Wednesday, August 15, 2012

മേലേക്ക് പാറി വീണ പച്ചക്കുതിര

മകളൊരു പ്രാസംഗികയാകാന്‍ അമ്മച്ചി ആഗ്രച്ചിരുന്നോ?  അറിയില്ല. 
 പ്രസംഗ മത്സരത്തിന് ചേരണമെന്ന് ഇവള്‍ ആഗ്രഹിച്ചിരിന്നോ?  ഓര്‍മിയില്ല. 
സ്വതവേ നാണംകുണിങ്ങിയായിരുന്നവള്‍ പ്രസംഗവേദിയില്‍ കയറുകയോ?  മൈക്കിനു മുന്നില്‍ മുട്ടിടിക്കാതെ, പതറാതെ, ഒരു സദസ്സിനു മുന്നില്‍..?
ഇപ്പോഴും ഇവള്‍ക്ക് വിറയ്ക്കുന്നു, പതറുന്നു... അപ്പോള്‍ അന്നത്തെ കാര്യം പറയാനുണ്ടോ? 
ഇങ്ങനെയുള്ളൊരു മകളെ എന്തു ധൈര്യത്തിലാണോ
 എന്തോ അമ്മച്ചി മത്സരത്തിന് ചേര്‍ത്തത്?  ഓര്‍ക്കുമ്പോള്‍ അമ്പരക്കുന്നു. 

അമ്മച്ചിയില്‍ ഒരു കലാകാരിയുണ്ടായിരുന്നു.  പാടുകയും നൃത്തം ചെയ്യുകയും ചെയ്തിരുന്നു.  വാക്‌സാമര്‍ത്ഥ്യവുമുണ്ടായിരുന്നു.  പക്ഷേ, അതെല്ലാം വിവാഹം വരെ മാത്രം...തന്റെ ഉള്ളില്‍ മൂടിവെച്ച കലയെ മകളിലൂടെ സാക്ഷാത്ക്കരിക്കാന്‍ ശ്രമിച്ചതാവാം. 

പാട്ടുപാടാനുള്ള രാഗതാളലയങ്ങളൊന്നും കുഞ്ഞുന്നാളിലെ കാണാഞ്ഞതുകൊണ്ടാവണം പാടാനൊരിക്കലും പറഞ്ഞില്ല.  പിന്നെ, നൃത്തം..പഠിപ്പിക്കാന്‍ ഗുരുവിനെ കിട്ടാഞ്ഞാവണം അതിനും ശ്രമിച്ചില്ല.  അമ്മച്ചിക്ക് അറിയുന്നതൊട്ട് പഠിപ്പിച്ചു തരാനും മിനക്കെട്ടില്ല.  ജീവിത പ്രാരാബ്ദങ്ങള്‍ക്കിടയിലുള്ള ഓട്ടത്തനിടയില്‍ പറ്റിയിട്ടുണ്ടാവില്ല. 

പിന്നെ, എപ്പോഴാണാവോ അമ്മച്ചിക്ക് പ്രസംഗം മനസ്സില്‍ കയറിക്കൂടിയത്? 
എന്തായാലും സ്‌കൂളില്‍ പരിപാടിയുണ്ടെന്നും സ്വാതന്ത്ര്യദിനത്തെക്കുറിച്ചുള്ളതാണ് പ്രസംഗത്തിന് വിഷയമെന്നും ഞാന്‍ പറഞ്ഞിരിക്കാം.
സ്‌കൂളിലെ നോട്ടിസ് ബോര്‍ഡില്‍ സ്വാതന്ത്ര്യദിനത്തെക്കുറിച്ച് നീണ്ടൊരു പ്രസംഗം എഴുതിയിട്ടിരിന്നു.

