Thursday, December 29, 2011

സ്വര്‍ഗ്ഗ നരകങ്ങള്‍ക്കിടയില്‍ ഓടിയോടി...

മിശ്രവിവാഹിതരുടെ മക്കളാണു ഞങ്ങള്‍..മതമറിയാത്ത പേരിടണമെന്നായിരുന്നു അമ്മച്ചിയ്ക്ക്..'നിങ്ങടെ അപ്പനും കൂടി തോന്നേണ്ടേ?'  എന്നായിരുന്നു കുറച്ചു മുതിര്‍ന്നപ്പോള്‍ അതേപ്പറ്റി ചോദിച്ചപ്പോള്‍ മറുപടി പറഞ്ഞത്.  മക്കള്‍ക്ക് പേരിടുന്നതില്‍ ഒരുറച്ച തീരുമാനമെടുക്കാന്‍ അത്തയ്ക്ക് കഴിഞ്ഞില്ലെന്ന്  കുറ്റപ്പെടുത്തി.
വിവാഹത്തോടെ അമ്മച്ചിയെ വീട്ടുകാര്‍ പടിയടച്ച് പിണ്ഡം വെച്ചതാണ്. എന്നാല്‍ അത്തയുടെ വീട്ടുകാരാണെങ്കില്‍ മരുമകളെ ഒരുപാധിയുമില്ലാതെ സസന്തോഷം സ്വീകരിക്കുകയും ചെയ്തു. അവരുടെ ആ സ്‌നേഹത്തിനുമുന്നില്‍ മക്കളുടെ പേരുകള്‍ സ്വയം തീരുമാനിക്കാനാവാതെ മനസ്സില്ലാമനസ്സോടെ വിട്ടുകൊടുക്കുകയായിരുന്നു.

അതുകൊണ്ടെന്താ..എന്റെ പേരുകാണുമ്പോള്‍ ചിലര്‍ക്കെന്നെ മതം പഠിപ്പിക്കണം.  (പുരുഷ വ്യാഖ്യാനങ്ങള്‍ക്ക് അനുസരിച്ച മതം ) തലയില്‍ തട്ടമില്ലാത്തതുകൊണ്ട് എനിക്ക് മതമറിയില്ല എന്ന് ചിലരെങ്കിലും കരുതുന്നുണ്ട്. അത്യാവശ്യം ഖുര്‍-ആനും മറ്റു മതഗ്രന്ഥങ്ങളും ചില സ്ത്രീ വ്യാഖ്യാനങ്ങളും വായിച്ചിട്ടുണ്ട്.  ഓര്‍മയില്‍ നന്നായിട്ടുണ്ടു താനും.

