Monday, June 30, 2008

മറയൂര്‍ സഞ്ചാരികളുടെ സ്വപ്‌നഭൂമി


മറയൂരിലേക്കുള്ള ആദ്യയാത്ര എന്റെ ആറാമത്തെ വയസ്സിലായിരുന്നു. മനം മടുപ്പിക്കുന്ന ബസ്സുയാത്രയും വഴിനീളെ ഛര്‍ദ്ദിച്ചവശയായതുമാണ്‌ ആ യാത്രയുടെ ഓര്‍മ. പിന്നീട്‌ പലവട്ടം മറയൂരുപോയി. താമസിച്ചു. ഇന്നും ഒരു യാത്രയെക്കുറിച്ചു പറയുമ്പോള്‍ മനസ്സില്‍ ഓടിയെത്തുന്നത്‌ മറയൂര്‍ മാത്രമാണ്‌. വളരെക്കുറച്ചു യാത്രകളെ ചെയതിട്ടുളളു. പക്ഷേ, മറയൂരുപോലെ ആഴത്തില്‍ പതിഞ്ഞ മറ്റൊരു നാടില്ലെന്നു പറയാം.
കേരളത്തിലെ ഭൂപ്രകൃതിയില്‍ നിന്ന്‌ കാലാവസ്ഥയില്‍ നിന്ന്‌ വ്യത്യസ്‌തമായി ഒരു ഗ്രാമഭംഗി ആസ്വദിക്കണോ...കൂടെ അല്‌പം ചരിത്രവും. എങ്കില്‍ അതു മറയൂരിലേക്കാവാം.
മറയൂരെന്നുകേള്‍ക്കുമ്പോള്‍ മനസ്സില്‍ ആദ്യം എത്തുന്നത്‌ ചന്ദനസുഗന്ധമാണ്‌. ലോകത്തില്‍ ഏറ്റവും ഗുണമേന്മയുള്ള ചന്ദനം വളരുന്ന സ്വാഭാവിക ചന്ദനവനം ഇവിടെയാണ്‌.

നോക്കെത്താദൂരത്തോളം പരന്നു കിടക്കുന്ന കരിമ്പിന്‍ തോട്ടങ്ങള്‍...കരിമ്പുപൂക്കുമ്പോള്‍ അവയുടെ വെള്ളക്കാവടിയാട്ടം...മറയൂര്‍ തടത്തിന്റെ വെള്ളിയരഞ്ഞാണമായി കിഴക്കോട്ടൊഴുകുന്ന പാമ്പാര്‍...ശീതകാല പച്ചക്കറികള്‍..ആപ്പിള്‍ വിളയുന്ന കാന്തല്ലൂര്‍...ചരിത്രാവിശിഷ്ടങ്ങളായ മുനിയറകള്‍...
മൂന്നാറില്‍ നിന്നും 45 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മറയൂരിലെത്താം. ചിന്നാര്‍ വന്യമൃഗസംരക്ഷണകേന്ദ്രത്തിന്റെയും കണ്ണന്‍ദേവന്‍ തേയിലത്തോട്ടങ്ങളുടേയുമിടയില്‍ ഒളിഞ്ഞിരുന്ന ഇടം. നാലുവശവും മലകളാല്‍ ചുറ്റപ്പെട്ട മറയൂര്‍. മഴനിഴല്‍ താഴ്വര. സ്വാഭാവിക ചന്ദനമരങ്ങള്‍...കരിമ്പുകാടുകള്‍...മറയൂരിന്റെ പ്രകൃതി കണ്ടാല്‍ കേരളത്തിലെ മറ്റു പ്രദേശങ്ങളുമായി ഒരു സാമ്യവുമില്ല.

അല്‌പം ചരിത്രം

മറയൂര്‍ എന്നാല്‍ മറഞ്ഞിരിക്കുന്ന ഊര്‍ എന്നര്‍ത്ഥം. ഇത്‌ പാണ്ഡവരുമായി ബന്ധപ്പെട്ടതാണ്‌. വനവാസക്കാലത്ത്‌ ഇവിടെയും വന്നിരുന്നു എന്നു പറയുപ്പെടുന്നു. 10000 BC ക്കുമുമ്പുള്ള മഹാശിലായുഗകാലത്ത്‌ ഇവിടെ മനുഷ്യവാസമുണടായിരുന്നു എന്നതിനു തെളിവാണ്‌ മുനിയറകളും ഗുഹാക്ഷേത്രവും ശിലാലിഖിതങ്ങളും ......
മുതുവാന്മാര്‍ മലയുടെ ചെരുവുകളിലും മറ്റും പാര്‍ക്കുന്നുണ്ടെങ്കിലും
അഞ്ചുനാട്ടുകാരായ ഗ്രാമക്കാരാണ്‌ മുമ്പെയുള്ള താമസക്കാര്‍. അഞ്ചുനാടിന്റെ പൂര്‍വ്വികര്‍ പാണ്ടിനാട്ടില്‍ നിന്നും രാജകോപം ഭയന്ന്‌ കൊടൈക്കാടുകള്‍ കയറി. അവര്‍ മറഞ്ഞിരിക്കാനൊരിടം തേടി അലഞ്ഞു. ഒടുവില്‍ അവര്‍ താഴ്‌വരയിലെത്തി.
പല ജാതികളില്‍പ്പെട്ട അവരുടെ കൂട്ടത്തില്‍
തമ്പ്രാക്കളും കീഴാളരുമുണ്ടായിരുന്നു. അഞ്ചുനാട്ടുപാറയില്‍ ഒത്തുചേര്‍ന്ന
അവര്‍ പാലില്‍തൊട്ട്‌ സത്യം ചെയ്‌ത്‌ ഒറ്റ ജാതിയായി. അവര്‍ അഞ്ച്‌ ഊരുകളുണ്ടാക്കി
അഞ്ചുനാട്ടുകാരായി ജീവിച്ചു പോന്നു.
അവര്‍ക്ക്‌ അവരുടേതായ നീതിയും നിയമങ്ങളും ശിക്ഷാരീതികളുമുണ്ട്‌. നാലുവശവും മലകള്‍ ഉയര്‍ന്നു നില്‍ക്കുന്ന മറയൂര്‍തടം. അങ്ങു ദൂരെ കാന്തല്ലൂര്‍ മലയുടെ താഴ്‌വാരം വരെ നീണ്ടു പോകുന്ന വയലുകള്‍. കാന്തല്ലൂര്‍ മലയുടെ നെറുകയില്‍ അഞ്ചുനാടിന്റെ കാന്തല്ലൂര്‍ ഗ്രാമം. പിന്നെ താഴേക്കു ചെരിഞ്ഞ്‌ കീഴാന്തൂര്‍ ഗ്രാമവും കാരയൂര്‍ ഗ്രാമവും. കൊട്ടകുടി ഗ്രാമം കാന്തല്ലൂര്‍ മലയ്‌ക്കപ്പുറമാണ്‌. അവര്‍ക്ക്‌ അവരുടേതായ ദൈവങ്ങളും ആഘോഷങ്ങളുമുണ്ട്‌.

ദൈവത്തിന്റെ സ്വന്തം നാട്‌ എന്ന്‌ എല്ലാ അര്‍ത്ഥത്തിലും മറയൂരിനെ വിളിക്കാം. മുക്കിനുമുക്കിന്‌ അമ്പലങ്ങള്‍...തെങ്കാശിനാഥനും അരുണാക്ഷിയമ്മയും മുരുകനും ഗണപതിയും മുപ്പതുമുക്കോടി ദൈവങ്ങളും മറയൂരില്‍ ഒരുമിച്ചു വാണു.
നാലു വശവും മലകള്‍ ഉയര്‍ന്നു നില്‍ക്കുന്ന മറയൂര്‍തടം മഴ നിഴലിലാഴ്‌ന്നു കിടന്നു.
ചന്ദന കാടുകളില്‍ അവരുടെ മാടുകള്‍ മേഞ്ഞു.
താഴ്‌വരയിലെ വയലുകളില്‍ നെല്ലും കൂവരകും വിളഞ്ഞു.
പക്ഷേ ഇപ്പോള്‍ സ്‌ഥിതി ആകെ മാറി. വയലുള്ള ഊരുകാര്‍ കുറവാണ്‌. ഉള്ള വയലുകളെല്ലാം കുടിയേറിവന്ന മലയാളികള്‍ സ്വന്തമാക്കി. ഊരുകാരുടെ എസ്‌.എസ്‌. എല്‍.സി ബുക്കിലെ ജാതിക്കോളം ഒഴിഞ്ഞു കിടക്കുന്നു. ആദിവാസികളാണോ മലവേടനാണോ പിള്ളമാരാണോ എന്ന്‌ തീരുമാനമാവാതെ ബിരുദമെടുത്തവര്‍പോലും കരിമ്പുകാട്ടില്‍ പണിക്കുപോയി ജീവിക്കുന്നു.


മുനിയറകള്‍

മുനിയറകളാണ്‌ മറയൂരിന്റെ മറ്റൊരു പ്രത്യേകത. മഹാശിലായുഗസംസ്‌ക്കാരത്തിന്റെ ബാക്കിപത്രം. അക്കാലത്തുള്ളവരെ മറവുചെയ്‌ത ശവക്കല്ലറകളാണെന്നും മുനിമാര്‍ തപസ്സുചെയ്‌തിരുന്നിടമാണെന്നും പറയപ്പെടുന്നു. ഒരാള്‍ക്ക്‌ നില്‌ക്കുകയും കിടക്കുകയും ചെയ്യാവുന്ന ഉയരവും നീളവുമുണ്ട്‌ ഓരോ മുനിയറക്കും. പലതും പൊട്ടിയും അടര്‍ന്നും വീണു തുടങ്ങി. മറയൂര്‍ കോളനി കഴിഞ്ഞ്‌ ഹൈസ്‌കൂളിനരുകിലെ പാറയില്‍ ധാരാളം മുനിയറകളുണ്ട്‌. ഹൈസ്‌ക്കൂളിനു പുറകിലെ പാറയുടെ നെറുകയില്‍നിന്നും മലയുടെ ചെരിവുകളില്‍നിന്നും നോക്കിയാല്‍ പാമ്പാറൊഴുകുന്നതു കാണാം. കോവില്‍ കടവും തെങ്കാശിനാഥന്‍ കോവിലും കാണാം. നാച്ചിവയലിലെ കരിമ്പുകാടുകളും, ചന്ദനമരങ്ങളും, പൈസ്‌നഗര്‍ സെമിനാരിയും പിന്നെയും എന്തൊക്കെ.........
കോവില്‍ കടവില്‍ നിന്നും വീശുന്ന കാറ്റിന്‌ ചന്ദനത്തണുപ്പ്‌. ഒരു മുനിയറയുടെ മുകളിലെ കല്‌പാളികളില്‍ രണ്ടു വരകളുണ്ടെന്നു കേട്ടിട്ടുണ്ട്‌. പണ്ട്‌ പാണ്‌ഡവരുടെ തേരുരുണ്ടതാത്രേ.

തെങ്കാശിനാഥന്‍ ക്ഷേത്രം


മുനിയറ കണ്ട്‌ താഴോട്ടിറങ്ങിയാല്‍ കോവില്‍ക്കടവായി.
പാമ്പാറിലേക്കിറങ്ങാന്‍ തോന്നുന്നെങ്കില്‍ ആ മോഹം ഉപേക്ഷിക്കുന്നതാണ്‌ നല്ലത്‌. ചില്ലുപാറയാണ്‌..പെട്ടെന്ന്‌ വഴുക്കും...അപകടം ഒപ്പമുണ്ട്‌.

മുപ്പതുമക്കോടി ദൈവങ്ങളും അവര്‍ക്കൊക്കെ അമ്പലങ്ങളുമുണ്ടെങ്കിലും തെങ്കാശിനാഥന്‍ ക്ഷേത്രമാണ്‌ ചരിത്രവുമായി ബന്ധപ്പെട്ടുകിടക്കുന്നത്‌.
പാണ്ഡവര്‍ വനവാസക്കാലത്ത്‌ മറയൂരില്‍ എത്തിയിരുന്നു എന്നും അവര്‍ ഒറ്റക്കല്ലില്‍ പണിതതാണ്‌ ഈ ക്ഷേത്രം എന്നും പറയുന്നു. കോവില്‍ക്കടവില്‍ പാമ്പാറിന്റെ തീരത്താണ്‌ ക്ഷേത്രം. അവിടെ ഒരു ഗുഹാമുഖമുണ്ട്‌. പ്രാചീനലിപികളില്‍ എന്തൊക്കെയോ കല്ലില്‍ കൊത്തിവെച്ചിട്ടുണ്ട്‌. അതുവായിക്കാനായാല്‍ ഗുഹാമുഖം തുറക്കുമത്രേ. ഗൂഹ അവസാനിക്കുന്നത്‌ മുരുകന്റെ പഴനിമലയിലാണുപോലും. ഏതായാലും അടുത്തകാലത്തൊന്നും ആ ശിലാലിഖിതങ്ങള്‍ ആര്‍ക്കും വായിക്കാനായിട്ടില്ല. അളളുകളിലേക്ക്‌ ആര്‍ത്തുവീഴുന്ന പാമ്പാര്‍. അളളുകളുടെ താഴ്‌ച പാതാളം വരെ......അവിടെ ജലകന്യകമാര്‍ വാഴുന്നു. മുമ്പെന്നോ തെങ്കാശിനാഥന്‍ കോവിലിനരികിലെ പ്ലാവില്‍ തൂങ്ങിചാവാന്‍ കൊതിച്ച തമിഴത്തി. കഴുത്തില്‍ കുരുക്കിയ കയര്‍ മുറുകിയില്ല. പുല്ലരിവാള്‍ കൊണ്ടവള്‍ കയററുത്തു. അവളുടെ ശരീരം പാമ്പാറിന്റെ ചുഴികളില്‍ വട്ടം കറങ്ങി, ചുവപ്പ്‌ പടര്‍ന്ന്‌ കൂത്തിലേക്ക്‌ പതിച്ചു.
പിന്നീടോരോ വര്‍ഷവും തെങ്കാശിനാഥന്‍ കോവിലിനു മുന്നിലെ കുത്തില്‍ വര്‍ഷത്തില്‍ ഒന്നോ രണ്ടോ പേര്‍ വീണു മരിക്കുന്നു. ചില്ലുപാറയുടെ കാന്തികശക്തി വലിച്ചടുപ്പിക്കുകയാണ്‌. പുത്തന്‍ ചെരിപ്പ്‌ കാല്‍കഴുകിയിടാന്‍ അച്ഛന്റെ കൈവിടുവിച്ച്‌ പാമ്പാറിലേക്കിറങ്ങിയോടിയകുട്ടി.....ഊരുവിലക്കിയതിന്റെ പേരില്‍ നിറവയറുമായി പാമ്പാറിലേക്കെടുത്തുചാടിയ ഊരുകാരിപ്പെണ്ണ്‌......പാമ്പാറിന്റെ ചുഴികളില്‍, ഗര്‍ത്തങ്ങളില്‍ ജലകന്യകമാര്‍ നീരാടി. അളളുകളിലേക്കു വീഴുന്നവരെ ജലകന്യകമാര്‍ വിഴുങ്ങി. പിന്നെയും എത്രയോപേര്‍.............തെങ്കാശിനാഥന്‍ കോവിലിലെ കാളിയുടെ നട തുറന്നിരുന്നകാലത്ത്‌ പത്തും പ്‌ന്ത്രണ്ടുമൊക്കെയായിരുന്നു മരണം. നട അടച്ചതില്‍ പിന്നെ ഒന്നു രണ്ടുമൊക്കെയായി കുറഞ്ഞിട്ടുണ്ട്‌ എന്ന്‌ ഇവിടത്തുകാര്‍ പറയുന്നു.


