Monday, November 12, 2007

മച്ചാന്റെ സ്വന്തം ഫാത്തിമാ ബീവി

സുല്‍ത്താന്‍ ഇതിനുമുമ്പ്‌ വേറെ കല്ല്യാണം കഴിച്ചിട്ടില്ലെന്നതായിരുന്നു അത്ഭുതപ്പെടുത്തിയ മറ്റൊന്ന്‌.മുസ്ലീം പുരുഷന്മാര്‍ക്കിടയില്‍ അങ്ങനെയൊരാളെ കണ്ടത്താന്‍ പ്രയാസമായിരുന്നു.ഇത്രകാലം കല്ല്യാണം കഴിക്കാതിരുന്നതിനേക്കുറിച്ച്‌ ഗോവിന്ദന്‍കുട്ടി ചോദിച്ചപ്പോള്‍ "കല്ല്യാണം കഴിക്കുന്നതെന്തിനാണെന്ന്‌ തനിക്കറിയില്ലായിരുന്നു" പോലും എന്നാണ്‌ പ്രതികരിച്ചത്‌.

ദീപാവലി കഴിഞ്ഞു വന്ന ഞായറാഴ്‌ചയായിരുന്നു പാത്തൂട്ടി ഇത്തായുടെ നിക്കാഹ്‌. പറമ്പിന്റെ തെക്കു-കിഴക്കേ അതിരില്‍ വെള്ളമെടുക്കുന്ന ഓലിക്കരുകിലായിരുന്നു അവരുടെ വീട്‌. വിളിച്ചാല്‍ വിളി കേള്‍ക്കുന്നിടമല്ല. കശുമാവും പ്ലാവും കവുങ്ങും നിറഞ്ഞ ഇരുളടഞ്ഞ പറമ്പിലെ , കരിയില ചവിട്ടി വേണമായിരുന്നു അവിടേക്കു പോകാന്‍. എന്നിരുന്നാലും പാത്തൂട്ടിഇത്ത ഞങ്ങളുടെ പ്രിയപ്പെട്ട അയല്‍ക്കാരിയായിരുന്നു.
കാലത്തും വൈകിട്ടും വെള്ളമെടുക്കാന്‍പോകുമ്പോള്‍ പാത്തൂട്ടി ഇത്ത ഓട്ടുവിളക്കും, കിണ്ടിയും, ഉമ്മയുടെ കോളാമ്പിയും പുളിയിട്ടു തേച്ചുകഴുകാന്‍ കുളത്തിനരികിലേക്ക്‌ വന്നു.

പ്രായം അമ്പതിനോടടുത്തിരുന്നു. കല്ലും മണ്ണും കൂപ്പില്‍ നിന്ന്‌ കട്ടന്‍സ്‌ ചുമന്നും പതം വന്ന ശരീരം.അതിലപ്പുറം സൗന്ദര്യം പരയാനില്ല. ആങ്ങളമാരൊക്കെ പെണ്ണുകെട്ടി വേറെ താമസം തുടങ്ങിയിരുന്നു. അനിയത്തിയുടെ മകളെ കെട്ടിക്കാറായിരുന്നു. പാത്തൂട്ടിഇത്ത മാത്രം കട്ടന്‍സ്‌ ചുമന്നും കല്ലും മണ്ണും ചുമന്നും ഉമ്മയെ നോക്കി കാലം കഴിച്ചു.
ചെറു പ്രായത്തില്‍ ഒരു നിക്കാഹ്‌ കഴിഞ്ഞിരുന്നു എന്ന്‌ അമ്മ പറഞ്ഞു. രണ്ടാഴ്‌ച കഴിഞ്ഞ്‌ അയാള്‍ഉപേക്ഷിച്ചു.
'പണ്ടത്തെ പാത്തൂട്ടി ഇത്താനെ വെച്ചുനോക്കുമ്പോള്‍ ഇപ്പോ എന്തോരം സൗന്ദര്യമുണ്ട്‌' എന്നായിരുന്നു ഭര്‍ത്താവുപേക്ഷിച്ചതിനെക്കുറിച്ച്‌ അമ്മയുടെ കമന്റ്‌.

ഞങ്ങള്‍ ദീപാവലിയുടെ അവധിക്ക്‌ നാട്ടില്‍ വന്നപ്പോഴാണ്‌ പാത്തൂട്ടി ഇത്തായുടെ കല്ല്യാണക്കാര്യമറിയുന്നത്‌. ഞങ്ങളുടെ തെക്കുകിഴക്കേ അതിരില്‍ നിന്ന്‌ വാവലുകളുടെ ചിറകടിയൊച്ചയോ, കുറുക്കന്റെ ഒരിയിടലോ, വല്ലപ്പോഴും വരുന്ന മലമുഴക്കി വേഴാമ്പലിന്റെ മുഴക്കമോ, മരം കൊത്തിയുടെ കൊത്തലോ കേട്ടിരുന്നുടത്തു നിന്ന്‌ മാപ്പിളപ്പാട്ട്‌ ഒഴുകി വന്നു. കവുങ്ങിന്‍ വാരിയും കാട്ടു മരങ്ങളും കൊണ്ട്‌ പന്തലു പണിതുടങ്ങിയിരുന്നു. ആങ്ങളമാരുടെ മക്കള്‍ കാട്ടില്‍ നിന്ന്‌ ഈന്തോല കൊണ്ടുവന്നു. പന്തല്‍ അലങ്കരിക്കാന്‍ ...
ഏറ്റൂമാനൂര്‌ താമസിക്കുന്ന ഞങ്ങളുടെ അമ്മായിയാണത്രേ പാത്തൂട്ടി ഇത്താക്ക്‌ നിക്കാഹുണ്ടാക്കിയത്‌. സ്‌ത്രീ ധനമൊന്നുമില്ല. കാതിലെ പൂക്കമ്മല്‍മാത്രം.

എന്തുകൊണ്ടോ ദീപാവലിയുടെ അവധി കഴിഞ്ഞ്‌ മറയൂരിലേക്ക്‌ പോകാന്‍ ഞങ്ങള്‍ക്ക്‌ മനസ്സു വന്നില്ല.
ഞായറാഴ്‌ച കല്ല്യാണം കഴിഞ്ഞിട്ട്‌ പോയാല്‍ മതിയെന്ന്‌ ആഗ്രഹിച്ചു. അന്‍പതിനോടടുക്കുന്ന പാത്തൂട്ടി ഇത്തായുടെ മണവാളനെ കാണാന്‍ എന്തുകൊണ്ടോ ....പഠിത്തം കളയാന്‍ പറ്റില്ല എന്ന ന്യായ0 പറഞ്ഞ്‌ ഞങ്ങളെ കല്ല്യാണത്തിനു നിര്‍ത്താതെ നാടുകടത്തി.

മധ്യ വേനലവധിക്ക്‌ വന്നപ്പോഴാണ്‌ മണവാളനെ കാണാനായത്‌. പാത്തൂട്ടി ഇത്ത ആകെ മാറിയിരുന്നു. ഇരുണ്ട മുഖം തെളിഞ്ഞിരിക്കുന്നു. കാതില്‍ വലിയൊരു പൂക്കമ്മലുണ്ടായിരുന്നിടത്ത്‌ സ്വര്‍ണ്ണത്തിന്റെ ഞാത്തോടു കൂടിയ കമ്മല്‍. കഴുത്തില്‍ ചെറുതെങ്കിലും താരമാല. രണ്ടുകൈകളിലും മുക്കിന്റെ വളകള്‍. തിളങ്ങുന്ന ഫോറിന്‍ സാരി. ആകെപ്പാടെ ചേല്‌.നടക്കുന്നവഴികളില്‍ അത്തറു മണത്തു.

കല്ല്യാണം കഴിഞ്ഞതില്‍ പിന്നെ പണിക്കു പോകാറില്ലെന്ന്‌ അമ്മുമ്മ പറഞ്ഞു. മണവാളന്‍ ഏറ്റൂമാനൂരു തന്നെയാണ്‌. വല്ലപ്പോഴും വരും. വരുന്നത്‌ ചുമട്ടുകാരെയും കൊണ്ടാണ്‌. അരിമുതല്‍, അത്തര്‍, ഫോറിന്‍സാരി, ചെരുപ്പ്‌ തുടങ്ങി എല്ലാമുണ്ടാവും .
ഏറ്റുമാനൂരുള്ള സ്വന്തക്കാരൊക്കെ വലിയ വലിയ ഫോറിന്‍ കാരാണത്രേ. നാട്ടില്‍വരുന്നവരോടൊക്കെ അവരുടെയൊക്കെ മാമാ ആയ ഇദ്ദേഹം ഭാര്യക്ക്‌ സമ്മാനിക്കാന്‍ പറ്റിയ സാധനങ്ങള്‍ വാങ്ങും. പണവും.
ഇവിടെ കുറച്ചു നില്‌ക്കുമ്പോഴേക്കും വലിവു തുടങ്ങും. പിന്നെ ഏറ്റുമാനൂര്‍ക്ക്‌ മടങ്ങും .ഇതൊക്കെ അമ്മുമ്മ പറഞ്ഞാണ്‌ ഞങ്ങള്‍ അറിയുന്നത്‌.

പക്ഷേ മണവാളനെ കണ്ടില്ലല്ലോ..
ഉച്ച നേരത്ത്‌ അക്കരെ റോഡില്‍ നിന്നും ട്രങ്കു പെട്ടിയോളം വലിപ്പമുള്ള റേഡിയോയും കൈയ്യില്‍ പിടിച്ച്‌ സാവാധാനം നടന്നു വരുന്നു സുല്‍ത്താന്‍. ഇളം പച്ച ഷര്‍ട്ടും പാന്‍സും തൊപ്പിയും. അറുപതിനോടടുത്തുണ്ട്‌ പ്രായം. പക്ഷേ ആ നടപ്പു നോക്കി ഞങ്ങള്‍ നിന്നു. പുഴ കടന്ന്‌ ഇക്കരെ കേറി അദ്ദേഹം ഞങ്ങളുടെ കയ്യാലപ്പുറത്ത്‌ റേഡിയോ വെച്ച്‌ ഓണാക്കി. പിന്നെ റേഡിയോയുമെടുത്ത്‌ കശുമാവിന്‍ തണലിലൂടെ നടന്നു.

മൊത്തത്തില്‍സുല്‍ത്താന്റെ ഗമയില്‍ വന്നതു കൊണ്ടാവണം നാട്ടുകാര്‍ സുല്‍ത്താന്‍ എന്നപേരും നല്‌കി. അദ്ദേഹവും അത്‌ ആസ്വദിച്ചു. പാട്ടിനു പിന്നാലെ ഞങ്ങളും പോയി.

അടുക്കളയില്‍ ആട്ടിറച്ചി വേവുന്ന മണം. ചക്കക്കുരു, മാങ്ങ, കാന്താരി മുളക്‌ തുടങ്ങിയ വിശിഷ്‌ട വിഭവങ്ങള്‍ പടിയിറങ്ങി കഴിഞ്ഞിരുന്നു. ചൂര, കൂരി, നെയ്‌മീന്‍, ആട്‌, കോഴി എന്നിവ സ്ഥാനം പിടിച്ചു.

ഏറ്റുമാനൂരിനെ അതിരംപുഴയെ മാന്നാനം പള്ളി മൈതാനത്തെ അദ്ദേഹം ഞങ്ങള്‍ക്ക്‌ പരിചയപ്പെടുത്തി.
"ഇങ്ങേര്‌ ഒരാളെ കിട്ടാന്‍ കാത്തു നിക്കുവാ... വര്‍ത്താനം തൊടങ്ങാന്‍.."പാത്തൂട്ടി ഇത്ത നിരുല്‍സാഹപ്പെടുത്താന്‍ ശ്രമിച്ചു.
"നീ മിണ്ടാതിരി ഫാത്തിമാ ബീവി.."അദ്ദേഹം മിഠായി നല്‌കിക്കൊണ്ട്‌ പറഞ്ഞു.
ഫാത്തിമാബീവി എന്ന സംബോധന ഞങ്ങളെ അമ്പരപ്പിച്ചു. ഫാത്തിമാ ബീവി എന്ന യഥാര്‍ത്ഥപേര്‌ വിളിച്ച്‌ കേട്ടിട്ടില്ലായിരുന്ന പാത്തൂട്ടിയും സന്തോഷിച്ചു. അവര്‍ അദ്ദേഹത്തെ മച്ചാന്‍ എന്നു വിളിച്ചു.

സുല്‍ത്താന്‍ ഇതിനുമുമ്പ്‌ വേറെ കല്ല്യാണം കഴിച്ചിട്ടില്ലെന്നതായിരുന്നു അത്ഭുതപ്പെടുത്തിയ മറ്റൊന്ന്‌.മുസ്ലീം പുരുഷന്മാര്‍ക്കിടയില്‍ അങ്ങനെയൊരാളെ കണ്ടത്താന്‍ പ്രയാസമായിരുന്നു.ഇത്രകാലം കല്ല്യാണം കഴിക്കാതിരുന്നതിനേക്കുറിച്ച്‌ ഗോവിന്ദന്‍കുട്ടി ചോദിച്ചപ്പോള്‍ "കല്ല്യാണം കഴിക്കുന്നതെന്തിനാണെന്ന്‌ തനിക്കറിയില്ലായിരുന്നു" പോലും എന്നാണ്‌ പ്രതികരിച്ചത്‌.

റേഡിയോ പാട്ടിനു പുറകെ ഞങ്ങള്‍ പോയതിന്റെ മൂന്നാംനാള്‍ സുല്‍ത്താന്‍ റേഡിയോയുമായി അക്കരെ കേറി.
"റേഡിയോ പിന്നേം കേടായോ..?"അപ്പോള്‍ പുഴയില്‍ അലക്കിക്കൊണ്ടിരുന്ന പാത്തൂട്ടി ഇത്തായോട്‌ ഞാന്‍ ചോദിച്ചു.
"എന്റെ പുള്ളേ ഈ മച്ചാനക്ക്‌ പിരാന്താ...റേഠിയോം നന്നാക്കി കുണ്ടോന്നാ തൊടങ്ങും പാട്ട്‌ കേക്കാന്‍..കൊറേ കയീമ്പം പെട്ടീന്റുള്ളിലിരുന്ന്‌ പാട്ടു പാടുന്നതാരാന്ന്‌ കാണണം. ഈ മച്ചാന്‍ പെട്ടി തൊറന്നാ നന്നാക്കാണ്ട്‌ പറ്റ്വോ...ഇപ്പ നന്നാക്കാന്‍ കുണ്ടോയിതാ..."

ആകെയുള്ള ഇരുപതു സെന്റില്‍ മുമ്പ്‌ അക്കരെ പവിത്രന്‍ സാറിന്റെ റബ്ബറിന്‌ കാടു ചെത്താന്‍പോയപ്പോള്‍ കൊണ്ടുവന്ന റബ്ബര്‍ കായ പാകി മുളപ്പിച്ച്‌ നട്ടിരുന്നു. ഇപ്പോള്‍ വെട്ടാറായിരിക്കുന്നു.
"ചുമ്മാ വീട്ടിലിരിക്ക്വോല്ലേ... ഞാന്‍ വെട്ടിക്കോളാം."
"റബ്ബറുവെട്ടി പാലെടുക്കുന്നതിനേ കുറിച്ച്‌ ചര്‍ച്ച വന്നപ്പോള്‍ പാത്തൂട്ടി ഇത്ത പറഞ്ഞു.
"എന്റെ കരളേ അതു വേണ്ട. നിന്റെ കൈയ്യേല്‌ കറയാവുന്നത്‌ കാണാന്‍ വയ്യ മച്ചാന്‌. നിന്റെ സാരീല്‌ കറയാക്കാനോണോ എറ്റൂമാനൂര്‌ന്ന്‌ കെട്ടിച്ചൊമന്ന്‌ കൊണ്ടുവന്നത്‌...വേണ്ട..പെണ്ണേ.."

അങ്ങനെകറയാകാതെയും ചെളിയാകാതെയും പാത്തൂട്ടി ഫോറിന്‍ സാരിയുടുത്തു നടന്നു. അസൂയക്കാര്‍ പറഞ്ഞു.

"എന്തോരം സാരിയാ..ഒരെണ്ണം അനീത്തീടെ പെണ്ണിന്‌ പാവാട തൈയ്‌ക്കാന്‍ കൊടുക്കാമ്മേലേ. കൊടുക്കൂല്ല ദൂഷ്ട..."
'അതിനും മച്ചാന്‍ സമ്മതിക്കൂല്ല' എന്നതായിരുന്ന സത്യം

ഏതായാലും ദാമ്പത്യവല്ലരി പൂക്കില്ലെന്നറിഞ്ഞിട്ടും...പൂക്കും പൂക്കും എന്ന്‌ കാത്തിരുന്നു അവര്‍.

6 comments:

Myna said...

സുല്‍ത്താന്‍ ഇതിനുമുമ്പ്‌ വേറെ കല്ല്യാണം കഴിച്ചിട്ടില്ലെന്നതായിരുന്നു അത്ഭുതപ്പെടുത്തിയ മറ്റൊന്ന്‌.മുസ്ലീം പുരുഷന്മാര്‍ക്കിടയില്‍ അങ്ങനെയൊരാളെ കണ്ടത്താന്‍ പ്രയാസമായിരുന്നു.ഇത്രകാലം കല്ല്യാണം കഴിക്കാതിരുന്നതിനേക്കുറിച്ച്‌ ഗോവിന്ദന്‍കുട്ടി ചോദിച്ചപ്പോള്‍ "കല്ല്യാണം കഴിക്കുന്നതെന്തിനാണെന്ന്‌ തനിക്കറിയില്ലായിരുന്നു" പോലും എന്നാണ്‌ പ്രതികരിച്ചത്‌.

Sherlock said...

ശരിയാണ്...മുസ്ലിം പുരുഷന്മാര്‍ക്കിടയില്‍ വ്യത്യസ്ഥനാണ് സുല്‍ത്താന്‍

Harid Sharma .K (ഹരിദ് ശര്‍മ്മ.കെ) said...

ഇങനെയും മുസ്ലിം പുരുഷന്മാരോ?..അവിശ്വസനീയം.

അലി said...

സുല്‍ത്താന്റെ കഥ വളരെ നന്നായി...
ലളിതവും ഒഴുക്കുള്ളതുമായ് ഭാഷ..
വളരെ ഇഷ്ടപ്പെട്ടു..

അഭിനന്ദനങ്ങള്‍...

കണ്ണൂരാന്‍ - KANNURAN said...

എന്നത്തെയും പോലെ നന്നായി എഴുതിയിരിക്കുന്നു, വ്യത്യസ്തരായ മച്ചാനെയും ബീവിയെയും കുറെനാള്‍ ഓര്‍മ്മിക്കും.

Sunil G Nampoothiri said...

നല്ല രചന....
സുല്‍ത്താനും ബീവിയും വളരെക്കാലം സന്തോഷമായി ജീവിക്കട്ടെ.