Monday, January 25, 2010

പച്ചയെല്ലാം 'പച്ചപ്പ'ല്ല

ഭാഗം ഒന്ന്‌


വാടകവീടിന്റെ അടുക്കളവാതില്‍ തുറന്നത്‌‌ ഒഴിഞ്ഞ ഒരു പറമ്പിലേക്കായിരുന്നു. വലിയ വലിയ കെട്ടിടങ്ങള്‍ക്കിടയില്‍ ഈ പറമ്പ്‌ ഒറ്റപ്പെട്ടു നിന്നു. അവിടെ കണ്ട വീടിന്റെ അവശിഷ്ടങ്ങള്‍ക്കും പൊട്ടക്കിണറിനുമിടയില്‍ വേനലായിരുന്നിട്ടും പച്ച കാണാമായിരുന്നു. തെങ്ങുകള്‍ക്കിടയില്‍ നിന്ന ചെടികള്‍ മിക്കതും ഉണങ്ങിത്തുടങ്ങിയിരുന്നു. എങ്കിലും നഗരത്തിനുള്ളില്‍ ഇത്രയും പച്ചപ്പുകാണാനായതില്‍ സന്തോഷിച്ചു.

ചൂടുകൂടിത്തുടങ്ങിയതോടെ കാടു പൂര്‍ണ്ണമായും കരിഞ്ഞു. പൊട്ടക്കിണറിന്റെ വക്കത്ത്‌ കീരിയെ കണ്ടു. ഉണങ്ങിയ കാട്ടില്‍ ചേരയിഴഞ്ഞു. ഒരു ദിവസം വെട്ടുകത്തിയുമായി ഒരാള്‍ വന്നു. മൂന്നുനാലുദിവസംകൊണ്ടയാള്‍ കാടുവെട്ടിക്കൂട്ടി തീയിട്ടു. ആകാശത്തേക്ക്‌ തീയുയര്‍ന്നപ്പോള്‍ ഇനിയൊരു പച്ചയെ കാണാനാവില്ലല്ലോ എന്നോര്‍ത്തു സങ്കടപ്പെട്ടു.
പക്ഷേ, ആദ്യത്തെ മഴക്കുതന്നെ വിത്തുകളെല്ലാം മുളപൊട്ടി. ഒരു പച്ചപ്പരവതാനി വിടര്‍ന്നു. സൂക്ഷിച്ചുനോക്കി. വലിയൊരു പറമ്പില്‍ ചെടികളുടെ വൈവിധ്യങ്ങളൊന്നുമില്ല. വേനല്‍ അതിജിവിച്ചു നിന്ന വട്ടയെ, പ്ലാവിന്‍തൈയ്യെ ഞെരിച്ചമര്‍ത്തിക്കൊണ്ട്‌ പുതിയ പച്ച വളര്‍ന്നു വരുന്നു.
കാഴ്‌ചയക്ക്‌ കൂമുള്ളുനോടും ഇഞ്ചയോടും സാമ്യമുണ്ട്‌. ഇളം വയലറ്റ്‌ പൂക്കള്‍. ചെറുപ്പത്തില്‍ കണ്ടുശീലിച്ച സസ്യമായിരുന്നില്ല അത്‌. അടുത്തിടെമാത്രം കണ്ടുതുടങ്ങിയത്‌്‌. ഇഞ്ചയോട്‌ സാദൃശ്യമുള്ളതും എന്നാല്‍ ചെറുതുമായിരുന്നതുകൊണ്ട്‌ ഞങ്ങളതിനെ ഉണ്ണീഞ്ച എന്നു വിളിച്ചു.
ഇവിടെയത്‌ ആനത്തൊട്ടാവാടിയും പാണ്ടിത്തൊട്ടാവാടിയുമായിരുന്നു. (mimosa diploricha) .
ഏതു ചെറുപറമ്പിലും അറിയുന്ന സസ്യങ്ങളെ തിരയുന്നവളെ ഉണ്ണീഞ്ചയുടേതുമാത്രമായ ആ ലോകം വിഷമിപ്പിച്ചു.

2009 മെയ്‌ 22. കോഴിക്കോട്‌ സുവോളജിക്കല്‍ സര്‍വ്വേ മ്യൂസിയത്തില്‍ ജൈവവൈവിധ്യദിനത്തോടനുബന്ധിച്ച്‌ അധിനിവേശ ജീവജാതികളുടെ പ്രദര്‍ശനം കണ്ടു. ഉണ്ണീഞ്ചയോടൊപ്പം അവിടെ കണ്ട പലതും ജീവിതത്തോട്‌ എത്ര അടുത്തു നിന്നിരുന്നു എന്നോര്‍ത്തു.

കുട്ടിക്കാലത്ത്‌ ആറ്റില്‍ നീന്തിക്കളിക്കുമ്പോള്‍ അല്‌പം മാംസളമായ കമ്മല്‍പൂവ്‌ ഒഴുകിവന്നിരുന്നതെടുത്ത്‌ കാതില്‍വെച്ചു നോക്കും. ആറ്റിറമ്പിലൂടെയുള്ള ഓരോ യാത്രയിലും കമ്മല്‍പൂവിന്റെ മരത്തെ അന്വേഷിച്ചിട്ടുണ്ട്‌. അതേതാണെന്ന്‌ ഇന്നുവരെ കണ്ടുപിടിക്കാനായിട്ടില്ലെങ്കിലും...


കമ്മല്‍പൂവുപോലെ ആകര്‍ഷകമായ മറ്റൊരുചെടിയും ഒഴുകിവരാന്‍ തുടങ്ങിയത്‌ കുറച്ചുകൂടി മുതിര്‍ന്നശേഷമാണ്‌. ഞങ്ങള്‍ അവയെ ഉള്ളംകൈയ്യിലെടുത്തു. ആറ്റിറമ്പില്‍ കൊച്ചുകുളമുണ്ടാക്കി ആ സസ്യത്തെ വളര്‍ത്താന്‍ ശ്രമിച്ചു. അത്‌ ആഫ്രിക്കന്‍ പായലായിരുന്നു.
കുറച്ചുമുകളില്‍ ആറിനോട്‌ ചേര്‍ന്ന വയലുകളില്‍ നിന്ന്‌ ഒഴുകിവന്നതായിരുന്നു ഈ ജലസസ്യം. വെളളത്തിലെ പോഷകാംശം ചോര്‍ത്തുകയും ജലോപരിതലത്തില്‍ തിങ്ങിവളര്‍ന്ന്‌ സൂര്യപ്രകാശം തടയുകയും ചെയ്‌ത്‌ വെള്ളത്തിനടിയിലെ സസ്യങ്ങള്‍ക്കും മത്സ്യങ്ങള്‍ക്കും സൂക്ഷ്‌മജീവികള്‍ക്കും ഭീഷണിയാണിതെന്ന്‌ തിരിച്ചറിയുന്നത്‌ കുറേ കഴിഞ്ഞാണ്‌.
അടുത്തിടെ ഒരു ബന്ധുവീട്ടില്‍ പോയപ്പോള്‍ അവിടുത്തെ കുട്ടികള്‍ കൊച്ചുകുളമുണ്ടാക്കി മീനുകള്‍ക്കൊപ്പം ആഫ്രിക്കന്‍പായലും വളര്‍ത്തുന്നതു കണ്ടു. അലങ്കാരസസ്യമായി തന്നെയാവണം ഈ വിദേശി ഇവിടെയെത്തിയത്‌. ആലപ്പുഴയില്‍ ആഫ്രിക്കന്‍ പായലുകളെ വകഞ്ഞുമാറ്റി വള്ളങ്ങള്‍ പോകുന്നത്‌ പതിവുകാഴ്‌ചയാണ്‌.'കിണറ്റില്‍ കലക്കലുണ്ടോ?' - ഒരു കുളവാഴയും നീട്ടിപ്പിടിച്ച്‌ സഹപ്രവര്‍ത്തകന്‍.
കുളവാഴ വളര്‍ത്തിയാല്‍ വെള്ളം തെളിയുമെന്ന്‌ പറഞ്ഞു.

പന്ത്രണ്ടുദിവസം കൊണ്ട്‌ ഇരട്ടിപ്രദേശത്ത്‌ പടരാന്‍ കഴിയുന്ന ഈ സസ്യം 50 രാജ്യങ്ങളിലെ ജലാശയങ്ങളിലെ കടുത്ത ഭീഷണിയാണ്‌. എന്തുഭംഗിയാണ്‌ കുളവാഴപ്പൂക്കള്‍ കാണാന്‍. ഈ ഭംഗിയാവണം അലങ്കാരസസ്യമായി വളര്‍ത്താന്‍ മനുഷ്യനെ പ്രേരിപ്പിച്ചതും. ജലാശയങ്ങളിലെ നീരൊഴുക്കു തടഞ്ഞ്‌ ബോട്ടുസര്‍വ്വീസുകളെ തടസ്സപ്പെടുത്തുന്നു . നീന്തലും മത്സ്യബന്ധനവും തടസ്സപ്പെടുത്തുന്നതുകൂടാതെ വെള്ളത്തിലേക്ക്‌ പ്രകാശം കടത്തിവിടാത്തതുകൊണ്ട്‌ ജലജീവജാലങ്ങള്‍ക്ക്‌ ഭീഷണിയുമാകുന്നു. ഇവയൊന്നും കൂടാതെ കൊതുകു വളര്‍ത്തല്‍ കേന്ദ്രം കൂടിയാണ്‌ ഈ സസ്യം.

കോഴിക്കോട്‌ കനോലി കനാലില്‍ കുളവാഴയല്ലാതെ മറ്റൊന്നും കാണാനുണ്ടാവില്ല. എല്ലാവര്‍ഷവും വൃത്തിയാക്കാന്നുണ്ട്‌. പക്ഷേ, ഒരിടത്തു നിന്ന്‌ നീക്കാന്‍ തുടങ്ങുമ്പോള്‍ അതിനേക്കാള്‍ വേഗത്തില്‍ പടരുന്നുമുണ്ട്‌. നമ്മുടെ കായലുകളെല്ലാം കുളവാഴയുടെ ഭീഷണിയിലാണ്‌.

പല മാരകരോഗങ്ങള്‍ക്കും കാരണമായ ഈഡിസ്‌ കൊതുക്‌ മനുഷ്യര്‍ക്ക്‌ കടുത്ത വെല്ലുവിളിയുയര്‍ത്തുന്ന അധിനിവേശ ജീവിയാണ്‌. ആഗോളതാപനം മൂലം കൂടുതല്‍ രാജ്യങ്ങളിലേക്ക്‌ ഈഡിസ്‌ കൊതുകള്‍ക്ക്‌ വളരെവേഗം പെരുകാന്‍ സഹായകമായെന്നാണ്‌ കണ്ടെത്തല്‍. ചിക്കന്‍ഗുനിയ, മഞ്ഞപ്പനി, ഡങ്കിപ്പനി തുടങ്ങിയ രോഗങ്ങളുടെ വൈറസ്‌ വാഹകരാണ്‌ ഈ കൊതുകുകള്‍.
കഴിഞ്ഞ മാര്‍ച്ചില്‍ മെക്‌സിക്കോയില്‍ പൊട്ടിപ്പുറപ്പെട്ട പന്നിപ്പനി ഇപ്പോള്‍ കേരളത്തിലും വലിയ പ്രശ്‌നമായി മാറിയിരുക്കുന്നു. അധിനിവേശത്തിന്റെ വേഗത എത്ര പെട്ടെന്നാണുണ്ടാകുന്നത്‌.
ജനസംഖ്യവര്‍ദ്ധനവും, രാജ്യന്തരയാത്രകളും, ആഗോളവ്യാപാരവും വിനോദസഞ്ചാരവും അധിനിവേശ ജീവജാതികളെ കൂടുതല്‍ ദൂരത്തേക്ക്‌ വളരെ പെട്ടെന്ന്‌ വ്യാപിപ്പിക്കാന്‍ സഹായകമാവുന്നു എന്ന്‌ വേള്‍ഡ്‌ വാച്ച്‌ ഇന്‍സ്റ്റിസ്റ്റ്യൂട്ട്‌ പറയുന്നു.


