മഴയാത്ര
ഹൈറേഞ്ചിലെ മഴ ഇങ്ങനെയാണ്. തുടങ്ങിയാല്‍ ഒരാഴ്‌ച, ഒന്നരയാഴ്‌ച നിര്‍ത്താതെ പെയ്‌തു കൊണ്ടിരിക്കും. പ്രത്യേകിച്ച് നേര്യമംഗലം കാടുകള്‍ക്കടുത്തായതുകൊണ്ട് മഴയ്‌ക്ക് ശക്തികൂടും. അതിരാവിലെ കോരിച്ചൊരിയുന്ന മഴയത്താണ് വീട്ടില്‍ നിന്നിറങ്ങിയത്. എനിക്ക് പിണവൂര്‍കുടിയിലെത്തണം. പിണവൂര്‍കുടി ട്രൈബല്‍ ഹോസ്റ്റലില്‍ ജോലിചെയ്യുന്ന ചെച്ചാക്ക് (ഇളയച്ഛന്‍) അത്യാവശ്യമായി ഒരു പേപ്പറെത്തിക്കണം.
ഏഴുമണിക്ക് കോതമംഗലത്തു നിന്നൊരു ബസ്സുണ്ട്. അതിനു പോയാല്‍ ഒന്‍പതുമണിക്കു മുമ്പേ പിണവൂരെത്താം. ഏഴു മണി മുതല്‍ കോതമംഗലം ബസ്സ്‌റ്റാന്റില്‍ ബസ്സിനു കാത്തുനിന്നു. മഴ നിര്‍ത്താതെ പെയ്യുന്നു കോതമംഗലത്തും. സമയം കടന്നു പോകുന്നു. ഒരു പക്ഷേ ആ ബസ്സുണ്ടാവില്ല. ആശ്വസിച്ചു. കുട്ടമ്പുഴയ്‌ക്കോ, പൂയംകുട്ടിക്കോ പോകുന്ന ബസ്സായാലും മതി. ഞാന്‍ കാത്തു. ഇല്ല..
സമയം പത്തു കഴിഞ്ഞിരിക്കുന്നു. ഒരു ഗ്ലാസ് കട്ടന്‍കാപ്പിയും കുടിച്ചിറങ്ങിയതാണ്.
ഒരു വശത്ത് വിശപ്പ്, മറുവശത്ത് കാത്തിരിപ്പ്....വിശപ്പുമാറ്റാന്‍ എങ്ങോട്ടേക്കെങ്കിലും തിരിയാമെന്നു വെച്ചാല്‍ ആ സമയത്ത് ബസ്സു വന്നാലോ?
അങ്ങനെ സംശയിച്ചു നില്‌ക്കുമ്പോഴാണ് പല ഭാഗത്തേക്കായി നിര്‍ത്തിയിട്ടിരിക്കുന്ന ബസ്സുകളെ നോക്കി ഒരു അമ്മച്ചി എന്നോടു ചോദിക്കുന്നത്.
`തട്ടേക്കാട് ബസ്സുവല്ലോമുണ്ടോ കൊച്ചേ?'`
`ഇപ്പഴൊന്ന് പോയല്ലോ` ഞാന്‍ പറഞ്ഞു.
ഇവിടെ നില്‍ക്കാന്‍ തുടങ്ങിയതില്‍ പിന്നെ പതിനഞ്ചു ബസ്സായിരിക്കില്ല തട്ടേക്കാടിനു പോയിരിക്കുക.
`ഗതികേടു നോക്കണേ, ഈ മഴേത്ത് ഭൂതത്താന്‍കെട്ട് തൊറന്നു വിട്ടേക്കുണു.`.
ഒരത്ഭുതം പോലെ ഞാനതുകേട്ടു. ഭൂതത്താന്‍കെട്ട് തുറന്നു വിട്ടതിനെന്താണ് ?
`ഇന്ന് കാലത്ത് റേഡിയോ വാര്‍ത്തേലൊണ്ടാര്‍ന്നു.`അവരുമായി സംസാരിക്കുമ്പോഴാണ് മനസ്സിലാവുന്നത്. അമ്മച്ചിക്ക് കുട്ടമ്പുഴയെത്തണം .ഭൂതത്താന്‍കെട്ടിന്റെ ഷട്ടറുതുറന്നാല്‍ തട്ടേക്കാട് ജങ്കാര്‍ സര്‍വ്വീസുണ്ടാവില്ല.
ബസ്സുകളെല്ലാംസാധാരണ തട്ടേക്കാടെത്തിയല്‍ ആളെ ഇറക്കി ജങ്കാറില്‍ കയറും. അക്കരെ എത്തിയാല്‍ യാത്രക്കാര്‍ വീണ്ടും ബസ്സിലേക്കു കയറും. മൂന്നു വള്ളങ്ങള്‍ കൂട്ടിച്ചേര്‍ത്ത് മുകളില്‍ തട്ടടിച്ച് യമഹ പിടിപ്പിച്ച ഈ ജലവാഹനം ആദ്യയാത്രയില്‍ എന്നെ കുറച്ചൊന്നുമല്ല വിസ്‌മയപ്പെടുത്തിയത്.
എന്നാല്‍ നിര്‍ത്താതെയുള്ള മഴയില്‍ അണക്കെട്ടില്‍ ജലനിരപ്പുയര്‍ന്നിരിക്കുന്നു. ഷട്ടര്‍ തുറന്നിരിക്കുന്നു. ജങ്കാറില്ല. വള്ളത്തില്‍ അക്കരെയെത്തി വേറെ വാഹനത്തില്‍ കുട്ടമ്പുഴയെത്തണം. തട്ടേക്കാടു വരെയേ നിലവില്‍ ബസ്സുള്ളു.
അടുത്ത് ബസ്സിനു കയറി തട്ടേക്കാടിറങ്ങി. വള്ളത്തില്‍ അക്കരെയെത്തി ജീപ്പില്‍ കുട്ടമ്പുഴയ്‌ക്ക്. മഴയ്‌ക്ക് ശമനമില്ല. ജീപ്പുയാത്രയില്‍ ഏതാണ്ട് പകുതിമുക്കാലും നനഞ്ഞു.
കുട്ടമ്പുഴയില്‍ നിന്ന് ഒന്‍പതു കിലോമീറ്ററോളമുണ്ട് പിണവൂരിലേക്ക്. കൂടെയുള്ള അമ്മച്ചി സമാധാനിപ്പിച്ചു.
`ജീപ്പു കിട്ടുവന്നേ`
അമ്മച്ചി പറഞ്ഞതുപോലെ കുട്ടമ്പുഴയില്‍ നിന്നു ജീപ്പുകിട്ടി. പകുതി ദൂരത്തുള്ള ഉരുളന്‍തണ്ണി വരെമാത്രം. അവിടെനിന്ന് പിന്നെയും ജീപ്പു കിട്ടുമായിരുക്കും. ആശ്വസിച്ചു.
ഉരുളന്‍തണ്ണിയിലെത്തിയപ്പോഴേക്കും വെള്ളത്തില്‍ മുങ്ങി നിവര്‍ന്നതുപോലുണ്ടായിരുന്നു. പക്ഷേ, ഒരു ഗുണമുണ്ടായി. മഴ മാറിയിരിക്കുന്നു. ജീപ്പിലിറങ്ങിയവരല്ലാതെ ഒറ്റ മനുഷ്യജീവിയെ കവലയിലെങ്ങും കണ്ടില്ല. ആകെയുള്ള നാലഞ്ചു കടകള്‍ അടഞ്ഞു കിടന്നു.
ഇനിയെന്തു ചെയ്യും?
കടത്തിണ്ണയിലേക്കു കയറിനിന്നു. വിശക്കുന്നു.
ഞാന്‍ നിന്ന കട കണ്ടിട്ട് ചായക്കടയുടെ മട്ടുണ്ട്. അകത്തേക്കൊന്ന് വലിഞ്ഞു നോക്കി.തടിച്ചൊരു ചേച്ചി ഡെസ്‌ക്കിലേക്ക് കമിഴ്‌ന്ന് കിടന്ന് മംഗളം വായിക്കുന്നു.
ചായ ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞു.
`അടുപ്പിലെ തീ കെട്ടുപോയി കൊച്ചേ..`
`ഈ മഴേത്ത് ആരു കേറാനാ...നാരങ്ങാവെള്ളം വേണോ?`
നനഞ്ഞു കുതിര്‍ന്നു നിന്ന എനിക്കു ചിരിവന്നു. തണുക്കുന്നു. വിറക്കുന്നു. വിശന്നു കാളുന്നു.
നാരാങ്ങാ വെള്ളമെങ്കില്‍ അങ്ങനെയാവട്ടെ..നാരങ്ങാവെള്ളം കുടിച്ച് മൂന്ന് ഞാലിപ്പൂവന്‍പഴവും വാങ്ങി ഞാന്‍ ചോദിച്ചു. ` പിണവൂര്‍ക്ക് വണ്ടി കിട്ടുവോ? `
`ഓ..കിട്ടുവാരിക്കും...മഴയല്ലേ..`
പക്ഷേ സമയം പന്ത്രണ്ടര കഴിഞ്ഞിരിക്കുന്നു. ചെച്ചാ എന്നെ കാത്തിരുന്ന് മടുത്തിട്ടുണ്ടാവണം. ഭൂതത്താന്‍ കെട്ട് തുറന്നു വിട്ടെന്ന വാര്‍ത്തകേട്ട് ഞാന്‍ വരാതിരിക്കുമെന്ന് കരുതിയിരിക്കണം. ഡിഗ്രി പരീക്ഷ കഴിഞ്ഞിരിക്കുന്ന പെണ്‍കുട്ടി അടഞ്ഞമഴയില്‍ വരേണ്ടെന്ന് കരുതി കാണണം. അങ്ങനെ പല വിധ ചിന്തകളില്‍ ഞാനാ കടത്തിണ്ണയില്‍ നിന്നു. എത്രനേരം നില്‌ക്കണം. വയ്യ.
മൂമ്പൊരിക്കലേ പിണവൂര്‍കുടിയില്‍ ഞാന്‍ പോയിട്ടുള്ളു. അത് ബസ്സിലായിരുന്നു. ഉരുളന്‍ തണ്ണിയില്‍നിന്നുളള വഴിയെ കുറിച്ച് അത്ര ഓര്‍മയില്ല. മഴ തോര്‍ന്ന് വെയിലൊന്നു ചിരിച്ചു. ഞാലിപ്പൂവന്‍ പഴംതിന്നുകൊണ്ട് പതുക്കെ നടന്നു. ചെമ്മണ്‍ പാത. പലയിടത്തും ചെളിക്കുഴികള്‍...
ഇരുവശത്തും മാനം മുട്ടിനില്‍ക്കുന്ന മരങ്ങള്‍..പൂയംകുട്ടി വനമേഖല. കാറ്റത്ത് തേക്കിലകള്‍ പറന്നുവീഴുമ്പോള്‍ ഭയാനക ശബ്‌ദം....സിംഹമാവുമോ?..പുലിയാവുമോ?....
കാട്ടരുവിയിലെ മലവെള്ളം പാറകളില്‍ തട്ടിയലക്കുമ്പോള്‍ , കാറ്റില്‍ ഇല്ലിയും ഈറ്റയും തമ്മിലുരസുമ്പോള്‍ ഉയരുന്ന ശബ്‌ദം..പേടിപ്പെടുത്തുന്നു. കാട്ടിനുള്ളില്‍ എന്തൊക്കെയോ ഞെരിഞ്ഞമരുന്ന ശബ്‌ദം.
ആനയാവുമോ.?...
ഇല്ല..അങ്ങനെ വലിയ പേടിയില്ല. സുന്ദരമായ ചില ചിന്തകളോടെ ഞാന്‍ നടന്നു....
മഴയില്ലാത്തതുകൊണ്ട് കുട മടക്കിയിരുന്നു. പക്ഷേ, നെറുകയിലാണ് രണ്ടുതുള്ളികള്‍ പതിച്ചത്. തുള്ളിയായിട്ടല്ല രണ്ടുകുടം വെളളം നെറുകയിലൊഴിച്ചപോലെ. ഉയരത്തില്‍ നിന്ന ഏതോ മരത്തിന്റെ ഇലത്തുമ്പില്‍ നിന്നു വീണതാണത്. നെറുക നൊന്തു.
മുകളിലേക്ക് നോക്കുമ്പോള്‍ മരക്കൊമ്പുകളുടേയും ഇലകളുടേയും ഇടയിലൂടെ ആകാശത്തിന്റെ തെളിച്ചം കാണാം. വഴിക്ക് പക്ഷേ, ഇരുളിമയാണ്. രണ്ടുവശവും ഇടതൂര്‍ന്ന് ഈറ്റയും വളളികളും. മരങ്ങളില്‍ പടര്‍ന്നുകയറിയ വള്ളികളില്‍ ഊഞ്ഞാലാടണമെന്നുതോന്നി.
പലതരം പക്ഷികളുടെ ചിലപ്പ്..ചിലത് ഭയപ്പെടുത്തുന്നു. കാറ്റ് നിലച്ചപ്പോള്‍ കാട്ടരുവിയുടെ ഒഴുക്ക്..വലിയൊരു പക്ഷി തന്‍റെ വര്‍ദ്ധിച്ച ശരീരഭാരം താങ്ങാനവാതെ ഒരു മരത്തില്‍ നിന്ന് മറ്റൊരു മരത്തിലേക്ക് ചിറകടിച്ചു പറന്നു. ആ ചിറകടി പേടിപ്പെടുത്തുന്നതായിരുന്നു.
കുട നിവര്‍ത്തിയിരുന്നു ഞാന്‍. കാട്ടുചെടികളുടെ ഇലകളില്‍ അപ്പോഴും മഴ പെയ്യുക തന്നെയാണ്.
എപ്പോഴെങ്കിലും വണ്ടിവരും എന്നു പ്രതീക്ഷിച്ചായിരുന്നു നടപ്പ്. പക്ഷേ, ഇപ്പോള്‍ മഴ തോര്‍ന്ന ഈ നേരത്ത് കാട്ടിലൂടെ നടക്കുമ്പോള്‍ പറഞ്ഞറിയിക്കാനാവാത്ത സന്തോഷം തോന്നി.
പെട്ടെന്നാണ് കാട്ടരുവിയുടെ ഒഴുക്കിനെ, ഇലകളില്‍ നിന്നു വീഴുന്ന മഴത്തുള്ളികളെ , കാറ്റിനെ മുറിച്ചുകൊണ്ട് ഒരു വാഹനത്തിന്റെ ശബ്‌ദം കേള്‍ക്കാനായത്.
ഉരളന്‍ തണ്ണിയില്‍നിന്ന് പകുതി ദൂരം പിന്നിട്ടുകഴിഞ്ഞിട്ടുണ്ട്. വനത്തിനു നടുവില്‍ ഞാന്‍ തനിച്ചാണ്. വാഹനം അടുത്തു വരുന്നെന്നറിഞ്ഞപ്പോള്‍ വിറ.
ഒറ്റയ്‌ക്കൊരു പെണ്‍കുട്ടി. ....
ഏതെങ്കിലും പൊന്തയിലൊളിക്കണോ? മരത്തിനു മറഞ്ഞു നില്‍ക്കണോ? ധൈര്യം ചോരുന്നുണ്ടോ ?ആലോചിക്കാന്‍ നേരമില്ല. കാട്ടരുവിയോട് ചേര്‍ന്നു നിന്ന വലിയ മരത്തിനു ചുവട്ടില്‍ പതുങ്ങി.
ശ്വാസമടക്കിപ്പിടിച്ച് നിന്നപ്പോഴേക്കും ജീപ്പു എതിര്‍ ദിശയിലേക്ക് കടന്നു പോയി.
ഹോ ആശ്വാസം!
ഇടയ്‌ക്ക് നടപ്പുനിര്‍ത്തി. കാട്ടരുവിയ്‌കടുത്തു പോയി നിന്നു. മലവെളളം കലങ്ങി മറിഞ്ഞ് കുതിച്ചൊഴുകുന്നു. ആഴം തിട്ടപ്പെടുത്താന്‍ വയ്യ.
കുറച്ചുദൂരം കൂടി നടന്നപ്പോള്‍ അടുത്തടുത്തു വരുന്ന മനുഷ്യ ശബ്‌ദം.
ആശ്വസിക്കണോ? ഭയക്കണോ?
എന്തോ ആശ്വാസമാണു തോന്നിയത്.
അവര്‍ കടന്നു പോയപ്പോള്‍ ബീഡിയുടെ കട്ടുമണം കാടിന്.
വള്ളിക്കാഞ്ഞിരവും ഈറ്റയും കെട്ടുപിണഞ്ഞുകിടന്ന ഒരു കയറ്റം കഴിഞ്ഞപ്പോള്‍ ആകാശത്തിന്റെ വലിയൊരു ഭാഗം കാണാനായി. ദൂരെ വലിയൊരു ഇലവുകണ്ടു. അതില്‍ പൊളിഞ്ഞ തേന്‍കൂടുകള്‍...അതൊരടയാളമാണ്. പിണവൂര്‍കുടിയിലെത്തിക്കൊണ്ടിരിക്കുന്നു എന്ന തിരിച്ചറിവ്. പക്ഷേ, ആകാശം ഇരുണ്ടു വരുന്നു. മഴ ചാറി തുടങ്ങി.
പിണവൂര്‍കുടിയില്‍ ഞാന്‍ കണ്ട അത്ഭുതം മുത്തനായിരുന്നു. ഹോസ്‌റ്റല്‍ വരാന്തയില്‍ ഒരു വടിയും കുത്തിപ്പിടിച്ചിരുന്ന മുത്തനായിരുന്നത്രേ മുതുവാന്മാരുടെ രാജാവ്. പിണവൂര്‍കുടി മലയുടെ അപ്പുറെ മാമലക്കണ്ടം , പഴംപള്ളിച്ചാല്‍, ഞാനെന്നും പോകണമെന്നാഗ്രഹിച്ച മല ഇതിന്റെയൊക്കെ അധിപനായിരുന്നു ഒരുകാലത്ത് മുത്തന്‍.
പക്ഷേ, മുത്തന്റെ സാമ്രാജ്യത്തിലേക്ക് അധിനിവേശം തുടങ്ങിയതോടെ മുത്തന്റെ സ്ഥിരബുദ്ധി നഷ്ടപ്പെട്ടു.
മുമ്പ് കാടുകള്‍ക്കപ്പുറം സായിപ്പു പണിത റോഡുണ്ടായിരുന്നു, മൂന്നാറിലേക്ക്. അതായിരുന്നു മുത്തന്റെ സാമ്രാജ്യത്തിലെ ആദ്യ അധിനിവേശം. അന്ന് മുത്തന് ചെറുപ്പമായിരുന്നു. ആ വഴി സായിപ്പിന്റെ കാറുകള്‍ കടന്നു പോയിരുന്നു. എന്നാല്‍ തൊണ്ണൂറ്റിയൊമ്പതിലെ ശക്തമായ മഴയില്‍ കരിന്തിരിപൊട്ടി ആ റോഡൊലിച്ചുപോയി. മല തന്നെ പിളര്‍ന്നു.
വയല്‍ക്കരയില്‍ ഇലവിന്‍ചുവട്ടിലായിരുന്നു മുത്തന്റെ കുടി. ഇലവുമരത്തില്‍ തേന്‍ കൂടുകളുണ്ടായിരുന്നു. ഇലവില്‍ കൂര്‍ത്ത മുള്ളുകളുണ്ടായിരുന്നതുകൊണ്ട് മരത്തിനു മുകളിലേക്ക് ആര്‍ക്കും കയറാനായില്ല. മുള്ളുകള്‍ കോതിയാല്‍ മരത്തില്‍ കയറാമായിരുന്നു. പക്ഷേ, മുള്ളുകോതാന്‍ കത്തിയുമായെത്തുന്നവരെ മരത്തില്‍ തൊടാന്‍ മുത്തനനുവദിച്ചില്ല. രാജാവ് മരത്തിന് കാവല്‍ നിന്നു.
കറുത്തപക്കങ്ങളില്‍ മുതുവാന്മാര്‍ക്ക് തേനെടുക്കാന്‍ ഇലവിനെ ഉപേക്ഷിച്ച് കുട്ടമ്പുഴ പൂയംകുട്ടി കാടുകളിലലയേണ്ടി വന്നു.
(തുടരും)
11 comments:
അകത്തേക്കൊന്ന് വലിഞ്ഞു നോക്കി.തടിച്ചൊരു ചേച്ചി ഡെസ്‌ക്കിലേക്ക് കമിഴ്‌ന്ന് കിടന്ന് മംഗളം വായിക്കുന്നു.
ചായ ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞു.
`അടുപ്പിലെ തീ കെട്ടുപോയി കൊച്ചേ..`
`ഈ മഴേത്ത് ആരു കേറാനാ...നാരങ്ങാവെള്ളം വേണോ?`
നനഞ്ഞു കുതിര്‍ന്നു നിന്ന എനിക്കു ചിരിവന്നു. തണുക്കുന്നു. വിറക്കുന്നു. വിശന്നു കാളുന്നു.
മാതൃഭൂമിയില്‍ വായിച്ചിരുന്നു. വളരെ നന്നായിരുന്നു. അതിലെ ചിത്രങ്ങളും എഴുത്തിനൊപ്പം സഞ്ചരിച്ചു.
Maathru bhoomiyil vaayichirunnu.
Valareyadhikam ishtappedukayum cheythu.
അകത്തേക്കൊന്ന് വലിഞ്ഞു നോക്കി.തടിച്ചൊരു ചേച്ചി ഡെസ്‌ക്കിലേക്ക് കമിഴ്‌ന്ന് കിടന്ന് മംഗളം വായിക്കുന്നു.
ചായ ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞു.
“അടുപ്പിലെ തീ കെട്ടുപോയി കൊച്ചേ.....”
നിങ്ങളുടെ ഈ വരികള്‍ നല്ലവണ്ണം ഇഷ്ട്പ്പെട്ടു. നാട്ടിന്‍പുറത്തെ ഒരു ദയനീയ ചിത്രമാണിത്.
ഞാനൊരു മഴ നനഞ്ഞു നടന്നു,കാട്ടുപൊന്തകള്‍ക്കിടയിലൂടെ തന്നെ...
അടുത്ത ഭാഗത്തേക്ക് പോകട്ടെ.
മഴ നനഞ്ഞ് കുറച്ച് നേരം യാത്ര ചെയ്യാനായി
ഭാക്കി കൂടെ പോരട്ടെ.
ഇതേ തന്നെ എന്നെ തങ്ങളുടെ എഴുത്തിന്റെ അടിമ ആക്കിയ ലേഖനം അടുത്തെ ഞാന്‍ വായിച്ചാ ഏറ്റവും നല്ല ലേഖനം കൂടുതല്‍ പ്രടീക്ഷിച്കുന്നു
പ്രിയപ്പെട്ട ഉമൈബാന്‍,
സൌദി അറേബ്യയിലെ റിയാദില്‍ പ്രസിദ്ധീകരണത്തിന്റെ രണ്ടാഴ്ച കഴിഞ്ഞാണ് മാത്ര്‌ഭൂമി ആഴ്ചപ്പതിപ്പ് ലഭിക്കാറ്. അതുകൊണ്ടു തന്നെ വായനയ്ക്കു ശേഷം ഏതെങ്കിലും ഒന്നിനോട് പ്രതികരിക്കണം എന്നു തോന്നിയാലും അത് അയച്ച് പ്രസിദ്ധീകരണത്തിനു ലഭിക്കാന്‍ സമയമെടുക്കും. അപ്പൊഴേക്കും വായനയുടെ ലോകത്ത് അതിന്റെ തീവ്ര ഇടപെടല്‍ ക്ഷയിച്ചിരിക്കും. ‘ഉമ‘യുടെ കാട്ടിലേക്കുള്ള യാത്ര കുട്ടിക്കാലത്തിന്റെ ശാന്തഗംഭീര സ്മരണയിലേക്കുള്ള യാത്രയാണ്. മഴയില്‍ നരക്കുന്ന ഇരുള്‍ പച്ചയില്‍ അകന്നുപോയ ഒരു പഴങ്കാല ഓര്‍മ.
ശരീഫിന്റെ തലയില്‍ നിന്നു വന്ന വര ആ ഓര്‍മയെ ഒന്നു കൂടെ പൊലിപ്പിച്ചു. മോഹിപ്പിച്ചു.
ഇപ്പോഴിതാ വായനയെ ജീവിതമായി കാണുന്ന മുസ്തഫയും. എപ്പോഴും നിസ്സഹായരായ മനുഷ്യര്‍ വേട്ടയാടപ്പെടുന്നു. സംഘടിത മതം, വ്യവസ്ഥാപിത രാഷ്ട്രീയം, ദയയും യുക്തിയുമില്ലാത്ത സമ്പത്ത് എന്നിവയെല്ലാം ചേര്‍ന്ന് മനുഷ്യനെ ശവക്കല്ലറയേക്കാള്‍ ഞെരുക്കുന്നു. കീഴ്പ്പെടത്ത മുസ്തഫയെ ഞാന്‍ തിരിച്ചറിയുന്നു. ഞാനും സുഹ്ര്ത്തുക്കളും മുസ്തഫയിലേക്കു തിരിയുന്നു. അതിനായിശ്രമിക്കുന്നു.
We haven to fight the forces which draw the humanity back to the history. If the anti-cultuaral elemnts stand against the worth reading like Mathrubhoomi and healthy media watching, it is nothing but befooling te society.
എം. ഫൈസല്‍
amalakhil.blogspot.com
dear
all,
please visit at
amalakhil.blogspot.com
and comment either you like or dislike.
m. faizal
nostalgic feelings. . . .
Post a Comment