Thursday, May 24, 2007

ജാതി/മതം ഉണ്ടായിരിക്കണോ?

ടി*ഡി
ടി*ഡി എന്നാല്‍ സങ്കരയിനം തെങ്ങാണ്‌.
ഹാഫ്‌ ആന്റ്‌ ഹാഫ്‌ എന്ന വിളി കേള്‍ക്കേണ്ടി വന്നതായി വി.സി .ശ്രീജന്‍ ഈയാഴ്‌ച മാതൃഭൂമി ആഴ്‌ചപ്പതിപ്പില്‍ എഴുതിയിരിക്കുന്നു(ജാതി ഉണ്ടായിരിക്കണം ജാതിഉറപ്പുതന്ന വൈകാരികലോകത്തെ ഉപേക്ഷിക്കാതിരിക്കലാണ്‌ നമ്മുടെ സമൂഹത്തില്‍ കൂടുതല്‍ അഭികാമ്യമെന്ന്‌ വി.സി.ശ്രീജന്‍.).
ഭര്‍ത്താവടക്കം അടുപ്പമുളളവര്‍ ചിലപ്പെഴെങ്കിലും എന്നെ വിളിച്ച പേരായിരുന്നു ടി*ഡി. ചിലപ്പോള്‍ അമര്‍ഷവും മറ്റു ചിലപ്പോള്‍ ചിരിയുമുണര്‍ത്തി ആ വിളി. രണ്ടു മതങ്ങളില്‍പെട്ട മതാപിതാക്കളുടെ മക്കളില്‍ പലര്‍ക്കും ഈ വിളി കേള്‍ക്കേണ്ടി വന്നിരിക്കാം.
പതിനാലു വയസ്സുവരെ അമ്മയുടെ വീട്ടുകാരുമായിഅടുപ്പമുണ്ടാകാഞ്ഞതുകൊണ്ടും അച്ഛന്റെ വീട്ടുകാര്‍ ഒട്ടും യാഥാസ്ഥിതകരല്ലാഞ്ഞതുകൊണ്ടും കഠിനമായ മത വിചാരങ്ങളൊന്നും അക്കാലത്ത്‌ എനിക്കുണ്ടായില്ല. ഓര്‍മ തുടങ്ങുന്ന നല്ല കാലത്ത്‌ മറയൂരായിരുന്നതും നന്നായി എന്നു ചിന്തിക്കുന്നു ഇപ്പോള്‍. കാരണം അമ്മയുടെ ജോലിസ്ഥലത്ത്‌ അമ്മയൊടൊത്തുളള ആ നാളുകളില്‍ അമ്മ അച്ഛന്റെയോ അമ്മയുടെയോ മതവുമായി അടുപ്പിക്കാന്‍ യാതൊരു ശ്രമവും നടത്തിയില്ലെന്നു വേണം പറയാന്‍. അക്കാലത്ത്‌ ജാതി മതം എന്നത്‌ ഞങ്ങളുടെ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകളില്‍ മാത്രമൊതുങ്ങി.
ആചാരപരമായ വ്യത്യാസങ്ങളും ഞങ്ങളെ തളര്‍ത്തിയില്ലെന്നു വേണം പറയാന്‍. പോലീസില്‍ നിന്നും വിരമിച്ച പിതാമഹന്‍ അദ്ദേഹത്തിന്‍റെ ഔദ്യോഗിക കാലയളവില്‍ പല ദേശങ്ങളിലായി മറ്റു സമൂഹവുമായി ബന്ധപ്പെട്ടു കൊണ്ടായിരുന്നു ജീവിച്ചത്‌. അതുകൊണ്ട്‌ ഓണവും വിഷുവും പെരുന്നാളും ക്രിസ്‌തുമസുമൊക്കെ ഞങ്ങളും കൊണ്ടാടി.
പക്ഷേ മുതിര്‍ന്നപ്പോള്‍ മതം-ജാതി ചിന്തകള്‍ എന്നെ വേട്ടയാടി. സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റിലെ മതത്തിന്റെയും പേരിന്റയും വരികള്‍ എന്നെ വല്ലാതെ പിടിച്ചുലച്ചു.
"ഞങ്ങള്‍ക്കിങ്ങനത്തെ പേരിട്ടതെന്തിനായിരുന്നെന്നായിരുന്നു? "
അമ്മയോടുള്ള ഒരു ചോദ്യം.
"മതം തിരിച്ചറിയിക്കുന്ന പേര്‌ ഞങ്ങള്‍ക്കുണ്ടാവണമെന്ന്‌ ആര്‍ക്കായിരുന്നു നിര്‍ബന്ധം?"
സ്വന്തം തിരഞ്ഞെടുപ്പായിരുന്നെങ്കിലും അച്ഛന്റെ വീട്ടുകാര്‍ അമ്മയെ അംഗീകരിക്കുകയും സ്‌നേഹിക്കുകയും ചെയ്‌തിരുന്നു. ആ സ്‌നേഹത്തിനു മുന്നിലാണ്‌ അവരുടെ ഇഷ്‌ടത്തിന്‌ മക്കള്‍ക്ക്‌ പേരിട്ടപ്പോള്‍ തടയാഞ്ഞത്‌.
"ജാതി തിരിച്ചറിയുന്ന പേര്‌ നിങ്ങള്‍ക്ക്‌ ഇടരുതെന്നുണ്ടായിരുന്നു....പക്ഷേ ..."അമ്മ പറഞ്ഞു.
എന്നാല്‍, ഞങ്ങളെ വീട്ടില്‍ മറ്റു പേരുകള്‍ വിളിച്ചു. അതും പക്ഷേ, അമ്മയും അച്ഛനുകൂടി ഇട്ട പേരുകളായിരുന്നില്ല.
ഞങ്ങള്‍ മുതിര്‍ന്നു വന്നപ്പോള്‍ അത്രയും നാളില്ലാതിരുന്ന വേവലാതി അമ്മക്കുണ്ടായി. മൂന്നു പെണ്‍കുട്ടികളാണ്‌. പുരുഷ കേന്ദ്രീകൃതമായ സമൂഹത്തില്‍ പുരുഷന്റെ മതത്തിന്‌, പുരുഷന്റെ വീട്ടുകാര്‍ക്കൊപ്പം നില്‌ക്കേണ്ട ഗതികേടില്‍ കാലാന്തരത്തില്‍ അമ്മയും മാറുകയായിരുന്നു എന്ന്‌ മനസ്സിലാക്കുന്നു. അല്ലെങ്കില്‍ സ്വസമുദായത്തില്‍ നിന്ന്‌ അവഗണിച്ചിരുന്നോ?
ആ അവഗണനകളെ പുല്ലുപോലെ വലിച്ചെറിയാന്‍ പ്രാപ്‌തിയുണ്ടായിരുന്നിട്ടും മുതിരുന്ന മക്കളെ കണ്ട്‌ അമ്മ ശങ്കിച്ചു.
ഇവരെ ആരുടെ കൈയ്യിലേല്‌പ്പിക്കും.....
സുന്ദരമോഹന സ്വപ്‌നങ്ങളൊന്നും കുഞ്ഞായിരിക്കുമ്പോഴെനിക്കില്ലായിരുന്നു. വിവാഹം സങ്കല്‌പമായിരുന്നില്ല. പ്രണയത്തിനുപോലും വലിയ പ്രാധാന്യം കൊടുക്കാന്‍ എനിക്കു കഴിഞ്ഞില്ല. അതിനു പിന്നില്‍ മറ്റൊരു കഥയാണ്‌. എന്റെ വിവാഹം അവിചാരിതവും അപ്രതീക്ഷിതവുമായ ഒത്തുവരവായിരുന്നു എന്നു ചിന്തിക്കാനിഷ്ടപ്പെടുന്നു.
ചെറുപ്പം മുതല്‍ അച്ഛന്റെയോ അമ്മയുടേയോ മതത്തിനോട്‌ പ്രത്യേകിച്ചൊരു മമതയും തോന്നിയില്ല. എന്നാല്‍ ഈ രണ്ടു മതത്തെയും അടുത്തറിയാന്‍ ശ്രമിച്ചിട്ടുണ്ട്‌. ബോധപൂര്‍വ്വം തന്നെ.
ഞാനേറെ ബഹുമാനിക്കുന്ന്‌ അദ്ധ്യാപകരില്‍ ഒരാള്‍ മറയൂര്‍ ഗവ. എല്‍. പി. സ്‌കൂള്‍ പ്രധാനാദ്ധ്യപികയായിരുന്ന അമ്മിണി ടീച്ചറാണ്‌. മൂന്നാംക്ലാസ്സില്‍ പഠിപ്പിക്കുമ്പോള്‍ ടീച്ചര്‍ പറഞ്ഞ ഒരുകാര്യമുണ്ട്‌.
-നിങ്ങള്‍ യാത്ര ചെയ്യുമ്പോള്‍ അമ്പലം കാണുമ്പോള്‍, പള്ളികാണുമ്പോള്‍, മോസ്‌ക്കു കാണുമ്പോള്‍ ശിരസ്സു നമിക്കുക.-
നല്ല വശങ്ങളെ ഉള്‍ക്കൊളളുകയും ചീത്തവശങ്ങളെ തിരസ്‌ക്കരിച്ചും മുന്നോട്ടു പോവുക. ചില നീക്കുപോക്കുകള്‍ ആവശ്യമായി വരുമ്പോള്‍ അതനുസരിച്ച്‌ നീങ്ങുക- കുടുംബത്തില്‍, സമൂഹത്തില്‍ ജീവിച്ചുപോകാന്‍ അത്യാവശ്യമാണ്‌ ചില നീക്കു പോക്കുകള്‍ എന്നു മനസ്സിലാക്കിക്കഴിഞ്ഞു ഇപ്പോള്‍.
രണ്ടിടത്തും യാഥാസ്‌തഥിതികര്‍ അംഗീകരിക്കാതിരിക്കുന്ന സ്ഥിതിയുമുണ്ട്‌. കാരണം തനി രക്തമല്ലല്ലോ.....
ഏതാണ്‌ തനി രക്തം?
എന്താണ്‌ അതുകൊണ്ടുള്ള പ്രയോജനം?
മറ്റൊരു അദ്ധ്യാപകന്റെ വാക്കുകള്‍ കടമെടുത്താല്‍ -നായരും നായരും, നമ്പൂതിരീം നമ്പൂതിരീം, മുസ്ലീമും മുസ്ലീമും, ക്രസ്‌ത്യാനിയും ക്രസ്‌ത്യാനിയും തമ്മില്‍ മാത്രം ബന്ധമായല്‍ വിപ്ലവം എവിടെയുണ്ടാവും? പരിണാമം എവിടെ സംഭവിക്കും?_
ആ വാക്കുകളെന്നെ തണുപ്പിക്കുന്നു.
കളിവാക്കായി പറയുന്നു എങ്കിലും ടി*ഡി ആയതില്‍ സന്തോഷിക്കുന്നു.
വവ്വാലിനു മറ്റുള്ളവര്‍ നല്‌കിയ നിര്‍വ്വചനങ്ങളെക്കാള്‍ റഫീക്ക്‌ അഹമ്മദ്‌ നല്‌കിയ അര്‍ത്ഥത്തില്‍ വായിക്കാന്‍ ഞാനുമിഷ്‌ടപ്പെടുന്നു.
കിളിയുമല്ല ഞാന്‍, മൃഗവുമായില്ല
ചരിത്രമല്ല ഞാന്‍ കഥയുമായില്ല
കിനാവില്‍ നേരത്താണുണര്‍ന്നിരുന്നത്‌
ഉറങ്ങിപ്പോയതോ പകല്‍ വെളിച്ചത്തില്‍.......
ശ്രീജനും മാതൃഭൂമിക്കും നന്ദി.

