Thursday, February 26, 2009

ഞാനും പാറക്കടവും ജാടയും...!.

ഞാനും പാറക്കടവും ജാടയും തമ്മിലെന്തു ബന്ധമെന്നു ചോദിച്ചാല്‍ ഉള്ളിയുടെ തൊലി കളയും പോലെയാണത്‌. എന്നാലും ഒരു കൊല്ലംമുമ്പ്‌ നടന്ന കഥ പറയാതിരിക്കാനും വയ്യ.

അണപ്പല്ലുകളിലൊന്ന് കുറ്റിയായിട്ട് നില്‌ക്കാന്‍ തുടങ്ങിയിട്ട് നാളുകളെത്രയായെന്നോ...കുഞ്ഞുന്നാളു മുതല്‍ തുടങ്ങിയതാണ്‌ ഇടയ്‌ക്കിടക്ക്‌ വേദന....വേദന കൂടുമ്പോള്‍ അരിമേതാദി പഞ്ഞിയില്‍ മുക്കി പോട്ടില്‍ വെക്കും. കവിളില്‍ തേക്കും...ഇങ്ങനെ പത്തിരുപതുകൊല്ലം കൊണ്ടുനടന്നു. കുറ്റിയാണെങ്കിലും ആളത്ര ശല്യക്കാരനല്ലാത്തതുകൊണ്ട് ഇത്രനാള്‍ പിടിച്ചു നിന്നു.
പോടീ...നിന്റെ ഒരു അരിമേതാദി...എന്നു പറഞ്ഞുകൊണ്ട് കുറ്റി സകല ശക്തിയുമെടുത്ത് കുത്തിനോവിച്ച്‌ യുദ്ധത്തിനിറങ്ങിയപ്പോള്‍ രണ്ടാമതൊന്നലോചിച്ചില്ല....ഡോക്ടറെ കണ്ടേക്കാം....


ഡോക്ടറെ കാണാം എന്നു തീരുമാനിച്ചപ്പോള്‍ ഏതു ഡോക്ടറെ എന്നായി ചിന്ത. ഓഫീസിനു തൊട്ടു മുന്നിലൊരു പല്ലുഡോക്ടറുണ്ട്. തിരക്കുകുറഞ്ഞ നേരങ്ങളില്‍ അഞ്ചോ ആറോ വട്ടം പോയി നോക്കി. ഇരിക്കൂ ഡോക്ടറകത്തുണ്ട് എന്ന് ഒരു പൊക്കക്കാരി പെങ്കൊച്ച് കൊഞ്ചി പറഞ്ഞതല്ലാതെ ഡോക്ടറെ കാണാനുള്ള ഭാഗ്യമുണ്ടായില്ല.

കുറച്ചു നേരം ഇരുന്ന നേരത്താണെങ്കില്‍ , പ്രീഡിഗ്രിക്കു പഠിക്കുമ്പോള്‍ പ്രസാദ്‌ സാര്‍ പറഞ്ഞ കഥയോര്‍ത്തു ചിരിച്ചു. കോളേജില്‍ പഠിക്കുമ്പോള്‍ പല്ലുവേദനവന്നതും ഡോ. മറിയാമ്മയെ കണ്ടതുമായിരുന്നു ആ കഥ. അന്നു മറിയാമ്മ ഡോക്ടര്‍ കോതമംഗലത്താണ്‌. ഞങ്ങടെ അധ്യാപകനായി വന്നപ്പോഴാണ്‌ അടുത്ത പല്ലുവേദന സാറിന്‌. കോതമംഗലത്തേക്കു പോകേണ്ട...ഡോക്ടര്‍ അടിമാലിയിലും ക്ലിനിക്ക്‌ തുടങ്ങിയിട്ടുണ്ട്.
ക്ലിനിക്കില്‍ ചെന്നപ്പോള്‍ സാറു കണ്ടത് ഡോ.മറിയാമ്മ എന്ന സ്‌ത്രീയെയല്ല ഒരു പുരുഷനെയാണ്‌. കൊടിലുമായി നിന്ന പുരുഷന്‍ കാര്യം തിരക്കി...

ഡോക്ടറെ കാണണമെന്നു പറഞ്ഞപ്പോള്‍ ങ്‌ും എന്താ എന്നെ കണ്ടിട്ട് ഡോക്ടറാണെന്ന് തോന്നുന്നില്ലേ എന്നായിരുന്നു പുരുഷന്റെ മറുപടി.

മറിയാമ്മ ഡോക്ടറെ കാണാനാണെന്നു പറഞ്ഞപ്പോള്‍ പുള്ളിക്കാരി ആഴ്‌ചയില്‍ രണ്ടു ദിവസമേ ഉള്ളത്രേ...ബാക്കി ദിവസങ്ങളില്‍ പുരുഷനാണ്‌ അറ്റന്‍ഡ്‌ ചെയ്യുന്നത്.
ഈ പുരുഷനെ ഓര്‍മയില്‍ നിന്ന് തപ്പിയെടുത്തു.
അമ്പടാ...ഡോക്ടറുടെ ഹെല്‍പ്പറായിരുന്നവന്‍....

അതോര്‍ത്തപ്പോള്‍ ഇനി ഈ ഡോക്ടറെ കാണണ്ട മലാപ്പറമ്പിലൊരു ബോര്‍ഡു കണ്ടിട്ടുണ്ടല്ലോ...അങ്ങോട്ട് പോകാം എന്നു വിചാരിച്ചിറങ്ങി.

പല്ലുവേദനയാണെന്നറിഞ്ഞപ്പോള്‍ അനിയത്തി പറഞ്ഞു പോടടയ്‌ക്കാമോന്ന് നോക്കാന്‍...

കുറ്റിയില്‍ എന്തു പോടടയ്‌ക്കാന്‍...എത്ര കല്ലുംമണ്ണുമെടുത്തു അടച്ചുവെച്ചാലും അടുത്തു വേറെ മടയെടുക്കുന്ന എലിയെ ഓര്‍ത്തു ഞാന്‍....
ഡോക്ടറുടെ പേരിനൊപ്പം ചേര്‍ത്തിരുന്ന ABCD മൊത്തം വായിച്ച് തൃപ്‌തിപ്പെട്ടാണ്‌ കണ്ടത്.
'ഒരു രക്ഷയുമില്ല..എടുത്തു കളയണം. '

ടഇപ്പത്തന്നെ എടുത്തോ സാര്‍...ട

പക്ഷേ, വേദനമാറിയാലേ എടുക്കാനാവൂ....
വേദനക്കുള്ള മരുന്ന് എഴുതിതന്ന് രണ്ടു ദിവസം കഴിഞ്ഞ് വരാന്‍ പറഞ്ഞു വിട്ടു.

പല്ലു പറിക്കണമെന്നു കേട്ടപ്പോഴേക്കും അമ്മച്ചിക്ക് കലി കയറി.
-നിന്റെ കവിളൊട്ടും...
പല്ലിന്റെ എണ്ണം കൊറയും...-

കേട്ടാല്‍ തോന്നും എന്നെ ഇനിയും കെട്ടിക്കാന്‍ പോകുവാന്ന്....

വേദന കുറഞ്ഞു. പല്ലു പറിക്കേണ്ട ദിവസം....
തന്നെ പോകേണ്ടടീ...ഇന്നെനിക്കു നേരമില്ല വേറൊരു ദിവസം പോകാം എന്ന് കണവന്‍ പറഞ്ഞതിനും പുല്ലുവില...എന്തു ചെയ്യാം. കുറ്റിയിപ്പോള്‍ ശാന്തനായിരുക്കുന്നതൊന്നും നോക്കണ്ട...അതു മരുന്നിന്റെ ഫലം...അതിന്റെ ഫലമായി നെഞ്ചെരിച്ചില്‌ വിട്ടുമാറുന്നുമില്ല.
അതു മാത്രമല്ലല്ലോ...കവിളൊട്ടും പല്ലിന്റെ എണ്ണം കുറയുമെന്നൊക്കെയുള്ള തോന്നല്‍ പുളളിക്കാരനും തോന്നിപ്പോയാല്‍ കുറ്റി പിന്നെയും ബഹളംതുടങ്ങുകയും ഞാന്‍ വേദനിച്ച് ചാവുകയും ചെയ്യും...ചിന്തിക്കാനുള്ള അവസരം കൊടുക്കും മുമ്പേ...
ഒറ്റക്കു പൊയിക്കോളാം...എന്നു പറഞ്ഞു.
പല്ലെടുത്താല്‍ തലകറങ്ങുമെന്നും ചോരയൊരുപാടുപോകുമെന്നുമൊക്കെ പറഞ്ഞെങ്കിലും ഇനി വേറൊരു ദിവസം വരെ കാക്കാന്‍ വയ്യെന്നു ത്‌ന്നെ തീരുമാനിച്ചു...

ഒന്നുമറിഞ്ഞില്ല. ക്ടും..ക്ടും...തീര്‍ന്നു..
പത്തുമിനിറ്റു കഴിഞ്ഞപ്പോള്‍ ഇറങ്ങി നടന്നു.
ഓട്ടോ വിളിക്കാം. ഇതുവരെ തലകറക്കമില്ല. ഒരു വശം മരച്ചിരിക്കുന്നെന്നല്ലാതെ...
റോഡ് ക്രോസ് ചെയ്‌തപ്പോഴേ ഒരു ബസ്സു വരുന്നു. വെള്ളിമാടുകുന്ന് ബസ്സ്. എനിക്കു മാധ്യമം വരെയെത്തണം. നോക്കുമ്പോള്‍ കൃത്യം ചില്ലറ കൈയ്യില്‍ തടഞ്ഞു. മിണ്ടണ്ടല്ലോ...നേരെ ബസ്സിനു കയറി.

ബസ്സിറങ്ങി ഓട്ടോയുടെ അടുത്തേക്കു പോയി. പരിചയമുള്ള ഒറ്റയൊന്നില്ല. വാ തുറക്കാന്‍ മേല...നടന്നാല്‍ കലകറങ്ങി വീഴുമോ...ഇതുവരെയില്ലെന്നു വെച്ച് സംഭവിച്ചു കൂടായ്‌കയില്ലല്ലോ....ഓട്ടോക്കാരന് വഴി പറഞ്ഞു കൊടുക്കാന്‍ പറ്റാത്തതോര്‍ത്തപ്പോള്‍ നടക്കാന്‍ തന്നെ തീരുമാനിച്ചു.

അതിനും കുറച്ചു ദിവസം മുമ്പാണ്‌ ഞാന്‍ ആ വഴിയില്‍ വെച്ച് പി. കെ പാറക്കടവിനെ പരിചയപ്പെടുന്നത്. പത്തു പതിമൂന്നു കൊല്ലമായി എനിക്കറിയാം വായനയിലൂടെ..പിന്നീട്‌ ഇവിടെ താമസമാക്കിയപ്പോള്‍ പലയിടത്തും വെച്ച് കണ്ടിട്ടുണ്ട്. രാവിലെ ബസ്സുകയറാന്‍ നില്‌ക്കുമ്പോള്‍ പാറക്കടവ്‌ ബസ്സിറങ്ങി പോകുന്നതു കാണാം. തിരിച്ചു വരുമ്പോള്‍ ഞങ്ങള്‍ നേര്‍ക്കുനേര്‍ കാണാറുണ്ട്. എനിക്കെന്തോ പരിചയപ്പെടാന്‍ തോന്നിയിട്ടില്ല. പരിചയപ്പെട്ടു പോയാല്‍ പിന്നെ എന്നെ കണ്ടാല്‍ ചിരിക്കാതിരുന്നാല്‍ ഒന്നും മിണ്ടാതിരുന്നാല്‍
..........അയാക്കെന്തൊരു ജാടയാ എന്നെനിക്ക് പറഞ്ഞു നടക്കാം...
വഴിയില്‍ വെച്ച് ഒരു പെണ്ണ് സാറിന്റെ കഥകളൊക്കെ വായിക്കാറുണ്ട്. ആരാധികയാണ്‌ എന്നൊക്കെ പറഞ്ഞെന്നിരിക്കട്ടെ ...അദ്ദേഹമതൊക്കെ ഓര്‍ത്തിരിക്കണമെന്നും പിന്നെ കാണുമ്പോള്‍ ചിരിച്ചു കാണിക്കണമെന്നും കരുതുന്നതില്‍ എന്തു ന്യായമാണുളളത്?


ഇനി ഇത്തരത്തില്‍ പ്രതികരിച്ചില്ലെങ്കില്‍ പാറക്കടവിനെ അറിയുമോ എന്നോ കഥകള്‍ വായിച്ചിട്ടുണ്ടോ എന്നോ ആരെങ്കിലും ചോദിച്ചാല്‍...
ഏതു പാറക്കടവ്‌?
പീക്കിരിക്കഥകളെഴുതുന്നയാളോ? ഞാനയാളുടെ കഥവരുന്ന ഒറ്റപ്പുസ്‌തകം വാങ്ങില്ല....
അയാക്കെന്തൊരു ജാടയാ...കണ്ട ഭാവം നടിക്കില്ല. മിണ്ടില്ല...ഞങ്ങളന്ന്‌ ശിവരാത്രിക്ക് ആലുവാ മണപ്പൊറത്തു വെച്ച് കണ്ടതാ...എന്നിട്ടും അങ്ങേര്‍ക്കെന്നെ ഓര്‍മയില്ലെന്ന്.....

എന്തിനു പറയുന്നു ഇക്കാരണങ്ങളാലൊക്കെ തന്നെയാണ്‌ വളരെ ഭവ്യതയോടെ ഞാനദ്ദേഹത്തെ ഓരോ പ്രാവശ്യവും കടന്നു പോയത്. കഥകളോരോന്ന് ആലോചിച്ച് നടന്നു പോകുന്ന അദ്ദേഹത്തിനു മുന്നില്‍ ഒരു കട്ടുറുമ്പിനെപ്പോലെ ഇടക്കുകയറി കുത്തി നോവിക്കാന്‍ തോന്നിയില്ല.

എന്നിട്ടും പരിചയപ്പെട്ടു. ഈ പറഞ്ഞവിധത്തിലൊന്നുമായിരുന്നില്ലെന്നു മാത്രം.

പിന്നെ കണ്ടാല്‍ സംസാരിക്കും...ചിരിക്കും.

അങ്ങനെ പല്ലുപറിച്ച് മിണ്ടാന്‍ പറ്റാതെ വെളളിമാടുകുന്നില്‍ ബസ്സിറങ്ങി നടക്കുകയാണ്‌ ഞാന്‍...
ദാ..വരുന്നു പാറക്കടവ്‌...

അങ്ങോട്ടോ ഇങ്ങോട്ടോ മാറി നിന്നാലോ...തിരിച്ചു നടന്നാലോ...
ഒന്നിനും നേരമില്ല...എന്തെങ്കിലും ചോദിച്ചാല്‍ ഞാനെന്തു പറയും?
ഇനി പാറക്കടവും പറയുമോ ആലുവാ മണപ്പുറത്തുകണ്ട ഭാവം കാണിച്ചില്ലെന്ന്....ആംഗ്യഭാഷ ഉപയോഗിക്കേണ്ടി വരുമോ? പേനയും കടലാസുമെടുത്ത് എഴുതിക്കാണിക്കേണ്ടി വരുമോ?

എനിക്കാകെ ശ്വാസം മുട്ടി...ഇന്നു കൂടെയൊരാളുണ്ട്. അവര്‍ സംസാരിച്ചാണ്‌ വരുന്നത്.
നേര്‍ക്കു നേരെയെത്തിയപ്പോള്‍ ഞാന്‍ അങ്ങേയറ്റം പാടുപെട്ട് ചിരിക്കാന്‍ ശ്രമിച്ചു...ഭാഗ്യം ഒന്നും ചോദിച്ചില്ല. പക്ഷേ , കൂടെയുള്ള ആളോട് എന്നെ പരിചയപ്പെടുത്തുന്നു.
ശരിക്കും തലകറങ്ങുന്നല്ലോ...കാലു നീട്ടി ചവിട്ടി....ഓട്ടമോ നടപ്പോ..രക്ഷപെട്ടു...

പക്ഷേ, എനിക്കു തിരിയേണ്ടിടത്തെത്തിയപ്പോള്‍ നമ്മുടെ ഓര്‍ക്കുട്ട്, ബ്ലോഗര്‍മാരായ രണ്ടുമൂന്നുപേര്‍ മുന്നില്‍....!!!!
!!

10 comments:

മൈന said...

എന്നെ കണ്ടാല്‍ ചിരിക്കാതിരുന്നാല്‍ ഒന്നും മിണ്ടാതിരുന്നാല്‍
..........അയാക്കെന്തൊരു ജാടയാ എന്നെനിക്ക് പറഞ്ഞു നടക്കാം...
വഴിയില്‍ വെച്ച് ഒരു പെണ്ണ് സാറിന്റെ കഥകളൊക്കെ വായിക്കാറുണ്ട്. ആരാധികയാണ്‌ എന്നൊക്കെ പറഞ്ഞെന്നിരിക്കട്ടെ ...അദ്ദേഹമതൊക്കെ ഓര്‍ത്തിരിക്കണമെന്നും പിന്നെ കാണുമ്പോള്‍ ചിരിച്ചു കാണിക്കണമെന്നും കരുതുന്നതില്‍ എന്തു ന്യായമാണുളളത്?


ഇനി ഇത്തരത്തില്‍ പ്രതികരിച്ചില്ലെങ്കില്‍ പാറക്കടവിനെ അറിയുമോ എന്നോ കഥകള്‍ വായിച്ചിട്ടുണ്ടോ എന്നോ ആരെങ്കിലും ചോദിച്ചാല്‍...
ഏതു പാറക്കടവ്‌?
പീക്കിരിക്കഥകളെഴുതുന്നയാളോ? ഞാനയാളുടെ കഥവരുന്ന ഒറ്റപ്പുസ്‌തകം വാങ്ങില്ല....
അയാക്കെന്തൊരു ജാടയാ...കണ്ട ഭാവം നടിക്കില്ല. മിണ്ടില്ല...ഞങ്ങളന്ന്‌ ശിവരാത്രിക്ക് ആലുവാ മണപ്പൊറത്തു വെച്ച് കണ്ടതാ...എന്നിട്ടും അങ്ങേര്‍ക്കെന്നെ ഓര്‍മയില്ലെന്ന്.....

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ഹ ഹ..നന്നായി..യാഥാർത്ഥ്യങ്ങളറിയാതെ നമ്മെ പലരും പലപ്പോളും സംശയിക്കുന്നത് എങ്ങനെയെന്നതിന്റെ ഉത്തമോദാഹരണമാണു ഈ പോസ്റ്റ്.

എന്തായാലും പി.കെ പാറക്കടവിനെപ്പോലെ ഒരാൾക്ക് സംശയം ഉണ്ടാകാതെ രക്ഷപെട്ടല്ലോ...

പതിവായി പല്ലുവേദനക്കാരൻ ആയിരുന്നതിനാൽ എനിയ്ക്കും ഇത്തരം അനുഭവം പലകുറി ഉണ്ടായിട്ടുണ്ട്...

ചങ്കരന്‍ said...

:)

Anil said...

:)

പള്ളിക്കരയില്‍ said...

:-))

നിരക്ഷരന്‍ said...

ഈ പോസ്റ്റില്‍ പറഞ്ഞിരിക്കുന്നതുപോലെ അവരുടെ ഭാഗത്തുനിന്ന് ചിന്തിക്കാന്‍ സാധിച്ചാല്‍ ജാ‍ഡ പ്രശ്നമൊന്നും ഉണ്ടാകില്ലല്ലോ ? അതുമതി :)

poor-me/പാവം-ഞാന്‍ said...

മുപ്പത്തൊന്നു പല്ലിന്നുടമയാം ബ്ളോഗനാര്‍ കാവിലമ്മെ
പോയത് പോകട്ട്
ഇനി ആ ഇതളിനെയെങ്കിലും ചെറുപ്പത്തിലെ പല്ലു തേല്‍പ്പിക്കുന്ന ശീലം
പഠിപ്പിച്ചു കൊടുത്താലും
ഇത്രയും കാലം ഈ സര്‍പ്പ ഗന്ധം സഹിച്ചു വന്നിരുന്ന ശ്രീ സുനില്‍ അവര്‍കളെ ഇക്കൊല്ലത്തെ സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിനു ഞാന്‍ ശുപാര്‍ശ ചെയ്യട്ടെ!
(ബ്ളോഗിലൂടെ കുടുമ്ബത്തെ പരിചയപ്പേറ്റുത്തിയ തിന്റെ തമാശ സ്വാതന്ത്രമാണെ ക്ഷമിക്കരുത്.ഇതു പോലെ തമാശ പറഞു ശത്രുവായി തീര്‍ന്ന 548-മത് സ്ത്രീയാണ്‍ താങ്കള്‍...
എന്റെ ബ്ളോഗുകളില്‍ ഒരിക്കല്‍ പോലും നൊക്കിപ്പോകുകയോ കമന്റെഴുതുകയോ അരുത്!

സിജി said...

:)

ഗിരീഷ്‌ എ എസ്‌ said...

മൈനയില്‍ നിന്നും
കുറച്ചുകൂടി പക്വതയുള്ള പോസ്റ്റുകളാണ്‌ പ്രതീക്ഷിക്കുന്നത്‌....
ക്രിയേറ്റിവിറ്റിയുടെ അഭാവം
അടുത്തിടെ കണ്ട മൈനയുടെ രചനകളിലെല്ലാം കണ്ടു...
വിവാദമുണ്ടാക്കാന്‍ വേണ്ടിയെഴുതുക എന്നതിനപ്പുറം
കൂടുതല്‍ വ്യത്യസ്തമായ
എഴുത്തുകള്‍ പ്രതീക്ഷിക്കുന്നു....


ആശംസകള്‍...

girishvarma balussery... said...

"പക്ഷേ, എനിക്കു തിരിയേണ്ടിടത്തെത്തിയപ്പോള്‍ നമ്മുടെ ഓര്‍ക്കുട്ട്, ബ്ലോഗര്‍മാരായ രണ്ടുമൂന്നുപേര്‍ മുന്നില്‍....!!!!"

പുലിയുടെ മുന്‍പില്‍ നിന്നും രക്ഷപെട്ടു സിംഹത്തിന്റെ മുന്‍പില്‍ ചെന്ന് ചാടി എന്നാണോ വായിചെടുക്കേണ്ടത് ...