Monday, November 6, 2017

പ്രവേശനമില്ലാത്ത അന്യരുടെ അകം


മൈനാകം - 2
പണ്ട് ഒരിടത്തൊരു പെൺകുട്ടിയുണ്ടായിരുന്നു. അവൾക്ക് അമ്മ വീട് അപരിചിതമായിരുന്നു. സഹപാഠികൾ അമ്മ വീടുകളിലേക്ക് വിരുന്നു പോയി എന്നു കേൾക്കുമ്പോൾ അവൾക്ക് കൗതുകമായിരുന്നു.
അമ്മ വീട് ആ പെൺകുട്ടിയുടെ സങ്കല്പത്തിന് അപ്പുറത്തായിരുന്നു. അവൾ പ്രണയ വിവാഹിതരുടെ മകളായിരുന്നു.

ഒരിക്കൽ, അമ്മ അവളേയും കൂട്ടി ബസു കയറി ഒരുത്സവ പറമ്പിലേക്ക് പോയി. തിരക്കുകൾക്കിടയിൽ നിന്നു മാറി ഒരു മതിലിന് അരികിൽ നിന്നിരുന്ന കുറച്ച് പ്രായം ചെന്ന സ്ത്രീ അവളോട് ചോദിച്ചു.
ആരാന്ന് മോൾക്ക് മനസ്സിലായോ?
അത് അവളുടെ അമ്മയുടെ അമ്മയായിരുന്നു.
അന്നു വരെ അപരിചിതയായിരുന്ന ആ സ്ത്രീ പിന്നീട് അവളുടെ പ്രിയപ്പെട്ടവളായി. അന്യമെന്നു കരുതിയ പലതും അടുത്തുത്തേക്കു വന്നു.
ഒരുകാലത്തെ മാറ്റി നിർത്തൽ, അപരിചിതത്വം, അന്യത്വമൊക്കെയാവാം ഇപ്പോൾ ചില വീടുകൾക്കും പറമ്പുകൾക്കും മുന്നിൽ ' അന്യർക്ക് അകത്തേക്ക് പ്രവേശനമില്ല' എന്ന ബോർഡുകാണുമ്പോൾ അവൾ അസ്വസ്ഥയാവുന്നു.
ആ പെൺകുട്ടി ഞാനായിരുന്നു.
ഇങ്ങനെ എഴുതി വെയ്ക്കുന്നത് എന്തിനായിരിക്കാം എന്ന് അപ്പോഴെല്ലാം ആലോചിക്കാറുണ്ട്.
അന്യര്‍, അകം, പ്രവേശനം എന്നീ വാക്കുകളുടെ അര്‍ത്ഥമെന്തെന്ന് ചിന്തിക്കുന്നു അപ്പോള്‍ . നിഘണ്ടുവിലെ കേവലാര്‍ത്ഥങ്ങളല്ല തിരയുന്നത്.
ആരാണ് അന്യര്‍? മനുഷ്യരെല്ലാം സഹോദരീ സഹോദരന്മാരാണെന്നു സങ്കല്പിക്കുന്നവര്‍ക്ക്, സുഹൃത്തുക്കളെന്നു വിചാരിക്കുന്നവര്‍ക്ക് , ആദി പിതാവിനും മാതാവിനും ജനിച്ചവരാണ് എല്ലാവരും എന്ന് വിശ്വസിക്കുന്നവര്‍ക്ക്, വസുദൈവ കുടുംബകം എന്നു കരുതുന്നവര്‍ക്ക് അന്യര്‍ എന്ന പദം അപരിചിതമാണ്. പിന്നെ ആര്‍ക്ക് ആരാണ് അന്യര്‍?
അന്യര്‍ എന്ന വാക്ക് എങ്ങനെയാണ് നിര്‍വ്വചിക്കുക? ആരാണ് നിര്‍വ്വചിക്കുക? രണ്ടാം വാക്കായ 'അക'ത്തുള്ളവരോ പുറത്തുള്ളവരോ?
അകത്തുള്ളവര്‍ വേലി കെട്ടി മതില്‍ കെട്ടിനപ്പുറം വിശ്വസിക്കാന്‍ കൊള്ളാത്തവരുടേതെന്നോ പുറത്തുള്ളവര്‍ മോശമെന്നോ കരുതുന്നുണ്ടോ?
ഉണ്ടാവണം അല്ലെങ്കില്‍ എഴുതി വെക്കില്ലെന്ന് തീര്‍ച്ച.
പുറത്തുള്ളവര്‍ക്ക് അകത്തുള്ളവര്‍ അന്യരല്ലെങ്കില്‍ എന്തു ചെയ്യും?
അകം എന്താണ്? മതില്‍ക്കെട്ടിനുള്ളില്‍ വീട്ടിനുള്ളില്‍ എന്നാണോ? ഓരോ മുറിയുടേയും ഉള്ളിലെന്നോ?
അതോ അകത്തെ ഓരോ മനുഷ്യരുടേയും അകമെന്നോ?
അകത്തുളെളാരാളുടെ അകം പുറത്തുള്ളൊരാള്‍ അപഹരിച്ചാല്‍ അകം എവിടെയായിരിക്കും? അപ്പോള്‍ അകം മതില്‍ക്കെട്ടിന് പുറത്തോ അകത്തോ?
അപ്പോള്‍ കേവല ശരീരത്തിന് വസിക്കാനുള്ള ഇടമാണോ അകം ?
ഇനി ഒരു പറമ്പോ വീടോ ആണെന്നു കരുതുക. അന്യര്‍ അകത്തു കയറിയാല്‍ എന്താണ്?
വിലപിടിപ്പുള്ളത് എടുത്തു കൊണ്ടു പോകുമെന്നോ?
സ്വര്‍ണ്ണം വിളയുന്നിടമാണോ? എണ്ണ കുഴിച്ചെടുക്കുന്നെന്നോ?
സ്വസ്ഥതയെ നശിപ്പിക്കുമെന്നോ? എങ്കില്‍ എന്തിലാണ് സ്വസ്ഥത കുടികൊള്ളുന്നത്?
ചോദ്യങ്ങള്‍ ഇങ്ങനെ നീണ്ടുനീണ്ടു പോകും.
മൂന്നാമത്തെ വാക്കായ പ്രവേശനത്തില്‍ തന്നെയുണ്ട് വേര്‍തിരിവ്. ചിലര്‍ക്കേ പ്രവേശനമുള്ളൂ. മറ്റുള്ളവര്‍ക്കില്ല.
ചിലപ്പോഴെല്ലാം ഇത്തരം ചോദ്യങ്ങള്‍ മനസ്സിനെ അലട്ടുമ്പോള്‍ ചെറുപ്പകാലത്തേക്ക് സഞ്ചരിക്കാറുണ്ട്. ഞങ്ങളുടെ അവധിക്കാലങ്ങളെപ്പറ്റി... പറമ്പ് വേലിയും മതിലുമൊന്നുമില്ലാത്തതാണ്. അതിരില്‍ കശുമാവുകളായിരുന്നു - (അതിര് സര്‍ക്കാര്‍ നിര്‍ണ്ണയിച്ചതുമാണ്) വേനല്‍ക്കാലം കശുവണ്ടിക്കാലം കൂടിയാണ്. വീഴുന്ന കശുവണ്ടി ചിലപ്പോള്‍ കുട്ടികള്‍ പെറുക്കിക്കൊണ്ടു പോകും. പക്ഷേ മരത്തില്‍ കയറി തല്ലിപ്പറിക്കാറില്ല. ഒന്നോ രണ്ടോ ആരെങ്കിലും കൊണ്ടു പോകുന്നതിന് കാവല്‍ നില്ക്കാറുമില്ലായിരുന്നു. കുരുമുളക് കായ്ച്ച് നില്ക്കുന്നു. കാപ്പി ക്കുരു പാകമായ് വരുന്നു. ചേമ്പും ചേനയും മത്തയും വളരുന്നു. അപൂര്‍വ്വമായ ഔഷധങ്ങള്‍ വളരുന്നു പക്ഷേ ആരും വന്ന് പിഴുതു കൊണ്ടു പോയിരുന്നില്ല. ഇന്നും കൊണ്ടു പോകുന്നില്ല. മാനവികതയിലൂന്നിയ, സംസ്‌ക്കാരത്തിലൂന്നിയ പാരസ്പര്യത്തില്‍ നിന്നാണ് എല്ലാ നിലനില്പുകളും ഉണ്ടാവുന്നത്.
വേനലവധിക്കാലത്ത് പകല്‍ മുഴുവന്‍ ഞങ്ങള്‍ പുറത്ത് കളിച്ചു നടന്നു. ആറ്റിലും പറമ്പിലും മലയിലുമൊക്കെയായി. വിശക്കും നേരം വന്ന് കഴിച്ചിട്ട് ഓട്ടമാണ്. പകല്‍ അകമെന്നൊരിടമേയില്ല. കറണ്ടില്ലാ കാലമാണ് വീട്ടിലും ചുറ്റുപാടും . സന്ധ്യ കഴിഞ്ഞാല്‍ കളി മുറ്റത്താകുന്നുവെന്നു മാത്രം. രാത്രി ഉറങ്ങാന്‍ നേരം മാത്രമാണ് ഞങ്ങള്‍ക്ക് വീടിന് അകമുണ്ടായിരുന്നത്. ആര്‍ക്കും എപ്പോഴും എവിടെയും കയറി വരാമായിരുന്നു. അന്യരെന്ന വാക്ക് അന്യമായിരുന്നു. പ്രവേശനം അന്യമായിരുന്നു. അകവും അന്യമായിരുന്നു.
