Saturday, July 28, 2007

ഹോമിയോ എന്ന സുന്ദരമോഹന വാഗ്‌ദാനം

ചിക്കന്‍പോക്‌സിനു മുന്നോടിയായി വന്ന പനിയുടെ അസ്വസ്ഥതയോടെയാണ്‌ കുറിഞ്ഞി ഓണ്‍ലൈനില്‍ വന്ന ഹോമിയോ ചികിത്സയെക്കുറിച്ചുള്ള പോസ്‌റ്റുകള്‍ വായിക്കുന്നത്‌. കമന്റു കൊടുക്കണം എന്നു വിചാരിച്ചപ്പോഴേക്കും ചിക്കന്‍പോക്‌സ്‌ തുടങ്ങിക്കഴിഞ്ഞിരുന്നു. ഹോമിയോ ചികിത്സയുടെ പൊള്ളത്തരങ്ങളിലേക്ക്‌ വെളിച്ചം വിതറുന്നതായിരുന്നു ആ പോസ്‌റ്റുകള്‍.
അസുഖം മാറി വന്നപ്പോള്‍ ചിലതു കുറിക്കാതിരിക്കാന്‍ മനസ്സനുവദിക്കുന്നില്ല.
ചിക്കന്‍പോക്‌സാണെന്ന്‌ ഉറപ്പായപ്പോള്‍ സഹപ്രവര്‍ത്തകരില്‍ പലരും പറഞ്ഞു ഹോമിയോ ആണ്‌ മികച്ച ചികിത്സ എന്ന്‌. എന്റെ അനുഭവത്തില്‍ ചിക്കന്‍പോക്‌സിന്‌ ചികിത്സ ഇല്ലായിരുന്നു. പരമാവധി വിശ്രമിക്കുക, ആര്യവേപ്പിലെ വിതറികിടക്കുക, തണുത്ത കഞ്ഞി, കരിക്കിന്‍വെള്ളം, പഴങ്ങള്‍ കഴിക്കുക തുടങ്ങിയ ശീലങ്ങളേ കണ്ടിരുന്നുള്ളു. ഹോമിയോ മരുന്നു കഴിച്ചാല്‍ പെട്ടെന്നു മാറും എന്ന സുന്ദരമോഹന വാഗ്‌ദാനവും സഹപ്രവര്‍ത്തകര്‍ എനിക്കു നല്‍കി.
പക്ഷേ, മനസ്സനുവദിക്കുന്നില്ല. കുറിഞ്ഞി വായിച്ചിരിക്കുകയാണല്ലോ..ഒരു ഗുണവുമില്ലാത്ത പഞ്ചാരഗുളികകൊണ്ടെന്താവാന്‍....?ഏതായാലും സുവര്‍ണ്ണാവസരമാണ്‌..പരീക്ഷിക്കുക തന്നെ.
എന്തായാലും അതു നന്നായി എന്നു ഇപ്പോള്‍ വിചാരിക്കുന്നു. കാരണം പലതാണ്‌."എന്തു മരുന്നാ കഴിക്കുന്നേ?" എന്നു ചോദിച്ചവരോട്‌ 'ഹോമിയോ' ഒന്നു പറയാന്‍ പറ്റി. 'ഒന്നും കഴിക്കുന്നില്ല' എന്നു പറഞ്ഞാല്‍ "അയ്യോ മരുന്നെന്തെങ്കിലും കഴിക്കണേ, മാറാന്‍ താമസിക്കും" എന്നു പറഞ്ഞുകളയും ഇക്കൂട്ടര്‍.
പണ്ടേ മരുന്ന്‌ എന്ന പറഞ്ഞാന്‍ അലര്‍ജിയാണെനിക്ക്‌. ഏതു ചികിത്സയായാലും. ചുമ, ജലദോഷം, കഫക്കെട്ട്‌ തുടങ്ങിയ രോഗങ്ങളാണ്‌ ആക്രമിക്കാറുള്ളത്‌. ചുക്കുവെള്ളം, ആവി പിടിക്കുക തുടങ്ങിയവയില്‍ ഒതുങ്ങും ചികിത്സ. 'സ്വന്തം ചികിത്സയാണ്‌,' 'പറഞ്ഞാല്‍ കേള്‍ക്കില്ല' തുടങ്ങിയ വീട്ടുകാരുടെ ശകാരത്തിനു വഴങ്ങിയാണ്‌ പലപ്പോഴും ആശുപത്രിയില്‍ പോകുന്നത്‌.
അങ്ങനെ ചിക്കന്‍പോക്‌സിനു പേരുകേട്ട ഒരു ഹോമിയോ ഡോക്ടറെ ഞാന്‍ കണ്ടു. "മരുന്നു തരാം. ഏഴാം ദിവസം കുളിക്കാം. എട്ടാം ദിവസം മുതല്‍ ജോലിക്കുപോകാം."
ഹോ എന്തൊരാശ്വാസം!
രണ്ടാഴ്‌ച വേണം സാധാരണ ഗതിയില്‍ മാറാന്‍..ലീവ്‌ അത്രപോകില്ലല്ലോ..!
'പഥ്യം നോക്കണം തണുത്ത കഞ്ഞി മാത്രം.'
ശരി. മരുന്നു കിട്ടി. രണ്ടു ദിവസത്തേക്ക്‌ പത്തുമിനിറ്റ്‌ ഇടവിട്ട്‌ 'പഞ്ചാരമുട്ടായി'രണ്ടുദിവസം കൊണ്ട്‌ പനിമാറും.മൂന്നാം ദിവസംമുതല്‍ അരമണിക്കൂര്‍ ഇടവിട്ട്‌ അടുത്ത 'പഞ്ചാരമുട്ടായി' കൂടാതെ വീട്ടിലെല്ലാവര്‍ക്കും വരാതിരിക്കാന്‍ പ്രിവന്റീവ്‌ മെഡിസിന്‍.
എന്നെ സംബന്ധിച്ച്‌ അതാണ്‌ വലിയകാര്യം. രണ്ടു വയസ്സാവാത്ത്‌ കുഞ്ഞിന്‌ വരാതിരിക്കട്ടെ.....അങ്ങനെ പ്രിവന്റീവ്‌ മെഡിസിന്‍ അടക്കം ഒരു ലോഡ്‌ പഞ്ചാരമുട്ടായികളുമായി ഞാന്‍ വയനാട്‌ ഭര്‍തൃഗൃഹത്തലേക്ക്‌ വണ്ടി കയറി.
അവിടെ ചെന്നപ്പോള്‍ ഭര്‍ത്താവിന്റെ അമ്മക്ക്‌ കണ്ണില്‍കുരു. പിറ്റേന്ന്‌ വേദന സഹിക്കാനാകാതെ അലോപ്പതി ഡോക്ടറെ കാണിക്കാന്‍ പോയ ആള്‍ ഡോക്ടറെ കാണാഞ്ഞ്‌ ഹോമിയോ ഡോക്ടറുടെ അടുത്തെത്തി. സ്‌പിരിറ്റു മണക്കുന്ന വെള്ളം കൊണ്ട്‌ കണ്ണിനു ചുറ്റും പുരട്ടിക്കൊണ്ടിരുന്നു. എവിടെ മാറാന്‍..പിറ്റേന്ന്‌ കാര്യമ്പാടി കണ്ണാശുപത്രിയില്‍ പോയി മരുന്നുമായി വന്നു. മരുന്നുപുരട്ടി, ഗുളികകഴിച്ച്‌ അരമണിക്കൂറിനകം വേദന പോയി..കുരു പൊട്ടിപോവുകയും ചെയ്‌തു.
ഞാന്‍ പത്തുമിനിറ്റ്‌ ഇടവിട്ട്‌ അഞ്ചുമുട്ടായി തിന്നും. മൂന്നുദിവസം പനിക്കും മൂന്നു ദിവസം കൊണ്ട്‌ ഉണങ്ങും എന്നാണ്‌ പറയാറ്‌. പോരാത്തതിന്‌ ഹോമിയോ മരുന്നു കഴിക്കുകയും ചെയ്യുന്നു. പനിച്ച്‌ ഞെളിപിരി കൊള്ളുകയാണ്‌. കിടക്കാന്‍ വയ്യ. ഇരിക്കാന്‍വയ്യ. നില്‍ക്കാന്‍ വയ്യ. തലകുത്തി നില്‍ക്കാനാണ്‌ തോന്നുന്നത്‌. പനി മൂന്നാം ദിവസത്തിലേക്ക്‌ കടന്നപ്പോള്‍ ആശ്വസിച്ചു. ഇന്നുകൂടി സഹിച്ചാല്‍ മതിയല്ലോ.പക്ഷേ പനി വിട്ടത്‌ അഞ്ചാം ദിവസമാണ്‌. ഹോമിയോ ഡോക്ടറെ ഫോണ്‍ചെയ്‌തു ചോദിച്ചു.
"പനി മാറുന്നില്ലല്ലോ സര്‍...?"
"ചിക്കന്‍പോക്‌സിന്റെ ഗുണമിതാണ്‌. ചിലപ്പോള്‍ മാറുന്നതുവരെ പനിച്ചുകൊണ്ടേയിരിക്കും."
തൊണ്ടവേദന, ചുമ, കഫക്കെട്ട്‌ തുടങ്ങിയ പ്രശ്‌നങ്ങളുമുണ്ട്‌ കൂട്ടത്തില്‍.
ഗതികെട്ട്‌ മെഡിക്കല്‍കോളജിലെ സ്‌നേഹിതയായ ഡോക്ടറെ വിളിച്ചു. " കുട്ടികള്‍ക്കുണ്ടാവും പോലെയല്ല മുതിര്‍ന്നവര്‍ക്ക്‌ കുറച്ചു രൂക്ഷത കൂടും. ഒരു വൈറല്‍ രോഗത്തിനും അലോപ്പതിയില്‍ മരുന്നില്ല. പക്ഷേ, രൂക്ഷതകുറക്കാന്‍ ഉപകരിക്കുന്ന ആന്‌റിബയോട്ടിക്‌ ഉ്‌ണ്ട്‌. വൈറല്‍ ഇന്‍ഫക്ഷനൊപ്പം ബാക്ടടീരില്‍ ഇന്‍ഫക്ഷനുമുണ്ടാകും. അതാണ്‌ തൊണ്ടവേദനയും ചുമയും മറ്റും." അവര്‍ പറഞ്ഞു.
ആവശ്യമെങ്കില്‍ കഴിക്കാന്‍ മരുന്നുകളുടെ പേര്‌ മെസ്സേജ്‌ ചെയ്‌തു തന്നു. പിറ്റേന്ന്‌ പനി വിട്ടതു കൊണ്ട്‌ അതു കഴിക്കേണ്ടി വന്നില്ല.സുനിലിന്റെ അമ്മാവന്റെ മകനും മോള്‍ക്കുമാണ്‌ചിക്കന്‍ പോക്‌സ്‌ വരാത്തത്‌. ഇവര്‍ക്ക്‌ പ്രതിരോധ മരുന്നു കൊടുക്കുന്നുണ്ട്‌ സമയാസമയങ്ങളില്‍.
പതിനഞ്ചു ദിവസം കഴിഞ്ഞ്‌ കോഴിക്കോട്‌ മടങ്ങിയെത്തി. വന്ന അന്നു മോള്‍ക്കു പനി. യാത്ര ചെയ്‌തുതുകൊണ്ടായിരിക്കുമെന്നു സമാധാനിക്കുമ്പോഴേക്കും ദേഹമാകെ കുരുക്കള്‍...അവള്‍ക്ക്‌ വന്ന്‌ മൂന്നാം ദിവസം മുതല്‍ അമ്മാവന്റെ മകനും.....
വയനാട്ടില്‍ രണ്ടു വര്‍ഷം സ്ഥിരമായി നിന്നപ്പോഴായിരുന്നു ഞാന്‍ ഏറ്റവുമധികം മരുന്നുപയോഗിച്ചത്‌. കഫക്കെട്ട്‌ ഒരിക്കലും മാറില്ല...ആന്റിബയോട്ടിക്‌ കഴിക്കുമ്പോള്‍ കുറയും. പക്ഷേ, നെഞ്ചരിച്ചില്‍, ദഹനത്തിനെന്തങ്കിലും തകരാറ്‌ വന്നു കൊണ്ടിരിക്കും. ആയുര്‍വേദം കഴിക്കുമ്പോഴും കഴിക്കുമ്പോള്‍ കുറയും..പക്ഷേ, മാറില്ല. ഹോമിയ തീരാവ്യാധി മാറ്റുമെന്നു കേട്ട്‌ അന്നൊരിക്കല്‍ കോഴിക്കോടിനു പുറപ്പെട്ടു. കോഴിക്കോട്ടെ പ്രശസ്‌തനായ, സ്വന്തമായി ആശുപത്രിയുള്ള ഹോമിയോ ഡോക്ടര്‍. എന്തു ചെയ്യാന്‍...പഞ്ചാരമുട്ടായി അന്നും കിട്ടി കുറേയെണ്ണം. കഴിക്കാന്‍ തുടങ്ങിയ അന്നു മുതല്‍ കൂടുകയല്ലാതെ കഫക്കെട്ട്‌ കുറഞ്ഞില്ല.
കാരണം അതൊരു വൃശ്ചികം -ധനുമാസമായിരുന്നു. കുംഭം-മീനമാസമായിരുന്നെങ്കില്‍ കുറഞ്ഞേനെ...!
മോള്‍ക്ക്‌ എന്തസുഖം വന്നാലും ഒന്നോ രണ്ടോ ദിവസം കഴിഞ്ഞെ ഡോക്ടറെ കാണിക്കാറുള്ളു. ഒന്നാമത്‌ മരുന്നു കഴിപ്പിക്കാനുള്ള പ്രയാസം. അലോപ്പതി കഴിക്കുമ്പോള്‍ വിശപ്പു കുറവായിരിക്കും. പിന്നെ ഒരാഴ്‌ചയാവും ഭക്ഷണം കഴിച്ചു തുടങ്ങാന്‍. ജോലിക്കുപോകുന്നതുകൊണ്ട്‌ അവളോടൊപ്പം കൂടുതല്‍ ദിവസം ഇരിക്കാന്‍ കഴിയാറുമില്ല. ഡോക്ടറെ കാണിക്കാന്‍ കൊണ്ടുപോകാത്തതിന്‌ നിന്റെ സ്വന്തം ചികിത്സ എന്നു പറഞ്ഞു പരിഹസിക്കുന്നവരോട്‌ ഹോമിയോ വഴി പകരം വീട്ടാം.കുഞ്ഞ്‌ യാതൊരു മടിയുമില്ലാതെ പഞ്ചാരമുട്ടായി കഴിക്കുകയും ചെയ്യും...മരുനനു കൊടുത്തില്ലെന്നുള്ള പരാതിയും ഒഴിവാകും.
കുഞ്ഞബ്ദുള്ള എഴുതിയപോലെ ഡോക്ടറെകണ്ട്‌ മരുന്നു കഴിച്ചാല്‍ പനി ഏഴു ദിവസംകൊണ്ടും കാണിക്കാതിരുന്നാല്‍ ഒരാഴ്‌ചകൊണ്ടു മാറും.എന്നാല്‍ പറയാതെ തരമില്ല ഈ പഞ്ചാരമുട്ടായി രണ്ടു ദീവസം കൊടുക്കുമ്പോള്‍ വിശപ്പു കൂടുന്നതായി കാണുന്നുണ്ട്‌.
എന്റെ ഒരു കൂട്ടുകാരി ഫൈബ്രോയ്‌ഡ്‌സിന്‌ ഹോമിയോ ചികിത്സ നടത്തി ഒരു വര്‍ഷക്കാലം (കുട്ടികളില്ല അതിനുകൂടി). പക്ഷേ, ഓപ്പറേഷന്‍ തന്നെ വേണ്ടി വന്നു അവസാനം.
നാലുവര്‍ഷം മുമ്പ്‌ വിഷചികിത്സയില്‍ മിശ്രചികിത്സയുടെ സാധ്യത മനസ്സിലാക്കാന്‍ നടത്തിയ ശ്രമത്തിനിടയില്‍ കോഴിക്കോട്‌ ഹോമിയോ മെഡിക്കല്‍ കോളജില്‍ ഞാന്‍ പോവുകയുണ്ടായി. അന്ന്‌ അവിടുത്തെ പ്രൊഫസര്‍മാരില്‍ നിന്നു കിട്ടിയ വിവരം ഞെട്ടിപ്പിക്കുന്നതായിരുന്നു. ഹാനിമാന്റെ കാലത്തുതന്നെ വിഷത്തിനുള്ള മരുന്നുകളുണ്ടായിരുന്നു എന്നും പക്ഷേ ആരും ചെയ്‌തു നോക്കാന്‍ ധൈര്യപ്പെടുന്നില്ല എന്നും ഞങ്ങളെ പഠിപ്പിച്ച പ്രൊഫസര്‍മാരും അതിനെക്കുറിച്ചൊന്നും പറഞ്ഞിട്ടില്ലെന്നുമായിരുന്നു വിശദീകരണം.
ആരെങ്കിലും പാമ്പുകടിയേറ്റു വന്നാല്‍ പ്രഥമ ശുശ്രൂഷ നല്‌കി മെഡിക്കല്‍ കോളജിലേക്ക്‌(ആധുനീകം) വിടുകയാണ്‌ ചെയ്യാറെന്നും ജീവന്‍ പന്താടാന്‍ പറ്റില്ലല്ലോ എന്ന നെടുവീര്‍പ്പും.
ഒരു ആധികാരിക സ്ഥാപനത്തിലെ മേലധികാരിയുടേതാണു വാക്കുകള്‍ എന്നോര്‍ക്കണം. നിങ്ങള്‍ക്കെന്തു തോന്നുന്നു വായനക്കാരെ...അന്ന്‌ എന്നോടൊപ്പം ഉണ്ടായിരുന്ന രമ്യയോട്‌ ഞാന്‍ പറഞ്ഞു.
"രമ്യാ നമുക്കു കുറേ ഗിനിപ്പന്നികളേയും എലികളേയും ഇവര്‍ക്കെത്തിച്ചു കൊടുത്താലോ?"
ഹോമിയോയെ അരക്കിട്ടുറപ്പിക്കുന്ന ചില 'മിറക്കിള്‍' സംഭവിക്കുന്നില്ലേ എന്ന സംശയവും ബാക്കി നില്‍ക്കുന്നുണ്ട്‌. നാട്ടില്‍ ഞങ്ങളുടെ അയല്‍വാസിയുടെ ജ്യേഷ്‌ഠന്‍ പ്രായം 75നു മുകളില്‍. കാലില്‍ ക്യാന്‍സറായിരുന്നു. തൃശൂര്‍ അമലയില്‍ നിന്ന്‌ ഒരു വിരള്‍ മുറിച്ചുമാറ്റി.പിന്നീട്‌ കാലുമുറിച്ചു മാറ്റണമെന്നായിരുന്നു പറഞ്ഞിരുന്നത്‌. അതിനു തയ്യാറെടുത്തു ചെന്നയാള്‍ വഴിക്കുവെച്ച്‌ ഞാറക്കലുള്ള ഹോമിയോ ചികിത്‌സയെക്കുറിച്ചു കേള്‍ക്കുകയും കേവലം 30 രൂപയുടെ മരുന്നു രണ്ടു മാസത്തോളം കഴിക്കുകയും ചെയ്‌തു. പത്തു വര്‍ഷം മുമ്പത്തെ കാര്യമാണിത്‌. ആളിപ്പോഴും പതിനാറിന്റെ ചുറുചുറുക്കോടെ നടക്കുന്നു. എന്താണിവിടെ സംഭവിച്ച 'മിറക്കിള്‍'.
ഇതൊക്കെയല്ലേ ഹോമിയോയെ രക്ഷിച്ചു നിര്‍ത്തുന്നത്‌.
ചിക്കന്‍പോക്‌സു മാറിയപ്പോള്‍ മുഖത്താകെ കറുത്ത കലകള്‍...കലയ്‌ക്കും ഹോമിയോ മരുന്നുണ്ടുപോലും. ഒരാഴ്‌ചകൊണ്ടു മാറും. പ്രലോഭിപ്പിക്കുന്നു...രക്തചന്ദനവും തേനുമുണ്ട്‌, പച്ചമഞ്ഞളും ആര്യവേപ്പിലയുമുണ്ട്‌, ചെറുപയര്‍ പൊടിയോ, കടലപ്പൊടിയോ ഉപയോഗിച്ചു കുളിക്കാം, വേണമെങ്കില്‍ കലാമിന്‍ ലോഷന്‍ വാങ്ങാം, കുങ്കുമാദി ലേപം വാങ്ങാം....ഏതാണു വേണ്ടതെന്നു തീരുമാനിക്കുകയെ വേണ്ടു.....
കുറിഞ്ഞി പോസ്‌റ്റുകള്‍ വായിക്കാത്തവര്‍ വായിക്കുക http://www.kurinjionline.blogspot.com/