Monday, December 31, 2007

വിരിപ്പു വിതയില്‍ നിന്ന്‌ വീടുകളിലേക്ക്‌

വിരിപ്പു വിതയില്‍ തുടങ്ങുന്നു ഹൈറേഞ്ചുകാരുടെ നെല്ലുമായുള്ള ബന്ധം. കാടു വെട്ടിത്തെളിച്ച്‌ കത്തിച്ച്‌ ആ പറമ്പില്‍ നെല്ലുവിതയ്‌ക്കുന്നതാണ്‌ വിരിപ്പു വിത. വയലായിരുക്കില്ല. കര. ചാമ, കുറുമ്പുല്ല്‌, എള്ള്‌ തുടങ്ങിയവയൊക്കെ വിതയ്‌ക്കുന്നവരുണ്ട്‌. വിരിപ്പുവിത കൊയ്‌തെടുത്ത ശേഷമാണ്‌ പറമ്പില്‍ മറ്റുകൃഷികള്‍ തുടങ്ങുന്നത്‌. തെരുവപ്പുല്ലിന്റെ കുന്നിന്‍ പുറങ്ങളാണെങ്കില്‍ പുല്ലുമുറിച്ച്‌ വാറ്റി തൈലമാക്കും.
എന്റെ കുട്ടിക്കാലത്ത്‌ ഞങ്ങളുടെ പറമ്പിന്റെ ഒരു വശം വയലായിരുന്നു. വയലില്‍ നെല്ലു വിളഞ്ഞു നില്‌ക്കുന്നതും, പെണ്ണുങ്ങള്‍ കൊയ്യുമ്പോള്‍ അവര്‍ക്കരുകില്‍ ഞങ്ങള്‍ നിന്നിരുന്നതും പച്ചക്കുതിരകള്‍ ഞങ്ങള്‍ക്കു മേലേക്ക്‌ പറന്നു വീഴുന്നതും നിറം മങ്ങിയ ഓര്‍മയാണ്‌. കൊയ്‌തിട്ട കറ്റകള്‍ മെതിക്കാന്‍ കൊണ്ടിടുമ്പോള്‍ അതില്‍ കുത്തി മറിയുമായിരുന്നു ഞങ്ങള്‍.

ഞങ്ങളുടെ നാട്ടിലെ പലരുടേയും വയസ്സ്‌ വിരിപ്പു വിതയുമായി ബന്ധപ്പെട്ടാണു കിടക്കുന്നത്‌. സ്‌കൂളില്‍ ചേര്‍ക്കാന്‍ ജനനത്തീയതി ചോദിക്കുമ്പോള്‍ പല രക്ഷിതാക്കളും അര്‍ത്ഥ ശങ്കയ്‌ക്ക്‌ ഇടയില്ലാതെ പറയുന്നതാണ്‌.
'വിരിപ്പു വെതച്ച കൊല്ലള്ളതാ'...
വിരിപ്പു വിതച്ച കൊല്ലം പോലെ പ്രാധാന്യമര്‍ഹിക്കുന്നതാണ്‌ ഉരുളുപൊട്ടിയ കൊല്ലവും.
അറുപതുകളുടെ തുടക്കത്തിലായിരുന്നു നാട്ടിലാദ്യത്തെ കുടിയേറ്റം. നാലു മാപ്പിളമാരും(ക്രിസ്‌ത്യാനികള്‍) മൂന്ന്‌ തുലുക്കമ്മാരും അഞ്ചോ ആറോ ചോമ്മാരുമായിരുന്നു (ഈഴവര്‍) ആദ്യകാല കുടിയേറ്റക്കാര്‍. അവര്‍ക്കൊന്നും കാര്യമായ പ്രാധാന്യമില്ല...കാരണം വിരിപ്പുവിത വ്യാപകമായത്‌ അറുപതുകളുടെ ഒടുവിലാണ്‌. പലതരത്തില്‍ കോളനികിട്ടിയും അല്ലാതെയും കുടിയേറ്റം കൂടിയത്‌ അക്കാലത്തായിരുന്നു.