അന്യജീവജാലങ്ങള്‍ ഒരു പ്രദേശത്ത്‌ കടന്നുകൂടി പെറ്റുപെരുകി പ്രാദേശീക സസ്യജന്തുജാലങ്ങള്‍ക്കും പരിസ്ഥിതിക്കും ആവാസ വ്യവസ്ഥയക്കും ഭീഷണിയായി തീരുന്നതിനെയാണ്‌ ജൈവ അധിനിവേശം ( Bio Invasion ) എന്നു പറയുന്നത്‌. ലോകം നേരിടുന്ന പ്രധാന പരിസ്ഥിതി പ്രശ്‌നങ്ങളിലൊന്നായി ജൈവ അധിനിവേശത്തെ കാണുന്നു.

നമുക്കു ചുറ്റുമുള്ള ജൈവ വൈവിധ്യത്തില്‍ പകുതിയും വിദേശീയരാണ്‌. എന്നാല്‍ അവയൊന്നും വര്‍ദ്ധിച്ച തോതില്‍ പെരുകി നമ്മുടെ ജൈവ സമ്പത്തിന്‌ തടസ്സം സൃഷ്ടിക്കാതെയാണ്‌ വളരുന്നത്‌്‌. ഇല്ലായ്‌മ ചെയ്യുകയല്ല. എന്നാല്‍ അധിനിവേശ ജീവജാതികള്‍ നമ്മുടെ തനതായ ജൈവവ്യവസ്ഥയെ തകിടം മറിക്കുകയാണ്‌ ചെയ്യുന്നത്‌.

ആഗോളതലത്തില്‍ ഈ ജീവജാതികള്‍ വരുത്തുന്ന വിളനാശം, കാടിനും പരിസ്ഥിതിക്കും വരുത്തുന്ന നാശം, ഇവയെ നിയന്ത്രിക്കാന്‍ വരുന്ന ചെലവ്‌, അധിനിവേശ രോഗാണുക്കള്‍ മൂലം മനുഷ്യരിലും മൃഗങ്ങള്‍ക്കുമുണ്ടാകുന്ന നാശവുമെല്ലാം കൂട്ടിയാല്‍ ഓരോ വര്‍ഷവും കോടിക്കണക്കിന്‌ ഡോളറിന്റെ നഷ്ടമുണ്ടാകുന്നു എന്നാണ്‌ കണക്ക്‌. ഈ പശ്ചാത്തലം മുന്‍ നിര്‍ത്തിയാണ്‌ ഇക്കഴിഞ്ഞ ജൈവവൈവിധ്യ ദിനത്തിന്റെ സന്ദേശം 'ജൈവവൈവിധ്യവും അധിനിവേശം നടത്തുന്ന അന്യജീവജാതികളും' എന്ന്‌ യു എന്‍ നിശ്ചയിച്ചത്‌. 'വികസത്തിന്‌ ജൈവവൈവിധ്യം' എന്ന വിഷയമാണ്‌ 2010 ലെ ജൈവ അധിനിവേശ സന്ദേശം.
പല അധിനിവേശ ജീവജാതികളും നമുക്കുചുറ്റും പടരാന്‍ കാരണമായി തീര്‍ന്നത്‌ നമ്മള്‍ ത്‌ന്നെയാണ്‌. ഒരു ചെടി വളര്‍ത്തുമ്പോള്‍ അതു പടര്‍ന്നു പിടിച്ചാല്‍ എന്തെല്ലാം പ്രത്യാഘാതങ്ങളുണ്ടാവുമെന്ന്‌ നമ്മളറിഞ്ഞില്ല.

അധിനിവേശ സസ്യങ്ങളില്‍ എനിക്കേറ്റവും അടുപ്പമുണ്ടായിരുന്നത്‌ കൊങ്ങിണിയോടാവണം. മറയൂരിലെ ചന്ദന മരങ്ങള്‍ക്കിടയിലെ അടിക്കാടു മുഴുവനും കൊങ്ങിണിയായിരുന്നു. ചുവപ്പും റോസും പൂക്കള്‍ വിരിയുന്ന അരിപ്പൂവെന്നും പൂച്ചെടിയെന്നുമൊക്കെ അറിയപ്പെടുന്ന കൊങ്ങിണി (Lantana camara). സ്‌കൂള്‍ അവധി ദിവസങ്ങളില്‍ കാട്ടില്‍ കൊങ്ങിണിച്ചുള്ളി പെറുക്കാന്‍ പോയി. കൊച്ചുമുള്ളുകള്‍കൊണ്ട്‌ കൈയ്യും കാലും പോറി. ഇരുണ്ട കൊങ്ങിണിപ്പൊന്തകള്‍ക്കുള്ളില്‍ ചില കിളിക്കൂടുകളൊഴിച്ചാല്‍ മറ്റൊന്നും അതിജീവിച്ച്‌ നിന്നില്ല. കിളികളുടെ ഇഷ്ടഭക്ഷണമായിരുന്നു കൊങ്ങിണിപ്പഴങ്ങള്‍. ഞങ്ങളും ചിലപ്പോള്‍ കൊങ്ങിണി പഴങ്ങള്‍ തിന്ന്‌ ചുണ്ടും വായും കറുപ്പിച്ചു.
ചുവപ്പും റോസും പൂക്കള്‍ കൊണ്ടുവന്ന്‌ ഏതുകാലത്തും പൂക്കളമൊരുക്കി. പറമ്പിന്റെ വേലികള്‍ കൊങ്ങിണിയുടേതായിരുന്നു.
മലമ്പ്രദേശങ്ങളിലും തണുപ്പുകൂടുതലുള്ളിടത്തും ഈ സസ്യം വളരെ വേഗം വ്യാപിക്കുന്നു. ഇടുക്കിയിലും വയനാട്ടിലുമുള്ളത്ര കൊങ്ങിണിക്കാടുകള്‍ കേരളത്തില്‍ മറ്റൊരിടത്തുമില്ല.

ഒരിക്കല്‍ കൊങ്ങിണിക്കായകളുടെ കഥ കേട്ടത്‌ കുരുമുളകുമായി ബന്ധപ്പെട്ടാണ്‌ . നാട്ടിലെ കുരുമുളക്‌ വ്യാപാരിയുടെ ചരക്കുകള്‍ തിരിച്ചു വന്നത്രേ! കുരുമുളകിനോട്‌ സാമ്യമുളള കൊങ്ങിണിക്കായകള്‍ ചേര്‍ത്തുണക്കി നിലവാരം കുറച്ചുപോലും. ഒരു വ്യപാരിയുടെ ചരക്കുകളെ ബാധിക്കത്തക്കവണ്ണം മുള്ളുകൊണ്ട്‌ കൊങ്ങിണിക്കായ പറിക്കാന്‍ മിനക്കെട്ടതാരെന്ന ചോദ്യമാണ്‌ കുഴക്കിക്കളഞ്ഞത്‌.
ഇന്ന്‌ ഏതു വീട്ടുമുറ്റത്തും പലനിറങ്ങളില്‍ പൂക്കളുമായി കൊങ്ങിണി കാണാം. 650 വ്യത്യസ്‌ത ഇനങ്ങളില്‍ അറുപതോളം രാജ്യങ്ങളിലായി പടര്‍ന്നിട്ടുണ്ട്‌ ഈ തെക്കേയമേരിക്കന്‍ സ്വദേശി. 1807 ല്‍ കല്‍ക്കട്ടയിലെ ബോട്ടാണിക്കല്‍ ഗാര്‍ഡനില്‍ ബ്രിട്ടീഷുകാര്‍ എത്തിച്ച ഈ അലങ്കാരച്ചെടി ഇന്ന്‌ ലോകത്തിന്‌ ഭീഷണിയായ പത്തു കളകളില്‍ ഒന്നായാണ്‌ കണക്കാക്കുന്നത്‌.ചിലയിടങ്ങളില്‍ കോണ്‍ഗ്രസ്‌ പച്ച എന്ന പേരിലറിയപ്പെടുന്ന പാര്‍ത്തിനീയം ചെടി ( Parthenium hysterphorus )ഏറ്റവും അപകടകാരിയായ വിഷസസ്യമാണ്‌. അമേരിക്കയില്‍നിന്നുള്ള ഗോതമ്പുചാക്കിനൊപ്പം കടല്‍ കടന്നെത്തിയതാണ്‌. റെയിലോരത്തും റേഷന്‍ കടകളുടെ പരിസരത്തും ആദ്യവിത്തുകള്‍ വീണു....ശ്വാസകോശരോഗവും അലര്‍ജിയും തൊലിപ്പുറത്ത്‌ അസുഖവും ഒട്ടനവധി ഗുരുതര പ്രശ്‌നങ്ങളുമുണ്ടാക്കുന്നു പാര്‍ത്തിനീയം. മനുഷ്യനും മൃഗങ്ങള്‍ക്കും ഇത്രയേറെ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്ന സസ്യമില്ലെന്നു തന്നെ പറയാം.

അധിനിവേശ ജീവജാലങ്ങളുടെ പ്രദര്‍ശനം കണ്ടുകൊണ്ടു നില്‌ക്കുമ്പോള്‍ ജേണലിസം ഇന്‍സ്റ്റിറ്റിയൂട്ടില്‍ അധ്യാപകനായിരുന്ന ജോസഫ്‌ ആന്റണി സാറെ വിളിച്ചു. തിരുവനന്തപുരത്തെ അമ്പൂരിക്കാരന്‍. നെയ്യാര്‍ റിസര്‍വ്വോയറിന്‌ ചേര്‍ന്നു കിടക്കുന്ന പ്രദേശം.

എത്രതരം മീനുകളുണാടിയിരുന്നെന്നോ ഞങ്ങളുടെ നാട്ടില്‍...ഇപ്പോള്‍ പലതുമില്ലാതായി. അദ്ദേഹം പറഞ്ഞു.
മുമ്പ്‌ വലയും ചൂണ്ടയുമിട്ടാല്‍ ധാരാളം മത്സ്യങ്ങള്‍ കിട്ടുമായിരുന്നു. കറ്റി, മ്ലാഞ്ഞില്‍, ചോട്ടാവാള, കുറുവ, കൂരല്‍...ഇപ്പോള്‍ ഇവയൊന്നുമില്ല. തിലോപ്പിയയും കട്‌ലയും കിട്ടും. രണ്ടും വരുത്തന്മാര്‍...
ഇടക്കാലത്ത്‌ നമ്മുടെ ശുദ്ധജലാശയങ്ങളിലെത്തിപ്പെട്ട തിലോപ്പിയ എന്ന ഭീകരനാണ്‌ നാടന്‍ മത്സ്യയിനങ്ങളെ ഇല്ലാതാക്കിയത്‌. കാണുന്ന എന്തിനേയും ഇവന്‍ ശാപ്പിട്ടുകളയും.

തുറിച്ചു നോക്കും ചോര കുടിക്കും എന്നൊക്കെ പറഞ്ഞ്‌ ഓന്തിനെ എവിടെ കണ്ടാലും ഞങ്ങള്‍ തുപ്പുമായിരുന്നു. വെള്ളത്തില്‍ തിലോപ്പിയയെ കണ്ടാലും തുപ്പും. ചൂണ്ടയില്‍ തിലോപ്പിയ കുരുങ്ങിയാല്‍ തിരിച്ച്‌ ആറ്റിലേക്കുതന്നെയിടും. ശവംതീനിയെന്നാണ്‌ അന്ന്‌ കാരണം പറഞ്ഞത്‌.
മത്സ്യകൃഷിയുടെ ഭാഗമായി ലോകത്താകമാനം എത്തിയ തെക്കേആഫ്രിക്കന്‍ സ്വദേശിയായ തിലോപ്പിയയെ യു എന്നിനു കീഴിലുളള ഭക്ഷ്യ കാര്‍ഷിക സംഘടന 'ജൈവമലിനകാരി'യായി പ്രഖ്യാപിച്ചിട്ടുണ്ട്‌.

ശുദ്ധജല മത്സ്യങ്ങള്‍ക്ക്‌ ഭീഷണിയായി മാറിയ മറ്റൊരു അധിനിവേശയിനമാണ്‌ ആഫ്രിക്കന്‍ മുഷു.
കൊതുകു നശീകരണത്തിന്റെ പേരിലാണ്‌ ഗാംബൂസിയ എന്ന മത്സ്യം നമ്മുടെ നാട്ടിലെത്തുന്നത്‌. കൊതുകു മുട്ടക്കൊപ്പം ഇവര്‍ നാടന്‍ മത്സ്യമുട്ടകള്‍കൂടി തിന്നു നശിപ്പിച്ചു.
അധിനിവേശ ജാതികളുടെ പ്രത്യേകതളിലൊന്ന്‌ ഒരിക്കല്‍ ഒരിടത്ത്‌ എത്തിപ്പെട്ടാല്‍ ഒഴിവാക്കുക അസാധ്യമാണെന്നതാണ്‌.

അധിനിവേശ ജീവജാതികളുടെ അനിയന്ത്രിതമായ കടന്നുകയറ്റം തദ്ദേശീയ ജൈവ വൈവിധ്യത്തെയും കൃഷിയേയും മത്സ്യ ബന്ധനത്തെയുമൊക്കെ പ്രതികൂലമാക്കുന്നു. ഇത്‌ രാജ്യത്തിന്റെ ത്വരിത വികസനത്തെ സാരമായി ബാധിക്കുന്നു.
ഒരു വിദേശ ജീവജാതി അപകടകാരിയാവുന്നത്‌ മറ്റൊരു രാജ്യത്ത്‌ കയറിപ്പറ്റി അനിയന്ത്രിതമായി പെറ്റുപെരുകുമ്പോഴാണ്‌.
വര്‍ദ്ധിച്ച പ്രത്യുല്‌പാദനശേഷി, പെട്ടെന്നുള്ള വളര്‍ച്ച, വിവിധ സ്ഥലങ്ങളിലേക്ക്‌ പെട്ടെന്ന്‌ വ്യാപിക്കാനുള്ള ശേഷി, പുതിയ സാഹചര്യങ്ങളുമായി ഇണങ്ങിച്ചേരുവാനുള്ള കഴിവ്‌, വൈവിധ്യമാര്‍ന്ന ആഹാരരീതി, പ്രതികൂലാവസ്‌ഥയിലും നിലനില്‍ക്കാനുള്ള കഴിവ്‌ എന്നീ കാരണങ്ങള്‍കൊണ്ടാണ്‌ വിദേശീയര്‍ക്ക്‌ തദ്ദേശീയരുമായി മത്സരിച്ച്‌ നിലനില്‍ക്കാന്‍ സാധിക്കുന്നത്‌.


ഇന്ത്യയില്‍ 69 ഇനം അധിനിവേശ ജീവജാതികളുണ്ടെന്നാണ്‌ കണക്ക്‌.
തെങ്ങിനെ ബാധിക്കുന്ന മണ്ഡരിയും പലതരം വൈറസുകളും ചിത്രശലഭങ്ങളും യൂക്കാലിപ്‌റ്റ്‌സ്‌ ഈച്ചകളും ആഫ്രിക്കന്‍ ഭീമന്‍ ഒച്ചുവരെ ഈ കൂട്ടത്തില്‍ ഉള്‍പ്പെടുന്നു.

മണ്ഡരി ബാധിച്ച്‌ കൊപ്രയില്‍ മുപ്പത്‌ ശതമാനത്തിന്റെ കുറവുണ്ടാകുന്നുവെന്നാണ്‌ കണക്ക്‌. മെക്‌സിക്കന്‍ സ്വദേശിയായ ഈ സൂക്ഷ്‌മജീവി ഉഷ്‌ണമേഖലാ പ്രദേശങ്ങളിലെ പേടി സ്വപ്‌നമായി മാറിയിരിക്കുന്നു.

ആഫ്രിക്കന്‍ ഭീമന്‍ ഒച്ചിന്‌ ഔഷധ ഗുണമുള്ളതായി കണ്ടെത്തിയിട്ടുണ്ട്‌. പ്രോട്ടീന്‍ ഉറവിടം കൂടിയായ ഈ ജീവിയെ ഗവേഷണ ലക്ഷ്യങ്ങള്‍ക്കായി ലോകത്ത്‌ പലയിടത്തും എത്തിക്കുകയായിരുന്നു. ഈ ഒച്ച്‌ കാര്‍ഷിക വിളകള്‍ക്കു മാത്രമല്ല ദ്വീപ്‌ു പ്രദേശങ്ങളിലും മറ്റുമുള്ള നാടന്‍ ഒച്ചുകള്‍ക്കും ഭീഷണിയായി. കൃഷിയിടങ്ങളിലും വനങ്ങളിലും നഗരപ്രാന്തങ്ങളിലും ചതുപ്പുകളിലും ഉഷ്‌ണമേഖലാ പ്രദേശങ്ങളില്‍ പ്രത്യേകിച്ചും ഈ ജീവികള്‍ പെറ്റു പെരുകുന്നു.

പതിനഞ്ചുകൊല്ലം മുമ്പ്‌ കേരളത്തിലെ തേനീച്ച കൃഷിക്കാര്‍ക്ക്‌ വന്‍ ദുരന്തം നേരിടേണ്ടി വന്നു. തേനിച്ച മുഴുവന്‍ ചത്തതായിരുന്നു കാരണം. നാട്ടിലെ തേനിച്ചകള്‍ക്കു മാത്രമല്ല കാട്ടിലെ തേനീച്ചകളും ചത്തൊടുങ്ങി. തേന്‍ ശേഖരിച്ചും കൃഷിചെയ്‌തും ജീവിച്ചു പോന്നവര്‍ പ്രതിസന്ധിയിലായി. അത്യുല്‌പാദനശേഷി അവകാശപ്പെട്ടുകൊണ്ട്‌ ഇറ്റലിയില്‍ നിന്ന്‌ ഇറക്കുമതി ചെയ്‌ത തേനീച്ചയക്കൊപ്പം പോന്ന മാരകവൈറസായിരുന്നു കാരണം.
ഭ്രാന്തിപ്പശു രോഗവും, കുളമ്പുരോഗവും വന്ന്‌ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ആടുമാടുകളെ കൂട്ടത്തോടെ നശിപ്പിക്കേണ്ടി വന്നിട്ടുണ്ട്‌.


വീടിനു പുറകിലെ മലയ്‌ക്കപ്പുറം ഒരുകാലത്ത്‌ വനമായിരുന്നു. ഞങ്ങള്‍ മുതിര്‍ന്നപ്പോള്‍ തന്നെ അവിടെ മരങ്ങളില്ലാതായിരുന്നു. കാട്ടുപുല്ലും ചില കുറ്റിച്ചെടികളുമായിരുന്നുണ്ടായിരുന്നത്‌. ഓരോ വശത്തുനിന്ന്‌ കൈയ്യേറ്റവും തുടങ്ങിയിരുന്നു. എന്തായാലും വനം വകുപ്പ്‌ ഇടപെട്ട്‌ വനഭൂമിയെ ജണ്ട കെട്ടിത്തിരിച്ച്‌ പുതിയ വൃക്ഷത്തൈകള്‍ നട്ടു. ചെടികള്‍ വെച്ചുപിടിപ്പിക്കുന്നതു കാണാന്‍ പോയ ഞങ്ങള്‍ക്കും കിട്ടി ഒരു തൈ.
പറമ്പില്‍ നടാനൊരുങ്ങുമ്പോള്‍ അമ്മച്ചി തടഞ്ഞു.
അത്‌ അക്കേഷ്യയായിരുന്നു.

അക്കേഷ്യയും യൂക്കാലിപ്‌റ്റ്‌സും ഗ്രാന്റീസുമൊക്കെ ചതുപ്പുകള്‍ വറ്റിക്കാനും കൃതൃമ വനവത്‌ക്കരണത്തിനും വിറകിനുമൊക്കെയായാണ്‌ നമ്മുടെ നാട്ടിലെത്തിയത്‌. വൈവിധ്യമാര്‍ന്ന കാലാവസ്ഥകളില്‍ വളരാന്‍ ശേഷിയുള്ള അക്കേഷ്യയിനങ്ങള്‍ വന്‍തോതില്‍ ജലാംശം വലിച്ചെടുക്കുന്നു. അക്കേഷ്യ പൂമ്പൊടി അലര്‍ജിയുണ്ടാക്കുകയും ശ്വാസകോശരോഗത്തിന്‌ കാരണമാകുന്നുമുണ്ട്‌.

കൂപ്പില്‍ പണിക്കു പോകുന്നവര്‍ക്കറിയാം ഗ്രാന്റീസ്‌ എത്രമാത്രം വെള്ളം വലിച്ചെടുക്കുന്നുണ്ടെന്ന്‌. ദാഹം തോന്നിയാല്‍ കൊമ്പൊരെണ്ണം വെട്ടിയെടുക്കുകയേ വേണ്ടൂ. ഗ്രാന്റീസ്‌ കൊമ്പ്‌ കുത്തനെ പിടിച്ചാല്‍ പൈപ്പില്‍ നിന്നെന്നപോലെ വെള്ളം വീണുകൊണ്ടിരിക്കും. അപ്പോള്‍ തന്നെ കുടിച്ചാല്‍ രുചി വ്യത്യാസമൊന്നുമില്ലെന്ന്‌ വയനാട്‌ കുടുക്കി സ്വദേശി ഉബൈദുള്ള പറഞ്ഞു.


സാമൂഹ്യ വനവത്‌ക്കരണത്തിന്റെ ഭാഗമായി സുബാബുള്‍ നമ്മുടെ നാട്ടില്‍ കടന്നു കൂടിയത്‌.
മണ്ണൊലിപ്പ്‌ തടയുന്നതിന്റെ ഭാഗമായി കൃഷിവകുപ്പ്‌ വിതരണം ചെയ്‌ത തൈകള്‍ പറമ്പില്‍ നട്ടത്‌ ഇരുപത്തിയഞ്ചുകൊല്ലം മുമ്പാണ്‌. പറമ്പില്‍ കാന കീറി മണ്ണ്‌ മേലോട്ട്‌ കോരി വേണമായിരുന്നു മരങ്ങള്‍ നടാന്‍. കാന കീറുന്നതിന്‌ ധന സഹായവും നല്‍കിയിരുന്നു. സുബാബുളും യൂക്കാലിപ്‌റ്റ്‌സുമാണ്‌ അന്നു കിട്ടിയ തൈകള്‍. ഏതായാലും വേനലായിരുന്നതുകൊണ്ട്‌ യൂക്കാലിപ്‌റ്റ്‌സില്‍ ഒന്നൊഴികെ എല്ലാം കരിഞ്ഞുപോയി. സുബാബുള്‍ നല്ലൊരു കാലീത്തീറ്റ കൂടി ആയതുകൊണ്ട്‌ ആടും പശുവും വന്ന കൂമ്പ്‌ കടിച്ചെടുത്തു.
ഇന്ന്‌ റോഡരുകുകളിലും സ്‌കൂള്‍ പറമ്പുകളിലും സുബാബുള്‍ മാത്രം കാണുമ്പോള്‍ ആടും പശുവും തിന്നില്ലായിരുന്നെങ്കില്‍ ഞങ്ങളുടെ പറമ്പും സുബാബുള്‍ തോട്ടമായേനെ എന്നു തോന്നാറുണ്ട്‌.

(തുടരും)

ഫോട്ടോ സുനില്‍ കെ ഫൈസല്‍

Saturday, January 16, 2010

മുസ്‌തഫ തിരുവല്ലയില്‍
തിരുവല്ലയില്‍ മുസ്‌തഫയ്‌ക്ക്‌ എന്താണ്‌ കാര്യമെന്നല്ലേ.. മുസ്‌തഫയുടെ വീടിനുവേണ്ടി ഫോമ നല്‍കുന്ന അവസാന ഗഡു നേരിട്ട്‌ വാങ്ങാനാണ്‌ തിരുവല്ലയില്‍ എത്തുന്നത്‌. ആ പണം ലഭിക്കുന്നതോടെ മലയാളം ബ്ലോഗേഴ്‌സിനു അഭിമാനിക്കാവുന്ന ദിവസമായി മാറുകയാണിന്ന്‌.

തുടക്കത്തില്‍, ഒരു വീട്‌ എന്ന സ്വപ്‌നം നമുക്കോ മുസ്‌തഫയ്‌ക്കോ ഇല്ലായിരുന്നു. അരയ്‌ക്ക്‌ താഴെ തളര്‍ന്ന കിടക്കുന്ന മുസ്‌തഫയ്‌ക്ക്‌ രോഗശയ്യയില്‍ പുസ്‌തകങ്ങള്‍ മാത്രമായിരുന്നു ആശ്വാസം. കുറേ പുസ്‌തകങ്ങള്‍ എത്തിച്ചുകൊടുക്കാനായി ഇറങ്ങിത്തിരിച്ച നമ്മള്‍ പുസ്‌തകങ്ങളേക്കാള്‍ മുസ്‌തഫയ്‌ക്കാവശ്യം വീടാണെന്ന്‌ തിരിച്ചറിയുകയായിരുന്നു.

സ്‌ഥലം വാങ്ങാന്‍ പണം തികയാഞ്ഞ സാഹചര്യത്തില്‍ ആദ്യത്തെ പ്രാവശ്യം പണം തന്ന പലരും വീണ്ടും സഹായിക്കാന്‍ തയ്യാറായി.ബ്ലോഗര്‍മാര്‍ കൂടാതെ . ഗള്‍ഫിലും മറ്റും കൂലിപ്പണി ചെയ്‌ത്‌ ജീവിക്കുന്ന തുച്ഛ ശമ്പളക്കാരായ എത്രയെത്ര നല്ല മനസ്സുകളാണു്‌ മുസ്‌തഫയ്‌ക്ക്‌ വേണ്ടി പണം പിരിച്ചെടുത്ത്‌ അയച്ചിരിക്കുന്നത്‌ എന്നത്‌ പ്രത്യേകം എടുത്തു പറയേണ്ടതാണ്‌.

സ്ഥലം വാങ്ങാനാവും എന്നുറപ്പായ സമയത്താണ്‌ അമേരിക്കയിലുള്ള ബ്ലോഗര്‍ റീനി മമ്പലം അമേരിക്കന്‍ മലയാളി സംഘടനായ ഫോമയെ നമുക്ക്‌ പരിചയപ്പെടുത്തുന്നത്‌. അശരണരായ 25ല്‍പ്പരം സഹോദരങ്ങള്‌ക്ക്‌ 1 ലക്ഷം രൂപ വീതം ചിലവ്‌ വരുന്ന വീടുകള്‍ പണിത്‌ ജനുവരി 2010 മദ്ധ്യത്തോടെ അത്‌ വിതരണം ചെയ്യാന്‍ ഫോമ നടത്തുന്ന പ്രവര്‌ത്തനങ്ങളെക്കുറിച്ച്‌ പിന്നീട്‌ വിശദമായിത്തന്നെ ചോദിച്ചറിഞ്ഞ്‌ മനസ്സിലാക്കുകയുണ്ടായി. 25 വീടില്‍ ഒരു വീട്‌ മുസ്‌തഫയ്‌ക്ക്‌ നല്‍കണമെന്നുള്ള നമ്മുടെ അപേക്ഷ ഫോമ സ്വീകരിക്കുകയായിരുന്നു.
പക്ഷെ നമുക്ക്‌ മുന്നില്‍ വീണ്ടും ചില കടമ്പകളുണ്ടായിരുന്നു. വീട്‌ വെക്കാനാവശ്യമായ സ്ഥലത്തിന്റെ രേഖകളും മറ്റും മുസ്‌തഫയുടെ പേരില്‍ ആക്കി, വീടിന്റെ പ്ലാന്‍ ഉണ്ടാക്കി പ്ലാനിനനുസരിച്ച്‌ അതില്‍ ഒരു തറകെട്ടി ഫോമയ്‌ക്ക്‌ അതിന്റെ ചിത്രങ്ങളെല്ലാം കൈമാറേണ്ട്‌ത്‌ അത്യാവശ്യമായിരുന്നു.

പലയിടങ്ങളിലായി ജീവിക്കുന്ന നമ്മുടെ പ്രവര്‍ത്തനങ്ങള്‌ക്ക്‌ ചില പരിധികളൊക്കെ ഉണ്ടായിരുന്നു. അതൊക്കെ മനസ്സിലാക്കി ഫോമ നമ്മോറ്റ്‌ കാണിച്ച അത്മാര്‍ത്ഥമായ സഹകരണം ഈ അവസരത്തില്‍ എടുത്ത്‌ പരയാതെ വയ്യ. സ്ഥലം കൈവശം വരാന്‍ വൈകുന്നതുകൊണ്ട്‌ ഒരവസരത്തില്‍ ഫോമയുടെ സഹായം നഷ്ടപ്പെട്ടുപോകുമോ എന്ന അവസ്ഥ വരെയുണ്ടായി. ഈ സമയത്തെല്ലാം മുസ്‌തഫയ്‌ക്ക്‌ കൊടുക്കേണ്ട വീടിന്റെ
കാര്യത്തില്‍ യാതൊരു മാറ്റവും ഇല്ലാത്ത സമീപനമായിരുന്നു ഫോമയ്‌ക്ക്‌. ഫോമയുടെ പ്രവര്‍ത്തകാരയ ജോണ്‍ ടൈറ്റസ്‌ , അനിയന്‍ ജോര്‍ജ്ജ്‌, ജോണി, മിസ്സിസ്സ്‌ ജോണി, എന്നിവര്‍ക്ക്‌ പുറമെ റീനിയോടും എത്ര നന്ദി പറഞ്ഞാലാണു്‌ ഈ സഹകരണത്തിനു്‌ പകരമാകുക എന്നറിയില്ല.

വീട്‌ പണി നോക്കി നടത്തുക എന്ന വലിയൊരു ഉത്തരവാദിത്ത്വം ഏറ്റെടുത്ത പുളിക്കല്‍ പെയിന്‍ & പാലിയേറ്റീവ്‌ ക്ലിനിക്കിന്റെ ഓരോ പ്രവര്‍ത്തകരോടും , പ്രത്യേകിച്ച്‌ അഫ്‌സലിനോടുമുള്ള കടപ്പാട്‌ വാക്കുകളില്‍ ഒതുങ്ങില്ല.

ഇന്ന്‌ 3 മണിക്ക്‌ തിരുവല്ലയില്‍ വെച്ച്‌ നടക്കുന്ന ചടങ്ങില്‍ കേന്ദ്രമന്ത്രിമാരും സംസ്ഥാന മന്ത്രിമാരും മറ്റ്‌ സാമൂഹിക സാംസ്‌ക്കാരികപ്രവര്‍ത്തകരും പങ്കെടുക്കുന്ന ചടങ്ങില്‍ വെച്ച്‌ മുസ്‌തഫയുടെ വീടിന്റെ പണിക്കാവശ്യമായ അവസാന ഗഡു മുസ്‌തഫ ഫോമയില്‍ നിന്ന്‌ നേരിട്ട്‌ കൈപ്പറ്റും.

ഇപ്പോള്‍ വീടുപണി പകുതിയിലേറെ കഴിഞ്ഞിട്ടുണ്ട്‌്‌്‌.
അവസാന ഗഡു പണം ഫോമയില്‍ നിന്ന്‌ കൈപ്പറ്റിയാല്‍ , പിന്നീടുള്ള ഒരു മാസത്തിനകം വീടിന്റെ പണി പൂര്‍ണ്ണാമായി തീര്‍ക്കാനും മാര്‍ച്ച്‌ /ഏപ്രില്‍ മാസത്തോടെ ഗൃഹപ്രവേശം നടത്താനും മുസ്‌തഫയ്‌ക്ക്‌ ആകുമെന്നാണു്‌ കരുതുന്നത്‌.ഉള്ളില്‍ സഹജീവികളോടുള്ള കരുണയും സഹായമനസ്ഥിതിയുമൊക്കെ കൊണ്ടുനടക്കുന്ന വലിയൊരുകൂട്ടം

സ്‌നേഹസമ്പന്നരുടെ വിളനിലംകൂടെയാണു്‌ ബൂലോകമെന്ന്‌ നമുക്ക്‌ ഉച്ചത്തില്‍ വിളിച്ചു പറയാം.

Saturday, January 9, 2010

മുല്ലപ്പൂവും മൂക്കുത്തിയും

മൂക്കുത്തിയണിയുന്നതിനോട്‌ എനിക്കെന്തോ ഒരു കൂടുതലിഷ്ടമാണ്‌.
മൂക്കുത്തിയണിഞ്ഞ ഒരു കാമുകി ഉണ്ടായിരുന്നുവെങ്കില്‍ ഞാനവളുടെ മൂക്കുത്തിയിലാണ്‌ ആദ്യം ചുംബിക്കുക.-
പതിനാലു വര്‍ഷം മുമ്പ്‌‌ എന്റെ കൂട്ടുകാരനയച്ച കത്തുകളെടുത്തു വീണ്ടും വായിക്കുമ്പോള്‍ അതിലൊക്കെ സൗഹൃദത്തിനപ്പുറം അവനെന്നോട്‌ പ്രണയമായിരുന്നെന്ന്‌ തിരിച്ചറിയുന്നു. പക്ഷേ, സത്യമായിട്ടും അന്ന്‌ ഞാനതു തിരിച്ചറിഞ്ഞില്ലല്ലോ... 'കൂട്ടുകാരി നമുക്കു പ്രണയിക്കാം' എന്ന്‌ പലവട്ടം ആ വരികളിലൂടെ അവന്‍ വിളിച്ചു പറഞ്ഞിട്ടും ..... ഇപ്പോള്‍ നഷ്ടപ്പെട്ട പ്രണയദിനങ്ങളെയോര്‍ത്ത്‌ സങ്കടപ്പെട്ടുപോകുന്നു.

തിരുവനന്തപുരത്തെ ഒരു സര്‍ക്കാര്‍ ഓഫീസിന്റെ മൂന്നാംനിലയുടെ ഇടനാഴിയില്‍ ഞാനവനെ കാത്തിരുന്നു. കറുത്ത്‌ മെലിഞ്ഞ്‌ ഒരു പയ്യന്‍. കത്തുകളിലൂടെ മനസ്സില്‍ മെനഞ്ഞ അവന്റെ രൂപം അങ്ങനെയായിരുന്നു. രണ്ടരവര്‍ഷംമുമ്പ്‌ കാഞ്ഞങ്ങാട്‌ നെഹറു കോളേജില്‍ വെച്ചു നടന്ന ബഷീര്‍ അനുസ്‌മരണ കഥാക്യാമ്പില്‍ പങ്കെടുത്തവരാണ്‌ ഞങ്ങള്‍. പക്ഷേ, ആദ്യത്തെ കത്തുവന്നപ്പോഴും അവന്റെ രൂപം ഓര്‍ത്തെടുക്കാനായില്ല.
എന്റെ നാട്ടുകാരനൊരാള്‍ അവന്റെ അടുത്ത ഓഫീസിലുണ്ട്‌. നാട്ടുകാരനില്‍ നിന്നും അടുത്ത വീട്ടിലെ ഫോണ്‍ നമ്പര്‍ വാങ്ങി എന്നെയൊരിക്കല്‍ വിളിച്ചിരുന്നു.

ആരാണ്‌ ഫോണ്‍ നമ്പര്‍ തന്നതെന്ന്‌ ചോദിച്ചപ്പോള്‍ പറഞ്ഞു.

"കള്ളമല്ല.
ഫോണ്‍ നമ്പര്‍ ആരും പറഞ്ഞതല്ല. എനിക്കുതോന്നി. അങ്ങനെയൊരു നമ്പറില്‍ മൈനയുടെ ശബ്ദം കേള്‍ക്കാന്‍ കഴിയുമെന്ന്‌-ഒരു പുഴ കടന്നെത്തണമെങ്കിലും."

അന്നവന്‍ ചോദിച്ചു.
" Love Affair വല്ലതുമുണ്ടോ?"
ഉണ്ട്‌ എന്ന പറയാനാണ്‌ അപ്പോള്‍ തോന്നിയത്‌.

ആ ചോദ്യം ചോദിച്ചതിന്റെ പിറ്റേന്നും അവന്‍ എഴുതി.
-ഇന്നലെ വിളിച്ചത്‌ വെറുതെയല്ലെന്നാലും വെറുതെ.....-

പിന്നീടവന്‍ പ്രണയത്തെ വാക്കുകളില്‍ ഒളിപ്പിച്ചുവെച്ച്‌ സൗഹൃദത്തിന്റെ രൂപത്തില്‍ കത്തുകളെഴുതി.

തിരുവനന്തപുരത്തിന ്‌ പെട്ടെന്നുള്ള യാത്രയായതുകൊണ്ട്‌ വരുമെന്ന്‌ മൂന്‍പെ അറിയിക്കാന്‍ പറ്റിയില്ല. എത്തിയശേഷമാണ്‌ വിളിച്ചത്‌.

ഞാന്‍ ആ ഇടനാഴിയില്‍ കാത്തിരുന്നു. എന്റെ സങ്കല്‍പത്തിലെ കറുത്തുമെലിഞ്ഞ പയ്യനായിരിക്കുമോ? രണ്ടോ മൂന്നോ ചെറുപ്പക്കാര്‍ കടന്നു പോയി. അവരൊക്കെ എന്നെ സൂക്ഷിച്ചുനോക്കി. ഓഫീസിനു പുറത്ത്‌ ഒരു പെണ്ണു വന്നിരിക്കുന്നത്‌്‌ സഹിക്കാനാവുന്നില്ലേ അവര്‍ക്ക്‌. പക്ഷേ, അവരോരുത്തരും അടുത്തെത്തുമ്പോള്‍ അവനാണെന്നു ഞാന്‍ വിചാരിച്ചിരുന്നു. ഈ കാത്തിരിപ്പ്‌ വല്ലാത്ത മടുപ്പുതന്നെ. പിന്നെയൊരാള്‍ വന്നു. ആദ്യം വന്ന ഓരോരുത്തരെയും പരിചയഭാവത്തില്‍ ഞാനും നോക്കിപ്പോയതുകൊണ്ട്‌ ഇനിയും ഒരു നോട്ടംകൂടി നേരിടാന്‍ വയ്യെന്നു കരുതി ദൂരെ ജനലിലനപ്പുറത്തേക്ക്‌ നോക്കിയിരുന്നു.
പക്ഷേ, ഇത്തവണ അവനായിരുന്നു.
"വരൂ" എന്നു ക്ഷണിച്ചുകൊണ്ട്‌ അവന്‍ മുന്നില്‍ നടന്നപ്പോള്‍ എന്റെ സങ്കല്‌പം മുഴുവന്‍ തെറ്റിയതില്‍ വിസ്‌മയിച്ച്‌ പുറകെ നടന്നു. അവന്റെ കാലുകളെ പിന്തുടര്‍ന്നതുകൊണ്ട്‌ പാദങ്ങളാണ്‌ ശ്രദ്ധയില്‍ പതിഞ്ഞത്‌. അത്ര വെളുത്തിട്ടല്ല. മീശ കിളര്‍ക്കാത്ത കൊച്ചുപയ്യനൊന്നുമല്ല. ഒരു ചെറുപ്പക്കാരന്‍.
ഞാനവനു മുന്നിലിരുന്നു. ഒന്നുമെനിക്ക്‌ ചോദിക്കാനുമില്ല. പറയാനുമില്ല. അമ്പരപ്പ്‌ മാത്രം. അവനെന്തൊക്കെയോ ചോദിച്ചുകൊണ്ടിരുന്നു. അതിനൊക്കെ ഒറ്റയൊറ്റ വാക്കുകളില്‍ മറുപടി പറഞ്ഞു.
അരുള്‍ജ്യോതില്‍ ചായ കുടിക്കാനിരുന്നപ്പോള്‍ അവന്‍ ചോദിച്ചു.
"കത്തിലെ വാചാലതയൊന്നുമില്ലല്ലോ?"

"അന്നൊരിക്കല്‍ ഞാനൊരുചോദ്യം ചോദിച്ചപ്പോള്‍ 'ഉണ്ട്‌ ' എന്നുത്തരം പറഞ്ഞില്ലേ...അയാളെന്തെടുക്കുന്നു?
ഈ ചോദ്യം ഒന്നുരണ്ടു കത്തുകളിലും ചോദിച്ചിരുന്നു. അന്നും മൗനം പാലിച്ചു. ഇന്നും...

അവനും പ്രതീക്ഷിച്ചയാളില്‍ നിന്നും വ്യത്യസ്‌തയായിരിക്കുമോ ഞാന്‍?
അമ്മച്ചി വാങ്ങിത്തന്ന വെള്ള ചുരിദാറായിരുന്നു എന്റെ വേഷം. അത്രനാളും വെള്ളനിറം എനിക്കന്യമായിരുന്നു. വീട്ടില്‍ കറണ്ടുകിട്ടിയത്‌ അക്കൊല്ലമാണ്‌. അതിനുമുമ്പുവരെ മണ്ണെണ്ണ വിളക്കായിരുന്നു.
ഓരോ വട്ടവും തുണിക്കടയില്‍ കയറി വരുമ്പോള്‍ അമ്മച്ചി വെളുത്തതിനേക്കുറിച്ചു പറയും. അതു മേടിക്കണമെന്നുണ്ടായിരുന്നു എന്ന്‌്‌. മണ്ണെണ്ണ വിളക്കിന്റെ കരിപടര്‍ന്ന്‌ അതു കറുത്തുപോകും എന്നു പറഞ്ഞാണ്‌ വെളള വസ്‌ത്രങ്ങള്‍ എനിക്കില്ലാതെ പോയത്‌. കറണ്ടു കിട്ടിയതില്‍ പിന്നെ എനിക്കു വാങ്ങിത്തന്നതാണ്‌ ഈ വെളുത്ത ചുരിദാര്‍. ഇട്ടു നോക്കിയപ്പോള്‍ 'ഇതു നിനക്കൊട്ടും ചേരുന്നില്ലെന്നു' പറഞ്ഞു.
എനിക്ക്‌ സൗന്ദര്യബോധം തീരെയില്ലെന്നാണ്‌ വീട്ടുകാരുടെ വിലയിരുത്തല്‍.
അതുകൊണ്ടാവണം ചേരുന്നില്ലെന്നു പറഞ്ഞിട്ടും ഈ ചുരിദാറുമിട്ട്‌ ഇറങ്ങിയത്‌.
പിരിയുമ്പോള്‍ 'കത്തെഴുതണേ' എന്നവന്‍ ഓര്‍മിപ്പിച്ചു.

എന്റെ ലോകം ചുറ്റും മലകളായിരുന്ന ഒരു ഗ്രാമത്തിലെ ആറിനോട്‌ ചേര്‍ന്നുകിടന്നു.
വൈകുന്നേരമായാല്‍ ഞാന്‍ ആറ്റിലേക്കിറങ്ങും. പണിക്കുപോകുന്ന സകലപെണ്ണുങ്ങളും അന്നേരമാണ്‌ കുളിക്കാനെത്തുന്നത്‌.

പൊടിക്കമ്പനിയിലെ പണി കഴിഞ്ഞു വരുന്ന ചെറുപ്പക്കാരികള്‍ അവരുടെ മുളകും മഞ്ഞളും മണക്കുന്ന പാവാടകള്‍ കുത്തിപ്പിഴിഞ്ഞു തുടങ്ങുന്നതും, അടക്കാപൊളിക്കാനും ഇഞ്ചി ചുരണ്ടാനും പോയവര്‍ പുകച്ചിലൊന്നു മാറാന്‍ വെള്ളത്തില്‍ മുങ്ങിക്കിടക്കുന്നതും അപ്പോഴാണ്‌. അന്നേരം ആറിന്‌്‌ മസാലമണമാണ്‌. അവര്‍ ഓരോരോ കഥകള്‍ പറയും. ഗ്രാമത്തിലെ സംഭവങ്ങളെക്കുറിച്ചായിരുന്നു കുളക്കടവിലെ വാര്‍ത്തകളത്രയും.

നാടിന്റെ നാനാദിക്കുകളിലുള്ള വാര്‍ത്തകളും ചര്‍ച്ചകളും ചൂടുപിടിക്കാന്‍ തുടങ്ങുമ്പോള്‍ അവരുടെ ശരീരം തണുക്കാന്‍ തുടങ്ങും.

ഈ നേരത്താണ്‌ ഞാനും വെള്ളത്തിലൂളിയിടുക.
വേനലായാല്‍ വെളളം കുറവാണ്‌. പെണ്ണുങ്ങള്‍ കുളിക്കുന്ന കടവിനു മുകളില്‍ കുറച്ചു വെള്ളം കൂടുതലുണ്ട്‌.
നീന്തുന്നതിനിടയ്‌ക്ക്‌ ആഴത്തില്‍ കാലു തട്ടിയാല്‍ ചേറു പൊങ്ങും. വെളളം കലങ്ങി മറിയും. പെണ്ണുങ്ങളുടെ മേലുചൊറിയും. അക്കാലത്ത്‌ ചേറിലെത്ര നീന്തിയാലും ചൊറിച്ചിലെന്താണെന്ന്‌ ഞാനറിഞ്ഞതുമില്ല.

` വെള്ളം കലക്കാതെ കേറീപ്പോ കൊച്ചേ `പെണ്ണുങ്ങള്‍ ഒച്ചവെക്കും.
എനിക്കാണെങ്കില്‍ നീന്തലും കുളിയേക്കാളും പ്രധാനം ഈ വാര്‍ത്ത കേള്‍ക്കലാണ്‌.

പലരുടേയും പ്രണയകഥകള്‍ ഞാനങ്ങനെയാണ്‌ അറിയുന്നത്‌. ഈറ്റക്കാട്ടില്‍ കണ്ട കാമുകീകാമുകന്മാരെക്കുറിച്ചും, പാറകയറിപ്പോയവരെക്കുറിച്ചും കേട്ടു.
ആരെ കണ്ടാലും ഇളിച്ചുകാട്ടുന്ന പെണ്ണൊരുത്തി തന്റെ മകന്റെ തലയില്‍ കേറിക്കൂടിയതില്‍ ചിലര്‍ ഉറക്കെ പ്രാകി.

മകനെയും പെണ്ണിനേയും അകറ്റാന്‍ കൂടോത്രം ചെയ്യാന്‍ പറ്റിയ ആളെവിടുണ്ടെന്ന്‌ അന്വേഷിച്ചു.

പല പ്രണയങ്ങളും ചില കൂടോത്രങ്ങളില്‍ കൊഴിഞ്ഞുപോയി.

പണ്ട്‌ നാടുവിട്ടുപോയൊരു സുന്ദരി കറുത്തുമെലിഞ്ഞ്‌ കാണാന്‍ ശേലില്ലാത്തൊരുത്തിയുമായി മടങ്ങി വന്നിരിക്കുന്നു. അവര്‍ കാടതിര്‍ത്തിയില്‍ വീടുവെച്ച്‌ ഒരുമിച്ചു താമസിക്കുന്നു. ശേലില്ലാത്തവള്‍ക്ക്‌ ആകെമൊത്തം ഒരു ആണിന്റെ കോലം. അവള്‍ വേഷം കെട്ടിയ പുരുഷനാണത്രേ!
തക്കം കിട്ടുമ്പോള്‍ പെണ്‍വേഷക്കാരന്റെ തുണി അഴിക്കണമെന്ന്‌ പെണ്ണുങ്ങള്‍ ആര്‍ത്തു.

നഗരത്തില്‍ ജീവിക്കുന്ന സുഹൃത്തിന്‌ എന്റെ ലോകമറിയുമോ?
അവന്റെ ലോകം കഥയും കവിതയും സിനിമയും ഫെസ്റ്റിവലുകളുമൊക്കെയായിരുന്നു.

അന്നത്തെ കൂടിക്കാഴ്‌ചക്കുശേഷം അവന്റെ കത്തുകളിലെ സ്വരം വല്ലാതെ മാറിത്തുടങ്ങി. പിന്നെ വന്ന കത്തു തുടങ്ങുന്നത്‌ ഇങ്ങനെയായിരുന്നു.

-പ്രിയപ്പെട്ട
പ്രിയപ്പെട്ട
പ്രിയപ്പെട്ട മൈനയ്‌ക്ക്‌,

ഒരു പഴയചോദ്യം(മറുപടി തരണം)
പണ്ട്‌ ദരിദ്രനെ വേള്‍ക്കുന്ന രാജകുമാരിമാരുണ്ടായിരുന്നു. എന്നിട്ട്‌ സന്തോഷത്തോടെ അവന്റെ കഷ്ടതയില്‍ ദാരിദ്ര്യത്തില്‍ പങ്കുചേര്‍ന്ന്‌ ജീവിച്ചിരുന്നു. നിസ്വാര്‍ത്ഥ പുണ്യജീവിതം.
നിസ്വാര്‍ത്ഥ പുണ്യജീവിതം പോട്ടെ. അതു പണ്ട്‌. പക്ഷേ, ഇന്ന്‌ ഒരു രാജകുമാരി ദരിദ്രനെ വേള്‍ക്കാന്‍ തയ്യാറാകുമോ?