പക്ഷേ, അമ്മച്ചി വേറൊരു പ്രസംഗമാണ് എഴുതി തന്നത്..വളരെ ലളിതമായ വരികളില്‍..ഒരുപാടു വലിച്ചു നീട്ടാതെ ...എന്നെക്കൊണ്ടത് പല ആവര്‍ത്തി കാണാതെ പറയിപ്പിച്ചു. 
സദസ്സിനെ മകള്‍ എങ്ങനെ അഭിമുഖീകരിക്കും എന്നോര്‍ത്താവണം അതിനും ഒരു വിദ്യ പറഞ്ഞു തന്നു.  വേദിയില്‍ നില്ക്കുമ്പോള്‍ സദസ്സിനെ നോക്കേണ്ടേ..ഏറ്റവും പിന്നിലെ ഭിത്തിയില്‍ നോക്കുക.  അപ്പോള്‍ സദസ്സിലുള്ളവര്‍ക്ക് അവരെയാ നോക്കുന്നതെന്ന് തോന്നിക്കോളും...

ഏതായാലും പേരു കൊടുത്തു. പേരു വിളിച്ചു. ധൈര്യമായിട്ട് കയറി നിന്ന് പ്രസംഗിച്ചു.  വിജയിയെ പ്രഖ്യാപിച്ചപ്പോള്‍ ഒന്നാം സമ്മാനം!.   അമ്മച്ചി പഠിപ്പിച്ച പ്രസംഗം....
എന്തൊരാഹ്ലാദമായിരുന്നു.  സ്റ്റീലിന്റെ ഒരു കറിപ്ലേറ്റായിരുന്നു സമ്മാനം.  അതുമായിട്ട് തെന്നിക്കിടന്ന വയല്‍വരമ്പിലൂടെയുള്ള ഓട്ടം..വരമ്പില്‍ കാല് കുത്തിയോ?  കുത്തിയിരുന്നെങ്കില്‍ ആടിക്കാറ്റ് ഇവളെ ചെളിക്കണ്ടത്തിലേക്ക് തള്ളിയിട്ടെനേ.. എന്തൊരുത്സാഹമായിരുന്നു വീട്ടിലെത്താന്‍..സമ്മാനമൊന്നു കാണിക്കാന്‍...
അന്ന് സ്വാതന്ത്ര്യദിനമായിരുന്നു. 
എല്ലാ അര്‍ത്ഥത്തിലും...
അന്ന് ഓടി വന്ന നെല്ല് പൂത്തുനിന്ന കണ്ടത്തില്‍ നിന്ന് മേലേക്ക് പാറി വീണ പച്ചക്കുതിരയെപ്പോലെ...ആ സ്വാതന്ത്ര്യദിനത്തില്‍ നിന്നാവാം ഒരു പക്ഷേ, എഴുത്ത് എന്നിലേക്ക് കടന്നു വന്നത്..

Tuesday, August 7, 2012

നിങ്ങളാസ്വദിക്കുക...

ഹിരോഷിമ, നാഗസാക്കി ദിനങ്ങള്‍ നമ്മള്‍ ആചരിക്കും..ഇനിയും ഒരു യുദ്ധം വേണ്ടേ വേണ്ടേ..എന്ന് പാടും.  ഒപ്പം, നമ്മുടെ മുറ്റത്ത് നടന്ന മറ്റൊരു രാസയുദ്ധത്തിന്റെ കെടുതികള്‍ നമ്മള്‍ കണ്ടില്ലെന്നാണോ?  എന്‍ഡോസള്‍ഫാന്‍ നിരോധിച്ചു എന്നതുകൊണ്ടു മാത്രം ഒരു ദേശം രക്ഷപെട്ടിട്ടില്ല എന്ന യാഥാര്‍ത്ഥ്യം നമ്മള്‍ മറന്നോ?  ഇനിയും 50 വര്‍ഷത്തേക്കെങ്കിലും അവിടുത്തെ ജനങ്ങള്‍ ദുരിതങ്ങള്‍ അനുഭവിക്കേണ്ടി വരും.  ഇതും ഒരു യുദ്ധമായിരുന്നു.  ഒരു സര്‍ക്കാര്‍ പൗരന്മാര്‍ക്ക് മേല്‍ തളിച്ച രാസയുദ്ധം.  ദുരിതബാധിതരായ അമ്മമാര്‍ കാസര്‍കോട് കളക്ടറേറ്റിനു മുന്നില്‍  നിരാഹാരസമരം നടത്തുന്നു.  മൂന്നുവട്ടം സമരപ്പന്തലിനരുകിലൂടെ പോയ മുഖ്യമന്ത്രി ആ അമ്മമാരെ കണ്ടിട്ടില്ല.  ആ അരജീവിതങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുക എന്നത്  ഔദാര്യമോ അവകാശമോ അല്ല...ഭരണകൂടം സ്വന്തം ജനതയോട് ചെയ്യേണ്ട പ്രായാശ്ചിത്തമാണ്. 
ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ തെളിവെടുപ്പു നടത്തുകയും ചില നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയതിട്ടുണ്ട്. പക്ഷേ, സര്‍ക്കാരില്‍ നിന്ന് ഗുണപരമായ തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ല. എവിടെയൊക്കെയോ എന്തെല്ലാമോ പറഞ്ഞു കൊണ്ടിരിക്കുന്നു. പക്ഷേ, കൃത്യമായ ഉറപ്പൊന്നും ദുരിതബാധിതതര്‍ക്ക് കിട്ടിയിട്ടില്ല.