എഴുപതുകളുടെ തുടക്കത്തില്‍ വന്‍തോതില്‍ കുടിയേറ്റമുണ്ടായി. പലതും അക്കാലത്ത്‌ എങ്ക്രോച്ച്‌മെന്റായിരുന്നു.
ഉരുളുപൊട്ടിയ കൊല്ലം എന്നു പറയുന്നത്‌ 1974 ലാണ്‌. പക്ഷേ, വര്‍ഷമേതെന്ന്‌ പലരും ഓര്‍ത്തിരിക്കാറില്ല. സ്‌കൂളില്‍ ചേര്‍ക്കാന്‍ മക്കളെ കൊണ്ടുപോകുമ്പോഴാണ്‌ തീയതിപോയിട്ട്‌ വര്‍ഷം പോലും പറയാനാകാതെ നിന്നു പോകുന്നത്‌.
ഉരുളു പൊട്ടിയ അന്നൊള്ളതാ..
'ഉരുളുപൊട്ടിയേന്റെ പിറ്റേന്നൊള്ളതാ...'
'ഒരുമാസം മുമ്പൊള്ളതാ...'
ഇങ്ങനെ പോകുന്നു കണക്കുകള്‍.
ഏതായാലും വിരിപ്പിവിതച്ച 68-69 കാലവും ഉരുളുപൊട്ടിയ 74ലും നാട്ടില്‍ ജനസംഖ്യാ വിസ്‌ഫോടനത്തിന്റെ കാലമായിരുന്നു.

ഞങ്ങളുടെ വീടിന്‌ ഒരുകിലോമീറ്റര്‍ ചുറ്റളവില്‍ ഇരുപത്തഞ്ചുകുട്ടികളെങ്കിലും ഉരുളുപൊട്ടിയ കൊല്ലം പുറന്നു വീണു. അച്ഛനമ്മമാരൊക്കെ തെക്കന്‍ ജില്ലകളില്‍ ജനിക്കുകയും മക്കള്‍ ഹൈറേഞ്ചിന്റെ കന്നിമണ്ണിലേക്ക്‌ പിറക്കുകയും ചെയ്‌തു. എന്റെ തൊട്ടയല്‍വാസി രാജീവ്‌ ചേട്ടായി, സഫിയാത്ത മുതല്‍ എന്റെ അമ്മായിയുടെ മകന്‍ നെജിയണ്ണന്‍ വരെ എത്രപേരാണ്‌ ഉരുളുപൊട്ടിയ കൊല്ലം പിറന്നത്‌.
അക്കൊല്ലത്തെ ഉരുള്‍ പൊട്ടലില്‍ പലരുടേയും എങ്ക്രോച്ച്‌ ഭൂമി ഒലിച്ചുപോയി. കന്നുകാലിയും ആടും കോഴിയും വീടും ഒലിച്ചുപോയി. ചിലര്‍ അനാഥരായി. മറ്റു ചിലര്‍ അഭയാര്‍ത്ഥികളായി....
പക്ഷേ, അക്കൊല്ലം ജനിച്ച കുട്ടികളിലാരും മരിക്കുകയോ, ആരോഗ്യമില്ലാത്തവരോ ആയിരിന്നില്ല.
പുഴയില്‍ കുളിക്കാനിറങ്ങുമ്പോള്‍ ഉരിളുപൊട്ടിയകാലത്തെ മക്കളുടെ അമ്മമാര്‍ ഒത്തുകൂടും. അയവിറക്കും.

പറഞ്ഞു വന്നത്‌ ഞങ്ങളുടെ പറമ്പിനൊരു വശം കണ്ടമായിരുന്നതാണ്‌. കണ്ടത്തിനോട്‌ ചേര്‍ന്നുള്ള കരയില്‍ അതിരില്‍ മുത്തച്ഛന്‍ കശുമാവ്‌ നട്ടു. കശുമാവിന്റെ വേരിറങ്ങി വയല്‍ നെല്‍കൃഷിക്ക്‌ യോഗ്യമല്ലാതായി. കൊച്ചുനാളില്‍ ഞങ്ങളുടെ മേലേക്ക്‌ പറന്നു വീണ പച്ചക്കുതിരകളെ ഓര്‍ത്തുകൊണ്ട്‌ പലപ്പോഴും ഞാന്‍ ചോദിച്ചിരുന്നു.
'നമുക്ക്‌ നെല്ലു കൃഷി ചെയ്‌താലെന്നാ?'
അപ്പോള്‍ മുത്തച്ഛന്‍ ചിരിച്ചു.
നെല്ലിനേക്കാള്‍ പ്രധാനമായിരുന്നോ കശുമാവ്‌. ആണ്ടില്‍ ഒരുമാസം മാത്രം ആദായം തന്ന കശുമാവിനെന്തിനായിരുന്നു പ്രാധാന്യം നല്‌കിയതെന്ന്‌ മനസ്സിലാവുന്നില്ല ഇന്നും. കാടു പിടിച്ചു കിടന്ന ഭൂമിയില്‍ അഞ്ചോ ആറോ കാട്ടു മരങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. മരം വളര്‍ത്തുകയായരുന്നോ ലക്ഷ്യം.
പിന്നീട്‌ വയലില്‍ കപ്പ നട്ടു. കുറേ കഴിഞ്ഞ്‌ ഏത്തവാഴ കൃഷി ചെയ്‌തു. കപ്പ നട്ടകാലത്തു തന്നെ മഴക്കാലത്ത്‌ പെരുമഴയില്‍ ഊത്തമീന്‍ പിടിക്കാന്‍ വയലിലെ ചെളിയിലും വെള്ളത്തിലും ഞങ്ങള്‍ നടന്നു.
കുറേക്കാലം കാലിപ്പറമ്പായും ഞങ്ങള്‍ ബാറ്റുകളിച്ചും നടന്നു.

ഭാഗം വെച്ചപ്പോള്‍ ഇരുപതു സെന്റോളമുണ്ടായിരുന്ന വയല്‍ ഭാഗം ഇളയ അമ്മായിക്ക്‌ കിട്ടി. ഒരു കൊല്ലം കഴിയും മുമ്പേ അത്‌ വിറ്റു. വാങ്ങിയ ആള്‍ മൂന്നായി വിറ്റു. അയാള്‍ക്ക്‌ കച്ചവടമറിയുമായിരുന്നു.

പുതുവര്‍ഷപുലരികളില്‍ കുളിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇനി ഒരു കൊല്ലം കുളിക്കാന്‍ കഴിയില്ലെന്നൊരു ധാരണയായിരുന്നു. ചിലപ്പോള്‍ മഴയായിരിക്കും. മടി തോന്നും. പുഴ കവിഞ്ഞ്‌ വെള്ളമൊഴുകുന്നുണ്ടാവും. പുഴയില്‍ കുളിക്കാന്‍ മുത്തശ്ശി സമ്മതിക്കില്ല. അപ്പോള്‍ ഞങ്ങള്‍ വയലിലെ നിറഞ്ഞു കിടക്കുന്ന കുളത്തിലായിരുന്നു കുളിക്കാന്‍ പോയിരുന്നത്‌.
ആ വയലില്‍ ഇന്ന്‌ നാലു വീടുകളാണുള്ളത്‌.

പുതുവത്സരാശംസകള്‍

Tuesday, December 18, 2007

മകളെ ഏതു ഭാഷാശൈലി പഠിപ്പിക്കും

വഴിയരുകില്‍ വില്‌ക്കാനിട്ടിരുന്ന പഴയ പുസത്‌കങ്ങള്‍ക്കിടയില്‍ നിന്നാണ്‌ ഒരു ഹിന്ദി ബാലപാഠം വാങ്ങിയത്‌. രണ്ടു വയസ്സുകാരി മകള്‍ക്ക്‌ ഹിന്ദി പഠിപ്പിച്ചുകളയാം എന്നൊന്നും കരുതിയിട്ടല്ല. അതിലെ ബഹു വര്‍ണ്ണ ചിത്രങ്ങള്‍ കാണിച്ചുകൊടുക്കുക എന്നേ വിചാരിച്ചുള്ളു.
ഹിന്ദിയായതുകൊണ്ട്‌ ചിത്രങ്ങളുടെ പേര്‌ ഞങ്ങള്‍ മലയാളീകരിച്ചു പറഞ്ഞുകൊടുത്തു.
കഴിഞ്ഞ ദിവസം തണ്ണിമത്തന്റെ ചിത്രം ചൂണ്ടി അവള്‍ ചോദിച്ചു. "ഇതെന്താ?"
ഞാന്‍ പറഞ്ഞു തണ്ണിമത്തന്‍
അവള്‍ മനസ്സിലാവത്തതുപോലെ മിഴിച്ചുനോക്കി....
"തണ്ണിമത്തന്‍" എന്ന്‌ ഞാന്‍ വീണ്ടും ഉറപ്പിച്ചു പറഞ്ഞു.
വീണ്ടും താളുകള്‍ മറിച്ചു. വീണ്ടും അതേ ചിത്രം. ചെറുതാണെന്നു മാത്രം. അവള്‍ പറയുമോ എന്നറിയട്ടേ എന്നു കരുതി "ഇതെന്താ?" എന്ന്‌ ഞാന്‍ ചോദിച്ചു.
ഒട്ടും സംശയമില്ലാതെ അവള്‍ പറഞ്ഞു.
"വത്തക്ക"
ചിരിയും ചിന്തയും ഒപ്പുമുണ്ടായി എനിക്ക്‌.
വയനാട്ടുകാരനായ സുനിലും ഇടുക്കികാരിയായ എന്റെയും സംസാരഭാഷയിലെ വ്യത്യാസമാണ്‌ ഇവിടെ കണ്ടത്‌. അവള്‍ക്ക്‌ ചിത്രങ്ങള്‍ പരിചയപ്പെടുത്തുന്നത്‌ മിക്കപ്പോഴും സുനിലാണ്‌ .
വത്തക്ക എന്നു പറഞ്ഞപ്പോള്‍ വേറൊരു ചിത്രം മാതള നാരങ്ങ
അവള്‍ക്കത്‌ ഉറുമാമ്പഴം എന്ന പേരിലാണ്‌ പരിചയം.
താളുകള്‍ മറിച്ചു. ഞാന്‍ തൂമ്പ എന്നു പറയുന്ന സാധനം കൈക്കോട്ടായി.(മണ്‍വെട്ടി, കൂന്താലി എന്നൊക്കെ പ്രാദേശിക പേരുകളുമുണ്ട്‌)
കലം, കുടം എന്നൊക്കെ പറയുന്നുവയുടെ ചിത്രങ്ങള്‍ കണ്ടപ്പോള്‍ എനിക്കാകെ സംശയം. കലവും കുടവുമൊക്കെ മാനകഭാഷ തന്നെയാണ്‌.
പക്ഷേ സുനിലിന്‍രെ വീട്ടില്‍ അതിനൊക്കെ വേറെ പേരാണ്‌ പറയുന്നത്‌.
കലം= ചെമ്പ്‌( എനിക്ക്‌ ചെമ്പ്‌ എന്നാല്‍ ലോഹമാണ്‌. ചെമ്പുകലം അറിയാം)
കുടം =പാനി( സ്‌കൂളില്‍ ഹിന്ദി പഠിച്ചപ്പോള്‍ വെള്ളത്തിനു കേട്ട പേരാണ്‌ പാനി)
കറി വെയ്‌ക്കുന്ന മണ്‍ചട്ടി ചട്ടി കുടുക്കിയും കുടുക്കയുമാണ്‌
കപ്പ എനിക്കും സുനിലിന്‌ പൂളയുമാണ്‌.
പാവയ്‌ക്ക ഇവിടെ കയ്‌പക്കയാണ്‌.
കത്തി മൂര്‍ച്ചകൂട്ടാന്‍ ഞങ്ങള്‍ രാകുമ്പോള്‍ ഇവര്‍ അണക്കും.
തുണി അലക്കുമ്പോള്‍ ഇവര്‍ തിരുമ്പും.
കഴുകിയ തുണി ഉണങ്ങാനിടുമ്പോള്‍ ഇവര്‍ ആറാനിടും.
കൂര്‍ക്ക കൂര്‍ക്കലാണ്‌

വിവാഹം കഴിഞ്ഞ സമയത്ത്‌ സുനിലിന്റെ അമ്മ "നമുക്കിന്ന്‌ കര്‍മുസ ഉപ്പേരി വെക്കാം" എന്നു പറഞ്ഞപ്പോള്‍ ഇതേ വരെ കാണാത്ത എന്തോ ആണെന്ന്‌ കരുതി. കണ്ടപ്പോള്‍ ചിരിച്ചുപോയി.
കപ്ലങ്ങ, കര്‍മൂസയാണ്‌ (ഓമയ്‌ക്ക, പപ്പായ)
ഉപ്പേരി ഞങ്ങള്ക്ക് തോരനാണ്.
"ഓക്ക്‌ കൊരയാണ്‌" എന്ന്‌ അയല്‍വീട്ടിലെ ജാന്വേടത്തിയോട്‌ പറയുന്നതു കേട്ടപ്പോള്‍ ആ സമയത്ത്‌ എന്നെ അപമാനിക്കുന്നതായാണ്‌ തോന്നിയത്‌.
ചുമയ്‌ക്കാണ്‌ ഇവര്‍ കുര എന്നു പറയുന്നത്‌. (ഞങ്ങളത്‌ കളിയാക്കിയാണ്‌ പറയാറ്‌)
പട്ടിമാത്രമാണ്‌ ഞങ്ങള്‍ക്ക്‌ കുരയ്‌ക്കാറ്‌. പട്ടിയെയും വെറുതേ വിടാനാവില്ല
ഏതു പട്ടിയും ഞങ്ങള്‍ക്കു പട്ടിയും ഇവിയെ നായയും പട്ടിയുമാണ്‌. നായ ആണും പട്ടി പെണ്ണും.
കൊടിച്ചി പട്ടിയും പെണ്‍ പട്ടിയും ഇവിടെ ഔട്ട്‌.

ഉടുപ്പ്‌ കുപ്പായമാണ്‌ ഇവിടെ
ഓറഞ്ച്‌ നാരങ്ങയാണ്‌
താഴ്‌ പൂട്ടാണ്‌
വീട്‌ പുരയാണ്‌
തൊഴുത്ത്‌ ആലയാണ്‌
നുണ എനിക്ക് കള്ളം പറയലാണ്
സുനിലിന് കൊതിയും

ഇങ്ങനെ മലയാളമാണ്‌ ഭാഷയെങ്കിലും മൊത്തത്തില്‍ രണ്ടുപേരുടേയും സംസാരം വെവ്വേറെ...
മത്സ്യങ്ങളുടെ പേരാണ്‌ ഒരു തരത്തിലും പിടി തരാതെ പോകുന്നത്‌. സ്രാവും മുള്ളനും അയലയും മാത്രമാണ്‌ അവിടെയും ഇവിടെയും ഒന്നുതന്നെ പറയുന്നത്‌്.
ചാള =മത്തി
കൊഴുവ =നത്തല്‍
നങ്ക്‌= മാന്തള്‍
ചൂര =സൂത
കൂരി =ഏട്ട
കിളിമീന്‍ =പുതിയാപ്ലകോര
കൊഞ്ച്‌= ചെമ്മീന്‍
ഇങ്ങനെ പോകുന്നു

എല്ലാം സഹിച്ചു. പക്ഷേ, 'ന്റെ' ഉപയോഗമാണ്‌ തീരെ സഹിക്കാന്‍ വയ്യാത്തത്‌.
കോഴിയുടെ, കിളിയുടെ, കാളയുടെ, പക്ഷിയുടെ, മേരിയുടെ, റോസയുടെ, മിനിയുടെ, ഇങ്ങനെ യുടെ എല്ലാം 'ന്റെ'യില്‍ ഒതുങ്ങുന്നു.
കോഴീന്റെ, കിളീന്റെ, മേരീന്റെ..എന്നിങ്ങനെ

തെക്കുനിന്നുള്ള എന്റെ ശൈലി നന്നെന്നും വടക്കുന്നുള്ള ഭര്‍ത്താവിന്റെ ശൈലി ചീത്തയെന്നുമല്ല. പ്രാദേശീകമായി ഓരോന്നും കേട്ടിരിക്കാന്‍ എന്തു രസമാണ്‌. പക്ഷേ, രണ്ടു വയസ്സുകാരിയോട്‌ രണ്ടുപേരും പറയുമ്പോഴുണ്ടാവുന്ന പ്രശ്‌നമാണ്‌ ഇവിടെ പറഞ്ഞു വന്നത്‌.
സുനി മോളോട്‌ "പാത്തിയോ?" എന്നു ചോദിക്കുമ്പോള്‍ "മൂത്രമൊഴിച്ചോ?" എന്നു തിരിച്ചും.

എന്തായാലും അവള്‍ ചിലപ്പോള്‍ പാത്തണമെന്നും ചിലപ്പോള്‍ മൂത്രമൊഴിക്കണമെന്നും പറയുന്നു.

എന്തു ചെയ്യാം അവളുടെ അച്ഛനുമമ്മയും ഒരേ നാട്ടുകാരാവാതെ പോയല്ലോ.

Monday, December 10, 2007

ഈറ്റകൊണ്ടൊരു നക്ഷത്രം

എത്രയെത്ര വര്‍ണ്ണങ്ങളിലും രൂപത്തിലുമാണ്‌ ഇന്ന്‌ നക്ഷത്രങ്ങള്‍. കൂടെ വൈദ്യുത ബള്‍ബിള്‍ മിന്നുകയുംകെടുകയും ചെയ്യുന്ന കുസൃതികളും.

‌ വൈദ്യുതി വെളിച്ചം എന്തെന്ന്‌ ഞങ്ങളുടെ നാടിനറിയില്ലായിരുന്നു. ഇടുക്കിയില്‍ നിന്ന്‌ വൈദ്യുതി മറ്റിടങ്ങളിലേക്ക്‌ പോയിരുന്നു എങ്കിലും ഇടുക്കിയുടെ പല പ്രദേശങ്ങളിലും വൈദ്യുതി അടുത്ത കാലത്താണ്‌ എത്തി തുടങ്ങിയത്‌. ഇപ്പോഴും വൈദ്യുതിയില്ലാത്ത പ്രദേശങ്ങളുണ്ടു താനും.
കുട്ടിക്കാലത്ത്‌ ഞാന്‍ കണ്ട നക്ഷത്രങ്ങളെല്ലാം ഈറ്റ ഉപയോഗിച്ച്‌ നിര്‍മിച്ചതായിരുന്നു. നാലാംക്ലാസില്‍ പഠിക്കുമ്പോഴാണ്‌. ഞങ്ങള്‍ക്കും ഒരു നക്ഷത്രമുണ്ടാക്കണമെന്നു തോന്നി. അസംസ്‌കൃത വസ്‌തുക്കളെല്ലാം സംഘടിപ്പിച്ചു. ഈറ്റയും കുറച്ചു പശയും വര്‍ണ്ണക്കടലാസുമാണ്‌ ആവശ്യം. ഞങ്ങളുടെ പറമ്പു കഴിഞ്ഞ്‌ പാറകേറി അപ്പുറത്തെത്തിയാല്‍ ഈറ്റക്കാടാണ്‌. അവിടെ നിന്നും ഈറ്റ വെട്ടിയെടുത്തു. സ്‌കൂളിനടുത്തുള്ള കടയില്‍നിന്ന്‌ വര്‍ണ്ണ കടലാസു വാങ്ങി. പശയ്‌ക്ക്‌ മൈദ കലക്കി. ഈറ്റക്കോലുകളുടെ അറ്റങ്ങള്‍ കൂട്ടികെട്ടാന്‍ വാഴ വള്ളി നനച്ചെടുത്തു.

അങ്ങനെ അനിയത്തിമാരുടെ ചെറിയച്ഛന്റെ മക്കളുടെ സാന്നിധ്യത്തില്‍ നക്ഷത്രം പൂര്‍ത്തിയായി.
അടുത്തത്‌ എവിടെ തൂക്കുമെന്നതാണ്‌. ആദ്യം പുറത്ത്‌ തൂക്കിയടാം എന്നു തീരുമാനിച്ചു. പിന്നീടാണ്‌ തീരുമാനം ഇറയത്ത്‌ തൂക്കാമെന്നാക്കിയത്‌.

ഇറയത്തെ വാരിയില്‍ രണ്ടു ദിവസം നക്ഷത്രം തൂങ്ങി. പക്ഷേ, തൃപ്‌തി പോര. അന്ന്‌ പുല്ലുമേഞ്ഞ വീടാണ്‌. ആരാണു പറഞ്ഞതെന്ന്‌ ഓര്‍മയില്ല. കറണ്ടില്ലാത്തതുകൊണ്ട്‌ ബള്‍ബിടാന്‍ കഴിയില്ല. പക്ഷേ മെഴുകു തിരി കത്തിച്ചു വെയ്‌ക്കാം.
നക്ഷത്രത്തിന്റെ വര്‍ണ്ണക്കടലാസ്‌ വീണ്ടും ഇളക്കി. അഞ്ചു വാലുകളില്‍ താഴോട്ട്‌ നിന്ന വാലിനു സമാന്തരമായി ഒരു കട്ടിക്കടലാസ്‌ മടക്കിയൊട്ടിച്ച്‌ മെഴുകി തിരി വെച്ചു. നേരം ഇരുട്ടിയപ്പോള്‍ ഞങ്ങള്‍ മെഴുകുതിരി തെളിച്ചു.
ഹായ്‌...നാലു വാലുകളില്‍ വെളിച്ചമെത്തുന്നുണ്ട്‌. താഴോട്ടുള്ള വാലില്‍ വെളിച്ചമില്ല. കാറ്റത്ത്‌ നക്ഷത്രം മെല്ലെയാടുന്നു. ഞങ്ങളങ്ങനെ നോക്കിയിരുന്നു. ഞങ്ങള്‍ അഞ്ചുപേരും തിരിഞ്ഞും മറിഞ്ഞും മുററത്തിറങ്ങി പല കോണില്‍നിന്നു കൊണ്ട്‌ ആസ്വദിച്ചു.
പെട്ടെന്നാണ്‌ നക്ഷത്രത്തിന്‌ കത്തു പിടിച്ചത്‌. പുല്ലുമേഞ്ഞ ഇറയത്തേക്ക്‌ പടരാന്‍ അധികം താമസമില്ല. ഞങ്ങള്‍ അഞ്ചുപേരും സ്‌തംഭിച്ചു നിന്നു. മിണ്ടാന്‍ പോലും ആര്‍ക്കുമാകുന്നില്ല.
എങ്ങനെയെന്നറിയില്ല. നക്ഷത്രത്തിന്റെ കത്തല്‍നിന്നു. കടലാസു മുഴുവന്‍ കത്തിപ്പോയിരുന്നു. പച്ച ഈറ്റക്കോലായതുകൊണ്ടാവണം കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാവാതിരുന്നത്‌.

പക്ഷേ, ഞങ്ങള്‍ വിടാന്‍ ഭാവമില്ലായിരുന്നു. പിറ്റേന്ന്‌ വീണ്ടും വര്‍ണ്ണക്കടലാസൊട്ടിച്ച്‌ നക്ഷത്രം മുറ്റത്തേക്കു ചാഞ്ഞുനിന്ന കശുമാവിന്റെ കൊമ്പില്‍ തൂക്കി. രാത്രി തലേന്ന്‌ ചെയ്‌ത പോലെ മെഴുകുതിരി തെളിച്ചു.

