
അടുത്തിടെയാണ് മാതൃഭൂമി ആഴ്‌ചപ്പതിപ്പില്‍ 'ഞാന്‍ ആര്‍ എസ് എസ്സുകാരനായിരുന്നു' എന്ന് കുറ്റസമ്മതം നടത്തിക്കൊണ്ട്
ഉണ്ണി 'വിചാരധാര' എന്ന ലേഖനമെഴുതിയത്. എന്തിനായിരുന്നു ഈ കുറ്റസമ്മതം എന്ന ചോദ്യത്തിന് ഉത്തരം തന്നതിനൊപ്പം എന്നോടൊരു ചോദ്യമുണ്ടായിരുന്നു. ആ ലേഖനത്തെ മൈന എങ്ങനെ കാണുന്നു എന്ന്. അതിനുള്ള ഉത്തരം അപ്പോള്‍ പറഞ്ഞില്ലെങ്കിലും ഇവിടെ കൊടുക്കുന്നു. ആ ലേഖനത്തിന്റെ ഒടുക്കം ഉണ്ണി തന്നെയെഴുതിയിട്ടില്ലേ..." ...ഭീഷണമായ വര്‍ത്തമാനകാലത്തില്‍ എങ്ങനെയാണ് സംവദിക്കേണ്ടതെന്ന് അറിയാതെ പോകുന്ന നിസ്സഹായമായ അവസ്ഥയുണ്ട്. ഒരു പക്ഷേ, എന്റയീ ഓര്‍മകള്‍ ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാകാം. അറിയില്ല. ഡോണ്‍ക്വിക്‌സോട്ടിന്റെ ഏകാന്തസൗന്ദര്യം ഇഷ്ടപ്പെടുന്ന എന്നെപ്പോലൊരാള്‍ക്ക് എന്റെയുള്ളിലെ ഹിന്ദുത്വം നല്‌കുന്ന സുരക്ഷിതമായ പ്രലോഭനത്തിന്റെ കാറ്റാടിയന്ത്രങ്ങളോട് യുദ്ധം ചെയ്‌തേ മതിയാവൂ. ...ഓരോ പ്രാര്‍ത്ഥനയും സഹജീവിക്കുനേരെ സ്‌നേഹത്തോടെ മുഖമുയര്‍ത്തുനുള്ള ശ്രമമാണ്. എന്റെ ദൈവങ്ങള്‍ ഒരാളെയും ഉന്മൂലനം ചെയ്യാന്‍ പറയുന്നില്ല..." പൂര്‍ണ്ണമായും യോജിക്കുന്നു.
നമ്മള്‍ പലപ്പോഴും നിശബ്ദരായിരിക്കുന്നതാണ് വലിയ പ്രശ്‌നമെന്ന് തോന്നിയിട്ടുണ്ട്. കടുത്ത മൗനംകൊണ്ട് സുരക്ഷിതരാവാന്‍ ശ്രമിക്കുന്നവരാണ് എല്ലാവരും. വിശ്വാസത്തെ സ്വകാര്യതയില്‍ നിന്ന് പൊതു നിരത്തിലേക്കിറക്കുമ്പോള്‍ ഇവിടെയൊരു liberal space ആഗ്രഹിക്കുന്നവര്‍ വല്ലാത്ത സമ്മര്‍ദ്ദത്തിലാകുന്നുണ്ട്. എങ്ങനെയെങ്കിലും ശബ്ദിക്കുക എന്നതു മാത്രമാണ് പോം വഴി
? 'ഞാന്‍ ആര്‍ എസ് എസ്സുകാരനായിരുന്നു' എന്ന് കുറ്റസമ്മതം നടത്തിയല്ലോ..എന്തായിരുന്നു അതിനു പിന്നില്‍?
=തീവ്രവാദികളെന്ന് സംശയിച്ച് കണ്ണൂരു നിന്ന് ഒന്നുരണ്ടുപേരെ പോലീസ് അറസ്‌റ്റു ചെയ്‌ത ദിവസം വൈകിട്ട് സുഹൃത്തുമായി സംസാരിച്ചിരിക്കുമ്പോഴാണ് കമല്‍റാം സജീവ് ഒരു ലേഖനത്തിനുവേണ്ടി എന്നെ ഫോണില്‍ വിളിക്കുന്നത്. ആ സമയത്താണ് എന്റെ സുഹൃത്തിനെ തീവ്രവാദിബന്ധമുണ്ടെന്ന് ആരോപിച്ച് ഇന്റലിജന്‍സില്‍ നിന്ന് വിളിക്കുന്നതും. അവന്റെ ഫോണിലേക്ക് ഒരുപാട് ഇന്റര്‍ നാഷണല്‍ കോളുകള്‍ വരുന്നുണ്ടത്രേ! മുസ്ലീം ആയ അവനെ എനിക്ക് വര്‍ഷങ്ങളായറിയാം. ഒരു തീവ്രവാദികളുമായി ബന്ധമില്ലെന്നുമറിയാം. വീണ്ടും അവര്‍ വിളിച്ചു. എന്റെ സുഹൃത്തിന്റെ നിരപരാധിത്വം തെളിയിക്കാന്‍ ഞാന്‍ തിരിച്ചു വിളിക്കുകയായിരുന്നു. ഒരു ഹിന്ദു സുഹൃത്ത് തമാശയായിട്ട് ചെയ്‌ത പണിയായിരുന്നു അതെങ്കിലും അതെന്നെ വല്ലാതെ വേദനിപ്പിച്ചു. മുസ്ലീം പേരുകൊണ്ടുമാത്രം ഒരു സമൂഹം ഭയന്നു ജീവിക്കുകയും ഹിന്ദുവായിരിക്കുന്നതുകൊണ്ട് ഞാനനുഭവിക്കുന്ന സുരക്ഷിതത്വവും എന്നെ ചിന്തിപ്പിച്ചു...
ഈ കാലത്ത് ഇങ്ങനെയൊരു കുറ്റസമ്മതിത്തിന് പ്രസക്തിയുണ്ടെന്നു ഞാന്‍ കരുതുന്നു. ഞാന്‍ കണ്ടതില്‍ വെച്ച് നമ്മുടെ ജനറേഷന്‍ കണ്ട ഏറ്റവും മിടുക്കനായ ഒരു എഡിറ്റര്‍ ആണ് കമല്‍റാം സജീവ്. ഒരു എഴുത്തുകാരനെക്കൊണ്ട് എന്തെങ്കിലും സെന്‍സേഷണല്‍ ലേഖനം എഴുതിച്ച് മാതൃഭൂമിയുടെ വില്‌പനകൂട്ടേണ്ട ആവശ്യമൊന്നും കമല്‍റാമിനുണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നില്ല. ഇങ്ങനെ ഒരു അനുഭവം എഴുതാമെന്നു പറഞ്ഞപ്പോള്‍ അതിനെ അതിന്റെ എല്ലാ സ്‌പിരിറ്റോടും കൂടിയാണ് കമല്‍റാം തിരിച്ചറിഞ്ഞത്. ഈ ലേഖനം ആരെങ്കിലുമൊക്കെ വായിച്ചിട്ടുണ്ടെങ്കില്‍ അതില്‍ വലിയ പങ്ക് കമല്‍റാമിന്റേതാണ്
? മലയാളകഥാചരിത്രത്തില്‍ അടയാളപ്പെടുത്തേണ്ട് കഥയാണ് " കാളിനാടകം " എന്നു തോന്നിയിട്ടുണ്ട്. ശ്രീനാരായണ ഗുരു ബ്രഹ്മചാരിയായിരുന്നോ എന്ന് കാളിയമ്മയുടെ ചരിത്രമെഴുതുന്നതിലൂടെ അവതരിപ്പിക്കുകയാണല്ലോ..എന്തായി രുന്നു എഴുതാനുള്ള സാഹചര്യം? വായനക്കാര്‍ ഈ കഥയെ എങ്ങനെ സ്വീകരിച്ചു?
=നമ്മുടെ നവോത്ഥാന ചരിത്രത്തില്‍ പ്രധാനപങ്കുവഹിച്ചവരാണ് ശ്രീനാരയണ ഗുരുവും , എ കെ ജിയും, വി. ടി ഭട്ടതിരിപ്പാടും. എ കെ ജിയുടേയും, വി. ടി ടേയും ആദ്യഭാര്യമാരെപ്പറ്റിയും, ബ്രഹ്മചാരിയായിരുന്നു എന്ന് നാം പറയുന്ന ഗുരുവിന്റെ ഭാര്യയെക്കുറിച്ചും മൂന്നു വ്യത്യസ്‌ത കഥകളെഴുതണമെന്നാണ് ഞാനാദ്യം വിചാരിച്ചത്. കാരണം ചരിത്രം മറന്നു കളഞ്ഞ മൂന്നു സ്‌ത്രീകളാണവര്‍. പിന്നീടുള്ള ആലോചനയില്‍ എ കെ ജിയുടേയും, വി. ടി ടേയും ഭാര്യമാരെക്കുറിച്ചുള്ള കഥ എഴുതേണ്ട എന്ന് തീരുമാനിച്ചു. കഥ കാളിയമ്മയിലേക്ക് മാത്രമായി ചുരുങ്ങി. ശ്രീനാരയണ ഗുരു എഴുതിയ കാളിനാടകം വായിച്ചുകൊണ്ടിരിക്കുമ്പോഴാണ് കാളിയമ്മയും കാളിനാടകവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഞാനാലോചിച്ചത്. കാളി നാടകത്തിന്റെ അവസാനഭാഗത്ത് സ്‌ത്രീ ശരീരത്തോടുള്ള ഗുരുവിന്റെ ഭയം കാണാം. പിന്നീട് ഈ കഥക്കുവേണ്ടി ഒരുപാട് അദ്ധ്വാനിച്ചു. കാളിയമ്മ ആത്മകഥ എഴുതിയിട്ടില്ല. കാളിയമ്മയുടെ ജീവചരിത്രവുമില്ല. ആ കാലവും അവരെയും റീ ക്രിയേറ്റ് ചെയ്യേണ്ടി വന്നു. എഴുത്തിന്റെ സുഖകരമായ പ്രയത്‌നമായിരുന്നു അത്.
വായനക്കാരെന്ന വലിയ ആള്‍ക്കുട്ടത്തെ എനിക്കറിയില്ല. ഇപ്പോഴും ഇങ്ങനെ ഒരു എഴുത്തുകാരനുണ്ടോ എന്ന് അത്ഭുതത്തോടെ ചോദിക്കുന്നവരുമുണ്ട്. അതൊരിക്കലും എന്നെ വേദനിപ്പിക്കില്ല. കാരണം ഞാന്‍ ആള്‍ക്കൂട്ടത്തിന്റെ എഴുത്തുകാരനല്ല. എന്റെ കഥകള്‍ക്കു അവരെ പിടിച്ചിരുത്താനുള്ള കഴിവും ഉണ്ടാവില്ല. പക്ഷേ, വളരെ കുറച്ചു വായനക്കാര്‍ എവിടെയൊക്കെയോ ഇരുന്ന് ഈ കഥകള്‍ വായിക്കുന്നുണ്ട്. അപ്രതീതീക്ഷിതമായി അവര്‍ മുന്നില്‍ വന്നുപെടുമ്പോള്‍ ചില നല്ല വാക്കുകള്‍ കേള്‍ക്കാം. അവരില്‍ പലരും കാളിനാടകം നല്ലതാണെന്നൊക്കെ പറഞ്ഞിട്ടുണ്ട്. പിന്നെ ആ കഥയെഴുതിയ ആളാണെന്ന നില്‌ക്ക് അതു വലിയ കുഴപ്പമില്ലാത്ത കഥയാണെന്നു തോന്നിയിട്ടുണ്ട്.
കൂടുതല്‍ നാട്ടുപച്ചയില്‍
എന്റെ രാജകുമാരിമാര്‍ - പി.ടി.മുഹമ്മദ് സാദിഖ്
ഞാന്‍ കീശയില്‍ നിന്ന് പ്രണയ ലേഖനം എടുത്തു അവള്‍ക്ക് കൊടുത്തു. കൈയ്‌ക്ക് നേരിയ വിറയല്‍ ഉണ്ടായിരുന്നുവോ? അവള്‍ കാണിച്ച അടുപ്പവും സ്വാതന്ത്ര്യവുമാണ് അത്രയും ധൈര്യമായി
കന്യാസ്‌ത്രീ- സ്‌ത്രീ, തൊഴില്‍,വിശ്വാസം - സില്‍വിയ തോമസ്
ദാരിദ്ര്യം, അനുസരണ, ബ്രഹ്മചര്യം എന്നിവ ജീവിതവ്രതമാക്കി ദൈവത്തിനും സഭയ്‌ക്കും വേണ്ടി ജീവിക്കുന്നവരാണ് കന്യാസ്‌ത്രീകള്‍. മഠത്തില്‍ ചേരുക എന്നത് വിശ്വാസത്തിന്റെ ഭാഗമാണ്.
ശ്രീദേവിയെ നിങ്ങള്‍ക്കറിയാം. പക്ഷേ... - നിബ്രാസുല്‍ അമീന്‍
മലപ്പുറത്ത് കുറച്ച് ഉള്‍നാട്ടിലൊരു ശ്രീദേവിയുണ്ട്. 45വയസ്സ് പ്രായമുണ്ടാകും. 4 പെണ്‍കുട്ടികള്‍, ഭര്‍ത്താവില്ല, വീടും മറ്റു അടുത്ത ബന്ധുക്കളും........... ആരുമില്ല. അകന്ന ഒരു ബന്ധുവിന്റെ വീട്ടില്‍ താമസം! ഉം...............അതിനെന്താ?
നിങ്ങള്‍ നൃത്തം ചെയ്യാറുണ്ടോ? - ഷാ
ആധുനീക മനുഷ്യനും നൃത്തം അനിവാര്യമാണ്. പിന്നെന്തുകൊണ്ട് നമ്മുടെ സ്ത്രീപുരുഷന്‍മാര്‍ക്ക് സ്വന്തം ജീവിതത്തില്‍ നൃത്തം ചെയ്യാനാവുന്നില്ല!?
തുടങ്ങി ഒട്ടേറെ വിഭവങ്ങള്‍ നാട്ടുപച്ചയില്‍
1 comment:
അടുത്തിടെയാണ് മാതൃഭൂമി ആഴ്‌ചപ്പതിപ്പില്‍ 'ഞാന്‍ ആര്‍ എസ് എസ്സുകാരനായിരുന്നു' എന്ന് കുറ്റസമ്മതം നടത്തിക്കൊണ്ട് ഉണ്ണി 'വിചാരധാര' എന്ന ലേഖനമെഴുതിയത്. പ്രസ്തുത വെളിപ്പെടുത്തലിന്റെ വെളിച്ചത്തില്‍ ഉണ്ണിയുമായി സംസാരിക്കുന്നു.
Post a Comment