ഉത്തരം കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ ഒരെളുപ്പവഴിയുണ്ട്‌. അടുത്ത കത്തിലെഴുതാം. -

അടുത്ത കത്തിലും ഉത്തരം കണ്ടെത്താനുള്ള വഴിയല്ല. ചോദ്യം തന്നെയായിരുന്നു.
- മനസ്സുതൊട്ടറിഞ്ഞ്‌ ഒരു പെണ്‍കുട്ടി അടുത്തുണ്ടെങ്കില്‍ അവളുമൊത്ത്‌ ഒരു രാവുമുറങ്ങാതെ എഴുതിയും വായിച്ചും ജീവിതം അര്‍ത്ഥപൂര്‍ണ്ണമാക്കണമെന്നുണ്ട്‌. എനിക്കു നല്‍കാനൊരു സ്വര്‍ഗ്ഗമൊന്നും കയ്യിലില്ല. എന്റെ അസ്വസ്ഥതകള്‍ക്ക്‌ , ദിവാസ്വപ്‌നങ്ങള്‍ക്ക്‌ കൂട്ടായിട്ട്‌, എന്റെ അലസതയെ മാറ്റി ശാസിച്ച്‌ നയിക്കാന്‍ മനസ്സുളള ഒരാള്‍, എന്റെ നേര്‍പകുതിയായി വരാന്‍ എതെങ്കിലും പെണ്ണ്‌ തയ്യാറാകുമോ?
ചോദ്യം എന്റേത്‌. ഉത്തരം മൈന പറയേണ്ടത്‌. -

-കഴിഞ്ഞ കത്തിലെ ചോദ്യങ്ങള്‍ക്ക്‌ ശരിയായ മറുപടി അയക്കണം. ഒരു ഭ്രാന്തന്റെ കുത്തിക്കുറിക്കലായി തള്ളിക്കളയാതിരിക്കുക. ഹൃദയത്തില്‍ തൊട്ട്‌‌ എഴുതിയതാണത്‌ -എന്നായിരുന്നു അടുത്തതില്‍.

പക്ഷേ, ഒരു ചോദ്യത്തിനും കൃത്യമായി മറുപടി അയയ്‌ക്കാന്‍ എനിക്കായില്ല. ഹൃദയത്തില്‍ തൊട്ട്‌ ചോദിച്ചതാണെന്ന്‌ എഴുതിയപ്പോഴും ഹൃദയത്തില്‍ തൊടാതെ മറുപടി അയച്ചിട്ടുണ്ടെന്ന്‌ പറഞ്ഞൊഴിഞ്ഞു.

എന്റെ ലോകം ഒരു കുഞ്ഞുലോകമാണ്‌. ഈ മലകള്‍ക്കപ്പുറത്ത്‌ ഒരു ലോകമുണ്ടെന്ന്‌ തന്നെ ഈ കത്തുകളിലൂടെയാണ്‌ കുറച്ചെങ്കിലും അറിയുന്നത്‌. പെട്ടെന്നൊരു ദിവസം ഇവിടെ നിന്നു വിട്ടുപോകുന്നതിനെക്കുറിച്ച്‌ ചിന്തിക്കാന്‍ കഴിയുമായിരുന്നില്ല.
നഗരജീവിയായി മാറിയ ആ വയനാട്ടുകാരന്‍ പറയുന്നതൊന്നും എനിക്ക്‌ പൂര്‍ണ്ണമായി വിശ്വസിക്കാന്‍ വയ്യ. എന്നാല്‍ ചില നേരത്ത്‌ എന്റെ ഹൃദയം പ്രണയാര്‍ദ്രമാകും. നിന്റെകൂടെ ഏതു ലോകത്തേക്കും വരാം എന്നൊക്കെ പറയാന്‍ തോന്നും.

അന്ന്‌ എന്റെ യാത്രകളൊക്കെ ഒറ്റക്കായിരുന്നു. ഞങ്ങളുടെ പ്രകൃതിയെക്കുറിച്ചും നാടിനെക്കുറിച്ചും യാത്രകളെക്കുറിച്ചുമൊക്കെ ഞാനവന്‌ എഴുതും.

-ആ യാത്രകളിലൊക്കെ എന്നെയും കൂടി കൂട്ടാമോ? ഇഷ്ടമാവില്ലേ? -
എന്നൊക്കെ ചോദിച്ചു.
-തത്‌ക്കാലം ഒറ്റയക്കു നടന്നോളാം -എന്നായിരുന്നു തിരിച്ചു പറഞ്ഞത്‌.

ഉള്ളില്‍ എനിക്കവനോട്‌ പ്രണയമുണ്ടായിരുന്നു. എന്നിട്ടും ഭയമായിരുന്നോ?

എന്റെ അത്തയും അമ്മച്ചിയും പ്രണയവിവാഹിതരായിരുന്നു. രണ്ടു വ്യത്യസ്‌ത മതങ്ങളില്‍ പെട്ടവര്‍. അവര്‍ രണ്ടുപേരും മതങ്ങളെക്കുറിച്ച്‌ ഞങ്ങളോട്‌ പറഞ്ഞില്ല. ഞങ്ങള്‍ പള്ളിയില്‍പോയി. അമ്പലത്തില്‍ പോയി. മറയൂര്‍ സ്‌ക്‌ൂളിലെ കൊച്ചുപള്ളിക്കുള്ളിലെ ക്രൂശിതരൂപത്തിനു മുന്നില്‍ മുട്ടുകുത്തി. അവിടം എപ്പോഴും നിശബ്ദമായിരുന്നു. ഉച്ചനേരത്തെ ഇടവേളയില്‍ പളളിയുടെ വാതില്‍ തുറന്ന്‌ അകത്ത്‌ കടക്കുകയും മൊസൈക്ക്‌ തറയില്‍ വെറുതെ ഇരിക്കുകയും ചെയ്യുമായിരുന്നു.

ഞാന്‍ പൂര്‍ണ്ണമായി ഒരു സ്‌ത്രീയിലേക്ക്‌ ജൈവികമായി വളര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ പ്രണയവും ഒപ്പം വന്നിരിക്കണം. ഒരു ക്രിസ്‌ത്യാനി പയ്യനെ പ്രണയിക്കാനായിരുന്നു എനിക്കിഷ്ടം. പക്ഷേ, അങ്ങനെ ഒരാളെ കണ്ടെത്താനായില്ല.
അടുപ്പമുള്ളവര്‍ പലപ്പോഴും സങ്കരയിനം, ടി*ഡി എന്നൊക്കെ പറഞ്ഞ്‌ കളിയാക്കുന്നതു കേള്‍ക്കുമ്പോള്‍ മതേതര കാഴ്‌ച്ചപ്പാടുളളവനായിരിക്കണം കൂട്ടുകാരനായി വരേണ്ടത്‌ എന്ന്‌ ഞാന്‍ ആഗ്രഹിച്ചു.


മലബാറുകാരെക്കുറിച്ച്‌ ഞങ്ങളുടെ നാട്ടുകാരിലൊരു സങ്കല്‌പമുണ്ട്‌.. ബഹുഭാര്യത്വവും വിവാഹമോചനവും സ്ഥിരമായി നടക്കുന്ന സംസ്‌ക്കാരശൂന്യരായവരുടെ നാടെന്ന, മുസ്ലീം സമൂഹത്തില്‍ സ്‌്‌ത്രീകള്‍ക്ക്‌ ഒരു മാന്യതയുമില്ലെന്ന സങ്കല്‌പം.
ഞങ്ങളുടെ നാട്ടിലെ സ്‌്‌ത്രീകള്‍ കഠിനാധ്വാനികളാണ്‌. അധികവും കൂലിപ്പണിക്കാരാണെങ്കിലും. വീട്ടിനുള്ളില്‍ മാത്രമിരുന്ന്‌ ശരീരത്തെ പരിപാലിച്ചുപോരുന്നവരല്ല അവരാരും. അവരിലൊരാളാവാനായിരുന്നു എനിക്കുമിഷ്ടം. തുടര്‍ന്നും പഠിക്കണം. സ്വയം പര്യപ്‌തത നേടണം. അതായിരുന്നു എന്റെ സ്വപ്‌നം.

ഡിഗ്രി കഴിഞ്ഞിരിക്കുന്ന ഒരു പെണ്ണിനോട്‌ അവന്റെ ചോദ്യം

-ഇതുവരെ എത്രപേരുടെ മുന്നില്‍ അണിഞ്ഞൊരുങ്ങി ചായയുമായി നിന്നു?-

ഒരാളുടെ മുമ്പിലും അങ്ങനെ നില്‌ക്കാന്‍ ഇഷ്ടപ്പെടുന്നില്ലെന്ന്‌ ഇവനോട്‌ പറഞ്ഞാല്‍ വിശ്വസിക്കുമോ?
കുറഞ്ഞത്‌ ഒരഞ്ചുവര്‍ഷമെങ്കിലും കഴിഞ്ഞിട്ടേ കല്ല്യാണത്തെക്കുറിച്ചൊക്കെ ആലോചിക്കൂ. 'പഠിച്ചോട്ടെ, പറ്റുന്നത്ര പഠിപ്പിക്കും' എന്നേ വീട്ടുകാര്‍ പറഞ്ഞിരുന്നുള്ളു. സ്വസ്ഥമായി ഒരുത്തന്റെ തലയില്‍ കയറാം എന്നൊരു തോന്നലില്ലായിരുന്നു.

എനിക്ക്‌ എന്റേതായ ലക്ഷ്യങ്ങളുണ്ട്‌ അതിന്‌ തടസ്സം നിന്നുകൊണ്ടുള്ള ഒരു ബന്ധം സാധ്യമല്ലായിരുന്നു. അങ്ങനെ വന്നാല്‍ ഞാന്‍ ഞാനല്ലാതാവും. ഇങ്ങനെയെല്ലാം എഴുതി അയച്ചു.

-അഞ്ചുവര്‍ഷമാവാതെ ഉണ്ടാവില്ല എന്ന്‌ വീമ്പെഴുതിയതൊക്കെ ശരി. പക്ഷേ, അങ്ങനെയൊരു തീരുമാനമുണ്ടെങ്കില്‍ (സന്യസിക്കാനില്ലെങ്കില്‍) വൈകിക്കാത്തതാണ്‌ നല്ലത്‌. നല്ലൊരു കൂട്ട്‌ അത്‌ എത്രയും നേരത്തെയാകുന്നതാണ്‌ നല്ലത്‌ എന്ന്‌്‌്‌്‌ പലരും പറയുന്നു.

ഞാന്‍ വരട്ടെ കുറച്ചുനേരത്തെ...നിന്റെ വ്യക്തിസ്വാതന്ത്ര്യത്തില്‍ കൈകടത്തില്ല. ലക്ഷ്യങ്ങളില്‍ തടസ്സം നില്‌ക്കില്ല.- മറുപടി

കത്തുകളിലെ പലവരികളും കണ്ടില്ലെന്നു നടിച്ചു. അങ്ങനെ നടിക്കേണ്ടി വരുമ്പോഴും ഉള്ളിലിരുന്ന്‌ പറയുന്നുണ്ടായിരുന്നു. 'കൂട്ടുകാരാ നീയെന്നേ വിട്ടു പോകരുതേ' എന്ന്‌. 'നീയില്ലാതൊരു ജീവിതം സാധ്യമാണോ? ' എന്ന്‌.
എന്നിട്ടും തുറന്നു സമ്മതിക്കാന്‍ മടി.

പറമ്പില്‍ കയ്യാലകെട്ടാന്‍ വന്ന പണിക്കാരന്‍ കല്ലുപൊട്ടിക്കാന്‍ കൂടമെടുക്കാന്‍ എന്നെ വിട്ടു. ചെറിയൊരു കുന്നിന്റെ നെറുകയിലാണ്‌ അയാളുടെ വീട്‌. കുന്നു പകുതി കയറിയപ്പോള്‍ ഒരു പെണ്ണിന്റെ കൈനോക്കി ലക്ഷണം പറയുകയാണ്‌ ഒരു പരിചയക്കാരന്‍. കുറച്ചുനേരം ഞാനും അതു കേട്ടു നിന്നു.