കശുമാവിന്‍ കൊമ്പില്‍ വെളിച്ചംവിതറി, കാറ്റില്‍ മെല്ലെയാടി ആടി.....
അന്നും കുറേ നേരം ഞങ്ങള്‍ നോക്കി നിന്നു. പിന്നെ മുത്തശ്ശി അത്താഴത്തിനു വിളിച്ചപ്പോള്‍ അകത്തേക്കു പോയി. ചോറുണ്ട്‌ കൈ കഴുകി ഇറയത്തു വന്നപ്പോള്‍ ഇലകളെല്ലാം കൊഴിഞ്ഞ്‌ പുതിയ നാമ്പുകള്‍ തളിര്‍ത്തു തുടങ്ങിയ കശുമാവില്‍ ഞങ്ങള്‍ തൂക്കിയ നക്ഷത്രമില്ല. മെഴുകുതിരി വെട്ടവുമില്ല.
വീണിതല്ലോ കിടക്കുന്നു ധരണിയില്‍.......
കരിഞ്ഞ ഈറ്റക്കമ്പകള്‍ക്കൊപ്പം ഒരു പിടിചാരം.

പിന്നീട്‌ പതിനൊന്നു വര്‍ഷത്തിനു ശേഷം ഞാന്‍ ഡിഗ്രി അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയായിരിക്കുമ്പോഴാണ്‌ കടയില്‍ നിന്ന്‌ ഒരു വെള്ള നക്ഷത്രം വാങ്ങിയതും സണ്‍ഷേഡിലെ കൊളുത്തില്‍ ബള്‍ബിട്ട്‌ പ്രകാശിപ്പിച്ചതും.

Monday, December 3, 2007

സാരി എങ്ങനെ ഉടുക്കാം-ബാങ്ക്‌ ട്രെയിനിംഗ്‌

കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നിയേക്കാം. എന്നാല്‍ സത്യമാണ്‌. ഫെഡറല്‍ ബാങ്ക്‌ , കാമ്പസ്‌ റിക്രൂട്ട്‌മെന്റിലൂടെ തെരഞ്ഞെടുത്ത പ്രൊബേഷണറി ക്ലര്‍ക്കുമാര്‍ക്കാണ്‌ എയര്‍ഹോസ്റ്റസ്‌മാര്‍ക്ക്‌ പരിശീലനം നല്‌കുന്നിടത്തു വെച്ച്‌ ഇങ്ങനെ പരിശീലനം നല്‌കിയത്‌.
രണ്ടു ദിവസമായിരുന്നു പരിശീലനം. സാരിയുടുത്ത ഒരു പെണ്‍കുട്ടിയെ സ്റ്റേജിലേക്ക്‌ വിളിച്ച്‌ സാരിയുടുത്തുത്‌ ശരിയായില്ല എന്നു പറഞ്ഞ്‌ വസ്‌ത്രാക്ഷേപം നടത്തി വീണ്ടും ഉടുപ്പിക്കുന്നു. ഞൊറികളുടെ കിടപ്പും എണ്ണവും വരെ വിശദീകരിച്ചുകൊണ്ട്‌.

സാരിയുടുപ്പിക്കലില്‍ മാത്രമല്ല പിന്നെയുമുണ്ട്‌. മുടി എങ്ങനെ കെട്ടണം. ഓരോ രണ്ടു മണിക്കുര്‍ കുടുമ്പോഴും ലിപിസ്റ്റിക്‌ ഇടണം. നാലുമണിക്കൂര്‍ കൂടുമ്പോള്‍ മേക്കപ്പ്‌ മാറ്റണം. ഫാഷന്‍ ടിവിയിലെ പെണ്ണുങ്ങള്‍ നടക്കുമ്പോലെ നടക്കണം.
ഹാഹഹ....ലിസ്റ്റ്‌ നീളുകയാണ്‌.പാവങ്ങള്‍.
പുതുക്കക്കാരയതുകൊണ്ട്‌ മിണ്ടാതിരുന്നു പോലും.
ആണ്‍കുട്ടികള്‍ക്കുമുണ്ട്‌. ടൈ കെട്ടുന്ന വിധം. ഷര്‍ട്ട്‌ ഫുള്‍സ്ലീവ്‌. ഇന്‍സേര്‍ട്ട്‌ ചെയ്‌തിരിക്കണം. പക്ഷേ ക്ലാസില്‍ പാന്‍സിന്റെ കാര്യം പറഞ്ഞില്ല പോലും. അപ്പോള്‍ ഒരു വിരുതന്‍ ചോദിച്ചത്രേ, ഇതൊക്കെ ചെയ്‌ത്‌ മുണ്ടുടുത്താല്‍ മതിയോ എന്ന്‌.

