Monday, September 10, 2012

ചുരം

ചുരമെന്നാല്‍ കൂട്ടുകാരന്റെ കത്തുകളായിരുന്നു.  ചുരം കയറിയാലുള്ളതും അതിലുണ്ടായിരുന്നു.  ഓരോ തവണയും കത്തിലെ വരികളെന്നെ മോഹിപ്പിച്ചു.  ഒന്‍പത് മുടിപ്പിന്‍ വളവുകള്‍..കാട്...മഞ്ഞിനിടയില്‍ ചെമ്പ്ര. എടക്കല്‍..താടകയെപ്പോലെ മലര്‍ന്ന് അമ്പുകുത്തിമല..മുത്തങ്ങ, നൂല്‍പ്പുഴ, തിരുനെല്ലി, തോല്‍്‌പ്പെട്ടി..സാഹസയാത്രയ്‌ക്കൊരുങ്ങിക്കോളാന്‍ പറഞ്ഞ് സൂചിപ്പാറയും പക്ഷിപാതാളവും....അനേകം ദ്വീപുകള്‍ കാടുകള്‍ എന്ന് കുറവാ..മുളങ്കാടുകളുടെ കച്ചേരി...
കത്തു തുടര്‍ന്നു.
ചുരം കയറാന്‍ വല്ലാതെ കൊതിച്ചു. 
പക്ഷേ, ആദ്യയാത്രയില്‍ രാത്രിയായിരുന്നു.  ഉറക്കമായിരുന്നു.  പാണ്ടിമുല്ലയുടെ വാടിയ മണമായിരുന്നു ഞങ്ങള്‍ക്കു ചുറ്റും.  ഉറക്കമായിരുന്നിട്ടും അവനെങ്ങനെ അറിഞ്ഞെന്നറിയില്ല. 
ചുരമെത്തി- വിളിച്ചുണര്‍ത്തി. 
ഒന്നും മനസ്സിലായില്ല.  ചുറ്റും ഇരുട്ടുമാത്രം.  എന്താണ് ചുരമെന്ന് അറിഞ്ഞതേയില്ല. വിനോദത്തിനു മാത്രമായിട്ട്  യാത്രകള്‍ അപൂര്‍വ്വമായതുകൊണ്ട് കത്തിലെ വരികള്‍ മാത്രം ഇപ്പോഴും മോഹിപ്പിച്ചുകൊണ്ട് എവിടെയോ ഇരിക്കുന്നു. 
വീട്
ഒരു ദൂരക്കാഴ്ചയും തരാത്തതായിരുന്നു. ചുറ്റും കുരുമുളകു പടര്‍ന്ന ആകാശം മറച്ച കാറ്റാടി മരങ്ങളും പ്ലാവുകളുമായിരുന്നു.  വെയില്‍, ഏറെ വൈകിമാത്രം മുറ്റത്തേക്ക് എത്തി നോക്കി.

ഇപ്പോള്‍ അവധി ദിവസങ്ങളില്‍ ചുരം കയറുന്നു.  ആകെ കാടുകാണുന്നത് അപ്പോഴാണ്. ബസ്സില്‍ നിന്നിറങ്ങി നടക്കാന്‍ തോന്നും..കാട്ടിലൂടെ..തണുത്ത ഇലകളിലൂടെ..
എപ്പോഴാണാവോ അലക്കൊഴിഞ്ഞ് കാശീയാത്രപോലെ...
അറിയില്ല. 

2 comments:

Myna said...

ഇപ്പോള്‍ അവധി ദിവസങ്ങളില്‍ ചുരം കയറുന്നു. ആകെ കാടുകാണുന്നത് അപ്പോഴാണ്. ബസ്സില്‍ നിന്നിറങ്ങി നടക്കാന്‍ തോന്നും..കാട്ടിലൂടെ..തണുത്ത ഇലകളിലൂടെ..

Echmukutty said...

നമ്മള്‍ക്ക് ഒന്നിച്ചു പോവാം ,മൈനേ...ഞാന്‍ പോയിട്ടുണ്ട്.....ഇവിടെയൊക്കെ....ഏതോ പുരാതന കാലത്ത്....

ഈ കുറിപ്പിനു നന്ദി. അതിന്‍റെ സൌന്ദര്യത്തില്‍ ആനന്ദം.......