Tuesday, November 18, 2014

പ്രിയ എഴുത്തുകാരന് പ്രണാമം...


2002 ല്‍ കോഴിക്കോട് എത്തുമ്പോള്‍ ഒരുപാട് എഴുത്തുകാര്‍ തൊട്ടരുകില്‍..പക്ഷേ ആരെയും പരിചയപ്പെടാന്‍ പോയില്ല...ആദരവോടെ കുറേ ദൂരെ നിന്നു.   പക്ഷേ, ഒരേയൊരാളെ കണ്ടപ്പോള്‍ പരിചയപ്പെടണമെന്നു തോന്നി.  അന്നുവരെ അദ്ദേഹത്തിന്റെ ഫോട്ടോയൊന്നും കണ്ടിരുന്നില്ല.  എന്നിട്ടും തിരിച്ചറിഞ്ഞു.  ആ കടുക്കനും കൊമ്പന്‍ മീശയും.  അദ്ദേഹത്തിന്റെ കുറിപ്പുകളില്‍ നിന്നായിരുന്നു അതേപ്പറ്റി അറിഞ്ഞതും, കോഴിക്കോട് ടൗണ്‍ഹാളില്‍ വെച്ച് തിരിച്ചറിയാന്‍ ഇടയാക്കിയതും...

അനുഭവങ്ങളുടെ ഹിമാലയത്തിലേക്ക് കൂട്ടിക്കൊണ്ടു പോയ എന്‍ ഗോപാലകൃഷ്ണന്‍ സാര്‍...ഇന്ത്യന്‍ റെയില്‍വേയില്‍ നിന്നു വിരമിച്ച ശേഷമായിരുന്നു അദ്ദേഹം മലയാളത്തില്‍ എഴുതാന്‍ തുടങ്ങുന്നത്.  അതെന്റെ വായനയുടെ തുടക്കവും വസന്തകാലവുമായിരുന്നു. 

പെട്ടിയും ബാഗുമായി ലിഫ്റ്റില്‍ കയറാതെ ആറാം നിലയിലേക്ക് പടികയറിപ്പോയൊരാളെപ്പറ്റി മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതുമ്പോള്‍ ഹിമാലയന്‍ ബ്ലണ്ടറെന്ന തലക്കെട്ട് എന്തിനെന്ന് മനസ്സി
ലായതെ ഇല്ലായിരുന്നു.  വൈകിട്ട് ബ്രിഗേഡിയര്‍ ഡിന്നറിനു വിളിക്കുന്നു..പ്രത്യേകിച്ചൊനനുമില്ല.  കുറച്ചു സുഹൃത്തുക്കള്‍ ഒത്തുകൂടുന്നു.  
അഥിതികള്‍ക്കിടയിലേക്ക് പെട്ടിയും ബാഗും തൂക്കിവന്ന ആ വിദ്വാനെ പരിചയപ്പെടുത്താന്‍ കൊണ്ടുപോകുമ്പോള്‍ പറഞ്ഞു.  മുകളിലെത്തിയപ്പോള്‍ മൂപ്പര്‍ വെള്ളം കുടിച്ചു കാണുമെന്ന്...ബ്രിഗേഡിയര്‍ അവരെ പരസ്പരം പരിചയപ്പെടുത്തുന്നു.  
മി. ടെന്‍സിംഗ് നോര്‍ഗേ! 
ദൈവമേ! 29028 അടി മഞ്ഞുമല കയറിയ ആ മനുഷ്യനോടാണോ  ആറാം നിലയിലേക്ക് പടികയറിപ്പോകുന്നതിനെപ്പറ്റി പ്രസംഗിച്ചത് ..

* * 
എല്ലാം അറിയുന്ന കുന്ദന്‍ ഇടക്കാലത്ത് താമസിച്ച വീട്ടിലായിരുന്നു ഒരു കാലത്ത് താമസിച്ചത്.  ആ വീട്ടുടമസ്ഥ ഒരിക്കല്‍ കുന്ദനെക്കുറിച്ചു പറയുന്നു.  തന്നെ മാ എന്നു വിളിക്കുന്ന, നന്നായി ബാഡ്മിന്റണ്‍ കളിക്കുന്ന,പഞ്ചാബിലെ കഥകളും ഐതീഹ്യങ്ങളും പറഞ്ഞു തരുന്ന, കുട്ടികളോടൊപ്പം കളിക്കുകയും ചെയ്യുന്ന കുന്ദന്‍.  അതിനിടയ്ക്ക് അവര്‍ പറഞ്ഞു.  കുന്ദന്‍ സാമാന്യം നന്നായി പാടുമായിരുന്നു എന്ന്.  എന്നിട്ട് കുന്ദന്റെ ഒരു റെക്കോര്‍ഡിട്ട് കേള്‍പ്പിക്കുന്നു..
ഹൃദയം തകര്‍ക്കുന്ന ശോകം നിറഞ്ഞ ഗാനവീചികള്‍ ' സോജാ രാജകുമാരി' 

കുന്ദന്‍ ലാല്‍ സൈഗാളിനെപ്പറ്റി ആ അമ്മയ്ക്ക് അത്രയേ അറിയുമായിരുന്നുള്ളു എന്നും ഇതിലേറെ എന്തു പറയാനെന്നും ...

* *
ജേണലിസം ക്ലാസ്സില്‍ എ സഹദേവന്‍ സാര്‍ പ്രൊഫൈല്‍ എഴുത്തിനെപ്പറ്റി പഠിപ്പിക്കുകയായിരുന്നില്ല.  ഗോപാലകൃഷ്ണന്‍ സാറിന്റെ കുറിപ്പുകള്‍ വായിക്കുകയായിരുന്നു.  

* * 
ഒരിക്കല്‍ ഞങ്ങളുടെ ബാങ്കിലേക്ക് തെണ്ടിഫണ്ടിനായി വരുന്നു അദ്ദേഹം.  പലപ്പോഴും കോഴിക്കോട് ബീച്ചിനടുത്ത മെയ്‌സീനേ അപ്പാര്‍ട്ട്‌മെന്റിന്റെ ആറാം നിലയിലേക്ക് ഞാന്‍ കയറിച്ചെന്നു.  എന്നെ വാത്‌സല്യംകൊണ്ട് പൊതിഞ്ഞു. ഇടയ്ക്ക് കണ്ടില്ലെങ്കില്‍ ഫോണില്‍ വിളിക്കും.  ഇ-യുഗത്തില്‍ തപാല്‍ വഴി എന്നെത്തേടി വല്ലപ്പോഴും അദ്ദേഹത്തിന്റെ കത്തുകള്‍ വന്നു.  ചിലപ്പോള്‍ സ്വന്തം കൈപ്പടിയില്‍..ചിലപ്പോള്‍ സഹായിയെക്കൊണ്ട് ...

* *
അദ്ദേഹത്തിന്റെ ലളിതമായ ആഖ്യാനശൈലി കുറച്ചൊന്നുമല്ല എന്നെ ആകര്‍ഷിച്ചിട്ടുളളത്.  എന്റെ എഴുത്തു ശൈലിയെപ്പറ്റി നല്ലതു പറയുന്നതു കേള്‍ക്കുമ്പോള്‍ അതിലൊരു പങ്ക് തീര്‍ച്ചയായും ഗോപാലകൃഷ്ണന്‍ സാറിനുണ്ട്.  

* *
കഴിഞ്ഞ വര്‍ഷം മാതൃഭൂമി ഓണപ്പതിപ്പില്‍ രോഗത്തെപ്പറ്റി എഴുതിയ ലേഖനത്തില്‍ അദ്ദേഹത്തെപ്പറ്റി പേരുപറയാതെ ഇങ്ങനെ എഴുതി.  

'ജീവിതത്തില്‍ അത്ഭുതം തോന്നിയ മറ്റൊരാള്‍ എണ്‍പതു വയസ്സുള്ളൊരു അര്‍ബുദ രോഗിയാണ്.  രോഗമാണെന്ന് അടുത്തിടെ മാത്രമാണ് തിരിച്ചറിഞ്ഞത്.  അര്‍ബുദത്തിനുള്ള ഒരു ചികിത്സയും ചെയ്യില്ല എന്നു തീരുമാനിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.  കാരണം സമയമടുത്തിരിക്കുന്നു എന്ന് തിരച്ചറിഞ്ഞിരിക്കുന്നു.  പിന്നെ വേദന സഹിക്കാന്‍ വയ്യ. അതുകൊണ്ട് വേദനസംഹാരികളില്‍ അഭയം പ്രാപിക്കുന്നു.  പക്ഷേ, അദ്ദേഹം മിക്കവാറും പെയ്ന്‍ & പാലിയേറ്റീവ് ക്ലിനിക്കില്‍ പോയിരിക്കും.  അവിടെയുള്ള രോഗികളോട് സംസാരിച്ചുകൊണ്ടിരിക്കും. തന്റെ രോഗത്തെ മറച്ചുവെച്ചുകൊണ്ട് അവരെ സമാധാനിപ്പിക്കും.  മരണം ഒരു ഭയമല്ല എന്നദ്ദേഹം പറഞ്ഞുകൊണ്ടേയിരിക്കുന്നു.   '

പ്രിയ എഴുത്തുകാരന് പ്രണാമം...

