Wednesday, December 23, 2009

ഞങ്ങളറിയുന്നു... എന്നും

ഇന്ന്‌ പ്രസ്റ്റീജ്‌ വിളിച്ചപ്പോള്‍ ശരിക്കും സങ്കടം വന്നു. ഇന്നലെ ഉച്ചക്കാണല്ലോ ഞാന്‍ വീട്ടില്‍ നിന്നു പോന്നത്‌. നാലുദിവസം അവിടെ നിന്നിട്ടും ഒന്നു വിളിക്കാന്‍ തോന്നിയില്ലല്ലോ...


അല്ലെങ്കിലും ഇത്തവണ വീട്ടില്‍ പോയിട്ട്‌ എങ്ങോട്ടാണിറങ്ങിയത്‌? മുററത്തിനതിരുവിട്ടു പോയത്‌ കുറച്ചപ്പുറത്തെ കറിവേപ്പുതൈയ്യുടെ അടുത്തേക്കുമാത്രമാണ്‌. ആറ്റിലേക്കിറങ്ങിയില്ല. താഴെ വഴിയിലേക്കിറങ്ങിയില്ല.

ഒരു ദിവസം ഉച്ചയക്ക്‌ കിടന്നുറങ്ങി. അപൂര്‍വ്വമായി കിട്ടുന്ന ഭാഗ്യം.
'മതിയൊറങ്ങിയത്‌. രണ്ടുമണിക്കൂറായി'...അമ്മച്ചിയുടെ ഓര്‍മപ്പെടുത്തല്‍ കേട്ട്‌ മനസ്സില്ലാമനസ്സോടെ എഴുന്നേറ്റു.

അപ്പോഴും ബിജുവിനേയും പ്രസ്റ്റീജിനേയും ഓര്‍ക്കുന്നുണ്ട്‌. വിളിച്ചാലോന്ന്‌ വിചാരിക്കുന്നുണ്ട്‌. കുറച്ചു കഴിയട്ടേന്ന്‌ വിചാരിച്ചത്‌ നീണ്ടുപോയി.

ബിജുവും പ്രസ്റ്റീജും വിളിക്കുമ്പോള്‍ മറ്റാരു വിളിക്കുന്നതിലുമേറെ സന്തോഷം തോന്നുന്നത്‌ എന്തുകൊണ്ടാണെന്ന്‌ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്‌. മുമ്പ്‌ കത്തെഴുതിയിരുന്നതുപോലെ വല്ലപ്പോഴുമാണ്‌ ഫോണില്‍ സംസാരിക്കുന്നതും. ഒരുപാടുകാര്യങ്ങള്‍ ഒററ ദിവസത്തില്‍ പറഞ്ഞു തീര്‍ക്കും ഞങ്ങള്‍.

ഡിഗ്രി ക്ലാസ്സിലെ കൂട്ടുകാര്‍. ബിജു പെട്ടെന്ന്‌ അടുത്തു. പക്ഷേ, പ്രസ്റ്റീജ്‌ വളരെ വൈകിയും. നന്നായി പാടിയിരുന്നു പ്രസ്റ്റീജ്‌. കവിത എഴുതിയിരുന്നു. ഇപ്പോള്‍ ചോദിച്ചാല്‍ അതൊക്കെ മറന്നു പോയെന്നു പറയും അവന്‍. പാടാനുമറിയില്ല. എഴുതാനുമറിയില്ല. ആകെ കണക്കുകൂട്ടാന്‍ മാത്രം. ജോലി ബാങ്കിലായതുകൊണ്ട്‌ ജീവിതത്തിന്റെ കണക്കാണോന്ന്‌ എടുത്തു ചോദിക്കാറില്ലെന്നു മാത്രം.
ബിജൂ, നിന്നെയൊരു പോലീസുകാരനായിട്ട്‌ കാണാന്‍ ഇപ്പോഴുമെനിക്കാവുന്നില്ലല്ലോ എന്നു പറയണമെന്നുണ്ട്‌.

നാട്ടിലെത്തിയിട്ട്‌ വിളിക്കാത്തതിലൊന്നും പരാതിയില്ല പ്രസ്റ്റീജിന്‌. അങ്ങനെ പരാതി പറഞ്ഞിരുന്നെങ്കില്‍ അവരിന്നും എന്റെ ദൂരത്തിരിക്കുന്ന അതിനേക്കാളേറെ അരികത്തിരിക്കുന്ന കൂട്ടുകാരാവുമായിരുന്നില്ല.

ഡിഗ്രി ക്ലാസില്‍ ഒരുപാടുപേരുണ്ടായിരുന്നല്ലോ...ദൂരത്തിരിക്കുന്ന എനിക്കും അവരെക്കുറിച്ചൊന്നുമറിയില്ല. അന്വേഷിക്കാറുണ്ട്‌. ആരെയെങ്കിലും കാണാറുണ്ടോ എന്നൊക്കെ....

പക്ഷേ, ഞങ്ങളറിയുന്നു. എന്നും.

മൂവരും വിവാഹിതരായി. കുടുംബമായി. കൂട്ടത്തിലെ പെണ്ണ്‌ ഞാനായതുകൊണ്ട്‌ കുറച്ചുനേരത്തെ....
മുമ്പൊക്കെ കത്തായിരുന്നു. പിന്നെ ഫോണും. നാട്ടിലെത്തുമ്പോള്‍ കാണും. പക്ഷേ, എന്റെ വിവാഹദിവസത്തിനുശേഷം മൂവരുമൊരുമിച്ചു കണ്ടിട്ടില്ല. അങ്ങനെ കാത്തിരിക്കാറുമില്ല.

എപ്പോഴാണ്‌ കത്തെഴുതാന്‍ തോന്നുന്നത്‌ എന്ന്‌ ഇതുവരെ ചോദിച്ചിട്ടില്ല. അല്ലെങ്കില്‍ വിളിക്കാന്‍ തോന്നുന്നത്‌ എന്നു ചോദിച്ചിട്ടില്ല. തിരിച്ചും.

ഇവിടെ വല്ലാതെ ഒറ്റപ്പെട്ടു പോകുന്നു എന്നു തോന്നുമ്പോള്‍, വിഷമിച്ചിരിക്കുമ്പോള്‍, ഒരുപാടു സന്തോഷിക്കുമ്പോള്‍ മറുതലക്കല്‍ ഞാനവരുടെ ശബ്ദത്തിനു കാതോര്‍ക്കുന്നു. എപ്പോഴും....

Thursday, October 15, 2009

'മുസ്‌തഫയുടെ വീട്ടി'ലേക്ക്‌ ഇനി അല്‌പദൂരം മാത്രം.

മുസ്‌തഫക്കൊരു പുസ്‌തകം എന്ന പേരില്‍ മുമ്പ്‌ എഴുതിയ കൊച്ചുപോസ്‌റ്റില്‍ നിന്ന്‌ ഇന്നു നമ്മള്‍ മുസ്‌തഫയ്‌ക്കൊരു വീടെന്ന യാഥാര്‍ത്ഥ്യത്തിലേക്ക്‌ അടുത്തുകൊണ്ടിരിക്കുകയാണ്‌.

മരത്തില്‍ നിന്ന്‌ വീണ്‌ നട്ടെല്ലിന്‌ ക്ഷതം പറ്റി, അരക്കു താഴെ ചലനമില്ലാതെ കിടപ്പിലായിപ്പോയ മുസ്‌തഫക്ക്‌ വായന മാത്രമായിരുന്നു ആശ്വാസം. ഞാനെഴുതിയ ഒരു പുസ്‌തകം വായിച്ചശേഷം, ഇപ്പോള്‍ പുസ്‌തകം വാങ്ങാന്‍ മാര്‍ഗ്ഗമില്ലാത്തതുകൊണ്ട്‌, വേറെ പുസ്‌തകം വല്ലതുമുണ്ടെങ്കില്‍ അയച്ചു കൊടുക്കാന്‍ മാത്രമേ മുസ്‌തഫ എഴുതിയുള്ളു. അരിവാങ്ങാന്‍ മുസ്‌തഫക്ക്‌ പണമില്ല. മരുന്നു വാങ്ങാന്‍ മാര്‍ഗ്ഗമില്ല. ജീവിയ്‌ക്കാന്‍ ഒരു ഗതിയുമില്ല. അതൊന്നും മുസ്‌തഫ എഴുതിയില്ല. സത്യത്തില്‍ അതൊക്കെയാണ്‌ മുസ്‌തഫയ്‌ക്കുള്ള യഥാര്‍ഥ ഇല്ലായ്‌മകള്‍. അരിയും മരുന്നും മാത്രമല്ല, തല ചായ്‌ക്കാന്‍ മണ്ണില്‍ സ്വന്തമായി ഒരിടവുമില്ലാത്തവനുമായിരുന്നു മുസ്‌തഫ.

മുസ്‌തഫയ്‌ക്കൊരു പുസ്‌തകമെന്നേ അന്നു കരുതിയിരുന്നുള്ളൂ.
പക്ഷേ, പുസത്‌കത്തില്‍ തുടങ്ങിയ കാര്യങ്ങള്‍ എത്ര പെട്ടെന്നാണ്‌ വീട്ടിലേക്കെത്തിയത്‌. ആദ്യം നിരക്ഷരനും മുരളികയും മുസ്‌തഫയെ നേരിട്ട്‌ കണ്ടു. പിന്നെ മൂന്നൂരാനും ഞാനും. പലരും മുസ്‌തഫയെ വിളിച്ച്‌ സംസാരിച്ചു. പുസ്‌തകത്തിനൊപ്പം പലരും ധനസഹായവുമായി എത്തി. ബൂലോകകാരുണ്യം ആവശ്യപ്പെട്ടതനുസരിച്ചാണ്‌ സുലൈഖയുടെയും എന്റെയും പേരില്‍ കാലിക്കറ്റ്‌ കോ ഓപ്പറേറ്റീവ്‌ അര്‍ബന്‍ ബാങ്കില്‍ ജോയിന്റ്‌ അക്കൗണ്ട്‌ എടുത്തത്‌.
ചെറിയ ചെറിയ സഹായങ്ങള്‍ വന്നു കൊണ്ടിരുന്നപ്പോള്‍, പിന്നെയത്‌ വീടെന്ന സ്വപ്‌നത്തിലേക്കെത്തി.
ആദ്യമൊക്കെ ഇങ്ങനൊരു സ്വപ്‌നം കാണാന്‍ കഴിയുമോ എന്നു ആശങ്കയുണ്ടായിരുന്നു. അത്‌ പലപ്പോഴും നിരക്ഷരനോടും മൂന്നൂരാനോടും പറയുകയും ചെയ്‌തു. അപ്പോഴൊക്കെ അവര്‍ ധൈര്യപ്പെടുത്തി. എന്നാലും ധൈര്യം പോരായിരുന്നു. മുസ്‌തഫക്ക്‌ വെറുതേ വേണ്ടാത്ത സ്വപ്‌നം കൊടുക്കണോ എന്ന്‌. അതുകൊണ്ടു തന്നെ ഇടയ്‌ക്കിടക്ക്‌ മുസ്‌തഫയെ വിളിച്ചു പറയും ഇത്‌ വെറും ശ്രമമാണ്‌. പരമാവധി ശ്രമിച്ചു നോക്കാം എന്ന്‌.

നമ്മുടെ ബ്ലോഗേഴ്‌സ്‌ ഒററക്കും കൂട്ടായും സഹായിച്ചു. കൂടാതെ ഗള്‍ഫ്‌ില്‍ മാധ്യമത്തിലും മലയാളം ന്യൂസിലും കൊടുത്ത വാര്‍ത്ത കണ്ട്‌ ഒരുപാടുപേര്‍ സഹായിച്ചു. വലുതും ചെറുതുമായ സഹായങ്ങള്‍. ഇങ്ങനെ കിട്ടിയതില്‍ നല്ലൊരു പങ്കും ഗള്‍ഫ്‌ നാടുകളില്‍ നിന്നായിരുന്നു എന്ന്‌ മാത്രമല്ല വളരെ കുറഞ്ഞ വേതനത്തിന്‌ അവിടെ ജോലി ചെയ്യുന്ന നല്ലൊരു കൂട്ടം മലയാളികളാണ്‌ വളരെ ചെറിയ ചെറിയ തുകകള്‍ സ്വരുക്കൂട്ടി അയച്ചുതരുന്നതില്‍ മുന്നില്‍ നിന്നത്‌.

മുസ്‌തഫക്കൊരു പുസ്‌തകം എന്ന പോസ്‌റ്റും മൂന്നൂരാന്‍ എഴുതിയ 'ബ്ലോഗെഴുത്ത്‌ വെറുമെഴുത്തല്ല' എന്ന പോസ്റ്റും മാതൃഭൂമി ബ്ലോഗനയില്‍ വരുകയുണ്ടായി.
ബ്ലോഗനയില്‍ കണ്ടതുകൊണ്ടുമാത്രമാണ്‌ ഹാരൂണ്‍ സാഹിബിനെ പരിചപ്പെടാനിടയായത്‌. മുസ്‌തഫ കിടപ്പിലായിരുന്നതുകൊണ്ട്‌ കിടക്കപ്പുണ്ണുവന്ന്‌ തിരിയാന്‍ പോലുമാകാത്ത അവസ്ഥയിലായിരുന്നു. കോഴിക്കോട്‌ ഇഖ്‌റ ഹോസ്‌പിററലില്‍ ഓപ്പറേഷനും ചികിത്സക്കും വേണ്ടി ഒന്നരമാസത്തോളം മുസ്‌തഫ കിടന്നു. ഹാരൂണ്‍ സാഹിബിന്റെ സഹായത്തിലാണ്‌ അതു സാധിച്ചത്‌.

പല ബ്ലോഗുകളിലും, അമൃത ടി വി, കള്‍ച്ചറല്‍ & ബാങ്കിംഗ്‌ സോളിഡാരിറ്റി മാസിക, കോഴിക്കോട്‌ ജില്ലാസഹകരണബാങ്കിന്റെ അകത്തളം മാസിക,കോഴിക്കോട്‌ ബാങ്ക്‌മെന്‍സ്‌ ക്ലബ്ബ്‌ ബുളളറ്റിന്‍ ,, സഹയാത്ര , നാട്ടുപച്ച, മാസികകളില്‍ മുസ്‌തഫയെക്കുറിച്ചു വന്നു. ( ഏതെങ്കിലും വിട്ടുപോയോ എന്തോ? ക്ഷമിക്കുക, ഓര്‍മിപ്പിക്കുക)

സഹായിച്ചവരുടെ പേരുകള്‍ പേരെടുത്തു പറയുന്നില്ല. പുസ്‌തകങ്ങള്‍ അയച്ചുകൊടുത്തും സാമ്പത്തികസഹായം ചെയതവരും മാത്രമല്ല മാനസീക പിന്തുണ നല്‌കിയവരും എല്ലാവര്‍ക്കും നന്ദി എന്ന വാക്കെങ്ങനെ മതിയാകും? വാക്കുകളുടെ പരിമിതി വല്ലാതെ തിരിച്ചറിയുന്നതിപ്പോഴാണ്‌.



ഇതിനിടയില്‍ അമേരിക്കയില്‍ നിന്നുള്ള ഫോമ എന്ന സംഘടനയുടെ ഭാരവാഹികളായ അനിയന്‍ ജോര്‍ജ്ജ്‌, ടൈറ്റസ്‌ എന്നിവരുമായി മുസ്‌തഫയുടെ കാര്യങ്ങള്‍ നിരക്ഷരന്‍ ചര്‍ച്ച ചെയ്‌ത്‌ അതുവഴി മുസ്‌തഫയ്‌ക്ക്‌ ഒരു വീടുണ്ടാക്കിക്കൊടുക്കുന്ന കാര്യത്തെപ്പറ്റിയുള്ള ആലോചനകളിലേക്ക്‌ കാര്യങ്ങള്‍ ചെന്നെത്തുകയുമുണ്ടായി. ഫോമ കേരളത്തിലങ്ങോളമിങ്ങോളമായി അശരണര്‍ക്കായി 25 വീടുകള്‍ നിര്‍മ്മിച്ചുകൊടുക്കുന്നതില്‍ ഒരു വീട്‌ മുസ്‌തഫയ്‌ക്ക്‌ വേണ്ടി നല്‍കാമെന്ന്‌ അവര്‍ വാഗ്‌ദാനം ചെയ്യുകയുമുണ്ടായി.

മുസ്‌തഫയുടെപേരില്‍ രജിസ്റ്റര്‍ ചെയ്‌തിരിക്കുന്ന ഒരു പുരയിടവും അതില്‍ ഒരു കൊച്ചു വീട്‌ നിര്‍മ്മിക്കേണ്ടതിലേക്കാവശ്യമായ തറയും അതില്‍ പണികഴിപ്പിക്കേണ്ട വീടിന്റെ പ്ലാനും മാത്രമാണ്‌ ഫോമയ്‌ക്ക്‌ വീട്‌ നിര്‍മ്മാണത്തിലേയ്‌ക്ക്‌ ആവശ്യമായിട്ടുള്ളത്‌.

ഇക്കാര്യത്തിലേക്കായി പെയിന്‍ & പാലിയേറ്റീവ്‌ ക്ലിനിക്കിന്റെ ഭാരവാഹികള്‍ ഐക്കരപ്പടിയിലും സമീപപ്രദേശത്തുമൊക്കെയായി നടത്തിയ തിരച്ചിലുകള്‍ക്കൊടുവില്‍ അനുയോജ്യമായ ഒരു സ്ഥലം കണ്ടുപിടിക്കുകയും ആ സ്ഥലം വാങ്ങുന്നതിനായി 3 ലക്ഷം രൂപ കൊടുത്ത്‌ കരാര്‍ എഴുതുകയുമുണ്ടായി. ഈ സ്ഥലത്ത്‌ ഇപ്പോള്‍ത്തന്നെ ഒരു വീടിനുള്ള തറ കെട്ടിയിട്ടിട്ടുണ്ട്‌ എന്നത്‌ വലിയൊരു അനുഗ്രഹവുമായി.

സ്ഥലം രജിസ്റ്റര്‍ ചെയ്യാനാവശ്യമായ ബാക്കി പണം ( 1.25 ലക്ഷം )സമാഹരിക്കാനുള്ള തീവ്രയജ്ഞവും ഇതിനോടൊപ്പം നടന്നുകൊണ്ടിരിക്കുന്നു. ഫോമയുടെ വീടുകള്‍ എല്ലാം 2010 ജനുവരി മാസത്തില്‍ താക്കോല്‍ ദാനം നിര്‍വ്വഹിക്കണമെന്നുള്ളതുകൊണ്ടും മറ്റ്‌ വീടുകളുടെയൊക്കെ പണികള്‍ ഒരുപാട്‌ പുരോഗമിച്ചു എന്നുള്ളതുകൊണ്ടും മുസ്‌തഫയ്‌ക്ക്‌ വേണ്ടി വാങ്ങാനായി അഡ്വാന്‍സ്‌ കൊടുത്തിട്ടുള്ള സ്ഥലം ഉടനെ തന്നെ രജിസ്റ്റര്‍ ചെയ്യേണ്ട ഒരു ആവശ്യമാണ്‌ ഇപ്പോള്‍ നമുക്ക്‌ മുന്‍പില്‍ ഉള്ളത്‌.

ലോകത്തിന്റെ പലഭാഗത്തായി ജീവിക്കുന്ന, ഒരിക്കല്‍പ്പോലും നേരിട്ട്‌ കാണാതെ സൌഹൃദം പങ്കുവെച്ച്‌ കഴിയുന്ന നല്ലമനസ്സുകള്‍ ഒന്നാകുമ്പോള്‍ , 'എനിക്കൊരു ഒരു പുസ്‌തകം വായിക്കാന്‍ തന്ന്‌ എന്റെയീ മുരടിപ്പിക്കുന്ന കിടപ്പിന്‌ അല്‍പ്പം ആശ്വാസമേകൂ' എന്ന്‌ പറഞ്ഞ മുസ്‌തഫക്ക്‌ ഒരു വീടും പുരയിടവും തന്നെയാണ്‌ ബ്ലോഗിന്റെ അതിര്‍വരമ്പുകളൊക്കെ ഭേദിച്ച്‌ നമ്മള്‍ ഉണ്ടാക്കിക്കൊടുക്കാന്‍ പോകുന്നത്‌. നമുക്ക്‌ അത്യധികം അഭിമാനിക്കാനാവുന്ന ഒരു മുഹൂര്‍ത്തത്തിലേക്ക്‌ ഇനി അല്‍പ്പം ദൂരമേ ബാക്കിയുള്ളൂ. എല്ലാ നല്ലമനസ്സുകള്‍ക്കും ഒരിക്കല്‍ക്കൂടെ നന്ദിപറഞ്ഞുകൊണ്ട്‌ ..........




double click here


മുസ്‌തഫയുടെ വീടിനുവേണ്ടി തുടങ്ങിയ അക്കൗണ്ട്‌

SB V A/C No.15

Calicut Co-Op Urban Bank,

Kallai Road, Calicut -2


10904100001990


പി. ടി. മുഹമ്മദ്‌ സാദിക്കിന്റെ(munnooran blogspot.com) പേരില്‍ ഫെഡറല്‍ ബാങ്ക്‌, മുക്കം ശാഖയിലെ നമ്പറാണിത്‌. ഓണ്‍ലൈന്‍ ട്രാന്‍സഫറിന്‌ ആര്‍ക്കും ഈ അക്കൗണ്ട്‌ ഉപയോഗിക്കാം.

Tuesday, October 6, 2009

കൈതമുള്ളിന്‌ ആശംസകള്‍

കൈതമുള്ളിന്റെ 'ജ്വാലകള്‍ ശലഭങ്ങള്‍ ' എന്ന അനുഭവക്കുറിപ്പുകളുടെ സമാഹാരം ഇന്നു വൈകിട്ട്‌ കോഴിക്കോട്‌ ടൗണ്‍ഹാളില്‍ വെച്ച്‌ സുകുമാര്‍ അഴീക്കോട്‌ പ്രകാശനം ചെയ്യുന്നു. പുസ്‌തകം ഏറ്റുവാങ്ങുന്നത്‌ സിസ്റ്റര്‍ ജെസ്‌മി. യു എ ഖാദര്‍, പി കെ പാറക്കടവ്‌, ഗണേഷ്‌ പന്നിയത്ത്‌, ഡോ. അസീസ്‌ തരുവണ എന്നിവര്‍ പങ്കെടുക്കുന്നു.
പുസ്‌തകപ്രകാശനത്തിനുശേഷം നവകേരള കലാസമിതിയുടെ ബസ്‌തുകര എന്ന നാടകവുമുണ്ട്‌.
നിരക്ഷരന്‍, കുറുമന്‍ തുടങ്ങിയ നമ്മുടെ ബ്ലോഗര്‍മാര്‍ പലരും എത്തുന്നുണ്ടെന്നാണ്‌ അറിഞ്ഞത്‌.
കോഴിക്കോടല്ലേ, ടൗണ്‍ഹാളല്ലേ, സമയം 5മണിയല്ലേ എനിക്കും പങ്കെടുക്കാന്‍ കഴിയുമെന്നാണ്‌ വിചാരിച്ചിരുന്നത്‌. പക്ഷേ, ദൗര്‍ഭാഗ്യം....

കൈതമുള്ളിന്‌ ഹൃദയം നിറഞ്ഞ ആശംസകള്‍ നേരുന്നു.

Sunday, September 6, 2009

ഒഴുകിപ്പോയ സ്വപ്‌ന ഭൂപടങ്ങള്‍-2

1169 കര്‍ക്കിടകം 30

മുറുക്കുന്നത്തയുടെ ജീവിതത്തിലെ അവസാനത്തെ കര്‍ക്കിടകമായിരുന്നു അത്‌‌. എന്തിനും ഒരാള്‍ കൂടെവേണം. ഓര്‍മ പലപ്പോഴും മുറിഞ്ഞുപോകുന്നു. ചിലപ്പോള്‍ സംസാരിക്കുന്നതൊന്നും തിരിഞ്ഞിരുന്നില്ല. കിടപ്പിലായിരുന്നു.
ഓര്‍മവെച്ചനാള്‍ മുതല്‍ കാണുന്നതാണ്‌ ഐഷാബി അമ്മച്ചിയുടെ വലിവ്‌. ഹൈറേഞ്ചിലെ ജീവിതത്തില്‍ കൂടെപിറപ്പായത്‌. മഴ തുടങ്ങുന്നതോടെ വലിവുകൂടും. രാത്രി പലപ്പോഴും ഉറങ്ങാറില്ല. വലിച്ചു വലിച്ചു നേരംവെളുപ്പിക്കും. സ്ഥിരമായി മരുന്നു കഴിക്കുന്നുണ്ട്‌. പക്ഷേ, മഴക്കാലത്ത്‌ കൂടിയിരിക്കും. അക്കൊല്ലം പേരക്കിടാങ്ങളായ ഞാനും അനിയത്തിയും മാത്രമാണ്‌ കൂടെയുളളത്‌. അടുത്തു തന്നെ ചെച്ചായുടെ (ഇളയച്ഛന്‍) വീടുണ്ട്‌‌. പക്ഷേ, അവര്‍ സഹായത്തിനൊന്നുമില്ല. ഇടക്കൊന്ന്‌ വന്നുനോക്കിപോകും. ആ അവസ്ഥയിലും മക്കളുടെ സഹായം മുറക്കുന്നത്തയും ഐഷാബി അമ്മച്ചിയും ആവശ്യപ്പെട്ടിരുന്നില്ല. മക്കള്‍ അറിഞ്ഞു പ്രവര്‍ത്തിച്ചിട്ടുമില്ല.

അക്കരെ കോളേജിലാണ്‌ ഞാന്‍ പഠിക്കുന്നത്‌. ഉച്ചയ്‌ക്ക്‌ വീട്ടില്‍ വന്നുപോകാറാണ്‌. അന്നു പക്ഷേ, ഭയങ്കര മഴയായിരുന്നു. ഉച്ചയ്‌ക്ക്‌ പോന്നില്ല. വൈകിട്ട്‌ വീട്ടിലെത്തുമ്പോള്‍ കാണുന്നത്‌ മുറുക്കുന്നത്ത കിടക്കുന്ന കട്ടിലിന്‌ എതിരെയുള്ള കട്ടിലില്‍ ഐഷാബി അമ്മച്ചി എഴുന്നേല്‍ക്കാന്‍ മേലാതെ പനിച്ചു കിടക്കുന്നു. ഉച്ചക്കുമുമ്പ്‌ മുറ്റത്തേക്കിറങ്ങിയപ്പോള്‍ കാല്‍തെന്നി വീണതാണ്‌. കൈയ്യുംകാലുമൊക്കെ മുറിഞ്ഞ്‌ മഴയത്ത്‌ കിടന്നു. അയല്‍ക്കാരി എന്തിനോ വന്നപ്പോഴാണ്‌ മുറ്റത്തുകിടക്കുന്ന അമ്മച്ചിയെ കണ്ടത്‌. അവര്‍ അകത്തു കയറ്റി കിടത്തി. ചായവെച്ചുകൊടുത്തു.

ആശുപത്രിയില്‍ പോകുന്ന കാര്യം പറഞ്ഞപ്പോള്‍
'സാരമില്ല കുഞ്ഞേ, കൊറച്ചുകഴിയുമ്പം മാറും' എന്നു പറഞ്ഞു. രാത്രി എനിക്കു പേടിയായി. അമ്മച്ചിയുടെ വേദനകൊണ്ടുള്ള കരച്ചില്‍...അതിനേക്കാള്‍ ഒച്ചയിലുള്ള വലിവ്‌....അടുത്ത കട്ടിലില്‍ കിടന്ന മുറുക്കുന്നത്തയുടെ തൊണ്ടയില്‍ ശ്വാസം കുറുകുന്നു. അന്നായിരുന്നു ഞാനേറ്റവുമേറെ ഭയന്ന രാത്രി. കര്‍ക്കിടകമാണ്‌. മരണം എവിടെയും പതുങ്ങി നില്‍ക്കും. ചെറിയൊരു വിടവുകിട്ടിയാല്‍ അതിലൂടെ അകത്തുകയറും. കിടന്നിട്ടും ഉറക്കം വന്നില്ല. രണ്ടു ശ്വാസത്തിന്റെയും താളം ശ്രദ്ധിച്ചു കിടന്നു. നിലക്കുന്നുണ്ടോ? ആരുടെ ശ്വാസമായിരിക്കും ആദ്യം നിലക്കുക? ആരെയാണ്‌ വിളിക്കുക? ഈ ഇരുട്ടത്തും മഴയത്തും ആരോടാണു പറയുക? ആറ്റില്‍ വെള്ളം കുത്തിമറിഞ്ഞൊഴുകുന്ന ശബ്ദത്തില്‍ ഒന്നുറക്കെ കരഞ്ഞാലും ആരു കേള്‍ക്കാനാണ്‌?

അന്നു വീട്ടില്‍ കറണ്ടു കിട്ടിയിട്ടില്ല. മണ്ണെണ്ണ വിളക്കാണ്‌ ആശ്രയം. ഒരു ടോര്‍ച്ചുള്ളത്‌ ബാറ്ററി തീര്‍ന്നു കിടക്കുന്നു. വിളക്കണക്കാന്‍ തോന്നിയില്ല. ഇടയ്‌ക്കിടക്ക്‌ എഴുന്നേറ്റു പോയി നോക്കും. ശ്വാസഗതി ശ്രദ്ധിക്കും. തൊണ്ടയില്‍ കഫം കുറുകുന്നതൊന്ന്‌...നെറ്റിയില്‍ തൊട്ടു നോക്കും. നാഡി പിടിച്ചുനോക്കും. ഈ രാത്രീ ഒന്നും പറ്റരുതേ..

'നീ ഉറങ്ങിയില്ലേ കുഞ്ഞേ' ഐഷാബി അമ്മച്ചി ചോദിച്ചു.
മറുപടി പറയാന്‍ നാവുചലിക്കാത്ത പോലെ.
'എന്നാത്തിനാ കുഞ്ഞേ വെളക്കു കത്തിച്ചുവെച്ചിരിക്കുന്നേ..'.
മിണ്ടാന്‍ പറ്റുന്നില്ല. വിളക്കണച്ചാല്‍ പേടികൂടും. മുന്നില്‍ മരണദേവത നൃത്തം ചെയ്‌തു നില്‌ക്കുന്നു. കണ്ണടച്ചാല്‍ എന്റെ ശ്വാസം പോലും നിലച്ചേക്കുമെന്നു തോന്നിപ്പോകുന്നു.

എങ്ങനെയൊക്കെയോ നേരം വെളുപ്പിച്ചെടുത്തു. ഐഷാബി അമ്മച്ചിയുടെ മുറിവുകള്‍ പഴുത്തുതുടങ്ങിയിരുന്നു. എഴുന്നേല്‌ക്കാന്‍ പ്രയാസപ്പെട്ടു.
ആശുപത്രിയില്‍ പോകാമെന്നു പറഞ്ഞപ്പോള്‍ അവന്‍ വരുവോന്ന്‌ നോക്കട്ടെ എന്നു പറഞ്ഞു. ആ പറഞ്ഞത്‌ തൊട്ടടുത്ത്‌ താമസിക്കുന്ന ഇളയമകനെ പ്രതീക്ഷിച്ചാണ്‌. പക്ഷേ ഉച്ചവരെ കാത്തു. വന്നില്ല.
'ചെച്ചായെ വിളിക്കട്ടെ.'ഞാന്‍ ചോദിച്ചു.
'ആരുംവേണ്ട കുഞ്ഞേ..നമുക്കുപോകാം'.
മകന്‍ അറിയാഞ്ഞിട്ടല്ല. എന്നുമുള്ള വലിവ്‌ അല്‌പം കൂടി. അതിനെന്താണെന്ന്‌ വിചാരിച്ചുട്ടുണ്ടാവണം. അനിയത്തിയെ മുറുക്കുന്നത്തയുടെ അടുത്തു നിര്‍ത്തി ഞങ്ങള്‍ നടന്നു.

രണ്ടുകൊല്ലം മുമ്പ്‌ പാലം പണി തുടങ്ങുകയും ഒരു കാലുവാര്‍ത്തു കഴിഞ്ഞപ്പോള്‍ പണി മുടങ്ങുകയും ചെയതതാണ്‌..... അക്കരെയെത്താന്‍ ചുറ്റിവളഞ്ഞ്‌ താഴെയുള്ള പാലം കടക്കണം. പോകുന്ന വഴിയില്‍ കൈത്തോടുകള്‍ നിറഞ്ഞൊഴുകുന്നു. വെള്ളത്തില്‍ കാലുതൊടാമ്മേല അമ്മച്ചിക്ക്‌.

