നു - (അതിര് സര്‍ക്കാര്‍ നിര്‍ണ്ണയിച്ചതുമാണ്) വേനല്‍ക്കാലം കശുവണ്ടിക്കാലം കൂടിയാണ്. വീഴുന്ന കശുവണ്ടി ചിലപ്പോള്‍ കുട്ടികള്‍ പെറുക്കിക്കൊണ്ടു പോകും. പക്ഷേ മരത്തില്‍ കയറി തല്ലിപ്പറിക്കാറില്ല. ഒന്നോ രണ്ടോ ആരെങ്കിലും കൊണ്ടു പോകുന്നതിന് കാവല്‍ നില്ക്കാറുമില്ലായിരുന്നു. കുരുമുളക് കായ്ച്ച് നില്ക്കുന്നു. കാപ്പി ക്കുരു പാകമായ് വരുന്നു. ചേമ്പും ചേനയും മത്തയും വളരുന്നു. അപൂര്‍വ്വമായ ഔഷധങ്ങള്‍ വളരുന്നു പക്ഷേ ആരും വന്ന് പിഴുതു കൊണ്ടു പോയിരുന്നില്ല. ഇന്നും കൊണ്ടു പോകുന്നില്ല. മാനവികതയിലൂന്നിയ, സംസ്‌ക്കാരത്തിലൂന്നിയ പാരസ്പര്യത്തില്‍ നിന്നാണ് എല്ലാ നിലനില്പുകളും ഉണ്ടാവുന്നത്.
വേനലവധിക്കാലത്ത് പകല്‍ മുഴുവന്‍ ഞങ്ങള്‍ പുറത്ത് കളിച്ചു നടന്നു. ആറ്റിലും പറമ്പിലും മലയിലുമൊക്കെയായി. വിശക്കും നേരം വന്ന് കഴിച്ചിട്ട് ഓട്ടമാണ്. പകല്‍ അകമെന്നൊരിടമേയില്ല. കറണ്ടില്ലാ കാലമാണ് വീട്ടിലും ചുറ്റുപാടും . സന്ധ്യ കഴിഞ്ഞാല്‍ കളി മുറ്റത്താകുന്നുവെന്നു മാത്രം. രാത്രി ഉറങ്ങാന്‍ നേരം മാത്രമാണ് ഞങ്ങള്‍ക്ക് വീടിന് അകമുണ്ടായിരുന്നത്. ആര്‍ക്കും എപ്പോഴും എവിടെയും കയറി വരാമായിരുന്നു. അന്യരെന്ന വാക്ക് അന്യമായിരുന്നു. പ്രവേശനം അന്യമായിരുന്നു. അകവും അന്യമായിരുന്നു.
പക്ഷേ, ഇന്നോ? കുട്ടികളൊക്കെ അകത്തിരിക്കുന്നു. അകത്തേ കളികള്‍ മാത്രം. അകത്തെ കാഴ്ചകള്‍ മാത്രം . പക്ഷേ, ടെലിവിഷനിലൂടെ, ഇന്റര്‍നെറ്റിലൂടെ ഒരു പാട് ദൂരെ വരെ കാണുന്നുണ്ട്. എന്നാല്‍ പുറത്തെ പ്രകൃതിയുടെ സ്പന്ദനങ്ങളൊന്നുമറിയുന്നില്ല. ആകാശവും ഭൂമിയും മഴയും കാടും പൂക്കളുമൊക്കെ അന്യമാകുന്നു. പുറത്തെ ആരും അന്യരാകുന്നു. ഇനി ചിലര്‍ അനുവാദം ചോദിക്കാതെ വന്നു വെന്നിരിക്കട്ടെ! അവര്‍ക്ക് എവിടെ വരെയായിരിക്കും പ്രവേശനം?
ചിലര്‍ക്ക് മുറ്റം, പൂമുഖം , കൂടിയാല്‍ ഭക്ഷണമുറി....
പണ്ട് ഓല മറച്ച വീടായാലും എവിടെയും ആര്‍ക്കും കയറാമായിരുന്നു. ഇപ്പോള്‍ മറ്റുള്ളവരെ അസൂയപ്പെടുത്താവുന്ന തരത്തില്‍ വീടുകളുണ്ടാക്കിയിട്ട് പ്രവേശനം പാസുമൂലം നിയന്ത്രിച്ചിരിക്കുന്നു.
എവിടമാണ് അന്യമാകുന്നത്? എവിടെയാണ് പ്രവേശനം വേണ്ടത് . ആര്‍ക്ക് എവിടെയാണ് വെളിച്ചം വേണ്ടത്?
അപ്പോള്‍ നമ്മള്‍ എഴുതി വെയ്ക്കാന്‍ തയ്യാറാകുന്നു, അന്യര്‍ക്ക് അകത്തേക്ക് പ്രവേശനമില്ല എന്ന്.
ഈ ഒരു വാചകം ഈ ലോകത്തെ എങ്ങനെ ഒരാള്‍ നോക്കി കാണുന്നു എന്നതിന് ഉദാഹരണമാണ്.
ആഗോളീകരണ കാലത്ത് എല്ലാം വിരല്‍ തുമ്പിലുണ്ട്. എന്നാലുമെല്ലാം ഏറെ ദൂരെയാണ്.
പ്രവേശനം സ്വന്തക്കാര്‍ക്ക്, ബന്ധുക്കള്‍ക്ക്, സുഹൃത്തുക്കള്‍ക്ക് (ഇതൊക്കെ ഏതു വിഭാഗം എത്രമാത്രം ബന്ധം എന്നതിനനുസരിച്ച് ഏറുകയും കുറയുകയും ചെയ്യുന്നു) ഹിന്ദു ക്രിസ്ത്യാനി,മുസ്ലീം, കമ്മ്യൂണിസ്റ്റ്, കോണ്‍ഗ്രസ്, സംഘപരിവാര്‍ , വലിയവര്‍, ചെറിയവര്‍, ഇടത്തരക്കാര്‍, ഡോക്ടര്‍, എഞ്ചിനീയര്‍, അധ്യാപകര്‍ എന്നിങ്ങനെ പല പല ഘട്ടങ്ങളായി വിഭജിച്ച് പ്രവേശനക്കാരെയും അന്യരേയും നാം സൃഷ്ടിക്കുന്നു. എല്ലാത്തിനും അവസാനം ഞാന്‍ എന്നില്‍ എന്റേതില്‍ മാത്രമായൊതുങ്ങുന്നു.. സ്വയം അന്യരെ സൃഷ്ടിക്കുമ്പോള്‍ അസഹിഷ്ണുത മുഖമുദ്രയാവുമ്പോള്‍ അകന്നു പോകുന്നത് മാനവികതയില്‍ നിന്നാണെന്ന് മറന്നു പോകുന്നു.
അതു കൊണ്ട് പ്രയോഗിക്കുന്ന ഒരോ വാക്കും നമ്മുടെ രാഷ്ട്രീയത്തെ വെളിവാക്കുന്നു. സമൂഹത്തെ വെളിവാക്കുന്നു.
വെളിവില്ലാത്തത് അവരവര്‍ക്ക് മാത്രമാകുന്നു.

ഇരുപത്തിനാലാമത്തെ വീട്!


ഒരു വീട്ടില്‍ നിന്ന് മറ്റൊരു വീട്ടിലേക്ക് മാറുമ്പോള്‍ വില കൊടുത്തു വാങ്ങിയ കുറേ വീട്ടുസാധനങ്ങള്‍ മാത്രം മാറുന്നു. പക്ഷേ, ചിലയിടങ്ങളിലെ തണുപ്പ് , ചന്ദന സുഗന്ധവുമായി പറന്ന അടുക്കളപ്പുക, കൂട്ടത്തോടെ പറന്നു നടന്ന വണ്ണാത്തിപ്പൂച്ചികളെന്നു വിളിച്ച തുമ്പികള്‍, മുറ്റത്തെ പാഷന്‍ ഫ്രൂട്ട് വള്ളിയില്‍ കൂടുകൂട്ടിയ ഇരട്ടത്തലച്ചി...
നോക്കിയാല്‍ കാണുന്ന ദൂരത്തെ മരക്കൊമ്പുകളില്‍ തൂങ്ങിയ തൂക്കനാം കുരുവിക്കൂട്...
അവയൊന്നും ഞങ്ങള്‍ പോയിടങ്ങളിലേക്കൊന്നും സ്ഥലംമാറി വന്നില്ലല്ലോ....
തൂക്കനാം കുരുവിക്കൂടിനെ ഓര്‍ക്കുമ്പോഴൊക്കെ തലകീഴായി കിടക്കുന്ന ഒരു കൂടായി തോന്നിയിരുന്നു. കാറ്റത്ത് ആടിയാടി കിടന്നിരുന്നുവെങ്കിലും അതിലെ കിളികളെത്ര സ്വസ്ഥമായിരിക്കുന്നുവെന്നും!
ഇരുപത്തിമൂന്നാമത്തെ വീട്ടിലിരുന്നു കൊണ്ടാണ് വീടുകളെപ്പറ്റി ചിന്തിച്ചത്. സ്വന്തമെന്ന വിചാരമുണ്ടായിരുന്നതും വാടകയ്ക്കുമായ ഇത്രയധികം വീടുകളില്‍ താമസിച്ചിരുന്നോ എന്ന അത്ഭുതമുണ്ടായിരുന്നു ആദ്യം. എങ്കില്‍ ഓരോ വീട്ടിലും ശരാശരി എത്രനാള്‍ താമസിച്ചിരിക്കും?
മുമ്പ് അമ്മച്ചിയുടെ ജോലിയും സ്ഥലം മാറ്റവുമാണ് വീടുകളില്‍ നിന്ന് വീടുകളിലേക്ക്
മാറാന്‍ കാരണമെങ്കില്‍ ഇപ്പോള്‍ ഞങ്ങളുടെ ജോലിയാണ്!
ഇനിയെങ്കിലും നിര്‍ത്തിക്കൂടെ ഈ ഓട്ടം?
പലവട്ടം കേട്ടു പഴകിയ ചോദ്യം .
അതിജീവനത്തിനുള്ളവ എവിടെയെല്ലാമാണ് ഇരിക്കുന്നതെന്ന് ആര്‍ക്ക് നിശ്ചയിക്കാനാകും?
മരമായിരുന്നുവെങ്കില്‍ ആഴത്തില്‍ വേരുകളുറപ്പിച്ച് നിന്നു നോക്കാമായിരുന്നു.
ജനിച്ച നാടുവിട്ടു പോകുന്നതിനെപ്പറ്റി സ്വപ്നങ്ങളില്‍ പോലുമില്ലായിരുന്നു.
മനുഷ്യന്റെ ജൈവ സ്വഭാവത്തിലൊന്ന് സഞ്ചാരമാണ്. അതിജീവനത്തിനു വേണ്ടിയുള്ള പലായനങ്ങള്‍...ഗുഹാവാസിയായ മനുഷ്യനില്‍ നിന്ന് രൂപത്തിലും ഭാവത്തിലും ഒരുപാട് പരിണാമങ്ങള്‍
സംഭവിച്ചു എങ്കിലും ജീവിതോപാധി തേടിയുള്ള യാത്ര അവസാനിക്കുന്നേയില്ല.
വിശപ്പു മാറിയാല്‍ സ്വസ്ഥമായി വിശ്രമിക്കാന്‍ ഇടം വേണം. അതാണ് വീട്. പക്ഷേ, നമ്മളതിനെ സ്വകാര്യ സ്വത്തിന്റെ
പരിധിയില്‍ കൊണ്ടു വെച്ചിരിക്കുന്നു!
ഗുഹാവാസിയില്‍ നിന്നും മനുഷ്യന്‍ സംസ്‌ക്കാരത്തിലേക്ക് പരിണമിക്കുമ്പോള്‍ എന്തെല്ലാം അത്ഭുതങ്ങളാണ്!
എന്റേത് എന്റേത് എന്ന് എത്രവട്ടം പറഞ്ഞാലും ഒന്നും സ്വന്തമേയല്ലെന്ന്
അറിയാഞ്ഞിട്ടല്ല. ഭൂമിയിലെ ജീവിതം ഒരു വാടക വീട്ടിലേതെന്നതു പോലെ അനിശ്ചിതത്വം
നിറഞ്ഞതാണെന്ന് അറിയാഞ്ഞിട്ടുമല്ല. എന്നിട്ടും മനുഷ്യന്‍ വലിയ വലിയ വീടുകളെ സ്വപ്നം കാണുന്നു.
ഞങ്ങളുടെ നാട്ടില്‍ ആദ്യമായി നിര്‍മ്മിച്ച രണ്ടു നില കെട്ടിടം അത്ഭുതത്തോടെ നോക്കി നിന്നത് ഇപ്പോഴുമോര്‍ക്കുന്നു. ആറിലോ ഏഴിലോ പഠിക്കുമ്പോഴായിരുന്നു അത്. കുടിയേറ്റ
ഗ്രാമമായതുകൊണ്ട് മുന്‍ നിര്‍മ്മിതികള്‍ ഒന്നു രണ്ടു മുനിയറകള്‍ മാത്രമായിരുന്നു.
കൂടുതലും പുല്ലുമേഞ്ഞ വീടുകളായിരുന്നു ചെറുപ്പത്തില്‍ കണ്ടിരുന്നത്. അങ്ങിങ്ങ്
പനയോലയോ ഓലയോ മേഞ്ഞവയും. ഓടുതന്നെ അപൂര്‍വ്വമായിരുന്നു. പിന്നെ പിന്നെ പുല്ല് ഓടിലേക്കും ആസ്ബറ്റോസ് ഷീറ്റിലേക്കും മാറി. അടുത്ത മാറ്റമായിരുന്നു കോണ്‍ക്രീറ്റ് ...
സ്ഥിരമായി ബസ്സില്‍ യാത്ര ചെയ്യുന്ന വഴിയില്‍ പുതിയൊരു വീട് ഉയര്‍ന്നു വന്നു. കൊട്ടാരങ്ങള്‍ക്കു ശേഷം ഞാന്‍ കണ്ട ഏറ്റവും വലിയ വീടായിരുന്നു
അത്. ഓഫീസില്‍ വീടുകളെപ്പറ്റി സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഈ വീടും
സംസാരത്തിലേക്കു കടന്നു വന്നു.
'അതെന്താ വീടാ?' സഹപ്രവര്‍ത്തകന്‍ മുരളി ചോദിച്ചു . ചോദ്യഭാവത്തില്‍ നോക്കുമ്പോള്‍ അവന്‍ തന്നെ ഉത്തരവും പറഞ്ഞു
'രാക്ഷസ കോട്ടയെന്നു പറയണം'
അപ്പോഴാണ് കുഞ്ഞുനാളില്‍ കേട്ടു പതിഞ്ഞ കഥകളിലെ രാക്ഷസക്കോട്ടയോട് സാമ്യമുണ്ടല്ലോ ആ വീടിനെന്ന് അറിഞ്ഞത്.
എന്തിനായിരിക്കും ഇത്ര വലിയ വീടുകള്‍? ആ വീട്ടിലുള്ളവര്‍ സമാധാനത്തോടും സ്വസ്ഥതയോടും സന്തോഷത്തോടും ജീവിക്കുന്നുവോ?
അത്ര വലിയ വീടിനോടുള്ള അസൂയയാണോ? ഒരിക്കലും അങ്ങനൊരു വീടു പണിയാന്‍ സാധ്യമല്ലാത്തവരുടെ പ്രതികരണമാണോ രാക്ഷസക്കോട്ട എന്നത്?
സാധ്യമാകാന്‍ മാത്രം കഴിവുള്ളവര്‍ പലരും ചുറ്റുപാടിനേയും പ്രകൃതിയേയും സമൂഹത്തേയും ഓര്‍ത്ത് സംയമരാവുന്നുണ്ട്. അതു മറന്നുകൂടാ...
അവസാനിക്കാത്ത സ്വപ്നവുമായി ജീവിക്കുന്ന മനുഷ്യന്‍ പക്ഷേ പല ജീവിത
സാഹചര്യങ്ങളിലൂടെ കടന്നു പോകുന്നു.
സമ്പന്നര്‍, മധ്യവര്‍ഗ്ഗം , പാവപ്പെട്ടവര്‍ ... അതില്‍ തന്നെ പിന്നെയും വിഭജനങ്ങള്‍...
വീടെന്ന സ്വപ്നം എല്ലാവര്‍ക്കുമുണ്ട്. പക്ഷേ, വീടു വെയ്ക്കാനുള്ള ഇടവും അതിനു വേണ്ട സാമഗ്രികളും ഭൂമിയില്‍ നിന്നു തന്നെ കണ്ടെത്തണം. അത് എല്ലാവര്‍ക്കും വേണം. പരിമിത വിഭവങ്ങളെ ഇവിടുള്ളു.
പക്ഷേ, സാധ്യമാകുന്നില്ല. നമ്മുടെ വ്യവസ്ഥിതി സമ്മതിക്കുന്നില്ല എന്ന്
വേണമെങ്കില്‍ ഒറ്റവാക്കില്‍ പറയാം.
കേരളത്തില്‍ വലിയ വലിയ എത്രയോ വീടുകള്‍ അടഞ്ഞു കിടക്കുന്നു. കൊട്ടാര സദൃശ്യമായ എത്രയോ വീടുകള്‍ വരുന്നു. പക്ഷേ, അതിലേറെ ദരിദ്രര്‍ , ഇടത്തരക്കാര്‍ വീടില്ലാതെ പ്രയാസപ്പെടുന്നു. വാടക വീടുകള്‍ അന്വേഷിച്ചു നടന്ന് നടന്ന് കാലു കുഴയുന്നു.
വായ്പയെടുത്ത് വീടുവെച്ച് കടക്കെണിയിലാകുന്നു.
പണ്ട് വീടുവെയ്ക്കാന്‍ ഒരുങ്ങുമ്പോള്‍ എനിക്ക് നിവൃത്തിയില്ലാഞ്ഞിട്ടാണ്. നിന്റെ ഇത്തിരി ഇടം ഞങ്ങള്‍ എടുക്കുന്നതില്‍ വിഷമിക്കരുതേ... ക്ഷമസ്വമേ എന്നു ഭൂമിയോട്
പറഞ്ഞുകൊണ്ടാണ് വീടുണ്ടാക്കാന്‍ ഒരുങ്ങിയിരുന്നതെന്ന് കോഴിക്കോട്ടെ ഏറെ മുതിര്‍ന്ന സുഹൃത്ത് രാഘവന്‍ നായര്‍ ഓര്‍മ്മിപ്പിച്ചു.
കല്ലും മണലും മരങ്ങളും വെള്ളവുമെല്ലാം ഇഷ്ടപ്പടിയെടുക്കാമെന്നും
എത്രയെടുത്താലും പിന്നെയും പിന്നെയും അവയെല്ലാം ഉണ്ടായിക്കൊള്ളുവെന്നും നാം
മനുഷ്യര്‍ കരുതി. പക്ഷേ, സൂക്ഷിച്ചു കൈകാര്യം ചെയ്തില്ലെങ്കില്‍ ഇവയെല്ലാം
പൂര്‍ണ്ണമായും ഇല്ലാതാവുമെന്ന് തിരിച്ചറിയുന്നേയില്ല. അല്ലെങ്കില്‍ എനിക്കെടുക്കാം
വേറാര്‍ക്കും വേണ്ട എന്നു ചിന്തിക്കുന്നു.
കാട്ടിനുള്ളിലെ ചില ആദിവാസി ഗ്രാമങ്ങളില്‍ പോയിട്ടുണ്ട്. ഒരാള്‍ക്ക് കഷ്ടി
നില്ക്കാവുന്ന പൊക്കത്തിലുള്ള കുടിലുകള്‍ . ഒറ്റമുറി കുടിലുകള്‍...മൂലയില്‍ സദാ സമയവും എരിയുന്ന വിറകടുപ്പ്... അവരെ തണുപ്പില്‍ നിന്നു മോചിപ്പിക്കുന്നതും അടുപ്പിലെ ചൂടാണ്. പുതപ്പോ മാറ്റിയുടുക്കാനുള്ള വസ്ത്രങ്ങളോ ഇല്ല.
റെയില്‍വേ സ്റ്റേഷനുകളോട് ചേര്‍ന്ന് നാടോടികളും മറ്റും നീല പ്ലാസ്റ്റിക് ടാര്‍പ്പായകൊണ്ട് കുടില്‍ കെട്ടി താമസിക്കുന്നത് പതിവു കാഴ്ചയാണ്.
പക്ഷേ, അവരും ഭൂമിയില്‍ ജീവിക്കുകയാണ്.
അതേ സമയത്താണ് ആന്റിലിയ പോലുളള വീടുകള്‍ കാണുന്നത്. അതിനെ കടത്തിവെട്ടുന്ന വീടുകള്‍ നിര്‍മ്മിക്കണമെന്ന് വേറെ ചിലര്‍ വിചാരിക്കുന്നു. ആഗ്രഹങ്ങളങ്ങനെ നീണ്ടുനീണ്ടു പോകുന്നു.

വീടു വെയ്ക്കാനൊരുങ്ങുമ്പോള്‍ പ്രകൃതി വിഭവങ്ങളുടെ അനിയന്ത്രിതമായ ഉപയോഗം ഇന്നു നിയന്ത്രിക്കുന്നുണ്ട്. അപ്പോഴും പ്രയാസപ്പെടുന്നത് ദരിദ്രരാണ്.
1970 ലെ ഭൂപരിഷ്‌ക്കരണം വിപ്ലവകരമായിരുന്നു എന്നു പറയുമ്പോഴും എത്രമാത്രം ഭൂമിയില്‍ കൃഷിയുണ്ടായി എന്നുകൂടി ആലോചിക്കേണ്ടതാണ്. റിയല്‍ എസ്റ്റേറ്റ് വികസനത്തിനു വേണ്ടിയുള്ള ഊഹക്കച്ചവടമാണ് നമുക്കു ചുറ്റും നടക്കുന്നത്.
ഒരുതരത്തില്‍ വീടുകൃഷിയാണ് നടക്കുന്നത്.
വീടെന്ന സ്വപ്നത്തിലേക്കു പോകുമ്പോള്‍ മോഹങ്ങള്‍ അനിയന്ത്രിതമാകുമ്പോള്‍ ഒന്ന്
കടിഞ്ഞാണിടാം. പ്രകൃതിയെ വല്ലാതെ ചൂഷണം ചെയ്യാതിരിക്കാന്‍.. വരും തലമുറയ്ക്ക്
വേണ്ടി ഇത്തിരി സൂക്ഷിച്ചു വെയ്ക്കാന്‍....
സ്വസ്ഥമായി തലചായ്ക്കാനൊരിടം എന്ന അവസ്ഥയെപ്പറ്റി ചിന്തിച്ചുകൊണ്ട് ഇരുപത്തിനാലാമത്തെ വീട് ഏതായിരിക്കും എന്നും എവിടെയായിരിക്കും എന്നും സ്ങ്കല്പിച്ചുകൊണ്ട് 'സ്വസ്ഥമായിരിക്കാന്‍' ശ്രമിക്കുന്നു!
വീട് ശരീരത്തിന് വിശ്രമിക്കാനുള്ളതാണ്.
മനസ്സ് ദൂരെയെങ്ങോ അലയുന്നു.
ഇരുപത്തിമൂന്നാമത്തെ വീട്ടിലിരുന്ന് പുറത്തേക്കു നോക്കുമ്പോള്‍ എത്രയെത്ര തുമ്പികളാണ് പാറിപ്പറന്ന് കളിക്കുന്നത്. ഞാന്‍ മറയൂരിലെ വണ്ണാത്തിപ്പൂച്ചികളുടെ കാലത്തേക്ക് പറക്കുന്നു അപ്പോള്‍…

എന്നെ തിരയുന്ന ഞാന്‍


'ആരാണ് ഞാന്‍' എന്ന് നാം നമ്മോട് തന്നെ ചോദിക്കണമെന്ന് അന്ന് ആദ്യമായി കേള്‍ക്കുകയായിരുന്നു.
കൗമാരകാലത്ത്, ഒരു നേതൃ പരിശീലന ക്യാമ്പില്‍ ക്ലാസെടുത്ത മനശാസ്ത്രഞ്ജനാണ് ഭാവി ആസൂത്രണം ചെയ്യുന്നതിന് ഇങ്ങനെ ചില ചോദ്യങ്ങള്‍ ചോദിക്കണമെന്ന് പറഞ്ഞത്.
എന്റെ കഴിവെന്താണ്? എന്റെ ലക്ഷ്യമെന്താണ്? പരിമിതികളെന്താണ്? അടുത്ത അഞ്ചു വര്‍ഷം കൊണ്ട് എന്തു നേടണം? വ്യക്തി ജീവിതത്തില്‍, കുടുംബ ജീവിതത്തില്‍, സാമൂഹ്യ ജീവിതത്തില്‍...
ഈ സമയത്ത് എന്തൊക്കെ പ്രശ്‌നങ്ങളുണ്ടാക്കാം? അവ എങ്ങനെയൊക്കെ പരിഹരിക്കാം? ആരൊക്കെ സഹായിക്കും?
ചിന്തിച്ച് ചിന്തിച്ച്
അതിനനുസരിച്ച് ഭാവി ആസൂത്രണം ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു.
അത്ര എളുപ്പത്തില്‍ ഉത്തരം കണ്ടു പിടിക്കാന്‍ സാധിക്കാത്ത ചോദ്യങ്ങളുണ്ടെന്നും 'റെഡിമെയ്ഡ്' ഉത്തരങ്ങള്‍ ആരുടെയും കൈയ്യിലില്ലെന്നും ആദ്യമായി മനസ്സിലായതും അന്നാണ്.
പക്ഷേ, നിരന്തരം ഞാനാ ചോദ്യം ആവര്‍ത്തിച്ചു കൊണ്ടിരുന്നു. അന്നും ഇന്നും ഉത്തരം കണ്ടെത്താന്‍ ആയില്ലെങ്കിലും...

അഞ്ചു വര്‍ഷത്തേക്കു പോയിട്ട് രണ്ടു ദിവസത്തേക്കു പോലും ഭാവിയെ കൃത്യമായി ആസൂത്രണം ചെയ്യാന്‍ എനിക്കായിട്ടില്ല. കിട്ടിയത് കിട്ടി. പോയത് പോയി എന്ന നിസ്സംഗഭാവം എപ്പോഴും കൂടെയുണ്ട്.
അടുത്തിടെ ഒരു പുസ്തകം തപാല്‍ വഴി കിട്ടി. ഇത് നിങ്ങളുടെ വേരുകളിലേക്കുള്ള യാത്രയാവും എന്ന് പുസ്തകം അയച്ചയാള്‍ കുറിച്ചിരുന്നു.
എന്റെ വേരുകള്‍ എവിടെയാണ് അന്വേഷിക്കേണ്ടത്?
ചിലര്‍ പറയാറുണ്ട് നമ്മള്‍ സമാന മനസ്സുള്ളവരാണ് എന്ന്. ഇഷ്ടപ്പെട്ട പുസ്തകമോ, ഇഷ്ടപ്പെട്ട ഭക്ഷണമോ, യാത്ര ചെയത സ്ഥലമോ, ഇഷ്ടപ്പെട്ട പാട്ടോ ഒക്കെയാവും ഈ സമാനതയെ നിര്‍ണ്ണയിക്കുന്നത്. അതു കൊണ്ടു മാത്രം സമാന മനസ്‌ക്കരാകുന്നതെങ്ങനെ?
ഒരേ മാതാപിതാക്കള്‍ക്ക് ജനിച്ച ഞങ്ങള്‍ സഹോദരങ്ങള്‍ മൂന്നു പേരും വ്യത്യസ്ത സ്വഭാവക്കാരാണ്. മുഖഛായയില്‍ സാമ്യമുണ്ടാകാമെങ്കിലും. ഒരേ വീട്ടില്‍ അടുത്തടുത്ത വര്‍ഷങ്ങളില്‍ ജനിക്കുകയും ഒരേ സാഹചര്യത്തില്‍ വളരുകയും ചെയ്തവര്‍! എന്നിട്ടും ഞങ്ങള്‍ വ്യത്യസ്തരാവുന്നു. സമാനതകളേക്കാള്‍ വൈരുദ്ധ്യങ്ങളെ വേണം അംഗീകരിക്കാന്‍. എന്നെ ചിലര്‍ മിത്രമായും മറ്റു ചിലര്‍ ശത്രുവായും കാണുന്നുണ്ടാവാം. അപ്പോള്‍ എന്നില്‍ തന്നെയുണ്ട് വൈരുദ്ധ്യങ്ങള്‍ ഏറെ.
ഒരേ ഇഷ്ടങ്ങള്‍ ഉള്ളവരെ മാത്രമേ എനിക്ക് അംഗീകരിക്കാനാവൂ എന്നില്ല . വൈരുദ്ധ്യങ്ങളും വൈവിധ്യങ്ങളുമുണ്ടെങ്കിലേ ശരിയാവൂ എന്നൊരു ധാരണ ഉറച്ചു പോയിട്ടുണ്ട്. സമാന സ്വഭാവങ്ങള്‍ക്കപ്പുറം വൈരുദ്ധ്യങ്ങളെക്കൂടി അംഗീകരിച്ചാലേ ഞാനെന്ന വ്യക്തി സഹിഷ്ണു ആവൂ!
അല്ലെങ്കില്‍ സമാന ഹൃദയരില്‍ എനിക്കിഷ്ടപ്പെടാത്തത് എന്നു തോന്നുന്നത് കണ്ടാല്‍ അസ്വസ്ഥയാവുകയും അസഹിഷ്ണു ആകുകയും ചെയ്യും. ഞാന്‍ സഹിഷ്ണുവായിരിക്കാന്‍ ശീലിക്കുകയാണ് - വേരുകളെ അന്വേഷിച്ചും എന്നെ അന്വേഷിച്ചും.
വേരുകള്‍ അന്വേഷിക്കുകയാണെങ്കില്‍ എത്ര മാത്രം യാത്ര ചെയ്യേണ്ടി വരും?
'ജൈവ മനുഷ്യന്‍' എന്ന ആനന്ദിന്റെ പുസ്തകത്തില്‍ ജനന നിയന്ത്രണം പ്രചരിപ്പിക്കാന്‍ പോയ ഒരു പ്രവര്‍ത്തകന്‍ പറഞ്ഞ ഒരു കഥയെപ്പറ്റി പരാമര്‍ശിക്കുന്നുണ്ട്. പ്രചാരകന്‍ തനിക്കു കിട്ടിയ ശ്രോതാവിനോട് ചോദിച്ചു. ഇന്നത്തെ നിങ്ങളുടെ സ്ഥാനത്ത് നാളെ രണ്ടുപേര്‍, അവരുടെ സ്ഥാനത്ത് മറ്റെന്നാള്‍ നാല്, നാലാന്നാള്‍ എട്ട് . ഈ വിധം ചില തലമുറകള്‍ക്ക് ശേഷം നിങ്ങളൊരാള്‍ ഒരു മനുഷ്യ സമുദ്രമായി മാറുകയില്ലേ? ശ്രോതാവ് മറുത്ത് തമാശയായി ചോദിച്ചുവത്രെ ബ നോക്കൂ ഈ എനിക്ക് മുമ്പ് എന്റെ മാതാപിതാക്കന്മാര്‍ രണ്ടുപേര്‍, അവര്‍ക്കു മുമ്പ് അവരുടെ മാതാപിതാക്കന്മാര്‍ നാലുപേര്‍, ഈ വിധം പണ്ടൊരു സമുദ്രം ഉണ്ടായിരുന്നിടത്തല്ലേ ഇപ്പോള്‍ ഞാന്‍ തനിച്ച് ഒരാളായി നില്ക്കുന്നത്?
ഇവിടെ ഇപ്പോള്‍ ഒറ്റപ്പെട്ട് നില്‍ക്കുന്ന ഞാനെന്ന മനുഷ്യന്റെ ഏകാന്ത സുന്ദരമായ സ്വത്വത്തിനു മുമ്പിലും പുറകിലും കിടക്കുന്നതും ഇതുപോലെ എല്ലാം അലിഞ്ഞു ചേര്‍ന്നതും അവ്യക്തമായതുമായ കടലുകള്‍ തന്നെയല്ലേ? ആ കടലുകള്‍ക്കിടയില്‍ ഇവിടെ ഇപ്പോള്‍ മാത്രമല്ലേ എന്റെ സ്വത്വത്തിനും ഞാന്‍ ഘോഷിക്കുന്ന സംസ്‌കാരത്തിനും ഭാഷക്കും രാഷ്ട്രത്തിനു തന്നെയും അര്‍ത്ഥമുള്ളൂ?
വേരുകള്‍ തേടി പോയാല്‍ അതിരുകളും അതിര്‍ത്തികളും വേലിക്കെട്ടുകളും ലംഘിക്കപ്പെടും. വര്‍ണ്ണ ഭേദങ്ങളും വിവേചനങ്ങളും ഇല്ലാതെയാവും. ജാതിയും വര്‍ഗ്ഗവും മതവും എല്ലാം നിഷ്പ്രഭമാകും.
ഇന്നുവരെ തിരിച്ചറിഞ്ഞ പതിനഞ്ചുലക്ഷത്തോളം വരുന്ന സസ്യ ജന്തുജാലങ്ങള്‍ക്കിടയില്‍ ഒന്നു മാത്രമായി 'ഞാന്‍' മാറുന്നു. സൂക്ഷ്മാര്‍ത്ഥത്തില്‍ വെറും മൂലകങ്ങളുടെ കൂട്ടമാകുന്നു 'ഞാന്‍'.
എന്നെ ഞാന്‍ തിരയേണ്ടത് എവിടെയാണ് ? രണ്ടര ലക്ഷംവര്‍ഷം മുമ്പ് ഭൂമിയില്‍ ഉടലെടുത്തത്ത മനുഷ്യവംശത്തിന്റെ തുടക്കത്തിലോ? അതോ രണ്ടരക്കോടി വര്‍ഷം മുമ്പ് ഉടലെടുത്ത ജീവബിന്ദുവിലോ?
പ്രയാണം ആ ജീവബിന്ദുവില്‍ നിന്നു തുടങ്ങുന്നു. അനിശ്ചതമായ കാലത്തേക്കും ദൂരത്തേക്കുമായുള്ള പ്രയാണത്തിലാണ് 'ഞാന്‍'.

വീർപ്പയുണ്ടോ? ഫോൺ തരിപ്പിലാണോ?


ഭാഷയെ വികസിപ്പിക്കുന്നവരുടെ പ്രയോഗങ്ങളാണിവ. അവർ ആരാണ്? കേരളപ്പിറവി ദിനത്തിൽ തെക്കും വടക്കുമായുള്ള ഭാഷയുടെ ചില ചിന്തകൾ...
കുട്ടിക്കാലത്ത് മറ്റു ഭാഷാഭേദങ്ങൾ കേൾക്കുമ്പോൾ ഞങ്ങൾ സംസാരിക്കുന്ന ശൈലിയാണ് നല്ലത് എന്നും മറ്റുള്ളവ മോശമാണെന്നും വിചാരമുണ്ടായിരുന്നു. എല്ലാ ശൈലിക്കും അവരവരുടേതായ സ്വത്വവും മനോഹാരിതയുമുണ്ടെന്ന് ആരും പറഞ്ഞു തന്നിരുന്നില്ല. മാത്രമല്ല മറ്റു ശൈലി കേൾക്കുമ്പോൾ വീട്ടിലുള്ളവരും അയൽ വീട്ടിലുള്ളവരുമൊക്കെ വികലമായി അനുകരിച്ച് പരിഹസിച്ചു.
പ്രത്യേകിച്ച് മലബാർ പ്രയോഗങ്ങൾ ഞങ്ങളിൽ ചിരിയുണർത്തി...

‍മോചനം മനസ്സിലൂടെ

ഒരു സദസ്സിനെ അഭിസംബോധന ചെയ്യാന്‍ എനിക്ക് ഇപ്പോഴും മടിയാണ്. പ്രസംഗകലയില്‍ എനിക്ക് പ്രാവീണ്യമില്ല എന്നതാണോ, സ്ത്രീയില്‍ സഹസ്രാബ്ദങ്ങളായി നിലനില്ക്കുന്ന അടിമ മനോഭാവമാണോ കാരണം? തീര്‍ച്ചയായും എത്ര കുടഞ്ഞു കഴിഞ്ഞാലും കൂടെപ്പോരുന്ന ആ മാനസിക അടിമത്തം തന്നെയാവണം.
എന്നാല്‍ പിന്തിരിഞ്ഞു നോക്കിയാല്‍ കുട്ടിക്കാലത്തോ മുതിര്‍ന്നപ്പോഴോ നീ പെണ്ണാണ് എന്നു പറഞ്ഞു കൊണ്ട് ആരും മാറ്റി നിര്‍ത്തിയിട്ടില്ല. ഞങ്ങള്‍ മൂന്നു പെണ്‍കുട്ടികളായിരുന്നതുകൊണ്ട് താരതമ്യത്തിനോ മാറ്റി നിര്‍ത്തലിനോ സാധ്യതയുമില്ലായിരുന്നു.
എന്നിട്ടും പലപ്പോഴും ഉള്‍വലിയാനുള്ള ത്വര എന്നില്‍ നാമ്പെടുക്കുന്നു. അപ്പോഴൊക്കെ ഞാനെന്ന സ്ത്രീ ആശ്ചര്യപ്പെടുന്നു. എവിടെയൊക്കെയാണ് ഞാന്‍ വെറും പെണ്ണാകുന്നത്?
കുറേയേറെ വിദ്യാഭ്യാസം ചെയ്തു. പല മേഖലകളില്‍ തൊഴിലെടുത്തു. എഴുതി, വായിച്ചു, സാമൂഹ്യ സാംസ്‌ക്കാരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. ഇപ്പോഴും ഇതൊക്കെ തുടര്‍ന്നു കൊണ്ടുമിരിക്കുന്നു. സാമ്പത്തിക സ്വാതന്ത്ര്യവും ഭൗതിക സ്വാതന്ത്ര്യവും ഒരളവുവരെയുണ്ട്.
എന്നിട്ടും ആരാണെന്നെ ഇടയ്ക്കിടയ്ക്ക് പിന്നോട്ടു വലിക്കുന്നത്?
നിശ്ചയമായും അതെന്റെ മനസ്സാണ്. വീണ്ടുവിചാരങ്ങളാണ്. എന്നില്‍ ഇല്ലെന്നു കരുതിയിട്ടും എന്നെ കൂട്ടിലിടുന്നത് ആദിമകാലം മുതല്‍ നിലനില്ക്കുന്ന ഉപബോധ മണ്ഡലത്തിലെ ഓര്‍മകളാണ്. എന്റെ ജീനുകളില്‍ അടിമത്വത്തിന്റെ അംശങ്ങള്‍ നിന്നു കത്തുന്നു. മാനസിക മോചനം പലപ്പോഴും തുറങ്കലിലാവുന്നു.
