Monday, February 19, 2007

അവതാരികയില്‍ നിന്ന്‌......


വിവിധ ചികിത്സാ സമ്പ്രദായങ്ങള്‍ തമ്മിലുള്ള മത്സരങ്ങളും സ്‌പര്‍ദ്ധകളുമല്ല അടിസ്ഥാനപരമായി മനുഷ്യജീവന്റെ രക്ഷയാണ്‌ ഇന്നിന്റെ ആവശ്യമെന്ന സന്ദേശമാണ്‌ ഈ പഠനം നമുക്കു തരുന്നത്‌ - ഡോ.ഖദീജ മുംതാസ്‌



അലോപ്പതിയാണ്‌ കര്‍മ്മരംഗമെങ്കിലും, ഒരു സ്‌ത്രീരോഗചികിത്സകയായ എനിക്ക്‌ പാമ്പുവിഷചികിത്സ തികച്ചും ഒരു ദൂരക്കാഴ്‌ച മാത്രം. ഹൗസ്‌സര്‍ജ്ജന്‍സി പീരിഡില്‍പോലും, മൈന കടപ്പാടെടുത്തു പറയുന്ന ഡോ. നീലിമയെപ്പോലെ, പാമ്പുവിഷബാധയേറ്റ രോഗികളുടെ ചികിത്സയില്‍ പങ്കാളിയായ വലിയ അനുഭവങ്ങളൊന്നും എന്റെ ഓര്‍മ്മയിലില്ല. വര്‍ഷങ്ങള്‍ക്കുമുമ്പ്‌, പരീക്ഷക്ക്‌വേണ്ടി മെഡിസിന്‍ ടെക്‌സ്റ്റുബുക്കുകളില്‍ നിന്ന്‌ വായിച്ചുപഠിച്ച വിഷപാമ്പുകളെപ്പറ്റയും, അവയുടെ വിഷത്തിന്റെ പ്രവര്‍ത്തന രീതികളെപ്പറ്റിയും ഒക്കെയുള്ള പാഠങ്ങളുടെ ഒരു പുനര്‍വായന തന്നെയായിരുന്നു വാസ്‌തവത്തില്‍ എനിക്ക്‌ മൈന ഉമൈബാന്റെ പഠനം. പാരമ്പര്യ വിഷചികിത്സകള്‍ കോഴികളെ വിഷമിറക്കാന്‍ ഉപയോഗിക്കുന്നതിന്റെ നിറംപിഠിപ്പച്ച കഥകള്‍ പത്രത്താളുകളിലും അപൂര്‍വ്വ സാഹിത്യരചനകളിലും കണ്ടിട്ടുണ്ട്‌. ആയുര്‍വേദത്തില്‍ പാമ്പുവിഷത്തിന്‌ ഉചിതമായ പ്രതിവിധികള്‍ ഉണ്ടാകാതിരിക്കില്ല എന്നൊരു ബോധവും മനസ്സിലുണ്ട്‌. കാരണം, നൂറ്റാണ്ടുകളായി ഭാരതീയരുടെ ആരോഗ്യ സംരക്ഷണത്തിന്റെ പ്രധാന കാവല്‍ക്കാര്‍ അവര്‍ തന്നെയായിരുന്നല്ലോ. -ഡോ.ഖദീജ മുംതാസ്‌

വിഷചികിത്സ പുസ്‌തകം


ഒലിവ്‌ പബ്ലേക്കേഷന്‍ എന്റെ ആദ്യ പുസ്‌തകം പുറത്തിറക്കുന്നു. വിഷചികിത്സയില്‍ മിശ്രചികിത്സ എങ്ങനെ ഫലവത്താക്കാം എന്ന അന്വേഷണമാണ്‌ ഈ പുസ്‌തകം.

ആമുഖം

മൂന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ എന്റെ ഒരു സഹപാഠി പാമ്പുകടിയേറ്റു മരിച്ചിരുന്നു. അന്ന്‌ ഞങ്ങളെ സ്‌കൂളില്‍ നിന്ന്‌ അവനെ കാണാന്‍ കൊണ്ടുപോയി. വിളര്‍ത്തു മഞ്ഞളിച്ച അവന്റെ മുഖം ഇന്നും മനസ്സില്‍ മായാതെ നില്‍ക്കുന്നു. എന്നാല്‍, ആറാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ്‌ വിഷചികിത്സ പഠിക്കണമെന്ന മോഹം എനിക്കുണ്ടായത്‌. മറയൂരില്‍, അമ്മയുടെ ജോലിസ്ഥലത്തായിരുന്നു ഞങ്ങള്‍ പഠിച്ചിരുന്നത്‌. ആ ക്രിസ്‌തുമസ്‌ അവധിക്കാലത്ത്‌ ദേവിയാറില്‍ മുത്തശ്ശന്റെ അടുത്തെത്തിയപ്പോള്‍ എനിക്കു കാണാനായത്‌, പാമ്പു കടിച്ച ഒരു കുട്ടിയെ അദ്ദേഹം ചികിത്സിക്കുന്നതാണ്‌. അപ്പോള്‍ മുതല്‍ വിഷചികിത്സ പഠിക്കണമെന്ന്‌ പറഞ്ഞ്‌ ഞാന്‍ 'മുറക്കുന്നത്ത' എന്നു വിളിക്കുന്ന മുത്തശ്ശന്റെ പുറകെ കൂടി. ശല്യം സഹിക്കാതെ വന്നപ്പോള്‍ 'പത്താം ക്ലാസു കഴിയട്ടെ' എന്നൊരു വാക്കു തരികയായിരുന്നു.ചികിത്സാ രഹസ്യം കൈമാറാന്‍ ഒട്ടും തല്‌പരനായിരുന്നില്ല അദ്ദേഹം. അലോപ്പതിയുടെ ഉയര്‍ച്ചയും ആയുര്‍വേദത്തോടുള്ള ജനങ്ങളുടെ അകല്‍ച്ചയുമായിരുന്നു പ്രധാനകാരണം. 'നേരെ ചൊവ്വേ കൊണ്ടു നടക്കുന്നവര്‍ക്കേ കൈമാറൂ' എന്ന ശാഠ്യവുമുണ്ടായിരുന്നു. എന്തായാലും എട്ടാം ക്ലാസ്സുമുതല്‍ ഞാന്‍ അത്തായോടൊപ്പം ചികിത്സയില്‍ സഹായിയായി.