 എന്റെ അത്തയുടെ വീട്ടുകാര്‍ ഇസ്ലാമില്‍ വിശ്വിസിച്ചിരുന്നു.  അവരുടെ സ്‌നേഹവാത്സല്യത്തിലാണ് ഞങ്ങള്‍ വളര്‍ന്നത്. എന്റെ അത്താമ്മയോ ഹാജുചിന്നമ്മായോ മുതിര്‍ന്ന ആരെങ്കിലുമോ തലയില്‍ തട്ടമിടുന്നത് നിര്‍ബന്ധമാക്കിയിരുന്നില്ല.  ഒരുപക്ഷേ, ഞങ്ങളുടെ നാടിന്റെ പ്രത്യേകതയായിരിക്കാം.  അല്ലെങ്കില്‍ അവരുടെ വിശ്വാസം തലയിലെ തട്ടത്തിലായിരുന്നില്ല. അന്നൊന്നും അവര്‍ ആഗോളമുസ്ലീമായിരുന്നില്ല.  പ്രാദേശിക മുസ്ലീം ആയിരുന്നു. നാടിന്റെ പ്രകൃതിക്കനുസരിച്ചാണ് ജീവിച്ചത്.  വിശ്വാസം പുറത്തുകാണിക്കുകയായിരുന്നില്ല.  മനസ്സില്‍ അവരുടെ സ്വകാര്യതകളിലായിരുന്നു.  (ഇതിനൊക്കെ പലന്യായങ്ങള്‍ നിരത്താന്‍ പലര്‍ക്കുമുണ്ടെന്നറിയാം) ആഗോള മുസ്ലീമിന്റെ ഐഡന്റിറ്റി തെളിയിക്കുന്ന വേഷം എന്നൊക്കെ ചിലര്‍ പെണ്‍വേഷങ്ങളെ എടുത്തു പറയുന്നത് കേട്ടിട്ടും വായിച്ചിട്ടും ഉണ്ട്.  അങ്ങനെയൊരു ആണ്‍വേഷമില്ലാതെ പോയതെന്തുകൊണ്ട് എന്ന് തലപുകഞ്ഞിട്ടും ഉത്തരമില്ല. അതിനും ന്യായങ്ങള്‍ നിരത്താന്‍ ഉണ്ടെന്നറിയാം.  എളുപ്പമുള്ളതും സൗകര്യമുള്ളതിനും പുറകെ നിങ്ങള്‍ പോകുന്നു.  ഞങ്ങള്‍ക്ക് പാടില്ല എന്ന യുക്തി എല്ലാവരും സമ്മതിച്ചെന്നു വരില്ല. യുക്തിയും ന്യായവും ഒരുകൂട്ടര്‍ക്കുമാത്രമല്ല.
(ഇതു വായിക്കുന്ന തീവ്ര ഹിന്ദുവോ തീവ്ര ക്രിസ്ത്യാനിയോ മറ്റേതെങ്കിലും തീവ്ര...ക്കാരോ കൈകൊട്ടി ചിരിക്കണ്ട്.  ഇതി നിങ്ങള്‍ക്കും ബാധകമാണ്) ഇതൊന്നുമല്ലാത്ത ഈ പറയുന്ന എല്ലാമതത്തിലും പെട്ട വിശ്വസമുള്ളവരും ഇല്ലാത്തവരുമായ അനേകങ്ങള്‍ ഉണ്ടെന്നുറപ്പാണ്. അവര്‍ മതേതരത്തിലും സാഹോദര്യത്തിലും വിശ്വസിക്കുന്നുവെന്നുമറിയാം.

എന്തു തന്നെയായാലും മുകളില്‍ പറഞ്ഞ അത്താമ്മയും ഹാജു ചിന്നമ്മായുമൊക്കെ മരിച്ചു പോയി.  അവരൊക്കെ നരകത്തിലാണെങ്കില്‍ എനിക്കെന്തിനാണ് സ്വര്‍ഗ്ഗം?

ഒരു ഹിന്ദു സ്വര്‍ഗ്ഗവും ക്രിസ്ത്യാനിസ്വര്‍ഗ്ഗവും മുസ്ലീം സ്വര്‍ഗ്ഗവും വെവ്വേറെയാണെങ്കില്‍ എന്നെ/ഇത്തരം വിശ്വിസകളെ  എവിടെപ്പെടുത്തും?  നരകവും അതുപോലെ വെവ്വേറെ ആയിരിക്കുമോ?

(കപട വിശ്വസികള്‍ എന്നും കപട മതേതരം എന്നും എന്തു വേണമെങ്കിലും വിളിക്കാം കേട്ടോ വായിക്കുന്നവരുടെ മനോധര്‍മ്മമനുസരിച്ച്..ഉപ്പോ മുളകോ എരുവോ കൂട്ടിയോ കുറച്ചോ..)


എല്ലാമതങ്ങളുടേയും നല്ല വശങ്ങളെ ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും ചെയ്യുന്നൊരാള്‍ക്ക് പരലോകത്തില്‍ ഏതു മതത്തിന്റെ സ്വര്‍ഗ്ഗവും നരകവുമായിരിക്കും കിട്ടുക?
മരിച്ചു കഴിഞ്ഞാല്‍ എല്ലാമതക്കാരും ഏതു തത്വചിന്തയില്‍ വിശ്വസിച്ചോ അവരെല്ലാവരും കൂടെ എന്നെ/ ഞങ്ങളെ/ നമ്മളെ ആര്‍ക്കു വിട്ടു കിട്ടണം എന്നതിനെ ചൊല്ലി ഉഗ്രന്‍ ശണ്ഠ നടക്കുന്നത് സ്വപ്‌നത്തില്‍ കാണാറുണ്ട്.
സത്യം പറഞ്ഞാല്‍ കേട്ടറിവു വെച്ച് നരകത്തേക്കാള്‍ എനിക്കുപേടി സ്വര്‍ഗ്ഗത്തെയാണ്..അവിടെ ചെന്നാലും നമ്മളിങ്ങനെ തന്നെയാണല്ലോ..അങ്ങോട് നോക്കി ഇങ്ങോട്  നോക്കി സ്വര്‍ഗ്ഗത്തിന്റെ സൗന്ദര്യമൊക്കെ കണ്ട് അന്തം വി്ട്ടു നില്ക്കുമ്പോള്‍ അങ്ങനെയൊന്നും നില്ക്കാന്‍ പാടില്ല എന്നു പറഞ്ഞുകൊണ്ട്് എത്രപേര്‍ വരുമെന്നോര്‍ത്ത് സ്വര്‍ഗ്ഗത്തെ എനിക്ക് പേടിയാണ്.  മറ്റത് തീയില്‍ കിടന്നാല്‍ സമാധാനമായിട്ട് അവിടെ കിടക്കാലോ..മാത്രമല്ല കേട്ടുകേള്‍വയനുസരിച്ച് കാര്‍ന്നോമ്മാരും ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ അല്ലറ ചില്ലറ കള്ളത്തരങ്ങളും തെറ്റുകുറ്റങ്ങളും ഇത്തിരി അനുസരണക്കേടും ഒക്കെ ഉണ്ടായിരുന്നവരാണ്്.  അവരും തീയിലും പാമ്പിലും പഴുതാരയിലുമൊക്കെയായിരിക്കും.  അതൊക്കെ മതി നമ്മള്‍ക്ക്.

ഇപ്പോള്‍ ഇങ്ങനെയൊക്കെയാണ് ചിന്ത...കുറെ കഴിയുമ്പോള്‍ പല്ലുകൊഴിഞ്ഞ തലനരച്ച് കവിളൊട്ടി നില്ക്കുമ്പോള്‍ ആര്‍ക്കറിയാം സര്‍വ്വപാപത്തിനും പ്രായാശ്ചിത്തം അപേക്ഷിച്ച് ഏതിലേക്കാണ് മാമോദീസാ മുങ്ങി സ്‌നാനപ്പെടുന്നത് എന്ന്.
അന്നുവരേക്കും ഇന്റര്‍നെറ്റും എഴുത്തുപകരണങ്ങളും എഴുതാന്‍ ആവതുമുണ്ടെങ്കില്‍ അക്കാര്യവുമറിയിച്ചേക്കാം.
ഇന്നാളൊരു ദിവസം അനിയത്തി ഞങ്ങളുടെ മുറുക്കുന്നത്തായെയും ഐഷാബീവി അമ്മച്ചിയേയും സ്വപ്‌നം കണ്ടെന്ന്്. ചില്ലറ തെറ്റുകുറ്റങ്ങളൊക്കെ ചെയ്തവരായതുകൊണ്ട് നരകത്തിലായിരുന്നു ഇത്രകാലവും എന്ന് പറഞ്ഞത്രേ!  ഇപ്പോള്‍ അവിടെ തന്നെ ഒരു മുറുക്കാന്‍ കടയൊക്കെയിട്ട് സുഖമായിട്ട് ജീവിക്കുകയാണെന്ന്..

പിന്നെ, FB, Internet സുഹൃത്തുക്കളോട് 

തല മറയ്ക്കാത്ത എന്നെ കണ്ടിട്ട് ആര്‍ക്കെങ്കിലും വിഷമമുണ്ടെങ്കില്‍ ഫ്രണ്ട് ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയേക്കുക. തലമറച്ച ഒരു ഫോട്ടോയും കൊടുക്കാതെയാണ് ഇന്നേവരെ ഞാന്‍ ഇവിടെ നിന്നത്. ഞാനാര്‍ക്കും അങ്ങോട്ടു കയറി ഫ്രണ്ട് റിക്വസ്റ്റ് തന്നതല്ല. ( വ്യക്തിപരമായി അറിയാവുന്ന വിരലിലെണ്ണാവുന്നവര്‍ക്ക് റിക്വസ്റ്റ് കൊടുത്തിട്ടുണ്ട്) തലമറയ്ക്കണോ വേണ്ടയോ എന്നത് എന്റെ സ്വകാര്യതയും ഇഷ്ടവും സ്വാതന്ത്ര്യവുമാണ്. എന്റെ തലമുടികള്‍ അലോസരപ്പെടുന്നു എന്നു തോന്നുവര്‍ കണ്ണടച്ചിരിക്കുക. ് ഇത്തരം കാര്യങ്ങള്‍ ടാഗുചെയ്യുകയോ share ചെയ്യുകയോ ചെയ്യുമ്പോള്‍ ദയവു ചെയ്ത് എന്നെ ഒഴിവാക്കുക.

Thursday, December 1, 2011

ആകാശത്തെ തേരോട്ടങ്ങള്‍'രാത്രിയില്‍ നിങ്ങളും കുഞ്ഞുമോനും ഉറങ്ങിക്കഴിയുമ്പോള്‍ ആകാശം കാണാന്‍ മട്ടുപ്പാവിലിറങ്ങി നില്ക്കുന്ന എന്റെ മനസ്സ്, അതിന് അപ്പോള്‍ കിട്ടുന്ന ആനന്ദം നിങ്ങള്‍ക്കൂഹിക്കാന്‍ കഴിയുമോ? ആകാശത്തിലെ വേട്ടക്കാരനും മകരമത്സ്യവും നിലാവില്‍ അനങ്ങുന്ന ഓലത്തുമ്പിന്റെ മൗനസംഗീതവും ചിലപ്പോഴൊക്കെ രാവിന്റെ കരിംസൗന്ദര്യവും എന്റെ സ്വകാര്യതയില്‍ സലോമിയെ ഉണര്‍ത്തുന്നു.  കയ്യില്‍ വെള്ളിത്താമ്പാളവുമായി മിഴി ചിതറി, കണ്ണുജ്വലിച്ച്, നാവുനുണഞ്ഞ് , സലോമിയുടെ നൃത്തം.  എന്റെയാ കൊച്ചു സ്വകാര്യതയ്ക്ക് നിങ്ങള്‍ ഇത്രയേറെ വില കല്പിച്ചിരുന്നുവോ?'  

(ചന്ദ്രമതിയുടെ ജനകീയ കോടതി )


 ഈ  കഥയിലെ മൈക്കിള്‍ ജോസഫ്, ഭാര്യ മേബിളിനെ ജനകീയ കോടതിക്കു മുമ്പില്‍ നിര്‍ത്തുമ്പോള്‍ ഭാര്യ എന്ന നിലയിലുളള കുറവുകള്‍ പറയുന്ന കൂട്ടത്തില്‍ പറയുന്നതാണ് ' രാത്രിയില്‍ നിര്‍വേദഭാവേന അവളെന്നെ അവഗണിക്കുന്നു'  എന്ന്.  അതിനുള്ള മറുപടിയാണ് മുകളില്‍ കൊടുത്ത മേബിളിന്റെ വാക്കുകള്‍.

രാത്രിയില്‍ മട്ടുപ്പാവില്‍ നിന്നു കാണുന്ന ഒരു തുണ്ട് ആകാശം പോലും സ്ത്രീയക്ക് അന്യമാണെന്ന്, അതുപോലും ആസ്വദിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞുവെയ്ക്കുന്നു.

ശരിയാണ്, ആകാശത്തെ മകരമത്സ്യമോ വേട്ടക്കാരോ മിന്നാമുനുങ്ങുകളോ രാത്രിയുടെ കരിം സൗന്ദര്യമോ സ്ത്രീക്ക് അന്യമാണ്.  ആണുങ്ങളുള്ളപ്പോള്‍ വീടിന്റെ പൂമുഖം അന്യമാകും പോലെ..അവള്‍  കരിപിടിച്ച ചിമ്മിനി ചുമരില്‍ രാത്രിയുടെ സൗന്ദര്യം കാണണം.  അവിടെ നക്ഷത്രങ്ങളെയും മിന്നാമിനുങ്ങുകളെയും കാണണം.  
രാത്രിയുടെ സൗന്ദര്യം സ്ത്രീക്ക് അന്യമാണോ എന്ന ചോദ്യത്തിനു മുന്നിലാണ് ഞാനിക്കാര്യത്തെക്കുറിച്ച് ആലോചിച്ചു പോകുന്നത്.  കുട്ടിക്കാലത്തോ കുറച്ചു മുതിര്‍ന്നപ്പോഴോ രാത്രിയെനിക്ക് അന്യമായിരുന്നില്ല.  നിലാവില്‍ ആറ്റുവക്കത്തെ പാറയില്‍ കിടന്ന് ആകാശം കണ്ടിരുന്നു.  അപ്പോഴെന്റെ മനസ്സ്  തൊട്ടുചേര്‍ന്നൊഴുകുന്ന പുഴയിലോ, ഭൂമിയിലോ ആയിരുന്നില്ല.  ആകാശത്തെ തൊട്ടു തൊട്ടില്ല എന്ന മട്ടിലായിരുന്നു.  
കുഞ്ഞാങ്ങളമാര്‍ക്കൊപ്പം ചൂട്ടും കത്തിച്ച് മീന്‍പിടിക്കാന്‍ പോവുകയും മിന്നാമിനുങ്ങുകളെപ്പിടിച്ച് അത് പകലും മിനുങ്ങുമോ എന്നറിയാന്‍ പെട്ടിയിലടച്ചുവെയ്ക്കുകയും ചെയ്തു. 
മൂന്നാറിലേക്ക്് സബ് ജില്ലാ യൂത്ത് ഫെസ്റ്റിവലിന് പോകാന്‍ സ്‌കൂളില്‍ തങ്ങിയ രാത്രി സ്‌കൂള്‍ പറമ്പിലൂടെ ചുമ്മാ നടന്നതും കന്യാസ്ത്രീകള്‍ നട്ടുപിടിപ്പിച്ച റോസാപ്പൂക്കള്‍ കട്ടു പറച്ച് കന്യാമറിയത്തിന് സമര്‍പ്പിച്ചതിനും നിലാവുമാത്രം സാക്ഷി.   
അതുകൊണ്ടൊക്കെയാവാണം മറ്റു പെണ്‍കുട്ടികള്‍ക്ക് രാത്രി എങ്ങനെയെന്നൊന്നും ചിന്തിക്കാന്‍ മിനക്കെടാഞ്ഞത്.  

പുറംലോകം പകലുപോലും സ്ത്രീക്ക് നിഷിദ്ധമാണെന്ന് ഇന്ന് തിരിച്ചറിയുന്നു.  അപ്പോള്‍ രാത്രി എന്നാഗ്രഹിക്കുന്നതു തന്നെ നടക്കാത്ത സ്വപ്‌നമാണ്.  പുറം ലോകത്തിന്റെ , രാത്രിയുടെ സൗന്ദര്യത്തേക്കാളുപരി ഭയപ്പെടുത്തുന്ന വാക്കുകളാണ് അവള്‍ കേട്ടു വളരുന്നത്.  സൗന്ദര്യം ആസ്വദിക്കാനിറങ്ങിയാല്‍ തിരിച്ചു വരേണ്ടി വരില്ലെന്നും നല്ലപിള്ള അടങ്ങിയൊതുങ്ങിയിരിക്കുന്നതാണ് നല്ലതെന്നും.  

കൗമാരത്തില്‍ എനിക്കൊരു പ്രണയമുണ്ടായിരുന്നു.  
അവന്റെ വീട് ഒരു മലയ്ക്കുമുകളിലാണെന്നറിഞ്ഞ നിമിഷം മുതല്‍ എന്റെ ജനലുകള്‍ തുറന്നു കിടന്നു.  രാത്രി അവിടെ വിളക്കുകത്തുന്നത് കണ്ടു. പിന്നീടെന്നും എന്റെ ജനലുകള്‍ തുറന്നു കിടന്നു.  രാത്രിയില്‍ ജനലഴികളില്‍പിടിച്ച് ഞാന്‍ അങ്ങോട്ടേക്കു നോക്കി നിന്നു.  ഒരു കീറാകാശത്തിന്റെ ദൂരം ഞങ്ങള്‍ക്കിടയിലുണ്ടായിരുന്നു.  ആ ദൂരത്തെ ഞാനെപ്പോഴും അളന്നളന്ന് നോക്കാന്‍ ശ്രമിച്ചിരുന്നു.  എന്നിലെ യുക്തിബോധത്തിനപ്പുറമായിരുന്നു ആ പ്രണയമെങ്കിലും ...ഇരുട്ടില്‍ ഒരു കൂമനോ, നത്തോ ആവാന്‍ ഞാന്‍ കൊതിച്ചു.  ഓരോ മരച്ചില്ലയില്‍ നിന്ന് മറ്റൊന്നിലേക്ക് അവിടെനിന്ന് പറന്ന് പറന്ന്...
അവിടെ മലയുടെ തുഞ്ചത്തെ വീട്ടില്‍ നിന്ന് അവന്‍ എന്നെ കാണുന്നുണ്ടാവുമോ എന്നെല്ലാം ആലോചിച്ച് ജനാലയ്ക്കല്‍ എത്ര നേരമാണ് നിന്നതെന്ന് ഓര്‍മയില്ല.  
നിനക്കെന്നാ വട്ടാണോ വീട്ടിലുള്ളവര്‍ ചോദിച്ചു.

ഒരു ജനലില്‍ നിന്നുള്ള കാഴ്ചകള്‍ പോലും സ്ത്രീക്ക് അന്യമാണെന്ന് തിരിച്ചറിയുന്നു.  

കോഴിക്കോട് കുറ്റിച്ചിറയിലും കല്ലായിയിലുമുള്ള ചില പെണ്‍സുഹൃത്തുക്കള്‍ രാത്രി പത്തുമണിക്കുശേഷം ബീച്ചില്‍പോയിരുന്ന് കാറ്റുകൊള്ളുകയും ആകാശം കാണുകയും ചെയ്യുന്നതിനെക്കുറിച്ച് പറഞ്ഞ് കേട്ടിട്ടുണ്ട്.  ഇത് അപൂര്‍വ്വം സ്ത്രീകള്‍ക്കുമാത്രം കിട്ടുന്നതാണെന്നറിയാം.  
കുട്ടിക്കാലത്ത് നല്ലൊരു ആകാശനോക്കിയായിരുന്നിട്ടും എനിക്കവരുടെ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ അസൂയ തോന്നി.  
രാത്രിയില്‍ പ്രേതത്തെയും പിശാചിനെയും കണ്ടത് അധികവും ആണുങ്ങളായിരുന്നു.  അവരെ അപായപ്പെടുത്താന്‍ വന്ന യക്ഷി മുന്നിലും പിന്നിലുമായി നടന്നു.  അവള്‍ കരിമ്പനയുടെ അടുത്തെത്തി മറഞ്ഞു പോയി.  അല്ലെങ്കില്‍ പുഴയോരത്തെത്തിയപ്പോള്‍ ആഴത്തിലേക്ക് മുങ്ങിത്താണു പോയി.  കല്ലുവെച്ച നുണകളോ മിത്തോ സത്യമോ?  
കേള്‍ക്കുമ്പോള്‍ സത്യമെന്നപോലെ നമ്മളും ഇരുട്ടത്ത് ചൂട്ടുവെട്ടത്തില്‍ വയല്‍വക്കത്തുകൂടിയും ഇടവഴിയിലൂടെയും നടക്കുകയാണ്.  മനസ്സിന്റെ സഞ്ചാരം.  
പണ്ടൊക്കെ മുറ്റത്തേക്കിറങ്ങിയാല്‍ പെണ്ണുങ്ങള്‍ കൈയ്യില്‍ ഇരുമ്പു കരുതണം.  ഭൂതപ്രേതാദികളില്‍ നിന്ന്, രക്തദാഹിയായ യക്ഷികളില്‍ നിന്ന് രക്ഷനേടാന്‍...
ആ ചുടലയക്ഷികള്‍ എങ്ങോ പോയിയൊളിച്ചു. പെണ്ണിനു ഭയം ആണിനെ മാത്രമാണ്.
വിലക്കുകള്‍, ഭയപ്പെടുത്തല്‍ അവള്‍ക്കെന്നും.  എവിടെയും ലക്ഷ്മണരേഖകള്‍.  സീതാദേവി പോലും ലക്ഷ്മണരേഖ മുറിച്ചു കടന്നു പോയതാണല്ലോ സര്‍വ്വ കുഴപ്പങ്ങള്‍ക്കും കാരണമായത്.- അതുകൊണ്ടവര്‍ക്ക് പുഷ്പകവിമാനത്തില്‍ കയറി യാത്രചെയ്യാന്‍ പറ്റി. കടലു കാണാന്‍ പററി. ലങ്ക കാണാന്‍ പറ്റി എന്നിങ്ങനെയും പറയാം.   

അമ്പലപറമ്പില്‍ ഉത്സവത്തിനുപോയതും വഹഌ കേള്‍ക്കാന്‍ പള്ളിയില്‍പോയതുമാവണം ചില ഭക്തകള്‍ക്കുകിട്ടിയ രാത്രിയുടെ ബഹളത്തില്‍ മുങ്ങിയ ഉപഹാരം.  
നിശബ്ദതയില്‍ ഒരു നടത്തം. നത്തിന്റെ മൂളല്‍, പുഴയൊഴുകുന്നതിന്റെ സംഗീതം, യക്ഷിപ്രേതാദികളുടെ പാദസരകിലുക്കങ്ങള്‍, ആകാശത്തെ തേരോട്ടം എല്ലാം നഷ്ടം നഷ്ടം.