ഇന്നേ വരെ കേരളത്തിലെ ബാങ്കുകളിലൊന്നും മാന്യമായ വേഷം എന്നതിലപ്പുറം ഒരു നിബന്ധനകളും മാനേജ്‌മെന്റുകള്‍ വെച്ചിരുന്നില്ല. ലിപ്‌സ്റ്റിക്കും മേക്കപ്പും ടൈയ്യുമൊന്നും ആര്‍ക്കും ബാധകമായിരുന്നില്ല.
ഏതായാലും ഫെഡറല്‍ ബാങ്ക്‌ ജീവനക്കാര്‍ക്കിടയില്‍ ഈ പരിശീലനം പ്രതിഷേധത്തിനിടയാക്കി.
ബാങ്ക്‌ ജീവനക്കാര്‍ പുറത്തിറക്കുന്ന സോളിഡാരിറ്റി മാഗസിനില്‍ പുതിയ പരിശീലനത്തെ എതിര്‍ത്ത്‌ മാനേജ്‌മെന്റിന്‌ താക്കീതു നല്‌കിയിരിക്കുകയാണ്‌.

ഒരു സഹകരണ ബാങ്കില്‍ പുതുതായി ചാര്‍ജ്ജെടുത്ത ജനറല്‍ മാനേജര്‍ ഇന്‍സേര്‍ട്ട്‌ ചെയ്‌ത ഫൂള്‍സ്ലീവും പാന്‍സും ഷൂസും (കുറ്റം പറയാന്‍ തക്കതായതൊന്നുമില്ല) ധരിച്ച പയ്യനോട്‌ പറഞ്ഞത്രേ മാന്യമായി വസ്‌ത്രം ധരിക്കണമെന്ന്‌. അങ്ങേരുടെ കണ്ണ്‌ എവിടെയാണെന്നാണ്‌ സഹപ്രവര്‍ത്തകര്‍ ചോദിച്ചത്‌. പയ്യന്‍ അമ്പരെന്നെങ്കിലും മൈന്റ്‌ ചെയ്‌തില്ല. മറ്റൊരിടത്ത്‌ കാണാന്‍ വലിയ അഴകില്ലാത്ത ഇരുണ്ട നിറക്കാരിയായ, മെലിഞ്ഞ സഹപ്രവര്‍ത്തകയോട്‌ മേലുദ്ദ്യോഗസ്ഥന്‍ പറഞ്ഞത്‌ വൃത്തിയായി വരണം എന്നാണ്‌. അവര്‍ക്ക്‌ വൃത്തിക്കുറവുണ്ടായിട്ടല്ല. വൃത്തിയുള്ള സാരി വൃത്തിയായി ഉടുക്കാഞ്ഞിട്ടുമല്ല. മൊത്തത്തില്‍ അവരെ കണ്ടിട്ട്‌ മേലുദ്ദ്യോദസ്‌ഥന്‌ പിടിച്ചില്ല. ബാങ്കിലെ സീനിയര്‍ ക്ലര്‍ക്കാണെങ്കിലും അവര്‍ സമ്പന്നയല്ല. മക്കളും അച്ഛനുമമ്മയും തൊഴിലില്ലാത്ത ഭര്‍ത്താവുമാണ്‌ അവര്‍ക്കുള്ളത്‌. മേലുദ്യോഗസ്ഥന്റെ വാക്കുകള്‍ കേട്ട്‌ ഒരു നിമിഷം ബോധം പോയ അവര്‍ തരിച്ചിരിക്കാതെ അടുത്ത നിമിഷം യാഥാര്‍ത്ഥ്യത്തിലേക്ക്‌ മടങ്ങി വന്നു.
അവര്‍ വിനീതയായി അദ്ദേഹത്തോട്‌ പറഞ്ഞു. ഇങ്ങനെയൊക്കെ വരാനേ എനിക്കാവൂ സര്‍. വേറെ നിവൃത്തിയില്ല സര്‍. (അതായത്‌ പട്ടുസാരിയും വജ്രാഭരണങ്ങളും അണിയാന്‍ നിവൃത്തിയില്ലെന്നു തന്നെ)

ചുരുക്കത്തില്‍ ബാങ്കു ജീവനക്കാര്‍ കസ്‌റ്റമേഴ്‌സിനെ സേവനം കൊണ്ടു മാത്രമല്ല എടുപ്പിലും നടപ്പിലും സാരിയിലെ ഞൊറിയുടെ എണ്ണത്തില്‍ പോലും സംതൃപ്‌തരാക്കണമെന്ന കാലം വന്നിരിക്കുന്നു. ജാഗ്രതൈ!