Sunday, November 16, 2014

നഗരവഴികള്‍
കാട്ടില്‍ നിന്നും നഗരത്തിലേക്കായിരുന്നു-കൗമാരത്തില്‍ നിന്ന് യൗവ്വനത്തിലേക്കുള്ള എന്റെ യാത്ര.  ഇടുക്കിയിലെ ഒരു കുഗ്രാമത്തില്‍ നിന്നും കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തേക്ക്...നഗരം  അപരിചിതയായി കണ്ടില്ല എന്നു തോന്നുന്നു. എന്തിനേയും സ്വീകരിക്കാന്‍ അതിനാവുന്നതുകൊണ്ടാവണം ഇവളേയും സ്വീകരിച്ചത്.  ഇവള്‍ക്കാണെങ്കിലോ അത്രപോലും അപരിചിതത്വം തോന്നിയുമില്ല.  മുമ്പ് നഗരം ശരിക്കു കണ്ടിട്ടില്ലായിരുന്നു.  ബസ്സുയാത്രയിലോ മറ്റോ കടന്നുപോയിരുന്നുവെന്നല്ലാതെ...

2002 മാര്‍ച്ച് 4, കോഴിക്കോട് വൈ എം സി എ യ്ക്കടുത്തുള്ള ബ്രില്ല്യന്‍സ് കോളേജില്‍ പി എസ് സി കോച്ചിംഗിനു ചേര്‍ത്തു കണവന്‍.  ക്ലാസ്സു കഴിയുമ്പോള്‍ അവന്‍ ജോലി ചെയ്യുന്ന ബാങ്കിലേക്ക് എത്തിക്കോളാന്‍ പറഞ്ഞു.

കോഴിക്കോടിന്റെ ഭൂമിശാസ്ത്രത്തെപ്പറ്റിയോ നഗരഭൂപടത്തെപ്പറ്റിയോ ഒന്നുമറിയാത്തവളോടായിരുന്നു ആ പറച്ചില്‍...അവന്‍ ജോലി ചെയ്യുന്ന ബാങ്ക് കല്ലായ് റോട്ടിലാണ്.  എത്ര ദൂരമുണ്ടെന്നൊന്നും അറിയില്ല.  വണ്‍വേ ആയതുകൊണ്ട് ബസ്സോ ഓട്ടോയോ കിട്ടില്ല. അതുകൊണ്ട് പുറകോട്ട് നേരെ നടന്നാല്‍ മതിയെന്നു പറഞ്ഞു. കുറേ ദൂരെമെത്തുമ്പോള്‍ മാനാഞ്ചിറ കാണാമെന്നും മാനാഞ്ചിറയിലെ പബ്ലിക് ലൈബ്രറി കാണാമെന്നും വേണമെങ്കില്‍ അവിടെ കയറി വായിച്ചിട്ടൊക്കെ പോന്നാമതിയെന്നും അവന്‍ പറഞ്ഞു.  പിന്നെ എസ് കെ പൊററക്കാടിന്റെ പ്രതിമയുണ്ട്.  എസ് കെ നോക്കിയിരിക്കുന്നത് മിഠായി തെരുവിലോട്ടാണ്...അതിലെ നടന്നാലും പാളയത്തെത്തും...അവിടുന്ന് കുറച്ചു ദൂരം കൂടി പോയാല്‍ ബാങ്കിന്റെ ബോര്‍ഡ് കാണാം.  എങ്ങോട്ടും വളയാനും തിരിയാനും നില്ക്കണ്ട.  മിഠായി തെരുവില്‍ തിരക്കായിരിക്കും.  അതിലെ ഇപ്പോ വരണ്ട.  പട്ടാളപള്ളിയുടെ അടുത്തു കൂടെ മുതലക്കുളത്തിനരികിലൂടെ പോന്നാല്‍ മതി. മുതലക്കുളത്ത് മുതലയോ കുളമോ ഇല്ല.  അലക്കുകാരു വിരിച്ചിട്ട തുണിയുണ്ടാവും..ഇല്ലെങ്കില്‍ കുറേ അയക്കോലുകള്‍...

ഏതാണ്ട് രണ്ടര കിലോമീറ്ററോളം ദൂരമുണ്ട്.  പക്ഷേ അന്നത് അറിയില്ല.  പറഞ്ഞു തന്നതുപോലെ നേരയങ്ങ് നടന്നു.  മാനാഞ്ചിറയെ നോക്കി നിന്നു.  ലൈബ്രറിയില്‍ കയറി.  എസ് കെ യെ കണ്ടു. പട്ടാളപള്ളി കണ്ടു...മുതലക്കുളത്തെ അയക്കോലുകള്‍ കണ്ടു.   അന്ന് മൊബൈല്‍ ഫോണൊന്നുമില്ല.  എന്തായാലും ആരോടും വഴി ചോദിക്കേണ്ടി വരാതെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേര്‍ന്നു.

  അധികം വൈകാതെ കോഴിക്കോട് പ്രസ് ക്ലബ്ബിലെ ജേണലിസം ഇന്‍സ്റ്റിറ്റിയൂട്ടില്‍ അഡ്മിഷന്‍ കിട്ടുന്നു.  പിന്നെ നഗരത്തിന്റെ ഇടവഴികള്‍ ഇവള്‍ക്കു സ്വന്തമാവുകയായിരുന്നു. കൂട്ടുകാര്‍ക്കൊപ്പം പല വഴികളിലൂടെയും നടന്നു.  ചിലപ്പോള്‍ അസൈന്‍മെന്റിനു വേണ്ടിയാവാം.  ചിലപ്പോള്‍ ഊണുകഴിക്കാനായി ഒരു മെസ്സ് അന്വേഷിച്ചുള്ള യാത്രയാവാം.  തെരുവു പുസ്തകച്ചന്തയിലേക്കോ സെക്കന്റ്ഹാന്‍ഡ് ബുക്ക് ഷോപ്പിലേക്കോ ആവാം.  മറ്റു ചിലപ്പോള്‍ കടല്‍ത്തീരത്തേക്ക്, മിഠായി തെരുവിലേക്ക്...

പിന്നെ എനിക്കും ബാങ്കില്‍ ജോലി കിട്ടുന്നു.  വൈകിട്ട് മാനാഞ്ചിറയിലേക്ക് നടക്കുകയാവൂം.  മെയിന്‍ റോട്ടിലൂടെയൊന്നുമല്ല.  കാണുന്ന വഴിയേ, ഇടവഴികളിലൂടെ നടന്ന് വലിയൊരു റോഡിലേക്കെത്തുകയാവും.  മിഠായിതെരുവിലെ കച്ചവടമൊക്കെക്കണ്ട് നടക്കുകയാവാം.  ചില വഴികളിലൂടെ നടക്കുമ്പോള്‍ ആളുകളെത്തട്ടിയിട്ട് നടക്കാന്‍ വയ്യാതാവുകയും ചിലപ്പോള്‍ ആളുകളെ കാണാനേ ഉണ്ടാവുകയുമില്ല.  പണ്ടേ അല്പം സ്വപ്‌നജീവിയായ ഇവള്‍ കാഴ്ചകളും മനക്കാഴ്ചകളുമായിട്ടങ്ങനെ നടക്കും.

എവിടേക്കു പോകണമെങ്കിലും സമയമുണ്ടെങ്കില്‍ നടക്കുകയാണ് പതിവ്.  പലപ്പോഴും ഇടവഴികളിലൂടെ...ഒറ്റയ്ക്കായി പോകുന്ന ചില വഴികളില്‍ പേടി തോന്നാറില്ല.  എതിരെ വരുന്നൊരാള്‍ ആക്രമണകാരിയാണെന്നൊരു തോന്നല്‍ വെച്ചു പുലര്‍ത്താറില്ല.  ആരെങ്കിലും ആക്രമിക്കാന്‍ വരുന്നുവെന്ന തോന്നലോ ചിന്തയോ ഇന്നേവരെ തൊട്ടുതീണ്ടിയിട്ടില്ല എന്നു പറയാം.
നിനക്ക് ദുരനുഭവങ്ങളൊന്നുമില്ല എന്നാണെങ്കില്‍ അതു നിന്റെ ഭാഗ്യം കൊണ്ടാണെന്ന് ചിലരെങ്കിലും പ്രതികരിക്കാറുണ്ട്.  ചിലപ്പോള്‍ ശരിയായിരിക്കാം.  എന്നാലും സിംഹക്കൂട്ടില്‍ ചെന്നുപെട്ട മുയലിന്റെ ഭാവം എനിക്കൊരിക്കലും ഉണ്ടാവാറില്ല.  എല്ലാ പുരുഷന്മാരും ആക്രമണകാരികളാണ് എന്ന് വിശ്വസിക്കുന്നില്ല.  കുറച്ചുപേരുണ്ട് അവരുടെ മുന്നില്‍ എത്തപ്പെടുന്നില്ല എന്നതും ശരിയാവാം.  ഒരുപക്ഷേ, എന്റെ വിശ്വാസം എന്നെ രക്ഷിക്കുകയാവാം.  എന്തായാലും എനിക്കുകൂടി അവകാശപ്പെട്ട ഭൂമിയിലൂടെ, വഴികളിലൂടെ ഞാന്‍ നടക്കുന്നു..അത് ഏതെങ്കിലും ഒരു വിഭാഗത്തിന്റെ മാത്രം കുത്തകയാണ് എന്ന് കരുതുന്നില്ല.

ചിലപ്പോള്‍, നടക്കുമ്പോള്‍ കാണാം..വലതുവശത്തെ മതിലില്‍ നിറയെ ഷക്കീലപോസ്റ്ററുകള്‍...പത്തുപന്ത്രണ്ടു കൊല്ലം മുമ്പത്തെ കാര്യമാണേ..ആ ചിത്രങ്ങളില്‍ നോക്കി നിന്ന് മൂത്രമൊഴിക്കുന്നവര്‍...ഊറിയ ചിരിയെ ഒതുക്കിക്കൊണ്ട് ഒറ്റ നടത്തമാണ്.  അധികമാരും നടന്നു പോകാത്ത വഴിയോരത്ത് കാണാം കാമസൂത്രയുടേയും നിരോധിന്റെയും ഉറകള്‍...ചരസിന്റെയോ കഞ്ചാവിന്റെയോ ആലസ്യത്തില്‍ കിറുങ്ങിയിരിക്കുന്നവര്‍...സന്ധ്യകഴിഞ്ഞുള്ള നേരങ്ങളില്‍, ജയയിലോ സാമൂതിരി സ്‌കൂളിലോ ഒക്കെ എന്തെങ്കിലും പരിപാടിയുണ്ടെങ്കില്‍ അതുകണ്ടു മടങ്ങി വരുമ്പോള്‍ കാണാം സാരിയൊന്നു തെറുത്തു കയറ്റി-ആണുങ്ങളോട് വിലപേശുന്ന പെണ്ണുങ്ങള്‍...

ചില മതിലുകളുണ്ട് മനോഹരം.  പായല്‍ പിടിച്ചവ, നൂറ്റാണ്ടുകളുടെ പഴക്കമുള്ളവ, പൊട്ടിയും അടര്‍ന്നും കെട്ടുപോയവ, ചെളി പിടിച്ചവ, കാക്ക കാഷ്ടിച്ചവ, പൂവന്‍പെടയുടെ പച്ച വെല്‍വെറ്റു കുപ്പായമിട്ടവ, ഇലകളും വള്ളികളും  പൂക്കളുംകൊണ്ട്  സമൃദ്ധമായവ,  മുറുക്കിത്തുപ്പി ചുവന്നു പോയവ, മൂത്രം മണക്കുന്നവ, പട്ടിയെ സൂക്ഷിക്കണമെന്ന് എഴുതിവെച്ചവ...

ഗംഭീരവീടുകള്‍, വലിയ വലിയ എടുപ്പുകള്‍, അത്ഭുതം കൂറുന്ന എടുപ്പുകളും വഴികളും, വൃത്തിയും...ഇത്തിരിപ്പോയാല്‍ കരിയോയില്‍ കലക്കിയൊഴിച്ചപോലൊഴുകുന്ന ഓവുചാലുകള്‍, കോറഷീറ്റ് മേഞ്ഞ, പ്ലാസ്റ്റിക് ടാര്‍പ്പായ മേഞ്ഞ കൊച്ചുകൊച്ചു കുടുലുകള്‍, ചേരികള്‍...

സ്മാര്‍ട്ട് ഫോണും വടക്കുനോക്കി യന്ത്രവും ഗൂഗിള്‍ മാപ്പും അടുത്തകാലം വരെ കൂട്ടിനിലിലായിരുന്നു.  ആകാശം, സൂര്യന്‍, കെട്ടിടങ്ങളുടെ തുഞ്ചങ്ങള്‍ മാത്രം അടയാളം...ദിക്കുകള്‍...

ചിലപ്പോള്‍ തെറ്റുപ്പോകും വഴികള്‍...ഏതെങ്കിലും വീട്ടിലേക്കാവും..ചേരിയിലേക്കാവും..വര്‍ഷോപ്പിലേക്കോ കരിപിടച്ച വിജനപ്രദേശത്തേക്കോ ആവും.  എപ്പോഴും വഴി ശരിയാവണമെന്നില്ലല്ലോ, എല്ലാം പൂര്‍ണ്ണമല്ലല്ലോ എന്നു ചിന്തിച്ച്  തിരിച്ചു നടുക്കും.


മുമ്പ് വൈദ്യം പഠിച്ചിരുന്നതുകൊണ്ട് അറിയുന്ന ചെടികളെ തിരയും.  ഓരില ഇവിടെ, വെള്ളാവണക്കും വെള്ളെരുക്കും കല്ലത്താന്‍ കടവ് പാലത്തിനരുകില്‍, അശോകം മഞ്ഞ പെയിന്റടിച്ച വീട്ടുമുറ്റത്ത്, പുത്തരിച്ചുണ്ടയും ഉഴിഞ്ഞയും കടലാടി രണ്ടും  ഒഴിഞ്ഞ പറമ്പില്‍, തഴുതാമ മൂത്രം മണക്കുന്ന റെയില്‍വേ പാലത്തിനരുകില്‍, പൂവാം കുറന്നല്‍ ഓരോ മതിലിനുമരികില്‍, സ്‌കുളിനടുത്ത് ട്രാന്‍സ്‌ഫോമറിനിരുകിലെ ചതുപ്പില്‍ അടയ്ക്കാമണിയനും മുയല്‍ച്ചെവിയും കുടങ്ങലും കയ്യോന്നിയും, ചുവപ്പും വെള്ളയും കീഴാനെല്ലികള്‍...
നഞ്ഞ്, ഒതളം, ചേര്, സാമുദ്രപ്പച്ച, ചങ്ങലംപരണ്ട, കാര്‍ത്തൊട്ടി, മൈലെള്ള്, സര്‍പ്പഗന്ധി, ചാരവള്ളിയങ്ങനെയങ്ങനെ...

ആരു പറഞ്ഞു ഇതൊരു നഗരമാണെന്ന്?  ഇവള്‍ തനിയെ ചോദിച്ചു പോകുന്നു.

മുമ്പ് അടുത്തുള്ള കാടുകളിലേക്ക് നടക്കാനിറങ്ങുന്നവളായിരുന്നു ഞാന്‍.  ഓലിയില്‍ മുഖം കഴുകിവെള്ളം കുടിച്ച് ഈറ്റത്തുറുവിലെ കിളിക്കൂടും മുട്ടയും കണ്ട്, നാകമോഹനേയും ഇരട്ടത്തലച്ചിയേയും നോക്കിയിരുന്ന് നീറ്റിപ്പുല്ലില്‍ നിന്ന് മുറിവേറ്റ് അങ്ങനെ നടക്കുക..അതൊന്നും ഇന്നില്ല.  അത് നാട്ടില്‍ വെച്ചാണ്.  കുഞ്ഞായിരിക്കുമ്പോഴാണ്. കൗമാരത്തിലാണ്..ചുമ്മാ കാണുന്ന കുറേ സ്വപ്‌നമുണ്ടാവും കൂടെ..
ഞൊട്ടാണിപ്പഴം, കാന്താരിപ്പഴം, പൊട്ടിപ്പഴം, പൂച്ചപ്പഴം, കൊങ്ങിണിക്കായ പിന്നെ ചിലപ്പോള്‍ കുറേ ഇലകളും കായകളുമായി ഇവള്‍ കാടിറങ്ങി കൈത്തോടു കടന്ന് എങ്ങോട്ടെന്നറിയാതെ നീണ്ടു നീണ്ടു പോകുന്ന വയല്‍ വരമ്പിലൂടെ നടന്നു.

ഇപ്പോള്‍ ജോലിസ്ഥലത്തു നിന്ന് ഇറങ്ങി നടക്കുന്നു.  അതേപോലെ, ആ ഇടവഴികളിലൂടെ ചെന്നെത്തുന്നത് ഏതെടുക്കണമെന്നറിയാത്ത് തെരുവുപുസ്തകച്ചന്തയിലേക്ക്...ആള്‍ക്കൂട്ടം പത്തുരൂപയ്ക്ക്, ചിദംബരസ്മരണ ഇരുപത്തിരണ്ടുരൂപയ്ക്ക്, കടല്‍മരുഭൂമിയിലെ വീട്, ടോട്ടോച്ചാന്‍, വുതറിംഗ് ഹൈറ്റ്‌സ്, ...ഷെല്‍വിയുടെ ലൈബ്രറി പകുതി വിലയ്ക്ക്, ചിലതു തുറക്കുമ്പോള്‍ കൈ വിറയ്ക്കും...പ്രിയപ്പെട്ടവര്‍ സ്‌നേഹത്തോടെ ഒപ്പുചാര്‍ത്തികൊടുത്തവ...

നാട്ടില്‍വെച്ച് കാടും മലയും പുഴയും മണല്‍ത്തിട്ടയും പാറയുമുണ്ടായിരുന്നു.  എവിടെയും എപ്പോഴും കയറിച്ചെല്ലുകയും നിലാവില്‍ സ്വപ്‌നം കാണുകയും ചെയ്തിരുന്നു.  അകലെ മലമുകളില്‍ കാണുന്ന ചെറുവെളിച്ചത്തെപ്പോലും തിരിച്ചറിഞ്ഞിരുന്നു.  മാനത്തു നിന്നു താഴോട്ടിറങ്ങി വന്ന ആ നക്ഷത്ര വിളക്കുകളെ പ്രണയിക്കാന്‍ ശീലിച്ചിരുന്നു.  കവലയില്‍ നിന്ന് പഞ്ചായത്തുറോട്ടിലൂടെ നടന്നുവരുമ്പോള്‍ ഇടയ്ക്കിടെ തിരിഞ്ഞു നോക്കി.  ആരോ പുറകെ വരുന്നുവെന്ന്...മുന്നിലേക്ക് കുറേ ദൂരത്തേക്ക് കണ്ണയച്ചു.  തേടുന്നയാള്‍ വരുന്നോ എന്നറിയാന്‍...ചുമ്മാതായിരുന്നു.  എന്നാലും ആറുകാണാവുന്ന ദൂരത്തിലെ കാപ്പിച്ചോട്ടില്‍ കാത്തുനിന്നു.  വരില്ലെന്നറിഞ്ഞിട്ടും കാത്തുനിന്നു.    വെറുതെ...

ഇപ്പോള്‍ നഗരവഴികളിലൂടെ നടക്കുമ്പോള്‍ അങ്ങനെ എന്തെങ്കിലും പ്രതീക്ഷിക്കുന്നുണ്ടോ?
  ഇല്ലേയില്ലെന്ന് പറയാന്‍ വരട്ടെ...
എപ്പോഴൊക്കെയോ അങ്ങനെയൊരു കാത്തുനില്പ്, പിന്തുടരല്‍ ഉണ്ടായിട്ടില്ലേ...
ഉണ്ടല്ലോ
കുറച്ചു മുന്നില്‍ കൃത്യമായിട്ടും അറിയാമായിരുന്നു അതാരായിരുന്നുവെന്ന്...ഒന്നല്പം ആഞ്ഞു നടന്നാല്‍ ഒപ്പമെത്താമായിരുന്നു.
നീയെന്താ ഇവിടെ എന്ന് തീര്‍ച്ചയായും ചോദിക്കുമായിരുന്നു.
അപ്പോള്‍, എനിക്കറിയാമായിരുന്നു കാണാനാവുമെന്ന് എന്നു പറയുമായിരുന്നു.  തികച്ചും യാദൃച്ഛികമായിരുന്നു ആ പിന്തുടരല്‍ എങ്കിലും...
പക്ഷേ, ധൈര്യമില്ലാഞ്ഞിട്ടായിരുന്നില്ല.
വേണ്ട, വേണ്ട എന്നൊരു തോന്നല്‍...ഇതാണ് രസം...ഈ ഇടവഴിയിലൂടെ ആളറിയാതെ പിന്തുടരുക!..
നടത്തത്തിന്റെ വേഗത കുറയ്ക്കുകയാണ് ചെയ്തത്.  തിരിഞ്ഞു നോക്കല്ലേ...എന്നാഗ്രഹിച്ചുകൊണ്ട്...

ഇങ്ങനെ ഈ വഴികളിലൂടെ ഒറ്റയ്ക്ക നടക്കുമ്പോള്‍ പ്രയാസമില്ലെന്നൊന്നുമല്ല.   മിഠായി തെരുവില്‍ ബന്ധുവായ കുട്ടിയുടെ കൈപിടിച്ചു നടക്കുമ്പോള്‍  അറിഞ്ഞുകൊണ്ടു തന്നെ ദേഹത്ത് തട്ടി കടന്നുകളയുന്നു ഒരുവന്‍.  വീണ്ടും അവന്‍ ഞാനൊന്നുമറിഞ്ഞില്ലേ എന്നൊരു ഭാവത്തോടെ വീ്ണ്ടും വന്നു മുട്ടുന്നു.  ഇത്തവണ അറിയാതെയല്ല മനപൂര്‍വ്വമാണെന്ന് തിരിച്ചറിഞ്ഞിട്ട് പിടിച്ചു നിര്‍ത്തികൊടുക്കുന്നു പുറംവഴി...

ഒരിക്കല്‍ പുഷ്പ ജംഗ്ഷനില്‍ ബസ്സിറങ്ങി എം സി സിയിലേക്ക് നടക്കുകയാണ്.  തുലാമാസം..നേരത്തെ സന്ധ്യയാകുന്നു.  കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയ്ക്കരുകിലെത്തിയപ്പോള്‍ ആരോ ഒപ്പം വരാന്‍ ധൃതിവെയ്ക്കുന്നില്ലേന്നൊരു സംശയം.  ആയിരുന്നു...പക്ഷേ, ചോദിച്ചത് കൂടെപ്പോരുന്നോ എന്നായിരുന്നു.  ഉളളിലെ ധൈര്യവതി ഒരു നിമിഷം പേടിത്തൊണ്ടിയായി...ഒറ്റയോട്ടത്തിന് ആള്‍ത്തിരക്കിടയിലേക്കെത്തി...

ഇതൊക്കെ വളരെ അപൂര്‍വ്വമാണ്...12 വര്‍ഷത്തിലെ അപൂര്‍വ്വസംഭവങ്ങള്‍.  നഗരം എന്നെ അത്രയൊന്നും ഭയപ്പെടുത്തിയിട്ടില്ല.  ആ വഴികളും.  രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ ഒറ്റയക്കും കൂട്ടായും എത്രയെത്ര നടപ്പുകള്‍...ഒരിക്കല്‍ മലമുകളിലേക്ക് നോക്കിയിരുന്ന ആ പെണ്‍കുട്ടിയല്ല.  ഒരുപാട് വെളിച്ചങ്ങള്‍ക്കിടയിലാണ്.  എന്നിട്ടുമെനിക്ക് നഗരത്തിലെ താമസം പിടിച്ചില്ല.

മണ്ണെണ്ണ വിളക്ക് ഊതിക്കെടുത്തിയാല്‍ ലോകം മുഴുവന്‍ കൂരാകൂരിട്ടാകുമായിരുന്നു...ഇപ്പോള്‍ എല്ലാ ലൈറ്റുകളും കെടുത്തി ജനല്‍ കര്‍ട്ടന്‍ വലിച്ചിട്ടാലും പകല്‍പോലെ വെളിച്ചം അകത്ത്.  കരിംകൂരിരിട്ടില്‍ ഉറങ്ങിയവള്‍ക്ക് അസ്വസ്ഥത.  ഉറക്കം വരാതെ ഏതോ വെളുപ്പിന് മാത്രം ഉറങ്ങുന്നു. കുറേ ആയപ്പോള്‍ പതുക്കെ പതുക്കെ ശീലമാകുന്നു എല്ലാം...
ഇന്നും നല്ലൊരുറക്കമുറങ്ങണമെങ്കില്‍ ഇടുക്കിയിലെ വീട്ടിലേക്ക് പോകണം.  അപൂര്‍വ്വമായി കിട്ടുന്ന ഒന്ന്.   ആറ്റുവെള്ളത്തിന്റെ ഒഴുക്കിന് കാതോര്‍ത്തുള്ള കിടപ്പില്‍ അറിയാതെ അറിയാതെ മയങ്ങി പോകുന്നു...

എന്നാലും ഞാനീ നഗരവഴികളെ സ്‌നേഹിക്കുന്നു....

* * * * * *ചുവപ്പ് പട്ടയം തേടി

അമ്പുകുത്തി മലയിലേക്കുള്ള യാത്രയ്ക്ക് എന്നെ പ്രേരിപ്പിച്ചത് സത്യത്തില്‍ ഇതിന്റെ ചരിത്രപ്രാധാന്യമായിരുന്നില്ല. ചരിത്രം ഒരു കാരണമാണ്. പക്ഷേ അത് കുറേയൊക്കെ പണ്ടുമുതലേ കേട്ടിരുന്നതാണ്. എന്നാല്‍ കേള്‍ക്കാത്ത ഒന്ന് ഇവിടെ നിന്ന് കേട്ടിരുന്നു. അത് രസകരവും കൗതുകമുണര്‍ത്തുന്നതുമായിരുന്നു.
ഞാനൊരു ഇടുക്കിക്കാരിയാണ് എന്ന് തിരിച്ചറിയുമ്പോള്‍ വയനാട്ടുകാരായ ചിലര്‍ ചോദിച്ച ഒരു ചോദ്യമായിരുന്നു കൗതുകമുണര്‍ത്തിയത്.
നിങ്ങള്‍ക്ക് ചുവപ്പുപട്ടയമാണോ
ചുവപ്പുപട്ടയമോ കേട്ടകാലം മുതല്‍ ഞാനത്ഭുതപ്പെട്ടു. അങ്ങനെ ഒന്നിനെപ്പററി ആദ്യമായി കേള്‍ക്കുകയായിരുന്നു.
ങ്ങാ..അതേ ചുവപ്പുപട്ടയം തന്നെ..എന്നവര്‍ അപ്പോള്‍ ശരിവെച്ചു.
എന്റെ വീട് ഇടുക്കിയിലെ മലകള്‍ നിറഞ്ഞ ഒരു പ്രദേശത്താണ്. അവിടം വന്നു കണ്ടിട്ടുള്ളവര്‍ വയനാട്ടിലെ സുഹൃത്തുക്കളോടും ബന്ധുക്കളോടും വിവരിച്ചുകൊടുത്തിട്ടുണ്ട് ഞങ്ങളുടെ വീടിനെപ്പറ്റി..ഒരു മലയടിവാരത്താണ് എന്ന്, യാത്ര പേടിപ്പെടുത്തുന്നതാണ് എന്ന്, ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഏതാണ്ടെല്ലാവര്‍ഷവുമുണ്ടാവുന്ന ഇടമാണെന്ന്...
എനിക്ക് ചുവപ്പുപട്ടയത്തെക്കുറിച്ച് ഒരുപിടിയുമില്ലായിരുന്നു. ഞങ്ങളുടെ പട്ടയം വെള്ളപ്പട്ടയമായിരുന്നു. അത്രവലിപ്പമൊന്നുമില്ലാത്ത വെള്ളക്കടലാസ്..അതില്‍ ചുവപ്പിന്റെ ഒരടയാളവുമില്ലായിരുന്നു-ഒരു ഒപ്പുപോലും.
അതുകൊണ്ടുതന്നെ നിങ്ങള്‍ക്ക് ചുവപ്പുപട്ടയമാണോ എന്ന ചോദ്യത്തോട് കൈമലര്‍ത്തി. അറിയില്ല എന്നൊരുമട്ട്. എന്നാല്‍ ആ ചോദ്യം ചോദിച്ചവരൊക്കെ ഒരു രഹസ്യംപോലെ പറഞ്ഞു. അമ്പുകുത്തിമലയുടെ താഴ്വാരത്തില്‍ താമസിക്കുന്നവര്‍ക്ക് ചുവപ്പുപട്ടയമാണെന്ന്. അപകടത്തെ സൂചിപ്പിക്കാനാണത്രേ ആ ചുവപ്പുപട്ടയം. അമ്പുകുത്തിമല വലിയ അപകടത്തെയും കൊണ്ടാണുപോലും അവിടെ നില്ക്കുന്നത്. ഏതു നിമിഷവും ഒരു ചെറുചലനംപോലും ആ മേഖലയെ തകര്‍ത്തുകളഞ്ഞേക്കുമെന്ന് അവര്‍ പറഞ്ഞു.
അതുകൊണ്ട് അവിടുത്തുകാര്‍ക്ക് സര്‍ക്കാര്‍ കൊടുത്തിരിക്കുന്ന പട്ടയമാണത്രേ ചുവപ്പ് പട്ടയം. പട്ടയത്തിന്റെ നിറം ചുവപ്പായിരിക്കുമോ? അതോ അക്ഷരം ചുവപ്പായിരിക്കുമോ? അല്ലെങ്കില്‍ സാങ്കേതികമായി ചുവപ്പു പട്ടയം എന്നെഴുതിയിരിക്കുകയോ?
ദൂരെ നിന്ന് താടകരൂപത്തില്‍ അമ്പുകുത്തിയെ കണ്ടിട്ടുളളതല്ലാതെ അടുത്തേക്ക് ആദ്യമായി പോകുകയാണ്. ചരിത്രം ഉറങ്ങിക്കിടക്കുന്ന ഇടങ്ങള്‍ കാണണം. ചുവപ്പുപട്ടയവും കാണണം.....


ചുവപ്പ് പട്ടയം തേടി-പ്രകാശനം 2014 സെപ്തംബര്‍ 18 ന് കോഴിക്കോട് ടൗണ്‍ഹാളില്‍ വൈകിട്ട് 3.30 ന്..യാത്രാവിവരണമാണ്‌- ശാസ്ത്രസാഹിത്യപരിഷത്തില്‍ നിന്നും...(വിജ്ഞാനപ്പൂമഴ) ചിത്രങ്ങള്‍-സോമന്‍ കടലൂര്‍

Thursday, July 17, 2014

സഹജീവനത്തിന്റെ സര്‍ഗ്ഗാത്മകത
* അതിര്‍ത്തികളും വേലികളുമില്ലാത്ത ജാതിമതവര്‍ഗ്ഗ രഹിതമായ ജനാധിപത്യ ലോകം.

* പെണ്ണെന്ന മാറ്റിനിര്‍ത്തലില്ലാതെ വിചാരിക്കുമ്പോഴൊക്കെ യാത്രചെയ്യാനും സ്വപ്‌നം കാണാനുമാവണം.

* പ്രസവിക്കുക, കുട്ടികളെ വളര്‍ത്തുക എന്നതില്‍ മാത്രമാണ് സ്ത്രീയുടെ സൃഷ്ടിപരത എന്ന് ഇവള്‍ കരുതുന്നില്ല. ഒരുവളോടൊപ്പം സാഹിത്യമോ സംഗീതമോ കലയോ ഉണ്ടെങ്കില്‍ അതു കൂടി ഉള്‍പ്പെടുമ്പോഴേ അവള്‍ സമ്പൂര്‍ണ്ണമാകുന്നുള്ളു. വിവാഹത്തിനും കുടുംബത്തി
നും കുട്ടികള്‍ക്കും വേണ്ടി ഒരു സ്ത്രീക്കും സര്‍ഗ്ഗാത്മകതയെ മാറ്റിനിര്‍ത്തേണ്ടി വരരുതാത്ത ലോകം ഇവള്‍ സ്വപ്‌നം കാണുന്നു.

*പാരിസ്ഥിതിക ബോധമില്ലാത്തവരാണ് നമ്മളെന്ന് വിചാരിക്കുന്നില്ല. പക്ഷേ, പാരിസ്ഥിതികബോധത്തേക്കാള്‍ പ്രധാനം അത് പ്രവൃത്തിയില്‍ വരുത്തുക എന്നതാണ്. സാമൂഹത്തിന്റെ പൊതുബോധം എന്തുകൊണ്ടോ പ്രകൃതിക്കൊപ്പമല്ലാതാകുന്നു. സഹജീവനത്തിന്റെ പാഠം നാം മറന്നുപോകുന്നു. പ്രകൃതിയും മനുഷ്യനും ഇണങ്ങി ജീവിക്കുന്നൊരു കാലത്തെ സ്വപ്‌നം കാണുന്നു.

*ഈ ഭൂമി ആര്‍ക്കും ഉടമസ്ഥാവകാശം ഇല്ലാത്തിടമാകണം. ഉടമസ്ഥാവകാശം എല്ലാവര്‍ക്കുമെല്ലാവര്‍ക്കുമാവണം. നിയന്ത്രണങ്ങളൊന്നുമുണ്ടാവരുത്.ഏതുയാത്രക്കാര്‍ക്കും അവശര്‍ക്കും രോഗിക്കും വിശ്രമിക്കാനുള്ള ഇടം വേണം, എവിടെയും. ആര്‍ക്കും വെള്ളമെടുക്കാവുന്ന കിണറുകള്‍ വേണം. ചുററും പഴത്തോട്ടമുണ്ടാവണം. അവകാശികളാരും ചോദിച്ചുവരരുത്.


