Monday, November 6, 2017

എന്നെ തിരയുന്ന ഞാന്‍


'ആരാണ് ഞാന്‍' എന്ന് നാം നമ്മോട് തന്നെ ചോദിക്കണമെന്ന് അന്ന് ആദ്യമായി കേള്‍ക്കുകയായിരുന്നു.
കൗമാരകാലത്ത്, ഒരു നേതൃ പരിശീലന ക്യാമ്പില്‍ ക്ലാസെടുത്ത മനശാസ്ത്രഞ്ജനാണ് ഭാവി ആസൂത്രണം ചെയ്യുന്നതിന് ഇങ്ങനെ ചില ചോദ്യങ്ങള്‍ ചോദിക്കണമെന്ന് പറഞ്ഞത്.
എന്റെ കഴിവെന്താണ്? എന്റെ ലക്ഷ്യമെന്താണ്? പരിമിതികളെന്താണ്? അടുത്ത അഞ്ചു വര്‍ഷം കൊണ്ട് എന്തു നേടണം? വ്യക്തി ജീവിതത്തില്‍, കുടുംബ ജീവിതത്തില്‍, സാമൂഹ്യ ജീവിതത്തില്‍...
ഈ സമയത്ത് എന്തൊക്കെ പ്രശ്‌നങ്ങളുണ്ടാക്കാം? അവ എങ്ങനെയൊക്കെ പരിഹരിക്കാം? ആരൊക്കെ സഹായിക്കും?
ചിന്തിച്ച് ചിന്തിച്ച്
അതിനനുസരിച്ച് ഭാവി ആസൂത്രണം ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു.
അത്ര എളുപ്പത്തില്‍ ഉത്തരം കണ്ടു പിടിക്കാന്‍ സാധിക്കാത്ത ചോദ്യങ്ങളുണ്ടെന്നും 'റെഡിമെയ്ഡ്' ഉത്തരങ്ങള്‍ ആരുടെയും കൈയ്യിലില്ലെന്നും ആദ്യമായി മനസ്സിലായതും അന്നാണ്.
പക്ഷേ, നിരന്തരം ഞാനാ ചോദ്യം ആവര്‍ത്തിച്ചു കൊണ്ടിരുന്നു. അന്നും ഇന്നും ഉത്തരം കണ്ടെത്താന്‍ ആയില്ലെങ്കിലും...