Friday, May 18, 2007

പറയൂ.... പറയൂ...സുന്ദരി

കഴിഞ്ഞ ദിവസം നടക്കാവിലെ ഒരിടവഴിയിലൂടെ നടക്കുകയായിരുന്നു. ഇടവഴിയില്‍ നിന്ന്‌ മറ്റൊരുടവഴിയിലേക്ക്‌ കടക്കുമ്പോഴാണ്‌ ഞാനൊന്ന്‌ ഞെട്ടിയത്‌. ഒരു യുവാവും യുവതിയും. അവരുടെ വേഷമായിരുന്നു എന്നെ ഞെട്ടിച്ചത്‌. കുറച്ചു നേരത്തേക്കെങ്കിലും അസ്വസ്‌ഥതയായി. വെറുപ്പോ, ദേഷ്യമോ, വിഷാദമോ തോന്നിപ്പോയി ആ നിമിഷങ്ങളില്‍.

യുവാവ്‌ ഇളം നീലനിറത്തില്‍ മനോഹരമായ ഷര്‍ട്ട ഇന്‍സൈഡ്‌ ചെയ്‌ത്‌ ജീന്‍സ്‌ ധരിച്ചിരുന്നു. മുഖം ഫേഷ്യല്‍ ചെയ്‌ത്‌ പൗഡറിട്ട്‌ , മുടി ചീകി മിനുക്കി.....കാഴ്‌ചയ്‌ക്ക്‌ സുന്ദരന്‍. എതാണ്ട്‌ ദിലീപിനെ പോലെ തോന്നിക്കും. അടുത്തുകൂടെ കടന്നു പോയപ്പോള്‍ പരിസരം അത്തറു മണത്തു.

പക്ഷേ, പെണ്‍കുട്ടിയോ?

കറുത്ത പര്‍ദ്ദ. മുഖമറയോടു കൂടിയ മഫ്‌ത്ത. കണ്ണുകള്‍ മാത്രം പുറത്തു കാണാം. അവളൊരു പെണ്‍കുട്ടിയാണെന്നെനിക്കു മനസ്സിലായത്‌ കൊഞ്ചിക്കുണുങ്ങിയുള്ള സംസാരത്തിലും മുട്ടിയുരുമ്മിയുള്ള നടത്തത്തിലുമാണ്‌. പുതുമോടിയാണെന്ന്‌ അവന്റെ മുഖഭാവത്തിലറിയാം.

പക്ഷേ, പെണ്ടകുട്ടിയുടേതോ?

വേഷം മുമ്പു കാണാഞ്ഞിട്ടല്ല. കോഴിക്കോട്‌ നഗരത്തിലെ തിരക്കിനിടയില്‍ പലയിടത്തും മുഖമറ ധരിച്ച സ്‌ത്രീകളെ കണ്ടിട്ടുണ്ട്‌. ഒന്നുകില്‍ മുഖമറ ധരിച്ച നാലോ ആഞ്ചോ പേരുടെ സംഘമായിരിക്കും. അല്ലെങ്കില്‍ അതിനു ചേര്‍ന്ന വേഷം ധരിച്ച പുരുഷന്മാര്‍ക്കൊപ്പമായിരിക്കും (മൗലവിമാര്‌, അറബികള്‍).

ഇതുപക്ഷേ, അങ്ങനെയല്ല.അവള്‍ കറുപ്പുമറയ്‌ക്കകത്താണ്‌ പൂര്‍ണ്ണമായും.

അവന്‍ അടിപൊളി വേഷത്തില്‍ സുന്ദരക്കുട്ടപ്പനായി........കേരളത്തിലെ പെണ്‍കുട്ടികളാരും സ്വമേധയാ അത്തരം മുഖമറ ധരിച്ച്‌ ഇത്തരം ഒരു പുരുഷനോടൊപ്പം നടക്കുമെന്നു തോന്നുന്നില്ല.

ദിലീപിനേപ്പോലിരുക്കുന്ന അവനൊപ്പം നടക്കുന്ന പെണ്‍കുട്ടി മീരാ ജസ്‌മിനെ പോലെ ആയിരിക്കാം എന്നു ഞാനൂഹിച്ചു. ഒരുപക്ഷേ അതിലും സുന്ദരിയാവാം.... ഈ വസ്‌ത്രത്തിനു പുറത്തുകടന്നാല്‍ അവള്‍ എങ്ങനെയായിരിക്കുമെന്ന്‌ അതിരുവിട്ടു ചിന്തിക്കാന്‍ തുടങ്ങി ഞാന്‍....ചിന്തക്ക്‌ വസ്‌ത്രത്തിന്റെയോ മൂടുപടത്തിന്റെയോ ആവശ്യമില്ലല്ലോ

ആദ്യത്തെ ഞെട്ടലിലുണര്‍ന്ന എനിക്ക്‌ "നാണമില്ലേ നിനക്കിവളുടെ കൂടെ ഇങ്ങനെ നടക്കാന്‍?" എന്നു ചോദിക്കണമെന്നു തോന്നി.

ചോദിച്ചില്ല.

