Wednesday, February 25, 2009

സര്‍പ്പശിലതേടി

കാട്ടുപൊന്തയിലെ സഞ്ചാരം -4


വീടിനു പുറകിലെ മലയില്‍ ഇഞ്ചയും കാട്ടുവള്ളികളും പുതഞ്ഞുകിടക്കുന്ന പാറയില്‍ ഒരു ഗുഹയുണ്ടെന്നും അതിലൊരു സര്‍പ്പശിലയുണ്ടെന്നും അയല്‍വക്കത്തെ കൂട്ടുകാരിയുടെ അച്ഛന്‍ പറഞ്ഞു.

മലയുടെ അപ്പുറത്ത്‌ പൂസ്വാമിയുടെ പറമ്പില്‍ മുനിയറയുണ്ടായിരുന്നത്‌ കൊണ്ട്‌ കേട്ടത്‌ നേരാവാനാണ്‌ സാധ്യത. പിന്നീടുള്ള ദിവസങ്ങളില്‍ സര്‍പ്പശിലയെക്കുറിച്ചായി ചിന്ത. അതിനെത്ര വലിപ്പമുണ്ടാവും? വിഗ്രഹമാണോ? ഗുഹാമുഖത്തെ ശിലയില്‍ സര്‍പ്പചിത്രം കൊത്തിവെച്ചതാവുമോ എന്നൊക്കെ പലതും വിചാരിച്ചു. അവസാനം പോകാന്‍ തന്നെ തീരുമാനിച്ചു.

കാട്ടുപൊന്തകളിലേക്ക്‌ പോകാന്‍ തീരുമാനിക്കുമ്പോള്‍ ശരീരസൗന്ദര്യത്തെക്കുറിച്ച്‌ ചിന്തിച്ചിട്ട്‌ കാര്യമില്ല. മുള്ളുകള്‍ വലിഞ്ഞ്‌ പോറലുകളുണ്ടാവും. ചെടികള്‍ വകഞ്ഞുമാറ്റുമ്പോള്‍ മുഖത്ത്‌ കമ്പടിച്ചേക്കാം. കാട്ടുവള്ളികളിലും കല്ലുകളിലും തട്ടിതടഞ്ഞുവീണ്‌ പരിക്കേല്‍്‌്‌ക്കാം. രോമമുള്ള ഇലകളും ചെടികളും ശരീരത്തു തട്ടിയാല്‍ അവിടെ ചൊറിഞ്ഞു തടിക്കും. ഈറ്റയുടേയും തെരുവപ്പുല്ലിന്റെയും അരിമ്പുകൊണ്ടാല്‍ മുറിഞ്ഞ്‌ ചോരപൊടിയും. ഇതിനൊക്കെ പുറമേയാണ്‌ മുള്ളുതറച്ചു കയറുന്നത്‌. നീറ്റലും വേദനയുമൊക്കെയുണ്ടായാലും കാടിനെ ശ്വസിക്കുമ്പോള്‍ എന്തൊരാനന്ദമാണ്‌.

