Wednesday, March 30, 2011

അമ്മച്ചിക്ക്‌ ...

എന്തുകൊണ്ടാണ്‌ ഞാനന്ന്‌ കരഞ്ഞതെന്ന്‌ ഇപ്പോഴും വ്യക്തമല്ല. അന്നത്തെ രണ്ടാംക്ലാസ്സുകാരിയെ സംബന്ധിച്ചിടത്തോളം അത്രയേറെ സങ്കടപ്പെടാന്‍ എന്താണുണ്ടായിരുന്നത്‌? ക്ലാസ്സിലിരിക്കുമ്പോഴും സ്‌കൂളുവിട്ട്‌ വീട്ടിലേക്ക്‌ ഒറ്റയ്‌ക്കു നടന്നു വരുമ്പോഴും കണ്ണിലൂടെ വെള്ളമൊഴുകിക്കൊണ്ടേയിരുന്നു. നെഞ്ചില്‍ വലിയൊരു കനംപോലെ...കുഞ്ഞുങ്ങളായിരുന്ന അനിയത്തിമാര്‍ ആ ദിവസം എങ്ങനെയായിരുന്നു കഴിച്ചുകൂട്ടിയതെന്ന്‌ എനിക്കോര്‍മയില്ല. പിന്നീടൊരിക്കലും അവരതിനേപ്പറ്റി പറയുന്നതു കേട്ടുമില്ല. സങ്കടം മുഴുവന്‍ എനിക്കായിരുന്നു. അല്‌പമെങ്കിലും ഓര്‍മവെച്ചവള്‍ ഞാനായിരുന്നതുകൊണ്ടാവം.

ഞങ്ങളുടെ അമ്മച്ചിക്ക്‌ ജോലികിട്ടിയിരിക്കുന്നുവെന്നോ അതുകുറേ ദൂരത്താണെന്നോ പെട്ടെന്നൊന്നും ഞങ്ങള്‍ക്കു കാണാനാവില്ലെന്നോ തിരിച്ചറിയാന്‍ അനിയത്തിമാര്‍ക്ക്‌ വകതിരിവായിരുന്നില്ല. കടും നീലയില്‍ പിങ്ക്‌ പൂക്കളുളള ഇളം നീല ബോര്‍ഡറുള്ള സാരി ( എനിക്കൊരുപാടിഷ്ടമുണ്ടായിരുന്ന ) യായിരുന്നു അമ്മച്ചി ഉടുത്തിരുന്നത്‌. അത്തയ്‌ക്കൊപ്പം ജീപ്പിലേക്കു കയറിയ അമ്മച്ചിയെ നോക്കി നിന്നു ഞങ്ങള്‍ മൂവരും ...അമ്മച്ചി ഞങ്ങള്‍ക്കു നേരെ കൈവീശിയില്ല..തിരിച്ചും..പക്ഷേ, അമ്മച്ചിയുടെ മുഖത്ത്‌ ഒട്ടും സന്തോഷമില്ലായിരുന്നെന്നോര്‍ക്കുന്നു. ജീപ്പ്‌ മാഞ്ഞുപോകുംവരെ ഞങ്ങള്‍ നോക്കി നിന്നു. പിന്നെ, ഒന്നും സംഭവിക്കാത്തപോലെ (അങ്ങനെതന്നെയായിരിക്കണം) റോഡില്‍ നിന്ന്‌ താഴോട്ടിറങ്ങി ആറുകടന്ന്‌ കളിയുടെ ലോകത്തേക്ക്‌ പോയി.

ഒരുപക്ഷേ, ഞങ്ങള്‍ക്കു സന്തോഷമായിരിക്കണം. വഴക്കുപറയാന്‍, അടിക്കാന്‍ അമ്മച്ചി പെട്ടെന്നൊന്നും ഇല്ലെന്നുളളത്‌... അടിയ്‌ക്കും ശകാരത്തിനുമിടയില്‍ അമ്മച്ചി ഞങ്ങളെ അന്ന്‌ സ്‌നേഹിച്ചിരുന്നോ എന്ന്‌ തിരിച്ചറിയാനുമായില്ലെന്നു തോന്നുന്നു. അന്നേരമൊക്കെ മുറുക്കുന്നത്തയുടേയോ ഐഷാബീ അമ്മച്ചിയുടേയും അരികുപറ്റി നിന്നു ഞങ്ങള്‍..പേടിപ്പിക്കുകയോ വേദനിപ്പിക്കുകയോ ചെയ്യാത്ത അവര്‍ മതിയായിരുന്നു ഞങ്ങള്‍ക്ക്‌. കൊച്ചനിയത്തിക്കന്ന്‌ രണ്ടുവയസ്സായിരുന്നു പ്രായം. അമ്മച്ചിയോടൊപ്പമായിരുന്നില്ല ഞങ്ങള്‍ ഉറങ്ങിയിരുന്നത്‌. (കൊച്ചനിയത്തിക്ക്‌ നിര്‍ബന്ധമുണ്ടായിരുന്നോ എന്ന്‌ ഓര്‍മയുമില്ല) അമ്മച്ചി വേണ്ടായിരുന്നു ഞങ്ങള്‍ക്കു ഭക്ഷണം തരാന്‍..കുളിപ്പിക്കാന്‍..സ്‌കൂളിലേക്കൊരുക്കി വിടാന്‍...

എന്നിട്ടും മൂന്നാംനാള്‍ സങ്കടം സഹിക്കാന്‍ വയ്യാതെ കരഞ്ഞുകൊണ്ടിരുന്നു. പലപ്പോഴും സഹപാഠികള്‍ കാണുമല്ലോ എന്നോര്‍ത്ത്‌ പിടിച്ചു നിര്‍ത്താന്‍ ശ്രമിച്ചിരുന്നു. അങ്ങനത്തെ സങ്കടം ഞാനന്നേവരെ അറിഞ്ഞിട്ടില്ലായിരുന്നു- അടികിട്ടുമ്പോള്‍ വേദനിച്ചിട്ട്‌, അല്ലെങ്കില്‍ വഴക്കുകേള്‍ക്കുമ്പോഴല്ലാതെ..വീണു കാലുമുട്ടുപൊട്ടുമ്പോഴല്ലാതെ...മനസ്സിനുള്ളില്‍ നിന്നൊരു വേദന...

സഹപാഠികള്‍ക്കെല്ലാവര്‍ക്കും സിന്ധുജാനകിയെ പേടിയായിരുന്നു.
അരുകിലിരിക്കുന്നവരെ അവള്‍ എപ്പോഴും നുള്ളിപ്പറിച്ചുക്കൊണ്ടിരുന്നു. അതുകൊണ്ട്‌ സഹപാഠികള്‍ അവള്‍ക്കൊപ്പമിരിക്കാന്‍ പേടിച്ചു. തിരിച്ചൊന്നു കൊടുത്താല്‍ നുള്ളിയും കടിച്ചുമവള്‍ കൊന്നുകളഞ്ഞേക്കും...കരഞ്ഞുകൊണ്ടിരുന്ന എനിക്കരുകില്‍ അന്ന്‌ അവളായിരുന്നു.
അവളെന്നോട്‌ എന്തിനാണ്‌ കരയുന്നതെന്നു ചോദിച്ചു.
എന്റെ അമ്മച്ചി ജോലികിട്ടിപ്പോയി എന്ന്‌ പറഞ്ഞു. ഒത്തിരി ദൂരത്തേക്കാണെന്നും. ഞാന്‍ പറഞ്ഞത്‌ അവള്‍ക്കു മനസ്സിലായിട്ടോ എന്തോ... മനസ്സിലായിക്കാണുമോ..അറിയില്ല. അവളെന്നെ നുള്ളിയില്ല. കടിച്ചില്ല..പിന്നീടൊരിക്കലും...

അമ്മച്ചിയ്‌ക്ക്‌ ജോലികിട്ടിയ വകയില്‍ എനിക്കുകിട്ടിയ ആനുകൂല്യമായിരുന്നുവത്‌.

ദൂരെയായിരിക്കുമ്പോള്‍ അമ്മച്ചി കത്തെഴുതാന്‍ തുടങ്ങിയത്‌ ഞാന്‍ ഒന്‍പതില്‍ പഠിക്കുമ്പോള്‍ മുതലാണ്‌. ഞങ്ങള്‍ മാസത്തിലൊരിക്കലേ കണ്ടിരുന്നുള്ളു. മലവെള്ളം വരുമ്പോള്‍ ആറ്റില്‍ പോയി കുളിക്കരുതെന്നും നന്നായി പഠിക്കണമെന്നും മാനുവിനേയും മഞ്ചുവിനേയും ശ്രദ്ധിക്കണമെന്നും നന്നായി നടക്കണമെന്നുമൊക്കെയാവും കത്തില്‍ (ആവര്‍ത്തനങ്ങള്‍ )

പ്രീഡിഗ്രിക്കു പഠിക്കുമ്പോഴാണ്‌ ആകാശദൂത്‌ സിനിമ വന്നത്‌. ഞങ്ങള്‍ കൂട്ടുകാര്‍ ചേര്‍ന്ന്‌ സിനിമകാണാന്‍ പോയി...പലയിടവും അതിവൈകാരികമായി എനിക്കു തോന്നി. കരയിപ്പിക്കാനൊരു സിനിമ. പക്ഷേ, മൂത്തമകള്‍ക്ക്‌ മാധവി എഴുതിയ കത്തവള്‍ വായിക്കുന്നിടത്തെത്തിയപ്പോള്‍ ഞാനെന്റെ അമ്മച്ചിയെയോര്‍ത്ത്‌ ഉറക്കെയുറക്കെ കരഞ്ഞു.


പിന്നീട്‌ ഞങ്ങള്‍ മക്കളും അമ്മച്ചിയും അത്തയും ഒരുമിച്ച്‌ ജീവിക്കുന്നത്‌ പന്ത്രണ്ടു വര്‍ഷത്തിനു ശേഷമായിരുന്നു. അപ്പോഴേക്കും ഞങ്ങളൊക്കെ പരസ്‌പരം മാനസികമായി അകന്നുപോയിരുന്നോ എന്നിപ്പോഴും ചിന്തിച്ചുപോകുന്നു.
കുറച്ചുനാള്‍ ഞാനും മാനുവും അമ്മച്ചിക്കൊപ്പം
അതേപോലെ അത്തയ്‌ക്കൊപ്പം.
മഞ്ചു കൂടുതലും മുറുക്കുന്നത്തയ്‌ക്കും ഐഷാബി അമ്മച്ചിക്കുമൊപ്പം..
ഞങ്ങള്‍ മൂവരും അവര്‍ക്കൊപ്പം...

എങ്ങനെയൊക്കെയാണ്‌ ആ പന്ത്രണ്ടുകൊല്ലം കഴിഞ്ഞുപോയത്‌? പലപ്പോഴും അമ്മച്ചി എല്ലാവരും ഒരുമിച്ചു നില്‌ക്കുന്നകാലത്തെ സ്വപ്‌നം കണ്ടിരുന്നു. തീര്‍ച്ച. അതുപക്ഷേ, ദൂരേയക്കുള്ള ട്രാന്‍സ്‌ഫറുകളായി മാറിയെന്നു മാത്രം. എന്നിട്ടും ഞങ്ങള്‍ ഒരുമിച്ചു നില്‌ക്കാന്‍ തുടങ്ങിയപ്പോഴോ? അമ്മച്ചിയപ്പോഴും ദൂരത്തായിരുന്നു ജോലിചെയ്‌തിരുന്നത്‌. ഒരുമിച്ചു നില്‌ക്കുന്നതിനുവേണ്ടി പോയി വന്നു. എന്നിട്ടോ? അമ്മച്ചി സ്‌നേഹിക്കുന്നില്ല അംഗീകരിക്കുന്നില്ല എന്ന തോന്നലായിരുന്നു ഞങ്ങള്‍ക്ക്‌. അമ്മച്ചിക്കാണെങ്കില്‍ തിരിച്ചും. എന്നാല്‍ ഞങ്ങള്‍ മൂവരും ഒരു മനസ്സോടെ ഇരുന്നു. പരസ്‌പരം കേള്‍ക്കുകയും കാണുകയും ചെയ്‌തു. ഒരുമിച്ചു നിന്ന ഇക്കാലത്തേക്കാള്‍ എത്രയോ ഭേദമായിരുന്നു മുമ്പെന്നും കുഞ്ഞുന്നാളുമുതല്‍ മക്കളെ നോക്കിയാലെ പരസ്‌പരം സ്‌നേഹവും ബഹുമാനവും അംഗീകാരവുമുണ്ടാവുകയുള്ളുവെന്ന്‌ ഞങ്ങള്‍ മൂവരും പൊട്ടത്തരം പറഞ്ഞു.(നേരോ? )
രണ്ടോ മുന്നോ കൊല്ലങ്ങളുടെ ഇടവേളകളില്‍ ഞങ്ങളോരോരുത്തരായി ആ വീട്ടില്‍ നിന്നു പോന്നു. ഒരുപക്ഷേ, ഇനിയൊരിക്കലും അതേപോലെ ഒരുമിച്ചു നില്‌ക്കാനാകാത്തവിധം. ...

ഞാനും ജോലിക്കാരിയായി. മകളായി...അവളെ നോക്കാന്‍ ആളില്ലാതായപ്പോള്‍ ജോലിക്കും അവള്‍ക്കും വീടിനുമിടയില്‍ ഞാന്‍ വിഷമിച്ചു. വേണമെങ്കില്‍ അവളെ പിരിഞ്ഞിരിക്കാമായിരുന്നു. പക്ഷേ, എനിക്കൊരിക്കലുമതിന്‌ കഴിഞ്ഞില്ല. അവള്‍ ഞങ്ങളൊടൊപ്പം വളരണമെന്ന്‌ ആശിച്ചു. ചിലപ്പോള്‍ വാശിതോന്നി. ശരിയാണ്‌, ചിലപ്പോള്‍ അവള്‍ എന്റെ തിരക്കില്‍ വിഷമിച്ചിട്ടുണ്ടാവും. എന്നാലുമെന്നാലും ...ഞങ്ങള്‍ക്കു കുട്ടിക്കാലത്ത്‌ കിട്ടാതെ പോയ അമ്മച്ചിയെയോര്‍ത്ത്‌...അത്തയെയോര്‍ത്ത്‌...ദൂരേക്ക്‌ കൂടുതല്‍ നല്ല ജോലികിട്ടിയപ്പോഴും ഏതിനേക്കാളും പ്രധാനം എനിക്കവളായിരുന്നു. അത്ര സംതൃപ്‌തമല്ലാത്ത ജോലിയില്‍, സാഹചര്യങ്ങളില്‍ ...നാളെ എന്തായിരിക്കാമെന്നൊന്നും സ്വപ്‌നം കാണാന്‍ വയ്യാതെ...
എന്നാല്‍ ഞങ്ങളെ ഇവിടെവരെ എത്തിച്ചത്‌, ഞങ്ങളുടെ ആവശ്യങ്ങളൊക്കെ സാധിച്ചത്‌, ചിന്തകളെ രൂപപ്പെടുത്തിയത്‌, ഏതുസാഹചര്യങ്ങളുമായി പൊരുത്തപ്പെടാനുള്ള മനസ്സിനുടമകളാക്കിയത്‌ (ആണോ എന്തോ..ആണെന്നാ വിചാരം) ഏതുലോകത്തേക്കും ഇറങ്ങിനടക്കാന്‍ ധൈര്യമുള്ളവരാക്കിയത്‌...എനിക്കറിഞ്ഞുകൂടാ..വാക്കുകള്‍ക്ക്‌ എവിടെ പോകുമെന്ന്‌? അങ്ങനെ ഏതാണ്ടെല്ലാമോ...

തികച്ചും പ്രായോഗികമതിയായ അമ്മച്ചിയും തുടങ്ങുന്നതെല്ലാം പരാജയപ്പെട്ടുകൊണ്ടിരുന്ന അത്തയും...

എന്നെ ഡോക്ടറാക്കാന്‍ ആശിച്ചിരുന്നതായി തോന്നിയിട്ടുണ്ട്‌. മക്കളില്‍ ഞാനായിരുന്നു പഠിക്കാന്‍ മുന്നില്‍...എന്റെ പ്രോഗ്രസ്‌ റിപ്പോര്‍ട്ടില്‍ ഒ പ്പുവെയ്‌ക്കുമ്പോള്‍ അങ്ങനൊരാഗ്രഹം എന്നോട്‌ പറഞ്ഞിരുന്നു. പക്ഷേ, എന്റെ ഹൈസ്‌കൂള്‍ കാലത്ത്‌്‌ അമ്മച്ചി അടുത്തുണ്ടായിരുന്നില്ല. ആഗ്രഹിച്ചിരുന്നതുപോലൊരു പള്ളിക്കൂടവുമായിരുന്നില്ല. ( ആ അലസത ഭാവിയില്‍ എന്റടുത്തു വന്നേക്കാവുന്ന രോഗികളെ രക്ഷപെടുത്തി...!!!)