എക്കാലവും വലിവായിരുന്നതുകൊണ്ട്‌ മെലിഞ്ഞ്‌ ശോഷിച്ചിട്ടായിരുന്നു. 'ഈ അമ്മച്ചിക്ക്‌ പാറ്റയുടെ കനംപോലുമില്ലല്ലോ' എന്നു പറഞ്ഞ്‌ പലപ്പോഴും മുറ്റത്തുകൂടി എടുത്തുകൊണ്ടു നടക്കുമായിരുന്നു. അപ്പോഴൊക്കെ 'നെലത്തു നിര്‍ത്ത്‌ കുഞ്ഞേ' എന്നു പറഞ്ഞ്‌ വഴക്കു പറയുമായിരുന്നു.
പക്ഷേ, ഇപ്പോള്‍ വഴിപോലും കൈത്തോടായിരിക്കുന്ന അവസ്ഥയില്‍ വെള്ളത്തില്‍ ചവിട്ടാതിരിക്കണമെങ്കില്‍ എടുക്കണം. എടുത്തും കൈപിടിച്ച്‌ നടത്തിയും കവലയിലെത്തുമ്പോള്‍ അമ്മച്ചിയുടെ വലിവിന്റെ ശക്തി കണ്ടിട്ടാവണം മലഞ്ചരക്കുകടക്കാരന്‍ കസേര പുറത്തേക്കെടുത്തിട്ടു. അയാള്‍ തന്നെ ജീപ്പുവിളിച്ചു തന്നു. തൈക്കാവുംപടിയിലെ കിരണ്‍ ആശുപത്രിയില്‍ കൊണ്ടുചെന്നു.

ഒരു വാര്‍ഡും കാഡ്‌‌ബോഡുകൊണ്ടുമറച്ചു മൂന്നു മുറികളുമുള്ള ചെറിയ ആശുപത്രിയായിരുന്നു അത്‌. മുറികളൊന്നില്‍ ഐഷാബി അമ്മച്ചിയെ കിടത്തി.
ഒരു ലക്കും കിട്ടുന്നില്ല. രാത്രിയേക്കാള്‍ ഒട്ടും മോശമല്ല പകലും. അമ്മച്ചിയേയോ അത്തായേയോ വിവരമറിയിക്കാന്‍ ഫോണില്ല. നമ്പറില്ല. അമ്മച്ചി ജോലിചെയ്യുന്നത്‌ അത്ര ദൂരത്തല്ല. പക്ഷേ, പറഞ്ഞുവിടാനാരുമില്ല. വരുന്നത്‌ വരട്ടേയെന്നു വിചാരിച്ച്‌ വീട്ടിലേക്കു നടന്നു.

കഞ്ഞിവെച്ച്‌ പാത്രത്തിലാക്കി , പുതപ്പും ആവശ്യത്തിനുള്ള സാധനങ്ങളുമൊക്കെയായി അനിയത്തിയെ ആശുപത്രിയിലേക്ക്‌ വിട്ടു. വീട്ടില്‍ കഫം കുറുകി മുറുക്കുന്നത്തയും ഞാനും മാത്രം. രാത്രി ഒറ്റക്കാവുന്നതോര്‍ത്ത്‌ ചെച്ചായുടെ വീട്ടില്‍ നിന്നു പഠിക്കുന്ന അമ്മായിയുടെ മകളെ കൂട്ടിനു വിളിച്ചു. മുറുക്കുന്നത്ത എന്റെ ധൈര്യമായിരുന്നു. പക്ഷേ, ഇപ്പോളെന്നെ വല്ലാതെ പേടിപ്പെടുത്തുന്നു.

വിളിച്ചാല്‍ എഴുന്നേല്‍ക്കും. കഞ്ഞികോരിക്കൊടുത്താല്‍ കുറച്ചു കുടിക്കും. .എഴുന്നേല്‍ക്കും മുമ്പേ മൂത്രം പോകും. ഇപ്പോള്‍ ജനിച്ച കുഞ്ഞിനെപ്പോലെയായിരിക്കുന്നു.
കൂട്ടുവന്നവള്‍ പേടിത്തൊണ്ടി. അവള്‍ക്കു പ്രേതങ്ങളെയും പിശാചുക്കളെയുമാണ്‌ പേടി. എനിക്കാണെങ്കില്‍ കടന്നുവന്നേക്കാവുന്ന മരണത്തെ, കള്ളനെ...
കര്‍ക്കിടകത്തില്‍ കള്ളന്മാരിറങ്ങും. മിക്കവീട്ടിലും ഒന്നുമുണ്ടായിട്ടല്ല. കിട്ടുന്നതെടുത്തോണ്ടു പോവും. അടുത്തവീട്ടില്‍ കള്ളന്‍ കേറിയിട്ട്‌ കൊണ്ടുപോയത്‌ മൂന്നുബാറ്ററിയുടെ ടോര്‍ച്ചും റേഡിയോയുമാണ്‌‌. എന്റെ കഴുത്തില്‍ ചെറിയൊരു മാലയുണ്ട്‌. കമ്മലുണ്ട്‌‌. വാതിലൊക്കെ അടച്ചുറപ്പുള്ളതാണ്‌. എന്നാലും...
കിടക്കാന്‍ നേരം കൂട്ടുകാരി കട്ടിലില്‍ കിടക്കില്ല. കട്ടിലോടെ പ്രേതം കൊണ്ടുപോകുമെന്നവള്‍ പറഞ്ഞു. അവള്‍ക്കറിയാവുന്ന പ്രേതകഥകളൊക്കെ അവള്‍ പറഞ്ഞു കൊണ്ടിരുന്നു. കിടക്ക വലിച്ച്‌ നിലത്തിട്ടു. അതു നന്നായെന്ന്‌ തോന്നി. ജനല്‍ചില്ലു പൊട്ടിച്ച്‌ നോക്കുന്ന കള്ളന്‍ കട്ടിലിലാരെയും കാണില്ല.

പ്രേതമടുക്കാതിരിക്കാന്‍ അവള്‍ കിടക്കയുടെ നാലുവശത്തും കുരിശു വരച്ചു. കോടാലി, വാക്കത്തി തുടങ്ങിയ ആയുധങ്ങളെല്ലാം തലക്കല്‍ കൊണ്ടുവെച്ചു. തലേന്ന്‌ ഉറങ്ങാഞ്ഞതുകൊണ്ടാവണം പ്രേതകഥകള്‍ക്കിടയില്‍ ഉറങ്ങിപ്പോയി. നേരം പുലര്‍ന്ന്‌ അനിയത്തി വന്നു വിളിക്കുമ്പോഴാണ്‌ ഉണര്‍ന്നത്‌.

ഉച്ചയോടെ വെയില്‍ തെളിഞ്ഞു. ഒന്നുമറിയാതെ അമ്മച്ചിയും വന്നെത്തി. അന്ന്‌ ചിങ്ങം ഒന്നുമായിരുന്നു. മറവിയും ഓര്‍മയുമായി അടുത്ത ഇടവം വരെ മുറുക്കുന്നത്ത കിടന്നു. പക്ഷേ, അതേപോലൊരു ശ്വാസം കുറുകല്‍ പിന്നീടു കേട്ടത്‌ മരണത്തിന്റെ തലേന്നുമാത്രമായിരുന്നു.

1172 കര്‍ക്കിടകം 5

അന്ന്‌ തിങ്കളാഴ്‌ചയായിരുന്നു. ഹര്‍ത്താലും. രാവിലെ മഴ തോര്‍ന്നു നില്‌ക്കുകയാണ്‌. തോര്‍ച്ച കണ്ടതുകൊണ്ടതുകൊണ്ടും അന്ന്‌ അവധിയായതുകൊണ്ടും അമ്മച്ചി ഞങ്ങളെ പുല്ലുമുറിക്കാന്‍ പറഞ്ഞയച്ചു. പശുവിനെ മാറ്റിമാറ്റികെട്ടി പറമ്പില്‍ പെട്ടെന്നു മുറിച്ചെടുക്കാന്‍ പരുവത്തില്‍ പുല്ലില്ല. ഞാനും അനിയത്തിയും വീടിനു പുറകിലെ മലകയറി. പാറ തെന്നി കിടക്കുന്നു. വളരെ സൂക്ഷിച്ച്‌ ചൂല്‍പുല്ലുകളുടെ കടക്കല്‍ ചവിട്ടി കയറണം. പാറയില്‍ വെള്ളമൊഴുകുന്നുണ്ട്‌‌. പായലും. ചിലയിടങ്ങള്‍ വെളുത്തുകിടക്കും. അവിടെ ധൈര്യമായി ചവിട്ടാം. തെന്നില്ല. എന്നും മലകയറിയിറങ്ങുന്നവര്‍ അതിലെ മാത്രം നടന്ന്‌ പായല്‍ പിടിക്കാതിരുന്നതാണ്‌.

മലയുടെ തുഞ്ചത്തു നിന്ന്‌ കിഴക്കോട്ടല്‌പം മാറി ഞങ്ങള്‍ പുല്ലരിഞ്ഞു തുടങ്ങി. പെട്ടെന്നാണ്‌ പുകപോലെ മഞ്ഞു പരക്കാന്‍ തുടങ്ങിയത്‌. പരസ്‌പരം കാണാനാവാത്തത്ര മഞ്ഞ്‌. അടുത്തെങ്ങും ആളില്ല. വിളിച്ചാല്‍ വിളികേള്‍ക്കുന്നിടത്തെങ്ങും വീടില്ല. അന്നുവരെ ഇത്തരമൊരു മഞ്ഞില്‍ പെട്ടിട്ടില്ല. വഴിയൊന്നുമില്ലാത്തിടമായതുകൊണ്ട്‌ തെരുവപ്പുല്ലുവകഞ്ഞുമാറ്റിവേണം നടക്കാന്‍. അനിയത്തി കുറച്ചുതാഴെയാണ്‌ നില്‍ക്കുന്നത്‌. മഞ്ഞിനിടയില്‍ അവള്‍ക്കു വഴിതെറ്റുമോ? എനിക്കു പേടിയായി. താഴെ കൊക്കയാണ്‌.

വീടിനുചറ്റും വല്ലപ്പോഴും കോടമൂടുമ്പോള്‍ ആ പുകയിലൂടെ നടക്കുന്നത്‌ ഞങ്ങള്‍ക്കിഷ്ടമായിരുന്നു. പരസ്‌പരം കാണാനാവാത്ത ഈ മഞ്ഞില്‍ നില്‍ക്കുമ്പോഴും ഭയംപോലെ ഉള്ളില്‍ ആഹ്ലാദവുമുണ്ടായിരുന്നു. കൂരിരുട്ടില്‍ നടക്കുംപോലെയാണ്‌ ഈ മഞ്ഞിലുമെന്നും തോന്നി. ഞാനവളെ വിളിച്ചുകൊണ്ടിരുന്നു. ഉള്ളില്‍ തീയാളുംപോലെ...മഞ്ഞ്‌ അല്‌പം നീങ്ങിയപ്പോള്‍ അവള്‍ അരികിലേക്കു വന്നു. പുല്ലുവാരിക്കെട്ടി പുകയിലൂടെ മലയിറങ്ങി. താഴെ എത്തിയപ്പോഴേക്കും മഴ തുടങ്ങിരുന്നു. കുളിച്ച്‌ ചോറിനു മുന്നിലിരിക്കുമ്പോള്‍ വല്ലാതെ വിറച്ചിരുന്നു.

പശുവിനുള്ള പിണ്ണാക്കു തീര്‍ന്നു. വൈകിട്ട്‌ കറിവെയ്‌ക്കാനൊന്നുമില്ല. ഹര്‍ത്താലായതുകൊണ്ട്‌ കടകളൊന്നും തുറന്നിട്ടില്ല. ബന്ധുവിന്റെ കടയുണ്ട്‌. പുറകിലൂടെ പോയാല്‍ കിട്ടും. പക്ഷേ, പതിവുപോലെ ആരു പോകുമെന്ന്‌ ഞങ്ങള്‍ തര്‍ക്കമായി. കടയുടെ പുറകിലൂടെ പോകാനാണെങ്കില്‍ ഞാന്‍ തന്നെപോകില്ലെന്നായപ്പോള്‍ ഇളയ അനിയത്തിയും കൂടെവരാമെന്നായി. മഴയാണെങ്കില്‍ തിമിര്‍ത്തു പെയ്യുന്നു.

'മഴ തോരട്ടെ..'അമ്മച്ചി പറഞ്ഞു.
മഴ തോരുന്നതും കാത്തിരുന്നു. കൂടുന്നതല്ലാതെ കുറയുന്നില്ല. ആററില്‍ വെള്ളം പൊങ്ങിത്തുടങ്ങി. കരയോടുചേര്‍ന്ന്‌ കൂര്‍ത്തുനിന്ന പാറയ്‌ക്കും മുകളിലായി. സന്ധ്യയോടെ അക്കരെ പറമ്പിലേക്ക്‌ വെള്ളം കയറി. കറണ്ടുപോയി.
ഉച്ചക്കുമുമ്പേ തുടങ്ങിയ മഴ ഇങ്ങനെ തോരാതെ പെയ്യുന്നത്‌ അപൂര്‍വ്വമാണ്‌. വെള്ളം ശക്തിയായി ഒഴുകുന്ന ശബ്ദം കേള്‍ക്കാം. തോട്ടിറമ്പിലെ അയല്‍ക്കാര്‍ കയ്യാലകെട്ടിയതും ആറിനു കുറുകെ കോണ്‍ക്രീറ്റ്‌ പാലം വന്നതും അക്കൊല്ലമാണ്‌ . കരയും പാലവും തമ്മില്‍ കുറച്ചു ദൂരമുണ്ടായിരുന്നു. ആ ദൂരം നികത്തിയത്‌ കരിങ്കല്ലുകൊണ്ടുള്ള ചെരിച്ച കെട്ടായിരുന്നു.

മഴ കുറഞ്ഞത്‌ ഒന്‍പതുമണിയോടെയാണ്‌. കുടയുമെടുത്ത്‌ ഞങ്ങള്‍ ആറ്റിറമ്പിലേക്ക്‌ നടന്നു. താഴത്തെ വീട്ടുകാരുടെ പുതുയ കയ്യാലക്കൊപ്പം വെള്ളം. കയ്യാല ഇല്ലായിരുന്നെങ്കില്‍ ആ വീടുണ്ടാവുമായിരുന്നില്ല...പാലം വെള്ളത്തിനും ഒരുപാടുതാഴെയാണ്‌. അക്കരെനിന്നുവന്നവര്‍ പാലം കടക്കാനാവാതെ തിരിച്ചു പോകുന്നുണ്ട്‌. രാത്രി ശക്തിയായി പെയ്‌തില്ല പക്ഷേ, നേരം പുലരുമ്പോള്‍ ആളുകളുടെ തിരക്കുപിടിച്ച ഓട്ടമാണ്‌ കാണുന്നത്‌.
വെള്ളം ഇറങ്ങിതുടങ്ങിയിട്ടുണ്ട്‌. പാലമുണ്ട്‌‌. പക്ഷേ, കരയില്‍ നിന്നു പാലത്തിലേക്കുണ്ടായിരുന്ന കെട്ടില്ല. കരിങ്കല്‍ കുറച്ചുദൂരേക്ക്‌ ചിതറികിടക്കുന്നു. പായും തുണികളും പാത്രങ്ങളും മരക്കഷ്‌ണങ്ങളുമൊക്കെ പാലത്തിലും പാറയിടുക്കുകളിലും മരക്കുറ്റികളിലും തങ്ങി നില്‌പ്പുണ്ട്‌.

ഞങ്ങളത്‌ നോക്കിനില്‌ക്കുമ്പോഴാണ്‌ കേള്‍ക്കുന്നത്‌. നേര്യമംഗലം മുതല്‍ വാളറ വരെയുള്ള ആലുവ-മൂന്നാര്‍ റോഡിന്റെ പലഭാഗങ്ങളും മണ്ണിനടിയിലാണെന്ന്‌. മൂന്നാംമൈലിലെ പാലവും വാളറപ്പള്ളിയും തകര്‍ന്നെന്ന്‌. ഇനി അടുത്തെങ്ങും ഇതിലെ വണ്ടിയോടാന്‍ സാധ്യതയില്ലെന്ന്‌. കുറച്ചുതാഴെ ഒരു മലക്കുമപ്പുറം പഴംപള്ളിച്ചാലില്‍ ഉരുള്‍പൊട്ടി ഇരുപതിലേറെപ്പേരെ കാണാനില്ലെന്ന്‌.....

ഞങ്ങള്‍ വളര്‍ന്നത്‌ മഴയുടേയും വെള്ളപ്പൊക്കത്തിന്റെയും ഉരുള്‍പൊട്ടലിന്റെയും കഥകള്‍ കേട്ടാണ്‌. ഉരുളെടുത്തത്‌ എത്രയെത്ര ജീവനും വീടും പറമ്പുമാണ്‌. മഴയുടെ കൂടുതല്‍ മിഴിവുള്ള ചിത്രം തേടിപ്പോയ വികടര്‍ ജോര്‍ജ്ജും അക്കൂട്ടത്തില്‍ ചേര്‍ന്നു.

മഴയുടെ ഭംഗി മരണം പോലെ പേടിപ്പെടുത്തുന്നതായിരുന്നു അന്നൊക്കെ..എന്നിട്ടും വെള്ളം പൊങ്ങുമ്പോള്‍ ആറ്റിറമ്പിലെ കുടിലുകളിലെ മനുഷ്യനല്ലാത്തതെല്ലാം ഒഴുകിപ്പോകുന്നത്‌ നോക്കിനില്‌ക്കുമ്പോള്‍ ഏതു വികാരമായിരുന്നു? അഞ്ച്‌‌ ആട്‌ , രണ്ടു പട്ടി, മൂന്ന്‌ മേല്‍ക്കൂര എന്നൊക്കെ കരയില്‍ നിന്ന്‌ കണക്കെടുക്കുമ്പോള്‍ സങ്കടംപോലെ ആഹ്ലാദവുമുണ്ടായിരുന്നെന്നോ? ജീവനല്ലാത്തതെല്ലാം നഷ്ടപ്പെട്ട ആ മനഷ്യരെ ഓര്‍ക്കാതെ, അവരുടെ സ്വപ്‌നങ്ങളുടെ എണ്ണമെടുക്കുന്നതിലെ സന്തോഷം ഇന്നെത്രമാത്രം സങ്കടപ്പെടുത്തുന്നു...



വീടിനു പുറകിലെ മലയുടെ മുകളില്‍ ഞങ്ങള്‍ക്ക്‌ കുറച്ചുസ്ഥലമുണ്ട്‌‌. സ്‌കൂളില്‍ ഭൂപടങ്ങള്‍ പഠിച്ചുതുടങ്ങിയപ്പോള്‍ ആ സ്ഥലത്തെ, ഇന്ത്യയുമായി താരതമ്യം ചെയ്യുമായിരുന്നു. കേരളത്തിലൂടെ മുകളിലോട്ട്‌ നടന്ന്‌ ആന്ധ്ര, ഒറീസ,പശ്ചിമബംഗാള്‍, ആസാം വഴി അരുണാചല്‍ പ്രദേശിലെ വന്‍കാടും കടന്നുവേണമായിരുന്നു മലയുടെ തുഞ്ചത്തെത്താന്‍. മൂന്നുഭാഗവും ഉറവയൊഴുകുന്ന പാറ. വടക്ക്‌ കുത്തനെ ഹിമാലയം. അരുണാചലിലെ കാടൊഴിച്ച്‌ ഇന്ത്യയുടെ നടുഭാഗം മുതല്‍ കിഴക്കോട്ടുള്ള സംസ്ഥാനങ്ങള്‍ മുഴുവന്‍ രണ്ടുകൊല്ലം മുമ്പ്‌്‌്‌ ഉരുള്‍പൊട്ടി ഒലിച്ചുപോയി.


1180 കര്‍ക്കിടം 11

മകള്‍ ജനിച്ചത്‌ അന്നായിരുന്നു. ശസ്‌ത്രക്രിയ ആയിരുന്നതുകൊണ്ട്‌ ബോധം തെളിഞ്ഞപ്പോള്‍ മുതല്‍ അതിശക്തമായ വേദനയില്‍ വിറച്ചു പനിച്ചു. രക്തസമ്മര്‍ദ്ദം കുറഞ്ഞുകൊണ്ടിരുന്നു. നേഴ്‌സുമാരുടെ പരിചരണത്തിലാണ്‌. അടുത്ത്‌ മറ്റാരുമില്ല. മകളെ കണ്ടിട്ടില്ല. വേദനകൊണ്ട്‌ ഇറുകെ കണ്ണടച്ചുകിടന്നു. ഉറങ്ങാന്‍ ശ്രമിച്ചു...കണ്ണുതുറക്കുമ്പോള്‍ ജനല്‍ചില്ലുകള്‍ക്കിടയിലൂടെ പുറത്തെ മഴകാണാം. മഴയല്ല എനിക്കെന്റെ മകളെയാണ്‌ കാണേണ്ടതെന്ന്‌ തോന്നി...
കണ്ണുതുറക്കാനേ തോന്നിയില്ല. ആ മുറിയില്‍ ഒഴിഞ്ഞ കുറെ കട്ടിലല്ലാതെ കാഴ്‌ചയെ പിടിച്ചു നിര്‍ത്തുന്ന ഒന്നുമില്ലായിരുന്നു.

പെട്ടെന്നാണ്‌ മുറിക്കുള്ളില്‍ ബഹളം കേട്ടത്‌. വേദനയുടെ കരച്ചിലുകള്‍.
ഒഴിഞ്ഞ കട്ടിലുകളെല്ലാം നിറഞ്ഞു കഴിഞ്ഞു. തൊട്ടടുത്ത കട്ടിലില്‍ ഒരു വല്ല്യമ്മയായിരുന്നു. രണ്ടുകാലും പ്ലാസ്‌റററിട്ട്‌....അന്നു മുഴുവന്‍ അവര്‍ മഴയെ പ്രാകിയും കരഞ്ഞും കിടന്നു. അടുത്ത കട്ടിലില്‍ കിടന്നവരൊക്കെ പരസ്‌പരം സംസാരിക്കുന്നുണ്ട്‌. അവര്‍ ഉരുള്‍പൊട്ടലില്‍ നിന്ന്‌ രക്ഷപെട്ടവരായിരുന്നു. ഒടിവും ചതവുമൊക്കെ പറ്റിയവര്‍. വല്ല്യമ്മ ചോദിക്കുന്നതിനൊക്കെ മറുപടി പറയുന്നുണ്ട്‌‌ കരച്ചിലിനിടയിലും.
'കൊറേക്കാലായിട്ട്‌ അനീത്തീടെ കൂടെയാര്‍ന്നു ഞാന്‍. .......ഈ മഴേത്തും കാറ്റത്തും പെരേടെ പൊറകിലെ തിട്ടിടിഞ്ഞു വീണതാ....അനീത്തീം മക്കളും വേറെ മുറീലാര്‍ന്നു. അവര്‍ക്കൊന്നും പറ്റീല്ലാ...ഞാന്‍ മണ്ണിനടീലാര്‍ന്നു.....രക്ഷപെടൂന്ന്‌ വിചാരിച്ചതല്ല ......'.
അവര്‍ പറഞ്ഞുകൊണ്ടിരുന്നു.
'എന്റെ അനീത്തിപ്പെണ്ണ്‌ പൊറത്തു നിപ്പൊണ്ട്‌. അവളെ ഇങ്ങോട്ട്‌ വിട്‌‌ കൊച്ചേ..'
ആരെയും മുറിയിലേക്ക്‌ കയറ്റില്ലെന്ന്‌ നേഴ്‌സു പറഞ്ഞു
'എന്നാ..എനിക്ക്‌ കൊഴപ്പവൊന്നുമില്ലാന്ന്‌ എന്റെ പെണ്ണിനോട്‌ പറയണോട്ടോ...'വല്ല്യമ്മ നേഴ്‌സിനോട്‌ പറഞ്ഞു.
അവര്‍ പുറത്ത്‌‌ നില്‌ക്കുന്ന അനിയത്തിയെക്കുറിച്ച്‌ പറഞ്ഞുകൊണ്ടിരുന്നു. ഞാനാണെങ്കില്‍ ഇതുവരെ കാണാത്ത എന്റെ മകളെക്കുറിച്ചോര്‍ത്തുകൊണ്ട്‌ കിടന്നു. എന്റെ മനസ്സില്‍ ജനിച്ചുവീണ കുഞ്ഞാണ്‌. അരികിലെ വല്ല്യമ്മ മരണത്തെ കണ്ടു മടങ്ങി വന്നതാണ്‌. ഈ മുറിയില്‍ നിന്ന്‌ പുറത്തേക്കു കടക്കാനായാല്‍ എനിക്കെന്റെ മകളെ കാണാം. പക്ഷേ, നേഴ്‌സുമാര്‍ പറഞ്ഞറിഞ്ഞു വല്ല്യമ്മക്കിനി ആരുമില്ലെന്ന്‌‌. അനിയത്തി പുറത്ത്‌‌ കാത്തുനില്‌പില്ലെന്ന്‌. ആ വീട്ടില്‍ ബാക്കിയായത്‌ വല്ല്യമ്മ മാത്രമാണെന്ന്‌‌.



* * * *

ഇരുപത്തിയൊന്നുകൊല്ലം ജീവിച്ച ആ ലോകത്തല്ല ഇന്ന്‌. മലയും മണ്ണിടിച്ചിലും വെള്ളപ്പൊക്കവും ഒന്നുമില്ലാത്തൊരിടത്തായിരിക്കുമ്പോള്‍ കാണുന്നത്‌ സൂപ്പര്‍ മാര്‍ക്കറ്റിലെ കര്‍ക്കിടക കഞ്ഞിയുടെ പായ്‌ക്കറ്റുകളാണ്‌. ആരോഗ്യം പുഷ്ടിപ്പെടുത്തേണ്ടുന്ന ഈ പായ്‌ക്കറ്റുകളോടുചേര്‍ന്ന്‌ രാമായണത്തിന്റെ പലവര്‍ണ്ണ കോപ്പികളുമുണ്ട്‌. ദേവിയാര്‍ രണ്ടായി പിരിഞ്ഞ്‌‌ തുരുത്തായി തീര്‍ന്നിടത്ത്‌ അമ്പലമുണ്ടാവുന്നത്‌ പത്തില്‍ പഠിക്കുമ്പോഴാണ്‌. അമ്പലമുറ്റത്തെ അടയ്‌ക്കാമരത്തില്‍ കെട്ടിവെച്ചിരുന്ന കോളാമ്പിയിലൂടെ അക്കൊല്ലം കുത്തിയൊഴുകുന്ന കലക്കവെള്ളത്തിന്റെ ഇരമ്പലിനൊപ്പം രാമായണ വായന കേട്ടു.

ഇപ്പോള്‍ സമതലത്തിലിരിക്കുന്നവര്‍ ആ വഴി പോയി വരുമ്പോള്‍

'ഹോ..പേടിയാവുന്നു കുന്നും മലയുമൊക്കെ കണ്ടിട്ട്‌...മഴയത്ത്‌ ഇതൊക്കെക്കൂടി ഇടിഞ്ഞു വീണാലോ' എന്ന്‌ ആശങ്കപ്പെടാറുണ്ട്‌‌.
'ആ മലമൂട്ടില്‍ നിന്ന്‌, പാറയിടുക്കില്‍ നിന്ന്‌ നീ രക്ഷപെട്ടു' എന്നു കേള്‍ക്കുമ്പോള്‍ ഉള്ളില്‍ സങ്കടം നിറയും.
എന്റെ അയല്‍ക്കാരും നാട്ടുകാരും വീട്ടുകാരും എല്ലാവരുമെല്ലാവരും ഇപ്പോഴും അവിടെ തന്നെയുണ്ട്‌. സ്വപ്‌നങ്ങളെത്ര ഒഴുകിപ്പോയിട്ടുണ്ടെങ്കിലും ഒരു ദേശം അവരുണ്ടാക്കിയിട്ടുണ്ട്‌.
മഴക്കാറുകാണുമ്പോള്‍ പലായനം ചെയ്‌തവരല്ല ഞങ്ങള്‍...



കടപ്പാട്‌-മാതൃഭൂമി ആഴ്‌ചപ്പതിപ്പ്‌

ഒഴുകിപ്പോയ സ്വപ്‌ന ഭൂപടങ്ങള്‍-1

അല്‌പം ക്രൂരമായ ഭാവനയായിരുന്നു കര്‍ക്കിടകത്തേക്കുറിച്ച്‌‌ കുട്ടിക്കാലത്തുണ്ടായിരുന്നത്‌. വീട്ടില്‍ നിന്നു നോക്കിയാല്‍ ആറ്റിലെ വെള്ളം കാണാം. തോട്ടുപുറുമ്പോക്കും അതിലൊരു വീടും പഞ്ചായത്ത്‌ വഴിയും കഴിഞ്ഞ്‌ കുറച്ച്‌ ഉയരത്തിലാണ്‌ ഞങ്ങളുടെ വീടും പറമ്പും.

കര്‍ക്കിടകത്തില്‍ കലങ്ങികുത്തിയൊഴുകിവരുന്ന കലക്കവെളളത്തെ നോക്കിയിരിക്കും. എത്രത്തോളം വെള്ളം പൊങ്ങി എന്നറിയാന്‍ ആറ്റിലെ പാറകളും അക്കരെ പറമ്പും അളവുകോലാവും. നിര്‍ത്താതെയുള്ള മഴയില്‍ വെള്ളം ആറ്റുപാറകളെ മറക്കുമ്പോള്‍ ഞങ്ങള്‍ക്കറിയാം താഴെ തോട്ടുപുറമ്പോക്കിലെ കുടിലുകളില്‍ വെള്ളം കയറിതുടങ്ങിയിട്ടുണ്ടാവുമെന്ന്‌. എടുക്കാവുന്നതൊക്കെയും പെറുക്കിയെടുത്ത്‌ മുങ്ങിക്കൊണ്ടിരിക്കുന്ന വീടിനെയും പറമ്പിനെയും നോക്കി മഴനനഞ്ഞ്‌ അവര്‍ നില്‍ക്കുകയായിരിക്കുമെന്ന്‌. ആറ്റുപാറകള്‍ മൂടി അക്കരെ റബ്ബര്‍തോട്ടത്തിലെ ആദ്യതൊട്ടിയില്‍ വെള്ളം കടക്കുമ്പോള്‍ ഇനി പെട്ടെന്നൊന്നും വെള്ളമിറങ്ങില്ലെന്നും ഞങ്ങള്‍ക്ക്‌ ഇനി മുതല്‍ സ്‌കൂളവധിയാണെന്നകരുതാം. താഴെ മുങ്ങുന്ന വീടുനോക്കി നിന്നവര്‍ അഭയാര്‍ത്ഥികളാവുകയാണ്‌. സ്‌കൂളാണ്‌ അഭയാര്‍ത്ഥി ക്യാമ്പാകുന്നത്‌. വീടിനു പിന്നിലെ മലയെ, പാറയെ ഭയക്കുന്നവര്‍, മണ്ണിടിയുമെന്നും മരംവീഴുമെന്നും കരുതുന്നവരുമൊക്കെയാണ്‌ പിന്നീട്‌ സ്‌കൂളിലുണ്ടാവുക. അക്കൂട്ടത്തില്‍ ഞങ്ങളുടെ കൂട്ടുകാരുമുണ്ടാവും.

