Wednesday, August 15, 2012

മേലേക്ക് പാറി വീണ പച്ചക്കുതിര

മകളൊരു പ്രാസംഗികയാകാന്‍ അമ്മച്ചി ആഗ്രച്ചിരുന്നോ?  അറിയില്ല. 
 പ്രസംഗ മത്സരത്തിന് ചേരണമെന്ന് ഇവള്‍ ആഗ്രഹിച്ചിരിന്നോ?  ഓര്‍മിയില്ല. 
സ്വതവേ നാണംകുണിങ്ങിയായിരുന്നവള്‍ പ്രസംഗവേദിയില്‍ കയറുകയോ?  മൈക്കിനു മുന്നില്‍ മുട്ടിടിക്കാതെ, പതറാതെ, ഒരു സദസ്സിനു മുന്നില്‍..?
ഇപ്പോഴും ഇവള്‍ക്ക് വിറയ്ക്കുന്നു, പതറുന്നു... അപ്പോള്‍ അന്നത്തെ കാര്യം പറയാനുണ്ടോ? 
ഇങ്ങനെയുള്ളൊരു മകളെ എന്തു ധൈര്യത്തിലാണോ
 എന്തോ അമ്മച്ചി മത്സരത്തിന് ചേര്‍ത്തത്?  ഓര്‍ക്കുമ്പോള്‍ അമ്പരക്കുന്നു. 

അമ്മച്ചിയില്‍ ഒരു കലാകാരിയുണ്ടായിരുന്നു.  പാടുകയും നൃത്തം ചെയ്യുകയും ചെയ്തിരുന്നു.  വാക്‌സാമര്‍ത്ഥ്യവുമുണ്ടായിരുന്നു.  പക്ഷേ, അതെല്ലാം വിവാഹം വരെ മാത്രം...തന്റെ ഉള്ളില്‍ മൂടിവെച്ച കലയെ മകളിലൂടെ സാക്ഷാത്ക്കരിക്കാന്‍ ശ്രമിച്ചതാവാം. 

പാട്ടുപാടാനുള്ള രാഗതാളലയങ്ങളൊന്നും കുഞ്ഞുന്നാളിലെ കാണാഞ്ഞതുകൊണ്ടാവണം പാടാനൊരിക്കലും പറഞ്ഞില്ല.  പിന്നെ, നൃത്തം..പഠിപ്പിക്കാന്‍ ഗുരുവിനെ കിട്ടാഞ്ഞാവണം അതിനും ശ്രമിച്ചില്ല.  അമ്മച്ചിക്ക് അറിയുന്നതൊട്ട് പഠിപ്പിച്ചു തരാനും മിനക്കെട്ടില്ല.  ജീവിത പ്രാരാബ്ദങ്ങള്‍ക്കിടയിലുള്ള ഓട്ടത്തനിടയില്‍ പറ്റിയിട്ടുണ്ടാവില്ല. 

പിന്നെ, എപ്പോഴാണാവോ അമ്മച്ചിക്ക് പ്രസംഗം മനസ്സില്‍ കയറിക്കൂടിയത്? 
എന്തായാലും സ്‌കൂളില്‍ പരിപാടിയുണ്ടെന്നും സ്വാതന്ത്ര്യദിനത്തെക്കുറിച്ചുള്ളതാണ് പ്രസംഗത്തിന് വിഷയമെന്നും ഞാന്‍ പറഞ്ഞിരിക്കാം.
സ്‌കൂളിലെ നോട്ടിസ് ബോര്‍ഡില്‍ സ്വാതന്ത്ര്യദിനത്തെക്കുറിച്ച് നീണ്ടൊരു പ്രസംഗം എഴുതിയിട്ടിരിന്നു.

പക്ഷേ, അമ്മച്ചി വേറൊരു പ്രസംഗമാണ് എഴുതി തന്നത്..വളരെ ലളിതമായ വരികളില്‍..ഒരുപാടു വലിച്ചു നീട്ടാതെ ...എന്നെക്കൊണ്ടത് പല ആവര്‍ത്തി കാണാതെ പറയിപ്പിച്ചു. 
സദസ്സിനെ മകള്‍ എങ്ങനെ അഭിമുഖീകരിക്കും എന്നോര്‍ത്താവണം അതിനും ഒരു വിദ്യ പറഞ്ഞു തന്നു.  വേദിയില്‍ നില്ക്കുമ്പോള്‍ സദസ്സിനെ നോക്കേണ്ടേ..ഏറ്റവും പിന്നിലെ ഭിത്തിയില്‍ നോക്കുക.  അപ്പോള്‍ സദസ്സിലുള്ളവര്‍ക്ക് അവരെയാ നോക്കുന്നതെന്ന് തോന്നിക്കോളും...

ഏതായാലും പേരു കൊടുത്തു. പേരു വിളിച്ചു. ധൈര്യമായിട്ട് കയറി നിന്ന് പ്രസംഗിച്ചു.  വിജയിയെ പ്രഖ്യാപിച്ചപ്പോള്‍ ഒന്നാം സമ്മാനം!.   അമ്മച്ചി പഠിപ്പിച്ച പ്രസംഗം....
എന്തൊരാഹ്ലാദമായിരുന്നു.  സ്റ്റീലിന്റെ ഒരു കറിപ്ലേറ്റായിരുന്നു സമ്മാനം.  അതുമായിട്ട് തെന്നിക്കിടന്ന വയല്‍വരമ്പിലൂടെയുള്ള ഓട്ടം..വരമ്പില്‍ കാല് കുത്തിയോ?  കുത്തിയിരുന്നെങ്കില്‍ ആടിക്കാറ്റ് ഇവളെ ചെളിക്കണ്ടത്തിലേക്ക് തള്ളിയിട്ടെനേ.. എന്തൊരുത്സാഹമായിരുന്നു വീട്ടിലെത്താന്‍..സമ്മാനമൊന്നു കാണിക്കാന്‍...
അന്ന് സ്വാതന്ത്ര്യദിനമായിരുന്നു. 
എല്ലാ അര്‍ത്ഥത്തിലും...
അന്ന് ഓടി വന്ന നെല്ല് പൂത്തുനിന്ന കണ്ടത്തില്‍ നിന്ന് മേലേക്ക് പാറി വീണ പച്ചക്കുതിരയെപ്പോലെ...ആ സ്വാതന്ത്ര്യദിനത്തില്‍ നിന്നാവാം ഒരു പക്ഷേ, എഴുത്ത് എന്നിലേക്ക് കടന്നു വന്നത്..

6 comments:

Myna said...

സ്വതവേ നാണംകുണിങ്ങിയായിരുന്നവള്‍ പ്രസംഗവേദിയില്‍ കയറുകയോ? മൈക്കിനു മുന്നില്‍ മുട്ടിടിക്കാതെ, പതറാതെ, ഒരു സദസ്സിനു മുന്നില്‍..?
ഇപ്പോഴും ഇവള്‍ക്ക് വിറയ്ക്കുന്നു, പതറുന്നു... അപ്പോള്‍ അന്നത്തെ കാര്യം പറയാനുണ്ടോ?
ഇങ്ങനെയുള്ളൊരു മകളെ എന്തു ധൈര്യത്തിലാണോ
എന്തോ അമ്മച്ചി മത്സരത്തിന് ചേര്‍ത്തത്? ഓര്‍ക്കുമ്പോള്‍ അമ്പരക്കുന്നു.

sunkalp said...

I've the same feeling, addressing an audience. Well narrated, good.

Echmukutty said...

അമ്മച്ചിമാർ ചിലപ്പോൾ ഇങ്ങനെയാണ്...

Abhilash said...

പാട്ടുപാടാനുള്ള രാഗതാളലയങ്ങളൊന്നും കുഞ്ഞുന്നാളിലെ കാണാഞ്ഞതുകൊണ്ടാവണം പാടാനൊരിക്കലും പറഞ്ഞില്ല. പിന്നെ, നൃത്തം..പഠിപ്പിക്കാന്‍ ഗുരുവിനെ കിട്ടാഞ്ഞാവണം അതിനും ശ്രമിച്ചില്ല.

രാവണ പ്രഭു എന്ന സിനിമയിലെ മോഹന്‍ലാല്‍ ഡയലോഗ് ഓര്‍മ്മ വരുന്നു.
നന്നായി എഴുതിയിട്ടുണ്ട്

Myna said...

sunkalp, echmu, abhilash സന്തോഷം. നന്ദി

മൌനം said...

അമ്മച്ചിയില്‍ ഒരു കലാകാരിയുണ്ടായിരുന്നു. പാടുകയും നൃത്തം ചെയ്യുകയും ചെയ്തിരുന്നു. വാക്‌സാമര്‍ത്ഥ്യവുമുണ്ടായിരുന്നു. പക്ഷേ, അതെല്ലാം വിവാഹം വരെ മാത്രം...തന്റെ ഉള്ളില്‍ മൂടിവെച്ച കലയെ മകളിലൂടെ സാക്ഷാത്ക്കരിക്കാന്‍ ശ്രമിച്ചതാവാം. .....അതെ... ഇന്നിന്റെ ചില അമ്മമാരല്ലെ ഇതു.. ആശംസകൾ..