അയല്‍വക്കത്തെ ആമിനാത്ത, ഉദയ, അജി, അനിയത്തി മഞ്‌ജു ഇവരോടൊപ്പമമാണ്‌ മലകയറിയത്‌. കൈയ്യിലൊരു വെട്ടുകത്തി കരുതി. അടുത്താണെന്നു പറഞ്ഞിട്ട്‌ കാര്യമില്ല. സര്‍പ്പശിലക്കരുകിലെത്താന്‍ അത്ര എളുപ്പമല്ല.
കരിങ്കുറിഞ്ഞി വെട്ടിയും വകഞ്ഞുമാറ്റിയും വഴിയുണ്ടാക്കി. കണ്ണെത്തുന്ന ദൂരത്താണ്‌. പക്ഷേ, ഇഞ്ചയും കാട്ടുവള്ളികളും പടര്‍ന്നിരിക്കുന്നതുകൊണ്ട്‌ ഒന്നും കാണാന്‍ വയ്യ. പാറയാണെങ്കില്‍ തൊണ്ണൂറു ഡിഗ്രിയില്‍ നിന്ന്‌ അങ്ങോട്ടു മിങ്ങോട്ടുമില്ല. കാട്ടുവള്ളിയില്‍ പിടിച്ച്‌ ഞാനും ഉദയയും എങ്ങനെയൊക്കെയോ കുറച്ചു മുകളിലെത്തി. ഒരു കൈയ്യില്‍ വെട്ടുകത്തിയും മറുകൈയ്യില്‍ വള്ളിയിലെ പിടുത്തം. കാലാണെങ്കില്‍ തെന്നിപ്പോകാതെ നില്‌ക്കുന്നു എന്നേയുള്ളു. വേണമെങ്കില്‍ തിരിച്ചിറങ്ങാം. പക്ഷേ, സര്‍പ്പശില...!!!!
കുറച്ചു മുന്നില്‍ ഉദയ വള്ളിയില്‍ തൂങ്ങിപ്പിടിച്ച്‌ എത്താറായിട്ടുണ്ട്‌. അതുകാണുമ്പോള്‍ തിരിച്ചിറങ്ങാന്‍ തോന്നുന്നില്ല. വള്ളിയിലെ ആട്ടത്തിനിടയില്‍ ഇഞ്ചയില്‍ തട്ടി കാലുമുറിഞ്ഞു നീറുന്നു.
ഒരു വിധത്തില്‍ ഗുഹകണ്ടു!
കാലങ്ങളായി മഴവെള്ളം വീണുണ്ടായ ചെറിയൊരു കുഴി. കുളംപോലെ. സര്‍പ്പവുമില്ല. ആകൃതിയുമില്ല. ഒന്നുമില്ല. ഇതിനായിരുന്നോ ഇത്ര സാഹസപ്പെട്ടു കയറിയത്‌?
ഇവിടെയൊരു കുന്തവുമില്ല എന്നു പറഞ്ഞിറങ്ങുമ്പോള്‍ താഴെനിന്നിരുന്നവരുടെ മുഖത്ത്‌ സാഹസത്തിനൊരുങ്ങാഞ്ഞതിലെ ആശ്വാസം കണ്ടു.

പിണവൂര്‍കുടിയിലേക്കുള്ള മൂന്നാമത്തെയാത്ര അത്തക്കൊപ്പമായിരുന്നു. കോതമംഗലം-തട്ടേക്കാട്‌-കുട്ടമ്പുഴ വഴി ചുറ്റി വളഞ്ഞ്‌്‌, ഓരോ സ്‌്‌ഥലത്തും ബസ്സു കാത്തു നില്‌പ്പും ഒക്കെക്കൂടി വലിയ പ്രയാസമാണ്‌. എന്നാല്‍ പന്ത്രണ്ടുകിലോമീറ്റര്‍ അകലെ മാമലക്കണ്ടത്തുനിന്നു മലയിറങ്ങിയാല്‍ പിണവൂരായി. പത്തിരുപതുകൊല്ലം മുമ്പ്‌ അങ്ങനെ പോയിട്ടുണ്ടെന്ന്‌ അത്ത പറഞ്ഞു. ഇരുപതുകൊല്ലം മുമ്പ്‌ അതിലെ ഒരു വഴിയുണ്ടായിരുന്നെങ്കില്‍ ഇപ്പോഴത്‌ തെളിഞ്ഞ്‌ വണ്ടിപോകാന്‍ പാകത്തിനായിട്ടുണ്ടാവുമെന്ന്‌്‌ ഞാനും വിചാരിച്ചു.

ഒന്നരക്കൊരു ബസ്സുണ്ട്‌. അതിനു കയറി.
ആലൂവ-മൂന്നാര്‍ റോഡില്‍ ആറാംമൈലില്‍ നിന്ന്‌ ടാറിടാത്ത കുത്തനെ കയറ്റവുമുള്ള വഴിയേ വേണം പോകാന്‍. മഴക്കാലത്ത്‌ ആ വഴി ബസ്സുപോകാറില്ല. പഴമ്പള്ളിച്ചാലിന്‍നിന്നും മാമലക്കണ്ടത്തുനിന്നും എത്തിയിരുന്ന എന്റെ സഹപാഠികളെ ഓര്‍ത്തുപോയി. അവരെത്രമാത്രം പ്രയാസപ്പെട്ടായിരുന്നു സ്‌കൂളിലെത്തിയിരുന്നത്‌.