കര്‍ക്കിടകത്തിലെ ഈ സ്‌കൂളവധി പക്ഷേ, ഞങ്ങള്‍ക്ക്‌ തോരാത്ത മഴയില്‍ വീട്ടിനുള്ളില്‍ ചടഞ്ഞിരിക്കാനുള്ളതാണ്‌. എന്നാല്‍, അഭയാര്‍ത്ഥികളാവുന്ന കൂട്ടുകാര്‍ പരസ്‌പരം കാണുന്നു. ഒരുമിച്ചു കഞ്ഞിവെച്ചു കുടിക്കുന്നു. പഠിക്കേണ്ട, പുസ്‌തകമെടുക്കേണ്ട, സാറന്മാരെ പേടിക്കേണ്ട. സ്‌കൂളില്‍ കളിച്ചു നടക്കുന്നു. ഓര്‍ക്കുമ്പോള്‍ അസൂയതോന്നും. മഴതോരുന്നത്‌ അപ്പോള്‍ ചിന്തിക്കാന്‍പോലും കഴിയില്ല. ഇനിയും പെയ്യട്ടെ...വെള്ളം ഉയര്‍ന്നുയര്‍ന്നു വരട്ടെ...താഴത്തെ അയല്‍ക്കാരുടെ വീടിനെ മുക്കട്ടെ..പഞ്ചായത്തുവഴിയെ..പിന്നെ ഞങ്ങളുടെ പറമ്പിനെ...പതുക്കെ പതുക്കെ വെള്ളം മുകളിലോട്ടുകയറി....ഞങ്ങളുടെ മുറ്റത്ത്‌്‌....അപ്പോള്‍ ഞങ്ങള്‍ ജനലിനിടയിലൂടെ ചൂണ്ടയിടും...മുറ്റത്തുകൂടി ഒഴുകുന്ന പുഴയില്‍ നീന്തും...പിന്നെയും വെള്ളം പൊങ്ങുമ്പോള്‍ ഞങ്ങളും പായും പുതപ്പുമെടുത്ത്‌്‌ സ്‌കൂളിലേക്ക്‌ നടക്കും... എത്രവട്ടമാണ്‌ ഭാവനയില്‍ ഇതെല്ലാം കണ്ടത്‌. പക്ഷേ, പഞ്ചായത്ത്‌ വഴിയിലേക്കെങ്കിലും വെള്ളം കയറിയാല്‍ സ്‌്‌കൂളില്ല, ആശുപത്രിയില്ല, ഞങ്ങള്‍ അരിയും സാധനങ്ങളും വാങ്ങുന്ന കവലയില്ല....റോഡില്ല...
അഭയാര്‍ത്ഥികളാവുന്ന മുതിര്‍ന്നവരുടെ മനസ്സ്‌ മലവെള്ളത്തേക്കാള്‍ കലങ്ങിയിരിക്കുമെന്ന്‌ അന്നൊന്നും ചിന്തിച്ചതേയില്ല.

കര്‍ക്കിടക സംക്രാന്തിക്കു മുന്നേ മൂശേട്ടയെ അടിച്ചു പുറത്താക്കി ഭഗവതിയെ കുടിയിരുത്താന്‍ നോക്കിയാലും മൂശേട്ടതന്നെ അകത്തുകയറും. അടിച്ചു കളഞ്ഞ വിരുത്താമ്പലും പൊടിയും വെറുതെ...കഴുകി വൃത്തിയാക്കിയ കുട്ടയും വട്ടിയും പാത്രങ്ങളും വെറുതേ.... പേമാരിയുടെ, വെള്ളപ്പൊക്കത്തിന്റെ, മണ്ണിടിച്ചിലിന്റെ , ഉരുള്‍പൊട്ടലിന്റെ ഇതൊന്നുമല്ലെങ്കില്‍ പട്ടിണിയുടെ, അസുഖത്തിന്റെ മരണത്തിന്റെയുമൊക്കെ വേഷം കെട്ടി മൂശേട്ട വരും.



ഞങ്ങളുടെ വീടും പറമ്പും കഴിഞ്ഞാല്‍ ഇരു വശത്തും കോളനികളാണ്‌. ഇരുപതുസെന്റു കോളനിയും ലക്ഷം വീടു കോളനിയും. അവിടുള്ളവരൊന്നും കൃഷിക്കാരല്ല. കൂലിപ്പണിക്കാര്‍. ദുര്‍ബ്ബലര്‍. മഴ തുടങ്ങിയാല്‍ പണിയില്ല. ഇടവം തുടങ്ങുന്നതോടെ പലരും മുണ്ടുമുറുക്കി കെട്ടി തുടങ്ങും. കഞ്ഞിവെപ്പ്‌ കുറയും. റേഷന്‍കിട്ടുന്ന ഇരുമ്പരി കുറച്ചെടുത്ത്‌ സൂക്ഷിക്കാന്‍ തുടങ്ങും. മേടത്തിലും ഇടവത്തിലും ചക്കയും ചക്കക്കുരുവുമായിരിക്കും പ്രധാന ആഹാരം. കുട്ടികളാണ്‌ മുതിര്‍ന്നവരേക്കാള്‍ ഭേദം. അവര്‍ക്ക്‌ കശുമാങ്ങ, ചാമ്പങ്ങ, മാമ്പഴം, പേരക്ക, കാട്ടിലേക്കുപോയാല്‍ പൂച്ചപ്പഴം, കൊങ്ങിണിക്ക, അങ്ങനെ പലതുമുണ്ടാകും. കുട്ടികള്‍ പൊതുവേ ഇങ്ങനെ ആഹാരകാര്യത്തില്‍ സമ്പന്നരായിരിക്കും. പക്ഷേ, മഴക്കാലത്തെയോര്‍ത്ത്‌ മുതിര്‍ന്നവര്‍ മുണ്ടുമുറിക്കിയുടുക്കും.
ചക്കക്കുരു ഒരു കരുതലാണ്‌. ജലാംശമില്ലാതെ തോലുണങ്ങിയ ചക്കക്കുരു വീടിന്റെ മൂലയില്‍ നനവില്ലാത്ത മണ്ണില്‍ കുഴിച്ചിടും. നനവില്ലാത്തതുകൊണ്ട്‌ ചക്കക്കുരു മുളക്കില്ല. അടുത്ത ചക്കക്കാലം വരെ കേടൊന്നും വരില്ല.
അടുത്തത്‌ കപ്പയാണ്‌. വലിയ കപ്പക്കാലാകളില്‍ കപ്പ പറിച്ചു കഴിഞ്ഞാല്‍ ശേഷിക്കുന്ന പൊടിക്കപ്പ പെറുക്കി അരിഞ്ഞുണങ്ങി വെക്കും. വാട്ടിയുണക്കും വെള്ളുണക്കുമായി. വെള്ളുണക്കുകപ്പ പൊടിച്ചാല്‍ പുട്ടുണ്ടാക്കാം. റബ്ബറുപോലുണ്ടാവും. തേങ്ങാ നല്ലോണം വേണം രുചിക്ക്‌. വാട്ടുണക്കു കപ്പ വേവിച്ച്‌ പുഴുക്കാക്കുകയോ, ഉലര്‍ത്തുകയോ ചെയ്യാം. പക്ഷേ, അങ്ങനെ രുചിയായിട്ടു തിന്നാന്‍ പറ്റിയകാലമല്ല കര്‍ക്കിടകം. ചേര്‍ക്കേണ്ട തേങ്ങയും, വെളിച്ചെണ്ണയുമോര്‍ക്കുമ്പോള്‍ ചങ്കുപൊട്ടും.
അതില്‍ ചേര്‍ക്കുന്ന തേങ്ങയുടേയും വെളിച്ചെണ്ണയുടേയും കാശുണ്ടെങ്കില്‍ ഇരുമ്പരി രണ്ടുകിലോ മേടിക്കാം. കൃഷിപ്പണിക്കു പോകുമ്പോള്‍ കിട്ടുന്ന മുതിര, പയര്‍...
ഇങ്ങനെയൊക്കെ കരുതലുമായിരുന്നാലും വിശപ്പുകൂടും. കാട്ടുതാളും തകരയും കപ്ലങ്ങയും മൂക്കാത്ത ചേനയും ചേമ്പും വരെ പറിച്ചെടുക്കേണ്ടുവരും. ആകെക്കുടി മഴക്കാലത്തു കിട്ടുന്നത്‌ ചൂണ്ടയില്‍ കുരുങ്ങുന്ന മീനാണ്‌.



മിഥുനത്തില്‍ തെളിഞ്ഞ വെയിലില്‍ അയല്‍ക്കാരി ഉമ്മുമ്മയുടെ വീട്ടില്‍ കല്ലാറുകുട്ടിയില്‍ നിന്ന്‌ മകള്‍ വന്നു. മകളുടെ ആ വരവിന്‌ പിന്നിലുണ്ടായിരുന്നത്‌ കര്‍ക്കിടകത്തില്‍ വിരുന്നു പോകുന്നത്‌ ശരിയല്ലെന്നും മഴ കൂടിയാല്‍ പുഴ കടന്ന്‌ അക്കരെ കടക്കാന്‍ സാധിക്കില്ല എന്നതുമായിരുന്നു. മഴ തുടങ്ങിയാല്‍ ആറിനിക്കരെ താമസിക്കുന്നവര്‍ക്ക്‌ കിഴക്കോട്ടും പടിഞ്ഞാട്ടും അകലെയുള്ള പാലങ്ങള്‍ കടക്കണമായിരുന്നു അന്ന്‌. പുഴയില്‍ വെളളം കൂടിയാല്‍ പാലങ്ങളിലെത്താന്‍ വഴിയില്ല. പുഴയിറമ്പിലൂടെയുള്ള വഴി വെള്ളത്തിനടിയിലാവും.
ഇക്കാര്യങ്ങളൊക്കെ നന്നായിറിയാവുന്ന മദ്ധ്യവയസ്സു പിന്നിട്ട മകള്‍ മഴയ്‌ക്ക്‌ മുമ്പേ ഉമ്മയെ കണ്ട്‌ മടങ്ങാമെന്നു കരുതി. ഉമ്മുമ്മയുടെ പറമ്പിലാണെങ്കില്‍ രണ്ടു തെങ്ങും ഒരു കൊക്കോമരവും മുറ്റത്ത്‌ അഞ്ചാറ്‌ തുളസിച്ചെടിയുമാണ്‌ ആകെയുള്ളത്‌.
മകള്‍ക്ക്‌്‌്‌ കല്ലാര്‍കുട്ടിയില്‍ നല്ല കാലമാണ്‌. നെല്ലും കാപ്പിയും മാവും പ്ലാവും കപ്പയും ചേമ്പും ചേനയും എല്ലാമുണ്ട്‌. പോന്നപ്പോള്‍ ചെറിയൊരു സഞ്ചിയില്‍ കുറച്ച്‌ ഉണക്കക്കപ്പ കരുതി അവര്‍.
എത്തുമ്പോള്‍ നല്ല വെയിലായിരുന്നു. ആറു കടന്ന്‌ ഇക്കരെ കേറിയപ്പോള്‍ മാനമിരുണ്ടു. ഉമ്മയുടെ അടുത്തെത്തുമ്പോള്‍ മഴ ചാറി തുടങ്ങി.
ഉമ്മുമ്മ മകളോട്‌ പറഞ്ഞു.
ഏതായാലും മഴയല്ലേ..നേരം പെലന്നെട്ട്‌ പോകാടീ......
മഴ ആര്‍ത്തലച്ചു പെയ്‌തു തുടങ്ങി..
ഈ മഴയത്ത്‌ കല്ലാര്‍കുട്ടി പോകണ്ടെ....നേരം ഉച്ച തിരിഞ്ഞു. ഇനിയെന്തായാലും നേരം വെളുത്തിട്ടു പോകാം.. ഉമ്മാക്ക്‌ സന്തോഷമാവട്ടെ..എന്ന്‌ മകളും വിചാരിച്ചു.
പക്ഷേ, മിഥുനത്തില്‍ തുടങ്ങിയ മഴ കര്‍ക്കിടകത്തിലും തോര്‍ന്നില്ല. മുപ്പത്തിയൊമ്പതാം ദിവസമാണ്‌ ഉമ്മൂമ്മയുടെ മകള്‍ക്ക്‌ മടങ്ങിപ്പോകാനായത്‌.




നാലാംക്ലാസ്സില്‍ പഠിക്കുമ്പോഴാണ്‌ കൂട്ടുകാരിയുടെ അച്ഛന്‍ രണ്ടുകിലോമീറ്റര്‍ മുകളിലുള്ള തടിപ്പാലത്തില്‍ നിന്ന്‌ തെന്നി ആറ്റില്‍ വീണുപോയത്‌. ഒരാള്‍ ഒഴുകിപ്പോകുന്നത്‌ കണ്ടിട്ടും അതാരാണെന്ന്‌ ആര്‍ക്കും മനസ്സിലായില്ല. ദിവസങ്ങള്‍ കഴിഞ്ഞാണ്‌ തന്റെ അച്ഛനാണ്‌ ഒഴുകിപ്പോയതെന്ന്‌ അവളും അമ്മയും അറിഞ്ഞത്‌. ഒരുമാസം കഴിഞ്ഞ്‌ വെള്ളം താണപ്പോള്‍ കുത്തിനുതാഴെ നിന്ന്‌ മീന്‍കൊത്തി തീര്‍ന്ന ഒരസ്ഥികൂടം കിട്ടി. ഇപ്പോഴും ആറ്റില്‍ നീന്താനിറങ്ങുന്ന കുട്ടികളെ അദ്ദേഹത്തിന്റെ പ്രേതത്തെക്കുറിച്ചു പറഞ്ഞാണ്‌ വീട്ടുകാര്‍ പേടിപ്പിക്കുന്നത്‌.



1160 കര്‍ക്കിടകം

അക്കൊല്ലം ഞാന്‍ മൂന്നാംക്ലാസ്സിലായിരുന്നു.
കൂട്ടുകാര്‍ക്കു പലര്‍ക്കും കുടയില്ലായിരുന്നു. മഴയത്ത്‌ പലരും നനഞ്ഞുകൊണ്ടാണ്‌ സ്‌കൂളില്‍ വന്നത്‌. സ്‌കൂളുവിട്ടുപോരുമ്പോഴാണ്‌ മഴയെങ്കില്‍ ചിലര്‍ ആറ്റുപുറമ്പോക്കിലെ ചേമ്പിന്‍കാട്ടിലിറങ്ങി ചേമ്പിലയൊടിച്ച്‌ ചൂടും. ചിലപ്പോള്‍ വാഴയില.
അത്തവണ ഞങ്ങള്‍ക്കൊക്കെ സര്‍ക്കാരുവക ഓരോ ശീലക്കുടകിട്ടി. തിളങ്ങുന്ന പച്ചപിടിയുള്ള കുടയായിരുന്നു എനിക്കു കിട്ടിയത്‌.

കുട കിട്ടിയിട്ട്‌ അധികമായിട്ടില്ല. അമ്മായിയുടെ മകന്‍ (ഞങ്ങള്‍ അണ്ണച്ചിയെന്നു വിളിക്കും) കടയില്‍ പോയപ്പോള്‍ എന്റെ കുടയുമെടുത്തു. തലേന്നുവരെ ആറിനു കുറുകെ പാലമുണ്ടായിരുന്നു. ഞങ്ങളുടെ പറമ്പിലെ താന്നിമരമായിരുന്നു നെടുനീളന്‍ ഒറ്റത്തടിപാലമായത്‌. പറമ്പിന്റെ തലക്കല്‍ മലയോട്‌ ചേര്‍ന്നുനിന്ന താന്നി ആറ്റിലേക്കെത്തിക്കാന്‍ മൂന്നുദിവസമാണ്‌ രണ്ടോ മൂന്നോ ആന പറമ്പില്‍ നിരങ്ങിയത്‌. ആ പാലം വെള്ളപ്പൊക്കത്തില്‍ ഒഴുകിപ്പോകാതിരിക്കാന്‍ കമ്പികൊണ്ട്‌ കെട്ടിയിട്ടിരുന്നു. എന്നിട്ടും തലേന്നത്തെ മഴയില്‍ പാലം ഒഴുകിപ്പോയി. കമ്പി എങ്ങനെ പൊട്ടിയെന്ന്‌ ആര്‍ക്കും മനസ്സിലായില്ല. കുറച്ചുകിഴക്കുള്ള തടിപ്പാലം കടന്നുവേണം പിന്നെ കവലയിലെത്താന്‍.

കുഞ്ഞുന്നാളു മുതല്‍ അണ്ണച്ചിക്കൊരു ശത്രുവുണ്ട്‌്‌്‌. സ്ലേറ്റുപൊട്ടിച്ചും പെന്‍സിലൊടിച്ചും തുടങ്ങിയ ശത്രുത. അതവര്‍ മുതിര്‍ന്നപ്പോഴും തുടര്‍ന്നു. പെട്ടൊന്നൊരു ദിവസം ശത്രു ലോട്ടറിയടിച്ച്‌ പണക്കാരനായി.
കമ്പിപൊട്ടി പാലമൊഴുകിപ്പോയതല്ല. അവര്‍ അഴിച്ചു വിട്ടതാണ്‌. പണത്തിന്റെ കൊഴുപ്പുകാണിക്കാന്‍. കവലയില്‍ നിന്നു തിരിച്ചു വരും വഴിയാണ്‌ ശത്രു മുന്നില്‍ വന്നു നിന്നത്‌. ഗുണ്ടകളുമായി അയാള്‍ അണ്ണച്ചിയെ തല്ലുന്നതാണ്‌ ഇക്കരെ നിന്ന്‌ കണ്ടത്‌. ചാറ്റല്‍ മഴയത്ത്‌്‌്‌ ആറ്റിലേക്കോടി. കലക്കവെള്ളം നിറഞ്ഞൊഴുകുന്നു. പാലമില്ല. ഇടികണ്ട്‌ ഒരുപാടുപേര്‍ ആറ്റിറമ്പിലുണ്ട്‌. പെണ്ണുങ്ങള്‍ ആര്‍ത്തു കരഞ്ഞു. ഇടി കണ്ടു നില്‍ക്കുന്നതിനിടയില്‍ കണ്ടു, എന്റെ പുത്തന്‍കുട പറന്നുപോയിരിക്കുന്നു. കുറച്ചപ്പുറത്ത്‌ കലുങ്കിനോട്‌ ചേര്‍ന്നു ഈറ്റയില്‍ തടഞ്ഞിരിക്കുന്നു.
പെണ്ണുങ്ങളുടെ കരച്ചില്‍ കേട്ടിട്ടാണോ ഇടിച്ചുമതിയായിട്ടാണോ ശത്രുവും കൂട്ടരും പിന്തിരിഞ്ഞു. അണ്ണച്ചി വേച്ചുവേച്ച്‌്‌്‌ ആറ്റിലേക്കിറങ്ങി വന്നു. നീന്തി ഇങ്ങോട്ട്‌ വരുമെന്നാണ്‌ എന്റെ ചിന്ത. പക്ഷേ, ആറ്റിലേക്കിറങ്ങി രണ്ടുകൈകൊണ്ടും കലക്കവെള്ളം കോരിക്കുടിക്കുകയാണ്‌ ചെയ്‌തത്‌.

അടിമാലി ഗവര്‍മെണ്ട്‌ ആശുപത്രിയില്‍ അഡ്‌മിറ്റ്‌ ചെയ്‌ത്‌ തിരിച്ചുവരുമ്പോള്‍ അത്ത കുട കൊണ്ടുവന്നു. അണ്ണച്ചിയുടെ വിവരങ്ങള്‍ അറിയുന്നതിനേക്കാള്‍ ഞാന്‍ ശ്രദ്ധിച്ചത്‌ പച്ചപ്പിടി പൊട്ടിയിട്ടുണ്ടോ, കമ്പി ഒടിഞ്ഞിട്ടുണ്ടോ എന്നൊക്കെയാണ്‌‌.

( തുടരും )

Tuesday, August 18, 2009

രണ്ടാം യാമങ്ങളുടെ കഥ-ഒരു മുസ്ലീം സ്‌ത്രീയുടെ തുറന്നെഴുത്ത്‌


അക്കാലത്ത്‌ അവളുടെ ഗ്രാമത്തിലെ സ്‌ത്രീകള്‍ക്ക്‌ സിനിമ നിഷിദ്ധമായിരുന്നു. അവളും കൂട്ടുകാരികളും വിലക്കിനെ വകവെക്കാതെ സിനിമക്കുപോയി. തീയറ്ററില്‍ അവരല്ലാതെ സ്‌ത്രീകളായി ആരുമില്ലായിരുന്നു. എല്ലാപുരുഷന്മാരുടേയും കണ്ണുകള്‍ അവര്‍ക്കുമേലെ വീണു. തിരയില്‍ കണ്ടത്‌ A പടമായിരുന്നു.
വീട്ടിലെത്തിയ അവള്‍ക്ക്‌ തല്ലുകിട്ടിയതിനോടൊപ്പം സ്‌കൂള്‍ പഠനവും അവസാനിച്ചു. 'നീയൊരു പെണ്ണാണ'്‌ എന്ന്‌്‌ അമ്മ ഓര്‍മിപ്പിച്ചു. അങ്ങനെ ഒന്‍പതാംക്ലാസ്സില്‍ പഠനം നിര്‍ത്തി അവള്‍ ഏകാന്തതയുടെ തടവുകാരിയായി. വീടിനു പുറത്തേക്കിറങ്ങാന്‍ പോലും അവള്‍ക്കു സാധിക്കുമായിരുന്നില്ല. അവള്‍ വായിക്കാന്‍ തുടങ്ങി..പിന്നെ പിന്നെ കവിതകള്‍ എഴുതാന്‍...

അവള്‍ക്കു പതിനെട്ടുവയസ്സുള്ളപ്പോള്‍ വീട്ടുകാര്‍ ബന്ധുവിനെകൊണ്ട്‌ വിവാഹമുറപ്പിച്ചു. അവള്‍ എതിര്‍ത്തു. പട്ടിണികിടന്നു. അവളുടെ അമ്മക്ക്‌ നെഞ്ചുവേദന വന്നു. ഡോക്ടറും വീട്ടുകാരും അവള്‍ക്കെതിരെ തിരിഞ്ഞു. അമ്മ മരിച്ചാല്‍ അവളുടെ സ്വാര്‍ത്ഥതയായിരിക്കും കാരണമെന്ന്‌.
അമ്മയുടെ നെഞ്ചുവേദന വിവാഹത്തിനു സമ്മതിക്കുന്നതിനുവേണ്ടിയുള്ള അടവുമാത്രമായിരുന്നെന്ന്‌ വിവാഹശേഷമാണ്‌ അവള്‍ക്ക്‌ മനസ്സിലായിത്‌.

പക്ഷേ, അവള്‍ക്ക്‌ എഴുതാതിരിക്കാനായില്ല. ശ്വാസം പോലെയായിരുന്നു അവള്‍ക്ക്‌ എഴുത്ത്‌. പകല്‍ അവള്‍ എല്ലാവരുടേയും റുക്കിയ രാജാത്തിയായിരുന്നു. രാത്രിയില്‍ അവള്‍ സല്‍മയും. ഭര്‍ത്താവറിയാതെ അവള്‍ നട്ടപ്പാതിരയക്ക്‌ കുളിമുറിയിലിരുന്ന്‌ കവിതയെഴുതി. തമിഴിലെ അറിയപ്പെടുന്ന കവയത്രിയായി.
പക്ഷേ, വീട്ടുകാരാരുമറിഞ്ഞില്ല സല്‍മയെ. അവര്‍ക്ക്‌ രാജാത്തിയെ മാത്രമേ അറിയുമായിരുന്നുള്ളു.
പക്ഷേ, അടുത്തു വന്ന പഞ്ചായത്ത്‌ തെരെഞ്ഞെടുപ്പില്‍ വനിതസംവരണമായിരുന്നു. പൊതുപ്രവര്‍ത്തകനായ ഭര്‍ത്താവ്‌ ബന്ധുക്കളില്‍ പലരേയും മത്സരിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷേ
ആരും തയ്യാറായില്ല. എന്നാല്‍ അവള്‍ തയ്യാറായി. അവള്‍ വിജയിച്ചു. അതോടെ റുക്കിയ മാലിക്‌ രാജാത്തി 'സല്‍മ'യാണെന്ന്‌ ലോകമറിഞ്ഞു. അവരിന്ന്‌ തമിഴ്‌നാട്‌ സാമൂഹ്യക്ഷേമബോര്‍ഡ്‌ ചെയര്‍പേഴ്‌സണ്‍ ആണ്‌.


സല്‍മയുടെ ആദ്യ നോവലാണ്‌ രണ്ടാം യാമത്തിന്റെ കഥ.

അതില്‍ പുരുഷന്മാര്‍ക്കൊന്നും വലിയ സ്ഥാനമില്ല. രണ്ടാംയാമമെന്നാല്‍ നട്ടപ്പാതിര. ആ നട്ടപ്പാതിരകളാണ്‌ സ്‌‌ത്രീകളുടെ ലോകം. നാലതിരുകള്‍ തീര്‍ത്ത അറക്കപ്പുറം അവര്‍ക്കു ലോകമില്ല. എന്നാല്‍ മതത്തിന്റെയും ആണ്‍കോയ്‌മയ്‌ക്കുമിടയില്‍ അവര്‍ക്കുമൊരു ലോകമുണ്ടെന്നു കാണിച്ചു തരുന്നു ഈ നോവല്‍.

സ്‌നേഹം, ദയ, പ്രണയം, കാമം, ദുഖം, അസൂയ, കുശുമ്പ്‌്‌, പരദൂഷണം അങ്ങനെ എല്ലാം ചേര്‍ന്നതാണ്‌ ഈ കഥ. നിസ്സഹായരാണവര്‍. രണ്ടാംയാമത്തിനപ്പുറത്തേക്കു കടക്കാന്‍ അവര്‍ക്കാകുന്നില്ല. സമൂഹം കല്‌പിച്ചു നല്‌കിയ അതിരുകള്‍ക്കപ്പുറം കടക്കാന്‍ ശ്രമിച്ചവര്‍ക്കൊക്കെ ദുഖം മാത്രമായിരുന്നു വിധി. അവര്‍ വായനക്കാരെയും തീരാദുഖത്തിലെത്തിക്കുന്നു.

ഭര്‍ത്താവു മരിച്ചാല്‍, മൊഴിചൊല്ലിയാല്‍ പിന്നെ സ്‌തീകളുടെ ജീവിതം നിറപകിട്ടില്ലാത്തതാണ്‌. പലപല നിറങ്ങളില്‍ പട്ടുപുടവകള്‍ അണിയാന്‍, മുല്ലപ്പൂവു ചൂടി സുന്ദരികളായിരിക്കാന്‍ അവര്‍ മോഹിക്കുന്നു. പക്ഷേ, മുതിര്‍ന്നവര്‍ അനുവദിക്കില്ല. സ്‌ത്രീകളാണ്‌ മതത്തിന്റേയും സമൂഹത്തിന്റേയും മാനം കാക്കേണ്ടത്‌. മാനക്കേടുണ്ടാക്കുന്ന ഒന്നും അവര്‍ ചെയ്‌തുകൂടാ. മതാചാരം ഒരു വഴിക്കും നാട്ടാചാരം മറ്റൊരു വഴിക്കും സ്‌ത്രീയെ വേട്ടയാടുന്നതിന്റെ ദയനീയ ദൃശ്യങ്ങള്‍....

അതിസുന്ദരിയായ ഫിര്‍ദൗസിന്റെ കഥതന്നെ എത്ര മനോഹരം. അവളുടെ പ്രണയവും ലോകത്ത്‌ ജീവിച്ചിരിക്കാനുള്ള ആശയും കവിതതന്നെ. ഒരോ വരിയിലും കവിത തുളുമ്പി നില്‌ക്കുന്നു.
സ്‌ത്രീയുടെ ഉടലിനെപ്പറ്റി, ആവശ്യങ്ങളെപ്പറ്റി ഇതുപോലൊന്ന്‌ വായിച്ചോര്‍മയില്ല.

സ്‌ത്രീയുടെ ലോകത്തുകൂടി ഇത്ര സൂക്ഷ്‌മമായി ഭംഗിയായി ഇറങ്ങിച്ചെല്ലാന്‍ സല്‍മക്കുമാത്രമേ സാധിച്ചിട്ടുള്ളു എന്ന്‌ എടുത്തു പറയേണ്ടതാണ്‌. കണ്ണാടിയില്‍ നോക്കി നില്‍ക്കുന്ന വഹീദ മുഖത്ത്‌ മുഖക്കുരു കണ്ട്‌ ഉള്ളില്‍ സന്തോഷിക്കുന്നതു മുതല്‍ ചെറുപ്പക്കാരികളുടെ അശ്ലീലം പറച്ചിലും കാസറ്റു കാണലും വരെ എത്ര തന്മയത്തത്തോടെ എഴുതിയിരിക്കുന്നു.

മലയാളത്തിലേക്ക്‌ വിവര്‍ത്തനം ചെയ്‌ത ആറ്റൂര്‍ എഴുതുന്നു.
'പെണ്‍മയുടെ ലോകമാണിതില്‍. പലതരത്തിലുള്ള പെണ്ണുങ്ങള്‍. കൗശലക്കാരികളും തന്റേടികളും പാവങ്ങളും ചെറ്റകളും ഒക്കെയാണ്‌ മുതിര്‍ന്നവര്‍. കലഹിപ്പവരും ദുഖിപ്പവരും നിഷേധികളും ആയാണ്‌ ഇളംതലമുറയെ കാണുന്നത്‌. മൂടിവെയ്‌ക്കല്‍ കലയും സൗന്ദര്യവും സന്മാര്‍ഗ്ഗവുമായിരുന്ന സമുദായത്തില്‍ വെളിപ്പെടുത്തലിന്റെ സ്വാതന്ത്യവും ആരോഗ്യവും കാട്ടുന്നതാണ്‌ ഈ ചെറുപ്പക്കാരികളുടെ ഭാഷ. ലൈംഗികമായി ആക്രമിക്കപ്പെടുകയും തോല്‌പ്പിക്കപ്പെടുകയും ചെയ്യപ്പെടുന്നത്‌ അവരുടെ നിത്യസംഭാഷണവിഷയമാണ്‌. പെണ്ണിന്റെ വചനസ്വാതന്ത്ര്യം അവര്‍ ആഘോഷിക്കുന്നു.'

'ഇസ്ലാമിക പാരമ്പര്യത്തിലെ ചില മതനിയമങ്ങളും ഇന്ത്യന്‍സാഹചര്യത്തില്‍ അവയിലെ ചില വകുപ്പുകള്‍ക്കു വന്നു ചേര്‍ന്ന ആണനുകൂലവ്യാഖ്യാനങ്ങളും അമ്മട്ടിലുള്ള ചില നാട്ടുനടപ്പുകളും ഓരോരോ പ്രായത്തില്‍ എങ്ങനെയെല്ലാം ഉമ്മമാര്‍്‌ക്‌ കൈവിലങ്ങും കാല്‍ച്ചങ്ങലയും ആയിത്തീരുന്നു എന്ന്‌ ഈ കഥയില്‍ എവിടെ നോക്കിയാലും കാണാം. എന്റെ മനസ്സില്‍ ബാക്കിനില്‌ക്കുന്ന ഒരു സംഭാഷണശകലം: ഊരില്‍ ആരാണ്‌ സന്മാര്‍ഗ്ഗി? നോക്ക്‌. ആണ്‌ അങ്ങനെയൊക്കെ ഇരിക്കും. പെണ്ണ്‌ അങ്ങനെയായാലേ തപ്പുള്ളു'-(അവതാരികയില്‍ കാരശ്ശേരി )

കഥാപാത്രങ്ങള്‍ വികാരാധീനരായി ഒരു ചോദ്യവും ചോദിക്കുന്നില്ല. എന്നാല്‍ ഓരോ സന്ദര്‍ഭത്തിലും അതു വ്യക്തമായി കാണാം. വിവാഹത്തിന്റെ പൊരുത്തത്തെപ്പറ്റി നബീസ ചിന്തിക്കുന്നത്‌ നോക്കുക
"പഴയകാലത്തു പൊരുത്തം നോക്കാതെ പെണ്ണുങ്ങളെ കല്ല്യാണം കഴിപ്പിച്ചു ജീവിതം തുലപ്പിച്ചു. എന്നാല്‍ ഇക്കാലത്തും അങ്ങനെതന്നെ നടക്കുന്നു. പണവും ബന്ധവും മാത്രം നോക്കിയാല്‍ മതി. വേറെ വയസ്സോ കാഴ്‌ചയോ ആരു നോക്കുന്നു? പെണ്ണിന്റെ വിധി...."

വഹീദയ്‌ക്കു ആലോചിച്ച പയ്യന്‌ ചീത്തനടത്തമുണ്ടെന്ന്‌ റൈമ ഭര്‍ത്താവിനോട്‌ പറയുമ്പോള്‍ അയാള്‍ പറയുന്ന മറുപടിയുണ്ട്‌. " ആണാണെങ്കില്‍ അങ്ങിനെയിങ്ങനെയൊക്കെയുണ്ടാവും. ഇതൊക്കെ ഇത്ര വലുതായി കാണുന്നത്‌ ശരിയല്ല. ഊരുലകത്തില്‍ ആരാണ്‌ ഉത്തമനായിരിക്കുന്നത്‌ എന്ന്‌ പറയ്‌. അങ്ങനെ ഒരുത്തനെക്കൊണ്ടു മകളെ കെട്ടിക്കണമെന്നു വെച്ചാല്‍ ഈ ജന്മത്തില്‍ നടക്കില്ല. അതോര്‍മ്മ വെച്ചോ. ആണ്‌ കെട്ട്‌ പോകുന്നത്‌ അത്ര കാര്യമല്ല..."