അഞ്ചു വര്‍ഷത്തേക്കു പോയിട്ട് രണ്ടു ദിവസത്തേക്കു പോലും ഭാവിയെ കൃത്യമായി ആസൂത്രണം ചെയ്യാന്‍ എനിക്കായിട്ടില്ല. കിട്ടിയത് കിട്ടി. പോയത് പോയി എന്ന നിസ്സംഗഭാവം എപ്പോഴും കൂടെയുണ്ട്.
അടുത്തിടെ ഒരു പുസ്തകം തപാല്‍ വഴി കിട്ടി. ഇത് നിങ്ങളുടെ വേരുകളിലേക്കുള്ള യാത്രയാവും എന്ന് പുസ്തകം അയച്ചയാള്‍ കുറിച്ചിരുന്നു.
എന്റെ വേരുകള്‍ എവിടെയാണ് അന്വേഷിക്കേണ്ടത്?
ചിലര്‍ പറയാറുണ്ട് നമ്മള്‍ സമാന മനസ്സുള്ളവരാണ് എന്ന്. ഇഷ്ടപ്പെട്ട പുസ്തകമോ, ഇഷ്ടപ്പെട്ട ഭക്ഷണമോ, യാത്ര ചെയത സ്ഥലമോ, ഇഷ്ടപ്പെട്ട പാട്ടോ ഒക്കെയാവും ഈ സമാനതയെ നിര്‍ണ്ണയിക്കുന്നത്. അതു കൊണ്ടു മാത്രം സമാന മനസ്‌ക്കരാകുന്നതെങ്ങനെ?
ഒരേ മാതാപിതാക്കള്‍ക്ക് ജനിച്ച ഞങ്ങള്‍ സഹോദരങ്ങള്‍ മൂന്നു പേരും വ്യത്യസ്ത സ്വഭാവക്കാരാണ്. മുഖഛായയില്‍ സാമ്യമുണ്ടാകാമെങ്കിലും. ഒരേ വീട്ടില്‍ അടുത്തടുത്ത വര്‍ഷങ്ങളില്‍ ജനിക്കുകയും ഒരേ സാഹചര്യത്തില്‍ വളരുകയും ചെയ്തവര്‍! എന്നിട്ടും ഞങ്ങള്‍ വ്യത്യസ്തരാവുന്നു. സമാനതകളേക്കാള്‍ വൈരുദ്ധ്യങ്ങളെ വേണം അംഗീകരിക്കാന്‍. എന്നെ ചിലര്‍ മിത്രമായും മറ്റു ചിലര്‍ ശത്രുവായും കാണുന്നുണ്ടാവാം. അപ്പോള്‍ എന്നില്‍ തന്നെയുണ്ട് വൈരുദ്ധ്യങ്ങള്‍ ഏറെ.
ഒരേ ഇഷ്ടങ്ങള്‍ ഉള്ളവരെ മാത്രമേ എനിക്ക് അംഗീകരിക്കാനാവൂ എന്നില്ല . വൈരുദ്ധ്യങ്ങളും വൈവിധ്യങ്ങളുമുണ്ടെങ്കിലേ ശരിയാവൂ എന്നൊരു ധാരണ ഉറച്ചു പോയിട്ടുണ്ട്. സമാന സ്വഭാവങ്ങള്‍ക്കപ്പുറം വൈരുദ്ധ്യങ്ങളെക്കൂടി അംഗീകരിച്ചാലേ ഞാനെന്ന വ്യക്തി സഹിഷ്ണു ആവൂ!
അല്ലെങ്കില്‍ സമാന ഹൃദയരില്‍ എനിക്കിഷ്ടപ്പെടാത്തത് എന്നു തോന്നുന്നത് കണ്ടാല്‍ അസ്വസ്ഥയാവുകയും അസഹിഷ്ണു ആകുകയും ചെയ്യും. ഞാന്‍ സഹിഷ്ണുവായിരിക്കാന്‍ ശീലിക്കുകയാണ് - വേരുകളെ അന്വേഷിച്ചും എന്നെ അന്വേഷിച്ചും.
വേരുകള്‍ അന്വേഷിക്കുകയാണെങ്കില്‍ എത്ര മാത്രം യാത്ര ചെയ്യേണ്ടി വരും?
'ജൈവ മനുഷ്യന്‍' എന്ന ആനന്ദിന്റെ പുസ്തകത്തില്‍ ജനന നിയന്ത്രണം പ്രചരിപ്പിക്കാന്‍ പോയ ഒരു പ്രവര്‍ത്തകന്‍ പറഞ്ഞ ഒരു കഥയെപ്പറ്റി പരാമര്‍ശിക്കുന്നുണ്ട്. പ്രചാരകന്‍ തനിക്കു കിട്ടിയ ശ്രോതാവിനോട് ചോദിച്ചു. ഇന്നത്തെ നിങ്ങളുടെ സ്ഥാനത്ത് നാളെ രണ്ടുപേര്‍, അവരുടെ സ്ഥാനത്ത് മറ്റെന്നാള്‍ നാല്, നാലാന്നാള്‍ എട്ട് . ഈ വിധം ചില തലമുറകള്‍ക്ക് ശേഷം നിങ്ങളൊരാള്‍ ഒരു മനുഷ്യ സമുദ്രമായി മാറുകയില്ലേ? ശ്രോതാവ് മറുത്ത് തമാശയായി ചോദിച്ചുവത്രെ ബ നോക്കൂ ഈ എനിക്ക് മുമ്പ് എന്റെ മാതാപിതാക്കന്മാര്‍ രണ്ടുപേര്‍, അവര്‍ക്കു മുമ്പ് അവരുടെ മാതാപിതാക്കന്മാര്‍ നാലുപേര്‍, ഈ വിധം പണ്ടൊരു സമുദ്രം ഉണ്ടായിരുന്നിടത്തല്ലേ ഇപ്പോള്‍ ഞാന്‍ തനിച്ച് ഒരാളായി നില്ക്കുന്നത്?
ഇവിടെ ഇപ്പോള്‍ ഒറ്റപ്പെട്ട് നില്‍ക്കുന്ന ഞാനെന്ന മനുഷ്യന്റെ ഏകാന്ത സുന്ദരമായ സ്വത്വത്തിനു മുമ്പിലും പുറകിലും കിടക്കുന്നതും ഇതുപോലെ എല്ലാം അലിഞ്ഞു ചേര്‍ന്നതും അവ്യക്തമായതുമായ കടലുകള്‍ തന്നെയല്ലേ? ആ കടലുകള്‍ക്കിടയില്‍ ഇവിടെ ഇപ്പോള്‍ മാത്രമല്ലേ എന്റെ സ്വത്വത്തിനും ഞാന്‍ ഘോഷിക്കുന്ന സംസ്‌കാരത്തിനും ഭാഷക്കും രാഷ്ട്രത്തിനു തന്നെയും അര്‍ത്ഥമുള്ളൂ?
വേരുകള്‍ തേടി പോയാല്‍ അതിരുകളും അതിര്‍ത്തികളും വേലിക്കെട്ടുകളും ലംഘിക്കപ്പെടും. വര്‍ണ്ണ ഭേദങ്ങളും വിവേചനങ്ങളും ഇല്ലാതെയാവും. ജാതിയും വര്‍ഗ്ഗവും മതവും എല്ലാം നിഷ്പ്രഭമാകും.
ഇന്നുവരെ തിരിച്ചറിഞ്ഞ പതിനഞ്ചുലക്ഷത്തോളം വരുന്ന സസ്യ ജന്തുജാലങ്ങള്‍ക്കിടയില്‍ ഒന്നു മാത്രമായി 'ഞാന്‍' മാറുന്നു. സൂക്ഷ്മാര്‍ത്ഥത്തില്‍ വെറും മൂലകങ്ങളുടെ കൂട്ടമാകുന്നു 'ഞാന്‍'.
എന്നെ ഞാന്‍ തിരയേണ്ടത് എവിടെയാണ് ? രണ്ടര ലക്ഷംവര്‍ഷം മുമ്പ് ഭൂമിയില്‍ ഉടലെടുത്തത്ത മനുഷ്യവംശത്തിന്റെ തുടക്കത്തിലോ? അതോ രണ്ടരക്കോടി വര്‍ഷം മുമ്പ് ഉടലെടുത്ത ജീവബിന്ദുവിലോ?
പ്രയാണം ആ ജീവബിന്ദുവില്‍ നിന്നു തുടങ്ങുന്നു. അനിശ്ചതമായ കാലത്തേക്കും ദൂരത്തേക്കുമായുള്ള പ്രയാണത്തിലാണ് 'ഞാന്‍'.

No comments: