Tuesday, September 25, 2012

നീലക്കുറിഞ്ഞികളുടെ നഷ്ടം



അതൊരു വഴിതെറ്റിയ യാത്രയായിരുന്നു.  നീലക്കുറിഞ്ഞി പൂത്തിരിക്കുന്നു എന്നറിഞ്ഞപ്പോള്‍ രാജമലയിലേക്കാണ് പോകാനിറങ്ങിയത്. പക്ഷേ, അവധിക്കാലമായിരുന്നതിനാല്‍ സഞ്ചാരികളുടെ തിരക്കായിരുന്നു...
വട്ടവടയിലും നീലക്കുറിഞ്ഞി പൂക്കാറുണ്ടെന്നും അവിടെ തിരക്കു കുറവാണെന്നും പറഞ്ഞുകേട്ടു.  അങ്ങനെയാണ് അങ്ങോട്ടേക്ക് തിരിച്ചത്. ഇടുക്കിയില്‍ ജനിച്ചു വളര്‍ന്നിട്ടും ഈ സ്ഥലങ്ങളൊന്നും ഞങ്ങള്‍ കണ്ടിരുന്നില്ല.  എന്നാല്‍ മുതിര്‍ന്നവരുടെ സംസാരത്തിനിടയില്‍ വട്ടവട പലപ്പോഴും കടന്നു വന്നിരുന്നു.

അതിലൊന്ന്, ഞങ്ങള്‍ മുറിക്കുന്നത്ത എന്നു വിളിക്കുന്ന മുത്തച്ഛന് സര്‍ക്കാര്‍, കൊട്ടാക്കമ്പൂരില്‍ എത്രയോ ഏക്കര്‍ സ്ഥലം  പതിച്ചു നല്കിയിരുന്നു എന്നതാണ്.  അദ്ദേഹം പോലീസില്‍ നിന്ന് റിട്ടയര്‍ ചെയ്ത ആളായിരുന്നു.  ഇടുക്കിയില്‍ പലയിടത്തും കോളനിവത്ക്കരണം നടന്നുകൊണ്ടിരിക്കെയാണ് മുറിക്കുന്നത്ത പോലീസില്‍ പിരിഞ്ഞത്.  സര്‍ക്കാരില്‍ നിന്ന് ഭൂമി നല്‍കിക്കൊണ്ടുള്ള ഉത്തരവിന്റെ കോപ്പി ഇടയ്ക്കിടെ എടുത്ത് അദ്ദേഹം അക്കാര്യം പറയുമായിരുന്നു.  പക്ഷേ, കൊട്ടാക്കമ്പൂരിലേക്ക് പോകാതിരുന്നതിന്  ഒന്നാമതായി കാരണം പറഞ്ഞത് റോഡോ വാഹനമോ ഇല്ലെന്നതായിരുന്നു .  മറ്റൊന്ന് ഉരുളക്കിഴങ്ങും ഉള്ളിയുമല്ലാതെ മറ്റൊന്നും കൃഷി ചെയ്യാന്‍ സാധിക്കില്ലെന്നും വളരെ തണുപ്പേറിയ പ്രദേശമായണെന്നുമായിരുന്നു.  നെല്ല് കതിരിടണമെങ്കില്‍ ഒരുകൊല്ലമെടുക്കുമെന്നും വാഴ കുലയക്കാന്‍ വര്‍ഷങ്ങെടുക്കുമെന്നുമായിരുന്നു.  പിന്നെയുമുണ്ടായിരുന്നു കാരണങ്ങള്‍..ജനവാസമില്ലെന്നും ഉള്ള മനുഷ്യര്‍ ആദിവാസികളാണെന്നുമായിരുന്നു.  ഇത്തരത്തില്‍ കുറേ കാരണങ്ങള്‍ പറഞ്ഞ് കൊട്ടാക്കമ്പൂരിനെ മുറുക്കുന്നത്ത ഒഴിവാക്കിയിരുന്നു.  എല്ലാം കേട്ടുകേള്‍വി എന്നല്ലാതെ പോയി നോക്കിയിരുന്നോ എന്നു സംശയമാണ്.  എന്നാലോ ഇടയ്ക്കിടയ്ക്ക് ഈ കടലാസു നിവര്‍ത്തി അയവിറക്കിയുമിരുന്നു.  
ഇക്കഥ കേള്‍ക്കാന്‍ തുടങ്ങി കുറേ മുതിര്‍ന്നപ്പോള്‍ എന്റെ അത്താക്കും ചെച്ചാക്കുമൊന്നും ഒട്ടും സാമര്‍ത്ഥ്യമില്ലായിരുന്നല്ലോ എന്ന് തോന്നിപ്പോയിട്ടുണ്ട്.  അവര്‍ കൃഷിയെ അറിഞ്ഞ് വളര്‍ന്നവരായിരുന്നില്ല.  മാത്രമല്ല അക്കാലത്ത് വട്ടവട പഞ്ചായത്തിലെ ഭൂമിക്ക് ഒട്ടും വിലയില്ലായിരുന്നു.  വെറുതെ കിട്ടുമെന്നു കേട്ടാലും ആര്‍ക്കും വേണ്ടായിരുന്നു.   

പിന്നെയും വളരെ കഴിഞ്ഞാണ് അങ്ങോട്ടേക്ക് ബസ്സുകള്‍ പോയി തുടങ്ങിയത്.  മൂന്നാറില്‍ നിന്ന് കൊടൈക്കനാലിലേക്ക് റോഡിനുള്ള പദ്ധതി വരുന്നത്. ഒപ്പം ടൂറിസത്തിന്റെ വലിയ സാധ്യതയും ലോകം തിരിച്ചറിയുന്നത്.  ആ തിരിച്ചറിവുകളുടെ കാലത്താണ് വഴിമാറി ഞങ്ങള്‍ അങ്ങോട്ടേക്ക് പോകുന്നത്...

നീലക്കുറിഞ്ഞി കാണുകയാണ് ലക്ഷ്യം.  എന്റെ ജീവിതത്തിലെ മൂന്നാമത്തെ കുറിഞ്ഞിക്കാലമായിരുന്നു അത്.  ആദ്യ കുറിഞ്ഞിക്കാലത്തെക്കുറിച്ച് ഒട്ടും ഓര്‍മയില്ല.  പിന്നത്തെ കുറിഞ്ഞിക്കാലം വെച്ച് പന്ത്രണ്ടുവര്‍ഷം പുറകോട്ടു പോയാല്‍ രണ്ടോ മൂന്നോ വയസ്സുള്ളപ്പോഴായിരിക്കണം ആദ്യം കുറിഞ്ഞിപൂത്തത് എന്ന് അനുമാനിക്കാം. എന്നാല്‍, കുട്ടിക്കാലത്തെങ്ങും നീലക്കുറിഞ്ഞിയെക്കുറിച്ച് ആരും പറഞ്ഞതായി ഓര്‍മയില്ല.  ഒരുപക്ഷേ, അക്കാലം സഞ്ചാരത്തിന്റേതായിരിക്കില്ല.  പ്രത്യേകിച്ച് കാഴ്ചകള്‍ കാണാനിറങ്ങുന്ന സഞ്ചാരം.  ഞങ്ങളുടെ അയല്‍വീടുകളിലുള്ള ആരും അത്തരത്തിലുള്ള സഞ്ചാരികളായിരുന്നില്ല. ജനന മരണങ്ങള്‍ക്കോ അകലെയുള്ള കല്ല്യാണങ്ങള്‍ക്കോ ഏറിവന്നാല്‍ ശബരിമലയ്‌ക്കോ ബീമപ്പളളിക്കോ തീര്‍ത്ഥയാത്ര..ഇതൊക്കെയായിരുന്നു നാട്ടിലെ സഞ്ചാരവുമായി ബന്ധപ്പെട്ടകാര്യങ്ങള്‍...ദൂരേക്ക് തൊഴിലുതേടിപ്പോയ ചിലര്‍ കൊണ്ടുവന്ന കഥകളായിരുന്നു നഗരത്തെക്കുറിച്ചുള്ള ഞങ്ങളുടെ സഞ്ചാര സാഹിത്യം.  
എന്നാല്‍, നീലക്കുറിഞ്ഞിപൂത്ത   രണ്ടാം കാലം വളരെ വ്യക്തമായി ഓര്‍മയുണ്ട്.  ഒരുപാട് വാഹനങ്ങള്‍ ആര്‍പ്പും വിളിയുമായി ഞങ്ങളുടെ റോഡിലൂടെ കിഴക്കോട്ട് പോയി.  പത്രങ്ങളില്‍ ഇളം വയലറ്റ്-നീലനിറമാര്‍ന്ന കുന്നുകളുടെ ചിത്രം കണ്ടു.  കിഴക്കോട്ടു പോയ സഞ്ചാരികള്‍ മടങ്ങി വരുമ്പോള്‍ വാഹനത്തില്‍ നിന്ന് പുറത്തേക്കു നീട്ടിയ അവരുടെ  കൈയ്യില്‍ നീലക്കുറിഞ്ഞിക്കൊമ്പുകളുണ്ടായിരുന്നു.  അതില്‍ അങ്ങിങ്ങായി നീലപ്പൂക്കള്‍..ചിലരത് റോട്ടിലുപേക്ഷിച്ചിരുന്നു.  ആ പൂക്കള്‍ക്ക് അത്ര മണമൊന്നുമില്ലായിരുന്നു.  അത്ര ഭംഗിയുമില്ലായിരുന്നു.  മുറ്റത്ത് നിന്ന നീലകനകാംബരത്തോട് സാമ്യമുള്ള ഇലകളും പൂക്കളും.
ഇതു കാണാനാണോ ഇത്രേം ആള്‍ക്കാരൊക്കെ പോയേ..എന്നൊരു തോന്നലിലായിരുന്നു വാടിക്കിടന്ന കുറിഞ്ഞിക്കമ്പ് മണത്തും തിരിച്ചും മറിച്ചും നോക്കിയും ആത്മഗതം കൊണ്ടത്.  അന്നൊന്നും മലയാകെ നീലവസന്തം തീര്‍ത്തു നില്ക്കുന്ന കുറിഞ്ഞിയെക്കുറിച്ച് ചിന്തിക്കുന്നേയില്ല.  നാട്ടില്‍ നിന്ന് അപൂര്‍വ്വമാളുകളാണ് കിഴക്കോട്ടുള്ള ഒഴുക്കില്‍ പോയത്..അപ്പോഴും ഞങ്ങളുടെ നാട്ടില്‍ കാഴ്ചയുടെ സൗന്ദ്യര്യമാസ്വദിക്കാന്‍ കാശുമുടക്കി പോകുന്നതിനേക്കുറിച്ച് ധാരണയില്ലായിരുന്നിരിക്കണം.  അതുകൊണ്ട് കുറിഞ്ഞിമല കാണാന്‍ ഞങ്ങളുമാഗ്രഹിച്ചില്ല. അല്ലെങ്കില്‍ ആഗ്രഹിച്ചിട്ടും കാര്യമില്ലെന്നുമറിയാമായിരുന്നു. ആ  ബോധം ഞങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തെ തടഞ്ഞു.  