അപ്പോഴൊക്കെ ,കുറച്ചു സത്രീകളെ ഒഴിച്ചു നിര്‍ത്തിയാല്‍, ബാക്കി വരുന്ന ബഹുഭൂരിപക്ഷം സ്ത്രീകളുടെ അവസ്ഥയെപ്പറ്റി ചിന്തിക്കുന്നു. ഭാവിയുടെ വാഗ്ദാനങ്ങളായ പുതുതലമുറയിലെ പെണ്‍കുട്ടികളെക്കുറിച്ച് വ്യാകുലചിത്തയാകുന്നു.
ഒരുപാടു പേര്‍ വിദ്യാഭ്യാസം ചെയ്യുന്നുണ്ട് . പക്ഷേ വിദ്യാഭ്യാസം കേവലം പാഠപുസ്തകത്തിലുള്ളതുമാത്രമാകുന്നു. അതിനപ്പുറം സാമൂഹ്യബോധമോ രാഷട്രീയ വീക്ഷണമോ പലര്‍ക്കും ലഭിക്കുന്നില്ല. കിട്ടിയാല്‍ തന്നെ വേണ്ടെന്ന മനോഭാവവുമുണ്ട്. ഓരോ പെണ്‍കുട്ടിയും ഒറ്റപ്പെട്ട തുരുത്തിലാണ്. ആഗ്രഹങ്ങളുണ്ട് പക്ഷേ അവ യാഥാര്‍ത്ഥ്യമാക്കാനുള്ള ധൈര്യമുണ്ടാവുന്നില്ല.

വിദ്യാഭ്യാസവും തൊഴിലുമൊക്കെയുണ്ടാവുമ്പോള്‍ കുറേപ്പേര്‍ സാമ്പത്തിക സ്വാതന്ത്ര്യമനുഭവിക്കുന്നു. അപ്പോഴും മനസ്സ് വിറങ്ങലിച്ചു നില്ക്കുന്നു.
പല വേദികളിലും നിരീക്ഷിച്ചിട്ടുണ്ട് - അധ്യാപകരുടെ യോഗമായിക്കോട്ടെ, ഉദ്യോഗസ്ഥരുടേതായിക്കോട്ടെ ഭൂരിപക്ഷ അംഗങ്ങള്‍ സത്രീകളായിരിക്കുമ്പോഴും അവര്‍ നിശബ്ദതയുടെ പക്ഷത്താണ്. അവകാശങ്ങള്‍ ചോദിച്ചു വാങ്ങേണ്ട സമരമുഖത്തെന്നല്ല , ഒരു യാത്രയയപ്പു യോഗത്തില്‍ പോലും അവള്‍ നിശബ്ദയാവുന്നു. ആരും അവളെ ഭൗതികമായി തടയുന്നില്ല. തീര്‍ച്ചയായും തടയുന്നത് മാനസിക അടിമബോധമാണ്.
ഞാന്‍ സമൂഹത്തിന്റെ ഭാഗമാണ് , എനിക്ക് ചിലത് പറയാനുണ്ട്, പ്രവര്‍ത്തിക്കാനുണ്ട്, കൊടുക്കാനുണ്ട് എന്ന തോന്നലുണ്ടാവാന്‍ കാലങ്ങളെടുക്കും. അത്ര എളുപ്പം അവളിലേക്ക് സാമൂഹ്യബോധവും രാഷ്ട്രീയ ബോധവും ഉണ്ടാക്കിയെടുക്കാന്‍ സാധ്യമല്ല.
മാനസിക അടിമത്വത്തില്‍ നിന്നും മോചനം നേടിയാല്‍ മാത്രമേ സാമൂഹ്യ ജീവി എന്ന നിലയിലേക്ക് അവള്‍ ഉയരൂ.
വിദ്യാഭ്യാസം നേടാനും തൊഴിലിനും വേണ്ടി പുറത്തിറങ്ങുന്നതിലൂടെ , ചെറിയ ദൂരത്തിന്റെ മോചനം അവള്‍ നേടുന്നു. വളരെക്കുറച്ച് അജ്ഞത മാറുന്നു. സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്ക് പ്രവേശിക്കുന്നു . പക്ഷേ, അപ്പോഴും മനസ്സ് നിന്നിടത്തു നില്ക്കുന്നു. നിലനില്ക്കുന്ന വ്യവസ്ഥയുമായി പൊരുത്തപ്പെട്ടു പോകാന്‍ ശീലിക്കുന്നു.
അത്ര എളുപ്പത്തില്‍ മനോമോചനം നേടാമെന്നും അതിലൂടെ സ്വാതന്ത്ര്യത്തിലേക്കും സമത്വത്തിലേക്കുമെത്താമെന്നും വ്യാമോഹിക്കുക വയ്യ !
ഓരോ പെണ്ണും മനസ്സിനെ സ്വതന്ത്രമാക്കാന്‍ ശ്രമിക്കുമ്പോള്‍ ജീനുകള്‍ തിരികെ വിളിക്കും. അതിലേറെ നിലനില്ക്കുന്ന സാമൂഹ്യ വ്യവസ്ഥിതി തിരികെ വിളിക്കും.
അപ്പോഴെല്ലാം 'അതു ഞാനല്ല , അതു ഞാനല്ല' എന്നു പറഞ്ഞു കൊണ്ടേയിരിക്കണം.
ഞാനുദ്ദേശിക്കുന്നിടത്ത് കാര്യങ്ങളെത്തിച്ചേരുമെങ്കില്‍ ഞാന്‍ അസാധാരണ ക്ഷമയുള്ളവളായിരിക്കും എന്ന ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന മാര്‍ഗറ്റ് താച്ചറുടെ വരികൾ ഓർമിക്കാം.
നമ്മുടേതായ സ്വാതന്ത്ര്യത്തിന്റെ ആകാശം തുറന്നു കിട്ടണമെങ്കില്‍ നാം അസാധാരാണ ക്ഷമയോടും സഹനത്തോടും കൂടി പ്രയത്‌നിക്കേണ്ടി വരും!