Friday, February 20, 2009

കാട്ടുപൊന്തകളിലെ സഞ്ചാരം

കുട്ടിക്കാലത്ത്‌ അമ്മവീടെന്ന സങ്കല്‌പലോകം പോലും ഞങ്ങള്‍ക്കന്യമായിരുന്നു.
അങ്ങനെയൊരു വീടിനെക്കുറിച്ചോ അവിടുള്ളവരെക്കുറിച്ചോ ഞങ്ങള്‍ക്കു മുന്നില്‍വെച്ച്‌ ഒരക്ഷരം പോലും മിണ്ടാതിരിക്കാന്‍ മുതിര്‍ന്നവര്‍ ശ്രദ്ധിച്ചിരുന്നു എന്നു തോന്നുന്നു. ഒരിക്കലോ മറ്റോ അമ്മച്ചിയുടെ ചേച്ചിമാര്‍ വന്നു കണ്ടിട്ടുണ്ട്‌. അത്രമാത്രം.


സ്‌കൂളവധികളില്‍ കൂട്ടുകാരൊക്കെ അമ്മവീടുകളിലേക്കു പോകുമ്പോള്‍ ഞങ്ങള്‍ മുറുക്കുന്നത്തയുടേയും ഐഷാബീവി അമ്മച്ചിയുടേയും കണ്‍വെട്ടത്തുനിന്നു മാറാതെ പറമ്പിലും ആറ്റിറമ്പിലും കളിച്ചു നടന്നു. അമ്മായിമാരുടെ മക്കള്‍ അവധിക്കു വരും. അതാണ്‌ സന്തോഷം.

രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ്‌ അമ്മച്ചി എന്നെ ഒരു യാത്ര കൊണ്ടുപോകാനൊരുങ്ങിയത്‌്‌. നേര്യമംഗലത്തെ അമ്പലത്തില്‍ മകരവിളക്കുത്സവത്തിനായിരുന്നു അത്‌. ആറിനക്കരെ താമസിക്കുന്ന തയ്യല്‍ക്കാരനെക്കൊണ്ട്‌ ഇളം ഓറഞ്ചുനിറത്തിലൊരു ജൂബയും പാന്‍സും അടിപ്പിച്ചു. ഉച്ചകഴിഞ്ഞപ്പോള്‍ ആറ്റില്‍ കൊണ്ടുപോയി കുളിപ്പിച്ചു. ആദ്യമായി നേര്യമംഗലത്തേക്കു പോകുന്നതിനേക്കാള്‍ പുതിയ ഉടുപ്പിട്ട്‌ യാത്രക്കൊരുങ്ങുന്നതിലായിരുന്നു എന്റെ കൗതുകം. അതിനുമുമ്പ്‌ അമ്പലത്തില്‍ പോയതായിട്ടും ഓര്‍മയില്ല.

സന്ധ്യക്കാണ്‌ അമ്പലത്തിനടുത്തെത്തിയത്‌. കണ്ണുകളില്‍ പൂത്തിരി കത്തി.
എവിടെയും പ്രകാശം. കച്ചവടക്കാര്‍..കുപ്പിവളയും മാലകളും പീപ്പിയും ബലൂണും...ഒരുപാടു മനുഷ്യര്‍...പെരിയാറിന്റെ തീരത്തായിരുന്നു ക്ഷേത്രം. അക്കരെ മീനാക്ഷിക്ഷേത്രത്തിലേക്കു പോകു്‌ന്നവരെ കയറ്റിയ വള്ളം....ഏതോ അത്ഭുതലോകത്ത്‌ എത്തിയതുപോലെ...
അമ്പലപറമ്പിലെ സ്റ്റേജില്‍ നിന്ന്‌ 'ദേവതാരൂ പൂത്തു എന്‍ മനസ്സിന്‍ താഴ്വരയില്‍?.' എന്ന പാട്ട്‌...സ്റ്റേജില്‍ നിന്ന്‌ കുറേ അകലെയായിരുന്നതുകൊണ്ട്‌ അമ്മച്ചി ഒന്നുകൂടി എത്തിവലിഞ്ഞുനോക്കി ഉറപ്പിച്ചു. മുമ്പ്‌ അയല്‍വാസിയായിരുന്ന ചെറുക്കനാണത്രേ ആ പാട്ടു പാടുന്നത്‌.
ആ യാത്രയില്‍ ഇത്രയൊക്കെയാണ്‌ തെളിച്ചമുള്ളത്‌.
പക്ഷേ, ഇതൊന്നുമായിരുന്നില്ല പ്രധാനം. സന്ധ്യക്ക്‌, അമ്പലമതിലിനോട്‌ ചേര്‍ന്നു നിന്ന അമ്മമ്മയെ കണ്ടപ്പോള്‍ ഏതു ഭാവമായിരുന്നു എന്റെ മുഖത്ത്‌? അമ്മമ്മയാണെന്നൊന്നും ആരും പറഞ്ഞു തന്നില്ലെന്നാണ്‌ ഓര്‍മ. എന്നിട്ടും എനിക്കു മനസ്സിലായി! ഒരു ഓറഞ്ച്‌ നല്‌കിയപ്പോള്‍ എന്റെ ഉടുപ്പിനും ഇതിനും ഒരേ നിറമാണല്ലോ എന്നോര്‍ത്തു.
ചേച്ചിമാര്‍ വന്ന്‌ അമ്മച്ചിയെ വീട്ടിലേക്ക്‌ ക്ഷണിച്ചു.
ഞാന്‍ വരുന്നില്ല എന്ന കടുപ്പിച്ച വാക്കുകള്‍ കേട്ട്‌ എനിക്കു വേദനിച്ചു.
എന്നാലും നീ ഇവിടെവരെ വന്നിട്ട്‌....ഈ കൊച്ചിനേങ്കിലും വിടടീ..എന്നൊക്കെ കൊച്ചേച്ചി പറഞ്ഞുകൊണ്ടിരുന്നു. അവസാനം എന്നെ വിടാമെന്നായി...
്‌
വലിയൊരു വെളിച്ചത്തില്‍ നിന്ന്‌ ഇടവഴിയിലേക്കിറങ്ങി ഇരുള്‍ പടര്‍ന്ന കൊക്കോച്ചെടികള്‍ക്കിടയിലൂടെ കുനിഞ്ഞും നിവര്‍ന്നും....അമ്മവീട്ടിലേക്കാണെന്നാണ്‌ കരുതിയത്‌. പക്ഷേ അമ്മച്ചിയുടെ ചേച്ചിയുടെ വീട്ടിലാക്കായിരുന്നെന്നു മാത്രം.
തിരിച്ച്‌ അമ്പലപ്പറമ്പിലേക്കും കൊക്കോച്ചെടികളുടെ ഇടയിലൂടെയായിരുന്നു നടത്തം.

പറമ്പിന്റെ പലഭാഗങ്ങളും ഇരുള്‍മൂടി കിടന്നിരുന്നെങ്കിലും അതൊന്നുമൊരിക്കലും ഭയപ്പെടുത്തുന്നതായിരുന്നില്ല. അതൊക്കെ ജീവിതത്തിന്റെ ഭാഗമായിരുന്നു. ഞങ്ങള്‍ക്കു ചുറ്റും മലകളായിരുന്നെന്ന്‌ പറയാം. ഈറ്റക്കാടും പുല്‍മേടും, കൂറ്റന്‍ പാറകളും, നിബിഡ വനവുമൊക്കെയായി... ഉറക്കമുണര്‍ന്ന്‌ നോക്കുന്നതെ അക്കരെ കുന്നിലേക്കായിരുന്നു. അടുത്തായിരുന്നിട്ടും ആ മല കയറിയിരുന്നില്ല.
ചില അമാനുഷികരായ സന്യാസിമാര്‍ ഉണ്ടത്രേ! അവര്‍ കാടുകള്‍ക്കുള്ളിലിരുന്ന്‌ ജപം ചെയ്‌താണ്‌ അമാനുഷികരാവുന്നതെന്നും അവര്‍ക്ക്‌ ത്രികാലങ്ങളെക്കുറിച്ച്‌ ജ്ഞാനമുണ്ടെന്നും മുറുക്കുന്നത്ത എന്ന മുത്തച്ഛന്‍ പറഞ്ഞു.
വലുതാവുമ്പോള്‍ എനിക്കുമൊരു സന്യാസിയാവണമെന്നും ജ്‌്‌ഞാനമുണ്ടാവണമെന്നും അന്നേരത്തൊക്കെ തോന്നി. ഈശ്വരനെ ധ്യാനിച്ചിരിക്കുവാന്‍ ഞാന്‍ കണ്ടത്‌ അക്കരെ മലയായിരുന്നു.
വലുതാവുമ്പോള്‍ അങ്ങോട്ടു യാത്ര പോകണം. ഈശ്വരനെ ധ്യാനിച്ചിരിക്കണം. ത്രികാലജ്ഞാനിയായി കാടും മേടും അലഞ്ഞു നടക്കണം.
അന്നൊന്നും അങ്ങനെയൊരു യാത്ര സാധ്യമല്ലെന്നൊന്നും തോന്നിയിട്ടില്ല. ഒരു പെണ്‍കുട്ടിക്ക്‌ ഒറ്റക്ക്‌ യാത്രചെയ്യാന്‍ പരിമിതികളുണ്ടെന്ന തിരിച്ചറിവായിട്ടില്ല.

വിനോദയാത്ര എന്നു കേള്‍ക്കുന്നത്‌ അഞ്ചാംക്ലാസ്സില്‍ പഠിക്കുമ്പോഴാണ്‌. അക്കൊല്ലം മധുരക്കും ആറില്‍ വെച്ച്‌ മലമ്പുഴക്കുമായിരുന്നു യാത്രകള്‍. പക്ഷേ, എന്നെ വിട്ടില്ല. ബസ്സില്‍ കയറിയാല്‍ ഉറങ്ങാനും ഛര്‍ദ്ദിക്കാനും തുടങ്ങുന്ന നിന്നെ എങ്ങനെ വിടുമെന്നായിരുന്നു അമ്മച്ചിയുടെയും അത്തയുടെയും ചോദ്യം. ശരിയാണ്‌ ബസ്സുകാണേണ്ടതാമസം. ഞാനുറങ്ങും. ഛര്‍ദ്ദിക്കുകയും ചെയ്യും. സ്‌കൂളടക്കുമ്പോഴും തുറക്കുമ്പോഴും മറയൂരുനിന്ന്‌ ദേവിയാറിലേക്കും തിരിച്ചുമുള്ള യാത്രകള്‍ ഇത്തരത്തില്‍ സാഹസം തന്നെയായിരുന്നു. വിനോദയാത്രക്കു വിടണമെങ്കില്‍ ഞാന്‍ തന്നെ ശ്രമിക്കണം. എന്നാലേ അത്താക്കുമമ്മച്ചിക്കും എന്നിലൊരു വിശ്വാസം വരൂ.

അടുത്ത ദേവിയാറിലേക്കുള്ള യാത്രയില്‍ ബസ്സില്‍ കയറിയിരിക്കുമ്പോള്‍ ഉറങ്ങാതിരിക്കാന്‍ കണ്ണുതുറന്നു പിടിച്ചിരുന്നു. ഛര്‍ദിക്കാതിരിക്കാന്‍ ബലം പിടിച്ചു നോക്കി. ചന്ദനം ഇടതൂര്‍ന്ന്‌ നില്‍ക്കുന്ന ആനക്കാല്‍ പെട്ടിപോലുമെത്തിയില്ല. അതിനുമുമ്പേ കലാപരിപാടി തുടങ്ങി.

സ്‌കൂളില്‍നിന്നുള്ള വിനോദയാത്ര നടക്കില്ലെന്നുള്ള ബോധത്തില്‍ നിന്നാണോ എന്തോ നടന്നുപോകാവുന്ന യാത്രകളിലേക്ക്‌, കാട്ടിലേക്ക്‌ പോകാന്‍ തുടങ്ങിയത്‌. കൊങ്ങിണിച്ചുള്ളി ഒടിക്കാനെന്നു പറഞ്ഞായിരുന്നു അയല്‍വീട്ടിലെ ബിന്ദുവിനും അനിക്കും ലതചേച്ചിക്കും പൊടിയമ്മചേച്ചിക്കുമൊക്കെ ഒപ്പം കാടും നാടും അതിരിടുന്ന കനാല്‍ കടന്നത്‌. കനാലിലെ മുട്ടൊപ്പമുള്ള വെള്ളം കടന്ന്‌ കാട്ടിലേക്ക്‌ കടക്കുമ്പോഴെ മനസ്സു പറക്കാന്‍ തുടങ്ങും. കമ്പെറിഞ്ഞ്‌ നെല്ലിക്കവീഴ്‌ത്തി, പൊട്ടിപ്പഴങ്ങള്‍ പറിച്ച്‌്‌ , ഞൊട്ടാഞൊടിയനും ചുക്കുട്ടിച്ചീരപ്പഴങ്ങഴും തിന്ന്‌ പേരറിയാമരങ്ങള്‍ക്കു ചുവട്ടിലൂടെ..മുമ്പേ കടന്നുപോയ ആരോ തെളിച്ച കൊച്ചു വഴികളിലൂടെ...
കാടൊരിക്കലും ഭയമായിരുന്നില്ല. വല്ലാതെ പടര്‍ന്നു പന്തലിച്ച ആല്‍മരച്ചുവട്ടിലേക്കൊന്നും നൂഴ്‌ന്നു കയറാറില്ല. പക്ഷികളുടെ ചിറകടിയൊച്ചയും ഇരുളും അങ്ങോട്ടടുപ്പിച്ചില്ല.

വെക്കാലിയും വേങ്ങയും വീട്ടിയുമൊക്കെയുണ്ടായിരുന്നെങ്കിലും അതിനേക്കാളൊക്കെ കൂടുതല്‍ കരിന്തൊലിയോടെ നിന്ന ചന്ദനമരങ്ങളായിരുന്നു. ചന്ദനത്തിന്റെ വിലയേക്കുറിച്ച്‌്‌ അറിവില്ലാഞ്ഞിട്ടോ, അല്ലെങ്കില്‍ നിയമത്തെക്കുറിച്ച്‌ അജ്ഞരായിരുന്നതുകൊണ്ടോ എന്നറിയില്ല. ഒപ്പമുണ്ടായിരുന്ന മുതിര്‍ന്നവര്‍ ഉണങ്ങിവീണ ചന്ദനകഷ്‌ണങ്ങള്‍ തീകത്തിക്കനായി എടുത്തിരുന്നു. ഫോറസ്‌റ്റുകാരുകണ്ടാല്‍ പിടിക്കുമെന്നറിയാം. അതുകൊണ്ട്‌ കാട്ടുകാപ്പിയുടെയും കൊങ്ങിണിയുടെയും ഇടയില്‍ പൊതിഞ്ഞായിരുന്നു കൊണ്ടുവന്നിരുന്നത്‌. പലരുടെയും അടുക്കള ചിമ്മിനിയില്‍ നിന്ന്‌ പുറത്തേക്കുവന്ന പുകക്ക്‌ ചന്ദനസുഗന്ധമായിരുന്നു.


വഴിയില്‍ വട്ടം ചാടി കാട്ടുമുയല്‍, ഞങ്ങളെ കണ്ട്‌ പേടിച്ചോടുന്ന മാന്‍ കൂട്ടം, പാമ്പാറിന്റെ തീരത്തു നിന്ന്‌ ചിന്നം വിളി, ചൂടാറാത്ത ആവിപറക്കുന്ന്‌ ആനപ്പിണ്ടം........പാറയിടുക്കുകളിലും ഗുഹകളിലും മൃഗങ്ങളുടെ കാല്‍പ്പാടുകള്‍.........
മുതിര്‍ന്നവര്‍ ഉണങ്ങിവീണ വലിയ കമ്പുകള്‍ തേടി നടക്കുമ്പോള്‍ ഞങ്ങള്‍ കൊങ്ങിണിപ്പൊന്തക്കുള്ളില്‍ നൂഴ്‌ന്നു കയറും. എന്റെ വിറകുകെട്ട്‌ കണ്ട്‌ കാക്ക കൂടുവെയ്‌ക്കാന്‍ കൊണ്ടുപോകും എന്ന്‌ പൊടിയമ്മചേച്ചി കളിയാക്കി.

ഈ കാക്കച്ചുള്ളികളായിരുന്നോ ആ യാത്രകളുടെ ലക്ഷ്യം? ഓരോ ശനിയും ഞായറും തൂക്കുപാത്രത്തില്‍ വെള്ളവുമായി കാടുകയറിയതെന്തിനായിരുന്നു ?
ഓരോ യാത്രയിലും കാടിന്റെ ഉള്ളുകളിലേക്ക്‌ പോയിത്തുടങ്ങി. മുതിര്‍ന്നവരില്ലാതെ ഞങ്ങള്‍ കുട്ടികള്‍ മാത്രം. നാട്ടിലെ, സ്‌കൂളിലെ പലതരം കഥകള്‍ പറഞ്ഞുകൊണ്ടിരിക്കും. അങ്ങുതാഴെ പാമ്പാറിന്റെ തീരത്തേക്ക്‌ പോകണമെന്നും അവിടെ നീന്തണമെന്നുമൊക്കെയായിരുന്നു അന്നത്തെ വലിയ മോഹം.
സാധാരണ രാവിലെ ഒന്‍പതുമണിക്കുമുമ്പായി പോകും. പന്ത്രണ്ടുമണിക്കുമുമ്പായി വരികയും ചെയ്യും. അന്നേരത്ത്‌ അമ്മച്ചി ജോലികഴിഞ്ഞ്‌ വീട്ടിലെത്തുന്നതേ ഉണ്ടാവൂ. ഒരിക്കല്‍ എന്തു സംഭവിച്ചതാണെന്ന്‌ ഇന്നുമോര്‍മയില്ല. സ്വപ്‌നത്തെ യാഥാര്‍ത്ഥ്യമാക്കാന്‍ പാമ്പാറിന്റെ തീരത്തേക്ക്‌ നടന്നതാണോ, വീട്ടില്‍ നിന്ന്‌ ഇറങ്ങാന്‍ വൈകിയതാണോ, വഴിതെറ്റിയതാണോ ഒന്നുമോര്‍മയില്ല. ചുള്ളിയൊടിച്ചും പെറുക്കിയും ഇടക്ക്‌ വാതോരാതെ വര്‍ത്തമാനം പറഞ്ഞും നേരമൊന്നുമായില്ലെന്നോര്‍ത്ത്‌ കുറേ നേരം പുല്ലിലിരുന്നത്‌ മാത്രം ഓര്‍മയുണ്ട്‌.

താഴെ പാമ്പാറിലെ വെള്ളം കുത്തുകളിലേക്ക്‌ വീഴുന്ന ശബ്ദം. അതിനിടയിലേക്കാണ്‌ ആരൊക്കെയോ ഞങ്ങളെ വിളിക്കുന്നത്‌ കേട്ടത്‌. കുറേ മുകളില്‍ കാട്ടില്‍ ഒറ്റപ്പെട്ടു നിന്നിരുന്ന കനാലിനടുത്തുനിന്നായിരുന്നു അത്‌. വിറകുകെട്ടുമായി കുന്നു കയറുമ്പോള്‍ ഞങ്ങളെ അന്വേഷിക്കുന്ന ശബ്ദം മാത്രം കാട്ടില്‍ മുഴങ്ങിക്കേട്ടു.
`രണ്ടുമണിയുടെ പി. എമ്മസ്സുപോയി. നിങ്ങളെവിടെയാ? `
....അയല്‍വക്കത്തെ കുമാറിന്റെ ശബ്ദം. രണ്ടുമണിയോ? ഒരു തരം വിറയലായിരുന്നു എനിക്കും അനിയത്തിക്കും. ഞങ്ങളിന്നേവരെ ഇത്ര വൈകിയിട്ടില്ല. അമ്മച്ചി വീട്ടിലെത്തിയിട്ടുണ്ടാവും. അടിയുറപ്പ്‌. കനാല്‍കടക്കുമ്പോള്‍ സമാധിനിച്ചു. വഴക്കു പറയില്ലായിരിക്കും..
പക്ഷേ, പ്രശ്‌നം അതിലും കടുപ്പമായിരുന്നു. വീടുപൂട്ടി ഇറങ്ങുമ്പോള്‍ അനിയത്തി താക്കോല്‍കൊണ്ടുവെച്ചത്‌ അയല്‍വക്കത്തെ വീടിന്റെ ഇറയത്ത്‌ തൂക്കിയ പൂച്ചട്ടിയില്‍...താക്കോല്‍ അന്വേഷിച്ച്‌ കിട്ടാത്തതിലും ഞങ്ങളെ കാണാഞ്ഞതിലുമുള്ള ദേഷ്യത്തില്‍ പൊതിരെത്തല്ലി. ഞങ്ങള്‍ കരഞ്ഞു കരഞ്ഞ്‌ തളര്‍ന്നുറങ്ങിപ്പോയി. ഉറക്കത്തില്‍നിന്ന്‌ എഴുന്നേല്‍ക്കുമ്പോള്‍ അഞ്ചുമണികഴിഞ്ഞിരുന്നു. വിശപ്പുമാത്രമായിരുന്നു അപ്പോള്‍.

ഓരോ ദിവസവും മാട്ടുചെക്കന്മാര്‍ അക്കാതങ്കച്ചിമലയിലേക്ക്‌ മാടുകളുമായി പോയി. ഒരു സന്ധ്യക്ക്‌ മാത്തുക്കുട്ടിച്ചേട്ടന്റെ വരാന്തയിലിരിക്കുമ്പോള്‍ ദൂരേക്ക്‌ വിരല്‍ചൂണ്ടി ഷീബ അക്കാതങ്കച്ചി മലയുടെ കഥ പറഞ്ഞു.
പണ്ട്‌, അനിയത്തിയും ജ്യേഷ്‌ഠത്തിയും കൂട്ടുകാരോടൊപ്പം വിറകുപെറുക്കാന്‍ പോയി. വിറകുപെറുക്കിക്കെട്ടിവെച്ച്‌ അവര്‍ അടുത്തുകണ്ട്‌ ഗുഹക്കുള്ളില്‍ കയറിയിരുന്നു. പേന്‍കുത്തിയിരുന്ന അവര്‍ ഉറങ്ങിപ്പോയി. അനിയത്തിയും ജ്യേഷ്‌ഠത്തിയും ഉണരുമ്പോള്‍ പോന്നോളുമെന്ന്‌ കരുതി കൂട്ടുകാര്‍ വിറകുമായി നടന്നു. അവരെ കാണാഞ്ഞ്‌ അന്വേഷിച്ചു വന്നപ്പോഴാണ്‌ ഗുഹാമുഖമടഞ്ഞിരിക്കുന്നത്‌ കണ്ടത്‌. അന്നു മുതല്‍ ആ മല അക്കാതങ്കച്ചിമലയെന്ന പേരില്‍ അറിയപ്പെട്ടു....
(തുടരും)

മാതൃഭൂമി ആഴ്‌ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച യാത്രാനുഭവത്തിലെ ഒരു ഭാഗം

8 comments:

Myna said...

ചില അമാനുഷികരായ സന്യാസിമാര്‍ ഉണ്ടത്രേ! അവര്‍ കാടുകള്‍ക്കുള്ളിലിരുന്ന്‌ ജപം ചെയ്‌താണ്‌ അമാനുഷികരാവുന്നതെന്നും അവര്‍ക്ക്‌ ത്രികാലങ്ങളെക്കുറിച്ച്‌ ജ്ഞാനമുണ്ടെന്നും മുറുക്കുന്നത്ത എന്ന മുത്തച്ഛന്‍ പറഞ്ഞു.
വലുതാവുമ്പോള്‍ എനിക്കുമൊരു സന്യാസിയാവണമെന്നും ജ്‌്‌ഞാനമുണ്ടാവണമെന്നും അന്നേരത്തൊക്കെ തോന്നി. ഈശ്വരനെ ധ്യാനിച്ചിരിക്കുവാന്‍ ഞാന്‍ കണ്ടത്‌ അക്കരെ മലയായിരുന്നു.
വലുതാവുമ്പോള്‍ അങ്ങോട്ടു യാത്ര പോകണം. ഈശ്വരനെ ധ്യാനിച്ചിരിക്കണം. ത്രികാലജ്ഞാനിയായി കാടും മേടും അലഞ്ഞു നടക്കണം.
അന്നൊന്നും അങ്ങനെയൊരു യാത്ര സാധ്യമല്ലെന്നൊന്നും തോന്നിയിട്ടില്ല. ഒരു പെണ്‍കുട്ടിക്ക്‌ ഒറ്റക്ക്‌ യാത്രചെയ്യാന്‍ പരിമിതികളുണ്ടെന്ന തിരിച്ചറിവായിട്ടില്ല

നിരക്ഷരൻ said...

സ്കൂളില്‍ പഠിക്കുമ്പോള്‍ ആദ്യമായി നടത്തിയ തേക്കടി വിനോദയാത്രമുതല്‍ ഇക്കഴിഞ്ഞ ആഴ്ച്ച നടത്തിയ സൈലന്റ് വാലി യാത്രയും വയസ്സാംകാലത്ത് നടത്താനുദ്ദേശിക്കുന്ന തീര്‍ത്ഥയാത്രയെ വരെ മുന്നിലെത്തിച്ചു അനുഭവങ്ങളുടെ ചൂടും ചൂരുമുള്ള ഈ യാത്രാ പോസ്റ്റ്.

അടുത്തഭാഗം പോസ്റ്റ് ചെയ്യുമ്പോള്‍ ഒന്നറിയിക്കണേ. മാതൃഭൂമി പലപ്പോഴും കൈയ്യില്‍ കിട്ടാറില്ല. പ്രവാസിക്കും കേരളീയനും അത് വേണമെങ്കില്‍ കിട്ടും. പക്ഷെ ഈയുള്ളവന്‍‍ ശരിക്കുമൊരു ജിപ്‌സി ജീവിതം തന്നെയാണ് നയിക്കുന്നത്. അവിടെയും ഇവിടെയുമില്ലാത്ത ഒരു യാത്ര തന്നെ.

Adv.P.Vinodji said...

mathrubhumiyil vaayichirunnu...
veendum ivide vaayikkumbol nerittu kaanunna pratheethi..
aashamsakal...

siva // ശിവ said...

എന്തൊക്കെയോ ഓര്‍മ്മകള്‍ ഉണര്‍ത്തി ഈ പോസ്റ്റ്....

പകല്‍കിനാവന്‍ | daYdreaMer said...

വളരെ നന്നായി ഇതിവിടെ പോസ്റ്റിയതിന് ... നന്ദി... വരാം തുടര്ച്ചക്കായ്...

Melethil said...

മാതൃഭൂമിയില്‍ വായിച്ചത് ആണെങ്കിലും ഒന്നൂടി വായിയ്ക്കുന്നു. വാരികയില്‍ ഒരു സ്ഥിരക്കാരിയായി കാണുന്നതില്‍ പെരുത്ത്‌ സന്തോഷം. അഭിനന്ദനങ്ങള്‍ !

Anil said...

Superb

salil | drishyan said...

മാതൃഭൂമിയില്‍ ഇത് വായിച്ച് ഞങ്ങള്‍ വീട്ടില്‍ ഇത് ‘ചര്‍ച്ച’യ്ക്കെടുത്തിരുന്നു. പ്രകൃതിയുടെ ഭീതിദമായ വേഷപകര്‍ച്ചകള്‍ അനുഭവേദ്യമായിരുന്നു.

സസ്നേഹം
ദൃശ്യന്‍