Friday, November 9, 2007

ബുദ്ധിയുള്ള സ്‌ത്രീയെ പ്രണയിക്കുന്നതെങ്ങനെ?

എം. ഡി. രാധിക എഴുതിയ ഒരു ലേഖനത്തിന്റെ തലക്കെട്ടാണിത്‌.
പ്രശ്‌നം തലക്കെട്ടില്‍ തുടങ്ങി. ബുദ്ധിയുള്ള സ്‌ത്രീയെ പ്രണയിക്കുന്നതെങ്ങനെ എന്ന ചോദ്യത്തിന്‌ ഇങ്ങനെയാണ്‌ പ്രണയിക്കണ്ടത്‌ എന്നാണോ ഉത്തരം. അത്തരക്കാരെ പ്രണയിക്കാന്‍ പത്തു വഴികള്‍ എന്നാണോ?
ആരാണ്‌ ബുദ്‌ധിയുളള സ്‌ത്രീ?
ബുദ്ധിയളക്കാനുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമാണ്‌ ?
തുടങ്ങി പലവിധ ചോദ്യങ്ങളുയര്‍ന്നു മനസ്സില്‍.
ഇനി എല്ലാ മാനദണ്ഡങ്ങളും പാലിച്ച്‌ ഒരുത്തിയെ കണ്ടെത്തിയാല്‍ അവളെ പ്രണയിക്കാന്‍ കഴിയാതെ പുരുഷന്‍ ഒളിച്ചോടും എന്നാണോ?

ഏതായാലും രാധിക ഉദ്ദേശിച്ചത്‌ വായിക്കുന്ന സ്‌ത്രീയെയാണ്‌. പൈങ്കിളി, വനിതാ മാസികകളുടെ അല്ലാത്ത വായനക്കാരികള്‍. ബുദ്ധിയുള്ള സ്‌ത്രീയെ പ്രണയിക്കുന്നതെങ്ങനെയെന്ന്‌ മലയാള സാഹിത്യം ഏറെയൊന്നും അന്വേഷിച്ചില്ല എന്നും ഉദാഹരണങ്ങള്‍ നിരത്തി ലേഖിക എഴുതുന്നു. പല കൃതികളിലും ഇരയെ നശിപ്പിച്ച്‌ വേട്ടക്കാരനെ കൊണ്ടാടുന്ന പ്രവണതയാണ്‌ കാണുന്നതെന്ന്‌ അവര്‍ പറയുന്നു. (രാമായണം, ശാകുന്തളം, ചെമ്മീന്‍)തന്നില്‍ നിന്നൊളിച്ചാടാന്‍ തന്നെ പ്രേരിപ്പിക്കുന്ന കള്ള വായനയെ വിട്ട്‌ തന്നിലെ തന്നെ തിരിനീട്ടി തെളിക്കുന്ന, സാധൂകരിക്കുന്ന ധീരവും സത്യസന്ധവുമായ വായനാരീതികളിലേക്ക്‌ അവള്‍ എത്തിച്ചേരണം എന്നും അവര്‍ പറയുന്നു.

കൃതികളിലെ ഗൂഢമായ പുരുഷാധിപത്യ തന്ത്രങ്ങളെ തിരിച്ചറിയാനും തള്ളിക്കളയാനും അവള്‍ പ്രാപ്‌തി തേടണം. അപ്പോള്‍ കൂട്ടിലെ പെണ്‍കിളി ആകാശത്തെ അറിയും. ആ ഉയരങ്ങളില്‍ തന്നോടൊപ്പം പറന്നെത്തുന്നവനുമായി മാത്രം ഒത്തു ചേരണം. പുതിയ പുരുഷനും സ്‌ത്രീയും ചേര്‍ന്ന്‌ നമ്മുടെ പ്രണയ സങ്കല്‌പങ്ങളെ , സൗഹൃദ സങ്കല്‌പങ്ങളെ അടിമുടി മാറ്റിയെഴുതും.

അപ്പോള്‍ വായിക്കുന്ന സ്‌ത്രീയാണ്‌ വിഷയം. അവളുടെ പ്രണയവും. അപ്പോള്‍ വായിച്ച സ്‌ത്രീകളൊന്നും പ്രണയിച്ചില്ലെന്നാണോ വായിക്കുന്നവളെ കൂട്ടിലടച്ചിട്ടെന്നാണോ?

ഭാഗീകമായി ശരിയാവാം.
എന്നാല്‍ ബാക്കിയോ?
പ്രണയത്തിന്റെ കാര്യത്തില്‍ ഒരു കാമുകനും കാമുകി ബുദ്ധിയില്ലാത്തവളാവണമെന്ന്‌ ആഗ്രഹിക്കുന്നുണ്ടാവില്ല. നല്ല പുസ്‌തകങ്ങള്‍ വായിക്കാന്‍ പുരുഷന്‍ തടസ്സം നില്‌ക്കുന്നുണ്ടോ?ഇതെഴുതുന്നയാള്‍ക്ക്‌ അറിവില്ല. എന്നാല്‍ സ്‌ത്രീയാണ്‌ തീരുമാനിക്കേണ്ടത്‌ ഏതു തരം വായനയാണ്‌ തനിക്കു വേണ്ടതെന്ന്‌.

ബുദ്ധിയുള്ള സ്‌ത്രീയെ പ്രണയിക്കുന്നതെങ്ങനെ എന്ന ചോദ്യത്തിന്റെ ഉത്തരത്തില്‍ പ്രണയിക്കാന്‍ കൊള്ളില്ല അവളെ ഉപേക്ഷിക്കുക എന്നാണോ ധ്വനി.
അപ്പോള്‍ അവളെ പ്രണയിക്കാന്‍ ആരുവരും?
പ്രണയത്തില്‍ ബുദ്ധി മാത്രമാണോ പരിഗണിക്കപ്പെടുന്നത്‌?

പ്രണയത്തിന്‌ ഏതു നിര്‍വചനം കൊടുത്താലാണ്‌ പ്രണയമാവുക.
രണ്ടു മനസ്സുകളുടെ രസതന്ത്രം ഒത്തു ചേരുമ്പോഴല്ലേ പ്രണയമുണ്ടാവുന്നത്‌.
അത്‌ ബുദ്ധിയോ, ചിന്തയോ, വായനയോ, സൗന്ദര്യമോ, കറുപ്പോ, വെളുപ്പോ, അങ്ങനെ അങ്ങനെ എന്തുമാവാം.

നമ്മുടെ ഇക്കാസും ജാസൂട്ടിയും പ്രണയിച്ചത്‌ ബ്ലോഗ്‌ വായനയിലൂടെയല്ലേ .

എന്നിരിക്കെ ബുദ്ധിയുള്ളവളെ പ്രണയിക്കാന്‍ വേറെ മാനദണ്ഡങ്ങള്‍ ആവശ്യമാണോ?

ഇതെഴുതുന്നവള്‍ക്ക്‌ ഈ വിഷയത്തില്‍ വലിയ വിവരമില്ല. സ്വാനുഭവത്തില്‍ നല്ല വായനയെ
അച്ഛന്‍, അമ്മ, അമ്മുമ്മ, ഭര്‍ത്താവ്‌, ആരും തടഞ്ഞതായി ഓര്‍മയില്ല. പ്രോത്സാഹിപ്പിച്ചതല്ലാതെ...പ്രണയകാലത്ത്‌ ആരും ബുദ്ധിയില്ലെന്നോ ഉണ്ടെന്നോ പറഞ്ഞിട്ടുമില്ല.
----------------------------------------------------------------
രാധികയുടെ ലേഖനം
ഇവിടെ‍ വായിക്കാം

19 comments:

മൈന said...

എം. ഡി. രാധിക എഴുതിയ ഒരു ലേഖനത്തിന്റെ തലക്കെട്ടാണിത്‌.
പ്രശ്‌നം തലക്കെട്ടില്‍ തുടങ്ങി. ബുദ്ധിയുള്ള സ്‌ത്രീയെ പ്രണയിക്കുന്നതെങ്ങനെ എന്ന ചോദ്യത്തിന്‌ ഇങ്ങനെയാണ്‌ പ്രണയിക്കണ്ടത്‌ എന്നാണോ ഉത്തരം. അത്തരക്കാരെ പ്രണയിക്കാന്‍ പത്തു വഴികള്‍ എന്നാണോ?
ആരാണ്‌ ബുദ്‌ധിയുളള സ്‌ത്രീ?
ബുദ്ധിയളക്കാനുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമാണ്‌ ?
തുടങ്ങി പലവിധ ചോദ്യങ്ങലുയര്‍ന്നു മനസ്സില്‍.
ഇനി എല്ലാ മാനദണ്ഡങ്ങളും പാലിച്ച്‌ ഒരുത്തിയെ കണ്ടെത്തിയാല്‍ അവളെ പ്രണയിക്കാന്‍ കഴിയാതെ പുരുഷന്‍ ഒളിച്ചോടും എന്നാണോ?

Sunil Krishnan said...

എം.ഡി രാധികയുടെ ലേഖനം വായിച്ചില്ല..എന്നാലും ഒന്ന് മാത്രം എനിയ്ക്കറിയാം..പ്രണയിയ്ക്കുന്നത് ബുദ്ധികൊണ്ടല്ല, ഹൃദയം കൊണ്ടാണ്.അതില്ലാത്തവന്‍/അവള്‍ എത്ര ബുദ്ധി മതി ആണെങ്കിലും കാര്യമില്ല.ചോദിയ്ക്കേണ്ട ഈ ചോദ്യം നമുക്കെല്ലാവര്‍ക്കും വേണ്ടി മൈന ചോദിച്ചിരിയ്ക്കുന്നു...നന്ദി മൈന.

ഹരിയണ്ണന്‍@Harilal said...

എം.ഡി.രാധികയുടെ ലേഖനം വായിക്കണമെന്നുണ്ട്..അതിന്റെ ലിങ്കുവല്ലതുമുണ്ടെങ്കില്‍ നല്‍കാമായിരുന്നു.
ഞാനും പ്രണയിച്ചു കല്യാണം കഴിച്ചൂ...അവള്‍ പറയുന്നത് അവള്‍ക്ക് നല്ല ബുദ്ധിയുണ്ടെന്നാണ്(എന്നെ കല്യാണം കഴിച്ചതു മാത്രം ബുദ്ധിമോശമായിപ്പോയെന്നും!!)

തറവാടി said...
This comment has been removed by the author.
തറവാടി said...

നിര്‍‌വചിക്കാന്‍ പറ്റാത്ത പലവിഷയങ്ങളില്‍പ്പെട്ട ഒന്നാണ്‌ , പ്രേമം.
പരാമര്‍ശിക്കപ്പെട്ട ലേഖനം വായിച്ചിട്ടില്ല , അതില്ലാതെ ഈ കുറിപ്പ് പൂര്‍‌ണ്ണമാകുന്നുമില്ല.

വല്യമ്മായി said...

പ്രണയിക്കുന്നത് ഹൃദയം കൊണ്ടാണെങ്കിലും ബുദ്ധിയുള്ള കുറച്ച് കൂടി വ്യക്തമാക്കി പറഞ്ഞാല്‍ നല്ല ഒരു വ്യക്തിത്വമുള്ള സ്ത്രീയെ പ്രണയിക്കണോ,ജീവിത പങ്കാളിയാക്കണോ എന്ന പുരുഷന്റെ തീരുമാനം അവന്റെ വ്യക്തിത്വത്തെ ആശ്രയിച്ചാണിരിക്കുന്നത്.

ഭാര്യ എന്നത് ഒരു വ്യക്തിയാണെന്നും തന്റെ ഭാര്യ എന്നതില്‍ കവിഞ്ഞ് അവര്‍ക്ക് അവരുടേതായ ഒരു വ്യക്തിതവും കാഴ്ചപ്പാടും ജീവിതവുമെണ്ടെന്ന് കരുതുന്ന ,അവരുടെ വ്യക്തിത്വം തന്റെ വ്യക്തിത്വത്തെ തോല്പ്പിക്കുന്ന ഒന്നല്ലെന്ന ആത്മവിശ്വാസമുള്ള ഒരു പുരുഷന്‍ ഒരിക്കലും ഭാര്യയുടെ ബൗദ്ധിക വൈജ്ഞാനിക വളര്‍‌ച്ചയ്ക്ക് ഒരു തടസ്സമല്ല,ഒരു ശക്തിയായേ വര്‍ത്തിക്കൂ എന്നാണ് സ്വാനുഭവം എന്നെ പഠിപ്പിച്ചിട്ടുള്ളത്.

Reshma said...

എം ഡി രാധികയുടെ ലേഖനം ഇവിടെ നിന്ന് വായിച്ചു : http://www.mathrubhumi.com/static/journal/showStory.php?id=29

“അപ്പോള്‍ വായിച്ച സ്‌ത്രീകളൊന്നും പ്രണയിച്ചില്ലെന്നാണോ വായിക്കുന്നവളെ കൂട്ടിലടച്ചിട്ടെന്നാണോ?”

ലേഖനത്തില്‍ നിന്ന് മൈന എടുത്തെഴുതിയ വരികളില്‍ തന്നെയില്ലേ ഉത്തരം? സ്ത്രീ സ്ത്രീയായി നിന്ന് കൊണ്ടുള്ള സത്യസന്ധമായ വായന , സമൂഹം നല്‍കിയതോ സ്വയം കല്‍പ്പിച്ചുകൂട്ടിയതോ ആയ കൂടും പൊളിച്ച് ഉയരങ്ങളില്‍ എത്താന്‍ അവളെ പ്രാപ്തയാക്കും. ഇങ്ങനെയുള്ളവളെ പ്രണയിക്കാന്‍ കൊള്ളില്ല എന്നത് വികലമായ ധാരണയാണെന്നും, മറിച്ച് കൂടുതല്‍ അര്‍ത്ഥപൂര്‍ണ്ണമായ പ്രണയം ഉയരങ്ങളില്‍ ഒപ്പം പറക്കുന്നവര്‍ക്കിടയില്‍ സാധ്യമാണെന്നും രാധിക. തലക്കെട്ടിലെ ധ്വനിയും അത് തന്നെയല്ലേ?ശരീരവും, മനസ്സും, ഹൃദയവും ഒപ്പം ബുദ്ധിയും കൂടെയായാല്‍ എന്താരിക്കും കഥ!

സാധാരണക്കാര്‍ക്കിടയില്‍ നല്ല വായന ഇന്നും സ്ത്രീക്ക് വിലക്കപ്പെടുന്നുണ്ട് എന്നാണ് എന്റെ അറിവ്. ‘ഹലാക്കിന്റെ കഥയിലും കവിതയിലും’ എന്തൊക്കെയോ വേണ്ടാത്താണെന്ന നിഷ്കളങ്കമായ അജ്ഞത, പുതിയ അറിവുകളോടുള്ള പുറം തിരിഞ്ഞു നില്‍ക്കല്‍, തുടങ്ങി ലേഖിക തന്നെ പറഞ്ഞ നിലവിലുള്ള സ്ത്ഥിയെ അട്ടിമറിക്കും എന്ന അധികാരവര്‍ഗ്ഗത്തിന്റെ ഭയം...

മൈന said...

രാധികയുടെ ലേഖനം വായിക്കണമെങ്കില്‍ ഈ പോസ്‌റ്റിന്റെ താഴെ കൊടുത്തിരിക്കുന്ന ലിങ്ക്‌ നോക്കുക. ലിങ്ക്‌ തന്ന രേഷ്‌മയ്‌ക്ക്‌ നന്ദി. പ്രതികരിച്ച എല്ലാവര്‍ക്കും.

കൈയൊപ്പ്‌ said...

സാഹിത്യ രചനകളില്‍ ചിത്രീകരിക്കപ്പെടുന്ന പ്രണയവും സ്ത്രീ പക്ഷ വായനയുമാണല്ലോ വിഷയം. തുണിയിലെ കറ ഇളക്കുന്നതെങ്ങനെ എന്ന ഒരു വനിതാ ടിപ്പ് പോലെ പ്രണയിക്കുന്നതെങ്ങനെ എന്നതിനെക്കുറിച്ച് കേവലാര്‍ത്ഥത്തിലുള്ള ഒരന്വേഷണം ആ ലേഖനത്തിന്റെ ഉദ്ദേശമല്ല. എഴുത്തിലും വായനയിലും കടന്നു വരുന്ന പുരുഷാധിപത്യ കാഴ്ച്ചപ്പാടുകളും അത് സര്‍വ്വസമ്മതമാകുന്ന സാഹചര്യങ്ങളും ശ്രദ്ധേയമാണു. ജൂഡിത്ത്‌ ഫെറ്റേര്‍ലിയെ ഉദ്ധരിച്ചു കൊണ്ട് അവിടെ അത് വിശദീകരിക്കുന്നുണ്ടല്ലോ.

അടുക്കളയില്‍ നിന്ന് പുറത്തെത്തിയ സ്ത്രീ തൊലി എങ്ങനെ മിനുക്കണമെന്നും ബോഡി മാസ് ഇന്‍ഡക്സുകള്‍ എങ്ങനെ സംരക്ഷിക്കണമെന്നും ഭര്‍ത്താവിനെ ഏറെ സ്‌നേഹിക്കാന്‍ ഏത് പ്രഷര്‍ കുക്കര്‍ വാങ്ങണമെന്നുമാണ് ആകുലപ്പെടുന്നത്. ശരീര ഭംഗിയെക്കുറിച്ചുള്ള വിക്‌ടോറിയന്‍ കാഴ്ച്ചപ്പാടുകളും ഉപഭോഗാസക്തികളും പുരോഗതിയിലും അടിമത്വമുണ്ടാക്കുന്ന സാംസ്കാരിക തകര്‍ച്ചയിലേക്ക് 'അറിവുള്ള' സ്ത്രീയെയും എത്തിക്കുന്നില്ലേ. മറ്റുള്ളവരുടെ ആഗ്രഹങ്ങളുടെ ഒരു എക്കോ ആയി അവള്‍ മാറുന്നു.

സ്വാതന്ത്യം എന്നാല്‍ ഇതൊക്കെയാണു എന്ന പുരുഷാധിപത്യ ഹൈജാക്കിംഗിനു സാഹിത്യത്തിലടക്കം എല്ലായിടത്തും ഇടം കിട്ടിയിട്ടുണ്ട്.

കൈയൊപ്പ്‌ said...

സാഹിത്യ രചനകളിലെ പ്രണയവും ഇതുപോലെ സ്ത്രീവിരുദ്ധമാവുന്നുമെന്ന്...

എതിരന്‍ കതിരവന്‍ said...

വായന=ബുദ്ധി എന്നൊരു സമവാക്യം ഇല്ല.
സ്വതന്ത്രചിന്തൌള്ള സ്ത്രീയെ പ്രണയിക്കാന്‍ പറ്റുമോ എന്നാക്കി ചോദ്യത്തെ മാറ്റിയാലും അതില്‍ പ്രശ്നമുണ്ട്. പ്രണയം പുരുഷന്‍ തുടങ്ങിവയ്ക്കുന്ന ഒരു കാര്യമാനെന്ന വിവക്ഷ.

പെണ്ണ് പ്രണയിക്കാന്‍ തുടങ്ങിയാല്‍ വായനയുടെ കുറവു കൊണ്ടാണ്, പുരുഷന് വായനയോ ബുദ്ധിയോ ഇക്കാര്യത്തില്‍ ആവശ്യമില്ല.....ഈ വഴിയില്‍ വാദം പോകുന്നു.

‘പ്രസവിച്ചിട്ട് കുഞ്ഞിന്റെ മുഖച്ഛായ നോക്കി അച്ഛനെ നിശ്ചയിക്കേണ്ട ഗതികേട് ശകുന്തളയ്ക്കില്ല’ എന്നു രാജാവിന്റെ മുഖത്തു നോക്കി വിളിച്ചു പറഞ്ഞ പെണ്ണിന് ബുദ്ധിയില്ലെങ്കിലും തന്റേടമുണ്ട്. കണ്വന്‍ പുസ്തകങ്ങള്‍ വായിക്കാന്‍ ശകുന്തളയെ പ്രേരിപ്പിച്ചിരുന്നിട്ടുണ്ടാവണം.

മൈന said...

രാധികയുടെ ലേഖനത്തെ വിമര്‍ശിക്കുകയല്ല എന്റെ ഉദ്ദേശ്യം. ആ തലക്കെട്ടു കാണുമ്പോള്‍ ഉണ്ടായേക്കാവുന്ന ചില സംശയങ്ങള്‍ മാത്രം. അവര്‍ സാഹിത്യത്തെക്കുറിച്ചു പറഞ്ഞപ്പോള്‍ ജീവിതത്തില്‍ അങ്ങനെയാണോ എന്നു ചിന്തിച്ചു പോയി.
വായനയെക്കുറിച്ചു പറയുമ്പോള്‍ 'സാധാരണക്കാര്‍ക്കിടയില്‍ നല്ല വായന ഇന്നും സ്ത്രീക്ക് വിലക്കപ്പെടുന്നുണ്ട് എന്നാണ് എന്റെ അറിവ്' രേഷ്‌മയുടെ അഭിപ്രായത്തോട്‌ യോജിപ്പില്ല.
വീട്ടുകാര്‍ അങ്ങനെയൊക്കെ കരുതും എന്നു വിചാരിച്ച്‌ വായിക്കാത്തവരുണ്ട്‌.
ജീവിതം സ്വസ്‌ഥം, സമാധാനം എന്ന ചിന്തയില്‍ വായിക്കാത്തവരുണ്ട്‌.
അതിനേക്കാളേറെയാണ്‌ വീട്ടില്‍ ഒരായിരം പുസ്‌തകങ്ങളുണ്ടായിട്ടും ഒന്നു നിവര്‍ത്തിപ്പോലും നോക്കാത്തവര്‍. ആ പുസ്‌തകങ്ങള്‍ എടുത്തു വായിച്ചാല്‍ തടയുന്നവരുണ്ടോ..ചിലര്‍ക്ക്‌ ലൈബ്രറിയിലും മറ്റും പോകാന്‍ വിലക്കുണ്ടാവാം എന്നതൊഴിച്ചാല്‍ ഇക്കാലത്ത്‌ വായനയെ നിരുത്സാഹപ്പെടുത്തുന്നവര്‍ കുറവാണ്‌.
പലരും ശ്രമിക്കുന്നില്ല എന്നതാണ്‌ സത്യം.
പുരുഷാധിപ്‌ത്യത്തിന്‌ എതിരാണ്‌ ഞാന്‍. പക്ഷേ വായനയുടെ കാര്യത്തില്‍ അവരെ പ്രതിയാക്കുന്നതിനോട്‌ പൂര്‍ണ്ണ്‌മായി യോജിപ്പില്ല.
വായനയുടെ പേരു പറഞ്ഞ്‌ പ്രണയത്തെ വേര്‍തിരിക്കുന്നതിനോടും.
ബുദ്ധിയുള്ള സ്ത്രീയുടെ പ്രണയമെന്നോ, ബുദ്ധിയില്ലാത്ത സ്ത്രീയുടെ പ്രണയമെന്നോ വേര്‍തിരിക്കാവുന്നതല്ല പ്രണയം.

ആഗ്നേയ said...

ബുദ്ധിയോ മറ്റെന്തെങ്കിലും കഴിവുകളോ പ്രണയത്തിനു നിദാനമാകുമോ?പ്രണയിക്കുന്ന ആളിന്റെ ഏതെല്ലാമൊ ഘടകങ്ങള്‍ നമ്മെ ആകര്‍ഷിക്കുന്നു എന്നതല്ലേ ശരി?അതു ബുദ്ധിയാകാം,സൌന്ദര്യമാകാം,മറ്റു പലതുമാകാം.അതേ ഗുണങ്ങള്‍ ഉള്ള മറ്റുള്ളവരോട് നമുക്കു പ്രണയം തോന്നുന്നില്ലല്ലോ..അപ്പോള്‍ ചില പ്രത്യേകതകള്‍ കൊണ്ടല്ല നമ്മള്‍ ആരെയെങ്കിലും പ്രണയിക്കുന്നത്..പ്രണയ ഭാജനത്തിന്റെ പ്രത്യേകതകള്‍ നമ്മള്‍ അറിയാതെ ഇഷ്ട്ടപ്പെട്ടു പോകുന്നതാണ്..അതില്ലായിരുന്നുവെങ്കിലും നമ്മള്‍ അയാളെ പ്രണയിക്കുമായിരുന്നു എന്നു വ്യക്തം
പിന്നെ വല്യമ്മായി പറഞ്ഞതിനോടു പൂര്‍ണമായും യോചിക്കുന്നു...സ്വന്തം കഴിവില്‍ വിശ്വാസമുള്ള പുരുഷന്‍ ഒരിക്കലും സ്ത്രീയുടെ വൈജ്ഞാനിക വളര്‍ച്ചക്കു തടസ്സം നില്‍ക്കില്ല.അവളെ ശാക്തീകരിക്കുകയേ ഉള്ളൂ.

ശ്രീഹരി::Sreehari said...

ശാസ്ത്രീയമായി പറയുകയാണെങ്കില്‍ ബുദ്ധി എന്ന വാകിനെ വിവരം എന്ന വാക്ക് കൊണ്ട് substitute ചെയ്ത് വേണ്‍ടിയിരുന്നു എഴുതാന്‍. വായന്‍ നല്‍കുന്നത് അറിവാണ്. ബുദ്ധിയല്ല.

പിന്നെ പ്രണയത്തെക്കുറിച്ച് : പ്രണയം വല്ല ക്രികറ്റ് മാചുമാണോ? ആസ്ട്രേലിയക്കെതിരെ എങ്ങിനെ കളിക്കാം, പാകിസ്താനെതിരെ എങ്ങിനെ കളിക്കാം എന്നൊക്കെ tacticts ഉണ്ടാക്കും പോലെ വായനാശീലമൂള്ള സ്ത്രീയെ എങ്ങിനെ പ്രണയിക്കാം എന്ന് പ്ലാന്‍ ഇട്ടീട്ടാണോ പ്രണയിക്കേണ്ടത്? പ്രണയം എന്താണ്‍ എന്ന് അറിഞ്ഞവര്‍ ഇത്തരം കാര്യങ്ങള്‍ എഴുതിക്കൂട്ടുമോ?

മാവേലി കേരളം said...

ചുരുക്കം വരികളില്‍ സ്ത്രീയെക്കുറിച്ചുള്ള അനേക ആശയങ്ങള്‍ ഉള്‍കൊള്ളിച്ചിരിയ്ക്കുന്നതായിരിയ്ക്കും ഒരു പക്ഷെ രാധികയുടെ ലേഖനത്തിറ്റ്നെ ഒരു പോരായ്മ എന്നു തോന്നുന്നു.

ആദ്യമേ, വായിയ്ക്കുന്ന സ്തീയെ മക്കള്‍ വരെ അംഗീകരിയ്ക്കുന്നില്ല എന്നു പറയുന്നു. പിന്നീട് മലയാള നോവല്‍ സാഹിത്യം ബുദ്ധിയുള്ള സ്ത്രീയുടെ പ്രണയത്തെ അന്വേഷിയ്ക്കുന്നില്ല എന്നു പറയുന്നു.

ഓരോന്നും വിശദമായി പറയുന്നില്ല, എങ്കിലും രാധികയുടെ കാഴ്ചപ്പാടുകളോട് എത്രിക്കാന്‍ കഴിയുന്നില്ല.

പ്രണയം, ബുദ്ധിയില്‍ ആശ്രയിയ്ക്കുന്നീല്ല. ശരി. പക്ഷെ പൊതുവെ കഥകളീല്‍ കണ്ടുവരുന്ന കാര്യം പറഞ്ഞാല്‍ പ്രേമിയ്ക്കുന്ന പെണ്ണ് സ്മാര്‍ട് ആകാന്‍ പൊതുവെ ആണ്‍കുട്ടികള്‍ ഇഷ്ടപ്പെടുന്നില്ല,എന്നല്ലേ? സ്വന്തമായി ചിന്തിയ്ക്കാന്‍ കഴിവുള്ള പെണ്ണിനെ എത്ര പേരു പ്രേമിയ്ക്കാന്‍ വരും?

ബ്ലോഗിലുള്ള ബാച്ചിആണ്‍കുട്ടികള്‍ പറയട്ടെ:)

സൌത്താഫ്രിയ്കയില്‍ ഒരു പറച്ചിലുണ്ട്-If you educate a man you save a home, if you educate a woman you save a nation.

കെരളക്കാര്‍ ഇങ്ങനെ പറയുന്നുണ്ടോ?വിശ്വസിയ്ക്കുന്നുണ്ടോ?

എതിരന്‍ കതിരവന്‍ said...

മാവേലി കേരളം:
കേരളത്തിലെ പെണ്ണുങ്ങള്‍ സുന്ദരികളാണെന്നും പക്ഷെ വിദ്യഭ്യാസവും (ചങ്കൂറ്റവം) ഒക്കെക്കൊണ്ട് പ്രേമിക്കാന്‍ പറ്റാത്താവരാണെന്നു തമിഴര്‍ക്കിടയില്‍ ഒരു ധാരണയുണ്ട്. ‘പെണ്ണരശുനാട്’എന്നു വിളിക്കുന്നത് വെറുതയല്ലെന്നവര്‍ പറയും .(ഭാരതിയാരുടെ ‘സിന്ധു നദിയിനിലെ നിലവിനിലെ...എന്ന ദേശീയോദ്ഗ്രഥന കവിതയില്‍ സിന്ധു നദിയില്‍ തെലുങ്കു പാട്ടു പാടി വള്ളം തുഴയുന്നത് മലയാളിപ്പെണ്ണാണ്‍ എന്ന് അവര്‍ ചൂണ്ടിക്കാണിയ്ക്കും). ‘ഇവര്‍ക്കെന്തിന്‍് ഇത്രയും വിവരം കൊടുത്തൂ ദൈവമെ‘ എന്ന് എന്റെ തമിഴ് സുഹൃത്തുക്കള്‍ വിലപിക്കാറുണ്ട്.‍

ഹാരിസ് said...

എവിടെ പ്രണയിക്കുന്നവര്‍....?
അരാണ് പ്രണയിക്കുന്നത്...?
എന്താണ് പ്രണയം....?
അതിന്റെ,സാമാന്യ മാനദണ്ടങ്ങള്‍...?
അവ നമ്മള്‍ ആരോപിക്കുന്നതല്ലെ ഓരൊ പ്രണയത്തിലും.
അങ്ങനെയെങ്കില്‍,അതു വ്യക്തി നിഷ്ടഠ്മായിരിക്കില്ലെ...?
എത്ര കാലം(ഒരേ ഇണകള്‍ക്ക്) പ്രണയിക്കാന്‍ കഴിയും...?
ഏതു വയസ്സ് വരെ...?
അകന്നു മറയുന്നതിനോടല്ലെ എപ്പോഴും പ്രണയം...?
എങ്കില്‍,അതിനു ഇച്ഛാഭംഗം എന്നല്ലെ പറയേണ്ടത്.
അരികത്തിരുന്ന്,ഗാഢമായി,അനന്ത കാലം പ്രണയിച്ചവരെ ആര്‍ക്കെങ്കിലും അടുത്തറിവുണ്ടൊ...?നേരിട്ട്!

ഭൂമിപുത്രി said...

ഒരിക്കലും അവസാനിക്കാത്ത ഗൃഹഭരണപങ്കപ്പാടുകള്‍ക്കിടയില്‍,ഗൌരവമുള്ള വായന എത്രസ്ത്രികളുടെയിടയില്‍ നടക്കുന്നുണ്ട്?
പിന്നെ,കുമാരിമാരുടെ കാര്യമാണെങ്കില്‍,മിക്കവരും ജീവിതത്തിന്റെ ഉപരിതലങ്ങളിലൂടെ ഒഴുകിപ്പോകുന്നവരാണ്-കുമാരന്മാരുമതെ.
എല്ലാക്കാലത്തും serious readers ഒരു ന്യൂനപക്ഷമേ ഉണ്ടായിരുന്നുള്ളു.

പക്ഷെ,രാധിക പറഞ്ഞതിന്റെ മറ്മ്മം,വ്യക്തിത്വവും സ്വതന്ത്ര ചിന്താശീലവുമുള്ള പെണ്ണു,നമ്മുടെ ശരാശരി പുരുഷനെ അസ്വസ്ഥനാക്കുന്നു എന്നതല്ലെ?

അവളെ പ്രണയിക്കാന്‍ ആളുണ്ടായേക്കാം,പക്ഷെ ഭാര്യയായിക്കഴിഞ്ഞാല്‍,നേരത്തെ പറഞ്ഞ ‘ശരാശരി’പുരുഷനു അവളെ വെച്ചുപൊറുപ്പീക്കണമെങ്കില്‍,വല്ല്യമ്മായി
പറഞ്ഞ ആ ദുറ്ലഭ വസ്തു ഉണ്ടാകണം-
ആത്മവിശ്വാസം-loads of it!

എന്റെയൊരു സഹപ്രവര്‍ത്തകന്‍ ഒരിക്കല്‍പ്പറഞ്ഞു വീട്ടില്‍ ‘വനിത’വാങ്ങാറില്ല എന്നു.
‘ഞങ്ങളിപ്പോള്‍ സമാധാനമായി ജീവിക്കുകയാണ അതെന്തിനാ കളയുന്നെ..‍’ എന്നതായിരുന്നു കാരണം!

VASANTHI said...

good thoughts.

If no one has said that you are intelligent till today, that is totally unbelievable. you are very intelligent.

about the post, it is very thoughtful. I would like to read the article by m.d.radhika.