അക്കാതങ്കച്ചി മല
നാലുവശവും മലകളാണെങ്കിലും അക്കാതങ്കച്ചി മലയ്‌ക്കാണ്‌ കഥ പറയാനുള്ളത്‌്‌. മുമ്പ്‌ കൂട്ടുകാരികള്‍ വിറകുപെറുക്കാന്‍ കാട്ടില്‍ പോയി. അവര്‍ വിറകുപെറുക്കിക്കഴിഞ്ഞ്‌ ക്ഷീണമകറ്റാന്‍ ഒരു ഗുഹയക്കുള്ളില്‍ കയറി ഇരുന്ന്‌ പേന്‍ പെറുക്കിക്കൊണ്ടിരുന്നു. പേന്‍പെറുക്കിയിരുന്നു അക്കൂട്ടത്തിലെ അനിയത്തിയും ജ്യേഷ്‌ഠത്തിയും ഉറങ്ങിപ്പോയി. കൂട്ടുകാരൊക്കെ വിറകുമായി നടന്നു. അനിയത്തിയേയും ജ്യേഷ്‌ഠത്തിയേയും കാണാതെ അന്വേഷിച്ചു വന്നവര്‍ കണ്ടത്‌ ഗുഹാമുഖം അടഞ്ഞിരിക്കുന്നതാണ്‌.അന്നുമുതല്‍ ആ മലക്ക്‌ അക്കാതങ്കച്ചി മലയെന്നു പേരു വന്നു.

കാലാവസ്ഥ

മൂന്നാറിന്‌ സമാനമായ തണുപ്പ്‌ മറയൂരുമുണ്ട്‌. എന്നാല്‍ മഴ വളരെ കുറവാണ്‌. അത്‌ പുതച്ചിക്കനാല്‍ വഴി തടത്തെ നനക്കുന്നു. പെയ്യുന്നത്‌ അധികവും നൂര്‍മഴയാണ്‌. വര്‍ഷത്തില്‍ 50 സെമി താഴെയാണ്‌ മഴ ലഭിക്കുന്നത്‌. കേരളത്തില്‍ ഇടവപ്പാതി തകര്‍ത്തുപെയ്യുമ്പോള്‍ മറയൂരില്‍ കാറ്റാണ്‌..ആളെപ്പോലും പറത്തിക്കളയുന്നകാറ്റ്‌. ്‌ തുലാമഴയാണ്‌്‌ കൂടുതല്‍.
മലമുകളില്‍ മഴപെയ്യും. നാലു വശവുമുള്ള മലകള്‍ മഴയെ തടഞ്ഞു നിര്‍ത്തും. അതുകൊണ്ട്‌ എപ്പോഴും താഴ്വര മഴ നിഴലിലാഴ്‌ന്നു കിടക്കും. പിന്നെ മഞ്ഞാണ്‌. വര്‍ഷത്തില്‍ അധികവും ഈ കലാവസ്ഥയായതുകൊണ്ട്‌ ശീതകാല പച്ചക്കറിക്കളായ കാരറ്റ്‌, ബീറ്റ്‌ റൂട്ട്‌, കാബേജ്‌, കോളിഫ്‌ളവര്‍, ഉരുളക്കിഴങ്ങ്‌, ഉള്ളി തുടങ്ങിയവ നന്നായി വളരും. കേരളത്തില്‍ ആപ്പിള്‍ വിളയുന്ന ഏക സഥലമാണ്‌ അഞ്ചുനാടുകളിലൊന്നായ കാന്തല്ലൂര്‍...ഈ സവിശേഷ കാലാവസ്ഥകൊണ്ടാവാം ചന്ദനം വളരാനും കാരണം.


തമിഴരും മലയാളികളും ഇടകലര്‍ന്നു ജീവിക്കുന്നു. തമിഴരില്‍ അധികവും കണ്ണന്‍ ദേവന്‍ തോട്ടത്തില്‍ നി്‌ന്ന്‌ പിരിഞ്ഞശേഷം മറയൂരില്‍ താമസമാക്കിയവരാണ്‌. കച്ചവടവും കാലിനോട്ടവുമൊക്കെയായി പലതരത്തില്‍ വന്നവരുമുണ്ട്‌. മലയാളികളില്‍ അധികവും കോളനി കിട്ടിവന്നവരാണ്‌. ജോലികിട്ടി വന്നവരും കുടിയേറി വന്നവരുമുണ്ട്‌.
പട്ടം താണുപിള്ള ഇടുക്കി ജില്ലയിലെ പല ഭാഗങ്ങളില്‍ കോളനി അനുവദിച്ചപ്പോള്‍ അതിലൊന്ന്‌ മറയൂരായിരുന്നു. അന്നു അഞ്ചേക്കര്‍ കോളനികിട്ടിയ പലരും അതുപേക്ഷിച്ചുപോയി. കാലാവസ്ഥയുമായി മല്ലിടാന്‍ വയ്യാതെയും ഉള്ളിയും ഉരുളക്കിഴങ്ങും മാത്രമേ വിളയൂ എന്ന ധാരണയിലുമായിരുന്നു. ഇന്ന്‌ തെങ്ങ്‌ വ്യാപകമായിക്കഴിഞ്ഞു.ഗുണനിലവാരത്തിന്‌ പേരുകേട്ടതാണ്‌ മറയൂര്‍ ശര്‍ക്കര. ഒരിക്കല്‍ കരിമ്പുനട്ടാല്‍ നാലഞ്ചുവര്‍ഷത്തേക്ക്‌ വേറെ ചെടി നടേണ്ട. കരിമ്പുവെട്ടിക്കഴിഞ്ഞാല്‍ വയലില്‍ തീയിടുകയാണ്‌ ചെയ്യുന്നത്‌. പിന്നെ ഒരാഴ്‌ചയോളം വെള്ളം കെട്ടിനിര്‍ത്തും.
കത്തിയ കരിമ്പിന്‍ കുറ്റികള്‍ തളിര്‍ക്കാന്‍ തുടങ്ങും.


അഞ്ചുനാടുകളില്‍ മാത്രമുള്ള കൃഷിരീതിയാണ്‌ പൊടിവിത.
പണ്ട്‌ പണ്ട്‌ രണ്ടയല്‍ക്കാര്‍ തമ്മില്‍ പിണക്കമായിരുന്നു. ഒന്നാമന്‍ തന്റെ വയലില്‍ വിത്തുവിതച്ചു. വിത്തുമുളച്ചുവരുന്നതു കണ്ടപ്പോള്‍ അയല്‍ക്കാരന്‌ സഹിച്ചില്ല. അയാള്‍ തന്റെ കാളയെ വെച്ച്‌ മുളച്ചുവന്ന നെല്ലുമുഴുവന്‍ ഉഴുതുമറിച്ചിട്ടു.
ഒന്നാമന്‍ പരാതിയുമായി നാട്ടുകൂട്ടത്തെ സമീപിച്ചു. നാട്ടുകൂട്ടം സത്യമറിയാന്‍ വന്നപ്പോള്‍ കണ്ടത്‌ ഉഴുതുമറിച്ചിട്ട വയലില്‍ നെല്ല്‌ തഴച്ചു വളരുന്നതാണ്‌. അന്നുതുടങ്ങിയതാണിവിടെ പൊടിവിത.

ചരിത്രമറിയേണ്ടവര്‍ക്ക്‌ അഞ്ചുനാടുകളില്‍ പോകാം. അവരുടെ ആഘോഷങ്ങളും ആചാരങ്ങളും കാണാം. പങ്കുചേരാം...

റോഡുമാര്‍ഗ്ഗം മാത്രമാണ്‌ യാത്ര പറ്റൂ. താമസത്തിന്‌ ധാരാളം ഹോട്ടലുകള്‍ ഇപ്പോഴുണ്ട്‌.

മൂന്നാറിലെത്തുന്ന സഞ്ചാരികള്‍ ഇരവികുളം വരയാട്‌ സങ്കേതവും മാട്ടുപ്പെട്ടിയിലും ഒതുക്കും യാത്ര. ആ യാത്ര മറയൂരിലേക്കുകൂടി നീട്ടിയാല്‍ അതൊരിക്കലും നഷ്ടമാവില്ല. തൂവാനം വെള്ളച്ചാട്ടവും രാജീവ്ഗാന്ധി ദേശീയപാര്ക്കും മറയൂരിന് സമീപമാണ്. തട്ടുതട്ടായ പച്ചക്കറി തോട്ടങ്ങളും കരിമ്പും നെല്‍ വയലുകളും മഞ്ഞും നൂല്‍ മഴയുമൊക്കെയായി മറയൂര്‍ ഒരു സ്വപ്‌നഭൂമി തന്നെയാണ്‌.

ഫോട്ടോ സുനില്‍ കെ ഫൈസല്‍

Wednesday, June 18, 2008

മഞ്ഞച്ചേരയും ഇരുതലമൂരിയും ചില കെട്ടുകഥകളും


'മഞ്ഞച്ചേരകടിച്ചാല്‍ മലയാളത്തില്ലെങ്ങും മരുന്നില്ല 'എന്നൊരു ചൊല്ലുണ്ട്‌. ഇരുതലമൂരിക്ക്‌ രണ്ടുതലയുണ്ടെന്നും. ഏതായാലും ഈ രണ്ടുകാര്യങ്ങളും മുമ്പേ മുതല്‍ നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ പറഞ്ഞു കേള്‍ക്കുന്നതാണ്‌. (മലയാളത്തില്‍, മലനാട്ടില്‍ , മറുനാട്ടില്‍ ഇതിലേതാണ്‌ ശരി? പല സ്ഥലത്തും പലതും പറഞ്ഞു കേള്‍ക്കുന്നു.) ഇവിടെ എഴുതാനുള്ള കാരണവും മറ്റൊന്നല്ല. ഇവിടെ ഒരു പോസ്‌റ്റ്‌ കണ്ടു.

കേരളത്തില്‍ സര്‍വ്വസാധാരണമായി കാണപ്പെടുന്ന പാമ്പാണ്‌ ചേര. മൂര്‍ഖനോട്‌ സാദൃശ്യമുള്ള ഇവ കറുപ്പ്‌, ചാരനിറം മുതല്‍ മഞ്ഞ നിറത്തില്‍ വരെ കാണപ്പെടുന്നു. രണ്ടരമീറ്ററോളം നീളം വെയ്‌ക്കുന്ന ഈ പാമ്പ്‌ ഓട്ടത്തിലും മുമ്പനാണ്‌. ശാസത്രനാമം pytas(Zamenis)mucosus .കേരളത്തിനു പുറത്ത്‌. ഇഷ്ടഭക്ഷണം എലി, തവള, പക്ഷികള്‍ എന്നിവയാണ്‌. എലിയെ തിന്നു നശിപ്പിക്കുന്നതുകൊണ്ടാണ്‌ കര്‍ഷകന്റെ മിത്രം എന്ന്‌ പേരില്‍ ചേര അറിയപ്പെടുന്നത്‌.
പെണ്‍ചേര എട്ടുമുതല്‍ 16 മുട്ടകള്‍ വരെ ഇടുന്നു. ഇണചേരുന്ന കാലത്ത്‌ ആണ്‍ചേര യുദ്ധനൃത്തം ചെയ്യുന്നു. തങ്ങള്‍ ജീവിക്കുന്ന പ്രദേശം സംരക്ഷിക്കുന്നതിനും മറ്റു ആണ്‍ചേരകള്‍ കടന്നു വരാതിരിക്കാനുമാണ്‌ എന്ന്‌ പാമ്പ്‌ നിരീക്ഷകരായ സായി വിറ്റക്കരും റോം വിറ്റക്കറും പറയുന്നു.

വിഷം ഒട്ടുമില്ലാത്ത പാമ്പാണ്‌ ചേര. അളമുട്ടിയാല്‍ ചേരയും കടിക്കും എന്ന്‌ ചൊല്ല്‌ നമുക്കിടയിലുണ്ട്‌. ശരിയാണത്‌. അളമുട്ടിയാല്‍ മാത്രമാണ്‌ ചേരകടിക്കാറ്‌. ചേര കടിക്കാറില്ലാത്തതു കൊണ്ടാവണം മഞ്ഞച്ചേര കടിച്ചാല്‍ മലനാട്ടിലെങ്ങും മരുന്നില്ല എന്നു പറയുന്നതിന്‌ ഒരു കാരണം.
എന്നാല്‍ ചേര കടിച്ച്‌ ചികിത്സച്ചേതടി വന്ന അനുഭവം എനിക്കുണ്ട്‌ . ഇതിലൊന്ന്‌ മഞ്ഞച്ചേരയുടെ കടിയേറ്റുമായിരുന്നു.
ചേരയ്‌ക്ക്‌ വിഷപ്പല്ലുകള്‍ ഇല്ലെങ്കിലും ഉമിനീരില്‍ നേരിയ വിഷമുണ്ട്‌. ചെറിയ ചൊറിച്ചിലും തരിപ്പും ഉണ്ടാകാം. എന്നാല്‍ മരുന്നൊന്നും ആവശ്യമില്ല. തുളസിയിലയും മഞ്ഞളും അരച്ചു പുരട്ടുക.
ഇരുതലമൂരി എന്ന പാമ്പിനെക്കുറിച്ച്‌ തിരുവിതാംകൂര്‍ ഭാഗത്താണ്‌ കൂടുതല്‍ പറഞ്ഞുകേള്‍ക്കുന്നത്‌. രണ്ടുവശത്തും തലയുണ്ടെന്ന്‌ പേര്‌ കേട്ട്‌ തെറ്റിദ്ധരിച്ചേക്കാം. തല ഒന്നേയുള്ളു. എന്നാല്‍ വാല്‍കുറുകി തലയുടെ ആകൃതിയിലാണിരിക്കുന്നത്‌. അതുകൊണ്ടാവണം ഈ പേരില്‍ അറിയപ്പെടുന്നത്‌. വാലും തലയും ഒറ്റനോട്ടത്തില്‍ തിരിച്ചറിയില്ല. ചെറിയ ഇനം പാമ്പാണ്‌. ചുവപ്പ്‌, കറുപ്പ്‌, തവിട്ടു നിറങ്ങളില്‍ കാണപ്പെടുന്നു. ഇതിനും വിഷമില്ല. കുരുടി, മണ്ണൂലി, ഇരട്ടത്തലയന്‍ എന്നൊക്കെ വടക്കോട്ട്‌ പറയുന്നത്‌ ഇരുതലമൂരിക്കാണോ എന്ന്‌ വടക്കര്‍ പറയട്ടെ..
ഏതായാലും മഞ്ഞച്ചേര മലര്‍ന്നോ നിവര്‍ന്നോ ചെരിഞ്ഞോ കടിക്കട്ടെ...മരുന്നിന്റെ ആവശ്യമില്ലാത്തപ്പോള്‍ അതിനെക്കുറിച്ച്‌ ആലോചിക്കണ്ട. ഇരുതലമൂരിയും എങ്ങോട്ടെങ്കിലും പോകട്ടെഇരുതലമൂരിയെക്കുറിച്ച്‌ ഗുപ്‌തനും വിശ്വപ്രഭയും തന്ന വിവരങ്ങള്‍ കൂടി ചേര്‍ക്കുന്നു. പാമ്പുകളെ ഇങ്ങനെ പേടിക്കേണ്ട കേട്ടോ..ഇതിനെ ഹൈറേഞ്ചില്‍ മാത്രമല്ല കോഴിക്കോടും അടുത്തിടെ കണ്ടിട്ടുണ്ട്‌.Eryx Johni (John's earth boa) കൂടാതെ Eryx Conicus (Russel's earth Boa) എന്നൊരു തരം കൂടിയുണ്ട്. ഇതിനെയാണ് മലബാറിൽ മണ്ണൂലിപ്പാമ്പ് (Sand Boa) എന്ന് പറയുന്നത്. പൂഴിപ്പുളയൻ എന്നാണ് ഇതിനെ തൃശ്ശൂരൊക്കെ വിളിക്കുക. രണ്ടറ്റവും കൂർത്ത് വാലോ തലയോ എന്നു കൺഫ്യൂഷൻ ഉണ്ടാക്കും. ശത്രുവിനെക്കണ്ടാൽ വളരെപ്പെട്ടെന്ന് പിടഞ്ഞൊടിഞ്ഞ് പാഞ്ഞുപോവുമ്പോളും വാലേത് തലയേത് എന്നു തിരിച്ചറിയാൻ വിഷമിക്കും.പെണ്ണുങ്ങൾക്ക് ആണുങ്ങളെ അപേക്ഷിച്ച് നീളവും വലുപ്പവും തൂക്കവും വളരെകൂടുതലുണ്ടാവും.

ഫോട്ടോ കടപ്പാട്‌ വിക്കിപീഡിയ...

Sunday, June 8, 2008

പേരില്ലാത്ത ബ്ലോഗെഴുത്തിന്റെ 'ബൂലോഗം'ഒരു പേരിലെന്തിരിക്കുന്നു എന്നു ചോദിച്ചേക്കാം. എന്തിരുന്നാലും ഇല്ലെങ്കിലും ബ്ലോഗര്‍മാരെ സംബന്ധിച്ച്‌ പേര്‌ സ്വാതന്ത്ര്യ പ്രഖ്യാപനമാണ്‌. താനറിയാതെ കിട്ടിയ യാഥാര്‍ത്ഥപേരിനെ ഒന്നു മാറ്റി നിര്‍ത്താന്‍ പറ്റുന്ന സുവര്‍ണ്ണാവസരം.
ബ്ലോഗര്‍മാരില്‍ പലരും എന്തുകൊണ്ട്‌ യഥാര്‍ത്ഥപേരു കൊടുക്കുന്നില്ല എന്നത്‌ എന്നും വിവാദവിഷയമാണ്‌. പലതരം ന്യായങ്ങള്‍ ആവര്‍ത്തിക്കുന്നുമുണ്ട്‌.

വിശ്വപ്രഭ, വിശാലമനസ്‌ക്കന്‍, കണ്ണൂരാന്‍, ഏറനാടന്‍,ഇഞ്ചിപ്പെണ്ണ്‌. തോന്നാസി, അന്യന്‍, മലബാറി, ചിത്രകാരന്‍, ആലുവാവാല തുടങ്ങി എത്ര ബ്ലോഗര്‍മാരാ...പക്ഷേ ഇവരുടെയൊന്നും യഥാര്‍ത്ഥപേരിലല്ല നമ്മള്‍ അറിയുന്നത്‌.
പേര്‌ നമുക്ക്‌ വിലാസം തരുന്നുണ്ട്‌. ജനിച്ച്‌ ഇരുപത്തെട്ടിനോ അമ്പത്താറിനോ ഒരു കൊല്ലം കഴിഞ്ഞോ ഒക്കെ നമ്മുടെ വേണ്ടപ്പെട്ടവര്‍ നല്‌കുന്നതാണ്‌ ആ പേരുകള്‍. വളര്‍ന്നു വരുമ്പോള്‍ മറ്റു പേരുകള്‍ കേള്‍ക്കുമ്പോള്‍ എന്റെ അച്ഛനുമമ്മയ്‌ക്കും ഇടാന്‍ കിട്ടിയ ഒരു പേര്‌ എന്നു തോന്നിപ്പോകും.

സുശീല ദുര്‍ശീലയും ധര്‍മ്മരാജന്‍ ഏറ്റവും വലിയ പിശുക്കനും സന്തോഷ്‌ ദുഖിക്കുന്നവനും ഒക്കെ ആയിരിക്കും. പേരും അതിന്റെ അര്‍ത്ഥവും തമ്മില്‍ വ്യക്തിക്കോ ജീവിതത്തിനോ കാര്യമായ ബന്ധമൊന്നുമുണ്ടാവില്ല.
സദാശിവന്‍ ചിലപ്പോള്‍ കൃഷ്‌ണനായേക്കാം.
പ്രകാശിന്‌ ചേരുന്ന പേര്‌ ശ്യാമ എന്നായിരിക്കും.

ഇപ്പോള്‍ ഇരുപത്തഞ്ചിനും നാല്‌പതിനുമിടയില്‍ പെട്ടവര്‍ക്ക്‌ ചോയിക്കുട്ടി എന്നോ, ദാമോദരന്‍ നായരെന്നോ കാര്‍ത്ത്യായനി എന്നോ പേരുണ്ടെങ്കില്‍ അവരനുഭവിക്കുന്ന സംഘര്‍ഷം വലുതായിരിക്കും. പേരു പറയേണ്ടി വരുമ്പോള്‍ ഒരു മടി. ഈ പേരിട്ട സകല മനുഷ്യരേം തെറി പറഞ്ഞുകൊണ്ടായിരിക്കും പേര്‌ പറയുന്നത്‌. എല്ലാ മതത്തില്‍ പെട്ടവര്‍ക്കും ഈ വ്യത്യാസമുണ്ട്‌. പാത്തൂഞ്ഞും പക്കര്‍കോയയും കുഞ്ഞാലിയും കൊച്ചൗസേപ്പും മറിയാമ്മയും ഒന്നും പുതിയ ഗണത്തിലില്ല.
സ്റ്റുഡന്റ്‌സ്‌‌ ഒണ്‍ലിയിലെ ഗോവിന്ദന്‍കുട്ടിയും മറ്റും തനിക്കു കിട്ടിയ പഴയ പേരിനെ ആസ്വദിക്കുന്നുമുണ്ട്‌.

എഴുപത്തിയഞ്ചുവയസ്സു മുതല്‍ ഇങ്ങോട്ട്‌ പതിനഞ്ചുവര്‍ഷങ്ങള്‍ വീതം എടുത്ത്‌ പേരുകള്‍ പരിശോധിച്ചാല്‍ നമ്മുടെ സാംസ്‌ക്കാരിക മണ്‌ഡലത്തിലുണ്ടായ മാറ്റങ്ങള്‍ മനസ്സിലാക്കാനാകും.
ബാബു, ഷാജി, ഷീജ, ഷീബ തുടങ്ങിയ പേരുകള്‍ കേട്ടാല്‍ അവര്‍ ഏതു മതത്തില്‍പെട്ടവരാണെന്ന്‌ പറയാനാവത്തതായിരുന്നു.
ബിന്ദു, ബിജു, ബിനു, മിനി, സുനില്‍, സതീഷ്‌, പ്രകാശ്‌, അനില്‍ ഇങ്ങനെ കുറേ കുഞ്ഞുപേരുകള്‍ ഇടത്‌, ബംഗാള്‍ സ്വാധീനം അതില്‍ കാണാം.
തൊണ്ണൂറുകളോടെ മതം പേരുകളില്‍ സ്വാധീനം ചെലുത്താന്‍ തുടങ്ങി. എല്ലാമതത്തിനിടയിലും. ഹിന്ദു-മുസ്ലീമില്‍ കുറച്ചു കൂടിയ തോതില്‍.
ആതിര, ധന്യ, സന്ധ്യ, സംഗീതത്തില്‍ നിന്നൊക്കെ മാധവനും കൃഷ്‌ണനും, ഗൗരി, പാര്‍വതി, ജാനകിമാരിലേക്കെത്തി.
മുസ്ലീങ്ങള്‍ക്കിടയില്‍ നവാസും ഷെമീറും റസിയയും സുഹറയുമൊക്കെപോയി കടിച്ചാല്‍ പൊട്ടാത്ത അറേബ്യന്‍ പേരുകള്‍ കടന്നു വന്നു.ഡാമിന്‍ സെബ്‌ലോണ്‍, അമീലിയ ഫ്രെസ, അര്‍ഷക്‌സെയിം,കെന്‍സ്ലാസിം, ലുജൈന്‍ ഇസ്ര മുതലായവ ഈ പേരുകളൊക്കെ വിളിക്കാതെ രക്ഷപെടുന്നത്‌ ഓമനപ്പേരുകളുള്ളതുകൊണ്ടുമാത്രമാണ്‌.
ഇങ്ങനെയൊക്കെ പേരുകള്‍ കടന്നുപോകുമ്പോഴാണ്‌ നമ്മുടെ മലയാളം ബ്ലോഗര്‍മാരില്‍ ഭുരിപക്ഷവും ആണ്‍-പെണ്‍-ജാതി-വര്‍ഗ്ഗങ്ങളൊന്നും തിരിച്ചറിയാത്ത പേരുകളുമായി വരുന്നത്‌. ആണ്‍-പെണ്‍ എന്നുദ്ദേശിച്ചത്‌ സ്‌മിതം, തറവാടി, മാവേലി കേരളം തുടങ്ങിയവരെ ഓര്‍ത്താണ്‌. ദ്രൗപദിയും അതുല്യയുമൊക്കെ പെണ്ണായിപോയതാണ്‌
നമ്മുടെ പേരുകള്‍ നമ്മള്‍ നിശ്ചയിച്ചതല്ല. അത്‌ എങ്ങനെയൊക്കെയോ വന്നുചേര്‍ന്നു.
എന്നാല്‍ ബ്ലോഗില്‍ മറ്റൊരു പേര്‌ കൊടുക്കുമ്പോള്‍ ഇരട്ട വ്യക്തിത്വമല്ലേ എന്ന പഴി കേള്‍ക്കേണ്ടി വന്നേക്കാം. എന്തിനാണ്‌ യഥാര്‍ത്ഥ പേര്‌ മറച്ചുവെയ്‌ക്കുന്നത്‌? എന്തുകൊണ്ട്‌ സ്വന്തം പേര്‌ കൊടുത്തുകൂടാ? ബ്ലോഗര്‍മാര്‍ക്കിടയിലും ബ്ലോഗനക്കാര്‍ക്കിടയിലും ഈ വിവാദം കത്തിപ്പടരുകയാണ്‌.
കേരള ബ്ലോഗ്‌ അക്കാദമിയുടെ മുഖ്യ സംഘാടകരിലൊരാളായ ചിത്രകാരന്‍ ശില്‌പശാലയുമായി ജില്ലതോറും ഓടി നടക്കുന്നതിനിടയില്‍ 'സ്വന്തം പേര്‌ വെളിപ്പെടുത്താത്ത ഒരാളാണോ അക്കാദമിയുമായി നടക്കുന്ന'തെന്ന്‌ വിമര്‍ശനവും കേള്‍ക്കേണ്ടിവരുന്നുണ്ട്‌.
തൊഴില്‍പരമായ പരിമിതികള്‍ മൂലമാണ്‌ ചിലര്‍ ബ്ലോഗില്‍ യഥാര്‍ത്ഥപേര്‌ മറച്ചുവെയ്‌ക്കുന്നത്‌.
സാഹിത്യത്തില്‍ തൂലികാനാമം സ്വീകരിച്ചവര്‍ക്ക്‌ ഇത്രയും വിമര്‍ശനം ഏല്‌ക്കേണ്ടി വന്നിട്ടില്ല. സേതുവും ശിഹാബുദ്ദീന്‍ പൊയ്‌ത്തുംകടവും, ബി. ആര്‍.പി. ഭാസ്‌ക്കറുമൊക്കെ സ്വന്തം പേരില്‍ തന്നെയാണ്‌ ബ്ലോഗെഴുത്തു നടത്തുന്നത്‌. ഇതൊന്നും ആലോചിച്ച്‌ തലപുണ്ണാക്കണ്ട. ഇഷ്‌ടമുള്ള പേരുകള്‍ കൊടുക്കാന്‍ ബ്ലോഗിലെങ്കിലും കഴിഞ്ഞില്ലെങ്കില്‍ പിന്നെ എവിടെ ലഭിക്കാനാണ്‌?
ബ്ലോഗിലൂടെയെങ്കിലും നമുക്കൊരു പേര്‌ സ്വയം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ലഭിക്കുന്നു. അതുകൊണ്ട്‌ തന്നെയാണ്‌ ബ്ലോഗര്‍മാര്‍ ഈ സ്വാതന്ത്ര്യത്തെ ആവോളം ആസ്വദിക്കുന്നതും...

കടപ്പാട്‌ വാരാദ്യമാധ്യമം 01.06.2008
പത്രത്തില്‍ നിന്ന്‌ കള്ളപ്പൂച്ച
എന്ന ബ്ലോഗില്‍ ഇത്‌ എടുത്തു കൊടുത്തിരുന്നു. അതെന്നെ വല്ലാതെ വിഷമിപ്പിച്ചിരുന്നു. സ്വന്തമായി ബ്ലോഗുള്ളപ്പോള്‍ ഒരു ലിങ്ക്‌ പോലുമില്ലാതെ......ഏതായാലും അഞ്‌ജാതന്‍ പോസ്‌റ്റ്‌ ഡിലീറ്റ്‌ ചെയ്‌തു.

Sunday, June 1, 2008

പെണ്‍നോട്ടങ്ങള്‍

നമ്മുടെ സാമൂഹ്യക്രമം ആണിനേ കണ്ണുള്ളു എന്നാക്കി തീര്‍ത്തിട്ടുണ്ട്‌. നിങ്ങളുടെ തോന്നലും അങ്ങനെയൊക്കെ തന്നെയാണ്‌.
ഞങ്ങള്‍ പെണ്ണുങ്ങള്‍ക്കും കണ്ണുണ്ണുണ്ടെന്ന്‌, നോട്ടങ്ങളുണ്ടെന്ന്‌ നിങ്ങള്‍ക്കറിയുമോ?
ആണിനെ കാണുമ്പോള്‍ നോക്കിപ്പോകും.
സുന്ദരനാണല്ലോ എന്നോ തരക്കേടില്ല എന്നോ എന്തിനുകൊള്ളാം എന്നോ മനസ്സില്‍ പറയും. ചിലപ്പോള്‍ സഹപ്രവര്‍ത്തകരോട്‌, കൂട്ടുകാരിയോട്‌ പറയും.


ഞങ്ങളുടെ ബാങ്കില്‍ മാനേജര്‍ മാറി..
'പുതിയ മാനേജറും ഞാനും കണ്ണില്‍ കണ്ണില്‍ നോക്കിയിരിക്കും' എന്ന്‌ അവനോട്‌ പറഞ്ഞപ്പോള്‍
'പിന്നെ ഈ കെളവിയേ നോക്കാന്‍ പോകുവല്ലേ? ' എന്നായിരുന്നു വഷളന്‍ ചിരിയോടെ അവന്‍ തിരിച്ചു പറഞ്ഞത്‌.
നിര്‍ദോഷമായൊരു തമാശയാണെങ്കിലും 'കെളവി എന്ന പ്രയോഗം എന്നെ അസ്വസ്ഥയാക്കി.
യൗവ്വനം കടന്ന്‌ വാര്‍ദ്ധക്യത്തിലെത്താന്‍ പെണ്ണിന്‌ നാല്‌പതൊന്നും ആവണ്ട..മുപ്പതുപോലും ആവണ്ട എന്നല്ലേ അതിന്റെ ധ്വനി.
'ഓ, ഒരു തമാശപറയാനും പാടില്ലേ?' എന്ന അവന്റെ വാക്കുകള്‍ക്കപ്പുറത്ത്‌ എനിക്ക്‌ പലതും പറയാമായിരുന്നു.
അകാലനര പടര്‍ന്നു തുടങ്ങിയ അവന്റെ മുടിയെ നോക്കി 'ശരിക്കും നീയല്ലേ കെളവന്‍' എന്നാണു പറഞ്ഞിരുന്നെങ്കില്‍ അവന്‍ എന്നേക്കാള്‍ അസ്വസ്ഥപ്പെട്ടേനേ...
പുരുഷന്‍ അങ്ങനെയൊക്കെയാണ്‌. അവരുടെ സൗന്ദര്യം ഒരിക്കലും അസ്‌തമിക്കില്ലെന്നും പെണ്ണുങ്ങള്‍ ഒരു പ്രായം കഴിഞ്ഞാല്‍ ഒന്നിനും കൊള്ളാത്തവരാണെന്നും കരുതിപ്പോകും ചിലപ്പോള്‍.
ഒന്‍പതാംക്ലാസ്സില്‍ പഠിക്കുമ്പോഴാണ്‌ അയല്‍വക്കത്ത്‌ അകാലവാര്‍ദ്ധക്യം ബാധിച്ച ആലീസുചേച്ചിയും കുടുംബവും താമസിക്കാനെത്തിയത്‌.

ഒട്ടിയകവിളും ഉന്തിയ കണ്ണുകളും മുടിമുക്കാലും നരച്ച്‌ ശരിക്കും വൃദ്ധരൂപം തന്നെയായിരുന്നു അവര്‍. എന്നാലും ആ മുടിയില്‍ സ്ലൈഡുകുത്തി തിളങ്ങുന്ന ലേസുകൊണ്ട്‌ മുടി കെട്ടിയിരുന്നു അവര്‍.
ആലീസുചേച്ചിയും അവരുടെ സുന്ദരനായ ഭര്‍ത്താവും ഞങ്ങള്‍ നാട്ടുകാര്‍ക്ക്‌ കൗതുകമായിരുന്നു. മക്കള്‍ അവരുടെ മക്കളാണെന്നുപോലും തോന്നുമായിരുന്നില്ല.
പരിചയമായി കുറച്ചു കഴിഞ്ഞപ്പോള്‍ അവര്‍ തുണിപ്പെട്ടിയില്‍ നിന്ന്‌ പഴയ ചില ഫോട്ടോകള്‍ എടുത്തുകാണിച്ചു. പത്തുവര്‍ഷം മുമ്പ്‌ തന്റെ ഇരുപാതാമത്തെ വയസ്സില്‍ അതിസുന്ദരിയായിരുന്നു എന്നു കാണിക്കാനായിരുന്നു അത്‌. ദൈവത്തോട്‌ ഒരുപാട്‌ അടുത്തുനില്‌ക്കുകയും എപ്പോഴും പ്രാര്‍ത്ഥിച്ചുമാണ്‌ ആലീസുചേച്ചി സുന്ദരനായ ഭര്‍ത്താവിനും മക്കള്‍ക്കുമിടയില്‍ ജീവിച്ചത്‌.
ഞാന്‍ നിലക്കണ്ണാടിക്കു മുന്നില്‍ പോയി നിന്നു. കണ്ണും നെറ്റിയും മുഖവും സസ്‌മൂഷം പരിശോധിച്ചു. മുടി മുന്നോട്ടിട്ട്‌ പരതി. വെളുത്ത നാരുകള്‍ എവിടെയെങ്കിലും.....ഇല്ല...
സമാധാനം. അപ്പോള്‍ ആലീസുചേച്ചി എങ്ങനെയൊക്കെ ചിന്തിച്ചിരിക്കാം.... അന്ന്‌ മുപ്പതിലെത്തിയ അവരേയും ഇന്നത്തെ എന്നേയും താരതമ്യപ്പെടുത്തി നോക്കി.

പിന്നെയും കിഴവി ഓടിയെത്തി.
ഉണ്ണി. ആര്‍ എഴുതിയ ആനന്ദമാര്‍ഗ്ഗം വായിച്ച അമ്പത്തിമൂന്നുകാരി ആ കഥയിലെ ഒരു കാര്യമാണ്‌്‌ എടുത്തു പറഞ്ഞത്‌. ഞങ്ങള്‍ പെണ്ണുങ്ങള്‍ ടൂര്‍ പോകുന്നു എന്നു പറയുമ്പോള്‍ പെണ്ണുങ്ങളോ കെളവികള്‍ എന്നു പറയുന്ന ഒരു കഥാപാത്രം അതിലുണ്ട്‌. എല്ലാ പുരുഷന്മാരും ആ കഥാപാത്രത്തെപ്പോലെയാണെന്ന്‌്‌ ദേഷ്യത്തോടെയും സങ്കടത്തോടെയും അവര്‍ പറഞ്ഞു.

ചിലപ്പോള്‍ പെണ്ണുങ്ങള്‍ ചെറുപ്പത്തില്‍ തന്നെ കിളവികളാകും ആണിന്‌. എന്നാല്‍ മറ്റു ചിലപ്പോള്‍ പെണ്ണിന്റെ നടപ്പും എടുപ്പും നോക്കി നില്‌ക്കും. വികാരപരവശനാകും. നാലുപേരോട്‌ പറഞ്ഞു രസിക്കും. അതുകൊണ്ടൊക്കെ ചിലര്‍ തന്റെ ഭാര്യയേയും പെങ്ങളേയും കള്ള നോട്ടങ്ങളില്‍ നിന്നു രക്ഷിക്കാന്‍ കവചങ്ങള്‍ക്കുള്ളിലാക്കും. അന്നുവരെ രക്ഷാകവചങ്ങള്‍ക്കുള്ളില്‍ പെടാതിരുന്നവരും അതിനുള്ളിലെ സ്വാതന്ത്യത്തെക്കുറിച്ച്‌ വാചാലയാകും. നോട്ടങ്ങളില്‍ നിന്ന്‌ രക്ഷപ്പെടുന്നതിനെക്കുറിച്ച്‌ പ്രസംഗിക്കും.