അപ്പോള്‍ റൈമ വിചാരിക്കുന്നു. ആണുങ്ങളാരും യോഗ്യരല്ല. എന്നാലും അറിഞ്ഞ്‌ുകൊണ്ട്‌ ഒരു തെറ്റ്‌ ചെയ്യുന്നതെന്തിനാ? അവള്‍ക്ക്‌ തലവേദന വന്നു. അങ്ങനെ മനസ്സുകുഴങ്ങിയിട്ട്‌ എന്തുകാര്യം. അല്ലാഹുവിനെ ഭാരമേല്‌പ്പിച്ച്‌ സ്വന്തം ജോലിനോക്കുക തന്നെ നല്ലത്‌.

റാബിയ എന്ന കൊച്ചുപെണ്‍കുട്ടിയുടെ മനസ്സിലൂടെയാണ്‌ കഥതുടങ്ങുന്നത്‌.
അവള്‍ക്ക്‌ ഒരു മണ്‍ഹുണ്ടികയുണ്ട്‌. അതിലെ സമ്പാദ്യം കൊണ്ട്‌ അവള്‍ക്ക്‌ തങ്കക്കമ്മല്‍ വാങ്ങാമെന്നാണ്‌ അമ്മ പറയുന്നത്‌. എന്നാല്‍ അവള്‍ക്കതില്‍ താത്‌പര്യമില്ല. 'ആര്‍ക്കുവേണം പണ്ടം?' അവള്‍ ചോദിച്ചത്‌ 'എനിക്ക്‌ തീവണ്ടി കയറാന്‍ കൊതിയുണ്ട്‌. കൊണ്ടുപോകാമോ?' എന്നാണ്‌ . 'അല്ലെങ്കില്‍ സൈക്കിള്‍ വാങ്ങി താ' എന്ന്‌. പെണ്‍കുട്ടികള്‍ക്ക്‌ സൈക്കിള്‍ വേണ്ടെന്ന്‌‌ അമ്മ. വണ്ടിയില്‍ ഉമ്മയും കയറിയിട്ടില്ല. പിന്നെങ്ങനെ?

അവള്‍ കൂട്ടുകാരനോടൊപ്പം മലകാണാന്‍ പോയതിന്‌ അമ്മയുടെ ശകാരം." മലകയറുമ്പോള്‍ വയസ്സറിയിച്ചാല്‍ എന്താവും? പിശാചു ബാധിച്ചിരിക്കും" എന്ന്‌.
അവള്‍ കൂടുതല്‍ മധുരം കഴിച്ചാലും അമ്മ വിലക്കും. പെട്ടെന്ന്‌ വയസ്സറിയിക്കും എന്ന്‌.
അവള്‍ ഹദീസ്‌ വായിച്ച്‌ സംശയാലുവാകുകയാണ്‌. സ്വര്‍ഗ്ഗത്തില്‍ ചെന്നാല്‍ ആണുങ്ങള്‍ക്ക്‌ ഹൂറികള്‍ ഉണ്ടാവുംപോലെ പെണ്ണുങ്ങള്‍ക്ക്‌ ഹൂറി ആണുങ്ങള്‍ ഉണ്ടാവില്ലേ എന്ന്‌.
അവളുടെ അത്തയ്‌ക്ക്‌ വെപ്പാട്ടിയുണ്ട്‌. അതിന്‌ എല്ലാവരുടേയും അംഗീകാരവുമുണ്ട്‌. ചിലര്‍ക്ക്‌ വേറെയും ഭാര്യമാരുണ്ട്‌. പക്ഷേ അവളുടെ സഹപാഠിയുടെ അമ്മയ്‌ക്ക്‌ രണ്ടു ഭര്‍ത്താക്കന്മാരുണ്ട്‌. അപ്പോള്‍ അവള്‍ സന്ദേഹിയാവുന്നു. പെണ്ണിന്‌ കൂടുതല്‍ ഭര്‍ത്താക്കന്മാരുണ്ടാവുന്നത്‌ തപ്പല്ലേ?

പുരുഷന്‌ ബഹുഭാര്യത്വവും വെപ്പാട്ടിയും (വെപ്പാട്ടി അന്യജാതിക്കാരിയാണ്‌)ഒക്കെയാവാം. അതിനൊക്കെ അംഗീകാരവുമുണ്ട്‌. എന്നാല്‍ അതേ സമൂഹത്തില്‍ ഒരു മുസ്ലീംസ്‌ത്രീ അന്യമതക്കാരന്റെ കൂടെപ്പോയതിന്‌ പള്ളി വിലക്കേര്‍പ്പെടുത്തുകയാണ്‌ അവളുടെ കുടുംബത്തെ. നാട്ടാചാരവും മതനിഷ്‌ഠയും കാത്തുസൂക്ഷിക്കേണ്ടത്‌ പാവപ്പെട്ടവരും പെണ്ണുങ്ങളുമാണ്‌!


ഇതിന്റെ മൊഴിമാറ്റത്തില്‍ എനിക്ക്‌ പോരായ്‌മകളുണ്ട്‌. മുസ്ലീംആചാരങ്ങളിലും വിശേഷാവസരങ്ങളിലും ഉള്ള പരിചയമില്ലായ്‌മ. ഇതില്‍ പലയിടത്തും അറബികലര്‍ന്ന തമിഴ്‌മൊഴി....ആറ്റൂര്‍ മൊഴിമാറ്റത്തെപ്പറ്റി ഇങ്ങനെ എഴുതുന്നു.
മൊഴിമാറ്റത്തില്‍ ചില തമിഴ്‌ വാക്കുകള്‍ അങ്ങനെതന്നെ ഉപയോഗിച്ചത്‌ മനോഹരമായിട്ടുണ്ട്‌‌. എന്നാല്‍ മൂലകൃതിയില്‍ നിന്ന്‌ മാറ്റം വരുത്തിയപ്പോള്‍ വിളിപ്പേരുകളിലും ചില വാക്കുകളിലും അര്‍ത്ഥവ്യത്യാസം വന്നുവോ എന്ന്‌ ഈയുള്ളവള്‍ക്ക്‌ സന്ദേഹം.
തെക്കന്‍തമിഴ്‌നാടാണ്‌ കഥാപരിസരം. റാവുത്തര്‍ മുസ്ലീങ്ങളും.
അവര്‍ ഉമ്മ-ബാപ്പ എന്ന്‌ വിളിക്കാറില്ല. അമ്മയും അത്തയുമാണ്‌. പലയിടങ്ങളിലും തിരിഞ്ഞും മറിഞ്ഞും ഉമ്മ-ബാപ്പ വരുന്നുണ്ട്‌.
ഭര്‍ത്താവ്‌ മച്ചാനാണ്‌. ജ്യേഷ്‌ഠത്തിയുടെ ഭര്‍ത്താവിനെയും മച്ചാന്‍ എന്നാണ്‌ വിളിക്കാറ്‌. വിവര്‍ത്തനത്തില്‍ അളിയനായി പോയിട്ടുണ്ട്‌. കേരളത്തിലെ റാവുത്തര്‍മാരും ഇങ്ങനെതന്നെയാണ്‌ വിളിക്കാറ്‌. നാത്തൂന്‍ മദനിയാണ്‌. ഇളയച്ഛന്‍ ചെച്ചയാണ്‌. കേരളത്തിലെ റാവുത്തര്‍മാരും വീട്ടില്‍ തമിഴ്‌ സംസാരിക്കുന്നവരാണ്‌ അധികവും. ബന്ധുക്കളോട്‌ തമിഴും അയല്‍ക്കാരോട്‌ മലയാളവും ഒരോയൊപ്പം സംസാരിക്കുന്നവര്‍. അവരുടെ മലയാളത്തില്‍ നാടന്‍ പ്രയോഗങ്ങള്‍ കുറവാണ്‌. ഏതാണ്ട്‌ മാനകഭാഷതന്നെ ഉപയോഗിക്കുന്നു.
പക്ഷേ, വിവര്‍ത്തനത്തില്‍ മലബാര്‍ മുസ്ലീം സംസാരിക്കുന്നഭാഷ പ്രയോഗങ്ങള്‍ കടന്നുവന്നിട്ടുണ്ട്‌. വരിന്‍, ഇരിക്കിന്‍,പറയിന്‍, ഇങ്ങനെ പോകുന്നു. അറബി വാക്കുകളും തെറ്റായി വന്നിട്ടുണ്ട്‌‌.

നോവലിന്റെ പ്രധാനപോരായ്‌മയായി തോന്നിയത്‌ വിമോചനസ്വരമുയര്‍ത്താന്‍ കെല്‍പുള്ളവരുണ്ടായിട്ടും എല്ലാവരും രണ്ടാംയാമത്തിനപ്പുറം പോയില്ല എന്നതാണ്‌. ഇതൊക്കെതന്നെയാണ്‌ സ്‌ത്രീയുടെ ജീവിതം . ഇതിനപ്പുറം കടക്കാന്‍ കഴിയില്ല എന്ന മട്ടില്‍ അവസാനിച്ചു. എന്നാല്‍ നോവലിസ്‌റ്റിന്റെ യഥാര്‍ത്ഥജീവിതത്തില്‍ ഈ വിമോചനം വരുന്നുണ്ടുതാനും.

ഡിസി ബുക്‌സ്‌
വില 175 രൂപ

Monday, August 3, 2009

ആത്മവിദ്യാലയം

എന്നെങ്കിലുമൊരിക്കല്‍ കഥയെഴുതാനായാല്‍ അത്‌ വിശ്വഭാരതിയെക്കുറിച്ചാവണമെന്ന്‌‌ വിചാരിച്ചിരുന്നു. ആ പാരലല്‍ കോളേജില്‍ നിന്ന്‌ എനിക്കു ലഭിച്ച സന്തോഷമോ സങ്കടമോ ഏതുവേണം കഥയിലേക്ക്‌ കൊണ്ടുവരേണ്ടത്‌ എന്ന കാര്യത്തില്‍ മാത്രമായിരുന്നു സംശയമുണ്ടായിരുന്നത്‌‌. കഥാഘടനയിലേക്ക്‌ പിടിതരാതെ അതെന്നെ തോല്‌പിച്ചു കൊണ്ടിരുന്നു.

പവിത്രന്‍ സാറിന്റെ അഞ്ചേക്കര്‍ പറമ്പിന്റെ കിഴക്കേ അരികിലായിരുന്നു വിശ്വഭാരതി. റോഡില്‍ നിന്നു കടന്നുവരാന്‍ വലിയൊരു വഴിയുമുണ്ടായിരുന്നു. ആ പറമ്പിന്റെ നോട്ടക്കാരന്‍ കാസീമണ്ണന്‍ ഓരോ വര്‍ഷവും മുള്ളും കൊന്നപ്പത്തലും നാട്ടി വേലികെട്ടിയിരുന്നിട്ടും ഞങ്ങള്‍ പ്രധാന വഴിയെ അവഗണിച്ച്‌, വേലിപൊളിച്ച്‌ കുറുക്കു വഴിയേ നടന്നു. റബ്ബര്‍ തോട്ടത്തിന്റെ അരികിലൂടെ, രണ്ടു വലിയ മാവുകളുടെ ചുവട്ടിലൂടെ കപ്പക്കാലായുടെ ഇടയിലൂടെ......
തെക്കോട്ട്‌ റോഡിന്‌ അഭിമുഖമായി കോളേജ്‌ നിന്നു.
പകുതി ചെങ്കല്ലു പടുത്ത്‌‌ ബാക്കി കരിയോയില്‍ തേച്ച പനമ്പ്‌‌ മറ. നിലം പൊടിമണ്ണ്‌. കോറഷീറ്റു മേഞ്ഞ നീളന്‍ കെട്ടിടത്തില്‍ പനമ്പുകൊണ്ടു തിരിച്ച നാലുക്ലാസ്‌ മുറിയും ഓഫീസും.
ഒരു ക്ലാസ്‌ മുറിക്ക്‌ മാത്രം കുറച്ചധികം വലിപ്പമുണ്ട്‌‌. അത്‌ സ്‌കൂളില്‍ നിന്നു തോറ്റവര്‍ക്കുള്ള പത്താംക്ലാസാണ്‌. മറ്റു രണ്ടുമുറികള്‍ പ്രീഡിഗ്രികാര്‍ക്കുള്ളത്‌. ഒരു മുറി ഒഴിഞ്ഞു കിടന്നു.

ഒരുകാലത്ത്‌ നാട്ടിലെ ഒന്നാംകിട സ്ഥാപനമായിരുന്നു വിശ്വഭാരതി. അന്ന്‌ ഞങ്ങളുടെ നാട്ടിലെ ചെറുപ്പക്കാരുടെ ഉയര്‍ന്ന വിദ്യാഭ്യാസയോഗ്യത അവിടെ നിന്നു നേടിയ പ്രീഡിഗ്രിയായിരുന്നു. തുടര്‍ന്നു പഠിക്കാന്‍ കോതമംഗലത്തോ മൂവാറ്റുപുഴയിലോ പോകേണ്ടിയിരുന്നു. അപൂര്‍വ്വം ചിലര്‍ അങ്ങനെ പഠിക്കാന്‍ പോയി. മറ്റുള്ളവര്‍ പ്രീഡിഗ്രിയോടെ പഠനം അവസാനിപ്പിച്ച്‌ തൂമ്പയും വെട്ടുകത്തിയുമായി പറമ്പിലേക്കിറങ്ങി.

വലിയ ചരിത്രമൊന്നുമില്ല ഞങ്ങളുടെ നാടിന്‌. സംസ്ഥാന രൂപീകരണത്തിന്‌ തൊട്ടുമുമ്പ്‌ കുടിയേറി വന്ന കുറച്ച്‌ മനുഷ്യര്‍. സ്വന്തമായി ഭൂമിയും തൊഴിലുമില്ലാത്ത കുടുംബമായി ജീവിക്കുന്ന അധ്വാനിക്കാന്‍ ആരോഗ്യവുമുള്ളവര്‍ക്ക്‌ (ഇങ്ങനെയായിരുന്നു ഭൂമിക്ക്‌ അപേക്ഷിച്ചുകൊണ്ടുള്ള പത്രപ്പരസ്യം) പട്ടം താണുപിള്ള നല്‌കിയ കോളനിയുടെ ഒരു ഭാഗമായിരുന്നു ദേവിയാര്‍. പത്രം പരസ്യം കണ്ട്‌ തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള പ്രദേശത്തു നിന്നെത്തിയ എഴുപത്തിയേഴു കുടുംബങ്ങള്‍. മലബാറില്‍ നിന്ന്‌ ആരും വന്നില്ല. പിന്നെയും കൊച്ചുകൊച്ചു കോളനികളുടെ നാടായി ഞങ്ങളുടേത്‌. ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവുകൊണ്ട്‌ ഭൂമിയില്ലാതായവര്‍ക്ക്‌ കിട്ടിയ 20 സെന്റ്‌ കോളനി, ലക്ഷം വീട്‌ കോളനി, അങ്ങനെ അങ്ങനെ...കിട്ടിയ ഭൂമിയിലും അയല്‍ക്കാരന്റെ പറമ്പിലും അധ്വാനിച്ചു ജീവിക്കുകമാത്രമായിരിക്കണം അന്നത്തെ മാര്‍ഗം. ചുറ്റും വനവും പാറക്കെട്ടുകളും. അതിനപ്പുറത്തേക്കൊരു ലോകത്തെക്കുറിച്ച്‌ ചിന്തിക്കാന്‍ അശക്തരായിരുന്നിരിക്കണം. പള്ളിയും പള്ളിക്കൂടവുമൊക്കെ വളരെ പതുക്കെ വന്നതാണ്‌. അതുകൊണ്ടാവണം പലരും പഠനം പ്രീഡിഗ്രിയോടെ നിര്‍ത്തിപ്പോയത്‌.


വിശ്വഭാരതിയുടെ ആദ്യരൂപം കുറുക്കു വഴിയേ നടന്നു വരുമ്പോഴുള്ള മാവിന്‍ ചുവട്ടിലായിരുന്നത്രേ! അത്‌ ഡി സി കോളേജ്‌ എന്ന ഷെഡ്ഡായിരുന്നു. ഹൈസ്‌കൂള്‍ ട്യൂഷന്‍ മാത്രമായിരുന്നു ഉണ്ടായിരുന്നതെന്ന്‌്‌്‌ അന്നത്തെ വിദ്യാര്‍ത്ഥി കൂടിയായിരുന്ന പ്രസാദ്‌ സാര്‍ പറഞ്ഞു. ഡി സി കോളേജിന്റെ പൂര്‍ണ്ണരൂപം അന്നവിടെ പഠിച്ചവര്‍ക്കാര്‍ക്കുമറിയില്ലായിരുന്നന്നു! അവരുടെ ആലോചന റോഡിനപ്പുറത്തെ വീട്ടിലേക്ക്‌ കയറിചെന്നു. ആ വീട്ടുകാരിയുടെ പേര്‌ ദാക്ഷായണി എന്നായിരുന്നു. ഡി സിയുടെ പൂര്‍ണ്ണരൂപം വലിയൊരു കണ്ടുപിടുത്തമായിരുന്നു. 'ദാക്ഷായണി ചേച്ചി കോളേജ'‌.

മോളേക്കുടി കുഞ്ഞയ്യപ്പന്‍ചേട്ടന്റെ മക്കളോരുരത്തരായി പുറത്തുപോയി ബിരുദം നേടി വന്നു. അവര്‍ വിശ്വഭാരതി സ്ഥാപിച്ചു. കോട്ടയംകാരനായ പവിത്രന്‍ സാറിന്റെ പറമ്പില്‍ തറ വാടക കൊടുത്തുകൊണ്ട്‌‌.
ഡോക്ടറായ പവിത്രന്‍ സാറിനെ ഞങ്ങള്‍ കണ്ടിട്ടില്ല. പവിത്രന്‍ സാറിന്റെ അച്ഛന്‍ വക്കീല്‍ സാറിനേയും ഞങ്ങള്‍ കണ്ടിട്ടില്ല. പറമ്പിന്റെ ഉടമ നോട്ടക്കാരനെവെച്ചു. അയാളെ ഞങ്ങള്‍ കണ്ടു.

അടിമാലിയില്‍ ചില കോളേജുകള്‍ ഉണ്ടായിരുന്നിട്ടും ദേവിയാര്‍ സ്‌കൂളില്‍ വി എച്ച്‌ എസ്‌ സി വന്നതോടെയാണ്‌ വിശ്വഭാരതിയുടെ ഒന്നാംസ്ഥാനം നഷ്ടപ്പെട്ടത്‌. മാര്‍ക്കുള്ളവരൊക്കെ അങ്ങോട്ടുപോകും. ചിലര്‍ അടിമാലിക്ക്‌ വണ്ടി കയറും. അവിടെ ലോഗോസും വിക്ടറിയും കോ-ഓപ്പറേറ്റീവ്‌ കോളേജും സ്റ്റെല്ലാമേരീസുമൊക്കെയുണ്ട്‌‌. രണ്ടു സിനിമാ തീയറ്ററുകളുണ്ട്‌. ഇഷ്ടംപോലെ ഹോട്ടലുകളുണ്ട്‌.
ഇതൊന്നും ഞങ്ങളുടെ കുഗ്രാമത്തിലില്ല. പത്താംക്ലാസ്‌ തോറ്റവരും വി എച്ച്‌ എസ്‌ സിയില്‍ പ്രവേശനം കിട്ടാത്തവരും അടിമാലിയിലെ പാരലല്‍കോളേജുകളിലേക്ക്‌‌ പോകാത്തവരുമാണ്‌ പിന്നെ വിശ്വഭാരതിയിലെ വിദ്യാര്‍ത്ഥികള്‍.
40 കിലോമീറ്റര്‍ അപ്പുറത്ത്‌‌ കോതമംഗലത്താണ്‌ അടുത്തുള്ള റെഗുലര്‍ കോളേജ്‌. അവിടെയൊരു കോളേജുണ്ടെന്നുപോലും ഞങ്ങള്‍ വിചാരിക്കാന്‍ പാടില്ല. എല്ലാതരത്തിലും അത്രയേറെ അകലെയാണത്‌.

ഡെബിറ്റും ക്രെഡിറ്റും

എട്ടാംക്ലാസു മുതല്‍ തുടങ്ങിയതാണ്‌ എനിക്ക്‌ വിശ്വഭാരതിയുമായുള്ള ബന്ധം. വൈകിട്ടത്തെ ട്യൂഷന്‍. മെയ്‌മാസത്തിലെ ഇംഗ്ലീഷ്‌, ഹിന്ദി ഗ്രാമര്‍ ക്ലാസ്സ്‌.....
പത്താംക്ലാസു ജയിച്ചപ്പോള്‍ എനിക്കു മുന്നില്‍ രണ്ടു തെരഞ്ഞെടുപ്പാണുണ്ടായിരുന്നത്‌. വിശ്വഭാരതി എന്ന പാരലല്‍ കോളേജ്‌ അല്ലെങ്കില്‍ വി എച്ച്‌ എസ്‌ സി.

രണ്ട്‌ വി. എച്ച്‌. എസ്‌. സികളില്‍ പ്രവേശനം ലഭിച്ചിട്ടും എനിക്കെന്തോ വിശ്വഭാരതിയെ വിട്ടുപോകാനായില്ല. മൂന്നുവര്‍ഷമായി ട്യൂഷനു പോയുണ്ടായ ആത്മബന്ധം.

പാരലല്‍ കോളേജില്‍ പഠിക്കുന്നതിന്‌ പല ന്യായങ്ങളും എനിക്കുണ്ടായിരുന്നു. വി. എച്ച്‌. എസ്‌. സി ക്ക്‌ പി.എസ്‌. സി അംഗീകാരമില്ല. ഡിഗ്രിക്ക്‌ റഗുലര്‍ കോളേജില്‍ പ്രവേശനം ലഭിക്കാന്‍ ബുദ്ധിമുട്ടാണ്‌ അങ്ങനെ പലതും.

വിശ്വഭാരതിയിലെ പ്രവേശനം അനുഗ്രഹമായിട്ടാണ്‌ ഇപ്പോഴെനിക്ക്‌ തോന്നാറ്‌. അവിടെ അല്ലായിരുന്നെങ്കില്‍ മുറുക്കുന്നത്തയോടൊപ്പം നില്‌ക്കാന്‍, ചികിത്സ പഠിക്കാനും ചെയ്യാനും സാധിക്കില്ലായിരുന്നു.

എങ്കിലും വിശ്വഭാരതിയിലെ പ്രീഡിഗ്രി ഫോര്‍ത്ത്‌ ഗ്രൂപ്പു പഠനം എന്നെ വല്ലാതെ വിഷമിപ്പിച്ചു കളഞ്ഞു. അക്കൗണ്ടന്‍സി, കൊമേഴ്‌സ്‌ എന്നീ വിഷയങ്ങളുടെ പേരുതന്നെ ആദ്യമായി കേള്‍ക്കുകയായിരുന്നു. പത്തുവരെ മലയാളം മീഡിയത്തില്‍ പഠിച്ചിട്ട്‌ എല്ലാവിഷയവും ഇംഗ്ലീഷിലേക്ക്‌ മാറിയത്‌ അതിലും വലിയ പ്രശ്‌നം. ഹൈസ്‌കൂള്‍ ഹെസ്‌കൂള്‍ ക്ലാസുകളില്‍ അധ്യാപകന്‍ മനോഹരമായി മലയാളം പഠിപ്പിച്ചതുകൊണ്ട്‌്‌്‌ സാഹിത്യത്തോട്‌ അല്‌പം ഭ്രമമൊക്കെ തുടങ്ങിയ കാലം. പ്രീഡിഗ്രിക്ക്‌്‌്‌ സെക്കന്റ്‌ ലാഗ്വേജ്‌ ഹിന്ദിയായിരുന്നു. അതോടൊപ്പം ഒരു തരത്തിലും മണ്ടയില്‍ കയറാത്ത ഡെബിറ്റും ക്രെഡിറ്റും. ശരിക്കു പറഞ്ഞാല്‍ 'ടാലി'യാകാത്ത അവസ്ഥ.


കോളേജുമുറ്റത്തിനപ്പുറത്ത്‌ തെങ്ങുകള്‍ക്കിടയില്‍ കപ്പയായിരുന്നു. സഹപാഠി ചന്തുവിന്‌ നല്ല ഉന്നമായിരുന്നു. ഒരു ദിവസം വെറുതെ തെങ്ങിന്‍ മണ്ടയിലേക്കെറിഞ്ഞു നോക്കിയതാണ്‌. ആദ്യ ഏറില്‍ തേങ്ങ വീണു. പക്ഷേ, പൊതിച്ചെടുക്കാന്‍ ആയുധമില്ല. ചന്തുവും പൂമോനും കന്നയ്യയും റബ്ബര്‍തോട്ടത്തിനിടയിലേക്ക്‌ തേങ്ങയുമായി ഓടി. അവിടെ ഉണ്ടായിരുന്ന മരക്കുറ്റിയിലും കല്ലിലും ഇടിച്ചും ചതച്ചുമൊക്കെ തേങ്ങ പൊട്ടിച്ചു. അങ്ങനെ ഒരു കുല തേങ്ങ മുഴുവന്‍ ചന്തുവിന്റെ ഏറില്‍ വീണു.
ഒരു ദിവസം പ്രസാദ്‌ സാര്‍ ഞങ്ങളെ തൊണ്ടിയോടെ പിടികൂടി. എറിഞ്ഞു വീഴ്‌ത്തിയതാണെന്ന്‌ അറിഞ്ഞില്ലെന്നു തോന്നുന്നു. വീണതെടുത്തതാവാം എന്നു കരുതിയാവണം ഒന്നും പറഞ്ഞില്ല. പക്ഷേ, പങ്കുതരാന്‍ ഓഫീസിലേക്ക്‌ കൊണ്ടുവരരുതെന്നു മാത്രം പറഞ്ഞു.
ഒരുനാള്‍ ഉച്ചക്ക്‌ ചോറുണ്ട്‌ പാത്രം കഴുകാന്‍ അടുത്ത പറമ്പിലെ ഓലിയിലേക്ക്‌ പോകുമ്പോള്‍ നിലത്തേക്കുവരെ പടര്‍ന്നു പന്തലിച്ച കൊക്കോമരത്തിനടിയില്‍ ഒരനക്കം. പത്തുപന്ത്രണ്ടുമുട്ടയുമായി ഒരു കോഴി. തിരിച്ചു വരുമ്പോള്‍ ഓരോരുത്തരും മുട്ടകള്‍ പാത്രത്തിലാക്കി. സാര്‍ അതു കണ്ടു.
പിള്ളേരല്ലേ...അദ്ദേഹം വിട്ടു കളഞ്ഞു. പക്ഷേ, പിറ്റേന്ന്‌ ഉച്ചക്ക്‌ ഉണ്ണാനിരിക്കുമ്പോള്‍ ഓഫീസിലേക്ക്‌ പൊതിയുമായി കടന്നുചെന്നു.
സാറേ, ഇന്നലത്തെ മൊട്ട വറുത്തത്‌.....



കൊഴിഞ്ഞുപോകുന്ന ആണ്‍കുട്ടികള്‍

കുഗ്രാമങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക്‌ പാരലല്‍ കോളേജുകള്‍ നല്‍കുന്ന സേവനം കുറച്ചൊന്നുമല്ല. ദൂരത്തൊന്നും പോയി പഠിക്കാന്‍ കഴിയാത്തവരാകും പലരും. അധ്യാപകര്‍ക്ക്‌്‌്‌ ഒരു സ്ഥിരജോലി കിട്ടും വരെ ചെറിയ വരുമാനം. ഉച്ചഭക്ഷണം കൊണ്ടുവരാത്ത അധ്യാപകരായിരുന്നു അധികവും. ഒരിക്കലും അവരുടെ ജീവിതം നിറപ്പകിട്ടാര്‍ന്നതായിരുന്നില്ല. കറുപ്പു ബ്ലൗസിനു മുകളില്‍ പിഞ്ഞി നിറം മങ്ങിയ സാരിയുടുത്തു വന്ന ടീച്ചര്‍ ഓരോ ദിവസവും വലിയൊരു മലയിറങ്ങിയും കയറിയുമാണ്‌ ഞങ്ങള്‍ക്കു മുന്നിലെത്തിയത്‌്‌.

ഉച്ചയൂണു കഴിക്കാത്ത ഒരധ്യാപകന്‍ പറഞ്ഞത്‌ വായിക്കാനും പഠിക്കാനുമൊക്കെ ഒരുപാട്‌ ഊര്‍ജ്ജം കിട്ടുന്നുവെന്നാണ്‌! ഭക്ഷണം രണ്ടുനേരത്തേക്ക്‌ ചുരുക്കുമ്പോള്‍ ഉറക്കം കുറയുമത്രേ! രാത്രി രണ്ടുമണിവരെയൊക്കെ ഇരുന്നു വായിക്കാം. പി എസ്‌ സി പരീക്ഷക്ക്‌ തയ്യാറെടുക്കാം. പ്രയാസങ്ങളെ തരണം ചെയ്യാന്‍ ഉപയോഗിച്ച ഈ വാക്കുകള്‍ കുറച്ചൊന്നുമല്ല എന്നെ ചിന്തിപ്പിച്ചിട്ടുള്ളത്‌.

തുടക്കത്തില്‍ 25 കുട്ടികളുണ്ടായിരുന്നത്‌ കുറയാന്‍ തുടങ്ങി. മലപ്പുറത്തെപ്പോലെ പെണ്‍കുട്ടികളുടെ കൊഴിഞ്ഞുപോക്കായിരുന്നില്ല അത്‌. പോയതെല്ലാം ആണ്‍കുട്ടികള്‍. അവര്‍ പോയത്‌ പറമ്പിലേക്കായിരുന്നു. രണ്ടുപേര്‍ ഡ്രൈവിംഗിനും. രണ്ടുവര്‍ഷത്തെ പകലുകള്‍ വെറുതേ കളയേണ്ടെന്ന്‌ അവര്‍ പ്രായോഗികമായി ചിന്തിച്ചു.
പഠിക്കാന്‍ മിടുക്കരായ ഒരുപാടുപേരുണ്ടായിരുന്നു നിര്‍ത്തിപ്പോയവരില്‍. പലര്‍ക്കും ലക്ഷ്യം മുന്നിലില്ലായിരുന്നതാവണം പ്രധാന പ്രശ്‌നം. ലക്ഷ്യത്തിലെത്താനുള്ള സാഹചര്യങ്ങളൊന്നും അനുകൂലമായിരുന്നില്ലെന്നുവേണം കരുതാന്‍?

മുമ്പ്‌്‌ ദേവിയാറില്‍ അപ്പര്‍ പ്രൈമറി സ്‌്‌കൂളാണുണ്ടായിരുന്നത്‌. അന്നു പലരും ഏഴാംക്ലാസോടെ അവസാനിപ്പിച്ചു. അടിമാലിക്ക്‌ നടക്കാന്‍ വയ്യാത്തതുകൊണ്ട്‌്‌്‌, ബസ്സിനുപോകാന്‍ പണമില്ലാത്തതുകൊണ്ട്‌്‌ പറമ്പിലേക്കു പോയവര്‍.........അഞ്ചാറുകൊല്ലം കഴിഞ്ഞ്‌ ഹൈസ്‌കൂള്‍ അനുവദിച്ചപ്പോള്‍ വീണ്ടും ചേര്‍ന്ന്‌ ഡോക്ടറായവര്‍ വരെയുണ്ട്‌ കണ്‍മുമ്പില്‍. ആറിനക്കരെ നിന്നു വരുന്നവര്‍ക്ക്‌്‌്‌ പാലമില്ലായിരുന്നു. മഴക്കാലത്ത്‌ ചങ്ങാടത്തിലായിരുന്നു കുട്ടികള്‍ അക്കരെയിക്കരെ കടന്നത്‌. വീടും സ്‌കൂളും ആറിനിക്കരെയായിരുന്നതുകൊണ്ട്‌ ഈ ചങ്ങാടത്തില്‍ കയറിയുള്ള യാത്രയ്‌ക്ക്‌ എനിക്ക്‌്‌ ഭാഗ്യമുണ്ടായില്ല. ചങ്ങാടം പൊളിഞ്ഞ്‌ ഒഴുകിപ്പോയ ഒരു പെണ്‍കുട്ടിയെ രക്ഷിക്കാന്‍ മലവെള്ളത്തിലേക്കെടുത്തു ചാടിയവരെ ഓര്‍മയുണ്ട്‌്‌്‌. പിന്നെ പാലം വന്നു.



ഓര്‍മവെക്കുമ്പോഴെ ആറിനക്കരെ വിശ്വഭാരതിയുണ്ട്‌. അവിടെ എന്തെങ്കിലും പരിപാടി നടക്കുമ്പോള്‍ സ്‌പീക്കറിന്റെ ശബ്ദം കേള്‍ക്കുമ്പോഴേ ഓടുമായിരുന്നു. വൈകിട്ടാണു പരിപാടിയെങ്കിലും രാവിലെ തൊട്ട്‌ പലവട്ടം പോയി നോക്കും. എത്ര പറഞ്ഞാലും വിശ്വാസം വരാത്തപോലെ....അന്നൊക്കെ വിചാരിക്കും വലുതാവുമ്പോള്‍ ഇവിടെ പഠിക്കണമെന്ന്‌്‌്‌.
വിശ്വഭാരതിയുടെ സ്ഥാപകനായ സുകുമാരന്‍ സാറിനെ കണ്ടോര്‍മയില്ല. നേര്യമംഗലത്തു നിന്നും നാട്ടില്‍ തന്നെയുള്ള അഭ്യസ്‌തവിദ്യരായിരുന്നവരുമായ കുറേ ചെറുപ്പക്കാര്‍ ഇവിടുത്തെ അധ്യാപകരായി. അവരില്‍ പലരും പി എസ്‌ സി എഴുതി പോലീസും ക്ലാര്‍ക്കുമൊക്കെയായി.

സുകുമാരന്‍ സാറിന്റെ കൊമേഴ്‌സ്‌്‌്‌്‌്‌്‌്‌്‌ പഠിച്ച അനിയന്മാര്‍ ഞങ്ങളെ പഠിപ്പിച്ചത്‌ ഇംഗ്ലീഷായിരുന്നു . വിശ്വഭാരതിയില്‍ പഠിച്ച ഇംഗ്ലീഷ്‌ ഗ്രാമറിനപ്പുറത്തേക്ക്‌ ഞാനൊന്നും പഠിച്ചില്ല. മൂന്നുദിവസംകൊണ്ട്‌ മഹാഭാരത കഥ മുഴുവന്‍ പറഞ്ഞു തന്നിട്ടാണ്‌ പത്താംക്ലാസിലെ ഇംഗ്ലീഷ്‌ പാഠപുസ്‌തകത്തിലെ Passing of Bhishma എന്ന പാഠം ട്യൂഷനെടുത്തു തുടങ്ങിയത്‌്‌ .

ഷേക്‌സ്‌പിയറിനെക്കുറിച്ച്‌ ചെറിയൊരു പാഠം പഠിപ്പിക്കുന്നതിനുവേണ്ടി ഷേക്‌സിപിയറിന്റെ എല്ലാകൃതികളുടേയും കഥ ഞങ്ങള്‍ക്ക്‌്‌ പറഞ്ഞു തന്നു. ലോകക്ലാസിക്കുകള്‍ മുഴുവന്‍ രണ്ടുവര്‍ഷംകൊണ്ട്‌്‌്‌ വായിക്കാതെ ഞങ്ങള്‍ കേട്ടു. സാഹിത്യം പതിയെ പതിയെ എന്റെ മനസ്സിലേക്ക്‌ കടന്നു വരാന്‍ തുടങ്ങി.


അക്കൗണ്ടന്‍സിയും കൊമേഴ്‌സും പോലെ പേരുകൊണ്ടുതന്നെ ദഹിക്കാത്തതായിരുന്നു ഇക്കണോമിക്‌സും. ഇക്കണോമിക്‌സ്‌ പഠിപ്പിച്ചിരുന്നത്‌ വിശ്വഭാരതിയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായിരുന്നു. മലയാളസാഹിത്യത്തെക്കുറിച്ച്‌, ആനുകാലികങ്ങളിലെ രചനകളെ കുറിച്ച്‌, സാഹിത്യ വാരഫലത്തെക്കുറിച്ചുമൊക്കെ സംസാരിക്കുമായിരുന്ന ഇക്കണോമിക്‌സ്‌ അധ്യാപകന്‍ ഒ. എന്‍ വിയുടെ ആരാധകനായിരുന്നു . മലയാള സാഹിത്യലോകത്തെ വിശേഷങ്ങള്‍ക്കിടയിലൂടെ അല്‌പാല്‌പമായി നല്‌കിയ ഇക്കണോമിക്‌സ്‌ പതുക്കെ പതുക്കെ ദഹിക്കാന്‍ തുടങ്ങി.

മാസത്തില്‍ ഒന്നോ രണ്ടോ ദിവസമാണ്‌ പത്താംക്ലാസുകാര്‍ക്ക്‌ മലയാളം പഠിപ്പിക്കാന്‍ നേര്യമംഗലത്തുനിന്ന്‌ അരവിന്ദന്‍ എന്ന അധ്യാപകന്‍ എത്തിയിരുന്നത്‌. അദ്ദേഹം സര്‍ക്കാരുദ്യോഗസ്ഥനായിരുന്നു. ശനിയാഴ്‌ചകളിലാണധികവും ക്ലാസ്സെടുക്കാനെത്തിയിരുന്നത്‌. മറ്റേതെങ്കിലും ദിവസമാണ്‌ വരുന്നതെങ്കില്‍ അടുത്തക്ലാസിലെ അധ്യാപകര്‍ പഠിപ്പിക്കല്‍ നിര്‍ത്തി അരവിന്ദന്‍സാറിന്റെ ക്ലാസിലേക്ക്‌ ശ്രദ്ധിക്കുമായിരുന്നു. അത്രത്തോളം അധ്യാപനത്തില്‍ ഇഴുകിച്ചേര്‍ന്നിരുന്നു അദ്ദേഹം. തൊട്ടടുത്ത ക്ലാസ്സിലിരുന്നപ്പോഴും മുമ്പ്‌ ട്യൂഷനു വരുമ്പോഴുമൊക്കെ ആ ക്ലാസിലേക്ക്‌ കയറി ചെല്ലണമെന്ന്‌ എനിക്ക്‌്‌്‌ തോന്നിയിട്ടുണ്ട്‌്‌്‌. പ്രീഡിഗ്രിക്കാര്‍ക്കുകൂടി മലയാളം പഠിപ്പിക്കാന്‍ അദ്ദേഹത്തിനു സമയമില്ലാത്തതുകൊണ്ടാണ്‌ ഞങ്ങള്‍ക്ക്‌്‌്‌ ഹിന്ദിയുമായി പൊരുത്തപ്പെടേണ്ടി വന്നത്‌.




പനമ്പു മറയുടെ അളികളടരുമ്പോള്‍?..
മഴയത്ത്‌ കോറഷീറ്റിന്റെ ഇടയിലൂടെ വെള്ളം ചോര്‍ന്നൊലിക്കും. വലിയ വിടവാണെങ്കില്‍ പാള തിരുകി വെക്കും. ചിലപ്പോള്‍ അടക്കാമരവാരിയില്‍ ചെറിയൊരു കല്ലെടുത്തുവെച്ച്‌ മഴവെള്ളത്തെ തടഞ്ഞു.

വീട്‌ ആറിനക്കരെയായതുകൊണ്ട്‌‌ മഴക്കാലത്ത്‌‌ കുറച്ചകലെയുള്ള പാലം കടന്നുവേണമായിരുന്നു എത്താന്‍. ചിലപ്പോള്‍ പുസ്‌തകങ്ങള്‍ പ്ലാസ്റ്റിക്‌ കൂടില്‍ കെട്ടി നീന്തിക്കടന്നു പോയിട്ടുണ്ട്‌‌. തിരിച്ചും. അമ്മച്ചി ജോലിസ്ഥലത്തായിരുന്നതുകൊണ്ട്‌ മഴക്കാലത്തെ കത്തുകളിലൊക്കെ തോട്ടില്‍ കുളിക്കാന്‍ പോകരുതേ, മലവെള്ളം വരും എന്നൊക്കെയായിരിന്നു എഴുതിയിരുന്നത്‌്‌. ഈ അമ്മച്ചിക്കെന്തുപേടിയാണെന്നു ചിന്തിച്ച്‌ മലവെള്ളം വന്നപ്പോഴൊക്കെ നീന്തിക്കടന്നു.


രണ്ടും മൂന്നും മലകള്‍ കയറിയിറങ്ങി, ഈറ്റക്കാടുകളും യൂക്കാലിതോട്ടങ്ങളും താണ്ടി കൈത്തോടുകളും ആറും കടന്നാണ്‌‌ കൂട്ടുകാര്‍ പലരുമെത്തിയിരുന്നത്‌‌. ക്ലാസിലെത്തിയാല്‍ ഇരിക്കില്ല. കൂനിപ്പിടിച്ച്‌്‌ നില്‌ക്കും. അവരുടെ നനഞ്ഞൊട്ടിയ പാവാടത്തുമ്പുകളില്‍ നിന്ന്‌ വെളളം ഇറ്റിറ്റു വീണുകൊണ്ടിരിക്കും. ഒപ്പം രക്തം കുടിച്ചുവീര്‍ത്ത തോട്ടപ്പുഴുക്കളും നിലത്തു വീഴും. പലരുടേയും കാലില്‍ ഉണങ്ങാത്ത വലിയ വ്രണങ്ങളുണ്ടാവും. തോട്ടപ്പുഴു കടിക്കുന്നതാണ്‌. രക്തം കുടിച്ചു വീര്‍ത്ത്‌ തനിയേ വീണാല്‍ കുഴപ്പമില്ല. പക്ഷേ, കടിച്ചിരിക്കുന്നിടത്തുനിന്ന്‌ വലിച്ചെടുത്താല്‍ കൊമ്പ്‌ മാംസത്തില്‍ തന്നെയിരിക്കും. ഇതു പഴുക്കും. വ്രണമാവും


ഞാന്‍ ക്ലാസില്‍ രണ്ടാമത്തെ ബഞ്ചില്‍ പനമ്പുമറയോട്‌ ചേര്‍ന്നാണിരുന്നത്‌. തെക്ക്‌ റോഡിന്‌ അഭിമുഖമായി. പത്താംക്ലാസു പടിഞ്ഞാറോട്ടും...
സംഗതി പനമ്പിന്റെ അളി ഒന്ന്‌ നീങ്ങിയപ്പോള്‍ ഇത്തിരിപോന്ന ഓട്ടയിലൂടെ എനിക്കവനെ കാണാമെന്നായി.
ഒരളികൂടി ഞാന്‍ അടര്‍ത്തി മാറ്റി. പഠിപ്പിക്കുന്നതിനിടയിലും മെല്ലെ അതിലെ ഒരു നോട്ടം...ഞങ്ങളുടെ ക്ലാസ്സിലെ പല പയ്യന്മാര്‍ക്കും പത്താംക്ലാസ്സില്‍ കണ്ണുള്ളതുകൊണ്ട്‌ പനമ്പു മറയില്‍ പലയിടത്തും അളികടര്‍ന്നു പോയി.
പനമ്പുമറയിലെ അളികള്‍ വീണ്ടും വീണ്ടും അടര്‍ന്നു. അത്യാവശ്യം ഒരു കൈ കടന്നു പോകാന്‍ പാകത്തിനുള്ള വട്ടം.
അന്ന്‌ പ്രണയദിനമായിരുന്നോ എന്തോ? ...ഫെബ്രുവരിയായിരുന്നെന്ന്‌ ഓര്‍മയുണ്ട്‌.
പതിവുപോലെ നേരത്തെ ക്ലാസിലെത്തി. എന്റെ ക്ലാസ്സില്‍ ഞാന്‍ മാത്രം അപ്പോള്‍. പത്താംക്ലാസ്സില്‍ വന്നവരൊക്കെ പുറത്താണ്‌. മെല്ലെ അവന്‍ പനമ്പുമറയ്‌ക്കപ്പുറം വന്നു നിന്നു വിളിച്ചു.
ഞാന്‍ അളി അടര്‍ന്ന വട്ടത്തിലൂടെ നോക്കി. എനിക്കു നേരെ വരുന്നു ഒരു പനിനീര്‍പൂവ്‌..

അത്‌ ചെറിയൊരു പാത്രത്തിലാക്കി ഞാന്‍ സൂക്ഷിച്ചു വെച്ചു......



മലയാളത്തോടുള്ള സ്‌നേഹം ഉള്ളിലടക്കി ഹിന്ദി പഠിക്കാനിരുപ്പോഴാണ്‌ ഒരു നാടകത്തിലൂടെ കന്നയ്യ ഞങ്ങള്‍ക്കു മുമ്പില്‍ വന്നത്‌്‌. ആ ഹിന്ദിനാടകം ഞങ്ങളെകൊണ്ട്‌ ടീച്ചര്‍ അഭിനയിപ്പിക്കാന്‍ നോക്കിയപ്പോള്‍ കന്നയ്യയാവാന്‍ തയ്യാറായത്‌ സജീവ്‌ ആയിരുന്നു. പിന്നീട്‌ അവന്‍ കന്നയ്യ മാത്രമായി. ഇപ്പോഴും. ഇക്കണോമിക്‌സ്‌ ക്ലാസ്സിലെ മലയാളസാഹിത്യവും ഇംഗ്ലീഷ്‌ ക്ലാസ്സിലെ വിശ്വസാഹിത്യവുമൊക്കെ കേട്ട്‌ എഴുത്തിനോട്‌ താത്‌പര്യം തുടങ്ങിയിരുന്നു അപ്പോഴേക്കും.

നോട്ടുബുക്കിന്റെ പിന്‍താളുകളില്‍ പൊട്ടക്കവിതകളും മണ്ടന്‍ ചിന്തകളും കുറിച്ചുവെക്കാന്‍ തുടങ്ങി. അവയൊക്കെ എന്റെ കൂട്ടുകാര്‍ കണ്ടുപിടിച്ചു. അവര്‍ വീണ്ടുമെഴുതാന്‍ ആവശ്യപ്പെട്ടു. അതു പക്ഷേ, പ്രണയലേഖനങ്ങളുടെ രൂപത്തിലായിരുന്നെന്നു മാത്രം. ഇഷ്ടമുള്ളൊരാളിന്‌ എഴുതികൊടുക്കാന്‍ ധൈര്യമില്ലാതിരുന്നതുകൊണ്ട്‌ ആ വരികള്‍ അവര്‍ക്കുവേണ്ടി ഞാന്‍ പകര്‍ത്തി.

നടന്നുപോകാവുന്ന കുത്തിയിലേക്കായിരുന്നു ഞങ്ങളുടെ വിനോദയാത്ര. അവിടെ നിന്നാല്‍ താഴെ നേര്യമംഗലം കാടുകള്‍ക്കിടയിലൂടെ പെരിയാറൊഴുകുന്നതു കാണാം. ലോവര്‍ പെരിയര്‍ ഹൈഡ്രോ ഇലക്ട്രിക്‌ പ്രോജക്ടിന്റെ പണി നടക്കുന്നതു കാണാം. ഇടുക്കി റോഡിലൂടെ തീപ്പട്ടി വലിപ്പത്തില്‍ പോകുന്ന വാഹനങ്ങള്‍ കാണാം. നേര്യമംഗലം പാലത്തിന്റെ ആര്‍ച്ചുകള്‍, നവോദയ വിദ്യാലയത്തിന്റെ വാട്ടര്‍ടാങ്ക്‌....

കുതിരകുത്തിക്കു മുകളിലെ കശുമാവിന്‍ തോട്ടത്തിലെ തണുപ്പ്‌...കണ്ണിമാങ്ങകള്‍...നെറുകയില്‍ നിന്നു കാല്‍വഴുതിയാല്‍ പൊടിപോലും കിട്ടില്ലെന്ന വര്‍ത്തമാനങ്ങള്‍..






കരിദിനത്തിന്റെ ഓര്‍മയ്‌ക്ക്‌‌
വിശ്വഭാരതിയെക്കുറിച്ചുള്ള കഥയെക്കുറിച്ചോര്‍ക്കുമ്പോഴൊക്കെ രണ്ടു പെണ്‍കുട്ടികള്‍ റബ്ബര്‍ തോട്ടത്തിനു നടുവില്‍ ഒറ്റക്കു നില്‌ക്കുന്നതും അവരുടെ കഴുത്തു ഞെരിക്കാന്‍ പാകത്തില്‍ കുറേ കൈകള്‍ ഉയര്‍ന്നു വരുന്നതും ഞാന്‍ കണ്ടു. അപ്പോഴൊക്കെ റബ്ബര്‍ തോട്ടമല്ല അവിടം കൊടും കാടാണെന്നും ചുററും ഇരുട്ടും മുള്‍ച്ചെടികളും മുരള്‍ച്ചകളും മാത്രമാണെന്നും സങ്കല്‌പിച്ചു. രക്ഷപ്പെടാനാവാതെ ശ്വാസംമുട്ടി നെഞ്ചുപൊട്ടി....

ഒക്ടോബറോടെയാണ്‌ പുതിയൊരാള്‍ ഞങ്ങളുടെ ക്ലാസില്‍ വന്നു ചേര്‍ന്നത്‌്‌. അവന്‍ വന്നതിന്റെ മൂന്നാംദിവസം. ഉച്ചത്തെ ഇടവേള സമയത്ത്‌്‌ റോജാപാക്കാണെന്നു പറഞ്ഞ്‌ ഒരുതരം പൊടി വിതരണം ചെയ്‌തത്‌്‌. റോജ പാക്കിന്റെ പാക്കറ്റുകള്‍ കണ്ടിട്ടുണ്ട്‌. പക്ഷേ ഉള്ളിലുള്ളത്‌ കണ്ടിട്ടില്ല. രുചിച്ചിട്ടില്ല.
വായ്‌ക്ക്‌ നല്ല സുഗന്ധം കിട്ടും എന്നവന്‍ പറഞ്ഞപ്പോള്‍ അവിശ്വസിച്ചില്ല. ഒരു നുള്ള്‌ വായിലിട്ടു. അപ്പോഴാണ്‌ മറ്റൊരാള്‍ അതു വായിലിടരുതേ..അത്‌ തമ്പാക്കാണ്‌, ചുണ്ടിനിടയിലാണ്‌ വെക്കേണ്ടതെന്ന്‌ പറഞ്ഞത്‌. ഞാന്‍ തുപ്പി. എന്നാല്‍ അതുകേട്ടശേഷം ചുണ്ടിനിടയില്‍ വെച്ചവരുണ്ട്‌്‌്‌. ഉച്ചക്കു ശേഷം ഹിന്ദി ക്ലാസായിരുന്നു. തലക്ക്‌ പെരുപ്പ്‌. മന്ദത. എല്ലാവരും ക്ലാസു ശ്രദ്ധിക്കാതെ ഡസ്‌കിലേക്ക്‌ തലവെച്ച്‌ മയങ്ങി.

'ഇന്നെന്താ എല്ലാവര്‍ക്കുമൊരു മയക്കം?'- ടീച്ചര്‍ ചോദിച്ചു .
തമ്പാക്കടിച്ച്‌ കിറുങ്ങിയതാണെന്ന്‌ തമാശ മട്ടിലാണ്‌ ഞാന്‍ പറഞ്ഞത്‌. ടീച്ചര്‍ അത്‌ ഗൗരവമായിട്ടെടുക്കും എന്നൊരു ചിന്തയേ മനസ്സില്‍ വന്നില്ല.
പിന്നെയെല്ലാം പെട്ടെന്നായിരുന്നു.

പ്രിസിപ്പാളിന്റെ 'ആരാടീ തമ്പാക്കടിച്ചു കിറുങ്ങി'യതെന്ന ചോദ്യത്തിനു മുന്നില്‍ മുന്‍ബഞ്ചിലെ തലപ്പത്തിരുന്ന പെണ്‍കുട്ടിമാത്രം എഴുന്നേറ്റു. ഞാനും. മറ്റാരും എഴുന്നേറ്റില്ല. അവളോടും എന്നോടും ആരാണ്‌ നല്‍കിയതെന്നു ചോദിച്ചപ്പോള്‍ ചന്തുവും പൂമോനുമാണ്‌ നല്‍കിയതെന്നു പറഞ്ഞു.

പിന്നീട്‌ ചോദ്യമൊന്നുമുണ്ടായില്ല. വിശ്വഭാരതിയുടെ പനമ്പുവാതില്‍ ഞങ്ങള്‍ക്കു മുന്നില്‍ അടഞ്ഞു.
എനിക്കെന്തൊക്കെയോ പറയണമെന്നുണ്ടായിരുന്നു. പക്ഷേ, ആരും കേള്‍ക്കാനില്ല. പുറത്താക്കിയിട്ട്‌ വീട്ടിലേക്കു പോകുന്നതിനേക്കുറിച്ച്‌ ആലോചിക്കാന്‍ വയ്യ.

പിറ്റേന്ന്‌ കോളേജില്‍ പോയി നോക്കി. പരിസരത്തേക്കുകൂടി അടുപ്പിച്ചില്ല. ഞാനും കൂട്ടുകാരിയും റബ്ബര്‍ തോട്ടത്തിനു നടുവില്‍ പോയിരുന്നു. എന്തൊക്കെയോ ആലോചിച്ചു കൂട്ടി. കോളേജില്‍ പോകുവാണെന്നു പറഞ്ഞ്‌ വീട്ടില്‍ നിന്നിറങ്ങിയിട്ട്‌ തെരുവപ്പുല്ലും കൊങ്ങിണിയും പടര്‍ന്നുപിടിച്ച തോട്ടത്തിനു നടുവില്‍...
കൈക്കും കാലിനും വിറയല്‍.....ആ വിറയലിനിടയിലാണ്‌ ചന്തുവിനെയും പൂമോനെയും കണ്ടത്‌. എഴുന്നേറ്റോടണമെന്നു തോന്നി. അവരും ഞങ്ങളെപ്പോലെയാണെന്ന്‌ തിരിച്ചറിഞ്ഞു.

നാടു മുഴുവന്‍ പാട്ടായി. തമ്പാക്ക്‌ മയക്കുമരുന്നും കഞ്ചാവും ബ്രൗണ്‍ ഷുഗറുമൊക്കെയായി നാട്ടുകാര്‍ മാറ്റിയിരുന്നു.

വിശ്വഭാരതിയെ തകര്‍ക്കാന്‍ കാത്തിരുന്ന മറ്റ്‌ പാരലല്‍ കോളേജുകാര്‍ അവസരം ശരിക്കു മുതലെടുത്തെന്നാണ്‌ കേട്ടത്‌്‌....


കോളേജിനു മുന്നില്‍ കപ്പയായിരുന്നതുകൊണ്ട്‌്‌്‌ കപ്പക്കോളേജെന്നും പനമ്പില്‍ കരിയോയില്‍ പൂശിയിരുന്നതുകൊണ്ട്‌ കരിയോയില്‍ കോളേജെന്നും അറിയപ്പെട്ടിരുന്ന ഞങ്ങളുടെ വിശ്വഭാരതിക്ക്‌്‌്‌ പുതിയ പേര്‌ കിട്ടി. 'തമ്പാക്ക്‌ കോളേജ്‌'.





വിശ്വസര്‍വ്വകലാശാലകളായ പാരലല്‍ കോളേജുകള്‍

ഓര്‍ക്കൂട്ടില്‍ നിന്ന്‌ ഒരു സുഹൃത്ത്‌‌ വിശ്വഭാരതിയില്‍ പഠിച്ചതാണല്ലേ എന്നൊരു ചോദ്യം. ശരിക്കും ഞെട്ടിപ്പോയി. ഓര്‍ക്കാപ്പുറത്തായിരുന്നതു കൊണ്ട്‌ ടാഗോറിന്റെ സര്‍വ്വകലാശാലയെക്കുറിച്ചാണോ പറയുന്നത്‌ എന്നു തോന്നിപ്പോയി. അല്ല. സുകുമാരന്‍ സാര്‍ തുടങ്ങിവെച്ച വിശ്വഭാരതിയിലെ പൂര്‍വ്വവിദ്യാര്‍ത്ഥി തന്നെ.

പാരലല്‍ കോളേജില്‍ പഠിക്കുന്നത്‌്‌ മഹാപാപം പോലെയാണ്‌ ചിലരെങ്കിലും കരുതുന്നത്‌്‌. അത്തരം ചോദ്യങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്‌്‌്‌. യു ജി സിയും ഡോക്ടറേറ്റും നെറ്റും സെറ്റും ഒന്നുമില്ലാത്തവര്‍ പഠിപ്പിച്ചതുകൊണ്ടാവുമോ? കോറഷീറ്റിന്റേയും ഓലയുടേയും പനമ്പിന്റെയും ഇടയില്‍ ഇരുന്നതു കൊണ്ടാവുമോ? തറയിലെ പൊടി മണ്ണില്‍ കുഴിയാനകള്‍ പതുങ്ങിയിരുന്നതുകൊണ്ടാവുമോ?

ഓലായോ ഷീറ്റോ മേഞ്ഞ ഷെഡ്ഡാണെങ്കിലും ഓരോ പാരലല്‍ കോളേജിന്റെയും പേരുകള്‍ വിശ്വ സര്‍വ്വകലാശാലകളെ ഓര്‍മപ്പെടുത്തുന്നതായിരിക്കും. നളന്ദ, തക്ഷശില, ഓക്‌സഫോഡ്‌്‌, കേംബ്രിഡ്‌ജ്‌, ലയോള, യൂണിവേഴ്‌സല്‍, ശാന്തി നികേതന്‍, വിശ്വഭാരതി ഇങ്ങനെ ??


പാരലല്‍ കോളജില്‍ ഒരുനുഭവവുമില്ലെന്നും പഠനം രണ്ടാം തരമാണെന്നും കേള്‍ക്കേണ്ടി വന്നിട്ടുണ്ട്‌്‌്‌?. എന്താണ്‌ ഈ അനുഭവത്തിന്റെ അര്‍ത്‌്‌ഥം എന്ന്‌ ഇതുവരെ മനസ്സിലായിട്ടില്ല. ഒരു ക്ലാസുമുറിയിലേക്ക്‌ കയറിയിരുന്നാല്‍ ക്യാപ്‌സൂള്‍ പരുവത്തില്‍ തരാനുള്ളതൊക്കെ തരുമെന്നാണോ? പാഠ്യേതര വിഷയങ്ങള്‍ക്ക്‌ പ്രാധാന്യം കിട്ടില്ലന്നാവണം. ഒരുപാട്‌ ചിരിയും ചിന്തയും ലൈബ്രററിയുമൊന്നുമുണ്ടാവില്ല എന്നതുമാവാം

ഇക്കാര്യങ്ങളൊക്കെ നഗരങ്ങളിലെ പാരലല്‍ കോളേജും റഗുലര്‍ കോളേജും വെച്ച്‌ താരതമ്യപ്പെടുത്തി അനുഭവസാക്ഷ്യങ്ങളുണ്ടാക്കിയേക്കാം. വര്‍ണ്ണാഭമായ കലോത്സവങ്ങളും കായിക മത്സരങ്ങളും മാഗസിനുകളും സയന്‍സ്‌ക്ലബ്ബും എന്‍ എസ്‌ എസ്സുമൊന്നും ഇവിടെയുണ്ടാവുന്നില്ല. കലാലയ രാഷ്‌ട്രീയവും. തെരഞ്ഞെടുപ്പിന്റെ എരിപൊരി സഞ്ചാരമോ സമരങ്ങളോ ഞങ്ങള്‍ക്ക്‌്‌ അന്യമാണ്‌. വിദ്യാര്‍ത്ഥിരാഷ്ട്രീയത്തിലൂടെ ഒരു നേതാവിനെ നല്‌കാനായെന്നും വരില്ല.
പക്ഷേ, ഷീറ്റുമേഞ്ഞ്‌ പനമ്പുകൊണ്ട്‌ വേര്‍തിരിച്ച ഷെഡ്ഡുകളിലെ സൗഹൃദങ്ങളും തമാശകളും ജീവിത്തിലെ ഉത്സവകാലമായിരുന്നല്ലോ...

പണം പോലെ മാര്‍്‌ക്കും കുറഞ്ഞതു പോയവര്‍ക്ക്‌്‌്‌ എത്ര മലകള്‍ കയറി ഇറങ്ങിയാലും കൈത്തോടുകളും ആറുകളും നീന്തിക്കടന്നാലും ചെന്നെത്താന്‍ പറ്റാത്തത്ര ദൂരത്തായിരുന്നു ഉന്നത കലാലയങ്ങള്‍...പാരല്‍ കോളേജ്‌ നല്‍കിയ സ്‌നേഹം എത്ര വലുതാണ്‌. ഫീസുകൊടുക്കാതെ പഠിച്ചിരുന്നവരുണ്ട്‌. അവരെയൊന്നും പുറത്തു നിര്‍ത്തിയ ചരിത്രമില്ല. വീട്ടിലെ ദാരിദ്യമറിഞ്ഞ്‌ ഒരു രൂപപോലും ഫീസുവാങ്ങാതെ ക്ലാസുമുറിയിലിടം നല്‌കിയവരെ അറിയാം.



ഞങ്ങളുടെ നാട്ടിലെ ഒരു കുന്നിന്‍ പുറമായിരുന്നു സ്‌കൂള്‍ഗ്രൗണ്ടിനായി അനുവദിച്ചിരുന്നത്‌. ആ കുന്നു നികത്താന്‍ എത്തിയ എന്‍ എസ്‌ ക്യാമ്പില്‍ ഞങ്ങളെയും ഉള്‍പ്പെടുത്തിയിരുന്നു. ഞങ്ങളില്‍ നിന്നു പിരിച്ച തുകകൊണ്ട്‌ ഒരു നേരത്തെ ഭക്ഷണമെങ്കിലും അവര്‍ക്കു നല്‍കിയിരുന്നു. പൊടിമണ്ണുപാറിയ ക്ലാസ്‌ മുറിയും മുറ്റവും ഞങ്ങള്‍ തന്നെ അടിച്ചു വൃത്തിയാക്കി. മുററത്ത്‌ പടര്‍ന്ന പുല്ലും കളകളും പറിച്ചു നീക്കി. സഹപാഠികളുടെ വിഷമാവസ്ഥകളില്‍ താങ്ങാവാന്‍ ഞങ്ങള്‍ക്ക്‌‌ കരുത്തേകി. എല്ലാത്തിനുമപ്പുറം ഉറച്ച സൗഹൃദങ്ങളുണ്ടായി. ഒരു കോളേജിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും പരസ്‌പരം അറിയുമായിരുന്നു.

എന്റെ എക്കാലത്തെയും പ്രിയ സുഹൃത്തായിരുന്നത്‌ പ്രീഡിഗ്രി ക്ലാസിലെ പൂമോനായിരുന്നു. ഞാന്‍ ഏതൊക്കെയോ വഴികളിലൂടെ സഞ്ചരിച്ച്‌ ഡബിറ്റിനും ക്രെഡിറ്റിനും ഇടയില്‍ തന്നെയെത്തി. അവന്‍ പക്ഷേ, പ്രീഡിഗ്രിയോടെ നിര്‍ത്തി. പിന്നീട്‌ ജീവിക്കാന്‍ പല വേഷക്കാരനായി. അവസാനം പ്രവാസിയായി. എന്നിട്ടും എന്റെ പ്രതിസന്ധിഘട്ടങ്ങളിലെല്ലാം താങ്ങായി നിന്നു. അഞ്ചുവര്‍ഷം മുന്‍പ്‌ വരെ. തലേന്ന്‌ പറഞ്ഞുബാക്കിവെച്ചത്‌ കേള്‍ക്കാന്‍ കാത്തിരുന്ന എന്നെ തേടിയെത്തിയത്‌്‌ നിലച്ചുപോയ ഹൃദയത്തെക്കുറിച്ചുള്ള വാര്‍ത്തയായിരുന്നു.

ഞങ്ങളിറങ്ങിയതോടെ പതിനാലുവര്‍ഷത്തെ 'പാരമ്പര്യ'മവസാനിപ്പിച്ച്‌ വിശ്വഭാരതി പൂട്ടി. അധ്യാപകരില്‍ പലര്‍ക്കും ജോലികിട്ടിയതോടെ നടത്തികൊണ്ടുപോകാന്‍ ആളില്ലാതായി. വിദ്യാര്‍ത്ഥികള്‍ കുറഞ്ഞു. തറവാടക കൂടി. ആ തറയിലിന്ന്‌ ചേനയും കപ്പയും ചേമ്പും മാറി മാറി കൃഷി ചെയ്യുന്നു. ഇപ്പോള്‍ തറപോലുമില്ല. നടന്നു വന്ന വഴിയിലെ മാവില്ല. എവിടെയായിരുന്നു വിശ്വഭാരതി എന്നു നോക്കുമ്പോള്‍ നിരന്ന ഒരു പറമ്പിന്റെ ശൂന്യതമാത്രം



മാതൃഭൂമി ആഴ്‌ചപ്പതിപ്പ്‌ ജൂലൈ 5

Thursday, July 2, 2009

കാടിന്റെ നാനാര്‍ത്ഥങ്ങള്‍

എന്റെ പുസ്‌തകം-'ആരണ്യക്‌'

പശ്ചിമബംഗാള്‍ ബീഹാര്‍ അതിര്‍ത്തി പ്രദേശത്ത്‌ ജോലി ചെയ്‌തിരുന്ന ബന്ധുവിനെ കണ്ടപ്പോള്‍ ഞാനാദ്യം ചോദിച്ചത്‌ 'ലബ്‌ടുലിയാ' അറിയാമോ എന്നായിരുന്നു. അഞ്‌ജാതമായ ആ പേരുകേട്ടപ്പോള്‍ അവന്‍ മിഴിച്ചിരുന്നു.

മണ്ടത്തരമാണ്‌ ചോദിക്കുന്നതെന്നറിയാമായിരുന്നിട്ടും എനിക്ക്‌ ആകാക്ഷ അടക്കാനായില്ല. ലബ്‌ടുലിയാ വികസിച്ച്‌ ഒരു പട്ടണമൊന്നുമായിക്കാണില്ലെന്നും അതുകൊണ്ടാവാം എന്റെ ചോദ്യമവന്‌ മനസ്സിലാകാഞ്ഞതെന്നും വിചാരിച്ചു.

'പൂര്‍ണ്ണിയാ അറിയാമോ?'
'മുങ്ങേരീന്ന്‌ കേട്ടിട്ടുണ്ടോ? '
അവന്‍ ആ അതിര്‍ത്തി പ്രദേശത്തെ പട്ടാളക്യാമ്പിലെത്തിയിട്ട്‌ അധികമായിട്ടില്ല. പുറം ലോകവുമായി കാര്യമായ ബന്ധമുണ്ടാവാന്‍ ഇടയില്ലെന്നറിയാമായിരുന്നിട്ടും ഞാന്‍ പിന്നെയും ചോദിച്ചുകൊണ്ടിരുന്നു.
'മോഹനപുര റിസര്‍വ്വ്‌ ഫോറസ്‌റ്റ്‌ അറിയാമോ? '

അതും അവന്‌ അറിയില്ലായിരുന്നു. ഇത്രയും കൃത്യമായി സ്ഥലനാമങ്ങള്‍ പറഞ്ഞതുകൊണ്ടാവണം അല്ലെങ്കില്‍ ചോദ്യങ്ങള്‍ക്ക്‌ അവസാനമുണ്ടാവട്ടെ എന്നു കരുതിയാവണം തിരിച്ചു ചോദിച്ചത്‌.
'നിങ്ങളവിടെ പോയിട്ടുണ്ടുണ്ടോ?'

പോയിട്ടുണ്ട്‌. ഒറ്റക്കായിരുന്നു ആ യാത്ര. നാഢാലബ്‌ടുലിയായിലെ വനഭൂമിയിലേക്ക്‌. പെട്ടെന്ന്‌ പോയി വരാവുന്ന യാത്രയായിരുന്നില്ലത്‌.

ആ കാട്ടിലൂടെ ഞാന്‍ അലഞ്ഞു നടന്നു. കാട്ടുപൂക്കളുടെ സൗരഭ്യം നുകര്‍ന്ന്‌, കിളിമൊഴികള്‍ക്ക്‌ കാതോര്‍ത്ത്‌, മരങ്ങളുടെ നിഴലുകള്‍ക്കിടയിലൂടെ, നിലാവുപെയ്യുന്ന വനരാത്രികളില്‍....കരോ, മിച്ഛി നദീതീരത്തുകൂടി ഞാനെത്രവട്ടം നടന്നിരിക്കുന്നു.

വിഷചികിത്സ ചെയ്‌തിരുന്ന കാലത്ത്‌ കാട്ടില്‍ നിന്ന്‌ വിഷംതീണ്ടി വന്നവര്‍ ഒരുപാടുകഥകള്‍ പറയുമായിരുന്നു. അവരില്‍ ചിലര്‍ കാട്ടുപടവലം തേടിപ്പോയവരും ഈറ്റവെട്ടാന്‍ പോയവരുമായിരുന്നു. ഉറങ്ങാതിരുന്ന ആ രാത്രികളില്‍ കാടിനെക്കുറിച്ച്‌ കേട്ടതെല്ലാം പേടിപ്പെടുത്തുന്നതായിരുന്നു. ഉഗ്രസര്‍പ്പങ്ങളെക്കുറിച്ചും ക്രൂര മൃഗങ്ങളെക്കുറിച്ചും കല്ലും മുള്ളും നിറഞ്ഞ വഴികളെക്കുറിച്ചുമായിരുന്നു അവര്‍പറഞ്ഞതൊക്കെയും. പ്രകൃതിയുടെ സൗന്ദര്യം, മഹത്വം, അലങ്കാരങ്ങളെല്ലാം അവര്‍ക്കന്യമായിരുന്നു. തന്റെ കാല്‍ക്കീഴിലേക്കുകൊണ്ടുവരാന്‍ ശ്രമിക്കുന്ന ഒന്നായിരുന്നു അവര്‍ക്കു പ്രകൃതി.

പിന്നീട്‌, എത്രയോ കഴിഞ്ഞാണ്‌ എന്റെ പരിമിതമായി വായനയിലേക്ക്‌ വിഭൂതിഭൂഷണ്‍ വന്ദ്യോപാദ്ധ്യയുടെ 'ആരണ്യക്‌' എന്ന നോവല്‍ കടന്നുവന്നത്‌. പ്രകൃതിയെ ഇത്രത്തോളം അടുത്തറിഞ്ഞു വായിച്ച ഒരു കൃതിയുമുണ്ടായിട്ടില്ല. അതുകൊണ്ടാവാം പ്രിയ പുസ്‌തകങ്ങളില്‍ ഹൃദയത്തോട്‌ ചേര്‍ന്നുനില്‌ക്കുന്നത്‌ 'ആരണ്യക' ആയത്‌.

കാടിനെ അടുത്തറിയാന്‍ ശ്രമിച്ചിട്ടുണ്ട്‌. വനവും പാറയും തോടുമൊക്കെ ചേര്‍ന്നൊരു ഗ്രാമത്തില്‍ വളര്‍ന്നതുകൊണ്ട്‌ കാട്‌ ജീവിതത്തിന്റെ ഭാഗമായിരുന്നു. പക്ഷേ, കാടിന്റെ സൗന്ദര്യത്തെ അറിയാന്‍ ശ്രമിച്ചിരുന്നോ എന്നു സംശയമാണ്‌.
റിസര്‍വ്വ്‌ ഫോറസ്‌റ്റിന്റെ ഭാഗമാണെങ്കിലും വിലപിടിപ്പുള്ള മരങ്ങള്‍ വിരലിലെണ്ണാവുന്ന തരത്തിലായിട്ടുണ്ട്‌. എങ്കിലും വനത്തിന്റെ ഇരുളിമ കാണുമ്പോള്‍ ,പച്ചപ്പുകാണുമ്പോള്‍ എന്തൊരാനന്ദമാണ്‌.

ഇന്ന്‌ നഗരത്തിരക്കിനിടയില്‍ ജീവിക്കുമ്പോള്‍, ഈ പുസ്‌തകം കൈയ്യിലെടുക്കുമ്പോള്‍, മുഖത്തോടു ചേര്‍ത്തു വെച്ച്‌ ശ്വസിക്കുമ്പോള്‍ ഞാന്‍ കാടിനെ അറിയുന്നു. പ്രകൃതിയെ അറിയുന്നു. ജൈവ സമ്പന്നതയെ അറിയുന്നു. തൊട്ടടുത്ത കാട്ടുവഴികളിലൂടെ നടക്കുന്നതുപോലെ തോന്നി പോകുന്നു.

സംഭവബഹുലമായ കഥയൊന്നുമല്ല ഇതിലുള്ളത്‌. പ്രത്യേകിച്ച്‌ തൊഴിലൊന്നുമില്ലാതെ കല്‍ക്കത്തയില്‍ അലഞ്ഞുതിരിഞ്ഞു നടന്ന നാഗരികനായി ബംഗാളിയുവാവിന്‌ സ്‌നേഹിതന്റെ വക വനഭൂമിയുടെ മാനേജരായി പോകേണ്ടി വന്നതിന്റെ അനുഭവമാണ്‌ ആരണ്യക്‌. കൃഷിക്കും കാലിമേച്ചിലിനുമായി വനം വെട്ടിത്തെളിച്ച്‌ കുടിയാന്മാര്‍ക്കു കൊടുക്കേണ്ട ചുമതലയാണ്‌ കഥാനായകന്‌. പക്ഷേ, ചെന്നത്തിയിടത്ത്‌ അറിയാത്ത ഭാഷ, പ്രാകൃതരായ മനുഷ്യര്‍..കനത്ത ഏകാന്തത....ഇവിടെ കിടന്ന്‌ ശ്വാസംമുട്ടി മരിക്കുന്നതിലും ഭേദം കല്‍ക്കത്തയില്‍ അരവയറായി കഴിയുകയായിരുന്നു എന്നു തോന്നുന്നുണ്ട്‌ അയാള്‍ക്ക്‌.

എന്നാല്‍ ആ വനഭൂമിയുടെ സൗന്ദര്യം അയാളെ കീഴടക്കുകയാണ്‌. ഒപ്പം ദരിദ്രരും നിഷ്‌ക്കളങ്കരുമായ കുറേ മനുഷ്യരും.
വിജനവും വിശാലവും ആയ ലബ്‌ടുലിയാബയിഹാരിലെ ഒച്ചയുമനക്കവുമില്ലാത്ത സന്ധ്യകളില്‍ ഒറ്റക്കു യാത്ര ചെയ്യുമ്പോള്‍ പ്രകൃതിയുടെ സൗന്ദര്യം അയാളുടെ മനസ്സിനെ ഗൂഢാനുഭൂതികള്‍കൊണ്ട്‌‌ നിറക്കുന്നു. ചിലപ്പോഴത്‌ ഭയവും മറ്റുചിലപ്പോള്‍ മധുമയമായ സ്വപ്‌നമായിട്ടും നിശബ്ദസംഗീതമൊക്കെയായിട്ടാണ്‌ ആസ്വദിക്കുന്നത്‌. അപ്പോഴൊക്കെ അയോളോര്‍ക്കുന്നത്‌ വീടുംകെട്ടി കുടുംബജീവിതം നയിക്കേണ്ടവര്‍ ഈ രൂപം കാണാതിരിക്കുകയാണ്‌ നല്ലതെന്നാണ്‌. പ്രകൃതിയുടെ മോഹിനീരൂപത്തിന്റെ വശ്യത മനുഷ്യനെ ഗൃഹത്യാഗിയാക്കും, സംസാരിയായി ജീവിക്കാന്‍ അനുവദിക്കില്ലെന്നാണ്‌.

‌ തന്റെ കൈകൊണ്ട് വനഭൂമി മുഴുവന്‍ വെട്ടിത്തെളിച്ച്‌ മേച്ചില്‍പുറങ്ങളും കൃഷിഭൂമിയുമാകുന്നതില്‍ ഉത്തരവാദിയാകുന്നതിലെ സങ്കടം ആരണ്യകില്‍ ഉടനീളമുണ്ട്‌. അതോടൊപ്പം പ്രകൃതിയോടുള്ള അഗാധ പ്രണയവും.

രാജ്യം നഷ്ടപ്പെട്ടുപോയ ആദിഗോത്ര രാജാവ്‌ ദോബരുപാന്നാ, അയാളുടെ കൊച്ചുമകള്‍ ഭാനുമതി. കഥാനായകന്‌ അവളെക്കുറിച്ചോര്‍ക്കുമ്പോഴെല്ലാം ഹൃദയം നൊന്തുപോകുന്ന നിഗൂഢപ്രേമമാണ്‌. ഒരു കുടിപള്ളിക്കൂടം തുടങ്ങാന്‍ ആഗ്രഹിച്ച്‌ ഗ്രാമങ്ങള്‍ തോറും നടക്കുന്ന ഗനോരി തേവാരി, പലിശയില്ലാതെ, രേഖയോ ഈടോ ഇല്ലാതെ ആര്‍ക്കും പണം കടംകൊടുക്കുന്ന ധാവതാല്‍ സാഹു, നഗരം കാണണമെന്നാഗ്രഹിച്ചു നടക്കുന്ന വാതോരാതെ സംസാരിച്ചു കൊണ്ടിരിക്കുന്ന നക്‌ച്ഛേദിയുടെ രണ്ടാം ഭാര്യ
മഞ്ചി, നൃത്തോപാസകനായ ധാതുരിയാ ബാലന്‍, അതിദരിദ്രയും എന്നാല്‍ ധൈര്യവും സേവനമനോഭാവവും കാണിക്കുന്ന
വിധവയായ കുന്താ അങ്ങനെ മനസ്സില്‍ നിന്നും ഒരിക്കലും മാഞ്ഞുപോകാത്ത എത്രയെത്ര കഥാപാത്രങ്ങളാണ്‌.

വളരെ ദൂരെ സ്‌ഥലങ്ങളില്‍ നിന്നും കാട്ടില്‍ നിന്നും വിത്തും ചെടികളും ശേഖരിച്ച്‌ വനഭൂവിന്റെ സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ സ്വന്തം പൈസയും സമയവും ചെലവാക്കാനിറങ്ങിത്തിരിച്ച യുഗളപ്രസാദനെ ഇന്നൊരിടത്തും കണ്ടെന്നുവരില്ല. ഏതെങ്കിലും തരത്തിലുള്ള പൂക്കളില്ലാത്തിടത്തെല്ലാം ആ പൂച്ചെടികളും മരങ്ങളും ഇലകളും നിറക്കുകയാണ്‌ ഒരു ലാഭവുമില്ലാതെ ആ മനുഷ്യന്‍! സരസ്വതീ തടാകതീരത്തെ വള്ളികളും പടര്‍പ്പുകളും പൂക്കളും ചെടികളുമെല്ലാം യുഗളപ്രസാദന്‍ നട്ടതാണ്‌.

ലബ്‌ടുലിയായിലെയും നാഢാബയിഹാരത്തെയും സുന്ദരമായ വനം ഇപ്പോഴില്ല. അവിടെയെല്ലാം കുടിലുകള്‍ വന്നു. മേച്ചില്‍ പുറങ്ങളായി. കൃഷിഭൂമിയായി. വനവും ചെടികളും നശിച്ചു.
നാഗരികര്‍ പ്രകൃതിയെ എങ്ങനെ കാണുന്നു എന്നതിന്‌ ഉദാഹരണമാണ്‌ സരസ്വതീ തീരത്തെത്തുന്ന ഡെപ്യൂട്ടി മജിസ്‌ട്രേറ്റും കുടുംബവും. ലബ്‌ടുലിയ ഹയിഹാരിയെ തുറന്ന മൈതാനം, മഹാവനം, വിദൂരതയിലെ പര്‍വ്വതനിരയുടെ സൗന്ദര്യം, അസ്‌തമയസൂര്യന്റെ നിറപ്പകിട്ട്‌‌ , പക്ഷികളുടെ കളകൂജനം, പത്തുകൈ നീളം അകലെയായി ഇലപ്പടര്‍പ്പുകളുടെ മുകളില്‍ വസന്തകാലത്ത്‌‌ വിരിഞ്ഞു പൊന്തിനില്‌ക്കുന്ന പലജാതിപൂക്കളുടെ അഴക്‌, ഇതൊന്നും അവരുടെ ദൃഷ്ടിയില്ല. ശബ്ദകോലാഹലമുണ്ടാക്കുന്നു, പാട്ടുപാടുന്നു, ഓടിനടക്കുന്നു,ശാപ്പാടിനുള്ള വട്ടങ്ങള്‍ ഒരുക്കുന്നു.....



'സരസ്വതീ തീരം കൊടുക്കരുതേ അങ്ങുന്നേ! വളരെ പ്രയാസപ്പെട്ടാണേ അവിടെ ചെടികള്‍ കൊണ്ടുവന്ന്‌ ഞാന്‍ നട്ടു പിടിപ്പിച്ചത'- എന്ന യുഗളപ്രസാദന്റെ
വാക്കാണ്‌ ആരണ്യകില്‍ എന്നെ ഏറെ വേദനിപ്പിച്ചത്‌‌.

ലബ്‌ടുലിയാ നാഢാബയിഹാര്‍ എന്നിവിടങ്ങളില്‍ നിന്ന്‌ കൂടും വീടും ഉപേക്ഷിച്ചു പറന്നുപോയ പക്ഷിക്കൂട്ടങ്ങളില്‍ ചിലത്‌ സരസ്വതീതീരത്തും മറ്റുചിലത്‌ മോഹനപുര റിസര്‍വ്വ ഫോറസ്‌റ്റിലുമാണ്‌ അഭയം തേടിയിരിക്കുന്നത്‌...പക്ഷേ, സരസ്വതിതീരത്തിനും വലിയ ആയുസ്സില്ല.
അതുകൊണ്ടാവണം മഹാലിഖാരൂപപര്‍വ്വതത്തില്‍ നില്‌ക്കുമ്പോള്‍ അയാള്‍ യുഗളനോട്‌ പറഞ്ഞത്‌
'ഈ കാട്ടില്‍ കുറച്ചു പുതിയതരം ചെടികള്‍ കൊണ്ടുനടണം..ഈ മലയിലെ കാട്‌ ഒരിക്കലും ആരും വെട്ടിക്കളയുകയില്ല. ലബ്‌ടുലിയായോ പോയി. സരസ്വതിയുടെ കാര്യവും അങ്ങ്‌ വിട്ടേക്കുക' എന്ന്‌‌.


നാഗരികരായവര്‍ക്കും തികച്ചും അജ്ഞാതമായൊരിടമാണ്‌ ആരണ്യക്‌ തരുന്നത്‌. ഒരു മഹാവനത്തിന്റെ നിഗൂഢതയിലേക്കിറങ്ങിചെന്ന വിസ്‌മയം തീര്‍ക്കുന്നു. അത്ര പെട്ടന്നൊന്നും ആ കാട്ടിനുള്ളില്‍ നിന്നും പുറത്തു കടക്കാനാവുകയുമില്ല. പക്ഷേ, ഒപ്പം നശിപ്പിക്കപ്പെട്ടതിന്റെ സങ്കടത്തില്‍ വേദനിപ്പിച്ച്‌‌ വല്ലാത്ത അവസ്ഥയിലെത്തിക്കുന്നു.
ഒരു വനഭൂമി മുഴുവന്‍ വെട്ടിത്തെളിച്ച്‌‌ വലിയൊരു ജനപദം സൃഷ്ടിച്ചത്‌‌ ആറേഴുവര്‍ഷങ്ങള്‍ക്കുള്ളിലാണ്‌. മടങ്ങിപ്പോകുമ്പോള്‍ അയാള്‍ മഹാലിഖാരൂപപര്‍വ്വതത്തേയും മോഹനപുരാമഹാവനത്തേയും ലക്ഷ്യമാക്കി ദൂരെ നിന്ന്‌ നമസ്‌ക്കരിച്ചു.
ഹേ!ആരണ്യാനിയുടെ വനദേവതമാരേ! എനിക്കു മാപ്പരുളേണമേ!

അയാള്‍ക്കൊപ്പം നമ്മളും പ്രാര്‍ത്ഥിച്ചുപോകുന്നു.

എനിക്കു മാപ്പരുളേണമേ!


എന്റെ പുസ്‌തകം- മാതൃഭൂമി ആഴ്‌ചപ്പതിപ്പ്‌

Saturday, May 30, 2009

നീലാംബരിയുടെ ഓര്‍മക്ക്




വീടിനടുത്ത്‌ ഒരു വായനശാല തുടങ്ങിയത്‌ പത്താംക്ലാസ്സില്‍ പഠിക്കുമ്പോഴാണ്‌. വളരെ കുറച്ചു പുസ്‌തകങ്ങള്‍. അതിലധികവും ലേഖനങ്ങള്‍. പലരുംസംഭാവന കൊടുത്തതുകൊണ്ടാവണം. കഥകളുടെയും നോവലുകളുടേയും എണ്ണം വിരലിലെണ്ണാവുന്നതായിരുന്നു.

എം. ടിയുടെ കാലത്തില്‍ തുടങ്ങി പത്താംക്ലാസ്സിലെ വെക്കേഷന്‍കാലത്ത്‌ നോവലുകളെല്ലാം വായിച്ചു തീര്‍ത്തു. വായിക്കാന്‍ പുസ്‌തകം കിട്ടാത്തതിന്റെ വേദന ശരിക്കുമറിഞ്ഞു തുടങ്ങി. വഴികളൊന്നുമില്ല. ആകെ കിട്ടുന്നത്‌ പൈങ്കിളി വാരികകളാണ്‌. കുറേ പുസ്‌തകങ്ങള്‍ വായിച്ച്‌ ചിന്തയില്‍ ആകെ മാറ്റം വന്നതോടെ പൈങ്കിളി നോവലുകളോട്‌ മടുപ്പായി...

അങ്ങനെ വായിക്കാന്‍ പാഠപുസ്‌തകങ്ങളല്ലാതെ മറ്റൊന്നുമില്ലാതിരിക്കുമ്പോഴാണ്‌ മനോരമ ആഴ്‌ചപ്പതിപ്പില്‍ മാധവിക്കുട്ടിയുടെ നഷ്ടപ്പെട്ട നീലാംബരി വായിക്കുന്നത്‌. പിന്നെ ഒറ്റയടിപ്പാത...
കൂടുതല്‍ കൂടുതല്‍ വായിക്കാന്‍ തോന്നി...തോന്നലുകള്‍ മാത്രം മിച്ചം. മാധവിക്കുട്ടി എന്ന എഴുത്തുകാരി എന്റെ മനസ്സില്‍ നിറഞ്ഞു നിന്നു. എഴുതുന്ന ഒരാളെ കാണാന്‍ ആഗ്രഹിച്ചിരുന്നതെങ്കില്‍ അതു മാധവിക്കുട്ടി മാത്രമായിരുന്നു. ഭേദപ്പെട്ട ഒരു വായനശാല നാട്ടിലുണ്ടായി. ഞാനൊരു കൗമാരക്കാരി. അന്നൊക്കെ കുറേ ചെറുക്കന്മാര്‍ പോയിരിക്കുന്ന ആ ലൈബ്രറി എനിക്കന്യമാണെന്ന തോന്നലായിരുന്നു. പെമ്പിള്ളേര്‍ ആരും പോയിക്കണ്ടില്ല. കുറച്ചൊക്കെ കുത്തിക്കുറിക്കാന്‍ തുടങ്ങിയിരുന്നു. മാതൃഭൂമി ആഴ്‌ചപ്പതിപ്പ്‌ സ്ഥിരം കിട്ടാന്‍ തുടങ്ങി. പേര്‌ ഒന്നുരണ്ടിടത്ത്‌ അച്ചടിച്ചു വന്നു....

അങ്ങനെയിരിക്കെയാണ്‌ ഇളയച്ഛന്‍ ലൈബ്രേറിയിനായിരിക്കാന്‍ എന്നെ വിളിക്കുന്നത്‌. ശരിക്കും സ്വര്‍ഗ്ഗം കിട്ടിയപോലെ...എന്റെ ഏറ്റവും അടുത്ത കൂട്ടുകാരന്‌ എന്നേക്കാള്‍ സന്തോഷമാണെന്നു തോന്നി. വായനയുടെ ലോകത്തേക്കെത്താനായല്ലോ എന്നവന്‍ പറയുമ്പോള്‍ കണ്ണുകള്‍ വല്ലാതെ തിളങ്ങിയിരുന്നതോ നിറഞ്ഞതോ എന്ന്‌ മനസ്സിലായില്ല.

ആദ്യത്തെ പണി പുസ്‌തകങ്ങള്‍ തരം തിരിച്ച്‌ എഴുതിവെക്കുകയായിരുന്നു.
ആ പുസ്‌തകങ്ങള്‍ക്കിടയില്‍ തെരഞ്ഞത്‌ മാധവിക്കുട്ടിയുടെ രചനകളായിരുന്നു. മുമ്പത്തെ ലൈബ്രേറിയനെ കണ്ടപ്പോള്‍ മാധവിക്കുട്ടിയുടെ പുസ്‌തകങ്ങളൊന്നുമില്ലേ എന്നു ചോദിച്ചു.
മറുപടി എന്നെ വല്ലാതെ അമ്പരിപ്പിച്ചു.
'അവര്‍ ഒരു വൃത്തിക്കെട്ട സ്‌ത്രീയാ...
അവരെഴുതുന്നതൊന്നും വായിക്കാന്‍ കൊള്ളില്ല....'

എന്തൊരു മുന്‍വിധി!!!!....

ഒന്നരമാസത്തിനുള്ളില്‍ ആ പണി ഞാനുപേക്ഷിച്ചു. അതിനുള്ള കാരണം ലൈബ്രറിയോ കമ്മറ്റിയോ ഒന്നുമായിരുന്നില്ല. പുസ്‌തകങ്ങളുടെ ഇടയിലെ ഒന്നരമാസത്തില്‍ നിന്ന്‌ ഹൃദയവേദനയോടെ ഇറങ്ങിപ്പോന്നു, ചില നുണകള്‍ ചേര്‍ത്തുവെച്ചുകൊണ്ട്‌.

പിന്നീട്‌ നെഹ്‌റു യുവ കേന്ദ്രയില്‍ നിന്നാണ്‌ പക്ഷിയുടെ മണവും ചേക്കേറുന്ന പക്ഷികളും എന്റെ കഥയും നീര്‍മാതളം പൂത്തകാലവുമൊക്കെ കിട്ടുന്നത്‌. നടക്കുന്നിടത്തും ഇരിക്കുന്നിടത്തുമൊക്കെ എന്തെല്ലാമോ ഗന്ധങ്ങളുണ്ടെന്ന്‌ തോന്നി തുടങ്ങി. എല്ലാത്തിനുമേറെ അവരുടെ ചിത്രങ്ങള്‍ കാണുമ്പോള്‍ ഒരുപാടുനേരം നോക്കിയിരിക്കുമായിരുന്നു.


എന്റെ വായനയില്‍ മാധവിക്കുട്ടി വളരെ ഉയരത്തിലായിരുന്നു. ഒരുപക്ഷേ, മറ്റുള്ള ആരേക്കാളും....സ്‌ത്രീകളുടെ ഇടയില്‍ ഒന്നാമത്‌ എന്നല്ല...സ്വാതന്ത്ര്യത്തിന്റെ എഴുത്തായിരുന്നു എന്ന തോന്നലുകൊണ്ട്....എല്ലാ അര്‍ത്ഥത്തിലും....

ഒരു സ്‌ത്രീ എന്ന നിലയില്‍ മാത്രം കൂട്ടിവായിക്കാവുന്ന ഒന്നല്ല അവരുടെ എഴുത്ത്. അവര്‍ തീര്‍ത്ത ലോകം അവര്‍ക്കുമാത്രം സ്വന്തം...ആ ലോകത്തിലെ കാഴ്‌ചക്കാര്‍ മാത്രം നമ്മള്‍....

പ്രിയപ്പെട്ട അവര്‍ ഇവിടെയെവിടെയോ ഇരിക്കുന്നുണ്ടെന്ന്‌ തന്നെ വിചാരിക്കാം....നഷ്ടപ്പെട്ടിട്ടില്ലെന്ന്‌ മനസ്സിനെ ആശ്വസിപ്പിക്കാം.....

Sunday, May 10, 2009

ചില സൗന്ദര്യ സങ്കല്‌പങ്ങള്‍

എവിടെ നോക്കിയാലും നിന്റെ മുടിയാണല്ലോ എന്ന്‌ അവന്‍്‌ ദേഷ്യപ്പെടുമ്പോള്‍ ചിലപ്പെഴെങ്കിലും എനിക്കു ചിരിവരും. നീണ്ട മുടിയുള്ള പെണ്ണിനെകെട്ടണമെന്ന്‌ ആഗ്രഹിക്കുന്ന സകലപുരുഷന്മാരെയും അന്നേരം ഞാനോര്‍ക്കും. സ്‌ത്രീയുടെ സൗന്ദര്യലക്ഷണങ്ങളിലൊന്നാണല്ലോ നീണ്ട പനങ്കുല പോലത്തെ മുടി.
പക്ഷേ, ഒരു മുടിയെങ്കിലും തോര്‍ത്തിലോ ചീപ്പിലോ നിലത്തോ കണ്ടുപോയാല്‍ ഇവര്‍ ഉറഞ്ഞുതുള്ളും.

തന്നത്താന്‍ ചോറുവെച്ച്‌ വാര്‍ക്കാനായപ്പോള്‍ മുതല്‍ അമ്മച്ചി പറയും 'ചുറ്റിച്ചു വാര്‍ക്കണേ' എന്ന്‌. തവിക്കണകൊണ്ട്‌ കഞ്ഞി ഇളക്കിയ ശേഷമേ വാര്‍ക്കാവൂ എന്നാണ്‌ സാരം. മുടിയോ മറ്റുനാരുകളോ വീണുപോയിട്ടുണ്ടെങ്കിലും ഇളക്കലില്‍ തവിക്കണയില്‍ ചുറ്റും. നീളമുള്ള മുടി പെണ്ണിനു മാത്രമായതുകൊണ്ട്‌ കുഞ്ഞു മുടിക്കഷ്‌ണം കണ്ടാലും പെണ്ണിനു തന്നെ കുറ്റം.

"മുടിയില്ലാതെ ഒറ്റദിവസംപോലും ചോറുണ്ണാനാവില്ല....നിന്റെയൊരു മുടി..."

ഹോ..പാവം...ഇത്രകാര്യമായിട്ട്‌ ഉച്ചത്തെ ഭക്ഷണത്തെക്കുറിച്ചുമാത്രം പറയുമ്പോള്‍ മുടി. കാരണം രാവിലെയും വൈകിട്ടും ഒപ്പമിരുന്നാണല്ലോ കഴിക്കുന്നത്. ഇങ്ങനെ എന്നും ഉച്ചത്തേക്കുള്ള ചോറില്‍ മുടിയുണ്ടായിരുന്നെങ്കില്‍ ഞാനിപ്പോള്‍ 'ഗള്‍ഫ്‌ ഗേറ്റു'കാരെ കാണേണ്ടിവന്നേനേ....

ആദികവി മുതല്‍ പാടി തുടങ്ങിയതാണ്‌ സ്ത്രീയുടെ മുടിയെക്കുറിച്ച്. മുടിയില്ലാത്ത പെണ്ണ്‌ എന്തിനു പറ്റും. പക്ഷേ, ഒരു മുടി നാരുപോലും കൊഴിഞ്ഞു വീഴാന്‍ പാടില്ല...കൊഴിയും മുമ്പുള്ള മുടിയുടെ അഴകിനെക്കുറിച്ച് വാതോരാതെ പ്രസംഗിക്കുകയും എഴുതുകയും ചെയ്യുന്നവര്‍ .... കൊഴിഞ്ഞമുടിക്ക് 'വീണപൂവി'ന്റെ ഗതിയാണ്‌. ഇത്രയും അറപ്പുള്ള സംഗതിയില്ല പിന്നെ...

ഒരിക്കല്‍ ഹോട്ടലില്‍ നിന്ന്‌ ചോറുണ്ണുമ്പോള്‍ സഹപ്രവര്‍ത്തകന്റെ ചോറില്‍ മുടി. അവന്‍ പതുക്കെ മുടിയെടുത്ത്‌ മാറ്റി ഭാവഭേദമൊന്നുമില്ലാതെ കഴിക്കാന്‍ തുടങ്ങി. ഇങ്ങനെയൊരത്ഭുതം ആദ്യമായി കാണുകയായിരുന്നു. 'ലോകത്തെ ഞെട്ടിക്കുന്ന സംഭവം' ഇതൊക്കെയാണെന്ന്‌ അപ്പോള്‍ തോന്നി.

മുടി കൊഴിയുന്നതിനും വളരാനും എത്രയെത്ര മരുന്നുകളാണ്‌ പരസ്യങ്ങളില്‍...കേശസംരക്ഷണത്തിന്‌ എത്ര ചിലവാണ്‌. എണ്ണ, ,സോപ്പ്‌, താളി, ഷാംപൂ....താരന്‌, കൊഴിച്ചിലിന്‌, പേനിന്‌ ....

എലിവാലുപോലുള്ള മുടിയാണെങ്കിലും അത്‌ ഒപ്പംവെട്ടി വൃത്തിയാക്കുന്നത്‌ പ്രാണസങ്കടമാണ്‌ പലര്‍ക്കും. നീളം കുറഞ്ഞാല്‍ പെണ്ണല്ലാതാകുമോ എന്ന ഉത്‌കണ്‌ഠ. എന്റെ എലിവാലുപോലത്തെ മുടിയങ്ങ്‌ വെട്ടിക്കളഞ്ഞാലോ എന്ന്‌ പലവട്ടം ആലോചിച്ചിട്ടുണ്ട്‌. ഒന്നാമത്‌ ഈ സംരക്ഷണമൊന്നും എനിക്കു പറ്റുന്ന പണിയല്ല. രാവിലെ ധൃതിപിടിച്ച്‌ ഓഫീസിലേക്ക്‌ ഓടുമ്പോള്‍ മുടിയെക്കുറിച്ചൊന്നും ചിന്തിക്കാന്‍ പറ്റാറില്ല. വേനലില്‍ മുടി വരുത്തുന്ന ചൂടിനെക്കുറിച്ച്‌ ഓര്‍ക്കാതിരിക്കുന്നതാണ്‌ നല്ലത്‌. സഹപ്രവര്‍ത്തകമാരെല്ലാവരും ഇത്തവണത്തെ ചൂടില്‍ മുടി മേലോട്ട്‌ വാരിവലിച്ച്‌ കെട്ടി ജോലിചെയ്‌തു. അതു കണ്ടപ്പോള്‍ 'മക്കളെ ഇതു കുളിക്കടവല്ല..ബേങ്കാണ്‌ 'എന്നാണ്‌ കളിയായിട്ടാണെങ്കിലു്‌ം ഒരു മാനേജര്‍ പ്രതികരിച്ചത്.

കൊഴിഞ്ഞ്‌ കോലുപോലായ മുടി കുറച്ചുമുറിച്ചു മാറ്റിയപ്പോള്‍ അനിയത്തിയോട്‌ അമ്മച്ചി ചോദിച്ചത്‌ 'നിനക്കെന്തു പ്രാന്താ'ണെന്നായിരുന്നു....അങ്ങനെയാണ്‌ നമുക്കുചുറ്റും കുറച്ചല്‌പം മുടി മുറിച്ചു കളഞ്ഞാല്‍ ഗ്രാമസൗന്ദര്യം പോയെന്നും നാഗരികയായെന്നും കേള്‍ക്കേണ്ടി വരും.

ഇക്കാര്യം വസ്‌ത്രത്തിലെത്തുമ്പോള്‍ പറയുകയും വേണ്ട. തിങ്ങി നിറഞ്ഞ ബസ്സില്‍ കുറച്ചു പുറകില്‍ നില്‌ക്കേണ്ടി വരുന്ന ഒരു സ്‌ത്രീയുടെ കാര്യം അനുഭവിച്ചവര്‍ക്കേ മനസ്സിലാവൂ. സാരിയുടെ തലപ്പിനെ ഷാളിനെ, മഫ്‌ത്തയെ തിരക്കിനിടയില്‍ നിന്നും മോചിപ്പിച്ചെടുക്കുമ്പോഴേക്കും പുതിയതൊരെണ്ണം വാങ്ങേണ്ട അവസ്ഥയിലെത്തും. മുടിയിലെ സ്ലൈഡുകള്‍, ക്ലിപ്പ്, റിബണ്‍ എല്ലാം ഇങ്ങനെ തന്നെ. എല്ലാംകൂടി പെറുക്കികൂട്ടിയാല്‍ ബസ്സുകാര്‍ക്ക്‌ സ്റ്റേഷനറിക്കട തുടങ്ങാം.
ഒരു ദിവസം ബസ്സില്‍ നിന്നിറങ്ങുമ്പള്‍ എന്റെ മുടിക്കെന്തോ കനം. നോക്കുമ്പോള്‍ പേന. ഒരു സഹപ്രവര്‍ത്തകയ്‌ക്ക്‌ ആ വകുപ്പില്‍ കിട്ടിയത്‌ കണ്ണടയായിരുന്നു.

മുമ്പേ ഇറങ്ങിയ ചേച്ചിയുടെ സാരിത്തലപ്പില്‍ പുറകിലിറങ്ങിയയാള്‍ ചവിട്ടിയതോടെ ചേച്ചി ദാ കിടക്കുന്നു റോഡില്‍ മൂക്കും കുത്തി.
അപ്പോഴാണ്‌ ആ വഴിപോയ മദാമ്മയെ ശ്രദ്ധിച്ചത്‌. മുടിയോ വസ്‌ത്രമോ അവരുടെ നടപ്പിനെ ബാധിക്കുന്നേ ഇല്ലെന്നു തോന്നി. ( കോവളത്ത്‌ കിടക്കുന്നവരെക്കുറിച്ചല്ല പറഞ്ഞുവന്നത്‌)

മുണ്ടും കുപ്പായവും തലയില്‍ തട്ടവുമിട്ടിരുന്ന അലവിതാത്ത പണ്ട് ആറ്റില്‍ വീണുപോയപ്പോള്‍, അവര്‍ക്കു നീന്താനറിയാമായിരുന്നിട്ടും തുണിയാകെ മേലാകെ ചുറ്റി മുങ്ങാന്‍ തുടങ്ങിയപ്പോള്‍, അവരുടെ ശത്രുവായ പീതാംബരന്‌ ചാടേണ്ടിവന്നു രക്ഷിക്കാന്‍....
മുടിയും ആഭരണവും വസ്‌ത്രവുമൊക്കെ ജനനം മുതല്‍ സ്‌ത്രീയെ പലതരം അസ്വാതന്ത്യങ്ങളുടെ കയത്തില്‍ കൊണ്ടുപോയിടുന്നു. രക്ഷപെടാന്‍, വ്യവസ്ഥകളെ മറികടക്കാനുള്ള ശ്രമത്തെ പല്ലും നഖവുമുപയോഗിച്ച്‌ എതിര്‍ക്കുകയും ചെയ്യും.


ഒരു പെണ്‍കുട്ടി ജനിച്ചാല്‍ പറ്റുന്നതും വേഗത്തില്‍ കാതുകുത്തുന്നതാണ്‌ ഇന്നത്തെ രീതി. കുറച്ചു പ്രായമായവരൊക്കെ പറഞ്ഞുകേട്ടിട്ടുണ്ട് കല്ല്യാണത്തിന്റെ തലേന്നാണ്‌ കാതുകുത്തിയതെന്നൊക്കെ...മകള്‍ വളര്‍ന്നു സ്വയം തീരുമാനിക്കാനാവുന്ന പ്രായമാവുമ്പോള്‍ ഇഷ്ടമുള്ളതു ചെയ്യട്ടെ എന്നു വിചാരിക്കാന്‍ പറ്റുന്ന എത്രപേരുണ്ട്‌?
ഉണ്ട്‌ ഒരുപാടുപേരുണ്ട്‌..പക്ഷേ, വീട്ടുകാരുടെ ബന്ധുക്കളുടെ സുഹൃത്തുളുടെ സ്‌നേഹപൂര്‍വ്വമായ സമ്മര്‍ദ്ദത്തിനു മുന്നില്‍....
ഈ സമ്മര്‍ദ്ദമാണ്‌ മാറ്റങ്ങളുണ്ടാക്കാതെ പോകുന്നതും.

അടുത്തിരുന്നു ജോലിചെയ്യുന്ന കുട്ടിക്ക്‌ അവള്‍ മുമ്പണിഞ്ഞിരുന്ന മുത്തുമാലകളായിരുന്നു ഭംഗി. പക്ഷേ, വിവാഹം കഴിഞ്ഞതോടെ വലിയൊരു തുടല്‍മാല...ഭര്‍തൃവീട്ടുകാരുടെ കഴിവിനെ കാണിക്കാനാവണം അത്ര വലിയൊരു മാലയുടെ ആവശ്യം. പലപ്പോഴും പലരും സൗന്ദര്യത്തിനിണങ്ങും വിധമായിരിക്കില്ല ആഭരണങ്ങള്‍ ധരിക്കുന്നത്‌. എല്ലാവരെയും തൃ്‌പ്‌തിപ്പെടുത്താന്‍..കുടുംബ മഹിമ കാണിക്കാന്‍...

'ഒന്നുമില്ലെന്നേ..ഉള്ളതൊക്കെ വിറ്റുകള്ളു കുടിച്ചു.....ധൂര്‍ത്തടിച്ചു...കടം തീര്‍ത്തു..' തുടങ്ങിയ മറ്റുള്ളവരുടെ കുറ്റപ്പെടുത്തലുകേള്‍ക്കാതിരിക്കാന്‍....

എല്ലാ സമ്മര്‍ദ്ദങ്ങള്‍ക്കും ഞാനും വിധേയയാണ്‌.

എന്തിനാ ഈ സാരിയും ചുരിദാറും.. അയഞ്ഞ പാന്‍സും ഷര്‍ട്ടുമിട്ടാല്‍ പോരെ..എന്ന് അവനെന്നോട്‌ ചോദിക്കാം.
പക്ഷേ, ആ വേഷത്തിലേക്കു മാറുമ്പോള്‍ മറ്റുള്ളവരുടെ ചോദ്യത്തിനുത്തരം പറയാന്‍ ഒരു ടേപ്പ്‌ റിക്കോര്‍ഡര്‍ കൂടെകൊണ്ടു നടക്കേണ്ടി വരും.
വിനയേച്ചിക്ക്‌ നമോവാകം

Monday, April 6, 2009

മുസ്‌തഫയെ കണ്ടപ്പോള്‍




ഇന്നലെ മുസ്‌തഫയെ പോയി കണ്ടതോടെ എങ്ങനെയാണ്‌ മുസ്‌തഫയെ രക്ഷിക്കുക എന്ന ചിന്തമാത്രമായി. മുസ്‌തഫ അയച്ച കത്തില്‍ പ്രയാസങ്ങളോ ആവശ്യങ്ങളോ ഒന്നുമില്ലായിരുന്നു. ഫോണില്‍ സംസാരിക്കുമ്പോഴും എന്തെങ്കിലും സഹായിക്കൂ എന്നും പറഞ്ഞിട്ടില്ലായിരുന്നു. വാടക വീട്ടിലാണെന്നറിയാമായിരുന്നു.
പക്ഷേ, ഇപ്പോള്‍ വാടകവീടും നഷ്ടപ്പെട്ടു. ഭാര്യവീട്ടിലെ കൊച്ചുമുറിയിലാണിപ്പോള്‍. അവിടെയാണെങ്കില്‍ ഭര്‍ത്താവുപേക്ഷിച്ച അനിയത്തിയും മക്കളും വിവാഹപ്രായമെത്തിയ രണ്ടനിയത്തിമാര്‍....ഉമ്മയും സഹോദന്മാരും..എല്ലാവരും ഒരു കൊച്ചുവീട്ടില്‍..അവിടെ എത്രനാളാണ്‌? മുസ്‌തഫക്കാണെങ്കില്‍ തിരിഞ്ഞും മറിഞ്ഞും കിടക്കാന്‍പോലുമാവില്ല. ബെഡ്‌സോറുള്ളതുകൊണ്ട്‌ വീല്‍ചെയറില്‍ ഇരിക്കാനാവില്ല.

എന്നാലും മുസ്‌തഫ സന്തോഷവാനാണ്‌. അത്മധൈര്യമുണ്ട്‌. എന്തിനോടും പ്രതികരിക്കാനുള്ള മനസ്സുണ്ട്‌.

ബ്ലോഗുവായിച്ചും മാതൃഭൂമി ആഴ്‌ചപ്പതിപ്പിലെ ബ്ലോഗന വായിച്ചും കുറേപ്പേര്‍ പുസ്‌തകങ്ങള്‍ അയച്ചുകൊടുത്തിട്ടുണ്. തളിപ്പറമ്പ്‌ സി എല്‍ എസ്‌ ബുക്‌സിന്റെ പുസ്‌തകങ്ങളും ഒലിവ്‌ പബ്ലിക്കേഷന്‍സ്‌ അയച്ചുകൊടുത്ത പുസ്‌തകങ്ങളും കൂട്ടത്തിലുണ്ട്‌.
കിടപ്പിലായതില്‍പിന്നെ വായിച്ചു തീര്‍ത്ത പുസ്‌തകങ്ങളുടെ പേരും മറ്റും ഡയറിയിലെഴുതിവെച്ചിട്ടുണ്.
ഇതിലധികവും നോവലുകളാണ്‌. മുസ്‌തഫ എന്തും വായിക്കും.

ഡ്രൈവിംഗ്‌ ജോലിയുമായി ആന്ധ്രയിലായിരുന്നപ്പോഴാണ്‌ വായന തുടങ്ങിയതെന്ന്‌ മുസ്‌തഫ പറഞ്ഞു. അന്നവിടെ ഹിന്ദിയും തെലുങ്കും കേട്ടുമടുക്കുമ്പോള്‍ , മലയാളം പറയാനാകാതെ വിഷമിക്കുമ്പോള്‍ മംഗളവും മനോരമയും വായിച്ചു തുടങ്ങിയതാണ്‌.നാട്ടിലെത്തിയപ്പോള്‍ അതിനോടുള്ള താതപര്യം കുറഞ്ഞു. പിന്നെ പുസ്‌തകങ്ങള്‍ വിലകൊടുത്തു വാങ്ങി വായിക്കാന്‍ തുടങ്ങുകയായിരുന്നു.

ഉറക്കം വരാതിരിക്കുമ്പോള്‍ രാത്രി ഒരുമണിക്കുമൊക്കെ വായിച്ചുകൊണ്ടു കിടക്കുമെന്ന്‌ ഭാര്യ സുലൈഖ പറഞ്ഞു. വായനയും റേഡിയോ കേള്‍ക്കലുമാണ്‌ നേരമ്പോക്ക്‌.
അമൃത ചാനല്‍ കഴിഞ്ഞാഴ്‌ച മുസ്‌തഫക്കടുത്ത്‌ പോയിരുന്നു. മാതൃഭൂമി ആഴ്‌ചപ്പതിപ്പില്‍ മുസ്‌തഫക്കൊരു പുസ്‌തകമെന്ന പോസ്‌റ്റ്‌ ബ്ലോഗനയില്‍ വന്നു. ഒരുപാട്‌ പേര്‍ വിളിച്ചു പുസ്‌തകം എത്തിക്കാമെന്നും മറ്റുസഹായങ്ങള്‍ ചെയ്യാമെന്നു പലരും പറഞ്ഞിട്ടുണ്ട്‌. പക്ഷേ, എതിരന്റെ പണവും കുറച്ചു പുസ്‌തകവുമല്ലാതെ ഒന്നും ഇതുവരെ കിട്ടിയിട്ടില്ല.

ടിവിക്കാരെയും ബ്ലോഗനയുമൊക്കെ വന്നപ്പോള്‍ ചില കൈപ്പേറിയ അനുഭവങ്ങളുണ്ടായിട്ടുണ്ട്‌ മുസ്‌തഫക്ക്. അതിലൊന് ചില അഭിപ്രായ പ്രകടനങ്ങളാണ്‌.
ടിവി ദൈവല്ല, മാതൃഭൂമി ദൈവല്ല നീ പടച്ചോനോട്‌ പ്രാര്‍ത്ഥിക്കുകയാണ്‌ വേണ്ടതെന്ന്‌ ചിലര്‍ പറഞ്ഞു. (സങ്കടങ്ങളുടെ കെട്ടഴിച്ചുവിട്ട്‌ ടിവിക്കാരോടും പത്രക്കാരോടും എരക്കുകയാണെന്ന്)

ശരിയാണ്‌ ഇവരൊന്നും ദൈവമല്ല. പക്ഷേ , ദൈവം ഒന്നും മേലേന്ന്‌ താഴോട്ടിറക്കി തരില്ലെന്നും ദൈവം ഏതു വേഷത്തിലാണ്‌ എത്തുന്നതെന്ന്‌ അറിയില്ലെന്നും മുസ്‌തഫ വിശ്വസിക്കുന്നു.

ബ്ലോഗന വായിച്ച ഒരു കണ്ണൂര്‍ സ്വദേശി ഒന്നര മണിക്കൂറോളമാണ്‌ ഫോണില്‍ സംസാരിച്ചത്.
ആദ്യത്തെ ചോദ്യമിതായിരുന്നു
'നീ X ഓ Y ഓ'
...Xലും Y ലുമല്ല ഏതാ കൂടുതല്‍ നല്ലതെന്നു ചോദിച്ചപ്പോള്‍
'നിനക്ക്‌ Y ല്‍ നിന്നു കൂടെ' എന്നായി. ഏതായാലും സംസാരിച്ച്‌ സംസാരിച്ച്‌ അവസാനം വിളിച്ചയാള്‍ പറഞ്ഞത്‌ നിന്റെ മനസ്സെടുക്കാന്‍ ചോദിച്ചതാണെന്നായിരുന്നു.(Xഉം Y ഉം നിറവും ഭൂതകാലവുമൊക്കെ എന്തിനന്വേഷിക്കുന്നു. ഇതൊരു മനുഷ്യനാണ്‌ എന്ന തിരിച്ചറിവ്‌ എന്നുണ്ടാവും? )

ഇപ്പോള്‌ വീടുവെച്ചുകൊടുക്കാം എന്നൊക്കെ ചില സംഘടനകള്‍ പറയുന്നുണ്ട്‌ പക്ഷേ, പുസ്‌തകവായന പാടില്ല, ടിവി കാണാന്‍ പാടില്ല, സമുദായത്തിലുള്ളവരാല്ലാതെ മറ്റാരും വന്നു കാണാന്‍ പാടില്ല, സംസാരിക്കാന്‍ പാടില്ല....തുടങ്ങിയ നിബന്ധനകള്‍..എന്നാല്‍ ഇതെല്ലാം പാലിക്കാം കാലകാലം നോക്കുമോ എന്നു ചോദിച്ചാല്‍ അതിന്‌ ഉറപ്പൊന്നുമില്ലതാനും.
നിബന്ധനകള്‍ പറഞ്ഞവരോട്‌ മുസ്‌തഫ പറഞ്ഞു നിങ്ങള്‍ വെച്ചു തരുന്ന വീടിനേക്കാള്‍ നല്ലത്‌ റോഡുസൈഡില്‍ കിടക്കുന്നതാണെന്ന്. അവിടെയാവുമ്പോള്‍ ആര്‍ക്കും വരാം. കാണാം. സംസാരിക്കാം...വായിക്കാം...

ഞാനെത്തുമ്പോള്‍ മുന്നൂറാന്‍ അവിടെയുണ്ടായിരുന്നു. അവിടെ നിന്ന് ഞങ്ങള്‍ പെയിന്‍ & പാലിയേറ്റീവ്‌ കെയര്‍ യൂണിറ്റിലെ അഷ്‌റഫ്‌ സാറിനെയും അഫ്‌സലിനെയും കണ്ടു. കഴിഞ്ഞ മൂന്നു വര്‍ഷമായി അവരാണ്‌ മുസ്‌തഫയുടെ സംരക്ഷണം ഏറ്റെടുത്തിരിക്കുന്നത്‌. ഒരു വാടകവീട്‌ കണ്ടെത്താനുള്ള ശ്രമത്തിലാണിപ്പോള്‍. ലൈന്‍വീടുകളൊക്കെ കിട്ടാനുണ്ട് പക്ഷേ, പുറത്തായിരിക്കും ടോയലെറ്റ്...
നട്ടെല്ലിന്‌ ക്ഷതം പറ്റി പെയിന്‍ & പാലിയേറ്റീവ്‌ ക്ലിനിക്കിന്റെ സംരക്ഷണയില്‍ 22 ണ്ടോളം പേരുണ്ട്‌. അവരില്‍ മുസ്‌തഫക്കുമാത്രമാണ്‌ സ്വന്തമായി വീടും സഹായിക്കാനാരുമില്ലാത്തത്. എക്കാലവും വാടകവീടിനെ ആശ്രയിക്കുക ബുദ്ധിമുട്ടാണ്‌.
തല്‌ക്കാലം വാടകവീടിനൊരു സ്‌പോണ്‍സറെ കണ്ടെത്തുകയാണ്‌ ആവശ്യമെന്ന് അഷ്‌റഫ്‌ സര്‍ പറഞ്ഞു.ഇപ്പോള്‍ ഒരു സംഘടന അരിയും സാധനങ്ങളും വാങ്ങിക്കൊടുക്കുന്നുണ്ട്‌.



പുസ്‌തകങ്ങള്‍ കൊടുത്തുമാത്രമല്ല, എല്ലാത്തരത്തിലും നമുക്ക്‌ മുസ്‌തഫയെ സഹായിക്കാനാവണം. ഒന്നു രണ്ടുപേര്‍ കോഡിനേറ്റു ചെയ്യാന്‍ വേണം. കോഴിക്കോടുള്ള ആരെങ്കിലുമൊക്കെ സ്വമേധയാ മുന്നോട്ടു വന്നാല്‍ നന്നായിരുന്നു. സഹായത്തിന്‌ ഞാനെപ്പോഴുമുണ്ടാവും.
പരിചയക്കാരോടുകൂടി മുസ്‌തഫയെ സഹായിക്കാന്‍ പറയുക. വലിയ വലിയ സഹായമൊന്നും വേണ്ട...പറ്റുന്നതുപോലെ, ബുദ്ധിമുട്ടില്ലാതെ...

സ്‌കൂളിലെ കുട്ടികള്‍ മിഠായി വാങ്ങാന്‍ കരുതിവെക്കുന്ന ഒന്നും രണ്ടും രൂപ മാസത്തില്‍ ശേഖരിക്കുന്നതാണ്‌ ഏറ്റവും വലിയ ഫണ്ടായി മാറുന്നതെന്ന് അഷ്‌റഫ്‌ സാര്‍ പറഞ്ഞതോര്‍മിക്കുന്നു.
അതുപോലെ നമ്മളെല്ലാവരും കൂടി കൊച്ചു കൊച്ചു സഹായങ്ങള്‍ ചെയ്‌ത് അതൊരു വലിയ സഹായമാക്കിക്കൂടെ? മുസ്‌തഫ സഹായി നിധി എന്ന പേരിലോ മറ്റോ ഒരു അക്കൗണ്ട്‌ തുടങ്ങുന്നതിനെക്കുറിച്ച്‌ ആലോചിച്ചുകൂടെ? നിരക്ഷരനും കുറമാനും മുന്നൂറാനും ഏറനാടനും മാണിക്യവും അചിന്ത്യയും കൈതമുള്ളും മനുവും ജ്യോതിയും എല്ലാരുമെല്ലാരും .....
മുസ്‌തഫയെപ്പോലെ അല്ലെങ്കില്‍ ഇതിലും വലിയ പ്രയാസത്തിലുള്ളവര്‍ വേറെയുമുണ്ടാവാം. പക്ഷേ നമ്മുടെ മുന്നില്‍ മുസ്‌തഫയാണിപ്പോഴുള്ളത്...
A യുംBയും X ഉംY ഉം കൊടിയുടെ നിറമോ ഒന്നും നോക്കാതെ സഹജീവി എന്ന നിലയില്‍ മാത്രം നമുക്കൊന്ന്‌ പരിശ്രമിച്ചാലോ?

Sunday, March 22, 2009

അവധിക്കാലം വില്‌ക്കുമ്പോള്‍

പഠിക്ക്‌ പഠിക്ക്‌ പഠിക്ക്‌ എന്നേ ടീച്ചര്‍ക്ക്‌ എപ്പോഴും പറയാനുണ്ടായിരുന്നുള്ളു. എന്നിട്ടും, ഗുപ്‌തന്മാരുടെയോ മുഗളന്മാരുടെയോ കാലത്തെ അനുസ്‌മരിപ്പിക്കുന്ന വിധത്തില്‍ ഇടയ്‌ക്കിടെ പറയും 'നിങ്ങടെ ഈ പ്രായാ ജീവിതത്തിലെ സുവര്‍ണ്ണകാല'മെന്ന്‌. അതു കേള്‍ക്കുമ്പോള്‍ ഞാനാകെ കണ്‍ഫ്യൂഷനിലാകുമായിരുന്നു. വീട്ടില്‍ ചെന്നാലും പഠിക്ക്‌ പഠിക്ക്‌ എന്ന വാക്കേ കേള്‍ക്കാനുള്ളു. പുസ്‌തകത്തിലേക്ക്‌ കണ്ണും നട്ട്‌, കുമ്പിട്ടിരിക്കുന്നതാണോ സുവര്‍ണ്ണകാലം?
വലുതാവട്ടെ..ഈ സ്‌കൂളീപോക്കു നിര്‍ത്തീട്ടുവേണം സുവര്‍ണ്ണകാലം നേടാന്‍ എന്നൊക്കെയങ്ങ്‌ വിചാരിക്കുമായിരുന്നു.

മാര്‍ച്ചു തുടങ്ങുമ്പോഴെ പരീക്ഷയെ കുറിച്ചുള്ള ആധിയല്ല..സ്‌കൂളടക്കുന്നതിനേക്കുറിച്ചായിരിക്കും ചിന്ത. രണ്ടുമാസം പൂര്‍ണ്ണ സ്വാതന്ത്ര്യം...പുസ്‌തകം, പള്ളിക്കൂടം എന്നൊന്നും ഒരു ദിവസം പോലും ആലോചിക്കേണ്ട. വിചാരിക്കുന്നതില്‍ പളളിക്കൂടം പറമ്പുണ്ട്‌‌. അതു വീടിനടുത്ത കളിസ്ഥലമാണ്‌...

അത്രയൊന്നുമോര്‍മയില്ല. അങ്ങൊനരവധിക്കാലത്ത്‌‌ ഞങ്ങടെ നാട്ടില്‍ സര്‍ക്കസു വന്നു. മെഴുകുംചാലിലേക്ക്‌ തിരിയുന്ന ചപ്പാത്തിനടുത്ത്‌ (അന്ന്‌‌ ചപ്പാത്തില്ല) കൊയ്‌തൊഴിഞ്ഞു കിടന്ന കണ്ടത്തില്‍ വലിയൊരു കൂടാരം...രണ്ടുരൂപയായിരുന്നു ടിക്കറ്റ്‌..ഊഞ്ഞാലാട്ടവും തലകുത്തിമറിയലും കോമളിയുമൊക്കെയെ ഓര്‍മയിലുള്ളു. സര്‍ക്കസു കാണാന്‍ സന്ധ്യക്ക്‌‌ പോയതും ഇരുട്ടത്ത്‌‌ തിരിച്ചു വന്നതും രാത്രിയില്‍ റോഡിലൂടെയുള്ള തിരിച്ചു നടത്തവുമൊക്കെയാണ്‌ കുറേക്കൂടി പച്ചയായി നില്‍ക്കുന്നത്‌‌. രാത്രി മൂത്രമൊഴിക്കാനോ മറ്റോ പുറത്തിറങ്ങുന്നതല്ലാതെ ഒരാളും ഇരുട്ടത്തേക്കിറങ്ങുന്ന കാലമല്ല. പിന്നീടും സര്‍ക്കെസ്സെന്നു കേള്‍ക്കുമ്പോള്‍ ഇറങ്ങിത്തിരിക്കും. ചെച്ചായും ചിന്നമ്മായുമുണ്ടെങ്കില്‍ (ഇളയച്ഛനും ഇളയമ്മയും) ഞങ്ങളിറങ്ങും മുന്നില്‍.

ആദ്യത്തെ സര്‍ക്കസ്‌ പോലെ കൂടാരമൊന്നുമില്ലാത്ത സര്‍ക്കസായിരുന്നു പിന്നീടുണ്ടായിരുന്നത്‌‌. രണ്ടുരൂപയുടെ ടിക്കറ്റുവെച്ച സര്‍ക്കസ്സ്‌ , വലിയ കമ്പനി സര്‍ക്കസ്‌ ആയിരുക്കാമെന്നാണ്‌ തോന്നുന്നത്‌‌. ആകെ അഞ്ചാറ്‌ കുടിയേറ്റക്കാരുള്ള ഞങ്ങടെ നാട്ടില്‍ കമ്പനി സര്‍ക്കാസു വന്നാല്‍ എന്തുകാര്യം? ദിവസങ്ങളോളം കൂടാരംകെട്ടി കളിക്കാന്‍മാത്രം ആളുകളെവിടെ?

അതുകൊണ്ടോവാം പണ്ടെന്നോ സര്‍ക്കസില്‍ പോയി ഡാന്‍സുകളിച്ച പരിചയത്തില്‍ ഒരപ്പനുമമ്മയും മക്കളും സര്‍ക്കസുമായി ബീഡിമീരാന്‍ക്കായുടെ വാടകവീട്ടില്‍ ചേക്കേറിയത്‌‌.
പുല്ലുമ്പുറത്തിരിക്കണം. സര്‍ക്കസ്സെന്ന പേരല്ലാതെ വലിയ അത്ഭുതമൊന്നും കണ്ടില്ല. പെമ്പിള്ളേരുടെ രണ്ടുതലകുത്തി മറിച്ചില്‍..ആ പിള്ളേര്‌ കളിച്ചാണ്‌ ആദ്യമായി ഡിസ്‌ക്കോഡാന്‍സു കാണുന്നതും....കാര്‍ന്നോരുടെ അഞ്ചെട്ട്‌‌ ഇഷ്ടിക തല്ലിപ്പൊട്ടിക്കല്‍...കുറച്ചു പാട്ട്‌‌, ഡാന്‍സ്‌‌..ലഘുനാടകം, വളിപ്പന്‍ തമാശകള്‍....ഇത്രയൊക്കെയായിരുന്നു അവിടെത്തെ സര്‍ക്കസ്സില്‍ കണ്ടത്‌‌. എന്നാലും ഞങ്ങളതൊക്കെ ആസ്വദിച്ചെന്നത്‌ സത്യമാണ്‌. സിനിമയോ, ടിവിയോ , റേഡിയോ പോലും കാര്യമായിട്ടില്ലാത്ത ദേശം.
ചിലരൊക്കെ സര്‍ക്കസ്സുകാരി പെമ്പിള്ളേരെ കാണാന്‍ പോകുന്നതാണെന്ന്‌ കേട്ടു. അത്രവലിയ ചന്തമൊന്നുമില്ലാത്ത രണ്ടു പെമ്പിള്ളേര്‍...മുഖത്ത്‌ പൗഡറിട്ട്‌ കടും ചുവപ്പ്‌ ലിപ്‌സ്റ്റിക്കിട്ട്‌ ഇറക്കമില്ലാത്ത ഇറുകിയ കുപ്പായമിട്ടു നിന്നതുകൊണ്ടാവണം...

പക്ഷേ, ഈ പരിപാടികളുടെ ഇടയിലെ ലേലം വിളിയായിരുന്നു ഞങ്ങളെ ഏറെ വിഷമിപ്പിച്ചത്‌‌. രണ്ടുരൂപക്ക്‌ തേങ്ങ കിട്ടുമ്പോള്‍ ലേലം വിളി നീണ്ട്‌‌ നീണ്ട്‌‌ ആറും ഏഴും രൂപവരെ ഉയര്‍ന്നു. ഒരിക്കല്‍ ലേലത്തില്‍ ചെച്ചാക്കാണ്‌ തേങ്ങ കിട്ടിയത്‌‌. ആറുരൂപ ശരിക്കും കൊടുത്തോ എന്നു ചോദിക്കാന്‍ ധൈര്യം വന്നില്ല.
സര്‍ക്കസാന്റണിയെന്ന നാട്ടുകാരന്‍ ആന്‍ണിച്ചേട്ടന്‍ പക്ഷേ, സര്‍ക്കസ്സൊന്നും കാണിച്ച്‌ ഞങ്ങള്‍ കണ്ടില്ല. സര്‍ക്കസ്സു കാണിച്ചു തരാവോ എന്ന ഞങ്ങളുടെ ചോദ്യത്തിന്‌ ചിരിച്ചതല്ലാതെ...സര്‍ക്കസ്സുകൊണ്ട്‌ ആശാനുണ്ടാക്കിയത്‌ തിരുമ്മുചികിത്സയായിരുന്നിരിക്കണം. കളരിമര്‍മ്മാണി തൈലവില്‌പനയാണെന്നൊക്കെ കാടാറുമാസമായിരുന്ന ആന്റണിച്ചേട്ടനെക്കുറിച്ച്‌ കേട്ടു. പിന്നീടെപ്പോഴോ കല്ല്യാണമായിരുന്നു ആശാന്റെ സര്‍ക്കസ്സുകളിലൊന്നെന്ന്‌ സ്വന്തം മകള്‍ തന്നെ പറഞ്ഞുകേട്ടു. ആറോ ഏഴോ പേരെ കൂടെകൂട്ടിപോലും...കുറച്ചു കഴിയുമ്പോല്‍ മടുക്കും...പെണ്ണുപോകും..ചിലപ്പോള്‍ ആന്റണിയും പോയി...

ടീച്ചര്‍ സുവര്‍ണ്ണകാലത്തെക്കുറിച്ച്‌ പറഞ്ഞപ്പോഴൊന്നും അര്‍ത്ഥം മനസ്സിലായില്ല. പക്ഷേ, കാലം അതു തെളിയിക്കുന്നു. ഇന്ന്‌ അവധിക്കാലം സ്വപ്‌നത്തില്‍പോലുമില്ല. പതിനൊന്നുമാസം ജോലിയെടുത്താല്‍ ഒരുമാസം ശമ്പളത്തോടെ അവധിയെടുക്കാം. വിനോദത്തിനും വിശ്രമത്തിനും വേണ്ടി. പക്ഷേ, അതൊക്കെ ചട്ടങ്ങളിലേയുള്ളു. അവധിക്കപേക്ഷിച്ചാല്‍ തക്കതായ കാരണം വേണം. യഥാര്‍ത്ഥകാര്യം പറഞ്ഞാല്‍ മേലുദ്ധ്യോഗസ്ഥന്റെ മുഖം മാറും. കാലങ്ങളായി മലയാളി് ‌(സര്‍വ്വീസിലുള്ളവര്‍ക്ക്‌‌) വിനോദത്തിനും വിശ്രമത്തിനുമൊന്നും അവധിയെടുക്കുന്നില്ല. ഇടക്കുവീണുകിട്ടുന്ന കലണ്ടറിലെ ചുവപ്പു മാത്രം മതിയെന്നായിരിക്കുന്നു. ഒരുമാസത്തെ അവധി വിറ്റു കാശാക്കിയാല്‍ എന്തെല്ലാം കാര്യം നടക്കും.... ലീവ്‌ സറണ്ടര്‍ ചെയ്യാതിരുന്നാലും നഷ്ടത്തെക്കുറിച്ച്‌ ബോധ്യപ്പെടുത്താന്‍ ഒരുപാടാളുണ്ടാവും.

ലീവിങ്ങനെ വെച്ചോണ്ടിരിക്കുന്നതെന്തിനാ...പണത്തിനൊരുപാടാവശ്യങ്ങളുണ്ടാവുമ്പോള്‍....


ഇടക്കിടെ തലചുറ്റി വീഴുകയും അവധി ആവശ്യമായി വരികയും ചെയിതിരുന്ന ലളിതമാഡം മാത്രം പറഞ്ഞു.
'നിങ്ങള്‍ പുതിയ കുട്ടികളെങ്കിലും ലീവ്‌ സറണ്ടര്‍ ചെയ്യരുതേ' എന്ന്‌.
പക്ഷേ, നാളെ വരാവുന്ന അസുഖത്തെക്കുറിച്ചോ അവധിയുടെ ആവശ്യങ്ങളെക്കുറിച്ചോ ആരോര്‍ക്കാന്‍....
പനി വരുമ്പോള്‍ പോലും ലീവു ചോദിക്കാന്‍ മടിക്കുന്നു. പിന്നെയാണ്‌ അവധിക്കാലം നേടാന്‍....


ടീച്ചര്‍ പറഞ്ഞതെത്ര ശരി...ഇനി ആ കാലത്തേക്ക്‌ എങ്ങനെ തിരിച്ചു നടക്കും?

Sunday, March 15, 2009

മുസ്‌തഫക്ക്‌ ഒരു പുസ്‌തകം



കഴിഞ്ഞ ദിവസമാണ്‌ മുസ്‌തഫയുടെ കത്തു കിട്ടുന്നത്‌. എന്റെ ഒരു പുസ്‌തകം വായിച്ച്‌ അതില്‍ കണ്ട വിലാസത്തില്‍ അയച്ചത്‌.

മുസ്‌തഫയെ പരിചയപ്പെടുത്താന്‍ കത്തിലെ വരികള്‍ പകര്‍ത്താം.

"ഞാന്‍ മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിക്കടുത്ത്‌ ഐക്കരപ്പടി എന്ന സ്‌ഥലത്താണ്‌ താമസിക്കുന്നത്‌. എനിക്ക്‌ ചെറുപ്പം മുതലുള്ള ശീലമാണ്‌ വായന. എന്ത്‌ കിട്ടിയാലും വായിക്കണമെന്നുള്ള ആഗ്രഹക്കാരനായിരുന്നു ഞാന്‍. ഞാനൊരു ഡ്രൈവറായിരുന്നു. എങ്കിലും എല്ലാജോലിക്കും പോകുമായിരുന്നു. കിട്ടുന്ന കൂലിയില്‍ പകുതുയുല്‍ ഏറിയപങ്കും പുസ്‌തകങ്ങള്‍ വാങ്ങാന്‍ ചെലവഴിക്കുമായിരുന്നു.
ഇതൊക്കെ പറയാന്‍ കാരണം ഞാന്‍ ജോലിചെയ്യുന്നതിനിടയില്‍ മരത്തില്‍ നിന്നും വീണ്‌ നട്ടെല്ലിന്‌ ക്ഷതം പറ്റി അരക്ക്‌ താഴെ ചലനമില്ലാതെ മൂന്നു വര്‍ഷമായി കിടപ്പിലാണ്‌. ഇപ്പോള്‍ എനിക്ക്‌ പുസ്‌തകം വാങ്ങാന്‍ യാതൊരു വിധ മാര്‍ഗ്ഗവുമില്ല. വായനമാത്രമാണ്‌ ആകെയൊരാശ്വാസം. അതു കൂടി നഷ്ടപ്പെടുന്ന അവസ്ഥയാണ്‌.............ഒരു പുസ്‌തകം വായിക്കുമ്പോള്‍ ഒരു നല്ല സുഹൃത്തിനെ ലഭിക്കുന്നു. അങ്ങിനെ കിട്ടിയ ഒരു സുഹൃത്തെന്ന നിലക്ക്‌ ഞാന്‍ അപേക്ഷിക്കുകയാണ്‌ മറ്റ്‌ രചനകള്‍ ഉണ്ടെങ്കില്‍ അയച്ചുതന്ന്‌ എന്നെ സഹായിക്കുമെന്ന്‌ പ്രതീക്ഷിക്കുന്നു."




പെയിന്‍ & പാലിയേറ്റീവ്‌ കെയര്‍ ക്ലിനിക്കാണ്‌ ഇപ്പോള്‍ മുസ്‌തഫയെ സംരക്ഷിക്കുന്നത്‌‌. ഭാര്യയും ഒരു മകനുമുണ്ട്‌‌.
സുഹൃത്തുക്കള്‍ വല്ലപ്പോഴും കൊണ്ടുപോയി കൊടുക്കുന്ന പുസ്‌തകമാണ്‌ ഇപ്പോള്‍ മുസ്‌തഫ വായിക്കുന്നത്‌്.


ചില പുസ്‌തകങ്ങള്‍ നമുക്കു കിട്ടുന്നു. എത്രയോ പുസ്‌തകങ്ങള്‍ നമ്മള്‍ വാങ്ങുന്നു. അതില്‍ പലതും ഒന്നു തുറന്നു നോക്കാതെ ഇരിക്കുന്നു.

മുസ്‌തഫ പുസ്‌തകങ്ങള്‍ക്കു വേണ്ടി കാത്തിരിക്കുന്നു.

വിലാസം

മുസ്‌തഫ സുലൈഖ
പെയിന്‍ & പാലിയേറ്റീവ്‌ ക്ലിനിക്‌
പുളിക്കല്‍
മലപ്പുറം-673637


അക്കൗണ്ട്‌ നമ്പര്‍. A/c No 67080912142
Branch : Cherukavu ADB (IFSC COde SBTR0000443) malappuram dt
photo: wiki

Sunday, March 1, 2009

ഗള്‍ഫ്‌ ഭാര്യമാര്‍ സൂക്ഷിക്കുക!

വയനാട്‌‌ ജില്ലയിലെ നിര്‍ധന കുടുംബത്തിലെ മുസ്ലീം പെണ്‍കുട്ടി.
21 വയസ്സ്‌. ബി എ ,എച്ച്‌ ഡി സി.
സ്‌‌ത്രീധനമോഹമില്ലാത്തവരില്‍ നിന്ന് വിവാഹലോചനകള്‍ ക്ഷണിക്കുന്നു.

എന്റെ ഭര്‍ത്താവ്‌ ബന്ധുവിനുവേണ്ടി പത്രത്തില്‍ കൊടുത്ത പരസ്യമായിരുന്നു ഇത്‌. പരസ്യത്തോടൊപ്പം കൊടുത്ത ഫോണ്‍ നമ്പര്‍ എന്റേതും. (അന്നെനിക്കു മാത്രമേ ഫോണുള്ളു. )

ആ ഞായറാഴ്‌ച രാവിലെയുണര്‍ത്തിയത്‌ ഫോണ്‍ ബെല്ലായിരുന്നു. ആദ്യത്തെ ബെല്ലിനുശേഷം ഫോണിനു വിശ്രമമില്ലായിരുന്നെന്നു മാത്രം.


ആ ഫോണ്‍ കോളുകള്‍ക്കു പിന്നിലേക്കു പോയാല്‍ ബഹുഭാര്യത്വത്തിന്റെ വലിയൊരു ചിത്രം കിട്ടും. ആ കോളുകളോരോന്നും, കിട്ടിയ ഒരേയൊരു കത്തും എന്നെ വല്ലാതെ അസ്വസ്ഥതപ്പെടുത്തി.

ഈ പരസ്യത്തിന്‌ നൂറിലേറെ ഫോണ്‍കോളുകളാണ്‌ നാലുദിവസത്തിനുള്ളില്‍ ലഭിച്ചത്‌‌. അതില്‍ ഒന്‍പതു കോളുകള്‍ മാത്രം കേരളത്തില്‍ നിന്ന്‌‌. ബാക്കി നൂറോളം കോളുകള്‍ വിദേശത്തു നിന്ന്‌‌. വന്ന ഓരോ ഫോണ്‍ നമ്പറും ഞാന്‍ എഴുതി സൂക്ഷിച്ചു. ചിലത്‌ Save ചെയ്‌തു. ഇത്രയും കോളുകളില്‍ ആകെ പതിനൊന്നെണ്ണം മാത്രമായിരുന്നു ഒന്നാം വിവാഹക്കാര്‍. എട്ടു കേരള നിവാസികളും മൂന്നു ഗള്‍ഫും. അതിലൊരാള്‍ അപസ്‌മാരരോഗിയാണ്‌. വിവാഹം കഴിച്ചാല്‍ അപസ്‌മാരം പോകുമെന്ന്‌ ഡോക്ടര്‍ പറഞ്ഞെന്നു പറഞ്ഞു. പയ്യന്റെ ഉമ്മയാണ്‌ വിളിച്ചത്‌‌. അത്യാവശ്യം സാമ്പത്തികമുണ്ട്‌ പാവപ്പെട്ട കുട്ടിയാവുമ്പോള്‍ തയ്യാറാവുമെന്നു കരുതി എന്നവര്‍ പറഞ്ഞു.

വിവാഹബന്ധം വേര്‍പെട്ടതോ, ഭാര്യ മരണപ്പെട്ടതെന്നോ പറഞ്ഞവര്‍ ഒന്നോ രണ്ടോ മാത്രം. ബാക്കിയെല്ലാം ബഹുഭാര്യത്വത്തിന്‌ മുതിര്‍ന്നവര്‍....ദാരിദ്ര്യം ചൂഷണം ചെയ്യല്‍ മാത്രമാണ്‌ ബഹുഭാര്യത്വത്തിലെന്ന്‌‌ ഞാനുറച്ചു വിശ്വസിക്കുന്നു.

ഈ പത്രപ്പരസ്യത്തിലെ വാചകങ്ങള്‍ ശ്രദ്ധിച്ചോ? അതില്‍ ചൂണ്ടയിട്ടു പിടിക്കാന്‍ പാകത്തില്‍ ചിവ വാക്കുകളുണ്ട്‌‌.
1. വയനാട്‌ ജില്ലയില്‍...
2. നിര്‍ധന കുടുംബത്തിലെ...
3. 21 വയസ്സ്‌...
4. സ്‌ത്രീധനമോഹമില്ലാത്ത...

ഇതു നാലും പോരെ പൂരത്തിന്‌. വേറൊരു ഭാര്യയെ കിട്ടുന്നതിനുവേണ്ടി പത്രത്തില്‍ പരസ്യം ചെയ്യാന്‍ ബുദ്ധിമുട്ടാണ്‌. പിന്നെ രക്ഷയുള്ളത്‌ പാവപ്പെട്ട പെണ്‍കുട്ടികളുടെ വിവാഹ പരസ്യങ്ങളിലേക്ക്‌ ചാടി വീഴലാണ്‌. ഈ നാലു വാക്കുകളുമില്ലാതെ മറ്റൊരു വിവാഹപ്പരസ്യത്തിന്‌ ഒറ്റ രണ്ടാംകെട്ടുകാരുമില്ലായിരുന്നു. ‌ തന്റേതല്ലാത്ത കാരണത്താല്‍ വേര്‍പിരിഞ്ഞവരുമില്ലായിരുന്നു ( പത്രങ്ങളിലെ വിവാഹ പരസ്യങ്ങളില്‍ ഈ ഒരു വാക്കില്ലാത്തവയുണ്ടാവില്ല. എന്നാണാവോ തന്റേതായ കാരണത്താല്‍ വിവാഹമോചനം നേടുന്നത്‌?)



ഇങ്ങനൊരു പരസ്യം ചെയ്യാനുള്ള ഞങ്ങളുടെ ഉദ്ദേശ്യം വ്യക്തമാക്കാം. പശുവിനെ വളര്‍ത്തി ജീവിക്കുന്ന കുടുംബത്തിലെ കുട്ടി. ബുദ്ധിമതി. ഒന്നും രണ്ടും മണിക്കൂര്‍ കാട്ടിലൂടെയും ബസ്സിലും യാത്രചെയതാണ്‌ മുകളില്‍ കൊടുത്ത നാലുകാര്യങ്ങളൊഴിച്ചുള്ള യോഗ്യത നേടിയത്‌‌. ബ്രോക്കര്‍മാര്‍ വഴി വന്ന ആലോചനകളൊക്കെ വീട്ടിലെ പശുവിന്‌ വില പറയുന്നതുപോലെ കണ്ടപ്പോള്‍ കുറച്ചുകൂടി നല്ല ആലോചനകള്‍ ഉണ്ടാവട്ടെ എന്നു കരുതി ചെയ്‌തു പോയതാണ്‌.

രണ്ടുലക്ഷം രൂപ തരാം. വീടുവെച്ചു തരാം. പക്ഷേ കുട്ടി അവിടെ തന്നെ നില്‍ക്കണം. വീട്ടിലേക്കു കൊണ്ടുപോകില്ല...എന്നു പറഞ്ഞവര്‍ എറെ..ലക്ഷങ്ങളുടെ കണക്കില്‍ ചെറിയ വ്യതിയാനങ്ങളുണ്ടെന്നു മാത്രം.

അപ്പോ ആദ്യഭാര്യ? എന്റെ ചോദ്യത്തിന്‌ റെഡിമെയ്‌ഡ്‌ ഉത്തരമുണ്ട്‌‌.
ഓ...ഓളറിയില്ല....
അറിഞ്ഞാലോ?

തുടര്‍ന്ന്‌ നാട്ടുപച്ചയില്‍ വായിക്കുക

Thursday, February 26, 2009

ഞാനും പാറക്കടവും ജാടയും...!.

ഞാനും പാറക്കടവും ജാടയും തമ്മിലെന്തു ബന്ധമെന്നു ചോദിച്ചാല്‍ ഉള്ളിയുടെ തൊലി കളയും പോലെയാണത്‌. എന്നാലും ഒരു കൊല്ലംമുമ്പ്‌ നടന്ന കഥ പറയാതിരിക്കാനും വയ്യ.

അണപ്പല്ലുകളിലൊന്ന് കുറ്റിയായിട്ട് നില്‌ക്കാന്‍ തുടങ്ങിയിട്ട് നാളുകളെത്രയായെന്നോ...കുഞ്ഞുന്നാളു മുതല്‍ തുടങ്ങിയതാണ്‌ ഇടയ്‌ക്കിടക്ക്‌ വേദന....വേദന കൂടുമ്പോള്‍ അരിമേതാദി പഞ്ഞിയില്‍ മുക്കി പോട്ടില്‍ വെക്കും. കവിളില്‍ തേക്കും...ഇങ്ങനെ പത്തിരുപതുകൊല്ലം കൊണ്ടുനടന്നു. കുറ്റിയാണെങ്കിലും ആളത്ര ശല്യക്കാരനല്ലാത്തതുകൊണ്ട് ഇത്രനാള്‍ പിടിച്ചു നിന്നു.
പോടീ...നിന്റെ ഒരു അരിമേതാദി...എന്നു പറഞ്ഞുകൊണ്ട് കുറ്റി സകല ശക്തിയുമെടുത്ത് കുത്തിനോവിച്ച്‌ യുദ്ധത്തിനിറങ്ങിയപ്പോള്‍ രണ്ടാമതൊന്നലോചിച്ചില്ല....ഡോക്ടറെ കണ്ടേക്കാം....


ഡോക്ടറെ കാണാം എന്നു തീരുമാനിച്ചപ്പോള്‍ ഏതു ഡോക്ടറെ എന്നായി ചിന്ത. ഓഫീസിനു തൊട്ടു മുന്നിലൊരു പല്ലുഡോക്ടറുണ്ട്. തിരക്കുകുറഞ്ഞ നേരങ്ങളില്‍ അഞ്ചോ ആറോ വട്ടം പോയി നോക്കി. ഇരിക്കൂ ഡോക്ടറകത്തുണ്ട് എന്ന് ഒരു പൊക്കക്കാരി പെങ്കൊച്ച് കൊഞ്ചി പറഞ്ഞതല്ലാതെ ഡോക്ടറെ കാണാനുള്ള ഭാഗ്യമുണ്ടായില്ല.

കുറച്ചു നേരം ഇരുന്ന നേരത്താണെങ്കില്‍ , പ്രീഡിഗ്രിക്കു പഠിക്കുമ്പോള്‍ പ്രസാദ്‌ സാര്‍ പറഞ്ഞ കഥയോര്‍ത്തു ചിരിച്ചു. കോളേജില്‍ പഠിക്കുമ്പോള്‍ പല്ലുവേദനവന്നതും ഡോ. മറിയാമ്മയെ കണ്ടതുമായിരുന്നു ആ കഥ. അന്നു മറിയാമ്മ ഡോക്ടര്‍ കോതമംഗലത്താണ്‌. ഞങ്ങടെ അധ്യാപകനായി വന്നപ്പോഴാണ്‌ അടുത്ത പല്ലുവേദന സാറിന്‌. കോതമംഗലത്തേക്കു പോകേണ്ട...ഡോക്ടര്‍ അടിമാലിയിലും ക്ലിനിക്ക്‌ തുടങ്ങിയിട്ടുണ്ട്.
ക്ലിനിക്കില്‍ ചെന്നപ്പോള്‍ സാറു കണ്ടത് ഡോ.മറിയാമ്മ എന്ന സ്‌ത്രീയെയല്ല ഒരു പുരുഷനെയാണ്‌. കൊടിലുമായി നിന്ന പുരുഷന്‍ കാര്യം തിരക്കി...

ഡോക്ടറെ കാണണമെന്നു പറഞ്ഞപ്പോള്‍ ങ്‌ും എന്താ എന്നെ കണ്ടിട്ട് ഡോക്ടറാണെന്ന് തോന്നുന്നില്ലേ എന്നായിരുന്നു പുരുഷന്റെ മറുപടി.

മറിയാമ്മ ഡോക്ടറെ കാണാനാണെന്നു പറഞ്ഞപ്പോള്‍ പുള്ളിക്കാരി ആഴ്‌ചയില്‍ രണ്ടു ദിവസമേ ഉള്ളത്രേ...ബാക്കി ദിവസങ്ങളില്‍ പുരുഷനാണ്‌ അറ്റന്‍ഡ്‌ ചെയ്യുന്നത്.
ഈ പുരുഷനെ ഓര്‍മയില്‍ നിന്ന് തപ്പിയെടുത്തു.
അമ്പടാ...ഡോക്ടറുടെ ഹെല്‍പ്പറായിരുന്നവന്‍....

അതോര്‍ത്തപ്പോള്‍ ഇനി ഈ ഡോക്ടറെ കാണണ്ട മലാപ്പറമ്പിലൊരു ബോര്‍ഡു കണ്ടിട്ടുണ്ടല്ലോ...അങ്ങോട്ട് പോകാം എന്നു വിചാരിച്ചിറങ്ങി.

പല്ലുവേദനയാണെന്നറിഞ്ഞപ്പോള്‍ അനിയത്തി പറഞ്ഞു പോടടയ്‌ക്കാമോന്ന് നോക്കാന്‍...

കുറ്റിയില്‍ എന്തു പോടടയ്‌ക്കാന്‍...എത്ര കല്ലുംമണ്ണുമെടുത്തു അടച്ചുവെച്ചാലും അടുത്തു വേറെ മടയെടുക്കുന്ന എലിയെ ഓര്‍ത്തു ഞാന്‍....
ഡോക്ടറുടെ പേരിനൊപ്പം ചേര്‍ത്തിരുന്ന ABCD മൊത്തം വായിച്ച് തൃപ്‌തിപ്പെട്ടാണ്‌ കണ്ടത്.
'ഒരു രക്ഷയുമില്ല..എടുത്തു കളയണം. '

ടഇപ്പത്തന്നെ എടുത്തോ സാര്‍...ട

പക്ഷേ, വേദനമാറിയാലേ എടുക്കാനാവൂ....
വേദനക്കുള്ള മരുന്ന് എഴുതിതന്ന് രണ്ടു ദിവസം കഴിഞ്ഞ് വരാന്‍ പറഞ്ഞു വിട്ടു.

പല്ലു പറിക്കണമെന്നു കേട്ടപ്പോഴേക്കും അമ്മച്ചിക്ക് കലി കയറി.
-നിന്റെ കവിളൊട്ടും...
പല്ലിന്റെ എണ്ണം കൊറയും...-

കേട്ടാല്‍ തോന്നും എന്നെ ഇനിയും കെട്ടിക്കാന്‍ പോകുവാന്ന്....

വേദന കുറഞ്ഞു. പല്ലു പറിക്കേണ്ട ദിവസം....
തന്നെ പോകേണ്ടടീ...ഇന്നെനിക്കു നേരമില്ല വേറൊരു ദിവസം പോകാം എന്ന് കണവന്‍ പറഞ്ഞതിനും പുല്ലുവില...എന്തു ചെയ്യാം. കുറ്റിയിപ്പോള്‍ ശാന്തനായിരുക്കുന്നതൊന്നും നോക്കണ്ട...അതു മരുന്നിന്റെ ഫലം...അതിന്റെ ഫലമായി നെഞ്ചെരിച്ചില്‌ വിട്ടുമാറുന്നുമില്ല.
അതു മാത്രമല്ലല്ലോ...കവിളൊട്ടും പല്ലിന്റെ എണ്ണം കുറയുമെന്നൊക്കെയുള്ള തോന്നല്‍ പുളളിക്കാരനും തോന്നിപ്പോയാല്‍ കുറ്റി പിന്നെയും ബഹളംതുടങ്ങുകയും ഞാന്‍ വേദനിച്ച് ചാവുകയും ചെയ്യും...ചിന്തിക്കാനുള്ള അവസരം കൊടുക്കും മുമ്പേ...
ഒറ്റക്കു പൊയിക്കോളാം...എന്നു പറഞ്ഞു.
പല്ലെടുത്താല്‍ തലകറങ്ങുമെന്നും ചോരയൊരുപാടുപോകുമെന്നുമൊക്കെ പറഞ്ഞെങ്കിലും ഇനി വേറൊരു ദിവസം വരെ കാക്കാന്‍ വയ്യെന്നു ത്‌ന്നെ തീരുമാനിച്ചു...

ഒന്നുമറിഞ്ഞില്ല. ക്ടും..ക്ടും...തീര്‍ന്നു..
പത്തുമിനിറ്റു കഴിഞ്ഞപ്പോള്‍ ഇറങ്ങി നടന്നു.
ഓട്ടോ വിളിക്കാം. ഇതുവരെ തലകറക്കമില്ല. ഒരു വശം മരച്ചിരിക്കുന്നെന്നല്ലാതെ...
റോഡ് ക്രോസ് ചെയ്‌തപ്പോഴേ ഒരു ബസ്സു വരുന്നു. വെള്ളിമാടുകുന്ന് ബസ്സ്. എനിക്കു മാധ്യമം വരെയെത്തണം. നോക്കുമ്പോള്‍ കൃത്യം ചില്ലറ കൈയ്യില്‍ തടഞ്ഞു. മിണ്ടണ്ടല്ലോ...നേരെ ബസ്സിനു കയറി.

ബസ്സിറങ്ങി ഓട്ടോയുടെ അടുത്തേക്കു പോയി. പരിചയമുള്ള ഒറ്റയൊന്നില്ല. വാ തുറക്കാന്‍ മേല...നടന്നാല്‍ കലകറങ്ങി വീഴുമോ...ഇതുവരെയില്ലെന്നു വെച്ച് സംഭവിച്ചു കൂടായ്‌കയില്ലല്ലോ....ഓട്ടോക്കാരന് വഴി പറഞ്ഞു കൊടുക്കാന്‍ പറ്റാത്തതോര്‍ത്തപ്പോള്‍ നടക്കാന്‍ തന്നെ തീരുമാനിച്ചു.

അതിനും കുറച്ചു ദിവസം മുമ്പാണ്‌ ഞാന്‍ ആ വഴിയില്‍ വെച്ച് പി. കെ പാറക്കടവിനെ പരിചയപ്പെടുന്നത്. പത്തു പതിമൂന്നു കൊല്ലമായി എനിക്കറിയാം വായനയിലൂടെ..പിന്നീട്‌ ഇവിടെ താമസമാക്കിയപ്പോള്‍ പലയിടത്തും വെച്ച് കണ്ടിട്ടുണ്ട്. രാവിലെ ബസ്സുകയറാന്‍ നില്‌ക്കുമ്പോള്‍ പാറക്കടവ്‌ ബസ്സിറങ്ങി പോകുന്നതു കാണാം. തിരിച്ചു വരുമ്പോള്‍ ഞങ്ങള്‍ നേര്‍ക്കുനേര്‍ കാണാറുണ്ട്. എനിക്കെന്തോ പരിചയപ്പെടാന്‍ തോന്നിയിട്ടില്ല. പരിചയപ്പെട്ടു പോയാല്‍ പിന്നെ എന്നെ കണ്ടാല്‍ ചിരിക്കാതിരുന്നാല്‍ ഒന്നും മിണ്ടാതിരുന്നാല്‍
..........അയാക്കെന്തൊരു ജാടയാ എന്നെനിക്ക് പറഞ്ഞു നടക്കാം...
വഴിയില്‍ വെച്ച് ഒരു പെണ്ണ് സാറിന്റെ കഥകളൊക്കെ വായിക്കാറുണ്ട്. ആരാധികയാണ്‌ എന്നൊക്കെ പറഞ്ഞെന്നിരിക്കട്ടെ ...അദ്ദേഹമതൊക്കെ ഓര്‍ത്തിരിക്കണമെന്നും പിന്നെ കാണുമ്പോള്‍ ചിരിച്ചു കാണിക്കണമെന്നും കരുതുന്നതില്‍ എന്തു ന്യായമാണുളളത്?


ഇനി ഇത്തരത്തില്‍ പ്രതികരിച്ചില്ലെങ്കില്‍ പാറക്കടവിനെ അറിയുമോ എന്നോ കഥകള്‍ വായിച്ചിട്ടുണ്ടോ എന്നോ ആരെങ്കിലും ചോദിച്ചാല്‍...
ഏതു പാറക്കടവ്‌?
പീക്കിരിക്കഥകളെഴുതുന്നയാളോ? ഞാനയാളുടെ കഥവരുന്ന ഒറ്റപ്പുസ്‌തകം വാങ്ങില്ല....
അയാക്കെന്തൊരു ജാടയാ...കണ്ട ഭാവം നടിക്കില്ല. മിണ്ടില്ല...ഞങ്ങളന്ന്‌ ശിവരാത്രിക്ക് ആലുവാ മണപ്പൊറത്തു വെച്ച് കണ്ടതാ...എന്നിട്ടും അങ്ങേര്‍ക്കെന്നെ ഓര്‍മയില്ലെന്ന്.....

എന്തിനു പറയുന്നു ഇക്കാരണങ്ങളാലൊക്കെ തന്നെയാണ്‌ വളരെ ഭവ്യതയോടെ ഞാനദ്ദേഹത്തെ ഓരോ പ്രാവശ്യവും കടന്നു പോയത്. കഥകളോരോന്ന് ആലോചിച്ച് നടന്നു പോകുന്ന അദ്ദേഹത്തിനു മുന്നില്‍ ഒരു കട്ടുറുമ്പിനെപ്പോലെ ഇടക്കുകയറി കുത്തി നോവിക്കാന്‍ തോന്നിയില്ല.

എന്നിട്ടും പരിചയപ്പെട്ടു. ഈ പറഞ്ഞവിധത്തിലൊന്നുമായിരുന്നില്ലെന്നു മാത്രം.

പിന്നെ കണ്ടാല്‍ സംസാരിക്കും...ചിരിക്കും.

അങ്ങനെ പല്ലുപറിച്ച് മിണ്ടാന്‍ പറ്റാതെ വെളളിമാടുകുന്നില്‍ ബസ്സിറങ്ങി നടക്കുകയാണ്‌ ഞാന്‍...
ദാ..വരുന്നു പാറക്കടവ്‌...

അങ്ങോട്ടോ ഇങ്ങോട്ടോ മാറി നിന്നാലോ...തിരിച്ചു നടന്നാലോ...
ഒന്നിനും നേരമില്ല...എന്തെങ്കിലും ചോദിച്ചാല്‍ ഞാനെന്തു പറയും?
ഇനി പാറക്കടവും പറയുമോ ആലുവാ മണപ്പുറത്തുകണ്ട ഭാവം കാണിച്ചില്ലെന്ന്....ആംഗ്യഭാഷ ഉപയോഗിക്കേണ്ടി വരുമോ? പേനയും കടലാസുമെടുത്ത് എഴുതിക്കാണിക്കേണ്ടി വരുമോ?

എനിക്കാകെ ശ്വാസം മുട്ടി...ഇന്നു കൂടെയൊരാളുണ്ട്. അവര്‍ സംസാരിച്ചാണ്‌ വരുന്നത്.
നേര്‍ക്കു നേരെയെത്തിയപ്പോള്‍ ഞാന്‍ അങ്ങേയറ്റം പാടുപെട്ട് ചിരിക്കാന്‍ ശ്രമിച്ചു...ഭാഗ്യം ഒന്നും ചോദിച്ചില്ല. പക്ഷേ , കൂടെയുള്ള ആളോട് എന്നെ പരിചയപ്പെടുത്തുന്നു.
ശരിക്കും തലകറങ്ങുന്നല്ലോ...കാലു നീട്ടി ചവിട്ടി....ഓട്ടമോ നടപ്പോ..രക്ഷപെട്ടു...

പക്ഷേ, എനിക്കു തിരിയേണ്ടിടത്തെത്തിയപ്പോള്‍ നമ്മുടെ ഓര്‍ക്കുട്ട്, ബ്ലോഗര്‍മാരായ രണ്ടുമൂന്നുപേര്‍ മുന്നില്‍....!!!!
!!