'എന്റെ അഞ്ചുസ്വപ്‌നങ്ങള്‍' ചന്ദ്രിക ആഴ്ചപ്പതിപ്പില്‍ വന്നത്

Thursday, June 19, 2014

'നിങ്ങളുടെ കുഞ്ഞുങ്ങള്‍ നിങ്ങളുടേതല്ല'

മൂന്നില്‍ പഠിക്കുമ്പോഴാണ്. കളിക്കാന്‍ വിടുന്ന നേരത്ത്, ഉച്ചത്തെ ഒഴിവുനേരത്ത് കുറച്ചകലെയുള്ള ശ്മശാനത്തില്‍ പോകും. മുതിര്‍ന്നളവരൊക്കെ ശ്മശാനം എന്നു പറഞ്ഞാല്‍ പേടിപ്പിക്കുകയാണ് ചെയ്യാറ്. ഞങ്ങള്‍ അതൊന്നും കേള്‍ക്കാതെ ആരുമറിയാതെ കുറേപ്പേര്‍ അങ്ങോട്ടു പോകും. ഇലമുളച്ചിച്ചെടി പൂത്ത് നില്ക്കും. ഇലമുളച്ചിച്ചെടിയുടെ പൂവിന് ചൊടക്കെന്നാണ് അവിടെ പറയുക. അത് ഊതി വീര്‍പ്പിച്ച് ടപ്പേന്ന് പൊട്ടിക്കും. കാര്യം അത്രേയുള്ളു. പക്ഷേ, ഞങ്ങളുടെ വിനോദമാണത്. ചൊടക്കാണെങ്കില്‍ ശ്മശാനത്തിലേയുള്ളു. കല്ലറകള്‍ക്കു മുകളില്‍ മുടി മുറിഞ്ഞു കിടക്കുന്നതു കാണാം. കൂട്ടുകാരില്‍ ചിലര്‍ പറയും പ്രേതം രാത്രി പുറത്തു കടന്നിട്ട് തിരിച്ചു കയറുമ്പോള്‍ മുറിഞ്ഞു പോകുന്നതാണെന്ന്..പക്ഷേ, പേടിയൊന്നും തോന്നിയേ ഇല്ല. ഒരുപക്ഷേ, ആ യാത്രയാവണം പ്രേതം, പിശാച് ഒന്നുമില്ലാ എന്നും അതൊക്കെ അന്ധവിശ്വാസമാണെന്നും പഠിപ്പിച്ചത്.. പ്രകൃതിയില്‍ നിന്നു കിട്ടിയ പാഠം. ആ യാത്രയാണ് യുക്തിബോധം നല്‍കിയത് എന്ന് ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍ തിരിച്ചറിയുന്നു. 
വായനയ്ക്ക്‌   ഇവിടെFriday, February 28, 2014

ഈ ബസ്സ് പണ്ടത്തേക്കല്ല പോകുന്നത്...അടുത്തൊരു ദിവസം ഒറ്റയ്ക്ക് യാത്ര പോയാലോന്ന് ആലോചിക്കുവാണെന്ന് അല്‍പം മുതിര്‍ന്ന കൂട്ടുകാരിയോട് പറഞ്ഞപ്പോള്‍ 'അയ്യോ മൈനാ ഒറ്റയ്ക്ക് പോകല്ലേ, പണ്ടത്തെകാലമല്ല ഇപ്പോള്‍' എന്നാണ് അവര്‍ പ്രതികരിച്ചത്. ഇങ്ങനൊരാഗ്രഹം പ്രകടിപ്പിച്ചാല്‍ മിക്കവാറും പേരുടെ പ്രതികരണം ഇതുതന്നെയായിരിക്കുമെന്ന് എനിക്കറിയാം. എന്റെ അമ്മച്ചിയുടെ, മാമിമാരുടെ, അനിയത്തിമാരുടെ, സുഹൃത്തുക്കളുടെ ഒക്കെ അഭിപ്രായമിതാവാം. പക്ഷേ, കാര്യത്തോടടുക്കുമ്പോള്‍ അവര്‍ക്കും എവിടേക്കെങ്കിലും പോകേണ്ടി വന്നാല്‍ കൂട്ടില്ലാതിരിക്കുമ്പോള്‍ പോകേണ്ട എന്നു വെയ്ക്കില്ല, നേരെ ഇറങ്ങും...സത്രീയുടെ പൊതു ഇടത്തിലേക്കുള്ള ഈ ബസ്സ് എന്തുകൊണ്ടോ പണ്ടത്തേക്കാലത്തേക്കല്ല യാത്ര തിരിക്കുന്നത്..മുന്നോട്ടേക്കാണ്...

യാത്ര എന്ന നിലയിലല്ലെങ്കിലും ചുറ്റവട്ടത്തേക്കൊക്കെ ഇറങ്ങി നടക്കാറുണ്ട് പലപ്പോഴും. കോഴിക്കോട് നഗരത്തിലാണെങ്കില്‍ ഒരുപാട് ഇടവഴികളിലൂടെ നടന്ന് വലിയൊരു റോഡിലേക്കെത്തുകയാവും. മിഠായിതെരുവിലെ കച്ചവടമൊക്കെക്കണ്ട് നടക്കുകയാവാം. ചില വഴികളിലൂടെ നടക്കുമ്പോള്‍ ആളുകളെത്തട്ടിയിട്ട് നടക്കാന്‍ വയ്യാതാവുകയും ചിലപ്പോള്‍ ആളുകളെ കാണാനേ ഉണ്ടാവുകയുമില്ല. പണ്ടേ അല്പം സ്വപ്‌നജീവിയായ ഇവള്‍ കാഴ്ചകളും മനക്കാഴ്ചകളുമായിട്ടങ്ങനെ നടക്കും. 

മുമ്പ് അടുത്തുള്ള കാടുകളിലേക്ക് നടക്കാനിറങ്ങുന്നവളായിരുന്നു ഞാന്‍. ഓലിയില്‍ മുഖം കഴുകിവെള്ളം കുടിച്ച് ഈറ്റത്തുറുവിലെ കിളിക്കൂടും മുട്ടയും കണ്ട്, നാകമോഹനേയും ഇരട്ടത്തലച്ചിയേയും നോക്കിയിരുന്ന് നീറ്റിപ്പുല്ലില്‍ നിന്ന് മുറിവേറ്റ് അങ്ങനെ നടക്കുക..അതൊന്നും ഇന്നില്ല. അത് നാട്ടില്‍ വെച്ചാണ്. കുഞ്ഞായിരിക്കുമ്പോഴാണ്. കൗമാരത്തിലാണ്..ചുമ്മാ കാണുന്ന കുറേ സ്വപ്‌നമുണ്ടാവും കൂടെ..

ഇപ്പോള്‍ കോഴിക്കോടിരിക്കുമ്പോള്‍ വണ്ടൂരുള്ള അനിയത്തിയുടെ അടുത്തേക്ക് പോകാന്‍ രണ്ടുമണിക്കൂര്‍ ബസ്സ് യാത്ര മതി. പക്ഷേ, ചിലപ്പോള്‍ തോന്നും ട്രെയിനില് പോകണമെന്ന്. രണ്ടുമണിക്കൂര്‍ എന്നത് അഞ്ചോ ആറോ മണിക്കൂറെടുക്കും. പക്ഷേ, ഒരുപാട് കാഴ്ചകള്‍ കണ്ടങ്ങനെ പോകാം. 

വണ്ടൂരുനിന്ന് വയനാട്ടിലേക്ക് പോകണമെങ്കില്‍ ഒറ്റബസ്സുകിട്ടും. പക്ഷേ, അതിന് കാത്തുനില്ക്കാറില്ല. കിട്ടുന്ന ബസ്സിനു കയറുകയും നിലമ്പൂരും വഴിക്കടവിലും നാടുകാണിയിലും ഗൂഡല്ലൂരുമൊക്കെ ഇറങ്ങി പാട്ടവയല്‍ നൂല്‍പ്പുഴ വഴിയൊക്കെ പോയിട്ടുണ്ട്. അപ്പോഴൊക്കെ ഞാനോര്‍ക്കും ഇങ്ങനെയൊക്കെയേ എന്റെ യാത്രാമോഹങ്ങളെ കുറച്ചെങ്കിലും തൃപ്തിപ്പെടുത്താനാവൂ എന്ന്. 

പറഞ്ഞുവന്നത് യാത്രാമോഹത്തെപ്പറ്റിയല്ല. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള 'പണ്ടത്തെപ്പോലെയല്ല ഇപ്പേങറ്റ' എന്ന ആശങ്കയെപ്പറ്റിയാണ്. അത്രയേറെ മോശമാണോ നമ്മുടെ സമൂഹം? അത്രയേറെ ആശങ്കപ്പെടാനുണ്ടോ? പണ്ടത്തെപ്പോലെയല്ല ഇപ്പോള്‍ എന്നു കേള്‍ക്കുമ്പോഴൊക്കെ ആലോചിച്ചു നോക്കാറുണ്ട്. അപ്പോഴാണ് എന്റെ പരിമിതദൂരത്തേക്കുള്ള യാത്രകളെക്കുറിച്ച് ഓര്‍ത്തു പോകുന്നത്. നാട്ടിലും നഗരത്തിലും കാട്ടിലുമൊക്കെയായി ഒരുപാട് നടന്നിട്ടും മോശമായ അനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. ആരെങ്കിലും ആക്രമിക്കാന്‍ വരുന്നുവെന്ന തോന്നലോ ചിന്തയോ ഇന്നേവരെ തൊട്ടുതീണ്ടിയിട്ടില്ല എന്നു പറയാം. 

നിനക്ക് ദുരനുഭവങ്ങളൊന്നുമില്ല എന്നാണെങ്കില്‍ അതു നിന്റെ ഭാഗ്യം കൊണ്ടാണെന്ന് ചിലരെങ്കിലും പ്രതികരിക്കാറുണ്ട്. ചിലപ്പോള്‍ ശരിയായിരിക്കാം. എന്നാലും സിംഹക്കൂട്ടില്‍ ചെന്നുപെട്ട മുയലിന്റെ ഭാവം എനിക്കൊരിക്കലും ഉണ്ടാവാറില്ല. എല്ലാ പുരുഷന്മാരും ആക്രമണകാരികളാണ് എന്ന് വിശ്വസിക്കുന്നില്ല. കുറച്ചുപേരുണ്ട് അവരുടെ മുന്നില്‍ എത്തപ്പെടുന്നില്ല എന്നതും ശരിയാവാം. ഒരുപക്ഷേ, എന്റെ വിശ്വാസം എന്നെ രക്ഷിക്കുകയാവാം. എന്തായാലും എനിക്കുകൂടി അവകാശപ്പെട്ട ഭൂമിയിലൂടെ, വഴികളിലൂടെ ഞാന്‍ നടക്കുന്നു..അത് ഏതെങ്കിലും പുരുഷന്റെ കുത്തകയാണ് എന്ന് കരുതുന്നില്ല. 

