Thursday, April 7, 2011

മുസ്തഫയുടെ വീട്ടിലേക്ക് സ്വാഗതം

പ്രിയപ്പെട്ട കൂട്ടുകാരെ,

നമ്മള്‍ വാങ്ങിക്കൊടുത്ത സ്ഥലത്തേക്ക്, നമ്മുടെ സഹായത്താല്‍ പണിത വീട്ടിലേക്ക് മുസ്തഫ താമസം മാറുകയാണ് ഏപ്രില്‍ 17 ന്. ഇത് നമ്മുടെ സന്തോഷമാണ്. നമ്മള്‍ ബൂലോകവാസികളുടെ സന്തോഷം.
കൃത്യമായി പറഞ്ഞാല്‍ രണ്ടുവര്‍ഷം മുമ്പാണ് മുസ്തഫയുടെ വീടിനുവേണ്ടി തുടക്കം കുറിച്ചത്.

മരത്തില്‍ നിന്ന് വീണ് നട്ടെല്ലിന് ക്ഷതം പറ്റി, അരക്കു താഴെ ചലനമില്ലാതെ കിടപ്പിലായിപ്പോയ മുസ്തഫക്ക് വായന മാത്രമായിരുന്നു ആശ്വാസം. ഞാനെഴുതിയ ചന്ദനഗ്രാമം എന്ന പുസ്തകം വായിച്ചശേഷം, ഇപ്പോള്‍ പുസ്തകം വാങ്ങാന്‍ മാര്‍ഗ്ഗമില്ലാത്തതുകൊണ്ട്, വേറെ പുസ്തകം വല്ലതുമുണ്ടെങ്കില്‍ അയച്ചു കൊടുക്കാന്‍ മാത്രമേ മുസ്തഫ എഴുതിയുള്ളു. അരിവാങ്ങാന്‍ മുസ്തഫക്ക് പണമില്ല. മരുന്നു വാങ്ങാന്‍ മാര്‍ഗ്ഗമില്ല. ജീവിയ്ക്കാന്‍ ഒരു ഗതിയുമില്ല. അതൊന്നും മുസ്തഫ എഴുതിയില്ല. സത്യത്തില്‍ അതൊക്കെയാണ് മുസ്തഫയ്ക്കുള്ള യഥാര്‍ഥ ഇല്ലായ്മകള്‍. അരിയും മരുന്നും മാത്രമല്ല, തല ചായ്ക്കാന്‍ മണ്ണില്‍ സ്വന്തമായി ഒരിടവുമില്ലാത്തവനുമായിരുന്നു മുസ്തഫ.


മുസ്തഫയ്‌ക്കൊരു പുസ്തകമെന്നേ അന്നു കരുതിയിരുന്നുള്ളൂ.
പക്ഷേ, പുസത്കത്തില്‍ തുടങ്ങിയ കാര്യങ്ങള്‍ എത്ര പെട്ടെന്നാണ് വീട്ടിലേക്കെത്തിയത്. ആദ്യം നിരക്ഷരനും മുരളികയും മുസ്തഫയെ നേരിട്ട് കണ്ടു. പിന്നെ മൂന്നൂരാനും ഞാനും. പലരും മുസ്തഫയെ വിളിച്ച് സംസാരിച്ചു. പുസ്തകത്തിനൊപ്പം പലരും ധനസഹായവുമായി എത്തി. ബൂലോകകാരുണ്യം ആവശ്യപ്പെട്ടതനുസരിച്ചാണ് സുലൈഖയുടെയും എന്റെയും പേരില്‍ കാലിക്കറ്റ് കോ ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്കില്‍ ജോയിന്റ് അക്കൗണ്ട് എടുത്തത്.
ചെറിയ ചെറിയ സഹായങ്ങള്‍ വന്നു കൊണ്ടിരുന്നപ്പോള്‍, പിന്നെയത് വീടെന്ന സ്വപ്‌നത്തിലേക്കെത്തി.
ആരും ആവശ്യപ്പെട്ടിട്ടൊന്നുമായിരുന്നില്ല ബൂലോകവാസികള്‍ സാമ്പത്തികമായി സഹായിക്കാമെന്നേറ്റത്. വീടും സഥ്‌ലവും ഉണ്ടാവുമെന്നൊന്നും പ്രതീക്ഷിക്കാതെയാണ് ഞാനതുവരെ കാണുകയോ സംസാരിക്കുകയോ ചെയതിട്ടി്ല്ലാത്ത സുഹൃത്തുക്കളുടെ ഉത്സാഹത്തില്‍ മുസ്തഫയ്‌ക്കൊരു വീട് എന്ന സ്വപ്‌നത്തെക്കുറിച്ച് ചിന്തിക്കുന്നത്. എത്രപെട്ടെന്നായിരുന്നു പ്രതികരണങ്ങള്‍... പിറ്റേന്നുമുതല്‍ മുസ്തഫയുടെ വീടിനുവേണ്ടി തുടങ്ങിയ അക്കൗണ്ടിലേക്ക് ഡ്രാഫ്റ്റ് വരാന്‍ തുടങ്ങി. ഈ സ്വപ്‌നത്തിലേക്ക് എത്തിച്ചേരാനൊക്കുമോ എന്ന് പലപ്പോഴും പേടിച്ചു. മുസ്തഫക്ക് വെറുതേ വേണ്ടാത്ത സ്വപ്‌നം കൊടുക്കണോ എന്ന്. അതുകൊണ്ടു തന്നെ ഇടയ്ക്കിടക്ക് മുസ്തഫയെ വിളിച്ചു പറയും ഇത് വെറും ശ്രമമാണ്. പരമാവധി ശ്രമിച്ചു നോക്കാം എന്ന്.
മ അപ്പോഴൊക്കെ നിരക്ഷരനെന്ന മനോജ് രവീന്ദ്രനും മുന്നൂറാനെന്ന പി ടി മുഹമ്മദ് സാദിക്കും എനിക്കു ധൈര്യം തന്നു. അവര്‍ എനിക്കൊപ്പം എപ്പോഴും നിന്നു. നിര്‍ണ്ണായകമായ പല തീരുമാനമെടുക്കുന്നതിനും സഹായിക്കുന്നതിനും....


പുളിക്കലില്‍ ഇരിക്കുന്ന മുസ്തഫ പലപ്പോഴും കിടക്കപ്പുണ്ണുവന്ന് ആശുപത്രിയിലായിരുന്നു . ഞാന്‍ കോഴിക്കോട്ട്. ബൂലോകസുഹൃത്തുക്കള്‍ ലോകത്തിന്റെ പലകോണില്‍...

നമ്മുടെ ബ്ലോഗേഴ്‌സ് ഒററക്കും കൂട്ടായും സഹായിച്ചു. കൂടാതെ ഗള്‍ഫ്ില്‍ മാധ്യമത്തിലും മലയാളം ന്യൂസിലും കൊടുത്ത വാര്‍ത്ത കണ്ട് ഒരുപാടുപേര്‍ സഹായിച്ചു. വലുതും ചെറുതുമായ സഹായങ്ങള്‍. ഇങ്ങനെ കിട്ടിയതില്‍ നല്ലൊരു പങ്കും ഗള്‍ഫ് നാടുകളില്‍ നിന്നായിരുന്നു എന്ന് മാത്രമല്ല വളരെ കുറഞ്ഞ വേതനത്തിന് അവിടെ ജോലി ചെയ്യുന്ന നല്ലൊരു കൂട്ടം മലയാളികളാണ് വളരെ ചെറിയ ചെറിയ തുകകള്‍ സ്വരുക്കൂട്ടി അയച്ചുതരുന്നതില്‍ മുന്നില്‍ നിന്നത്.

മുസ്തഫക്കൊരു പുസ്തകം എന്ന പോസ്റ്റും മൂന്നൂരാന്‍ എഴുതിയ 'ബ്ലോഗെഴുത്ത് വെറുമെഴുത്തല്ല' എന്ന പോസ്റ്റും മാതൃഭൂമി ബ്ലോഗനയില്‍ വരുകയുണ്ടായി.
ബ്ലോഗനയില്‍ കണ്ടതുകൊണ്ടുമാത്രമാണ് ഹാരൂണ്‍ സാഹിബിനെ പരിചപ്പെടാനിടയായത്. മുസ്തഫ കിടപ്പിലായിരുന്നതുകൊണ്ട് കിടക്കപ്പുണ്ണുവന്ന് തിരിയാന്‍ പോലുമാകാത്ത അവസ്ഥയിലായിരുന്നു. കോഴിക്കോട് ഇഖ്‌റ ഹോസ്പിററലില്‍ ഓപ്പറേഷനും ചികിത്സക്കും വേണ്ടി ഒന്നരമാസത്തോളം മുസ്തഫ കിടന്നു. ഹാരൂണ്‍ സാഹിബിന്റെ സഹായത്തിലാണ് അതു സാധിച്ചത്.


മുസ്തഫയ്ക്ക് ഒരു സ്ഥലം കണ്ടുപിടിക്കുന്നതിനുവേണ്ടി പെയ്ന്‍ & പാലിയേറ്റീവിനെ ഇടപെടുവിച്ചുകൊണ്ട് ജനകീയ സമിതി രൂപീകരിച്ചു. പെയ്ന്‍ & പാലീയേറ്റീവിലെ അഷ്‌റഫ് സാറും അഫ്‌സലും ചേര്‍ന്ന് സ്ഥലം കണ്ടെത്തി. പുളിക്കലില്‍ തന്നെ...ദൂരത്തൊക്കെ വിലകുറച്ച് സ്ഥലം കിട്ടുമായിരുന്നു. പക്ഷേ, ദൂരത്തെവിടെയെങ്കിലും സ്ഥലം വാങ്ങിയിട്ട് വയ്യാത്ത മുസ്തഫയ്ക്ക് എന്തുചെയ്യാന്‍..പെയ്ന്‍ & പാലീയേറ്റീവ് ക്ലിനിക്കിനടത്തു തന്നെ വേണമായിരുന്നു. വാഹനം ചെന്നെത്തുന്ന, കറണ്ടും വെള്ളവുമൊക്കെയുള്ള അഞ്ചേമുക്കാല്‍ സെന്റ് സ്ഥലം. വീടില്ല. തറയുണ്ട്. നമ്മുടെ ടാര്‍ജറ്റിനേക്കാള്‍ അപ്പുറത്തെത്തുന്ന വില. നാലേകാല്‍ ലക്ഷം രൂപ. അപ്പോഴും ബൂലോകര്‍ സഹായിക്കാനെത്തി. ചിലരുടേതൊക്കെ രണ്ടാമത്തെയോ മൂന്നാമത്തെയോ സഹായമായിരുന്നു.
. പല ബ്ലോഗുകളിലും, അമൃത ടി വി, കള്‍ച്ചറല്‍ & ബാങ്കിംഗ് സോളിഡാരിറ്റി മാസിക, കോഴിക്കോട് ജില്ലാസഹകരണബാങ്കിന്റെ അകത്തളം മാസിക,കോഴിക്കോട് ബാങ്ക്‌മെന്‍സ് ക്ലബ്ബ് ബുളളറ്റിന്‍ ,, സഹയാത്ര , നാട്ടുപച്ച, മാസികകളില്‍ മുസ്തഫയെക്കുറിച്ചു വന്നു. ( ഏതെങ്കിലും വിട്ടുപോയോ എന്തോ? ക്ഷമിക്കുക, ഓര്‍മിപ്പിക്കുക)

അമേരിക്കയിലെ FOMAA എന്ന സംഘടന വീടിനു സഹായിക്കാന്‍ തയ്യാറായി...ഫോമയിലെ അനിയന്‍ ജോര്‍ജ്, ജോണ്‍ ടൈറ്റസ്, റീനി മമ്പലം എന്നിവരെ പ്രത്യേകമോര്‍ക്കുന്നു. പബ്ലിക് റിലേഷന്‍ വകുപ്പിലെ രാജ്‌മോഹന്റെ സഹായത്തില്‍, പുളിക്കല്‍ പഞ്ചായത്തിന്റെ സഹായത്തില്‍..അങ്ങനെ അങ്ങനെ ചെറുതും വലുതുമായ ഒരുപാടൊരുപാടു സഹായങ്ങളിലൂടെ മുസ്തഫയുടെ വീടെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമായിരിക്കുന്നു. പെയ്ന്‍ ക്ഷ പാലിയേററീവ് പ്രവര്‍ത്തകര്‍ തന്നെയായിരുന്നു വീടുപണിയുടെ മേല്‍നോട്ടം. പലപ്പോഴും മണല്‍ക്ഷാമവും പണിക്കാരുടെ ക്ഷാമവും കൊണ്ട് പണി നീണ്ടുപോയി...കാലതാമസം വന്നതൊന്നും ഒരു കാര്യമാണെന്നു തോന്നുന്നില്ല. അത് മനപ്പൂര്‍വ്വമായിരുന്നില്ല.

സാമ്പത്തികമായി സഹായിച്ചവര്‍, മാനസീകമായി പിന്തുണച്ചവര്‍ , പുസ്തകങ്ങള്‍ അയച്ചുകൊടുത്തവര്‍, ...അങ്ങനെ എത്രയെത്രപേരാണ്. പേരെടുത്തു പറയാത്തതില്‍ ക്ഷമിക്കുക. ചിലപ്പോള്‍ പേരുകള്‍ വിട്ടുപോയെന്നു വരും. (മുന്‍പോസ്റ്റ കമന്റുകളിലുണ്ട്) .
മിക്ക പത്രമാധ്യമങ്ങളിലും വന്നതുകൊണ്ട് അങ്ങനെയും സഹായമെത്തിയിട്ടുണ്ട്. പല സുഹൃത്തുക്കളും പരിചയക്കാരും സഹായിക്കാമെന്നു പറഞ്ഞിരുന്നു. നമ്മള്‍ ലക്ഷ്യത്തിലെത്തിയതുകൊണ്ട് അവരോടൊക്കെ പിന്നീടൊരവസരം തരാം എന്നു പറഞ്ഞിട്ടുണ്ട്.

വീടിനുവേണ്ടി തുടങ്ങിയ അക്കൗണ്ടിലേക്ക്‌ ഇതുവരെ 543008 രുപ ലഭിച്ചിട്ടുണ്ട്‌. (FOMAA യുടെ ഒരുലക്ഷം ഉള്‍പ്പെടെ) ഇപ്പോഴും ചെറിയ തുകയുടെ ഡ്രാഫ്‌റ്റുകള്‍ കിട്ടാറുണ്ട്‌. ആരാണ്‌ അയയ്‌ക്കുന്നതാ എന്നറിയില്ല. ഇങ്ങനെ നമുക്കോ മുസ്‌തഫയ്‌ക്കോ അറിയാത്ത ചിലര്‍ അരിയും സാധനങ്ങളുമായി ചെന്നിട്ടുണ്ട്‌. ആ അജ്ഞാത സുഹൃത്തുക്കള്‍ക്ക്‌്‌ നന്ദി..

സ്ഥലത്തിന്‌ വേണ്ടിവന്ന 425000യ- രൂപയില്‍ 375000 രുപയാണ്‌ നമ്മള്‍ കൊടുത്തത്‌. 50000യ- സാദിക്കിന്റെ പരിചയത്തിലുള്ള ഒരാള്‍ പെയ്‌ന്‍ & പാലിയേറ്റീവ്‌ ക്ലിനിക്കില്‍ നേരിട്ടേല്‌പിക്കുകയായിരുന്നു. പെയ്‌ന്‍ & പാലിയേറ്റീവ്‌ യൂണിറ്റ്‌ കുടനിര്‍മ്മാണത്തിലും സോപ്പു നിര്‍മ്മാണത്തിലും മുസ്‌തഫയ്‌ക്ക്‌ പരിശീലനം നല്‌കിയിരുന്നു. സോപ്പു നിര്‍മ്മാണത്തിനാവ്‌ശ്യമായ ഉപകരണങ്ങള്‍ വാങ്ങുന്നതിനു വേണ്ടി 15000 രൂപ നല്‌കിയിട്ടുണ്ട്‌. വീടു നിര്‍മ്മാണത്തിലേക്കായി FOMAA നല്‌കിയ പണമടക്കം 125000 രൂപ നല്‌കി. ( ഒരിക്കല്‍ ചെക്ക്‌ കളക്ഷന# ചാര്‍ജ്‌ 105 രൂപ) വീടുപണി കഴിഞ്ഞശേഷം അക്കൗണ്ടില്‍ ബാക്കിയുണ്ടായിരുന്ന 27903 /- രൂപയില്‍ 25000/- രൂപ സ്ഥിരനിക്ഷേപമിട്ടിട്ടുണ്ട്‌. FD Receipt 17 ന്‌ മുസ്‌തഫയ്‌ക്ക്‌ കൈമാറുന്നതാണ്‌.

എനിക്കറിഞ്ഞുകൂടാ...എങ്ങനെയാ, ആര്‍ക്കൊക്കെയാ നന്ദി പറയേണ്ടതെന്ന്..അതിന് ഏതു വാക്കാണ് വേണ്ടതെന്ന്...വാക്കിനുവേണ്ടി തപസ്സിരിക്കേണ്ടി വരുന്നു. ഭാഷയുടെ പരിമിതിയോര്‍ത്ത് ദുഖിക്കുന്നു.

ഇന്‍രര്‍നെറ്റുമായി ജീവിക്കുന്ന യുവത്വത്തിന് മനഷ്യത്വമോ കാരുണ്യമോ ഇല്ലെന്നാണ് പൊതുസമൂഹത്തിന്റെ കാഴ്ചപ്പാട്. അതുകേള്‍ക്കുമ്പോള്‍ വല്ലാതെ വിഷമം തോന്നാറുണ്ട്. അങ്ങനെ പറയുന്നവര്‍ക്കു മുന്നില്‍ ഇനിമുതല്‍ മുസ്തഫയുടെ വീടുണ്ട്. അതുപോലെ നമ്മുടെ കുഞ്ഞുകുഞ്ഞു സാഹായങ്ങളെത്തിയ പലതുമുണ്ട്.
മുസ്തഫയെപ്പോലെ അല്ലെങ്കില്‍ ഇതിലും വലിയ പ്രയാസത്തിലുള്ളവര്‍ വേറെയുമുണ്ടാവാം. പക്ഷേ നമ്മുടെ മുന്നില്‍ അപ്പോള്‍ മുസ്തഫയാണുണ്ടായിരുന്നത്. ...


ജാതിയോ മതമോ കൊടിയുടെ നിറമോ ഒന്നും നോക്കാതെ സഹജീവി എന്ന നിലയില്‍ മാത്രമായിരുന്നു നമ്മള്‍ മുസ്തഫയെ കണ്ടത്. ഈ രണ്ട് വര്‍ഷത്തെ ഇടപെടലുകളില്‍ നിന്ന് എനിക്കൊ രുപാട് പാഠങ്ങള്‍ കിട്ടിയിട്ട്. ഒരുപാട് നല്ല സുഹത്തുക്കളെ കിട്ടിയിട്ടുണ്ട്. ഇതൊക്കെ ഇതിനിയും നിലനില്ക്കണം എന്നാഗ്രഹമുണ്ട്. ഇനിയും നമുക്കിതുപോലെ കൊച്ചുകൊച്ചു കാര്യങ്ങള്‍ ഒരുമിച്ചു ചെയ്യാനുണ്ട്. അത് എന്തൊക്കെ, ഏതൊക്കെ പതുക്കെ എന്നാലോചിക്കാം.

ഈ 17 ന് പുളിക്കലില്‍ മുസ്തഫയുടെ വീട്ടിലേക്ക് എല്ലാവരെയും സന്തോഷത്തോടെ, അതിലേറെ അഭിമാനത്തോടെ സ്വാഗതം ചെയ്യുന്നു.