സ്‌കൂളില്‍ നിന്നുളള വിനോദയാത്രയില്‍ ഞങ്ങള്‍ പോയിട്ടില്ല.  അന്നൊക്കെ വീട്ടില്‍ ചോദിക്കുമ്പോള്‍ ഒറ്റയ്ക്കു പോകേണ്ട എന്നും ബസ്സില്‍ കയറുമ്പോഴേ ഉറങ്ങാന്‍ തുടങ്ങുമെന്നും ഛര്‍ദ്ദിക്കുമെന്നും പറഞ്ഞായിരുന്നു വിലക്കിയിരുന്നത്.  മുതിര്‍ന്നപ്പോഴും വിട്ടില്ല.  കാഴ്ചകാണാന്‍ കാശുമുടക്കാനില്ലാഞ്ഞിട്ടോ പെണ്‍കുട്ടി ആയിരുന്നിട്ടോ ഞങ്ങളുടെ നാടിന്റെ പൊതുസ്വാഭാവമോ എന്തോ...വിനോദയാത്രയ്ക്കായി ഞങ്ങളൊരിടത്തേക്കും പോയില്ല.  എല്ലാക്കൊല്ലവും ചോദിക്കുക എന്നത് വഴിപാടുപോലെ നടന്നു.  അനുഗ്രഹം കിട്ടിയതേയില്ല.  
ആണ്‍കുട്ടിയായിരുന്നെങ്കില്‍, ഒന്നു കറങ്ങിവരാമായിരുന്നു എന്നൊക്കെ തോന്നിയിരുന്നു.  കേള്‍ക്കുന്ന കഥകളില്‍ നിന്ന് വായനയില്‍ നിന്ന് ഞങ്ങള്‍ സ്വപ്‌നലോകത്തിലൂടെ സഞ്ചരിച്ചു.  ചിലപ്പോഴത് ആകാശത്തിനും മേലേക്ക് പോയി.  
ചന്ദ്രന്‍, ചൊവ്വ പര്യവേഷണ പേടകങ്ങള്‍ പറന്നുയര്‍ന്ന വാര്‍ത്തകള്‍ വായിക്കുമ്പോള്‍ ആ പേടകത്തിനുള്ളില്‍ ഞാനുമിരുന്നു.  ചന്ദ്രനില്‍ കുടില്‍കെട്ടി താമസം തുടങ്ങി.  അടുത്ത പേടകം വരുമ്പോള്‍ അതില്‍ കയറി വീട്ടുകാരെ കാണാന്‍ പോയി.. പിന്നെയും വന്നു..പോയി...ഹായ്..എന്തു രസമെന്നു വിചാരിച്ച് ആഹ്ലാദിച്ചു.  

വിവാഹത്തിനു മുമ്പ് വാഹനത്തില്‍ കയറി കുറച്ചു ദൂരേക്ക് വിനോദയാത്രയ്ക്ക് പോയത് എറണാകുളം കാണാനായിരുന്നു.  അത് ബികോം അവസാനവര്‍ഷം പഠിച്ചിരുന്ന പാരലല്‍ കോളേജില്‍ നിന്നായിരുന്നു.  ഞങ്ങളുടെ ക്ലാസ്സില്‍ നിന്ന്...ഒരുപാട് ചോദിച്ചിട്ട് ..കാപ്പിക്കുരു പറിച്ചു നല്കിയതിന് അമ്മച്ചി നല്കിയ പ്രതിഫലവും കൊണ്ടായിരുന്നു ...

മാട്ടുപെട്ടിയില്‍ പോയിട്ടുണ്ടോ? രാജമലയിലേക്കോ?
തേക്കടിക്കു പോയിട്ടുണ്ടോ? ഇടുക്കിഡാമിലേക്കോ ?
എന്നു കൂട്ടുകാരന്‍ ചോദിക്കുമ്പോള്‍ ഉത്തരമുണ്ടാവാറില്ല.  സഞ്ചാരം ഇഷ്ടപ്പെടുന്നയാളായതുകൊണ്ട്...ഒപ്പംകൊണ്ടുപോകാന്‍ മടിയില്ലായിരുന്നതുകൊണ്ട് വര്‍ഷത്തില്‍ ഒന്നോ രണ്ടോ വട്ടമെങ്കിലും എങ്ങോട്ടെങ്കിലും പോവുക പതിവായി...

വട്ടവടയിലേക്കുള്ള വഴിയോരത്തെങ്ങും നീലക്കുറിഞ്ഞി കാണാനായില്ല. ശരിക്കു പറഞ്ഞാല്‍ കോവിലൂരെത്തിയപ്പോഴാണ് റോഡരുകില്‍ ഒന്നോ രണ്ടോ കുറ്റിച്ചെടികള്‍...ഇതിനായിരുന്നോ ഇത്രദൂരം..?  

പരിഷ്‌കൃത  മനുഷ്യന്‍ നീലക്കുറിഞ്ഞിയോട് ചെയ്ത കൊടും പാതകത്തിന്റെ കഥ പറയാന്‍ അവശേഷിച്ച ഒന്നോ രണ്ടോ ചെടികള്‍ മതിയായിരുന്നു.  
പടയോട്ടക്കാലത്ത് കൊടൈക്കാടുകള്‍ കയറി വന്നവരായിരുന്നു അവിടുത്തെ താമസക്കാര്‍..അവര്‍ പ്രകൃതിയേയും മണ്ണിനേയും സ്‌നേഹിച്ചു. ആരാധിച്ചു.  അവരുടെ വയലുകളില്‍ നെല്ലും ഗോതമ്പും ഉരുളക്കിഴങ്ങും വെളുത്തുള്ളിയും കാരറ്റും മുട്ടക്കോസും മല്ലിയും മുളകും വിളഞ്ഞു.  

തട്ടുതട്ടായുള്ള കൃഷിയിടങ്ങള്‍..ഒളിഞ്ഞും തെളിഞ്ഞും വെയില്...ചുറ്റും മലകള്‍..മലകള്‍ക്കപ്പുറം ലോകമുണ്ടെന്നു തോന്നില്ല.  നിശബ്ദത..മഞ്ഞും അസ്ഥി മരക്കുന്ന തണുപ്പും
കൊട്ടാക്കമ്പൂര്‍ ഊരിനപ്പുറം റോഡ് ദുര്‍ഘടം..മണ്‍പാതമാത്രം.  വാഹനം പോകില്ല. 

കൃഷിയിടങ്ങളിലേക്ക് നടക്കണം.  പക്ഷേ, എതിലേ നടക്കും?  പഞ്ചായത്ത് കോണ്‍ക്രീറ്റ് റോഡു നിര്‍മ്മിച്ചിട്ടുണ്ട്.  പൊതുകക്കൂസുകള്‍ തീര്‍ത്തിട്ടുണ്ട്.  പക്ഷേ, കുട്ടികള്‍ ആ വഴിയിലൊക്കെയും തൂറിവെച്ചു.  തീട്ടം ചവിട്ടാതെ അപ്പുറം കടക്കാന്‍ വയ്യ.  സ്വദേശികള്‍ക്ക് അതൊരു പ്രശ്‌നമേ ആയിരുന്നില്ല.  തൊട്ടു മുകളില്‍ ഊര്‍ തെരുവില്‍ കോവര്‍കഴുതച്ചാണക മണം തങ്ങിനിന്നു...താഴെ തീട്ടം നാറി..അതിനപ്പുറമാണ് കൃഷിത്തോട്ടം..

ഉരുളക്കിഴങ്ങിന്റെയും വെളുത്തുള്ളിയുടെയും വിളവെടുപ്പു നടക്കുന്നു.  ബീറ്റ്‌റൂട്ടും ബീന്‍സും കാരറ്റുമുണ്ട്...പച്ചമല്ലി വിളഞ്ഞു നില്ക്കുന്നു.  

 ഈ കൃഷിത്തോട്ടങ്ങളുടെ നടുവിലൂടെയാണ് റോഡു വരാന്‍ പോകുന്നത്..സ്വാഭാവികമായും പരിഷ്‌കൃത മനുഷ്യര്‍ റിസോര്‍ട്ട് സ്വപ്‌നം കാണുന്നു.  പലതരം ലാഭം കാണുന്നു.  അവിടുത്തെ പ്രകൃതിയുമായി ഇണങ്ങിക്കഴിഞ്ഞിരുന്നവരെ പാട്ടിലാക്കി ചുളുവിലയില്‍ പലരും കൃഷിസ്ഥലങ്ങള്‍ കൈക്കലാക്കി..കുന്നിന്‍ചെരിവുകള്‍ ഗ്രാന്‍ഡീസ് തോട്ടങ്ങളായി.  നാട്ടുകാരുടെ വരവോടെ ആര്‍ക്കും വേണ്ടാതിരുന്ന ഭൂമിക്ക് വിലയേറി...

കുന്നിന്‍ചെരിവുകള്‍ ഗ്രാന്‍ഡീസ് തോട്ടങ്ങള്‍ക്ക് വഴിമാറിയപ്പോള്‍ സ്വാഭാവികമായും കുറിഞ്ഞിപൂത്ത കാടുകള്‍ ഇല്ലാതായി.  ഒപ്പം ജലദൗര്‍ലഭ്യവും.  പൂക്കാന്‍ കുറിഞ്ഞി ഇല്ലാതായതോടെ വട്ടവടയില്‍ കുറിഞ്ഞി ആഘോഷങ്ങളില്ലാതായെന്ന് ദേശവാസികള്‍ പറയുന്നു.  

മുമ്പ് കുറിഞ്ഞിപൂത്താലുടന്‍ പൊങ്കാലയിടും.  
കുറിഞ്ഞിയാണ്ടവന് പഴങ്ങള്‍ നേദിക്കും. ആ ചടങ്ങില്‍ വെച്ച് പൂജാരി തേനീച്ചകളെ ക്ഷണിക്കും. രണ്ടുമാസം കഴിഞ്ഞ്  മറ്റൊരു ഉത്സവത്തില്‍ വെച്ച് പൂജാരി ആദ്യ കുറിഞ്ഞിത്തേന്‍ ആണ്ടവന് നേദിക്കും. അതുകഴിഞ്ഞാല്‍ ദേശവാസികള്‍ക്ക് മലഞ്ചെരിവുകളില്‍ നിന്ന് ഇഷ്ടംപോലെ തേന്‍ ശേഖരിക്കാം. ഇക്കാലത്തെ തേനിന് ഔഷധഗുണവും മാധുര്യവുമേറുമെന്ന് അവര്‍ പറയുന്നു.  ഒരേ പൂക്കളുടെ തേന്‍ ലഭിക്കുക അപൂര്‍വ്വമാണ്. അതുകൊണ്ടുതന്നെ പല വീട്ടിലും ആ തേന്‍ അടുത്ത കുറിഞ്ഞിക്കാലം വരെ സൂക്ഷിച്ചുവെയ്ക്കും.  അമൂല്യ നിധിപോലെ..

ഒരുദേശത്തിന്റെ തനതു ജീവിതക്രമങ്ങളിലേക്കാണ് ആധുനീക മനുഷ്യന്‍ അതിക്രമിച്ച് കയറിയതും അതിനെ പരിസ്ഥിതി ദുരന്തത്തിലേക്ക് തള്ളിവിട്ടതും.  

 ഗ്രാമവാസികളില്‍ പലര്‍ക്കുമിപ്പോള്‍ ഭൂമിയില്ല.  ഉള്ള കൃഷിയിടങ്ങളില്‍ തൊഴിലുമില്ല.  അവര്‍ ഗ്രാന്‍ഡീസ് വെട്ടുന്നിടത്തേക്ക് പണിക്കു പോകുന്നു.
ഉച്ചക്ക് കൊട്ടാക്കമ്പൂരിലെ വഴിയിലൂടെ നടക്കുമ്പോള്‍ പെട്ടെന്ന് മഴ പെയ്യുമെന്ന് വിചാരിച്ചിരുന്നില്ല.  എന്നാല്‍, കൈയ്യില്‍ വെളുത്തുളളി കെട്ടുമായി ഒരു അക്കയും അണ്ണനും കുന്നിറങ്ങി ഓടിവരുന്നു.  ക്യാമറ അവര്‍ക്കുനേരെ തിരിച്ചപ്പോഴേക്കും മഴ വീണുതുടങ്ങി. ആലിപ്പഴങ്ങളോടെ...   ഞങ്ങള്‍ അവരുടെ  കുടിലിനരുകിലേക്ക് കയറി നിന്നു. ചാറ്റലടിച്ചിട്ട് ഞങ്ങളുടെ തല നനയുന്നില്ലന്നേയുള്ളു. മഴ ഇപ്പോള്‍ മാറുമെന്ന തോന്നലുണ്ട് ഞങ്ങള്‍ക്ക്.  
പക്ഷേ, അക്കയുമണ്ണനും ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചു.  മടിച്ചു നിന്നപ്പോള്‍ , ഒരു മണിക്കൂറു കഴിയും ഈ മഴ തോരാനെന്ന് അവര്‍ പറഞ്ഞു. 

മഴ വരുന്നതും അതു മാറാനെടുക്കുന്ന സമയവുമൊക്കെ കൃത്യമായി മനസ്സിലാക്കുന്ന കാലാവസ്ഥ നിരീക്ഷകര്‍! 
രണ്ടുമുറി കുടിലാണത്.  മുറിയെന്നൊക്കെ പറയുന്നത് അതിവിശേഷണമായിപ്പോകും.  മുളവാരിയില്‍ കളിമണ്ണുതേച്ചു മിനുക്കിയ ഭിത്തി.  ചാണകത്തറ.  ഇരിക്കാനുള്ള സംവിധാനങ്ങളൊന്നുമില്ല.  

രണ്ട് അരികുകളും വിട്ടുപോയ പുല്‍പ്പായ അവര്‍ നിവര്‍ത്തിയിട്ടു.  ഒരു മുറിയില്‍ മുളങ്കട്ടിലുണ്ട്.  അതിനു മുകളില്‍ വെളുത്തുള്ളി വെച്ചിരിക്കുന്നു.  നിലത്തും വെളുത്തുള്ളി തന്നെ..ഒരിടത്ത് ഉണങ്ങിയ ബീന്‍സ് കൂട്ടിയിട്ടിട്ടുണ്ട്.  അവിടെ  നിലത്തിരിരുന്ന് വെളുത്തുള്ളിയുടെ വേരും വാടിയ ഇലയും നീക്കുകയാണ് അഞ്ചുപേര്‍.   എണ്‍പതു വയസ്സിനു മുകളില്‍ പ്രായമുള്ള പാട്ടി(വൃദ്ധ), അവരുടെ രണ്ടു ചെറുമക്കളും ഭര്‍ത്താക്കന്മാരും.  അതില്‍ ഒരാളുടെ മൂന്നുവയസ്സുകാരന്‍ മകന്‍ ഇപ്പുറത്തെ മുറിയില്‍ അക്കയ്ക്കും അണ്ണനുമൊപ്പമാണ്.  അവര്‍ ബീന്‍സിന്റെ തൊലികളഞ്ഞ് വിത്തുവേര്‍പെടുത്തിക്കൊണ്ടിരുന്നു.  അവരുടെ വിരലുകള്‍ കറപുരണ്ടും തഴമ്പായുമിരുന്നു.
ആ മുറിയലായിരുന്നു അടുപ്പ്. അടുപ്പിന് മുകളില്‍ ചേര് .  ചേരിലും വെളുത്തുള്ളി തന്നെ.  അന്നേദിവസം അടുപ്പു കത്തിച്ചതാണെന്ന് തോന്നിയില്ല. ഓടിന്റെയും പിച്ചളയുടേയും സ്റ്റീലിന്റെയും  പാത്രങ്ങള്‍ തേച്ചുമിനുക്കി മുളന്തട്ടില്‍ 
കമിഴ്ത്തി വെച്ചിട്ടുണ്ട്്.  

ബീന്‍സ് തൊലികളഞ്ഞെടുക്കുന്നത് ഭക്ഷണത്തിനാവാം.  ഉച്ചയൂണിന്റെ സമയമായിട്ടുണ്ട്.  ഇത് ഭക്ഷണത്തിനാണോ എന്ന ചോദ്യത്തിന് അവര്‍ നിഷേധാര്‍ത്ഥത്തില്‍ തലവെട്ടിച്ച് വിത്തിനാണെന്ന് ഓര്‍മപ്പെടുത്തി.  ഒരു മൂലയില്‍ കുന്നോളം ബീന്‍സിന്‍ തൊലികള്‍.  
പുറത്ത് അസ്ഥിയുറക്കുന്ന തണുപ്പായിരുന്നെങ്കില്‍ ആ മുറിക്കുള്ളില്‍ ഇളംചൂട് തോന്നിച്ചു.  

 വിഭൂതിഭൂഷണ്‍ ബന്ദോപാധ്യായയുടെ ആരണ്യക് നോവലിലെ ഒരു ഭാഗം ഓര്‍മ വരുന്നു.  

കൊയ്ത്തുകാരായി വന്ന നക്‌ച്ഛേദിയുടെ കുടിലിലേക്ക് എത്തി നോക്കിയ കഥാനായകന്‍ അത്ഭുതപ്പെടുന്നുണ്ട്.  
' അവിടെ കിടക്കാനോ ഇരിക്കാനോ ഉളള സാമാനം എന്നുപറയാന്‍ ഒന്നുംതന്നെ ഇല്ല.  മുറിക്കകത്തെ തറയില്‍ മാത്രം കുറച്ച് ഉണക്കപ്പുല്ല് വിരിച്ചിട്ടുണ്ട് കിടക്കാന്‍.  പാത്രങ്ങളുടെ കൂട്ടത്തില്‍ ഒരു വളരെ വലിയ ഓട്ടുപാത്രവും ഒരു ലോട്ടയും.  വസ്ത്രമായിട്ട് അവരവര്‍ ഉടുത്തിട്ടുളളതല്ലാതെ ഒരു തുണ്ടു തുണിപോലു അവിടെയെങ്ങും കണ്ടില്ല. എന്നാല്‍ ഉണ്ടെങ്കില്‍ തന്നെ , ഈ ഭയങ്കരമായ മഞ്ഞത്ത് ഇവര്‍ക്ക് പുതയ്ക്കാനെന്തോന്നാ?  കമ്പിളി എവിടെ?  ' 
അക്കാര്യം ചോദിച്ചപ്പോള്‍ നക്‌ച്ഛേദി പറഞ്ഞു

കുടിലിന്റെ കോണില്‍ പയററിന്‍തൊലി കണ്ടില്ലേ കൂട്ടിയിട്ടിരിക്കന്നത് ? 
 പയറിന്റെ തൊലി തീ കത്തിക്കാനാണോ രാത്രിയില്‍?  കഥാനായകന്‍ കാര്യം മനസ്സിലാവാതെ ചോദിച്ചു.

നക്‌ച്ഛേദി, അയാളുടെ വിവരക്കുറവുകണ്ട് ചിരിച്ചു.
' അതിനല്ല ബാബുജി ! പയറുതൊലിക്കകത്തു കയറി കുട്ടികള്‍ കിടക്കും, ഞങ്ങളും അതു മേത്തുവാരിയിട്ടോണ്ടാ കിടക്കുന്നത്.  കണ്ടില്ലെ, കുറഞ്ഞത് അഞ്ചുമന്നുതൊലി കൂട്ടിയിട്ടിരിക്കുന്നത്?  വളരെ സുഖമാ പയററിന്‍തൊലിയില്‍, രണ്ടു കമ്പിളി പുതച്ചാലും ഇത്രയും സുഖം കിട്ടുകയില്ല.  മാത്രമല്ല, ഞങ്ങള്‍ക്കെവിടുന്നാ കമ്പിളി കിട്ടുന്നത്?  പറയൂ' 

ഏതാണ്ട് അമ്പത് വര്‍ഷം മുമ്പെഴുതിയ ബംഗാളി നോവലിലെ കഥാപാത്രങ്ങളെ ഇപ്പോഴും  കണ്‍മുന്നില്‍്് കാണുന്നു.  നോവലിലല്ലെന്നു മാത്രം.  

അക്കയുടെ മൂന്നുവയസ്സുകാരന്‍ പേരക്കുട്ടി മൂക്കളയൊലിപ്പിച്ച്, ബട്ടണുകള്‍ പൊട്ടി, നിറം മങ്ങി, പലയിടത്തും പിഞ്ഞിത്തുടങ്ങിയ ഷര്‍ട്ടിട്ടിരുന്നു. കളിപ്പാട്ടത്തിന്റെ മുറിപോലും അവിടെങ്ങും കണ്ടില്ല.   ഇവന് ഉച്ചയ്ക്ക് കഴിക്കാന്‍ ഒന്നും കൊടുക്കണ്ടായിരിക്കുമോ?  ഇവന് നല്ല വിദ്യാഭ്യാസം കൊടുക്കാന്‍ ഇവര്‍ക്കാകുമോ ? 
അക്ക അടുപ്പില്‍ തീ കത്തിച്ച് കട്ടന്‍ചായ ഉണ്ടാക്കി തന്നു ഞങ്ങള്‍ക്ക്.  അതിലൊരോഹരി അവനും.  

അവര്‍ കര്‍ഷകരാണ്.  വെളുത്തുള്ളിയും ബീന്‍സും പ്രധാനം.  ഊരുകാരായതുകൊണ്ട് പട്ടികജാതി-വര്‍ഗ്ഗ ആനുകൂല്യങ്ങള്‍ക്കൊന്നും അര്‍ഹരല്ല.  പണ്ട് തായ്താപ്പന്മാരായി തമിഴ്‌നാട്ടില്‍ നിന്ന് കൊടൈക്കാടുകള്‍ കയറി വന്നവരാണ്.  നിലവിലവര്‍ക്ക് ജാതിയില്ല.  

അവര്‍ ഉച്ചയ്ക്ക് ഊണു കഴിക്കാറില്ലെന്ന് മഴതോര്‍ന്ന് നടക്കുമ്പോള്‍ പരിചയപ്പെട്ട മലയാളിയാണ് പറഞ്ഞത്. വൈകിട്ടു മാത്രമാണ്   ഭക്ഷണം വെയ്ക്കുന്നത്. ബാക്കിയുണ്ടെങ്കില്‍ രാവിലെ കഴിച്ച് പാത്രങ്ങള്‍ കഴുകി മിനുക്കിവെയ്ക്കും.  പിന്നെ, പാടത്തും പറമ്പിലും... കടം വാങ്ങാന്‍ പോകാറില്ല.  ഉളളതുകൊണ്ടു ജീവിക്കും.  ചെറുകിട കൃഷിക്കാര്‍ക്ക് അടിസ്ഥാന സൗകര്യത്തോടെ ജീവിക്കാനുള്ള അവസ്ഥപോലുമില്ല പലപ്പോഴും. 
ആ ജീവിതരീതി അവിടെ എല്ലാവര്‍ക്കുമുളളതുകൊണ്ടാവണം വട്ടവട ആദ്യത്തെ വ്യവഹാര വിമുക്ത ഗ്രാമമായി മാറിയതും. 


മടങ്ങിവരുമ്പോള്‍ കുറിഞ്ഞി കാണാതായതില്‍ മാത്രമായിരുന്നില്ല സങ്കടം.  പരിസ്ഥിതിക്കേറ്റ മുറിവും ഉണങ്ങാതെ കിടന്നു. അവിടുത്തെ പാവപ്പെട്ട ജനങ്ങളും..ഒരു യാത്ര സന്തോഷമാണ് തരേണ്ടത്..ചിലത് ഇങ്ങനെയാവാം..

 ആ യാത്ര കഴിഞ്ഞ് ഒരുമാസമാകുമ്പോഴാണ് കൊട്ടാക്കമ്പൂര്‍, വട്ടവട വില്ലേജുകളെ ഉള്‍പ്പെടുത്തി നീലകുറിഞ്ഞി സാങ്ച്വറിയായി പ്രഖ്യാപിച്ചത്.  പന്ത്രണ്ടു വര്‍ഷം മുമ്പ് നീലക്കുറിഞ്ഞി പൂത്തിറങ്ങിയ മലഞ്ചെരുവില്‍ ഇത്തവണ ഒന്നുമില്ലെങ്കിലും ഇരവികുളം നാഷണല്‍പാര്‍ക്കില്‍ കുറിഞ്ഞി പൂത്തു.  വരയാട്  സംരക്ഷണകേന്ദ്രമായതിനാല്‍ അവിടേക്ക് ആധുനിക മനുഷ്യന് കടന്നു കയറാന്‍ സാധിക്കാത്തതുകൊണ്ടായിരുന്നു, നീലക്കുറിഞ്ഞിക്ക് പൂക്കാനായത്. 

വരുന്ന കുറിഞ്ഞിപൂക്കും കാലത്തേക്ക് വിത്തുകള്‍ ഗ്രാന്റീസ് തോട്ടങ്ങള്‍ക്കിടയില്‍ അവശേഷിച്ചിരിക്കാന്‍ സാധ്യതയില്ല.  എങ്കിലും ആ പ്രദേശം നീലക്കുറിഞ്ഞി സാങ്ച്വറി ആകുന്നതോടെ കൈയ്യേറ്റങ്ങളില്ലാതാവുമെന്നും പതുക്കെ പതുക്കെ അവിടെ നീലവസന്തം വിരിയുമെന്നും സ്വപ്‌നം കാണാം.

6 comments:

Myna said...

സ്‌കൂളില്‍ നിന്നുളള വിനോദയാത്രയില്‍ ഞങ്ങള്‍ പോയിട്ടില്ല. അന്നൊക്കെ വീട്ടില്‍ ചോദിക്കുമ്പോള്‍ ഒറ്റയ്ക്കു പോകേണ്ട എന്നും ബസ്സില്‍ കയറുമ്പോഴേ ഉറങ്ങാന്‍ തുടങ്ങുമെന്നും ഛര്‍ദ്ദിക്കുമെന്നും പറഞ്ഞായിരുന്നു വിലക്കിയിരുന്നത്. മുതിര്‍ന്നപ്പോഴും വിട്ടില്ല. കാഴ്ചകാണാന്‍ കാശുമുടക്കാനില്ലാഞ്ഞിട്ടോ പെണ്‍കുട്ടി ആയിരുന്നിട്ടോ ഞങ്ങളുടെ നാടിന്റെ പൊതുസ്വാഭാവമോ എന്തോ...വിനോദയാത്രയ്ക്കായി ഞങ്ങളൊരിടത്തേക്കും പോയില്ല. എല്ലാക്കൊല്ലവും ചോദിക്കുക എന്നത് വഴിപാടുപോലെ നടന്നു. അനുഗ്രഹം കിട്ടിയതേയില്ല.
ആണ്‍കുട്ടിയായിരുന്നെങ്കില്‍, ഒന്നു കറങ്ങിവരാമായിരുന്നു എന്നൊക്കെ തോന്നിയിരുന്നു. കേള്‍ക്കുന്ന കഥകളില്‍ നിന്ന് വായനയില്‍ നിന്ന് ഞങ്ങള്‍ സ്വപ്‌നലോകത്തിലൂടെ സഞ്ചരിച്ചു.

Abhilash said...

വട്ടവടയില്‍ നേരിട്ട് യാത്ര പോയ പോലെയുണ്ട്. പല സ്ഥലങ്ങളിലും യാത്ര പോയിട്ടുണ്ടെങ്കിലും മൈനയ്ക്കുണ്ടാവുന്ന പോലെ അപിരിചിതമായ ആരെയും പരിചയപ്പെടാന്‍ സൗകര്യം ലഭിച്ചിട്ടില്ല. (അതും നാട്ടുകാരായ ആദിവാസികളെ)
കേരളത്തിലെ ഏററവും ജനസംഖ്യ കുറഞ്ഞ ഗ്രാമ പഞ്ചായത്ത്‌ വട്ടവട ആണെന്ന് കേട്ടിട്ടുണ്ട്
മുന്‍പ് കോതമംഗലത്ത് താമസിച്ചിരുന്നപ്പോള്‍ പോകാന്‍ ആഗ്രഹിച്ചിരുന്ന സ്ഥലമായിരുന്നു. മൂന്നാര്‍ പോകാന്‍ പറ്റിയിട്ടുണ്ട് മനസിലെ ആഗ്രഹത്തെ ഒന്നുകൂടി ഉറപ്പിച്ചു ഈ വിവരണം. നന്നായിട്ടുണ്ട്.

ഉണ്ടാപ്രി said...

വൗ ..തകര്‍പ്പന്‍ വിവരണം.
കുറച്ചു പോട്ടംസ് കൂടിയുണ്ടായിരുന്നെങ്കിലെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ചു പോയി.

Myna said...

അഭിലാഷ്, ഉണ്ടാപ്രി സന്തോഷം, നന്ദി. കുറച്ചു മുമ്പ് പോയ യാത്രയാണിത്. ഫോട്ടോ നോക്കട്ടെ...ഒന്നു തെരയണം.

Harinath said...

യാത്രാവിവരണങ്ങൾ ഇനിയും പോരട്ടെ...

Echmukutty said...

വായിയ്ക്കാന്‍ വൈകി....അവിടെ പോയി വന്നതു പോലെയുണ്ട്.......ഞാന്‍ ചെറുപ്പത്തിലെപ്പോഴോ നീലക്കുറിഞ്ഞി പുത്തതു കണ്ടിട്ടുണ്ട്. ആകെപ്പാടെ ഓര്‍മ്മയുള്ളത് കാറ്റിലിളകുന്ന ഒരു നീലപ്പട്ടു സാരി വിരിച്ചതു കണ്ടപോലെയുള്ള നീലിമയാണ്.

ആധുനിക മനുഷ്യന്‍റെ സ്വപ്നങ്ങള്‍ ...എത്ര കേമം അല്ലേ?

പിന്നെ അമ്പതുകൊല്ലം മുമ്പ് നോവലില്‍ എഴുതി വെച്ചതൊക്കെ അതു പോലെ ജീവിതത്തില്‍ കാണുന്ന എത്ര സ്ഥലങ്ങളാണു നമ്മുടെ ഈ രാജ്യത്തുള്ളത്! ഓര്‍മ്മകള്‍ ഉണ്ടായാല്‍ ചങ്ക് പൊടിയും ഉറക്കം വരില്ല.