നമ്മുടെ സാമൂഹ്യക്രമം ആണിനേ കണ്ണുള്ളു എന്നാക്കി തീര്‍ത്തിട്ടുണ്ട്‌. നിങ്ങളുടെ തോന്നലും അങ്ങനെയൊക്കെ തന്നെയാണ്‌.

ഞങ്ങള്‍ പെണ്ണുങ്ങള്‍ക്കും കണ്ണുണ്ണുണ്ടെന്ന്‌, നോട്ടങ്ങളുണ്ടെന്ന്‌ നിങ്ങള്‍ക്കറിയുമോ?
ആണിനെ കാണുമ്പോള്‍ നോക്കിപ്പോകും.
സുന്ദരനാണല്ലോ എന്നോ തരക്കേടില്ല എന്നോ എന്തിനുകൊള്ളാം എന്നോ മനസ്സില്‍ പറയും. ചിലപ്പോള്‍ സഹപ്രവര്‍ത്തകരോട്‌, കൂട്ടുകാരിയോട്‌ പറയും.
ബാങ്കില്‍ വന്ന ചെറുപ്പക്കാരനായ ഇടപാടുകാരനെ നോക്കി കൂട്ടുകാരി പറഞ്ഞു.
'ലാലുന്റെ ചുണ്ടുനോക്ക്‌ പെങ്കുട്ട്യോള്‍ടെ ചുണ്ടുപോലെ'....
അതുകേട്ട്‌ ഞങ്ങള്‍ ആര്‍ത്തു ചിരിച്ചു.
ഇത്‌ ഇന്നലെ തുടങ്ങിയ ഏര്‍പ്പാടൊന്നുമല്ല. പത്തുപന്ത്രണ്ടുവയസ്സു മുതല്‍ തുടങ്ങിയതാണ്‌.
ചിലരുടെ നടപ്പ്‌, ഭാവങ്ങള്‍, ചിരി, താടി, മീശ, നോട്ടങ്ങള്‍ എല്ലാം ഞങ്ങളുടേതായ സ്വകാര്യലോകത്തുവെച്ച്‌ കെട്ടഴിഞ്ഞു പുറത്തുവരും. ചിലരുടെ സംസാരമോ നടപ്പോ ഭാവങ്ങളോ കൂട്ടുകാരെ അനുകരിച്ചുകാണിച്ചെന്നിരിക്കും. നിങ്ങളില്ലാത്ത ഒരു സ്വകാര്യലോകം ഞങ്ങള്‍ക്കിടയിലുണ്ട്‌. അവിടെ അത്ര മര്യാദക്കാരികളൊന്നുമല്ല ഞങ്ങള്‍. അശ്ലീലം പറഞ്ഞെന്നും വരും. ഉറക്കെ ചിരിച്ചെന്നിരിക്കും. ഒന്നു കൂവിയെന്നിരിക്കും.

ശരീരത്തൊട്ടി കിടക്കുന്ന ചുരിദാറിനെക്കുറിച്ചോ, സാരിയുടെ ഇടയിലെ നഗ്നതയേക്കുറിച്ചോ മോലൊട്ടിക്കിടക്കുന്ന പര്‍ദ്ദയെക്കുറിച്ചോ നിങ്ങള്‍ അശ്ലീലത്തിലോ ശ്ലീലത്തിലോ നോട്ടമെറിയുകയും പറയുകയും ചെയ്യുമ്പോള്‍...ഓര്‍ക്കുക. ഞങ്ങളും നോക്കുന്നുണ്ടെന്ന.്‌
മുണ്ടോ പാന്‍സോ ജീന്‍സോ നല്ലതെന്ന്‌. മുണ്ടുമടക്കിക്കുത്തുമ്പോള്‍ മുട്ടിനു മുകളിലേക്ക്‌ അറിയാതെയെങ്കിലും നോക്കിപോകുന്നതിനെ കുറിച്ച്‌. അമ്മ, പെങ്ങള്‍, മകള്‍, ഭാര്യ ആരുടെ മുന്നിലും നിങ്ങള്‍ ഷര്‍ട്ടിടാതെ ഉലാത്തും. മുമ്പൊരിക്കല്‍ കൂട്ടുകാരി പറഞ്ഞു അടുത്ത വീട്ടിലെ ചേട്ടന്‍ ഷര്‍ട്ടിടാതെ കുട്ടിയെ കൈമാറുമ്പോള്‍ അവള്‍ക്കൊരു മിന്നലുണ്ടായത്രേ!
ജൈവപരമായി നമുക്കിടയില്‍ ഒരുപാടു വ്യത്യാസങ്ങളുണ്ട്‌. പക്ഷേ, നിങ്ങള്‍ കുന്നിന്‍ മുകളിലും ഞങ്ങള്‍ മലകയറാന്‍ വയ്യാതെ താഴ്വാരത്താണ്‌ നില്‌ക്കുന്നതെന്നുമുള്ള തോന്നലുണ്ടെങ്കില്‍ അത്‌ കുട്ടിത്തം നിറഞ്ഞതും യുക്തിരഹിതവുമാണ്‌.
ഞങ്ങളുടെ ചിന്തകളില്‍ നിങ്ങളുണ്ട്‌. ഞങ്ങളുടെ നോട്ടങ്ങള്‍ നിങ്ങളെ പിന്തുടരുന്നുമുണ്ട്‌. നോട്ടങ്ങളെ അംഗീകരിക്കാന്‍ വയ്യെങ്കില്‍ ഒരു രക്ഷാകവചം നിങ്ങളുമണിയണം.

എന്തൊക്കെയായാലും ചെറുപ്പത്തിലെ കിളവികള്‍ എന്ന വിളി കേള്‍ക്കേണ്ടിവരും.
ഈ വിളി കേള്‍ക്കുമ്പോള്‍ ഞാനെന്റെ നഷ്‌ടപ്പെട്ട പത്തുപതിനാറു വര്‍ഷങ്ങളെയോര്‍ത്തു പരിതപിക്കുന്നു. തന്നത്താന്‍ മുടിചീകികെട്ടാനും ഉടുപ്പിടാനും തുടങ്ങിയതില്‍ പിന്നെ എത്രമാത്രം വികൃതമായാണ്‌ നടന്നത്‌. ഇളം നിറങ്ങള്‍ക്കുപുറകേ പോയി ഞാനെന്റെ കൗമാരവും യൗവ്വനവും കളഞ്ഞോ?..വിവാഹത്തിനുപോലും ബ്യൂട്ടിപാര്‍ലറില്‍ പോകാത്ത ഞാന്‍ ചിക്കന്‍പോക്‌സിന്റെ കലകളെ പോലും വേഗം മാച്ചുകളയാന്‍ മിനക്കെടാഞ്ഞത്‌ എന്തിനായിരുന്നു?

കിഴവി എന്ന വാക്കുകേള്‍ക്കുമ്പോഴാണ്‌ ചില വിചാരങ്ങള്‍ എന്നെ കൂട്ടത്തോടെ ആക്രമിക്കുന്നത്‌.

അപ്പോള്‍ ഞാനെന്റെ കൊച്ചുസ്വര്‍ണ്ണക്കമ്മല്‍ അഴിച്ചുവെച്ച്‌ ലോലാക്ക്‌ തൂക്കുന്നതിനേക്കുറിച്ചോര്‍ക്കുന്നു.

മാതൃഭൂമി വാരാന്തപ്പതിപ്പ്‌‌ 01.06.2008

മാതൃഭൂമി വാരാന്തപ്പതിപ്പില്‍ വന്ന കത്തുകള്‍ ഇവിടെവായിക്കാം