പക്ഷേ, ഇന്നോ? കുട്ടികളൊക്കെ അകത്തിരിക്കുന്നു. അകത്തേ കളികള്‍ മാത്രം. അകത്തെ കാഴ്ചകള്‍ മാത്രം . പക്ഷേ, ടെലിവിഷനിലൂടെ, ഇന്റര്‍നെറ്റിലൂടെ ഒരു പാട് ദൂരെ വരെ കാണുന്നുണ്ട്. എന്നാല്‍ പുറത്തെ പ്രകൃതിയുടെ സ്പന്ദനങ്ങളൊന്നുമറിയുന്നില്ല. ആകാശവും ഭൂമിയും മഴയും കാടും പൂക്കളുമൊക്കെ അന്യമാകുന്നു. പുറത്തെ ആരും അന്യരാകുന്നു. ഇനി ചിലര്‍ അനുവാദം ചോദിക്കാതെ വന്നു വെന്നിരിക്കട്ടെ! അവര്‍ക്ക് എവിടെ വരെയായിരിക്കും പ്രവേശനം?
ചിലര്‍ക്ക് മുറ്റം, പൂമുഖം , കൂടിയാല്‍ ഭക്ഷണമുറി....
പണ്ട് ഓല മറച്ച വീടായാലും എവിടെയും ആര്‍ക്കും കയറാമായിരുന്നു. ഇപ്പോള്‍ മറ്റുള്ളവരെ അസൂയപ്പെടുത്താവുന്ന തരത്തില്‍ വീടുകളുണ്ടാക്കിയിട്ട് പ്രവേശനം പാസുമൂലം നിയന്ത്രിച്ചിരിക്കുന്നു.
എവിടമാണ് അന്യമാകുന്നത്? എവിടെയാണ് പ്രവേശനം വേണ്ടത് . ആര്‍ക്ക് എവിടെയാണ് വെളിച്ചം വേണ്ടത്?
അപ്പോള്‍ നമ്മള്‍ എഴുതി വെയ്ക്കാന്‍ തയ്യാറാകുന്നു, അന്യര്‍ക്ക് അകത്തേക്ക് പ്രവേശനമില്ല എന്ന്.
ഈ ഒരു വാചകം ഈ ലോകത്തെ എങ്ങനെ ഒരാള്‍ നോക്കി കാണുന്നു എന്നതിന് ഉദാഹരണമാണ്.
ആഗോളീകരണ കാലത്ത് എല്ലാം വിരല്‍ തുമ്പിലുണ്ട്. എന്നാലുമെല്ലാം ഏറെ ദൂരെയാണ്.
പ്രവേശനം സ്വന്തക്കാര്‍ക്ക്, ബന്ധുക്കള്‍ക്ക്, സുഹൃത്തുക്കള്‍ക്ക് (ഇതൊക്കെ ഏതു വിഭാഗം എത്രമാത്രം ബന്ധം എന്നതിനനുസരിച്ച് ഏറുകയും കുറയുകയും ചെയ്യുന്നു) ഹിന്ദു ക്രിസ്ത്യാനി,മുസ്ലീം, കമ്മ്യൂണിസ്റ്റ്, കോണ്‍ഗ്രസ്, സംഘപരിവാര്‍ , വലിയവര്‍, ചെറിയവര്‍, ഇടത്തരക്കാര്‍, ഡോക്ടര്‍, എഞ്ചിനീയര്‍, അധ്യാപകര്‍ എന്നിങ്ങനെ പല പല ഘട്ടങ്ങളായി വിഭജിച്ച് പ്രവേശനക്കാരെയും അന്യരേയും നാം സൃഷ്ടിക്കുന്നു. എല്ലാത്തിനും അവസാനം ഞാന്‍ എന്നില്‍ എന്റേതില്‍ മാത്രമായൊതുങ്ങുന്നു.. സ്വയം അന്യരെ സൃഷ്ടിക്കുമ്പോള്‍ അസഹിഷ്ണുത മുഖമുദ്രയാവുമ്പോള്‍ അകന്നു പോകുന്നത് മാനവികതയില്‍ നിന്നാണെന്ന് മറന്നു പോകുന്നു.
അതു കൊണ്ട് പ്രയോഗിക്കുന്ന ഒരോ വാക്കും നമ്മുടെ രാഷ്ട്രീയത്തെ വെളിവാക്കുന്നു. സമൂഹത്തെ വെളിവാക്കുന്നു.
വെളിവില്ലാത്തത് അവരവര്‍ക്ക് മാത്രമാകുന്നു.

1 comment:

Hari Kumar said...

അനുവാദം ഉണ്ടോ ഇല്ലയോ എന്നെന്നും നോക്കിയില്ല. ആദ്യമായി ഇതുവഴി വന്നപ്പോൾ ഒന്ന് കയറി പോയതാണ്. കുറച്ചു പോസ്റ്റുകൾ വായിച്ചതിനു ശേഷം കമെന്റിടാം.