പലവിധ ചിന്തകളിലൂടെ മറ്റൊരു വഴിയെ നടന്ന്‌ ബസ്സ്‌റ്റോപ്പിലെത്തിയപ്പോള്‍ അവരുണ്ട്‌ അവിടെ..

"അല്ലയോ പെണ്‍കുട്ടി നിന്നെ മൂടിപ്പൊതിഞ്ഞ്‌ മുഖം പോലും കാണിക്കാതെ കൊണ്ടു നടക്കുമ്പോള്‍ നീ അറിയുന്നുണ്ടോ ഇവനിലെ സുന്ദര പുരുഷനെ ഞങ്ങള്‍ കണ്ടാസ്വദിക്കുകയാണെന്ന്‌....."

"പറയൂ..നീ പറയൂ...സുന്ദരി."

Thursday, May 3, 2007

പുസ്‌തകപ്രകാശനം

എന്റെ രണ്ടു പുസ്‌തകങ്ങുടെ പ്രകാശനം മെയ്‌ 5-ം തീയതി വൈകിട്ട്‌ 6 മണിക്ക്‌ കോഴിക്കോട്‌ മലബാര്‍ പാലസില്‍ വെച്ചു നടത്തുന്നു.
പുസ്‌തകങ്ങള്‍
‍ചന്ദനഗ്രാമം-നോവല്‍ (മാതൃഭൂമി ബുക്‌സ്‌)
വിഷചികിത്സ-പഠനം (ഒലിവ്‌ പബ്ലിക്കേഷന്‍സ്‌)
പ്രകാശനം എം. പി. വീരേന്ദ്രകുമാര്‍ എം. പി.
പുസ്‌തകങ്ങള്‍
പരിചയപ്പെടുത്തുന്നത്‌ കെ. വി. അനൂപ്‌ (കഥാകൃത്ത്‌)
കോഴിക്കോട്‌ മലബാര്‍ പാലസിലേക്ക്‌ സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു.
നോവല്‍
ചന്ദനഗ്രാമം
ചന്ദനസുഗന്ധം ശ്വസിച്ച്‌ താഴ്‌വര കിടന്നു.
അതിന്റെ ഉയര്‍ച്ചകളില്‍ അഞ്ചു ഗ്രാമങ്ങളും...
തായ്‌താപ്പാന്മാരായി* പറഞ്ഞു കേട്ടതാണ്‌.അഞ്ചുനാടിന്റെ പൂര്‍വ്വികര്‍ പാണ്ടിനാട്ടില്‍ നിന്നും രാജകോപം ഭയന്ന്‌ കൊടൈക്കാടുകള്‍ കയറി. അവര്‍ മറഞ്ഞിരിക്കാനൊരിടം തേടി അലഞ്ഞു. ഒടുവില്‍ അവര്‍ താഴ്‌വരയിലെത്തി.നാലു വശവും മലകള്‍ ഉയര്‍ന്നു നില്‍ക്കുന്ന മറയൂര്‍തടം മഴ നിഴലിലാഴ്‌ന്നു കിടന്നു. അവിടെ അവര്‍ അഞ്ച്‌ ഊരുകളുണ്ടാക്കി പാര്‍ത്തു.ചന്ദന കാടുകളില്‍ അവരുടെ മാടുകള്‍ മേഞ്ഞു.താഴ്‌വരയിലെ വയലുകളില്‍ നെല്ലും കൂവരകും വിളഞ്ഞു. അഞ്ചു ഊരുകളിലും പെരിയധനം* നിറഞ്ഞു.അഞ്ചു നാടിന്റെ മുനിയറകളില്‍ ചരിത്രം മയങ്ങി.
താഴ്‌വരയുടെ മണിയരഞ്ഞാണമായി പാമ്പാര്‍ കിഴക്കോട്ടൊഴുകി. താഴ്‌വരയില്‍ വീശിയ ചന്ദക്കാറ്റില്‍ കരിമ്പുകാടുകള്‍ ഒന്നാകെ ഉലഞ്ഞ്‌ മര്‍മ്മര സംഗീതമുതിര്‍ന്നു.
അവിടെ തെങ്കാശിനാഥനും അരുണാക്ഷിയമ്മയും മുരുകനും ഗണപതിയും മുപ്പതുമുക്കോടി ദൈവങ്ങളും ഒരുമിച്ചു വാണു.
ചന്ദനഗ്രാമത്തിലേക്ക്‌ സ്വാഗതം
6-ാം അദ്ധ്യായത്തില്‍ നിന്നും
പണ്ട്‌ താഴ്‌വരയിലൊരു കന്യാസ്‌ത്രീയുണ്ടായിരുന്നു. ചുവന്ന ചുണ്ടും തിളങ്ങുന്ന കണ്ണുകളുമുളള അവര്‍ക്ക്‌ സ്‌കൂളിനോടു ചേര്‍ന്നുളള പൂന്തോട്ടത്തിലെ കന്യാമറിയത്തിന്റെ ശില്‌പത്തോട്‌ സാമ്യമുണ്ടായിരുന്നു. അവര്‍ പൊട്ടിപ്പഴം തേടി ചന്ദനമരങ്ങള്‍ സുഗന്ധം പൊഴിച്ചുനിന്ന കൊങ്ങിണിക്കാട്ടിലൂടെ അലഞ്ഞു. മാഞ്ചുവട്ടിലെത്തിയപ്പോള്‍ മാമ്പൂക്കള്‍ കന്യാസ്‌ത്രീയെ മാടി വിളിച്ചു.``സിസ്റ്റര്‍ക്കു പുളിയന്‍ മാങ്ങ തിന്നണോ?''കന്യാസ്‌ത്രീക്ക്‌ വായില്‍ വെളളമൂറി. അവര്‍ മാഞ്ചുവട്ടില്‍ വീണു കിടന്ന മാമ്പൂക്കള്‍ വാരി വായിലിട്ടു. അതു കണ്ട്‌ കുനിഞ്ഞു കൊടുത്ത മാവിന്‍ ചില്ലകള്‍ പറഞ്ഞു.``മാവിന്‍ കൊമ്പിലൊരു കൂടൂകൂട്ടിക്കൊളളൂ.''കന്യാസ്‌ത്രീ മാവിന്‍ കൊമ്പില്‍ കയറിട്ടു. പിന്നെയതിനൊരു കുരുക്കുമിട്ടു.
അങ്ങനെ കന്യാസ്‌ത്രീയുടേതു മാത്രമായ മാവിന്‍ചുവട്ടില്‍ കുട്ടികള്‍ ഉച്ച നേരത്ത്‌ കണ്ണിമാങ്ങ പെറുക്കാന്‍ പോയി. മാങ്ങ പെറുക്കി തിന്നവരൊന്നും പിറ്റേന്ന്‌ സ്‌കൂളില്‍ വന്നില്ല. അവരൊക്കെ വീട്ടില്‍ പനിച്ചു കിടന്നു.കന്യാസ്‌ത്രീ തൂങ്ങി മരിച്ച മാവുവെട്ടി വിറകട്ടികളാക്കി വെച്ചു. കന്യാസ്‌ത്രീ മഠത്തിലെ കുശിനിപ്പുരയില്‍ മാവിറകു കത്തുമ്പോള്‍ പാചകകാരിയോട്‌ മാവിറകിന്റെ പുക ചോദിച്ചു.
``ഞാനിനി എവിടെ പോകും ചേട്ടത്തി?''
ചേട്ടത്തി അടുപ്പിലൊന്നു കൂടി ഊതിയിട്ടു പറഞ്ഞു.
``നീ ഈ താഴ്‌വരയെ മഞ്ഞിന്‍ പുതപ്പണിയിക്കൂ.''
അദ്ധ്യായം പത്തില്‍ നിന്ന്‌
മഠത്തിലെ സ്‌ക്കൂളിന്റെ പ്രധാന മൂന്നു കെട്ടിടങ്ങളുടേയും ഇടയില്‍ മൈതാനത്ത്‌ ഉണങ്ങിയ ചന്ദനമരത്തില്‍ തൂക്കിയിരുന്ന മണി നഷ്‌ടപ്പെട്ടിരിക്കുന്നു. ഓരോ പിരിയഡും കഴിയുന്നതറിയിക്കാന്‍ ഗര്‍ഭിണിയായ വിക്‌ടോറിയ കൈയിലൊരു ഇരുമ്പു ദണ്‌ഡുമായി വയറും താങ്ങി ചന്ദനമരച്ചുവട്ടിലേക്കു പോയിരുന്നു. ആ മരം ഉണങ്ങി ദ്രവിച്ച്‌ ഭൂമിയിലൊരു ദിവസം വീഴുമെന്ന്‌ വിക്‌ടോറിയ വിശ്വസിച്ചു. അപ്പോള്‍ ഏതു മരത്തില്‍ മണിതൂക്കുമെന്ന്‌ ആശങ്കപെടുകയും ചെയ്‌തു. പക്ഷെ ഒരിക്കല്‍പോലും മണി മോഷ്‌ടിക്കപ്പെടുമെന്നവള്‍ കരുതിയിരുന്നില്ല. ചന്ദനമരത്തില്‍ കമ്പിയില്‍ തൂക്കിയിട്ടിരുന്ന പല്‍ച്ചക്രത്തില്‍ ഇരുമ്പുദണ്‌ഡുകൊണ്ടടിക്കുമ്പോള്‍ ഉയരുന്ന മണിനാദത്തിനും ചന്ദനമണമുണ്ടായിരുന്നു.
അടുത്ത പീരിയഡിലേക്കു കേട്ട പുതിയ ഓട്ടുമണിയൊച്ച വേദനയോടെയാണ്‌ ചരിത്രാധ്യാപിക സരോജം ഉള്‍ക്ക ണ്ടത്‌. ചരിത്രക്ലാസ്സുകളിലേക്ക്‌ കാതോര്‍ക്കുമ്പോള്‍ അഞ്ചുനാടിന്റെ ചരിത്രമറിയാന്‍ റിയ മോഹിച്ചിരുന്നു. പക്ഷേ പാഠപുസ്‌തകത്തിന്റെ അകംതാളുകളില്‍ നിന്ന്‌ ടീച്ചര്‍ പുറത്തുവന്നതേയില്ല. അന്ന്‌ സരോജടീച്ചര്‍ പുസ്‌തകം നിവര്‍ത്തിയെങ്കിലും പറഞ്ഞത്‌ മറ്റൊന്നായിരുന്നു.
``കഷ്‌ടമായിപ്പോയി.''
കഷ്‌ടമായതെന്താണെന്നറിയാനുള്ള ആശങ്കയില്‍ കാതുകൂര്‍പ്പിക്കുമ്പോള്‍ ടീച്ചര്‍ മണിയുടെ ചരിത്രം പറയുകയായിരുന്നു.
പണ്ട്‌, വേനലില്‍ ചുട്ടുപൊള്ളിക്കിടന്ന അഞ്ചുനാടിന്റെ കാടുകള്‍ക്കുമേല്‍ ദിക്കറിയാതെ വഴിതെറ്റി വന്ന വിമാനം ഉയര്‍ന്നു നില്‍ക്കുന്ന കുന്നില്‍തട്ടി കത്തിക്കരിഞ്ഞു വീണു. അഗ്നിയുടെ കെട്ടടങ്ങലിനു ശേഷം ഇവിടത്തുകാര്‍ വിമാനത്തിന്റെ അവശിഷ്‌ടങ്ങള്‍ തേടി കാട്ടിലേക്കു നടന്നു. അതിലൊരാള്‍ക്കു കിട്ടിയത്‌ ഇരുമ്പുപല്‍ചക്രമായിരുന്നു. അയാള്‍ സ്‌ക്കൂളിനു സമ്മാനിച്ച പല്‍ച്ചക്രം മണിയായി ഉപയോഗിക്കാന്‍ പൂവും കായുമായി നിന്ന ചന്ദനമരത്തില്‍ കെട്ടിതൂക്കി.
ചന്ദനമരമുണങ്ങിയെങ്കിലും പല്‍ച്ചക്രം നേരിയ തുരുമ്പോടെ ഓരോ പീരിയഡും ഇരുമ്പു ദണ്‌ഡിന്റെ അടിയേറ്റു തളര്‍ന്ന്‌ ചന്ദനമരത്തില്‍ ഞാന്നു കിടന്നു.ഉണങ്ങിയ ചന്ദനമരം മാനോടുന്ന സ്‌ക്കൂള്‍ മൈതാനത്തിനരുകില്‍ അരഞ്ഞാണം നഷ്‌ടപ്പെട്ട കുട്ടിയെപ്പോലെ നിന്നു.
ചന്ദനഗ്രാമത്തിലേക്ക്‌ ഒരിക്കല്‍കൂടി സ്വാഗതം