'മനസ്സിലൊരാളുണ്ടല്ലോ?' അയാള്‍ എന്നെ നോക്കിപ്പറഞ്ഞു.
ഭാവിയറിയാന്‍ അതിരു കടന്ന മോഹം.
'മറക്കുന്നതാ നല്ലത്‌.....ആഗ്രഹിച്ചിട്ടു കാര്യമില്ല.'
പിന്നെ കുന്നു കയറിയത്‌ വളരെ പ്രയാസപ്പെട്ടാണ്‌. കൂടവുമെടുത്ത്‌ തിരിച്ചിറങ്ങുമ്പോള്‍ കയ്യാല പണിക്കാരനോട്‌ ദേഷ്യം തോന്നി.
പണിക്കുപോരുമ്പോള്‍ ഇതൊക്കെ എടുക്കണോന്ന്‌ അറിയാമ്മേലേ...എന്നെ എന്തിനാ കഷ്ടപ്പെടുത്തുന്നത്‌.
നിരന്ന വഴിയിലെത്തിയപ്പോള്‍ ഇരട്ടിഭാരവുമായി ഇറങ്ങിയതില്‍ വിഷമം.
പത്തിരുപത്‌ വയസ്സായൊരു പെണ്ണിനോട്‌ ആര്‍ക്കും പറയാവുന്നൊരു കാര്യമല്ലേ അയാള്‍ പറഞ്ഞത്‌. അല്ലെങ്കിലേ ഇതൊക്കെ എന്തിനു കേട്ടു നില്‌ക്കണം. പറഞ്ഞ പണി ചെയ്‌താമതിയായിരുന്നല്ലോ...കണ്ടിടത്തൊക്കെ വായിനോക്കാന്‍ പോയിട്ടല്ലേ...സമാധാനിച്ചു.

ഉച്ച കഴിഞ്ഞ്‌ പോസ്‌റ്റുമാന്റെ സൈക്കിള്‍ മണിയൊച്ച. എന്നും ആ നേരത്ത്‌ റോഡിലായിരുന്നല്ലോ കാതു രണ്ടും.

-മൈനക്കുട്ടീ എന്നു വിളിച്ചാല്‍ അതിന്‌ പ്രണയിനിയെ സംബോധന ചെയ്യുന്ന ചുവ വരുമോ? അങ്ങനെ സംബോധന ചെയ്‌തെഴുതാനാണ്‌ തോന്നിയത്‌........
ഇപ്പോള്‍ എന്റെ സ്വപ്‌നങ്ങളില്‍ നീയാണ്‌. സ്വത്തിനും സൗന്ദര്യത്തിനും ജാതിമതത്തിനുമപ്പുറം എന്റെ സ്വഭാവത്തിനൊത്ത്‌ പോകാവുന്നൊരു കൂട്ട്‌...ശക്തിയും ദൗര്‍ബല്യവും അറിഞ്ഞും അംഗീകരിച്ചും പരസ്‌പരം തിരുത്തിയും ഒരു ജീവിതം...എന്റെ കണ്ടെത്തല്‍ തെറ്റായി പോയില്ല എന്നു വിശ്വസിക്കുന്നു.
...ഇപ്പോഴെനിക്ക്‌ നിന്നെ നഷ്ടപ്പെടുന്നത്‌ ചിന്തിക്കാന്‍ വയ്യാതായിരിക്കുന്നു....-


മറുപടി എന്തെഴുതുമെന്ന്‌ വിചാരിച്ചിരിക്കുമ്പോഴാണ്‌ പിറ്റേന്ന്‌ വഴിയില്‍ നിന്ന്‌ ഒരു കാക്കാലത്തി കയറി വരുന്നത്‌.

അവര്‍ക്കെന്നോട്‌ കുറേ പ്രേമവിഷയം പറയാനുണ്ടെന്ന്‌്‌്‌.
ഇതെന്താ നെറ്റിയില്‍ ഞാനെന്തെങ്കിലും എഴുതി ഒട്ടിച്ചുവെച്ചിട്ടുണ്ടോ ആരെയെങ്കിലും പ്രേമിക്കുന്നുണ്ടെന്ന്‌?
പ്രധാനപ്പെട്ട ചിലത്‌ പറയാനുണ്ട്‌, പത്തുരൂപകൊടുത്താല്‍ എല്ലാം പറയാമെന്ന്‌.
എനിക്കൊന്നും കേള്‍ക്കേണ്ടെന്നു പറഞ്ഞപ്പോള്‍ പുറകെ കൂടി.
രൊമ്പ കഷ്ടകാലം...പ്രേമക്കാര്യം നടക്കാനേ പോകുന്നില്ലെന്നു പറഞ്ഞു.

അങ്ങനെ രണ്ടുപേരെന്റെ ഭാവി പ്രവചിച്ചു!


-
രാത്രിയോ പകലോ ഇഷ്ടം?
നിലാവുള്ള രാത്രി പ്രത്യേകിച്ച്‌ എന്തെങ്കിലും തോന്നിയിട്ടുണ്ടോ?
ഇഷ്ടപ്പെട്ട പൂവ്‌?
ഇഷ്ടപ്പെട്ട കവി? ഇഷ്ടപ്പെട്ട കഥാകാരന്‍? ഇഷ്ടപ്പെട്ട നോവലിസ്‌്‌റ്റ്‌?
.......
......

സ്വന്തം ആണില്‍ നിന്നും മോഹിക്കുന്നത്‌ എന്തൊക്കെയാണെന്ന്‌ തുറന്നെഴുതാമോ?-

വീണ്ടും പഴയ ചോദ്യം.

-ഇതുവരെ എത്രപേരുടെ മുന്നില്‍ അണിഞ്ഞൊരുങ്ങി ചായയുമായി നിന്നു?-

നീയുള്ളപ്പോള്‍ മറ്റൊരാളുടെ മുന്നില്‍ എന്തിനാ നില്‍ക്കുന്നതെന്ന്‌ എഴുതാന്‍ കൊതിച്ചു. പക്ഷേ, എഴുതിയത്‌ മറ്റൊന്നായിരുന്നു.

-നാട്ടുകാരനായ ഒരു ഗള്‍ഫുകാരന്റെ മുന്നില്‍ നിന്നു കൊടുത്താലോന്ന്‌ ആലോചിക്കുവാ...-
ഒരു പരീക്ഷണത്തിനായിരുന്നു അങ്ങനെ എഴുതിയത്‌.
കത്തുവഴിമാത്രമാണ്‌ എനിക്കവനെ പരിചയം. എന്തു ധൈര്യത്തില്‍ ഞാനവന്റെ പ്രണയിനിയാവും?. രണ്ടോ മൂന്നോ വര്‍ഷമായിട്ട്‌ എനിക്കറിയാം എന്നതു നേര്‌്‌? അവനെത്ര കാമുകിമാരുണ്ടെന്ന്‌ ആരറിഞ്ഞു?
മുമ്പൊരു പ്രണയമുണ്ടായിരുന്നത്‌ എഴുതിയിട്ടുണ്ട്‌്‌. അത്‌ മനസ്സറിഞ്ഞുള്ള ബന്ധമായിരുന്നില്ലെന്നും പ്രായത്തിന്റെ വെറും ആകര്‍ഷണം മാത്രമായിരുന്നെന്നും...

ഗള്‍ഫുകാരനെ കുറിച്ചെഴുതിയപ്പോള്‍ മറുപടിക്ക്‌ വേഗമേറി.


-ഗള്‍ഫുകാരനെ തിരഞ്ഞെടുക്കാന്‍ ഉറപ്പിക്കുകയാണെങ്കില്‍ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ഗള്‍ഫില്‍ പോയി ഒരു വര്‍ഷം കൊണ്ട്‌ പണമുണ്ടാക്കി നല്ല ജീവിതാടിത്തറ ഉണ്ടാക്കിയവരുണ്ട്‌്‌.
എന്നാല്‍ 15 വര്‍ഷം ഗള്‍ഫില്‍ അദ്ധ്വാനിച്ചിട്ടും ഒരു സമ്പാദ്യവും നേടാന്‍ കഴിയാത്തവരുമുണ്ട്‌.
ഗള്‍ഫുകാരില്‍ ഡിമാന്റുള്ളവര്‍ ഇപ്പോള്‍ വളരെ കുറവാണ്‌. പെണ്ണിന്റെ സവിശേഷമായ മിടുക്കും കുശാഗ്രബുദ്ധിയും പ്രയോഗിച്ചു ഡിമാന്റ്‌ ഉള്ളവരെ കണ്ടെത്തുക. വേറെ ഏതു കേസ്‌ വന്നാലും ഇത്‌്‌്‌്‌ ഓര്‍മ്മ വേണം.

വിദ്യാഭ്യാസം ഇല്ലായ്‌ക ഒരു പ്രശ്‌നമാക്കണ്ട . ജീവിക്കാന്‍ അടിസ്ഥാനപരമായി പണംതന്നെ പ്രധാനം.
എന്നാലും തന്റെ മനസ്സറിഞ്ഞുപോയതുകൊണ്ട്‌്‌്‌ ചോദിക്കുകയാണ്‌-
'ഗള്‍ഫ്‌ പെര്‍ഫ്യൂമിനേക്കാള്‍ നമ്മുടെ മുല്ലപ്പൂ മണമല്ലേ ഏറെ നല്ലത്‌.'....

ഇനി ഉറപ്പിച്ചുപോയാല്‍ ഒരു കല്ല്യാണക്കുറി അയക്കാന്‍ മറക്കില്ലെന്ന്‌ കരുതുന്നു. എന്നാലും ഒരുറപ്പിന്‌ എഴുതുന്നു. മറന്നേക്കരുതേ....-

ആ കത്തുതുടര്‍ന്നു.... എനിക്ക്‌ സങ്കടം വന്നു. വെറുതെയെങ്കിലും അങ്ങനെ എഴുതണ്ടായിരുന്ന്‌ തോന്നിപ്പോയി...

-കേരളത്തിന്റെ രണ്ടുഭാഗത്ത്‌ കിടക്കുന്ന നമുക്ക്‌ കാഞ്ഞങ്ങാട്‌ വെച്ച്‌ കൂടിക്കാണുവാനും പിന്നീട്‌ ഒരു ഇടവേളക്കുശേഷം വീണ്ടും കൂടിച്ചേരാനും സൗഹൃദം ദൃഢപ്പെടുത്താനും കഴിഞ്ഞത്‌ എല്ലാം നല്ലതിനുവേണ്ടി എന്നു കരുതുന്നു.
ഈ സൗഹൃദമെങ്കിലും എന്നും നിലനില്‌ക്കില്ലേ?-

എന്റെ സ്വപ്‌നങ്ങളില്‍ അവനായി കഴിഞ്ഞിരുന്നു. എന്റെ ഉറക്കത്തില്‍, യാത്രകളില്‍, നടപ്പില്‍, എവിടെയും അവനുളളതായി തോന്നി....


കുഞ്ഞുന്നാളില്‍ എനിക്ക്‌ മൂക്കുത്തിയോട്‌ ഒരുപാടിഷ്ടമായിരുന്നു. മറയൂര്‍ സ്‌കൂളിലെ സഹപാഠികളധികവും തമിഴത്തികളായിരുന്നു. അവര്‍ ദാവണിയുടുത്ത്‌, മുടിയില്‍ പിച്ചിപ്പൂചൂടി മൂക്കുത്തിയണിഞ്ഞ്‌ വന്നു. അതുകണ്ട്‌ എനിക്കും കൊതിയായി.
കുറച്ചുകൂടി വലുതാവുമ്പോള്‍ എനിക്ക്‌ ദാവണി മേടിച്ചു തരാമെന്നും മൂക്കുത്തിയണിയിക്കാമെന്നും അത്താമ്മ പറഞ്ഞു. അത്താമ്മക്ക്‌ വെള്ളക്കല്ലിന്റെ മൂക്കുത്തിയുണ്ടായിരുന്നു. അതിന്റെ ശങ്കിരി വീണുപോയപ്പോള്‍ അഴിച്ചുവെച്ചു. റാവുത്തര്‍ പെണ്ണുങ്ങളൊക്കെ മൂക്കുത്തിയണിഞ്ഞവരായിരുന്നെന്ന്‌ അവര്‍ പറഞ്ഞു. മക്കളാരും മൂക്കു കുത്തിയില്ല. മകന്റെ മകളായ എന്നെയാണ്‌ ആഗ്രഹസാഫല്യത്തിന്‌ കണ്ടുവെച്ചത്‌.
പക്ഷേ, എന്റെ വൃത്തികെട്ട മൂക്കില്‍ ഒരു മൂക്കുത്തിയുടെ കുറവേയുള്ളുവെന്ന്‌ പറഞ്ഞ്‌ എല്ലാവരും തടഞ്ഞു.

-ഒന്നു കാണാഞ്ഞിട്ട്‌ കണ്ണു കഴയ്‌ക്കുകയാണ്‌.
അരികിലായിരുന്നെങ്കില്‍......
ഇനിയും കാത്തിരിക്കാന്‍ വയ്യ.
ഞാന്‍ വരുന്നു.
എന്റെ പ്രണയിനിയുടെ കൂടെ രണ്ടുദിവസം ചിലവഴിക്കണം.
നമ്മള്‍ ശരിക്കും പ്രേമിച്ചില്ല. മധുരമായി ഒരു വാക്കുപോലും പറഞ്ഞിട്ടില്ല. ഈ കടിച്ചാല്‍ പൊട്ടുന്ന പ്രായത്തില്‌ പ്രായമേറിയവരെപ്പോലെ ഇത്രയും പക്വത കാണിക്കണോ പെണ്ണേ-

അവന്‍ വന്നു.. ഞങ്ങള്‍ ഒരു ദിവസം മുഴുവന്‍ സംസാരിച്ചിരുന്നു. എന്റെ ലോകത്തിലേക്ക്‌ അവനെക്കൂടി ചേര്‍ത്തു. അവന്റെ ലോകത്ത്‌ ഞാനും.

പിറ്റേന്ന്‌ ചെറിയൊരു യാത്ര പോകാമെന്ന്‌ തീരുമാനിച്ചു. പിറ്റേന്ന്‌ രാവിലെ അവനോടൊപ്പം അടിമാലിയിലേക്ക്‌ ബസ്സുകയറുമ്പോള്‍ ഉള്ളിലൊരു പേടി. അവന്‍ തലേന്ന്‌്‌്‌ അവന്‍ ഒരു ടൂറിസ്റ്റ്‌്‌്‌ ഹോമിലായിരുന്നു താമസിച്ചത്‌. അങ്ങോട്ടെങ്ങാന്‍ വിളിക്കുമോ? വെറുതെയെങ്കിലും...
അപ്പോള്‍ ഞാനെന്തു പറയും? ഒരുമിച്ച്‌ ജീവിക്കാന്‍ തീരുമാനിച്ചിട്ട്‌ എന്തിനാണിത്ര മടിയെന്ന്‌ പ്രലോഭിപ്പിക്കുമോ?
തല പെരുത്തു.
എന്തു പറഞ്ഞാലും പോകില്ല. ഇഷ്ടമായില്ലെങ്കില്‍ വേണ്ട. വരുന്നതു വരട്ടെ എന്നു വിചാരിച്ച്‌ ബസ്സിറങ്ങി.
'ഇനി എങ്ങോട്ടുപോകും? 'കാമുകന്‍ ചോദിച്ചു.
കാമുകീ ഹൃദയം പേടിച്ചു.
ബസ്സ്‌റ്റാന്റില്‍ ചാറ്റല്‍ മഴയത്ത്‌ നില്‍ക്കുകയാണ്‌ ഞങ്ങള്‍.
'എനിക്കിവിടമൊന്നും പരിചയമില്ല. എങ്ങോട്ടുപോകണമെന്ന്‌ തീരുമാനിക്ക്‌....ഞാന്‍ റൂമിലൊന്ന്‌ പോയി വരാം.'
ആശ്വാസമായി.
എവിടെപോകാനാണ്‌?
വെറുതെ റോഡീലൂടെ നടക്കാം എന്നു തീരുമാനിച്ചു.
മൂന്നാര്‍ റോഡിന്‌ നടന്നു. ഒരു ബുക്ക്‌സ്‌റ്റാളില്‍ കയറി. 'ഖസാക്കിന്റെ ഇതിഹാസം' ഇരുപത്തിമൂന്നാം പതിപ്പിരിക്കുന്നു.
"ഇതു വായിച്ചതാണോ?"
"ഇല്ല."
"ഇതുവരെ വായിച്ചിട്ടില്ലെങ്കില്‍ തൂങ്ങിച്ചാകുന്നതാ ഭേദം" ( പ്രണയിക്കാന്‍ ഇറങ്ങിത്തിരിച്ചവന്‍ എത്ര സുന്ദരമായി പ്രേമിക്കുന്നു? ...)
അതു വാങ്ങി. പിന്നെയും നടന്നു.
'ഇതെവിടെയെത്തും?'

'മൂന്നാറിലെത്തും ?'
കൂമ്പന്‍ പാറയെത്തും വരെ നടന്നതറിഞ്ഞില്ല. ഒറ്റക്കു നടക്കുന്നതിനേക്കാള്‍ എത്ര സുന്ദരമാണ്‌ ഈ നടപ്പ്‌. ചാറ്റല്‍ മഴയത്ത്‌ ഒരു കുടക്കീഴില്‍....
തിരിച്ചു പോരുമ്പോള്‍ മാങ്കടവുവഴി കല്ലാറുകുട്ടിയിലെത്തി. അണക്കെട്ടും മുതിരപ്പുഴയാറും ആകാശം മുട്ടിനില്‌ക്കുന്ന പര്‍വ്വതങ്ങളും കാണിച്ചുകൊടുത്തു.
അടിമാലിയില്‍ തിരിച്ചെത്തി ഒരു ജുവലറിയിലേക്കാണ്‌ കയറിയത്‌.

അപ്പോള്‍ മുമ്പയച്ച കത്തിലെ വരികള്‍ ഓര്‍മിച്ചു
-എന്റെ ഒരിഷ്ടം.
മൈന മൂക്കുത്തിയണിയണം.
മൈനക്കിഷ്ടമാവണം. ആയില്ലെങ്കിലും എനിക്കു വേണ്ടി.
മൂക്കുത്തിയണിയുന്നതിനോട്‌ എനിക്കെന്തോ ഒരു കൂടുതലിഷ്ടമാണ്‌.
മൂക്കുത്തിയണിഞ്ഞ ഒരു കാമുകി ഉണ്ടായിരുന്നുവെങ്കില്‍ ഞാനവളുടെ മൂക്കുത്തിയിലാണ്‌ ആദ്യം ചുംബിക്കുക.-
പച്ചമാംസം തുളഞ്ഞപ്പോള്‍ കണ്ണിലൂടെ വെള്ളമൊഴുകി.

പിന്നീടുള്ള യാത്ര എന്റെ ചെറിയ ലോകത്തേക്കായിരുന്നു. വീടിനു പുറകിലെ പാറയും മലയും...അതിനപ്പുറത്തെ സമതലം.
മഴയത്ത്‌ പായല്‍ പിടിച്ച്‌ തെന്നിക്കിടന്ന പാറകയറുമ്പോള്‍ ഇവനിതൊക്കെ പരിചയമുണ്ടോ എന്ന പേടിയുണ്ടായിരുന്നു. പക്ഷേ, എവറസ്റ്റായിരുന്നെങ്കിലും കൂടെ കയറിയേനെ എന്നു തോന്നി. കുറുക്കനും പാക്കാനുമിരിക്കുന്ന ഇഞ്ചക്കാടു കാണിച്ചുകൊടുത്തു. മുമ്പ്‌ സര്‍പ്പശിലതേടിപ്പോയ പാറയും വള്ളിപ്പടര്‍പ്പുകളും കാണിച്ചു. മലയുടെ തുഞ്ചത്തിരുന്ന്‌ താഴെ ദേവിയാറൊഴുകുന്നതും പാലവും കവലുയും സ്‌കൂളും മൈതാനവും തുരുത്തിലെ ക്ഷേത്രവും......

അക്കരെ മലയും അവടുത്തെ യൂക്കാലിപ്‌റ്റ്‌സ്‌ തോട്ടങ്ങളും പുല്‍മേടും അവിടെ മഞ്ഞിറങ്ങുന്നതും കാണിച്ചു.
ഒരു ദൂരദര്‍ശിനി വേണമെന്ന്‌ ആഗ്രഹിച്ചിരുന്നു എന്നു പറഞ്ഞു.
അവന്‍ വിസ്‌മയിച്ചിരുന്നു. പാറയില്‍ നിന്ന്‌ സമതലത്തിലേക്ക്‌, പുല്‍മേട്ടിലൂടെ നടക്കുമ്പോള്‍ അവന്‍ പറഞ്ഞു.

"എന്റെ നാട്ടില്‍ ഇതൊന്നുമില്ല. ഇപ്പോള്‍ ശരിക്കും വിഷമം തോന്നുന്നു....നീ എങ്ങനെ എന്റെ നാട്ടില്‍....?".
"ഒരു കാര്യം ചെയ്യൂ..ഈ മലയുടെ മുകളില്‍ ഒരു ആശ്രമംകെട്ടി ചികിത്സയുമൊക്കെയായി സന്യാസിനിയായി ജീവിക്കൂ...ഞാനിടയ്‌ക്കിടക്ക്‌ വരാം."
ഒരു പച്ചച്ച പുല്‍പ്പരപ്പായിരുന്നു അവിടം. രണ്ടുമൂന്നുകൊല്ലം മുമ്പുവരെ പുല്ലുകിളിര്‍ത്ത്‌ പച്ചച്ചുനില്‍ക്കുമ്പോള്‍ ഞങ്ങളിവിടെ വന്ന്‌ കുത്തിമറിയുമായിരുന്നു. പാറവെട്ടുകളിലെ ഇത്തിരി മണ്ണില്‍ വിടരുന്ന കൊച്ചുപൂക്കളെ നോക്കിയിരിക്കുമായിരുന്നു.
ചെന്നെത്തിയത്‌ ശിലായുഗസംസ്‌ക്കാരത്തിന്റെ അവശേഷിപ്പുകളിലൊന്നായ മുനിയറക്കു മുന്നിലാണ്‌.

"ഇവിടെ ദൈവമുണ്ടോ?"അവന്‍ ചോദിച്ചു.
"അറിയില്ല."
"പണ്ടുള്ളവരെ മറവു ചെയ്‌തിടമാണെന്നാണ്‌ , പക്ഷേ, ചിലര്‍ പറയുന്നു മുനി തപസ്സു ചെയ്‌തതാണെന്ന്‌."

പണ്ട്‌ കാടുപിടിച്ചു കിടന്നതായിരുന്നു. ഇപ്പോള്‍ വെട്ടിത്തെളിച്ച്‌ ഒരു അമ്പലം പോലെയാക്കിയിട്ടുണ്ട്‌. മുന്നില്‍ കല്‍വിളക്കു പണിയിച്ചിട്ടുണ്ട്‌.

കുറേനാള്‍ മുമ്പ്‌ നാട്ടുകാരിലൊരാള്‍ മരംവെട്ടാന്‍ കാട്ടില്‍ പോയി. ചെരിവില്‍ നിന്ന മരം വെട്ടിയാല്‍ താഴോട്ടുവീഴും. അതാണു ഗുരുത്വാകര്‍ഷണ നിയമം. പക്ഷേ, താഴെ അഗാധമായ കൊക്കയാണ്‌. അവിടേക്ക്‌ മരം മുറിഞ്ഞുവീണാല്‍ ശ്രമം പാഴാവും. അയാള്‍ മുനിയറയിലെ മുനിയെ ധ്യാനിച്ചു മരം മുറിച്ചു.
അവിടെ വിളക്കുവെക്കാമെന്നു നേര്‍ന്നു.
എല്ലാനിയമങ്ങളെയും തെറ്റിച്ച്‌ മരം മേലോട്ട്‌ വീണു.

അന്നുമുതല്‍ തുടങ്ങിയതാണ്‌ ഇവിടുത്തെ വിശ്വാസം.
"കേട്ട കഥ സത്യമാണോ എന്നു ചോദിക്കരുത്‌." -ഞാന്‍ പറഞ്ഞു.

"എന്തുമാകട്ടെ, നമുക്കൊന്നാവാനായാല്‍ ഈ കല്‍വിളക്കില്‍ തിരി തെളിയിക്കണം." അവനെന്നെ ചേര്‍ത്തു പിടിച്ചുകൊണ്ട്‌ പറഞ്ഞു.

* * *

'നമ്മളിതുവരെ മുനിക്കു കൊടുത്ത വാക്കുപാലിച്ചില്ലല്ലോ' എന്ന്‌ കൂട്ടുകാരന്‍ ഇപ്പോഴും പറയുന്നു.

ഇന്നത്തേക്ക്‌ പത്തുവര്‍ഷം ആയിട്ടും. .....

------------------------------

ഇന്നും കെട്ടുപോകാത്ത പ്രണയത്തോടെ ഈ പോസ്‌റ്റ്‌ കൂട്ടുകാരന്‌ വേണ്ടി സമര്‍പ്പിക്കുന്നു


കടപ്പാട്‌ മാതൃഭൂമി ഓണപ്പതിപ്പ്‌