Friday, December 8, 2017

അമ്മച്ചി വാള്‍ഡനില്‍
ആരാണ് പൈസ കണ്ടു പിടിച്ചത് എന്ന് ഏഴാം ക്ലാസ്സുകാരിയായ മകള്‍ ചോദിച്ചു. ഒരു നിമിഷം ഞാന്‍ അമ്പരന്നു.

അവള്‍ പലപല ആവശ്യങ്ങള്‍ പറയുമ്പോള്‍ കൈയ്യില്‍ പൈസയുണ്ടാവുമ്പോഴാവട്ടെ, അടുത്ത പ്രാവിശ്യമാവട്ടെ, കുറച്ചു കാലം കഴിയട്ടെ എന്നിങ്ങനെ പല ന്യായങ്ങള്‍ നിരത്താറുണ്ട്. അതുകൊണ്ടാവുമോ അവള്‍ പണത്തെപ്പറ്റി ചോദിച്ചത് എന്നായി ചിന്ത.
കുട്ടിത്തത്തിന്റെ കുസൃതിയിലോ നൈരാശ്യത്തിലോ ആയിരുന്നില്ല മറിച്ച് ഇരുത്തം വന്ന ഒരാളുടേതു പോലുണ്ടായിരുന്നു അവളുടെ അന്നേരത്തെ ഭാവം.
കൈയ്യില്‍ കിട്ടുന്ന പൈസ കൊണ്ട് എല്ലാ ആഗ്രഹവും നടത്താനാവാത്തതു കൊണ്ടാണോ?
പണമെന്ന വിനിമയോപാധി ഇല്ലായിരുന്നെങ്കില്‍ ഈ ലോകം സ്വര്‍ഗ്ഗരാജ്യമാകുമെന്ന് കരുതിയിരിക്കുമോ?
പത്രത്തില്‍ വന്ന മാന്ദ്യത്തെപ്പറ്റിയുള്ള വാര്‍ത്തയാണ് ചോദിക്കാന്‍ കാരണമെന്ന് പറഞ്ഞ് അവള്‍ വിഷയത്തില്‍ നിന്നൊഴിഞ്ഞു. പക്ഷേ, എനിക്കറിയാമായിരുന്നു - അവളുടെ ചിന്തകളില്‍ പണമുണ്ടെന്ന്. പണമില്ലാത്ത ലോകത്തെപ്പറ്റി ചിന്തിച്ചിരിക്കാം എന്നും!


'ദരിദ്രനായ വിദ്യാര്‍ത്ഥി പോലും പഠിക്കുന്നതും പഠിപ്പിക്കുന്നതും അര്‍ത്ഥശാസ്ത്രം മാത്രമാണ്. അതേസമയം തത്ത്വശാസ്ത്രത്തിന്റെ തന്നെ പര്യായമായ ജീവിതത്തിന്റെ സാമ്പത്തികശാസ്ത്രം നമ്മുടെ കോളേജുകളില്‍ ആത്മാര്‍ഥതയോടെ ബോധനം ചെയ്യപ്പെടുന്നു പോലുമില്ല...' എന്ന് വാള്‍ഡനില്‍ തോറോ ആധുനികകാല വിദ്യാഭ്യാസത്തെ വിമര്‍ശിക്കുന്നുണ്ട്.
നാം അയല്‍ക്കാരെ കണ്ട് അവര്‍ക്കുള്ളതൊന്നും എനിക്കില്ലല്ലോ എന്ന് നെടുവീര്‍പ്പിടുന്നു. ബന്ധുക്കള്‍ ആര്‍ജ്ജിക്കുന്ന സ്വത്തുക്കളൊന്നും തനിക്ക് സമ്പാദിക്കാനാവുന്നില്ലല്ലോ എന്ന് പരിതപിക്കുന്നു.
ബന്ധുക്കളേക്കാള്‍ , പരിചയക്കാരേക്കാള്‍, അയല്‍ക്കാരേക്കാള്‍ മെച്ചപ്പെട്ട ജീവിതം എങ്ങനെയുണ്ടാക്കാം എന്ന് ഗവേഷണം ചെയ്യുന്നു. അര്‍ത്ഥത്തിന്റെ വഴിയിലൂടെ മാത്രമേ മെച്ചപ്പെട്ട ജീവിതമുണ്ടാവൂ എന്നു വിചാരിക്കുന്നു.
ഭാവിയില്‍ നേട്ടമുണ്ടാക്കാവുന്ന നിക്ഷേപ, ഇന്‍ഷ്വറന്‍സ് പദ്ധതികളെപ്പറ്റി പലരും സംസാരിക്കുന്നു. ഇമെയിലുകള്‍ വരുന്നു. പക്ഷേ, എന്തുകൊണ്ടോ അതിലൊന്നും വലിയ താത്പര്യം തോന്നാറില്ല. ആവശ്യത്തിനും അത്യാവശ്യത്തിനുമുള്ള പണമേ സമ്പാദിക്കുന്നുള്ളൂ. ഇപ്പോള്‍ ചെയ്തു തീര്‍ക്കാന്‍ ഒരുപാടു കാര്യങ്ങളുണ്ട്. അനിശ്ചിതമായ ഭാവിയെപ്പറ്റി ചിന്തിച്ചാല്‍ ഇപ്പോള്‍ നിവര്‍ത്തിക്കേണ്ട പല കാര്യങ്ങളും നടന്നെന്നു വരില്ല. കൂടുതല്‍ സാമ്പത്തിക സമ്മര്‍ദ്ദത്തില്‍ പെട്ടു പോയേക്കാം.
പലതരം സമ്മര്‍ദ്ദത്തിന്റേതായ ലോകത്തില്‍, അതിലൊന്നും കുരുങ്ങിപ്പോകാതെ സ്വയം ഉണ്ടാക്കിയെടുക്കുന്ന ചില നിമിഷങ്ങുണ്ട്. എന്റേതായ ആനന്ദങ്ങളുടെ, ആഹ്ലാദങ്ങളുടെ നിമിഷങ്ങള്‍. പണം വല്ലാതെ സ്വാധീനിച്ചാല്‍ ആ അസുലഭ നിമിഷങ്ങളില്‍ നിന്ന് പുറത്താകുമെന്ന് ചിന്തിക്കുന്നു.
എന്നും വയലുകളിലേക്ക് നടക്കുന്നു. പോകുന്ന വഴിയിലെ ചെറു വനം കാണുന്നു. അവിടെ പറന്നു കളിക്കുന്ന പറവകള്‍, തുമ്പികള്‍, കൈത്തോടിനു കുറുകെയുള്ള പാലത്തിലിരുന്ന് താഴെ ഒഴുകുന്ന വെള്ളത്തിലേക്ക്, മേലേ ആകാശത്തിലേക്ക് കാഴ്ചകള്‍ പോകുമ്പോഴുള്ള ആനന്ദം... വയലില്‍ നെല്ല് വിത്തുകളില്‍ നിന്ന് വിത്തുകളിലേക്ക് പരിണമിക്കുന്ന ചക്രചലനം കാണുന്നു. ഉറവയുടെ നിറം, ചെളിയുടെ ഗന്ധം, വയലില്‍ ആകാശപ്പക്ഷികളുടെ നിഴലുകള്‍, മഴയുടെ പലവിധ താളങ്ങള്‍...
പണം കൊണ്ടുള്ള ആധുനികോത്തര ലോകത്തിന് സമാന്തരമായി എനിക്ക് ഒരു വാള്‍ഡന്‍ ജീവിതവുമുണ്ട് എന്നു തോന്നാറുണ്ട്. പണമുണ്ടാക്കി ലോകം മുഴുവന്‍ ചുറ്റി സഞ്ചരിച്ചല്ല യാത്രകള്‍ ചെയ്യുന്നത്. എന്റെ സമാന്തര ലോകത്തെ കാനന ജീവിതത്തിലാണ്.
തോറോ പറയുന്നതുപോലെ ഞാനൊരു കാല്‍നട യാത്രക്കാരിയാണ്.
വാള്‍ഡന്‍ വായിക്കും മുമ്പും കാല്‍നടയാത്രക്കാരിയായിരുന്നു- ശേഷവും .
കാല്‍നട യാത്രക്കാരിയായത് എന്തുകൊണ്ടായിരുന്നു?
കാരണങ്ങള്‍ പലതും കണ്ടെത്താം. അമ്മച്ചി എന്നെ എന്തു പഠിപ്പിച്ചു എന്നു ചോദിച്ചാല്‍ ആദ്യം പറയുന്ന ഉത്തരം മിതവ്യയശീലം എന്നായിരിക്കും.
സര്‍ക്കാര്‍ ജീവനക്കാരിയായിരുന്ന അമ്മച്ചി തുച്ഛ വരുമാനം കൊണ്ടാണ് ഞങ്ങളെ വളര്‍ത്തിയത്. ആവശ്യങ്ങളെ നിവര്‍ത്തിച്ചത്. പഠിപ്പിച്ചത്. മൂന്നു പെണ്‍മക്കളെ ഭാവിയില്‍ വിവാഹം ചെയതയയ്ക്കുന്നതിനായി ഒന്നും സ്വരൂപിച്ചു വെച്ചില്ല. (വേണ്ടി വന്നുമില്ല)
ഇന്‍ഷ്വറന്‍സ് ഏജന്റ്മാരോട് കലഹിച്ചു. 'ഇന്ന് എന്റെ മക്കള്‍ ആരോഗ്യവും അറിവും നേടുന്നതിനാവശ്യമായ പണം ഇരുപത് വര്‍ഷം കഴിഞ്ഞ് കിട്ടിയിട്ട് എന്തു കാര്യം' എന്ന് പ്രയോജനത്തെപ്പറ്റി സൂചിപ്പിച്ചു വന്നവരോട് തര്‍ക്കിച്ചു. 'ഭാവിയിലേക്ക് മിച്ചം വെയ്ക്കാന്‍ ഇപ്പോള്‍ ഒന്നുമില്ല' എന്നു പറഞ്ഞയച്ചു. മരണത്തിന്റെ അനിശ്ചിതത്വവും മക്കളുടെ ഭാവിയും എന്ന വിഷയത്തില്‍ സംസാരിച്ചവരോട് 'അവര്‍ നേരിടട്ടെ' എന്ന് ധൈര്യത്തോടെ പറഞ്ഞു.
ഞങ്ങള്‍ക്ക് ഭൗതിക ആവശ്യങ്ങളുടെ ആഗ്രഹങ്ങള്‍ കുറവായിരുന്നു. ആഗ്രഹിക്കാന്‍ സമ്മതിച്ചില്ല എന്നു പറയുന്നതാവും ശരി. കിട്ടുന്നതേയുള്ളൂ. കിട്ടാത്തതിന് ആഗ്രഹിച്ചിട്ട് കാര്യമില്ലെന്ന് അറിയാമായിരുന്നു. പണം ചെലവാകുന്നത് ഏതെല്ലാം വഴിയിലൂടെയാണെന്ന് അമ്മച്ചി, കൂട്ടിയായിരിക്കുമ്പോഴെ എന്നോട് പങ്കുവെച്ചു തുടങ്ങിയിരുന്നു - ഇപ്പോഴും . മിതവ്യയം ശീലിച്ച ഞങ്ങളെ പിന്നീട് പിശുക്കരെന്നോ, നല്ല സാധനങ്ങള്‍ വാങ്ങാനറിയാത്തവര്‍ ( ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ ) എന്നോ പറഞ്ഞ് മറ്റുള്ളവര്‍ പരിഹസിക്കുന്നതിലെത്തിയിട്ടുണ്ട്.
മിതവിനിയോഗം ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളെ അതിസമര്‍ത്ഥമായി നേരിടാന്‍ കൂടിയുള്ളതാകുന്നു.
വിദ്യാഭ്യാസത്തിനായി ഞാന്‍ ശൂന്യവേതനവധി എടുത്തിട്ടുണ്ട്. ബാങ്കിലെ സ്ഥിര ജോലി രാജിവെച്ച് അധ്യാപനത്തിലേക്കു മാറിയ രണ്ടര വര്‍ഷം സാങ്കേതിക കാരണങ്ങളാല്‍ പണമില്ലാക്കാലമായിരുന്നു.
മിതവിനിയോഗം പണ്ടേ ശീലിച്ചതുകൊണ്ട് ഏതാണ്ട് ശാന്തവും സ്വസ്ഥവുമായി തന്നെ ആ കാലം കടന്നു പോയി.
'കലകളെപ്പറ്റിയോ ശാസ്ത്രങ്ങളെ പറ്റിയോ ഒരു കുട്ടി എന്തെങ്കിലും അറിയണമെന്ന് ഞാന്‍ ആഗ്രഹിക്കുകയാണ് എങ്കില്‍ ജീവിതകല ഒഴിച്ച് എന്തും പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്ന അയല്‍ പ്രദേശത്തെ ഒരു പ്രൊഫസറുടെ അടുത്തേക്ക് അവനെ പറഞ്ഞയയ്ക്കുകയെന്ന സാധാരണ രീതി ഞാന്‍ പിന്തുടരുകയില്ല' എന്ന് തോറോ പറയുന്നുണ്ട്. ഏതു കാലത്തും ഏതു ലോകത്തും ഏതു സാഹചര്യത്തിലും എങ്ങനെ ജീവിക്കാമെന്ന് തോറോ വാള്‍ഡനിലെ സ്വജീവിതം കൊണ്ട് നമ്മോട് സംസാരിക്കുന്നു.
നിശ്ചയമായും എന്റെ അമ്മച്ചിയ്ക്ക് തോറോയേയോ അദ്ദേഹത്തിന്റെ വാള്‍ഡന്‍ തടാകക്കരയിലെ ജീവിതമോ അറിയില്ല.
പക്ഷേ, തോറോ ചിന്തിക്കാനുള്ള ഊര്‍ജ്ജം എനിക്ക് തരുമ്പോള്‍ അമ്മച്ചി പ്രവര്‍ത്തിക്കാനുള്ള ഊര്‍ജ്ജം തരുന്നു.
'ജീവിതകല' പഠിക്കുന്നതിനായി ഞാന്‍ ജനനിബിഡമായ വഴികളില്‍ നിന്ന് കാട്ടിലേക്ക് നടക്കുന്നു.
കുറിപ്പ്:
മഹാത്മഗാന്ധി, ലിയോ ടോള്‍സ്റ്റോയ്, ഹെമിങ്വേ, കെന്നഡി, മാര്‍ട്ടിന്‍ ലൂഥര്‍ കിങ് തുടങ്ങി - എഴുത്തുകാരേയും ചിന്തകന്‍മാരെയും രാഷ്ട്രതന്ത്രജ്ഞരേയും വിപ്ലവകാരികളെയുമെല്ലാം ആഴത്തില്‍ സ്വാധീനിച്ച പുസ്തകമാണ് ഹെന്റി ഡേവിഡ് തോറയുടെ വാള്‍ഡന്‍ അഥവാ കാനനജീവിതം

No comments: