Thursday, December 29, 2011

സ്വര്‍ഗ്ഗ നരകങ്ങള്‍ക്കിടയില്‍ ഓടിയോടി...





മിശ്രവിവാഹിതരുടെ മക്കളാണു ഞങ്ങള്‍..മതമറിയാത്ത പേരിടണമെന്നായിരുന്നു അമ്മച്ചിയ്ക്ക്..'നിങ്ങടെ അപ്പനും കൂടി തോന്നേണ്ടേ?'  എന്നായിരുന്നു കുറച്ചു മുതിര്‍ന്നപ്പോള്‍ അതേപ്പറ്റി ചോദിച്ചപ്പോള്‍ മറുപടി പറഞ്ഞത്.  മക്കള്‍ക്ക് പേരിടുന്നതില്‍ ഒരുറച്ച തീരുമാനമെടുക്കാന്‍ അത്തയ്ക്ക് കഴിഞ്ഞില്ലെന്ന്  കുറ്റപ്പെടുത്തി.
വിവാഹത്തോടെ അമ്മച്ചിയെ വീട്ടുകാര്‍ പടിയടച്ച് പിണ്ഡം വെച്ചതാണ്. എന്നാല്‍ അത്തയുടെ വീട്ടുകാരാണെങ്കില്‍ മരുമകളെ ഒരുപാധിയുമില്ലാതെ സസന്തോഷം സ്വീകരിക്കുകയും ചെയ്തു. അവരുടെ ആ സ്‌നേഹത്തിനുമുന്നില്‍ മക്കളുടെ പേരുകള്‍ സ്വയം തീരുമാനിക്കാനാവാതെ മനസ്സില്ലാമനസ്സോടെ വിട്ടുകൊടുക്കുകയായിരുന്നു.

അതുകൊണ്ടെന്താ..എന്റെ പേരുകാണുമ്പോള്‍ ചിലര്‍ക്കെന്നെ മതം പഠിപ്പിക്കണം.  (പുരുഷ വ്യാഖ്യാനങ്ങള്‍ക്ക് അനുസരിച്ച മതം ) തലയില്‍ തട്ടമില്ലാത്തതുകൊണ്ട് എനിക്ക് മതമറിയില്ല എന്ന് ചിലരെങ്കിലും കരുതുന്നുണ്ട്. അത്യാവശ്യം ഖുര്‍-ആനും മറ്റു മതഗ്രന്ഥങ്ങളും ചില സ്ത്രീ വ്യാഖ്യാനങ്ങളും വായിച്ചിട്ടുണ്ട്.  ഓര്‍മയില്‍ നന്നായിട്ടുണ്ടു താനും.

 എന്റെ അത്തയുടെ വീട്ടുകാര്‍ ഇസ്ലാമില്‍ വിശ്വിസിച്ചിരുന്നു.  അവരുടെ സ്‌നേഹവാത്സല്യത്തിലാണ് ഞങ്ങള്‍ വളര്‍ന്നത്. എന്റെ അത്താമ്മയോ ഹാജുചിന്നമ്മായോ മുതിര്‍ന്ന ആരെങ്കിലുമോ തലയില്‍ തട്ടമിടുന്നത് നിര്‍ബന്ധമാക്കിയിരുന്നില്ല.  ഒരുപക്ഷേ, ഞങ്ങളുടെ നാടിന്റെ പ്രത്യേകതയായിരിക്കാം.  അല്ലെങ്കില്‍ അവരുടെ വിശ്വാസം തലയിലെ തട്ടത്തിലായിരുന്നില്ല. അന്നൊന്നും അവര്‍ ആഗോളമുസ്ലീമായിരുന്നില്ല.  പ്രാദേശിക മുസ്ലീം ആയിരുന്നു. നാടിന്റെ പ്രകൃതിക്കനുസരിച്ചാണ് ജീവിച്ചത്.  വിശ്വാസം പുറത്തുകാണിക്കുകയായിരുന്നില്ല.  മനസ്സില്‍ അവരുടെ സ്വകാര്യതകളിലായിരുന്നു.  (ഇതിനൊക്കെ പലന്യായങ്ങള്‍ നിരത്താന്‍ പലര്‍ക്കുമുണ്ടെന്നറിയാം) ആഗോള മുസ്ലീമിന്റെ ഐഡന്റിറ്റി തെളിയിക്കുന്ന വേഷം എന്നൊക്കെ ചിലര്‍ പെണ്‍വേഷങ്ങളെ എടുത്തു പറയുന്നത് കേട്ടിട്ടും വായിച്ചിട്ടും ഉണ്ട്.  അങ്ങനെയൊരു ആണ്‍വേഷമില്ലാതെ പോയതെന്തുകൊണ്ട് എന്ന് തലപുകഞ്ഞിട്ടും ഉത്തരമില്ല. അതിനും ന്യായങ്ങള്‍ നിരത്താന്‍ ഉണ്ടെന്നറിയാം.  എളുപ്പമുള്ളതും സൗകര്യമുള്ളതിനും പുറകെ നിങ്ങള്‍ പോകുന്നു.  ഞങ്ങള്‍ക്ക് പാടില്ല എന്ന യുക്തി എല്ലാവരും സമ്മതിച്ചെന്നു വരില്ല. യുക്തിയും ന്യായവും ഒരുകൂട്ടര്‍ക്കുമാത്രമല്ല.
(ഇതു വായിക്കുന്ന തീവ്ര ഹിന്ദുവോ തീവ്ര ക്രിസ്ത്യാനിയോ മറ്റേതെങ്കിലും തീവ്ര...ക്കാരോ കൈകൊട്ടി ചിരിക്കണ്ട്.  ഇതി നിങ്ങള്‍ക്കും ബാധകമാണ്) ഇതൊന്നുമല്ലാത്ത ഈ പറയുന്ന എല്ലാമതത്തിലും പെട്ട വിശ്വസമുള്ളവരും ഇല്ലാത്തവരുമായ അനേകങ്ങള്‍ ഉണ്ടെന്നുറപ്പാണ്. അവര്‍ മതേതരത്തിലും സാഹോദര്യത്തിലും വിശ്വസിക്കുന്നുവെന്നുമറിയാം.

എന്തു തന്നെയായാലും മുകളില്‍ പറഞ്ഞ അത്താമ്മയും ഹാജു ചിന്നമ്മായുമൊക്കെ മരിച്ചു പോയി.  അവരൊക്കെ നരകത്തിലാണെങ്കില്‍ എനിക്കെന്തിനാണ് സ്വര്‍ഗ്ഗം?

ഒരു ഹിന്ദു സ്വര്‍ഗ്ഗവും ക്രിസ്ത്യാനിസ്വര്‍ഗ്ഗവും മുസ്ലീം സ്വര്‍ഗ്ഗവും വെവ്വേറെയാണെങ്കില്‍ എന്നെ/ഇത്തരം വിശ്വിസകളെ  എവിടെപ്പെടുത്തും?  നരകവും അതുപോലെ വെവ്വേറെ ആയിരിക്കുമോ?

(കപട വിശ്വസികള്‍ എന്നും കപട മതേതരം എന്നും എന്തു വേണമെങ്കിലും വിളിക്കാം കേട്ടോ വായിക്കുന്നവരുടെ മനോധര്‍മ്മമനുസരിച്ച്..ഉപ്പോ മുളകോ എരുവോ കൂട്ടിയോ കുറച്ചോ..)


എല്ലാമതങ്ങളുടേയും നല്ല വശങ്ങളെ ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും ചെയ്യുന്നൊരാള്‍ക്ക് പരലോകത്തില്‍ ഏതു മതത്തിന്റെ സ്വര്‍ഗ്ഗവും നരകവുമായിരിക്കും കിട്ടുക?
മരിച്ചു കഴിഞ്ഞാല്‍ എല്ലാമതക്കാരും ഏതു തത്വചിന്തയില്‍ വിശ്വസിച്ചോ അവരെല്ലാവരും കൂടെ എന്നെ/ ഞങ്ങളെ/ നമ്മളെ ആര്‍ക്കു വിട്ടു കിട്ടണം എന്നതിനെ ചൊല്ലി ഉഗ്രന്‍ ശണ്ഠ നടക്കുന്നത് സ്വപ്‌നത്തില്‍ കാണാറുണ്ട്.
സത്യം പറഞ്ഞാല്‍ കേട്ടറിവു വെച്ച് നരകത്തേക്കാള്‍ എനിക്കുപേടി സ്വര്‍ഗ്ഗത്തെയാണ്..അവിടെ ചെന്നാലും നമ്മളിങ്ങനെ തന്നെയാണല്ലോ..അങ്ങോട് നോക്കി ഇങ്ങോട്  നോക്കി സ്വര്‍ഗ്ഗത്തിന്റെ സൗന്ദര്യമൊക്കെ കണ്ട് അന്തം വി്ട്ടു നില്ക്കുമ്പോള്‍ അങ്ങനെയൊന്നും നില്ക്കാന്‍ പാടില്ല എന്നു പറഞ്ഞുകൊണ്ട്് എത്രപേര്‍ വരുമെന്നോര്‍ത്ത് സ്വര്‍ഗ്ഗത്തെ എനിക്ക് പേടിയാണ്.  മറ്റത് തീയില്‍ കിടന്നാല്‍ സമാധാനമായിട്ട് അവിടെ കിടക്കാലോ..മാത്രമല്ല കേട്ടുകേള്‍വയനുസരിച്ച് കാര്‍ന്നോമ്മാരും ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ അല്ലറ ചില്ലറ കള്ളത്തരങ്ങളും തെറ്റുകുറ്റങ്ങളും ഇത്തിരി അനുസരണക്കേടും ഒക്കെ ഉണ്ടായിരുന്നവരാണ്്.  അവരും തീയിലും പാമ്പിലും പഴുതാരയിലുമൊക്കെയായിരിക്കും.  അതൊക്കെ മതി നമ്മള്‍ക്ക്.

ഇപ്പോള്‍ ഇങ്ങനെയൊക്കെയാണ് ചിന്ത...കുറെ കഴിയുമ്പോള്‍ പല്ലുകൊഴിഞ്ഞ തലനരച്ച് കവിളൊട്ടി നില്ക്കുമ്പോള്‍ ആര്‍ക്കറിയാം സര്‍വ്വപാപത്തിനും പ്രായാശ്ചിത്തം അപേക്ഷിച്ച് ഏതിലേക്കാണ് മാമോദീസാ മുങ്ങി സ്‌നാനപ്പെടുന്നത് എന്ന്.
അന്നുവരേക്കും ഇന്റര്‍നെറ്റും എഴുത്തുപകരണങ്ങളും എഴുതാന്‍ ആവതുമുണ്ടെങ്കില്‍ അക്കാര്യവുമറിയിച്ചേക്കാം.
ഇന്നാളൊരു ദിവസം അനിയത്തി ഞങ്ങളുടെ മുറുക്കുന്നത്തായെയും ഐഷാബീവി അമ്മച്ചിയേയും സ്വപ്‌നം കണ്ടെന്ന്്. ചില്ലറ തെറ്റുകുറ്റങ്ങളൊക്കെ ചെയ്തവരായതുകൊണ്ട് നരകത്തിലായിരുന്നു ഇത്രകാലവും എന്ന് പറഞ്ഞത്രേ!  ഇപ്പോള്‍ അവിടെ തന്നെ ഒരു മുറുക്കാന്‍ കടയൊക്കെയിട്ട് സുഖമായിട്ട് ജീവിക്കുകയാണെന്ന്..

പിന്നെ, FB, Internet സുഹൃത്തുക്കളോട് 

തല മറയ്ക്കാത്ത എന്നെ കണ്ടിട്ട് ആര്‍ക്കെങ്കിലും വിഷമമുണ്ടെങ്കില്‍ ഫ്രണ്ട് ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയേക്കുക. തലമറച്ച ഒരു ഫോട്ടോയും കൊടുക്കാതെയാണ് ഇന്നേവരെ ഞാന്‍ ഇവിടെ നിന്നത്. ഞാനാര്‍ക്കും അങ്ങോട്ടു കയറി ഫ്രണ്ട് റിക്വസ്റ്റ് തന്നതല്ല. ( വ്യക്തിപരമായി അറിയാവുന്ന വിരലിലെണ്ണാവുന്നവര്‍ക്ക് റിക്വസ്റ്റ് കൊടുത്തിട്ടുണ്ട്) തലമറയ്ക്കണോ വേണ്ടയോ എന്നത് എന്റെ സ്വകാര്യതയും ഇഷ്ടവും സ്വാതന്ത്ര്യവുമാണ്. എന്റെ തലമുടികള്‍ അലോസരപ്പെടുന്നു എന്നു തോന്നുവര്‍ കണ്ണടച്ചിരിക്കുക. ് ഇത്തരം കാര്യങ്ങള്‍ ടാഗുചെയ്യുകയോ share ചെയ്യുകയോ ചെയ്യുമ്പോള്‍ ദയവു ചെയ്ത് എന്നെ ഒഴിവാക്കുക.

Thursday, December 1, 2011

ആകാശത്തെ തേരോട്ടങ്ങള്‍



'രാത്രിയില്‍ നിങ്ങളും കുഞ്ഞുമോനും ഉറങ്ങിക്കഴിയുമ്പോള്‍ ആകാശം കാണാന്‍ മട്ടുപ്പാവിലിറങ്ങി നില്ക്കുന്ന എന്റെ മനസ്സ്, അതിന് അപ്പോള്‍ കിട്ടുന്ന ആനന്ദം നിങ്ങള്‍ക്കൂഹിക്കാന്‍ കഴിയുമോ? ആകാശത്തിലെ വേട്ടക്കാരനും മകരമത്സ്യവും നിലാവില്‍ അനങ്ങുന്ന ഓലത്തുമ്പിന്റെ മൗനസംഗീതവും ചിലപ്പോഴൊക്കെ രാവിന്റെ കരിംസൗന്ദര്യവും എന്റെ സ്വകാര്യതയില്‍ സലോമിയെ ഉണര്‍ത്തുന്നു.  കയ്യില്‍ വെള്ളിത്താമ്പാളവുമായി മിഴി ചിതറി, കണ്ണുജ്വലിച്ച്, നാവുനുണഞ്ഞ് , സലോമിയുടെ നൃത്തം.  എന്റെയാ കൊച്ചു സ്വകാര്യതയ്ക്ക് നിങ്ങള്‍ ഇത്രയേറെ വില കല്പിച്ചിരുന്നുവോ?'  

(ചന്ദ്രമതിയുടെ ജനകീയ കോടതി )


 ഈ  കഥയിലെ മൈക്കിള്‍ ജോസഫ്, ഭാര്യ മേബിളിനെ ജനകീയ കോടതിക്കു മുമ്പില്‍ നിര്‍ത്തുമ്പോള്‍ ഭാര്യ എന്ന നിലയിലുളള കുറവുകള്‍ പറയുന്ന കൂട്ടത്തില്‍ പറയുന്നതാണ് ' രാത്രിയില്‍ നിര്‍വേദഭാവേന അവളെന്നെ അവഗണിക്കുന്നു'  എന്ന്.  അതിനുള്ള മറുപടിയാണ് മുകളില്‍ കൊടുത്ത മേബിളിന്റെ വാക്കുകള്‍.

രാത്രിയില്‍ മട്ടുപ്പാവില്‍ നിന്നു കാണുന്ന ഒരു തുണ്ട് ആകാശം പോലും സ്ത്രീയക്ക് അന്യമാണെന്ന്, അതുപോലും ആസ്വദിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞുവെയ്ക്കുന്നു.

ശരിയാണ്, ആകാശത്തെ മകരമത്സ്യമോ വേട്ടക്കാരോ മിന്നാമുനുങ്ങുകളോ രാത്രിയുടെ കരിം സൗന്ദര്യമോ സ്ത്രീക്ക് അന്യമാണ്.  ആണുങ്ങളുള്ളപ്പോള്‍ വീടിന്റെ പൂമുഖം അന്യമാകും പോലെ..അവള്‍  കരിപിടിച്ച ചിമ്മിനി ചുമരില്‍ രാത്രിയുടെ സൗന്ദര്യം കാണണം.  അവിടെ നക്ഷത്രങ്ങളെയും മിന്നാമിനുങ്ങുകളെയും കാണണം.  
രാത്രിയുടെ സൗന്ദര്യം സ്ത്രീക്ക് അന്യമാണോ എന്ന ചോദ്യത്തിനു മുന്നിലാണ് ഞാനിക്കാര്യത്തെക്കുറിച്ച് ആലോചിച്ചു പോകുന്നത്.  കുട്ടിക്കാലത്തോ കുറച്ചു മുതിര്‍ന്നപ്പോഴോ രാത്രിയെനിക്ക് അന്യമായിരുന്നില്ല.  നിലാവില്‍ ആറ്റുവക്കത്തെ പാറയില്‍ കിടന്ന് ആകാശം കണ്ടിരുന്നു.  അപ്പോഴെന്റെ മനസ്സ്  തൊട്ടുചേര്‍ന്നൊഴുകുന്ന പുഴയിലോ, ഭൂമിയിലോ ആയിരുന്നില്ല.  ആകാശത്തെ തൊട്ടു തൊട്ടില്ല എന്ന മട്ടിലായിരുന്നു.  
കുഞ്ഞാങ്ങളമാര്‍ക്കൊപ്പം ചൂട്ടും കത്തിച്ച് മീന്‍പിടിക്കാന്‍ പോവുകയും മിന്നാമിനുങ്ങുകളെപ്പിടിച്ച് അത് പകലും മിനുങ്ങുമോ എന്നറിയാന്‍ പെട്ടിയിലടച്ചുവെയ്ക്കുകയും ചെയ്തു. 
മൂന്നാറിലേക്ക്് സബ് ജില്ലാ യൂത്ത് ഫെസ്റ്റിവലിന് പോകാന്‍ സ്‌കൂളില്‍ തങ്ങിയ രാത്രി സ്‌കൂള്‍ പറമ്പിലൂടെ ചുമ്മാ നടന്നതും കന്യാസ്ത്രീകള്‍ നട്ടുപിടിപ്പിച്ച റോസാപ്പൂക്കള്‍ കട്ടു പറച്ച് കന്യാമറിയത്തിന് സമര്‍പ്പിച്ചതിനും നിലാവുമാത്രം സാക്ഷി.   
അതുകൊണ്ടൊക്കെയാവാണം മറ്റു പെണ്‍കുട്ടികള്‍ക്ക് രാത്രി എങ്ങനെയെന്നൊന്നും ചിന്തിക്കാന്‍ മിനക്കെടാഞ്ഞത്.  

പുറംലോകം പകലുപോലും സ്ത്രീക്ക് നിഷിദ്ധമാണെന്ന് ഇന്ന് തിരിച്ചറിയുന്നു.  അപ്പോള്‍ രാത്രി എന്നാഗ്രഹിക്കുന്നതു തന്നെ നടക്കാത്ത സ്വപ്‌നമാണ്.  പുറം ലോകത്തിന്റെ , രാത്രിയുടെ സൗന്ദര്യത്തേക്കാളുപരി ഭയപ്പെടുത്തുന്ന വാക്കുകളാണ് അവള്‍ കേട്ടു വളരുന്നത്.  സൗന്ദര്യം ആസ്വദിക്കാനിറങ്ങിയാല്‍ തിരിച്ചു വരേണ്ടി വരില്ലെന്നും നല്ലപിള്ള അടങ്ങിയൊതുങ്ങിയിരിക്കുന്നതാണ് നല്ലതെന്നും.  

കൗമാരത്തില്‍ എനിക്കൊരു പ്രണയമുണ്ടായിരുന്നു.  
അവന്റെ വീട് ഒരു മലയ്ക്കുമുകളിലാണെന്നറിഞ്ഞ നിമിഷം മുതല്‍ എന്റെ ജനലുകള്‍ തുറന്നു കിടന്നു.  രാത്രി അവിടെ വിളക്കുകത്തുന്നത് കണ്ടു. 



പിന്നീടെന്നും എന്റെ ജനലുകള്‍ തുറന്നു കിടന്നു.  രാത്രിയില്‍ ജനലഴികളില്‍പിടിച്ച് ഞാന്‍ അങ്ങോട്ടേക്കു നോക്കി നിന്നു.  ഒരു കീറാകാശത്തിന്റെ ദൂരം ഞങ്ങള്‍ക്കിടയിലുണ്ടായിരുന്നു.  ആ ദൂരത്തെ ഞാനെപ്പോഴും അളന്നളന്ന് നോക്കാന്‍ ശ്രമിച്ചിരുന്നു.  എന്നിലെ യുക്തിബോധത്തിനപ്പുറമായിരുന്നു ആ പ്രണയമെങ്കിലും ...ഇരുട്ടില്‍ ഒരു കൂമനോ, നത്തോ ആവാന്‍ ഞാന്‍ കൊതിച്ചു.  ഓരോ മരച്ചില്ലയില്‍ നിന്ന് മറ്റൊന്നിലേക്ക് അവിടെനിന്ന് പറന്ന് പറന്ന്...
അവിടെ മലയുടെ തുഞ്ചത്തെ വീട്ടില്‍ നിന്ന് അവന്‍ എന്നെ കാണുന്നുണ്ടാവുമോ എന്നെല്ലാം ആലോചിച്ച് ജനാലയ്ക്കല്‍ എത്ര നേരമാണ് നിന്നതെന്ന് ഓര്‍മയില്ല.  
നിനക്കെന്നാ വട്ടാണോ വീട്ടിലുള്ളവര്‍ ചോദിച്ചു.

ഒരു ജനലില്‍ നിന്നുള്ള കാഴ്ചകള്‍ പോലും സ്ത്രീക്ക് അന്യമാണെന്ന് തിരിച്ചറിയുന്നു.  

കോഴിക്കോട് കുറ്റിച്ചിറയിലും കല്ലായിയിലുമുള്ള ചില പെണ്‍സുഹൃത്തുക്കള്‍ രാത്രി പത്തുമണിക്കുശേഷം ബീച്ചില്‍പോയിരുന്ന് കാറ്റുകൊള്ളുകയും ആകാശം കാണുകയും ചെയ്യുന്നതിനെക്കുറിച്ച് പറഞ്ഞ് കേട്ടിട്ടുണ്ട്.  ഇത് അപൂര്‍വ്വം സ്ത്രീകള്‍ക്കുമാത്രം കിട്ടുന്നതാണെന്നറിയാം.  
കുട്ടിക്കാലത്ത് നല്ലൊരു ആകാശനോക്കിയായിരുന്നിട്ടും എനിക്കവരുടെ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ അസൂയ തോന്നി.  
രാത്രിയില്‍ പ്രേതത്തെയും പിശാചിനെയും കണ്ടത് അധികവും ആണുങ്ങളായിരുന്നു.  അവരെ അപായപ്പെടുത്താന്‍ വന്ന യക്ഷി മുന്നിലും പിന്നിലുമായി നടന്നു.  അവള്‍ കരിമ്പനയുടെ അടുത്തെത്തി മറഞ്ഞു പോയി.  അല്ലെങ്കില്‍ പുഴയോരത്തെത്തിയപ്പോള്‍ ആഴത്തിലേക്ക് മുങ്ങിത്താണു പോയി.  കല്ലുവെച്ച നുണകളോ മിത്തോ സത്യമോ?  
കേള്‍ക്കുമ്പോള്‍ സത്യമെന്നപോലെ നമ്മളും ഇരുട്ടത്ത് ചൂട്ടുവെട്ടത്തില്‍ വയല്‍വക്കത്തുകൂടിയും ഇടവഴിയിലൂടെയും നടക്കുകയാണ്.  മനസ്സിന്റെ സഞ്ചാരം.  
പണ്ടൊക്കെ മുറ്റത്തേക്കിറങ്ങിയാല്‍ പെണ്ണുങ്ങള്‍ കൈയ്യില്‍ ഇരുമ്പു കരുതണം.  ഭൂതപ്രേതാദികളില്‍ നിന്ന്, രക്തദാഹിയായ യക്ഷികളില്‍ നിന്ന് രക്ഷനേടാന്‍...
ആ ചുടലയക്ഷികള്‍ എങ്ങോ പോയിയൊളിച്ചു. പെണ്ണിനു ഭയം ആണിനെ മാത്രമാണ്.
വിലക്കുകള്‍, ഭയപ്പെടുത്തല്‍ അവള്‍ക്കെന്നും.  എവിടെയും ലക്ഷ്മണരേഖകള്‍.  സീതാദേവി പോലും ലക്ഷ്മണരേഖ മുറിച്ചു കടന്നു പോയതാണല്ലോ സര്‍വ്വ കുഴപ്പങ്ങള്‍ക്കും കാരണമായത്.- അതുകൊണ്ടവര്‍ക്ക് പുഷ്പകവിമാനത്തില്‍ കയറി യാത്രചെയ്യാന്‍ പറ്റി. കടലു കാണാന്‍ പററി. ലങ്ക കാണാന്‍ പറ്റി എന്നിങ്ങനെയും പറയാം.   

അമ്പലപറമ്പില്‍ ഉത്സവത്തിനുപോയതും വഹഌ കേള്‍ക്കാന്‍ പള്ളിയില്‍പോയതുമാവണം ചില ഭക്തകള്‍ക്കുകിട്ടിയ രാത്രിയുടെ ബഹളത്തില്‍ മുങ്ങിയ ഉപഹാരം.  
നിശബ്ദതയില്‍ ഒരു നടത്തം. നത്തിന്റെ മൂളല്‍, പുഴയൊഴുകുന്നതിന്റെ സംഗീതം, യക്ഷിപ്രേതാദികളുടെ പാദസരകിലുക്കങ്ങള്‍, ആകാശത്തെ തേരോട്ടം എല്ലാം നഷ്ടം നഷ്ടം.



Monday, November 21, 2011

ന്യൂഏജ് ഐക്കണ്‍ ഡി യൂത്ത്




രണ്ടുമൂന്നുമാസം മുമ്പാണ്. ന്യൂഏജ് പത്രത്തില്‍ നിന്നൊരു വിളി.  കേരളീയ യുവത്വത്തിന്റെ മികവും മിഴിവും തേടി അവര്‍ വായനക്കാര്‍ക്കിടയില്‍ നടത്തിയ തെരഞ്ഞെടുപ്പില്‍ ആദ്യത്തെ നൂറുപേരിലൊരാളായി ഇവളെ തെരഞ്ഞെടുത്തിരിക്കുന്നത്രേ! ജോലിത്തിരക്കിനിടയിലായിരുന്നതുകൊണ്ട് എന്താ പറഞ്ഞത് എന്ന് വ്യക്തമായില്ല.  തിരക്കൊഴിഞ്ഞപ്പോള്‍ വിളിച്ചപ്പോഴാണ് മനസ്സിലാവുന്നത്.  ഇന്നവേറ്റീവ്, ഇനീഷ്യേറ്റീവ്,  ലീഡര്‍ഷിപ്പ് എന്നീ ത്രയമാനദണ്ഡങ്ങലില്‍ കേന്ദ്രീകരിച്ചാണ് യുവപ്രതിഭകളെ കണ്ടെത്തിയത് എന്ന് ന്യൂഏജിലെ അഭിലാഷ് പറഞ്ഞപ്പോള്‍ സത്യത്തില്‍ ഞെട്ടി.  എന്ത് ലീഡര്‍ഷിപ്പ്, എന്ത് ഇനിഷ്യേറ്റീവ്,എന്ത് ഇന്നവേറ്റീവാണ് ഈ വായനക്കാര്‍ എന്നില്‍ കണ്ടത്?  ആളുമാറിയോ?  സംശയമായിരുന്നു. 

എന്തായാലും സംശയം മാറാന്‍ www.newageicon.com എന്ന സൈറ്റ് SMS ചെയതുതന്നു.  എന്റെ ഒരു പ്രൊഫൈല്‍ വേണം. അതിനാണ് വിളിച്ചത്.  PSC പരീക്ഷയ്ക്ക് അപേക്ഷ പൂരിപ്പിക്കുകയല്ലല്ലോ വേണ്ട യോഗ്യതകള്‍ തെ
ളിയിക്കാന്‍..അവനവനെക്കുറിച്ച് എന്തു പറയാനാണ്?
ആരാണ് എന്ന ചോദ്യത്തിന് ബാങ്ക് ക്ലര്‍ക്ക് എന്നാണ് പലപ്പോഴും ഉത്തരം ( ഒരു തൊഴിലാളിയായ സ്ത്രീ!-വീട്ടില്‍ ചുമ്മാ ഇരിക്കുവാന്ന് തോന്നേണ്ട )

അഭിലാഷിനോട് തുറന്നു പറയുകയും ചെയ്തു ഒരു പ്രൊഫൈല്‍ ഉണ്ടാക്കുക പ്രയാസമാണെന്ന്.  
എത്രയോ ബാങ്ക് ക്ലാര്‍ക്കിനിടയില്‍ ICON D' YOUTH ല്‍    Star 100 ആവണമെങ്കില്‍ അതു ഗുമസ്തപ്പണിയുടെ സംഭാവനയല്ല. അതുകൊണ്ട് ഇങ്ങനെ എഴുതി. 

Blogger.  Sarpagandhi.blogspot.com
editer of www.nattupacha.com online magazine

 Doing "Pinmozhi"  column in Mathrubhumi online .
Wrote in various malayalam weeklies & newspapers

 അവരത് തിരുത്തലോടെ കൊടുത്തു. 

അടുത്ത അത്ഭുതം അറിഞ്ഞു Super 50 യിലുണ്ടത്രേ!
അപ്പോഴത് വോട്ടിനിട്ടിരിക്കുന്നു.  49 പേരും ഐക്കണ്‍ ആണെന്നതില്‍ സംശയമില്ല.  മാത്രമല്ല ഭൂരിപക്ഷം പേരും ബിസിനസ്സ് മേഖലയിലുള്ളവര്‍.  സ്വാഭാവികമായും തോന്നാവുന്നൊരു കാര്യമുണ്ട്.  ന്യൂഏജ് ഒരു ബിസിനസ്സ് പത്രമാണെങ്കില്‍ അവിടെ വരുന്നവരും അവര്‍ തന്നെ..അങ്ങനെ വിട്ടു കളഞ്ഞതാണ്.  അപ്പോഴാണറിയുന്നത് CLUB 25. ഇതെന്തൊരു മറിമായം.  അഭിലാഷ് ഇടയ്ക്കു വിളിക്കുന്നുവെന്നല്ലാതെ ഒന്നോ രണ്ടോ സുഹൃത്തുക്കള്‍ ഇങ്ങനൊരു സംഭവം നടക്കുന്നതറിഞ്ഞിട്ടുണ്ട്.  ആരോടും പറയാന്‍ തോന്നിയില്ല.  ഓണ്‍ലൈനില്‍ അടുപ്പമുള്ള രണ്ടുമൂന്നുപേര്‍ക്ക്  ലിങ്ക് അയച്ചുകൊടുത്തു.  സുഹൃത്ത് എന്നു പറയുന്നതില്‍ അര്‍ത്ഥമില്ലല്ലോ എന്നോര്‍ത്ത്.  

അവിടെ സംഭവിച്ചതെന്തെന്ന് ഇന്നുമെനിക്കറിയില്ല. DIOMOND 10 ല്‍ എത്തിയിരിക്കുന്നു.  അപ്പോള്‍ ന്യൂഏജിലെ സെബിന്‍ വിളിച്ച് അണ്ണാഹസാരെയക്കുറിച്ചോ സോഷ്യല്‍ നെറ്റ് വര്‍ക്കിനെക്കുറിച്ചോ ഓണ്‍ലൈന്‍ വിപ്ലവങ്ങളെക്കുറിച്ചോ ഏതാണ്ടൊക്കെ ചോദിച്ചു.  അതിനൊക്കെ മറുപടിയും പറഞ്ഞു.  
ഒരാഴ്ചകഴിഞ്ഞ് മാതൃഭൂമി പത്രത്തിലെ കേട്ടതും കേള്‍്‌ക്കേണ്ടതും എന്ന കോളത്തില്‍ മൈന ഉമൈബാന്‍ പറഞ്ഞതായിട്ട് ഒരു വരി വന്നു. തിരുവനന്തപുരം മുതലുള്ള സുഹൃത്തുക്കള്‍, വീട്ടുകാര്‍ വിളിച്ചു ചോദിക്കുമ്പോഴാണ് സംഭവം ഞാനറിയുന്നത്. ഇതെവിടെ പറഞ്ഞതാ എന്ന ചോദ്യത്തിന് കുറേ ആലോചിക്കേണ്ടി വന്നു ഉത്തരം പറയാന്‍.  ന്യൂഏജില്‍ അത് ലേഖനമായോണോ ഇന്‍രര്‍വ്യൂ ആയാണോ വന്നത് എന്ന് ഇന്നും എനിക്കറിയില്ല.  അതെന്തായാലും മാതൃഭൂമിക്കു കിട്ടിയിരിക്കുന്നു എന്നും അവരതിലെ ഒരു വാചകം എടുത്തുകൊടുത്തു എന്നും മനസ്സിലായി.  

അവസാനത്തെ പത്തുപേരില്‍ എന്റെ പ്രൊഫൈല്‍ വളരെ വീക്കാണ്..വിശദമായി എഴുതിത്തരൂ എന്ന് പറഞ്ഞപ്പോഴും ഞാന്‍ വീക്കായി.  എന്തെഴുതാന്‍ ?
പഠിച്ച സ്‌കൂളുകളുടെ പേരോ? പാരലല്‍ കോളേജടക്കമുള്ള കോളേജുകളുടെ പേരോ?  ഏതിനൊക്കെ തേഡ്ക്ലാസ്സുമുതല്‍ റാങ്കുവരെ കിട്ടിയെന്നോ?  ഏതൊക്കെ സ്ഥാപനങ്ങളില്‍ അംഗമാണെന്നോ?  ഇപ്പോള്‍ എന്തൊക്കെ ചെയ്തുകൊണ്ടിരിക്കുന്നുവെന്നോ?  
മാത്രമല്ല വി റ്റി ബല്‍റാം ഒഴികെ ബാക്കിയെല്ലാവരും കമ്പനി ഉടമകള്‍..അവര്‍ക്കിടയില്‍ ------?  
എന്റെ ആശങ്ക ഒരു സുഹൃത്തിനോട് പങ്കുവെച്ചപ്പോള്‍ മൈന ആരെന്നയുന്നവര്‍ക്ക് പേരുമാത്രം മതി.  ആരും പ്രൊഫൈലു വായിച്ചിട്ടല്ല.  

എന്തായാലും ഇതൊരു മത്സരമായിരുന്നെന്നു വിചാരിക്കുന്നില്ല. സൗഹൃദമത്സരവുമായിരുന്നില്ല.  അവസാനം ആദ്യത്തെ പത്തുപേരില്‍ ഏഴാമത്തെ ആളായിരുന്നു ഇവള്‍.  
പ്രൗഢഗംഭീരമായ ചടങ്ങില്‍ വെച്ച് ഐക്കണ്‍ ഡി യൂത്ത് 2011 നെ പ്രഖ്യാപിക്കുകയും മറ്റുള്ളവരെ ആദരിക്കുകയും ചെയ്തു.  


ഐക്കണ്‍ ഡി യൂത്തായി തെരഞ്ഞെടുക്കപ്പെട്ടത് സോഹന്‍ റോയ് ആയിരുന്നു.  Aries Group, CEO ആയ സോഹന്‍ റോയ് ബഹുമുപ്രതിഭയാണ്. തൊഴിലുകൊണ്ട് നേവല്‍ ആര്‍ക്കിടെക്ട്. എന്നാല്‍ നവംബര്‍ 25 ന് പ്രദര്‍ശനത്തിനൊരുങ്ങുന്ന വാര്‍ണര്‍ ബ്രദേഴ്‌സിന്റെ DAM 999 എന്ന ഹോളിവുഡ് ചിത്രത്തിന്റെ സംവിധായകനാണ് അദ്ദേഹം. റിലീസിനു മുമ്പുതന്നെ ഓസ്‌ക്കാര്‍ ലൈബ്രറിയില്‍ സ്ഥാനം കണ്ടെത്തിക്കഴിഞ്ഞ തിരക്കഥ. മുല്ലപ്പെരിയാര്‍ അണക്കെട്ടിനെക്കുറിച്ച താന്‍ കണ്ട ദുസ്വപ്‌നമാണ് ഈ സിനിമയിലെത്തിച്ചത് എന്നദ്ദേഹം ഇവിടെ പറയുന്നു.   

എനിക്ക് ബോധ്യമായ ഒരു ദുരന്തം ചൂണ്ടിക്കാണിക്കുന്നു; അതില്‍ ദേശവും കാലവും മനുഷ്യരും പ്രകൃതിയും പ്രണയവും കലയും എല്ലാം ഒന്നുചേര്‍ന്നു' ഈ സിനിമകണ്ട് ലോകത്തിന് മനസ്സിലായിട്ടും നമ്മുടെ ഏമാന്മാര്‍്ക്ക ബോധ്യം വന്നില്ലെങ്കില്‍?  -സോഹന്‍ പറയുന്നു.

സോഹന്‍ റോയിക്ക് എല്ലാ ആശംസകളും നേരുന്നു.  അഭിനന്ദനങ്ങള്‍

ഇനി, ഈ പ്രതിഭകളുടെ കൂട്ടത്തില്‍ ഇവള്‍ എങ്ങനെ എത്തി എന്ന ചോദ്യത്തിനുത്തരം ബ്ലോഗര്‍മാര്‍, ഓണ്‍ലൈന്‍ സുഹൃത്തുക്കള്‍, പ്രിയപ്പെട്ട വായനക്കാര്‍, എപ്പോഴും ഒപ്പം നിന്നവര്‍ ....എങ്ങനെയാണ് നന്ദി പറയുക?  ആരോടൊക്കെയാണ് പറയുക? ആരാണെന്നെ ഇവിടെവരെ എത്തിച്ചതെന്ന് എങ്ങനെ അറിയാന്‍ കഴിയും?  
അറിയില്ല.
നന്ദി. ഒരായിരം നന്ദി.


Friday, November 11, 2011

പാമ്പിന്റെ വായ്‌നാറ്റം


സന്ധ്യാസമയത്ത് കപ്പ പുഴുങ്ങുന്ന മണം വരുമ്പോള്‍ പാമ്പു വായ തുറക്കുന്നതാണെന്ന് കേട്ടിട്ടുണ്ട്. നേരാണോ?


വഹീദ എന്ന സുഹൃത്ത് കഴിഞ്ഞ ദിവസം Facebook Wall  ചോദിച്ച സംശയം ഇതായിരുന്നു


ഇതു ഞാനും കേട്ടിട്ടുണ്ട്.  പലപ്പോഴും ഈ മണം അനുഭവിച്ചിട്ടുമുണ്ട്.  അപ്പോഴൊക്കെ നേരായിരിക്കുമോ പാമ്പു വാപൊളിച്ചതാവുമോ എന്നൊക്കെ സംശയിച്ചിട്ടുമുണ്ട്.  ഇത്തിരിപ്പോന്ന ചാഴിയുടെ ഗന്ധം എത്ര ദൂരനിന്നെ നമുക്കറിയാന്‍ കഴിയുന്നു.  നച്ചെലി കുറച്ചു ദൂരെ കൂടി പോയാലും ഇതേ അനുഭവമാണ്.  അതുകൊണ്ടൊക്കെ ചിലപ്പോള്‍ സത്യമാവാം എന്നു വിചാരിച്ചു.

കുറേ മുതിര്‍ന്നശേഷം തന്നെ ഒരു സന്ധ്യക്ക് വീട്ടിലേക്കുള്ള ഇടവഴിയുലൂടെ നടക്കുമ്പോള്‍ കപ്പ പുഴുങ്ങിയ മണം അനുഭവപ്പെടുകയും പിറ്റേന്നു കാലത്ത് അതേ സ്ഥലത്തുവെച്ച് ഒരു പാമ്പിനെ കാണുകയും ചെയതത് ഈ വിശ്വാസത്തെ ബലപ്പെടുത്തുകയും ചെയതിട്ടുണ്ട്.

എന്നാല്‍, ഈ അടുത്തകാലത്ത് യുറീക്കയില്‍ (ശാസ്ത്ര സാഹിത്യദൈ്വവാരിക) മൂര്‍ഖന്‍ പാമ്പിന്റെ വായ്‌നാറ്റം മാറി! എന്ന പേരില്‍ ഒരു ലേഖനം വായിച്ചു.  അരീക്കോടുകാരനായ് സി സുബ്രമണ്യന്റേതായിരുന്നു ആ ലേഖനം.  അതില്‍ അദ്ദേഹത്തിനോട് ഒരു അപ്പൂപ്പന്‍ പറയുന്നതിങ്ങനെ
' അത് സര്‍പ്പത്തിന്റെ മാളത്തില്‍ നിന്നാ സാറേ.  പാമ്പിന്റെ മലത്തിന്റെ നാറ്റമാണത്.'
' ഈ മണമുള്ള ഒരിടത്തുനിന്ന് മാളം കിളച്ച് ഒരു മൂര്‍ഖനെ പിടിച്ചിട്ടുണ്ടെന്നേയ്'

മനസ്സ് അസ്വസ്ഥമായ അദ്ദേഹം ഉടനെ പ്രൊഫ. ബാലകൃഷ്ണന്‍ ചെറൂപ്പയെ വിളിച്ച് ഇക്കാര്യം പറയുന്നു.
'  പാമ്പിന്റെ വായയ്ക്ക് എന്തായാലും ഈ ഗന്ധം വരാന്‍ സാധ്യതയില്ല.  കാരണം പാമ്പ് ഇരയെ ചവച്ചരയ്ക്കുന്നില്ലല്ലോ?' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.  പക്ഷേ, മൂര്‍ഖന്‍ പാമ്പിന്റെ വായ്‌നാറ്റം എന്തുകൊണ്ടെന്ന് അദ്ദേഹത്തിനും പറയാനായില്ല.

സി സുബ്രമണ്യന്‍ മാഷുടെ വീടിനടുത്തു നിന്ന് ഒരു സന്ധ്യക്ക് വീണ്ടും ഈ ഗന്ധം...അദ്ദേഹം ടോര്‍ച്ചുമെടുത്ത് അന്വേഷണം തുടങ്ങി.  ഒരുപാടുനേരം തിരഞ്ഞിട്ടും പാമ്പിന്റെ മാളമൊന്നും കാണാഞ്ഞ് തിരച്ചില്‍ നിര്‍ത്തി മടങ്ങുമ്പോഴാണ് ടെറിയൊരു കമ്പില്‍ പറ്റിപ്പിടിച്ചു വളരുന്ന വള്ളിയുടെ കൊച്ച് പൂങ്കുലകളിലേക്ക് ശ്രദ്ധ പതിഞ്ഞത്.  അടുത്ത് ചെന്ന് മണത്തു നോക്കി.  അത്ഭുതം.  പത്തുനാല്പതു വര്‍ഷമായി ഭയപ്പെടുത്തുകയും അലട്ടുകയും ചെയ്ത ചോദ്യത്തിന്റെ ഉത്തരമായിരുന്നു അതെന്ന് അദ്ദേഹമെഴുതുന്നു.
വള്ളിയേതെന്ന് പിറ്റേന്നു തന്നെ തിരിച്ചറിയുന്നു.



പാടവള്ളിയാണത്.  ചെറുപൂക്കളില്‍ പരാഗണവുമായി ബന്ധപ്പെട്ട് ഈ ഗന്ധത്തിന് പങ്കുണ്ടാവണം.  അറിയുന്നവര്‍ പങ്കുവെയ്ക്കുമല്ലോ..

പാടവള്ളി താളിയായി ഉപയോഗിക്കാറുണ്ട്.  പാടത്താളിക്കിഴങ്ങ് വിഷത്തിനും ചര്‍മരോഗങ്ങള്‍ക്കും രക്തശുദ്ധിക്കും ഉപയോഗിച്ചു വരുന്നു.

 Botanical Name—  Cyclea peltata
. Family- MENISPERMACEAE.

വേരില്‍ ടെട്രാന്‍ഡ്രിനോട് സാദൃശ്യമുള്ള രണ്ട് ആല്‍ക്കലോയിഡുകളും ബര്‍മന്നലൈന്‍ എന്ന ആല്‍ക്കലോയിഡും അടങ്ങിയിരിക്കുന്നു.  വേരിന്മേല്‍ തൊലിയില്‍ നിന്നും ഹയാറ്റിന്‍, സിസാമിന്‍, പരീരിന്‍ എന്ന ആല്‍ക്കലോയിഡുകള്‍ വേര്‍തിരിച്ചിട്ടുണ്ട്.


ഏതായാലും പാമ്പിന്റെ വായ്‌നാറ്റം മാറിയെന്നു വിശ്വസിക്കാം.
സി. സുബ്രമണ്യന് നന്ദി പറയാം.  അന്വേഷണ ബുദ്ധിയെ അഭിനന്ദിക്കാം.  കാരണം വലിയൊരു അബദ്ധ ധാരണയാണല്ലോ ഇല്ലാതാക്കിയത്.

*                        *                               *


 ഇതുവായിച്ച കോഴിക്കോട് ആര്‍. കെ മിഷന്‍ സ്‌കൂളിലെ അധ്യാപകനായ  ഉണ്ണികൃഷ്ണന്‍ മാഷ് ഒരു കാര്യം ശ്രദ്ധയില്‍ പെടുത്തിയതു കൂടി പങ്കുവെയ്ക്കുന്നു.  അദ്ദേഹം എട്ടുകൊല്ലത്തോളം പാമ്പുകളെ വളര്‍ത്തിയിട്ടുള്ളതും പാമ്പുകളെപ്പറ്റി ആധികാരികമായി പറയാന്‍ കഴിയുന്ന ആളുമാണ്.   പാമ്പുകളുടെ വായ് തുറന്നു മണത്താലും പ്രത്യേകിച്ച് മണമൊന്നുമില്ലെന്നാണ്്്് അദ്ദേഹം പറയുന്നത്്.  എന്നാല്‍, അവയുടെ വിസര്‍ജ്ജ്യത്തിന് ശീമക്കൊന്നയുടെ വാടിയ ഇലയുടെ മണമുണ്ടെന്നാണ്.  ഏതാണ്ട് കപ്പപുഴുങ്ങിയ മണത്തോട് സമാനമായതു തന്നെ.  ആ മണം ഏതാണ്ട് പത്തുമീറ്റര്‍ അകലെ നിന്നു തന്നെ തിരിച്ചറിയാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.  എങ്കിലും സന്ധ്യാസമയത്തു മാത്രമായിട്ടുള്ള മണമാണെങ്കില്‍ ഏതെങ്കിലും പൂവിന്റേതാവാനാണ് സാധ്യത എന്നും പറഞ്ഞു.  മിക്ക പൂമൊട്ടുകളും വിടരുന്നത് സന്ധ്യക്കാണല്ലോ...
പറഞ്ഞു വന്നത് കപ്പ പുഴങ്ങിയ മണമോ പപ്പടം ചുട്ടമണമോ ശീമക്കൊന്നയുടെ ഇലയുടെ മണമോ ഒക്കെ പാടവള്ളിയുടെ ഗന്ധം മാത്രമാവണമില്ല.  പാമ്പിന്റെ സാന്നിദ്ധ്യവുമാവാം.  തെറ്റിദ്ധാരണ മാറിക്കിട്ടി എന്നാശ്വസിക്കാമോ എന്തോ?





Wednesday, November 9, 2011

'മഞ്ഞവെയില്‍ മരണങ്ങളി'ലൂടെ

ഒറ്റയിരുപ്പിന് വായിച്ചു തീര്‍ത്ത പുസ്തകമേതെന്ന് ചോദിച്ചാല്‍ ഒറ്റ മറുപടിയേയുണ്ടാവൂ ബെന്യാമിന്റെ ' മഞ്ഞവെയില്‍ മരണങ്ങള്‍'. 

നൂറുകൂട്ടം കാര്യങ്ങള്‍ക്കിടയില്‍ ഒറ്റയിരുപ്പെന്നു പറഞ്ഞാല്‍ ശരിയാവില്ല. പക്ഷേ, നേരം വെളുത്ത് ജോലിക്കുപോണോല്ലോ എന്ന സങ്കടത്തോടെയാണ് രാത്രി ഒരുമണിയോടെ പുസ്തകമടച്ചുവെച്ചത്. നേരം വെളുത്താല്‍ ബാക്കികൂടി തീര്‍ക്കണമെന്നൊക്കെയായിരുന്നു അപ്പോള്‍ ചിന്തിച്ചത്. പക്ഷേ, വീട്ടുജോലി്ക്കിടെ പറ്റിയില്ല. എന്നാലോ ഓഫീസിലേക്ക് പോകാന്‍ ബസ്സില്‍ കയറി ഒരു സീറ്റുകിട്ടിയപ്പോഴെ ചെയ്ത പരിപാടി മൊബൈലില്‍ Google ല്‍ Diego Garcia കണ്ടുപിടിക്കുകയായിരുന്നു. പക്ഷേ, അന്ത്രപ്പേറിനെ അവിടെ കണ്ടെത്താനായില്ല. 

 പുസ്തകം വായിച്ചു തീര്‍ന്നിട്ടും ഇതൊക്കെ തന്നെയാണ് ചെയ്തത്. അന്ത്രപ്പേര്‍ എന്ന് മലയാളത്തില്‍ Search ചെയ്തപ്പോള്‍ ആലപ്പുഴയിലെ ഏതൊക്കെയോ അന്ത്രപ്പേര്‍ ചരമവാര്‍ത്തകളിലേക്കാണ് പോയത്. 

ആടുജീവിതവും ഈ നോവലും തമ്മില്‍ ഒരു സാമ്യവുമില്ല എന്നു തന്നെ പറയേണ്ടി വരും. എന്നാലോ ഓരോ പേജും നമ്മളെ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തും. ഇടയ്‌ക്കെവിടെനിന്നൊക്കെയോ ടി ഡി രാമകൃഷ്ണന്റെ ' ഫ്രാന്‍സിസ് ഇട്ടിക്കോര'യുടെ മണം വരും. അതുപക്ഷേ, അടുത്തു കാറ്റിന് പോവുകയും ചെയ്യും.

 എഴുത്തുകാരനായ ബെന്യമിന്‍ തന്നെയാണ് ഇതിലെ ഒരു പ്രധാന കഥാപാത്രം. നോവലിനുള്ളിലെ മറ്റൊരു നോവല്‍. നോവലിസ്റ്റ് ആകാന്‍ മോഹിച്ച ഡീഗോ ദ്വീപു നിവാസിയായ അന്ത്രപ്പേര്‍ തന്റെ നോവല്‍ അല്ലെങ്കില്‍ ആത്മകഥയുടെ ഒരുഭാഗം ബെന്യാമിന് അയച്ചുകൊടുക്കുന്നു. തുടര്‍ന്നുള്ള ഭാഗങ്ങള്‍ക്കു വേണ്ടി് ബെന്യമിനും സംഘവും നടത്തുന്ന അന്വേഷണം ഒരു ഭാഗത്ത്..സെന്തിലിന്റെ കൊലപാതകം അന്വേഷിച്ചു നടക്കുന്ന അന്ത്രപ്പേര്‍ മറ്റൊരിടത്ത്. ഒരിക്കല്‍ കിട്ടിയപോലാവില്ല മറ്റൊരിക്കല്‍ നോവല്‍ ഭാഗങ്ങള്‍ കിട്ടുന്നത്. ബ്ലോഗ്, ഓര്‍ക്കുട്ട്, ഫേസ്ബുക്ക് എല്ലാം ഇവിടുണ്ട്. ബെന്യാമിനും സുഹൃത്തുക്കളും ഉള്‍പ്പെടുന്ന വ്യാഴച്ചന്തയില്‍ ബ്ലോഗര്‍ നട്ടപ്പിരാന്തനും അംഗമാണ്.

 ഡീഗോ ഗാര്‍ഷ്യയുടെ ചരിത്രവും വര്‍ത്തമാനവും, അന്ത്രപ്പേര്‍ കുടുംബത്തിന്റേയും സെന്തിലിന്റെ മരണത്തിന്റേയും എല്ലാംകൂടി ഉപ്പും മുളകും പുളിയും മധുരവുമെല്ലാ്ം പാകത്തിന്...ഇതൊക്കെ സത്യമോ ഭാവനാസൃഷ്ടിയോ എന്നൊക്കെ തോന്നിപ്പോകും. എല്ലാം നേരുമാത്രമാണ് എന്ന് നൂറുവട്ടം തോന്നിപ്പോകും. എന്തുമാകട്ടെ, കഥ പറയുന്നതില്‍ അര്‍ത്ഥമില്ല. അത് വായിച്ചുതന്നെ അനുഭവിക്കണം.


വാക്കുകള്‍ ചിലനേരത്ത് അമ്പരപ്പിക്കുന്നു.  കല്ലറയ്ക്കരുകില്‍ പോയ ഒരാളുടെ ചിന്തകള്‍ നോക്കു.  ( കല്ലറയ്ക്കുള്ളിലുള്ളവളുടെ പേര് ഇവിടെ അവള്‍ എന്നാക്കുന്നു)
ഇളക്കിയ മണ്ണില്‍ ചെറുചെടികള്‍ നാമ്പു നീട്ടിയിരിക്കുന്നു.  സിമന്റ് സ്ലാബില്‍ പായലിന്റെ കണികകള്‍ പച്ചപിടിച്ചു തുടങ്ങിയിരിക്കുന്നു.  ലോകം കാണാനുള്ള ആര്‍ത്തിയില്‍ അവള്‍ കല്ലറയ്ക്കു പുറത്തേക്ക് എത്തിനോക്കുകയാണെന്നാണ് എനിക്ക് തോന്നിയത്.  കുഞ്ഞിച്ചെടികളേ,  നിങ്ങളാണോ അവളുടെ കണ്ണുകള്‍.  നിങ്ങളാണോ അവള്‍ക്ക് ഭൂമിയിലെ വാര്‍ത്തകള്‍ പറഞ്ഞു കൊടുക്കുന്നത്.  ഞാന്‍ ആ ചെടികളോട് ചോദിച്ചു. അവ അതെ എന്ന് തലയാട്ടി.  ഞാന്‍ വന്ന കാര്യം അവളോടു പറയാമോ...? പറയാം പറയാം എന്നവ ഇലകള്‍ വിടര്‍ത്തി.  ...മെഴുതിരികള്‍ തെളിച്ച് അവയ്ക്ക് സ്‌നേഹത്തിന്റെ വെളിച്ചം കൊടുത്തു.  തിരിച്ചുപോരുമ്പോള്‍ ഇനിയും വരണേ വരണേ എന്ന് അവ എന്നോട് കരഞ്ഞു.  ഞാനും.


 പ്രിയപ്പെട്ട ബെന്യമിന്‍, 

 മോഹന്‍ദാസ് പുറമേരിയുടെ ആര്‍ക്കിപിലാഗോയ്ക്ക് അവാര്‍ഡുകിട്ടുമ്പോള്‍ അന്ത്രപ്പേറിന് അസൂയയും ദേഷ്യവും ഭ്രാന്തുവരെ വരുന്നുണ്ട്. മോഹനെ അപ്പോള്‍ കൈയ്യില്‍ കിട്ടിയാല്‍ കായലില്‍ മുക്കികൊല്ലുമായിരുന്നു. അത്രയ്ക്കും വൈരാഗ്യമാണ് തോന്നിയത്. ഫോണെടുത്ത് മോഹനെ വിളിച്ചത് പത്തു തെറി പറയാനായിരുന്നു. പക്ഷേ, പറഞ്ഞതത്രയും പൊള്ളയായ അഭിനന്ദന വാക്കുകളാണ്! സ്വയം ലജ്ജ തോന്നുന്ന അഭിനന്ദന വാക്കുകള്‍!
 അങ്ങനെയുള്ള അഭിനന്ദനവാക്കുകളല്ല. ഹൃദയത്തില്‍ നിന്നു വരുന്ന വാക്കുകള്‍..മഞ്ഞവെയില്‍ മരണങ്ങള്‍ ആരെങ്കിലും പറഞ്ഞിട്ട് വായിക്കേണ്ടി വരാഞ്ഞത് ഭാഗ്യമായി കരുതുന്നു. അതിലേറെ സന്തോഷവും... അപ്പോള്‍ 'നെടുമ്പാശ്ശേരി' എവിടെ എന്നൊരു ചോദ്യം ബാക്കി കിടക്കുന്നുണ്ട്. ഇത്തിരി അസൂയ തോന്നിയത് 'വ്യാഴച്ചന്ത'യില്‍ അംഗമാകാനായില്ലല്ലോ എന്നതില്‍ മാത്രം.

 ആശംസകള്‍ നേരുന്നു. 

 D C Books Rs 195/-

Monday, October 31, 2011

നട്ടപ്പാതിരായില്‍ നിന്നും വെളിയുലകം കണ്ടവള്‍



അക്കാലത്ത് അവളുടെ ഗ്രാമത്തിലെ സ്ത്രീകള്‍ക്ക് സിനിമ നിഷിദ്ധമായിരുന്നു. അവളും കൂട്ടുകാരികളും വിലക്കിനെ വകവെക്കാതെ സിനിമക്കുപോയി. തീയറ്ററില്‍ അവരല്ലാതെ സ്ത്രീകളായി ആരുമില്ലായിരുന്നു. എല്ലാപുരുഷന്മാരുടേയും കണ്ണുകള്‍ അവര്‍ക്കുമേലെ വീണു. തിരയില്‍ കണ്ടത് 'A
'പടമായിരുന്നു.
വീട്ടിലെത്തിയ അവള്‍ക്ക് തല്ലുകിട്ടിയതിനോടൊപ്പം സ്‌കൂള്‍ പഠനവും അവസാനിച്ചു. 'നീയൊരു പെണ്ണാണ' എന്ന് അമ്മ ഓര്‍മിപ്പിച്ചു. അങ്ങനെ പഠനം നിര്‍ത്തി അവള്‍ ഏകാന്തതയുടെ തടവുകാരിയായി. വീടിനു പുറത്തേക്കിറങ്ങാന്‍ പോലും അവള്‍ക്കു സാധിക്കുമായിരുന്നില്ല. അവള്‍ വായിക്കാന്‍ തുടങ്ങി..പിന്നെ പിന്നെ കവിതകള്‍ എഴുതാന്‍...

അവള്‍ക്കു പതിനെട്ടുവയസ്സുള്ളപ്പോള്‍ വീട്ടുകാര്‍ ബന്ധുവിനെകൊണ്ട് വിവാഹമുറപ്പിച്ചു. അവള്‍ എതിര്‍ത്തു. പട്ടിണികിടന്നു. അവളുടെ അമ്മക്ക് നെഞ്ചുവേദന വന്നു. ഡോക്ടറും വീട്ടുകാരും അവള്‍ക്കെതിരെ തിരിഞ്ഞു. അമ്മ മരിച്ചാല്‍ അവളുടെ സ്വാര്‍ത്ഥതയായിരിക്കും കാരണമെന്ന്.
അമ്മയുടെ നെഞ്ചുവേദന വിവാഹത്തിനു സമ്മതിക്കുന്നതിനുവേണ്ടിയുള്ള അടവുമാത്രമായിരുന്നെന്ന് വിവാഹശേഷമാണ് അവള്‍ക്ക് മനസ്സിലായിത്.

പക്ഷേ, അവള്‍ക്ക് എഴുതാതിരിക്കാനായില്ല. ശ്വാസം പോലെയായിരുന്നു അവള്‍ക്ക് എഴുത്ത്. പകല്‍ അവള്‍ എല്ലാവരുടേയും റുഖിയ രാജാത്തിയായിരുന്നു. രാത്രിയില്‍ അവള്‍ മറ്റൊരാളായി മാറി. ഭര്‍ത്താവറിയാതെ അവള്‍ നട്ടപ്പാതിരയക്ക് കുളിമുറിയിലിരുന്ന് കവിതയെഴുതി. തമിഴിലെ അറിയപ്പെടുന്ന കവയത്രിയായി.

പക്ഷേ, പിന്നീട് റുഖിയ മാലിക് രാജാത്തിയെ 'സല്‍മ' എന്ന പേരില്‍് ലോകമറിഞ്ഞു. അവരുടെ ആ മാറ്റം, അനുഭവങ്ങള്‍ ഇപ്പോഴും രണ്ടാംയാമങ്ങളില്‍ മാത്രം ജീവിക്കുന്ന സ്ത്രീകളെ വെളിയുലകം കാണാന്‍ പ്രേരിപ്പിക്കുന്നതാണ്.

?കുട്ടിക്കാലത്തെക്കുറിച്ച് പറയാമോ? എങ്ങനെയാണ് കവിത എഴുതാനുള്ള താത്പര്യമുണ്ടാവുന്നത്?


തിരുച്ചിയിലെ തുവരന്‍കുറിച്ചി എന്ന ഗ്രാമത്തിലാണ് ഞാന്‍ ജനിച്ചത്. മതവും നാട്ടാചാരങ്ങളും കൂടിച്ചേര്‍ന്ന വളരെ യാഥാസ്ഥിതിക ചുററുുപാടിലാണ് വളര്‍ന്നത്. ഒന്‍പതാംക്ലാസ്സുവരെയെ പഠിക്കാനായുള്ളു. കൂട്ടുകാരോടൊപ്പം ഒരു സിനിമകാണാന്‍ പോയതോടെയാണ് എന്റെ പഠിപ്പു നിന്നു പോയത്. . സ്‌കൂളില്‍ പോകാന്‍ പറ്റാതായതോടെ ഞാന്‍ തികച്ചും ഏകാകിയായി. പ്രത്യേകിച്ചൊന്നും ചെയ്യാനില്ല. പെണ്ണ് എന്നാല്‍ വീട്ടില്‍ ഇരിക്കണം. പുറത്തുപോകാന്‍ പാടില്ല. കല്ല്യാണം കഴിഞ്ഞുപോകണം, പ്രസവിക്കണം, കുട്ടികളെ വളര്‍ത്തണം ഇതാണല്ലോ സമൂഹം ഉണ്ടാക്കിവെച്ചിരിക്കുന്ന സ്ത്രീയുടെ അടയാളങ്ങള്‍. ഈയൊരു ഐഡന്റിറ്റി വളരെ കഷ്ടമായി തോന്നി. ആ ഐഡന്റിറ്റിക്ക് അപ്പുറം കടക്കാന്‍ പാടില്ല. പക്ഷേ, അങ്ങനെ മാത്രമായൊരു സ്ത്രീയാവാന്‍ ഞാന്‍ ആഗ്രഹിച്ചതേയില്ല. പൂര്‍ണ്ണമായും വീട്ടിനുളളില്‍ തന്നെയായിരുന്നു. ഏകാന്തത എന്നെ കൂടുതല്‍ വായിപ്പിച്ചു. തൊട്ടടുത്ത് ലൈബ്രറിയുണ്ടായിരുന്നു. കിട്ടുന്നതെന്തും വായിച്ചു. പതുക്കെ പതുക്കെ എഴുതണം എന്ന തോന്നലുണ്ടായി. ഒരുപാടു വായിച്ചതുമൂലമാവണം എഴുത്തെന്നില്‍ കയറിക്കൂടുകയായിരുന്നു. ആദ്യമൊക്കെ എഴുതിയത് കവിതയാണെന്നൊന്നും പറയാനാവില്ല. എന്തൊക്കെയോ എഴുതി ..എന്റെ പ്രതിഷേധങ്ങള്‍...ചിന്തകള്‍..സ്വപ്നങ്ങളൊക്കെയും..


?എഴുത്തിനെ എങ്ങനെയാണ് വീട്ടുകാര്‍ സ്വീകരിച്ചത്?

വീട്ടില്‍ അപ്പാ-അമ്മ എതിര്‍ത്തില്ല. പ്രോത്സാഹിപ്പിച്ചുമില്ല. പക്ഷേ,
കവിത അച്ചടിച്ചു വരാന്‍ തുടങ്ങിയതോടെ പെണ്ണ് എഴുതരുത് എന്നായി ഊരില്‍. എന്നെക്കുറിച്ചും എന്റെ ചുററുപാടിനെക്കുറിച്ചുമായിരുന്നു കൂടുതല്‍ കവിതകളും. സ്ത്രീയുടെ വൈകാരികാനുഭവങ്ങള്‍...സൊസൈറ്റിയെപ്പറ്റി വിമര്‍ശനമിരിക്കുമ്പോള്‍ അവര്‍ക്ക് സഹിക്കാനാവില്ലല്ലോ..പക്ഷേ, ഞാനെഴുതിക്കൊണ്ടിരുന്നു.

?വിവാഹത്തിനുശേഷം ആരുമറിയാതെ രാത്രി ബാത്ത്‌റൂമിലിരുന്നാണ് എഴുതിയിരുന്നത് എന്ന് കേട്ടിട്ടുണ്ട്...

അതേ, ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്ക് ഞാനെഴുതരുത് എന്നു നിര്‍ബന്ധമായിരുന്നു. എഴുതരുത് എന്ന് അവര്‍ ഉറപ്പു വാങ്ങിയിരുന്നു. എന്നാല്‍ കുട്ടികളായിക്കഴിഞ്ഞിട്ടും എനിക്ക് ആ വീട്ടിലെ അന്തരീക്ഷവുമായി പൊരുത്തപ്പെട്ടുപോവാനായില്ല. ഞാന്‍ ഒറ്റയ്ക്കായിരുന്നു. കടുത്ത ഏകാന്തതയില്‍..അപ്പോള്‍ ഭര്‍ത്താവുറങ്ങിക്കഴിയുമ്പോള്‍ ഞാന്‍ ബാത്ത്‌റൂമില്‍ പോയിരുന്ന് എഴുതും. എഴുതിയത് മാസികകള്‍ക്ക് അയച്ചുകൊടുക്കാനും മറ്റും അമ്മയാണ് സഹായിച്ചത്. വിവാഹത്തിനു മുമ്പ് രാജാത്തി റുഖിയ എന്ന യഥാര്‍ത്ഥപേരിലായിരുന്നു എഴുതിയിരുന്നത്. എന്നാല്‍, വീണ്ടും എഴുതാന്‍ തുടങ്ങിയെന്ന കാര്യം ആരും അറിയരുതെന്നു കരുതി സല്‍മ എന്ന അപരനാമത്തിലെഴുതുകയായിരുന്നു.

?വീട്ടുകാരെ അത്ര ഭയമായിരുന്നോ?

തീര്‍ച്ചയായും പേടിയായിരുന്നു. കുടുംബമാണ് പെണ്ണിന് ആധാരമായ വിഷയം. അവള്‍ പുറത്തുപോകരുത്. എങ്ങോട്ടിറങ്ങിയാലും അത് അന്വേഷിക്കും. മുററത്തിറങ്ങി നിന്നാല്‍പോലും എന്തിനിവിടെ നില്ക്കുന്നു എന്നു ചോദിക്കും അതുകൊണ്ട് പെണ്ണിന് കുടുംബത്തിനപ്പുറമൊരു ലോകമില്ല. കുടുംബത്തെയും സമൂഹത്തെയും വിട്ട് പുറത്തുപോകാന്‍ അവള്‍ക്കു ധൈര്യമില്ല. ആ ധൈര്യക്കുറവ് എനിക്കുമുണ്ടായിരുന്നു.

?അറിയപ്പെടുന്ന എഴുത്തുകാരിയായി മാറിയിട്ടും ആദ്യപുസ്തകത്തില്‍ ഫോട്ടോ ഇല്ലായിരുന്നല്ലോ..പ്രകാശനത്തിനും പോയില്ല..ധൈര്യക്കുറവു തന്നെയായിരുന്നോ കാരണം?


അതേ, ഒരുവള്‍ എങ്ങോട്ടുപോകുന്നു, എവിടെ നിന്നു വരുന്നു എന്നെല്ലാം സമൂഹം നോക്കിക്കൊണ്ടിരിക്കും. ...അവരുടെ കണ്ണെപ്പോഴും പെണ്ണിനെ പിന്തടര്‍ന്നുകൊണ്ടിരിക്കും. സല്‍മയെ പുറം ലോകമാണ് അറിഞ്ഞത്. വീട്ടുകാരറിഞ്ഞില്ല. അവിടെ സാധാരണ വീട്ടമ്മയായ രാജാത്തി മാത്രമായിരുന്നു ഞാന്‍. അപ്പോള്‍ ധൈര്യമില്ല. ഒട്ടും ധൈര്യമുണ്ടായില്ല.


?പിന്നെങ്ങനെ പുറംലോകത്തേക്കു വരാന്‍ ധൈര്യം കിട്ടി?

സ്വാതന്ത്ര്യദാഹം എനിക്കെപ്പോഴുമുണ്ടായിരുന്നു. എപ്പോഴെങ്കിലും പുറത്തു വരണമെന്ന ആശ. ഞങ്ങളുടെ പഞ്ചായത്തില്‍ വനിതസംവരണം വന്നപ്പോള്‍ രാഷ്ട്രീയത്തില്‍ നിന്നിരുന്ന ഭര്‍ത്താവ് പല സ്ത്രീകളെയും സമീപിച്ചു. പക്ഷേ, ആരും മത്സരിക്കാന്‍ മുന്നോട്ടു വന്നില്ല. അപ്പോള്‍ ഞാന്‍ സ്ഥാനാര്‍ത്ഥിയായി. മത്സരിച്ചു ജയിച്ചു. ഓര്‍ക്കണം വീട്ടിനുളളില്‍ മുഖം കറുപ്പിക്കാനോ, ശണ്ഠകൂടാനോ പോലും സ്വാതന്ത്ര്യമില്ലാതിരുന്നവളാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങുന്നത്. എതിര്‍സ്ഥാനാര്‍ത്ഥിയെ എങ്ങനെയും തോല്പിക്കാനിറങ്ങുന്നത്. വീടിന്റെ അധികാരം പോലുമില്ലാതിരുന്നവള്‍ ഒരു പഞ്ചായത്ത് ഭരിക്കേണ്ട ഉത്തരവാദിത്വത്തിലേക്ക് , അധികാരത്തിലേക്ക് വന്നു ചേരുകയായിരുന്നു. അന്നേരം നല്ല ധൈര്യം കിട്ടുകയായിരുന്നു. നമ്മുടെ കൈയ്യില്‍ കുടുംബത്തേക്കാള്‍ വലിയൊരു ലോകത്തിന്റെ അധികാരം വന്നു ചേര്‍ന്നപ്പോള്‍ രാജാത്തി റുഖിയയാണ് സല്‍മ എന്ന് അറിയിക്കാനുളള ധൈര്യമായി.

?അപ്പോള്‍ ആരുമറിയാതിരുന്ന കാലത്ത് കവിതയെഴുതി കഴിയുമ്പോഴുള്ള മാനസികാവസ്ഥ എന്തായിരുന്നു?

വിവാഹശേഷം കുറച്ചുനാള്‍ തീരെ എഴുതിയിരുന്നില്ല. പിന്നീട് എഴുതാനായപ്പോള്‍ ഒരുപാട് സന്തോഷിച്ചു. മനസ്സിനുളളില്‍ അത്രനാളും കെട്ടിക്കിടന്നതെല്ലാം പുറത്തേക്കു പ്രവഹിച്ചപ്പോള്‍ അടക്കാനാകാത്ത ആഹ്ലാദം. പക്ഷേ, ഇതെനിക്കാരെയും അറിയിക്കാനാവുന്നില്ലല്ലോ, യഥാര്‍ത്ഥ എന്നില്‍ നിന്ന് മറ്റൊരാളായി മാറേണ്ടി വരുന്നല്ലോ എന്ന ദുഖവും വല്ലാതെ അലട്ടി. സങ്കടവും സന്തോഷവുമുണ്ടായിരുന്നു. എന്നാലും സന്തോഷത്തിനായിരുന്നു മുന്‍തൂക്കം...ഇങ്ങനെയും എഴുതാന്‍ പററുന്നുണ്ടല്ലോ എന്ന്...

?സല്‍മ കുട്ടിക്കാലത്തുകണ്ട സ്ത്രീ ജീവിതത്തില്‍ നിന്ന് എന്തെങ്കിലും മാറ്റമുണ്ടായിട്ടുണ്ടോ ഇപ്പോള്‍?

കാര്യമായ മാററമൊന്നുമുണ്ടായിട്ടില്ല. മുമ്പ് പെണ്‍കുട്ടികളുടെ പഠനം ചെറിയ ക്ലാസ്സിലെ നിര്‍ത്തുമായിരുന്നു. ഇപ്പോഴത് പ്ലസ്ടു വരെയായിട്ടുണ്ട്. .
അപൂര്‍വ്വം ചിലര്‍ കോളേജില്‍ പോകുന്നുണ്ട്. മുമ്പ് പര്‍ദയിട്ടുപോലും പുറത്തു പോകാന്‍ പാടില്ലായിരുന്നു. ഇപ്പോള്‍ അതു പറ്റും. ഇത്രയൊക്കെയാണ് മാറ്റം.






?'രണ്ടാം യാമങ്ങളിന്‍ കഥൈ'എന്ന നോവലില്‍ പുരുഷന്മാര്‍ക്കൊന്നും വലിയ സ്ഥാനമില്ല. രണ്ടാംയാമമെന്നാല്‍ നട്ടപ്പാതിര. ആ നട്ടപ്പാതിരകളാണ് സ്ത്രീകളുടെ ലോകം. നാലതിരുകള്‍ തീര്‍ത്ത അറക്കപ്പുറം അവര്‍ക്കു ലോകമില്ല. എന്നാല്‍ മതത്തിന്റെയും ആണ്‍കോയ്മയ്ക്കുമിടയില്‍ അവര്‍ക്കുമൊരു ലോകമുണ്ടെന്നു കാണിച്ചു തരുന്നു ഈ നോവല്‍. സ്ത്രീയുടെ സ്‌നേഹം, നന്മ, ദയ, അസൂയ, കുശുമ്പ്്, പ്രണയം, കാമം. എല്ലാം വളരെ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു. സ്ത്രീകളെ ഇത്ര സൂക്ഷ്മമായി അവതരിപ്പിച്ച നോവല്‍ വേറെ വായിച്ചതായിട്ടോര്‍മയില്ല.. എങ്ങനെ ഇത്ര സൂക്ഷമമായി നിരീക്ഷിക്കാനാവുന്നു?


മതം , ആചാരാനുഷ്ഠാനങ്ങള്‍ ഒരു വഴിക്കും നാട്ടുനടപ്പുകള്‍ മറ്റൊരു വഴിക്കും സ്ത്രീകളെ പലവിധത്തില്‍ വേട്ടയാടുന്ന ഒരു ചുറ്റുപാടിലാണ് ഞാന്‍ ജീവിച്ചത്. പെണ്ണുങ്ങള്‍ സന്തോഷമായി ഇരിക്കാനെ പാടില്ല. അ്‌ല്ലെങ്കില്‍ വീടിന്റെ നാലു ചുമരുകള്‍ക്കുള്ളില്‍ നിന്നു കിട്ടുന്നതെന്തോ അതു മാത്രമാണ് സന്തോഷം എന്നാണ് സമൂഹം വെച്ചിരിക്കുന്ന നിയമം. ഇതിനിടയില്‍ ഗാര്‍ഹിക പീഡനവും, സ്ത്രീധനപ്രശ്‌നവും, പുരുഷന്റെ പരസ്യമായ രഹസ്യബന്ധങ്ങളുമെല്ലാം സ്ത്രീ സഹിച്ചുകൊള്ളണം. നോവലില്‍
ഞാനെഴുതിയതു മുഴുവന്‍ കൊടുക്കാന്‍ പറ്റിയില്ലെന്നതാണ് സത്യം. കൈയ്യെഴുത്തു പ്രതി വായിച്ച സുഹൃത്തുക്കള്‍ പലതും എഡിറ്റ് ചെയ്യാന്‍ പറഞ്ഞു. ഒരുപാട് കാര്യങ്ങള്‍ എഡിറ്റ് ചെയ്തു ഒഴിവാക്കി. സ്ത്രീകളുടെ സംഭാഷണത്തില്‍ നിന്നൊക്കെയുള്ള ഭാഗങ്ങളാണ് ഒഴിവാക്കിയത്.. എഴുതിയതിന്റെ പകുതിയോളം സംഭാഷണങ്ങള്‍ ഇങ്ങിനെ പേടി മൂലം ഒഴിവാക്കേണ്ടി വന്നു. അവരുടെ സ്വാതന്ത്ര്യ ബോധത്തെക്കുറിച്ച സംഭാഷണങ്ങള്‍, വെളിയുലകത്തോടുള്ള താല്‍പര്യങ്ങള്‍, ആണ്‍ പെണ്‍ സന്ധിപ്പുകള്‍ക്കുള്ള അവസരമില്ലായ്മ അങ്ങിനെ ഒരുപാട് കാര്യങ്ങള്‍ ഒഴിവാക്കി. ആദ്യ നോവലിന് കൂടുതല്‍ എതിര്‍പ്പുകളുണ്ടായാല്‍ തുടര്‍ന്നുള്ള എഴുത്തിനെ അത് ബാധിക്കുമെന്നാണ് സുഹൃത്തുക്കള്‍ പറഞ്ഞത്. ഞാനെന്റെ ലോകത്തെക്കുറിച്ചാണ് പറഞ്ഞത്. ഞാന്‍ കണ്ട സ്ത്രീജീവിതം. അവരിലൊരാളായിരുന്നു ഞാനും. എന്റെ ചുറ്റുമുളള സ്ത്രീകള്‍..എതിര്‍പ്പു പ്രകടിപ്പിക്കാന്‍ പോലുമാവാത്തവര്‍....ഒരു സ്വാതന്ത്ര്യവുമില്ലാത്തവര്‍..എന്നാലോ അവര്‍ക്കൊക്കെ ജീവിതമുണ്ട്. രണ്ടാം യാമത്തിനുപ്പുറത്തേക്കു പോകാന്‍ പറ്റാത്തവരുടെ ജീവിതം.

?പഞ്ചായത്ത് പ്രസിഡണ്ടും തമിഴ്‌നാട് സോഷ്യല്‍ വല്‍ഫെയര്‍ ബോര്‍ഡ് ചെയര്‍പേഴ്‌സണ്ുമൊക്കെയായ സമയത്ത് സമുദായത്തിലെ സ്ത്രീകള്‍ക്കുവേണ്ടി എന്തുചെയ്യാനായി?

ഒരുപാട് ബോധവത്ക്കരണപരിപാടികള്‍ സംഘടിപ്പിക്കാനായിട്ടുണ്ട്. മുസ്ലീം സ്ത്രീകളുള്ള പ്രദേശത്ത് ചെന്ന് അവര്‍ക്കുമാത്രമായി ക്ലാസ്സുകള്‍ നടത്തിയിട്ടുണ്ട്. വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെപ്പറ്റിയും സ്ത്രീ ശാക്തീകരണത്തെപ്പററിയുമൊക്കെ..എല്ലാരും വെളിയില്‍ വരണം. ഞാനും നിങ്ങളെപ്പോലെയായിരുന്നു. എനിക്കു പറ്റിയതുപോലെ നിങ്ങള്‍ക്കും പുറത്തു വരാനാകണം എന്നുമൊക്കെ...സ്ത്രീകള്‍ വളരെ സന്തോഷത്തോടെയാണ് കേട്ടിരുന്നത്. പതുക്കെ അവര്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷ.

?നിങ്ങള്‍ പുറംലോകത്തേക്ക് വന്നപ്പോള്‍ വീട്ടുകാരും നാട്ടുകാരും എങ്ങനെ സ്വീകരിച്ചു?

ഭര്‍ത്താവിന് ആദ്യം ഞെട്ടലായിരുന്നു. പിന്നെ ശരിയായി വന്നു. വീട്ടുകാര്‍ക്ക് എന്റെ വളര്‍ച്ചയില്‍ വളരെ അഭിമാനവും സന്തോഷവുമുണ്ട് ഇപ്പോള്‍. എന്നാല്‍ സൊസൈറ്റിക്ക്് അത്ര പിടിച്ചിട്ടില്ല. എന്റെ എഴുത്തില്‍ ഒരുപാട് വിമര്‍ശനങ്ങളുണ്ടല്ലോ..അതൊന്നും അവര്‍ക്ക് ഇഷ്ടപ്പെട്ടിട്ടില്ല. നോവലില്‍ എഴുതിയതൊ്‌ക്കെ കളവാണെന്ന് പ്രചരിപ്പിച്ചു. ഞാനെന്തോ തെറ്റായ കാര്യം ചെയ്തപോലെയാണ് സമുദായം പെരുമാറിയത്. പെണ്ണ് ഗുണപാഠകഥയോ സാരോപദേശമോ എഴുതിയാല്‍ പ്രശ്‌നമില്ല. അവളുടെ ലോകത്തെക്കുറിച്ച്, അവള്‍ കണ്ട കാഴ്ചകള്‍ എഴുതിയാല്‍ പ്രശ്‌നമായി...



?സമുദായത്തിനുമാത്രമാണോ ഈ എതിര്‍പ്പ്? തമിഴില്‍ പെണ്ണെഴുത്തിനെ വല്ലാതെ വിമര്‍ശിക്കുന്നുണ്ടല്ലോ?

അതെ. ആണിന് എന്തുമെഴുതാം. പെണ്ണെഴുതുന്നതിന് കൃത്യമായ ചിട്ടവട്ടങ്ങളുണ്ടാവണം. അതിരുകള്‍ ഉണ്ടാവണം. സ്ത്രീ സെക്‌സിനെപ്പറ്റി എഴുതിയാല്‍ അതവര്‍ക്ക് പിടിക്കില്ല. അവര്‍ക്ക് എന്തുമെഴുതാം. എന്നാല്‍ പെണ്ണെങ്ങനെ എഴുതണമെന്നും എങ്ങനെ നടക്കണമെന്നും അലിഖിത നിയമങ്ങളുണ്ടാക്കി വെച്ചിരിക്കുകയാണ്. എന്തോ തെററു ചെയ്യുന്നപോലെയാണ് ഇവര്‍ കരുതുന്നത്. കവിതയിലും മററും പറയാനുള്ളത് നേരിട്ട് പറയാന്‍ സെക്ഷ്വാലിറ്റി ആണെന്നു തോന്നുന്ന ചില വാക്കുകള്‍ ഉപയോഗിക്കേണ്ടി വരും. തിലെന്താണ് തെറ്റ് എന്നറിയില്ല.

?വിമര്‍ശനങ്ങളെ എങ്ങനെ കാണുന്നു?

വല്ലാത്ത കഷ്ടമാണ് ഇവിടുത്തെ വിമര്‍ശനങ്ങള്‍. ശരിയായ വിമര്‍ശനമല്ല അതൊന്നും. എന്താണ്് എഴുതിയത്, എന്തിനുവേണ്ടിയായിരിക്കും ് എഴുതിയത് എന്നൊന്നും നോക്കാതെ മോശമാണെന്ന് വിചാരിക്കന്ന വാക്കിനെ മാത്രമെടുത്താവും വിമര്‍ശനം. ആരോഗ്യകരമായ ഒരു വിഷയവും എടുക്കില്ല. അതാണു കഷ്ടം.

?എഴുത്തില്‍ ശക്തമായ ഫെമിനിസ്റ്റ് വീക്ഷണങ്ങളുണ്ടല്ലോ?

ഫെമിനിസ്റ്റ് എന്ന പേര് കിട്ടണമെന്ന് ആഗ്രിഹിക്കുന്നില്ല. എന്നാല്‍ അതില്‍ എതിര്‍പ്പുമില്ല. ഞാന്‍ സ്ത്രീയായതുകൊണ്ട് പ്രത്യേകിച്ച് അടിച്ചമര്‍ത്തപ്പെട്ട ഒരു വിഭാഗത്തിലെ അംഗമെന്ന നിലയ്്ക്ക് ഞാനെഴുതുമ്പോള്‍ ഫെമിനിസ്റ്റ് വീക്ഷണങ്ങള്‍ സ്വാഭാവികം മാത്രമാണ്. അത് മനപ്പൂര്‍വ്വം എഴുതാന്‍ ശ്രമിക്കുന്നതല്ല. അറിയാതെ വന്നു പോകുന്നതാണ്. പുറംലോകത്തെ കാണാന്‍ ആഗ്രഹിക്കാത്ത, സ്വാത്ന്ത്ര്യം ആഗ്രഹിക്കാത്ത പെണ്ണുങ്ങളില്ലല്ലോ...

?നിങ്ങള്‍ ഡി എം കെ മെമ്പറാണല്ലോ? ആ പാര്‍ട്ടി ഇപ്പോള്‍ പരിതാപാവസ്ഥയിലല്ലേ?


അങ്ങനെപറയാന്‍ പററില്ല. തമിഴ്‌നാട്ടില്‍ കുറെക്കാലമായിട്ട് ഒരുപാര്‍ട്ടി തന്നെ അധികാരത്തിലിരിക്കാറില്ല. അഞ്ചുവര്‍ഷം കഴിയുമ്പോള്‍ അടുത്തപാര്‍ട്ടി വരും. ഒരേ പാര്‍ട്ടിയെതന്നെ അധികാരത്തിലിരുത്താന്‍ തമിഴ്മക്കള്‍ ആഗ്രഹിക്കുന്നില്ല എന്നു വേണം കരുതാന്‍. പിന്നെ ഇത് തമിഴ്‌നാടിന്റെ മാത്രം പ്രശ്‌നമല്ലല്ലോ..ഇന്ത്യയില്‍ മൊത്തത്തിലില്ലേ..ഒരു പാര്‍ട്ടി എന്തു ഗുണം നാടിനു ചെയ്താലും എതിര്‍പാര്‍ട്ടിക്കാര്‍ പലവിധ ആരോപണവുമായി വരും. സര്‍ക്കാരൊന്നും ചെയ്തില്ല എന്ന് ജനങ്ങളുടെ മനസ്സില്‍ കുത്തിവെയ്ക്കും.

അഴിമതിക്കാര്യങ്ങള്‍ തമിഴ് മക്കളുടെ മനസ്സില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. വിലക്കയറ്റവും അഴിമതി പ്രശ്‌നങ്ങളും ഇത്തവണ പരാജയത്തിന്റെ ആഴം കൂട്ടിയെന്നത് നേരാണ്.

?അഴിമതി വിഷയങ്ങള്‍ ഡി എം കെയെ പൂര്‍ണ്ണമായും ഇല്ലാതാക്കുമെന്നാണല്ലോ കേള്‍ക്കുന്നത്?


അങ്ങനെ പറയാന്‍ പറ്റില്ല. 1991 ല്‍ രാജീവി ഗാന്ധി മരണപ്പെട്ടപ്പോള്‍ ഉണ്ടായ തെരഞ്ഞെടുപ്പില്‍ ഡി എം കെ ക്ക് കിട്ടിയത് ഒരു സീററുമാത്രമാണ്. പിന്നെയും രണ്ടുതവണ അധികാരത്തില്‍ വന്നില്ലേ..അരുപതുവര്‍ഷം പഴക്കമുള്ള പാര്‍ട്ടി..അതത്ര പെട്ടെന്ന് ഇല്ലാതാകില്ല. കുറച്ചു കഴിഞ്ഞാല്‍ ഇപ്പോഴത്തെ സ്ഥിതി മാറും. കാത്തിരുന്ന് കാണാം.

?ഡി എം കെയില്‍ പ്രവര്‍ത്തിക്കുന്ന ആളെന്ന നിലയിലും കവയത്രി എന്ന നിലിയിലും കനിമൊഴിയെ അറിയുമായിരിക്കുമല്ലോ?


അതെ ഞങ്ങള്‍ക്ക് പരസ്പരം അറിയാം. രണ്ടുപേരും കവയത്രികള്‍...ഒരേ പാര്‍ട്ടിയിലുള്ളവര്‍...കവി എന്ന നിലയില്‍ എനിക്കവരെ ഇഷ്ടമാണ്. പക്ഷേ, അവര്‍ തലൈവരുടെ മകള്‍. എം പി ആയതിനുശേഷം അവരുടെ സൗഹൃദങ്ങള്‍ വേറെ..

?വീട്, കുട്ടികള്‍, എഴുത്ത്, സാമൂഹ്യ പ്രവര്‍ത്തനം എല്ലാംകൂടി എങ്ങനെ കൊണ്ടുപോകുന്നു?

വീടിന്റെയും കുട്ടികളുടെയും കാര്യത്തില്‍ വലിയ പ്രശ്‌നമില്ല. അപ്പ- അമ്മ അവരുടെ സഹായം എപ്പോഴുമുണ്ട്. പിന്നെ ജീവിതം പോരാട്ടമല്ലേ..അപ്പോള്‍ എല്ലാം നടക്കും. പ്രശ്‌നങ്ങളില്ലെന്നല്ല...പോരാടാന്‍ മനസ്സുള്ളതുകൊണ്ട കുഴപ്പമില്ലാതെ പോകുന്നു.

?നിങ്ങള്‍ക്ക് പുറംലോകത്തിലേക്ക് വരാന്‍ പറ്റി...ഒരുപാടുകാര്യങ്ങള്‍ ചെയ്യാന്‍ പററി..ഇപ്പോള്‍ സന്തോഷവതിയാണോ?



നിശ്ചയമായും. മുമ്പ് വെളിയില്‍ പോകാന്‍ പാടില്ല. വീട് വിട്ട് പുറത്തുപോവുക അസാധ്യമായിരുന്നു. പുറത്തേക്കു വരാനാവത്തത്ര കെട്ടുപാടുകളിലായിരുന്നു. എന്നാല്‍ ഇന്ന് എവിടെയും പോകാനാകും. ആഗ്രഹിക്കുന്ന പല കാര്യങ്ങളും നടത്താനാവും. സ്വാതന്ത്ര്യം അനുഭവിക്കുന്നു.
അതുകൊണ്ടുതന്നെ ഞാന്‍ സന്തോഷവതിയാണ്.
പക്ഷേ, എന്റെ ചുറ്റുവട്ടത്തെ സത്രീകളുടെ ജീവിതം കാണുമ്പോള്‍ വിഷമമുണ്ട്. അവരെയും വെളിയുലകത്തില്‍ കൊണ്ടുവരണം. അതിന് ജീവിതം പോരാട്ടമാക്കാന്‍ അവരെ പ്രേരിപ്പിക്കണം. എഴുത്തുവഴിയൊക്കെയേ അതിനു സാധിക്കൂ. അസ്വാതന്ത്ര്യത്തിന്റെ ചങ്ങലകള്‍ പതുക്കെ പതുക്കെ ഇല്ലാതാവണം. അവരെ സ്വാതന്ത്ര്യത്തിന്റെ നീലാകാശം കാണിക്കണം.



കടപ്പാട് സംഘടിത

Thursday, October 20, 2011

പെണ്‍യാത്രകള്‍

സുന്ദരിയക്കയ്ക്ക് എഴുത്തറിയുമായിരുന്നെങ്കില്‍ എത്ര മനോഹരമായ യാത്ര വിവരണങ്ങളെഴുതുമായിരുന്നു. എഴുത്തറിഞ്ഞാലും കാര്യമുണ്ടോന്നറിയില്ല, അവര്‍ക്കതിന് നേരവും വേണം. വാക്കുകളെ കൂട്ടിയോജിപ്പിച്ച് ഭംഗിയൊപ്പിക്കണം. കുറേ മാടുകള്‍ക്കും ആടുകള്‍ക്കും കോഴി വാത്തകള്‍്ക്കും ഇടയില്‍ വയലിലും കാട്ടിലുമായി ഓടിനടക്കുകയായിരുന്നു അവര്‍. പകലെങ്ങും അടങ്ങിയിരിക്കുന്നത് കണ്ടിട്ടില്ല. എപ്പോഴും ചലിച്ചുകൊണ്ടേയിരിക്കും. ഒരുപാട് സംസാരിക്കില്ല. അതിനു നേരമില്ലെന്നതാണ് സത്യം. സംസാരിക്കാന്‍ തുടങ്ങിയാലോ കാട്ടിലെ അവരുടെ ജീവിതത്തെക്കുറിച്ച് പറയുകയായി...കേള്‍ക്കുമ്പോള്‍ ഞാനതിനെ യാത്രകളെന്നും യാത്രവിവരണങ്ങളെന്നും കരുതി.
അത്രയൊന്നും സുന്ദരിയല്ല സുന്ദരിയക്ക. അവരൊരിക്കലും സൗന്ദര്യത്തെക്കുറിച്ചോ അവരുടെ പേരിന്റെ അര്‍ത്ഥത്തെക്കുറിച്ചോ ചിന്തിച്ചിട്ടുണ്ടെന്ന് തോന്നുന്നില്ല. പേരെന്താണെന്ന് ചോദിച്ചാല്‍ നിര്‍വ്വികാരയായി 'സുന്ദരി'യെന്നു പറയും.
നല്ലൊരു ചേലയുടുത്താല്‍, കാതില്‍ കമ്മലിട്ടാല്‍, മൂക്കുത്തിയിട്ടാല്‍, മുഖത്തല്പം പൗഡറിട്ട് പൊട്ടു വെച്ചാല്‍, മുടിയൊന്നു ചീകിവെച്ചാലെങ്കിലും അവര്‍ സുന്ദരിയായേനേ...
അവര്‍ ദൂരോട്ടൊന്നും പോകാറില്ല. ഒരിക്കലേ അവര്‍ ദീര്‍ഘയാത്ര ചെയ്തിട്ടുള്ളു. അന്നവര്‍ക്ക് പട്ടുസാരിയും കമ്മലും വൈരക്കല്‍ മൂക്കുത്തിയുമുണ്ടായിരുന്നു. തമിഴ്‌നാട്ടിലെ ഒരുള്‍ഗ്രാമത്തില്‍ നിന്ന് മലയാള അതിര്‍ത്തിയിലേക്ക് വയസ്സനായ കങ്കാണിതാത്തയുടെ രണ്ടാംഭാര്യയായി പോന്നതായിരുന്നു ആ യാത്ര. സ്വന്തം ഗ്രാമത്തിലുണ്ടായിരുന്ന എല്ലാത്തില്‍ നിന്നും...ഒരു രണ്ടാംജന്മത്തിലേക്ക്. ..നെഞ്ചിലെ വേദന കടിച്ചമര്‍ത്താന്‍ വയ്യാതായപ്പോള്‍ അവര്‍ വൈരക്കല്‍ മൂക്കുത്തി വലിച്ചുരിയെറിഞ്ഞു. മൂക്കുത്തി വലിച്ചപറിച്ചപ്പോള്‍ ഉണ്ടായ മുറിവ് മൂക്കിനൊരുവശത്തെ രണ്ടായി പകുത്തു .മൂക്കുത്തിയണിഞ്ഞാല്‍ എന്തു അഴകുണ്ടായിരുന്നോ ആ സ്ഥാനത്ത് ഒറ്റനോട്ടത്തിലെ തിരിച്ചറിയാവുന്ന അഭംഗി വന്നു.
പിന്നീടവര്‍ മടങ്ങി്‌പ്പോക്കിനെക്കുറിച്ചോ ദീര്‍ഘയാത്രകളെക്കുറിച്ചോ ചിന്തിച്ചതേയില്ല. രാവിലെയും വൈകിട്ടും വീടിനടുത്തുള്ള കാട്ടിലേക്ക് പോയി. ആടുകള്‍ക്കു തീറ്റവെട്ടാന്‍..മാടുകളെ കാട്ടില്‍ മേയാന്‍ വിടാനും തിരിച്ചടിച്ചുകൊണ്ടുവരാനും. ചിലപ്പോള്‍ ഒന്നോ രണ്ടോ മാടുകളെ കാണാതാവും. ഇരുളുംവരെ തിരയും. കണ്ടുകിട്ടിയില്ലെങ്കില്‍ മടങ്ങും. അന്നുരാത്രി മനസ്സു കാട്ടില്‍ തന്നെയായിരിക്കും. ഓരോ കാട്ടുപൊന്തകളിലേക്കും അവര്‍ ഇറങ്ങിച്ചെല്ലും. ഉയരമുള്ള മരത്തിന്റെ തുഞ്ചത്ത് കയറി കാടുമുഴുവന്‍ വീക്ഷിക്കും.

.നേരം വെളുത്താല്‍ പശുവിനെ കറക്കുന്നതോ, കോഴിയെ തുറന്നു വിടുന്നതോ മക്കള്‍ക്കും താത്താക്കും ആഹാരമുണ്ടാക്കുന്നതോ ഒക്കെ മറന്ന് അവര്‍ കാട്ടിലേക്കോടും.
രാവിലെ തൂക്കുപാത്രത്തില്‍ കുടിക്കാനുളള വെള്ളവുമായി ഞങ്ങള്‍ അയല്‍വീടുകളിലെ കുട്ടികള്‍ കാട്ടില്‍ ചുള്ളിയൊടിക്കാന്‍ പോകുമ്പോള്‍ മുന്നില്‍ സുന്ദരിയക്ക.

'എവിടെയെന്റെ ചുവന്ന മാട്.?'.. .
'നിങ്ങളു പോകുന്നവഴി കണ്ടാല്‍ അടിച്ചു വിടണേ' എന്ന് അവര്‍ പറയും. സത്യം പറഞ്ഞാല്‍ ചുള്ളിയൊടിക്കല്‍ മറന്ന് ഞങ്ങള്‍ അവരുടെ പിന്നാലെ കൂടും. മാടിനെ കണ്ടെത്തണ്ടേ..കഥകള്‍ കേള്‍ക്കേണ്ടേ...

ആനയില്‍ നിന്നു രക്ഷപെട്ടതും പുലിയെക്കണ്ടതും...എന്നും മുമ്പിലേക്കു ചാടുന്ന മ്ലാവിനെയും കേഴയെയും മാന്‍കൂട്ടത്തെയും മുയലുകളെയും...അവര്‍ പറഞ്ഞു കൊണ്ടിരിക്കും. അവരോടൊപ്പമുളള ആ സഞ്ചാരത്തില്‍ അവരുടെ സ്ഥിരം വഴികളില്‍ ഇവയെയൊക്കെ കാണാമെന്ന് പ്രലോഭനവുമുണ്ട്്്. അന്നൊക്കെ ആന മുന്നില്‍ വന്നുപെട്ടാല്‍, പുലിയെ കണ്ടാല്‍ എന്തുചെയ്യണമെന്നൊക്കെ മനസ്സില്‍ കണക്കുകൂട്ടും. ചില സൂത്രങ്ങളൊക്കെ ഒപ്പിക്കണമെന്നൊക്കെ...ചുമ്മാ ചില യുക്തികള്‍...
പുലി ഒന്നും ചെയ്യില്ലാന്ന് അവര് പറഞ്ഞു. നായയെപ്പോലെ ഒന്നു നോക്കും. പിന്നെ അത് അതിന്റെ പാട്ടിനും നമ്മള്‍ നമ്മടെ പാട്ടിനും നടക്കുമെന്ന്.
ഇതൊക്കെ അവരുടെ പൊയ്പറച്ചിലുകളല്ലേയെന്ന് ഒരിക്കലും തോന്നിയിട്ടില്ല. അത്രയൊന്നും സംസാരിക്കാത്ത അവര്‍ക്ക് പൊയ്പറഞ്ഞിട്ട് ഒരു കാര്യവുമില്ലെന്ന് തോന്നിയിരുന്നു.
സുന്ദരിയക്കയുടെ മാടിനെ കാണാതാവുന്നത് ആരും പറഞ്ഞിട്ടല്ല ഞങ്ങളറിയുന്നത്. കാലത്ത് പാലിനുചെല്ലുമ്പോള്‍ കറന്നിട്ടുണ്ടാവില്ല.
ഒരിക്കല്‍ കാണാതെപോയ കന്നുക്കുട്ടിയെ അന്വേഷിച്ച് രണ്ടുദിവസം നടന്നു. ആ കന്നുക്കുട്ടി തിരിച്ചുവന്നില്ല. മൂന്നാം ദിവസം ഒരുവെക്കാലിമരത്തിന്റെ തുഞ്ചത്തിരിക്കുമ്പോള്‍ സുന്ദരിയക്ക കണ്ടു കുറച്ചപ്പുറെ ഗുഹയ്ക്കടുത്ത് പകുതിമുക്കാല്‍ മാംസവും നഷ്ടപ്പെട്ട കന്നുക്കുട്ടിയുടെ ജഡം. സുന്ദരിയക്ക ആ മരത്തിലങ്ങനെ ഇരുന്നു കുറേനേരം.
രണ്ടുപുലികള്‍ പങ്കിട്ടു തിന്നുകയായിരുന്നു കന്നുക്കുട്ടിയെ..!

അങ്ങനെ എന്തെല്ലാം കഥകളാണ്. ഒരിക്കല്‍ മലമുഴക്കി വേഴാമ്പല്‍ വന്നിട്ടുണ്ട് കാട്ടിലെന്നു പറഞ്ഞു. ഞങ്ങള്‍ കുറേ തിരഞ്ഞു. കണ്ടു കിട്ടിയില്ല. വേഴാമ്പലെന്ന പേരിന്റെ സൗന്ദര്യത്തില്‍ പഞ്ചവര്‍ണ്ണക്കിളി പോലൊന്നായിരിക്കുമെന്നായിരുന്നു ചിന്ത. പിന്നീടെത്രയോ കഴിഞ്ഞാണ് വേഴാമ്പലിനെ കാണാനായത്.

സുന്ദരിയക്ക മാത്രമല്ല എത്രയോ പേര്‍ ഇങ്ങനത്തെ കഥകള്‍ പറഞ്ഞു തന്നിരിക്കുന്നു. അവരുടെ യാത്രാനുഭവങ്ങള്‍. ദൂരേക്കൊന്നും അവരു പോകാറില്ല. ജീവിതം കഴിഞ്ഞുപോകാനുള്ള നെട്ടോട്ടത്തിനിടയില്‍ കാണുന്ന കാഴ്ചകള്‍..മിക്കവാറും പെണ്‍യാത്രകളൊക്കെ ഇങ്ങനെയാണെന്നാണ് തോന്നുന്നത്. കുഞ്ഞുകുഞ്ഞു യാത്രകള്‍..മുററത്തിനതിരുവിട്ട് അല്പം കൂടി നീളുന്ന യാത്രകള്‍..
ഇക്കാലത്ത് ബസ്സിലും ട്രെയിനിലുമൊക്കെ ജനങ്ങള്‍ക്കിടയിലൂടെ യാത്ര ചെയ്യുമ്പോള്‍ സ്ത്രീകള്‍ക്ക് ഒരു സുരക്ഷതവുമില്ലെന്നറിയാം. ചുറ്റുപാടുകള്‍ക്കപ്പുറത്തേക്ക് സ്ത്രീയാത്രകള്‍ നീണ്ടപ്പോള്‍ അതെല്ലാം ഒരുപാടുകാലമായി പുരുഷന്റെ ലോകമായിരിന്നതുകൊണ്ട്്്് വീട്ടിലിരുന്നോ പെണ്ണേ, ഇല്ലെങ്കില്‍ ഞങ്ങളിങ്ങനെയൊക്കെയായിരിക്കും എന്ന് ചിലരെങ്കിലും കാണിച്ചു തരുന്നു. ആ യാത്രകളൊന്നും വിനോദയാത്രകളല്ലെങ്കിലും... ഭരണഘടനയും നിയമങ്ങളും സ്ത്രീക്കും പുരുഷനും തുല്യമായി തന്നെ സഞ്ചാരസ്വാതന്ത്ര്യം അനുവദിച്ചിരിക്കുമ്പോള്‍ വനിതകമ്മീഷന്റെ തലപ്പത്തിരിക്കുന്ന, നീതിപീഠത്തിലിരുന്നവര്‍ ..അവരും സത്രീയായിരുന്നുകൊണ്ടു തന്നെ പറയുന്നു ഒറ്റയ്ക്ക് യാത്ര ചെയ്യരുത് ..ഇങ്ങനെയൊക്കെ സംഭവിക്കും എന്ന് .

പറഞ്ഞു വന്നത് പെണ്‍ യാത്രാനുഭവങ്ങളെക്കുറിച്ചാണ്. ജനനിബിഡമല്ലാത്ത കുഞ്ഞുദൂരത്തേക്കുള്ള യാത്രകളെകുറിച്ചാണ്. എഴുതപ്പെടാത്ത ഞാന്‍ കേട്ട ആ യാത്രകളിലൊന്നും സ്ത്രീ-പുരുഷന്‍ എന്ന വാക്കുകളോ ആരെങ്കിലും ഉപദ്രവിച്ചു എന്നോ ഒന്നും കേട്ടിട്ടില്ല. (എന്നാല്‍ നീണ്ടു നില്ക്കാത്ത ചില പ്രണയത്തെക്കുറിച്ച് കേട്ടിരുന്നു.) ഒരുപക്ഷേ, അവരൊക്കെ ധൈര്യവതികളായിരുന്നു. ഉപദ്രവിക്കാന്‍ ഇവരെ അറിയുന്ന പുരുഷന് സാധിച്ചിട്ടുണ്ടാവില്ല. ഹൈറേഞ്ചിലെ പെണ്ണുങ്ങള്‍ സാമര്‍ത്ഥ്യമുള്ളവരും ധൈര്യശാലികളും യുക്തിയുള്ളവരുമായിരുന്നു.
ജീവിതത്തിന്റെ നെട്ടോട്ടമാണല്ലോ അവരുടെ യാത്രകള്‍. നേരം പുലരും മുമ്പേ വിറകിനും പുല്ലിനുമായി മലകയറുന്ന പെണ്ണുങ്ങള്‍ക്ക് വനഭംഗി ആസ്വദിക്കാന്‍ കഴിയാറുണ്ടോ? നിത്യജീവിതത്തില്‍ കണ്ടുകൊണ്ടിരിക്കുന്നവയ്ക്ക് സൗന്ദര്യമുണ്ടോ? പലവിധ ചോദ്യങ്ങള്‍ സ്വയം ചോദിച്ചു നോക്കാറുണ്ട്.
അപ്പോഴായിരിക്കും കുഞ്ഞീരാത്താ ' മോനേ, ഇന്നു കാടൊന്നു കാണണം..എന്നാ രസവാന്നോ...നെറച്ചും ചൊമന്ന പൂക്കളാ..എന്തോരം പൂക്കളാന്നോ...' എന്നു പറഞ്ഞുകൊണ്ട് തോര്‍ത്തില്‍ കെട്ടിയ പൂക്കള്‍ മുന്നിലേക്ക് ചൊരിയുന്നത്.
പിന്നെയൊരിക്കല്‍ നീലപൂക്കളെക്കുറിച്ചായിരിക്കും പറയുന്നത്. മറ്റൊരിക്കല്‍ മഞ്ഞച്ചേലയുടുത്തു നില്ക്കുന്ന വനസുന്ദരിയെക്കുറിച്ചായിരിക്കും ... ചിലപ്പോള്‍ പൂക്കളെ വര്‍ണ്ണിച്ചിട്ട് പറയും
'മോനേ, ഇത് ഓരോന്നായിട്ട് കാണാന്‍് രസവില്ലാട്ടോ. മരത്തില് പൂത്തു നിക്കണ കാണണം. '

കുഞ്ഞീരാത്തായുടെ കൂടെ കാടുകാണാന്‍ പോകണം എന്നോര്‍ക്കും. പണ്ടുപോയ വഴികളൊക്കെ ഇപ്പോഴുമുണ്ടോ എന്നറിയണമെന്നോര്‍ക്കും... ചുവന്ന പൂക്കള്‍ ചൊരിഞ്ഞ ദിവസം 'നാളെ ഞാനും വരാട്ടോ' എന്നു പറഞ്ഞു.

'രണ്ടൂന്നു ദിവസത്തേക്ക് ഇത്താക്ക് മഠത്തി പണിയാന്‍ പോണോല്ലോ..അര്‍ജന്റ് പണിയാ...അതു കഴിയട്ടേട്ടോ...'

അന്നേരത്തേക്കും എനിക്ക് കോഴിക്കോട്ടേക്ക് മടങ്ങേണ്ട സമയമായി.
പണ്ട്, മുമ്പും പിമ്പും നോക്കാതെ പാറകേറിയങ്ങ് നടന്നാല്‍ മതിയായിരുന്നു. കൂട്ടിനാരും വേണമെന്ന നിര്‍ബന്ധവുമില്ലായിരുന്നു. ഇപ്പോള്‍ മോളുണ്ട്്. ഒന്നുകില്‍ അവളുടെ കണ്ണുവെട്ടിക്കണം. അല്ലെങ്കില്‍ കൂടെകൂട്ടണം. അതു പ്രയാസമാവും. എടുക്കാനും വയ്യ. നടത്താനും വയ്യ. പറമ്പിന്റെ അതിരിലെ പാറയില്‍ കുറച്ചു നേരം പോയിരിക്കാമെന്നു കരുതിയാല്‍ തന്നെ, തോട്ടിലൊന്നുപോയി ഒഴുക്കിനെ മീനുകളെ കണ്ടിരിക്കാമെന്നുവെച്ചാല്‍ തന്നെ 'നിനക്കെന്നാ പ്രാന്താണോ?' എന്ന് അമ്മച്ചി ചോദിക്കും.
സുന്ദരിയക്കയും ഇന്ദിരചേച്ചിയും കുഞ്ഞീരാത്തയുമൊക്കെ പോയ ആ വഴികളിലൂടെ എന്നാണ് പോകാനാവുക, ഇനിയെന്നെങ്കിലും സാധിക്കുമോ എന്നെല്ലാമാണ് ചിന്തകള്‍. അപ്പോഴാണ് വിറകുകെട്ടുമായി വീപ്പീത്താ മുന്നില്‍...ഈ പെണ്ണുങ്ങളൊക്കെ ഓരോ ഇതിഹാസമാണല്ലോ എന്നോര്‍ക്കും അപ്പോള്‍...ഇവരെപ്പറ്റിയൊക്കെ എവിടെയൊക്കെയോ കഥയായിട്ടും കാര്യമായിട്ടും എഴുതിയിട്ടുണ്ട്. എന്നാലും തീരുന്നില്ല. ഒരിക്കലും ആരും പൂര്‍ണ്ണമാകുന്നില്ല.

കാട്ടിലേക്ക് പോകാന്‍ പേടിയുണ്ടെന്ന് ഇന്നേവരെ വീപ്പീത്ത പറഞ്ഞു കേട്ടിട്ടില്ല. എന്നാല്‍ മകളെ പ്രസവിച്ച ഉടനെ കൊടും വനം താണ്ടി പെരിയാറു നീന്തി അക്കരെ കടന്ന് ഇടുക്കിറോഡിന്റെ പണിക്കുപോയ കഥ പലവട്ടം പറഞ്ഞു കേട്ടിട്ടുണ്ട്. ഇന്ന് ആ വനം എന്താണെന്ന് ഊഹിക്കാം. പത്തിരുപതുവര്‍ഷം മുമ്പ് എന്തായിരുന്നുവെന്ന് എനിക്കറിയാം. അതിനും പത്തിരുപത്തിരണ്ടുവര്‍ഷം മുമ്പ് ഞങ്ങളുടെ പറമ്പുപോലും കൊടുംകാടായിരുന്നെന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത്. അക്കാലത്താണ് കൊടും വനമായിരുന്ന ഒരു മലകയറി പിന്നെയൊരു സമതലം കടന്ന് വീണ്ടും ചെറിയ കുന്നു കയറി പിന്നെയാണ് ശരിക്കുമുളള വനം. ഇന്നും അവിടെ വനമാണ്. കിഴക്കാംതൂക്കായ മല. അന്ന് ഇടുക്കിറോഡിനു പണിക്കുപോയവര്‍ തെളിച്ച ചെരിഞ്ഞ വഴികളാണ് പിന്നീട് വിറകിനു പോയവര്‍ ഉപയോഗിച്ചിരുന്നത്. കുത്തനേയും ചെരിഞ്ഞുമായുള്ള പാറകളും വഴികളും എത്രദൂരം നടന്നാലാണ് പെരിയാറിന്റെ തീരത്തെത്തുക.? പിന്നെയത് നീന്തിക്കടക്കണം. പിന്നെയും നടക്കണം. എങ്ങനെ വേഗത്തില്‍ നടന്നാലും രണ്ടുമണിക്കൂറിലേറെ വേണമെന്നാണ് തോന്നുന്നത്. തിരിച്ചുള്ള കയറ്റം ദുര്‍ഘടം. ..അന്ന് നാട്ടില്‍ കൂലിപ്പണി കാര്യമായില്ലാത്ത കാലം. ഇടുക്കിറോഡുപണിക്കുപോയാല്‍ കൂലികിട്ടും..അരിയും ധാന്യങ്ങളും കിട്ടും. അപ്പോള്‍ നേരം പുലരും മുമ്പേ ഇറങ്ങുകയായി.

മകള്‍ തൊട്ടിലില്‍...വല്ല്യുമ്മയെ ഏല്പിച്ച് നടക്കും. പ്രസവരക്ഷയില്‍ കിടക്കേണ്ട നാളുകളില്‍ മാറില്‍ പാണനിലയും വെച്ച് കാടുകയറുകയാണ്. കാട്ടിലൊരുപാട് പിശാചുക്കളുണ്ട്. ചീത്തയുടെ ഉപദ്രവമുണ്ട്. ആ ചീത്തയില്‍ നിന്ന് മുലപ്പാലിനെയും പെറ്റെണീറ്റ പെണ്ണിനേയും രക്ഷിക്കുന്നത് പാണനിലയാണ്.

പണിസ്ഥലത്തെത്തുമ്പോഴേക്കും പാലുനിറയും. പിന്നെ വേദനയാണ്.
'എന്തോരം പാലാര്‍ന്നുന്നോ'...
പിന്നെയവര്‍ പാലുതിങ്ങി വേദനിക്കുമ്പോള്‍ എല്ലാരും കഞ്ഞികുടിച്ച് പോകുന്നവരെ അടുപ്പുകല്ലിന്നരികില്‍ കാത്തിരിക്കുമായിരുന്നു. അടുപ്പിടുത്തുനിന്ന് ആളുമാറിക്കഴിയുമ്പോള്‍ പാലുപിഴിഞ്ഞ് അടുപ്പിലേക്കൊഴുക്കിയിരുന്നത്രേ! മറ്റെവിടെയെങ്കിലുമൊഴി്ച്ചാല്‍ അത് കുഞ്ഞിന് കേടാണുപോലും..

പണികഴിഞ്ഞ് വീണ്ടും പുഴനീന്തി മലകയറിയിറങ്ങി വീട്ടിലെത്തുമ്പോള്‍ ഇരുളും.
'പാവം പെണ്ണ്..കരഞ്ഞ് കരഞ്ഞ് ഒന്നു ചപ്പുമ്പളേക്കും ഒറങ്ങിപ്പോകും..പിന്നേം അടുപ്പിന്റടുത്തേക്കു പോണം'.....

ജീവിക്കാനുള്ള ആ ഓട്ടത്തിനിടയിലും അവര്‍ കാടുകണ്ടു. കാട്ടുപൂക്കളേയും ചിത്രശലഭങ്ങളേയും കണ്ടു. പുതിയയിനം വള്ളി കാട്ടില്‍ വരുമ്പോള്‍ വേഗം തിരിച്ചറിഞ്ഞു. അറുപതുവയസ്സിനുമുകളില്‍ പ്രായമുള്ള അവര്‍ കാടുകൊണ്ടാണ് ജീവിതം നീ്ക്കുന്നത്.
ഇപ്പോഴും വിറകിനു പോകും.
സസ്യങ്ങളെക്കുറിച്ച് മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതിയ ലേഖനത്തില്‍ 'വീപ്പീത്തയുടെ ആരോഗ്യരഹസ്യം' എന്നൊരു ഭാഗമുണ്ടായിരുന്നു. മേലുനൊമ്പരത്തിന് പനിച്ചംപുളിയിലയിട്ട് ചൂടാക്കിയ വെള്ളത്തില്‍ കുളി..ചാളമേടിച്ച് പനിച്ചംപുളിയില ഉപ്പും കാന്താരിയും ചേര്‍ത്തരച്ചുണ്ടാക്കുന്ന അട. പുളിയിലച്ചമ്മന്തി..കാട്ടുതാള്‍...
വായിക്കാനറിയാത്ത വീപ്പീത്താക്ക് അമ്മച്ചി വായിച്ച് കേള്‍പ്പിച്ചപ്പോള്‍ -ആ കൊച്ചിതൊക്കെ ശ്രദ്ധിച്ചത് ഞാനറിഞ്ഞില്ലാല്ലോ...ഇങ്ങനെ കഥയെഴുതുവെങ്കി..എന്തോരം കാര്യങ്ങളാ പറയാനൊള്ളത് -.എന്നു പറഞ്ഞെന്ന്്..
ഒരു യാത്രാനുഭവം എഴുതേണ്ടി വന്നപ്പോള്‍ ആലോചിച്ചത് വിനോദയാത്രകളൊന്നുമായിരുന്നില്ല. പാട്ടും ആട്ടവുമായി പുറംലോകത്തെ അത്രയൊന്നും ശ്രദ്ധിക്കാതെ രണ്ടോ മുന്നോ ദിവസം കറങ്ങി നടന്നതൊക്കെ എന്തെഴുതാനാണെന്നോര്‍ത്തു. അത്തരം യാത്രകള്‍ ആഘോഷമാണ്. അതുകൊണ്ടാണ് വനയാത്രയെക്കുറിച്ചെഴുതാനിരുന്നത്. അതിലല്പം സാഹസികതയുണ്ടായിരുന്നു. ചില യാത്രകള്‍ ഒറ്റയ്ക്കായിരുന്നു. ആ യാത്രയുടെയൊന്നും പിന്നില്‍ വിനോദമായിരുന്നില്ല. ഓരോ ആവശ്യങ്ങള്‍ വന്നു ചേര്‍ന്നപ്പോള്‍ അങ്ങനെയങ്ങ് പോയി. കാടു കയറി. എഴുതിയതൊന്നും പൂര്‍ണ്ണമല്ലെന്നറിയുന്നു. ഇപ്പോള്‍ അത്തരം യാത്രകളില്ല.

സാഹസികയാത്രകള്‍ ഞാനിഷ്ടപ്പെട്ടിരുന്നു. കുറേനാള്‍ മുമ്പ് നൂറോളം പേര്‍ പങ്കെടുത്ത വിനോദയാത്രയില്‍ സഹയാത്രികമാരോട് ഞാനിക്കാര്യം ചോദിച്ചു. പലര്‍ക്കും മലയും കുന്നും കയറാനും കാടുകാണാനും ഇഷ്ടമായിരുന്നു. പക്ഷേ, ഒപ്പമുള്ള പുരുഷന്‍മാര്‍ പലതും പറഞ്ഞ് മാറ്റിനിര്‍ത്തുന്നുവത്രേ!
ശരിയാണ് ആണിനെ സംബന്ധിച്ച് ഒരു കൂട്ടുകാരനെ കിട്ടിയാല്‍ നേരയങ്ങു പോവുകയായി ശിരുവാണിയിലോ, ചിത്രമൂലയിലോ, ചെമ്പ്രയ്ക്കുമുകളിലേക്കോ...'നിങ്ങള്‍ക്കൊരു ശല്യവുമുണ്ടാക്കില്ല. കൂടെയുണ്ടെന്ന് വിചാരിക്കുകയേ വേണ്ട ..എനിക്കും കാണേണ്ടേ മാനം തൊട്ടു നില്ക്കുന്ന മേഘങ്ങളെ..സന്ധ്യക്ക് കാറ്റത്ത് തോണിയിലൊരു സാഹസികയാത്ര...കാട്ടിലെ പാറയിടുക്കുകളും വെള്ളച്ചാട്ടങ്ങളും. ...മുമ്പില്‍ വന്നുപെടാവുന്ന മൃഗങ്ങളെ..ഇതിന്റെയൊക്കെ അപകടങ്ങളെ'...

എത്ര പറഞ്ഞാലും കൊണ്ടുപോകില്ല. മുമ്പത്തേക്കാളേറെ സ്ത്രീകള്‍ ഉദ്യോഗസ്ഥകളാണ്. സ്വന്തമായി അധ്വാനിക്കുന്ന പണമുണ്ട്. പക്ഷേ, ഒരു സാധാരണ വിനോദയാത്രപോലും ചിലപ്പോള്‍ വിലക്കപ്പെടും.

പുരുഷന്റെ യാത്രവിവരണങ്ങളില്‍നിന്ന് വ്യത്യസ്തമാകുന്ന സ്ത്രീയാത്രകളെക്കുറിച്ച്് ഗീതാഞ്ജലി കൃഷ്ണന്‍ എഴുതിയ 'യാത്രയിലെ പെണ്‍കാഴ്ചകള്‍' എന്ന ലേഖനം വായിച്ചു നടത്തിയ സംവാദത്തില്‍, ചിലയാത്രകള്‍ നമ്മള്‍ ആഗ്രഹിക്കുകയും പലപ്പോഴും സാധിക്കാതെ വരുന്നതിനെക്കുറിച്ചും പറഞ്ഞപ്പോള്‍ കേട്ടിരുന്ന സ്ത്രീകളേതാണ്ട് എന്റെ സമാനമായ അവസ്ഥയിലായിരുന്നു.
തിരിച്ചിറങ്ങുമ്പോള്‍ ഒരാള്‍ എന്നോട് മാത്രമായി പറഞ്ഞു. 'ഞങ്ങള്‍ ആണുങ്ങള്‍ പലയിടത്തും പോകും. വെള്ളമടിക്കും. രസിക്കും. അതുകണ്ട് പെണ്ണുങ്ങള്‍ തുള്ളണ്ട'
ഈ ലോകം മുഴുവന്‍ എന്നാണ് ഇവര്‍ക്കുമാത്രമായി പതിച്ചു നല്കിയത് എന്നും ആ പട്ടയക്കടലാസ് ഒന്നു കാണാനായെങ്കില്‍ എന്നുമോര്‍ത്ത് നടന്നു. അതും യാത്രയായിരുന്നു. ജീവിതത്തില്‍ ചിലരെ തിരിച്ചറിയാന്‍ കിട്ടിയ യാത്രാനുഭവം.

ചിലര്‍ക്കേ ഈ ലോകത്തുകൂടി സഞ്ചരിക്കാനും സഞ്ചരിച്ചാല്‍ തന്നെ എഴുതാനുമാവൂ. ആഗ്രഹിച്ച ഇടങ്ങളിലുടെ മറ്റാരോ സഞ്ചരിച്ചെഴുതിയ വിവരണങ്ങള്‍ വായിച്ച് മനസ്സുകൊണ്ടൊരുലോകം തീര്‍ത്ത് അതിലൂടെ സഞ്ചരിക്കാം. ശരീരം കൊണ്ട് സഞ്ചരിക്കാവുന്ന ദൂരം ചങ്ങലവട്ടം മാത്രമായേക്കാം. പക്ഷേ, മനസ്സിന്റെ അതിരുകള്‍ ആകാശം തൊടും. മേഘങ്ങളെ ഉമ്മവെയ്ക്കും. നക്ഷത്രങ്ങളോടു കൂടുകൂട്ടും. ആര്‍ക്കു പറയാനാവും പോകരുതെന്ന്...?


കടപ്പാട് മാതൃഭൂമി ഓണ്‍ലൈന്‍

Tuesday, October 11, 2011

സര്‍പ്പശാപം: ചില വിയോജനക്കുറിപ്പുകള്‍

കു­റ­ച്ചു­ദി­വ­സം മു­മ്പാ­ണ് ഓഫീ­സില്‍ നി­ന്ന് മൂ­ന്നു­നാ­ലു പാ­മ്പിന്‍­കു­ഞ്ഞു­ങ്ങ­ളെ കി­ട്ടി­യ­ത്. നവീ­ക­രണ പ്ര­വര്‍­ത്ത­ന­ങ്ങള്‍­ക്കു­വേ­ണ്ടി കൊ­ണ്ടു­വ­ച്ചി­രു­ന്ന സി­മ­ന്റു­ചാ­ക്കു­കള്‍­ക്കി­ട­യി­ലാ­യി­രു­ന്നു ആ പാ­വ­ങ്ങള്‍. അയ്യോ ­പാ­മ്പ് എന്ന് ആര്‍­ത്തു­വി­ളി­ച്ച­വര്‍­ക്കി­ട­യി­ലെ ധൈ­ര്യ­ശാ­ലി­കള്‍ അവ­യെ ഷി­മ്മി­ക്കൂ­ടി­നു­ള്ളി­ലാ­ക്കി­.

സ­ഹ­പ്ര­വര്‍­ത്ത­ക­രോ­രു­ത്ത­രും പി­ന്നീ­ട് വള­രെ സൂ­ക്ഷി­ച്ച് കോ­ണി­പ്പ­ടി ഇറ­ങ്ങാന്‍ തു­ട­ങ്ങി. ചു­റ്റും പത്തു പ്രാ­വ­ശ്യ­മെ­ങ്കി­ലും നോ­ക്കാ­നും­... കൂ­ട്ടി­നു­ള­ളി­ലാ­യ­വ­യെ കാ­ണാന്‍ പലര്‍­ക്കും ധൈ­ര്യ­മു­ണ്ടാ­യി­ല്ല. പാ­മ്പി­ന്റെ വലി­പ്പ­ത്തെ­ക്കു­റി­ച്ചും ജാ­തി­യെ­ക്കു­റി­ച്ചും വി­ഷ­ത്തെ­പ്പ­റ്റി­യും ചര്‍­ച്ച­ക­ളേ­റെ നട­ന്നു. ആകാം­ക്ഷ സഹി­ക്കാ­ഞ്ഞ് എനി­ക്കും അവ­യെ ഒന്നു കാ­ണ­ണ­മെ­ന്നു തോ­ന്നി.

കാ­ണാന്‍ ചെ­ന്ന­പ്പോള്‍ ഒന്നു­മി­ല്ല. പാ­മ്പെ­വി­ടെ എന്ന ചോ­ദ്യ­ത്തി­ന് അടു­ത്തു­ള്ള കാ­ട്ടി­ലേ­ക്കു നട­ന്നു സഹ­പ്ര­വര്‍­ത്ത­കന്‍. പ്ലാ­സ്റ്റി­ക് കൂ­ടു­മാ­യി വരു­ന്ന­തു കണ്ട­പ്പോള്‍ ചത്ത­താ­ണെ­ന്നാ­ണ് കരു­തി­യ­ത്. പ­ക്ഷേ, അവ കൂ­ട്ടി­നു­ള്ളില്‍ കി­ട­ന്നു പു­ള­യു­ന്നു. വള­വ­ള­പ്പന്‍ കു­ഞ്ഞു­ങ്ങള്‍.
പാ­മ്പു കഥ­കള്‍ എന്റെ ഇഷ്ട­വി­ഷ­യ­മാ­യ­തു­കൊ­ണ്ട് വെ­റു­തെ ഒരു­ത്ത­രം കി­ട്ടാ­നാ­യി ചോ­ദി­ച്ചു, 'ഇ­തെ­ന്താ കൊ­ല്ലാ­തെ കൂ­ട്ടില്‍ കേ­റ്റി­യ­ത്' എന്ന്. 'കൊ­ന്നാ­ലേ ശാ­പം കി­ട്ടും' എന്ന ഉത്ത­രം അല്പം ചി­ന്തി­പ്പി­ക്കു­ന്ന­താ­യി­രു­ന്നു. അപ്പോള്‍ ഈ കൂ­ട്ടില്‍ കയ­റ്റി കൂ­ടി­ന്റെ വാ­മൂ­ടി­ക്കെ­ട്ടി­യാല്‍ ശ്വാ­സം മു­ട്ടി­ച്ചാ­വി­ല്ലേ? അതി­ലും നല്ല­ത് ആ കാ­ട്ടി­നു­ള്ളി­ലേ­ക്കു തു­റ­ന്നു വി­ടു­ന്ന­താ­യി­രു­ന്നി­ല്ലേ?
അ­ടി­ച്ചു­കൊ­ന്നാ­ലേ പാ­പ­മു­ള്ളൂ എന്ന­വര്‍ ചി­ന്തി­ച്ചി­രി­ക്ക­ണം­.

കു­റേ വര്‍­ഷ­ങ്ങള്‍­ക്കു മു­മ്പ് ഞങ്ങ­ളു­ടെ അയല്‍­വീ­ട്ടി­ലെ കു­ളി­മു­റി­യില്‍ ഒരു സന്ധ്യ­ക്ക് വ­ള­വ­ള­പ്പന്‍ കയ­റി. ഒരാള്‍ തല്ലി­ക്കൊ­ല്ലാന്‍ വടി­യെ­ടു­ത്തു. പക്ഷേ ചു­റ്റും കൂ­ടി നി­ന്ന­വര്‍ പല അഭി­പ്രാ­യ­ക്കാ­രാ­യി. ചി­ല­രു­ടെ അഭി­പ്രാ­യം ഇങ്ങ­നെ­:

"­സ­ന്ധ്യാ­നേ­ര­ത്ത് ഒരു വരു­ത്തു­പോ­ക്കു­ണ്ട്. സാ­ക്ഷാല്‍ നാ­ഗ­മാ­ണ­ത്. കൊ­ന്നു ശാ­പം മേ­ടി­ക്ക­ല്ലേ­..."

ഒ­ച്ച­പ്പാ­ടി­നി­ട­യില്‍ കു­ളി­മു­റി­യി­ലെ ബക്ക­റ്റി­ന­ടു­ത്തു പതു­ങ്ങിയ പാ­മ്പി­നെ ഞാന്‍ തി­രി­ച്ച­റി­ഞ്ഞി­രു­ന്നു. കൊ­ല്ല­ണോ വേ­ണ്ട­യോ എന്ന തര്‍­ക്ക­ത്തി­നും കൊ­ന്ന­വര്‍­ക്കേ­ല്‌­ക്കേ­ണ്ടി വന്ന ശാ­പ­ത്തെ­ക്കു­റി­ച്ചു­മൊ­ക്കെ കു­ളി­മു­റി­ക്കു­പു­റ­ത്ത് ചര്‍­ച്ച നട­ക്കു­ന്ന­തി­നി­ട­യില്‍ ആയു­സി­നു നീ­ള­മു­ണ്ടാ­യി­രു­ന്ന വള­വ­ള­പ്പന്‍ ഓവു വഴി രക്ഷ­പ്പെ­ട്ടു­.

രാ­ജി­ല­വും (വ­ള­വ­ള­പ്പന്‍, മോ­തി­ര­വ­ള­യന്‍, ശം­ഖു­വ­ര­യന്‍) അണ­ലി വര്‍­ഗ്ഗ­വും പൊ­തു­വെ നല്ല പാ­മ്പു­ക­ളില്‍ പെ­ടാ­റി­ല്ല. ഇവി­ടെ സന്ധ്യാ­നേ­ര­മാ­ണ് രാ­ജി­ല­വര്‍­ഗ്ഗ­ത്തില്‍­പ്പെ­ട്ട പാ­മ്പി­നെ രക്ഷി­ച്ച­ത്. മി­ക്ക­വാ­റും ആളു­കള്‍ നല്ല­പാ­മ്പി­നെ കൊ­ല്ലാ­റി­ല്ല. നല്ല പാ­മ്പെ­ന്നാല്‍ മൂര്‍­ഖ­നാ­ണ്. ഐതീ­ഹ്യ­ങ്ങ­ളും ചി­ത്ര­ങ്ങ­ളും മു­ഴു­വന്‍ പത്തി­വി­ടര്‍­ത്തിയ നാ­ഗ­ങ്ങ­ളെ പരി­ച­യ­പ്പെ­ടു­ത്തു­ന്ന­തു­കൊ­ണ്ട് ഒരു സാ­ധാ­രണ മൂര്‍­ഖ­നെ കണ്ടാ­ലും തങ്ക­നാ­ഗ­ങ്ങ­ളോ­ട് ഉപ­മി­ക്കു­ക­യാ­യി.

ഇ­ത്ത­രം നാ­ഗ­ങ്ങള്‍­ക്ക് പല­ത­ര­ത്തി­ലെ മാ­സ്മ­ര­വി­ദ്യ­ക­ളു­ണ്ടെ­ന്നും കണ്ണില്‍­പൊ­ടി­യി­ട്ട് രക്ഷ­പ്പെ­ടു­മെ­ന്നു­മാ­ണ് ഒരു കെ­ട്ടു­ക­ഥ. പാ­മ്പി­നെ കൊ­ന്നാല്‍ അതി­ന്റെ ഇണ വന്ന് പക­രം വീ­ട്ടു­മെ­ന്ന് മറ്റൊ­രു കഥ. സത്യ­മെ­ന്താ­യി­രി­ക്കാം­?

എ­ല്ലാ­പാ­മ്പു­കള്‍­ക്കും ഗന്ധ­ഗ്ര­ന്ഥി­ക­ളു­ണ്ട്. ക്ഷോ­ഭം വരു­മ്പോള്‍ ഈ ഗ്ര­ന്ഥി­യില്‍ നി­ന്നും ഒരു­ത­രം ഗന്ധം പു­റ­ത്തു വരാ­റു­ണ്ട്. കൊ­ല്ലു­ക­യോ മു­റി­വേ­ല്ക്കു­ക­യോ ചെ­യ്യു­മ്പോള്‍ പാ­മ്പ് ഈ ഗന്ധം പു­റ­പ്പെ­ടു­വി­ക്കും. അടു­ത്തു­ള്ള മറ്റു പാ­മ്പു­കള്‍ ഈ ഗന്ധം തി­രി­ച്ച­റി­ഞ്ഞ് കാ­ര്യ­മ­റി­യാന്‍ എത്തി­യേ­ക്കാം; കൊ­ന്ന­യാ­ളോ­ട് പക­വീ­ട്ടാ­ന­ല്ല. പക്ഷേ, ഇതില്‍ നി­ന്നാ­വാം പാ­മ്പി­നെ കൊ­ന്നാല്‍ ഇണ വന്ന് പക വീ­ട്ടു­മെ­ന്ന കഥ പ്ര­ച­രി­ച്ച­ത്.

നോ­വി­ച്ചു വി­ടു­ന്ന പാ­മ്പ് പക വീ­ട്ടു­മെ­ന്ന് പര­ക്കെ കേള്‍­ക്കു­ന്ന മറ്റൊ­രു കഥ­യാ­ണ്. ഇത്ത­രം അന്ധ­വി­ശ്വാ­സ­ങ്ങള്‍­ക്ക് മനു­ഷ്യ­രാ­ശി­യു­ടെ അത്ര­ത­ന്നെ പഴ­ക്ക­മു­ണ്ടെ­ന്നു പറ­യാം. മനു­ഷ്യന്‍ ഏറ്റ­വു­മേ­റെ കഥ­കള്‍ കെ­ട്ടി­യു­ണ്ടാ­ക്കി­യ­ത് പാ­മ്പി­നു­ചു­റ്റു­മാ­യി­രി­ക്ക­ണം. വഴു­വ­ഴു­പ്പു തോ­ന്നി­പ്പി­ക്കു­ന്ന സ്ഥൂ­ല­പ്ര­കൃ­തി­യാ­വാം പാ­മ്പി­നെ ഇത്ര­യേ­റെ നി­ഗൂ­ഢ­സ്വ­ഭാ­വി­യും മനു­ഷ്യ­ന്റെ ശത്രു­വു­മാ­ക്കി­യ­ത്. പ്ര­കൃ­തി­ക്ഷോ­ഭ­ങ്ങള്‍ കഴി­ഞ്ഞാല്‍ മനു­ഷ്യന്‍ എന്നും ഭയ­ന്ന­ത് പാ­മ്പു­ക­ളെ­യാ­ണ്.

ഇ­ര­തേ­ടു­ക, വി­ശ്ര­മി­ക്കു­ക, ശത്രു­ക്ക­ളില്‍ നി­ന്നും രക്ഷ­തേ­ടുക എന്ന­തി­ല­പ്പു­റം ചി­ന്തി­ക്കാന്‍ കഴി­യു­ന്ന മസ്തി­ഷ്‌­ക­മൊ­ന്നും ഈ ജീ­വി­കള്‍­ക്കി­ല്ല. മനു­ഷ്യ­നു­ള്ള­തു­പോ­ലു­ള്ള വി­വേ­ക­ബു­ദ്ധി ഒരു ജീ­വി­ക്കു­മി­ല്ല. മനു­ഷ്യ­രെ­പ്പോ­ലെ മുന്‍­കൂ­ട്ടി ചി­ന്തി­ച്ച് പദ്ധ­തി­കള്‍ ആസൂ­ത്ര­ണം ചെ­യ്യാ­നാ­കാ­ത്ത പാ­മ്പു­കള്‍­ക്കു­മേല്‍ പക, അസൂ­യ, തു­ട­ങ്ങിയ കു­റ്റ­ങ്ങള്‍ കെ­ട്ടി­വെ­യ്ക്കു­ന്ന­താ­ണ് അസം­ബ­ന്ധം.

പാ­മ്പി­നെ കണ്ടാല്‍ കൊ­ല്ല­ണം ചി­ലര്‍­ക്ക്. കൊ­ല്ലാ­നാ­യി­ല്ലെ­ങ്കില്‍ പര­മാ­വ­ധി ഉപ­ദ്ര­വി­ക്കു­ക­യെ­ങ്കി­ലും വേ­ണം. പ്രാ­ണ­ര­ക്ഷാര്‍­ത്ഥം ഓടു­ന്ന പാ­മ്പ് മു­മ്പില്‍ കാ­ണു­ന്ന എന്തി­നേ­യും കടി­ച്ചേ­ക്കാം. പൂര്‍­വ്വ വി­രോ­ധം കൊ­ണ്ട് ആര്‍­ക്കും കടി കി­ട്ടി­യ­താ­യി അറി­വി­ല്ല. എന്റെ ചി­കി­ത്സാ­നു­ഭ­വ­ങ്ങ­ളില്‍ പക കൊ­ണ്ട് കടി­ച്ച­താ­യി അറി­വി­ല്ല. പല­പ്പോ­ഴും ചവി­ട്ടി­യി­ട്ടാ­ണ് കടി­ച്ചി­ട്ടു­ള­ള­ത്. ചി­ല­പ്പോള്‍ പു­ല്ല­രി­യു­ക­യോ മറ്റോ ചെ­യ്യു­മ്പോള്‍ കത്തി തട്ടി­യും മറ്റും­...

വിഷ ചി­കി­ത്സ ചെ­യ്തി­രു­ന്ന ഒരു കു­ടും­ബ­ത്തില്‍ ജനി­ച്ചി­ട്ടും കു­ട്ടി­ക്കാ­ല­ത്ത് സന്ധ്യ കഴി­ഞ്ഞാല്‍ പാ­മ്പി­ന്റെ പേ­രു­ച്ച­രി­ക്കാ­നോ പാ­മ്പു­ക­ഥ­കള്‍ പറ­യാ­നോ പാ­ടി­ല്ലാ­യി­രു­ന്നു. പാ­മ്പി­നെ­ക്കു­റി­ച്ച് എന്തെ­ങ്കി­ലും പറ­ഞ്ഞാല്‍ തന്നെ മൂര്‍­ഖന്‍, ചേ­ര, അണ­ലി എന്നൊ­ന്നും പറ­യാ­തെ അത്, ഇത്, ആ സാ­ധ­നം, ഈ സാ­ധ­നം എന്നൊ­ക്കെ വേ­ണ­മാ­യി­രു­ന്നു പറ­യാന്‍. ഈ വര്‍­ത്ത­മാ­ന­ങ്ങള്‍ എന്നെ കു­റ­ച്ചൊ­ന്നു­മ­ല്ല കു­ഴ­ക്കി­യ­ത്. ഒരു സന്ധ്യാ­നേ­ര­ത്ത് അത്താ­മ്മ­യെ പാ­മ്പു കടി­ച്ച­പ്പോള്‍ 'എ­ന്നെ ഒരു സാ­ധ­നം തൊ­ട്ടൂ' എന്നാ­ണ് അതി­നെ­ക്കു­റി­ച്ച് പറ­ഞ്ഞ­ത്.. പേ­രു പറ­യു­ന്ന­തി­നെ­ന്താ­ണെ­ന്ന് അത്താ­മ്മ­യോ­ടു ചോ­ദി­ച്ച­പ്പോള്‍ അവ വീ­ട്ടി­ന­ക­ത്തേ­ക്ക് കയ­റി വരു­മെ­ന്നാ­യി­രു­ന്നു മ­റു­പ­ടി­...

മു­തിര്‍­ന്ന­പ്പോള്‍ പാ­മ്പു­കള്‍­ക്ക് മനു­ഷ്യ­ന്റെ ഭാഷ തി­രി­യു­മോ എന്ന് ബല­മായ സം­ശ­യ­മു­ണ്ടാ­യി. ഇന്നും അതു തു­ട­രു­ന്നു­ണ്ട്. കാ­ര­ണം ഇപ്പോ­ഴും പല­രും സന്ധ്യ­ക്ക് പോ­യി­ട്ട് പക­ലു­പോ­ലും പേ­രു­ച്ച­രി­ക്കാന്‍ മടി­ക്കു­ന്നു. മൂര്‍­ഖന്‍ എന്ന് മല­യാ­ള­ത്തില്‍ പറ­യു­ന്ന പേ­രാ­ണ­ല്ലോ­..ഇം­ഗ്ലീ­ഷി­ലാ­വു­മ്പോള്‍ കോ­ബ്ര­യാ­വും. ഇതൊ­ക്കെ രാ­ത്രി പറ­യു­മ്പോള്‍ ആ പാ­മ്പ് പതു­ക്കെ വി­ളി­കേ­ട്ടു വരു­മ­ത്രേ­... അല്ലെ­ങ്കി­ലും മാ­സ്മ­ര­വി­ദ്യ­ക­ളി­റി­യു­ന്ന പാ­മ്പി­ന് ലോ­ക­ത്തെ സകല ഭാ­ഷ­യും മന­സ്സി­ലാ­കാ­തെ വയ്യ­ല്ലോ­!

അ­മ്മ ടി­വി­യില്‍ പാ­മ്പി­നെ കണ്ടാല്‍ പാ­മ്പെ­ന്നു­പോ­ലും പറ­യി­ല്ലെ­ന്ന്, അതി­നെ മാ­റ്റ് എന്നാ­ണ് പറ­യു­ന്ന­തെ­ന്ന് അടു­ത്തി­ടെ ഇക്കാ­ര്യ­ത്തെ­ക്കു­റി­ച്ച് സു­ഹൃ­ത്തു­മാ­യി സം­സാ­രി­ക്കു­മ്പോള്‍ അവന്‍ പറ­ഞ്ഞു. ഈ വി­ശ്വാ­സ­ങ്ങ­ളൊ­ക്കെ എവി­ടെ നി­ന്നു വന്നു എന്നും എങ്ങ­നെ ഇവി­ടെ ഉറ­ച്ചു നി­ല്ക്കു­ന്നു എന്നു­മാ­ണ് ഇന്നു­മ­റി­യാ­ത്ത­ത്.

അ­ടു­ത്തി­ടെ­യാ­ണ് സോ­റി­യാ­സി­സി­നു ചി­കി­ത്സി­ച്ചു കൊ­ണ്ടി­രു­ന്ന ആള്‍ വി­ഷ­മാ­ണോ എന്ന സം­ശ­യ­ത്താല്‍ വന്ന­ത്. കൈ­യ്യി­ലും കാ­ലി­ലും ഒരു­ത­രം ചൊ­റി­യും ചി­ര­ങ്ങു­മാ­ണ് രോ­ഗം. ചില സമ­യ­ത്ത് വി­സര്‍­പ്പ­വു­മു­ണ്ട്. പര­സ്യ­ത്തില്‍ കണ്ട ­സോ­റി­യാ­സി­സ് ചി­കി­ത്സാ­കേ­ന്ദ്ര­ത്തില്‍ ഒരു മാ­സ­ത്തി­ന­ടു­ത്ത് കി­ട­ന്നി­ട്ടും കൂ­ടു­ക­യ­ല്ലാ­തെ കു­റ­യാ­തെ വന്ന­പ്പോള്‍ മറ്റൊ­രു സോ­റി­യാ­സി­സ് വി­ദ­ഗ്ധ­നെ കാ­ണി­ച്ച­പ്പോള്‍ അദ്ദേ­ഹ­മാ­ണ് വി­ഷ­മാ­ണോ എന്ന­റി­യാന്‍ പ­റ­ഞ്ഞ­ത്. പക്ഷേ, വി­ഷ­ത്തെ അറി­യാന്‍ ക­ണ്ടെ­ത്തിയ മാര്‍­ഗ്ഗ­മാ­ണ് ബഹു­ര­സം. ഒരു ജ്യേ­ാ­ത്സ്യ­നെ കാ­ണാ­നാ­ണ് അദ്ദേ­ഹം പറ­ഞ്ഞ­ത്. ജ്യേ­ാ­ത്സ്യ­നെ­ന്തു പറ­യു­ന്നു എന്നു നോ­ക്കൂ എന്ന്.

എ­നി­ക്ക് ചി­കി­ത്സ അറി­യാം എന്ന­റി­യാ­വു­ന്ന­വ­രാ­യ­തു­കൊ­ണ്ട് ജ്യേ­ാ­ത്സ­നെ കാ­ണു­ന്ന­തി­നു മു­മ്പ് ഇക്കാ­ര്യ­ത്തെ­ക്കു­റി­ച്ച് സം­സാ­രി­ച്ചു. അവര്‍ സം­സാ­രി­ക്കു­മ്പോ­ഴൊ­ക്കെ ഞാന്‍ ശ്ര­ദ്ധി­ച്ച­ത് അവ­രു­ടെ മനോ­ഭാ­വ­മാ­ണ്. അ­തു­കൊ­ണ്ടു­ത­ന്നെ ഒരു­കാ­ര്യം വ്യ­ക്ത­മാ­യി­രു­ന്നു. മു­റി­വു­നോ­ക്കി ലക്ഷ­ണ­ങ്ങള്‍ വച്ച് വി­ഷ­മാ­ണോ അല്ല­യോ എന്ന് ഞാന്‍ പറ­യു­ന്ന­തി­നേ­ക്കാള്‍ അവര്‍ ജ്യേ­ാ­ത്സ്യ­നില്‍ വി­ശ്വ­സി­ക്കു­ന്നു­ണ്ട്.

ഇ­ത്ത­രം സന്ദര്‍­ഭ­ങ്ങ­ളില്‍ അവ­രു­ടെ മാ­ന­സിക സം­തൃ­പ്തി­ക്കാ­ണ് മുന്‍­ഗ­ണന കൊ­ടു­ക്കാ­റ്. അതു­കൊ­ണ്ടു­ത­ന്നെ ജ്യേ­ാ­ത്സ്യ­നെ കണ്ടി­ട്ട് വന്നാല്‍ മതി­യെ­ന്നു പറ­ഞ്ഞു. മു­മ്പും ഒന്നു രണ്ടു­പേര്‍ മാ­റാ­തി­രു­ന്ന ചൊ­റി­യി­ലും ചി­ര­ങ്ങി­ലും പെ­ട്ട് കൃ­ത്യ­മാ­യി ചി­കി­ത്സ ചെ­യ്യാ­തെ ജ്യേ­ാ­ത്സ്യ­നെ കണ്ട് കാ­ല­ക്കേ­ട്, കണ്ട­ക­ശ്ശ­നി, വി­ഷ­മേല്‍­ക്കേ­ണ്ട സമ­യം എന്നൊ­ക്കെ കേ­ട്ട് ചി­കി­ത്സ­ക്കു വന്നി­ട്ടു­ണ്ട്. ആ ഓര്‍­മ­യി­ലും കൂ­ടി­യാ­യി­രു­ന്നു ജ്യേ­ാ­ത്സ്യ­നെ കണ്ടി­ട്ടു വരൂ എന്നു തന്നെ പറ­ഞ്ഞ­തും. പല­പ്പോ­ഴും മന­ശ്ശാ­സ്ത്ര സമീ­പ­ന­മാ­ണ് ഇത്ത­രം കാ­ര്യ­ങ്ങ­ളില്‍ കൂ­ട്ടു­നി­ല്ക്കൂ എന്ന­തു­കൊ­ണ്ട് വി­രോ­ധ­മു­ണ്ടെ­ങ്കി­ലും എതിര്‍­ക്കാ­റി­ല്ല.
പ­ക്ഷേ, കൈ­യ്യി­ലെ ചി­ര­ങ്ങ് കണ്ട് ജോ­ത്സ്യന്‍ ചോ­ദി­ച്ച­ത്രേ, പാ­മ്പി­നെ കൊ­ന്നി­ട്ടു­ണ്ടോ എന്ന്. ഇല്ല എന്നു­ത്ത­രം. അടു­ത്ത ചോ­ദ്യം ഉപ­ദ്ര­വി­ച്ചി­ട്ടു­ണ്ടോ എന്നാ­യി­രു­ന്നു. അതി­നും ഇല്ലെ­ന്നു തന്നെ.

വീ­ടി­ന­ടു­ത്ത് അമ്പ­ല­മു­ണ്ടോ, പു­റ്റു­ണ്ടോ, എന്നാ­യി അടു­ത്ത ചോ­ദ്യ­ങ്ങള്‍ അമ്പ­ല­വും പു­റ്റു­മു­ണ്ട്. ( ഇവ രണ്ടു­മി­ല്ലാ­ത്ത കേ­ര­ളീയ പരി­സ­ര­മു­ണ്ടോ എന്ന സ്വാ­ഭാ­വിക ചോ­ദ്യം എന്റേ­ത്) പു­റ്റു പൊ­ളി­ച്ചി­ട്ടു­ണ്ടോ? ഇല്ല. പക്ഷേ, പറ­മ്പില്‍ പു­റ്റു­ണ്ടാ­യി­രു­ന്നു. അത് വേ­റൊ­രാ­ളാ­ണ് പൊ­ളി­ച്ച­ത്. ഏതാ­യാ­ലും പറ­മ്പി­ലെ പു­റ്റ് പൊ­ളി­ച്ച­ത് വേ­റാ­ളാ­ണെ­ങ്കി­ലും പാ­മ്പി­ന്റെ അധി­വാ­സ­സ്ഥ­ലം പൊ­ളി­ച്ചു നീ­ക്കി­യ­തില്‍ ശാ­പ­മേ­റ്റ­താ­ണ് ഇപ്പോ­ഴ­ത്തെ രോ­ഗ­ത്തി­നു കാ­ര­ണ­മെ­ന്ന് ജ്യേ­ാ­ത്സന്‍ ശങ്ക­യ്ക്കി­ട­യി­ല്ലാ­തെ പറ­ഞ്ഞു.

സ്ത്രീ­കള്‍ ഗര്‍­ഭം ധരി­ക്കാ­തി­രി­ക്കു­മ്പോള്‍, തു­ടര്‍­ച്ച­യാ­യി ഗര്‍­ഭ­ഛി­ദ്ര­മു­ണ്ടാ­കു­മ്പോ­ഴൊ­ക്കെ കു­ടും­ബ­ത്തി­ലാ­രെ­ങ്കി­ലും കൊ­ന്ന പാ­മ്പി­ന്റെ തല­യി­ലാ­ണ് ഇതെ­ല്ലാം കെ­ട്ടി­വ­യ്ക്കു­ന്ന­ത്. പല­രു­ടേ­യും വീ­ര­സാ­ഹ­സിക കഥ­കള്‍ പാ­പ­ത്തി­ന്റേ­യും ശാ­പ­ത്തി­ന്റേ­യും കഥ­ക­ളാ­യി മാ­റു­ന്നു അപ്പോള്‍.

ഒ­രു ജീ­വി­യേ­യും കൊ­ല്ലാ­തി­രി­ക്കു­ക, ഉപ­ദ്ര­വി­ക്കാ­തി­രി­ക്കു­ക, അവ­യു­ടെ ആവാ­സ­സ്ഥ­ലം നശി­പ്പി­ക്കാ­തി­രി­ക്കുക തു­ട­ങ്ങിയ കാ­ര്യ­ങ്ങള്‍ പ്ര­കൃ­തി­യോ­ട് കാ­ണി­ക്കു­ന്ന നന്മ­യാ­ണ്. ഈ പ്ര­കൃ­തി­യില്‍ ഏതു ജീ­വി­ക്കും വള­രാ­നും നി­ല­നി­ല്ക്കാ­നു­മു­ള്ള അവ­കാ­ശ­മു­ണ്ട്. അതു നി­ഷേ­ധി­ക്കാ­തി­രി­ക്കുക എന്നേ­യു­ള്ളു. അല്ലാ­തെ പാ­വം പാ­മ്പു­കള്‍­ക്കു­മേല്‍ കെ­ട്ടി­വ­യ്‌­ക്കേ­ണ്ട­ത­ല്ല ഈ ശാ­പ­ഭാ­രം മു­ഴു­വന്‍.
ഒ­രു പക്ഷേ, വി­രോ­ധാ­ഭാ­സം എന്നു തന്നെ പറ­യ­ട്ടെ­... യഥാര്‍­ത്ഥ­ത്തില്‍ അദ്ദേ­ഹ­ത്തി­ന്റെ വി­സര്‍­പ്പ­ച്ചൊ­റി­യു­ടെ രഹ­സ്യം ­ചി­ല­ന്തി­ വി­ഷ­മാ­യി­രു­ന്നു­!!! പു­റ്റു­പൊ­ളി­ച്ച­തി­ന് പാ­മ്പി­ന്റെ തല­യില്‍ കെ­ട്ടി­വെ­ച്ച പാ­പ­ത്തി­ന്റെ ഭാ­രം ആര­നു­ഭ­വി­ക്കു­മോ എന്തോ­?

കടപ്പാട് malayal.am
അവിടെ വന്ന comments കൂടി ചേര്‍ക്കുന്നത് നന്നായിരിക്കും എന്ന് തോന്നുന്നു. ഞാനെന്താണ് എഴുതിയത് comment എഴുതിയവര്‍ എന്താണ് പറഞ്ഞിരിക്കുന്നത് ?


Comments


Padmesh
Padmesh (not verified) - 02/10/2011 - 9:57am
അടുത്തിടെ കേട്ടതാണ്, കേരളത്തിലെ പഴയ കുറെ ആചാരങ്ങളുടെ ഒരു വിവരണം, അതില്‍ പറയുന്നു അന്തരീക്ഷത്തില്‍ oxygen പുറത്തേക്ക് വിടാന്‍ കഴിവുള്ള ചുരുക്കം ചില ജീവികളില്‍ ഒന്നാണ് പാമ്പ് എന്ന് മറ്റൊന്ന് തേനീച്ച . കാവുകളും പാമ്പും, പാമ്പിനു വിളക്ക് വെക്കലും പാമ്പ് പുറ്റും എല്ലാം ചിലപ്പോള്‍ നല്ലൊരു ആവാസ വ്യവസ്ഥ ഉണ്ടാകാന്‍ സഹായകമായേക്കാം എന്നൊരു വിശ്വാസംകൊണ്ടു തന്നെ ആകാം ഇങ്ങനെ ചില വിശ്വാസങ്ങളില്‍ നമ്മളെ പണ്ടുള്ളവര്‍ തളച്ചിട്ടത് അല്ലെങ്കില്‍ എന്നെ നമ്മള്‍ പാമ്പിനെയും ഫ്രൈ ആക്കി തട്ടിയേനെ ....

| Permalink
reply Permalink

ponni iyyar
ponni iyyar (not verified) - 02/10/2011 - 12:36pm
മേല്‍പ്പറഞ്ഞ കാര്യങ്ങളോട് എനിക്ക് പൂര്‍ണമായ വിയോജിപ്പാണുള്ളത് എന്തെന്നാല്‍ സര്‍പ്പ ശാപം സര്‍പ്പ കോപം എന്നിങ്ങനെ ഒന്ന് ഇല്ല എന്നാണ് ലേഖിക എഴുതിയിരിക്കുന്നത്. ഒരു പരിധി വരെ ഇത് ശരിയായിരിക്കാം എന്നാല്‍ വര്‍ഷങ്ങളായി സര്‍പ്പക്കാവുള്ള ഒരു വസ്തു വാങ്ങി ഈ ആള്‍ ഒന്ന് താമസിക്കുക. എന്നിട്ട് ബാക്കി കഥ ഞാന്‍ പറയാം. മേല്‍പ്പറഞ്ഞ ലേഖികയുടെ സര്‍വ്വനാശം അന്ന് മുതല്‍ തുടങ്ങും. അതിനു അതിന്റേതായ കാരണങ്ങള്‍ പൂര്‍ണമായി അറിവുള്ള വ്യക്തിയാണ് ഞാന്‍ . അതിനെ കുറിച്ച് ഇപ്പോള്‍ വിവരിക്കാന്‍ ആഗ്രഹിക്കുന്നില്ല , എന്നാല്‍ മൂര്‍ഖന്റെ പക നൂറ്റാണ്ട് കഴിഞ്ഞാലും തീരില്ല , എന്നാല്‍ സ്നേഹിച്ചാലും ഇതേ അനുഭവം , ഇതെല്ലം അനുഭവതിന്റെ വെളിച്ചത്തില്‍ ആധികാരികമായി പറയാന്‍ കഴിയുന്നു !!!

| Permalink
reply Permalink

naagan
naagan (not verified) - 02/10/2011 - 3:23pm
ശാപങ്ങള്‍ നല്ലതല്ല. യോജിക്കുന്നു. അതിനു ശാസ്ത്രീയാടിസ്ഥാനം ഉണ്ടാവുകയുമില്ല. അതിലും യോജിപ്പ്. പക്ഷെ....ആ വേദനയില്ലേ... പ്രാണന്‍ പിടയുമ്പോഴുള്ള ആ അവസാന വേദന... അതറിയാന്‍ ആ കുഞ്ഞു തലച്ചോറ് ആവശ്യത്തിലധികമല്ലേ...? ശപിക്കട്ടെ. ശപിച്ചു കുലം മുടിക്കട്ടെ. ഗംഗയുടെ നടുവിലെ ഒളിയിടത്തില്‍ പോലും പുഴുവായെത്തി പരമ്പരയുടെ പിന്തുടര്‍ച്ചക്കാരെ മുഴുവന്‍ കടിച്ചു കൊല്ലട്ടെ. പാപയാഗങ്ങള്‍ക്ക് ചിതി ഒരുക്കുന്നവന്റെ ചിതാഭസ്മം ചിത്ര കൂടങ്ങളുടെ അന്തേവാസികള്‍ക്ക് ജന്മാവകാശമാകട്ടെ.....

| Permalink
reply Permalink

sethulakshmi
sethulakshmi (not verified) - 03/10/2011 - 11:37pm
ശാസ്ത്രീയമായി എന്തിനും വിശകലനമുണ്ടാകാം എങ്കിലും, ഒരു കാര്യം പറയട്ടെ. യുക്തി ചിന്തകല്‍ക്കുമപ്പുറത്തു എന്നെ കുഴക്കിയത്. ധാരാളം സര്‍പ്പക്കാവുകള്‍ ഉള്ള നാടാണ് ഞങ്ങളുടേത്. ഒരു വീട്ടില്‍ തന്നെ മൂന്നും നാലും. അമ്മൂമ്മയൊക്കെ സര്‍പ്പത്തെ കണ്ടിട്ടുണ്ടത്രേ. സ്വര്‍ണ നിറത്തില്‍ തീരെ മെലിഞ്ഞു.. അത്തരം പാമ്പുണ്ടോ..? അന്നൊക്കെ തളിച്ച് കൊട വൈകിയാല്‍ വീട്ടില്‍ പാമ്പ് വരും. ഇതിനു ഞാനും സാക്ഷി. വര്‍ഷത്തില്‍ ഒരിക്കലെ മുറ്റത്തു തന്നെയുള്ള കാവില്‍ നിന്നും പാമ്പ് വന്നിട്ടുള്ളു. അതെങ്ങിനെ..? ഒരിക്കല്‍ ഇങ്ങിനെ വന്ന ഒരു പാമ്പിനെ അമ്മാവന്‍ അടിക്കാന്‍ നോക്കിയപ്പോള്‍ വടിയുടെ നേരെ തല ഉയര്‍ത്തി,അത് കറങ്ങി. പത്തി വിടര്‍ത്തിയില്ല. പിന്നെ പൊയ്ക്കോളൂ എന്ന് പറഞ്ഞപ്പോള്‍ വളരെ പതുക്കെ സര്‍പ്പക്കാവിലേക്ക് തന്നെ പോയി.
മൈനയ്ക്ക് ഇതെപ്പറ്റി പറയാന്‍ കഴിയുമോ...?

| Permalink
reply Permalink

Sivaram Karayil
Sivaram Karayil (not verified) - 04/10/2011 - 12:54pm
സ്ഥൂല ബുദ്ധികള്‍ക്ക് ഗ്രഹിക്കാന്‍ പറ്റുന്ന ഒന്നല്ല ഹൈന്ദവ തത്വ ശാസ്ത്രവും അതിലെ താന്ത്രിക / വൈദിക ഉപാസന രീതികളും

മുന്നേ പോവുന്ന പെണ്ണിന്റെ കൊഴുപ്പില്‍ പൊട്ടി ഒലിക്കുന്ന ശുക്ല സംഭരണികളും സുന്ദരിക്കുട്ടി ആയി പറമ്പില്‍ മേയുന്ന പശുവിന്റെ മെയ്യില്‍ ബിരിയാണിയും സ്വപ്നം കാണുന്ന മ്ലേച്ചനു ഇതെല്ലാം ദുര്‍ഗ്രഹ്യം തന്നെ....

താഴെ ചവിട്ടുമ്പോള്‍ ആദി മാതാവിന്റെ ഭൂമി ഭാവത്തിനു ഉണ്ടാകുന്ന വേദനയെ പോലും ചിന്തിച്ച ഋഷി വര്യന്മാരുടെ പിന്മുറക്കാര്‍ ആണ് ഭാരതീയര്‍.. കണ്മുന്നില്‍ കണ്ട അപ്പക്കഷണത്തിന് വേണ്ടി മറുകണ്ടം ചാടിയ മ്ലേച്ചന്മാരുടെ മൂലവും ഹൈന്ദവത തന്നെ....

കുണ്ടലിനി എന്ന് കേള്‍ക്കുമ്പോള്‍ കോഴിക്കോട്ടെ കുണ്ടന്മാരെ പറ്റി ഓര്‍ക്കുന്ന യെവന്മാരോട് / യെവലുമാരോട് വേദം ഒതിയിട്ടെന്തു കാര്യം!!!

വിട്ടു കളയുക!! ഇവളുമാര്‍ക്ക് പറമ്പില്‍ ഇഴയുന്ന ചേരപ്പാമ്പ് ആയി ഇരുന്നോട്ടെ പുണ്യ പുരാതനം ആയ നാഗ / സര്‍പ്പ പ്രതിഷ്ഠകള്‍

| Permalink
reply Permalink

ജിജൊ ടോമി
ജിജൊ ടോമി (not verified) - 05/10/2011 - 9:00am
സര്‍പ്പ ശാപം! പാമ്പിന്റെ പക!!! പാമ്പും കാവ് വാങ്ങി താമസിക്കാന്‍ ഒരു ചലഞ്ചും. ഈ മലയാള്‍,അം‌മ്മിനു സ്ഥൂലബുദ്ധിയല്ലാത്ത ഒരൊറ്റ വായനക്കാരന് പോലുമില്ലേ എന്റെ പാമ്പുമേയ്ക്കാട്ട് നാഗത്താനേ? :)))

| Permalink
reply Permalink

റോബി
റോബി (not verified) - 05/10/2011 - 9:46am
പാമ്പും തേനീച്ചയുമടക്കമുള്ള എല്ലാ ജീവികളും ഓക്സിജന്‍ ശ്വസിച്ച് കാര്‍ബണ്‍ ഡയോക്സൈഡ് പുറത്തേക്ക് വിടുകയാണു ചെയ്യുന്നത്. ശരീരത്തിലെത്തുന്ന ഓക്സിജനു എന്തു സംഭവിക്കുന്നെന്നും ഓക്സിജന്റെ ആവശ്യമെന്തെന്നും ആലോചിച്ചാല്‍ ഈ അന്ധവിശ്വാസത്തിന്റെ പുറകേ പോകേണ്ട കാര്യം പദ്മേഷിനുണ്ടാകില്ല.
പാമ്പിനെ ആരാധിച്ചതും വിളക്കുവെച്ചതുമൊക്കെ നല്ല ആവാസവ്യവസ്ഥ ഉണ്ടാക്കാനല്ല, അവയോടുള്ള പേടികൊണ്ടാണ്. പേടിയുള്ളതിനെ ആരാധിക്കുക എന്നത് അറിവില്ലാത്ത മനുഷ്യന്റെ സ്വഭാവമാണ്.

എന്നാല്‍ മൂര്‍ഖന്റെ പക നൂറ്റാണ്ട് കഴിഞ്ഞാലും തീരില്ല , എന്നാല്‍ സ്നേഹിച്ചാലും ഇതേ അനുഭവം

മൂര്‍ഖന്റെ പരമാവധി ജീവിതകാലം 20 വര്‍ഷമാണ്.

അമ്മൂമ്മയൊക്കെ സര്‍പ്പത്തെ കണ്ടിട്ടുണ്ടത്രേ
എന്റെ അമ്മൂമ്മ മൂന്നു തലയുള്ള പാമ്പിനെ കണ്ടിട്ടുണ്ടത്രേ..! ഉവ്വ, അമ്മൂമ്മയായതുകൊണ്ട് ഞാനങ്ങു വിശ്വസിച്ചു.

ഇങ്ങിനെ വന്ന ഒരു പാമ്പിനെ അമ്മാവന്‍ അടിക്കാന്‍ നോക്കിയപ്പോള്‍ വടിയുടെ നേരെ തല ഉയര്‍ത്തി,അത് കറങ്ങി. പത്തി വിടര്‍ത്തിയില്ല. പിന്നെ പൊയ്ക്കോളൂ എന്ന് പറഞ്ഞപ്പോള്‍ വളരെ പതുക്കെ സര്‍പ്പക്കാവിലേക്ക് തന്നെ പോയി.

പത്തിയില്ലാത്ത പാമ്പാണെങ്കില്‍ പത്തി വിടര്‍ത്തില്ല. പൊയ്ക്കൊള്ളു എന്നു പറയാതെ തന്നെ ഒരുമാതിരി പാമ്പൊക്കെ അടുത്തുള്ള കാട്ടിലേക്ക് രക്ഷപ്പെടും. അതു കാവാണെങ്കില്‍ അങ്ങോട്ട്.

| Permalink
reply Permalink

Anonymous
Anonymous (not verified) - 05/10/2011 - 4:29pm
ചിലര്‍ക്ക് പശുവിനെ കാണുമ്പോഴാ പൊട്ടി ഒലിക്കുന്നതെന്നു Sivaram Karayilന്റെ കമന്റു ("സുന്ദരിക്കുട്ടി ആയി പറമ്പില്‍ മേയുന്ന പശു") വായിച്ചപ്പോഴാണ് വ്യക്തമായത്. അത്തരക്കാര്‍ IPC Section 377 ഒന്ന് നോക്കിയേക്ക് കേട്ടോ...

| Permalink
reply Permalink

Sivaram Karayil
Sivaram Karayil (not verified) - 06/10/2011 - 12:46pm
സൃഷ്ടി വേറെ, സൃഷ്ടാവ് വേറെ, ഞാന്‍ വേറെ, എന്ന് ചിന്തിക്കുന്ന, ചിന്തിക്കാന്‍ പഠിപ്പിക്കുന്ന മ്ലേച്ചനു, ആടിന്റെ കാഷ്ടവും കൂര്‍ക്കയുടെ കിഴങ്ങും സമം!!

ലിംഗ ആരാധനയുടെ തത്വം മനസ്സില്‍ ആക്കാന്‍ തക്ക ശക്തി ഇല്ലാത്ത നാടീ വ്യൂഹം ചുമന്നു നടന്നവന്‍ ലിംഗഛേദി ആയതില്‍ അത്ഭുതം ഇല്ല!! എന്നിട്ട് ചെയ്യുന്നതോ ലിംഗ ആരാധനയും!!

യാതൊരു തത്വവും അറിയാതെ സൂര്യ ദേവന് പ്രിയപ്പെട്ട ദിവസം കുളിക്കാതെ ഉറക്കച്ചടവ് മാറ്റാതെ "അര"മനകളില്‍ കയറി ഇറങ്ങുന്നവന് ഗ്രഹിക്കാന്‍ കഴിയുമോ പ്രപഞ്ച ഊര്‍ജ കേന്ദ്രത്തെ പറ്റിയുള്ള ഹൈന്ദവ ശാസ്ത്രീയ ദര്‍ശനം?

ഈ ഊര്‍ജ പ്രവാഹത്തിന്റെ മാനുഷികമായ ഊര്ധ്വ അധോ ഗതികളെപ്പറ്റി ഒക്കെ സംസാരിക്കാന്‍ തക്ക നിലവാരം ഇല്ലാത്തവന്/ഇല്ലാതവള്‍ക്ക് നാഗ / സര്‍പ ആരാധനയെ പറ്റി പറയാന്‍ എന്ത് ജ്ഞാനം ?

പോളണ്ടിനെ പറ്റി ഒരു അക്ഷരം മിണ്ടരുത് എന്ന് പറയുന്ന ശ്രീനിവാസന്‍ വിറ്റ്‌ നു പോലും ഈ മ്ലേച്ച ബുദ്ധികളെക്കാള്‍ നിലവാരം ഉണ്ട്!!

ഒരു ചെറിയ ഇടവേള നോക്കി ഓരോ ഹൈന്ദവ രീതികളെ വിമര്‍ശിക്കാന്‍ നോക്കുന്ന ഗതികെട്ട കൂട്ടം. ബിരിയാണിയുടെ എല്ലില്‍ കുത്തല്‍ മാറാന്‍ വേറെ വഴി നോക്കുക!!

| Permalink
reply Permalink

anu warrier
anu warrier (not verified) - 06/10/2011 - 1:51pm
താഴെ ചവിട്ടുമ്പോള്‍ ആദി മാതാവിന്റെ ഭൂമി ഭാവത്തിനു ഉണ്ടാകുന്ന വേദനയെ പോലും ചിന്തിച്ച ഋഷി വര്യന്മാരുടെ പിന്മുറക്കാര്‍ ആണ് ഭാരതീയര്‍.. കണ്മുന്നില്‍ കണ്ട അപ്പക്കഷണത്തിന് വേണ്ടി മറുകണ്ടം ചാടിയ മ്ലേച്ചന്മാരുടെ മൂലവും ഹൈന്ദവത തന്നെ.

അതെയതെ... ഇതേ ഋഷി വര്യന്മാര്‍ തന്നെയാണ് വേദം കേള്‍ക്കുന്ന ശൂദ്രന്റെ ചെവിയില്‍ ഈയം ഉരുക്കിയോഴിക്കാന്‍ ഉപദേശിക്കുന്നതും.... സുന്ദരമായ ഒരു സര്‍പ്പക്കാവ് നശിപ്പിച്ച് പ്രതിഷ്ഠ മാത്രമായപ്പോള്‍ അത് തല്ലിപ്പൊളിക്കാന്‍ മുന്നില്‍ നിന്ന ആളാണ്‌ ഞാന്‍... വര്‍ഷം പത്തു കഴിഞ്ഞിട്ടും ആരും എന്നെ തിരഞ്ഞു വരാഞ്ഞത് പക മറന്നത് കൊണ്ടാവും... സഹജീവി സ്നേഹവും ഭയവുമോക്കെയാവാം.. പക്ഷെ ശാസ്ത്രം പറയുമ്പോ അസഭ്യം പറഞ്ഞു രക്ഷപ്പെടാന്‍ നോക്കുന്നവരോട് എന്ത് പറയാന്‍?


|

Wednesday, August 24, 2011

'ഒടുവിലത്തെ താള്‍' പറയുന്ന യാഥാര്‍ത്ഥ്യങ്ങള്‍


നമ്മള്‍ സൗകര്യപൂര്‍വ്വം മറക്കുകയോ കാണാതിരിക്കുകയോ ചെയ്യുന്ന ചില ആദിവാസി വിഭാഗങ്ങള്‍ ഭൂമിയില്‍ നിന്ന് അതിവേഗം ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. അത് ആസ്‌ട്രേയിലോ, ആഫ്രിക്കയിലോ, ആന്‍ഡമാനിലോ അല്ല നമ്മുടെ കണ്‍വെട്ടത്ത് കൊച്ചുകേരളത്തില്‍ നിന്നാണെന്നുളളതാണ് യാഥാര്‍ത്ഥ്യം.

ലോകത്തെ ആദ്യത്തെ മനുഷ്യനിര്‍മ്മിത തേക്കിന്‍തോട്ടമെന്ന് പേരുകേട്ട നിലമ്പൂരിലെ മൂന്ന് ആദിവാസി വിഭാഗങ്ങളാണ് ആരുടേയും ശ്രദ്ധ നേടാതെ വംശനാശത്തിനിരയായിക്കൊണ്ടിരിക്കുന്നത്. ഇന്നും കാട്ടിനുള്ളില്‍ തന്നെ ജീവിക്കുന്ന ചോലനായ്ക്കര്‍, കാടിനും നാടിനുമിടയില്‍ ഒറ്റപ്പെട്ട അറനാടര്‍, ആളര്‍ എന്നീ വിഭാഗങ്ങളാണിവര്‍. അവര്‍ ഉപജീവനം നടത്തിപ്പോന്ന കാട് പേരുകേട്ട തേക്കിന്‍തോട്ടത്തിനും റബ്ബര്‍ത്തോട്ടങ്ങള്‍ക്കും വഴിമാറി. അതോടെ കാടിനെപ്പോലെ തന്നെ ഗോത്രസംസ്‌ക്കാരത്തിനും നാശം നേരിടുകയായിരുന്നു. ആ കാടിനെ ആരാധിക്കുകയും മലകളേയും ആനയേയും വന്മരങ്ങളെയും ഉപാസിക്കുകയും ചെയ്തുപോന്ന ജനതയുടെ സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള ഗോത്ര സംസ്‌കൃതിയും അവരെ തന്നെയായിരുന്നു അപ്പോള്‍ നഷ്ടപ്പെട്ടത് .
ഇത്ര എളുപ്പത്തില്‍ ഇല്ലാതാവേണ്ടതായിരുന്നോ അവരുടെ സംസ്‌ക്കാരം? നാഗരിക ജനത ആ ആദിമ നിവാസികളുടെ ജൈവമേഖലയിലേക്ക് അധിനവേശം നടത്തിയപ്പോള്‍ അവര്‍ക്ക് ഭൂമിയില്‍ ജീവിച്ചിരിക്കുവാനുള്ള അവകാശം നിഷേധിക്കപ്പെട്ടുവെന്നോ? നമ്മുടെ ടൂറിസ്റ്റ് ഭൂപടത്തില്‍ വൈദേശികര്‍ക്ക് കണ്ടാസ്വദിക്കുവാനുള്ള കാഴ്ചവസ്തു മാത്രമായി മാറിയോ അവര്‍?

ഒരു ഗോത്ര സംസ്‌കൃതിയെതന്നെയാണ് മണ്ണിട്ടു മൂടുന്നത്... നാഗരികന്റെ ആഗ്രഹങ്ങള്‍ നശിപ്പിച്ച സൂക്ഷ്മവും സ്വയം പര്യാപ്തവുമായ അപൂര്‍വ്വഗോത്രത്തനിമകളെയാണ് ...മരങ്ങളെ ഉമ്മവെയ്ക്കുന്ന പച്ചമനുഷ്യരെയാണ്.

ഇവിടെ വായിക്കുക


Saturday, August 20, 2011

ജെയിംസ് നൈനാന്‍

സ്‌കൂള്‍ ജീവിതത്തില്‍ ആരുടേയും പ്രിയശിഷ്യയായിരിക്കാന്‍ കഴിയാഞ്ഞത് ഭാഗ്യമോ ദൗര്‍ഭാഗ്യമോ എന്നറിയില്ല. അതുകൊണ്ട് തന്നെ സ്‌കൂളില്‍ നിന്ന് ഒരു പ്ര്ിയഗുരുവിനെ കണ്ടെത്താനും പ്രയാസമാണ്. എന്നാല്‍ അഞ്ചുവര്‍ഷത്തെ പാരലല്‍ കോളേജ് ജീവിതത്തില്‍ മിഴിവോടെ നില്ക്കുന്ന ഒരുപാടുപേരുണ്ട്‌.

എന്റെ ഡിഗ്രി പഠനം പലകാരണങ്ങളാലും ആദ്യവര്‍ഷം തന്നെ മുടങ്ങിയിരുന്നു. കോഴിക്കോട് സര്‍വ്വകലാശാലയില്‍ പ്രൈവറ്റ് രജിസ്‌ട്രേഷന്‍ നടത്തുകയും എന്നാല്‍ സര്‍വ്വകലശാല പരിധിയില്‍ വരുന്ന കോളേജിലെങ്ങും പോയി പഠിക്കാനാവാത്ത അവസ്ഥയുമായിരുന്നു. അടിമാലിയിലെ പാരലല്‍ കോളേജുകള്‍ മാത്രമായിരുന്നു മുന്നിലുണ്ടായിരുന്നത്. അവയാണെങ്കില്‍ മഹാത്മാഗാന്ധി സര്‍വ്വകലാശാലയുടെ കീഴിലും. രണ്ടു സര്‍വ്വകലാശാലകളുടേയും സിലബസ്സുകള്‍ വളരെ വ്യത്യസ്തം.

മിക്ക വിഷയങ്ങളും സ്വയം പഠിക്കാവുന്നതേ ഉണ്ടായിരുന്നുളളു. എന്നാല്‍ രണ്ടോ മൂന്നോ വിഷയങ്ങള്‍ക്ക് ഗുരു ആവശ്യവുമായിരുന്നു. അക്കൗണ്ടന്‍സിയും കോസ്‌ററിംഗും മാനേജ്‌മെന്റ് അക്കൗണ്ടിംഗും മനസ്സിലാക്കി തരുന്നതിന് ഒരു അധ്യാപകനെത്തേടി അടിമാലിയിലെ ഓരോ പാരലല്‍ കോളേജും ഞാന്‍ കയറിയിറങ്ങി. പഠനം നിര്‍ത്തി വീട്ടിലിരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാനേ കഴിഞ്ഞിരുന്നില്ല. എം. ജിയില്‍ രജിസ്‌ട്രേഷന്‍ നടത്തി വീണ്ടും ഒരു വര്‍ഷം നഷ്ടപ്പെടുത്താനും മനസ്സു വന്നില്ല. പലരും ഈ പോാംവഴിയാണ് പറഞ്ഞു തന്നത്.
നിരാശപ്പെട്ടു മടങ്ങുമ്പോഴാണ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ വിദൂരവിദ്യാഭ്യാസം വഴി 18 തികഞ്ഞ ആര്‍ക്കും ഡിഗ്രി എന്നൊരു പരസ്യവും പഠിപ്പിക്കുന്ന പാരലല്‍ കോളേജിലേക്കുള്ള വഴിയും കാണുന്നത്. ഓഫീസ് മുറിയില്‍ ചെല്ലുമ്പോള്‍ അവിടെ ഒരാളുമില്ല. എന്നാല്‍ ഏതോ ക്ലാസ് മുറിയില്‍ നിന്ന് അക്കൗണ്ടന്‍സിയുടെ ബാലപാഠങ്ങള്‍ കേള്‍ക്കുന്നു. ഗംഭീരശബ്ദം. ഞാന്‍ ആ ക്ലാസിലേക്ക് തലനീട്ടി. ശബ്ദം മാത്രമല്ല സുന്ദരം!
അദ്ദേഹം ഓഫീസിലേക്ക് വന്നു. എന്റെ സിലബസ്സൊക്കെ വാങ്ങി നോക്കിയിട്ട് അദ്ദേഹം പഠിപ്പിക്കാമെന്നു ഉറപ്പുതന്നു. പക്ഷേ, പ്രിന്‍സിപ്പാളിനോട് അനുവാദം വാങ്ങണം. സത്യം പറഞ്ഞാല്‍ എന്റെ കണ്ണു നിറഞ്ഞു വന്നിരുന്നു. ഒരു അധ്യാപകനെ കണ്ടു പിടിച്ചല്ലോ എന്ന ആശ്വാസത്തില്‍ പ്രിന്‍സിപ്പാളിനെ കാത്തിരുന്നു.

'ഈ സിലബസ് പഠിക്കുന്ന അഞ്ചുപേരെക്കൂടി കണ്ടു പിടിച്ചുവരൂ..'പ്രിന്‍സിപ്പാള്‍ പറഞ്ഞു.
ഒരു അധ്യാപകനെ കണ്ടുപിടിക്കാന്‍ പെട്ടപാട് എനിക്കേ അറിയൂ. പല പ്രതികൂല സാഹചര്യങ്ങളാണ് എന്നെ ഈ അവസ്ഥയിലെത്തിച്ചത് . ഇനി അടിമാലിയിലും പരിസരപ്രദേശങ്ങളിലും കാലിക്കറ്റില്‍ രജിസ്റ്റര്‍ ചെയ്ത രണ്ടാം വര്‍ഷക്കാരെ തപ്പിയെടുക്കാനോ?
'ഇല്ല സാര്‍. ഇവിടെ ഒരാളെപ്പോലും കിട്ടാന്‍ സാധ്യതയില്ല.' ഞാന്‍ പറഞ്ഞു.
'കൊച്ചിനു മാത്രം ക്ലാസ്സെടുക്കാനോ?' അദ്ദേഹം നീരസത്തോടെ എന്നെ നോക്കി.
'ഗുരുവും ശിഷ്യയുമായിരിക്കും..പക്ഷേ, ഇന്നത്തെക്കാലത്ത് ആ വിചാരമൊക്കെ പെട്ടെന്നങ്ങു പോകും.
ഒറ്റയക്കു പഠിപ്പിച്ച് പേരുദോഷമുണ്ടാക്കി എന്റെ സ്ഥാപനം പൂട്ടേണ്ടി വരരുത്.'
അതു കേട്ടപ്പോള്‍ ഞാന്‍ ഒന്നുകൂടി കേണു.
'സാര്‍ ഒരു പേരുദോഷവും വരുത്തില്ല. എനിക്കു പഠിച്ചാല്‍ മതി.'
'കൊച്ചിനെങ്ങനെ ഉറപ്പു തരാന്‍ പറ്റും? '

ഭാവിയെക്കുറിച്ച് ഒന്നും പറയാന്‍ പ്രാപ്തയല്ലാത്തതുകൊണ്ട്, ആ പടികള്‍ ഇറങ്ങുമ്പോള്‍ കണ്ണുകള്‍ നിറഞ്ഞൊഴുകിയിരുന്നു. നെഞ്ചില്‍ വലിയൊരു കല്ലിരിക്കും പോലെ...
തോറ്റോടാന്‍ മനസ്സു വന്നില്ല. വഴിയരുകിലെ പെട്ടിക്കടയില്‍ നിന്ന് നാരാങ്ങാവെളളം വാങ്ങിക്കുടിച്ച് നെഞ്ചിലെ ഭാരം ഉരുക്കാന്‍ ശ്രമിച്ചു. ഒരു അടുക്കളക്കാരിയായി, പശുവിനെ മാറ്റിക്കെട്ടി, പുല്ലരിഞ്ഞ്, പറമ്പിലെ കാടും പറിച്ച് വീട്ടിലിരിക്കാന്‍ തോന്നിയതേയില്ല.
വീണ്ടും നടന്നു. കോ -ഓപ്പറേറ്റീവ് കോളേജിലേക്ക്്. ഒരു വയലിനു നടുക്ക്. ഇവിടെയും രക്ഷയില്ലെങ്കില്‍ പിന്നെ പശുവും തൊഴുത്തും അടുക്കളയും മാത്രം.
അവിടുത്തെ പ്രിന്‍സിപ്പാള്‍ കനിഞ്ഞു. പക്ഷേ, എനിക്കു പഠിക്കേണ്ട കോസ്റ്റിംഗ് അവിടെ അവസാന വര്‍ഷം. അക്കൗണ്ടന്‍സി പകുതി രണ്ടാം വര്‍ഷവും ബാക്കി അവസാന വര്‍ഷവും. അപ്പോള്‍ രണ്ടു ക്ലാസ്സിലുമിരിക്കണം. അതിനു തയ്യാറായിരുന്നു. പക്ഷേ അവിടെയും വലിയ കുഴപ്പമുണ്ടായിരുന്നു. ഈ വിഷയങ്ങള്‍ക്ക് രണ്ടധ്യാപകരുണ്ട്. ഒരേ സമയം രണ്ടുക്ലാസ്സിലും ഇവര്‍ എനിക്കു പഠിക്കേണ്ട ഭാഗങ്ങള്‍ പഠിപ്പിക്കും. ഏതായാലും അക്കൊല്ലത്തെ റിസള്‍ട്ടില്‍ തനിച്ചു പഠിച്ചതിനൊക്കെ ഉയര്‍ന്നമാര്‍ക്കും ഓടിപ്പഠിക്കാന്‍ ശ്രമിച്ചതിന് തോല്‍ക്കുകയും ചെയ്തു.
ഒരു വര്‍ഷം കൂടി മുന്നിലുണ്ടല്ലോ..ആ ധൈര്യമായിരുന്നു. ഇതിനിടയ്ക്ക് അക്കൗണ്ടന്‍സി പഠിപ്പിച്ചിരുന്ന അധ്യാപകര്‍ വേറെ ജോലിക്കിട്ടിപ്പോയി.
പുതിയൊരു അധ്യാപകന്‍ വരുന്നു എന്നു കേട്ടു.
സുന്ദരന്‍ എന്നാല്‍ പെണ്‍കോന്തന്‍. ലൈനടി വീരന്‍. മനസ്സില്‍ വിചാരിക്കുന്ന എതു പെണ്ണിനേയും ഒറ്റ ദിവസംകൊണ്ട് വളയ്ക്കും. ഇവിടുത്തെ കോളേജുകളില്‍ തന്നെയാണ് പഠിച്ചത്. പക്ഷേ, ഒരിടത്തും സ്ഥിരമായി നിന്നില്ല. തല്ലിപ്പൊളി. കുരുത്തംകെട്ടവന്‍. പഠനകാലത്ത് പ്രിന്‍സിപ്പാള്‍മാര്‍ പുറത്താക്കി പുറത്താക്കി മടുത്തിട്ടുണ്ട്......ഇങ്ങനെ പോയി പുതിയ അധ്യാപകന്‍ വരുന്നതിനു മുമ്പേ കേട്ട കഥകള്‍.

പക്ഷേ, ഒരു ദിവസം ക്ലാസിലേക്കു കയറി വന്ന അധ്യാപകനെ കണ്ട് ഞാന്‍ അത്ഭുതപ്പെട്ടു പോയി. എന്നെ പഠിപ്പിക്കാമെന്നു പറഞ്ഞിരുന്ന ജെയിംസ് നൈനാന്‍. .
എന്നെ തിരിച്ചറിഞ്ഞിരുന്നു.
'പിന്നീടെന്തു ചെയ്തു? ' അദ്ദേഹം ചോദിച്ചു.
എന്തു ചെയ്യാന്‍..അങ്ങനെതന്നെ തുടരുന്നു എന്നല്ലാതെ.
'നിനക്കു ഞാന്‍ പറഞ്ഞു തരാം. കോളേജുവിട്ടശേഷം...' ചോദിക്കാതെ തന്നെയായിരുന്നു ഈ പ്രതികരണം. അന്നുണ്ടായ സന്തോഷത്തിന്റെ അളവുകോല്‍ എത്രയെന്ന് ഇന്നുമറിയില്ല. പക്ഷേ അപ്പോഴും ഒരു നിബന്ധന വെച്ചു.
തനിച്ചിരിക്കേണ്ട. ഒരാള്‍ കൂട്ടിനിരുന്നോട്ടെ എന്ന്. മിക്കവാറും അയിഷ എനിക്കു കൂട്ടിരിന്നു. ചിലപ്പോള്‍ ബിജുവോ പ്രസ്റ്റീജോ..
പഠിക്കാനെളുപ്പത്തിന് മാനേജ്‌മെന്റ് അക്കൗണ്ടിംഗിന് ജെയിംസ് സാര്‍ ചെറു കുറിപ്പെഴുതികൊണ്ടു വന്നു തന്നു. പുസ്തകം നോക്കി പഠിപ്പിക്കുന്ന ശീലമില്ലായിരുന്നു. വളരെ ലളിതമായി പറഞ്ഞു തരും. ആകാശത്തിന് കീഴിലുള്ള സകല വിഷയങ്ങളെക്കുറിച്ചും അദ്ദേഹം ഞങ്ങളോട് സംസാരിച്ചു. ഒരുപാടു പുസ്തകങ്ങളെക്കുറിച്ചും വായനയെക്കുറിച്ചുമൊക്കെ സംസാരിച്ചിരിന്നു. അക്കാലത്ത് ഞാനെഴുതിയ കഥകള്‍ തിരുത്തി തന്നിരുന്നു,

നിര്‍ണ്ണായക ഘട്ടത്തില്‍ സഹായിച്ച ജെയിംസ് നൈനാനോളം പ്രിയപ്പെട്ട ഗുരു മറ്റാരുമല്ലെന്ന് തിരിച്ചറിയുന്നു ഇപ്പോഴും.

മുമ്പ് പഠിപ്പിച്ചിരുന്നിടത്തെ സഹാധ്യാപകരില്‍ പലരും അദ്ദേഹത്തെ സംശയത്തോടെ വീക്ഷിച്ചിരുന്നു.
താനൊരു വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ പല കുരുത്തക്കേടും കാണിച്ചിട്ടുണ്ട്. അതുവെച്ചാണ് പലരും ഇന്നും അളക്കുന്നതെന്ന് പറയുമായിരുന്നു . ഞങ്ങള്‍ പെണ്‍കുട്ടികളെ വഴിയിലോ ബസ്സ്റ്റാന്‍ഡിലോ വെച്ചു കണ്ടാല്‍ കണ്ടഭാവം നടിക്കില്ല. ശിഷ്യയുടെ പേര് മനപ്പൂര്‍വ്വം മുഷിപ്പിക്കേണ്ട എന്ന ഭാവം. ഇത്രയേറെ തെററിദ്ധരിക്കപ്പെടേണ്ട വില്ലനായിരുന്നോ ജെയിംസ് നൈനാന്‍?


ഒരിക്കല്‍ ഇദ്ദേഹമാണ് ഞങ്ങളെ പഠിപ്പിക്കുന്നതെന്നറിഞ്ഞ് സഹപാഠിയുടെ നോട്ടുബുക്കില്‍ തമിഴില്‍ ചീത്തവാക്കുകള്‍ എഴുതികൊടുത്തുവിട്ടു ആരോ..
ലിപി തമിഴായിരുന്നെങ്കിലും ഭാഷ മലയാളമായിരുന്നു. അവള്‍ക്കത് വായിക്കാനറിയില്ലായിരുന്നു. പക്ഷേ, ഞാനതു വായിച്ചു. ചില അക്ഷരപിശകുകള്‍ തിരുത്തി സാറിന് വായിക്കാന്‍ കൊടുത്തു. ഒരു തമാശയായിട്ടേ ഞങ്ങള്‍ കണക്കാക്കിയുള്ളു. എന്നാല്‍
അന്നുവരെ ക്ഷോഭിച്ചു കണ്ടിട്ടില്ലാത്ത ജെയിംസ് സാര്‍ അതു വായിച്ച് ക്ഷോഭിച്ചു.
ഇത് ആരെഴുതിയതായാലും ഭാഷയെ വ്യഭിചരിക്കലാണ്..
അക്ഷരത്തെററുകള്‍ തിരുത്താന്‍ ശ്രമിച്ചതില്‍, വായിച്ചു രസിച്ച് സാറിനതുകൊടുക്കാന്‍ ഉത്സാഹം കാണിച്ചതില്‍ ഞാനിന്നും പശ്ചാത്തപിക്കുന്നു.
ഇപ്പോഴും സഭ്യമല്ലാത്ത വാക്കുകള്‍ കാണുമ്പോള്‍ ഭാഷയെ വ്യഭിചരിക്കുന്നതിനെപ്പറ്റി അങ്ങേയററം കുറ്റബോധത്തോടെ ചിന്തിക്കാറുണ്ട്.


കടപ്പാട്-മധുരച്ചൂരല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പ്‌

Wednesday, June 15, 2011

ബൂലോഗരുടെ യൂണിഫോം വിതരണം




മൂന്നിലോ മറ്റോ പഠിക്കുമ്പോഴാണ് സര്‍ക്കാര്‍ വക ഓരോ യൂണിഫോം ഞങ്ങള്‍ക്ക് കിട്ടിയത്. ചീട്ടിത്തുണിയില്‍ പച്ചപ്പാവാടയും ക്രീം നിറത്തിലൊരു ഷര്‍ട്ടും. എന്തുകൊണ്ടാണ് അക്കൊല്ലം ഞങ്ങള്‍ക്ക് യൂണിഫോം തന്നതെന്ന് ഇന്നുമറിയില്ല. എല്ലാസര്‍ക്കാര്‍ സ്‌കൂളുകള്‍ക്കും കൊടുത്തിരുന്നോ എന്നൊന്നുമറിയില്ല. അതോ ഞങ്ങളുടെ സ്‌കൂളിനു മാത്രമോ ജീല്ലയിലെ സ്‌കൂളുകള്‍ക്കു മുഴുവനുമോ എന്നുമറിയില്ല. അക്കൊല്ലം ഭയങ്കരമഴയായിരുന്നെന്നും വെള്ളപ്പൊക്കത്തിലും ഉരുള്‍പൊട്ടലിലും അഭയാര്‍ത്ഥികളായി ഒരുപാടുപേര്‍ സ്‌കൂളില്‍ കഴിഞ്ഞിരുന്നതും ഓര്‍ക്കുന്നു. പത്താംക്ലാസ്സിലെത്തിയാലും പാകമാകാത്തവണ്ണത്തിലെ പാവാടയും ഷര്‍ട്ടുമായിരുന്നു എനിക്കും അനിയത്തിക്കും കിട്ടിയത്. ഞങ്ങളുടെ സ്‌കൂളില്‍ യൂണിഫോം നിര്‍ബന്ധമായിരുന്നില്ല. എന്നിട്ടും പിറ്റേന്നു മുതല്‍ സഹപാഠികള്‍ അതിട്ടു വന്നു. സഹപാഠികളേക്കാള്‍ അല്പം ഭേദപ്പെട്ട അവസ്ഥയിലായിരുന്നു ഞങ്ങള്‍. അമ്മയ്ക്ക് സര്‍ക്കാര്‍ജോലിയുണ്ട്. കുറച്ചു പറമ്പുണ്ട്. മുറുക്കുന്നത്ത പോലീസിലായിരുന്നതുകൊണ്ട് പെന്‍ഷനുണ്ട്. ഇങ്ങനെയൊക്കെ തട്ടിമുട്ടി പോകാവുന്ന അവസ്ഥ ഞങ്ങള്‍ക്കുണ്ടായിരുന്നതുകൊണ്ടാവണം അമ്മച്ചി ഞങ്ങളെ ആ യൂണിഫോം ഇടുവിച്ചില്ല. ശരിക്കു പറഞ്ഞാല്‍ വീട്ടിലിടാന്‍പോലും സമ്മതിച്ചില്ല. ചിലരാത്രികളില്‍ തണുപ്പു കൂടുമ്പോള്‍ മേല്‍ക്കുപ്പായമായി ഞങ്ങളതിട്ടു. എന്നാല്‍ ബഹുഭൂരിപക്ഷംപേര്‍ക്കും അതായിരുന്നില്ല അവസ്ഥ. ഒരു വീട്ടിലെ കുട്ടികള്‍ക്കെല്ലാവര്‍ക്കും കയറാവുന്ന വലിപ്പമായിരുന്നു യൂണിഫോമിനെങ്കിലും എല്ലാവരും അതിട്ടു. (അന്നത്തെ കുട്ടികളെല്ലാം മെലിഞ്ഞ് ഈര്‍ക്കിലിപോലിരുന്നതാണോ കാരണമെന്നുമറിയില്ല.)




എന്തായാലും ഇക്കാര്യമോര്‍ക്കാന്‍ കാരണമായത് ബൂലോഗ കാരുണ്യത്തിന്റെ യൂണിഫോം വിതരണത്തില്‍് പങ്കെടുക്കാനായതുകൊണ്ടാണ്. വയനാട് തിരുനെല്ലിയിലെ സര്‍വ്വ് ഇന്ത്യ എ യു പി സ്‌കൂളിലെ എല്ലാകുട്ടികള്‍ക്കും ( ഒന്നാംക്ലാസ്സ് ഒഴിച്ച്) യൂണിഫാം എത്തിച്ചു. ഒപ്പം ഇരുളം വളാഞ്ചേരി അംഗനവാടിയിലെ കുട്ടികള്‍ക്കും. ഈ യൂണിഫോം എല്ലാം കൃത്യമായി അളവെടുത്ത് തയ്പ്പിച്ച് ഓരോ കുട്ടിയുടെയും പേരും ക്ലാസ്സും കവറിനു പുറത്ത് രേഖപ്പെടുത്തിയാണ് കൊണ്ടുപോയത്.
കൈപ്പള്ളി, അതുല്യേച്ചി, പ്രിയ, ആഷ്‌ലി, നിരക്ഷരന്‍ തുടങ്ങിയവരാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത്.

മുമ്പ് കൊമ്മഞ്ചേരി കോളനിക്കാര്‍ക്ക് പായ, കമ്പിളി , വസ്ത്രം എന്നിവ ബൂലോഗര്‍ കൊടുത്ത വിവരം അറിഞ്ഞ സര്‍വ്വ് ഇന്ത്യാ സ്‌കൂളിലെ അധ്യാപകന്‍ സാമുവല്‍ സര്‍ , ആദിവാസി മേഖലയെ ഞങ്ങള്‍ക്ക് പരിചയപ്പെടുത്തിയ കുഞ്ഞമ്മദിക്കയോട് സ്‌കൂളിലെ കുട്ടികള്‍ക്ക് യൂണിഫോം കിട്ടാന്‍ വല്ല വഴിയുമുണ്ടോ എന്നന്വേഷിക്കുകയായിരുന്നു.

ഭുരിപക്ഷവും ആദിവാസിക്കുട്ടികള്‍, റേഷന്‍ വാങ്ങാന്‍പോലും ഗതിയില്ലാത്തവരുടെ മക്കള്‍...എല്ലാവര്‍ഷവും തങ്ങളുടെ കുട്ടികള്‍ തുണിയുടുത്തുവരാന്‍ ആഗ്രഹിക്കുന്ന ഹെഡ്മാസ്‌റററും മറ്റും മാനന്തവാടിയിലേയും പനമരത്തേയും തുണിക്കടകളില്‍ കയറിയിറങ്ങും . ചിലര് കൊടുക്കും. കിട്ടുന്നതാകട്ടെ അവിടെയുമിവിടെയുമെത്താത്തവ...അല്ലെങ്കില്‍ പത്തുപേര്‍ക്ക് കയറാവുന്നവ...
എല്ലാവര്‍ക്കും പാന്‍സിടാന്‍ മോഹം. അത് ഇന്‍സൈഡ് ചെയ്യുകയും വേണം. എങ്ങനെ നടക്കും? ശരിക്കു പറഞ്ഞാല്‍ ആ മോഹം കൂടിയാണ് പൂവണിഞ്ഞത്.



ജൂണ്‍ പതിമൂന്നിനായിരുന്നു ഞങ്ങള്‍ ഒത്തുകൂടിയത്. സുല്‍ത്താന്‍ ബത്തേരിയില്‍ നില്ക്കാന്‍ പറഞ്ഞിടത്ത് പത്തുമിനിറ്റു മുമ്പേ എത്തി. ആഷ്‌ലി, അച്ഛന്‍- അമ്മ- ഭാര്യസമേതം. കൂടെ അതുല്യേച്ചിയും. അതുല്യേച്ചി തലേന്നു വ്ന്ന് റൂമെടുത്ത് നില്‍ക്കുകയായിരുന്നു. നേരെ ഇരുളത്തേക്ക് പോയി. വളാഞ്ചേരി ആദിവാസിക്കുടിയോട് ചേര്‍ന്നുള്ള അംഗനവാടിയില്‍ കുട്ടികള്‍ ഹാജര്‍. മിടുക്കിയായ അംഗനവാടി വര്‍ക്കര്‍. അടുത്ത കുടികളിലെ കുട്ടികളെ നിര്‍ബന്ധിച്ചാണ് കൊണ്ടുവരുന്നതെന്ന് അവര്‍ പറഞ്ഞു.
< പലപ്പോഴും തന്റെ മക്കളുടേയും സഹോദരന്റെയും അയല്‍ക്കാരുടെ കുട്ടികളെയും ഒഴിവാക്കിയ അത്ര കേടുപാടുകളില്ലാത്ത ഉടുപ്പകളാണ് അവരെ ഇടുവിക്കുന്നതെന്ന് പറഞ്ഞു. മൂക്കളയൊലിപ്പിച്ചും അഴുക്കു പുരണ്ടും എത്തുന്നവരെ , കഞ്ഞി തിളയ്ക്കുന്നതിനു മുകളില്‍ പാത്രത്തില്‍ വെള്ളം വെച്ച് ചൂടാക്കി അവരെ കഴുകി വൃത്തിയാക്കുമെന്ന്് സുബൈദ ടീച്ചര്‍...കുട്ടികള്‍ക്ക് യൂണിഫോമും മിഠായിയും കൊടുത്ത് അവര്‍ തന്ന അച്ചപ്പവും കട്ടന്‍ചായയും കുറേ ചിന്തകളുമായി പുല്‍പ്പള്ളി -കാട്ടിക്കുളം വഴി തിരുനെല്ലിയിലേക്ക്്...കാട്ടിക്കുളത്ത് വെച്ച് പട്ടേട്ട് ഒപ്പം.





ബ്രഹ്മഗിരിയുടെ താഴ്വരയില്‍ പുഴയോടും അമ്പലത്തിനോടും നെല്‍വയലിനോടും ചേര്‍ന്നു നില്ക്കുന്ന സ്‌കൂള്‍...അധ്യാപകര്‍ക്ക് സന്തോഷം. കുട്ടികള്‍ക്ക് അതിലേറെ...



കുഞ്ഞമ്മദിക്ക കുറച്ചുപേര്‍ക്ക് വിതരണം ചെയ്തു. ബാക്കി അധ്യാപകര്‍ക്ക് കൈമാറി. യൂണിഫോം തയ്ച്ച് തയ്യാറാക്കിയ മനോജ് ഒന്നാംക്ലാസ്സിലെ കുട്ടികളുടെ അളവെടുത്തു. മൂന്നുമാസം മുമ്പ് അന്നത്തെ ഒന്നാംക്ലാസുമുതല്‍ ആറാംക്ലാസ്സുവരെയുള്ളവരുടെ അളവെടുത്തതാണ് തയ്ച്ച് കൊടുത്തത്...അവിടെ നിന്നും കിട്ടി ഞങ്ങള്‍ക്ക് ചായയും ബിസ്‌ക്കറ്റും. ..

ബൂലോഗകാരുണ്യത്തിന് നന്ദി. പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് അതിലേറെ..ഇനിയും ഇതുപോലുള്ള പ്രവര്‍ത്തനങ്ങളുണ്ടാവട്ടെ..എല്ലാവിധ പിന്തുണയും ആശംസകളും നേരുന്നു

ഫോട്ടോ ആഷ്‌ലി, അതുല്യേച്ചി

Sunday, June 5, 2011

സഹജീവനം അതിജീവനം

ഇന്ന് ലോക പരിസ്ഥിത ദിനം


ഞങ്ങളുടെ പറമ്പിന്റെ കിഴക്കേ അതിര് വയലായിരുന്നു. ഒരുപാട് കിളികള്‍ അവിടെ പറന്നിറങ്ങിയിരുന്നു. കൊയ്ത്തുകാരികള്‍ക്കൊപ്പം പോകുന്ന ഞങ്ങളുടെ മേലേക്ക് പച്ചക്കുതിരകള്‍ പറന്നുവന്നിരുന്നു. കണ്ടത്തിനോട് ചേര്‍ന്ന പറമ്പ് ഇരുള്‍മൂടിക്കിടന്നു. മാവും പ്ലാവും പുല്ലാഞ്ഞിയും വട്ടിരുമ്പും..കരിയിലകള്‍ വീണ് നിലം കാണാന്‍ കഴിയുമായിരുന്നില്ല. വേനലവധിക്കാലങ്ങളില്‍ ആ കരിയിലകളില്‍ ഞങ്ങള്‍ കുത്തിമറിഞ്ഞു. അന്നേരം കരിയില അല്പം നീക്കിയാല്‍ തണുത്ത മണ്ണ് കാണാമായിരുന്നു. വിരലില്‍ കുത്തിനോവിച്ചു കൊണ്ട് ഇരുവാലന്‍ ഉറുമ്പ്, ആദ്യമായി ആകാശം കണ്ടമട്ടില്‍ ഞങ്ങളെ നോക്കിച്ചിരിക്കുന്ന മണ്ണിര, ചേരട്ടയും ചെറുപ്രാണികളും..ചിതലുകള്‍...ഇരുട്ടില്‍ മൂളിപ്പേടിപ്പിച്ച നത്ത്...രാത്രികാലങ്ങളില്‍നിന്ന് കാട്ടില്‍ നിന്ന് കോഴിയെപിടിക്കാന്‍ വന്നിരുന്ന കുറുക്കന്‍..കോഴികളുടെ എണ്ണം ഓരോന്നായി കുറയുമ്പോള്‍ കാടിനു തീയിട്ട് കുറുക്കനെ ഓടിക്കാനല്ല ശ്രമിച്ചത്. ഇവിടെ കോഴി വാഴില്ലെന്ന് പറഞ്ഞ് കോഴിക്കൂട് കിഴക്കുവശത്തു നിന്ന് പടിഞ്ഞാട്ടേക്ക് മാറ്റി... കലപില ഒച്ചവെച്ചുകൊണ്ട് പൂത്താങ്കീരികള്‍ പറന്നിറങ്ങി, മുറ്റത്തും പറമ്പിലും മാടത്തകള്‍, ഓലേഞ്ഞാലി...

മരങ്ങളുടെ വേരുകള്‍ ഇറങ്ങുന്നുവെന്ന് പറഞ്ഞ് കണ്ടത്തില്‍ കപ്പനട്ടു. പിന്നെ വാഴയായി ..കുറച്ചുകാലം വെളിമ്പ്രദേശംപോലെയായി...കണ്ടത്തിന്റെ ഒരറ്റത്ത് ഓലികുത്തി. തെളിനീര്‍വെള്ളം. വെളളം മൂക്കാന്‍ ഉപ്പും കരിക്കട്ടയുമിട്ടു. മണ്ണിന്റെ അവകാശിയായ മുറുക്കുന്നത്തയോടോ ഓലി കുത്താന്‍ മുന്നില്‍ നിന്ന അമ്മച്ചിയോടോ അനുവാദം ചോദിക്കാതൊരു ദിവസം വെളളത്തിപ്രാണി വന്നു. ഇനിയങ്ങോട്ട് വെള്ളം തെളിയിക്കാന്‍ ഞങ്ങളുണ്ടെന്ന് അവ പ്രഖ്യാപിച്ചു. അതിനടുത്തൊരുനാള്‍ പലതരം മീനുകള്‍ വന്നു. പിന്നെ തവള , ഞണ്ട്, നീര്‍ക്കോലി...കവുങ്ങിന്‍ തലപ്പത്തൊരു പൊന്മാന്‍...

പക്ഷേ, ഭാഗം കിട്ടിയവര്‍ കണ്ടവും അതിനോട് ചേര്‍ന്ന ഇരുള്‍മൂടിയ പറമ്പും വിറ്റു. കരിയിലകള്‍ പുതഞ്ഞുകിടന്നിടം ഒരു വീട്ടിലേക്കു വണ്ടി കയറിപ്പോകുന്ന റോഡായി..കണ്ടത്തില്‍ നാലോ അഞ്ചോവീടുകള്‍...തീര്‍ച്ചയായും, മരങ്ങള്‍, അവിടെ വസിച്ചിരുന്ന ജീവികള്‍, ആ നിഴലില്‍ പറ്റിപ്പിടിച്ചു വളര്‍ന്നിരുന്ന സസ്യങ്ങള്‍ ഒന്നുമില്ലാതായി..ഒന്നിന്റെ നാശം സര്‍വ്വതിന്റെയും നാശമായി..മനുഷ്യന്റെ, ജീവിജാലങ്ങള്‍ക്കിടയിലെ പരസ്പരാശ്രിതത്വമാണ് അതോടെ ഇല്ലാതായത്. എവിടെ നിന്നെങ്കിലും ഒരു പാമ്പ് കയറി വന്നാല്‍ നമ്മള്‍ വിറയ്ക്കുന്നു. കൊല്ലാന്‍ വിറകുകോലെടുക്കുന്നു.
ഡി. വിനയചന്ദ്രന്‍ ആത്മകഥയില്‍ പറയുന്നു: 'വല്ലപ്പോഴും വീട്ടുമുറ്റത്ത് വിചിത്രശബളിമയുളള കുഞ്ഞു സര്‍പ്പങ്ങള്‍ വരും. അമ്മയ്ക്കു പേടിയില്ല, അടുത്തു ചെന്നു ശാസിക്കും. ഞങ്ങള്‍ വിളക്കുകൊളുത്തുന്നുണ്ടല്ലോ, ഇങ്ങനെയൊക്കെ വന്നാല്‍ ആളുകള്‍ പേടിക്കില്ലേ?.. പൂര്‍ണ്ണവിശ്വാസത്തിന്റെ ഈ അഭ്യര്‍ത്ഥനകേട്ട് സര്‍പ്പദൈവങ്ങള്‍ അപ്രത്യക്ഷമാകും.'
വിശ്വാസത്തേക്കാളേറെ സഹജീവനത്തിന്റെ സംസ്‌ക്കാരമായിരുന്നു മുമ്പുണ്ടായിരുന്നത്.
പുരാതന ജൈനര്‍ സന്ധ്യയ്ക്ക് വിളക്ക് കത്തിച്ചിരുന്നില്ല. വിളക്കിന്റെ പ്രകാശത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്ന ചെറുപ്രാണികള്‍ ചത്തുവീഴാതിരിക്കാനായിരുന്നത്. സഹജീവികളോട് അത്രയേറെ ബഹുമാനമുണ്ടായിരുന്നു ജൈനസംസ്‌ക്കാരത്തിന്. എന്നാല്‍ കേരളത്തില്‍ ജൈനരില്‍ അധികവും താമസിക്കുന്ന പ്രദേശമാണ് കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ബാധിതപ്രദേശം. അവിടെ ചെറുജീവികളോ പറവകളോ, ജലജീവികളോ ഇല്ല. അവയ്‌ക്കൊന്നും നിലനില്ക്കാന്‍ ആവാത്തവിധം വിഷാംശം മണ്ണിലും വെള്ളത്തിലും ലയിച്ചു കഴിഞ്ഞു.

കുറച്ചുനാള്‍ മുമ്പ് ഒരു സുഹൃത്ത് വിളിച്ചു ചോദിച്ചു.
വീടിനടുത്ത് പാമ്പുവരാതിരിക്കാന്‍ എന്തെങ്കിലും വഴിയുണ്ടോ?
വന്നോട്ടെ, അതിനെന്താണെന്ന പ്രതികരണത്തിന് വലിയ മൂര്‍ഖന്‍ പാമ്പുവന്ന് കോഴിയെ വിഴുങ്ങുന്നു. കണ്ടാല്‍തന്നെ പേടിയാവുന്നു എന്ന് അവന്‍.
മണ്ണെണ്ണ, വെളുത്തുള്ളി, കായം ഇതൊക്കെ എത്രനാള്‍ പറ്റും?
മൂര്‍ഖന്‍ തന്നെയാണ് വീട്ടുമുറ്റത്തേക്ക് ഭയപ്പെടുത്തിക്കൊണ്ട് വരുന്നതെന്നു പറഞ്ഞപ്പോള്‍ അടുത്ത് വയലുണ്ടോന്ന്് വെറുതെ ചോദിച്ചതാണ്. മുമ്പ് വയല്‍ മാത്രമായിരുന്നത്രേ അവിടം. പുല്ലും പുല്‍ച്ചാടിയുമില്ലാതാവുമ്പോള്‍
തവളയും എലിയുമില്ലാതാവുമ്പോള്‍ മാളം നഷ്ടപ്പെട്ട പാമ്പ് അതിജീവനത്തിന് അടുത്ത ഇരയെ തേടിയിറങ്ങും.

ഒ. എന്‍. വിയുടെ ഭൂമിക്കൊരു ചരമഗീതം വായിച്ചതോടെ നെഞ്ചിലൊരു വിള്ളലുണ്ടായി.
റേഡിയോ പാടുന്നു.

പാമ്പുകള്‍ക്കു മാളമുണ്ട്
പറവകള്‍ക്കാകാശമുണ്ട്
മനുഷ്യപുത്രന് ജീവിക്കാന്‍
മണ്ണിലിടമില്ല......

സത്യമാണോ?

പ്രകൃതിയിലെ സമ്പന്നമായ വൈവിധ്യങ്ങളുടെ ഒരു ഭാഗം മാത്രമാണ് മനുഷ്യന്‍. വന്‍ മരങ്ങള്‍ മുതല്‍ സൂക്ഷ്മജീവികള്‍ വരെ അടങ്ങുന്ന വൈവിധ്യത്തിലാണ് നമ്മുടെ നിലനില്പ്. മനുഷ്യനടക്കമുള്ള എല്ലാ ജീവജാലങ്ങളുടെയും ജീവന്റെ നിലനില്പ് ജൈവവൈവിധ്യവുമായി ബന്ധപ്പെട്ടു കിടക്കുന്നു. എന്നാല്‍ പ്രകൃതിയെ സംരക്ഷിക്കാനും നശിപ്പിക്കാനുമാകുന്നത്് മനുഷ്യനുമാത്രമാണ.്

പ്രകൃതിയെ എങ്ങനെ വേണമെങ്കിലും ഉപയോഗിക്കാം എന്ന് നമ്മള്‍ വിചാരിച്ചു. എടുക്കും തോറും വീണ്ടും വീണ്ടും ഉണ്ടാവുമെന്ന് കരുതി. പക്ഷേ, ഭൂമിയില്‍ ജീവനെ താങ്ങി നിര്‍ത്തുന്ന ജൈവ വൈവിധ്യങ്ങള്‍ സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കില്‍ നശിച്ചു പോകുമെന്നും, ശരിയായ അവബോധമില്ലായ്മയുടെയും അശ്രദ്ധമായ ചെയ്തികളുടെയും ദുരന്തഫലമാണ് ഇന്ന് ലോകം അനുഭവിച്ചുകൊണ്ടിരിക്കുന്നതെന്നും തിരിച്ചറിയാന്‍ വൈകിപ്പോയെന്നു മാത്രം.

ഒന്നു കണ്ണടച്ചു തുറന്നാല്‍ കാണുന്ന സസ്യങ്ങളില്‍ പലതിനെയും അറിയില്ല. പലപ്പോഴുമത്് മറ്റു ഭാഷകളിലെ ലിപികള്‍ കാണുമ്പോലെയാണ്. ഒരുതരം നിശ്ചയമില്ലായ്മ. ഒരക്ഷരമെങ്കിലും തിരിയുമോ എന്ന് ശ്രമിച്ചുനോക്കും. കടലാസില്‍ ഉറുമ്പരിക്കുന്നതുപോലുളള അക്ഷരങ്ങള്‍...അതുപോലെയാണ് പലപ്പോഴും ചുററുപാടും. അധികവും അറിയില്ല. ലക്കു കിട്ടാതങ്ങനെ നില്ക്കും. പ്രകൃതിയുടെ വൈവിധ്യങ്ങള്‍ കണ്ട് അമ്പരന്ന്...
1.75 ദശലക്ഷം ഇനം ജീവികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ തിരിച്ചറിയാത്ത പതിന്മടങ്ങ് ജീവികളുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത് എന്നു കേള്‍ക്കുമ്പോള്‍ പകച്ചിരിക്കുകയല്ലാതെന്തു ചെയ്യാന്‍...

നാം ഉള്‍പ്പെടുന്ന ഈ ജീവന്റെ ശൃംഖല, കോടാനുകോടി വര്‍ഷങ്ങളിലൂടെയുണ്ടായ മാറ്റങ്ങളുടെയും പ്രകൃതി പ്രതിഭാസങ്ങളുടെയും മനുഷ്യ സ്വാധീനത്തിന്റെയും ഫലമാണ്.

ഇന്നുതന്നെ ജനസംഖ്യയില്‍ പകുതിയോളവും നഗരങ്ങളിലാണ് താമസിക്കുന്നത്. പ്രകൃതിയുമായി നേരിട്ടു ബന്ധമില്ലാതായിരിക്കുന്നു. പ്രകൃതിയുമായി മനുഷ്യനുള്ള അടുപ്പത്തില്‍ ഒരുപാട് നാട്ടറിവുകളുണ്ടായിരുന്നു. സാധാരണ മനുഷ്യനുകൂടി അനേകം ഔഷധസസ്യങ്ങളെയും മറ്റും തിരിച്ചറിയാനായിരുന്നു. ഈ വൈവിധ്യവുമായുള്ള ഇടപെടാല്‍ ഇല്ലാതാവുന്നതോടെ സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള നമ്മുടെ ഔഷധ വിജ്ഞാനം തീര്‍ത്തും ഇല്ലാതാകും.

ഇന്നത്തെ കൃഷിയും പാരമ്പര്യവൈദ്യവും തമ്മില്‍ ചേര്‍ച്ചയില്ലെന്ന് പലപ്പോഴുമെനിക്ക് തോന്നിയിട്ടുണ്ട്. കൃഷിക്കാര്‍ക്ക് വിത്തുകള്‍ പൊട്ടിമുളച്ചുണ്ടാകുന്നതാണ് നല്ല ചെടി. ബാക്കിയെല്ലാം പാഴ്‌ച്ചെടികള്‍. എന്നാല്‍ ഒരു വൈദ്യനെ സംബന്ധിച്ച് കാണുന്ന ഏതു ചെടിയിലും ഔഷധഗുണം കണ്ടെത്തും.

ഒരുകാലത്ത് ഏകവിളത്തോട്ടങ്ങള്‍ അപൂര്‍വ്വമായിരുന്നു ഞങ്ങളുടെ നാട്ടി്ല്‍. കാപ്പി, കുരുമുളക്, ഇഞ്ചി, മാവ്, പ്ലാവ്, തെങ്ങ്, കവുങ്ങ്, എല്ലാം നിറഞ്ഞതായിരുന്നു ഏതു പറമ്പും. പിന്നെയത്,. റബ്ബറിലേക്കുമാത്രമോ, കുരുമുളകിലേക്കു മാത്രമോ ആയി ചുരുങ്ങി. വൈവിധ്യം നിറഞ്ഞൊരു തോട്ടത്തിലെ ചെടികളുടെ ഉത്പാദനശേഷിയോ കരുത്തോ ഏകവിളത്തോട്ടങ്ങള്‍ക്കില്ലെന്നാണ് തോന്നുന്നത്. ഒരു കീടം ആക്രമിച്ചാല്‍ ആ തോട്ടത്തിലെ എല്ലാമരങ്ങളും നശിക്കുന്നു. തെങ്ങായാലും റബ്ബറായാലും, പ്ലാന്റേഷനിലെ തേക്കുകളായാലും. എന്നാല്‍ വൈവിധ്യത്തിനു നടുവില്‍ നില്ക്കുന്നവയ്ക്ക്്് കൂട്ടത്തോടെ ഇത്തരം പ്രശ്‌നങ്ങളുണ്ടാവുന്നില്ല. തെങ്ങിനെ ആക്രമിക്കുന്ന കീടത്തിന് അടുത്തു നില്ക്കുന്ന മാവിനെ ആക്രമിക്കാനാവുന്നില്ല. അല്ലെങ്കില്‍ കുറച്ചകലെ നില്ക്കുന്ന തെങ്ങിനെതന്നെ ആക്രമിക്കാനാവുന്നില്ല.

മൂന്നുനൂറ്റാണ്ടുമുമ്പുണ്ടായ വ്യാവസായിക വിപ്ലവത്തോടെ , പുതു സാങ്കേതിക വിദ്യ ഉപയോഗിച്ച് അമിതമായ വിളവെടുപ്പിന് കണക്കില്ലാതായി. ഇക്കാലയളവില്‍ പ്രകൃതിയുടെ കണക്കിനേക്കാള്‍ എത്രയോ ഇരട്ടി സസ്യജന്തുജാലങ്ങള്‍ ഭൂമിയില്‍ നിന്ന് ഇല്ലാതായിട്ടുണ്ട്. പലതും വംശനാശഭീഷണിയിലാണ്. ആഡംബരത്തിനും അന്ധവിശ്വാസത്തിനും വേണ്ടി എത്രയേറെ ജീവജാലങ്ങളാണ് വേട്ടയാടപ്പെടുന്നത്?

കൗമാരത്തില്‍, ഒരു ദിവസം ഉണര്‍ന്നത് അസാധാരണമായ ഒരു ശബ്ദം കേട്ടുകൊണ്ടാണ്. ഒറ്റച്ചിലപ്പുമാത്രം. പിന്നെ കുറേ നേരത്തേക്ക് അനക്കമില്ല. ഈ ശബ്ദത്തെ തിരഞ്ഞുകൊണ്ട് കുറേ നേരം നടന്നു. കനം തൂങ്ങിയ ചിറകടി ശബ്ദം. ഇത്തവണ കണ്ടുകിട്ടി. അതിരിലെ പ്ലാവില്‍ ഒരു വിരുന്നുകാരന്‍ പരന്ന നീളന്‍കൊക്കും അത്ര ആകര്‍ഷണമല്ലാത്ത തൂവലുകളുമായി. ശബ്ദവും ഒട്ടും ഇമ്പമുളളതായിരുന്നില്ല. മലമുഴക്കി വേഴാമ്പാലായിരുന്നുവത്.
പേരിലെ ഇമ്പംകൊണ്ട് പഞ്ചവര്‍ണ്ണക്കിളിയെപ്പോലൊന്നാണ് വേഴാമ്പല്‍ എന്നായിരുന്നു അതു വരെ ധാരണ.

'േവഴാമ്പല്‍ ഒരുതുള്ളി ജലത്തിനായ് കാത്തിരിക്കും പോലെ
പ്രിയേ നിന്‍ സാമീപ്യം ഞാന്‍ കൊതിപ്പൂ...'എന്ന സ്വന്തമായതോ കോപ്പിയടിച്ചതോ ആയ വരികളോടെ കിട്ടിയ പ്രണയലേഖനത്തെ ഓര്‍ത്തു ചിരിച്ചു അപ്പോള്‍.

വെള്ളിമൂങ്ങയെ കണ്ടാല്‍ കന്യസ്ത്രീയുടെ മുഖത്തെ ഓര്‍മവരും. ഇരുതലയനാണെങ്കിലും പാമ്പെന്നു പറയുമ്പോഴേ പേടിയാവും ചിലര്‍ക്ക്്്. മുമ്പൊക്കെ രാത്രിയായാല്‍ മൂങ്ങയുടെ മൂളല്‍ കേട്ടാല്‍ പേടിയാവും. യക്ഷി, പ്രേതം..ഇപ്പോള്‍ ഇവയെല്ലാം കടല്‍ കടക്കുന്നു. പല തുമ്പികളും , ശലഭങ്ങളും , കഴുകനുമൊക്കെ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു.

നമുക്കറിയാത്ത, ചിലപ്പോള്‍ പാഴ്‌ച്ചെടിയെന്നു വിചാരിക്കുന്ന സസ്യങ്ങളാവും മാരകരോഗങ്ങള്‍ക്കുള്ള ഔഷധം. ഏതാണ്ട് 34000 ത്തിലധികം സസ്യങ്ങളും 5200 ജീവികളും ലോകത്തുള്ള പക്ഷികളില്‍ എട്ടിലൊന്നും വംശനാശം നേരിട്ടുകഴിഞ്ഞു എന്നാണ് കണക്കുകള്‍. അതില്‍ കേരളത്തില്‍ മാത്രം കണ്ടുവരുന്നവയുമുണ്ട്. ജാവാദി വെരുക്, പറയോന്ത്, സിംഹവാലന്‍ കുരങ്ങ്,മരപ്പട്ടി, മണവാട്ടിത്തവള....
അടുത്തിടെ ലോകപൈതൃക പട്ടികയില്‍ സ്ഥാനം നേടി പശ്ചിമഘട്ടം. ലോകത്തെ 34 ഹോട്ട് സ്‌പോട്ടുകളില്‍ ഒന്നുമാണ് സഹ്യാദ്രി. ജൈവസമ്പന്നതകൊണ്ട് മുന്നില്‍ നില്ക്കുന്നതും എന്നാല്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതുമായ പ്രദേശങ്ങളാണ് ഹോട്ട് സ്‌പോട്ടുകളായി അറിയപ്പെടുന്നത്. കാടുകളാണ് ജൈവവൈവിധ്യത്തിന്റെ അറിയപ്പെടുന്ന സങ്കേതം. പക്ഷേ, പകുതിയോളം കാടും ഇന്നില്ലാതായിരിക്കുന്നു.

ദേശീയതൊഴിലുറപ്പു പദ്ധതിയുടെ ഭാഗമായി നടന്നുകൊണ്ടിരിക്കുന്ന പല പണികളും കാണുമ്പോള്‍ വിചിത്രമായി തോന്നും. തോടുകളും നിരത്തും വൃത്തിയാക്കാനിറങ്ങുന്നവര്‍ തോട്ടരികിലെ കൈതകള്‍ വേരോടെ പിഴുതുകളയുന്നു. കൈതക്കാടുകള്‍ ഒരു ആവാസവ്യവസ്ഥയാണെന്നോ. ഉറവനല്കാന്‍ കൈതപ്പൊന്തകള്‍ക്കു കളിയുമെന്നോ ഒന്നും ആരും ചിന്തിക്കുന്നില്ല. തോട്ടിന്‍ വക്ക് പിറ്റേക്കൊല്ലം ഇടിഞ്ഞുവീഴുന്നു. പ്പോഴും തൊഴിലുറപ്പിലൂട തൊഴില്‍ ഉറപ്പാക്കാം. തോട്ടിന്‍കര ഇടിയാതിരിക്കാന്‍ മണല്‍ചാക്കുകള്‍ വെയ്ക്കാം.
കൈതയും ഈറ്റത്തുറുവുമൊക്കെ ഇപ്പോള്‍ വ്യാപകമായി ഇത്തരത്തില്‍ വ്യാപകമായി നശിപ്പിക്കപ്പെടുന്നുണ്ട്. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളില്‍ നിന്ന് ഇത്തരം തൊഴിലിന് നേതൃത്വം നല്‍കുന്നവര്‍ പരിസ്ഥിതി അവബോധം കൂടി ഉളളവരായിരുന്നെങ്കില്‍ എന്നാശിച്ചു പോകുന്നു.

കൊതുകുമുട്ട ഭക്ഷണമാക്കിയിരുന്ന വാല്‍മാക്രികള്‍ ഇല്ലാതായിട്ടുണ്ട്. അലങ്കാര മത്സ്യകൃഷിക്കും കരിമീന്‍ വളര്‍ത്തലിനും മറ്റും പ്രോത്സാഹനം നല്കുന്ന സര്‍ക്കാരിനോട് വന്‍തോതില്‍ വാല്‍മാക്രികളെ ഉത്പാദിപ്പിച്ച് കുളങ്ങളിലും ജലാശയങ്ങളിലും എത്തിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നിവേദനം കൊടുക്കാന്‍ ഒരുങ്ങുകയാണ് മഹാത്മാഗാന്ധി സര്‍വ്വകലാശാലയിലെ എന്‍ എന്‍ എസ് യൂണിറ്റ്.

പഴയകാര്യങ്ങള്‍ പറയുമ്പോള്‍ മുടിഞ്ഞ നൊസ്റ്റാള്‍ജിയ എന്ന് ചിലര്‍ മുറുമുറുക്കും. നാളേക്കുവേണ്ടി എന്തെങ്കിലും ഇവിടെ ബാക്കി വെയ്ക്കാന്‍ നാം ബാധ്യസ്ഥരല്ലേ? തകര്‍ന്നു പോകേണ്ടതാണോ ഈ വൈവിധ്യവും ഭൂമിയും?

പലപ്പോഴും നഗരജീവിതത്തിനുള്ളില്‍ അസ്വസ്ഥതപ്പെട്ട് നടക്കുമ്പോള്‍ അറിയുന്ന ഒരു ചെടിയെ കാണുമ്പോള്‍ ഒരുപാട് സന്തോഷം തോന്നാറുണ്ട-അടുത്ത ആരെയൊ കണ്ടതുപോലെ...
കുട്ടിക്കാലത്ത് ഞാനുമനിയത്തിയും ഏദന്‍തോട്ടമെന്ന് വിളിച്ചിരുന്ന തോട്ടത്തിലേക്ക് അടുത്തിടെ പോയി. ആ തോട്ടത്തില്‍ ഇല്ലാത്തതായി ഒന്നുമുണ്ടായിരുന്നില്ല. വിലക്കപ്പെട്ട കനിയൊഴിച്ച്. ആണ്ടില്‍ പ്ന്ത്രണ്ടു മാസവും ചക്ക തരുന്ന പ്ലാവ്. കായ്ച്ച് കുലകുത്തി നില്ക്കുന്ന അരിനെല്ലിമരം, നെല്ലി, മാതളനാരകം, ചെറുനാരകം, മുന്തിരിവളളി, ചന്ദനമരങ്ങള്‍....കൈത്തോട് അതിനപ്പുറം കരിമ്പിന്‍ വയല്‍...ഏതാണ്ടെല്ലാം ഇപ്പോഴും അങ്ങനെ തന്നെയുണ്ട്. ഉടമകളും. അവരെന്നും വീട്ടില്‍ തനിച്ചായിരുന്നു,. വയസ്സായിട്ടും അവരെങ്ങനെ ഏകാന്തതയെ അതിജീവിക്കുന്നു എന്ന് അത്ഭുതപ്പെട്ടു.. ഞങ്ങളെപ്പോലെ ആരെങ്കിലും അതിലെ വന്നാലായി..മനുഷ്യന്‍ തന്നെയായിരിക്കണം സഹവാസിക്കാനും ഇടപെടാനും സംസാരിക്കാനുമൊക്കെ വേണ്ടത് എന്നത് വെറും തെറ്റിദ്ധാരണ മാത്രമാണെന്ന് തോന്നിപ്പോയി. ചേച്ചി കോഴിയോടും പൂച്ചയോടും പശുവിനോടും സംസാരിച്ചുകൊണ്ടിരുന്നു. അവ തലകുലുക്കി കേട്ടുകൊണ്ടുമിരുന്നു. മുറ്റത്തെ റോസയോടും കനകാംബരത്തോടും ചേച്ചി ചോദിച്ചേക്കാം ഇവരെ അറിയില്ലേ എന്ന്്്. അവ മറുപടി പറയുന്നതും ചേച്ചിക്ക് മനസ്സിലാവും.

പലപ്പോഴും വേലികളെക്കുറിച്ച് ചിന്തിക്കാറുണ്ട്. പടുകൂറ്റന്‍ മതിലുകള്‍ കാണുമ്പോള്‍ പ്രത്യേകിച്ചും. വേലിതന്നെ ജൈവവൈവിധ്യത്തിന്റെ ചെറിയ സങ്കേതമായിരുന്നു. പലപ്പോഴും ചെമ്പരത്തിവേലികള്‍, അല്ലെങ്കില്‍ കമ്മട്ടിപത്തലോ, ചീമക്കൊന്നയോ നാട്ടിയ വേലികള്‍...ഈ വേലിയിലേക്ക് നിത്യ വഴുതിനയോ ചതുരപ്പയറോ, കുമ്പളമോ, മത്തയോ പടര്‍ന്നു കയറും. അതില്‍ പൂമ്പാറ്റകളും തുമ്പികളും പറന്നിരിക്കും. ഓന്തും അരണയും ഒളിച്ചിരിക്കും. പക്ഷികള്‍ കൂടുകൂട്ടും. പക്ഷേ, ഇന്ന് മതിലുകള്‍ക്കുള്ളില്‍ പുറം ലോകത്തെ അറിയാതെ അവനവനിലേക്കിറങ്ങുന്നു. ആ ലോകത്ത് നമ്മള്‍ മാത്രമേയുള്ളു. അതുപോലപ്പോഴും ഞാന്‍ മാത്രം എന്നാകുന്നു. ഭാവിതലമുറയെക്കുറിച്ച് ചിന്തിക്കുന്നേയില്ല. അവരും ഭൂമിയുടെ അവകാശികളാണെന്ന് ഓര്‍ക്കുന്നേയില്ല.നമ്മള്‍ കണ്ടനുഭവിച്ചതില്‍ കുറച്ചെങ്കിലും അവര്‍ക്കും വേണം എന്നു വിചാരിക്കുന്നേയില്ല.
കല്ലടാമുട്ടി, പരല്‍, വാലേപ്പുള്ളി, കുയില്‍, നെറ്റീപ്പൊട്ടന്‍, തലേക്കല്ലന്‍, വരാല്‍ ഇങ്ങനെ തിരച്ചറിഞ്ഞ മത്സ്യങ്ങള്‍ എത്രയായിരുന്നു. രാത്രികാലങ്ങളില്‍ ചൂട്ടും കത്തിച്ച് മീന്‍ പിടിക്കാന്‍ പോകുന്ന കുഞ്ഞാങ്ങളമാര്‍ക്കൊപ്പം കൂടിയിട്ടുണ്ട്. തോട്ടുവക്കത്തേക്ക് ചേര്‍ന്നിരിക്കും അവ.
നമ്മുടെ കുഞ്ഞുങ്ങള്‍
ചേറിന്‍ കുണ്ടിലെ ചെറുമീനേ
നീയോന്നോട് കളിക്കണ്ട
നീയെന്നോടു കളിച്ചെന്നാല്‍
ചൂണ്ടലിട്ടു പിടിക്കും ഞാന്‍...
എന്ന് അനിമേഷന്‍ കാര്‍ട്ടൂണ്‍ സിഡി കണ്ട് വളരും.
അവര്‍ ചേറും കുണ്ടോ ചൂണ്ടയോ കാണുന്നുണ്ടോ? കൃത്രിമായി കാണിച്ചുകൊടുത്ത് തൃപ്തിപ്പെടുക.
ആഗോളതാപനവും ഓസോണ്‍പാളിയുടെ വിളളലുമെല്ലാം ജൈവസമ്പത്തിന്റെ തകര്‍ച്ചയ്ക്ക് കാരണമാകുന്നുണ്ട്. ശരാശരി താപനില ഒരു ഡിഗ്രി ഉയര്‍ന്നാല്‍ തന്നെ പല സസ്യജീവജാലങ്ങളുടേയും നിലനില്പിനെ സാരമായി ബാധിക്കുമെന്ന് ശാസ്ത്രജഞര്‍ മുന്നറിയിപ്പു തരുന്നു.
ജൈവസമ്പത്തിനെ ചൂഷണം ചെയ്യാതെ നമുക്കു നിലനില്ക്കാനാവില്ല, എന്നാല്‍ സര്‍വ്വചരാചരാങ്ങളെയും മാനിച്ചുകൊണ്ട് ഒരു ക്രമത്തിലാവണമത്. ആഗോളീകരണത്തിന്റെയും പാരിസ്ഥിതിക തകര്‍ച്ചയുടേയും ഇക്കാലത്ത് ജൈവവൈവിധ്യശോഷണം മാനവരാശിനേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണെന്ന് ശാസ്ത്രലോകം തിരിച്ചറിഞ്ഞു കഴിഞ്ഞു.


ജൈവവൈവിധ്യത്തെ തകര്‍ക്കുന്ന മറ്റൊന്ന് അധിനിവേശ സസ്യജീവജാലങ്ങളാണ്. നമ്മുടെ വൈവിധ്യത്തിലേറെയും വിദേശീയരാണ്. പക്ഷേ, അവ ഇവിടുത്തെ പരിസ്ഥിതിയുമായി ഇണങ്ങി വസിക്കുന്നു. എന്നാല്‍ അന്യജീവജാതികള്‍ ഒരു പ്രേദശത്ത് കടന്നുകൂടി പ്രാദേശിക സസ്യജന്തുജാലങ്ങള്‍ക്കും പരിസ്ഥിതിക്കും ആവാസവ്യവസ്ഥയ്ക്കും ഭീഷണിയാകുന്നതിനെയാണ് ജൈവഅധിനിവേശം എന്നു പറയുന്നത്.
ധൃതരാഷ്ട്രപ്പച്ച, പാണ്ടിത്തൊട്ടാവാടി, പാര്‍ത്തനീയം, കൊങ്ങിണി, കമ്മ്യൂണിസ്റ്റ് പച്ച, അക്കേഷ്യ, തിലോപ്പിയ, ഗാംബൂസിയ തുടങ്ങിയവയാണ് പ്രധാന അധിനിവേശ സസ്യജീവജാതികള്‍..
രണ്ടുമൂന്നു വര്‍ഷമായി പാണ്ടിത്തൊട്ടാവാടി പടര്‍ന്നുപിടിച്ച് ഒരു തെങ്ങിന്‍തോട്ടത്തെ നിരീക്ഷിച്ചുവരുന്നു. വര്‍ഷംതോറും അധിനിവേശത്തിന്റെ വ്യാപ്തികൂടുകയും തദ്ദേശീയ സസ്യങ്ങളെ കീഴടിക്കിയും ഇല്ലാതാക്കിയുമാണതിന്റ വളര്‍ച്ച. എന്നാല്‍ ആ പറമ്പിന്റെ ഒരരുകില്‍ നില്ക്കുന്ന പ്ലാവിന്റെ നിഴല്‍ വീഴുന്നൊരിടത്തും ഈ സസ്യത്തെ കാണാനില്ല. തോട്ടത്തിലുണ്ടായിരുന്ന പഴയ സസ്യങ്ങളില്‍ ചിലതെങ്കിലും അതിജീവനം തേടി പ്ലാവിന്‍ ചുവട്ടിലേക്കു വന്നു...സര്‍വ്വവും പാണ്ടിത്തൊട്ടാവാടിയുടെ പ്രളയത്താല്‍ മുങ്ങിപ്പോയപ്പോള്‍ നോഹയുടെ പെട്ടകമാണ് പ്ലാവിന്‍ ചുവടെന്ന് തോന്നി.
അധിനിവേശസസ്യജാലങ്ങള്‍, പ്രകൃതി നമുക്ക് നല്‍കുന്ന പാഠമാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.

കഴിഞ്ഞ രണ്ടുവര്‍ഷത്തോളമായി ധൃതരാഷ്ട്രപ്പച്ചയോ , പാണ്ടിത്തൊട്ടാവാടിയോ അല്ല നമ്മുടെ പരിസ്ഥിതിക്ക് നാശം വിതച്ചു കൊണ്ടിരിക്കുന്നത്. വേലിപ്പടല്‍ ആണ്. കേരളത്തില്‍ എന്നല്ല ഗോവ അടക്കമുള്ള പടിഞ്ഞാറന്‍ തീരം മുഴുവന്‍ ഇതു പടര്‍ന്നു കഴിഞ്ഞു. പയറുവളളിയോട് സാദൃശ്യം തോന്നാവുന്ന ഈ സസ്യം വിവിധ രൂപത്തില്‍ കാണപ്പെടുന്നുണ്ട്. മറ്റ് അധിനിവേശസസ്യങ്ങളേക്കാള്‍ വേഗത്തിലും വളരാന്‍ കഴിയുന്നതിനു പുറമേ വളരെ ഉയരത്തിലേക്ക് പടര്‍ന്നു കയറാനും കഴിയുന്നു. അതുകൊണ്ടുതന്നെ വന്‍മരങ്ങള്‍ക്കുവരെ ഭീഷണിയാണ്. ഇവ നമ്മുടെ ചുറ്റുപാടില്‍ കുറച്ച് മുമ്പ് തന്നെയുണ്ട്. പക്ഷേ, അന്നൊന്നും ഭീഷണിയായി മാറിയിരുന്നില്ല. അനുകൂല കാലവസ്ഥ കിട്ടും വരെ അത് പതുങ്ങി ന്ിന്നു. പിന്നെ വളരെ പെട്ടെന്ന് പടര്‍ന്നു പിടിക്കുകയായിരുന്നു.
നമ്മുടെ പരിസ്ഥിതിയുമായി ഇണങ്ങിനിന്ന പല സസ്യങ്ങളും ഇവയ്ക്കുമുന്നില്‍ ഞെരിഞ്ഞമര്‍ന്നു പോയി.

പ്രകൃതി വേലിപ്പടലിലൂടെ മനുഷ്യസമൂഹത്തിനു മുന്നില്‍ ചില ദൃഷ്ടാന്തങ്ങള്‍ കാണിച്ചു തരികയാണ്. നാം അവനവനിലേക്കൊതുങ്ങി ചുറ്റുപാടിനെ ശ്രദ്ധിക്കാതിരിക്കുമ്പോള്‍ ചിലത് പതുങ്ങി നമുക്കടുത്തു വരികയും സൗഹൃദം കാണിച്ചു നില്ക്കുകയും പെട്ടെന്നൊരു ദിവസം നമ്മുടെ പൈതൃകത്തെയും സംസ്‌ക്കാരത്തെയും നമ്മളെത്തന്നെയും ഞെരിച്ചമര്‍ത്തി ശ്വാസം മുട്ടിച്ച് കൊല്ലുന്നുവെന്ന യാഥാര്‍ത്ഥ്യത്തെ- ന്മമുടെ ചിന്തയെ, ജീവിതത്തെ, സാമൂഹ്യക്രമത്തെയെല്ലാം കീഴടക്കിക്കൊണ്ട് സാമ്രാജ്യത്വമെന്നോ, തീവ്രവാദമെന്നോ, മതാന്ധതയെന്നോ, ഏതെങ്കിലും തത്വശാസ്ത്രമെന്നോ എന്തുവേണമെങ്കലും പേരിട്ടുവിളിക്കാവുന്ന അധിനവേശത്തിന്റെ കീഴ്‌പ്പെടുത്തലവുകള്‍ക്ക് എന്നും പ്രകൃതി ചില പാഠങ്ങള്‍ കാണിച്ചു തന്നിരുന്നു. ജൈവവൈവിധ്യമെവിടെയുണ്ടോ അവിടം വിവിധ സംസ്‌ക്കാരങ്ങളുടെ വൈവിധ്യം നിലനില്ക്കാന്‍ പോന്ന ഇടമായിരിക്കും. ഏകശിലാത്മകസംസ്‌ക്കാരം നിലനില്ക്കുന്ന സംസ്‌ക്കാരങ്ങളില്‍ പ്രകൃതിയെ നിരീക്ഷിച്ചാല്‍ കാണാവുന്നത് വിരലിലെണ്ണാവുന്ന സസ്യജന്തുജാലങ്ങളെയാണ്.
ജൈവവൈവിധ്യമില്ലെങ്കില്‍ നമുക്ക് നിലനില്പില്ല.

വിഭൂതിഭൂഷണ്‍ ബന്ദോപാധ്യായയുടെ ആരണ്യക് നോവലില്‍ യുഗളപ്രസാദന്‍ എന്നൊരു കഥാപാത്രമുണ്ട്. യുഗളന്‍ ഓരോ കാട്ടിലും നടന്ന് അവിടെയില്ലാത്ത സസ്യങ്ങള്‍ മറ്റൊരിടത്ത് കൊണ്ടുവന്ന് പിടിപ്പിക്കും. കാട് നാടിന് വഴിമാറുമ്പോള്‍ യുഗളന്‍ വല്ലാതെ വേദനിക്കുന്നുണ്ട്. ജൈവവൈവിധ്യം സംരക്ഷിക്കുന്നതും വര്‍ദ്ധിപ്പിക്കുന്നതിനും വേണ്ടി ജീവിതം മാറ്റിവെച്ച് യുഗളപ്രസാദനെപ്പോലൊരാളെ മറ്റൊരിടത്ത് വായിക്കുകയോ കണ്ടുമുട്ടുകയോ ചെയ്തിട്ടില്ല.
സ്വപ്നം കാണാന്‍ ചെലവൊന്നുമില്ലാത്തതുകൊണ്ട് യുഗളനെപ്പോലൊരാള്‍ എവിടെയോ ജീവിച്ചിരിക്കുന്നുവെന്നും നോഹയുടെ പെട്ടകം പോലൊന്ന് തീര്‍ത്തുകൊണ്ടിരിക്കുന്നുവെന്നും അങ്ങനൊരാളെ കണ്ടുമുട്ടാനാവുമെന്നും പ്രത്യാശിക്കാം.