വളരെ അപൂര്‍വ്വമായി ബസ്സുയാത്രയിലോ മറ്റോ ചില ഞരമ്പുരോഗികളുടെ ഞോണ്ടലൊക്കെ കിട്ടിയിട്ടുണ്ട്. അവര്‍ക്കപ്പോള്‍ തന്നെ ഇവളുടെ കൈയ്യുടെ ചൂട് എന്താണെന്ന് അറിയിച്ചു കൊടുത്തിട്ടുമുണ്ട്. 

അത്യാവശ്യങ്ങള്‍ക്കായി ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന ഒരു കൂട്ടുകാരി എന്നോടൊരിക്കല്‍ ചോദിച്ചു 'ഒരു സ്ത്രീയുടെ ഏറ്റവും വലിയ ആയുധം ഏതാണെന്നറിയുമോ' എന്ന്. 

'22 ഫീമെയില്‍ കോട്ടയം എന്ന സിനിമയില്‍ പറയുന്ന ആയുധമല്ല, അവളവളുടെ കണ്ണാണ് ഏറ്റവും വലിയ ആയുധം' എന്ന് അവള്‍ ഉത്തരവും പറഞ്ഞു. നമ്മുടെ കണ്ണില്‍ മനസ്സ് പ്രതിഫലിക്കും. ഭയമാണെങ്കില്‍ അങ്ങനെ. ധൈര്യമാണെങ്കില്‍ അങ്ങനെ. ആ പ്രതിഫലനത്തിന്റെ വ്യാപ്തിപോലിരിക്കും നമ്മുടെ രക്ഷയും ശിക്ഷയും എന്ന് അവള്‍. 

നമ്മള്‍ വാര്‍ത്തകളില്‍ പെട്ടുപോവുകയാണ്. അച്ഛനെ വിശ്വസിക്കാനാവാത്ത കാലം, ആങ്ങളെയെ വിശ്വസിക്കാനാവാത്ത, അമ്മാവനെ വിശ്വസിക്കാനാവാത്ത കാലം..പിന്നെങ്ങനെ പുറത്തുളളവരെ? 

എല്ലാ അച്ഛനും എല്ലാ ആങ്ങളയും എല്ലാ അമ്മാവനും എല്ലാ പുറത്തുള്ളവരും ഇങ്ങനെയാണെന്നാണോ? 
എക്കാലത്തുമുണ്ട് ഒരു വിഭാഗം ക്രിമിനലുകള്‍.. ഒരു വിഭാഗം ഞരമ്പുരോഗികള്‍.. മാനസികരോഗികള്‍..

ആ ചെറുവിഭാഗത്തെപ്പേടിച്ച് പുറത്തിറങ്ങാതിരിക്കണമെന്നാണോ? 
പണ്ട് സ്ത്രീയുടെ ലോകം അടുക്കളയില്‍ നിന്ന് ഇരുട്ടുമുറിയിലേക്കായിരുന്നു. പൂമുഖം പോലും നിഷിദ്ധമായിരുന്നു. പൂമുഖപ്പടിയിലെ പൂന്തിങ്കളൊക്കെ പിന്നെ വന്നതാണ്. പുറത്തേക്കിറങ്ങേണ്ടി വന്നാല്‍ അത് അച്ഛനോ ഭര്‍ത്താവിനോ ഒക്കെ ഒപ്പമായിരുന്നു. പിന്നാമ്പുറത്തെ കാന്താരിച്ചെടിയുടെ അപ്പുറം അവള്‍ക്ക് ലോകമില്ലായിരുന്നു. 

ഈലോകത്തിനപ്പുറത്തുള്ളതൊക്കെ അവന്റെ യാത്രകള്‍, അവന്റെ വഴികള്‍, കാഴ്ചകള്‍..സമൂഹം അതിനെമാത്രം ശരിവെച്ചു.

പക്ഷേ, പിന്നീട് സമൂഹത്തിന്റെ ആ ധാരണകളെ തിരുത്തിക്കൊണ്ട് ചില പെണ്ണുങ്ങള്‍ പുറത്തേക്കിറങ്ങാന്‍ തുടങ്ങി. പഠിക്കാന്‍ തുടങ്ങി. പുറത്ത് ജോലിയെടുക്കാമെന്നായി. വാഹനത്തില്‍ കയറാമെന്നായി. ചെറിയദൂരങ്ങള്‍ക്കും പതിവു ദൂരങ്ങള്‍ക്കും ആദ്യം കൂട്ടുവേണ്ടിടത്ത് വേണ്ടെന്നായി. 

ഒറ്റയ്ക്കും കൂട്ടായുമുള്ള സ്ത്രീയുടെ പോരാട്ടങ്ങളില്‍ നിന്നാണ് സ്ത്രീഇന്നനുഭവിക്കുന്ന സ്വാതന്ത്ര്യത്തിലേക്കെങ്കിലും എത്തിച്ചത്. വിലയ സ്വാതന്ത്ര്യത്തിലൊന്നും അവളെത്തിയിട്ടില്ല. സ്ത്രീയുടെ മാത്രം പോരാട്ടമല്ല അവളോടൊപ്പം പുരുഷനും ഒപ്പം നിന്നിട്ടുണ്ട്. വിവേകമുള്ളവര്‍, അവളെ ആദരിക്കുന്നവര്‍, സമഭാവനയോടെ കാണുന്നവര്‍.. 

കുറച്ചുപേര്‍ ധൈര്യത്തോടെ പുറത്തിറങ്ങിയതുകൊണ്ടാണ് ഒരുപാട് പേര്‍ക്കിറങ്ങാനായത്. ഇത് ഒരു ദിവസംകൊണ്ടുണ്ടായ മാറ്റമല്ല. പതുക്കെ പതുക്കെ ആര്‍ജ്ജിച്ചെടുത്തതാണ്. 

തീര്‍ച്ചയായും ഇന്നലെ വരെ കാണാത്തവളെ കാണുമ്പോള്‍ ചിലര്‍ കൗതുകത്തില്‍ മിഴിച്ചു നോക്കിയെന്നുവരും. ചിലര്‍ അസുഹിഷ്ണുക്കളാകും. വേറൊരുത്തര്‍ അവളുടെ അഴകളവുകളുടെ കണക്കെടുത്തുന്നും വരും. 

അപൂര്‍വ്വമായി ആ ഇറങ്ങല്‍ കൊണ്ട് ചിലര്‍ക്ക് ജീവന്‍ തന്നെ നഷ്ടപ്പെടുന്നു. രക്തസാക്ഷികളാകേണ്ടി വരുന്നു. അതിനര്‍ത്ഥം പുറത്തിറങ്ങുന്നവളുടെ ഗതി ഇതാണെന്നല്ല. ദൗര്‍ഭാഗ്യവശാല്‍ പ്രചരിപ്പിക്കുന്നത് അങ്ങനെയായിപ്പോകുന്നുവെന്നു മാത്രം. 

വാര്‍ത്താമാധ്യമങ്ങളില്‍ ഇത്തരം വാര്‍ത്തകള്‍ മുമ്പത്തേക്കാളേറെ വരുന്നു ഇപ്പോള്‍. മുമ്പത്തേക്കാളേറെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും ഇപ്പോഴാണ്. എന്തുകൊണ്ട് പീഡനത്തിനിരയാവുന്നവര്‍ അക്കാര്യം പുറത്തു പറയാന്‍ തയ്യാറാകുന്നതും നീതി ലഭിക്കും എന്ന പ്രതീക്ഷയിലാണ്. അതും ബോധതലത്തിലുണ്ടായ മാററമാണ്. മുമ്പ് ഇരുചെവിയറിയാതെ മറച്ചുവെയ്ക്കപ്പെടുമ്പോള്‍ ഇപ്പോള്‍ വെളിപ്പെടുത്താന്‍ തയ്യാറാവുന്നു. സമൂഹം ഒറ്റപ്പെടുത്തുകയല്ല കൂടെയുണ്ടാവും എന്ന തോന്നലില്‍ നിന്നാണ് ഈ വെളിപ്പെടുത്തല്‍. 