തങ്ങളുടേതല്ലാത്ത കുററത്തിനാണ് കാലങ്ങളോളം ഇവിടെത്തെ അമ്മമാരും കുഞ്ഞുങ്ങളും അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോള്‍ ഇവിടത്തെ അമ്മമാര്‍ റിലേ നിരാഹാര സത്യാഗ്രഹമനുഷ്ഠിക്കുന്നു. സര്‍ക്കാരില്‍ നിന്ന് അനുകൂലമായ തീരുമാനമുണ്ടാവുമെന്ന പ്രതീക്ഷയോടെ...

പക്ഷേ കേന്ദ്ര സര്‍ക്കാരിന് ഇന്നും എന്‍ഡോസള്‍ഫാന്‍ വിഷമല്ല. വെറും മരുന്നു മാത്രം. അതുകൊണ്ടാണ് നിരോധനം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.  എന്‍ഡോ സള്‍ഫാന്‍ നിര്‍മിക്കാനുളള വസ്തുക്കള്‍ കെട്ടിക്കിടക്കുന്നുപോലും!
ഈ യുദ്ധം വേണ്ടേ, വേണ്ടാ എന്ന് ആരു വിളിച്ചു പറയും? 

.
ഇവള്‍ കണ്ടിട്ടുണ്ട് അവിടുത്തെ കുഞ്ഞുങ്ങളെ..ചിത്രത്തിലൂടെ മാത്രമല്ല..നേരിട്ടും..അപ്പോഴൊക്കെ കൈപിടിച്ച് ഒപ്പമുള്ള മകളെയോര്‍ത്ത് സാമാധാനിച്ചു..അത് എന്തുകൊണ്ടെന്ന് യൂറീക്കയുടെ ആഗസ്റ്റ് ലക്കത്തില്‍ വീണ കെ എസ് എഴുതിയ കവിതയിലുണ്ട്...

കാഴ്ചക്കാരേ,
ക്യാമറക്കണ്ണു തുറന്ന്
കൗതുകത്തോടെ കാത്തിരിക്കുക
ഇനിയും ഞങ്ങള്‍ വരും.
കണ്ണില്ലാതെ,
വാ കീറാതെ,
 എടുത്താല്‍ പൊങ്ങാത്ത തലയുമായി,
കൈകാല്‍ തളര്‍ന്ന്,
ബുദ്ധി മന്ദിച്ച്,
തൊലി വിണ്ടുകീറി,
ഉമിനീരൊലിപ്പിച്ച്,
കോക്രി കാട്ടി...
ഞങ്ങളെക്കണ്ട്
നിങ്ങളാസ്വദിക്കുക.
ലേഖന, ഫോട്ടോ, കവിതാ
മത്സരങ്ങളില്‍
ഞങ്ങളെ വിഷയമാക്കുക.
നിങ്ങള്‍ക്ക്
ഞങ്ങളെപ്പോലൊരു കുഞ്ഞ്
ജനിക്കും വരെ


*   *