സ്വന്തമായി ചികിത്സിക്കാന്‍ തുടങ്ങിയപ്പോഴാണ്‌ പഠിച്ചതൊന്നും ഒന്നുമല്ല എന്നും ഓരോ രോഗിയിലും എന്തെങ്കിലും പുതുതായി പഠിക്കാനുണ്ടാവും എന്നും മനസ്സിലായത്‌. അതുവരെ ചെയ്‌തുവന്ന ആയുര്‍വേദത്തിന്റെ അപര്യാപ്‌തത ബോദ്ധ്യപ്പെട്ടപ്പോഴാണ്‌ മറ്റു ചികിത്സാ രീതികളില്‍ എന്തു ചെയ്യുന്നു എന്നറിയാന്‍ ശ്രമിച്ചത്‌. പ്രാണരക്ഷ തേടുന്ന ഒരു രോഗിക്ക്‌ അനുയോജ്യമായ ചികിത്സാ രീതി ഏതെന്ന അന്വേഷണമായിരുന്നു പിന്നീട്‌.
കോഴിക്കോട്‌ ഐ.സി.ജെയില്‍ ജേണലിസത്തിനു പഠിക്കുമ്പോള്‍ ഏതെങ്കിലും ഒരു വിഷയത്തില്‍ പ്രബന്ധം തയ്യാറാക്കണമെന്നറിഞ്ഞപ്പോള്‍ ഈ വിഷയം മാത്രമായിരുന്നു മനസ്സില്‍.

ആയുര്‍വേദം, അലോപ്പതി, ഹോമിയോ, കല്ലു ചികിത്സ തുടങ്ങിയവയാണ്‌ നമ്മുടെ നാട്ടിലുള്ള ചികിത്സകള്‍. ആധുനിക ചികിത്സയില്‍ ആന്റിവെനം കുത്തിവെയ്‌ക്കുകയാണ്‌ ചെയ്യുന്നത്‌. പക്ഷേ, പലപ്പോഴും ഇത്‌ വേണ്ടത്ര ഗുണം ചെയ്യുന്നില്ല. ആയുര്‍വേദത്തില്‍ രോഗലക്ഷണങ്ങള്‍, വിഷം ശരീരത്തില്‍ ഏതുതോതില്‍ ബാധിച്ചിട്ടുണ്ട്‌ തുടങ്ങിയ വിവരങ്ങള്‍ വിദഗ്‌ദ്ധനായ ഭിഷഗ്വരന്‌ മനസ്സിലാക്കാവുന്നതേയുള്ളു. എന്നാല്‍ പൂര്‍ണ്ണമായ ശാസ്‌ത്രവിവരം അറിയാത്ത ധാരാളം പേര്‍ ഈ രംഗത്ത്‌ പ്രവര്‍ത്തിക്കുന്നത്‌ ആയുര്‍വേദത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്‌. കാലദേശങ്ങള്‍ക്കനുസൃതമായി ഔഷധങ്ങള്‍ പരിഷ്‌കരിക്കാത്തതും വലിയൊരു പ്രശ്‌നമാണ്‌.ഹോമിയോ ചികിത്സയില്‍ ഫലപ്രദമായ മരുന്നുകളുണ്ടെങ്കിലും പ്രയോഗിച്ചുനോക്കുവാന്‍ ആരും ശ്രമിക്കുന്നില്ല. അതുകൊണ്ട്‌ വിഷചികിത്സയില്‍ ഹോമിയോപ്പതിക്കുള്ള പ്രായോഗികത വിലയിരുത്തുവാനുമാവില്ല. ഓരോ ചികിത്സയിലും അതിന്റേതായ നേട്ടങ്ങളും കോട്ടങ്ങളുമുണ്ട്‌. ഈ സാഹചര്യത്തിലാണ്‌ മിശ്ര ചികിത്സയുടെ പ്രസക്തിയും.