എന്നാലും അമ്മച്ചിക്ക്‌ ജോലിയില്ലായിരുന്നെങ്കില്‍ ഞങ്ങള്‍ എന്തായി തീരുമാനമായിരുന്നു...വരും വരായ്‌മകകളെക്കുറിച്ച്‌ ഒന്നും പറയാന്‍ വയ്യ. എന്നാലും അമ്മച്ചിക്കു കിട്ടിയ ശമ്പളത്തിന്റെ ഓരോ രൂപയിലും കണക്കുസൂക്ഷിച്ച്‌്‌്‌, കരുതലോടെ മാത്രം ചെലവഴിച്ചു. മൂന്നു പെണ്‍മക്കളായതുകൊണ്ട്‌ സ്‌ത്രീധനം കൊടുത്തുകെട്ടിച്ചു വിടേണ്ടി വന്നാല്‍ എന്തു ചെയ്യുമായിരുന്നോ എന്തോ? അങ്ങനെ വേണ്ടി വന്നില്ലെങ്കിലും ബാധ്യതക്കാരിയായി...ഞങ്ങളുടെ ആവശ്യങ്ങള്‍ക്കുവേണ്ടി...തൊഴില്‍ എന്ന ഒറ്റ ധൈര്യത്തില്‍...

ഞങ്ങള്‍ തിരിച്ചെന്തുനല്‍കിയെന്നു ചോദിച്ചാല്‍ ഒന്നുമുണ്ടാവില്ല. മൂന്നുപെണ്‍മക്കളെ പ്രസവിച്ചതിന്‌ ഈ ജീവിതം മുഴുവന്‍ അവര്‍ ഭാരം ചുമന്നു. ( ആണായാല്‍ എന്തെങ്കിലും പ്രയോജനമുണ്ടാവുമായിരുന്നോ എന്നറിയില്ല) ഇരുപത്തിയാറു കൊല്ലം അധ്വാനിച്ചിട്ട്‌ എന്തു മിച്ചമുണ്ടായി എന്നു ചോദിച്ചാലും ഒന്നുമുണ്ടാവില്ല.

ഒരു സാമ്പ്രദായിക അമ്മയായിരുന്നില്ല അവര്‍. വെളുപ്പിനെ എഴുന്നേറ്റ്‌ ഞങ്ങള്‍ക്ക്‌ ചോറും കറിയും പലഹാരങ്ങളും ഉണ്ടാക്കിതന്ന്‌ സ്‌കൂളിലേക്കു വിടുന്ന, ഞങ്ങളെ സ്‌നേഹിച്ചും ലാളിച്ചും ഓമനിച്ചുമിരിക്കുന്ന ഒരാളായിരുന്നില്ല.

എന്നാല്‍, വിവാഹത്തിനു മുമ്പ്‌ നല്ലൊരു രാഷ്ട്രീയക്കാരിയായിരുന്നു. സംഗീതവും നൃത്തവും ഒപ്പമുണ്ടായിരുന്നു. മുട്ടിനും താഴോട്ടു മുടിയുണ്ടായിരുന്നു....
എന്തിനു പറയുന്നു ഇനി...?

എടപ്പേതില്‍ പത്മനാഭന്‍ നായര്‍ മകള്‍ ആനന്ദവല്ലീശ്വരിയമ്മ ഇന്ന്‌ മൂന്നാര്‍ സര്‍ക്കാര്‍ ആയൂര്‍വ്വേദ ആശുപത്രിയില്‍ നിന്ന്‌ വിരമിക്കുന്നു.

. സിന്ധുജീനകിയോട്‌ പറയണമെന്നുണ്ട്‌..എന്റെ അമ്മച്ചിയുടെ ജോലി കഴിഞ്ഞു...നീയെന്നെ നുള്ളുമോ?

കുട്ടിക്കാലം തിരിച്ചു കിട്ടിയിരുന്നെങ്കില്‍ എന്നാശിച്ചു പോകുന്നു ഇപ്പോള്‍...