Friday, December 8, 2017

വാക്കും വിഷവും


വാക്കുകള്‍ നൃത്തം ചെയ്യുന്നു ചുറ്റും. പല രീതികളില്‍, ഭാവങ്ങളില്‍, രസങ്ങളില്‍,
ധ്വനികളില്‍, താളങ്ങളില്‍... പക്ഷേ, ചിലത് നമ്മെ സന്തോഷിപ്പിക്കുന്നു,
സമാധാനിപ്പിക്കുന്നു, ചിരിപ്പിക്കുന്നു, ചിന്തിപ്പിക്കുന്നു... എന്നാല്‍ മറ്റു
ചില വാക്കുകള്‍ ദു:ഖിപ്പിക്കുന്നു, മിന്നല്‍ പോലെ ഹൃദയത്തെ മുറിവേല്‍പ്പിക്കുന്നു,
തീരാവേദന നല്‍കുന്നു. ശപിക്കാനും അനുഗ്രഹിക്കാനും വാക്കുകള്‍ വേണം. ഒന്ന്
ജീവിതകാലം മുഴുവനും വേദനയുണ്ടാക്കുമ്പോള്‍ രണ്ടാമത്തേത് ആഹ്ലാദമുണ്ടാക്കുന്നു.
ഒരു വ്യക്തിയുടെ ജീവിതത്തില്‍ വിജയപരാജയങ്ങളെ വരെ സ്വാധീനിക്കുന്നു ഇത്തരം
വാക്കുകള്‍.


വാക്കിനെ നിര്‍വ്വചിക്കുക എന്നത് ഭാഷാശാസ്ത്രഞ്ജന്‍മാര്‍ക്ക് കീറാമുട്ടിയാണ്. .
ഏറ്റവും ചെറിയ സ്വതന്ത്ര ഭാഷായൂണിറ്റ് എന്ന് ബ്ലൂം ഫീല്‍ഡ് നിര്‍വ്വചിക്കുന്നു.
പ്രയോഗത്തിനു തയ്യാറുള്ള ശബ്ദത്തിന് പദം എന്നു പറയാമെന്ന് കേരളപാണിനി .
ഏതായാലും നാം ആശയ വിനിമയത്തിനുപയോഗിക്കുന്ന ശക്തമായ ഉപാധിയാണ്
വാക്കുകള്‍. ചിലപ്പോള്‍ വാക്കുകള്‍ അമൃതാകുന്നു. മറ്റു ചിലപ്പോള്‍ വിഷവും.
പാരമ്പര്യ വിഷചികിത്സയില്‍ വിഷങ്ങളുടെ പട്ടികയില്‍ വാക്കുമുണ്ട്.
വിഷാദം ജനയതി വിഷഃ .
വിഷാദം ഉണ്ടാക്കുന്നതെന്തായാലും അത് വിഷമാകുന്നു. വാക്കായാലും.
പ്രജകളെ സൃഷ്ടിച്ചുകൊണ്ടിരുന്നു ബ്രഹ്മാവിനെ കൈടഭാസുരന്‍ എന്നൊരു അഹങ്കാരി
തടസ്സപ്പെടുത്തിയത്രെ ! അതുകണ്ട് കോപിച്ച ബ്രഹ്മാവിന്റെ മുഖത്തുനിന്നും
ക്രോധം മൂര്‍ത്തീകരിച്ച് അതിദാരുണമായ ഒരു മൂര്‍ത്തി താഴെ വീണു.
അലറിക്കൊണ്ടിരുന്നവനും അന്തകനെപ്പോലെ ബലവാനുമായ കൈടഭാസനെ ആ മൂര്‍ത്തി
ദഹിപ്പിച്ചുകളഞ്ഞു. അതിനുശേഷവും ആ ക്രോധ മൂര്‍ത്തിയുടെ തേജസ്സ് അത്ഭുതമാംവണ്ണം
വര്‍ദ്ധിക്കുവാന്‍ തുടങ്ങി. അവനെ കണ്ടിട്ട് ദേവന്മാര്‍ക്ക് വിഷാദമുണ്ടായി . ആ വിഷാദം
ഉണ്ടാക്കിയതിന് വിഷം എന്നു പറയുന്നു. പ്രജകളെയെല്ലാം സൃഷ്ടിച്ചശേഷം ബ്രഹ്മാവ്
ആ മൂര്‍ത്തിയെ സൂക്ഷ്മമായി വിഭജിച്ച് ഭൂമിയിലെ സ്ഥാവരങ്ങളും ജംഗമങ്ങളുമായ എല്ലാ
ഭൂതങ്ങളിലും വെച്ചു കൊടുത്തു എന്നാണ് സുശ്രുതാചാര്യന്‍ അഭിപ്രായപ്പെട്ടത്.
അപ്പോള്‍ വിഷാദത്തില്‍ നിന്നാണ് വിഷമുണ്ടായത്. വാക്കും വിഷാദത്തിന്
കാരണമാകുന്നുവെങ്കില്‍ വിഷമാകുന്നു.
വിഷജീവികള്‍ ഏതു കടിച്ചാലും മരുന്നുണ്ട്. പക്ഷേ, വാക്കിലൂടെ ഉണ്ടായ വിഷം ഒരു
മരുന്നുകൊണ്ടും സുഖപ്പെടുത്താനാവില്ലെന്ന് വിഷവൈദ്യരംഗത്ത് പ്രശസ്തയായ വിമല
അന്തര്‍ജ്ജനം പറയുന്നു.
വൃദ്ധ കാശ്യപന്‍ സൂക്ഷ്മമെന്നും സ്ഥൂലമെന്നും വിഷത്തെ രണ്ടായി
തിരിക്കുന്നുണ്ട്. സര്‍പ്പങ്ങളുടേയും ജീവികളുടേയും മറ്റും വിഷം സ്ഥൂല വിഭാഗത്തില്‍
പെടുന്നു. സൂക്ഷ്മ വിഷങ്ങളൊന്നും ദൃഷ്ടിഗോചരങ്ങളല്ല.
അതില്‍ പ്രധാനമാണ് ശബ്ദിക വിഷം. ഖര, അതിഖര, അനുനാസിക ശബ്ദങ്ങള്‍ കര്‍ണ്ണത്തിലൂടെ
ദേഹത്ത് ചെന്നുണ്ടാക്കുന്ന വിഷമാണിതെന്ന് വിശദീകരിക്കുന്നു. ഇതിന്
ഉഷ്ണവീര്യമാണുള്ളതെന്നും കാലക്രമേണ രക്തത്തെ ദുഷിപ്പിച്ച് ധാതുക്കളുടെ
കെട്ടുറപ്പിനെ അയച്ച് മന്ദത്വവും മൂഢത്വവും ജഡത്വവും വരുത്തുന്നുവെന്നും
പറയുന്നു.
ചിലര്‍ പറയാറുണ്ട് അവന്‍ പറഞ്ഞ വാക്കുകളെന്നെ നിരന്തരം വേട്ടയാടുന്നുവെന്ന്. പറയാന്‍
പാടില്ലാത്ത എന്തെല്ലാം വാക്കുകളാണ് കേട്ടത് എന്ന്. നാവ് പുഴുത്തു
പോകുന്നില്ലല്ലോ എന്ന്. ചിലരുടെ വാക്കുകള്‍ കരിനാക്കിന്‍ പ്രയോഗങ്ങളാണെന്ന്
വിശ്വസിക്കുന്നു. ചിലര്‍ കുഞ്ഞുങ്ങളിലും മറ്റുമുണ്ടാന്ന അസുഖങ്ങളും അസ്വസ്ഥതകളും
നാവു ദോഷത്തില്‍ നിന്നു വന്നതാണെന്ന് വിശ്വസിച്ച് നാവൂറ് പാടിച്ച് ദോഷം
തീര്‍ക്കുന്നു. ചിലര്‍ മാന്ത്രിക ക്രിയകള്‍ക്കു പോകുന്നു. എല്ലാത്തിനു പിന്നിലും
വാക്കാണ് .
രാഷട്രീയ നേതാക്കളുടെ പ്രസംഗങ്ങളിലെ ചില വാക്കുകള്‍ എത്രയോ പേരെ
ചൊടിപ്പിക്കുന്നു. എന്തിനിത്തരത്തിലെ പ്രയോഗങ്ങളെന്നു പറയുന്നു. സീസറും
മാര്‍ക്ക് ആന്റണിയും വിവേകാനന്ദനും വാക്കുകളെ അമ്മാനമാടി ഉയര്‍ന്നവരാണ്.
സുകുമാര്‍ അഴീക്കോടും സുനില്‍ പി ഇളയിടവും പി.കെ. രാജശേഖരനുമൊക്കെ വാക്കിന്റെ
മൂന്നാംകര കാണിച്ചു തരുന്നു.
ദുര്‍മൂര്‍ത്തികളെപ്പോലെ നാം ചില നേരത്ത് ഉറഞ്ഞു തുള്ളുന്നു. അസഭ്യങ്ങള്‍ക്കും
ഏഷണിക്കും പരദൂഷണങ്ങള്‍ക്കും ഉപയോഗിക്കുന്നതും വാക്കുകള്‍ തന്നെ.
വാക്ക് ചിലപ്പോള്‍ അസഹനീയമാകുന്നു - ആരില്‍ നിന്ന് വരുന്നുവെങ്കിലും. ചിലര്‍ കൈ
കൊട്ടുന്ന വാക്കുകള്‍ മറ്റുള്ളവര്‍ക്ക് അസ്വസ്ഥതയുണ്ടാക്കുന്നു. വാക്കുകള്‍
എറിഞ്ഞാണ് അസഹിഷ്ണുത പടര്‍ത്തുന്നത്. മസ്തിഷ്‌ക്കപ്രക്ഷാളനം നടക്കുന്നത്
വാക്കുകളിലൂടെയാണ്. അവിടെ വാക്കുകള്‍ വിഷമാകുന്നു.
ജീവനെ നശിപ്പിക്കുക എന്ന കര്‍മ്മവുമായി നടക്കുന്ന വിഷം വാക്കുകളുടെ രൂപത്തില്‍
നമുക്ക് ചുറ്റും തക്കം പാര്‍ത്തിരിക്കുന്നു. എപ്പോള്‍ വേണമെങ്കിലും നുണയുടെ
രൂപത്തില്‍, കെണിയുടെ ഭാവത്തില്‍, ക്രോധത്തില്‍, അസഭ്യ രൂപങ്ങളില്‍, ശാപവാക്കുകളാല്‍
തുടങ്ങി ഏതു വിധത്തിലും കര്‍ണ്ണങ്ങളിലൂടെ വിഷമായി അവ ശരീരത്തിലെത്താം. ജീവിതകാലം
മുഴുവന്‍ ഉമിത്തീയില്‍ എരിയാം. പല വിധ പീഡകള്‍ തോന്നാം. അസ്വസ്ഥമാക്കാം. പക്ഷേ
അപ്പോഴെല്ലാം അറിവാണ് മനസ്സിനെ ഏകാഗ്രമാക്കേണ്ടത്...
ആധുനീക കാലത്ത് വാക്കിന്റെ ദുരുപയോഗത്തെ ശ്രദ്ധിച്ചു കൊണ്ടേയിരിക്കുക...
കുറഞ്ഞ മാത്രയില്‍ അമൃതാകുന്ന ഒന്ന് (ഔഷധം) കൂടിയ മാത്രയില്‍ വിഷമാകുന്നു.
എന്നാല്‍ എല്ലാ വാക്കും വിഷമാകുന്നില്ല. വിഷവും അമൃതും ഒന്നില്‍ നിന്നുണ്ടായി
എന്നു പറയും പോലെയാണത്. ഒരു ദ്രവ്യം വിഷവും അമൃതുമാകുന്നത് അതിനെ സംബന്ധിച്ച
അറിവില്‍ നിന്നാണ്.
വിദ്യാഭ്യാസത്തിലൂടെ നാം അറിവാണ് നേടുന്നത് എന്നു പറയുന്നുണ്ടെങ്കിലും അത്
കേവല അറിവു മാത്രമാണ്. അതുകൊണ്ടാണ് വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ വിഷമേതെന്നോ
അമൃതേതെന്നോ തിരിച്ചറിയാതെ പോകുന്നത്. അമൃതാകാവുന്ന വാക്കുകള്‍ ഉപയോഗിക്കാന്‍
ശീലിക്കേണ്ടിയിരിക്കുന്നു. അറിവിന്റെ മന്ത്രമാണ് പഠിക്കേണ്ടത് .
കുറിപ്പ്
ദ്രവ്യം -ഭക്ഷണമായും മരുന്നായും ഉപയോഗിക്കാവുന്ന വസ്തു.
സഹായക ഗ്രന്ഥങ്ങള്‍
ക്രിയാകൗമുദി - വി.എം. കുട്ടിക്കൃഷ്ണമേനോന്‍
ചരകസംഹിത
സുശ്രുതസംഹിത

1 comment:

മഹേഷ് മേനോൻ said...

വാക്ക് ചിലപ്പോള്‍ അസഹനീയമാകുന്നു - ആരില്‍ നിന്ന് വരുന്നുവെങ്കിലും. ചിലര്‍ കൈ
കൊട്ടുന്ന വാക്കുകള്‍ മറ്റുള്ളവര്‍ക്ക് അസ്വസ്ഥതയുണ്ടാക്കുന്നു. വാക്കുകള്‍
എറിഞ്ഞാണ് അസഹിഷ്ണുത പടര്‍ത്തുന്നത്. മസ്തിഷ്‌ക്കപ്രക്ഷാളനം നടക്കുന്നത്
വാക്കുകളിലൂടെയാണ്. അവിടെ വാക്കുകള്‍ വിഷമാകുന്നു.
ജീവനെ നശിപ്പിക്കുക എന്ന കര്‍മ്മവുമായി നടക്കുന്ന വിഷം വാക്കുകളുടെ രൂപത്തില്‍
നമുക്ക് ചുറ്റും തക്കം പാര്‍ത്തിരിക്കുന്നു.

പരമാർത്ഥം. വാവിട്ട വാക്കും കൈവിട്ട ആയുധവും അപകടകരമാകുന്നത് അതുകൊണ്ടാണല്ലോ