Friday, December 8, 2017

കഥകൾ തീരുന്നില്ല, ജീവിതം തുടരുന്നു


ആയിരം കഥാഗ്രന്ഥങ്ങള്‍ സ്വന്തമായുള്ളവളായിരുന്നു ഷെഹറാസാദ്... ആ രാജ്യത്തെ മന്ത്രി പുത്രിയായിരുന്ന അവള്‍ക്ക് ഒരു ദിവസം മരണത്തെ അഭിമുഖീകരിക്കേണ്ടി വന്നു.
അവിടുത്തെ രാജാവായ ഷഹരിയാര്‍ തന്നെ ചതിച്ച ഭാര്യയേയും പരിപാരങ്ങളേയും കൊന്നവനായിരുന്നു. പക്ഷേ, പിന്നീട് ഓരോ രാത്രിയിലും ഓരോ കന്യകമാരെ അന്ത:പുരത്തിലെത്തിക്കണമെന്ന് മന്ത്രിയോട് കല്പിച്ചു. എന്നാല്‍ ആ കന്യകമാരെ നേരം പുലരുമ്പോള്‍ കൊന്നുകളഞ്ഞിരുന്നു രാജാവ്. ഒടുക്കം ചെന്നെത്തിയത് ഷെഹരാസാദിലായിരുന്നു. അവള്‍ക്കറിയാമായിരുന്നു മരണം സുനിശ്ചിതമാണ് എന്ന്. എന്നാല്‍ അവള്‍ ജീവിതം നീട്ടിക്കിട്ടാന്‍ ഒരു പരീക്ഷണത്തിന് തയ്യാറാവുകയായിരുന്നു. രാജാവിനോട് കഥ പറഞ്ഞുകൊണ്ടാണ് അവള്‍ അതിജീവനത്തിന് തയ്യാറായത്.
ജനനത്തിനും മരണത്തിനുമിടയില്‍ എത്ര അതിജീവനശ്രമങ്ങളാണ് മനുഷ്യന്‍ നടത്തുന്നത്? മറ്റുള്ളവരുടെ ജീവിതം കേട്ടും പറഞ്ഞും ഓര്‍ത്തെടുത്തും നാം ജീവിതം നെയ്യുകയാണ്.


'എന്തിനാ ജീവിക്കുന്നത്' എന്ന് സരോജിനി ചേച്ചി ചോദിച്ചപ്പോള്‍ ഞാന്‍ അമ്പരന്നു. ആ അമ്പരപ്പ് കൂട്ടുകാരന്റെ മുഖത്തും കാണാമായിരുന്നു. അറുപതു കഴിഞ്ഞ, മക്കളും ഭര്‍ത്താവുമൊന്നുമില്ലാത്ത അവര്‍ നൈരാശ്യത്തിലാവുമോ ചോദിച്ചത് എന്ന് സംശയിച്ചു. എന്നാല്‍ പ്രസന്നതയോടെയാണ് അവര്‍ സംസാരിച്ചത്.
'ജീവിച്ചിരിക്കുന്നതിന്റെ അര്‍ത്ഥമെന്താണ്? '
പ്രാഥമിക വിദ്യാഭ്യാസം മാത്രം നേടിയിട്ടുള്ള ഗ്രാമീണയായ ഒരാള്‍ ദാര്‍ശനികമായാണോ ജീവിതത്തെക്കുറിച്ച് ചോദിക്കുന്നത് എന്ന് സന്ദേഹിക്കാം.
പക്ഷേ, ദര്‍ശനങ്ങളും ഉള്‍ക്കാഴ്ചകളുമുണ്ടാകാന്‍ വലിയ വലിയ അറിവും തൊഴിലുമൊന്നും വേണമെന്നില്ല.
ജീവിതത്തെപ്പറ്റിയാവുമ്പോള്‍, പ്രത്യേകിച്ചും.
ചിന്തകരും എഴുത്തുകാരും ശാസ്ത്രജ്ഞരും രാഷ്ട്രതന്ത്രജ്ഞരും തുടങ്ങി ഒട്ടേറെപ്പേര്‍ ജീവിതത്തിന്റെ അര്‍ത്ഥം കണ്ടെത്താന്‍ ശ്രമിച്ചിട്ടുണ്ട്. നിര്‍വ്വചിച്ചുണ്ട്. പക്ഷേ, നിര്‍വ്വചനങ്ങളെല്ലാം ആപേക്ഷികമാണ്.
ഓരോ ആളുകള്‍ക്കും നിര്‍വ്വചിക്കാവുന്ന , വിവിധ നിര്‍വ്വചനങ്ങള്‍ കണ്ടെത്താവുന്ന വിശാലമായ സങ്കല്പമാണ് ജീവിതം.
നിരന്തരം ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടിരിക്കുമ്പോള്‍, സാഹചര്യങ്ങള്‍ക്കനുസരിച്ച് ഒരു വ്യക്തിയില്‍ മറ്റൊരു വ്യക്തിയിലേക്ക് വരുമ്പോള്‍ ജീവിതത്തിന്റെ അര്‍ത്ഥവും മാനവും വ്യത്യസ്തമാവുന്നു.
സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍, യതിയില്‍ നിന്ന് കിട്ടിയ ഒരു കത്തിനെപ്പറ്റി സുഹൃത്ത് പറഞ്ഞു.
' ഓരോരുത്തവര്‍ക്കും അവരവര്‍ക്ക് മാത്രം ചെയ്യാനാവുന്ന കുറച്ച് കാര്യങ്ങളുണ്ട്. അതു കണ്ടെത്തി ചെയ്യുകയാണ് അവരവരുടെ ധര്‍മ്മം' എന്നാണ് അതിലെഴുതിയിരുന്നത് .
'എന്തു തന്നെയായാലും എനിക്കു മാത്രം ചെയ്യാന്‍ കഴിയുന്ന ചിലതുണ്ട് എന്ന് ഉറച്ചു വിശ്വസിക്കുന്നു' എന്ന് അവന്‍ പറയുന്നു. തനിക്കു മാത്രം ചെയ്തു തീര്‍ക്കാനുള്ള തനിക്കു മാത്രം ജീവിച്ചു തീര്‍ക്കാനുള്ള ഒരു ജീവിതം മാത്രമാണത്. ഒരാളെയും ഒരാള്‍ക്കും പൂര്‍ണ്ണമായി അനുകരിക്കാന്‍ സാധ്യമല്ല. നമ്മുടെ വിരലടയാളം പോലെ ലോകത്ത് മറ്റൊരാള്‍ക്കുമില്ല എന്നതു പോലെ...
എന്നാല്‍ എന്തിന്റെയൊക്കെയോ തുടര്‍ച്ചയുമാണ് ജീവിതം. ആരോ എഴുതി വെച്ചതിന്റെ തുടര്‍ച്ച, ആരോ വരച്ചു വെച്ചതിന്റെ തുടര്‍ച്ച, പാടിയ പാട്ടിന്റെ തുടര്‍ച്ച... പക്ഷേ തുടര്‍ച്ചയുണ്ടെങ്കിലും എല്ലാം വ്യത്യസ്തമായിരിക്കും. മറ്റൊരു അനുഭൂതി, മറ്റൊരു കാഴ്ച, മറ്റൊരു രാഗം...
ഇന്നലെയില്‍ നിന്നും ഇന്നിലേക്കും, ഇന്നില്‍ നിന്നും നാളെയിലേക്കുമുള്ള നൈരന്തര്യമാണ് ജീവിതം.
കഴിഞ്ഞ ദിവസം മുതിര്‍ന്ന സുഹൃത്ത് പറഞ്ഞു . മുപ്പത്തിയഞ്ചു വര്‍ഷം പഠിപ്പിച്ചു. ഒപ്പം പലവിധ ജോലികള്‍ ചെയ്തു . മുന്നില്‍ മക്കളായിരുന്നു. അവരെ ഒരിടത്ത് എത്തിക്കണമെന്ന വാശി. രാവും പകലും കഷ്ടപ്പെട്ടു. അവരൊക്കെ ഒരിടത്ത് എത്തിയിരിക്കുന്നു. ഇപ്പോള്‍ ലക്ഷ്യങ്ങളൊന്നുമില്ലാതായിരിക്കുന്നു. എങ്കിലും തിരിഞ്ഞു നോക്കുമ്പോള്‍ മനസ്സിലാവുന്നു. എനിക്കു വേണ്ടി ഇതുവരെ ജീവിച്ചതേയില്ല എന്ന്. വയസ്സായി എങ്കിലും എനിക്കായി ഇനി ജീവിക്കണം എന്ന് അവര്‍ പറഞ്ഞു.
എന്തു ജീവിതമാണിത് എന്നു ചോദിക്കാത്തവരുണ്ടോ? അറിയില്ല.
'ജോലിയുണ്ട്, നല്ല വീടുണ്ട്, എല്ലാമുണ്ട് പക്ഷേ സന്തോഷം മാത്രമില്ല. എന്തൊരു ജീവിതമാണിത്' എന്ന് സഹപ്രവര്‍ത്തക ചോദിച്ചത് ഇന്നലെയാണ്.
നാം അപകടങ്ങളെ ഭയക്കുന്നത് എന്തിനാണ്? അസ്വാതന്ത്ര്യങ്ങളെ ഇഷ്ടപ്പെടാത്തത് എന്തുകൊണ്ടാണ്? നശ്വരമാണ് ജീവിതമെന്നറിഞ്ഞിട്ടും ജീവിതത്തെ സ്‌നേഹിക്കുന്നതു കൊണ്ടാണ്.
കഴുതയെപ്പോലെ പണിയെടുത്ത് അംഗീകാരമൊന്നും കിട്ടാതിരിക്കുമ്പോഴും 'മതി ജീവിത'മെന്ന് നൈരാശ്യത്തില്‍ പറഞ്ഞേക്കാമെങ്കിലും മതിയാക്കുന്നില്ല ജീവിതം. അപ്പോഴും ജീവിതത്തെപ്പറ്റി പ്രത്യാശ പുലര്‍ത്തുന്നു.
'നിരാശപ്പെലടേണ്ടിവരുമെന്ന് അറിയാമെങ്കിലും ഓര്‍മ്മകളെ പുനശ്രിഷ്ടിക്കാനുള്ള ഉദ്യമം തന്നെയാണ് എനിക്ക് ജീവിതം. ചിന്തയിലെങ്കിലും അത് സംഭവിക്കുന്നു എന്നതാണ് ഇപ്പോള്‍ എനിക്കുള്ള ഇന്ധനം' എന്ന് ഓര്‍മകളില്‍ ജീവിക്കുന്ന സുഹൃത്ത് സന്ദേശമയയ്ക്കുന്നു.
'ഇത് സത്യാ.. എന്നെ സംബന്ധിച്ച് മാത്രം.. അതേ സമയം അറു,പിന്തിരിപ്പന്‍ ചിന്തയാണ് എന്നറിയാഞ്ഞിട്ടുമല്ല' എന്ന് വിശദീകരിക്കുന്നു.
ഓരോരുത്തരെ സംബന്ധിച്ച് വ്യത്യസ്തമാവുന്നു ജീവിതം.
അതുകൊണ്ടാണ് ഗാന്ധിയും ഗോഡ്‌സേയുമുണ്ടാകുന്നത്.. ഹിറ്റ്‌ലറും മദര്‍ തെരേസയുമുണ്ടാകുന്നത്.. ഒസാമ ബിന്‍ ലാദനും യുഗള പ്രസാദനുമുണ്ടാകുന്നത്… മരണം മുന്നില്‍ എത്തിയിട്ടും ഒരു ശ്രമമെന്ന മട്ടില്‍ കഥ പറഞ്ഞു ജീവിതം നീട്ടിക്കിട്ടിയ ഷെഹറാസാദ് ഉണ്ടാവുന്നത്…
സന്തോഷമുള്ളപ്പോഴുള്ള ജീവിതമല്ല ദു:ഖമുള്ളപ്പോഴുള്ള ജീവിത നിര്‍വ്വചനം.
ഒരു കുഞ്ഞു ജനിക്കുമ്പോഴുള്ള നിര്‍വ്വചനമല്ല പ്രയപ്പെട്ടവരുടെ വേര്‍പാട് തരുന്ന ജീവിത നിര്‍വ്വചനം . മഴ പെയ്യുമ്പോള്‍ തോന്നുന്ന നിര്‍വ്വചനമല്ല വെയിലുള്ളപ്പോള്‍...
ഒരു ജീവിതവും നിസ്സാരമല്ല.
അടുത്ത തലമുറയിലേക്കുള്ള തടര്‍ച്ചയുടെ ഉപകരണം മാത്രമാണ് ജീവിതം എന്നും പറയാം. അപ്പോഴും ഒന്നും നിസ്സാരമല്ല. മണിക്കൂറുകള്‍ മാത്രം ജീവിതമുള്ള ഈയാംപാറ്റയ്ക്കും ധര്‍മ്മമുണ്ട്. എവിടെ നിന്നോ തുടങ്ങിയ ജനിതക തുടര്‍ച്ച ...
അതുകൊണ്ട് ഒരുപാട് അര്‍ത്ഥതലങ്ങളുള്ള അത്ഭുതമാണ് ജീവിതം!
കുറിപ്പ്
ഷെഹറാസാദ് -ആയിരത്തൊന്നു രാവുകളുടെ കഥാകാരി
യുഗള പ്രസാദന്‍ -വിഭൂതി ഭൂഷണ്‍ ബന്ദോപാധ്യായയുടെ ആരണ്യക് നോവലിലെ പ്രകൃതി സ്‌നേഹി

No comments: