Sunday, August 31, 2008

ആനയോര്‍മ


ദേവപ്രകാശിന്റെ ആനവര വായിച്ചപ്പോള്‍(മാതൃഭൂമി ആഴ്‌ചപ്പതിപ്പ്‌ ലക്കം 25 ) ആന ഓര്‍മകളിലേക്കെത്തിപ്പോയി.

വട്ടപ്പൂജ്യം മാര്‍ക്കുകിട്ടുന്നവരെ ആനമൊട്ട കിട്ടി എന്നു പറഞ്ഞു കളിയാക്കുന്നതില്‍ തുടങ്ങുന്നു ആന ഓര്‍മ. ഇത്തിരി വലുതായ എന്തിനേയും അതിശയോക്തി കലര്‍ത്തി ഉപമിക്കുന്നത്‌ ആനയോടാണല്ലോ!
കഷണ്ടിയായ അധ്യാപകനും തടിച്ച അധ്യാപികയും ചേനസാറും ആനടീച്ചറുമായിരുന്നു ഞങ്ങള്‍ക്ക്‌. സ്‌കൂളുവിട്ടു വരുന്ന വഴി ആറ്റില്‍ കുളിപ്പിക്കാന്‍ കിടത്തിയിരിക്കുന്ന ആനയെ കാണാം. മലയില്‍ നിന്ന്‌ തടിവലിച്ച്‌ കൊണ്ടുവരുന്നതാണ്‌‌ മറ്റൊരു കാഴ്‌ച. ഉത്സവത്തിന്‌ ആനയെ എഴുന്നള്ളിക്കുന്നതൊക്കെ മുതിര്‍ന്നതില്‍ പിന്നെയാണ്‌ കണ്ടത്‌. അതിനേക്കാളേറെ തടിവലിക്കാന്‍ കൊണ്ടുപോകുന്ന ആനയായിരുന്നു ഞങ്ങള്‍ക്കു ചുറ്റും.

വീടിനു മുന്നില്‍ ദേവിയാറിനു മുന്നില്‍ പാലമില്ലായിരുന്നു. മഴക്കാലത്ത്‌ അക്കരെയെത്തണമെങ്കില്‍ ഒന്നുരണ്ടുകിലോമീറ്റര്‍ കിഴക്കോട്ടോ പടിഞ്ഞാട്ടോ നടക്കണമായിരുന്നു ഒരു പാലത്തിന്‌. ഒന്നിലോ രണ്ടിലോ മറ്റോ പഠിക്കുമ്പോഴാണ്‌ ഞങ്ങളുടെ പറമ്പിലെ താന്നിമരം പാലത്തിനുവേണ്ടി മുറിച്ചത്‌. അതും ഒരു ആനമരമായിരുന്നെന്നു പറയാം. ആറിനു കുറുകെ നെടുനീളന്‍ ഒറ്റത്തടിപാലം. പക്ഷേ മലയോടു ചേര്‍ന്നു നിന്ന മരം ആറ്റിലേക്കുകൊണ്ടുവരിക എന്നത്‌ ചില്ലറ കാര്യമായിരുന്നില്ല. മൂന്നു ദിവസമാണ്‌ ഞങ്ങളുടെ പറമ്പില്‍ ആനകേറി നിരങ്ങിയത്‌. രാത്രി പറമ്പിനു നടുക്കുനിന്ന ഇത്തിരിപോന്ന പേരയിലായിരുന്നു അതിനെ തളച്ചത്‌. രണ്ടോമൂന്നോ ആനകളെ കൊണ്ടിവന്നിരുന്നെന്നാണ്‌ ഓര്‍മ. മൂന്നു ദിവസം കൊണ്ടാണ്‌ താന്നി പാലമായത്‌. ആനയെ ഇത്രത്തോളം അടുത്തു കാണുന്നത്‌ അവിടെ നിന്നായിരുന്നു.- ഏതാണ്ട്‌ അതേ സമയത്തുതന്നെയാണ്‌ ദേവപ്രകാശിന്റെ നാട്ടില്‍വെച്ച്‌ ആനക്ക്‌ പഴം കൊടുത്തത്‌. കാട്ടാനയല്ല അതും തടിവലിക്കാന്‍ കൂപ്പിലേക്കു കൊണ്ടുപോകുന്നതായിരുന്നു. അന്ന്‌ പൈനാവിലായിരുന്നു അമ്മായി താമസിച്ചിരുന്നത്‌.

എന്നാല്‍ കാട്ടാനയെ ആദ്യമായി കണ്ടത്‌ തോല്‍പ്പെട്ടിയിലേക്കുള്ള യാത്രയിലാണ്‌. ഒന്നരവര്‍ഷം മുമ്പു മാത്രം. മറയൂരായിരിക്കുമ്പോള്‍ വീടിനടുത്തുള്ള വയലില്‍ രാത്രികാലങ്ങളില്‍ ആനയിറങ്ങി നെല്ല്‌ ചവിട്ടിമെതിച്ചിടുമായിരുന്നു. ആനയിറങ്ങുന്ന സമയങ്ങളില്‍ തകരച്ചെണ്ടയും പന്തവുമായി കാവലിരിക്കുമായിരുന്നു കൃഷിക്കാര്‍.
കാട്ടിലേക്കുള്ള ഞങ്ങളുടെ വഴികാട്ടിയായിരുന്ന സെല്‍വന്‍ കാടിനോട്‌ ചേര്‍ന്ന്‌ വയലിലെ കാവല്‍മാടത്തിലായിരുന്നു കൊയ്‌ത്തു കഴിയുന്നതുവരെ കഴിഞ്ഞിരുന്നത്‌. ചൂടാറാത്ത, ചൂരുപോകാത്ത ആനപ്പിണ്ടങ്ങള്‍ക്കരുകിലൂടെയായിരുന്നു ഞാനും ബിന്ദുവും അനിയും മാനുവും യാത്ര. അകലെ ചിന്നം വിളികേട്ടിട്ടുണ്ട്‌‌.
പൊട്ടപ്പുള്ളകളേ എന്ന്‌ താക്കീതിന്റെ സ്വരത്തില്‍ ഞങ്ങളെ വിളിച്ച്‌‌ സെല്‍വന്‍ ചിന്നംവിളി കേട്ട ഭാഗത്തേക്ക്‌ അടുപ്പിച്ചില്ല. കാട്ടില്‍ ഒറ്റക്കു നടക്കാനോ കാവല്‍മാടത്തില്‍ ഒറ്റക്കുകിടക്കാനോ ഭയമില്ലാതിരുന്ന സെല്‍വന്‍ പക്ഷേ, ചേട്ടന്‍ നിസാരകാര്യത്തിന്‌ വഴക്കു പറഞ്ഞതിനാണ്‌ എക്കാലക്‌സ്‌ കുടിച്ച്‌ സ്വയം തീര്‍ന്നത്‌.
അനിയുടെ അമ്മമ്മ ആന വീടുകുത്തി മലര്‍ത്തിയതും രണ്ടുമക്കളെയും കൊണ്ട്‌ ഓടിരക്ഷപെട്ടതുമായ കഥ പറഞ്ഞതോര്‍ക്കുന്നു.
വയലിലിറങ്ങിയ ആനയെ തകരച്ചെണ്ടമുട്ടിയും പടക്കം പൊട്ടിച്ചും ആര്‍ത്തു കൂവിയും പന്തങ്ങളുമായി ഓടിക്കുന്ന ശബ്ദങ്ങള്‍ക്കിടക്കാണ്‌ അമ്മച്ചി ആനക്കഥ പറഞ്ഞത്‌.
അത്‌ ആനയില്‍ നിന്ന്‌ രക്ഷപെട്ട കഥയായിരുന്നു. നേര്യമംഗലത്ത്‌‌ പെരിയാറിനക്കരെ മീനാക്ഷിക്ഷേത്രത്തിനോട്‌ ചേര്‍ന്നുള്ള സ്ഥലത്തെ കൊച്ചുവീട്ടില്‍ കാവല്‍ കിടക്കാന്‍ പോകുമായിരുന്ന അച്ഛനോടൊപ്പം കുട്ടിക്കാലത്ത്‌ അമ്മച്ചിയും ചിലപ്പോള്‍ പോകുമായിരുന്നത്രേ! വിളികേള്‍ക്കാവുന്ന ദൂരത്തൊന്നും വീടുകളില്ല. എന്നാല്‍ മിക്ക പറമ്പുകളിലും കാവല്‍ മാടങ്ങളുണ്ടായിരുന്നു.
ഒരു രാത്രി അമ്മച്ചിയുടെ അച്ഛന്‍ തിടുക്കത്തില്‍ വിളിച്ചുണര്‍ത്തുമ്പോള്‍ അമ്മച്ചി അന്ധാളിച്ച്‌ 'എന്നാച്ഛാ' എന്നു ചോദിച്ചപ്പോള്‍ വാപൊത്തുകയായിരുന്നത്രേ! (പെണ്ണുങ്ങളുടെ ശബ്ദം കേട്ടാല്‍ ആനക്കു കലികൂടുംപോലും )
ആനയുടെ കാല്‍ച്ചുവട്ടിലായിരുന്നത്രേ അപ്പോള്‍ അമ്മച്ചി. (വീട്‌ ഒറ്റക്കുത്തിന്‌ മറിച്ചിട്ടിരുന്നു. അന്നത്തെ ഏഴോ എട്ടോ വയസ്സുകാരി ഗാഢ ഉറക്കത്തിലായിരുന്നു) അച്ഛന്‍ പിടിച്ചു വലിച്ചുകൊണ്ടോടി..ആന പുറകെയും..എങ്ങനെയോ ഒരു കയ്യാലയില്‍ വലിഞ്ഞുകയറി താഴോട്ടോര്‍ന്നു വീണ്‌....ഇന്നും കാല്‍മുട്ടിലും നെഞ്ചിലുമൊക്കെ ആ വീഴ്‌ചയുടെ പാടുകള്‍ മായാതെ കിടക്കുന്നു. 'ആനേടെ കാച്ചോട്ടീന്ന്‌ രക്ഷിച്ചെടുത്ത മോളാ'..വളര്‍ന്നപ്പോള്‍ നന്ദികാണിച്ചില്ലെന്ന്‌ അക്കരയച്ഛന്‍(അമ്മയുടെ അച്ഛന്‍) പറഞ്ഞ്‌ പലപ്പോഴും കേട്ടിട്ടുണ്ട്‌.
ജീവിതത്തില്‍ നിന്നുള്ള ആനക്കഥകള്‍ക്കൊക്കെ ശേഷമല്ലേ 'ഗുരുവായൂര്‍ കേശവനും' 'എന്റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്നു'വുമൊക്കെ അറിയാന്‍ തുടങ്ങിയത്‌.
അക്കരയച്ഛന്‍ നന്ദികേടിനെക്കുറിച്ചു പറയട്ടേ. പക്ഷേ ഞങ്ങള്‍ ആകാശമിഠായികളായില്ലേ!

ഫോട്ടോ ആരെടുത്തതാണെന്നറിയില്ല. കടപ്പാട്‌ www.flickr.com

Tuesday, August 26, 2008

ഒരു 'കാക്ക'പുരാണംഞങ്ങളുടെ വീട്ടിലെ ആണുങ്ങളൊക്കെ പക്ഷിപ്രേമികളായിരുന്നു. എന്റെ ചെച്ചാക്കും (കൊച്ചച്ഛന്‍) അമ്മായിയുടെ മക്കള്‍ക്കുമൊക്കെ പക്ഷിപ്രാന്തായിരുന്നെന്നു പറയാം. ഇവരുടെയൊക്കെ വിനോദങ്ങളിലൊന്ന്‌ കുടുക്കിട്ട്‌ പക്ഷികളെ പിടിക്കുകയായിരുന്നു. പൂത്താങ്കീരിയും തത്തയും മാടത്തയുമാണ്‌ കൂട്ടത്തോടെ ഞങ്ങടെ മുറ്റത്തും പറമ്പിലും വന്നിറങ്ങുന്നത്‌.
മഴക്കാലമായാല്‍ ചക്കപഴുത്തുവീഴുന്ന പ്ലാവില്‍ ചുവടുകളില്‍ കുറച്ചകലങ്ങളിലായി രണ്ടുകുറ്റിയടിച്ച്‌ അവയെ തമ്മില്‍ ബലമുള്ള നൂലുകൊണ്ടു ബന്ധിച്ച്‌ , ആ നൂലില്‍ ചൂണ്ടുനൂലുകൊണ്ട്‌ തലങ്ങളും വിലങ്ങും കുടുക്കുകളിട്ടായിരുന്നു പക്ഷിവേട്ട. രണ്ടും മൂന്നും മാടത്തകള്‍ കുടുക്കില്‍ വീഴും.
കൂട്ടിലാക്കി പാലും പഴവും കൊടുത്താലും കണ്ണുവെട്ടിച്ച്‌ ഇവ പറന്നു പൊയ്‌ക്കളയും. ചിലപ്പോള്‍ ചത്തുപോകും. തത്തയൊഴിച്ച്‌ മറ്റൊന്നും അധികകാലം വാണില്ല.
ഈ പക്ഷിഭ്രമത്തിനിടയിലേക്കാണ്‌ കുടുംബത്തില്‍ ആദ്യപെണ്‍കുട്ടിയായ ഞാന്‍ പിറന്നത്‌. ചെച്ചാക്കു പിന്നെ ആലോചിക്കാനൊന്നുമില്ലായിരുന്നു -പിറ്റേന്നു മുതല്‍ മൈനേ എന്നു വിളിക്കാന്‍ തുടങ്ങി. എല്ലാവരുമത്‌ ഏറ്റു വിളിച്ചു...


പക്ഷേ ഒരു കാക്കയെ വളര്‍ത്തുക എന്നത്‌ അന്നു വരെ കേള്‍ക്കാത്ത കാര്യമായിരുന്നു. ഇന്നും. മുറ്റത്തെ പ്ലാവിന്‍കൊമ്പിലോ മീന്‍വെട്ടുന്നിടത്തോ കാക്കയെന്നാല്‍ ആട്ടിയോടിക്കുക എന്ന പതിവു തന്നെയായിരുന്നു ഈ പക്ഷിപ്രാന്തന്മാര്‍ക്കും....
എന്നാല്‍ എനിക്ക്‌ നാലോ അഞ്ചോ വയസ്സുള്ളപ്പോഴാണ്‌ അമ്മായിയുടെ മൂത്തമകന്‍ ഹമീദ്‌ (അണ്ണച്ചി എന്നു വിളിക്കും ഞാന്‍) ഒരു കാക്കക്കുഞ്ഞുമായി വീട്ടില്‍ വരുന്നത്‌. പപ്പും പൂടയും ഒന്നുമില്ലാത്ത മാംസതുണ്ട്‌.
അക്കരെ പവിത്രന്‍ സാറിന്റെ പറമ്പിലെ കുടംപുളിമരത്തില്‍ നിന്നു കിട്ടിയാതാണെന്ന്‌ പറഞ്ഞു. ( ഈ പവിത്രന്‍സാറിനെ ഞാനോ എന്റെ സമപ്രായക്കാരായ ആരെങ്കിലും ഇന്നുവരെ കണ്ടിട്ടില്ല. ഞങ്ങള്‍ കണ്ടത്‌ കുടുംബസമേതം വന്നു താമസിക്കുന്ന നോട്ടക്കാരെയാണ്‌. ആ തോട്ടത്തിലാണ്‌ അണ്ണച്ചി അടക്കമുള്ളവരുടെ കളി)
പപ്പും പൂടയും വെക്കാത്ത ഈ മാംസത്തുണ്ടിനെ എന്തുചെയ്യാന്‍?
പക്ഷേ അണ്ണച്ചി വിടാനൊരുക്കമായിരുന്നില്ല. തുണിയിലും പഞ്ഞിയിലും പൊതിഞ്ഞ്‌ പാലുകോരിക്കൊടുത്ത്‌്‌ വളര്‍ത്തി. ചിറകുവെച്ചപ്പോള്‍ കൂട്ടിലിട്ടിരിന്നെങ്കിലും അതു വെറുതേയായിരുന്നു. ഒരു ദിവസം കൂടു തുറന്നുപോയെങ്കിലും കാക്ക എങ്ങും പോയില്ല. അതു ഞങ്ങളുടെ മുറ്റത്തും വീടിനുള്ളിലും പറന്നു നടന്നു.
പിന്നെ കൂട്ടിലാക്കിയുമില്ല.
പറമ്പുവിട്ട്‌ എങ്ങോട്ടും പോകാറില്ലായിരുന്നു. ചില സന്ധ്യകളില്‍ ഇതിനെ കാണാനില്ലെങ്കില്‍ അണ്ണച്ചിക്ക്‌ ഇരിക്കപ്പൊറിതി കിട്ടില്ല.
' കാക്കേ കാക്കേ' എന്നു വിളിച്ച്‌ പറമ്പിലൂടെ നടക്കും.
അന്വേഷിച്ചു നടക്കുന്നതിനിടയില്‍ കാക്കയെത്തും.
എന്നും രാവിലെ ഞങ്ങളെ വിളിച്ചുണര്‍ത്തുന്നത്‌ കാക്കയാണ്‌. അന്ന്‌ പുല്ലുവീടായിരുന്നു. കാക്കയ്‌ക്ക്‌ എവിടെയും കയറിവരാം. കിടക്കുന്നിടത്തുവന്ന്‌ പുതപ്പു വലിച്ചുപൊക്കലാണ്‌ പ്രധാന ഹോബികളൊന്ന്‌്‌. (ആണോ പെണ്ണോ അതൊന്നുമറിയില്ല കേട്ടോ).
'ഈ കാക്കേക്കൊണ്ട്‌ തോറ്റു' എന്നു പറഞ്ഞാണ്‌ പലദിവസങ്ങളിലും മുതിര്‍ന്നവരും ഞങ്ങളുമുണര്‍ന്നിരുന്നുത്‌. ഞങ്ങള്‍ കുട്ടികള്‍ എഴുന്നേറ്റാലേ അടുത്ത കുസൃതി ഒപ്പിക്കാന്‍ പറ്റൂ. നേരെ ഇളയ അനിയത്തിയെ കാക്കയ്‌ക്ക്‌്‌്‌്‌ കണ്ണിനു നേരെ കണ്ടുകൂടാ...അവളാണെങ്കില്‍ അടങ്ങിയിരിക്കുന്ന പ്രകൃതക്കാരിയുമായിരുന്നില്ല. കാക്കയെ കൊഞ്ഞനം കുത്തിക്കാണിക്കും. കാക്ക അവളെ വീടിനു ചുറ്റും ഓടിക്കും. അവളെന്തു കഴിക്കുന്നോ അതു കാക്കയ്‌ക്കുവേണം. പലപ്പോഴും കാക്ക തട്ടിയെടുക്കും. അവള്‍ ഉറക്കെക്കരയും. കാക്കക്കും അവള്‍ക്കുമിടയിലെ വഴക്കുതീര്‍ക്കാന്‍ മുതിര്‍ന്നവര്‍ മത്സരിക്കും.
കാക്കയ്‌ക്കുണ്ടോ മനസ്സിലാവുന്നു? അവള്‍ക്കുണ്ടോ മനസ്സിലാവുന്നു?
'ഹമീദേ നീ നിന്റെ കാക്കേ എവിടേങ്കിലും കൊണ്ടുക്കളയുന്നുണ്ടോ?'എന്നാവും പിന്നെ എല്ലാവരുടെയും വര്‍ത്താനം.
എന്തു സഹിക്കാം. കാക്ക തൂറുന്നത്‌ അലക്കിവിരിച്ച വെള്ളമുണ്ടിലാവും. ഉറങ്ങുന്നതോ? അതും അയയില്‍ ഇട്ടിരിക്കുന്ന സാരിയിലോ മുണ്ടിലോ...
അമ്മച്ചിയാണ്‌ ഏറ്റവും ബുദ്ധിമുട്ടുന്നത്‌. തുണി പിന്നെയും കഴുകണം. മാനുവിനെ കാക്ക ഓടിക്കുന്നുണ്ടോ എന്നു നോക്കണം. ഞങ്ങള്‍ക്ക്‌ കഴിക്കാനെന്തെങ്കിലും തന്നാല്‍ തിന്നു തീരുംവരെ കാവലിരിക്കണം......

അങ്ങനെയിരിക്കെയാണ്‌ അമ്മായിക്ക്‌ ഒരു മകന്‍കൂടി ജനിക്കുന്നത്‌. മുപ്പതോ നാല്‌പതോ ദിവസമായിട്ടേയുള്ളു. അവനെ കുളിപ്പിച്ച്‌ കിടത്തിയിട്ട്‌ ഒന്നു കണ്ണു തെറ്റിയ തക്കത്തിന്‌ 'ഇതെന്തു സാധനം' എന്ന മട്ടില്‍ കാക്ക അവന്റെ കണ്ണില്‍ ഒറ്റക്കൊത്ത്‌. ഭാഗ്യം അല്ലാതെന്തുപറയാന്‍. ..അതു പുരികത്തില്‍ തട്ടിപ്പോയി..
എല്ലാംകൊണ്ടും അമ്മച്ചി കാക്കയേ കൊണ്ട്‌ തോറ്റുതൊപ്പിയിട്ടിരിക്കുന്ന സമയം. തേങ്ങയരച്ചോട്ടു നില്‌ക്കുമ്പോഴാണ്‌ അരപ്പുകൊത്താന്‍ കാക്ക വന്നത്‌. അമ്മച്ചി കലികേറി എടുത്തത്‌ ഒരു വിറകിന്‍ കഷ്‌ണമായിരുന്നു. ഒന്നു കൊടുത്തു...
അതില്‍ പിന്നെ, കാക്കയ്‌ക്ക്‌ ഇടക്ക്‌ തലചുറ്റല്‍ വന്നുകൊണ്ടിരിന്നു. അയയില്‍ നിന്നും പ്ലാവിന്‍കൊമ്പില്‍ നിന്നുമൊക്കെ താഴെ വീഴും. കുറച്ചു കഴിഞ്ഞാല്‍ എഴുന്നേല്‍ക്കുകയും ചെയ്യും.
കാക്കയ്‌ക്ക്‌ തലചുറ്റാല്‍ വരാന്‍ കാരണം അമ്മച്ചിയാണല്ലോ എന്ന സങ്കടം ഞങ്ങള്‍ക്കെപ്പോഴുമുണ്ടായിരുന്നു.

'കാക്കേ കാക്കേ കൂടെവിടെ?' എന്നു ഞങ്ങള്‍ക്ക്‌ ചോദിക്കേണ്ടി വന്നിട്ടില്ല. ഞങ്ങടേം കാക്കയുടേയും വീടൊന്നായിരുന്നല്ലോ! പറമ്പിലെ മരങ്ങളില്‍ പറന്നു നടന്നിരുന്നെങ്കിലും അതിന്‌ ഒരു കൂട്ടുകാരി/ കൂട്ടുകാരനില്ലായിരുന്നു. സാധാരണ കാക്കകളൊന്നും അതിനെ കൂടെ കൂട്ടിയുമില്ല്‌. രണ്ടുമൂന്നുകൊല്ലം ഞങ്ങള്‍ക്കൊപ്പംമാത്രം അതു വളര്‍ന്നു.
ഒരു വൈകുന്നേരം മുറ്റത്തിനു താഴെയുള്ള തെങ്ങിന്‍ തലപ്പിലിരിക്കുന്നതു കണ്ടതാണ്‌. സന്ധ്യക്ക്‌ വന്നില്ല. അന്നു ഇടിയും മിന്നലും മഴയുമായിരുന്നു. നേരം വെളുത്തിട്ടും കാക്കയെ കണ്ടില്ല.
തലേന്ന്‌ അത്‌ ഇരുന്ന തെങ്ങിന്‍ ചുവട്ടില്‍ പോയി നോക്കി. ഇല്ല.
തെങ്ങിനപ്പുറം മൂന്നുകോല്‍ കുഴിച്ച്‌ പിന്നെ പാറകണ്ടപ്പോള്‍ ഉപേക്ഷിച്ച കിണറ്റില്‍ നോക്കി. വലിയ മഴ വരുന്ന ദിവസങ്ങളില്‍, അന്നെങ്കിലും ഞങ്ങടെ കിണറ്റില്‍ വെള്ളമുണ്ടാവുമോ എന്നറിയാന്‍ പോയി നോക്കാറാണ്ടായിരുന്നു. ഇത്തിരി നേരത്തേക്ക്‌ വെള്ളമുണ്ടാവുകയും പിന്നീടത്‌ എങ്ങോട്ടോ വറ്റിപ്പോവുകയുമാണ്‌ ചെയ്യാറ്‌.
തലേന്നത്തെ മഴയില്‍ വെള്ളമുണ്ടാവുകയും പിന്നെയത്‌ വറ്റുകയും ചെയ്‌ത കിണറിന്റെ ഒരു മൂലക്ക്‌ ചിറകു രണ്ടും വിരിച്ച്‌ തലയല്‍പം ചെരിച്ച്‌......മഴയില്‍ തലകറങ്ങി വീണതാവണം.....