മാമലക്കണ്ടത്തിറങ്ങി നേരേ നടന്നു. വീതിയുള്ള റോഡുതന്നെ. കുറച്ചുകൂടി മുന്നോട്ടെത്തിയപ്പോള്‍ വഴി ഒറ്റയടുപ്പാതയിലെത്തി. താഴെ പിണവൂര്‍ താഴ്വര. ഞങ്ങള്‍ മലയുടെ നെറുകയിലാണ്‌. കത്തുന്ന വെയില്‌. വഴിയോട്‌ ചേര്‍ന്നെങ്ങും മരങ്ങളുടെ നിഴലില്ല. നടക്കുകയല്ല ഓടുകയാണ്‌. കുത്തനെയുള്ള ഇറക്കമായതുകൊണ്ട്‌ നില്‍ക്കണമെന്നു തോന്നിയാല്‍ കുറേ താഴെച്ചെന്നേ നില്‌ക്കൂ. കാലുറക്കില്ല. അപ്പോള്‍ മനസ്സല്ല ശരീരത്തെ നിയന്ത്രിക്കുന്നത്‌. കുറച്ചു താഴെയെത്തിയപ്പോള്‍ തൂവെള്ള മുണ്ടും ഷര്‍ട്ടുമിട്ട്‌ ഒരപ്പൂപ്പന്‍ വടിയും കുത്തിപ്പിടിച്ച്‌ കയറി വരുന്നു. മനുഷ്യന്‍ തന്നെയാണോ?
കുട്ടമ്പുഴയില്‍ പെന്‍ഷന്‍വാങ്ങാ്‌ന്‍ പോയതാണെന്ന്‌ അപ്പൂപ്പന്‍ പറഞ്ഞു. ബസ്സിനു ചുറ്റിവളഞ്ഞു പോവുകയെന്നാല്‍ അഞ്ചാറുമണിക്കൂര്‍ വേണം. തന്റെ ചെറുപ്പകാലം മുതല്‍ മല കയറുകയും ഇറങ്ങുകയും ചെയ്യുന്ന അദ്ദേഹത്തിന്‌ ഈ യാത്ര ഒരു പ്രശ്‌നമല്ല.

കുറച്ചുകൂടി താഴെയെത്തിയപ്പോള്‍ കക്ഷത്തിലൊരു പുസ്‌തകവും വെച്ച്‌ മൂളിപ്പാട്ടും പാടി ഒരു ചെറുപ്പക്കാരന്‍. പോസ്‌റ്റുമാനാണയാള്‍. പുസ്‌തകത്തില്‍ തപാലുരുപ്പടികളാണ്‌. കുട്ടമ്പുഴയാണ്‌ പ്രധാന തപാലാപ്പീസ്‌. ദിവസവും നടന്നു പോയി വരും.
കുറച്ചുവടക്കുമാറി കുറച്ചുകൂടി തെളിഞ്ഞവഴിയുണ്ടെന്നും അതിലെയാണ്‌ സാധാരണപോകാറെന്നും ഇപ്പോള്‍ ആനയിറങ്ങിയിരിക്കുന്നതുകൊണ്ടാണ്‌ ഇതിലെ വരുന്നതെന്നും പോസ്‌റ്റുമാന്‍ പറഞ്ഞു.

മരങ്ങളുടെ നിഴലിലായി നടത്തം. കുത്തനെ ഇറക്കമില്ല. നിരപ്പുണ്ട്‌. ചെറിയൊരു വളവിലിരുന്ന പാറക്കുമുകളില്‍ കുലച്ചു നിന്ന കല്ലുവാഴ. പഴുത്തു തുടങ്ങിയിട്ടുണ്ട്‌. ദാഹിച്ചു പരവേശപ്പെട്ടതുകൊണ്ട്‌ പഴമുരിഞ്ഞു. ഉള്ളില്‍ വെളുപ്പ്‌ കുറച്ചേയുള്ളു. ബാക്കിയൊക്കെ കല്ലുപോലെ കറുത്ത ചെറിയ അരകള്‍. കല്ലുവാഴക്ക ഇടിച്ചുപൊടിച്ച്‌ പാലില്‍ ചേര്‍ത്തു കുടിച്ചാല്‍ ഉഷ്‌ണരോഗം ശമിക്കും.

താഴ്വാരത്ത്‌ എത്തിയപ്പോള്‍ കൈപ്പടങ്ങള്‍ നീരുവെച്ച്‌ വീര്‍ത്തിരുന്നു. വെയിലിലും കുത്തനെയുള്ള ഇറക്കത്തിലും രക്തചംക്രമണത്തിന്റെ പ്രവര്‍ത്തന ഫലം.


ദൂരത്തൊന്നും പോകണമെന്നില്ല, ചിലപ്പോള്‍ പറമ്പിലേക്കൊന്നിറങ്ങി നടക്കുമ്പോള്‍ തന്നെ യത്രയുടെ ആനന്ദം കിട്ടും. കാട്ടില്‍വെച്ച്‌ കൂവിയാല്‍ എന്തു രസമാണ്‌. കൂവല്‍ മലഞ്ചെരുവുകളിലെ പാറകളില്‍ തട്ടി പ്രതിധ്വനിക്കും.
കാട്ടില്‍ ഗുഹാമുഖങ്ങള്‍ക്കരുകില്‍ നിന്നു കൂവിയാല്‍ അത്‌ അയിരം മടങ്ങാവും
നാവുമടക്കി രണ്ടുവിരലു വെച്ച്‌ വിസിലടിക്കുമ്പോള്‍ എവിടെയൊക്കെയോ പോയി ആ ശബ്ദം മടങ്ങിവരുമ്പോള്‍ മനസ്സ്‌ പറക്കാന്‍ തുടങ്ങും...
എന്തൊരാനന്ദമാണത്‌....കടപ്പാട്‌-മാതൃഭൂമി ആഴ്‌ചപ്പതിപ്പ്‌

3 comments:

മൈന said...

കാട്ടുപൊന്തകളിലേക്ക്‌ പോകാന്‍ തീരുമാനിക്കുമ്പോള്‍ ശരീരസൗന്ദര്യത്തെക്കുറിച്ച്‌ ചിന്തിച്ചിട്ട്‌ കാര്യമില്ല. മുള്ളുകള്‍ വലിഞ്ഞ്‌ പോറലുകളുണ്ടാവും. ചെടികള്‍ വകഞ്ഞുമാറ്റുമ്പോള്‍ മുഖത്ത്‌ കമ്പടിച്ചേക്കാം. കാട്ടുവള്ളികളിലും കല്ലുകളിലും തട്ടിതടഞ്ഞുവീണ്‌ പരിക്കേല്‍്‌്‌ക്കാം. രോമമുള്ള ഇലകളും ചെടികളും ശരീരത്തു തട്ടിയാല്‍ അവിടെ ചൊറിഞ്ഞു തടിക്കും. ഈറ്റയുടേയും തെരുവപ്പുല്ലിന്റെയും അരിമ്പുകൊണ്ടാല്‍ മുറിഞ്ഞ്‌ ചോരപൊടിയും. ഇതിനൊക്കെ പുറമേയാണ്‌ മുള്ളുതറച്ചു കയറുന്നത്‌. നീറ്റലും വേദനയുമൊക്കെയുണ്ടായാലും കാടിനെ ശ്വസിക്കുമ്പോള്‍ എന്തൊരാനന്ദമാണ്‌.

തോന്ന്യാസി said...

മൈനയുടെ എഴുത്തിന് ഒരു വശ്യതയുണ്ട്, വായിക്കുന്നവരെ ഒപ്പം കാടുകളിലേയ്ക്ക് കൊണ്ടുപോകുന്ന ഒരു അനുഭവം...

മുഴുവനും വായിച്ച് കമന്റിടാമെന്ന് കരുതിയെങ്കിലും,മനസ്സ് സമ്മതിയ്ക്കുന്നില്ല.

ആര്യന്‍ said...

മൈന ഉമൈബാന്‍?
ഇവിടെ കണ്ടുമുട്ടിയതില്‍ സന്തോഷം.... ലേഖനങ്ങള്‍ മാതൃഭൂമിയില്‍ വായിച്ചിട്ടുണ്ട്, നല്ലതാണ്...
എന്നെ പരിചയപ്പെടുത്താം, അജിത് കുമാര്‍ - അഡ്വ. അനില്‍ ഐക്കരയുടെ അനുജന്‍...