രണ്ടോ, അതിലധികമോ ചികിത്സാരീതികളെ (അവയുടെ ഗുണഫലങ്ങള്‍) യോജിപ്പിച്ച്‌ ചെയ്യുന്ന ചികിത്സയെയാണ്‌ 'മിശ്ര ചികിത്സ' അഥവാ 'സമ്മിശ്ര ചികിത്സ' എന്നുദ്ദേശിക്കുന്നത്‌. ആധുനീക ചികിത്സകളെ അപേക്ഷിച്ച്‌ കൂടുതല്‍ ഫലപ്രദമാണ്‌ മിശ്ര ചികിത്സയെന്ന്‌ ഇതിന്റെ വക്താക്കള്‍ പറയുന്നു.മിശ്ര ചികിത്സയുടെ സാദ്ധ്യതകള്‍ വിലയിരുത്തുന്നതിനുള്ള ചെറിയൊരു ശ്രമമാണ്‌ ഈ പഠനം. ഈ വിഷയത്തിലെത്തണമെങ്കില്‍ പാമ്പുകള്‍, പൊതുസ്വഭാവങ്ങള്‍, പാമ്പുകടിക്കാനുള്ള കാരണങ്ങള്‍, വിഷത്തിലെ ചേരുവകള്‍, നിലവിലുള്ള ചികിത്സാരീതികള്‍, പ്രഥമ ശുശ്രൂഷകള്‍ തുടങ്ങിയ വിഷവൈദ്യ ശാസ്‌ത്രത്തിന്റെ അടിസ്ഥാനമേഖലകളെ വിവരിക്കാതെ പറ്റില്ല. മിശ്രചികിത്സയെ സംബന്ധിച്ച്‌ കാര്യമായ ഗവേഷണങ്ങള്‍ നടന്നിട്ടില്ല. ഈ സാഹചര്യത്തില്‍ ഈ വിഷയത്തെക്കുറിച്ചും അടിസ്ഥാനപരമായി വിഷവൈദ്യ ശാസ്‌ത്രത്തെക്കുറിച്ചും പറഞ്ഞു തന്ന എല്ലാവരെയും നന്ദിപൂര്‍വ്വം സ്‌മരിക്കുന്നു.പാപ്പിനിശ്ശേരി വിഷചികിത്സാ കേന്ദ്രത്തിലെ സെക്രട്ടറി എം. രമേശന്‍, ഡോ. എം.കെ. നായിക്‌, കോഴിക്കോട്‌ മെഡിക്കല്‍ കോളേജിലെ ഹൗസ്‌ സര്‍ജന്‍ ഡോ. നീലിമ, കോഴിക്കോട്‌ ഹോമിയോ മെഡിക്കല്‍ കോളേജ്‌ ആശുപത്രി സൂപ്രണ്ട്‌ ഡോ. കെ.ബി. രമേശന്‍, മായനാട്‌ മാര്‍പോള്‍ വിഷചികിത്സാ കേന്ദ്രത്തിലെ വര്‍ഗ്ഗീസ്‌ വൈദ്യര്‍, ഫാദര്‍ വിന്‍സെന്റ്‌ തുടങ്ങി ഒട്ടേറെപ്പേര്‍ നല്‌കിയ സഹായസഹകരണത്തിലാണ്‌ ഇതെഴുതാന്‍ സാധിച്ചത്‌.
കാലിക്കറ്റ്‌ പ്രസ്‌ക്ലബ്ബ്‌ ജേണലിസം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ മുന്‍ ഡയറക്‌ടര്‍ ഇ.പി. ശ്രീനിവാസന്‍, മാതൃഭൂമി സബ്‌ എഡിറ്റര്‍ ജോസഫ്‌ ആന്റണി(
www.kurinjionline.blogspot.com) എന്നിവര്‍ ഈ പുസ്‌തകം തയ്യാറാക്കുമ്പോള്‍ ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്‌.

എടുത്തു പറയേണ്ട മറ്റൊരാള്‍ ഡോ. ഖദീജ മുംതാസ്‌ ആണ്‌. സ്‌ത്രീ രോഗ ചികിത്സകയായ അവര്‍ യാതൊരു മടിയും കൂടാതെയാണ്‌ അവതാരിക എഴുതിത്തന്നത്‌. ഈ പുസ്‌തകം തയ്യാറാക്കുന്നതിന്‌ സഹായിച്ചവരോടുള്ള നന്ദിയും കടപ്പാടും വാക്കുകള്‍ക്കതീതമാണ്‌.

ഒരു ശാസ്‌ത്ര വിഷയമായ വിഷവൈദ്യത്തെ വിശദമാക്കാന്‍ പ്രയാസമുണ്ടെങ്കിലും പരമാവധി ലളിതമാക്കി എഴുതാന്‍ ശ്രമിച്ചിട്ടുണ്ട്‌.

Saturday, February 17, 2007

എട്ടുകാലി, ഉറുമാമ്പുലി, ഊറാമ്പുലി, മണ്ണാച്ചന്‍

എട്ടുകാലി, ഉറുമാമ്പുലി, ഊറാമ്പുലി, മണ്ണാച്ചന്‍ തുടങ്ങി വിവിധ പേരുകളില്‍ ചിലന്തി അറിയപ്പെടുന്നുണ്ട്‌. ഊറാമ്പുലിക്ക്‌ പത്തുകാലുണ്ട്‌. ചിലന്തി എന്ന വര്‍ഗ്ഗത്തില്‍ തന്നെ ഉള്‍പെടുത്തിയിരിക്കുന്നു. വിഷം സമാനമാണ്‌. സന്ധികള്‍ വലിച്ചുകോച്ചുന്നതാണ്‌ മറ്റു ചിലന്തി കടിയില്‍ നിന്നും വ്യത്യസ്‌തമായ വിഷവികാരം. വിസര്‍പ്പം (പൊട്ടിയൊലിക്കല്‍)കുറവായിരിക്കും. കൃത്യമായ ചികിത്സകൊണ്ട്‌ ഏതു ചിലന്തി വിഷവും ശമിക്കുന്നതാണ്‌.

Friday, February 16, 2007

ചിലന്തി വിഷവും ചികിത്സയും



ചിലന്തിവിഷമേറ്റാല്‍ ഉടനെ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെയണമെന്നില്ല.ചിലന്തിവിമാണ്‌ ഏറ്റതെന്നറിയാതെ , മറ്റു ചികിത്സകള്‍ ചെയ്‌ത ശേഷമാണ്‌ പലരും ശരിക്കുള്ള ചികിത്സ തേടുക. ഇത്‌ ചികിത്സ ബുദ്ധിമുട്ടുള്ളതാക്കുന്നു.


ചിലന്തികളെപ്പോലെ വൈവിധ്യമുള്ള ജീവികള്‍ ലോകത്ത്‌ അപൂര്‍വ്വമാണ്‌. പല രൂപത്തിലും വര്‍ണ്ണത്തിലൂം വലിപ്പത്തിലുമായി 34000 ത്തിലേറെ ചിലന്തിവര്‍ഗങ്ങളെ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്‌. ഉഷ്‌ണമേഖലാ മഴക്കാടുകളിലാണ്‌ ചിലന്തികളിലേറെയും കാണപ്പെടുന്നത്‌. വിഷക്കുടുതലുള്ള ചിലന്തികളും ഇവിടെയാണ്‌ കാണപ്പെടുന്നത്‌. ബ്രസീലിയന്‍ ചിലന്തികള്‍ക്കാണ്‌ വിഷം കൂടുതല്‍. എല്ലാ ചിലന്തികല്‍ക്കും വിഷമില്ല. എന്നാല്‍ മരണകാരണമായ വിഷമേല്‌പ്പിക്കാന്‍ കഴിയുന്ന ചില്‌ന്തികളും ഉണ്ട്‌. നമ്മുടെ നാട്ടില്‍ അത്തരം ചിലന്തികളില്ല.


എട്ടുതരത്തില്‍ മനുഷ്യര്‍ക്ക്‌ ചിലന്തിവിഷമേല്‌ക്കാമെന്ന്‌ ചികിത്സാഗ്രന്ഥങ്ങളില്‍ പറയുന്നു. കടി, മാന്തല്‍ എന്നിവകൊണ്ടും ഭക്ഷണ സാധനങ്ങളില്‍ പെട്ടുമാണ്‌ വിഷബാധ അധികമുണ്ടാവുന്നത്‌. ചിലന്തി വിഷമേറ്റാല്‍ ഉടനെ വികാരങ്ങള്‍ ഉണ്ടാവണമെന്നില്ല. വിഷത്തിന്റെ ഏറ്റക്കുറച്ചിലനുസരിച്ച്‌ ഒന്നോ, രണ്ടോ ദിവസം കഴിഞ്ഞാകും ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുക. ചിലന്തി വിഷമേറ്റാല്‍ കടിവായ്‌ വീങ്ങുകയും ചുവക്കുകയും ചെയ്യും. ചുവപ്പോ മഞ്ഞയോ നിറത്തില്‍ നുരവരുന്നതും കാണാം. വാതം, പിത്തം, കഫം, ത്രിദോഷം എന്നിങ്ങനെ നാലുവിധത്തില്‍ വിഷോപദ്രവങ്ങളുണ്ടാവാം. ദേഹം മുഴുവന്‍ വീക്കം, ചൂട്‌, ദാഹം, മോഹാലസ്യം, പനി, കടിവായ്‌ക്കു ചുറ്റും പൊട്ടി നീരൊലിക്കല്‍ തുടങ്ങിയ ലക്ഷണങ്ങള്‍ പിത്തപ്രധാനിയായ ചിലന്തി കടിച്ചാലുണ്ടാകുന്നു. കഫപ്രധാനിയായ ചിലന്തി കടിച്ചാല്‍ കടിവായ്‌ക്ക്‌ കടുപ്പം, വെളുപ്പ്‌, ചുമ, ചൊറിച്ചില്‍, ഇറക്കം തുടങ്ങിയ ലക്ഷണളുണ്ടാവും. വാതപ്രധാനിയുടെ വിഷമേറ്റാല്‍ കടിവായ്‌ പരുപരുത്തും കരിവാളിച്ചുമിരിക്കും. സന്ധികള്‍ക്ക്‌ വേദന, പനി,കോച്ചിവലിക്കല്‍ തുടങ്ങിയവയുണ്ടാവുന്നു. മൂന്നുദോഷവും ചേര്‍ന്നു വരുന്ന വിഷബാധ ചികിത്സിച്ച്‌ ഭേദമാക്കാനാവില്ലെന്നാണ്‌ ആചാര്യമതം.


ചിലന്തിവിമാണ്‌ ഏറ്റതെന്നറിയാതെ , മറ്റു ചികിത്സകള്‍ ചെയ്‌ത ശേഷമാണ്‌ പലരും ശരിക്കുള്ള ചികിത്സ തേടുക. ഇത്‌ ചികിത്സ ബുദ്ധിമുട്ടുള്ളതാക്കുന്നു. കണ്ണീരിലെ പാപ്പിനിശ്ശേരി വിഷ ചികിത്സാ കേന്ദ്രത്തില്‍ പ്രതിവര്‍ഷം ശരാശരി മൂവായിരം പേര്‍ ചിലന്തി വിഷമേറ്റ്‌ വരുന്നുണ്ടെന്ന്‌സെക്രട്ടറി എം. രമേശന്‍ പറയുന്നു. ചൂടുകാലത്താണ്‌ വിഷബാധ കൂടുതലായി ഉണ്ടാകാറുള്ളത്‌.


തുടക്കത്തില്‍ നിസ്സാരമരുന്നുകള്‍കൊണ്ട്‌ മാറാവുന്ന ചിലന്തി വിഷബാധ , സമയത്ത്‌ ചികിത്സിക്കാന്‍ കഴിയാഞ്ഞാല്‍ രൂക്ഷമാവുകയും ആഴ്‌ചകള്‍ നീണ്ട ചികിത്സ വേണ്ടിവരികയും ചെയ്യും. വിഷമേറ്റയാളെയും ചികിത്സകനെയും ഒരുപോലെ ബുദ്ധിമുട്ടിക്കുന്ന സംഗതിയാണിത്‌.


ചിലന്തി കടിച്ചാലുടന്‍ രക്തം ചോര്‍ത്തിക്കളയണം. കടിവായില്‍ മുറുക്കി തുപ്പിയാല്‍ വിഷം ശമിക്കും. തുളസിയിലയും മഞ്ഞളും അരച്ചുപുരട്ടുകയും പാലില്‍ ചേര്‍ത്തു കുടിക്കുകയും ചെയ്യുക. ഓട്ടുപാത്രത്തില്‍ വെറ്റില നീരെടുത്ത്‌ കായം ചാലിച്ചു പുരട്ടിയാല്‍ വീക്കവും പഴുപ്പും വിഷവും കെടും.നറുനീണ്ടിയും നീലയമരിവേരും അരച്ചുകുടിക്കുന്നതും ധാരചെയ്യുന്നതും ഗുണം ചെയ്യും.


വിഷബാധ അധികമായാല്‍ ഒരു വിദഗ്‌ധ ചികത്സകന്റെ നിര്‍ദ്ദേശപ്രകാരം ചികിത്സിക്കണം. ഗൂളൂച്ച്യാദി കഷായം, ലേധ്രാദി ലേഹ്യം, നീലിദളാദി ഘൃതം, മഹാപത്‌മക ഘൃതം എന്നിവ വിഷവും വിസര്‍പ്പവും മാറാന്‍ ഉത്തമമാണ്‌. ഔഷധങ്ങള്‍ പഥ്യത്തോടെ സേവിക്കണം. എണ്ണ, പുളി, ഉപ്പ്‌. മത്സ്യം, മാംസം എന്നിവ പൂര്‍ണ്ണമായി വര്‍ജ്ജിക്കണം.

വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയാണ്‌ ചിലന്തി വിഷബാധ ഒഴിവാക്കാന്‍ ചെയ്യേണ്ടത്‌.

Thursday, February 15, 2007

മഞ്ഞ റോസാപ്പൂവിന്‌


പ്രണയംപ്രണയദിനത്തില്‍ ഒരോര്‍മ

ആറില്‍ പഠിക്കുമ്പോഴാണ്‌. മഠത്തിലെ ചെറിയ പള്ളിക്കരികെയുള്ള പൂന്തോട്ടത്തില്‍ പലതരം റോസാപ്പൂക്കളുണ്ടായിരുന്നു. ചുവപ്പും., മഞ്ഞയും, പിങ്കും...മഞ്ഞറോസാച്ചെടി വീട്ടിലില്ലാത്തതുകൊണ്ട്‌ അതിനോടായിരുന്നു ഞങ്ങള്‍ക്ക്‌ പ്രിയം. വിരിഞ്ഞു നില്‌ക്കുന്ന മഞ്ഞ റോസാപ്പൂവ്‌ കാണുമ്പോള്‍ അസൂയ തോന്നിയിരുന്നു. ആ അസൂയകൊണ്ടാവണം പൂവിനെ ഇങ്ങനെ നോക്കി നില്‌ക്കാന്‍ പ്രേരിപ്പിച്ചത്‌.
പ്രണയം എന്താണെന്നറിയില്ല. ചിലരൊക്കെ പ്രേമത്തിലാണെന്ന്‌ പറഞ്ഞു കേട്ടിട്ടുണ്ട്‌. പക്ഷേ, സംഗതി എന്താണെന്ന്‌ തിരിഞ്ഞില്ല.

സ്‌കൂളുവിട്ടു വരുന്ന വഴിയില്‍ ഏഴാംക്ലാസിലെ ബോയ്‌സ്‌ (കോണ്‍വെന്റ്‌ സ്‌ക്കുളായതുകൊണ്ട്‌ അവന്‍, എടാ,പോടാ എന്നൊന്നും പറയാനോ വിളിക്കാനോ പാടില്ല. ബോയ്‌സ്‌,ഗേള്‍സ്‌ എന്നുവിളിക്കാം. അതാണു നിയമം) ചിലര്‍ വരമ്പില്‍ ഓരോരുത്തര്‍ക്കും ഇഷ്‌ടമുള്ള പെണ്‍കുട്ടികളുടെ പേരുകള്‍ അധികചിഹ്നമിട്ട്‌ എഴുതി വെച്ചിരുന്നു. രാജീവ്‌+റിന്‍സി എന്നൊക്കെ.

അങ്ങനെ ഒരു ദിവസം സ്‌കൂളുവിട്ട വന്ന ഉടനെ അമ്മ എന്നെ കടയില്‍ പറഞ്ഞു വിട്ടു. കടയെന്നു പറഞ്ഞാല്‍ രണ്ടുരണ്ടര കിലോമീറ്റര്‍ നടന്നു പോകണം. നെല്‍പാടങ്ങളും കരിമ്പുപാടങ്ങളും കടന്ന്‌...വേനലായിരുന്നു. കൊയ്‌തൊഴിഞ്ഞപാടം വിണ്ടുകീറി കിടന്നിരുന്നു. ഞാന്‍ വരമ്പിലൂടെ നടന്നു. കീരക്കാടു കൈത്തോടു ചാടിക്കടന്നു. അപ്പോളുണ്ട്‌ ഏഴാംക്ലാസിലെ മുന്നു ബോയ്‌സ്‌..അവര്‍ വൈകി വരുന്നവരാണ്‌. ത്രിമൂര്‍ത്തികള്‍ വരമ്പിലൊക്കെ പേരെഴുതിവെച്ച്‌ വരുന്ന വഴിയാവണം-ഞാന്‍വിചാരിച്ചു. ഒരാളുടെ കൈയ്യില്‍ ഒരു മഞ്ഞ റോസാപ്പൂവുണ്ട്‌. ഞാന്‍ വീണ്ടും വീണ്ടും നോക്കി..അസൂയയോടെ, കൊതിയോടെ.....
അടുത്തെത്തിയപ്പോള്‍ പൂവിന്റെ ഉടമ പൂവെനിക്കു നേരെ നീട്ടി. ഞാനൊന്നു മടിച്ചു. "ഗേള്‍സെടുത്തോ" അവന്‍ പൂവു നീട്ടിപ്പിടിച്ചിരിക്കുന്നു.
നന്നായിവിടര്‍ന്ന മഞ്ഞപ്പൂവ്‌. വരമ്പില്‍ കൂട്ടി മുട്ടാതിരിക്കാന്‍ പാടത്തേക്കിറങ്ങി നടന്നു. പൂവു മണത്തുനോക്കി. നല്ല സുഗന്ധം.
"ഹായ്‌ !"
പക്ഷേ, പൂവു മണത്തു നടക്കാന്‍ പറ്റില്ല. കടയില്‍ പോയി വരണം. കണ്ടാല്‍ ആരെങ്കിലും ചോദിച്ചാലോ?

അടുത്ത കൈത്തോടിനടുത്ത്‌ എത്തിയപ്പോള്‍ പൊട്ടിച്ചെടിക്കിടയില്‍ ഒളിപ്പിച്ചു വെച്ചു.
തിരിച്ചുവരും വഴി എടുത്തു മണത്തു. പിന്നെയും പിന്നെയും മണത്തുംകണ്ടുകൊണ്ടും നടന്നു. മനസ്സിലപ്പോള്‍ അനിയത്തിയേയും അയല്‍വീട്ടിലെ കൂട്ടുകാരി ബിന്ദുവുമായിരുന്നു. അവരെ പൂവു കാണിച്ച്‌ കൊതിപ്പിക്കണം.

വീടെത്തും മുമ്പേ ബിന്ദുവിനെ കണ്ടു. അവളുടെ വീടിനു പിന്നിലെ മുരിക്കിന്‍ ചുവട്ടില്‍നില്‌ക്കുകയായിരുന്നു അവള്‍. എന്നെയല്ല പൂവിനെയാണ്‌ അവളും ശ്രദ്ധിച്ചത്‌.
"ഇ തെവിടെന്നാ?" നേരിയ കുശുമ്പോടെ അവള്‍ ചോദിച്ചു.
ഞാന്‍ കാര്യം പറഞ്‌ഞപ്പോള്‍ അവളെന്റെ കൈയ്യില്‍ നിന്നു പൂവു വാങ്ങി.ഓരോ ഇതളും അടര്‍ത്തി കൈത്തോട്ടിലൊഴുക്കി. സങ്കടവും ദേഷ്യവും കൊണ്ടെനിക്കു കരച്ചില്‍ വന്നു.കൈത്തോട്ടിലൊഴുകുന്ന ഓരോ ഇതളും നോക്കി അവള്‍ പറഞ്ഞു.തത്വഞ്‌ജാനിയിപ്പോലെ.
"ചെറക്കന്മാരു തരുന്ന പൂവു മേടിക്കരുത്‌. അതിന്‌ വേറെ അര്‍ത്ഥവാ" ........
അപ്പോള്‍ ആദ്യമായി നെഞ്ചിലൊരു നീറ്റല്‍.....

Wednesday, February 14, 2007

സര്‍പ്പ ദംശനമേറ്റാല്‍

സര്‍പ്പ ദംശനമേറ്റാല്‍
പ്രകൃതിക്ഷോഭങ്ങള്‍ കഴിഞ്ഞാല്‍ മനുഷ്യന്‍ കൂടുതല്‍ ഭയന്നത്‌ വിഷജന്തുക്കളെയാണ്‌. പ്രത്യേകിച്ച്‌ പാമ്പുകളെ. അതുകൊണ്ടുതന്നെ ഒട്ടനവധി കഥകളും അന്ധവിശ്വാസങ്ങളും നമ്മുടെ നാട്ടില്‍ പ്രചാരത്തിലുണ്ട്‌. പാമ്പിനെ ഉപദ്രവിച്ചാല്‍ പകവീട്ടും, കണ്ണില്‍കൊത്തും, പറന്നു കടിക്കും, കടിച്ചശേഷം പാമ്പ്‌ മരത്തില്‍ കയറി തല കീഴായിക്കിടക്കും, മഞ്ഞച്ചേര കടിച്ചാല്‍ മലനാട്ടിലെങ്ങും മരുന്നില്ല തുടങ്ങി ധാരാളം കെട്ടുകഥകള്‍ കേള്‍ക്കുന്നു. അതുപോലെ പാമ്പുകടിയേറ്റാല്‍ പ്രഥമ ശുശ്രൂഷയെ കുറിച്ച്‌ പലരും ബോധവാന്മാരല്ല. കെട്ടുകഥകളും അന്ധവിശ്വാസങ്ങളും ഭയവും അപകടത്തിലെത്തിക്കുകയെയുള്ളൂ.സര്‍പ്പദംശനമേല്‌ക്കേണ്ടിവരുന്നയാളുടെ കാര്യത്തില്‍ നിര്‍ണ്ണായകമാവുക പ്രഥമ ശുശ്രൂഷയുടെ ഫലമായിരിക്കും. ഭയംകൊണ്ടോ അഞ്‌ജതകൊണ്ടോ വിലയേറിയ സമയം നഷ്‌ടപ്പെടുത്താതെ വിവേകപൂര്‍വ്വം ഉപയോഗപ്പെടുത്തുകയാണു വേണ്ടത്‌. കടിച്ച പാമ്പിനെ തിരിച്ചുകടിച്ചാല്‍ വിഷമുണ്ടവില്ല എന്നു വിശ്വസിക്കുന്നവരുണ്ട്‌. ശരീരത്തില്‍ കടന്ന വിഷം തിരിച്ചു കടിച്ചതുകൊണ്ട്‌ ഇല്ലാതാകുന്നില്ല. തിരിച്ചുകടിക്കാന്‍ തുനിഞ്ഞാല്‍ വീണ്ടും കടിയേല്‌ക്കുകയായിരിക്കും ഫലം. പുരാതന ഗ്രന്ഥങ്ങളിലും മറ്റും കടിച്ച പാമ്പിനെ തിരിച്ചുകടിക്കുക അല്ലെങ്കില്‍ പാമ്പാണെന്നു വിചാരിച്ച്‌ കല്ലോ, കമ്പോ കടിക്കുക എന്നു പറയുന്നുണ്ട്‌. കടിയെല്‍ക്കുമ്പോഴുണ്ടായേക്കാവുന്ന മാനസീക സംഘര്‍ഷം കുറയ്‌ക്കാനുള്ള വഴിയായിട്ടാവും ഇതു പറഞ്ഞിരിക്കുക. കടിയേല്‌ക്കുമ്പോഴുണ്ടാകുന്ന ഭയംമൂലം ഹൃദയസ്‌പന്ദം വേഗത്തിലാവുകയും രക്തയോട്ടം വര്‍ദ്ധിക്കുകയും അതുമൂലം വിഷം ശരീരത്തില്‍ പെട്ടെന്ന്‌ വ്യാപിക്കാന്‍ ഇടവരുകയും ചെയ്യും. ഈ അവസ്ഥയില്‍ മാനസീക പിരിമുറുക്കം കുറക്കുന്നതിന്‌ ഉപകരിക്കുന്നതാണ്‌ കല്ലോ കമ്പോ കടിക്കുക എന്നത്‌. മനശാസ്‌ത്ര സമീപനത്തില്‍ മാത്രമേ ഇതുപകരിക്കൂ. കടിയേറ്റ ഭാഗം പൊള്ളിച്ചാല്‍ വിഷം കയറുന്നത്‌ തടയാമെന്നതും തെറ്റിദ്ധാരണയാണ്‌. വിഷത്തിന്റെ ശക്‌തി കുറയണമെങ്കില്‍ 73 ഡിഗ്രി സെല്‍ഷ്യസില്‍ അരമണിക്കൂര്‍ ചൂടാക്കണമെന്നാണ്‌ കണ്ടെത്തല്‍. പൊള്ളിച്ചാല്‍ മുറിവ്‌ വികസിക്കുകയും അതുമൂലം വിഷം വളരെ വേഗത്തില്‍ വ്യാപിക്കാനും ഇടവരും.മൂത്രം കുടിച്ചാല്‍ വിഷശക്തി കുറയുമെന്നു കരുതുന്നു ചിലര്‍. ഇങ്ങനെ ചെയ്‌താല്‍ വിഷവ്യാപനത്തെ മന്ദഗതിയിലാക്കുകയാണ്‌ ചെയ്യുന്നതെന്ന്‌ ആയൂര്‍വ്വേദാചാര്യന്മാര്‍ പറയുന്നു. എന്നാല്‍ പ്രഥമശുശ്രൂഷ എന്ന നിലയ്‌ക്ക്‌ ഇത്‌ എത്രമാത്രം ഗുണം ചെയ്യുന്നു എന്ന്‌ പരീക്ഷിച്ചറിയേണ്ടതുണ്ട്‌. പാമ്പുകടിയേറ്റയാളിന്‌ മൂത്രമൊഴിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഉഗ്രവിഷമുള്ള പാമ്പാണ്‌ കടിച്ചതെന്ന നിഗമനത്തിലെത്തിച്ചരുന്നവരുണ്ട്‌. ഇത്‌ ഭയം വര്‍ദ്ധിക്കാനിടവരുത്തുകയും ചെയ്യും. ശരീരാന്തര്‍ഭാഗത്ത്‌ വിഷം എത്തിച്ചേരുന്നതുവരെ മൂത്രോല്‌പാദന അവയവങ്ങള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കും. ഭയവും അസ്വസ്ഥയുമാവാം കടിയേല്‌ക്കുന്ന ഉടനെ മൂത്രം പോകാതിരിക്കാനുള്ള കാരണം.കുരുമുളകു ചവച്ചു നോക്കിയാല്‍ മധുരമാണെങ്കില്‍ വിഷമുണ്ടെന്നും എരിവാണെങ്കില്‍ വിഷമില്ലെന്നും തീരിമാനിക്കപ്പെടുന്നവരുണ്ട്‌. വിഷം ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലെത്തി ഗുരുതരാവസ്ഥയിലെത്തുമ്പോള്‍ മാത്രമാണ്‌ രോഗിയുടെ രുചി സ്വഭാവങ്ങള്‍ മാറുന്നുള്ളു. അശാസ്‌ത്രീയ പരിഹാരം തേടുന്നതിനൊപ്പം സ്വയം ചികിത്സ ചെയ്യുന്നതും അപകടത്തിലെത്തിക്കും. കാഞ്ഞിരത്തില അരച്ചു കുടിക്കുക, ഉമ്മത്തില ഉപയോഗിക്കുക, ചില മൃഗങ്ങളുടെ കൊഴുപ്പുകളും നെയ്യും മറ്റും ഉപയോഗിക്കുക ഇതെല്ലാം അപകടം വിളിച്ചു വരുത്തുകയാണു ചെയ്യുന്നത്‌. പല ഔഷങ്ങളും ആവശ്യമില്ലാതെ അകത്തുചെന്നാല്‍ അതും വിഷമാണെന്നറിയണം. ഡോക്‌ടറുടെയോ വിദഗ്‌ദനായ വൈദ്യന്റെയോ നിര്‍ദ്ദേശ പ്രകാരം മാത്രമേ മരുന്നുപായോഗിക്കാവൂ. അശാസ്‌ത്രീയ പരിഹാരങ്ങള്‍ തേടി വിലയേറിയ സമയം കളയാതെ ഇത്തരം സന്‌ദര്‍ഭങ്ങളില്‍ ജീവന്‍കൊണ്ടു പന്താടാതെ ശാസ്‌ത്രീയമായി അംഗീകരിക്കുന്നകാര്യങ്ങള്‍ മാത്രം ചെയ്യുക.ഏറ്റവും പ്രധാനം രോഗി ഭയപ്പെടാതിരിക്കുകയാണ്‌. ഭയവും മാനസീക സംഘര്‍ഷവും ശരീരത്തിന്റെ ഉപാപചയ പ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്തും. രോഗിയുടെ കൂടെയുള്ളവര്‍ ഈ അവസ്ഥയില്‍ ആശ്വസിപ്പിക്കുകയാണു വേണ്ടത്‌..രോഗി ശാരീരികവും മാനസീകവുമായി വിശ്രമിക്കുകയാണു വേണ്ടത്‌. ലഹരി പദാര്‍ത്ഥങ്ങളോ, ഭക്ഷണമോ കഴിക്കരുത്‌. ദാഹമുണ്ടെങ്കില്‍ വെള്ളം കുടിക്കാം. കരിക്കിന്‍ വെള്ളമാണു നല്ലത്‌. രോഗിയെ നടത്താനോ കഴിയുന്നതും ഇളക്കാനോ പാടില്ല. കൈകാലുകളിലാണ്‌ കടിയേറ്റിട്ടുള്ളതെങ്കില്‍ ആ ഭാഗം താഴ്‌ത്തിയിടുന്നതാണ്‌ ഉത്തമം. മറ്റു ഭാഗങ്ങളിലാണെങ്കില്‍ തല ഉയര്‍ത്തിക്കിടത്തണം. കടിയേറ്റലുടന്‍ ആ ഭാഗം ശുദ്ധജലത്തില്‍ കഴുകി, മുറിവില്‍നിന്നും കുറച്ചെങ്കിലും രക്തം ചോര്‍ത്തിക്കലയണം. പ്രഥമ ശുശ്രൂഷയില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നത്‌ മൂറിപ്പാടിന്‌ മുകളിലായി കെട്ടുന്നതാണ്‌. മൂന്നോ നാലോ ഇഞ്ച്‌ മുകളില്‍ വെച്ച്‌ കെട്ടുക. മുറുക്കി കെട്ടാതിരിക്കുന്നതാണ്‌ നല്ലത്‌. ഇടവിട്ട്‌ രണ്ടോ മൂന്നോ കെട്ടുകെട്ടാം. ആധുനീക ചികിത്സാരീതിയാണ്‌ സ്വീകരിക്കുന്നതെങ്കില്‍ രക്തഗ്രൂപ്പ്‌ അറിഞ്ഞിരിക്കുന്നത്‌ നന്നായിരിക്കും. വിഷം രക്തത്തില്‍ കലര്‍ന്ന്‌ രക്തം കട്ടപിടിക്കാതായാല്‍ രക്തഗ്രൂപ്പ്‌ നിര്‍ണ്ണയിക്കാന്‍ സാധിക്കാത്തതുകൊണ്ടാണിത്‌. പാമ്പുകടിയേറ്റാല്‍ കാര്യമായ വിഷമങ്ങളൊന്നുമുണ്ടായില്ലെങ്കിലും ചികിത്സാകേന്ദ്രത്തിലെത്തിക്കുന്നതാന്‌നല്ലത്‌. നിരീക്ഷിച്ച്‌ ബോദ്ധ്യപ്പെട്ടാലേ വിഷമേറ്റിട്ടില്ലെന്ന്‌ ഉറപ്പാക്കാന്‍ പറ്റൂ. വിഷമേറ്റാലുടന്‍ പ്രഥമശുശ്രൂഷകള്‍ നല്‌കി, രോഗിയെ ഫലപ്രദമായ ചികിത്സ ലഭിക്കുന്നിടത്ത്‌ എത്തിക്കുകയാണ്‌ വേണ്ടത്‌.