Sunday, March 1, 2009

ഗള്‍ഫ്‌ ഭാര്യമാര്‍ സൂക്ഷിക്കുക!

വയനാട്‌‌ ജില്ലയിലെ നിര്‍ധന കുടുംബത്തിലെ മുസ്ലീം പെണ്‍കുട്ടി.
21 വയസ്സ്‌. ബി എ ,എച്ച്‌ ഡി സി.
സ്‌‌ത്രീധനമോഹമില്ലാത്തവരില്‍ നിന്ന് വിവാഹലോചനകള്‍ ക്ഷണിക്കുന്നു.

എന്റെ ഭര്‍ത്താവ്‌ ബന്ധുവിനുവേണ്ടി പത്രത്തില്‍ കൊടുത്ത പരസ്യമായിരുന്നു ഇത്‌. പരസ്യത്തോടൊപ്പം കൊടുത്ത ഫോണ്‍ നമ്പര്‍ എന്റേതും. (അന്നെനിക്കു മാത്രമേ ഫോണുള്ളു. )

ആ ഞായറാഴ്‌ച രാവിലെയുണര്‍ത്തിയത്‌ ഫോണ്‍ ബെല്ലായിരുന്നു. ആദ്യത്തെ ബെല്ലിനുശേഷം ഫോണിനു വിശ്രമമില്ലായിരുന്നെന്നു മാത്രം.


ആ ഫോണ്‍ കോളുകള്‍ക്കു പിന്നിലേക്കു പോയാല്‍ ബഹുഭാര്യത്വത്തിന്റെ വലിയൊരു ചിത്രം കിട്ടും. ആ കോളുകളോരോന്നും, കിട്ടിയ ഒരേയൊരു കത്തും എന്നെ വല്ലാതെ അസ്വസ്ഥതപ്പെടുത്തി.

ഈ പരസ്യത്തിന്‌ നൂറിലേറെ ഫോണ്‍കോളുകളാണ്‌ നാലുദിവസത്തിനുള്ളില്‍ ലഭിച്ചത്‌‌. അതില്‍ ഒന്‍പതു കോളുകള്‍ മാത്രം കേരളത്തില്‍ നിന്ന്‌‌. ബാക്കി നൂറോളം കോളുകള്‍ വിദേശത്തു നിന്ന്‌‌. വന്ന ഓരോ ഫോണ്‍ നമ്പറും ഞാന്‍ എഴുതി സൂക്ഷിച്ചു. ചിലത്‌ Save ചെയ്‌തു. ഇത്രയും കോളുകളില്‍ ആകെ പതിനൊന്നെണ്ണം മാത്രമായിരുന്നു ഒന്നാം വിവാഹക്കാര്‍. എട്ടു കേരള നിവാസികളും മൂന്നു ഗള്‍ഫും. അതിലൊരാള്‍ അപസ്‌മാരരോഗിയാണ്‌. വിവാഹം കഴിച്ചാല്‍ അപസ്‌മാരം പോകുമെന്ന്‌ ഡോക്ടര്‍ പറഞ്ഞെന്നു പറഞ്ഞു. പയ്യന്റെ ഉമ്മയാണ്‌ വിളിച്ചത്‌‌. അത്യാവശ്യം സാമ്പത്തികമുണ്ട്‌ പാവപ്പെട്ട കുട്ടിയാവുമ്പോള്‍ തയ്യാറാവുമെന്നു കരുതി എന്നവര്‍ പറഞ്ഞു.

വിവാഹബന്ധം വേര്‍പെട്ടതോ, ഭാര്യ മരണപ്പെട്ടതെന്നോ പറഞ്ഞവര്‍ ഒന്നോ രണ്ടോ മാത്രം. ബാക്കിയെല്ലാം ബഹുഭാര്യത്വത്തിന്‌ മുതിര്‍ന്നവര്‍....ദാരിദ്ര്യം ചൂഷണം ചെയ്യല്‍ മാത്രമാണ്‌ ബഹുഭാര്യത്വത്തിലെന്ന്‌‌ ഞാനുറച്ചു വിശ്വസിക്കുന്നു.

ഈ പത്രപ്പരസ്യത്തിലെ വാചകങ്ങള്‍ ശ്രദ്ധിച്ചോ? അതില്‍ ചൂണ്ടയിട്ടു പിടിക്കാന്‍ പാകത്തില്‍ ചിവ വാക്കുകളുണ്ട്‌‌.
1. വയനാട്‌ ജില്ലയില്‍...
2. നിര്‍ധന കുടുംബത്തിലെ...
3. 21 വയസ്സ്‌...
4. സ്‌ത്രീധനമോഹമില്ലാത്ത...

ഇതു നാലും പോരെ പൂരത്തിന്‌. വേറൊരു ഭാര്യയെ കിട്ടുന്നതിനുവേണ്ടി പത്രത്തില്‍ പരസ്യം ചെയ്യാന്‍ ബുദ്ധിമുട്ടാണ്‌. പിന്നെ രക്ഷയുള്ളത്‌ പാവപ്പെട്ട പെണ്‍കുട്ടികളുടെ വിവാഹ പരസ്യങ്ങളിലേക്ക്‌ ചാടി വീഴലാണ്‌. ഈ നാലു വാക്കുകളുമില്ലാതെ മറ്റൊരു വിവാഹപ്പരസ്യത്തിന്‌ ഒറ്റ രണ്ടാംകെട്ടുകാരുമില്ലായിരുന്നു. ‌ തന്റേതല്ലാത്ത കാരണത്താല്‍ വേര്‍പിരിഞ്ഞവരുമില്ലായിരുന്നു ( പത്രങ്ങളിലെ വിവാഹ പരസ്യങ്ങളില്‍ ഈ ഒരു വാക്കില്ലാത്തവയുണ്ടാവില്ല. എന്നാണാവോ തന്റേതായ കാരണത്താല്‍ വിവാഹമോചനം നേടുന്നത്‌?)ഇങ്ങനൊരു പരസ്യം ചെയ്യാനുള്ള ഞങ്ങളുടെ ഉദ്ദേശ്യം വ്യക്തമാക്കാം. പശുവിനെ വളര്‍ത്തി ജീവിക്കുന്ന കുടുംബത്തിലെ കുട്ടി. ബുദ്ധിമതി. ഒന്നും രണ്ടും മണിക്കൂര്‍ കാട്ടിലൂടെയും ബസ്സിലും യാത്രചെയതാണ്‌ മുകളില്‍ കൊടുത്ത നാലുകാര്യങ്ങളൊഴിച്ചുള്ള യോഗ്യത നേടിയത്‌‌. ബ്രോക്കര്‍മാര്‍ വഴി വന്ന ആലോചനകളൊക്കെ വീട്ടിലെ പശുവിന്‌ വില പറയുന്നതുപോലെ കണ്ടപ്പോള്‍ കുറച്ചുകൂടി നല്ല ആലോചനകള്‍ ഉണ്ടാവട്ടെ എന്നു കരുതി ചെയ്‌തു പോയതാണ്‌.

രണ്ടുലക്ഷം രൂപ തരാം. വീടുവെച്ചു തരാം. പക്ഷേ കുട്ടി അവിടെ തന്നെ നില്‍ക്കണം. വീട്ടിലേക്കു കൊണ്ടുപോകില്ല...എന്നു പറഞ്ഞവര്‍ എറെ..ലക്ഷങ്ങളുടെ കണക്കില്‍ ചെറിയ വ്യതിയാനങ്ങളുണ്ടെന്നു മാത്രം.

അപ്പോ ആദ്യഭാര്യ? എന്റെ ചോദ്യത്തിന്‌ റെഡിമെയ്‌ഡ്‌ ഉത്തരമുണ്ട്‌‌.
ഓ...ഓളറിയില്ല....
അറിഞ്ഞാലോ?

തുടര്‍ന്ന്‌ നാട്ടുപച്ചയില്‍ വായിക്കുക

20 comments:

മൈന said...

ഈ പത്രപ്പരസ്യത്തിലെ വാചകങ്ങള്‍ ശ്രദ്ധിച്ചോ? അതില്‍ ചൂണ്ടയിട്ടു പിടിക്കാന്‍ പാകത്തില്‍ ചിവ വാക്കുകളുണ്ട്‌‌.
1. വയനാട്‌ ജില്ലയില്‍...
2. നിര്‍ധന കുടുംബത്തിലെ...
3. 21 വയസ്സ്‌...
4. സ്‌ത്രീധനമോഹമില്ലാത്ത...

ഇതു നാലും പോരെ പൂരത്തിന്‌. വേറൊരു ഭാര്യയെ കിട്ടുന്നതിനുവേണ്ടി പത്രത്തില്‍ പരസ്യം ചെയ്യാന്‍ ബുദ്ധിമുട്ടാണ്‌. പിന്നെ രക്ഷയുള്ളത്‌ പാവപ്പെട്ട പെണ്‍കുട്ടികളുടെ വിവാഹ പരസ്യങ്ങളിലേക്ക്‌ ചാടി വീഴലാണ്‌. ഈ നാലു വാക്കുകളുമില്ലാതെ മറ്റൊരു വിവാഹപ്പരസ്യത്തിന്‌ ഒറ്റ രണ്ടാംകെട്ടുകാരുമില്ലായിരുന്നു. ‌ തന്റേതല്ലാത്ത കാരണത്താല്‍ വേര്‍പിരിഞ്ഞവരുമില്ലായിരുന്നു ( പത്രങ്ങളിലെ വിവാഹ പരസ്യങ്ങളില്‍ ഈ ഒരു വാക്കില്ലാത്തവയുണ്ടാവില്ല. എന്നാണാവോ തന്റേതായ കാരണത്താല്‍ വിവാഹമോചനം നേടുന്നത്‌?)

PHEONIX said...

Excellent Maina, Keep it up. And as you think all the males are not interested in Polygomy. Just read the blog of my experiences. It will tell you another story.

Siju | സിജു said...

എനിക്ക് പരിചയമുള്ളോരാള്‍ വിവാഹമോചിതയായ (ആരുടെ കാരണം കൊണ്ടെന്നറിയില്ല :-)) ബന്ധുവിനു വേണ്ടി ഒരിക്കല്‍ പരസ്യം നല്‍കി. വിവാഹമോചിതരോ ഭാര്യ മരിച്ചവരേയോ പ്രിഫര്‍ ചെയ്യുന്നു എന്നെഴുതിയരുന്നെങ്കില്‍ പോലും, വന്ന മറുപടികള്‍ ഭൂരിപക്ഷവും ഭാര്യമാരുള്ളവരുടേത് ആയിരുന്നു.

പ്രിയ said...

മൈന, ഞെട്ടിക്കുന്ന കാര്യം
മുന്‍പൊരിക്കല്‍ ബഹുഭാര്യത്വാത്തെ കുറിച്ചുള്ള ചര്‍ച്ചയില്‍ ഒരാള്‍ പറഞ്ഞ മഹനീയമായ കമന്റ് കണ്ടിരുന്നു, 'സാമ്പത്തികമായി പിന്നിലായ പെണ്‍കുട്ടികള്‍ക്കൊരു ജീവിതം കൊടുക്കാന്‍ തയാര്‍ ആവുന്നതെന്ന് ' അവരോടൊക്കെ എന്താ പറയേണ്ടത് ?

എത്ര പെണ്‍കുട്ടികള്‍ ഗതികെട്ട് ഇത് പോലുള്ളവരുടെ സഹായം പറ്റി ജീവിക്കുന്നുണ്ടാവുമോ ആവോ? എത്ര ഭാര്യമാര്‍ ഇതുപോലുള്ളവന്മാരുടെ കൂടെ സ്വന്തം ജീവിതമേ നല്‍കി വിശ്വസിച്ചു കഴിയുന്നുണ്ടാവുമോ എന്തോ?

പരാജിതന്‍ said...

പാവപ്പെട്ട, സുന്ദരിയായ പെണ്ണിനെ കണ്ടുപിടിച്ചു കെട്ടാന്‍ പ്ലാനിട്ടു നടക്കുന്ന ചില വിവാഹിതന്മാരെ കണ്ടിട്ടുണ്ട്.

നിരവധി മതവിശ്വാസികള്‍ തങ്ങളുടെ വഴികാട്ടിയും പണ്ഡിതപ്രമുഖനുമായൊക്കെ അംഗീകരിക്കുന്ന ഒരു വിദ്വാന്‍ എഴുതിയിരുന്നത് ഒരിക്കല്‍ വായിച്ചു ഞെട്ടിപ്പോയി. ഏതാണ്ടിങ്ങനെയായിരുന്നു അത്:“പത്തു മുപ്പത് വയസ്സിനകം അനുയോജ്യനായ വരനെ കണ്ടുപിടിക്കാന്‍ പറ്റാത്ത (പാങ്ങില്ലാത്ത) പെണ്ണിന്റെ മുന്നില്‍ രണ്ടു വഴികളേയുള്ളൂ. ഒന്നുകില്‍ വിവാഹിതനായ ഒരാളുടെ ഭാര്യമാരില്‍ ഒരുവളാവുക, അല്ലെങ്കില്‍ വേശ്യയാവുക.” ഏതെങ്കിലും ഒരുത്തന്റെ എത്രാമത്തെയെങ്കിലും ഭാര്യാപദവി നല്‍കുന്ന സംരക്ഷണമില്ലെങ്കില്‍ പെണ്ണിനു വേശ്യയാവുകയേ വഴിയുള്ളുവെന്നു തറപ്പിച്ചു പറയുന്ന ഉരുപ്പടികളെ ചുമന്നു കൊണ്ടു നടക്കുന്ന വിശ്വാസികളുള്ളിടത്തോളം കാലം ഇങ്ങനൊക്കെ നടന്നില്ലെങ്കിലേ അത്ഭുതമുള്ളൂ.

“..എന്നാണാവോ തന്റേതായ കാരണത്താല്‍ വിവാഹമോചനം നേടുന്നത്‌?“ ആ ഡയലോഗിന് ഒരു സല്യൂട്ട്, മൈന.

ദേവന്‍ said...

“തന്റേതല്ലാത്ത കാരണത്താല്‍ വേര്‍പിരിഞ്ഞ“ അസ്സലായി.

മൈന said...

pheonix,സിജു, പിരിയ, പരാജിതന്‍, ദേവന്‍ എല്ലാവര്‍ക്കും നന്ദി. ഇതിന്റെ പൂര്‍ണ്ണരൂപം നാട്ടുപച്ചയിലുണ്ട്‌. അതി നോക്കൂ www.nattupacha.com

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

Ente oru friend ee tharathil oru kalyaanathe patti alochichirunnu. (bhaaryayum kuttikalum ullappol thanne)

ഓര്‍മ്മകള്‍ ഉണ്ടായിരിക്കേണം.... said...

ഒരു കാലത്ത് സമൃദ്ധമായിരുന്ന അറബിക്കല്യാണത്തിന്റെ മറ്റൊരു മുഖം അല്ലേ? സ്ത്രീ ഇന്നുമൊരു ഉപഭോഗ വസ്തു തന്നെ എന്നാ പുരുഷപ്രജകളുടെ ചിന്ത. വിവരവും വിദ്യാഭ്യാസവും കൂടിയിട്ടും മലയാളിയും മാറിയിട്ടില്ല, അല്ലെ?

ഓര്‍മ്മകള്‍ ഉണ്ടായിരിക്കേണം.... said...

ഒരു ഭാര്യയുള്ളവന്‍ തന്നെ അതു മറച്ചുവച്ചുകൊണ്ട് മറ്റൊന്നിനു മുതിരുന്നതു തടയാന്‍ നമ്മുടെ സമൂഹം തന്നെ മുന്നിട്ടിറങ്ങണം , അല്ലാതെ ഈ വ്യാധി മാറില്ല.

യൂസുഫ്പ said...

“കന്യകയുടെ അനുവാദം ഇല്ലാതെ അവളെ വിവാഹം ചെയ്ത് കൊടുക്കരുത്”
“വിവാഹം നിങ്ങള്‍ പരസ്യപ്പെടുത്തണം”
ഇങ്ങനെ എല്ലാം പഠിപ്പിച്ച നബി തിരുമേനിയുടെ അനുയായികളാണ് ഇതിനു മുന്‍‌പന്തിയില്‍. വര്‍ഗ്ഗീ‍യ കോമരങ്ങളും ഇവര്‍ തന്നെ,ഇസ്‌ലാമിനെ തെറ്റിദ്ധരിപ്പിക്ക്കുന്നവരും ഇവര്‍ തന്നെ.ഇത്തരക്കാരുടെ ലിംഗം ഛേദിക്കുകയാണ് വേണ്ടത്.

the man to walk with said...

parasyam cheythu kalyanam..avidennu thudangunnu...

വീ കെ said...

സ്ത്രീയെ ഒരു ഉപകരണമായി മാത്രം കാണുന്ന പുരുഷന്മാരാണ് ഇത്തരത്തിൽ ചിന്തിക്കുന്നതെന്നു തോന്നുന്നു. ഒരു മതത്തിന്റെ പിൻബലം കൂടിയുണ്ടെങ്കിൽ പിന്നെ എതിർക്കാൻ ആളുണ്ടാവില്ലന്ന ഹുങ്കും അതിനു വളം വക്കുന്നു.

അഭിനന്ദനങ്ങൾ...

മനു said...

maineeeeeeeeeeeeeee...nannayirikkunnu

അനൂപ്‌ കോതനല്ലൂര്‍ said...

കഷ്ടം അല്ലാതെന്തു പറയാൻ

പഥികന്‍ said...

മതത്തിന്റെ മറവില്‍ നടക്കുന്ന അനേകം കുറ്റകൃത്യങളില്‍ ഒന്ന്. ബഹുഭാര്യാത്തം നടത്തുന്നതിന്ന് ഇസ്ലാം ഒരുപാട് നിബന്ധനകള്‍ വെച്ചിട്ടുണ്ട്. ആ നിബന്ധനകള്‍ ഇവിടുത്തെ മുസ്ലിം സമൂഹത്തിനു പരിപാലിച്ചു നടത്താന്‍ കഴിയുന്നില്ലെങ്കില്‍ ജസ്റ്റിസ് കൃഷ്ണയ്യര്‍ നല്‍കിയ ശുപാര്‍ശ സര്‍ക്കാര്‍ നടപ്പാക്കുകയാണ് വേണ്ടതു. ആദ്യഭാര്യ കോടതിക്കു മുന്നിലെത്തി സമ്മതം നല്‍കട്ടെ. എല്ലാ വിവാഹങളും രജിസ്റ്റെര്‍ ചെയ്യുകയും വിവരങള്‍ ഏതെങ്കിലും സംവിധാനത്തിലൂടെ സാധാരണക്കാരനു പരിശോധിക്കാന്‍ കഴിയുകയും ചെയ്യണം.

നിരവധി പരസ്ത്രീ-പരപുരുഷ ബന്ധത്തേക്കാള്‍ നല്ലതാണ് ബഹുഭാര്യാത്തം എന്നു ഞാന്‍ വിശ്വസിക്കുന്നു. പക്ഷെ ചതികള്‍ ഉണ്ടായിക്കൂടാ.
പലപ്പോഴും ആ ചതികളാവും അവരെ തെരുവിലെത്തിക്കുക. ഒരുപക്ഷെ കാമപൂര്‍ത്തീകരണത്തിനായി തെരുവില്‍ എത്തുന്നവരെക്കാള്‍ കൂടുതല്‍.

mehaboob said...

കുറച്ചുനാള്‍ മുന്‍പ്‌ മുടിവെട്ടാന്‍ റൂമിനടുത്തുള്ള ബാര്‍ബര്‍ഷോപ്പില്‍ ചെന്നപ്പോള്‍ അടുത്തുള്ള ബേക്കറിയിലെ ഹംസക്ക അവിടിരുന്നു കരയുന്നു. "രണ്ടും കെട്ടും നാലും കെട്ടും ഈയെമ്മെസ്സിന്റോളേം കെട്ടും" എന്ന മുദ്രവാക്യം വിളിച്ചു രസിച്ചിരുന്ന ഹംസക്കായുടെ മോളുടെ കെട്ടിയോന്‍ ഒന്നു കൂടി കെട്ടിയതാണ്‌ കാര്യം. ആ അവസ്ഥയിലും ഹംസക്കായോട്‌ ഒരു ദയവും തോന്നിയില്ല, മാത്രമല്ല കണക്കിന്‌ കളിയാക്കുകയും ചെയ്തു. കൂടെയുണ്ടായിരുന്ന എന്റെ ബന്ധു എന്നെ അതിന്റെ പേരില്‍ ഒരുപാട്‌ ശാസിച്ചു. സത്യത്തില്‍, ബഹുഭാര്യാത്വത്തിനായി വാദിക്കുന്നവരുടെയൊക്കെ മരുമക്കള്‍ക്ക്‌ ഈ ബുദ്ധിതോന്നിച്ചാല്‍ എന്നേ ഇതിനൊരു പരിഹാരമായേനെ. പിന്നെ, പരസ്യത്തിലെ ചില വാചകങ്ങളാണ്‌ ഇത്രയേറെ പേരെ ആകര്‍ഷിച്ചതെന്ന്‌ തോന്നുന്നുണ്ടോ ? പരസ്യം നമുക്കൊന്നു മാറ്റി നോക്കാം. "ഒരു പെണ്ണുണ്ട്‌ കെട്ടിക്കാന്‍, മതവും ജാതിയും പ്രശ്നമല്ല, രണ്ടാം വിവാഹക്കാരേയും പരിഗണിക്കും". പടച്ചോന്‍ വേണ്ടിവെച്ച്‌ 75% ഞമ്മന്റെ ആള്‍ക്കാരായിരിക്കും തയ്യാറായി വരിക. ഹെ, ഒരു പെങ്കൊച്ചിനെ ദീനിലേക്ക്‌ കൊണ്ടുവരിക എന്നു വെച്ചാല്‍ ചില്ലറ കാര്യമാണോ??? ഗള്‍ഫുകാരെ മുഴുവന്‍ ആക്ഷേപിച്ചതു ശരിയായില്ല. ലക്ഷങ്ങളുണ്ടല്ലോ ഇവിടെ. അതില്‍ നല്ലതും ചീത്തയും ഒക്കെ കാണും. ഇത്തരം വ്യവസ്ഥിതികളോട്‌ കലഹിക്കുന്നവരും ഒരുപാടുണ്ട്‌. അവരുടെയൊക്കെ പാവം ഭാര്യമാരുടെ മനസ്സില്‍ ഇങ്ങള്‌ ബോംബിടല്ലേ താത്താ...

aneesh said...

എഴുത്ത് കൊള്ളാം. എങ്കിലും ഏകപക്ഷീയമായിപ്പോയി എന്നുറപ്പ്. ഗള്‍ഫിലെ ഒരു വിഭാഗം ഇങ്ങനെയുണ്ടാകാം.മുസ്ലീം മതത്തിലെയും ഒരു വിഭാഗവും.എന്നാല്‍ ഇവിടെ വളരെ എളുപ്പത്തില്‍ സാമാന്യവല്‍കരിക്കുകയാണ്‍ എഴുത്തുക്കാരി.ഈ പറഞ്ഞ പ്രവണത ഏതെങ്കിലും ഒരു വിഭാഗത്തിലോ മതത്തിലോ ഒതുങ്ങുന്നതാണോ? ഇത്തരം ചതുരങ്ങള്‍ക്കപ്പുറം എല്ലാ മനുഷ്യരിലുമുള്ള കുറേ സ്വഭാവദൂഷ്യങ്ങലല്ലെ ഇതൊക്കെ? ഇവിടെ നാട്ടില്‍ നടക്കുന്നില്ലേ ഇതൊക്കെ? എത്ര കഥകള്‍ നമ്മള്‍ കേള്‍ക്കുന്നു ദിവസവും. അതിനൊന്നും മുസ്ലീമെന്നോ ഹിന്ദുവെന്നോ ഗള്‍ഫുകാരനെന്നോ ഗവണ്മെന്റ് ജോലിക്കരനെന്നോ വ്യത്യാസമില്ലല്ലോ? പിന്നെ ഇതിനൊക്കെ അപ്പുറം ഗള്‍ഫ് ഭാര്യമാറ് സൂക്ഷിക്കേണ്ടത് സ്വയമല്ലെ? കേള്‍ക്കുന്നതിലുമപ്പുറം ഒരു പാട് ഒരു പാട് കഥകള്‍ ( സംഭവങ്ങല്‍ ) നടക്കുന്നത് അവര്‍ക്കിടയിലാണല്ലോ? എന്തുകൊണ്ടാവും കുറച്ചു ഗള്‍ഫു ഭാര്യമാരെങ്കിലും അങ്ങനെ യാവുന്നത്? ആലോചിച്ചിട്ടുണ്ടോ?

azeeztharuvana said...

പ്രിയപ്പെട്ട മൈന, ആര്‍ട്ടിക്കിള്‍ വായിച്ചു, വളരെ വിഷമത്തോടെ. നമ്മുടെ സമൂഹം ഇങ്ങനെ ആയിപോയല്ലോ? മൈന പറഞ്ഞതിന്റെ ബാക്കി ഭാഗം എന്റെ വീടിന്റെ തൊട്ടടുത്തുണ്ട്. ധൈര്യം ചൂഷണം ചെയ്തുകൊണ്ട് നാട്ടിലുള്ള വൈഫ് അറിയാതെ വയനാട്ടില്‍ മാര്യേജ് ചെയ്ത ഒരു കണ്ണൂര്‍ കാരന്‍ ഇബ്രാഹിം. സൌദിയിലാണ് ജോലി. ആദ്യമൊക്കെ ചിലവിനു കൊടുത്തിരുന്നു. ഇപ്പോള്‍ ഒരു വര്‍ഷം ആയിട്ടു ചിലവിനും കൊടുക്കുന്നില്ല. ആദ്യമൊക്കെ രാത്രി വിളിക്കുമായിരുന്നു. എന്നിട്ട് കുറെ നേരം സെക്സ് പറയും. ചിലവിനു കൊടുക്കില്ല. അവള്‍ ഇപ്പോള്‍ കൂലി പണിക്കു പോകുകയാണ്. 28 വയസ്, സുന്ദരി, ഒരിക്കല്‍ ഗള്‍ഫില്‍ നിന്നു വന്നപ്പോള്‍ രഹസ്യ സന്ദര്‍ശനത്തിനിടയില്‍ പറഞ്ഞു ‘നീ വീട് പൊളിച്ചോളൂ, ഞാന്‍ നല്ല വീട് കെട്ടിത്തരാം എന്ന്. ഉപ്പയും ഉമ്മയും മരിച്ചു പോയ, സ്വന്തമെന്നു പറയാന്‍ ആരും ഇല്ലാതെ അവള്‍ ഉടനെ ‘കുടില്‍’ പൊളിച്ചു. ഗള്‍ഫുകാരന്‍ ഭര്‍ത്താവ് പിന്നീട് കാലുമാറി, ഇപ്പോള്‍ വീടില്ല. ഒരു ഷെഡില്‍ താമസിക്കുന്നു. ഈയ്യിടെ ഞാന്‍ അയാളെ ഫോണില്‍ ബന്ധപ്പെട്ടു. അയാള്‍ പറയുന്നത് അവളെ മടുത്തു എന്നൊക്കെയാണ്. അതുകൊണ്ട് 25000 രൂപ നല്‍കി മൊഴി ചൊല്ലാന്‍ അനുവാദിക്കണം എന്നും. 25000 ആയി കുറയാന്‍ കാരണമുണ്ട്. അയാള്‍ 3 തവണയെ അവളെ കെട്ടിയ ശേഷം വന്നിട്ടുള്ളൂ. ആകെ 10 തവണയെ അവളുമായി ശാരീരിക ബന്ധം പുലര്‍ത്തിയിട്ടുള്ളൂ. അപ്പോല്‍ ഇത്ര രൂപയേ നല്‍കാന്‍ പറ്റൂ!!!! എന്നു പറഞ്ഞാല്‍ ഒരു സെക്സ് വര്‍ക്കറോടുള്ള സമീപനം. സൌദി അറേബ്യയിലെ ദമാമിലാണു ഇബ്രാഹിമിനു ജോലി. മാന്യ വായനക്കാരില്‍ സൌദി അറേബ്യയില്‍ ഉള്ളവര്‍ ഉണ്ടെങ്കില്‍ ദയവായി ഇബ്രാഹിം എന്ന ഈ രഹസ്യഭാര്യ വയനാട്ടിലുള്ള കണ്ണൂര്‍ക്കാരനെ വിളിക്കുക.. ഫോണ്‍: 00966508991706

കാര്‍ത്ത്യായനി said...

യുദ്ധത്തില്‍ പങ്കെടുക്കാന്‍ പോയ പുരുഷന്മാരുടെ ആശ്രിതരായ സ്ത്രീകള്‍ മരുഭൂമിയില്‍ ഒറ്റപ്പെട്ടു പോകാതിരിയ്ക്കാന്‍,അവരുടെ സുരക്ഷയെക്കരുതിയാണ് ഇസ്ലാം മതത്തില്‍ പ്രവാചകന്‍ മുഹമ്മദ് നബി ബഹുഭാര്യാത്വം ഏര്‍പ്പെടുത്തിയത് എന്നാണറിവ്..കാലാന്തരത്തില്‍ ഈ സമ്പ്രദായം ദുരുപയോഗിയ്ക്കപ്പെട്ടു..അറബിക്കല്യാണം ,മൈസൂര്‍കല്യാണം എന്നിങ്ങനെ..ഫലമോ..ജനിപ്പിച്ച പിതാവിന്റെ മുഖം ഒരു നോക്കു കണ്ടിട്ടും കൂടിയില്ലാത്ത കുഞ്ഞുങ്ങള്‍..കൗമാരം വിടുന്നതിനു മുന്‍പേ അമ്മയാകേണ്ടി വന്ന..മൊട്ടിലേ വാടിപ്പോയ പൂവുകള്‍..
മതമേതായാലും എല്ലായിടത്തുമുണ്ട് ഇത്തരം ചിലര്‍..
"പിതാ രക്ഷതി കൗമാരേ,ഭര്‍ത്താ രക്ഷതി യൗവനേ,പുത്രോ രക്ഷതി വാര്‍ദ്ധക്യേ..
ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി" ഇതിലെ അവസാന വാക്യത്തെ പിടിച്ച്..സ്ത്രീ സ്വാതന്ത്ര്യം അര്‍ഹിച്ചിരുന്നില്ല എന്നു വ്യാഖ്യാനിച്ചവര്‍..വിദ്വാന്മാരോടൊപ്പം വിദുഷികളുണ്ടായിട്ടുള്ള.."യത്ര നാര്യസ്തു പൂജ്യന്തേ രമന്തേ തത്ര ദേവതാ" എന്നും കൂടി പറഞ്ഞ സ്മൃതികാരന്റെ നാടാണെന്നോര്‍ക്കണം..
സൂക്ഷിയ്ക്കേണ്ടതു ഭര്‍ത്താക്കന്മാരെയോ അതോ ഇത്തരം വ്യാഖ്യാതാക്കളെയോ?
നല്ല പോസ്റ്റ്..നല്ല പോസ്റ്റ്..

അഭിനന്ദനങ്ങള്‍,ആശംസകള്‍..