Tuesday, September 18, 2012

കണ്ണിത്തുള്ളികള്‍

കുഞ്ഞുന്നാളില്‍, മഴ ചോര്‍ന്നൊലിക്കുന്ന പുല്ലുവീട്. മഴവെളളം കുടിച്ച മണ്‍കട്ടകള്‍..പറമ്പിലെവിടെയും ഉറവകള്‍..ഉറവകള്‍ ചേര്‍ന്ന് കൈത്തോടുകള്‍..കൈത്തോട്ടിലും ഉറവകളിലും നടന്ന് വെള്ളം തെറുപ്പിച്ചു.
ചിലപ്പോള്‍ തെന്നിക്കിടന്ന പാറച്ചെരുവലൂടെ മുകളിലേക്ക്..കടുംവയലറ്റ് പാറപ്പച്ചയുടെ മാംസളമായ ഇലപൊട്ടിച്ച് വെള്ളം കണ്ടു. പാറയിലേക്ക് ഞാന്നു കിടന്ന കണ്ണിത്തുള്ളികള്‍ പൊട്ടിച്ച് നാവില്‍ വെച്ച് കണ്ണില്‍വെച്ച് തണുപ്പറിഞ്ഞു.

ഇന്നും ചില ഇടവഴികളിലൂടെ കടന്നുപോകുമ്പോള്‍ കുഞ്ഞാവുന്നു. കയ്യാലകളിലെ പുല്ലില്‍ ഞാന്നു കിടക്കുന്ന കണ്ണിത്തുള്ളികളെ കണ്ണില്‍ വെയ്ക്കുന്നു

3 comments:

Myna said...


കണ്ണിത്തുള്ളികള്‍

Echmukutty said...

‘കണ്ണീർത്തുള്ളി കണ്ണിലെഴുതി തരട്ടെ?’ പച്ചച്ച വള്ളിയുടെ അറ്റത്ത് മൂക്കുത്തി പോലെ തൂങ്ങിയാടുന്ന കൊഴുത്ത വെള്ളത്തുള്ളി കരുതലോടെ പിടിച്ചുകൊണ്ട് അവൻ ചോദിച്ചു. ‘എന്ത്നാ, എന്റെ കണ്മഷി പടരില്ലേ, അപ്പോ എന്റെ ഭംഗ്യൊക്കെ പോയാലോ, നിയ്ക്ക് വേണ്ട.’
‘ഹ, ഹ മഷിയാ അപ്പോ ഭംഗി ല്ലേ, കണ്ണീർത്തുള്ളി എഴുതിയാ കുളിരുണ്ടാവും പെണ്ണേ, ഞാനെഴുതി തരാം. നീയിങ്ങട് വാ’ നാലാം ക്ലാസ്സിലെ മഴക്കാലത്തായിരുന്നു അത്.

ഒരില വെറുതെ said...

ഓര്‍മ്മ തന്നെയാവും
ഇപ്പോഴും ജീവിപ്പിക്കുന്നത്.
കണ്ണിത്തുള്ളികളുടെ നന്‍മയാവണം
ഈ കെട്ട കാലത്തും ഉയിരേകുന്നത്.