വാര്‍ത്താമാധ്യമങ്ങള്‍ പീഡനവാര്‍ത്തകളെയും മറ്റും പൊടിപ്പും തൊങ്ങലും വെച്ച്, അനാവശ്യമായ വിശദീകരണങ്ങളോടെ അവതരിപ്പിക്കുന്നു. ഒരു പോണ്‍ഫിലിം കാണുന്നതുപോലെ ഈ വിശദീകരണങ്ങള്‍ ഫാന്റസിയുടെ ലോകത്തുകൂടിയാണ് മിക്ക പുരുഷനും കാണുന്നത് എന്ന് ജീവന്‍ ജോബ് തോമസ് അഭിപ്രായപ്പെടുന്നു. ഒരു തരം ആസ്വാദനമാണ് അവിടെ നടക്കുന്നത്. 

'എന്നാല്‍ പണ്ടത്തെപ്പോലെയല്ല ഇപ്പോള്‍' എന്നു പറയുന്നവരോട് 'ദ ബെറ്റര്‍ ഏഞ്ചല്‍സ് ഓഫ് അവര്‍ നേച്ചര്‍ വൈ വയലന്‍സ് ഹാസ് ഡിക്ലൈന്‍ഡ് ' (The Better Angels of Our nature why violence has declined-Steven Pinker) എന്ന സ്റ്റീവന്‍ പിങ്കറുടെ പുസ്തകത്തെപ്പറ്റിയാണ് ജീവന് പറയാനുളളത്. മുന്‍കാലങ്ങളെ അപേക്ഷിച്ച് മനുഷ്യനില്‍ ആക്രമണ വാസന കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ഹിംസയില്‍ നിന്ന് മനുഷ്യന്‍ മനുഷ്യസ്‌നേഹത്തിലേക്കും സഹകരണത്തിലേക്കും പടിപടിയായി മാറിക്കൊണ്ടിരിക്കുകയാണ്. തന്മയീഭാവം, ആത്മസംയമനം, ധാര്‍മ്മികത, വിവേകം എന്നിവയിലൂടെയാണ് ഇത് സാധ്യമാകുന്നത്. ആധുനിക കാലത്ത് ഹിംസ എങ്ങനെ കുറയുന്നു എന്നതിനെ കാര്യകാരണസഹിതം വിശദീകരിക്കുന്നുണ്ട് പിങ്കര്‍. സ്ത്രീകളോടുള്ള കാഴ്ചപ്പാടില്‍ ശുഭോദര്‍ക്കമായ മാറ്റം സമൂഹത്തില്‍ വന്നിട്ടുണ്ട് എന്ന് അദ്ദേഹം വിശദീകരിക്കുന്നുണ്ട്. അവരെ അനുഭാവപൂര്‍വ്വം പരിഗണിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുണ്ട്. 

അതൊരു മാറ്റമാണ്. തിരിച്ചറിയേണ്ട മാറ്റമാണ്. റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പീഡനങ്ങളുടെ എണ്ണം കൂടുന്നു എന്നതിലല്ല മൊത്തത്തില്‍ സമൂഹം സ്ത്രീകളെ എങ്ങനെ കാണുന്നു എന്നതിലാണ് കാര്യം. തൊട്ടുമുമ്പത്തെ വര്‍ഷത്തെ സ്ഥിതിവിവരണക്കണക്കുകളുമായിട്ടല്ല അതിനെ തട്ടിച്ചു നോക്കേണ്ടത്. അമ്പതോ നൂറോ വര്‍ഷം മുമ്പത്തെ സ്ത്രീയുടെ സാമൂഹിക അടയാളപ്പെടുത്തല്‍ എന്തായിരുന്നു എന്ന് അന്വേഷിക്കുകയാണ് വേണ്ടത്. വര്‍ഷം പുറകോട്ട് പോകുന്തോറും അവളെ മനുഷ്യവര്‍ഗ്ഗത്തില്‍പെടുത്തിയിരുന്നോ എന്നു പോലും സംശയം തോന്നും. അവളുടെ സ്വാതന്ത്ര്യം എന്തായിരുന്നു എന്നതിലേക്കെത്തും കാര്യങ്ങള്‍. 

വെറും പേറ്റുയന്ത്രവും അടിമയും മാത്രമായിരുന്നു അവള്‍. ഇരുണ്ടിടത്തു നിന്ന് ഇരുണ്ടിടത്തേക്കുമാത്രം പൂച്ചയുടെ കാല്‍വെപ്പുകളോടെ നടന്നിരുവള്‍. 

എന്നാല്‍, നവോത്ഥാനപ്രസ്ഥാനങ്ങളിലൂടെ, സ്വാതന്ത്ര്യസമരത്തിലൂടെ, സ്ത്രീവേദികളിലൂടെ, വനിതാപ്രസ്ഥാനങ്ങളിലൂടെ അവള്‍ പതുക്കെ പതുക്കെ അവളുടെ സത്വം തിരിച്ചറിയാന്‍ തുടങ്ങിയരിക്കുന്നു. ചിലപ്പോള്‍ ഒറ്റയ്ക്കുള്ള സമരങ്ങളിലൂടെയും തിരിച്ചറിവുകളിലൂടെയും…ഇപ്പോള്‍ എല്ലാം കണ്ടും കേട്ടും നില്ക്കുന്ന അത്ര സഹനദേവതയൊന്നുമല്ല അവള്‍. പ്രതികരിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഒരു വശത്ത് അതിന്റെ ഗുണങ്ങള്‍ പ്രകടമായി തുടങ്ങിയിരിക്കുന്നു. അതുപക്ഷേ, പൊതുസമൂഹം അംഗീകരിക്കാന്‍ മടിക്കുന്നു. അവളെ പഴി പറയുന്നു. 

ഇന്നലെവരെ പുരുഷന്‍ നിയന്ത്രിച്ചിരുന്ന വാക്കുകള്‍ തന്നെ കടമെടുത്ത് ഉന്നതതലങ്ങളിലിരിക്കുന്ന സത്രീ തന്നെ ചോദിക്കുന്നു 'രാത്രിയില്‍ റോഡില്‍ അവള്‍ക്കെന്തുകാര്യം ? '

രാത്രി അവന്റേതുമാത്രമാണ് എന്ന്് വീണ്ടും വീണ്ടും ഉറപ്പിക്കാന്‍ ശ്രമിക്കുകയാണ്. 
പകലും ആ വഴിയില്‍ അവള്‍ക്കെന്തുകാര്യം എന്നു ചോദിക്കും ചിലര്‍.

ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം പറയലല്ല അവളുടെ കര്‍ത്തവ്യം. അവള്‍ മുമ്പേ നടക്കുന്നു. പിന്നില്‍ സത്വത്തെ തിരിച്ചറിഞ്ഞ കുറച്ചുപേരെങ്കിലും നടക്കാനുണ്ടാകും. 

അതുകൊണ്ട് തീര്‍ച്ചയായും ഇവള്‍ കരുതുന്നു, മുന്നേ പോയവരുടെ വഴി പിന്തുടരുകയാണെന്ന്. അവിടെ ഭയം തരിമ്പുമില്ല. ഒരുപക്ഷേ, ഏതുവഴിയിലാണ് അപകടം, ഹിംസ പതിയിരിക്കുന്നത് എന്നറിയില്ല. ആകാശവും ഭൂമിയും വെള്ളവും വഴിയും കാണാതെ അടച്ചിട്ട മുറിയില്‍ ജീവിച്ച് തൊണ്ണൂറ് വയസ്സില്‍ അങ്ങുപോകണമെന്ന് ഒരാഗ്രഹവുമില്ല. കുഞ്ഞുകുഞ്ഞു യാത്രകളിലൂടെ കുഞ്ഞുകുഞ്ഞു വഴികളിലൂടെയെങ്കിലും നടന്ന് ആ കാഴ്ചകളെയെങ്കിലും മനസ്സില്‍ നിറച്ച് ഒരുദിവസമേ ജീവിതമുളളൂ എങ്കില്‍ അതുമതി.

കുറേ കടലാസുകളില്‍ ഭൂമിയുടെ അവകാശികളായതുകൊണ്ടുമാത്രം സ്വകാര്യസ്വത്താവുന്നില്ല ഒന്നും. അത് മറ്റാരുടെയൊക്കെയോ കാഴ്ചകളുടെ സ്വകാര്യമാകുന്നു. ഓര്‍മകളുടെ സ്വകാര്യമാകുന്നു. അന്നേരം ഞങ്ങള്‍ എന്റെ പുഴ എന്നും എന്റെ കാട് എന്നും എന്റെ മണ്ണെന്നും ആകാശമെന്നും പറയുന്നു. പഞ്ചേന്ദ്രിയങ്ങളും തുറന്നുവെച്ചുകൊണ്ട് പഞ്ചഭൂതമയമായ ലോകത്തിലൂടെ നടക്കുന്നു. 
അന്നേരത്താണ് ഞങ്ങള്‍ക്ക് സ്ത്രീ നടക്കുന്നത് അടുക്കളയില്‍ നിന്നും ഇരുട്ടുമുറിയിലേക്കല്ല എന്ന ബോധ്യം വരുന്നത്. അതുമാത്രമാണ് ഞങ്ങളുടെ ശക്തിയും ധൈര്യവും. 

*                  *                        *

കടപ്പാട് മാതൃഭൂമി ഓണ്‍ലൈന്‍